Wednesday, 15 January 2025

ആർ. ശിവരാമപിള്ള – ഒരു അനുജന്റെ ഓർമ്മയിൽ

 ആർ. ശിവരാമപിള്ള – ഒരു അനുജന്റെ ഓർമ്മയിൽ

മനോജ് കെ. പുതിയവിള


[കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശിവരാമപിള്ളയെപ്പറ്റി]



പറഞ്ഞുനടന്ന ആശയങ്ങൾ സ്വജീവിതത്തിലും കുടുംബത്തിലും നടപ്പാക്കുകയും സമൂഹത്തെ മാറ്റാൻ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത ആർ. ശിവരാമപിള്ള ശാസ്ത്രസാഹിത്യപരിഷത്തിന്റെ തനിമയായ 'പാരിഷത്തികത' പൂർണ്ണമായി ഉൾക്കൊണ്ട മാതൃകാപ്രവർത്തകൻ‌കൂടി ആയിരുന്നു. പരിഷത്പ്രവർത്തകർക്കൊരു പാഠപുസ്തകമായ ആ ജീവിതത്തിന്റെ ഒരു നഖചിത്രമാണിത്.


ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അന്നു വായിക്കാൻ പുസ്തകം കിട്ടിയിരുന്ന രണ്ടു സ്രോതസുകൾ പുതിയവിള യുപിസ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഗോപാലകൃഷ്ണപിള്ളസാറും ബന്ധുകൂടിയായ വളയയ്ക്കകത്തെ ശിവൻകൊച്ചാട്ടനുമായിരുന്നു. ഗോപാലകൃഷ്ണപിള്ളസാർ സ്കൂൾ ലൈബ്രറിയിൽനിന്നു നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തുതരും. ശിവൻകൊച്ചാട്ടന്റെ വീട്ടിൽ ഒരു മുറിയിൽ പുസ്തകശേഖരം ഉണ്ടായിരുന്നു. അതിൽനിന്നു തെരഞ്ഞെടുക്കും. വീട്ടിൽ ലൈബ്രറി ആകാം എന്നു മനസിലാക്കുന്നത് അപ്പോഴാണ്. അക്കാലത്ത് സ്വന്തം പാഠപുസ്തകങ്ങളും ചേട്ടന്മാരും ചേച്ചിയും പഠിച്ച പുസ്തകങ്ങളും വീട്ടിൽ ഉണ്ടായിരുന്ന മറ്റു പുസ്തകങ്ങളുമൊക്കെ എടുത്ത് എല്ലാത്തിനും നമ്പരിട്ട് ഒരു അലമാരയിൽ പെറുക്കിവച്ചു. പുസ്തകങ്ങളുടെ നമ്പർ MLH 1, 2, 3 എന്നിങ്ങനെ. MLH എന്താണെന്നല്ലേ? മറ്റൊന്നുമല്ല, സാക്ഷാൽ മനോജ് ലൈബ്രറി ഹാൾ. ഒരു നോട്ട് ബുക്കിൽ എഴുതിവച്ച് ചില കൂട്ടുകാർക്കൊക്കെ വിതരണവും തുടങ്ങി.

ഈ പഴയ കഥ ഓർത്തതിനു കാരണമുണ്ട്. ഇതിലെ ശിവൻകൊച്ചാട്ടനാണ് ഈ ജാനുവരി 8-ന് അന്തരിച്ച, കേരള ശാസ്ത്രസഹിത്യപരിഷത്ത് മുൻ വൈസ് പ്രസിഡന്റ് ആർ. ശിവരാമപിള്ള. പരിഷത്തുകാർ ആറെസ്പി എന്നും പരിഷത്തിലെ ഇളയവർ ശിവരാമണ്ണൻ എന്നും നാട്ടുകാർ ശിവരാമപിള്ളസാർ എന്നും ശിവൻ കൊച്ചാട്ടനെന്നും ഒക്കെ വിളിച്ചിരുന്ന പേരിന് അർത്ഥം ഒന്നേയുള്ളൂ – ആത്മാർത്ഥത.

പഠിക്കുന്ന കാലത്ത് സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു ശിവരാമപിള്ളയെന്ന് സഹപാഠികളും അദ്ധ്യാപകരും പറഞ്ഞിട്ടുണ്ട്. കണക്കിലും ഇംഗ്ലിഷിലുമൊക്കെ 100-ൽ 100 മാർക്കാണ്. എസ്എസ്എൽസി സർട്ടിഫിക്കറ്റുതന്നെ സാക്ഷ്യം. അന്ന് മുതുകുളം ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്ന മണ്ണേയാട്ടെ ശിവശങ്കരപ്പിള്ളസാർ സ്കൂളിൽ പത്താം ക്ലാസുകാരെ പഠിപ്പിക്കാൻ എട്ടിൽ പഠിക്കുന്ന ശിവരാമപിള്ളയെ വിളിക്കുമായിരുന്നുവെന്ന് അദ്ദേഹംതന്നെ പലരോടും ഓർമ്മ പങ്കുവച്ചിട്ടുണ്ട്!
പുതിയവിളയോടടുത്ത് മുതുകുളത്തു പ്രവർത്തിച്ചിരുന്ന കെ ആൻഡ് എസ് എന്ന ട്യൂഷൻ ഹോമിൽ കുറേക്കാലം അദ്ധ്യാപകനായിരുന്നു. പില്ക്കാലത്തെ ട്യൂട്ടോറിയൽ പ്രസ്ഥാനത്തിന്റെ ആദ്യകാലമായിരുന്നു അത്. പിന്നീട് നാട്ടിലെ പ്രധാന ട്യൂട്ടോറിയലുകൾ ആയിരുന്ന വിജയയിലും ഉദയയിലും പഠിപ്പിച്ചു. വീട്ടിലും ട്യൂഷൻ ക്ലാസുകൾ നടത്തിയിരുന്നു. പഠിച്ചവർക്കെല്ലാം അദ്ദേഹത്തിന്റെ രസകരമായ ക്ലാസുകൾ വലിയ ഇഷ്ടമായിരുന്നുവെന്നും കേട്ടിട്ടുണ്ട്. അദ്ദേഹം ക്ലാസിൽ പറഞ്ഞിരുന്ന കഥകൾ പലരും അഞ്ചാറുപതിറ്റാണ്ടുകൾക്കുശേഷവും ഓർക്കുന്നു. നാട്ടിൽ അതിവിപുലമായ വിദ്യാർത്ഥിസമ്പത്തും ശിവരാമപിള്ളസ്സാറെന്ന വിളിപ്പേരും ഈ അദ്ധ്യാപനത്തിലൂടെ കൈവന്നതാണ്. ആ ശിഷ്യസമ്പത്ത് നാട്ടിൽ അക്കാലത്തുതും പില്ക്കാലത്തും നല്ല സ്വീകാരവും ആദരവും ലഭിക്കാനും പൊതുപ്രവർത്തനങ്ങളിൽ പിന്തുണ കിട്ടാനും ഏറെ സഹായിച്ചു.

ആദിവാസിയൂരിലെ സന്ദർശനവേളയിൽ മന്ത്രിക്കൊപ്പം.


അദ്ധ്യാപനത്തിലുള്ള താത്പര്യം കാരണം റ്റിറ്റിസിക്കു ചേർന്നെങ്കിലും പഠനം മുഴുമിക്കുമ്മുമ്പേ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്റ്ററായി ജോലി കിട്ടി. ജോലിയിൽ പ്രവേശിച്ചത് 1960-ൽ വടക്കൻ പറവൂരാണ്. തുടർന്ന് കുറ്റ്യാടി, കോഴിക്കോട്, മൈനാഗപ്പള്ളി, വടക്കൻ പറവൂർ, തൃക്കുന്നപ്പുഴ, കുറത്തികാട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഹെൽത്ത് സൂപ്പർവൈസറായാണു വിരമിച്ചത്. സർക്കാരിലും ആത്മാർത്ഥനമായി ജനസേവനം ചെയ്തിരുന്ന അദ്ദേഹം മികച്ച ആരോഗ്യപ്രവർത്തകനുള്ള സർക്കാരിന്റെ അവാർഡും നേടിയിട്ടുണ്ട്.

കുറ്റ്യാടിയിലും കോഴിക്കോട്ടുമൊക്കെ ജോലി ചെയ്യുന്ന കാലത്തുതന്നെ ആകാശവാണിയിൽ ആരോഗ്യകാര്യങ്ങളിൽ പ്രഭാഷണങ്ങൾ ചെയ്തിരുന്നു. ‘പുതിയവിള ആർ. ശിവൻ’ നടത്തുന്ന പ്രഭാഷണം കേൾക്കാൻ റേഡിയോ വച്ചു കാത്തിരുന്നതും കേട്ടതും നല്ല ഓർമ്മയുണ്ട്. ആ പേരിൽ ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. (ഒരുപക്ഷെ, പേരിൽ പുതിയവിള ചേർക്കാൻ എനിക്കു പ്രേരണയായത് ഇതാകണം.) അന്ന് ഞങ്ങളുടെ നാട്ടിൽനിന്നു മറ്റാരും റേഡിയോയിൽ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദവും അദ്ധ്യാപകസഹജമായ ലളിതമായ അവതരണവും ആകാശവാണി കോഴിക്കോട് നിലയത്തിൽ അന്നുണ്ടായിരുന്നവർക്കും ഇഷ്ടമായിരുന്നത്രേ.

വിവിധസ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോഴും നാട്ടിലെ പൊതുക്കാര്യങ്ങളിൽ ഇടപെട്ടിരുന്നു. ആണ്ടുതോറും വാർഷികസമ്മേളനവും നാടകവും ഒക്കെ നടത്തിയിരുന്ന ദേശസേവിനി യുവജനസമാജത്തിൽ സജീവമായിരുന്നു. അതിന്റെ ഭാരവാഹിയായും പ്രവർത്തിച്ചു. പിന്നീട് നാട്ടിലെ പ്രമുഖ കലാസംഘടനയായ ‘റീഫോർമേഴ്സ് ആർട്സ് ക്ലബ്ബി’ലും സജീവമായി. ഇവയുടെ നാടകങ്ങളിലെല്ലാം അദ്ദേഹം പ്രധാനവേഷങ്ങൾ അഭിനയിച്ചു. ഒരു ബാലെ ട്രൂപ്പിനും അക്കാലത്ത് അദ്ദേഹം രൂപം നല്കിയിരിക്കുന്നു. ഒന്നുരണ്ടുകൊല്ലമെങ്ങാണ്ടേ അതു പ്രവർത്തിച്ചുള്ളൂ.

ശബരിമല മണ്ഡല-മകരവിളക്കുകാലത്ത് അവിടെ സ്പെഷ്യൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടപ്പോൾ അനവധിദിവസം താമസിച്ചു ജോലി ചെയ്തിട്ടുണ്ട്. പതിവായി ശബരിമലയിൽ പോകാറുണ്ടായിരുന്ന അയ്യപ്പഭക്തൻ ആയിരുന്ന അദ്ദേഹം മകന് ആദ്യം ഇട്ട പേരുതന്നെ മണികണ്ഠൻ എന്നാണ്.

ആർ. ശിവരാമപിള്ള

അക്കാലത്തു നാട്ടിൽ സജീവമായി ഉണ്ടായിരുന്നത് രാഷ്ട്രീയപ്പാർട്ടികളും സമുദായസംഘടനകളും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളും ആയിരുന്നു. സർക്കാരുദ്യോഗസ്ഥർക്കു രാഷ്ട്രീയം പാടില്ലാത്തതിനാലാണോ എന്ന് അറിയില്ല, അദ്ദേഹം ബന്ധപ്പെട്ടത് സമുദായസംഘടനയായ നായർ കരയോഗത്തിലാണ്. ഗ്രാമക്ഷേത്രത്തിലെ ഭരണവും ഉത്സവനടത്തിപ്പും ഒക്കെയായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു രൂപപ്പെട്ടിരുന്ന കരയോഗങ്ങൾ മിക്കതും എൻഎസ്എസ് നിലവിൽ വന്നതോടെ അതിൽ അഫിലിയേറ്റ് ചെയ്തു. എൻഎസ്എസിൽ ചേരാതെ നിന്നവയാണ് നായർ കരയോഗങ്ങൾ. അവയോരോന്നും ഓരോ സ്വതന്ത്രസംഘടനകൾ ആയിരുന്നു. അതിനു മുകളിൽ ഏകോപനഘടകങ്ങളോ സംവിധാനങ്ങളോ ഇല്ലായിരുന്നു

ഈ സാഹചര്യത്തിലാണ് ഈ സ്വതന്ത്രസംഘങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒരു സംഘടനയും ജില്ലാതാലൂക്ക് ഘടകങ്ങളും വേണമെന്ന ചിന്ത ഉണ്ടാകുന്നത്. അതിനു മുന്നിട്ടിറങ്ങിയത് ശിവരാമപിള്ളസ്സാർ ആയിരുന്നു. തെക്കൻ ജില്ലകളിലാണ് അത്തരം കരയോഗങ്ങൾ ഉണ്ടായിരുന്നത്. അത്തരം എല്ലാ സ്വതന്ത്രകരയോഗങ്ങളെയും ബന്ധപ്പെട്ട് അവയെയെല്ലാം കോർത്തിണക്കി ‘നായർ കരയോഗ യൂണിയൻ’ (NKU) എന്നൊരു സംഘടനയുണ്ടാക്കി. ജനറൽ സെക്രട്ടറിയായി ഇദ്ദേഹത്തെത്തന്നെ അവർ തെരഞ്ഞെടുക്കുകയും ചെയ്തു. അന്നു കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി. സമാന്തരസംഘടനയിൽ അതിനു തുല്യമായ പദവി വഹിക്കുന്നയാൾ എന്ന അർത്ഥത്തിൽ ‘കിടങ്ങൂർതുല്യൻ’ എന്നൊക്കെ ചിലർ വിളിച്ചിരുന്നു.

ശാസ്ത്രസാഹിത്യപരിഷത്തിലേക്ക്

അക്കാലത്താണ് മലബാറിലെ സേവനകാലത്ത് അഞ്ചു വർഷം ജോലി ചെയ്ത കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽവച്ചാണ് അദ്ദേഹം ശാസ്ത്രസാഹിത്യപരിഷത്തിന്റെ ശാസ്ത്രസാംസ്കാരികജാഥ കാണുന്നതും സി. ജി. ശാന്തകുമാറിന്റെ പ്രസംഗം കേൾക്കുന്നതും. അതിൽ ആകൃഷ്ടനായ അദ്ദേഹം അതിന്റെ ഭാഗമാകാൻ താത്പര്യപ്പെട്ടു. അങ്ങനെയാണ് 1982-ലെ ശാസ്ത്രകലാജാഥയ്ക്കു സ്വന്തം നാടായ പുതിയവിളയിൽ സ്വീകരണകേന്ദ്രമൊരുക്കുന്നത്. അദ്ദേഹത്തിന്റെ വീടിനു മൂന്നുനാലു വീടിനപ്പുറം ഒരു ചെറിയ പറമ്പിലാണു കലാജാഥ വന്നു പരിപാടികൾ അവതരിപ്പിച്ചത്. ഞങ്ങളെല്ലാം കാണാൻ പോയി. അന്നു ഞാനും കുറെ കൂട്ടുകാരും (എല്ലാവർക്കും 19 - 21 പ്രായക്കാർ) കേരള യുക്തിവാദിസംഘത്തിൽ സജീവമായിരുന്നു. പക്ഷെ, പരിഷത്തിന്റെ തെരുവുനാടകസങ്കേതവും പരിഷത്തിനെ പരിചയപ്പെടുത്തിയുള്ള ജാഥാമാനേജരുടെ പ്രസംഗവും വ്യത്യസ്തമായ സമീപനവുമൊക്കെ ഞങ്ങളെ ആകർഷിച്ചു. പരിഷത്തിന്റെ ഒരു യൂണിറ്റുകൂടി പുതിയവിളയിൽ സ്ഥാപിക്കണമെന്നു ഞങ്ങൾ അപ്പോൾത്തന്നെ തീരുമാനിച്ചു.

പ്രസംഗിക്കുന്ന ശിവരാമപിള്ളസ്സാറിനു പിന്നിൽ ഇരിക്കുന്നവരിൽ ചുനക്കര ജനാർദ്ദനൻ നായർ, പ്രൊഫ. എം. എൻ ലക്ഷ്മണൻ

കലാജാഥാസംഘത്തിനു ശിവരാമപിള്ളസ്സാറിന്റെ വീട്ടിലായിരുന്നു പ്രഭാതഭക്ഷണം. അവരോടൊപ്പം പരിഷത്തിന്റെ മാവേലിക്കര മേഖലാഭാരവാഹികളും ജില്ലാഭാരവാഹികളും ആയ ചുനക്കര ജനാർദ്ദനൻ നായർ, പ്രൊഫ. എം. എൻ. ലക്ഷ്മണൻ, പ്രൊഫ. ആർ. ആർ. സി വർമ്മ തുടങ്ങിവരും ഉണ്ടായിരുന്നു. ഞങ്ങൾ അവരെ സമീപിച്ചു. ശിവരാമപിള്ളസാർ രൂപം നല്കുന്ന യൂണിറ്റിൽ ചേർന്നു പ്രവർത്തിക്കൂ, ഒരേ സ്ഥലത്ത് ഒന്നിലധികം യൂണിറ്റ് പറ്റില്ല എന്നായിരുന്നു മറുപടി.

പക്ഷെ, നായർ കരയോഗവുമായുള്ള ശിവരാമപിള്ളസ്സാറിന്റെ ബന്ധവും ദൈവവിശ്വാസവും ശബരിമലപ്പോക്കും ഒക്കെ കാരണം യുക്തിവാദികളായ ഞങ്ങൾക്ക് (ഞാൻ, സലിം ലാൽ, ശശിധരൻ പിള്ള തുടങ്ങിയവർ) പരിഷത്തുകാര്യത്തിൽ അദ്ദേഹവുമായി സഹകരിക്കാൻ വൈമുഖ്യം ഉണ്ടായിരുന്നു. അതൊക്കെക്കൊണ്ടാണ് കലാജാഥവരെ ഞങ്ങൾ വിട്ടുനിന്നതുതന്നെ. ഇക്കാര്യം തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം നയം വ്യക്തമാക്കി: ‘എന്നാൽപ്പിന്നെ നിങ്ങൾ ശിവരാമപിള്ളയെ നേരേയാക്കിനെടേ’.
ഞങ്ങളുടെ പരിഷത്തുതാത്പര്യം അവരാരെങ്കിലും പറഞ്ഞറിഞ്ഞിട്ടാകാം അദ്ദേഹം ഞങ്ങളെ പരിഷത്തിലേക്കു ക്ഷണിച്ചു. ശിവരാമപിള്ളസ്സാറിന്റെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾ ആ യൂണിറ്റുമായി സഹകരിക്കാൻ തീരുമാനിച്ചു. കെ. എസ്. ഷെല്ലി, സരസൻ, കൃഷ്ണകുമാർ (ചെങ്ങളിൽ) എന്നിവരുടെ പങ്കാളിത്തത്തോടെ ശിവരാമപിള്ളസ്സാറിന്റെ മുൻകൈയിൽ കലാജാഥ സംഘടിപ്പിച്ച യൂണിറ്റ് ഫലത്തിൽ പൂർണ്ണരൂപം കൈവരിക്കുന്നത് ഞങ്ങൾകൂടി അംഗങ്ങളായപ്പോഴാണ്.

യൂണിറ്റുയോഗമൊക്കെ അദ്ദേഹത്തിന്റെ വീടിനു തെക്കുപുറത്തുള്ള ഒരു തുറന്ന മുറിയിലാണ്. ചുവരുകൾ ഇല്ല. അരമതിലാണ്. അതിലാണ് ഇരിപ്പ്. ഒരു വശത്തുമാത്രം ചുവർ. അതിൽ അക്കാലത്ത് പുതിയവിള സർവ്വിസ് സഹകരണസംഘം നടത്തുന്ന തുണി വ്യാപാരത്തിന്റെ പ്രചാരണത്തിന് ഇറക്കിയ ചിത്രകാലൻഡറിൽനിന്നു വെട്ടി ഒട്ടിച്ച ശിവപാർവ്വതിമാരുടെ ചിത്രം! ഞങ്ങൾക്ക് അതു വലിയ കല്ലുകടിയായി തോന്നി. ശാസ്ത്രം പറയുകയും ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുക! ഞങ്ങൾ വിയോജിപ്പോടെ പ്രവർത്തനങ്ങൾ തുടർന്നു. റോയി, സദാശിവൻ പിള്ള, ഗോപാലകൃഷ്ണപിള്ള, ജയകൃഷ്ണൻ, ജയ്‌കിഷൻ, ശിവശങ്കരപ്പിള്ള, സുരേഷ്, ... യൂണിറ്റ് അങ്ങനെ വളർന്നുകൊണ്ടിരുന്നു.


കണ്മുന്നിൽ കണ്ട പരിണാമം

പ്രവർത്തനം സജീവമായതോടെ ചുവരിലെ ശിവപാർവ്വതിമാർ അപ്രത്യക്ഷമായി. നഷ്ടവും മറ്റു കാരണങ്ങളുംകൊണ്ട് ബാലെ ട്രൂപ്പ് പിരിച്ചുവിട്ടു. ഉത്സവക്കമ്മിറ്റിയും പറയെടുപ്പുസ്വീകരണവും ഒക്കെ ഉപേക്ഷിച്ചു. കരയോഗകാര്യങ്ങളിൽനിന്നു ക്രമേണ അകന്നു. ശിവപാർവ്വതിമാരിരുന്ന ചുമരിൽ പുതിയ എഴുത്തു വന്നു: ‘പരിഷദ് ഭവൻ’. ആ വീടുള്ള ജങ്ഷനിലും വന്നു ഒരു ബോർഡ്: പരിഷത്ത് നഗർ’. ശിവരാമപിള്ളസ്സാറിന്റെ മേൽവിലാസംതന്നെ ‘ആർ. ശിവരാമപിള്ള, പരിഷദ് ഭവൻ, പരിഷത്ത് നഗർ, പട്ടോളിമാർക്കറ്റ് പിഒ’ എന്നായി! അന്നത്തെ ഒട്ടുമിക്ക പരിഷത്തുകാർക്കും കാണാപ്പാഠമായിരുന്ന വിലാസം.

പരിഷത്തിൽ 2022-24-ൽ ജനറൽ സെക്രട്ടറിയായിരുന്ന ജോജി കൂട്ടുമ്മേൽ ശിവരാമപിള്ളസ്സാറിന്റെ മരണമറിഞ്ഞപ്പോൾ ഫേസ്ബുക്കിൽ എഴുതിയ ആദ്യവാക്കുകളും ഈ മേൽവിലാസം ആയിരുന്നു. തുടർന്ന് ഇത്രകൂടി എഴുതി: “ഇങ്ങനെയൊരു മേൽവിലാസം ഓർമ്മയുണ്ട്. കലാജാഥയുടെ ഒരുക്കങ്ങളൊക്കെ എന്തായി എന്ന് ചോദിച്ചുകൊണ്ട് 1990-കളുടെ തുടക്കത്തിൽ വന്ന ഒരു പോസ്റ്റ് കാർഡിലെ ഫ്രം അഡ്രസ് ആയിരുന്നു അത്. അന്ന് മേഖലാഭാരവാഹി ആയിരുന്ന എനിക്ക് ആദ്യമായി കിട്ടുന്ന ഒരു സംസ്ഥാനകമ്മിറ്റിയംഗത്തിന്റെ കത്ത് ഇതാണ്.”

പരിഷത്പ്രവർത്തനത്തിന്റെ വിശദാംശങ്ങളിലേക്കു പോകുന്നതിനുമുമ്പ് പരിഷത്ത് അദ്ദേഹത്തിൽ സൃഷ്ടിച്ച മാറ്റത്തിന്റെ നഖചിത്രം പൂർണ്ണമാക്കാം.

ഞങ്ങളുടെ കണ്മുന്നിൽ നടന്ന ആ മാറ്റത്തിന്റെ പാരമ്യം നാടിനെയാകെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. സ്വന്തം അമ്മ മരിച്ചപ്പോൾ ഒരു മരണാനന്തരച്ചടങ്ങും നടത്താതെ സംസ്കരിക്കാൻ അദ്ദേഹം തയ്യാറായി! യുക്തിവാദികളായ ഞങ്ങൾ ചിലർക്കല്ലാതെ നാട്ടുകാർക്കു കേട്ടുകേഴ്വിപോലുമില്ലാത്ത കാര്യം! (അതിനു മുമ്പു നടന്ന, എന്റെ അച്ഛന്റെ ശവസംസ്ക്കാരവും ഇത്തരത്തിൽ ആയിരുന്നെങ്കിലും ആദ്ധ്യാത്മികനിലപാടിന്റെ അടിസ്ഥാനത്തിൽ കുളിപ്പിക്കലും നിലത്തു തെക്കുവടക്കു കിടത്തലും അടക്കമുള്ള ആചാരങ്ങളൊന്നും ഇല്ലാതെ ‘ശവം കത്തിച്ചുകളയണം’ എന്ന് എഴുതിവച്ചിരുന്നതിനാൽ വൈക്ലബ്യത്തോടെയാണെങ്കിലും നാട്ടുകാർ സഹകരിച്ചിരുന്നു.) ശിവരാമപിള്ളസ്സാറിന്റെ പ്രവൃത്തിയിൽ നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നു. ആരും ആ വീട്ടിൽ കയറുകയും സഹകരിക്കുകയും ഇല്ലെന്നു പ്രഖ്യാപിച്ചു. ഒരുതരം ഊരുവിലക്ക്. നാട്ടിലെ ഉത്പതിഷ്ണുക്കളായ ചിലരും ഞങ്ങളും അവിടെ പോകാനും കാര്യങ്ങളിൽ സഹായിക്കനും തയ്യാറായി. ഊരുവിലക്കിയ നായർ സമുദായക്കാർക്കു നിഷേധിക്കാനാവാത്ത, അനാചാരങ്ങൾ നീക്കി സമുദായത്തെ പരിഷ്കരിക്കണമെന്നു ചിന്തിക്കുന്ന, ചില സമുദായപ്രമാണിമാരെത്തന്നെ ആ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടുവരികയുമൊക്കെ ചെയ്താണ് ഏറെക്കാലംകൊണ്ട് ആ നിലയ്ക്കു മാറ്റമുണ്ടാക്കിയത്.

ഇപ്പോൾ ശിവരാമപിള്ളസ്സാറും അതേ പാതയാണു സ്വീകരിച്ചത്. വിപ്ലവാത്മകമായ സ്വയംപരിണാമത്തിനു വിധേയനായിരുന്ന ശിവരാമപിള്ളസ്സാർ ആചാരപ്രകാരമുള്ള സംസ്ക്കാരം ഇഷ്ടപ്പെട്ടിരുന്നില്ല. മരണശേഷവും തന്നെക്കൊണ്ടു സമൂഹത്തിനു ഗുണമുണ്ടാകണം എന്ന ആഗ്രഹത്തിൽ, ശരീരം വൈദ്യവിദാർത്ഥികൾക്കു പഠിക്കാൻ നല്കണമെന്ന് അദ്ദേഹം കുടുംബത്തോടു നിഷ്ക്കർഷിച്ചിരുന്നു. അപ്രകാരം ദേഹം കളമശ്ശേരി മെഡിക്കൽ കോളെജിനു കൈമാറുകയായിരുന്നു.
ഇതൊന്നും ആരും പറഞ്ഞിട്ടായിരുന്നില്ല. ധാരാളമായി വായിക്കുമായിരുന്ന അദ്ദേഹത്തിന്റെ വായന ശാസ്ത്രപുസ്തകങ്ങളിലെക്കു മാറിയതും ‘പ്രകൃതി, സമൂഹം, ശാസ്ത്രം’, ‘നാം ജീവിക്കുന്ന ലോകം’ തുടങ്ങിയ ഗൗരവമുള്ള ശാസ്ത്രക്ലാസുകൾ കേട്ടതും ആ ക്ലാസുകൾ എടുത്തതും പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിപരിണാമങ്ങളും സാമൂഹികവികാസവുമൊക്കെ മനസിലാക്കിയതും ഉന്നതാശയക്കാരായ നിരവധിപേരുമായി ചേർന്നു ദീർഘകാലം പ്രവർത്തിച്ചതും എല്ലാം അദ്ദേഹത്തിൽ വളർത്തിയ ശാസ്ത്രബോധത്തിന്റെ പ്രതിസ്ഫുരണങ്ങൾ ആയിരുന്നു അതെല്ലാം.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിവാക്യം അനുസ്മരിപ്പിക്കുന്ന തരത്തിൽ സ്വന്തം ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഒരു മികച്ച മനുഷ്യന്റെ ഉദയമായിരുന്നു അത്. ശാസ്ത്രബോധവും ആധുനികമൂല്യങ്ങളും പുരോഗമനാശയങ്ങളും സ്വാംശീകരിച്ച് ആ വ്യക്തിത്വം വളർന്നുവികസിച്ചത് വിസ്മയിപ്പിക്കുന്ന അനുഭവം ആയിരുന്നു. ആ ഘടകംതന്നെയാണ് അദ്ദേഹത്തെപ്പറ്റി വീണ്ടും വീണ്ടും എഴുതാനും പറയാനും പ്രേരിപ്പിക്കുന്നത്. ആ മാറ്റത്തിന്റെ കഥയാണ് ഇനി പറയുന്നത്.

പരിഷത്തിനായി സമർപ്പിച്ച ജീവിതം

പരിഷത്ത് പുതിയവിള യൂണിറ്റിന്റെ ആസ്ഥാനം അദ്ദേഹത്തിന്റെ വീടുതന്നെ ആയിരുന്നു. അങ്ങനെയെല്ലാം സ്വയം പരിണമിച്ച ശിവരാമപിള്ളസ്സാർ കുടുംബത്തെയാകെ പരിഷത്തുവത്ക്കരിച്ചു. മറ്റു പല പ്രധാന പരിഷത്തുകാർക്കും കഴിയാത്ത കാര്യമായിരുന്നു അത്. ജീവിതപങ്കാളിയായ ജഗദയെ പരിഷത്തിലെ ആദ്യകാലവനിതാപ്രവർത്തകരിൽ ഒരാളാക്കി മാറ്റി. യൂണിറ്റിനു കീഴിൽ രൂപം‌കൊണ്ട സി. വി. രാമൻ യുറേക്കാ ബാലവേദിയുടെയും ആസ്ഥാനം അവിടെത്തന്നെ. രണ്ടു മക്കളും അതിൽ അംഗങ്ങളായി - എസ്. ജഗദീശും ജെ. ശിജയും. ആ പശ്ചാത്തലമാണ് ജഗദീശിനെ തികഞ്ഞ പരിസ്ഥിതിസ്നേഹിയാക്കി മാറ്റിയത്. സുസ്ഥിരവികസനവും പുനർനവീകരണഷമമായ ഈർജ്ജവും പരിസ്ഥിതിയും സംബന്ധിച്ച ജഗദീശിൻ്റെ ബ്ലോഗ് സമകാലികമായ സുപ്രധാനവിവരങ്ങളാൽ സമൃദ്ധമാണ്. ആ ബാലവേദിയിലൂടെ വളർന്നവരാണ്  സി. പി. ഐ. (എം) പൊളിറ്റ്ബ്യൂറോ അംഗം സ. എസ്. രാമചന്ദ്രൻ പിള്ളയുടെ മക്കളായ ബിപിൻ ചന്ദ്രനും ബിജോയ് ചന്ദ്രനുമൊക്കെ. നല്ല പൗരരായി വളർന്ന വേറെയും എത്രപേർ!

പുതിയവിള യൂണിറ്റ് സംസ്ഥാനത്തെ ഏറ്റവും മികച്ച പരിഷത്ത് യൂണിറ്റുകളിലൊന്നായി വളർന്നതിനുപിന്നിൽ ശിവരാമപിള്ളസ്സാറിന്റെ സമർപ്പണവും കഠിനാദ്ധ്വാനവുംതന്നെ ആയിരുന്നു പ്രധാനം. യൂണിറ്റ് ഉണ്ടായതിന്റെ അടുത്തവർഷംതന്നെ മാവേലിക്കര മേഖലാവാർഷികം പുതിയവിള ഏറ്റെടുത്തു. (അന്ന് ആലപ്പുഴയിൽ രണ്ടു മേഖലയേ ഉള്ളൂ. ആലപ്പുഴയും മാവേലിക്കരയും. ഇന്ന് ആ മാവേലിക്കരമേഖല മാവേലിക്കര, കായംകുളം, ഹരിപ്പാട്, ചാരുമ്മൂട്, ചെങ്ങന്നൂർ തുടങ്ങിയ പല മേഖലകളാണ്.) ഏഴു ദിവസത്തെ അനുബന്ധപരിപാടികളോടെ ആയിരുന്നു സമ്മേളനം. പരിഷത്തിന്റെ സംസ്ഥാനചുമതലക്കാരായ ആർ. രാധാകൃഷ്ണൻ (അണ്ണൻ), ഡോ. ബി. ഇക്ബാൽ, ടി. രാധാമണി, ചുനക്കര തുടങ്ങിയ പ്രമുഖരുടെ പ്രതിദിനപ്രഭാഷണങ്ങൾ. എല്ലാത്തിനും വേദി ശിവരാമപിള്ളസ്സാറിന്റെ വീട്ടുവളപ്പിൽ ഇട്ട പന്തൽ!

ആ സമ്മേളനം പുതിയവിളയുടെ ചരിത്രത്തിലെതന്നെ സുപ്രധാനസംഭവം ആണ്. നാട്ടുകാർ അന്നുവരെ ചിന്തിച്ചിട്ടില്ലാത്ത, കേട്ടിട്ടുപോലുമില്ലാത്ത ഗൗരവമുള്ള വിഷയങ്ങളിൽ പരിഷത്തിന്റെ സംസ്ഥാനനേതാക്കൾ വന്നു നടത്തിയ ഗം‌ഭീരപ്രഭാഷണങ്ങൾ കേൾക്കാൻ ദിവസം ചെല്ലുന്തോറും ആളുകൾ കൂടിക്കൊണ്ടിരുന്നു.

പുതിയവിള യൂണിറ്റിന്റെ ആദ്യമാസങ്ങളിൽത്തന്നെ നടത്തിയ ഗ്രാമശാസ്ത്രജാഥയുടെ പ്രഥമപരിപാടി പറത്തറ എന്ന് അറിയപ്പെട്ടിരുന്ന പട്ടികവിഭാഗക്കോളനിയിൽ ആയിരുന്നു. പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറിയായ ജിജി തോംസൺ അന്ന് ചെങ്ങന്നൂർ ആർഡിഒ ആയിരുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം നടന്നതും ആ കോളനിയിൽ അവർ ഇട്ട പായയിൽ ഇരുന്നു സംസാരിച്ചതും അവർ തന്ന കാപ്പി കുടിച്ചതും ശിവരാമപിള്ളസ്സാറിന്റെ മുൻകൈയുടെ മാത്രം ഫലം ആയിരുന്നു. സവർണ്ണർ പോകാറില്ലായിരുന്ന കോളനിയിലേക്കുള്ള ആ കടന്നുചെല്ലൽ ജാതിബോധത്തിൽനിന്നു വിശാലമാനവികതയിലേക്കുള്ള മാറ്റത്തിന്റെ ആദ്യസൂചനയായി ഇന്നു ഞാൻ മനസിലാക്കുന്നു.

ഇതിനിടെ ശിവരാമപിള്ളസ്സാർ വെയിലുകൊണ്ട് സൈക്കിൾ ചവിട്ടിയും നടന്നും പരിഷത്തിനു യൂണിറ്റുകൾ സംഘടിപ്പിക്കുകയായിരുന്നു. മാവേലിക്കരമേഖലയിൽ യൂണിറ്റുകൾ പെരുകിയപ്പോൾ മേഖല ആദ്യം മാവേലിക്കരയെന്നും കായംകുളമെന്നും വിഭജിച്ചു. ഇതിൽ കായംകുളം മേഖല ആയിരുന്ന, വടക്കു തോട്ടപ്പള്ളിമുതൽ ജില്ലയുടെ തെക്കേ അതിർത്തിയായ ഓച്ചിറവരെയും പടിഞ്ഞാറ് അറബിക്കടലിനോടു ചേർന്ന ആറാട്ടുപുഴ മുതൽ കിഴക്ക് രണ്ടാംകുറ്റിവരെയുമുള്ള, പ്രദേശത്തുമാത്രം ഉണ്ടായത് സജീവമായ 25-ഓളം യൂണിറ്റുകൾ! ആ വളർച്ച ആ മേഖലയെയും ഹരിപ്പാടും കായംകുളവുമായി വിഭജിക്കുന്നതിലെത്തി.

പുതിയവിള യൂണിറ്റും അതിനൊത്തു വളരുകയായിരുന്നു. മേഖലാവാർഷികവും ജില്ലാവാർഷികവും മേഖലാ, ജില്ലാ ബാലോത്സവങ്ങളും ജില്ലയിലെ ശാസ്ത്രകലാസംഘത്തിന്റെ റിഹേഴ്സൽ ക്യാമ്പും ഉൾപ്പെടെ പല പ്രധാന ജില്ലാമേഖലാതലപരിപാടികളും ഏറ്റെടുത്തു നടത്തുന്ന യൂണിറ്റായി മാറി. പഞ്ചായത്തിലെ മൂന്നു വാർഡുകൾ മാത്രമായിരുന്നു പ്രവർത്തനമേഖല എന്നിരിക്കെയാണ് ബൃഹത്തായ ഈ പ്രവർത്തനമെല്ലാം പുതിയവിള യൂണിറ്റ് നടത്തുന്നത്. പുതിയവിള ഉൾപ്പെട്ട കണ്ടല്ലൂർ പഞ്ചായത്തിൽത്തന്നെ ഉണ്ടായീ മറ്റു മൂന്നു യൂണിറ്റുകൾകൂടി. ആലപ്പുഴ ജില്ലയിൽ സ്വന്തമായി ശാസ്ത്രകലാസംഘം ഉണ്ടായിരുന്ന ആദ്യയൂണിറ്റായിരുന്നു പുതിയവിള. സംസ്ഥാനത്തുതന്നെ വിരലിൽ എണ്ണാവുന്ന യൂണിറ്റുകൾക്കേ കലാസംഘം ഉണ്ടായിരുന്നുള്ളൂ. അതിലും പ്രധാനപങ്ക് അദ്ദേഹത്തിനായിരുന്നു.

'നാം ജീവിക്കുന്ന ലോകം' ക്ലാസുകൾ, ഹാലീധൂമകേതുവിനെ സ്വാഗതം ചെയ്തു നടത്തിയ ജ്യോതിശാസ്ത്രക്ലാസുകൾ ഒക്കെ സ്മസ്ഥാനതലത്തിൽ 10,000 ക്ലാസുകൾ ലക്ഷ്യം വയ്ക്കുകയും 18,000-ഉം 20,000-ഉം ഒക്കെ കവിയുകയും ചെയ്തപ്പോൾ പുതിയവിളയും അതിനൊത്ത് ലക്ഷ്യത്തിന്റെ രണ്ടും മൂന്നും ഇരട്ടി ക്ലാസുകൾ നടത്തി. ഹാലി ധൂമകേഠു വന്നപ്പോൾ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സയൻസ് ഒളിമ്പ്യാഡ്' മത്സരത്തിൽ കായം‌കുളം സബ്‌ ജില്ലയിലെ ഒന്നാം സ്ഥാനവും സമ്മാനമായ അഞ്ചിച്ച് ടെലസ്കോപ്പും പുതിയവിള യൂണിറ്റ് തയ്യാറെടുപ്പിച്ചു കൊണ്ടുപോയ കൊപ്പാറേത്ത് സ്കൂളിനാണു ലഭിച്ചത്. ശാസ്ത്രകലാജാഥകൾക്കു മികച്ച സ്വീകരണം ഒരുക്കുകയും ആയിരക്കണക്കിനു രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ പ്രചരിപ്പിക്കുകയുമൊക്കെ ചെയ്തതടക്കം എത്രയെത്ര പ്രവർത്തനവിജയങ്ങളുടെ കഥയാണ് അന്നു യൂണിറ്റിനു പറയാനുണ്ടായിരുന്നത്!


ആ കലാസംഘത്തിന്റെയും പിന്നീട് ജില്ല സ്വന്തം കലാസംഘം ഉണ്ടാക്കിയപ്പോൾ അതിന്റെയും മുഖ്യചുമതലക്കാരൻ ശിവരാമപിള്ളസ്സാർ ആയിരുന്നു. ഷർട്ടിടാതെ മെറൂൺ മുണ്ടും തോർത്തുമായി ഞങ്ങൾ ശാസ്ത്രകലാപരിപാടികൾ അവതരിപ്പിച്ച വേദികൾ എത്ര! ശിവരാമപിള്ളസ്സാർ പിന്നീട് സംസ്ഥാന ശാസ്ത്രകലാജാഥയുടെയും ശാസ്ത്രവണ്ടിയുടെയുമൊക്കെ മാനേജരായി. അരങ്ങുകളിൽ നാടകം കളിച്ചു, പാട്ടു പാടി. അഭിനയവും കലാവതരണവും അദ്ദേഹത്തിനു ഹരമായിരുന്നു. കായം‌കുളം മേഖലയുടെ ഒരറ്റമായ തൃക്കുന്നപ്പുഴമുതൽ മറ്റേയറ്റമായ കാപ്പിൽവരെ ഞങ്ങൾ പിള്ളേരുസെറ്റിനൊപ്പം ഞങ്ങളെപ്പോലെ ലുങ്കിമാത്രം ഉടുത്ത് തോർത്തു തോളിൽ ചുറ്റി സൈക്കിൾ ചവിട്ടി വന്നതും കലാപരിപാടികൾ അവതരിപ്പിച്ചതുമൊക്കെ ഇന്നും പലർക്കും ചിന്തിക്കാൻപോലും കഴിയാത്തതാണ്.

1980-കളുടെ തുടക്കത്തിലെല്ലാം പരിഷത്ത് ആണുങ്ങളുടെ സംഘടന ആയിരുന്നു. സംസ്ഥാനത്താകെക്കൂടി ഏതാനും വനിതാ അംഗങ്ങൾ മാത്രം. എൺപതുകളിൽ പരിഷത്തിൽ ശക്തിപ്പെട്ട സ്ത്രീപക്ഷചിന്തകൾ സ്ത്രീകളെ സംഘടനയിലേക്ക് ആകർഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. അതേത്തുടർന്ന് പരിഷത്തിനുകീഴിൽ വനിതാവേദി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പക്ഷെ, പൊതുക്കാര്യങ്ങൾക്കു സ്ത്രീകളെ കിട്ടുക എളുപ്പമായിരുന്നില്ല. പരിഷത്പ്രവർത്തകർ ജീവിതപങ്കാളികൾ ഉൾപ്പെടെ കുടുംബങ്ങളിലെ സ്ത്രീകളെ സംഘടനാപ്രവർത്തനത്തിൽ പങ്കുചേർക്കാൻ ആഹ്വാനമുണ്ടായി. അതൊന്നും കാര്യമായ ഒരു ചലനവും ഉണ്ടായില്ല.

പക്ഷെ, അന്ന് ആ വഴിയിലെ ആദ്യപഥികനായത് ശിവരാമപിള്ളസ്സാറായിരുന്നു. ജീവിതപങ്കാളിയായ ജി. ജഗദയെ (ഞങ്ങളുടെയെല്ലാം ജഗദച്ചേച്ചി) അദ്ദേഹം സജീവമായി രംഗത്തിറക്കി. അന്ന് ജില്ലാക്കമ്മിറ്റിയിൽപ്പോലും ഒരു വനിതയെ അംഗമാക്കാൻ ഇല്ലാതിരിക്കെ ഒരു പൊതുപ്രവർത്തനപരിചയവും ഇല്ലാത്ത ജഗതച്ചേച്ചിയെ കായംകുളം മേഖലയിലും പിന്നീടു ജില്ലയിലും വനിതാവേദി കൺവീനരാക്കി അവരെയുംകൂട്ടി ജില്ലയുടെ മുക്കിലും മൂലയിലുമെല്ലാം എത്തി വനിതാവേദികൾ സംഘടിപ്പിച്ചു. അതിന്റെ മഹത്വം അന്ന് അത്ര മനസിലായില്ലങ്കിലും ഇന്നു വളരെ നന്നായി തിരിച്ചറിയുന്നു. ജഗദച്ചേച്ചിയെയുംകൂട്ടി  അദ്ദേഹം സംസ്ഥാനത്തുടനീളം പരിപാടികൾക്കെല്ലാം പോയിത്തുടങ്ങി. അവരുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തി യൂണിറ്റുകളിൽ വനിതാവേദികൾ ഉണ്ടാക്കാനും അതിനു പറ്റാത്തിടങ്ങളിൽ ഒറ്റയ്ക്കും തെറ്റയ്ക്കും വനിതകളെ പരിഷത്തിന്റെ യൂണിറ്റുകളിൽ പ്രവർത്തകരാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

സ്വന്തം ജീവിതപങ്കാളിയെ നേതാവാക്കാൻ കൊണ്ടുനടക്കുകയാണെന്നും കുടുംബവാഴ്ചയെന്നുമൊക്കെ ആക്ഷേപിച്ചവരുടെ പലരുടെയും കുടുംബത്തെയൊന്നും പരിഷത്തിൽ കണ്ടിരുന്നില്ല എന്നതും അതേ ഗൗരവത്തോടെ ഓർക്കുന്നു. അതെല്ലാം അവഗണിച്ച് അദ്ദേഹവും ജഗതച്ചേച്ചിയും മുന്നോട്ടുതന്നെ പോയി. അതൊന്നും ആ പദവിക്കായി ആയിരുന്നില്ല. ഇന്നും പരിഷത്തിൽ സജീവമായുള്ള പല വനിതകളും ശിവരാമപിള്ളസാറിന്റെ ഈ മാതൃകാപ്രവർത്തനത്തിന്റെകൂടി ഫലമായി വന്നവരാണ്. തീർച്ചയായും ഞങ്ങൾ പരിഷത്പ്രവർത്തകരുടെയെല്ലാം പിന്തുണ അതിന് ഉണ്ടായിട്ടുണ്ട്. പക്ഷെ, രംഗത്തേക്കു വരാൻ അന്നത്തെ സ്ത്രീകൾക്കു ധൈര്യവും പ്രചോദനവും ആയത് ജഗത എന്ന സ്ത്രീയുടെ സാന്നിദ്ധ്യമാണ്. പരിഷത്തിൽ ഏതാണ്ടു മുഴുവൻസമയം ആണ്ടുമുങ്ങിയ അദ്ദേഹത്തിന്റെ പിന്തുണയും അവർതന്നെ ആയിരുന്നു.

യാഥാസ്ഥിതികസാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ആളായിരുന്നിട്ടും കുടുംബത്തിൽ നല്ല ജനാധിപത്യം പുലർത്തി. മക്കളുടെ പഠനത്തിലടക്കം അവരുടെ അഭിരുചിക്കും ഇഷ്ടത്തിനുമായിരുന്നു പരിഗണന. മകൾ ശിജ അക്വാകൾച്ചർ പഠിക്കാൻ തീരുമാനിച്ചപ്പോൾ മിക്കവരും കളിയാക്കിയെങ്കിലും ശിവരാമപിള്ളസ്സാർ പ്രാത്സാഹിപ്പിച്ചു. പിന്നീട് ജോലിയുടെ ഒരു ഇടവേളയ്ക്കുശേഷം എംഫിലും പിഎച്ഛ്ഡിയും ചെയ്യുമ്പോൾ അച്ഛനു വലിയ സന്തോഷമായിരുന്നെന്നും ശിജ ഓർക്കുന്നു.

1984 ഡിസംബർ 2-ലെ ഭോപ്പാൽ വാതകദുരന്തം എന്ന മുതലാളിത്തകൂട്ടക്കൊലയെത്തുടർന്ന് ശാസ്ത്രസാഹിത്യപരിഷത്ത് യൂണീയൻ കാർബൈഡിന്റെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ നടത്തിയ ആഹ്വാനവും കുത്തകവിരുദ്ധ, സ്വാശ്രയത്വ ക്യാമെയിനും ആത്മാർത്ഥമായും ശക്തമായും ഏറ്റെടുത്തയാളായിരുന്നു അദ്ദേഹം. 'എവറെഡി ബാറ്ററി ബഹിഷ്ക്കരിക്കുക' എന്ന സീൽ ഉണ്ടാക്കി കത്തുകളിലും മറ്റ് എഴുത്തുകളിലുമെല്ലാം അദ്ദേഹം പതിച്ചിരുന്നു. ഞാനും അക്കാലത്തെല്ലാം ആ മുദ്ര പതിച്ചാണു നൂറുകണക്കിനു കത്തുകൾ അയച്ചിരുന്നത്. തുടർന്ന്, ഭോപ്പാലിൽ നടന്ന ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേൻഡ്യാ സമ്മേളനത്തിലും പരിഷത്തിന്റെ ശാസ്ത്രകലാജാഥയുടെ മാതൃകയിൽ അഖിലേൻഡ്യാതലത്തിൽ സംഘടിപ്പിച്ച 'ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ'കളുടെ സമാപനത്തിലും പങ്കെടുക്കാൻ കേരളത്തിനിന്നുള്ള പരിഷത്തുകാർ ഒരു ട്രയിൻ ചാർട്ടർ ചെയ്തു പോയിരുന്നു. സയൻസ് ട്രയിൻ എന്നു പേരിട്ട ആ ട്രയിനിൽ ഭോപ്പാലിനുപോയ സംഘത്തിൽ ജില്ലയിൽനിന്നു പരമാവധിപ്പേരെ പങ്കെടുപ്പിക്കാനും അദ്ദേഹം മുന്നിൽനിന്നു. സയൻസ് ട്രയിനിലും ഞങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. 

സംഘാടനത്തെക്കാൾ പ്രധാനം അദ്ദേഹം ചെയ്ത എണ്ണമറ്റ പ്രഭാഷണങ്ങളും എടുത്ത ശാസ്ത്രക്ലാസുകളുമാണ്. എത്രയെത്ര പത്തും ഇരുപതും പേർക്കുള്ള ക്ലാസുകൾ മുതൽ നൂറുകണക്കിനുപേർ പങ്കെടുത്ത സെമിനാറുകൾവരെ എത്രയെത്ര ശാസ്ത്ര, സാമൂഹിക പ്രഭാഷണങ്ങളും പ്രസംഗങ്ങളും!
അദ്ദേഹത്തിന്റെ അക്കാലത്തെ പ്രവർത്തനങ്ങൾ പരിഷത്തിന്റെ മുതിർന്നപ്രവർത്തകനായ എൻ. ആർ. ബാലകൃഷ്ണൻ അനുസ്മരിച്ചത് പകർത്തുന്നു:

“ശിവരാമപിള്ളസ്സാർ 80-കളുടെ ആദ്യം ഞാൻ ആലപ്പുഴ കെഎസ്ഇബി വക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കാലത്ത് അവിടെ കൂടെക്കൂടെ വന്നിരുന്നത് ഓർക്കുന്നു.  അക്കാലത്ത് ജില്ലാക്കമ്മിറ്റികൾ പലപ്പോഴും രാത്രിയാണു കൂടിയിരുന്നത്. ദൂരെനിന്നു വരുന്നവർ രാത്രി താമസിച്ചിട്ടു രാവിലെ തിരിച്ചുപോവുകയാണ് പതിവ്. പുതിയവിളഭാഗത്തു സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ ഞാനും പോയി താമസിച്ചിരുന്നു. തുടർച്ചയായി ഇടപഴകുകവഴി ഒരാത്മബന്ധം സ്ഥാപിച്ചതായി പറയാം.


“കാഴ്ചയിൽ സൗമ്യനെങ്കിലും അദ്ദേഹം കണിശക്കാരൻ ആയിരുന്നു. പലപ്പോഴും അനീതികളോട് കലഹിച്ചു നിലകൊണ്ടു. ഒരു ഉദാഹരണം പറയാം. 90കളുടെ ആദ്യം അനർട്ടിന്റെ ഡയറക്ടർസ്ഥാനത്തുനിന്ന് ആർവിജിയെ നീക്കം ചെയ്തപ്പോൾ അദ്ദേഹം (RSP) പുതിയവിളയിൽ ഒരു (പ്രതിഷേധ)യോഗം വിളിച്ചുചേർത്തു. ആ യോഗത്തിൽ ആർവിജിയെക്കൂടാതെ ചുനക്കര, ഡോ. ജോൺ മത്തായി, സി. എസ്. സുജാത തുടങ്ങിയവരും പങ്കെടുത്തിരുന്നു.

“മറ്റൊരു പ്രധാന കാര്യം ഓർമ്മിക്കാനുള്ളത് കായംകുളം താപനിലയവുമായി   ബന്ധപ്പെട്ടാണ്. കായംകുളം താപനിലയം പ്രക്ഷോഭസമരസമിതിയുടെ കൺവീനർ ആയിരുന്നു അദ്ദേഹം. സുദീർഘവും സമരഭരിതവുമായ ഒരു കാലഘട്ടമാണ് തുടർന്നു നമുക്ക് കാണാൻ കഴിയുന്നത്. ചേർത്തലനിന്ന് ആരംഭിച്ച് ചൂളത്തെരുവിൽ സമാപിച്ച വൻ ബാനർ ജാഥയും കായംകുളത്തുനിന്നു തിരുവനന്തപുരത്തേക്കു കാൽനടയായി പുറപ്പെട്ട ശവമഞ്ചവിലാപയാത്രയും കേരളത്തിന്റെ ഊർജ്ജരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്ന നടപടികൾക്ക് ആക്കം കൂട്ടി.  ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ‘ശാസ്ത്രം സമരായുധമാകുമ്പോൾ’ എന്ന പുസ്തകത്തിൽ ഐതിഹാസികമായ ആ സമരപരമ്പരയുടെ കഥ ശിവരാമപിള്ള വിശദമായി പ്രതിപാദിക്കുന്നുണ്ട്.

“അദ്ദേഹത്തെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓർമ്മകൾ നിരവധിയാണ്. പ്രിയപ്പെട്ട സുഹൃത്ത് ഇന്നു വിട പറയുമ്പോൾ ഒരു കാലഘട്ടത്തിനു വിരാമമായപോലെ.”

ആരോഗ്യം ഇഷ്ടവിഷയം

ആരോഗ്യംതന്നെ ആയിരുന്നു ഇഷ്ടവിഷയം. എന്നുവച്ച് പരിഷത്ത് ഇടപെട്ടിരുന്ന മറ്റു വിഷയങ്ങളൊന്നും അന്യമായിരുന്നില്ല. ആകർഷകമായ ശബ്ദത്തിൽ, അതീവലളിതമായി, ഇടതടവില്ലാതെ, ഉദാഹരണങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അങ്ങനെ നുരഞ്ഞുപതഞ്ഞൊഴുകുന്ന വാഗ്ദ്ധോരണി. അന്നു ലക്ഷംവീടുകോളനികളും പട്ടികവിഭാഗക്കോളനികളും ഒക്കെ കേന്ദ്രീകരിച്ചു നടത്തിയിട്ടുള്ള ആരോഗ്യക്ലാസുകൾക്കു കണക്കില്ല! പിന്നെ, കുടുംബശ്രീയൊക്കെ വന്നശേഷം അവരുടെ ചെറുകൂട്ടങ്ങളിലും അദ്ദേഹം ആരോഗ്യവിജ്ഞാനം പകർന്നു. സ്വന്തം മുൻകൈയിൽ, മാതൃവകുപ്പിലെ ബന്ധങ്ങൾ പ്രയോജനപ്പെടുത്തി ഒട്ടനവധി ആരോഗ്യ-രോഗനിർണ്ണയക്യാമ്പുകളും സംഘടിപ്പിച്ചു. ബൃഹത്തായ എത്ര സെമിനാറുകൾ, പൊതുയോഗങ്ങൾ!

ആദിവാസിയൂരിൽ മന്ത്രിയോടൊപ്പം

കെപിഎസിയുടെ ‘അശ്വമേധ’ത്തിലെ ആരോഗ്യപ്രവർത്തകനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ശിവരാമപിള്ളസ്സാറിന്റെ രീതികൾ. ആരോഗ്യകാര്യങ്ങളിൽ അദ്ദേഹത്തിനു വിട്ടുവീഴ്ച ഇല്ലായിരുന്നു. ചായ കുടിക്കാൻ ഒരു കടയിൽ കയറിയാൽ, അവിടെ അലമാരയിൽ പലഹാരവും മുട്ടയും ഒരേ തട്ടിൽ ഇരിക്കുന്നതുകണ്ടാൽ ഉടൻ കടയുടമയെയും ജീവനക്കാരെയും ബോധവത്ക്കരിക്കും – വയറിളക്കരോഗം ഉണ്ടാക്കുന്ന അമീബ പലഹാരങ്ങളിൽ പറ്റി രോഗമുണ്ടാകും എന്ന്. മുട്ട അവിടുന്നു മാറ്റി വയ്പിച്ചിട്ടേ അടങ്ങൂ! മൂന്നും നാലും ഗ്ലാസുകളിൽ ചായ ഒന്നിച്ചെടുത്ത് ഗ്ലാസുകളിൽ വിരലിട്ടു ചേർത്തുപിടിച്ചു സപ്ലേ ചെയ്യുന്നതു കണ്ടാൽ അപ്പോൾ ഇടപെടും. അങ്ങനെയാണു സ്വന്തം മുന്നിൽ ചായ എത്തുന്നതെങ്കിൽ വച്ചയാളെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കും. ‘വിരലിടാത്ത രണ്ടു ചായ’ എന്ന് ഓർഡർ ചെയ്യുകയാകും ചിലപ്പോൾ. അത്തരം എത്രയെത്ര സന്ദർഭങ്ങൾ!

രസകരമായ മറ്റൊരു സംഭവംകൂടി പറയാം. മകൾക്കു പനിയോമറ്റോ വന്നപ്പോൾ രക്തം പരിശോധിക്കണമെന്ന് ഡോക്റ്റർ നിർദ്ദേശിച്ചു. അടുത്ത ദിവസം അദ്ദേഹത്തെ കാണുന്നത് എട്ടാം ക്ലാസിലെ ബയോളജി പുസ്തകത്തിൽനിന്നു കീറിയെടുത്ത ഒരു താളുമായാണ്. മകളെയുംകൂട്ടി ആ കടലാസുമായി അദ്ദേഹം ഹരിപ്പാട്ടെ ഓരോ ക്ലിനിക്കൽ ലാബുകളിലായി കയറിയിറങ്ങി. ഓരോ ലാബിലെയും ടെക്നീഷ്യനെ ആ പടം കാട്ടിയിട്ട് അത് എന്താണെന്നു ചോദിക്കും. അറിയില്ലെന്നു മറുപടി കിട്ടിയാൽ ‘ശരി’ എന്നുപറഞ്ഞ് അടുത്ത ലാബിലേക്ക്. പടം ഹീമോഗ്ലോബിന്റെയോമറ്റോ ആണ്. അത് എന്താണെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ടെക്നീഷ്യനു രക്തത്തിലെ അണുക്കളെ കണ്ടാൽ തിരിച്ചറിയാമോ എന്ന് അറിയണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നേരെചൊവ്വേ പഠിച്ചു ടെക്നീഷ്യൻ ആയതാണോ എന്ന പരിശോധനയാണ്! വ്യാജടെക്നീഷ്യൻസിനെ കണ്ടുപിടിക്കാനുള്ള സർക്കാർപരിശോധനയൊന്നുമല്ല. അപ്പോൾ, കൊള്ളാവുന്ന ലാബ് കണ്ടെത്താൻ പ്രയോഗിച്ച ബുദ്ധിയാണത്. അണുക്കളെയെല്ലാം ശരിയായി തിരിച്ചറിഞ്ഞിടത്തേ അദ്ദേഹം രക്തം പരിശോധനയ്ക്കു കൊടുത്തുള്ളൂ.


ആരോഗ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ തലങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടിരുന്നു. ഹാഥി കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനും ജനകീയാരോഗ്യനയം നടപ്പിലാക്കാനുമൊക്കെ നടത്തിയ വലിയ ജനകീയക്യാമ്പയിനുകളിൽ ഡോക്റ്റർമാരായ ഇക്ബാൽ, അരവിന്ദൻ, തങ്കപ്പൻ, രാജ്മോഹൻ, വിജയകുമാർ തുടങ്ങിയവർക്കൊപ്പമോ മുന്നിലോ നേതൃത്വച്ചുമതലയിൽ ശിവരാമപിള്ളസ്സാർ പ്രവർത്തിച്ചു.

പ്രവർത്തനത്തിനൊപ്പം, ശിവരാമപിള്ളസാർ മേഖലാ സെക്രട്ടറിയും ജില്ലാക്കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും ആരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള സംസ്ഥാനനിർവ്വാഹകസമിതിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റും ഒക്കെയായി ഉയർന്നുകൊണ്ടിരുന്നു. അദ്ദേഹത്തിനുപിന്നാലെ (സംയുക്ത) കായംകുളം മേഖലാസെക്രട്ടറിയായ ഞാൻ അദ്ദേഹത്തോടൊപ്പം ആലപ്പുഴ ജില്ലാക്കമ്മിറ്റിയിലും പ്രവർത്തിച്ചു. അന്ന് ജില്ലാക്കമ്മിറ്റിയോഗമടക്കം ഏതു പരിപാടിക്കു പോയാലും എന്റെ ടിക്കറ്റ് എടുക്കുന്നത് അദ്ദേഹമായിരുന്നു. [അന്ന് ആലപ്പുഴയ്ക്ക് 2 രൂപ 90 പൈസയോമറ്റോ ആയിരുന്നു ടിക്കറ്റുചാർജ്ജ് എന്നാണോർമ്മ. ചായയ്ക്ക് 25-ഓ 50-ഓ പൈസയുള്ള അക്കാലത്ത് അതുപക്ഷെ ചെറിയസംഖ്യ ആയിരുന്നില്ല. എനിക്കു ജോലിയും വരുമാനവും ആയപ്പോൾ തൊഴിൽരഹിതരായ പ്രവർത്തകർക്കു ടിക്കറ്റും ചായയും വാങ്ങിനല്കുന്ന ഈ ശൈലി ഞാനും പിന്തുടർന്നു. എന്റെ പെങ്ങൾ കോളെജിൽ പഠിക്കുമ്പോൾ ബസിൽ ശിവരാമപിള്ളസ്സാർ ഉണ്ടെങ്കിൽ ഒരു 10 പൈസാട്ടിക്കറ്റുകൂടി (കൺസഷൻ നിരക്ക്) അദ്ദേഹം എടുക്കുമായിരുന്നെന്ന് അവർ കഴിഞ്ഞദിവസം അനുസ്മരിച്ചു.]

സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ചുമതല അവസാനിച്ചപ്പോൾ അതിനു ‘താഴെ’യുള്ള ജില്ലാസെക്രട്ടറിയുടെയും പിന്നീട് യൂണിറ്റ് സെക്രട്ടറിയുടെയും ചുമതലകളാണ് അദ്ദേഹം ഏറ്റെടുത്തതെന്ന് അനുസ്മരണപ്രഭാഷണത്തിൽ റെജി സാമുവൽ അനുസ്മരിക്കുന്നതു കേട്ടു. പരിഷത്ത് അങ്ങനെയാണല്ലോ. സ്ഥാനങ്ങളും പദവികളുമല്ല, ചുമതലകളാണ് അതിലുള്ളത്. പാരിഷത്തികത എന്ന തനതുസ്വഭാവത്തിൽ പെടുന്ന ‘ഏല്പിച്ച ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുക’ എന്ന മൂല്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടതാണ് ഇതിൽ നാം കാണുന്നത്. (1993-ഓടെ ഞാൻ തിരുവനന്തപുരത്തേക്കു മാറിപ്പോന്നശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ എനിക്ക് കൃത്യമായി അറിയില്ല. അതിനാൽ, പില്ക്കാലത്തെ പ്രധാനചുമതലകളും പ്രവർത്തനങ്ങളും വിവരിക്കാൻ കഴിയുന്നില്ല.)

സാക്ഷരത, ജനകീയാസൂത്രണം

സ്വന്തം സംഘടനയുടെ മുൻകൈയിൽ നടന്ന കേരള സമ്പൂർണ്ണസാക്ഷരതായജ്ഞത്തിലും ജനകീയാസൂത്രണത്തിലുമെല്ലാം സംഘടനയിൽ പ്രവർത്തിച്ച അതേ തീവ്രതയോടും ആത്മാർത്ഥതയോടും അദ്ദേഹം കൈമെയ് മറന്നു മുഴുകി!

അക്ഷരസൗഹൃദസംഗമം

കേരള സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ മുതുകുളം ബ്ലോക്കുതലത്തിലെ പ്രധാനചുമതലക്കാരനും ജില്ലയിലെ കീ റിസോഴ്സ് പേഴ്സ്ൺമാരിൽ ഒരു പ്രധാനിയും ആയിരുന്നു. സാക്ഷരതായജ്ഞം വിളംബരം ചെയ്തു മുഴുവൻ വീടുകളിലും അക്ഷരദീപം തെളിക്കാനുള്ള പരിപാടി ഒരുപക്ഷെ, സംസ്ഥാനത്തുതന്നെ ഏറ്റവും വിപുലമായി നടന്ന സ്ഥലങ്ങളിൽ ഒന്നാണ് പുതിയവിള. തുടർന്ന്, സംസ്ഥാനത്താകെ നാടിളക്കിയുള്ള പ്രചാരണം ആയിരുന്നു. അക്ഷരകലാജാഥകളടക്കം പ്രചണ്ഡമായ പരിപാടികൾ. (അക്ഷരകലാജാഥകൾക്കു മാനേജർമാരെ തികയാതെവന്നപ്പോൾ അവയുടെ ചുമതലയുണ്ടായിരുന്ന ഞാൻ ഡിഗ്രിപ്പരീക്ഷ ഉപേക്ഷിച്ച് ഹരിപ്പാട് ബ്ലോക്കിലെ ജാഥയുടെ മാനേജരായി പോയതും ജാഥയ്ക്കെടുത്ത ടെമ്പോ വാനിൽ കോളെജിൽ പോയി ഹോൾ ടിക്കറ്റ് വാങ്ങി പോന്നതും അന്നത്തെ പ്രവർത്തനതീവ്രതയുടെയും തീക്ഷ്ണതയുടെയും സാക്ഷ്യമാണ്.) സാറിന്റെ ജീവിതപങ്കാളിയും സാക്ഷരതായജ്ഞത്തിൽ സജീവമായിരുന്നു. കുട്ടിയായിരുന്ന മകൾ ശിജ ജില്ലയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇൻസ്ട്രക്ടർ ആയിരുന്നു.

അതിനൊപ്പംതന്നെ, റിസോഴ്സ് പേഴ്സൺമാരെയും മാസ്റ്റർ ട്രെയിനർമാരെയും നിരക്ഷരരെ പഠിപ്പിക്കേണ്ട ട്രയിനർമാരെയും നിരക്ഷരരെയുമെല്ലാം കണ്ടെത്താനും അവരെയെല്ലാം പ്രചോദിപ്പിക്കാനും സാക്ഷരതാപ്രവർത്തകർക്കു പരിശീലനം നല്കാനും പഠനകേന്ദ്രങ്ങൾ ഒരുക്കാനും മറ്റുമായി നടന്ന പ്രവർത്തനങ്ങൾ അതിവിപുലമായിരുന്നു. വർഷംമുഴുവൻ നീണ്ട നിരന്തരമായ നിരീക്ഷണവും അവലോകനവും പുനർ, തുടർ പരിശീലനങ്ങളും അനുബന്ധമായി നിർദ്ദേശിക്കപ്പെട്ട അനവധി പരിപാടികളും പരീക്ഷകളും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും സമ്പൂർണ്ണസാക്ഷരതാപ്രഖ്യാപനവുമെല്ലാംകൂടി വിശ്രമരഹിതമായ വർഷമായിരുന്നു പരിഷത്തുകാർക്കും മറ്റു സാക്ഷരതാപ്രവർത്തകർക്കും അത്. ശിവരാമപിള്ളസ്സാർ അതിലെല്ലാം ആണ്ടുമുങ്ങി.
ജനകീയാസൂത്രണപ്രസ്ഥാനത്തിലെ ശിവരാമപിള്ളസ്സാറിന്റെ സംഭാവനകൾ അതിന്റെ നായകനായിരുന്ന ഡോ. റ്റി. എം. തോമസ് ഐസക്ക് അനുസ്മരിക്കുന്നത് ഇങ്ങനെ:

“സാക്ഷരതയിൽ സജീവമായി. പിന്നെ സ്വാഭാവികമായും ജനകീയാസൂത്രണത്തിലും. ഒന്നാംഘട്ട കെആർപി പരിശീലനത്തിൽ പങ്കെടുത്തു. കണ്ടല്ലൂർ പഞ്ചായത്തിൽ കേന്ദ്രീകരിച്ചതിനോടൊപ്പം മുതുകുളം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളിലും ഇടപെട്ടു. ആദ്യവർഷം ഗ്രാമസഭയിൽ ഏറ്റവുമധികം വോട്ടർമാരെ പങ്കെടുപ്പിച്ചത് പത്തിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായിരുന്നു. ഇതിനായി മെമ്പറുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ സൂത്രധാരൻ ശിവരാമപിള്ളയായിരുന്നു. 

“കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പദ്ധതി അടങ്കൽ 100 ശതമാനവും ചെലവാക്കി. പ്രവർത്തന മികവിന് 5 ലക്ഷം രൂപയുടെ അവാർഡ് ലഭിച്ചു. നടപ്പാക്കിയ ഒരു പ്രോജക്ട് പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും കുടയും യൂണിഫോമും നൽകുകയെന്നതായിരുന്നു. കടക്കാരോടു വിലപേശിയും സംഭാവന സമാഹരിച്ചും ചുരുങ്ങിയ ചെലവിൽ ഈ പ്രോജക്ട് നടപ്പാക്കി. എന്നാൽ ഇതു വിതരണം ചെയ്യുന്നതിനുള്ള മഹാസമ്മേളനത്തിൽ ശിവരാമപിള്ള എങ്ങനെ ഒരു പൈസ പോലും ദുർവ്യയം ചെയ്യാതെ ഈ പ്രോജക്ട് നടപ്പാക്കിയെന്നത് സവിസ്തരം പ്രതിപാദിച്ചു. അങ്ങനെയല്ല പലപ്പോഴും കാര്യങ്ങൾ നടക്കുന്നതെന്നു വ്യംഗ്യം. ഇത് പഞ്ചായത്തിലെ മറ്റു ജീവനക്കാർക്കു വലിയ അതൃപ്തിയുണ്ടാക്കുകയും തുടർന്ന് ശിവരാമപിള്ള പ്രവർത്തനങ്ങളിൽനിന്നു കുറച്ചുനാൾ അകന്നുനിൽക്കുന്നതിന് ഇടയാക്കുകയും ചെയ്തു.


“കണ്ടല്ലൂർ ആരോഗ്യ സർവ്വേയും അതിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ പ്രോജക്ടുകളും ശ്രദ്ധേയമായിരുന്നു.

“ശ്രീമതി. ജഗദമ്മയുടെ വനിതാവേദി പ്രവർത്തനത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഈ ബന്ധം ജനകീയാസൂത്രണത്തിലേയ്ക്കും നീണ്ടു. സി. എസ്. സുജാതയുടെ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് അക്കാലത്തു നടപ്പാക്കിയ സ്ത്രീശക്തി ബോധവൽക്കരണ കാമ്പയിന്റെ പിന്നണിയിൽ ശിവരാമപിള്ള ഉണ്ടായിരുന്നു.

“ആലുവയിലേക്കു താമസം മാറ്റിയപ്പോൾ അവിടെയും അദ്ദേഹം പ്രവർത്തനങ്ങളിൽ പങ്കാളിയായി. ആലുവ മുനിസിപ്പാലിറ്റിയിൽ 12-ാം പഞ്ചവത്സരപദ്ധതിയുടെ അവസാനവർഷം 24 ശതമാനം തുക മാത്രമേ ഉപയോഗിച്ചുള്ളൂ. പിന്നാലെ, 2017-ൽ ശിവരാമപിള്ള ആലുവ മുനിസിപ്പാലിറ്റിയിലെ റിസോഴ്സ് പേഴ്സണായിരുന്നു. 2017-18-ൽ ആ വർഷത്തെ ഏറ്റവും നല്ല മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് ലഭിച്ചു. റിട്ടയർമെന്റിനുശേഷവും കിലയുടെ ഫാക്കൽറ്റിയായുംമറ്റും പ്രവർത്തിച്ചു.
“25 വർഷത്തിലേറെ ഒരു സ്ഥലത്ത് അല്ലെങ്കിൽ വേറൊരിടത്ത് അധികാരവികേന്ദ്രീകരണവേദികളിൽ സജീവമായിരുന്ന ശിവരാമപിള്ള പിന്നെയും അങ്ങനെതന്നെ തുടരാനാണ് ആഗ്രഹിച്ചത്. പക്ഷെ, വികേന്ദ്രീകരണാസൂത്രണശൈലിയിൽ ഒട്ടേറെ തിരുത്തലുകൾ വേണമെന്ന ശക്തമായ അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു.”

പരിഷത്തിനും സാക്ഷരതയ്ക്കും ജനകീയാസൂത്രണത്തിനും പുറമേ, ഏറെക്കാലം ആരോഗ്യപ്രവർത്തകരുടെ സംഘടനയായ ജനകീയാരോഗ്യസമിതിയുടെ കൺവീനറും ആയിരുന്നു.
പരിഷത്പ്രവർത്തനം പുതിയവിളയിൽ മൂർദ്ധന്യത്തിൽ നില്ക്കുമ്പോളാണ് 1980-കളുടെ അവസാനം ആ തിരക്കുകൾക്കെല്ലാം ഇടയിൽ ശിവരാമപിള്ളസ്സാറിന്റെ മുൻകൈയിൽ രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉണ്ടാകുന്നത്. അത് ഒരു കൈയെഴുത്തുമാസികയും കാക്കനാടൻ, വൈക്കം ചന്ദ്രശേഖരൻ നായർ, ജയപാലപ്പണിക്കർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു സാംസ്ക്കാരികസമ്മേളനവും നടത്തിയതും നാടിന്റെ സാംസ്ക്കാരികചരിത്രത്തിന്റെ ഭാഗം.

അന്ത്യനാളുകളും കർമ്മനിരതം, ആദർശബദ്ധം

ആഗോളീകരണത്തോടെ മറ്റു പല സംഘടനകളെയുംപോലെ പരിഷത്തിന്റെയും പ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലത്തു കുടുബപരമായ അസൗകര്യങ്ങളാൽ ആലുവയ്ക്കു താമസം മാറ്റിയ അദ്ദേഹം അവിടെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും തൃശൂർ കിലയിൽ അധികാരവികേന്ദ്രീകരണവും തദ്ദേശഭരണവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയും ഒക്കെ ചെയ്തിരുന്നു.

സ്ട്രോക്ക് ഉണ്ടാകുന്നതിനുമുമ്പ് ശാസ്ത്രഗതിക്കുവേണ്ടി എഴുതിക്കൊണ്ടിരിക്കുന്നു. സമീപം ചെറുമകൾ ഗൗരി ശിജ.

അനാരോഗ്യം അവഗണിച്ചും ഇതൊക്കെ തുടരുകയായിരുന്ന ശിവരാമപിള്ളസ്സാർ ഈ കുറച്ചുനാൾ മുമ്പ് – കോവിഡ് മഹാമാരിയുടെ വേളയിൽ - പുതിയവിളയിൽ മടങ്ങിയെത്തിയ കാര്യം ഞാൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നാട്ടിലെത്തിയ കാര്യം സുഹൃത്തുക്കളിൽ പലരെയും ഞാൻ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ശിവരാമപിള്ളസ്സാർ ഫേസ്ബുക്ക് അക്കൗണ്ടു തുറക്കുകയും നമ്മളിലേക്ക് എത്തുകയും എല്ലാ നിലയിലും മടങ്ങിയെത്തിയ കാര്യം അറിയിക്കുകയും ചെയ്തു. അക്കാലത്തെ പരിഷത് പ്രവർത്തകർക്ക് അതിലുണ്ടായ സന്തോഷം മുഴുവൻ ആ പോസ്റ്റിന്റെ കമന്റുകളിൽ കാണാം.

അതിനുശേഷം ഒരുദിവസം പെട്ടെന്ന് കാഴ്ചയും നല്ലയളവിൽ ഓർമ്മയും നഷ്ടമായി. തൊട്ടുമുമ്പ് നേത്രശസ്ത്രക്രിയ ചെയ്തിരുന്നതിനാലും അന്ന് ഓർമ്മക്കുറവ് കാര്യമായി തോന്നാഞ്ഞതിനാലും കാഴ്ചപോയത് അതുമായി ബന്ധപ്പെട്ടാകാമെന്ന സംശയത്തിൽ കണ്ണാശുപത്രിയിലാണു ചികിത്സ തേടിയത്. ഓർമ്മക്കുറവ് കൂടുതൽ പ്രകടമായപ്പോഴാണ് മറ്റുവഴിക്കു ചിന്തിക്കുന്നത്. സ്ട്രോക് ഉണ്ടായതാണെന്നും വൈകിപ്പോയതിനാൽ സ്രവിച്ച രക്തം കട്ടപിടിച്ചുപോയെന്നും പരിശോധനയിൽ കണ്ടെത്തി. അത് അലിയിച്ചുനീക്കാനുള്ള ചികിത്സയിലായിരുന്നു പിന്നീട്. ആ സാഹചര്യത്തിൽ വീണ്ടും മകൾ ശിജയുടെ ആലുവയിലെ വീട്ടിലേക്കു വീണ്ടും താമസം മാറ്റി.

അങ്ങനെയിരിക്കെയാണ് 2025 ജാനുവരി 8, ബുധനാഴ്ച രാവിലെ ശ്വാസംമുട്ടൽ ഉണ്ടായത്. പെട്ടെന്നുതന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും, ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. അന്നുതന്നെ വൈകിട്ട് 6 15-നായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ആലുവ ബാങ്ക് കവല കടത്തു കടവിലുള്ള മുനിസിപ്പൽ സാംസ്കാരികകേന്ദ്രത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹം കാണാനും അന്ത്യോപചാരം അർപ്പിക്കാനും ജന്മനാട്ടിൽനിന്നടക്കം സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും പ്രിയസുഹൃത്തുക്കൾ എത്തി.

തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഉച്ചയ്ക്കു 12 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളെജിനു കൈമാറി. മരണംപോലും ആശയപ്രചാരണത്തിനും പ്രിയപ്പെട്ട മേഖലയായിരുന്ന ആരോഗ്യരംഗത്തെ പഠനത്തിനുമായി പ്രയോജനപ്പെടുത്തി ശിവരാമപിള്ളസ്സാർ ഒരിക്കൽക്കൂടി മഹത്തായ മാതൃക തീർത്തു.

ഒട്ടനവധിപേർ ശിവരാമപിള്ളസ്സാറിനെപ്പറ്റിയുള്ള ഓർമ്മകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഡോ. വി. രാമൻ കുട്ടി അദ്ദേഹത്തെ ഓർക്കുന്നത് ഇങ്ങനെ: “മാന്യനും സൗമ്യനും ആയ സുഹൃത്ത്‌. തികഞ്ഞ പ്രതിബദ്ധതയോടെ ഏറ്റെടുത്ത എല്ലാം തീർക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു.”  “കടുത്ത യാഥാസ്ഥിതികത്വത്തിൽനിന്ന് ഏറ്റവും പുരോഗമനകാരിയായി സ്വയം നവീകരിച്ച വലിയ മനുഷ്യൻ” എന്നാണ് അയൽഗ്രാമമായ മുതുകുളത്തെ പരിഷത്പ്രവർത്തകൻ ആയിരുന്ന അരുൺ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. വാർഷികസമ്മേളനങ്ങളിൽ റിപ്പോർട്ടിനും മുമ്പേ കണക്ക് അവതരിപ്പിക്കുന്ന സെക്രട്ടറിയാണ് ആലപ്പുഴയിൽ ഒരു മുൻ ജില്ലാസെക്രട്ടറി റജി സാമുവലിന് അദ്ദേഹം. കണക്കിലെ കൃത്യതയും കാർക്കശ്യവും വീട്ടിലും പുലർത്തിയിരുന്നെന്ന് മകൾ പറയുന്നു.

കോഴിക്കോട്ടുകാരനായ മുതിർന്നപ്രവർത്തകൻ സി. എം. മുരളീധരൻ അദ്ദേഹത്തെ വിലയിരുത്തുന്നത് ഇങ്ങനെ: “മികച്ച സംഘാടകന്‍, ഏറ്റ പണിയില്‍ ആണ്ടിറങ്ങുന്നവന്‍, മാർദ്ദവമില്ലാതെ വിമര്‍ശിക്കുന്നവന്‍... അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് പറയാന്‍. കായംകുളത്തിനടുത്തുള്ള മുതുകുളത്തെ വീട്ടില്‍ ഞങ്ങള്‍ വലിയൊരു സംഘം രണ്ടുമൂന്ന് ദിവസം പോയി തങ്ങിയിരുന്നു പണ്ട്.” കണക്കിന്റെയും തീരുമാനിക്കുന്ന പരിപാടികളുടെയും ഓരോ ആളും നിർവ്വഹിക്കേണ്ട ചുമതലകളുടെയും ഒക്കെക്കാര്യത്തിലെ വിട്ടുവീഴ്ചയില്ലാത്ത കാർക്കശ്യം വേറെയും പലരും അനുസ്മരിക്കുന്നു. ആ കാർക്കശ്യങ്ങൾക്കെല്ലാം ഉപരി അവർക്കെല്ലാം സ്നേഹവാനായ, പാരിഷത്തികത മുറുകെപ്പിടിക്കുന്ന, നല്ല മനുഷ്യനാണ് അവർക്കെല്ലാം അദ്ദേഹം. വിസ്തരഭയത്താൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങളെല്ലാം ഉദ്ധരിക്കുന്നില്ല.

പ്രസ്ഥാനങ്ങൾ വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ അനുഭവങ്ങൾ എന്റേതടക്കം പലതും ഉണ്ടെങ്കിലും അത്തരം സ്വയം‌മാറ്റത്തിനു തയ്യാറായ, പറയുന്ന ആശയങ്ങൾ സ്വജീവിതത്തിൽ സ്വാംശീകരിക്കുകയും പകർത്തുകയും ചെയ്ത, മറ്റൊരാളെ എന്റെ ജീവിതത്തിൽ കാണാനായിട്ടില്ല എന്നുകൂടി പറയട്ടെ! എന്നെയൊക്കെ വാർത്തടുക്കുന്നതിൽ എത്രവലിയ പങ്കാണു പരിഷത്തു വഹിച്ചത് എന്നു നന്നായി തിരിച്ചറിയുന്ന ഞാൻ അതിനു കാരണഭൂതനായ ശിവരാമപിള്ളസ്സാറിനോടുള്ള കടപ്പാടുകൂടി ഇവിടെ കുറിക്കട്ടെ!