Pages

Tuesday, 11 May 2021

ഭരണത്തുടർച്ച പറയുന്നത് മാറുന്ന രാഷ്ട്രീയബോധം



ഭരണത്തുടർച്ച പറയുന്നത് മാറുന്ന രാഷ്ട്രീയബോധം

മനോജ് കെ. പുതിയവിള

 [‘സമകാലികമലയാളം‘ വാരികയുടെ 2021 മേയ് 10 ലക്കം (മേയ് 7-നു പുറത്തിറങ്ങിയത്) പ്രസിദ്ധീകരിച്ചത്.]

കേരളത്തിൽ തുടർഭരണം സംഭവിച്ചത് കേവലം യാദൃശ്ചികമല്ല. അതു കേരളസമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപരിവർത്തനത്തിന്റെ ഫലമാണ്. അതിനു ചരിത്രകാരണങ്ങളുമുണ്ട്. അതിന്റെതന്നെ ഭാഗമായ മികച്ച ഭരണം ഭരണത്തുടർച്ചയ്ക്കു വെട്ടിത്തിളക്കമേകി.

 

യർന്ന ഭൂരിപക്ഷത്തോടെയുള്ള എൽഡിഎഫിന്റെ ഭരണത്തുടർച്ചയ്ക്കു കാരണമായി പിണറായിവിജയൻ നേതൃത്വം നല്കിയ എൽഡിഎഫ് സർക്കാരിന്റെ ഭരണമികവ്, വികസനക്ഷേമപ്രവർത്തനങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിലെ കരുതൽ, സിഎ‌എയുടെ സന്ദർഭത്തിലടക്കം സ്വീകരിച്ച ഉറച്ച മതനിരപേക്ഷനിലപാട്, ആശങ്കാജനകമാംവിധം രാജ്യത്തു വളർന്നുവരുന്ന വർഗ്ഗീയത, കേരള കോൺഗ്രസ് എമ്മിന്റെ കൂട്ടിച്ചേർക്കൽ, പ്രതിപക്ഷത്തിന്റെ പരാജയം, കേന്ദ്ര അന്വേഷണയേജൻസികളും മാദ്ധ്യമങ്ങളും പ്രതിപക്ഷങ്ങളും ചേർന്നു സർക്കാരിനെ വേട്ടയടുന്നു എന്ന ചിന്ത എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ സമൂഹം ചർച്ച ചെയ്യുന്നുണ്ട്. ഈ ഘടകങ്ങൾക്കെല്ലാമൊപ്പം കേരളസമൂഹത്തിൽ മുക്കാൽ നൂറ്റാണ്ടിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപരിവർത്തനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ.

പിറവികൊള്ളുമ്പോൾ ഐക്യകേരളത്തിന്റെ മനസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനാധിപത്യരീതിയിൽ അധികാരത്തിലേറ്റാൻ പറ്റിയ രാഷ്ട്രീയബോധം ആർജ്ജിച്ചിരുന്നു എന്നത് ലോകത്തിനുതന്നെ അത്ഭുതമായിരുന്നു. കമ്മ്യൂണിസ്റ്റുഭരണം തെരഞ്ഞെടുത്തതിലൂടെ പിറന്നയുടൻ ലോകം അറിഞ്ഞ സംസ്ഥാനം! പിന്നീടു പലപ്പോഴും ലോകം ചർച്ച ചെയ്ത കേരളം എന്ന പേര് ലോകം ആദ്യം അറിയുന്നത് അന്നാണ്.

കേരളം അന്ന് അങ്ങനെ ചിന്തിച്ചതിനു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. തിരുക്കൊച്ചിയും ബ്രിട്ടിഷ് മലബാറും ആയി നിന്ന ഭൂഭാഗത്തെ ഐക്യകേരളം എന്ന ഒറ്റ സംസ്ഥാനമാക്കി ഏകീകരിക്കാൻ ശക്തമായ പ്രചാരണബോധവത്ക്കരണപ്രവർത്തനവും പ്രക്ഷോഭവും സംഘടിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപംകൊണ്ട വിഭാഗം കോൺഗ്രസിലെ സോഷ്യലിസ്റ്റുപക്ഷമായി ഉരുത്തിരിയുന്നതുതന്നെ വികസനം, ഭൂവുടമസ്ഥത, കാർഷികബന്ധം, തൊഴിലാളിചൂഷണം, ഭരണസമ്പ്രദായം, അധികാരവികേന്ദ്രീകരണം തുടങ്ങിയ ഒട്ടെല്ലാ കാര്യങ്ങളിലും കോൺഗ്രസിൽനിന്നു വ്യത്യസ്തമായ കാഴ്ചപ്പാട് വികസിപ്പിച്ചുകൊണ്ട് ആയിരുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം നിരന്തരപഠനങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും നടത്തിയാണ് ആ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത്. അതിന്റെയെല്ലാം ഭാഗമായിരുന്നു മലബാറിൽ ജന്മി-നാടുവാഴിത്ത-വിദേശക്കോയ്മകൾക്കെതിരെയും തിരുവിതാംകൂറിൽ രാജഭരണത്തിനും വിഘടനവാദത്തിനും എതിരെയും നടന്ന ഐതിഹാസികസമരങ്ങളും തൊഴിലാളിപ്രക്ഷോഭങ്ങളും.

ഇതൊക്കെക്കൊണ്ടു കേരളത്തെ കൈയ്യേല്പിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റുപാർട്ടി 1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യമന്ത്രിസഭയ്ക്കു രൂപം കൊടുത്തപ്പോൾ മുൻഗണന നല്കിയത് രാഷ്ട്രീയത്തിന് അതീതമായി മികവുറ്റ സ്വതന്ത്രരെക്കൂടി ഉൾപ്പെടുത്താനാണ്. സുപ്രീം‌കോടതി ചീഫ് ജസ്റ്റീസ് വരെയായി ഉയർന്ന വി.ആർ. കൃഷ്ണയ്യരെപ്പോലുള്ളവരെ നിയമം പോലുള്ള വകുപ്പുകൾ നല്കി മന്ത്രിയാക്കുമ്പോൾ പാർട്ടിക്കു മനസിലുണ്ടായിരുന്നത് കാർഷികബന്ധ-ഭൂപരിഷ്ക്കരണ-വിദ്യാഭ്യാസ-അധികാരവികേന്ദ്രീകരണമേഖലകളിലൊക്ക നടത്താനുദ്ദേശിച്ച നിയമനിർമ്മാണങ്ങൾ ആയിരുന്നു. ഇതു വ്യക്തമാക്കുന്നത്, കേരളത്തെ എങ്ങനെ രൂപപ്പെടുത്തണം എന്നതിൽ സുവ്യക്തമായ കാഴ്ചപ്പാട് അന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു എന്നതാണ്. ഈ ലക്ഷ്യങ്ങൾ ഫലപ്രദമായി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കുടിയൊഴിപ്പിക്കൽ നിരോധനനിയമം ആദ്യമേതന്നെ പാസാക്കി. തുടർന്ന് 1959 ജൂൺ 10-നു കാർഷികബന്ധനിയമവും പാസാക്കി. 


കേരളത്തെ ചതിച്ച വിമോചനസമരം

ചിരസ്ഥായിയായ വലിയ മാറ്റങ്ങളിലൂടെ ആധുനികകേരളത്തെ പുതുക്കിപ്പണിയാൻ ഉദ്ദേശിച്ച് ഒന്നാം ഇ.എം.എസ്. മന്ത്രിസഭ തുടങ്ങിവച്ച ഭൂപരിഷ്കരണം, കുടികിടപ്പവകാശം, വിദ്യാഭ്യാസപരിഷ്ക്കാരം, പഞ്ചായത്ത് രാജ് തുടങ്ങിയ പ്രവർത്തനങ്ങൾക്കു ദൗർഭാഗ്യവശാൽ തുടർച്ചയുണ്ടായില്ല.

കേരളരാഷ്ട്രീയത്തിലെ എക്കാലത്തെയും അശ്ലീലം എന്നു വിശേഷിക്കപ്പെടുന്ന വിമോചനസമരത്താൽ ആ ഭരണത്തിന് അകാലാന്ത്യം ഉണ്ടായതാണ് കേരളത്തിന്റെ പില്ക്കാലസാദ്ധ്യതകളെ ഗുരുതരമായി ബാധിച്ചത്.

കമ്മ്യൂണിസ്റ്റുഭരണം അട്ടിമറിക്കപ്പെട്ടു എന്നതു മാത്രമല്ല വിമോചനസമരത്തിലൂടെ ഉണ്ടായത്. കമ്മ്യൂണിസ്റ്റുകാർ ദൈവനിഷേധികളും മതവിരുദ്ധരുമാണെന്നും അവർ ‘സെൽ ഭരണം’ എന്ന പാർട്ടിഭരണമാണു നടത്തുന്നതെന്നും ഒക്കെയുള്ള പ്രചാരണത്തിലൂടെ അതിശക്തമായ കമ്മ്യൂണിസ്റ്റുവിരുദ്ധമനോഭാവം അതു കേരളസമൂഹത്തിൽ സൃഷ്ടിച്ചു.

മതജാതിസംഘടനകളുടെ ഐക്യവും രാഷ്ട്രീയത്തിൽ അവയുടെ ഇടപെടലിനുള്ള അവസരവും അവിഹിതസ്വാധീനവും ഉണ്ടായി എന്നതാണ് വിമോചനസമരത്തിന്റെ മറ്റൊരു ദുരന്തഫലം. രാഷ്ട്രീയപ്രബുദ്ധമായി വികസിക്കേണ്ടിയിരുന്ന കേരളസമൂഹത്തെ ജാതിമതങ്ങളുടെ അടിസ്ഥാനത്തിൽ ശിഥിലീകരിച്ചു ധ്രുവീകരിക്കുന്നതിലേക്ക് അതു നയിച്ചു.

പരിധിക്കുമേൽ ഭൂമിയുള്ളവരിൽനിന്ന് അതു പിടിച്ചെടുത്ത് ഭൂമിയില്ലാത്ത ജനലക്ഷങ്ങൾക്കു നല്കാനും അവരെ കുടിപാർപ്പിക്കാനും കുടിയൊഴിപ്പിക്കൽ തടയാനും നിരന്തരചൂഷണത്തിന് ഇരയായിക്കൊണ്ടിരുന്ന ആയിരക്കണക്കിനു സ്വകാര്യസ്കൂളദ്ധ്യാപകർക്കു മെച്ചപ്പെട്ട ശമ്പളം ഉറപ്പാക്കാനുമൊക്കെ നടപടിയും നിയമവും കൊണ്ടുവരാൻ തയ്യാറായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ആ വിഭാഗങ്ങളിലെ നല്ലൊരുപങ്കിനെയടക്കം തിരിക്കാൻ കഴിഞ്ഞു എന്നതാണ് ഈ വർഗ്ഗീയവത്ക്കരണത്തിന്റെ എടുത്തുപറയേണ്ട ഒരു വിപത്ത്.

 

അനിശ്ചിതത്വത്തിന്റെ ദുരന്തം

ഇവയ്ക്കുപുറമെ, കേരളഭരണത്തെ നീണ്ടകാലത്തെ അസ്ഥിരതയിലേക്കു നയിച്ചു എന്നതാണ് വിമോചനസമരത്തിന്റെ മറ്റൊരു പ്രത്യാഘാതം. 1982-ലെ കരുണാകരൻ മന്ത്രിസഭയ്ക്കുമുമ്പു കാലാവധി തികച്ച ഏക മന്ത്രിസഭ അടിയന്തരാവസ്ഥയുടെകൂടി പശ്ചാത്തലത്തിൽ ആറുകൊല്ലം അഞ്ചുമാസം 21 ദിവസം നീണ്ട, കോൺഗ്രസ് പിന്തുണയോടെയുള്ള, അച്യുതമേനോൻ മന്ത്രിസഭ മാത്രമാണ്. ആ 25 കൊല്ലത്തിനിടെ 12 മന്ത്രിസഭകളും നാലു തവണ രാഷ്ട്രപതിഭരണവും ഏഴു നിയമസഭാതെരഞ്ഞെടുപ്പുകളും ആറു നിയമസഭകളും കേരളത്തിൽ ഉണ്ടായി!

നാലുകൊല്ലം രണ്ടുമാസം 22 ദിവസം ഭരിച്ച 1987-ലെ ഇ.കെ. നായനാർ മന്ത്രിസഭയ്ക്കുമുമ്പുള്ള മൂന്നു പതിറ്റാണ്ടിനിടെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം കേരളത്തിൽ ഉണ്ടായത് കേവലം ആറുകൊല്ലവും എട്ടു മാസവും മാത്രമാണ്! മൂന്നു മന്ത്രിസഭകൾ. ഇതിൽ 57-ലെ ഇഎം‌എസ് മന്ത്രിസഭ രണ്ടുകൊല്ലവും നാലുമാസവും 67-ലെ ഇഎം‌എസ് മന്ത്രിസഭ രണ്ടുകൊല്ലവും എട്ടുമാസവും 80-ലെ ഇ.കെ. നയനാര്‍ മന്ത്രിസഭ ഒരുകൊല്ലം 8 മാസവും തികച്ചു ഭരിച്ചില്ല. ഘടകക്ഷികൾതന്നെ സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി കുറുമുന്നണി ഉണ്ടാക്കി അട്ടിമറിച്ചതിനാൽ 67-ലെ മന്ത്രിസഭയ്ക്ക് 57-ൽ കമ്മ്യൂണിസ്റ്റുസർക്കാർ തുടങ്ങിവച്ച കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ വേണ്ട സമയവും സ്വസ്ഥതയും ലഭിച്ചില്ല. 80-ലും അതുതന്നെ ആവർത്തിച്ചു. ഇന്ദിരാഗാന്ധിയോടു പിണങ്ങി ഇടതുമുന്നണിയിൽ ചേർന്ന എ.കെ. ആന്റണി നേതൃത്വം നല്കിയ കോൺഗ്രസ് എസും കേരള കോൺഗ്രസ് എമ്മും പിന്തുണ പിൻവലിക്കുകയായിരുന്നു. എങ്കിലും 67-ലെ മന്ത്രിസഭ കുറവുകൾ തീർത്തു ഭൂപരിഷ്ക്കരണഭേദഗതിനിയമം പാസാക്കുന്നതടക്കം പലതും സാദ്ധ്യമാക്കി.

67-ലെ ഇ.എം.എസ്. സർക്കാർ പാസാക്കിയ ഭൂപരിഷ്ക്കരണനിയമം കോൺഗ്രസിന്റെ പിന്തുണയോടെ ഭരിച്ച അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണു നടപ്പാക്കിയതെങ്കിലും അതിന്റെ അന്തഃസത്ത ചോർന്നുപോയെന്നും ഗുണകരമായി നടപ്പാക്കാനായില്ലെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1964-ലെ പിളർപ്പിനെത്തുടർന്ന് വലതുകമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് അറിയപ്പെട്ട സി.പി.ഐ. കോൺഗ്രസ് പിന്തുണയോടെ ഭരിക്കവെ ഭൂപരിഷ്ക്കരണം നടപ്പാക്കിയതിനെ വിലയിരുത്തി ചരിത്രകാരൻ ഡോ: മൈക്കിൾ തരകൻ പറഞ്ഞിട്ടുള്ളത് ‘അത്രയെങ്കിലും നടപ്പായത് അച്യുതമേനോൻ അത് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധനായതുകൊണ്ടും എ.കെ. ഗോപാലൻ പുറത്തുനിന്നു സമരം ചെയ്തതുകൊണ്ടുമാണ്’ എന്നാണ്. ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാൻ കാരണം അതിന്റെ ഉപജ്ഞാതാക്കൾക്ക്‌ അതു നടപ്പാക്കാൻ അവസരമുണ്ടാകാത്തതാണെണെന്നും മൈക്കിൾ വ്യക്തമാക്കിയിട്ടുണ്ട്.

പിന്നീട് ഇടതുമന്ത്രിസഭ വന്നത് 1980-ലാണ്. ആ നായനാർമന്ത്രിസഭയും നിലനിന്നത് ഒരു കൊല്ലവും 9 മാസവും മാത്രം. ഇന്ദിരാഗാന്ധിയോടു കലഹിച്ചു പിളർന്ന എ.കെ. ആന്റണിയുടെ കോൺഗ്രസ് എസും കേരള കോൺഗ്രസ് എമ്മും പിന്തുണ പിൻവലിച്ചതിനാൽ രാജിവച്ച ആ മന്ത്രിസഭയ്ക്കും ഇടതുപക്ഷവികസനയജൻഡ അനുസരിച്ചു കാര്യമായൊന്നും ചെയ്യാൻ സാവകാശം ലഭിച്ചില്ല. 1957 മുതൽ 87 വരെയുള്ള 30 കൊല്ലത്തിൽ ഇടതുഭരണം ഉണ്ടായത് വെറും ആറുകൊല്ലവും എട്ടുമാസവുമാണ്! 


ഭരണമാറ്റത്തിന്റെ യുഗം

1987 മാർച്ച് 26-ൽ നിലവിൽവന്ന നായനാർമന്ത്രിസഭയാണ് ആദ്യമായി നാലുകൊല്ലവും രണ്ടരമാസവും നീണ്ട ഇടതുപക്ഷഭരണം. ആ മന്ത്രിസഭയാണ് സമ്പൂർണ്ണസാക്ഷരതായജ്ഞം സംഘടിപ്പിച്ചത്. 1959-ൽ ഇ.എം.എസ്. കൊണ്ടുവന്ന ജില്ലാക്കൗൺസിൽ ബില്ലിൽനിന്നു വ്യത്യാസങ്ങൾ ഉള്ളതാണെങ്കിലും അധികാരവികേന്ദ്രീകരണചരിത്രത്തിലെ സുവർണ്ണാദ്ധ്യായമായ ജില്ലാക്കൗൺസിൽ നിയമം കൊണ്ടുവന്നതും ജില്ലാക്കൗൺസിലുകൾ യാഥാർത്ഥ്യമാക്കിയതും ആ മന്ത്രിസഭയാണ്. കേരളത്തിലെ ഇലക്റ്റ്രോണിക്സ് മുന്നേറ്റത്തിന്റെ ഈറ്റില്ലമായ, ഇൻഡ്യയിലെതന്നെ ആദ്യത്തെ വ്യവസായപാർക്കായ, ടെക്നോപാർക്കിനു തുടക്കം കുറിക്കുന്നതും തറക്കല്ലിടുന്നതും ആ സർക്കാരാണ്.

അതുവരെ നിലനിന്ന രാഷ്ട്രീയാനിശ്ചിതത്വവും കമ്മ്യൂണിസ്റ്റുപാർട്ടിക്കു സുസ്ഥിരമായ ഭരണത്തിന് അവസരം ലഭിക്കാതിരുന്നതും ഭരണം നേടാനുള്ള ആലോചനകൾക്ക് ഏറെ സമയവും ചിന്തയും വിനിയോഗിക്കേണ്ടിവന്നതും ഒക്കെ കാരണം 57-ലെ തുടക്കങ്ങൾക്കു തുടർച്ചയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 87-ലെ ഭരണത്തിലാണ് അതിനു മാറ്റം ഉണ്ടാകുന്നത്.

അന്നുമുതലാണ് ഒന്നിടവിട്ട എൽ.ഡി.എഫ്. – യു.ഡി.എഫ്. ഭരണം എന്ന സാഹചര്യത്തിലേക്കു കേരളരാഷ്ട്രീയം മാറുന്നത് എന്ന് ഓർക്കണം. ഇടതുപക്ഷജനാധിപത്യമുന്നണി താരതമ്യേന സുസ്ഥിരഘടന ആർജ്ജിക്കുന്നതും. അന്നുമുതലാണ്.

“ഫ്യൂഡലിസത്തിൽനിന്നു മോചനം നേടിയ കേരളജനതയുടെ സർവ്വതോമുഖമായ പുരോഗതിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ കേരളത്തിലെ പാർട്ടിക്കു കഴിഞ്ഞില്ല” എന്നാണ് അതുവരെയുള്ള രാഷ്ട്രീയസാഹചര്യത്തെപ്പറ്റി ഇ.എം.എസ്. പറഞ്ഞത്. 1994-ൽ എഴുതിയ ‘38 വർഷത്തിനുശേഷം കേരളം എങ്ങോട്ട്’ എന്ന ലേഖനത്തിലെ “കേരളം രൂപം‌കൊള്ളുന്നതിനുമുമ്പ്, ഈ സംസ്ഥാനം ഏതുവഴിയിലൂടെ മുന്നേറണമെന്ന കാഴ്ചപ്പാടുള്ള ഒരേയൊരു രാഷ്ട്രീയപ്പാർട്ടിയേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ – അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി” എന്ന ഇ.എം.എസിന്റെ പ്രസ്താവം ഇവിടെ ചേർത്തുവയ്ക്കണം.

96-ലെ പത്താം നിയമസഭയിൽ ഭൂരിപക്ഷം കിട്ടും എന്ന സാദ്ധ്യത തെളിയുന്നതോടെയാണ് കേരളവികസനത്തെപ്പറ്റി സിപിഐ(എം) ഗവേഷണപഠനങ്ങൾ വിപുലമായി ആരംഭിക്കുന്നത്. അതിന്റെ തുടക്കമായിരുന്നു 1994-ലെ ഒന്നാം അന്താരാഷ്ട്രകേരളപഠനകോൺഗ്രസ്. വോട്ടുപങ്കാളിത്തത്തിൽ അടക്കമുള്ള വർദ്ധനയും സമൂഹത്തിൽ ഇടതുപക്ഷത്തോടുള്ള മനോഭാവത്തിൽ വന്ന മാറ്റവും അടക്കമുള്ള ഘടകങ്ങൾ എൽഡിഎഫിനു വീണ്ടും ഭരണത്തിൽ വരാനുള്ള അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ട് എന്ന വിലയിരുത്തലിലായിരുന്നു അത്. 96-ലെ നായനാർ മന്ത്രിസഭ നടപ്പാക്കിയ ജനകീയാസൂത്രണം 94-ലെ പഠനകോൺഗ്രസിന്റെ സൃഷ്ടിയായിരുന്നു. കേരളഭരണസംവിധാനത്തെയും അധികാരഘടനയെയും മാറ്റിമറിച്ച ആ പരിഷ്ക്കാരം ധനവിഭവത്തിന്റെയും ആസൂത്രണത്തിന്റെയും വികേന്ദ്രീകരണവും പങ്കാളിത്തപൂർണ്ണമായ പദ്ധതിയാവിഷ്ക്കരണവും നിർവ്വഹണവും തദ്ദേശഭരണസ്ഥാപനങ്ങളുടെ ശാക്തീകരണവും ഉദ്യോഗസ്ഥപുനർവിന്യാസവും പ്രാദേശികവിഭവസമാഹരണവും അടക്കം ഒട്ടേറെ അടിസ്ഥാനമാറ്റങ്ങൾ കൊണ്ടുവന്നു. പൊതുവിദ്യാഭ്യാസത്തിലെ സമഗ്രപാഠപദ്ധതിപരിഷ്ക്കരണവും പുതിയ വിദ്യാഭ്യാസമ്പ്രദായം നടപ്പാക്കലും ആ സർക്കാരിന്റെ സംഭാവനയാണ്.

2006-ലെ വി.എസ്. മന്ത്രിസഭയ്ക്കു മുന്നോടിയായും അന്താരാഷ്ട്രപഠനകോൺഗ്രസ് നടത്തി. അതിലെ നിർദ്ദേശങ്ങൾക്കൊപ്പം ജനകീയാസൂത്രണത്തെ വ്യവസ്ഥാപിതമാക്കുന്ന പ്രവർത്തനങ്ങളും ആ സർക്കാർ കൈക്കൊണ്ടു. അഴിമതി കുറയ്ക്കാനായി സർക്കാർവകുപ്പുകളുടെ പൗരാവകാശരേഖകൾ, സോഷ്യൽ ഓഡിറ്റുകൾ, അഴിമതിരഹിത ചെക് പോസ്റ്റുകൾ, രജിസ്റ്റ്രേഷനും മോട്ടോർവാഹനവകുപ്പും പോലുള്ള വകുപ്പുകളിലെ നവീകരണവും ഇ-ഭരണവും പോലെ ധാരാളം ചുവടുവയ്പുകൾ നടത്തി. ലേബർ ബാങ്കുകൾ വഴിയും കുടുംബശ്രീ വഴിയും തരിശുപാടങ്ങൾ ഏറ്റെടുത്തു നടത്തിയ കൃഷി അരനൂറ്റാണ്ടായി കുറഞ്ഞുവരികയായിരുന്ന നെല്ലുത്പാദനത്തിന്റെ ഗ്രാഫ് ആദ്യമായി മുകളിലേക്കുയർത്തി. പൊതുമേഖലാസ്ഥാപനങ്ങൾ ഒട്ടുമിക്കതും ലാഭത്തിലേക്കും പ്രൊഫഷണൽ നടത്തിപ്പിലേക്കും വികസനത്തിലേക്കും വന്നതും ഉത്തരവാദിത്വടൂറിസവും അടക്കം ഒട്ടേറെ മാതൃകകൾ സൃഷ്ടിക്കപ്പെട്ടു.

ആ സർക്കാരും 96-ലെ മന്ത്രിസഭ സൃഷ്ടിച്ചതുപോലെ തുടർഭരണപ്രതീക്ഷ ഉണർത്തിയെങ്കിലും 2011-ലെ തെരഞ്ഞെടുപ്പിൽ നാലു സീറ്റിന്റെ കുറവിൽ അതു യാഥാർത്ഥ്യമായില്ല. അന്ന് 67 സീറ്റാണ് എൽഡിഎഫിനു കിട്ടിയത്.

2016-ലെ പിണറായി വിജയൻ സർക്കാർ നിലവിൽവരുമ്മുമ്പും പഠനകോൺഗ്രസ് സംഘടിപ്പിച്ചു. അതിന്റെകൂടി അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രകടനപത്രികയാണ് ആ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ചത്. അതിലെ വാഗ്ദാനങ്ങളാണ് നവകേരളത്തിനുള്ള മിഷനുകളായും മറ്റു പ്രവർത്തനങ്ങളായും നടപ്പാക്കിയത്. ഭരണതലത്തിൽനിന്ന് അഴിമതി ഇല്ലാതാക്കാനും ഉദ്യോഗസ്ഥതലത്തിൽ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞതും ഭരണമികവിനു ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ ഒട്ടനവധി അംഗീകാരങ്ങളും നമ്പർ വൺ പട്ടവും നേടാനും കഴിഞ്ഞതും വനിതാവകുപ്പും സ്ത്രീശാക്തീകരണവും അന്യാദൃശവും അഭൂതപൂർവ്വവുമായ ക്ഷേമപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യവികസനവും സർക്കാരിലും അല്ലാതെയുമുള്ള തൊഴിലും നിയമനങ്ങളും ദുരന്തകാലങ്ങളിലെ ഏറെ ശ്ലാഖിക്കപ്പെട്ട പ്രവർത്തനങ്ങളുമൊക്കെ ഇപ്പോൾ അനുഭവിച്ചതേയുള്ളൂ എന്നതിനാൽ വിവരിക്കേണ്ട കാര്യമില്ല. അക്കാര്യങ്ങൾ ഉൾപ്പെടുത്തി വർഷം‌തോറും പ്രോഗ്രസ് റിപ്പോർട്ടു പുറത്തിറക്കി മറ്റൊരു മാതൃകയും സൃഷ്ടിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ പഠനകോൺഗ്രസ് സംഘടിപ്പിക്കാനായില്ലെങ്കിലും വിപുലമായ അഭിപ്രായസമാ‍ഹരണം നടത്തിയാണ് ഇത്തവണയും പ്രകടനപത്രിക തയ്യാറാക്കി തെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത്. 


ഭരണമികവിന്റെ ഇടതുപക്ഷം

ഈ രാഷ്ട്രീയമാറ്റത്തിനൊപ്പം ഭരണത്തുടർച്ചയിലേക്കു നയിച്ച വേറെയും സുപ്രധാനഘടകങ്ങളുണ്ട്. പിണറായിവിജയന്റെ ഭരണമികവാണ് അതിൽ ഒന്നാമത്തേത്. എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയും യുവാക്കൾക്കു വൻതോതിൽ തൊഴിൽ ലഭ്യമാക്കാൻ ഉതകുന്ന പദ്ധതികളും അടിസ്ഥാനസൗകര്യവികസനവും ആവിഷ്ക്കരിച്ചുനടപ്പാക്കിയും അസാദ്ധ്യമെന്നു വിധിയെഴുതിയിരുന്ന വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കിയുമൊക്കെ മുന്നേറിയ ഭരണം കേരളത്തിന്റെ ഇടത്തേക്കുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടി. പിണറായിയുടെ ഭരണമികവ് വ്യക്തമായി മനസിലാക്കാൻ അടിക്കടിവന്ന പ്രതിസന്ധിഘട്ടങ്ങളും ജനങ്ങൾക്ക് അവസരമായി.

ഭരണം എന്നത് കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെയായി അനുഭവിച്ചിരുന്ന ജനങ്ങൾ വ്യത്യസ്തമായി കാര്യക്ഷമതയും കാഴ്ചപ്പാടുമുള്ള ഭരണം ഇടതുപക്ഷത്തിനാണു സാദ്ധ്യമാകുക എന്നു മനസിലാക്കി. പൊതുവിലും പ്രളയം, പകർച്ചവ്യാധി തുടങ്ങിയവയുടെ ഘട്ടത്തിൽ വിശേഷിച്ചും സർക്കാർ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളിൽ രാഷ്ട്രീയത്തിനതീതമായി സർക്കാരിനോട് അനുഭാവം വളർത്തി.

പ്രതിപക്ഷം നടത്തിയ ശബരിമലപ്രക്ഷോഭം അടക്കമുള്ള കാര്യങ്ങളും അവരുയർത്തിയ വിമർശങ്ങളും വിവാദങ്ങളും അതതുസമയത്ത് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും അവയൊക്കെ വീണ്ടുവിചാരത്തിൽ ജനങ്ങൾ തള്ളിക്കളയുന്ന നിലയുണ്ടായി. പൊതുവിൽ പ്രതിപക്ഷങ്ങൾ കഴിവുകെട്ട നേതൃത്വങ്ങൾകൊണ്ടു സ്വയം പരാജയപ്പെട്ടു.

ഇതെല്ലാംകൂടി സൃഷ്ടിച്ച, ചരിത്രത്തിൽത്തന്നെ അത്യപൂർവ്വമായ ‘ഭരണവിരുദ്ധവികാരം ഇല്ലായ്മ’യും തുടർഭരണം ഉണ്ടാകും എന്ന ധാരണയും ജനങ്ങളിൽ മനോഭാവമാറ്റം ശക്തിപ്പെടുത്തി.

വിമോചനസമരത്തിനു സമാനമായ വർഗ്ഗീയ-വലതുരാഷ്ട്രീയ-മാദ്ധ്യമകൂട്ടുചേരലും കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന ചിന്ത തൊഴിലാളികളും അധഃസ്ഥിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും അടക്കമുള്ള വിഭാഗങ്ങളിൽ വളർന്നതടക്കം ഒട്ടനവധി താത്ക്കാലികഘടകങ്ങളും ഈ വിജയത്തിന് ആക്കം കൂട്ടി.

ഇതെല്ലാമുള്ളപ്പോഴും കേരളസമൂഹം ഇടതുപക്ഷാനുകൂലമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് രാഷ്ട്രീയനിരീക്ഷകൻ എന്ന നിലയിൽ ഞാൻ കാണുന്ന ഏറ്റവും പ്രധാനമായ കാര്യം. പിണറായിസർക്കാർ പ്രദർശിപ്പിച്ച സവിശേഷമികവുകൾ ആ മാറ്റത്തിനു വലിയയളവിൽ വിജയവും ഊർജ്ജവും പകർന്നു.


മാറ്റത്തുടക്കം പഠനത്തുടർച്ച

കേരളത്തിലെ ഭരണചരിത്രം ഇത്രയും വിശദമായി പറഞ്ഞത്, ആധുനികകേരളത്തെ വാർത്തെടുക്കുന്നതിൽ വ്യക്തമായ കാഴ്ചപ്പാടും ഫലപ്രദമായ പരിപാടിയും അവ ആവിഷ്ക്കരിക്കാനുള്ള പഠനവുമെല്ലാം ഉള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അവർ നയിക്കുന്ന എൽഡിഎഫിനുമാണ് എന്നകാര്യം ചൂണ്ടിക്കാട്ടാനാണ്. ഭൂപരിഷ്ക്കരണവും തൊഴിലാളിക്ഷേമവും മിനിമം വേതനവും വിപുലമായ ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളും അധികാരവികേന്ദ്രീകരണവും ഉൾപ്പെടെയുള്ള ലക്ഷ്യബോധത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങളാണ് ലോകം വാഴ്ത്തുന്ന ‘കേരള മോഡൽ വികസനം’ എന്ന വിസ്മയം സാദ്ധ്യമാക്കിയത്. കേരളത്തിന്റെ വികസനത്തിലും ജനക്ഷേമത്തിലും അധികാരവികേന്ദ്രീകരണം പോലുള്ള കാര്യങ്ങളിലും ഇടതുപക്ഷത്തിനുള്ള സവിശേഷതാത്പര്യം സമൂഹം തിരിച്ചറിഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ സവിശേഷത ഇക്കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ ആ പാർട്ടിയോടുള്ള കേരളസമൂഹത്തിന്റെ സമീപനത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതുകൂടി സംഗ്രഹിച്ചുപറയാം.

87-നു മുമ്പുള്ള സാഹചര്യത്തിൽനിന്നു വ്യത്യസ്തമായി ഒന്നിടവിട്ട് ഇടതു-വലതുഭരണങ്ങൾ വന്നത് ജനങ്ങൾക്കു രണ്ടിനെയും താരതമ്യം ചെയ്യാൻ അവസരമൊരുക്കി.

വിമോചനസമരത്തിലൂടെ സൃഷ്ടിക്കപ്പെട്ട കമ്മ്യൂണിസ്റ്റുവിരോധവും ചുവപ്പിനോടും അരിവാളിനോടുമുള്ള അലർജിയും കുറഞ്ഞുവന്നു. കമ്മ്യൂണിസ്റ്റുവിരുദ്ധമനോഭാവം എന്നത് വളരെ യാഥാസ്ഥിതികരായ ചിലരിലും ചില വിഭാഗങ്ങളിലുമായി ചുരുങ്ങി. വിമോചനസമരകാലത്തു ജീവിച്ചവരും കമ്മ്യൂണിസ്റ്റുവിരോധം പകർന്നുകിട്ടിയ അടുത്ത തലമുറയും കാലയവനികയിലേക്കു മറഞ്ഞുകൊണ്ടിരിക്കെ പുതിയ തലമുറ അവയിൽനിന്നെല്ലാം മുക്തരാകുകയും സ്വതന്ത്രമായി രാഷ്ട്രീയത്തെ വിലയിരുത്താൻ തയ്യാറാകുകയും ചെയ്യുന്നതാണു കാണുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും സ്വീകരിച്ച നയസമീപനങ്ങൾ നിർണ്ണായകവിഭാഗമായ ഇടത്തരക്കാരുടെ പിന്തുണകൂടി ആർജ്ജിക്കാനും ഇക്കാലയളവിൽ അവരെ സഹായിച്ചു. അതോടൊപ്പം വിദ്യാർത്ഥി-യുവജനസംഘടനകളുടെ മാതൃകാപ്രവർത്തനം ആ വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതാണ് ഇന്നു കാണുന്ന പ്രവണത. ഈ മൂന്നു പതിറ്റാണ്ടിലെ ഐറ്റിസി, പ്രൊഫഷണൽ വിദ്യാലയങ്ങൾ അടക്കമുള്ള കലാലയങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഇതിന്റെ സാക്ഷ്യമാണ്. (ഗവേഷണകുതുകികളായ ആരെങ്കിലും ആ തെരഞ്ഞെടുപ്പുകളിലെ വോട്ടിന്റെയും സീറ്റിന്റെയും കണക്കു ശേഖരിച്ചു വിശകലനം ചെയ്യുന്നതു നന്നായിരിക്കും.) സമീപകാലത്തു സമൂഹമാദ്ധ്യമങ്ങളിൽ കാണുന്ന പുരോഗമന-ഇടതുപക്ഷ ആശയങ്ങളുടെ മുന്നേറ്റവും ഇതിന്റെ തെളിവാണ്.

ഈ സാഹചര്യങ്ങൾക്കൊപ്പം ഇക്കാലത്തു ശക്തിപ്പെട്ട ഭൂരിപക്ഷവർഗ്ഗീയതയും അതിനെതിരെ കോൺഗ്രസും എൽഡിഎഫും എടുത്ത നിലപാടുകളും ന്യൂനപക്ഷവിഭാഗങ്ങളെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. ക്ഷേമകാര്യങ്ങളിൽ ഇടതുസർക്കാരുകൾ കാട്ടിവരുന്ന സവിശേഷതാത്പര്യം അടിസ്ഥാനജനവിഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇടതുപക്ഷത്തിലുമുള്ള വിശ്വാസം വർദ്ധിപ്പിച്ചു.

ഇതെല്ലാം ഇടതുപക്ഷത്തിന്റെ വോട്ടടിത്തറയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയാടിത്തറയുടെയും വളർച്ചയിൽ ഏറെക്കാലമായി സംഭവിച്ചിരുന്ന മാന്ദ്യം ഇല്ലാതാക്കിയിട്ടുണ്ട്.

ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് കേരളം ഇടതുപക്ഷത്തേക്കു മാറുന്നു എന്നതാണ്. 57-ലെ ചരിത്രവിജയത്തിനുശേഷം ദീർഘകാലം ഭരണത്തിൽനിന്ന് അകന്നുനില്ക്കേണ്ടിവന്ന ആദ്യഘട്ടവും മാറിമാറി അധികാരത്തിലെത്തുന്ന രണ്ടാം ഘട്ടവും കഴിഞ്ഞ് തുടർച്ചയായി ഭരിക്കുക എന്ന പുതിയഘട്ടത്തിലേക്ക് ഇടതുപക്ഷം മാറിയിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്.


(ചിത്രങ്ങൾ: ‘സമകാലികമലയാളം’ വാരിക ലേഖനത്തോടൊപ്പം ചേർത്ത ചിത്രങ്ങൾ.)