Pages

Sunday, 29 December 2019

ലോകോത്തരജേർണലുകളുടെ രൂപശില്പി സി.വി.ആർ. ജീവിതം പറയുന്നു


അഭിമുഖം (കേരള മീഡിയ അക്കാദമിയുടെ മാസികയായ 'മീഡിയ’യുടെ 2019 ഒക്റ്റോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

ലോകോത്തരജേർണലുകളുടെ രൂപശില്പി
സി.വി.ആർ. ജീവിതം പറയുന്നു


സ്റ്റീഫൻ ഹോക്കിങ്ങിന്റെ രോഗവുമായി, പ്രവചിക്കപ്പെട്ട മരണത്തെ 35 കൊല്ലമായി ചിരിപ്പാടകലെ നിർത്തി കർമ്മയുദ്ധം നടത്തുന്ന സി.വി.ആർ. എന്ന സി.വി. രാധാകൃഷ്ണൻ ജീവിതം പറയുന്നു. ഒപ്പം, മലയാളി പിൻതള്ളപ്പെടുന്ന പല വൈജ്ഞാനികസാങ്കേതികവിദ്യാമേഖലകളെപ്പറ്റിയും വാചാലനാകുന്നു. നൂറിൽപ്പരം ലോകോത്തരജേർണലുകളുടെ രൂപകല്പനാകേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റിയ ഈ അത്ഭുതമനുഷ്യൻ പറയുന്ന പലതും നമ്മെ ആകുലരാക്കും; ചിലതു വിസ്മയിപ്പിക്കും. വിവരസഞ്ചയങ്ങളുടെ പരിപാലനം, സംസ്ക്കരണം, സ്വതന്ത്രവിതരണം, സ്വതന്ത്രപകർപ്പവകാശനിയമങ്ങൾ, പ്രസാധനം, സാങ്കേതികവിദ്യകൾ, ഭാഷാസേവനം, കമ്മ്യൂൺ ജീവിതം,... വിപുലവും വിചിത്രവുമാണു സി.വി.ആറിന്റെ ചിന്തകൾ.
മനോജ് കെ. പുതിയവിള



ലോകത്തെ ഏറ്റവും മികച്ച നൂറിൽപ്പരം ശാസ്ത്ര-ഗണിത-സാങ്കേതികവിദ്യാജേർണലുകൾ അണിഞ്ഞൊരുങ്ങുന്നതു കേരളത്തിലാണെന്നും അതു ചെയ്യുന്നത് ഒരു മലയാളിയാണെന്നും കേട്ടപ്പോൾ ആദ്യം വിശ്വാസമായില്ല. പിന്നെ അറിഞ്ഞു സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ റിച്ചാഡ് സ്റ്റോൾമാൻ തിരുവനന്തപുരത്തു വന്നാൽ താമസിക്കുന്നത് ഇൻഡ്യയിലെ സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാൾകൂടിയായ ആത്മമിത്രത്തിന്റെ വീട്ടിലാണെന്ന്.
അക്കാദമികലേഖനങ്ങൾ തയ്യാറാക്കാൻ സർവ്വോത്തമമായതിനാൽ ലോകമെമ്പാടുമുള്ള സർവ്വകലാശാലകളും മറ്റ് അക്കാദമികസ്ഥാപനങ്ങളും അക്കാദമികപ്രസാധകരും ടൈപ്പിങ്ങിനും ടെക്സ്റ്റ് എഡിറ്റിങ്ങിനും ഡിസൈനിങ്ങിനും ആശ്രയിക്കുന്ന ടെക് (TEX) എന്ന സോഫ്റ്റ്വെയറിന്റെ ലോകത്തേതന്നെ പ്രാമാണികരിൽ ഒരാൾ. ഡിജിറ്റൽ ആർക്കൈവിങ്ങിന്റെ കാര്യത്തിലും പ്രാമാണികൻ ആണെന്നുകൂടി അറിഞ്ഞപ്പോൾ ആളെ നേരിട്ടു കാണണമെന്ന താല്പര്യം കലശലായി. അങ്ങനെയാണ് സി.വി.ആർ. എന്ന് എല്ലാവരും വിളിക്കുന്ന സി.വി. രാധാകൃഷ്ണനെ കാണാൻ ആസൂത്രണബോർഡ് അംഗം ഡോ: ബി. ഇക്ബാൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ പ്രൊഫ: വി. കാർത്തികേയൻ നായർ, ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ. ശിവകുമാർ എന്നിവരെയുംകൂട്ടി തലസ്ഥാനനഗരപ്രാന്തത്തിലെ മലയിൻകീഴിലുള്ള റിവർ വാലി ടെക്നോളജീസിൽ എത്തുന്നത്. സർക്കാരിലും വിവിധ സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കാൻകൂടി ആയിരുന്നു കൂടിക്കാഴ്ച.
ചില്ലറ ഇലക്ട്രോണിക് നിയന്ത്രണസംവിധാനങ്ങളുള്ള യന്ത്രക്കസേരയിൽ ഉരുണ്ടുവന്ന് നിറചിരിയോടെ വരവേറ്റ പ്രതിഭാശാലിയെ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് സ്റ്റീഫൻ ഹോക്കിങ്ങിനെ. യന്ത്രക്കസേരയിലെ ഇരിപ്പു മാത്രമല്ല സ്റ്റീഫൻ ഹോക്കിങ്ങുമായി സി.വി. രാധാകൃഷ്ണനുള്ള സാമ്യം. രണ്ടുപേർക്കും ബാധിച്ചത് ഒരേ രോഗമാണ്. രണ്ടുപേരും ശിഷ്ടജീവിതത്തിന് ആധാരമാക്കിയത് ഇലക്ട്രോണിക് വീൽ ചെയറാണ്. ഇരുവരും പ്രവചിക്കപ്പെട്ടആസന്നമരണവുമായി അവിശ്രമം സ്വന്തം കർമ്മരംഗത്തു നേട്ടങ്ങൾ വിളയിച്ചു നമ്മെ അത്ഭുതപ്പെടുത്തിയവർ.


നാലേക്കറിൽ ബേക്കർ മാതൃകയിൽ പ്രകൃതിക്കിണങ്ങുമാറു നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ  ഒന്നാംനിലപ്പൊക്കത്തിലെ റാമ്പിലൂടെ ഗസ്റ്റ് ഹൗസിൽനിന്ന് ഓഫീസിലേക്കും കോൺഫറൻസ് മുറിയിലേക്കും ക്യാന്റീനിലേക്കുമൊക്കെ സി.വി.ആർ. ഉത്സാഹയോട്ടം നടത്തുമ്പോൾ, അഞ്ചുകൊല്ലത്തിനകം സംഭവിക്കുമെന്ന് 1977- ദില്ലി എയിംസിലെ ഡോക്റ്റർമാർ പ്രവചിച്ച മരണത്തെ കർമ്മചേതനകൊണ്ട് അകറ്റിനിർത്തിയതിലെ അത്ഭുതം മാത്രമല്ല, ‘ആസന്നമരണനിമിഷങ്ങളിൽ ജീവിച്ചുകൊണ്ട് ലോകത്തെ ഏറ്റവും പ്രമുഖങ്ങളായ നൂറിൽപ്പരം ശാസ്ത്രജേർണലുകളുടെ രൂപകല്പനാകേന്ദ്രമായി കേരളതലസ്ഥാനത്തെ അടയാളപ്പെടുത്തിയെടുത്തതിലെ വിസ്മയം‌കൂടിയാണു മനസിൽ നിറയുന്നത്
എൽസ്വീയർ, നേച്ചർ, ഐഒപി പബ്ലിഷിങ് തുടങ്ങിയ ലോകത്തെ കേമരായ അക്കാദമിക് പ്രസാധകരുടെ ശാസ്ത്ര-ഗണിതജേർണലുകൾ മിക്കതും രൂപകല്പന ചെയ്യുന്നതു കേരളത്തിലാണെന്ന കാര്യം ഞാൻ പറഞ്ഞിട്ടുള്ളവരെല്ലാം അവിശ്വസനീയതയോടെയാണു കേട്ടിട്ടുള്ളത്. സി.വി.ആറിന്റെ മേൽനോട്ടത്തിൽ അവ എത്രയോ വർഷമായി ലോകോത്തരനിലവാരത്തോടെ കുറ്റമറ്റതായി ഇറങ്ങിക്കൊണ്ടിരിക്കുന്നു!

സി.വി.ആറിനെ പിന്നെയും പലകുറി കണ്ടു. സംസരിച്ചു. എഴുതാൻവേണ്ടിത്തന്നെയും സുദീർഘം സംസാരിച്ചു സി.വി.ആർ. വിവരവിദ്യയിലേക്കു കടക്കുന്നതും റിവർ വാലി ടെക്നോളജീസ് എന്ന സ്ഥാപനം തുടങ്ങുന്നതും ഇന്നത്തെ നേട്ടങ്ങൾ കൈവരിക്കുന്നതുമെല്ലാം ഡോക്റ്റർമാർമരണമണിമുഴക്കിയശേഷമാണ്. അതൊരു പോരാട്ടമായിരുന്നു. അവിടെ ജീവിതവും സംരംഭകത്വവും വിവരവിദ്യയുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്നു. നിസ്സംഗതയോടെ ജീവിതത്തെ കാണാനാവുന്ന ഒരു അവസ്ഥയിൽ ഒരു അവിശ്വാസി തപസ്സൊത്ത ജീവിതത്തിലൂടെ നേടിയ അറിവും വികസിപ്പിച്ച കാഴ്ചപ്പാടുകളും പങ്കുവയ്ക്കുമ്പോൾ സാങ്കേതികവിദ്യായുഗത്തിൽ നാം അറിയേണ്ട പലതും, നമ്മുടെ ധാരണ തിരുത്തുന്ന പലതും, ഉത്തരവാദപ്പെട്ടവർ സ്വീകരിക്കേണ്ട പലതും അതിലുണ്ട്.

സി.വി.ആർ. ജീവിതം പറയുന്നു

മനോജ് കെ. പുതിയവിള: ‘റിവർ വാലി’. ഒരു സാങ്കേതികവിദ്യാസ്ഥാപനത്തിന് ഇങ്ങനെയൊരു പേരു സാധാരണ അല്ലല്ലോ?

സി.വി.ആർ.: ഇൻഫോ, ടെക്, സിസ് തുടങ്ങിയ വാക്കുകളൊന്നും ഉപയോഗിച്ചു പേരുണ്ടാക്കാൻ താല്പര്യമില്ലായിരുന്നു. നദീതടങ്ങളാണല്ലോ മാനവസംസ്ക്കാരത്തിന്റെതന്നെ ഈറ്റില്ലം. ഞാൻ ജനിച്ചുവളർന്നതും ഒരു നദീതീരത്താണ്താമ്രപർണിയുടെ അടുത്ത്, കേരളത്തിന്റെ തെക്കേയതിരായ കുഴിത്തുറയിൽ. മഴക്കാലങ്ങളിൽ നദി നീന്തിക്കടന്നാണു ഞങ്ങൾ സ്കൂളിൽ പോയിരുന്നത്. ഉടുപ്പും നിക്കറും പുസ്തകവുമെല്ലാം കൂട്ടിക്കെട്ടി ഒരുകയ്യിൽ ഉയർത്തിപ്പിടിച്ചു നഗ്നരായി മറുകൈകൊണ്ടു തുഴഞ്ഞ്. വഞ്ചിയിൽ പോകാൻ കഴിവുള്ള കുടുംബങ്ങളിലെ പെൺകുട്ടികളെ അച്ഛനമ്മമാരാരെങ്കിലും വഞ്ചിയിൽ കൊണ്ടാക്കും. നഗ്നരായി നീന്തുന്ന ഞങ്ങളെ നോക്കി ചില കുസൃതിക്കാരികൾ കൂകും.

(ശരീരത്തിന്റെ താഴേപ്പകുതിയുടെ ചലനമറ്റു വീൽ ചെയറിൽ ജീവിക്കുന്ന സി.വി.ആറിന്റെ കണ്ണുകളിൽ ബാല്യത്തിന്റെ ചുറുചുറുക്കു പൂത്തിരി കത്തിക്കുന്നു.)


ദരിദ്രകുടുംബത്തിലായിരുന്നോ ജനനം?

അല്ല. നൂറുനൂറ്റിരുപത് ഏക്കർ ഭൂമി ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ കുട്ടികൾക്കിടയിൽ അത്തരം വേർതിരിവൊന്നും ഇല്ലായിരുന്നു. പണമുള്ളവരും നീന്താൻ കൂടും. അതൊരു ഒരുമപ്പെടലാണ്. എട്ടാം വയസ്സിലൊന്നും ജാതിയെപ്പറ്റിപ്പോലും ഒന്നും തോന്നിയിട്ടില്ല.
ജാതിവിവേചനം കാര്യമായി ഇല്ലായിരുന്നു എന്നാണോ?
അല്ല. കുഴിത്തുറ പുത്തൻ ചന്തയ്ക്കു സമീപമായിരുന്നു വീട്. റോഡിന് ഒരുവശം വലിയ ഭൂസ്വത്തുള്ള നായർ ജന്മിമാർ. മാടമ്പിത്തരമൊക്കെ ഉണ്ടായിരുന്നവർ. ഞാൻ ജന്മംകൊണ്ട് ഈഴവനായിരുന്നു.

ജന്മംകൊണ്ട്?

അതെ. ഇന്നു കർമ്മംകൊണ്ടു ജാതിയും മതവും ഇല്ല.

ജന്മംകൊണ്ടും ജാതിവിവേചനം അനുഭവിച്ചില്ല?

അത് അല്പം വിശദീകരിക്കേണ്ടിവരും. ഞങ്ങളുടേതു കൂട്ടുകുടുംബം ആയിരുന്നു. മൂത്ത അപ്പൂപ്പൻ കർഷകൻ. രണ്ടാമത്തെയാൾ വൈദ്യൻ. മൂന്നാമത്തെ അപ്പൂപ്പൻ ജ്യൗതിഷിയും. ഭൂസ്വത്തും അപ്പൂപ്പന്മാരുടെ പാണ്ഡിത്യവും കാരണമാകാം, ജാതിഭേദവും അവഗണനയും കുട്ടിക്കാലത്തു തോന്നിയിട്ടില്ല. ജന്മിത്തവും അയിത്താചരണവുമൊക്കെ അപ്പോഴേക്കു നിയമംമൂലം അവസാനിപ്പിച്ചിരുന്നല്ലോ. എസ്.എസ്.എൽ.സി. കഴിഞ്ഞാണുതാഴ്ന്നജാതിആണെന്നു മനസിലാകുന്നത്.

ശരിയാണ്. ഇത്തരം ചില ഘടകങ്ങൾ ചിലർക്കു കവചം തീർത്തിരുന്നു. പുതിയതലമുറയ്ക്ക് അപരിചിതമായ കാലം ഓർത്തുപറയുന്നതിന് നിലയിൽ സാംഗത്യമുണ്ടല്ലോ. കൂട്ടുകുടുംബം ആയിരുന്നു എന്നു പറഞ്ഞു?

അച്ഛന്റെ ആറു സഹോദരങ്ങളും അമ്മച്ചിയും. എനിക്ക് ഏഴെട്ടു വയസുള്ളപ്പോൾ കുടുംബം പിരിഞ്ഞു. ഒന്നായിക്കിടന്ന ഭൂമി വീതംവയ്ക്കുക ആയിരുന്നതിനാൽ എല്ലാവരും ചുറ്റുവട്ടത്തുതന്നെ ആയിരുന്നു.
ഞങ്ങളുടേതൊഴികെ എല്ലാം വിഭജിക്കപ്പെട്ടു. ഞങ്ങൾ നാല് ആണുങ്ങളാണ്. നാലുപേർക്കുംകൂടി മൂന്നു കുട്ടികൾ. ഏറ്റവും ഇളയ അനുജൻ രാജാറാമിനുമുണ്ട് അല്പം ആരോഗ്യപ്രശ്നം. മെനഞ്ചൈറ്റിസ് വന്നതിനെത്തുടർന്ന് ഇപ്പോഴും അതിന്റെ ആസ്കിതകളിൽ ബുദ്ധിമുട്ടുന്നു. അമ്മയും അച്ഛനും മരിച്ചു. വസ്തുവകകൾ അങ്ങനെ കിടക്കുന്നു.
അന്നവിടം കുഗ്രാമമായിരുന്നു. പോസ്റ്റ് ഓഫീസും പൊലീസ് സ്റ്റേഷനും സിനിമ തീയറ്ററും ഒന്നുമില്ല. പക്ഷേ, എല്ലാവരും വിദ്യാസമ്പന്നർ, ഉയർന്ന ഉദ്യോഗസ്ഥർ. വിദ്യാഭ്യാസത്തിനു നല്ല പ്രാധാന്യമുള്ള നാട്.

അതെങ്ങനെ?


നാട്ടിലുണ്ടായിരുന്ന യൂണിയൻ ലൈബ്രറിയാണ് എന്നെ വാർത്തത്. കേരളത്തിന്റെ ചരിത്രമൊക്കെ വായിച്ചത് അവിടുന്നാണ്. ലോകസാഹിത്യം, സംസ്കൃതകൃതികൾ ഒക്കെ. സ്കൂളിനെക്കാൾ കൂടുതൽ വിദ്യാഭ്യാസം കിട്ടിയത് അവിടെനിന്നാണ്. അദ്ധ്യാപകരുമായി നല്ല ബന്ധമായിരുന്നു. ഒന്നിച്ചു സ്കൂളിൽ പോകും, വരും. നടപ്പിൽ അദ്ധ്യാപകരാണു വായനയ്ക്കു പ്രേരിപ്പിച്ചത്. ഇല്ലെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ല. ഡോൺ ശാന്തമായി ഒഴുകുന്നു പോലുള്ള ക്ലാസിക്കുകളൊക്കെ സ്കൂൾക്കാലത്തുതന്നെ വായിച്ചു.
അതൊന്നും മതിയാകാഞ്ഞ് ഞാനും സുഹൃത്തുക്കളായ ബാലചന്ദ്രനും കെ. വിജയകുമാരനും കൂടി ‘കൾട്ട്’ എന്നൊരു കടലാസുസംഘടന ഉണ്ടാക്കി. അമേരിക്കൻ ലൈബ്രറിയിൽ അംഗമാകാനായിരുന്നു അത്. അംഗമാകുന്ന സാംസ്ക്കാരികസംഘടനകൾക്ക് 50 പുസ്തകവും 50 മാസികകളുടെ മുൻലക്കങ്ങളും അവരുടെ ചെലവിൽ അയച്ചുതരും. തിരികെ അയയ്ക്കുന്നതും അവരുടെ ചെലവിൽ. വഴിക്കും ധാരാളം വായിച്ചു. കോൺക്രീറ്റ് കവിതകൾ, അസ്തിത്വവാദം, ആധുനികസാഹിത്യം ഒക്കെ പരിചയപ്പെട്ടു. ലോകസാഹിത്യത്തിലെ ധാരാളം എഴുത്തുകാരെ അറിഞ്ഞു. പക്ഷേ, അടിയന്തരാവസ്ഥയോടെ ഇത് അവസാനിച്ചു. ഇന്ദിര ഗാന്ധി ആവശ്യപ്പെട്ടപ്രകാരം അമേരിക്കൻ ലൈബ്രറിയുടെ ബന്ധം യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെന്റുകളിലേക്കായി ചുരുക്കി. പിന്നെ, മാതൃഭൂമി സറ്റഡി സർക്കിൾ, ‘സംഗംകൈയെഴുത്തുമാസിക ഒക്കെയായി ഒരു കാലം.

കോളെജ് ജീവിതം?

കോളെജിലും അദ്ധ്യാപകരുമായി നിരന്തരചർച്ച ആയിരുന്നു. മാർത്താണ്ഡം ക്രിസ്ത്യൻ കോളെജിൽ. അവിടെ വിദ്യാർത്ഥിപ്രാതിരോധങ്ങളിൽ പങ്കെടുത്തതിന് അധികൃതരുടെ കണ്ണിൽ കരടായി. ഒടുവിൽ അവർ നല്കിയ സ്വഭാവസർട്ടിഫിക്കറ്റിൽപ്പോലും എഴുതിയത്ചീത്ത’ (bad) എന്ന്! സഭയുടെ ഭദ്രാസനത്തിൽ പരാതി നല്കി. പ്രീഡിഗ്രി പ്രവേശന അഴിമതി, വളം വാങ്ങൽ തുടങ്ങി പല ആരോപണങ്ങളും ചേർത്ത് അവർ അന്വേഷണം നടത്തി പ്രിൻസിപ്പലിനെ പിരിച്ചുവിട്ടു. വിരോധത്തിന് അവർ എന്റെ അനുജനു പ്രവേശം നല്കിയില്ല.
പഠിച്ചതു രസതന്ത്രമാണ്. എം.എസ്.സി.ക്കു ചേർന്നത് കൊല്ലം എസ്.എൻ. കോളെജിൽ. യൂണിവേഴ്സിറ്റി കോളെജായിരുന്നു ഇഷ്ടം. പിന്നീട് അവിടെ കിട്ടി. പക്ഷെ, അച്ഛൻ സമ്മതിച്ചില്ല. അങ്ങനെ പഠനം നിർത്തി.
അക്കാലത്തു ടെലിക്കോമിൽ ക്ലർക്കായി കിട്ടി. ആറുമാസം ജോലി ചെയ്തു. അതിനിടെ യു.പി.എസ്.സി. വഴി ഷിപ്പിങ് മന്ത്രാലയത്തിൽ അസിസ്റ്റന്റു നിയമനം. നല്ല ശമ്പളം. സുഖം. ദില്ലിയിൽ ശാന്തജീവിതം. അടിയന്തരാവസ്ഥ തീരുംവരെ അവിടെയായിരുന്നു. അക്കാലത്താണു രോഗം പിടികൂടുന്നത്. കാലിനു ബലക്കുറവുതോന്നി ആശുപത്രിയിൽ പോകുകയായിരുന്നു. 1975-ഓടെ രോഗം നിർണ്ണയിച്ചുപെരനിയൽ മസ്കുലാർ ഡിസ്റ്റ്രോഫി (Peroneal Muscular Dystrophy) എന്ന മോട്ടോർ ന്യൂറോൺ ഡിസീസ്.

മനസൊരുക്കിയ നാളുകൾ


ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലല്ലേ രോഗം നിർണ്ണയിച്ചത്? അവിടെ ചികിത്സയൊന്നും ചെയ്തില്ലേ?

ഇല്ല. ഇതിനു ചികിത്സയൊന്നും ഇല്ലെന്നും അഞ്ചുകൊല്ലത്തിലധികം ജീവിക്കില്ലെന്നുമായിരുന്നു വിധി. 1977- ജോലി രാജിവച്ചു നാട്ടിൽ വന്നു. ജോലി രാജി വച്ചത് അച്ഛന് ഇഷ്ടമായില്ല. വഴക്കായി. രോഗമൊന്നും അച്ഛൻ അംഗീകരിച്ചില്ല. അങ്ങനെ നാടുവിട്ടു.

അച്ഛൻ യാഥാസ്ഥികസമീപനം ഉള്ള ആളായിരുന്നോ?

അയ്യോ, അല്ല. തീവ്രയിടതുപക്ഷ നിലപാടായിരുന്നു. അനുഭാവം മാത്രം. അന്നു നാട്ടിൽ നക്സലൈറ്റായ ഒരു തങ്കപ്പൻ നായർ സാർ ഉണ്ടായിരുന്നു. പൊളിറ്റിക്സ് അദ്ധ്യാപകൻ. കന്യാകുമാരി ജില്ലയിൽ ഉണ്ടായ ഒരു കേസിൽ നാടുവിട്ടു. പേരു മാറ്റി ബനാറസ് യൂനിവേഴ്സിറ്റിയിൽ ഫോർമാനായി ജോലിചെയ്തു. അദ്ദേഹത്തിന്റെ അമ്മ മരിക്കാൻ കിടന്നപ്പോൾ നാട്ടിൽ വന്നു. അറസ്റ്റിലായി. അന്നു ജാമ്യത്തിനു പോയത് അച്ഛനാണ്. അതിന് അച്ഛനെ പലരും വിമർശിച്ചു. അങ്ങനെയൊക്കെയാണെങ്കിലും എന്റെ രോഗക്കാര്യം അച്ഛനു ബോദ്ധ്യപ്പെട്ടില്ല.

അന്നത്തെ കാലവും ചിന്താഗതികളുമൊക്കെയല്ലേ. അതിരിക്കട്ടെ, നാടുവിട്ടിട്ട്?

ചെന്നൈയിലെത്തി. ഹോട്ടൽ ബോയ്, ഹിഗിൻ ബോതംസിൽ സെയിൽസ് ബോയ്, പരസ്യക്കമ്പനിയിൽ കമേഴ്സ്യൽ ആർട്ടിസ്റ്റ് ഒക്കെയായി ജോലിചെയ്തു. ഒടുവിൽ ബാത്തിക് ആർട്ടിസ്റ്റുമായി.

അതൊരു ഗംഭീര ട്വിസ്റ്റ് ആണല്ലോ.

അച്ഛനമ്മമാരോടു ദേഷ്യപ്പെട്ട് എടുത്തുചാടി പോയതാണല്ലോ. മദ്രാസിൽ ചെന്നുചേർന്നപ്പോൾ പോക്കറ്റ് കാലിയായിരുന്നു. ചില സുഹൃത്തുക്കളോടൊപ്പം കൂടി. സഹായങ്ങളോടൊപ്പം ഊഹിക്കാവുന്ന ദുരിതങ്ങളുമുണ്ടായി. അർദ്ധപ്പട്ടിണിയും നിരാശതയും ചെയ്തതൊക്കെ ശരിയാണോ എന്ന ചിന്തയും പരാജയബോധവും ആത്മനിന്ദയും. ഒന്നും ചെയ്യാനില്ലാത്തവർക്ക് അഭയകേന്ദ്രമായിരുന്ന മറീനയിൽ ഞാനും കാലം‌പോക്കി. എന്നെപ്പോലെതന്നെ വീടുവിട്ടിറങ്ങിയ ക്വാഫ എന്നൊരു ബർമ്മാക്കാരനെ ഒരിക്കൽ അവിടെ കണ്ടുമുട്ടി. ബാത്തിൿ ആർട്ടിസ്റ്റായ ക്വാഫ ചോളമണ്ഡലത്തിൽ അതിഥിയായി കഴിയുകയാണു്. ക്വാഫയാണ് എന്നെ ചോളമണ്ഡലിൽ എത്തിക്കുന്നതും മറ്റു പെയിന്റർമാരെ പരിചയപ്പെടുത്തുന്നതും. പൊന്നാനിക്കാരൻ ഗോപിനാഥ്, ചെന്നൈയിൽ ധാരാളം മ്യൂറലുകൾ ചെയ്തിട്ടുള്ള വാസുദേവ് എന്നിവരെയൊക്കെ പരിചയപ്പെട്ടു. സഞ്ചിയിലുണ്ടായിരുന്ന ‘സംഗം’ എന്ന എന്റെ വിദ്യാർത്ഥികാലത്തെ കൈയെഴുത്തുമാസിക കണ്ട ക്വാഫ എന്നെ ഒരു പരസ്യക്കമ്പനിയുമായി ബന്ധപ്പെടുത്തി. ഷാവാലസ്സിന്റെയൊക്കെ കാമ്പയിനിൽ അങ്ങനെ പങ്കാളിയായി. കുറേക്കാലം അവിടെ പണിയെടുത്തു.
അതിനിടയിൽ അസുഖം കുഴപ്പത്തിലേക്കു നീങ്ങുകയാണോ എന്നു സംശയം തോന്നി. അങ്ങനെ കേരളസർവ്വകലാശാല, കേരള, തമിഴ്‌നാട് അക്കൗണ്ടന്റ് ജനറൽ ഓഫീസുകൾ എന്നിവയിൽ ടെസ്റ്റ് എഴുതി. മൂന്നും കിട്ടി. യൂണിവേഴ്സിറ്റിയിൽ ചേർന്നു – കാര്യവട്ടത്ത് ബയോകെമിസ്റ്റ്രിയിൽ അസിസ്റ്റന്റായി. 1988-ലാണത്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനോടുള്ള വിരോധം കാരണം 16 കൊല്ലം അത് എഴുതിയില്ല. അതു തട്ടിപ്പാണെന്നു കാണിച്ചു മൂന്നുവട്ടം മുഖ്യമന്ത്രിക്കു കത്തും എഴുതി. അങ്ങനെ ഒരേശമ്പളത്തിൽ അവസാനം‌വരെ ജോലി ചെയ്തു. വായ്പയെടുത്തു നാട്ടിൽ വീടുവച്ചു. തിരിച്ചടവ് 1,100 രൂപ. ശമ്പളം 2,000 രൂപയും. റേഷനും കഴിഞ്ഞാൽ പിന്നെ ബീഡിക്കു തികയില്ല!

മരണം പ്രവചിക്കപ്പെട്ടിട്ടും വീടൊക്കെ വയ്ക്കാൻ മുതിർന്നത് ജീവിക്കാനുള്ള അഭിവാഞ്ഛകൊണ്ടാണോ?


അഞ്ചുകൊല്ലം ആണല്ലോ വൈദ്യവിധി. തോല്ക്കുന്ന യുദ്ധമാണെങ്കിലും അന്തസ്സുള്ള ഒരു പോരാട്ടം കൂടാതെ വിട്ടുകൊടുക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. ഉണർന്ന മനസും പ്രതികരിക്കാത്ത ശരീരവുമായാകും അവസാനകാലം എന്ന ഡോക്റ്റർമാരുടെ മുന്നറിയിപ്പ് എപ്പോഴും മനസിലുണ്ടായിരുന്നു. അതിനും തയ്യാറായിരിക്കണമല്ലോ. ബന്ധുക്കൾക്കൊന്നും എന്നെ ശുശ്രൂഷിച്ചിരിക്കാൻ നേരമോ മനസോ ഉണ്ടാകണമെന്നില്ലല്ലോ. ഏകാന്തമായ അന്ത്യനാളുകളുടെ ചിന്ത വേട്ടയാടി. എന്തിലെങ്കിലും ഏർപ്പെട്ടിരിക്കാനാകണം. അങ്ങനെയാണു കമ്പ്യൂട്ടർ എന്ന ആശയം ഉദിക്കുന്നത്. സംവദിക്കാവുന്ന ഒരു യന്ത്രമാണല്ലോ. അതാകുമ്പോൾ അനിഷ്ടവും മടുപ്പുമൊന്നും കാട്ടുകയുമില്ല. പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിൽ വന്നുതുടങ്ങുന്ന കാലം. ഒരുവിധത്തിൽ ഒരെണ്ണം സ്വന്തമാക്കി – ഒരു എക്സ്‌റ്റി മഷീൻ. ഇന്നത്തെ കളിപ്പാട്ടങ്ങൾക്കുണ്ട് അതിലും ശേഷി. അതിൽ ഡോസ്, വേഡ്‌സ്റ്റാർ, ലോട്ടസ് 123 ഒക്കെ പഠിച്ചു. അക്കാലത്തെ സൗഭാഗ്യമായിരുന്ന രണ്ട് എംബി റാമും 20 എംബി ഹാർഡ് ഡിസ്കുമുള്ള ഒരു പിസി ക്രമേണ ഞാൻ സംഘടിപ്പിച്ചു.

ജീവിതം വഴിമാറ്റിയ ടെക്ക്

എങ്ങനെയാണു ടെക് സോഫ്റ്റ്‌വെയറിലേക്ക് എത്തുന്നത്?

യൂണിവേഴ്സിറ്റിയിലെ ജോലിയും കമ്പ്യൂട്ടർ സല്ലാപവുമായി കഴിയുമ്പോഴാണു മാത്തമാറ്റിക്സ് ഡിപാർട്ട്മെന്റിലെ നമ്പൂരിസാറിനെ (പ്രൊഫ: കെ.എസ്.എസ്. നമ്പൂരിപ്പാട്) പരിചയപ്പെടുന്നത്. അഞ്ചുകൊല്ലത്തിനകം മരിക്കും എന്ന വിവരം കേട്ട അദ്ദേഹമാണ് ടെക് പഠിക്കാൻ ഉപദേശിച്ചത്. പുസ്തകവും സോഫ്റ്റ്‌വെയറും തന്നു. അദ്ദേഹം പറഞ്ഞു. “സങ്കീർണ്ണമാണ്, പഠിക്കാൻ നന്നേ സമയമെടുക്കും.” എനിക്കാണെങ്കിൽ ധാരാളമുള്ളതും അതാണ്. ബാഡ്‌മിന്റൻ കളി കഴിഞ്ഞ് അദ്ദേഹം ഹോസ്റ്റലിൽ വരും. നാലുകൊല്ലമെടുത്തു ലാടെക്കിൽ ഒരുവിധം നന്നായി പാക്കേജും മാക്രോസും എഴുതാൻ.
അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെ ഗവേഷണപ്രബന്ധങ്ങളും സാറിന്റെതന്നെ പുസ്തകങ്ങളുമൊക്കെ ചെയ്തു. വരുമാനമായി. പലരോടും പൈസ വാങ്ങില്ല. എന്തുകൊണ്ടു പൈസ വാങ്ങിക്കൂടാ എന്നു സുഹൃത്തുക്കളായ റിസർച്ച് സ്കോളർമാർ ചോദിക്കും. എനിക്ക് അന്ന് ഒരുമാസം 1,500 രൂപയുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതു കിട്ടിയാൽ ബാക്കി ചെയ്യുന്നതു ഫ്രീ. അങ്ങനെ ധാരാളം വർക്കായി. സൂവോളജി വകുപ്പ് അവരുടെ ‘എന്റൊമോൺ‘ (Entomon) എന്ന ജേർണലിന്റെ ടൈപ് സെറ്റിങ് ജോലി എന്നെ ഏല്പിച്ചു. അന്നത്തെ മാനേജിങ് എഡിറ്ററായ ഡോ: മുരളീധരൻ സ്ഥാനം ഒഴിയുന്നതുവരെ (1995-2011) കടപ്പാടെന്ന നിലയിൽ ഞാനതു ചെയ്തുകൊടുത്തിരുന്നു. ചുരുക്കത്തിൽ എന്റെ നിലനില്പിന്റെ ആധാരമായി ടെക് മാറി. നിങ്ങൾക്കു സങ്കല്പിക്കാനാവാത്ത നിലയിലുള്ള മനോവ്യഥയിലും നിരാശതയിലും‌നിന്ന് അതെന്നെ വീണ്ടെടുത്തു.

അപ്പോഴൊക്കെ രോഗാവസ്ഥ എങ്ങനെ ആയിരുന്നു?


കാര്യവട്ടത്തെ താമസക്കാലം (1984-94) മുഴുവൻ വ്യായായമെന്ന നിലയിലും കാലുകളിൽ ഉള്ള ശക്തി നിലനിറുത്താനുമായി എന്നും ശ്രീകാര്യം വരെയും തിരിച്ചും സൈക്കിൾ ചവിട്ടുമായിരുന്നു.

താങ്കൾ സർവ്വകലാശാലയിൽ എത്തിയ 88-89 കാലമെന്നൊക്കെ പറയുമ്പോൾ, ഒരുപക്ഷെ, കേരളത്തിൽ ആദ്യം കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച അപൂർവ്വം ആളുകളിൽ ഒരാളായിരിക്കും, അല്ലെ?

ശരിയാണ്. കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിഞ്ഞവർതന്നെയും അതിനെ ഒരു ആധുനിക ടൈപ്പ് റൈറ്ററായിമാത്രം കണ്ടിരുന്ന കാലമാണ്. പക്ഷേ, ഞാൻ അതിന്റെ സാദ്ധ്യതകളെല്ലാം എക്സ്‌പ്ലോർ ചെയ്തു എന്നുതന്നെ പറയാം.
അക്കാലത്ത് എനിക്ക് ഒബ്‌സർവേറ്ററിയിലേക്കു സ്ഥലം‌മാറ്റം കിട്ടി. പത്തുമിനുട്ട് ചെയ്യാനുള്ള ജോലിയേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ധാരാളം വായിച്ചു. അവിടത്തെ കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം സോളാരിസ് ആയിരുന്നു. അതും പരിചയിച്ചു. സർവ്വകലാശാലയിലെ ഊർജ്ജതന്ത്രവിഭാഗം മേധാവി ആയിരുന്ന ഡോ: പ്രഭാകരൻ നയർ സറിനായിരുന്നു ഒബ്‌സർവേറ്ററിയുടെ ചുമതല.

അറിയാം. ഞാൻ 93-95 കാലത്ത് ദേശാഭിമാനിയിൽ ജോലിയായി തിരുവനന്തപുരത്തുണ്ടായിരുന്നപ്പോൾ ജ്യോതിശാസ്ത്രത്തിലെ താല്പര്യം കാരണം അദ്ദേഹവുമായി പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ട്. ഹാലീസ് കോമറ്റ് വന്ന 1987-ൽ അതിന്റെ ഭാഗമായ ജ്യോതിശാസ്ത്രപരിശീലനവും വാനനിരീക്ഷണവും ഒക്കെ അവിടം കേന്ദ്രീകരിച്ചു നടന്നപ്പോഴും അവിടെ വന്നിട്ടുണ്ട്.

ഞാൻ 92 വരെയാണ് അവിടെ ഉണ്ടായിരുന്നത്.

റിവർ വാലിയുടെ കഥ; ഒരു ചതിയുടെയും

അതിനുശേഷമാണോ സംരംഭകനായി പരിണമിക്കുന്നത്?

അതെ. ജോലി കൂടിയപ്പോൾ എനിക്ക് ഒറ്റയ്ക്കു ചെയ്യാൻ കഴിയാതായി. അന്നാണു തിരുവനന്തപുരത്ത് റിസർവ്വ് ബാങ്കിനടുത്തായി സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് (STP) വരുന്നത്. 1994-ൽ അവിടെ 200 ച. അടി സ്ഥലമെടുത്ത്, രണ്ട് അനിയന്മാരെയും – രാജേന്ദ്രനെയും രാജഗോപാലിനെയും - കൂട്ടി ഒരു സ്റ്റാർട്ടപ് സംരംഭം തുടങ്ങി. അന്നൊക്കെ എനിക്കു നടക്കാൻ കഴിയുന്ന കാലമായിരുന്നു.
ഇക്കാലത്താണ് ഇൻഡ്യൻ ടെക് യൂസേഴ്സ് ഗ്രൂപ് തുടങ്ങുന്നത്. സെബാസ്റ്റ്യൻ റാത്‌സ് ആയിരുന്നു ഉദ്‌ഘാടകൻ. ടെൿ ലൈവ് (https://tug.org/texlive) എന്ന ഡിസ്ട്രിബ്യൂഷന്റെ എഡിറ്ററും CTAN (https://ctan.org) എന്ന ടെൿ സോഫ്റ്റ്‌‌വേറിന്റെ സ്ഥാപകരിലൊരാളും ടെക്സ്റ്റ് എൻകോഡിങ് ഇനീഷിയേറ്റീവി(Text Encoding Initiative — TEI)ന്റെ പ്രധാനപ്രവർത്തകനും ഓക്സ്‌ഫെഡ് സർവ്വകലാശലയുടെ കമ്പ്യൂട്ടിങ് സർവ്വീസസിലും ഐറ്റി സർവ്വീസസിലുമൊക്കെ ചുമതലക്കാരനും പിന്നീട് ചീഫ് ഡേറ്റ ആർക്കിടെക്റ്റും ആയ ആൾ. എക്സ്‌എം‌എലിന്റെ പ്രാധാന്യത്തിനുവേണ്ടി വാദിക്കുകയും ആ ആശയം പ്രചരിപ്പിക്കുകയും ചെയ്ത ഇവരാണ് യൂറോപ്പിലെ ആർക്കൈവ് ചെയ്യേണ്ട പുസ്തകങ്ങൾ മുഴുവൻ ആർക്കൈവ് ചെയ്തത്. നമ്മുടെ സർവ്വകലാശാലകൾക്കും ഇതിനുള്ള സാങ്കേതികസഹായം സൗജന്യമായി നല്കാമെന്ന് ഇവർ വാഗ്ദാനം നല്കി. എന്നാൽ നാം അതിനോടു പ്രതികരിച്ചില്ല!

ഇത്തരം പ്രവർത്തനങ്ങൾ ബിസിനസിനെ ബാധിച്ചില്ലേ?

ഇല്ല. ഇതൊക്കെ റിവർ വാലിയുടെ പ്രവർത്തനത്തിന് അനുഗുണമായ കാര്യങ്ങളാണ്. സ്ഥാപനം എസ്.റ്റി.പി.യിൽ രജിസ്റ്റർ ചെയ്തതുകാരണം അഞ്ചുലക്ഷം ഡോളറിന്റെ കയറ്റുമതി ചെയ്യണം എന്ന നിബന്ധന ഉണ്ടായിരുന്നു. അതിനു വഴികാണാതെ ഇരുന്നപ്പോഴാണ് ഇൻഡ്യയിൽ ഒരു ബിസിനസ് പങ്കാളിയെ തേടുകയായിരുന്ന കാവേ ബസർഗൻ എന്ന ഇറാൻ വംശജനായ ബ്രിട്ടിഷ് പൗരന്റെ വരവ്. എന്നെപ്പറ്റി അറിയാമായിരുന്ന സെബാസ്റ്റ്യൻ റാത്‌സ് വന്നത് ഇദ്ദേഹത്തെയും കൂട്ടിയാണ്. ഔട്ട്‌സോഴ്സിങ്ങിനു ഞങ്ങൾ കരാർ വച്ചു. അക്കാലത്ത് വഴുതക്കാട്ടുള്ള സെന്റ് ജോസഫ്സ് പ്രസിന്റെ മുകളിലേക്ക് സ്ഥാപനം മാറ്റി. അവിടെ ആയിരുന്നു 2008 വരെ റിവർ വാലി.
2008-ഒക്കെ ആയപ്പോഴേക്കു രോഗം മോശമായി ഞാൻ വീണുതുടങ്ങിയിരുന്നു. 2009-ലാണു വീൽ ചെയറിലേക്കു മാറുന്നത്. അതിനിടെ ഇവിടെ (മലയിൻകീഴിനു സമീപം റിവർ വാലി ടെക്നോളജീസ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം) സെന്റിനു 18,000 രൂപ നിരക്കിൽ നാലേക്കർ സ്ഥലം വാങ്ങി. കെട്ടിടം പണിയൊക്കെ വന്നപ്പോൾ 40 ശതമാനം ഓഹരി കാവേയ്ക്കു നല്കി പങ്കാളിയാക്കി.

അങ്ങനെയാണോ ലൻഡനിൽ റിവർ വാലി തുടങ്ങുന്നത്? അതിന്റെ വെബ്‌സൈറ്റിൽ പറയുന്നത് ഡോ: ബസർഗാൻ 1988-ൽ റിവർ വാലി തുടങ്ങി എന്നാണല്ലോ.

അതു ശരിയല്ല. ആ കമ്പനിക്കു നമ്മുടെ റിവർ വാലിയുമായി ഒരു ബന്ധവുമില്ല. അതൊരു ചതിയുടെ കഥയാണ്.
ചതിയോ?


അതെ. ബസർഗന്റെ കമ്പനിയുടെ പേര് ഫോക്കൽ ഇമേജ് എന്നായിരുന്നു. ഏതോ മാർക്കറ്റിങ് വിദഗ്ദ്ധരുടെ ഉപദേശപ്രകാരം വാണിജ്യാവശ്യത്തിനുവേണ്ടി റിവർ വാലിയുടെ പേര് ഉപയോഗിക്കാൻ അദ്ദേഹം അനുവാദം തേടി. ഞാൻ ലൻഡനിൽ ഉള്ളപ്പോഴായിരുന്നു. നമ്മുടെ കമ്പനിബ്രാൻഡ് ആഗോളമായി അറിയുമല്ലോ എന്നു കരുതി ഞാൻ അനുവാദം നല്കി. നമ്മുടെ കമ്പനി വന്ന് പത്തുകൊല്ലം കഴിഞ്ഞാണത് – 2004ൽ. അദ്ദേഹം പിന്നീട് താൻ മാത്രം ഉടമയായി റിവർ വാലി എന്ന പേരിൽ ഇം‌ഗ്ലൻഡിൽ കമ്പനിയും ട്രേഡ് മാർക്കും രജിസ്റ്റർ ചെയ്തു. ബസർഗൻ 2009-ൽ കമ്പനി സഹോദരി മറിയത്തിന്റെ പേരിലാക്കി. ഇതൊക്കെ ഞാൻ അറിയുന്നതു് 2011-ലാണു്. 2013 ഡിസംബറിൽ ഞാനും കാവേയും തമ്മിലുള്ള വാണിജ്യബന്ധം പരിപൂർണ്ണമായും വിച്ഛേദിക്കപ്പെട്ടപ്പോൾ റിവർ വാലിയുടെ ട്രേഡ്‌‌മാർക്കിനായി ഞാൻ അപേക്ഷിച്ചു.

ബന്ധം വിച്ഛേദിക്കാൻ കാരണം?

വിദേശനാണ്യനിയന്ത്രണത്തിനായി ഇൻഡ്യാസർക്കാർ ‘ട്രാൻസ്ഫർ പ്രൈസിങ്’ എന്ന നിയമം കൊണ്ടുവന്നപ്പോഴാണു വാണിജ്യബന്ധത്തിൽ വിള്ളലുണ്ടാവുന്നത്. 25%-ൽ കൂടുതൽ ഓഹരിയുള്ള ഒരു വിദേശസ്ഥാപനമോ വ്യക്തിയോ വഴിയുള്ള ബിസിനസിൽ സർക്കാർ നിശ്ചയിച്ച നിരക്കിലേ നമുക്കു ബിൽ ചെയ്യാനാവൂ. അപ്പോൾ നമുക്കു കൂടുതൽ തുകയ്ക്കു ബിൽ ചെയ്യേണ്ടിവന്നു. സാമ്പത്തികക്കുറ്റം ചെയ്യാൻ ഞാൻ ഒട്ടും തയ്യാറല്ലാത്തതുകൊണ്ടു വളരെവേഗം ഞങ്ങളുടെ വാണിജ്യബന്ധം ഉലഞ്ഞു. എല്ലാ കോൺട്രാക്റ്റും  പിൻവലിച്ചു കാവേ വേറൊരു കമ്പനി തിരുവനന്തപുരത്ത് തുടങ്ങി. പത്തൊൻപതു ജീവനെക്കാരെ അടർത്തിയെടുത്തു പൂർണ്ണമായും അന്യനായി മാറി.


അന്നുവരെ നമ്മുടെ കമ്പനിയുടെ ഔദ്യോഗികനാമം ‘ഫോക്കൽ ഇമേജ് ഇന്ത്യ’ എന്നായിരുന്നു. ബന്ധമുലഞ്ഞപ്പോൾ ‘എസ്.ടി.എം. ഡോക്കുമെന്റ് എൻജിനീയറിങ്’ എന്നു മാറ്റി. ‘റിവർ വാലി‘ നമ്മുടെ ബ്രാൻഡ് നെയിമാണ്. ആ പേരിലാണ് അറിയപ്പെടുന്നത്, അന്നും ഇന്നും
ഇൻഡ്യൻ കമ്പനിനിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്വതന്ത്രസ്ഥപനം ആയതിനാൽ നമ്മുടെ പ്രവർത്തനം തടയാൻ പറ്റില്ല. അതിനാൽ നമ്മുടെ ഇടപാടുകാരെ ചാക്കിടാൻ ശ്രമം നടത്തി. റിവർ വാലിക്കുവേണ്ടി അദ്ദേഹമാണു കരാറുകൾ ഒപ്പിട്ടിരുന്നത്. അതിന്റെ ബലത്തിൽ മുഴുവൻ കരാറും ടെക്നോപാർക്കിൽ അദ്ദേഹം തുടങ്ങിയ കമ്പനിയിലേക്കു മാറ്റി. 2013-ഓടെ ഞങ്ങളുടെ എല്ലാ ബിസിനസും പോയി. ആർക്കും ശമ്പളമില്ല. എല്ലാവരോടും അയാളുടെ കമ്പനിയിൽ ചേരാൻ പറഞ്ഞു. ആരും പോയില്ല. 2200 അക്കാദമിക് ജേർണലുകൾ പ്രസിദ്ധീകരിക്കുന്ന എൽസ്‌വിയറും നമ്മുടെ സേവനത്തിന്റെയും സാങ്കേതികഗുണമേന്മയുടെയും മികവ് അംഗീകരിച്ച് നമുക്കൊപ്പം നിന്നു. ഇതെല്ലാം ടെക് സമൂഹത്തിലുള്ള എല്ലാവർക്കും അറിയാം.

ഞാൻ ഇടയ്ക്കു വരുമ്പോൾ ചിലപ്പോഴൊക്കെ സിവിആർ ലൻഡനിലെ കേസിന്റെ ഭാഗമായ ബദ്ധപ്പാടുകളിൽ ആയിരുന്നല്ലോ. അത് ഈ കമ്പനിയുടെയും ട്രേഡ് മാർക്കിന്റെയും ഉടമാവകാശം സംബന്ധിച്ച് ആയിരുന്നോ?

അല്ല. അതു മറ്റൊരു വിഷയമാന്. ബസർഗൻ ഞങ്ങൾക്ക് ഒരു കോൺസെപ്റ്റ് കൈമാറ്റം ചെയ്തിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണു ഞങ്ങൾ വികസനം നടത്തിയതെന്നും അതുകൊണ്ട് നമ്മുടെ വരുമാനത്തിൽ ഒരു വിഹിതം കിട്ടണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടിഷ് കോടതിയിൽ അദ്ദേഹം കേസു കൊടുത്തു. നമുക്കെതിരെ കേസുകൊടുക്കാൻ ഇവിടെ വരണമല്ലോ. എന്നാൽ, നമ്മൾ  അവിടെ ചെല്ലാൻ ഇടയായാൽ കോടതിയുടെ നോട്ടീസ് നമുക്കു നല്കാൻ ബ്രിട്ടിഷ് നിയമപ്രകാരം അവർക്കു കഴിയും. അങ്ങനെവന്നാൽ, നാം പിന്നെ കേസു നടത്തണം. റിവർ വാലിയിലെ രണ്ടുപേർ ലൻഡൻ ബുക് ഫെയറിനു ചെന്നപ്പോൾ വക്കീലിനെക്കൊണ്ട് നോട്ടീസ് കൊടുപ്പിച്ചു.


ഭീമമായ ചെലവുവരും എന്നതിനാൽ അവിടെ കേസു നടത്താനൊന്നും നാം മുതിരില്ലെന്നും അങ്ങനെ കമ്പനി പിടിച്ചെടുക്കാമെന്നും ഉള്ള ചിന്തയിലായിരുന്നു നീക്കം. എന്നാൽ, അവിടെ വക്കീലിനെയൊക്കെ ഏർപ്പാടാക്കി കേസ് വാദിക്കാൻ നമ്മൾ തീരുമാനിച്ചു. വിദഗ്ദ്ധർ വന്നു പരിശോധിച്ചപ്പോൾ ബസർഗന്റെ ആരോപണം ശരിയല്ലെന്നു തെളിഞ്ഞു. കേസ് തെറ്റാണെന്നു വന്നാൽ നമുക്കു 15 കോടി രൂപ നഷ്ടപരിഹാരം തരേണ്ടിവരും. വിസ്താരം തുടങ്ങുന്നതിനു മുമ്പാണെങ്കിൽ മൂന്നുകോടി തന്നാൽ മതി. സുഖമില്ലാത്ത ഈ ഞാൻ വിസ്താരത്തിനായി പോകാൻ തയ്യാ‍റെടുക്കുകയായിരുന്നു.

അതിന്റെ ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള വ്യാകുലതയിൽ കഴിയുമ്പോഴാണല്ലോ ഞാൻ ഒടുവിൽ വന്നത്.

അതെ. പോകേണ്ടിവന്നില്ല. വിസ്താരം തുടങ്ങുന്നതിനു മുമ്പ്, ഇക്കഴിഞ്ഞ ഒക്റ്റോബർ 18-ന് അദ്ദേഹം കേസ് പിൻവലിച്ചു. നഷ്ടപരിഹാരം തരാമെന്നും സമ്മതിച്ചു.

ഒരു കാര്യവുമില്ലാത്ത കേസിനായി കുറെ പണം പാഴായെങ്കിലും കേസ് പിൻവലിക്കപ്പെട്ടതിന്റെ വലിയ സമാശ്വാസത്തിലാണു സിവിആർ. പ്രതീക്ഷയും പ്രചോദനവും പ്രസരിക്കുന്ന ആ ചിരിക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തിന്റെയും മനഃസമാധാനത്തിന്റെയും സൂര്യകാന്തി. സിവിആറിന്റെ റിവർ വാലിയും ‘സായാഹ്ന’യുമൊക്കെ നിറയെ കൗതുകങ്ങളാണ്. സാങ്കേതികവിദ്യയും മലയാളഭാഷയുമൊക്കെയായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ നമ്മുടെ കണ്ണുതുറപ്പിക്കുന്ന ഒട്ടേറെ ആഗോളദർശനങ്ങളും. മാദ്ധ്യമപ്രവർത്തനത്തിനും വിവരസംബന്ധിയായ എല്ലാ ആധുനികപ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാകുന്ന ആ അറിവുകൾ തുടർന്നെഴുതാം.
(തുടരും...)