Pages

Friday, 3 July 2020

അറിവുസ്വാതന്ത്ര്യത്തിന്റെ ആഘോഷം സി.വി.ആർ അഭിമുഖം ഭാഗം 3

സിവിആർ അഭിമുഖം ഭാഗം 3

 

അറിവുസ്വാതന്ത്ര്യത്തിന്റെ ആഘോഷം

സി.വി.ആറിന്റെ പരീക്ഷണങ്ങൾ

 

മനോജ് കെ. പുതിയവിള

 

ഈ അത്ഭുതമനുഷ്യൻ പറയുന്ന പലതും നമ്മെ ആകുലരാക്കും; ചിലതു വിസ്മയിപ്പിക്കും. വിവരസഞ്ചയങ്ങളുടെ പരിപാലനം, സംസ്ക്കരണം, സ്വതന്ത്രവിതരണം, സ്വതന്ത്രപകർപ്പവകാശനിയമങ്ങൾ, പ്രസാധനം, സാങ്കേതികവിദ്യകൾ, ഭാഷാസേവനം, കമ്മ്യൂൺ ജീവിതം,... വിപുലവും വിചിത്രവുമാണു സി.വി.ആറിന്റെ ചിന്തകൾ.



സ്റ്റീഫൻ ഹോക്കിങ്ങിനെ ഓർമ്മിപ്പിക്കുന്ന ഈ യന്ത്രക്കസേര അസ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല. കാരണം അതിൽ അറിവുസ്വാതന്ത്ര്യത്തിന്റെ പടയാളിയാണ്. ആ യന്ത്രക്കസേര ഉരുളുന്ന ആകാശറാമ്പ് സ്വാതന്ത്ര്യചക്രവാളവും. മോട്ടോർ ന്യൂറോൺ രോഗത്താൽ 1970-കളുടെ രണ്ടാം പകുതിയിൽ പ്രവചിക്കപ്പെട്ട ‘ഉടൻ‌മരണ’ത്തെനോക്കി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് 43 കൊല്ലമായി സി.വി.ആർ. എന്ന സി.വി. രാധാകൃഷ്ണൻ അസാധാരണമായ പലതും ചെയ്തുകൊണ്ടിരിക്കുന്നു. നൂറിൽപ്പരം ലോകോത്തരജേർണലുകളുടെ രൂപകല്പനാകേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റിയ, സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഇൻഡ്യയിലെ തുടക്കക്കാരിൽ മുമ്പനായ, ടെക് എന്ന രൂപകല്പനാസോഫ്റ്റ്‌വെയറിന്റെ ലോകത്തേതന്നെ പ്രാമാണികരിൽ ഒരാളായ, ഈ അത്ഭുതമനുഷ്യൻ പറയുന്നതും പ്രവർത്തിക്കുന്നതുമൊക്കെ വേറിട്ട കാര്യങ്ങൾ.

ചരിത്രം തന്നിഷ്ടപ്രകാരം മാറ്റിമറിക്കുന്ന ഇക്കാലത്ത് വിവരങ്ങൾ എക്കാലത്തേക്കും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സി.വി. രാധാകൃഷ്ണന്റെ വാക്കുകൾക്കു പ്രസക്തി ഏറെയാണ്. സംരക്ഷിക്കൽ മാത്രമല്ല അത് എല്ലാവർക്കും എപ്പോഴും നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കുക എന്നതും പ്രധാനമാണെന്നു സി.വി.ആർ. ഓർമ്മിപ്പിക്കുന്നു. അതിനായുള്ള സന്നദ്ധപരിശ്രമത്തിനാണു മുഴുവൻ ഒഴിവുസമയവും ഈ കർമ്മയോഗി വിനിയോഗിക്കുന്നത്.

ഇതിനായി തുടങ്ങിയ സന്നദ്ധസ്ഥാപനമാണുസായാഹ്ന ഫൗണ്ടേഷൻ. കഴിയുന്നത്ര മലയാളപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു വായനക്കാർക്കു സൗജന്യമായി ലഭ്യമാക്കുക എന്നതാണു സായാഹ്നയുടെ ലക്ഷ്യം. ഇതിനായി സായാഹ്നയ്ക്കു വെബ്സൈറ്റുണ്ട്: www.sayahna.org. അതു തുറന്നാൽ കേരളസാഹിത്യചരിത്രം, കേരളപാണിനീയം, ഐതിഹ്യമാല, വൃത്തമഞ്ജരി, സി.വി. രാമൻ പിള്ളയുടെ കൃതികൾ (മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജാ ബഹദൂർ), എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം, റിൽക്കെയുടെ തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ, എം.പി. പോളിന്റെ സൗന്ദര്യദർശനം, ഫ്രഞ്ചു പ്രണയഗീതങ്ങൾ, കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും, വിവികെ വാലത്ത്കവിയും ചരിത്രകാരനും എന്നുതുടങ്ങി ഇന്നു പുസ്തകശാലകളിൽ കിട്ടാത്ത ഒരുപിടി പുസ്തകങ്ങൾ കാണാം. വൈവിദ്ധ്യമാർന്ന മേഖലകളിലുള്ളവ. ശബ്ദതാരാവലിയും പൂർണ്ണരൂപത്തിലുള്ള ഇന്ദുലേഖയും ഉടൻ എത്തും. എല്ലാം സൗജന്യമായി വായിക്കാം; ഡൗൺലോഡ് ചെയ്യാം. ഒരു പകർപ്പവകാശപ്രശ്നവുമില്ല. നല്ല വായനക്കാരനും ഭാഷാസ്നേഹിയുമായ സിവിആറിന്റെ കൗതുകകരമായ ഈ പ്രവർത്തനത്തിലേക്കു സംഭാഷണം വഴിതിരിഞ്ഞു.

സായാഹ്ന എന്ന പുതുപുലരി

മനോജ് കെ. പുതിയവിള: ഇങ്ങനെയൊരു പരിശ്രമത്തിന്റെ പ്രേരണ?

സി.വി. രാധാകൃഷ്ണൻ: മലയാളത്തിൽ ഡിജിറ്റൽ ഉള്ളടക്കം നന്നേ കുറവായിരുന്ന വേളയിൽ അതിനൊരു മാറ്റം വരുത്താൻ ഒരു മാതൃക എന്നനിലയിലാണതു തുടങ്ങുന്നത്. അതായിരുന്നു പ്രേരണ. ഒബ്രി മേനോന്റെ പരിഭാഷയൊക്കെ ചെയ്തിട്ടുള്ള സുന്ദർ ആയിരുന്നു പ്രധാനവക്താവ്. കമ്പനിയിലെ ചില ജീവനക്കാരും സന്നദ്ധസേവനം ചെയ്തു. സെർവ്വർ സ്പേസ് എടുത്ത് ടൈപ്സെറ്റ് ചെയ്ത് ഇടുക, അതിനു പ്രചാരം കൊടുക്കുക. ഇതായിരുന്നു രീതി. ‘മീഡിയ വിക്കിയുടെ മാതൃകയിൽ അനായാസം തെരയാനും വായിക്കാനുമുള്ള സൗകര്യത്തോടെയാണു സായാഹ്നയുടെ സൈറ്റ് തയ്യാറാക്കിയത്.

സ്വതന്ത്രപകർപ്പവകാശത്തോടെ സ്വന്തം കൃതികൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധരാകുന്നവരുടെ രചനകളും പകർപ്പവകാശകാലാവധി കഴിഞ്ഞ പ്രസിദ്ധീകരണങ്ങളുമാണ് ഡിജിറ്റൈസ് ചെയ്തത്. ഡിജിറ്റൈസ് ചെയ്യുക എന്നാൽ സ്കാൻ ചെയ്തു പിഡിഎഫ് ആക്കലല്ല, യൂണിക്കോഡിൽ ടൈപ്പ് ചെയ്തു ചേർക്കുകതന്നെയാണ്.

ടാബിനും ഐപാഡിനും പറ്റുന്ന പതിപ്പുകൾ, അഞ്ചിഞ്ചു ഫോണിനും 16:9 സ്ക്രീനളവുള്ള ഫോണിനും പ്രത്യേകം പ്രത്യേകം പതിപ്പുകൾ, കിന്റിൽ പതിപ്പ്, -പബ്, വിക്കി പതിപ്പ് എന്നീ രൂപങ്ങളിൽ ഓരോ പുസ്തകവും രൂപകല്പന ചെയ്യും. അവയൊക്കെ ആർക്കും യഥേഷ്ടം ഡൗൺലോഡ് ചെയ്തു വായിക്കാം; പ്രചരിപ്പിക്കാം.

കേരളപാണിനീയവും വൃത്തമഞ്ജരിയുമൊക്കെ അതിലെ പ്രത്യേകചിഹ്നങ്ങളും ഫൂട് നോട്ടുകളും പദസൂചികയും കാരികസൂചികയും പേജ് നമ്പരും സൂചനനമ്പരും ഒക്കെയായി ടെക്കിൽ ചെയ്യുന്നതുപോലെ മറ്റൊന്നിലും പറ്റില്ല. ടൈപ് ചെയ്യുമ്പോൾ മാർക് ചെയ്തു പോയാൽ ഇതെല്ലാം തനിയെ തയ്യാറാകും. രണ്ടുപേജിലേക്കു വ്യാപിച്ചുകിടക്കുന്ന ഫൂട്നോട്ടൊക്കെ ടെക്ക് സ്വയം ക്രമീകരിച്ചുകൊള്ളും. മൂന്നോ നാലോ തരം ഇൻഡക്സ് ഒരേസമയം ഉണ്ടാക്കാം. അച്ചടിക്കു തൊട്ടുമുമ്പ് വ്യാപകമായ മാറ്റിമറിച്ചിലുകൾ നടത്തിയാലും ഇവയെല്ലാം നൊടിയിടയിൽ തയ്യാറാകും. കുറഞ്ഞപക്ഷം ഹൃദ്രോഗം വരാതിരിക്കും. വ്യാകരണപുസ്തകമായിട്ടും കേരളപാണിനീയമൊന്നും ആരും ഇതുപോലെ ഇപ്പോൾ അച്ചടിക്കുന്നില്ല. ടെക്കിൽ ചെയ്ത പുസ്തകങ്ങൾക്കു ഭംഗി ഒന്നു വേറെതന്നെയാണ്.


അതെ. ഐതിഹ്യമാല കണ്ടു. മറ്റ് ആര് ഇറക്കിയതിലും മനോഹരം! ഒന്നാന്തരം ചിത്രങ്ങളും!

പാലക്കാട് പാടൂർസ്വദേശി അഭിജിത് എന്ന 16-കാരൻ വിദ്യാർത്ഥി വരച്ചതാണു ചിത്രങ്ങൾ. 126 കഥകൾക്കുംകൂടി 270 ചിത്രം! ഇപ്പോൾ ഇന്ദുലേഖയ്ക്കു ചിത്രം വരയ്ക്കുന്നു. ടെൿ പഠിക്കാൻ വന്നതാണ്. നേരത്തേ ഫേസ്ബുക്കിലെ അറിയിപ്പു കണ്ട് ശബ്ദതാരാവലി 50 പേജ് എന്റർ ചെയ്തു തന്നിരുന്നു. അഭിജിത്തിന്റെ ജ്യേഷ്ഠൻ 19-കാരൻ ഗൗതം ഫൊട്ടോഗ്രാഫറാണ്. ജാതിയും മതവും ദൈവവുമൊന്നും ഇല്ലാത്ത കുടുംബമാണ്. ഇടയ്ക്കൊക്കെ വരും.

പകർപ്പവകാശം ഉപേക്ഷിച്ച് ഓൺലൈനിൽ പ്രസിദ്ധീകരിക്കാനൊക്കെ നമ്മുടെ എഴുത്തുകാർ തയ്യാറാകുന്നുണ്ടോ? അത്തരത്തിൽ പുസ്തകങ്ങൾ കിട്ടുന്നുണ്ടോ?

അതിന്റെ സാദ്ധ്യത മനസിലാക്കുന്നവർ തരുന്നുണ്ട്. സച്ചിദാനന്ദന്റെ രണ്ടു പുസ്തകങ്ങളുണ്ട്ഗാന്ധിയും തെരഞ്ഞെടുത്ത കവിതകളും. ആനന്ദ്, സി.വി. ബാലകൃഷ്ണൻ, . സന്തോഷ് കുമാർ,  തുടങ്ങി പലരുടെയും രചനകളുണ്ട്. സച്ചിദാനന്ദനും എസ്.എസ്. മാധവനും സുനിൽ പി. ഇളയിടവും പോലുള്ളവർ പൂർണ്ണമായി സ്വതന്ത്രപ്രസാധനത്തിലേക്കു വരണം. മറ്റു വരുമാനം ഇല്ലാത്തവർ അതിന്റെ മെച്ചം ബോദ്ധ്യപ്പെടുന്നതുവരെ തത്ക്കാലം ചെയ്യണ്ടാ.

പകർപ്പവകാശം വേണമെന്നുള്ളവർക്ക് ഓൺലൈനിലെ സ്വതന്ത്രപ്രസാധനത്തിലും പകർപ്പവകാശത്തിനുള്ള വകുപ്പുകളുണ്ട്. ഓൺലൈനിലെ പകർപ്പവകാശനിയമങ്ങളായ ക്രിയേറ്റീവ് കോമൺസിന് ആറുതരം ലൈസൻസുകളുണ്ട്. ഇതിൽ മൂന്നെണ്ണമാണു വാണിജ്യേതരം. ഒരാൾ എഴുതിയാൽ അതേ ലൈസൻസിൽ ആർക്കും പുനഃപ്രസിദ്ധീകരിക്കാൻ അവസരം നല്കുന്നതാണ് ആദ്യത്തേത്. പക്ഷെ, ഈ അനുവാദം പ്രൊപ്രൈറ്ററി താല്പര്യം ഉള്ളവർക്കല്ല. എല്ലാ അനുമതിയും നല്കി പൊതുമണ്ഡലത്തിൽ പ്രസിദ്ധീകരിക്കുന്ന ഈ ലൈസൻസ് വീണ്ടെടുക്കാവുന്നതല്ല. ഇതുമുതൽ നിയന്ത്രണങ്ങളുള്ളവവരെ ഉണ്ട് ക്രിയേറ്റീവ് കോമൺസിൽ. ആറാമത്തേതിൽ ഡൗൺലോഡ് ചെയ്തു വായിക്കാൻ മാത്രമാണ് അവകാശം. ലംഘിച്ചാൽ ഇടപെടാനൊക്കെ സംവിധാനമുണ്ട്. വാണിജ്യതാത്പ­­­ര്യത്തിൽ ആരും പ്രസിദ്ധീകരിക്കരുത് എന്ന വ്യവസ്ഥയോടെയാണ് ഇ. ഹരികുമാറിന്റെ 27 പുസ്തകവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

വില്പന കൂട്ടുന്ന സ്വതന്ത്രൻ!

പകർപ്പവകാശം സംരക്ഷിച്ചാലും ഓൺലൈനിൽ സ്വതന്ത്രമായി പ്രസിദ്ധീകരിച്ചാൽ ആളുകൾ സൗജന്യമായി വായിക്കില്ലേ, അപ്പോൾ എഴുത്തുകാർക്ക് എന്താണു വരുമാനം?

ഈ സംശയം സാമാന്യബുദ്ധിയിൽ തോന്നാം. എന്നാൽ അനുഭവം മറിച്ചാണ്. അടുത്തിടെ അന്തരിച്ച പ്രമുഖകഥാകൃത്ത് ഇ. ഹരികുമാറിന്റെ 27 പുസ്തകങ്ങൾ ഇങ്ങനെയാണു പ്രസിദ്ധീകരിച്ചത്സായാഹ്നയിലും ഹരികുമാരിന്റെ വെബ്സൈറ്റിലും. ഒടുവിൽ അവയെല്ലാം സമാഹരിച്ച് ഹരികുമാറിന്റെ സമ്പൂർണ്ണകൃതികൾ എന്ന പേരിൽ 12 വാള്യമായി പ്രസിദ്ധീകരിച്ചു. 3200 രൂപ വില. വമ്പിച്ച വില്പനയാണുണ്ടായതെന്ന് ഹരികുമാർ പറഞ്ഞിരുന്നു. അദ്ദേഹം ഫേസ്ബുക്കിൽ ഇത് എഴുതിയിട്ടുണ്ട്.

ജെ. ദേവികയുടെ കുലസ്ത്രീയും ചന്തപ്പെണ്ണും ആദ്യം അച്ചടിച്ചിറക്കിയപ്പോൾ സാധാരണ വില്പനയേ ഉണ്ടായുള്ളൂ. എന്നാൽ, അത് വിക്കി ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ചു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പുസ്തകത്തിന്റെ വില്പന ഗണ്യമായി ഉയർന്നു. അതിവേഗം മൂന്ന് എഡിഷൻ ഇറക്കേണ്ടിവന്നു. അത്ഭുതകരമാണ് ഈ പ്രവണത. ഡിജിറ്റൽ കോപ്പി പ്രസിദ്ധീകരിച്ചിട്ട് അതു പുസ്തകമാക്കുന്നു എന്ന് അറിയിച്ചാൽ ധാരാളം ഓർഡർ വരും. പ്രചാരണത്തിൽ സമൂഹമാദ്ധ്യമം വലിയ സാദ്ധ്യതയാണ്.

ഞങ്ങൾ ഐതിഹ്യമാല പ്രസിദ്ധീകരിച്ചപ്പോൾ മൂന്നുദിവസത്തിനിടെ ഉണ്ടായത് 14,000 ഡൗൺലോഡാണ്! രഞ്ജിത് കണ്ണൻകാട്ടിലിന്റെകിൻസുകിഹൃദയം പുണരുന്ന മുറിവുകൾഎന്ന കവിതാസമാഹാരത്തിനു രണ്ടുദിവസംകൊണ്ടുണ്ടായത് മൂവായിരം ഡൗൺലോഡ്.  മൂവായിരം ഡൗൺലോഡ് എന്നാൽ ആറായിരം പേരെങ്കിലും അറിയും. അതിന് ആനുപാതികമായി അച്ചടിച്ച പുസ്തകത്തിനു ഡിമാൻഡ് ഉണ്ടാകും. ഡിജിറ്റലായി പ്രസിദ്ധീകരിച്ചിട്ടു പുസ്തകം ആക്കുന്നു എന്ന് അറിയിച്ചാൽ മതി. ധാരാളം ഓർഡർ വരും. സാധാരണ രീതിയിൽ പ്രസിദ്ധീകരിച്ചാൽ 50 കോപ്പി വില്ക്കുമോ ഒരുദിവസം?

അതു കൗതുകകരമാണല്ലോ. പക്ഷെ, എഴുതിയയാൾ മരിച്ച് 60 കൊല്ലം കഴിഞ്ഞാലല്ലേ പകർപ്പവകാശം ഇല്ലാതാകൂ? ഇത്തരം പഴയ പുസ്തകങ്ങൾക്കു കാലം ചെല്ലുമ്പോൾ ലഭ്യതയും ആവശ്യവും കുറയുന്നതാണല്ലോ അനുഭവം.


അതെ. അതാണു പ്രശ്നം. പഴയ രചനകളിൽ പകർപ്പവകാശക്കാലം കഴിഞ്ഞവയേ എടുക്കാൻ കഴിയുന്നുള്ളൂ. പകർപ്പവകാശം കൈവശമുള്ള പ്രസാധകർ പുസ്തകത്തിന് ആവശ്യം കുറയുമ്പോൾ അവ അച്ചടിക്കാൻ മടിക്കും. അങ്ങനെ മികച്ച പല രചനകളും വിസ്മൃതിയിലേക്കു പോകുന്നുണ്ട്. അതേസമയം, ഓൺലൈനിൽ സ്വതന്ത്രമായി ലഭ്യമാകുമ്പോൾ അവയ്ക്കു വലിയ സ്വീകാരം വരികയും ചെയ്യുന്നു. അതിനർത്ഥം ആ പുസ്തകത്തിന് ആവശ്യക്കാർ ഇല്ലാതായിട്ടില്ല എന്നാണ്. ദൃശ്യത ഇല്ലാത്തതിനാൽ വിസ്മൃതിയിൽ ആകുന്നതാണ്. അത് പകർപ്പവകാശത്തിന്റെ അപകടമാണ്. ഇന്നു പകർപ്പവകാശത്തോടെ ഇറക്കുന്ന പല പുസ്തകത്തിനും ആ ഗതി വരാം. അറുപതുകൊല്ലമൊക്കെ കഴിഞ്ഞ് ആരെങ്കിലും ഓർത്തെടുത്ത് ഓൺലൈനിൽ ആക്കിയാൽ മാത്രമാകും പുനർജന്മം. ഇനി അഥവാ അധികം ആവശ്യക്കാർ ഇല്ലെങ്കിലും, ഓർഡറനുസരിച്ച് 50 – 100 കോപ്പിയൊക്കെ അച്ചടിച്ചുകൊടുക്കാവുന്ന പ്രിന്റ് ഓൺ ഡിമാൻഡ് സമ്പ്രദായം ഉള്ളതിനാൽ അച്ചടിച്ചുവച്ചു നഷ്ടം വരുമെന്ന ആശങ്കയും വേണ്ട.

കുറച്ചു കോപ്പി അച്ചടിക്കുന്നതു നഷ്ടമാണെന്നാണല്ലോ പറയാറ്?

ആയിരുന്നു മുമ്പ്. പുതിയതരം പ്രസ് വന്നപ്പോഴാണു പ്രിന്റ് ഓൺ ഡിമാൻഡ് സമ്പ്രദായം വന്നത്. ഇത്തരം പ്രസിൽ ആയിരം കോപ്പി അച്ചടിക്കാൻ പേജിന് 23 പൈസയേ വരൂ. കോപ്പി കുറഞ്ഞാൽ 30 പൈസ വരെ ആകും. ഇരുനൂറിൽത്താഴെ കോപ്പിയേ അടിക്കുന്നുള്ളെങ്കിൽ കവറിന്റെ ചെലവു നമ്മൾ വഹിക്കേണ്ടിവരും. ഏഴുരൂപ വരും ഇത്.

അതുകൊണ്ടു ഞങ്ങൾ പരമാവധി വില കുറച്ചാണു പുസ്തകം വില്ക്കുന്നത്. ആ വിലതന്നെ ഞങ്ങൾ എടുക്കുകയല്ല. അതിൽ അച്ചടി, തപാൽ ചെലവു കഴിഞ്ഞുള്ള തുകയുടെ അഞ്ചു ശതമാനം വീതം സ്വതന്ത്രസോഫ്റ്റ്വെയർ ഫൗണ്ടേഷൻ, ടെക് യൂസർ ഗ്രൂപ്പ്, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, പുസ്തകത്തിൽ ഉപയോഗിച്ച ഫോണ്ട് രൂപകല്പന ചെയ്ത ആൾ, ചിത്രങ്ങൾക്കും മുഖച്ചിത്രത്തിനും മറ്റും ആശ്രയിക്കുന്ന വിക്കി കോമൺസ് എന്നിവയ്ക്കു നല്കും. പത്തുശതമാനം എഡിറ്റർക്കും. രചിതാവുള്ള പുസ്തകമാണെങ്കിൽ 20 ശതമാനം ആ ആൾക്കും നല്കും. ഇതെല്ലാം ചേർത്താണു വിലയിടുക. രചിതാവ് ഇല്ലെങ്കിൽ അതു വിലയിൽ കുറയ്ക്കും. കേരളപാണിനീയമൊക്കെ വിദ്യാർത്ഥികൾക്ക് ഡിസ്കൗണ്ടിലാണു നല്കാറ്.

എങ്ങനെയാണ് ഇതിന്റെ വിപണനസമ്പ്രദായം?

അച്ചടി ഏല്പിക്കുന്ന കമ്പനിക്കു പിഡിഎഫ് നല്കും. പുസ്തകം ആവശ്യപ്പെടാനുള്ള ഫോം നമ്മുടെ വെബ്സൈറ്റിൽ ഇടും. അതു പൂരിപ്പിച്ചു ക്ലിൿ ചെയ്താൽ അച്ചടി ഏല്പിച്ച കമ്പനിയിലേക്ക് ഓർഡർ പോകും. അവർ അച്ചടിച്ച് എത്തിച്ചുകൊള്ളും. അമേരിക്കയിലും മറ്റും ഇതാണിപ്പോൾ രീതി.

സ്വതന്ത്രപ്രസാധനം പരമ്പരാഗതപ്രസാധനത്തെ ബാധിക്കില്ലെ?

അതൊരു അബദ്ധധാരണയാണ്.

-ബുക്ക് വന്നിട്ടും അച്ചടിപ്പുസ്തകവിപണി വളരുകയാണല്ലോ. അച്ചടിപ്പുസ്തകത്തിനു പ്രിയം കൂടുകയാണോ? അതെന്താണങ്ങനെ?

അതെ, ആവശ്യം കൂടുന്നതായാണു കാണുന്നത്. ഡിജിറ്റൽ പതിപ്പു സൗജന്യമായതിനാൽ ഉള്ളടക്കം നോക്കിയിട്ടു വാങ്ങിയാൽ മതി. വിപുലമായ തെരഞ്ഞെടുക്കൽ സാദ്ധ്യതയാണു മറ്റൊന്ന്. ഞങ്ങളുടെ പുസ്തകങ്ങളുടെ വിലക്കുറവും അതു പെട്ടെന്നു കിട്ടുന്നു എന്നതും ആകർഷണീയതയാണ്. സർവ്വോപരി ഒട്ടേറെ കമ്മ്യൂണിറ്റികളെ സഹായിക്കുന്ന സംരംഭമാണു സായാഹ്ന എന്ന പരിഗണനയും ഉണ്ടാകാം. ആണ്ടിൽ 2000 രൂപയുടെ പുസ്തകം വാങ്ങുന്ന മൂവായിരം അംഗങ്ങൾ ദുബായിൽമാത്രമുണ്ട്.

സ്വതന്ത്രതയുടെ ആരാധകൻ

പ്രസാധനത്തിന്റെയും സോഫ്റ്റ്വെയറിന്റെയും കാര്യത്തിലെന്നപോലെ വിവരങ്ങളുടെയും അറിവുകളുടെയും കാര്യത്തിലും താങ്കൾ സ്വാതന്ത്ര്യവാദി ആണല്ലോ. സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ ആദ്യകാലപ്രയോക്താക്കളിലും പ്രചാരകരിലും ഒരാളായ താങ്കൾ ഇൻഡ്യയിലെ സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാൾകൂടി ആണെന്ന് അറിയാം. ലോകത്തേതന്നെ ഒരു പ്രധാനപ്രചാരകൻ എന്നാണു വിക്കിപീഡിയ പറയുന്നത്. റിച്ചാർഡ് സ്റ്റോൾമാൻ കേരളത്തിൽ വന്നാൽ തങ്ങാറുള്ളത് താങ്കളോടൊപ്പമാണെന്നും കേട്ടിട്ടുണ്ട്. സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനവുമായുള്ള ഈ ബന്ധമാണോ വിവരങ്ങളുടെ സ്വതന്ത്രാവകാശം സംബന്ധിച്ച ചിന്തയ്ക്കു പ്രേരകം?

അറിവിന്റെമേൽ കുത്തകാവകാശം എന്നത് യുക്തിരഹിതമാണ്. പുതിയകാലത്തു വികസിച്ചുവരുന്ന ദർശനമാണിത്. പ്രസാധനവ്യവസായം വരുന്നതിനുമുമ്പും അതങ്ങനെ ആയിരുന്നു. എഴുത്തച്ഛനും പൂന്താനവുമൊക്കെ എഴുതിയതു പേരിനും പണത്തിനുമാണോ? അവരുടെയൊക്കെ പേരുപോലും നമുക്കറിയില്ല.

സർക്കാരിന്റെ വിവരങ്ങളടക്കം പൊതുവായ വിവരങ്ങളെല്ലാം പൊതുമണ്ഡലത്തിൽ സ്വതന്ത്രമായി ലഭ്യമാക്കുകതന്നെ വേണം. സർക്കാരിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്വതന്ത്രലൈസൻസിങ്ങിൽ ആകണം. പാഠപുസ്തകങ്ങളൊക്കെ ഇങ്ങനെയാകണം. അതിൽ സർഗ്ഗാത്മകരചനകളോമറ്റോ ഉണ്ടായാൽത്തന്നെ ഒരാൾക്ക് ഒരു ലഘുരചനയുടെ അവകാശമല്ലേ പോകൂ? കർത്തൃത്വം പോകുന്നുമില്ല. അതുകൊണ്ട് അവർക്ക് എന്തുണ്ടാകാൻ! കൂടുതൽ പേരിൽ എത്തുന്നിടത്തല്ലേ രചനയുടെ വിജയം. കവിക്കു വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യാം. പ്രധാനചോദ്യം ഇതാണ്. കവിയോ ജനമോ വലുത്? കവിയെങ്കിൽ വേറെ കവിയെ നോക്കുക, അത്രതന്നെ. പകർപ്പവകാശവാദം ഉയർത്തിയതുമുതൽ ഇളയരാജയുടെ സംഗീതം കേൾക്കുന്നതു ഞാൻ നിർത്തി; മറ്റു പലരും.

ടെക്കിനുവേണ്ടി ഞാൻ വികസിപ്പിച്ച ഇരുപതോളം സോഫ്റ്റ്വെയറുണ്ട്. എല്ലാം CTAN- സൗജന്യമായാണു പ്രസിദ്ധപ്പെടുത്തിയത്. എനിക്കു ബിസിനസ് കൂടുകയാണുണ്ടായത്. നമുക്കുള്ള അംഗീകാരം കൂടും. സ്വതന്ത്രസോഫ്റ്റ്വെയറിന്റെ സന്ദേശമാണത്. വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുമായിരുന്നതുകൊണ്ടാണു വേദങ്ങൾ പിന്നോട്ടുപോയത്. ശൂദ്രർ മുതൽ ദളിതരടക്കമുള്ളവർക്ക് അക്ഷരം വിലക്കി വിജ്ഞാനവികസനത്തിൽ സംഭാവന ചെയ്യാനുള്ള അവസരം ആ മഹാഭൂരിപക്ഷത്തിനു നൂറ്റാണ്ടുകളോളം നിഷേധിച്ചതാണല്ലോ ഇൻഡ്യയെ പിന്നോട്ടടിച്ചത്. ഇന്നു കോൺഫറൻസുകൾ നടത്തി പേപ്പറുകൾ പ്രസിദ്ധീകരിച്ചു വ്യാപിപ്പിക്കുന്നതിനാൽ പുതിയ ആശയങ്ങൾ വളരുന്നു. അതാണു വ്യത്യാസം.

സ്വതന്ത്രസോഫ്റ്റ്വെയർ ഡി.റ്റി.പി.ക്കാരെയടക്കം വ്യാപകമായി പഠിപ്പിക്കാനുള്ള പരിശ്രമം വേണം. ഇതിനായി ക്രാഷ് കോഴ്സ് നടത്തണം.


ഡി.റ്റി.പി.കളെല്ലാംതന്നെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിലാണു പ്രവർത്തിക്കുന്നത്.

അതു മാറ്റാൻ എളുപ്പമാണ്. കാരണം, ഇന്ന് അവർ ചെയ്യുന്ന എല്ലാ ജോലിക്കും പറ്റുന്ന സ്വതന്ത്രസോഫ്റ്റ്വെയറുകളുണ്ട്. ഓപ്പൺ ഓഫീസിലാണെങ്കിൽ മറ്റുള്ളവയിലെപോലെ ഫോണ്ട് പ്രശ്നമൊന്നും ഇല്ല. മലയാളം യൂണിക്കോഡിൽ ടൈപ് ചെയ്യാൻ പഴയ ആസ്കി ഫോണ്ടിൽ ടൈപ് ചെയ്യാൻ ഉപയോഗിച്ച ഐ.എസ്.എം. പോലുള്ള ഇടനിലസോഫ്റ്റ്വെയറും ആവശ്യമില്ല. ഇപ്പോൾ ടൈപ് ചെയ്യുന്ന അതേ രീതിയിൽ ടൈപ് ചെയ്താൽ മതിതാനും. ഇൻസ്ക്രിപ്റ്റ്, ഫൊണെറ്റിൿ, റെമിങ്ടൺ എന്നീ കീബോർഡുകളെല്ലാം അതിലും പറ്റും. എല്ലാനിലയിലും എളുപ്പവും സൗകര്യവും സ്വതന്ത്രസോഫ്റ്റ്വെയറും യൂണിക്കോഡ് ഫോണ്ടുമാണ്. ജി-മാർട്ടിലൊക്കെ ചെയ്യുന്നതുപോലെ ലിനക്സിലും പറ്റും. വിൻഡോസിലും മാക്കിലും പറ്റണം. വിൻഡോസിലെ നോട്ട് പാഡ് പോലെ ലിനക്സിൽ ജിഎഡിറ്റ് ഉണ്ട്. വേറെയും ഉണ്ടെങ്കിലും മലയാളത്തിനു കൂടുതൽ നല്ലത് ജിഎഡിറ്റാണ്. യൂണിക്കോഡിലാകുമ്പോൾ ഇംഗ്ലിഷും മലയാളവും ഹിന്ദിയുമെല്ലാം തുടർച്ചയായി ടൈപ് ചെയ്തുപോകാം. ഫോണ്ടു മാറ്റിയാലും അതതു ഭാഷകൾ അങ്ങനെതന്നെ നില്ക്കും. ഇതൊന്നും മറ്റേതിൽ പറ്റില്ല.

ഡി.റ്റി.പി.ക്കാരെല്ലാം ഉപയോഗിച്ചുവന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ അതിന്റെ നിർമ്മാതാക്കൾ 2007-ൽത്തന്നെ ഉപേക്ഷിച്ചതാണ്. അവർ ഇറക്കിയ പുതിയ സോഫ്റ്റ്വെയറിനു വലിയ വിലയാണ്. മാത്രവുമല്ല, സോഫ്റ്റ്വെയറുകൾ ഉത്പന്നം എന്നതു മാറ്റി സേവനം ആക്കുകയാണ്. ഒപ്പം വലിയ വിലയും ഈടാക്കുന്നു. ഓൺലൈൻ പതിപ്പാണ് അവർ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നത്. ക്ലൗഡിലെ സ്പേസടക്കം നല്കി, വിവിധ സോഫ്റ്റ്വെയറുകൾ പായ്ക്കേജാക്കി പ്രത്യേക സ്വീറ്റ് എന്ന നിലയിൽ. അതിൽ ചിലത് ആവശ്യമില്ലാത്തവർക്കും എല്ലാംകൂടിയേ വാങ്ങാൻ പറ്റൂ. പഴയ സോഫ്റ്റ്വെയറും പുതിയതിന്റെ വ്യാജപതിപ്പും ഉപയോഗിക്കുന്നതു വ്യാപകമായി പരിശോധന നടത്തി കണ്ടെത്തി പിഴ ഈടാക്കാനും തുടങ്ങിയിരിക്കുന്നു. പൊതുവിൽ ഡി.റ്റി.പി. രംഗം വലിയ പ്രതിസന്ധിയിലേക്കു വീഴുകയാണ്.

എന്നിട്ടും എന്താണ് അവർ ഓപ്പൺ സോഫ്റ്റ്വെയറിലേക്കു മാറാത്തത്?

മാറാനുള്ള മനഃപ്രയാസവും നല്ല ഡിസൈൻ സോഫ്റ്റ്വെയർ ഇല്ലാത്തതുമാണ് അവരെ നിരുത്സാഹരാക്കുന്നത്. ശീലിച്ചതിന്റെ സുഖത്തിലാണവർ. പലതിനും ടെംപ്ലേറ്റുകൾ ഉണ്ടാക്കിവച്ചിരിക്കുകയാണ്. അതിൽ ടൈപ് ചെയ്താൽ മതി. സംഗതി എളുപ്പം. ഇന്നത്തെ അവസ്ഥ ശ്രദ്ധിച്ചിട്ടില്ലെ? പൊതുജനമാകെ ഉപയോഗിക്കുന്നത് യൂണിക്കോഡ്, ഡി.റ്റി.പി.ക്കാർമാത്രം ആസ്കിയിൽ!

അടുത്തിടെ സ്ക്രൈബസ് എന്ന സ്വതന്ത്ര ഡിസൈൻ സോഫ്റ്റ്വെയർ മലയാളത്തിനു പാകത്തിൽ വികസിപ്പിക്കപ്പെട്ടല്ലോ. അവർ ശീലിച്ച പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിന്റെ അതേ രീതിയിൽ പ്രവർത്തിപ്പിക്കാനുള്ള കസ്റ്റമൈസേഷൻ ഇതിൽ ചെയ്യാനാകുമെന്നും അതു രൂപപ്പെടുത്തിയവർ പറഞ്ഞു. ഇനി എന്താണു വേണ്ടത്?

ഇന്നുള്ള മലയാളം പ്രസിദ്ധീകരണമെല്ലാം സ്ക്രൈബസിൽ ചെയ്യാം. പ്രത്യേക ചിഹ്നങ്ങളും മറ്റും വേണ്ട സംഗീതചന്ദ്രിക, കേരളപാണിനീയം, ഗണിതപുസ്തകങ്ങൾ തുടങ്ങിയവ ടെക്കിലും ചെയ്യാം. അവ അവർ ശീലിച്ച പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിൽ ചെയ്യുക ഇപ്പോഴും ദുഃസാദ്ധ്യമാണ്.

പക്ഷെ, ഇതിന് അവരെ മുഴുവൻ സ്ക്രൈബസും ടെക്കും പഠിപ്പിക്കാൻ ക്രാഷ് കോഴ്സ് നടത്തണം. തൊഴിൽവകുപ്പ് ക്യാമ്പയിനായി ഇതു ചെയ്യണം. എല്ലാ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലും ഇവ നിർബ്ബന്ധമാക്കണം. സർക്കാരിൽ ഇവയേ പാടുളൂ എന്നു നിഷ്ക്കർഷിക്കണം. സർക്കാരോഫീസുകളും ഐറ്റി@സ്കൂളിന്റെ ശിക്ഷണം കിട്ടുന്ന മുഴുവൻ വിദ്യാർത്ഥികളും സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോഗിക്കുന്നവരായിട്ടും മറ്റ് ഉപയോക്താക്കൾ അതിലേക്കു വേണ്ടത്ര വരാത്ത സാഹചര്യത്തിൽ സർക്കാരും പ്രൊഫഷണൽ പ്രസ്ഥാനങ്ങളും പ്രത്യേകതാത്പര്യംതന്നെ ഇതിന് എടുക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യം നട്ടുനനച്ച്

സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനമൊക്കെ ഉണ്ടായിട്ടും ഇതാണു സ്ഥിതി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ആ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ എന്ന നിലയിൽ അതിനായി ചെയ്ത കാര്യങ്ങൾ ചുരുക്കി പറയാമോ?

ഞാൻ അതിൽ സജീവമായിരുന്നത് 1997 – 2005 കാലത്താണ്. അന്ന് സ്വതന്ത്രസോഫ്റ്റ്വെയറുകളും അതിന്റെ ട്യൂട്ടോറിയലുകളും മറ്റു സഹായസേവനങ്ങളുമൊക്കെ വിതരണത്തിനായി ഹോസ്റ്റ് ചെയ്യാൻ sarovar.org എന്നൊരു വെബ് പോർട്ടൽ ഞാൻ തുടങ്ങി. അനിൽ കുമാർ, രാജീവ് കുമാർ തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. പരസ്യങ്ങൾ ഇല്ലാത്ത പോർട്ടൽ. സോഫ്റ്റ്വെയർ വികസനം അടക്കമുള്ള ആവശ്യങ്ങൾക്ക് എത്ര സ്പേസ് വേണമെങ്കിലും തരും. ധാരാളം മിറർ സെർവ്വറുകളും ഇതിനുണ്ടായിരുന്നു. എപ്പോഴും അപ്ഡേറ്റിങ്. ആർക്കും എവിടെയും എപ്പോഴും ഡൗൺലോഡ് ചെയ്യാം. അന്ന് ഒരുലക്ഷം ഉപയോക്താക്കളും മുപ്പതിനായിരം പ്രൊജക്റ്റുകളും ഒക്കെ ഉണ്ടായിരുന്ന ഇതിലൂടെ ധാരാളം ടെൿ ഉത്പന്നങ്ങൾ വികസിപ്പിക്കപ്പെട്ടു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (SMC) ഒക്കെ ഉണ്ടായത് ഇതിലായിരുന്നു. സൊളാരീസിന്റെ ഓപ്പൺ സൊളാരീസ് പോലും സരോവറിൽ ആയിരുന്നു. സാവന്നയും (Savanna) ജർമ്മനിയുടെ ബെർലിയോസും (Berlios) കഴിഞ്ഞാൽ മൂന്നാമതു സരോവർ ആയിരുന്നു.

എന്നിട്ട്? ഇപ്പോൾ അതില്ലേ?


ഇല്ല. പരിപാലനം നിർവ്വഹിച്ചുവന്ന ഗ്രൂപ്പ് തിരക്കുമൂലം സമയത്തു ചെയ്യാതായി. എസ്.എം.സി. സാവന്നയിലേക്കു മാറി. ഡേറ്റാ സെർവ്വർ വാടകതന്നെ മാസം 12,000 രൂപ ആയിരുന്നു. അതിനിടെ ആപ്പിളിനു സമാനമായ ഒരു സ്വതന്ത്രസോഫ്റ്റ്വെയർ ഹോസ്റ്റ് ചെയ്തതിനു വക്കീൽ നോട്ടീസ് വന്നു. പിൻവലിച്ചേ പറ്റൂ എന്ന സ്ഥിതി. കാലിഫോർണിയ ടെൿനോളജീസിലെ ആനന്ദ് ബാബു ബംഗളൂരുവിലുള്ള സ്വന്തം സെർവ്വറിൽ ഹോസ്റ്റ് ചെയ്തു. ഒന്നും ചെയ്യാൻ പറ്റിയില്ല. സ്വതന്ത്രസോഫ്റ്റ്വെയർ ഫൗണ്ടേഷനും സഹായിച്ചില്ല.

അന്നെല്ലാം താങ്കൾതന്നെ ആയിരുന്നില്ലേ ഫൗണ്ടേഷന്റെ ഇവിടുത്തെ ഭാരവാഹി?

അല്ല. മലയാളിയായ എം അരുൺ, ബോംബേയിൽ നിന്നും നാഗാർജ്ജുന, ബാംഗളൂരിൽ നിന്നും ഗോപിനാഥ്, തുടങ്ങി ആറുപേരായിരുന്നു അന്നത്തെ ഫൗണ്ടേഷന്റെ സാരഥികൾ. ഞാൻ ഇന്ത്യൻ ടെക് യൂസേഴ്സ് ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നതു്.  കെ.എസ്.എസ്. നമ്പൂതിരി പ്രസിഡന്റും ഞാൻ സെക്രട്ടറിയും (1997 മുതൽ). ഭാരവാഹികളിൽ കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നുള്ള രണ്ടുപേരൊക്കെ ഉണ്ടായിരുന്നു. പാർലമെന്റിൽ സ്വതന്ത്രസോഫ്റ്റ്വെറ്റർ വന്നത് അങ്ങനെയാണ്. 2002-ൽ രാജ്യാന്തരഗ്രൂപ്പ് അവരുടെ യോഗം തിരുവനന്തപുരം ടെൿനോപാർക്കിൽ നടത്താൻ തയ്യാറായി. ആ സമയത്താണു സെക്രട്ടറിപദം സതീഷ് ബാബുവിനെ ഏല്പിച്ചു ഞാൻ പിന്മാറുന്നത്.

ലിനക്സ് വളർന്ന വഴി

ലിനക്സ് ഗ്രൂപ്പിലും സജീവമായിരുന്നില്ലേ? അത് എന്നാണ്?

ഏതാണ്ട് ഇതേകാലത്തു ലിനക്സ് ഗ്രൂപ്പും തുടങ്ങി. ദില്ലി, ബഗളൂരു കേന്ദ്രങ്ങൾ ശക്തമായിരുന്നു. പ്രൊപ്രൈറ്ററി കമ്പനികളിൽനിന്നു വലിയ പ്രതിരോധം ഉണ്ടായി. അവയെ അതിജീവിച്ചു പ്രാദേശിക യൂസർ ഗ്രൂപ്പുകൾ തിരുവനന്തപുരത്തും ഉണ്ടായി.

ലിനക്സിന്റെ ഇൻസ്റ്റലേഷനൊന്നും ഇന്നത്തെപ്പോലെ ലളിതമായിരുന്നില്ല. അതുകൊണ്ട് എല്ലാവർക്കും എല്ലാം അറിയാമായിരുന്നു. 2000 ആയപ്പോഴേക്കു ഗ്രൂപ്പു വളരെ ശക്തമായി. അന്നൊന്നും നല്ല ബ്രൗസറില്ല, വേഡ് പ്രോസസറില്ല, സ്പ്രെഡ് ഷീറ്റില്ല, ഓഫീസ് സ്വീറ്റില്ല. 2005-ഓടെ ഇതെല്ലാം ഉണ്ടായി. സ്വീകാരം കൂടി. അവയൊന്നും വേണ്ടാത്ത താടിക്കാർ മാത്രമായിരുന്നു അന്നത്തെ ഉപയോക്താക്കൾ. ഇന്ന് ആൻഡ്രോയിഡുകൂടി വന്നതോടെ ലിനക്സ് ഒഴിവാക്കാനാവാത്തതായി.

ലിനക്സ് എങ്ങനെ ഇങ്ങനെയായി എന്നത് അത്ഭുതമാണ്. അമേരിക്കയിലുംമറ്റും ഡെൽ ഒക്കെ ലിനക്സ് പ്രീലോഡ് ചെയ്ത് കമ്പ്യൂട്ടർ ഇറക്കുന്നു. ഇനി പ്രതിരോധിക്കാനാവില്ല.

ഇവിടെ ഇപ്പോഴും എല്ലാം പ്രൊപ്രൈറ്ററി ഓപ്പറേറ്റിങ് സിസ്റ്റവുമായാണല്ലോ കിട്ടുന്നത്?

അതെ. ഇവിടെ എല്ലാ സിസ്റ്റവും വരുന്നത് മൈക്രോസോഫ്റ്റ് വിൻഡോസ് പ്രീലോഡ് ചെയ്താണ്. അവർ തമ്മിൽ ഉടമ്പടിയാണ്. അതു വേണ്ടാ എന്നു ശക്തമായി വാദിച്ചപ്പോൾ ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലാതെ തരാൻ പറ്റില്ലെന്ന ന്യായം പറഞ്ഞ് ബൂട്ട് ചെയ്യാൻ മാത്രമുള്ള ഡോസി(DOS)ന്റെ ഓപ്പറേറ്റിങ് സിസ്റ്റം മാത്രം ഇട്ടുതന്നു. സേവനത്തിനും പരിപാലനത്തിനും സംവിധാനം ഇല്ലാത്തതിനാൽ ഇവർ മറ്റുള്ളവർക്കു തരില്ല.

അപ്പോൾപ്പിന്നെ വ്യാപിപ്പിക്കാൻ എന്തു ചെയ്യണം?

ചില സമീപനങ്ങളാണു പ്രശ്നം. ഉദാഹരണത്തിന്, ഐറ്റി@സ്കൂളിൽ ആധാരം സ്വതന്ത്രസോഫ്റ്റ്വെയർ ആണെങ്കിലും അതിന്റെ സിലബസിൽ C, C++ എന്നിവ പഠിപ്പിക്കുമ്പോൾ മൈക്രോസോഫ്റ്റിന്റെ സി-കമ്പയിലറാണ് ഉപയോഗിക്കുന്നത്. അതുകാരണം, ലിനക്സ് പഠിക്കുമ്പോൾ C, C++ പഠിക്കാൻ കുട്ടികൾക്കു വിൻഡോസിലേക്കു കടക്കേണ്ടിവരും. അതിലെ ഗ്രാഫിക്കൽ ലാളിത്യം അവരുടെ പഠനത്തെ ദോഷമായി ബാധിക്കും. ഇത് ഉടൻ മാറ്റണം.

പകരം?

ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ കമ്പയിലറുണ്ട്. ലിനക്സിന്റെ ജി.സി.സി. (Gnu Compiler Collection) ആണു ഏറ്റവും മികച്ചതെന്നു ലോകം അംഗീകരിച്ചത്. അതിനാൽ കുട്ടികൾ ഇതു പഠിക്കാനുള്ള സാദ്ധ്യത സൃഷ്ടിക്കുകയാണു് വേണ്ടതു്.   ഉണ്ടാക്കുന്ന പ്രോഗ്രാം പരീക്ഷിക്കാനും മെച്ചപ്പെടുത്താനുമെല്ലാം ഉള്ള എക്സർസൈസുകൾ ചെയ്യാൻ നല്ലത് ജി.സി.സി. ആണ്.

ഇത്തരം പല കുരുക്കുകൾ പലയിടത്തും കിടക്കുന്നു. ഇതൊക്കെ കണ്ടെത്തി പരിഹരിച്ചാൽ പ്രയോഗം വ്യാപിപ്പിക്കാം. പതിനഞ്ചു വയസിൽ പുറത്തിറങ്ങുന്ന കുട്ടികളെ ശരിയാക്കിയാൽ വലിയ മാറ്റം ഉണ്ടാകും.

വ്യാപാരികൾക്ക് കണക്കുസൂക്ഷിപ്പിനും ഇൻവെന്ററിക്കും സോഫ്റ്റ്വെയർ വേണം. ഇത്തരം മേഖലകൾ കണ്ടെത്തി എന്തുകൊണ്ടു സ്വതന്ത്രസോഫ്റ്റ്വെയറിൽ ഉണ്ടാക്കിക്കൊടുത്തുകൂടാ? അതൊക്കെ ചെയ്യണം. .സി.ഫോസ് ആണു ചെയ്യേണ്ടത്. പക്ഷെ, ചെയ്യുന്നില്ല. ചാല മുതൽ പാളയം വരെ എത്ര വ്യാപാരികളുണ്ട്? പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിനു രണ്ടുലക്ഷം രൂപ കൊടുക്കണം. എത്ര പണമാണു നാടിനു നഷ്ടമാകുന്നത്! നമുക്ക് ഓറക്കിളൊന്നും വേണ്ടാ. ലളിതമായ ബില്ലിങ് സോഫ്റ്റ്വെയർ മതി. നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സഹായോപാധികൾ അടക്കം ഇതുണ്ടാക്കാൻ നികുതിവകുപ്പു മുൻകൈ എടുക്കണം. ധാരാളം തട്ടിപ്പുകൾ ഒഴിവാക്കാം. പ്ലസ് ടൂ കഴിഞ്ഞ് ഇറങ്ങുന്നവരെക്കൊണ്ടു ചെയ്യിക്കാവുന്നതേയുള്ളൂ. ഐറ്റി@സ്കൂളിന്റെ അനുബന്ധസംരംഭമായി ഇതു വികസിപ്പിക്കാം. സർവ്വീസ് നല്കൽ വഴി ധാരാളം തൊഴിലവസരവും ഉണ്ടാക്കാം.

ശരിയാണ്. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പലനിലയ്ക്കും മെച്ചമായ സ്വതന്ത്രസോഫ്റ്റ്വെയറുകൾ കേരളം പോലൊരു പുരോഗമനരാഷ്ട്രീയസമൂഹത്തിൽപ്പോലും അതിനനുസരിച്ചു വ്യാപകമാകാത്തതെന്തെന്ന്.

എന്തല്ലാം മെച്ചങ്ങൾ! ഹാക്കിങ്ങിനു സാദ്ധ്യത കുറവാണ്. ഒരു സ്ഥാപനം അല്ലല്ലോ, ലോകമാകെ വ്യാപിച്ചിട്ടുള്ള ഒരു സമൂഹംതന്നെയല്ലേ ഇവയുടെ പരിപാലകർ. അതുകൊണ്ട്, ഒരുവിഭാഗം ഹാക്കിങ്ങിനു ശ്രമിച്ചാൽ എതിർവിഭാഗം ശക്തമായി പ്രതിരോധിക്കും, മെച്ചപ്പെടുത്തും. സോഴ്സ് കോഡുകൾ കണ്ടാൽ കുഴപ്പങ്ങൾ വേഗം ചൂണ്ടിക്കാട്ടാൻ പറ്റും.

വൻകിട ജർമ്മൻ ബാങ്കായ ഡോഷ് ബാങ്ക് (Deutche Bank) ബാങ്കിങ് സോഫ്റ്റ്വെയർ ഓപ്പൺ ആക്കി. നമ്മുടെ പണം കൈകാര്യം ചെയ്യുന്നതല്ലേ. അതു സുതാര്യമാകണ്ടേ? ബോദ്ധ്യപ്പെടുത്താൻ കഴിയണ്ടേ? പൊതുപരിശോധന വേണ്ടേ? പരിഷ്കൃതസമൂഹം അങ്ങനെയൊക്കെയാണു ചിന്തിക്കുന്നത്. ഡോഷ് ബാങ്ക് ചെറിയ കൂട്ടരൊന്നുമല്ലല്ലോ. നാമും അനുകരിക്കണം. ബാങ്കിങ് സോഫ്റ്റ്വെയർ ആൻഡ്രോയിഡിൽ ആണല്ലോ. വോട്ടെടുപ്പിനുള്ള സോഫ്റ്റ്വെയറൊക്കെ ഇങ്ങനെ ഓഡിറ്റബിൾ ആകണം. എല്ലാറ്റിനും തടസം മനോഭാവമാണ്. അതു മാറണം.

സ്വാതന്ത്ര്യത്തിന്റെ ആരൂഢം

ഈ സ്വാതന്ത്ര്യമനോഭാവം റിവർ വാലിയുടെ ഈ ക്യാമ്പസിലും ജഗതിയിലെ വീട്ടിലുമൊക്കെ കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട്. നഗരപ്രാന്തത്തിൽ ഇത്രയും വിശാലവും പ്രശാന്തവുമായ ക്യാമ്പസ് ശരിക്കും അത്ഭുതമാണ്. വലിയൊരു കുളവും ചെറുകുളങ്ങളും അരുവിയുമൊക്കെ കണ്ടു. എന്തൊക്കെയാണ് ഇവിടെയുള്ളത്?

നാലേക്കറുണ്ട് ആകെ. വലിയ കുളത്തിനു നൂറുമീറ്റർ നീളവും 20 മീറ്റർ വീതിയും നൂറടി ആഴവുമുണ്ട്. വിവിധ ഇനത്തിൽപ്പെട്ട ഒരുലക്ഷത്തോളം മീനുകളുണ്ട് അതിൽ. കരിമീനും കൊഞ്ചുമൊക്കെയുണ്ട് ചെറിയ കുളങ്ങളിൽ. അതതു ഭാഗത്തെ ജലസേചനത്തിനുള്ളതാണു ചെറുകുളങ്ങൾ. മുഴുവൻ മഴയും ഇവയിൽ സംഭരിച്ച് ഉപയോഗിക്കും. വർഷം മുഴുവൻ കുടിക്കാനും കുളിക്കാനും ക്യാമ്പസിൽ വെള്ളമുണ്ടാകും. 200 കോഴിയും 50 താറാവും ഉണ്ട്. പത്തു് പശുക്കളുണ്ടു്. അൻപതിനം വാഴ, കാരറ്റ്, മുട്ടക്കോസ് (കാബേജ്),... ഏതാണ്ടെല്ലാ പച്ചക്കറിയും ഉണ്ട്. ധാരാളം ഔഷധസസ്യങ്ങളൂം ക്യാമ്പസിലുണ്ട്. അരിമാത്രം വാങ്ങും. കുറച്ച് വയൽ ഒരാളോടു ചോദിച്ചിരുന്നു. തന്നില്ല. ഇപ്പോൾ തരാമെന്നു പറയുന്നു.

അരിയും പാലുമൊഴികെ സ്വയംപര്യാപ്തമാണ്?

ജീവനക്കാരിൽ 40 പേർ ക്യാന്റീൻ ഉപയോഗിക്കുന്നുണ്ട്. ക്യാന്റീനിൽ ഉപയോഗിക്കുന്നതു മുഴുവൻ ക്യാമ്പസ് ഉത്പന്നങ്ങളാണ്. പാലും മുട്ടയും പച്ചക്കറിയും മീനുമൊക്കെ ജീവനക്കാർക്കും കൊടുക്കും. ബാക്കിവരുന്നതു വില്ക്കും.

കൃഷി ഏതുരീതിയിലാണ്?


പൂർണ്ണമായും ജൈവകൃഷിയാണ്. പച്ചക്കറി വളർത്താൻ പോളിഹൗസ് ഉണ്ട്. ഫംഗസ് ബാധ ഒഴിവാകും. കാരറ്റിന് അൾട്രാവയലറ്റ് പാടില്ല. അതു തടയാൻ പോളിമർ ഫിൽറ്ററുണ്ട്. കീടനാശിനി ഇല്ല. ജൈവനിയന്ത്രണമാണ്. ഇര-ഇരപിടിയർ ബാലൻസ് ഇപ്പോൾ കൃത്യമാണ്. പത്തുശതമാനമൊക്കെയേ കീടം കയറി പോകാറുള്ളൂ.

ധാരാളം മയിലുകളെ കണ്ടല്ലോ. ഇടയ്ക്കിടെ കൂവലും കേൾക്കാം. വളർത്തുന്നതാണോ?

അല്ല. ക്യാമ്പസിൽ ധാരാളം പാമ്പുണ്ട്. അതാണല്ലോ ഇഷ്ടഭക്ഷണം. അതുകൊണ്ടു പാർപ്പുറപ്പിച്ചവരാ.

പരിസ്ഥിതിയ്ക്കിണങ്ങുന്ന കെട്ടിടങ്ങളാണ് എല്ലാം. നല്ല വായൂസഞ്ചാരമാണ്. ഫാനുകൾ പിടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിപ്പിക്കേണ്ടിവരുന്നില്ല. ധാരാളം വെളിച്ചം കടന്നുവരുന്നതിനാൽ പകൽ ലൈറ്റ് ഇടേണ്ടിവരാറില്ല. എൽ..ഡി. ലൈറ്റുകളാണ് എല്ലാം. അവതന്നെ വെളിച്ചം കുറയുന്നതിനനുസരിച്ചു തെളിഞ്ഞുവരുന്ന, സെൻസിറ്റിവിറ്റി വഴി നിയന്ത്രിക്കുന്ന, തരമാണ്. വൈദ്യുതിക്കു പകരം സൗരോർജ്ജം ആക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

മുള കാര്യമായി ഉപയോഗിച്ചുള്ളതാണു നിർമ്മാണം. നാല്പതുകൊല്ലമാണ് അതിന്റെ ആയുസ്സ്; സ്റ്റീലിനോളം. സ്റ്റീൽ കൈവരികൾ പക്ഷിക്കാട്ടം വീണുംമറ്റും ദ്രവിച്ചിട്ടും മുള കുഴപ്പമില്ലാതെ നില്ക്കുന്നു!

ഭിന്നശേഷീസൗഹൃദമാണു നിർമ്മാണം. ഒരറ്റത്തെ ക്വാർട്ടേഴ്സിൽനിന്നു മറ്റേയറ്റത്തെ കുളത്തിൽവരെ വീൽ ചെയറിൽ പോകാം. ഒരുനിലപ്പൊക്കത്തിലാണു റാമ്പ്. ........ ൽനിന്നു ലിഫ്റ്റ് കയറാതെ പ്രധാനഗേറ്റുവരെ വഴിയുണ്ട്.

മൂന്നുഭാഗമായി അഞ്ചു ബ്ലോക്കുകളാണ് ആകെ കെട്ടിടങ്ങൾ. പ്രധാനകെട്ടിടത്തിന് അഞ്ചു നിലയുണ്ട്. അതിൽ ലിഫ്റ്റുണ്ട്. പ്രധാനകെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിലായി 250 പേർക്കു ജോലിചെയ്യാം. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ധാരാളം പുസ്തകമുള്ള നല്ലൊരു ലൈബ്രറിയുമുണ്ട്. അവിടത്തെ വായനക്കാർ കൂടുതലും താണതലത്തിലുള്ള ജോലികൾ ചെയ്യുന്നവരാണെന്നു സി.വി.ആർ പറഞ്ഞു.

മറ്റൊരുഭാഗത്ത് രണ്ടു ദമ്പതിമാർക്കുവീതം താമസിക്കാവുന്ന നാലു ഗസ്റ്റ് ഹൗസുണ്ട്. കെയർ ടേക്കർക്കുള്ള പാർപ്പിടവും അവിടെയാണ്. സിവിആർ ചിലപ്പോഴൊക്കെ അവിടയാണു തങ്ങിയിരുന്നത്. ഇപ്പോൾ ആരോഗ്യം വീണ്ടുമൊന്നു പിണങ്ങിയപ്പോൾ അവിടെയായി സ്ഥിരതാമസം.

ഈ രണ്ടു ഭാഗങ്ങൾക്കും നടുവിലാണു ഭക്ഷണശാല. വിശാലമായ അടുക്കള. രണ്ടു നിലകളിലായി രണ്ടു ഭക്ഷണശാലകളിൽ 250 പേർക്കു ഭക്ഷണം കഴിക്കാം.

ക്യാന്റീനും പൂർണ്ണമായും ജൈവമാണോ?

അതെ. വറുത്ത ഭക്ഷണം കഴിവതും ഒഴിവാക്കും. ആഴ്ചയിൽ ഒരുദിവസം വടയോ വാഴയ്ക്കാപ്പമോ ഉണ്ടാകും. അവൽ, തെരളി, അവലോസുപൊടി, കൊഴുക്കട്ട, അട തുടങ്ങിയവയൊക്കെയാണു സാധാരണ. കൃസ്ത്യൻവിഭവമായഇൻറിയപ്പവും ഉണ്ടാക്കും. നാടൻ കോഴിയിറച്ചിയൊക്കെയുണ്ട് മെനുവിൽ. ആഴ്ചയിൽ മൂന്നുദിവസം മീനുണ്ട്. ഒരുദിവസം വറുത്തതാണ്. വെള്ളിയാഴ്ചകളിൽ പരിപ്പും പപ്പടവും പായസവും ഒരുക്കും. തീയൽ പോലുള്ള വിഭവങ്ങളൊക്കെ ഉണ്ടാകാറുണ്ട്. വെണ്ടയ്ക്കാത്തോരൻ ബഹുവിശേഷമാണ്. സായിപ്പന്മാർക്കൊക്കെ വലിയ ഇഷ്ടം. ധാരാളം കൂട്ടുകാർ വരും. ജർമ്മനിയിൽ നിന്നുംമറ്റുമുള്ള ടെൿ ഡെവലപ്പർമാരും വരും. കേരളീയഭക്ഷണത്തെപ്പറ്റി വലിയ മതിപ്പാണ് അവർക്കെല്ലാം.

മാസത്തിൽ ഒരുദിവസം സദ്യയുണ്ട്. 90-95 പേർ കഴിക്കും. ഭക്ഷണമെല്ലാം 65 ശതമാനം സബ്സിഡി കുറച്ചാണു നല്കുന്നത്. ആവശ്യക്കാർക്കു സ്വന്തം കമ്പ്യൂട്ടറിൽനിന്ന് ഓർഡർ നല്കാം. മാസാവസാനം ബില്ലും കമ്പ്യൂട്ടറിൽ വരും.


ക്യാന്റീൻ നടത്തിപ്പ്?

തൊഴിൽക്കരാറാണ്. പാത്രവും ഇന്ധനവും മറ്റു സൗകര്യവുമെല്ലാം നമ്മൾ നല്ക്കും. സ്ത്രീകളുടെ തൊഴിൽപ്രസ്ഥാനമായ സേവയ്ക്കാണു കരാർ. ഏഴു ജീവനക്കാരുണ്ട്. അവർക്കും പ്രൊവിഡന്റ് ഫണ്ടൊക്കെ നല്കും. ശമ്പളത്തിനു പുറമെ വിലയുടെ പത്തു ശതമാനം അവർക്കു നല്കും. അവധിദിവസവും ശമ്പളം നല്കും. ബന്ദുദിവസം വരണ്ടാ. അവരെല്ലാം ഹാപ്പിയാണ്. മൂന്നുകൊല്ലം കൂടുമ്പോൾ അവർക്കു സേവയുടെ മറ്റു കരാർസ്ഥലങ്ങളിലേക്കു സ്ഥലംമാറ്റം ഉണ്ടെങ്കിലും അവർക്ക് ഇവിടമാണിഷ്ടം.

റിവർ വാലിയിലെ ജീവനക്കാരോടും ഇതുതന്നെയാകും സമീപനം, അല്ലേ?

അതെ. പിരിഞ്ഞുപോകാൻ തോന്നാത്ത ശമ്പളമാണു നല്കുന്നത്. അതുകൊണ്ട് ആരും അധികജോലി ഏറ്റെടുക്കാറില്ല. അല്ലാതെതന്നെ എല്ലാവർക്കും കുട്ടികളെ നല്ല വിദ്യാലയത്തിൽ പഠിപ്പിക്കാനും വണ്ടി, വീട് ഒക്കെ പരിപാലിക്കാനും കഴിയും. ഗാർഡനർക്ക് 14,000 രൂപയാണ്. കുറഞ്ഞശമ്പളം 24,000 രൂപയുണ്ട്.

ഓരോദിവസത്തെയും ജോലി കണക്കാക്കി അവധിദിവസം ജോലി ചെയ്യണോ എന്നത് വോട്ടിനിടും. ഭൂരിപക്ഷവും അനുകൂലിച്ചാൽമാത്രം ചെയ്യും. അതിന് ഇരട്ടി വേതനവും ഒരു ദിവസത്തെ പകരം അവധിയും നല്കും. ചുരുക്കത്തിൽ ഒരു അവധിദിനജോലിക്കു മൂന്നുദിവസത്തെ ശമ്പളം. ബന്ദിനു പകരം മറ്റൊരു അവധിദിനം പ്രവൃത്തിദിനമാക്കും. അവധിദിനപ്രവൃത്തികൾ തൊഴിൽ വകുപ്പിനെ അറിയിക്കും. ഒരു തൊഴിൽനിയമവും ലംഘിക്കില്ല. പണി തീർന്നാൽ ആഴ്ചക്കണക്കിൽ നേരത്തേ പോകാം. ചിലർ നാലുമണിക്കൂറിൽത്താഴെയേ ചെയ്യാറുള്ളൂ. ജോലി നിരീക്ഷിക്കാൻ സംവിധാനമുണ്ട്. പക്ഷെ, ബിഗ് ബ്രദർ ആകരുതെന്നുണ്ട്. അതിനാൽ അത് അത്രയ്ക്കു നോക്കാറില്ല.

വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതി പണ്ടേ ഉണ്ട്. മിക്കവർക്കും ലാപ്ടോപ് ഉണ്ട്. കോവിഡ് 19 അടച്ചിടൽക്കാലത്ത് ഇതാണു തുണയായത്. ലാപ്ടോപ് ഇല്ലാത്തവർക്കുകൂടി അതു നല്കാനും അത് അവസരമായി.

നാലുലക്ഷം രൂപയുടെ മെഡിക്കൽ ഫണ്ടുണ്ട്. ജീവനക്കാർക്ക് അവകാശബോധം തോന്നാൻവേണ്ടിമാത്രം ബോണസിലെ ഒരു സംഭാവന ഇതിൽ ഇടുവിക്കും. ജീവകാരുണ്യം പോലുള്ള ഫ്യൂഡൽ മാടമ്പിത്തമാണെന്ന് ആർക്കും തോന്നേണ്ടല്ലോ. ബാക്കി കമ്പനി ഇടുന്നതാണ്. ഇതിൽനിന്ന് അടിയന്തരസഹായം നല്കും. .എസ്.. കിട്ടുമ്പോൾ തിരിച്ചടച്ചാൽ മതി. അതിനായി കാത്തു വിഷമിക്കേണ്ട എന്നതാണു മെച്ചം. എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസും ഉണ്ട്.

ഇപ്പോൾ എത്രപേർ ജോലിചെയ്യുന്നുണ്ട്?

ഒടുവിൽ 134 പേർ ഉണ്ടായിരുന്നു.  ഇതിൽ 85 ശതമാനം സ്ത്രീകളാണ്. 50 – 50 അനുപാതത്തിൽ തുടങ്ങിയതാണ്. സ്ഥാപനത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്.

റിവർ വാലിക്കു വേറെയും കേന്ദ്രങ്ങൾ ഇല്ലേ?

ഉണ്ട്. നാലു കേന്ദ്രങ്ങൾ. ചെറിയ സംവിധാനങ്ങളാണ്. തൃശ്ശിനാപ്പള്ളിയിൽമാത്രം 30 പേർ. കൊച്ചിയിൽ അഞ്ചുപേരും കോഴിക്കോട്ടു്  18 പേരും കണ്ണൂരിൽ നാലു പേരും. ഒരു കരുതൽ സംവിധാനംകൂടിയാണത്. പ്രളയമോ ഭൂമികുലുക്കമോ പോലെ എന്തെങ്കിലും ഉണ്ടായാലും കണക്റ്റിവിറ്റി പോയാലും മറ്റു കേന്ദ്രങ്ങളിൽനിന്നു പ്രവർത്തിപ്പിക്കാനാകും. രാജ്യാന്തരനിലവാരമുള്ള സ്ഥാപനങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെ പല കേന്ദ്രങ്ങൾ ഒരുക്കാറുണ്ട്. സെർവ്വറുകളൊക്കെ അങ്ങനെയാണല്ലോ. മിറർ സെർവ്വറുകൾ വേറെ ഭൂഭാഗങ്ങളിൽ വയ്ക്കും. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെയൊക്കെ ഗുണം അതാണ്. ഞങ്ങളുടെ ഡേറ്റ എല്ലാം ക്ലൗഡിലാണ്. ഇവിടെ സാധാരണ കമ്പ്യൂട്ടറുകൾതന്നെ ഇല്ല.

അതെ. അതു ഞാൻ ശ്രദ്ധിച്ചു. ചോദിക്കണമെന്നു കരുതിയതുമാണ്. എന്താണാ സംവിധാനം?

ഡെസ്ക്ടോപ്പിനു പകരം 3500 രൂപ മാത്രം വിലയുള്ള റാസ്പ്ബെറി (Raspberry) ആണ് എല്ലാ ടേബിളിലും. 750 വാട്ട്സ് വൈദ്യുതിയുടെ സ്ഥാനത്ത് അഞ്ചുവാട്ട്സ് മതി. അതിലെ ബാറ്ററിയിൽ 23 മണിക്കൂർ പ്രവർത്തിപ്പിക്കാം. ഒരു കീബോർഡും എൽസിഡി മോനിറ്ററും മാത്രം മതി. ആവശ്യമെങ്കിൽ പ്രിന്ററും ബന്ധിപ്പിക്കാം. സേവ് ചെയ്യുന്നതെല്ലാം ക്ലൗഡ് സെർവ്വറിൽ ആയതിനാൽ പാസ്വേഡുള്ള ആർക്കും എവിടെയിരുന്നും എപ്പോഴും അത് എടുത്ത് ഉപയോഗിക്കാൻ കഴിയും. മൂലധനച്ചെലവു നന്നേ കുറച്ചുമതി.

സ്വാതന്ത്ര്യത്തിന്റെ കമ്മ്യൂൺ

മറ്റൊരു പ്രധാനകാര്യംഒരുപക്ഷെ, ഏറ്റവും കൗതുകകരവും -  ചോദിക്കാനുള്ളത് താങ്കളുടെ കമ്മ്യൂൺ പരീക്ഷണത്തെപ്പറ്റിയാണ്.

(സി.വി.ആർ. ആർത്താർത്തു ചിരിച്ചു. ശരീരത്തിലെ ആവേശം മുഴുവൻ മുഖത്തേക്ക്. പൊടുന്നനെ അദ്ദേഹം കൂടുതൽ വാചാലനായി.)

എന്തായിരുന്നു പ്രചോദനം?


കൂട്ടുകുടുംബം ആയിരുന്ന എന്റെ കുടുംബംതന്നെയാണു പ്രേരണ. കൂട്ടുകുടുംബത്തിനു കോട്ടങ്ങൾപോലെതന്നെ ചില നേട്ടങ്ങളുമുണ്ട്. ഒരു കുട്ടിക്കു സുഖമില്ലാതായാൽ അച്ഛനമ്മമാർ ബേജാറാകേണ്ട കാര്യമില്ല. ഇന്നോ? അതുപോലെതന്നെ പ്രായമായവരുടെ കാര്യവും. എന്റെ അച്ഛനമ്മമാരെ ഞാൻ നിർബ്ബന്ധിച്ചു കൊണ്ടുവരേണ്ടിവന്നു, സംരക്ഷിക്കാൻ. താത്പര്യമില്ലാത്തത് സമപ്രായക്കാർ ഇല്ലാത്തതുകൊണ്ട്. മുത്തശ്ശന്മാരും മുത്തശ്ശിമാരുരും കുട്ടികളുമായുമുള്ള ബന്ധവുമില്ല. പരസ്പരമുള്ള കരുതലില്ലായ്മ. അതോടൊപ്പം സാംസ്കാരികപാരമ്പര്യവും നഷ്ടമാകുന്നു. ആർദ്രത, സഹാനുഭൂതി ഒക്കെ അങ്ങനെ പകർന്നുകിട്ടേണ്ടവയാണ്. പഞ്ചതന്ത്രം കഥയൊക്കെ എത്ര തലമുറ പറഞ്ഞതാണ്. അവ നഷ്ടമായപ്പോൾ കുട്ടികൾ വിനോദത്തിനു യന്ത്രങ്ങളിലേക്കു തിരിയുന്നു. അവർക്കു വിവേചനമില്ല.

അതുപോലെയാണു വാർദ്ധക്യത്തിൽ എത്തിയവരുടെ കാര്യവും. അവരുടെ ആവശ്യം അനായാസേനയുള്ള മരണമാണ്. അതിൽ എത്രമാത്രം സഹായിക്കാനാകും? അവരവരുടെ വാർദ്ധക്യം അവരവർ ആസൂത്രണം ചെയ്തു കൃത്യതയോടെ നടാപ്പാക്കുക എന്നതു സാദ്ധ്യമാകണം. നല്ല വിദ്യാഭ്യാസം കിട്ടിയാൽ കിട്ടുന്ന ജോലികൾ നഗരങ്ങളിൽ ആകയാൽ കുട്ടികൾക്കും അച്ഛനമ്മമാർക്കും ഒപ്പം ജീവിക്കാൻ സാദ്ധ്യത കുറയും. നല്ല വിദ്യാഭ്യാസം കിട്ടാത്തവർക്കാകട്ടെ, അതിനുള്ള ശേഷി ഉണ്ടാകുകയുമില്ല. ചിലപ്പോൾ മനസും. ചിലർ അക്രമികളായൊക്കെ മാറാം. അങ്ങനെയൊക്കെയാണല്ലോ കാണുന്നത്.

ഓർമ്മയും ബുദ്ധിയും ക്ഷയിക്കുന്നതും ചലനശേഷി കുറയുന്നതുമാണ് വാർദ്ധക്യത്തിലെ പ്രശ്നങ്ങൾ. രണ്ടിനും ഇന്നു ശാസ്ത്രീയപരിഹാരങ്ങളുണ്ട്. പക്ഷേ, അവ വ്യക്തിപരമയി നേടാൻ പറ്റില്ല. ഉദാഹരണത്തിനു കക്കൂസിൽ പോകാനുള്ള ബുദ്ധിമുട്ട്. പരിഹാരം ഉണ്ട്. പക്ഷേ, ഒരാൾക്കായി ആ ചെലവു താങ്ങാനാവില്ല. ഒരു സമൂഹമായി വാങ്ങിയാൽ എല്ലാവർക്കും ഉപയോഗിക്കാം. ‘ഗുസാരിസ്’ (Guzaarish) എന്ന സിനിമയിൽ ഈ ഉപകരണങ്ങളുണ്ട്. എട്ടുപത്തുലക്ഷം രൂപയുണ്ട് ഒരു ഉപകരണത്തിന്. അതൊരുപ്ലഷറാണ്.

അതുപോലെ, പൊതു അടുക്കള, ജലസംഭരണി, ഇന്റർനെറ്റ് കഫേ, കളിസ്ഥലം, വയോജനങ്ങൾക്കു ശമ്പളത്തിൽ നഴ്സുമാർ തുടങ്ങി എല്ലാ പൊതുസൗകര്യവുമുള്ള, പരിസ്ഥിതിസൗഹൃദമായ, അത്തരം അവബോധങ്ങളുള്ള ഒരു കൂട്ടുജീവിതമാണ് ഞാൻ വിഭാവനം ചെയ്തത്.

പക്ഷെ, കൂട്ടുകുടുംബം പലനിലയ്ക്കും ആരോഗ്യകരം ആയിരുന്നില്ലെന്നാണല്ലോ ചരിത്രവിശകലനങ്ങളും എം.റ്റി.യെപ്പോലുള്ളവരുടെ രചനകളും വ്യക്തമാക്കിയിട്ടുള്ളത്?

അതെ. അത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ ഒഴിവാക്കിയ, ആധുനികകാഴ്ചപ്പാടുകൾക്ക് അനുസൃതവും ജനാധിപത്യപൂർണ്ണവുമായ ഒരു പ്രാദേശിക സ്വാശ്രിതസമൂഹമായാണ് ഞാൻ അതിനെ വിഭാവനം ചെയ്തത്. ഓരോരുത്തർക്കും അവകാശങ്ങൾ ഉണ്ട്. അവ സംരക്ഷിക്കണം. താത്പര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രശ്നമുണ്ട്. അതു ചർച്ച ചെയ്യണം. കുട്ടികളുടെ കാര്യത്തിൽ തല്ല്, ശാസന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളുണ്ട്. കുട്ടികളുടെ പ്രണയത്തെ എങ്ങനെ സമീപിക്കണം. അവർ ലൈംഗികമായൊക്കെ ഇടപെടാം. അതൊക്കെ എങ്ങനെ സ്നേഹപൂർവ്വം, യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യാം. ജാതിക്കോമരങ്ങളുടെ സ്വാധീനത്തിൽനിന്നു സംവിധാനത്തെ എങ്ങനെ മുക്തമാക്കാം. ഇങ്ങനെ വിപുലമാണു മേഖലകൾ.

(സി.വി.ആറിന്റെ കമ്മ്യൂൺ സങ്കല്പം അദ്ദേഹത്തിന്റെ ബ്ലോഗിൽ അവതരിപ്പിച്ചിട്ടുണ്ട്. സുസ്ഥിരസമൂഹം (Sustainable Community) എന്നാണ് അതിനു നല്കിയിട്ടുള്ള പേര്. http://cvr.cc/?p=35 അതിന്മേൽ കാര്യമായ ചർച്ച നടന്നിട്ടുമുണ്ട്.)

പാരീസ് കമ്മ്യൂണാണോ പ്രചോദനം?

തീർച്ചയായും അതുണ്ട്. പക്ഷെ, അതിനു പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ. ഇസ്രായീലിലെ കിബ്ബുത്സ് (Kibbutz) പോലെ ഒന്നാണ് എന്റെ സങ്കല്പത്തിലെ കമ്മ്യൂൺ.

ആ വഴിക്കു ചില പരിശ്രമങ്ങളും നടത്തിയല്ലോ. എന്തൊക്കെ ആയിരുന്നു അത്?

ഇതിൽ താത്പര്യമുള്ള കുടുംബങ്ങളെ കണ്ടെത്തുക, കമ്മ്യൂൺ സ്ഥാപിക്കാൻ സ്ഥലം വാങ്ങുക, അവിടെ പൊതുസൗകര്യങ്ങൾ ഒരുക്കുക, പരിപാലനസംവിധാനം ഉണ്ടാക്കുക എന്നിങ്ങനെ പലതും വേണ്ടിയിരുന്നു. കിള്ളി എന്ന സ്ഥലത്ത് 14 ഏക്കർ സ്ഥലം കണ്ടെത്തി. കമ്പനിയിലുള്ളവർക്കു വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സാദ്ധ്യത പരിശോധിച്ചു. ഇഷ്ടമുള്ളപ്പോൾ ഓഫീസിൽ വരിക. സ്വസ്ഥമായി ഇരിക്കാൻ തോന്നുമ്പോൾ അതു കിട്ടണം. പഴയ കൃഷിപ്പണിപോലെ. കമ്പനിയിലായിരിക്കുമ്പോൾ ഉണ്ടാകുന്ന കുടുംബാസൗകര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ നോക്കൽ, അച്ഛനമ്മമാരെ കൊണ്ടുവരൽ, അവരുടെ കാര്യങ്ങൾ നോക്കൽ ഒക്കെ മനഃക്ലേശമില്ലാതെ നടക്കണം. വേർപിരിയൽ പരമാവധി കുറയ്ക്കാൻ വിവാഹപൂർവ്വ - കുടുംബ കൗൺസെലിങ് ഒക്കെ ആലോചിച്ചു.

പക്ഷെ, വസ്തുവിന്റെ ഉടമകൾ തമ്മിലുള്ള ആശയക്കുഴപ്പങ്ങളും ബ്രിട്ടിഷ് പങ്കാളിയുടെ കുത്തിത്തിരിപ്പും ഒക്കെ കാരണം അന്നതു നടന്നില്ല. പിന്നീട് സ്വന്തം സഹോദരങ്ങളെയും കുടുംബങ്ങളെയും ചേർത്തു ലഘുമാതൃകയും ആലോചിച്ചു. എങ്കിലും നമ്മുടെ പാരമ്പര്യത്തിലെഫ്യൂഡലും ട്രൈബലുമായസ്വഭാവവിശേഷങ്ങൾ തുടക്കത്തിലേ അതും തല്ലിക്കെടുത്തി. എന്നാലും ആ സ്വപ്നം ആർക്കെങ്കിലും പ്രചോദനമാകുന്നെങ്കിൽ, ആരെങ്കിലും നടപ്പാക്കാൻ മുതിരുന്നെങ്കിൽ, ആകട്ടെ എന്നു കരുതിയാണ് അത് ബ്ലോഗിൽ വിശദമായിത്തന്നെ ഇട്ടത്.

സി.വി.ആർ. തന്റെ www.cvr.cc എന്ന ബ്ലോഗിൽ http://cvr.cc/?p=60 എന്ന താളിൽ എന്റെ സ്വപ്നങ്ങൾ (My Dreams) എന്ന ശീർഷകത്തിൽ രണ്ടു സ്വപ്നങ്ങളിൽ ഒന്നാമത്തേതായി പറയുന്നത് കമ്മ്യൂൺ സ്ഥാപനമാണ്. 1973 മുതൽ ഇദ്ദേഹം ഇതിനായി സംസാരിക്കുന്നു. യുട്ടോപ്യൻ എന്ന് ഒരുവേള തോന്നിയ ഈ സ്വപ്നത്തിന്റെ കാര്യത്തിൽ സി.വി.ആർ.  ഇപ്പോൾ വീണ്ടും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ, ആധുനികമാനവികമൂല്യങ്ങളുടെ, വക്താവും പ്രയോക്താവുമായ സി.വി.ആർ. തന്റെ ആശയങ്ങൾ കഴിയുന്നത്ര സ്വന്തം ജീവിതത്തിലും സമൂഹത്തിലും നടപ്പാക്കുകയും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയും ചെയ്യുന്ന അപൂർവ്വമാതൃകയാണ്. സി.വി.ആറിന്റെ പ്രവൃത്തികളും മാതൃകകളാണ്. നല്ലൊരു നാളേയ്ക്കുള്ള സ്വാതന്ത്ര്യത്തിന്റെ മാതൃകകൾ. ശാരീരികമായ പരിമിതിയാൽ മുച്ചക്രക്കസേരയിൽ തളയ്ക്കപ്പെട്ട ശരീരത്തിൽ ആ വിശ്വമനസ് ചക്രവാളങ്ങളില്ലാത്ത സ്വാതന്ത്ര്യസ്വപ്നങ്ങൾ കാണുന്നു; അവയുടെ സാക്ഷാത്ക്ക്കാരത്തിന്റെ സാദ്ധ്യതകൾ തേടുന്നു. ആ വഴിയിൽ നമ്മളാലാവുന്നതു ചെയ്യുക എന്നതാണ് ഈ മനുഷ്യസ്നേഹിക്കുള്ള സമർപ്പണം.


 

[ആറു സവിശേഷവ്യക്തികളുമായി മനോജ് കെ. പുതിയവിള നടത്തിയ ദീർഘാഭിമുഖങ്ങളുടെ സമാഹാരമായ ‘വെളിച്ചത്തിലേക്കു നടത്തുന്നവർ’ എന്ന പുസ്തകത്തിനിന്ന്. പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും.]