Pages

Friday, 1 November 2019

സൈബർലോകത്തെ മലയാളസപര്യ



അഭിമുഖം: സി.വി. രാധാകൃഷ്ണൻ / മനോജ് കെ. പുതിയവിള

സി.വി.ആറിനെ എല്ലാ മലയാളികളും അറിയേണ്ടതുണ്ട്; വിശേഷിച്ചും സൈബർ ലോകത്ത് മലയാളത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും തെരഞ്ഞിട്ടുള്ളവർ. ഇന്നു വിക്കി ഗ്രന്ഥശാലയിലൊക്കെ മലയാളവിജ്ഞാനവും സാഹിത്യവും കുന്നുകൂടിയിട്ടുണ്ടെങ്കിൽ അങ്ങനെ ഡിജിറ്റൽ മലയാളം ശേഖരം ഉണ്ടാകാൻ കളമൊരുക്കിയ ആദ്യപഥികരിൽ ഒരാളാണു സി.വി.ആർ. നാലരപ്പതിറ്റാണ്ടോളം മുമ്പു വൈദ്യശാസ്ത്രം വിധിച്ച ആസന്നമരണത്തോടു ചിരിച്ചുനിന്ന്, തളരാത്ത മനസുമായി, ലോകനിലവാരമുള്ള ഒരു സ്ഥാപനവും പടുത്തുയർത്തീ ഈ കർമ്മധീരൻ.

ലയാളഭാഷയ്ക്കായി ഒരു സപര്യപോലെ നിശബ്ദസേവനം നടത്തുന്ന സി.വി. രാധാകൃഷ്ണനെ മലയാളികളിൽ മഹാഭൂരിപക്ഷവും അറിയില്ല എന്നത് എനിക്കൊരു വിസ്മയമല്ല. കാരണം, മലയാളം കമ്പ്യൂട്ടിങ്, ആർക്കൈവിങ്, വിജ്ഞാനകോശമായ വിക്കി തുടങ്ങിയവയുമായൊക്കെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ സി.വി.ആർ. എന്നു ചുരുക്കിവിളിക്കുന്ന ഇദ്ദേഹം ഇതൊന്നും ചെയ്യുന്നത് അറിയപ്പെടാനോ പണമുണ്ടാക്കാനോവേണ്ടിയല്ല. അല്ലെങ്കിൽത്തന്നെ പ്രവചിക്കപ്പെട്ട മരണത്തിന്റെ വിളിക്കു കാതോർത്തു കഴിയുന്ന ഒരു കർമ്മയോഗിക്ക് അതൊക്കെ എന്തിന്? അതിനൊക്കെ എന്തർത്ഥം?

പെരനിയൽ മസ്കുലാർ ഡിസ്റ്റ്രോഫി (Peroneal Muscular Dystrophy) എന്ന മോട്ടോർ ന്യൂറോൺ ഡിസീസാണെന്ന് 1975-ൽ തിരിച്ചറിഞ്ഞതുമുതൽ സി.വി.ആറിനു ജീവിതം ഒരു മുഴുത്ത ചിരിയാണ്. അഞ്ചുകൊല്ലത്തിനപ്പുറം ജീവിക്കില്ല എന്നായിരുന്നു ദില്ലിയിലെ ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(AIIMS)ലെ ഡോക്റ്റർമാർ വിധിച്ചത്. ദേഹം പകുതി തളർന്നെങ്കിലും തളരാത്ത ആ മനസിന്റെ ഇച്ഛാശക്തിക്കുമുന്നിൽ ഒരു ലോകാത്ഭുതം‌പോലെ നാലരപ്പതിറ്റാണ്ടോളമായി മരണം മാറിനില്ക്കുന്നു.

മനസിനൊത്തു പ്രവർത്തിക്കാത്ത ശരീരവുമായി കഴിയേണ്ടിവരുന്ന അന്ത്യനാളുകളെപ്പറ്റിയുള്ള ഡോക്റ്റർമാരുടെ മുന്നറിയിപ്പാണ് സി.വി.ആറിനെ കമ്പ്യൂട്ടറിന്റെ കൂട്ടുകാരനാക്കിയത്. അത്തരമൊരവസ്ഥയിൽ ബന്ധുമിത്രാദികൾ ആരെങ്കിലും സംരക്ഷണത്തിനുണ്ടാകുമോ, ഉണ്ടായാൽത്തന്നെ അത്തരമൊരവസ്ഥയിലെ പെരുമാറ്റങ്ങൾ സഹിക്കാൻ അവർ തയ്യാറാകുമോ എന്നെല്ലാമുള്ള ചിന്തയിൽ, നീരസമോ അനിഷ്ടമോ കാട്ടാത്ത ഒരു സുഹൃത്തിനെ കണ്ടെത്തുകയായിരുന്നൂ കമ്പ്യൂട്ടറിലൂടെ.

ആ സുഹൃത്ത് സി.വി.ആറിനെ ആത്മാർത്ഥമായിത്തന്നെ സ്നേഹിച്ചു. ഇന്ന് ലോകോത്തരമായ നൂറിൽപ്പരം ശാസ്ത്രജേർണലുകളുടെ രൂപകല്പനാകേന്ദ്രം കേരളതലസ്ഥാനത്തു സി.വി.ആർ. നടത്തുന്ന റിവർ വാലി ടെക്നോളജീസ് ആണെന്നത് ആ ചങ്ങാത്തത്തിന്റെ വിജയകഥയാണു പറയുന്നത്. എൽസ്വീയർ, നേച്ചർ, ഐഒപി പബ്ലിഷിങ് തുടങ്ങിയ ലോകത്തെ കേമരായ അക്കാദമിക് പ്രസാധകരുടെ ശാസ്ത്ര-ഗണിതജേർണലുകൾ മിക്കതും രൂപകല്പന ചെയ്യുന്നതു കേരളത്തിലാണെന്ന കാര്യം ഞാനും ആദ്യം കേട്ടത് അവിശ്വസനീയതയോടെയാണ്. എന്നാൽ എത്രയോ വർഷമായി അവ ലോകോത്തരനിലവാരത്തോടെ കുറ്റമറ്റതായി തിരുവനന്തപുരത്ത് ഉയിരാർജ്ജിക്കുന്നു! അതും നൂറുശതമാനം സ്വതന്ത്രസോഫ്റ്റ്‌വെയറിൽ. അതിന് ഉപയോഗിക്കുന്ന ടെക് എന്ന സോഫ്റ്റ്‌വെയറിനെ പരിചയപ്പെട്ടുകൊണ്ടു തുടങ്ങാം.

ടെക്കും ലാടെക്കും

ടെക്കിനെപ്പറ്റി ഒന്നു ചുരുക്കി പറയാമോ?

ടെക് ഒരു ടൈപ്പ് സെറ്റിങ് സംവിധാനവും ലാടെക് ടെക്കിൽ എഴുതിയ ഡോക്യുമെന്റ് മാർക്കപ് ലാംഗ്വേജുമാണ് എന്നു ചുരുക്കത്തിൽ പറയാം. അതിനപ്പുറം സാങ്കേതികമായി ഇവിടെ പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. ടെക് എന്ന് ഉച്ചരിക്കുമെങ്കിലും സ്പെല്ലിങ് TEX എന്നാണ്. ഇത് എഴുതേണ്ടത് ഇങ്ങനെയല്ല. E അല്പം താഴ്ന്നു നില്ക്കണം – TeX - ഇങ്ങനെ. ലാടെക് എന്ന് എഴുതുന്നതും ഇതുപോലെയാണ്. A അല്പം ചെറുതായി L ന്റെ മടിയിൽ കയറി ഇരിക്കും. പുതിയ വേർഷന്റെ പേരായ LaTeX2ε ൽ ഇറ്റാലിക്സിൽ ഒരു എപ്സിലോണും ഉണ്ട്. ഇങ്ങനെയൊക്കെ ടൈപ്പ് സെറ്റ് ചെയ്യാൻ ടെക്കിൽ കഴിയും എന്നു കാണിക്കാൻതന്നെയാണ് ഇത്തരത്തിൽ എഴുതുന്നത്. കാരണം അതാണ് ടെക്കിന്റെ പ്രത്യേകതയും ഉപയോഗവും.

ശാസ്ത്ര-ഗണിതചിഹ്നങ്ങൾ, മ്യൂസിക് സ്കോറുകൾ, ചെസ് നീക്കങ്ങൾ എന്നിങ്ങനെ സാധാരണ വേഡ് പ്രോസസറുകളിലോ ടെക്സ്റ്റ് എഡിറ്ററുകളിലോ ചെയ്യാൻ കഴിയാത്തതും പേജിനേഷൻ, ഡിസൈൻ സോഫ്റ്റ്‌വെയറുകളിൾ പണിപ്പെട്ടുമാത്രം ചെയ്യാവുന്നതുമായ കാര്യങ്ങൾ കീബോർഡ് കമാൻഡുകളിലൂടെ അനായാസം ടൈപ്‌സെറ്റ് ചെയ്യാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ഫോണ്ട്, വലിപ്പം, സ്റ്റൈൽ, സ്പേസിങ്, കേണിങ്, ലിഗേച്ചർ, ഊന്നൽ, ടൈറ്റിലിങ്, ഉപടൈറ്റിലിങ്, പട്ടികകൾ, ഡേറ്റയിൽനിന്നു രൂപപ്പെടുത്തുന്ന ഡയഗ്രങ്ങൾ, ബിബ്ലിയോഗ്രഫി, ഇൻഡെക്സ്, വരിയും പേജും മുറിക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ എന്നിവയൊക്കെയും ടൈപ്പ് ചെയ്യുന്നവേളയിൽത്തന്നെ കമാൻഡായി ടൈപ്പ് ചെയ്തു പോകാം എന്നതു മറ്റൊന്ന്. ടൈപ്പ് ചെയ്തിട്ട് ഇവയോരോന്നും തെരഞ്ഞെടുത്ത് പ്രത്യേകമായി ഫോർമാറ്റ് നല്കാൻ കമാൻഡ് വിൻഡോയിലേക്കും തിരികെ ടെക്സ്റ്റിലേക്കും വരേണ്ട. അതുകൊണ്ടുതന്നെ അക്കാദമികപ്രബന്ധങ്ങൾ, ജേർണലുകൾ, പുസ്തകങ്ങൾ, ഓൺലൈൻ വായനസാമഗ്രികൾ എന്നിവയെല്ലാം തയ്യാറാക്കാൻ ഇതാണ് ഏറ്റവും അനുയോജ്യം.

[ഇടയ്ക്കു വായനക്കാരോടു പറയട്ടെ, പബ്ലിക് റിലേഷൻസ് വകുപ്പും ടെക്കിന്റെ ഒരു ഗുണഭോക്താവായി. പബ്ലിക് റിലേഷൻസ് വകുപ്പിനുവേണ്ടി ‘സർക്കാർ ധനസഹായപദ്ധതികൾ’ എന്ന പുസ്തകം തയ്യാറാക്കിയത് ടെക്കിലാണ്. ഭാഷാസ്നേഹിയായ സി.വി.ആർ. അതു സൗജന്യമായി ചെയ്തുതരികയായിരുന്നു. ആ പുസ്തകത്തിന്റെ ക്ലാസിക്കൽ കെട്ടും മട്ടും മാത്രമല്ല ഉടനീളം പുലർത്താൻ കഴിഞ്ഞ ഏകതാനതയും എന്നെ അത്ഭുതപ്പെടുത്തി. ഉള്ളടക്കത്തിൽനിന്നു ജനറേറ്റ് ചെയ്ത അകാരാദിക്രമത്തിലുള്ള പദസൂചിക (index) അതിലേറെ വിസ്മയിപ്പിച്ചു. പുസ്തകത്തിൽ ഉൾപ്പെട്ട മുഴുവൻ പദ്ധതികളുടെയും പേര് അകാരാദിക്രമത്തിൽ ടെക്കുതന്നെ അടുക്കി പേജ് നമ്പരും ചേർത്തു തന്നു. ഇത് ഉപഭോക്താക്കൾക്കു വലിയ സഹായമായി. പുസ്തകത്തെ കൂടുതൽ ഉപഭോക്തൃസൗഹൃദമാക്കി. ഇന്ററാക്റ്റീവ് പി.ഡി.എഫ്, ഇ-പബ്, സ്മാർട്ട് ഫോൺ പതിപ്പ്, എക്സ്.എം.എൽ. പതിപ്പ് തുടങ്ങിയ ഡെറിവേറ്റീവുകളും തയ്യാറാക്കി നല്കി.]

എന്താണ് ഈ സോഫ്റ്റ്‌വെയറും കേരളത്തിലെ ഡിസൈനർമാർ നിലവിൽ ഉപയോഗിക്കുന്ന മറ്റു പേജിനേഷൻ സോഫ്റ്റ്‌വെയറുകളും തമ്മിലുള്ള പ്രധാനവ്യത്യാസം?

ഇൻഡിസൈൻ ഒക്കെ പോലുള്ള പേജിനേഷൻ സോഫ്റ്റ്‌വെയറുകളിൽ പദസൂചിക തയ്യാറാക്കുന്ന പണി നമ്മൾ ചെയ്യണം. വേണ്ട ഓരോ പദത്തിനും നമ്പരിട്ടു പോകണം. ലേ ഔട്ട് കഴിഞ്ഞ് ഇവ ഓരോന്നും വന്ന പേജുനമ്പരുകൾ ചേർത്ത് ലിസ്റ്റ് തയ്യാറാക്കി ടൈപ്പ് ചെയ്ത് പദസൂചിക തയ്യാറാക്കണം. ഇത്രയും കഴിഞ്ഞ് ആദ്യഭാഗത്തെ കുറെ ഖണ്ഡികകൾ ഒഴിവാക്കേണ്ടിവന്നാലോ? ആ ഖണ്ഡികകളിൽനിന്ന് പദസൂചികയിൽ ഉണ്ടായിരുന്ന വാക്കുകൾ ഒഴിവാക്കണം. അപ്പോൾ ശേഷിച്ചവയുടെയെല്ലാം ക്രമനമ്പർ മാറും. അവയെല്ലാം അതതു പേജിൽപ്പോയി തിരുത്തണം. പേജുനമ്പരുകളും മാറുമല്ലോ. അവയും ആദിമുതൽ വീണ്ടും നോക്കി കണ്ടുപിടിക്കണം. പദസൂചികയിൽ അവയും തിരുത്തണം. എന്തൊരു അദ്ധ്വാനമാണെന്നു നോക്കൂ. എന്നാൽ, ടെക്കിലാണെങ്കിൽ എത്ര ഭാഗം എടുത്തുകളഞ്ഞാലും കൂട്ടിച്ചേർത്താലും ഞൊടിയിടയിൽ അതു സ്വയം എല്ലാം ശരിയാക്കിത്തരും.

ഗവേഷണരംഗത്തും ടെക് വ്യാപകമായി ഉപയോഗിക്കുന്നു എന്നു കേട്ടിട്ടുണ്ട്.

ശരിയാണ്. ഗഹനമായ അക്കാദമികപ്രബന്ധങ്ങളൊക്കെ എഴുതുമ്പോൾ ഫോർമാറ്റിങ്ങിനായി ഇടയ്ക്കിടയ്ക്കു ശ്രദ്ധ മാറ്റേണ്ടിവരുന്നത് എഴുത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നു എന്നു കണ്ടു. ഇതുമൂലം ഗുണനിലവാരം താഴുന്നു എന്ന് അമേരിക്കൻ നാഷണൽ സയൻസ് ഫൗണ്ടേഷൻ കണ്ടെത്തി. അവർ വലിയൊരു പ്രൊജക്റ്റ് ഉണ്ടാക്കി. പ്രബന്ധങ്ങൾ ടെക്കിൽ നല്കണം എന്നു നിഷ്ക്കർഷിച്ചു. ഗവേഷകർ സ്വയമാണു ടൈപ്പിങ്. ഒരു പ്രത്യേക ഫോണ്ട് തന്റെ പ്രബന്ധത്തിന് ആവശ്യമാണെന്നുവന്നാൽ അയാൾക്കുതന്നെ ടെക്കിൽ അതു തയ്യാറാക്കാം. ഇതൊക്കെക്കൊണ്ട് അമേരിക്കയിലുംമറ്റുമുള്ള സർവ്വകലാശാലകൾ ഗവേഷകർ ഗവേഷണം തുടങ്ങുമ്മുമ്പു ടെക് പഠിച്ചിരിക്കണം എന്നതു നിർബ്ബന്ധമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, നമ്മുടെ നാട്ടിൽ മാത്രമേ ഇതൊന്നും ഇല്ലാതെയുണ്ടാകൂ എന്നു തോന്നുന്നു. ഇവിടെ ഗവേഷണങ്ങളുടെ നിലവാരവും ആ നിലയ്ക്കേ ഉള്ളല്ലോ.

ഈ സാദ്ധ്യതകൾ മനസിലാക്കിയാണോ ടെക് പഠിച്ചത്?

രോഗം കണ്ടെത്തി ദില്ലിയിൽനിന്നു മടങ്ങിവന്നശേഷം യൂണിവേഴ്സിറ്റിയിൽ ഉദ്യോഗത്തിൽ ചേർന്നു. അന്ന് മാത്തമാറ്റിക്സ് ഡിപാർട്ട്മെന്റിലെ നമ്പൂതിരിസാറാണ് ടെക് പഠിക്കാൻ ഉപദേശിച്ചത്. പുസ്തകവും സോഫ്റ്റ്‌വെയറും തന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെ ഗവേഷണപ്രബന്ധങ്ങളും സാറിന്റെതന്നെ പുസ്തകങ്ങളുമൊക്കെ ചെയ്തു. ക്രമേണ എന്റെ നിലനില്പിന്റെ ആധാരമായി ടെക് മാറി.

സായാഹ്ന

മലയിൻകീഴിനടുത്താണു സി.വി. ആറിന്റെ സ്ഥാപനം. നൂറിൽപ്പരം പേർക്കു തൊഴിൽ നല്കുന്ന റിവർ വാലി ലാഭേച്ഛയോടെ നടത്തുന്ന സംരംഭം അല്ല. നാലേക്കറിൽ പരിസ്ഥിതിക്കിണങ്ങുന്ന ശൈലിയിൽ നിർമ്മിച്ച സ്ഥാപനത്തിന്റെ വളപ്പിൽ ജൈവപച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയുമൊക്കെ ഉണ്ട്. അവ ഉപയോഗിച്ചാണു ക്യാന്റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്കൊക്കെ അതിന്റെ പങ്കു നല്കും. ക്യാന്റീൻ ജീവനക്കാരടക്കം എല്ലാവർക്കും ന്യായമായ പ്രതിഫലവും മാതൃകയാക്കാവുന്ന ആനുകൂല്യങ്ങളുമൊക്കെ നല്കുന്നു. പകൽ ലൈറ്റും ഫാനുമൊന്നും വേണ്ടാത്തതരം നിർമ്മാണം. റിവർ വാലിക്ക് കോഴിക്കോട്, തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. പ്രകൃതിക്ഷോഭങ്ങളോ വൈദ്യുതിമുടക്കമോ ഒക്കെ ഉണ്ടായി ഒരു കേന്ദ്രത്തിലെ പ്രവർത്തനം നിലച്ചാലും ഉപഭോക്താക്കളുടെ ഡെഡ്‌ലൈൻ പാലിച്ച് ജോലി തീർത്തു നല്കാനുള്ള ഒരു സംവിധാനം‌കൂടിയാണ് ഇങ്ങനെ വിദൂരസ്ഥലങ്ങളിൽക്കൂടി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇതിനൊക്കെ പുറമെയുള്ള സന്നദ്ധപ്രസ്ഥാനമാണു സായാഹ്ന ഫൗണ്ടേഷൻ. മലയാളഭാഷയ്ക്കായി സമർപ്പിച്ച പ്രസ്ഥാനം.
എന്താണു സായാഹ്ന തുടങ്ങാനുള്ള പ്രേരണ?

മലയാളത്തിൽ ഡിജിറ്റൽ ഉള്ളടക്കം നന്നേ കുറവായിരുന്ന വേളയിൽ അതിനൊരു മാറ്റം വരുത്താൻ ഒരു മാതൃക എന്നനിലയിലാണതു തുടങ്ങുന്നത്. അതായിരുന്നു പ്രേരണ. ഒബ്രി മേനോന്റെ പരിഭാഷയൊക്കെ ചെയ്തിട്ടുള്ള സുന്ദർ ആയിരുന്നു പ്രധാനവക്താവ്. കമ്പനിയിലെ ചില ജീവനക്കാരും സന്നദ്ധസേവനം ചെയ്തു. സെർവ്വർ സ്പേസ് എടുത്ത് ടൈപ്പ്സെറ്റ് ചെയ്ത് ഇടുക, അതിനു പ്രചാരം കൊടുക്കുക. ഇതായിരുന്നു രീതി. മീഡിയ വിക്കിയുടെ മാതൃകയിൽ അനായാസം തെരയാനും വായിക്കാനുമുള്ള സൗകര്യത്തോടെയാണു സായാഹ്ന (sayahna.org) തയ്യാറാക്കിയത്.

സ്വതന്ത്ര പകർപ്പവകാശത്തോടെ സ്വന്തം കൃതികൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധരാകുന്നവരുടെ രചനകളും പകർപ്പവകാശകാലാവധി കഴിഞ്ഞ പ്രസിദ്ധീകരണങ്ങളുമാണ് ഡിജിറ്റൈസ് ചെയ്തത്. ഡിജിറ്റൈസ് ചെയ്യുക എന്നാൽ യൂണിക്കോഡിൽ ടൈപ്പ് ചെയ്തു ചേർക്കുകതന്നെയാണ്.

ടാബിനും ഐപാഡിനും പറ്റുന്ന പതിപ്പുകൾ, അഞ്ചിഞ്ചു ഫോണിനും 16:9 സ്ക്രീനളവുള്ള ഫോണിനും പ്രത്യേകം പ്രത്യേകം പതിപ്പുകൾ, കിന്റിൽ പതിപ്പ്, ഇ-പബ്, വിക്കി പതിപ്പ് എന്നീ രൂപങ്ങളിൽ ഓരോ പുസ്തകവും രൂപകല്പന ചെയ്യും. അവയൊക്കെ ആർക്കും യഥേഷ്ടം ഡൗൺലോഡ് ചെയ്തു വായിക്കാം; പ്രചരിപ്പിക്കാം.

ഏതൊക്കെയാണ് സായാഹ്ന ഡിജിറ്റൈസ് ചെയ്ത പ്രധാന പുസ്തകങ്ങൾ?

അതു മുഴുവൻ പറയാനാവില്ല. സൈറ്റ് സന്ദർശിച്ചാൽ കാണാം. കേരളസാഹിത്യചരിത്രം, കേരളപാണിനീയം, ശബ്ദതാരാവലി, ഐതിഹ്യമാല, സി.വി. രാമൻ പിള്ളയുടെ കൃതികൾ, എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം, റിൽക്കെയുടെ തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ, എം.പി. പോളിന്റെ സൗന്ദര്യദർശനം, ഫ്രഞ്ചു പ്രണയഗീതങ്ങൾ തുടങ്ങിയവയൊക്കെയുണ്ട്.

ജീവിച്ഛിരിക്കുന്ന എഴുത്തുകാരുടെ രചനകൾ? അവർ പകർപ്പവകാശം ഉപേക്ഷിച്ച് ഓൺലൈനിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നുണ്ടോ?

അതിന്റെ സാദ്ധ്യത മനസിലാക്കുന്നവർ തരുന്നുണ്ട്. സച്ചിദാനന്ദന്റെ രണ്ടു പുസ്തകങ്ങളുണ്ട് – ഗാന്ധിയും തെരഞ്ഞെടുത്ത കവിതകളും. ആനന്ദ്, സി.വി. ബാലകൃഷ്ണൻ, സന്തോഷ് എച്ചിക്കാനം, ഇ. സന്തോഷ് കുമാർ തുടങ്ങി പലരുടെയും രചനകളുണ്ട്. ഓൺലൈനിൽ സ്വതന്ത്രമായി പ്രസിദ്ധീകരിച്ചാൽ ആളുകൾ സൗജന്യമായി വായിക്കില്ലേ, അപ്പോൾ എഴുത്തുകാർക്ക് എന്താണു വരുമാനം എന്ന സംശയം സാമാന്യബുദ്ധിയിൽ തോന്നാം. എന്നാൽ അനുഭവം മറിച്ചാണ്. ഇ. ഹരികുമാറിന്റെ 27 പുസ്തകങ്ങൾ ഇങ്ങനെയാണു പ്രസിദ്ധീകരിച്ചത് – സായാഹ്നയിലും ഹരികുമാരിന്റെ വെബ്‌സൈറ്റിലും. ഒടുവിൽ അവയെല്ലാം സമാഹരിച്ച് ‘സമ്പൂർണ്ണകൃതികൾ’ എന്ന പേരിൽ 12 വാള്യമായി പ്രസിദ്ധീകരിച്ചു. മൂവായിരം രൂപ വില. വമ്പിച്ച വില്പനയാണുണ്ടായതെന്ന് ഹരികുമാർ പറഞ്ഞു. ജെ. ദേവികയുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണുംആദ്യം അച്ചടിച്ചിറക്കിയപ്പോൾ സാധാരണ വില്പനയേ ഉണ്ടായുള്ളൂ. എന്നാൽ, അത് വിക്കി ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ചു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പുസ്തകത്തിന്റെ വില്പന ഗണ്യമായി ഉയർന്നു. അതിവേഗം മൂന്ന് എഡിഷൻ ഇറക്കേണ്ടിവന്നു. അത്ഭുതകരമാണ് ഈ പ്രവണത. ഡിജിറ്റൽ കോപ്പി പ്രസിദ്ധീകരിച്ചിട്ട് അതു പുസ്തകമാക്കുന്നു എന്ന് അറിയിച്ചാൽ ധാരാളം ഓർഡർ വരും.

ഞങ്ങൾ ഐതിഹ്യമാല പ്രസിദ്ധീകരിച്ചപ്പോൾ മൂന്നുദിവസത്തിനിടെ ഉണ്ടായത് 14,000 ഡൗൺലോഡാണ്! രഞ്ജിത് കണ്ണൻകാട്ടിലിന്റെ ‘കിൻസുകി – ഹൃദയം പുണരുന്ന മുറിവുകൾ’ കവിതാസമാഹാരത്തിനു രണ്ടുദിവസം‌കൊണ്ടുണ്ടായത് മൂവായിരം ഡൗൺലോഡ്.  മൂവായിരം ഡൗൺലോഡ് എന്നാൽ ആറായിരം പേരെങ്കിലും അറിയും. അതിന് ആനുപാതികമായി അച്ചടിച്ച പുസ്തകത്തിനു ഡിമാൻഡ് ഉണ്ടാകും. സാധാരണ രീതിയിൽ പ്രസിദ്ധീകരിച്ചാൽ 50 കോപ്പി വില്ക്കുമോ ഒരുദിവസം?

ഓർഡറനുസരിച്ച് 50 – 100 കോപ്പിയൊക്കെ അച്ചടിച്ചുകൊടുക്കാവുന്ന പ്രിന്റ് ഓൺ ഡിമാൻഡ് സമ്പ്രദായം ഉള്ളതിനാൽ അച്ചടിച്ചുവച്ചു നഷ്ടം വരുമെന്ന ആശങ്കയും വേണ്ട. ഞങ്ങൾ പരമാവധി വില കുറച്ചാണു പുസ്തകം വില്ക്കുന്നത്. ആ വിലയിൽത്തന്നെ അച്ചടി, തപാൽ ചെലവു കഴിഞ്ഞുള്ള തുകയുടെ അഞ്ചു ശതമാനം വീതം സ്വതന്ത്രസോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ, ടെക് യൂസർ ഗ്രൂപ്പ്, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, പുസ്തകത്തിൽ ഉപയോഗിച്ച ഫോണ്ട് രൂപകല്പന ചെയ്ത ആൾ, ചിത്രങ്ങൾക്കും മുഖച്ചിത്രത്തിനും മറ്റും ആശ്രയിക്കുന്ന വിക്കി കോമൺസ് എന്നിവയ്ക്കു നല്കും. പത്തുശതമാനം എഡിറ്റർക്കും. രചയിതാവുള്ള പുസ്തകമാണെങ്കിൽ 20 ശതമാനം ആ ആൾക്കും നല്കും. കേരളപാണിനീയമൊക്കെ വിദ്യാർത്ഥികൾക്ക് ഡിസ്കൗണ്ടിലാണു നല്കാറ്.

സ്വതന്ത്രതയുടെ ആരാധകൻ

സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലെന്നപോലെ വിവരങ്ങളുടെയും അറിവുകളുടെയും കാര്യത്തിലും താങ്കൾ സ്വതന്ത്രതാവാദി ആണല്ലോ. സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ ആദ്യകാലപ്രയോക്താക്കളിലും പ്രചാരകരിലും ഒരാളായ താങ്കൾ ഇൻഡ്യയിലെ സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാൾകൂടി ആണെന്ന് അറിയാം. റിച്ചാർഡ് സ്റ്റോൾമാൻ കേരളത്തിൽ വന്നാൽ തങ്ങാറുള്ളത് താങ്കളോടൊപ്പമാണെന്നും കേട്ടിട്ടുണ്ട്. സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനവുമായുള്ള ഈ ബന്ധമാണോ വിവരങ്ങളുടെ സ്വതന്ത്രാവകാശം സംബന്ധിച്ച ചിന്തയ്ക്കു പ്രേരകം?

അറിവിന്റെമേൽ കുത്തകാവകാശം എന്നത് യുക്തിരഹിതമാണ്. പുതിയകാലത്തു വികസിച്ചുവരുന്ന ദർശനമാണത്. മുമ്പും അതങ്ങനെ ആയിരുന്നു. എഴുത്തച്ഛനും പൂന്താനവുമൊക്കെ എഴുതിയത് പേരിനും പണത്തിനുമാണോ? അവരുടെയൊക്കെ പേരുപോലും നമുക്കറിയില്ല. സ്വന്തമായി മറ്റു വരുമാനമുള്ളവരെങ്കിലും സ്വതന്ത്രപ്രസാധനത്തിനു സന്നദ്ധരാകണം. മറ്റു വരുമാനമില്ലാത്തവർ പ്രതിഫലത്തിനു ചെയ്തോട്ടെ. പിന്നെ, ഓൺലൈനിലെ സ്വതന്ത്രപ്രസാധനത്തിലും പകർപ്പവകാശസംരക്ഷണത്തിനുള്ള വകുപ്പുകളുണ്ട്. ഓൺലൈനിലെ നിയമങ്ങളായ ക്രിയേറ്റീവ് കോമൺസിന് ആറുതരം ലൈസൻസുകളുണ്ട്. ഇതിൽ മൂന്നെണ്ണമാണു വാണിജ്യേതരം. ഒരാൾ എഴുതിയാൽ അതേ ലൈസൻസിൽ ആർക്കും പുനഃപ്രസിദ്ധീകരിക്കാൻ അവസരം നല്കുന്നതുമുതൽ നിയന്ത്രണങ്ങളുള്ളവവരെ ഉണ്ട്.

സർക്കാരിന്റെ വിവരങ്ങളടക്കം പൊതുവായ വിവരങ്ങളെല്ലാം പൊതുമണ്ഡലത്തിൽ സ്വതന്ത്രമായി ലഭ്യമാക്കുകതന്നെ വേണം. സർക്കാരിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്വതന്ത്രലൈസൻസിങ്ങിൽ ആകണം. പാഠപുസ്തകങ്ങളൊക്കെ ഇങ്ങനെയാകണം. അതിൽ സർഗ്ഗാത്മകരചനകളോമറ്റോ ഉണ്ടായാൽത്തന്നെ ഒരാൾക്ക് ഒരു ലഘുരചനയുടെ അവകാശമല്ലേ പോകൂ? അതുകൊണ്ട് അവർക്ക് എന്തുണ്ടാകാൻ! കൂടുതൽ പേരിൽ എത്തുന്നിടത്തല്ലേ രചനയുടെ വിജയം. പ്രധാനചോദ്യം ഇതാണ്. കവിയോ ജനമോ വലുത്? കവിയെങ്കിൽ വേറെ കവിയെ നോക്കുക, അത്രതന്നെ.

എപ്പോഴുമെന്നപോലെ സി.വി.ആർ. ഉള്ളുനിറഞ്ഞു ചിരിക്കുന്നു. യന്ത്രവത്ക്കൃതമായ വീൽച്ചെയറിന്റെ സ്വാതന്ത്ര്യത്തിൽ റിവർ വാലിയിൽ ഉടനീളമുള്ള റാമ്പിലൂടെ പാറിനടക്കുന്ന സി.വി.ആർ. എല്ലാ വിജ്ഞാനങ്ങളുടെയും സ്വാതന്ത്ര്യം സ്വപ്നം കാണുന്നു.