Friday, 19 March 2021

പരിസ്ഥിതിസ്നേഹികൾക്ക് സ്നേഹത്തോടെ

പരിസ്ഥിതിസ്നേഹികൾക്ക് സ്നേഹത്തോടെ

മനോജ് കെ. പുതിയവിള


കണ്ണിൽപ്പെടാത്ത ചില മാറ്റങ്ങളാണ് ദീർഘകാലത്തിൽ വലിയ ഗുണഫലങ്ങൾ വിളയിക്കുക. പരിസ്ഥിതിരംഗത്തെ ഇടപെടലുകൾ അത്തരത്തിലുള്ളതാണ്. ആരോഗ്യം മുതൽ വ്യവസായനിക്ഷേപാകർഷണം വരെ വീവിധമണ്ഡലങ്ങളിലാണ് അവ വലിയ മാറ്റമുണ്ടാകുക. സുസ്ഥിരവികസനത്തിന്റെ ആധാരമായ അത്തരം ഒരുപിടി മാറ്റങ്ങളുടെ കണക്കെടുപ്പാണീ ലേഖനം.

(...... പ്രസിദ്ധീകരിച്ചത്)



ഏറെക്കാലമായി എല്ലാക്കൊല്ലവും രണ്ടു മഴക്കാലത്തും മുടങ്ങാതെ പത്രത്താളുകളിലും റ്റി. വി. വാർത്തകളിലും നിറഞ്ഞിരുന്ന പകർച്ചപ്പനിഭീതി മൂന്നുനാലുവർഷമായി പത്രത്തിൽ കണ്ടിട്ടില്ല എന്നത് ഒരുപക്ഷെ, ഇതു വായിക്കുമ്പോഴാകും നിങ്ങളിൽ പലരും ശ്രദ്ധിക്കുന്നതുതന്നെ. കാരണം, അത്തരം മാറ്റങ്ങൾ പൊടുന്നനെ ശ്രദ്ധയിൽ പെടുന്നവയല്ല.

സൗമ്യമായി സംഭവിക്കുന്ന അത്തരം മാറ്റങ്ങൾ വേറെയുമുണ്ട്. അവയിലൊന്നാണ് നമ്മുടെ ഗ്രാമനഗരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളും ദുർഗ്ഗന്ധവും അപ്രത്യക്ഷമായത്. മാലിന്യങ്ങൾ സംബന്ധിച്ച നിരന്തരവാർത്തകളും ഇന്നു പത്രമാദ്ധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

അത്തരത്തിൽ മാദ്ധ്യമങ്ങളിൽനിന്നു മാഞ്ഞുപോയ പതിവുവാർത്തകളിൽ ഒന്നാണ് കുടിവെള്ളപ്രശ്നം. ഇന്നു വേനൽ ചെരിപ്പിടുമ്മുമ്പേ കുടിവെള്ളപ്രശ്നത്തിനുള്ള പരിഹാരനടപടി കേരളപര്യടനം പൂർത്തിയാക്കുന്നു.

പലതുമുണ്ട് ഇങ്ങനെ. നാലുകൊല്ലം മുമ്പ് നമ്മുടെ വാട്ട്സാപ് സർവ്വകലാശാലയിലെ പ്രധാനപാഠ്യപദ്ധതി രാസവിഷം കലർന്ന പച്ചക്കറികളെയും മറ്റു ഭക്ഷണങ്ങളെയും അതുമൂലം ഉണ്ടാകുന്നതായി പറയപ്പെട്ട ക്യാൻസർ പോലുള്ള രോഗങ്ങളെയുംപറ്റി ഉള്ളതായിരുന്നു. ഇന്ന് അവയൊന്നും ആ സർവ്വകലാശാലയിൽ ഓടുന്നില്ല. ആ കോഴ്സുകൾക്ക് ആളില്ല. നമ്മുടെ ആഭ്യന്തരപച്ചക്കറിയുത്പാദനം കൂടിയതും ഗുണമേന്മയുള്ള, രാസവിഷം കലരാത്ത പച്ചക്കറിയും പഴങ്ങളും ധാരാളം ലഭ്യമായതും രാസവിഷവും മായവും തടയാൻ കർശന നടപടി സ്വികരിച്ചതുമൊക്കത്തന്നെ കാരണം.

2007 മുതൽ 2015 വരെ 12-ലും 13-ലും ചാഞ്ചാടിനിന്ന കേരളത്തിന്റെ ശിശുമരണനിരക്ക് 2016-ൽ 10-ലേക്കും 2018-ൽ ഐക്യരാഷ്ട്രസഭയുടെ 2020-ലെ സുസ്ഥിരവികസനലക്ഷ്യമായ 8-ലും താഴെ 7-ലേക്കും എത്തിയതും ഇപ്പോൾ പിന്നെയും കുറഞ്ഞ് 6-ലേക്കു നീങ്ങുന്നതും കണ്ടറിയാനാവാത്ത മാറ്റമാണ്. ബണ്ടി ചോർ വരെ വന്നു നിരങ്ങിയ, പത്രങ്ങൾ കുറ്റകൃത്യങ്ങൾക്കു പ്രാദേശികമായി പ്രത്യേക പേജു തുടങ്ങിയ, റ്റി. വി. ചാനലുകളിൽ ക്രൈം ബുള്ളറ്റിൻ തുടങ്ങിയ ഒരു കാലം ഉണ്ടായിരുന്നത് ഓർമ്മയായതും ഇതുപോലെതന്നെ.

ഇങ്ങനെ ശ്രദ്ധിക്കാതെപോകുന്ന മാറ്റങ്ങൾ പലതുണ്ട്. ഇതിൽ ആദ്യം പറഞ്ഞ മറ്റു നാലു മാറ്റങ്ങളും സംഭവിച്ചത് കൃഷി, ജലവിഭവം, വനം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും ഫലപ്രദമായ പ്രവർത്തനവും അവയുടെയെല്ലാം ഈ ദിശയിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നിശബ്ദം പ്രവർത്തിച്ചുവരുന്ന ഹരിതകേരളമിഷന്റെ ലക്ഷ്യബോധത്തോടെയുള്ള പരിപാടികളും കാരണമാണ്.

 

കണ്ണിൽപ്പെടാത്ത മാറ്റങ്ങൾ

രണ്ടരലക്ഷം വീടുപണിതതും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ആയതും ജില്ലാ-താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളെജുകളുമെല്ലാം അത്യാധുനികവും രോഗീസൗഹൃദവും ആയതും സ്കൂളുകൾക്കു പുതിയ ഗംഭീരകെട്ടിടങ്ങളും ഹൈട്ടെക് ക്ലാസുകളും ഉണ്ടായതും അവ മികവിന്റെ കേന്ദ്രങ്ങൾ ആയതുമൊക്കെ നമ്മുടെ കണ്മുന്നിൽ നടന്ന മാറ്റങ്ങളാണ്. അതുപോലെയല്ല നമ്മുടെ അടുത്ത പറമ്പിൽ ഒരു പച്ചത്തുരുത്തു വളരുന്നതും നമ്മുടെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരുന്നതും അയൽവീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാകുന്നതും അടുത്ത ഗ്രാമത്തിലെ തരിശുപാടത്തു നെല്ലു വളരുന്നതും നമ്മുടെയടക്കം പറമ്പുകളിൽ ഫലവൃക്ഷങ്ങൾ വളരുന്നതുമൊന്നും.

അതു മാറ്റമായി നാം അറിയുന്നത് കേരളമാകെ നട്ടുവളർത്തപ്പെട്ട മരങ്ങൾ നാലരക്കോടിയാണെന്നു മനസിലാക്കുമ്പോഴാണ്. റീച്ചാർജ്ജ് ചെയ്തത് 62,921 കിണറുകളാണ് എന്ന് അറിയുമ്പോഴാണ്. സംസ്ഥാനത്ത് 18,883 കുളവും 23,158 കിണറും പുനർനിർമ്മിച്ചെന്നും 25,241 കുളവും 13,942 കിണറും നവീകരിച്ചെന്നും കേൾക്കുമ്പോഴാണ്. 42,774 കിലോമീറ്റർ തോടുകളും 412 കിലോമീറ്റർ പുഴകളും പുനർജ്ജനിപ്പിച്ചു എന്നു കാണുമ്പോഴാണ്.

ഇത്തരം പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഹരിതകേരളമിഷന്റെ പ്രവർത്തനം പലതും മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെപോയത് അവ താഴേത്തലത്തിൽ നടക്കുന്നവയാണ് എന്നതിനാലാണ്. പ്രാദേശികവാർത്താത്താളുകളിൽ ഒരു ഫോട്ടോയോ ഒരുതുണ്ടു വാർത്തയോ വന്നാലായി. ആ ഒറ്റയൊറ്റ പ്രവർത്തനങ്ങൾ മാത്രം കാണുന്ന ഒരാൾക്ക് അതിനപ്പുറമുള്ള പ്രാധാന്യം അതിൽ തോന്നുകയുമില്ല. ഈ പ്രവർത്തനങ്ങൾ പലതും ജനപങ്കാളിത്തത്തോടെയാണു നടക്കുന്നതെങ്കിലും അവയിൽ പങ്കെടുക്കുന്നവരിൽ മഹാഭൂരിപക്ഷത്തിനുപോലും ആ ‘ചെറിയ’ പ്രവർത്തനം ഉണ്ടാക്കുന്ന വലിയ നേട്ടങ്ങൾ മനസിലാകുകയില്ല. റോഡും പാലവും കെട്ടിടവും വികസനമായി കാണുന്ന നമ്മുടെ സമൂഹത്തെ അത്തരം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും എളുപ്പമല്ല.

എന്നാൽ, സർക്കാർ ഇതിനെ കണ്ടത് എങ്ങനെയാണ് എന്നതിന്റെ സാക്ഷ്യമായിരുന്നു ഹരിതകേരളമിഷന്റെ ഉദ്ഘാടനദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അതിനെ വിശേഷിപ്പിച്ച വാക്കുകൾ: “ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കാന്‍‌പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി.” ‘ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി ആരംഭിച്ച മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്’ ആയും അദ്ദേഹം അതിനെ പ്രഖ്യാപിച്ചു. ‘അശാസ്ത്രീയമായ വികസനസങ്കല്പങ്ങള്‍ വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുക’ എന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികലക്ഷ്യമായി മുഖ്യമന്ത്രി വിശദീകരിച്ചത്.

ഇന്ന് അഞ്ചുവർഷം തികയാറാകുമ്പോൾ ഈ രംഗത്തു കൈവരിച്ച നേട്ടത്തെപ്പറ്റി തദ്ദേശഭരണമന്തി എ. സി. മൊയ്തീനോടു ചോദിച്ചു. മറുപടിയിൽ തികഞ്ഞ അഭിമാനം: “പരിസ്ഥിതിസംരക്ഷണത്തിൽ നിർണ്ണായകനേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിനായിട്ടുണ്ട്. ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ നടത്തിയ വലിയ ജനകീയമുന്നേറ്റമാണ് ഇതു സാദ്ധ്യമാക്കിയത്. കുടുംബശ്രീ, തൊഴിലുറപ്പുമിഷനുകൾ, ശുചിത്വമിഷൻ തുടങ്ങിയ ഏജൻസികളും ഇതിൽ പങ്കാളികളായി.”

പരിപാടിയുടെ ദർശനം അദ്ദേഹം ഇങ്ങനെ സംഗ്രഹിച്ചു: “വികസനസംസ്കാരത്തിന്റെ അളവുകോലായി കാണേണ്ട മാലിന്യസംസ്കരണത്തിനുള്ള അവബോധം ജനങ്ങളിൽ വളർത്തിയെടുത്ത് ജനകീയപങ്കാളിത്തത്തോടെയേ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാൻ കഴിയൂ എന്ന ബോദ്ധ്യത്തിലാണ് ഹരിതകേരളം മിഷനു രൂപം നൽകിയത്.” ഇത്രകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ജനക്ഷേമം എന്നത് മണ്ണും വെള്ളവും പ്രകൃതിയും വീണ്ടെടുക്കൽകൂടിയാണ്.” കേരളഭരണത്തിനു പലപ്പോഴും പരിചിതമല്ലാതിരുന്ന ഈ നവദർശനമാണ് ഈ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചത്.

ഈ ഹരിതദർശനം യാഥാർത്ഥ്യമാക്കാനുള്ള യത്നത്തിനു ചുക്കാൻ പിടിച്ച ഹരിതകേരളമിഷന്റെ ഉപാദ്ധ്യക്ഷ ഡോ: റ്റി. എൻ. സീമയും ഈ ആശയം‌തന്നെ പങ്കുവയ്ക്കുന്നു: “ഇതുവരെ നേരിട്ട പരിസ്ഥിതിദുരന്തങ്ങളുടെ അനുഭവപാഠങ്ങളിൽനിന്നുകൂടി രൂപപ്പെടുത്തിയ പാരിസ്ഥിതികബോധത്തിന്റെ വെളിച്ചത്തിൽ നാടിന്റെ പരിസ്ഥിതിസന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള പരിശ്രമമാണു മിഷൻ നടത്തിയത്.”

 

ഭക്ഷണപ്പേടി പോയി

ആഹാരത്തിൽനിന്നുതന്നെ തുടങ്ങാം. പുറം‌നാട്ടിലെപ്പോലെ അനിയന്ത്രിതവും അശാസ്ത്രീയവുമായ രാസവിഷപ്രയോഗമില്ലാതെ സംസ്ഥാനത്തു പുതുതായി 2,24,000 ഹെക്റ്ററിൽ നെൽക്കൃഷിയും 82,167 ഹെക്റ്ററിൽ പച്ചക്കറിക്കൃഷിയും ഹരിതകേരളം മിഷന്റെ പ്രവർത്തനത്തിലൂടെ മാത്രം സാദ്ധ്യമാക്കി.

‘സുജലം സുഫലം’ പദ്ധതിയിലൂടെ നെൽക്കൃഷിയിൽ മുന്നേറ്റം സൃഷ്ടിച്ചു. 24,000 ഹെക്ടർ തരിശുനിലങ്ങളിൽ നെൽക്കൃഷി ചെയ്തു. ഇതിനകം 87 ഗ്രാമങ്ങൾ തരിശുരഹിതമാക്കി. ഇപ്പോൾ 152 ഗ്രാമങ്ങൾ ആ പാതയിലാണ്. 240 ക്ലസ്റ്ററുകളിൽ ജൈവപച്ചക്കറിക്കൃഷി നടപ്പിലാക്കി. നല്ല മുറ കൃഷിസമ്പ്രദായത്തിനു പ്രോത്സാഹനവും നല്കിവരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ 1,344 വാർഡുകൾ ഹരിതസമൃദ്ധി വാർഡുകൾ ആക്കി; 546 വാർഡുകൾ ആ വഴിയിൽ മുന്നേറുന്നു.

ജൈവപച്ചക്കറിക്കൃഷിക്കുള്ള ജനകീയക്യാമ്പയിനിലൂടെ തരിശുകളിൽപ്പോലും കൃഷി വ്യാപിപ്പിച്ചും ഒട്ടെല്ലാ  കുടുംബങ്ങളെയും പങ്കാളികളാക്കിയും ഒൻപതുലക്ഷം മെട്രിക് ടൺ പച്ചക്കറി അധികമായി ഉത്പാദിപ്പിച്ചു. 2015-16-വർഷത്തെ 6.28 ലക്ഷത്തിൽനിന്ന് 2019-20-ൽ 15 ലക്ഷം മെട്രിക് ടണിലേക്കുള്ള വർദ്ധന. വിദ്യാർത്ഥികളുടെ മുൻകൈയിൽ അടുക്കളപ്പച്ചക്കറിത്തോട്ടം വ്യാപകമാക്കി വിദ്യാഭ്യാസവകുപ്പും യജ്ഞത്തിൽ പങ്കാളിയായി.

മിഷന്റെ ഭാഗമല്ലാതെയും കൃഷിവകുപ്പു ധാരാളം പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തിനായി നടപ്പാക്കിയിട്ടുണ്ട്. ഹരിതനഗരി, ടെറസ്സുകൃഷി തുടങ്ങിയ വിവിധപദ്ധതികൾ‌വഴി നഗരങ്ങളിൽപ്പോലും പച്ചക്കറി വിളയിച്ചു. പച്ചക്കറിക്കൃഷിക്ക് ഉതകുംവിധം ഫ്ലാറ്റുസമുച്ചയങ്ങളിലും വീടുകളിലും മലിനജലം സംസ്ക്കരിച്ച് ഉപയോഗിക്കാൻ 10 ലക്ഷം രൂപവീതം നല്കുന്ന പ്രോജക്ട് പോലെ പല പദ്ധതികളും നടപ്പാക്കി.

തരിശായി കിടന്ന ആറൻമുള, മെത്രാൻ കായൽ, ആവളപ്പാണ്ടി, തഴവ കായൽ പുഞ്ച, കീഴാൽ പാടശേഖരം, റാണി-ചിത്തിര കായൽ എന്നീ പാടശേഖരങ്ങളിൽ കർഷകഗ്രൂപ്പുകളുടെ സഹായത്തോടെ കൃഷിയിറക്കി. തരിശ്ശിടുന്ന മറ്റു പാടശേഖരങ്ങൾ ഏറ്റെടുത്തു കർഷകഗ്രൂപ്പുകൾവഴി കൃഷിചെയ്യാൻ പഞ്ചായത്തുകൾക്ക് അധികാരം നല്കി. ഇതിനായി തണ്ണീർത്തടസംരക്ഷണനിയമം ഭേദഗതിയും ചെയ്തു. പ്രകൃതിദത്തജലസംഭരണിയായ നെൽവയലുകൾ സംരക്ഷിക്കുന്നത് പ്രകൃതി, ആവാസവ്യവസ്ഥകളുടെ സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ചു നിലമുടമകൾക്കു റോയൽറ്റി നല്കാനും തുടങ്ങി. ഇങ്ങനെ ഭാവനാപൂർണ്ണമായ പലതും പ്രകടനപത്രികയിൽത്തന്നെ എൽ. ഡി. എഫ്. പ്രഖ്യാപിച്ചിരുന്നതും ഓർക്കാം.

ഇതെല്ലാം ഫലം കണ്ടു. രൂക്ഷമായ വരൾച്ചയിൽ പതിനായിരക്കണക്കിനു ഹെക്ടർ കൃഷി നശിച്ചിട്ടും 2016-17-വർഷം  1,71,398 ഹെക്ടറിൽ നെൽക്കൃഷി ചെയ്തിരുന്നു. ഇത് 2017-18-ൽ 2,20,449 ഹെക്ടർ ആയി. ഉദ്പാദനം ആറുലക്ഷത്തിലധികം മെട്രിക് ടൺ അരി. മഹാപ്രളയത്തിൽ 2018-19-ൽ പതിനായിരക്കണക്കിനു ഹെക്ടർ കൃഷി നശിച്ചിട്ടും ‘പുനർജ്ജനി’ പ്രവർത്തനങ്ങളിലൂടെ രണ്ടുലക്ഷം ഹെക്ടറിൽ നെല്ലു വിളയിച്ചു; 2019-20-ൽ 2,02,049 ഹെക്ടറിലും. നെൽക്കൃഷിഭൂമിയുടെ വിസ്തൃതി ഈ പഞ്ചവത്സരപദ്ധതി പൂർത്തിയാകുമ്പോൾ മൂന്നുലക്ഷം ഹെക്ടറായി വർദ്ധിക്കും.

 

വികസനം ഇനി നീർത്തടതലത്തിൽ

പ്രകൃതിസംരക്ഷണവും വിഭവപരിപാലനവും അതിന്റെ അടിസ്ഥാനത്തിലുള്ള സുസ്ഥിരവികസനവും നീർമറിപ്രദേശങ്ങൾ (watershed) എന്ന തണ്ണീർത്തടങ്ങൾ അടിസ്ഥാനമാക്കി വേണമെന്നതാണ് ആധുനികകാലത്തെ പ്രധാനസമീപനം. ഇതിനായി സംസ്ഥാനത്തെ പ്രാദേശികസർക്കാരുകളിലെ നീർത്തടവിവരശേഖരണം ഏറെക്കുറെ പൂർത്തിയായി.

ഹരിതകേരളമിഷന്റെ മുൻകൈയിൽ 923 ഗ്രാമപ്പഞ്ചായത്തും  105 ബ്ലോക്കും അടക്കം 1028 തദ്ദേശസ്ഥാപനങ്ങളിൽ സമഗ്രനീർത്തടപ്ലാൻ തയ്യാറാക്കി. പ്രാദേശികസർക്കാരുകൾ ഇതിന്റെ തുടർപ്രവർത്തനങ്ങൾ നടത്തുകയാണ്. പ്ലാൻ പ്രകാരം 100 ഗ്രാമപ്പഞ്ചായത്തിൽ ജി.ഐ.എസ്. അധിഷ്ഠിത പദ്ധതികൾ അന്തിമഘട്ടത്തിലാണ്. പ്ലാനിൽവരുന്ന കുളങ്ങളുടെയും നീർച്ചാലുകളുടെയും പുനരുദ്ധാരണം, അധികജലസംരക്ഷണം ഉറപ്പാക്കാൻ തടയണകളുടെ നിർമ്മാണം, ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നിർമ്മിതികൾ തുടങ്ങിയവയും നടക്കുന്നു. ഇങ്ങനെ പുനരുദ്ധരിക്കുന്ന 703 കുളങ്ങളിൽ 364 എണ്ണം പൂർത്തിയായി.

 

പുതുവെള്ളത്തിന്റെ ചില്ലൊളി

ആദിപമ്പ-വരട്ടാർ പുനർജ്ജനിച്ചു എന്നു കേട്ടപ്പോൾ കേരളീയർക്ക് വിസ്മയമായിരുന്നു. ആ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞത്, വരട്ടാറില്‍ മാത്രമായി പരിമിതപ്പെടുത്താവുന്ന ഒരു പ്രവര്‍ത്തനമല്ല ഇതെന്നാണ്. “കേരളത്തിലെ നാല്പത്തിനാലു നദികളും അതിന്റെ പ്രൗഢിയോടെ ഒഴുകുന്നു എന്നുറപ്പുവരുത്താന്‍ പോരുന്ന തരത്തില്‍ കേരളമാകെ ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകണം.”

ഉണ്ടായി. മണ്ണും ചെളിലും മാലിന്യങ്ങളും നിറഞ്ഞു നികന്നും ഒഴുക്കുനിലച്ചും പോയിരുന്നു ഒട്ടേറെ നദികൾക്കു സാധാരണമനുഷ്യർ പുനർജ്ജനി നല്കിയപ്പോൾ കേരളചരിത്രത്തിലെ ഒരു പുതിയ ഏടായി അതു മാറി.  പത്തനംതിട്ട വരട്ടാറിനു പിന്നാലെ കിളളിയാർ (തിരുവനന്തപുരം), കുട്ടമ്പേരൂറാർ (ആലപ്പുഴ), മീനച്ചിലാർ (കോട്ടയം), കരുമാത്തൂർ (കണ്ണൂർ), ചാലിയാർ (മലപ്പുറം), കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കോരയാർപ്പുഴ (പാലക്കാട്) എന്നീ നദികളും കോലറയാർ, കാനാപ്പുഴയാർ, പള്ളിക്കലാർ, പൂനൂറാർ, അടിയഞ്ചാലിൽ പുത്തൻതോട്, പാണ്ടിവയൽ തോട് എന്നിവയും ജനപങ്കാളിത്തത്തിൽ പുനർജ്ജനിച്ചു.

ഹരിതകേരളം മിഷന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായ ഇതിനു കർമ്മപരിപാടി ഉണ്ടാക്കിയതുതന്നെ ജനങ്ങളാണ്. ഡോ: സീമ അത് ഇങ്ങനെ വിശദീകരിച്ചു: “പുഴയൊഴുകിയ വഴികളിലൂടെയുള്ള ‘പുഴനടത്തം’ മുതൽ  ചിട്ടയായ പ്രവർത്തനങ്ങളുടെ ഒരു പരമ്പര ജനങ്ങൾതന്നെ ആവിഷ്ക്കരിച്ചു. നദീപുനരുജ്ജീവനത്തിനു ജനകീയസമിതികൾ ഉണ്ടാക്കി.  ‘പുഴപുനരുജ്ജീവനം - പ്രവർത്തനരേഖ’ തയ്യാറാക്കി. ‘എല്ലാവരും ജലാശയങ്ങളിലേക്ക്’ എന്ന പേരിൽ ജലസ്രോതസ്സുകളുടെ ഏകദിനജനകീയപുനരുജ്ജീവനം, ‘ഇനി ഞാനൊഴുകട്ടെ’ എന്ന പേരിൽ നീച്ചാലുകളുടെ ജനകീയവീണ്ടെടുപ്പ് ഒക്കെ സാദ്ധ്യമാക്കി. പുനരുജ്ജീവനം ആവശ്യമായ നദികൾ തെരഞ്ഞെടുത്തതും ജനപങ്കാളിത്തത്തോടെതന്നെ. തൊഴിലുറപ്പുപദ്ധതിയും ഫലപ്രദമായി ഉപയോഗപ്പെടുത്തി.”

അങ്ങനെ സംസ്ഥാനത്തെ 412 കി.മീ. നീളം പുഴകളും 42,774 കിലോമീറ്റർ നീളത്തിൽ നീർച്ചാലുകളും പുനരുജ്ജീവിപ്പിച്ചു. അടഞ്ഞുപോയ പല നീരൊഴുക്കുകളും തുറന്നു. സംസ്ഥാനത്ത് ആകെയുള്ള തോടുകൾ 82,000 കിലോമീറ്ററാണെന്ന് അറിയുമ്പോഴാണ് അതിൽ പകുതിയിലേറെയാണു നാം ശുചീകരിച്ചു വീണ്ടെടുത്തത് എന്നു മനസിലാകുക. ഈ യത്നത്തിൽ 1,62,295 പേർ പങ്കാളികളായതായി കണക്കാക്കുന്നു.

കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജനം. ഇതിലൂടെ ആയിരത്തിലേറെ ഏക്കറിൽ നെൽക്കൃഷിയും പുനരാരംഭിച്ചു. രണ്ടാം ഘട്ടമായി അവിടെ 2000 കി.മീ. നീർച്ചാലുകൂടി പുനരുജ്ജീവിപ്പിച്ച് 52,000 ഏക്കറിൽക്കൂടി കൃഷി ഇറക്കി. മേലുകാവ് ഇലവിഴാപ്പൂഞ്ചിറ നാലുകോടി രൂപ മുടക്കി നവീകരിച്ചതിലൂടെ കൈവരിച്ചത് 225 ലക്ഷം ലിറ്റർ ജലസംഭരണം. ആമയിഴഞ്ചാൻതോടിന്റെയും പാർവതീപുത്തനാറിന്റെയും ഒഴുക്കു പുനഃസ്ഥാപിച്ചത് തലസ്ഥാനത്തെ വെള്ളക്കെട്ടിനു പരിഹാരമായി. എല്ലാറ്റിനുമുണ്ട് ഇത്തരം നേട്ടങ്ങൾ.

കുളവും കിണറും നിർമ്മിച്ചതിന്റെയും നവീകരിച്ചതിന്റെയും കണക്കു നേരത്തേ പറഞ്ഞു. ഇതിലൂടെ സൃഷ്ടിച്ചത് 1,21,81,650 ഘനമീറ്റർ ജലസംഭരണശേഷിയാണ്. പാറമടകളിലെ ജലം പരിശോധനകൾക്കുശേഷം നിർമ്മാണത്തിനും കൃഷിക്കും വ്യാവസായത്തിനും നല്കാനും അങ്ങനെ ശുദ്ധജലം ലാഭിക്കാനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

ഹരിതകേരളത്തിൽ 2019-20-ൽമാത്രം ചെറുകിടജലസേചനവിഭാഗത്തിൽ 12.85 കോടി രൂപയുടെ 35 പ്രവൃത്തികളും 13.29 കോടി രൂപ ചെലവിൽ 52 ടാങ്കുകളുടേയും കുളങ്ങളുടേയും പുനരുദ്ധാരണവും നടന്നു. ഏറ്റവും വലിയ കായലും കുട്ടനാടിന്റെ ഹൃദയവുമായ വേമ്പനാട് കായൽ പുനരുദ്ധാരണത്തിനും പദ്ധതി തയാറായിരിക്കുന്നു.

വനത്തിനുള്ളിലും  ജലാശയങ്ങളും നദികളും ഹരിതകേരളം മിഷന്റെ ഭാഗമായി മാലിന്യമുക്തമാക്കുന്നുണ്ട്. അത്തരം 169 കുളങ്ങൾ വൃത്തിയാക്കി. നൂറുകണക്കിനു ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നടപടിയെടുക്കുകയും ചെയ്തു.

ഹരിതകേരളമിഷന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും അണിനിരത്തി നടത്തിയ വിപുലമായ ജലസംരക്ഷണക്യാമ്പയിനിലൂടെയാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

ജലസംരക്ഷണരംഗത്തു പ്രാദേശികമായി വന്ന മാറ്റത്തിനു വഴികാട്ടിയായത് ജലസമൃദ്ധിപദ്ധതിക്കായി കാട്ടാക്കട നിയോജകമണ്ഡലം കാഴ്ചവച്ച പ്രവർത്തനമാണ്. മണ്ഡലത്തിലൂടെ ഒഴുകുന്ന കരമനയാറിന്റെ ശുദ്ധീകരണം മുതൽ വീട്ടുതലം‌വരെ അതിവിപുലമായ പ്രവർത്തനമാണ് അവിടെ നടന്നത്. അവിടെ 40 സർക്കാർസ്ഥാപനങ്ങളിലും അഞ്ച് അങ്കണവാടികളിലും കൃത്രിമഭൂജലസംപോഷണപദ്ധതികൾ പൂർത്തീകരിച്ചു. ഇതിലൂടെയെല്ലാം ഭൂജലത്തിന്റെ നിരപ്പ് ഉയർന്നു. എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമഭൂജലസംപോഷണപദ്ധതികൾ പൂർത്തീകരിച്ച ആദ്യനിയോജകമണ്ഡലമായി 2019 നവംബർ 14-നു കാട്ടാക്കട മാറി.

പ്രകൃതിസംരക്ഷണവും വിഭവപരിപാലനവും ശാസ്ത്രീയമായി നടപ്പാക്കാൻ തൊഴിലുറപ്പുപദ്ധതി (MGNREGS) ഉപയോഗപ്പെടുത്തി. ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പുപദ്ധതിയിൽ ‘ജലസംരക്ഷണമിഷൻ’ എന്ന പദ്ധതിതന്നെ കൊണ്ടുവന്നു. രൂക്ഷമായ ജലദൗർലഭ്യം അനുഭവിക്കുന്ന ബ്ലോക്കുകളിൽ തുടങ്ങി വ്യാപിപ്പിക്കുന്ന രീതിയാണു സ്വീകരിച്ചിട്ടുള്ളത്. പരമാവധി മഴവെള്ളം ഭൂമിയിൽ താഴ്ത്താനും മണ്ണൊലിപ്പ് തടയാനുമുള്ള മഴക്കുഴികൾ, കോണ്ടൂർ ട്രഞ്ച്, കോണ്ടൂർ ടെറസിങ്, മണ്ണുകയ്യാല, കല്ലുകയ്യാല, ചെക്ക് ഡാമുകൾ, വനവത്ക്കരണപ്രവൃത്തികൾ തുടങ്ങിയവയൊക്കെ ഇതിലുണ്ട്.

ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും ഫലപ്രദമായ നടപടി നാം തുടങ്ങിയിരിക്കുന്നു. ജലനിധിയുടെ സി.സി.ഡി.യു.വിന്റെ നേതൃത്വത്തിൽ 2019-20-ൽമാത്രം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ആശ, എൻ.എസ്.എസ്. പ്രവർത്തകരുടെയും സഹകരണത്തോടെ ആറായിരത്തോളം സാമ്പിളുകൾ ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചു പരിശോധിച്ചു. അംഗീകൃത ജലഗുണനിലവാരപരിശോധനാകേന്ദ്രങ്ങൾ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ സ്ഥാപിക്കാനുള്ള നടപടികൾ ഹരിതകേരളമിഷനുമായി ചേർന്നു സ്വീകരിച്ചുവരികയാണ്.

ഇങ്ങനെ നടന്ന ഒട്ടേറെ ജലസംരക്ഷണകാര്യങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണച്ചട്ടങ്ങൾ ഭേദഗതി ചെയ്ത് 300 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുകൾക്കും എല്ലാ വ്യവസായകെട്ടിടങ്ങൾക്കും ജലക്കൊയ്ത്തും സംഭരണവും നിർബ്ബന്ധമാക്കുന്നതു മാത്രമാകും പത്രമാദ്ധ്യമങ്ങളിൽ വന്നത്. എന്നാൽ, ഇവയൊക്കെ പ്രാദേശികവികസനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനുള്ള മുന്നുപാധികളാണ് എന്ന് അറിയുന്നവർക്കേ അതിന്റെ പ്രാധാന്യം മനസിലാകൂ.

 

ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല

പുനർനിർമ്മാനത്തിനും ശുദ്ധീകരണത്തിനും ഒപ്പം എല്ലാ ജലസ്രോതസ്സുകളുടെയും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾക്കു രൂപം നല്കി. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു പൂർണ്ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്കു മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ഏർപ്പെടുത്തി കേരള ജലസേചനവും ജലസംരക്ഷണവും നിയമം 2018-ൽ ഭേദഗതി ചെയ്തു.

‘പുഴയോരസംരക്ഷണപദ്ധതി’വഴി പമ്പാതീരത്ത് 72.5 കി.മീറ്റർ ദൂരത്തിൽ മുള വച്ചുപിടിപ്പിച്ചു. നദികളുടെ തീരങ്ങളിൽ ആറ്റുവഞ്ചിച്ചെടി, മുള മുതലായവ വച്ചുപിടിപ്പിക്കുന്നു. നദികളുടെ പാർശ്വഭിത്തികൾ ഇടിഞ്ഞു നദികൾ നികന്നുപോകുന്നതിനാൽ പാർശ്വഭിത്തികൾ  രാമച്ചം, കയർ ഭൂവസ്ത്രം എന്നിവ ഉപയോഗിച്ചു ബലപ്പെടുത്തുന്നു. ഹരിതകേരളം മിഷൻ മണ്ണു-ജലസംരക്ഷണപ്രവർത്തനങ്ങൾക്കു വ്യാപകമായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. ഇതു കയർവ്യവസായത്തിനും താങ്ങായി. ഇതിനകം 1,47,239 ഏക്കർ വൃഷ്ടിപ്രദേശപരിപാലനം പൂർത്തീകരിച്ചു.

ഈ രംഗത്തെ ഇടപെടൽ മനസിലാക്കാൻ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം നല്ല മാതൃകയാണ്. അവിടെ സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ സഹായത്തോടെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBGIPS) ആണു പദ്ധതി നടപ്പാക്കിയത്. നീർച്ചാലുകൾ ശുചിയാക്കുക, വശങ്ങളിൽ കയർ ഭൂവസ്ത്രം  അണിയിക്കുക, അന്യംനിന്നുപോകുന്ന വാഴയിനങ്ങൾ വശങ്ങളിൽ വച്ചുപിടിപ്പിക്കുക, നാടൻ മത്സ്യയിനങ്ങളുടെ സംരക്ഷണം എന്നിവയാണു നടപ്പിലാക്കിയത്. ഇതു വ്യാപിപ്പിക്കുകയാണ്. ഇതിനൊപ്പം തീരദേശഗ്രാമപ്പഞ്ചായത്തുകളിലെ കാവുകളുടെ തത്‌സ്ഥിതി അവലോകനം ചെയ്തു സംരക്ഷണമാർഗരേഖയും തയ്യാറാക്കിവരികയാണ്.

ജലവിഭവവകുപ്പ് വേമ്പനാട് ജലവ്യൂഹത്തിലേക്ക് ഒഴുകിയെത്തുന്ന അഞ്ചു നദികളുടെ അളവ്, ഗുണനിലവാരം, സ്ഥാലികവും താത്ക്കാലികവുമായ ജലലഭ്യത, ഉപയോഗം, ഭാവിയിലെ ജലാവശ്യം എന്നിവയുടെ വിവരശേഖരം തയ്യാറാക്കി. ഭാരതപ്പുഴയിൽ നിലവിലുള്ള 3,876 ടാങ്കുകളെയും കുളങ്ങളെയും സംഭരണശേഷി, ജലത്തിന്റെ ഗുണനിലവാരം, ഉടമസ്ഥാവകാശം, ഉപയോഗം എന്നിവയനുസരിച്ചു വേർതിരിച്ചു. കുപ്പം നദീതടത്തിലെ മംഗാര, വളപട്ടണം തടത്തിലെ പാലപ്പുഴ, കീച്ചേരി തടത്തിലെ പാഴുർ, മൂവാറ്റുപുഴ തടത്തിലെ കടമ്പൂർ, മീനച്ചിൽ തടത്തിലെ ചെരിപ്പാട്, മണിമല തടത്തിൽ മുണ്ടക്കയം എന്നിവയുടെ ഡ്രെയിനേജ് മാപ്പ്, മണ്ണുമാപ്പ്, ഭൂവിനിയോഗമാപ്പ് എന്നിവ തയ്യാറാക്കി. മലമ്പുഴ, കുറ്റിയാടി, പീച്ചി, മൂവാറ്റുപുഴ, നെയ്യാർ ജലസേചനപദ്ധതികൾക്കായുള്ള ജലോപയോഗക്ഷമത പഠിച്ചു. കേരളത്തിലെ പ്രധാന തണ്ണീർത്തടങ്ങളുടെ മാനേജ്മന്റ് ആക്‌ഷൻ പ്ലാൻ തയ്യാറാക്കി. എത്ര മാദ്ധ്യമങ്ങളിൽ വാർത്തയായി?

കായലുകളുടെ രക്ഷയ്ക്ക് ഹൗസ്ബോട്ടുകളിലെ മാലിന്യം നിയന്ത്രിക്കാൻ ബയോടോയ്‌ലെറ്റ് കർശനമാക്കി. ആലപ്പുഴയിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ആരംഭിച്ചു.

സമാനമായ മറ്റൊന്ന് വൃഷ്ടിപ്രദേശപരിപാലനമാണ്. അതു നമ്മളിൽ പലരും അറിഞ്ഞിട്ടുതന്നെ ഉണ്ടാവില്ല. നീരൊഴുക്കു വർദ്ധിപ്പിക്കാനും ഭൂഗർഭജലം വർദ്ധിപ്പിക്കാനും കിണറുകളിലെ ജലനിരപ്പ് ഉയർത്താനും കൃഷിക്കു വെളളം എത്തിക്കാനും വലിയതോതിൽ വഴിയൊരുക്കിയ പ്രവർത്തനമാണിത്. വരൾച്ച രൂക്ഷമായിരുന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിച്ചത് ഇങ്ങനെയാണ്. ഇപ്രകാരം പരിപാലിക്കുന്നത് 1,60,116 ഏക്കർ വൃഷ്ടിപ്രദേശമാണ്. ഇതൊക്കെക്കൊണ്ടാണ് കുടിവെള്ളക്ഷാമവും വെള്ളമില്ലാതെ കൃഷി ഉണങ്ങലുമൊക്കെ പത്രമാദ്ധ്യമങ്ങളിൽനിന്നു പടിയിറങ്ങിയത്.

 

ശ്വാസകോശങ്ങളായി പച്ചത്തുരുത്ത്

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊന്നാണ് ‘പച്ചത്തുരുത്ത്’ പദ്ധതി. വൃക്ഷവത്ക്കരണത്തിനു പുറമെ, കാവുകളും‌മറ്റും സംരക്ഷിക്കുന്നതല്ലാതെ കാവുകൾ സൃഷ്ടിക്കുന്ന പ്രവർത്തനം ഉണ്ടായിരുന്നില്ല. സാമൂഹികവനവത്ക്കരണം എന്ന പേരിൽ നാടിനും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഇണങ്ങാത്ത ചില പരദേശിമരങ്ങൾ പുറം‌പോക്കുകളിൽ നടുന്ന പരിപാടിയാണു വേറെ ഉണ്ടായിരുന്നത്. എന്നാൽ, തദ്ദേശീയമായ ഫലവൃക്ഷങ്ങളും മറ്റുംകൊണ്ട് 1500-ഓളം പച്ചത്തുരുത്തുകൾ സൃഷ്ടിച്ചിരിക്കുന്നൂ ഹരിതകേരളം മിഷൻ!

“പൊതുസ്ഥലങ്ങൾ ഉൾപ്പെടെയുള്ള തരിശിടങ്ങൾ കണ്ടെത്തി നാടൻ മരങ്ങളും നാടൻ സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിദ്ധ്യത്തുരുത്തുകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുകയാണു ലക്ഷ്യം.” മന്ത്രി എ. സി. മൊയ്തീൻ വിശദീകരിച്ചു.

അരസെന്റ് മുതൽ മുകളിലേക്ക് എത്ര ഭൂമിയിലും ജനങ്ങൾതന്നെ കാവുപോലെ മരങ്ങൾ വളർത്തുന്നു. 2019-ലെ പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരത്തെ പോത്തൻകോട് പഞ്ചായത്തിൽ വെങ്ങോട് വാർഡിൽ പഞ്ചായത്തിന്റെ ആറു സെന്റിൽ നീർമാതളം നട്ടു മുഖ്യമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ലക്ഷ്യമിട്ടത് 2020 ജൂൺ ആകുമ്പോഴേക്ക് ആയിരം പച്ചത്തുരുത്തുകൾ സൃഷ്ടിക്കണമെന്നാണ്. എന്നാൽ ലക്ഷ്യവും കടന്നു പദ്ധതി മുന്നേറി! നിശ്ചിതസമയത്തിനകം‌തന്നെ 590 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 454 ഏക്കർ ഭൂമിയിൽ 1261 പച്ചത്തുരുത്തുകൾ വളർന്നു; 1,69,552 വൃക്ഷത്തൈകളും അസംഖ്യം കുറ്റിച്ചെടികളും വള്ളിച്ചെടികളും ചേർന്നു കാടായി! ഈ പ്രവർത്തനം തുടരുകയാണ്.

പ്രാദേശികസർക്കാരുകൾക്കു പുറമെ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, സർക്കാർ വകുപ്പുകൾ, മതസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെല്ലാം പച്ചത്തുരുത്തുകൾ വളർത്തി. “മാലിന്യം വലിച്ചെറിഞ്ഞിരുന്ന ഇടങ്ങൾ വൃത്തിയാക്കി പച്ചത്തുരുത്തൊരുക്കി. തീരസംരക്ഷണത്തിനു കണ്ടൽക്കാടുകൾ വളർത്തലും പരമ്പരാഗതഫലവൃക്ഷങ്ങളുടെ സംരക്ഷണവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.” ഡോ: സീമ വിശദീകരിച്ചു. “ഇവയുടെ മൂന്നുവർഷത്തെ പരിപാലനവും പഴയ കാവുകൾ മെച്ചപ്പെടുത്തലും തൊഴിലുറപ്പുപദ്ധതിയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പ്രാദേശികകൂട്ടായ്മകൾക്കും രൂപം നല്കിയിട്ടുണ്ട്. നിരീക്ഷണസൗകര്യത്തിന് എല്ലാ പച്ചത്തുരുത്തുകളെയും മാപ്പത്തോണിലൂടെ ഉപഗ്രഹമാപ്പിങ് ചെയ്തു. എല്ലാ അർത്ഥത്തിലും പരിസ്ഥിതിജാഗ്രതയുടെ അടയാളങ്ങളാണ് ഓരോ പച്ചത്തുരുത്തും.”

 

പരിസ്ഥിതിനവോത്ഥാനം

ഹരിതകേരളം മിഷനുവേണ്ടി സർക്കാരിന്റെ സാമൂഹികവനവത്ക്കരണവിഭാഗമാണ് മുഖ്യമായും ഹരിതവത്ക്കരണം നടപ്പാക്കുന്നത്. മിഷന്റെ ഭാഗമായ സ്കൂൾക്കുട്ടികൾക്കുള്ള ‘എന്റെ മരം’ പദ്ധതിയൊക്കെ അവർ നടത്തുന്നതാണ്. ഇതുവഴിയും പഞ്ചായത്തുകൾ വഴിയും‌മായി മാത്രം വിതരണം ചെയ്തത് 2.715 കോടി വൃക്ഷത്തൈകൾ!

കേരളത്തിലെ 12,000 സ്കൂളുകളിൽ കുട്ടികൾ സൃഷ്ടിച്ച ‘ജൈവവൈവിദ്ധ്യോദ്യാനങ്ങൾ’ പുതിയ അവബോധസൃഷ്ടിയുടെകൂടി മുദ്രയാണ്. സംസ്ഥാനത്തെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും 2018-ലെ സ്കൂൾ തുറക്കൽസമയത്തു ചിത്രപുസ്തകരൂപത്തിൽ മുഖ്യമന്ത്രി അയച്ച കത്തുകൾ പരിസരശുചിത്വത്തിലും മരം വളർത്തലിലും ആണ് ഊനിയത് എന്നതു യാദൃച്ഛികമല്ല.

ടെറിറ്റോറിയൽ വിഭാഗവുമായിച്ചേർന്ന് വനമഹോത്സവത്തിന്റെ ഭാഗമായും തൈവിതരണം നടത്തിയിട്ടുണ്ട്. പങ്കാളിത്തവനപരിപാലനത്തിന്റെ ഭാഗമായി സാമൂഹികവനവത്ക്കരണവിഭാഗത്തിന്റെ കീഴിൽ ‘ഗ്രാമഹരിതസമിതികളും’ രൂപവത്കരിച്ചു പ്രവർത്തിപ്പിച്ചുവരുന്നു.

മുൻകാലങ്ങളിലെപ്പോലെ നടൽ മാത്രമല്ല, അവ വളരുന്നുവെന്ന് ഉറപ്പാക്കാനും ഇപ്പോൾ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നു സീമ ചൂണ്ടിക്കാട്ടി. “2016-18 കാലയളവിൽ നട്ട 1.3141 കോടി വൃക്ഷത്തൈകളുടെ അതിജീവനക്കണക്കെടുത്തത് വലിയൊരു തുടക്കമാണ്. ഇരുപതു കോളെജുകളിലെ വിദ്യാർത്ഥികളാണു കണക്കെടുത്തത്. 2016-17-ലെ 55.24-ഉം 2017-18-ലെ 62.53-ഉം ശതമാനം തൈകൾ വളർച്ചയെത്തിയതായി കണ്ടു; 75 ലക്ഷത്തിലേറെ തൈകൾ! അതൊരു ചെറിയ സംഖ്യയല്ല.”

ഈ കണക്കെടുപ്പ് പിന്നത്തെ മൂന്നുകൊല്ലം നട്ട തൈകൾ സംരക്ഷിക്കാനും പ്രേരണ ആയിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങളിൽ നടീൽതന്നെ ഒരുകോടിവീതമായി ഉയർത്തി. അതിജീവനം 62.5 ശതമാനം‌വച്ചു നോക്കിയാൽപ്പോലും അതിജീവിക്കുന്നവ രണ്ടരക്കോടിയിലേറെ വരും. മൂന്നേകാൽക്കോടി ജനങ്ങൾക്കു രണ്ടരക്കോടി മരം! ഇതിനുപുറമെ, വനാവരണം വർദ്ധിപ്പിക്കുന്നതിലും ഭൂവിസ്തൃതി കുറവായ ഈ സംസ്ഥാനം രാജ്യത്തു മൂന്നാം സ്ഥാനം നേടി.

പ്രതിവർഷം ഒരുകോടി ഫലവൃക്ഷത്തെകൾ‌വീതം നടുന്ന ‘ദശവത്സരപരിപാടി’യാണ് 2020-21-ലെ ബജറ്റിൽ ധനമന്ത്രി ഡോ: റ്റി. എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചത്: “പ്രതിവർഷം 54 കോടി രൂപ ചെലവുവരും. എന്നാൽ 10 വർഷംകൊണ്ട് 50,000 കോടി രൂപയുടെ അധികവരുമാനം ഇതു സംസ്ഥാനത്തു സൃഷ്ടിക്കും.” അസാദ്ധ്യമായ കാര്യമൊന്നുമല്ല ഇത്. ഫലസംഭരണത്തിനും സംസ്ക്കരണത്തിനും മൂല്യവർദ്ധനയ്ക്കും വിപണനത്തിനുമൊക്കെ സംവിധാനങ്ങൾ വികസിപ്പിച്ചാൽ ഇതു നല്ല വിജയമാക്കാം. തൊഴിലവസരവും വർദ്ധിക്കും. അടുത്ത രണ്ടു മന്ത്രിസഭകൾകൂടി ഇതേ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ മതി.

കണ്ടൽക്കാടുകൾ സംരക്ഷിക്കാനും വിവിധ പദ്ധതികൾ നടത്തിവരുന്നുണ്ട്. കണ്ടൽ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിപ്രകാരം വനംവകുപ്പ് കണ്ടൽത്തൈകളും തീരപ്രദേശങ്ങളിൽ വളരുന്ന കാറ്റാടി, രാമച്ചം, പൂവരശ് എന്നിവയും ഉത്പാദിപ്പിച്ചു നേരിട്ടു നട്ടുപിടിപ്പിക്കുകയും പൊതുജനങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കണ്ടൽച്ചെടി നടുന്നവർക്കും സംരക്ഷിക്കുന്നവർക്കും പ്രോത്സാഹനമായി കുടിവെള്ളവിതരണം, ഗ്യാസ് കണക്‌ഷൻ, ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം, മീൻകുഞ്ഞുങ്ങളുടെ  വിതരണം എന്നിവയും നടത്തുന്നു. സ്വകാര്യഭൂമിയിലെ കണ്ടൽ സംരക്ഷിക്കാൻ 2016 ഡിസംബറിലെ ഉത്തരവുപ്രകാരം ഏക്കറിനു 4000 രൂപ നിരക്കിൽ ധനസഹായവും നല്കുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ 237.92-ഉം തൃശൂർ ജില്ലയിൽ 3.385-ഉം ഹെക്റ്റർ കണ്ടൽവനങ്ങൾ റിസർവ് വനമായും കോഴിക്കോടുജില്ലയിൽ 2.82-ഉം മലപ്പുറം ജില്ലയിൽ 20.78-ഉം കാസർഗോഡ് ജില്ലയിൽ 54.695-ഉം ഹെക്ടർ കണ്ടൽവനങ്ങൾ ‘നിർദ്ദിഷ്ട’ റിസർവ് വനമായും വിജ്ഞാപനം ചെയ്തു സംരക്ഷിച്ചുവരുന്നു. കണ്ടൽക്കാടുള്ള മറ്റു ഭൂമികളും റിസർവ് വനമായി പ്രഖ്യാപിക്കാൻ നടപടി നടക്കുകയാണ്.

 

വീടും നാടും വെടിപ്പായി

ഇപ്പോഴത്തെ എൽ. ഡി. എഫ്. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത 2016 മേയ് 25-നു ചേർന്ന ആദ്യമന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാവിഷയം മഴക്കാലപൂര്‍വ്വശുചീകരണം ആയിരുന്നു എന്നതു പലരും ഓർക്കുന്നുണ്ടാവില്ല. ഇതിനായി മേയ് 27-നുതന്നെ രാവിലെ എല്ലാ വകുപ്പുകളുടേയും യോഗം വിളിച്ചുചേർക്കുകയും അടുത്തദിവസം‌തന്നെ ശക്തമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വെള്ളക്കെട്ടും മാലിന്യങ്ങളും ജനപങ്കാളിത്തത്തോടെ കണ്ടുപിടിച്ചു പരിഹരിക്കാൻ ‘ഇടവപ്പാതി’ എന്ന മൊബൈൽ ആപ്പുവരെ ദിവസങ്ങൾക്കകം തയ്യാറാക്കി. ശുചിത്വകാര്യത്തിൽ ആദ്യദിനം‌മുതൽ പുലർത്തിയ ഈ ശുഷ്ക്കാന്തിയാണ് തുടക്കത്തിൽ പറഞ്ഞതുപോലെ ഈ അടുത്ത വർഷങ്ങളിൽ പതിവു പകർച്ചവ്യാഥികൾ ഉണ്ടാകാതെ കേരളത്തെ കാക്കുന്നത്.

ഇപ്പോൾ സംസ്ഥാനത്തെ ജൈവമാലിന്യത്തിൽ 45 ശതമാനവും ഉറവിടത്തിൽ സംസ്ക്കരിക്കുന്നു. ബാക്കി ശേഖരിച്ചു വളമോ വളർത്തുജീവികളുടെ ആഹാരമോ ഒക്കെ ആക്കി മാറ്റാനും സംവിധാനം ഒരുക്കി. റോഡിൽ മാലിന്യം കാണാത്തതും നഗരങ്ങൾ നാറാത്തതും ഇതുകൊണ്ടാണ്.

“തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ പത്തുശതമാനം ഉറവിടമാലിന്യസംസ്ക്കരണത്തിനു വകയിരുത്താൻ നിഷ്ക്കർഷിച്ചു. അതുപ്രകാരം പ്രാദേശികസർക്കാരുകൾ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയതിലൂടെയാണ് ഇതു സാദ്ധ്യമായത്.” ഡോ: സീമ വ്യക്തമാക്കുന്നു.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന ആശയം പ്രചരിപ്പിച്ച് ജൈവമാലിന്യം ഉറവിടത്തി‌ൽത്തന്നെ കമ്പോസ്റ്റാക്കുന്ന സംവിധാനം 42.11 ലക്ഷം വീടുകളിലും 36,480 സ്ഥാപനങ്ങളിലും 2,365 കമ്മ്യൂണിറ്റിതലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൂടെ ദിവസേന 4,667.87 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നു. കൂടാതെ 92,616 വീടുകളിലും 1,419 സ്ഥാപനങ്ങളിലും 100 കമ്മ്യൂണിറ്റിതലങ്ങളിലും ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നു. ഇതു സാദ്ധ്യമാക്കാൻ വീടുകൾക്ക് ബയോഗ്യാസ് പ്ലാന്റുകൾ, വെർമി കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കിച്ചൻ ബിൻ കമ്പോസ്റ്റിങ് തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപിക്കാൻ സർക്കാർ 50 ശതമാനം സബ്സിഡി നല്കുന്നു. കമ്പോസ്റ്റായി സംസ്ക്കരിക്കപ്പെടുന്ന മാലിന്യം ഇപ്പോൾ വ്യാപകമായി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.

ആലപ്പുഴ ഉറവിടമാലിന്യസംസ്കരണപദ്ധതിക്ക് യുഎൻഡിപിയുടെ പ്രത്യേക പരാമർശം ലഭിച്ചു എന്നത് ഈ രീതിക്കുള്ള ആഗോളസ്വീകാര്യതയുടെ സാക്ഷ്യമാണ്.

കേരളത്തിലെ ഓരോ പ്രാദേശികസർക്കാർപ്രദേശത്തെയും മാലിന്യപ്രശ്നങ്ങൾക്കു സുസ്ഥിരപരിഹാരം ലക്ഷ്യമിട്ടുള്ള ഹരിതകേരളം മിഷന്റെ ‘മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം’ കാമ്പയിൻ 2017 ആഗസ്റ്റ് 15 മുതൽ എല്ലാ ജില്ലയിലും നടക്കുന്നു. വീടുകളിലെയും കോളനികളിലെയും ഫ്ലാറ്റുകളിലെയും കമ്പോളങ്ങളിലെയും കച്ചവട-വ്യവസായസ്ഥാപനങ്ങളിലെയും മാലിന്യം ഇതിലൂടെ സംസ്ക്കരിക്കുന്നു.  സ്ഥലപരിമിതിയുള്ള വീടുകളിലെ മാലിന്യം കമ്മ്യൂണിറ്റിതലത്തിലും സംസ്കരിക്കുന്നുണ്ട്. ഗാർഹികമാലിന്യസംസ്കരണത്തിനു 4,859 യൂണിറ്റുകളാണു സ്ഥാപിച്ചത്.

തദ്ദേശഭരണസ്ഥാപനങ്ങളിൽ 15,358 മാലിന്യസംസ്ക്കരണപദ്ധതികളാണു യാഥാർത്ഥ്യമാകുന്നത്. സീറോവേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതി 17 നഗരസഭകളിലായി 170 വാർഡുകളിൽ തുടങ്ങി. ഇതിനായി 1,419 വ്യവസായസ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകളും 97 കമ്മ്യൂണിറ്റിതല ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. കേരള ഫീഡ്സ് ജൈവമാലിന്യം ഉപയോഗിച്ച് തൊടുപുഴ ഫാക്ടറിയിൽ കോഴിത്തീറ്റ ഉത്പാദനം തുടങ്ങി.

വെളിയിടത്തിൽ വിസർജ്ജനം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് മാലിന്യവിമുക്തിക്കുള്ള പരിശ്രമത്തിലെ തിളങ്ങുന്ന ഏടാണ്. ഇതിനായി 2016-17 മുതൽ 2019-20 വരെ 431 കമ്മ്യൂണിറ്റി ടോയ്‌ലെറ്റുകൾ നിർമ്മിച്ചു. ഫിഷറീസ് വകുപ്പുമുഖേന 1,700 സാനിറ്ററി കക്കൂസുകൾ സ്ഥാപിച്ചതടക്കം വിവിധ വകുപ്പുകളുടെ പ്രയത്നവുമുണ്ട്. നഗരസഭകളിൽ 924-ഉം പഞ്ചായത്തുകളിൽ 457-ഉം പൊതുശൗചാലയങ്ങളുണ്ട്. ഇതിൽ 494 എണ്ണം സ്ത്രീസൗഹൃദമാണ്. ഹൈവേ ഓരത്ത് 59-ഉം പെട്രോൾ പമ്പുകൾ, ഹൈവേ ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ 699-ഉം പൊതുശൗചാലയങ്ങളുണ്ട്.

2020-21-ലെ ബജറ്റിൽ പ്രഖ്യാപിച്ച 12,000 പൊതുടോയ്‌ലെറ്റുകളുടെ നിർമ്മാണപുരോഗതിയുടെ വിവരം ലഭ്യമാകാത്തതിനാൽ ചേർത്തിട്ടില്ല.

കേരളത്തിലൂടെ ഓടുന്ന ട്രയിനുകളിൽ ബയോടോയ്‌ലെറ്റുകൾ റയിൽവേയെക്കൊണ്ടു നിർബ്ബന്ധമായും ഘടിപ്പിച്ചതും എടുത്തുപറയണം. ജല അതോറിറ്റി അമൃത് പദ്ധതിയിൽ നഗരങ്ങളിൽ നിർമ്മിക്കുന്ന സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ മറ്റൊരു വലിയ ചുവടുവയ്പാണ്.

ജൈവമാലിന്യങ്ങളുടെ സംസ്ക്കരണത്തിൽ കുടുംബങ്ങളെ സഹായിക്കാനും അജൈവമാലിന്യം സംഭരിക്കാനുമായി ഇന്ന് 1,033 തദ്ദേശഭരണസ്ഥാപനങ്ങളിൽ ഹരിതകർമ്മസേന സജീവമാണ്. അവയിലെ 32,003 അംഗങ്ങൾ 47,91,226 വീടുകളിലും 4,64,842 സ്ഥാപനങ്ങളിലും സേവനം നല്കുന്നു.

ഇത്തരം പ്രവർത്തനങ്ങളിലെല്ലാം‌കൂടി ഇക്കഴിഞ്ഞ തദ്ദേശഭരണത്തെരഞ്ഞെടുപ്പിനു മുമ്പായി 501 ഗ്രാമപ്പഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വപദവി നേടി.  എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സ്രോതസ്സിൽത്തന്നെ വേർതിരിക്കുന്ന, ജൈവമാലിന്യം ഉറവിടത്തിലോ സമീപത്തോ സംസ്കരിക്കുന്ന, അജൈവമാലിന്യം ഹരിതകർമ്മസേനവഴി ശേഖരിച്ചു റിസോഴ്സ് റിക്കവറി സെന്ററിൽ എത്തിക്കുന്ന, പൊതുചടങ്ങുകളിലും പൊതു ഓഫീസുകളിലും ഹരിതചട്ടം പാലിക്കുന്ന, നിരത്തുകൾ വൃത്തിയാക്കുന്ന, ഡമ്പിങ് കേന്ദ്രങ്ങൾ ഇല്ലാത്ത ഇത്രയും തദ്ദേശസ്ഥാപനങ്ങൾ! കേരളത്തിന്റെ പകുതിയിലേറെ പ്രദേശം വരും ഇത് എന്ന് ഓർക്കണം.

“കോവിഡ് മഹാമാരി വേഗം കുറച്ചില്ലായിരുന്നെങ്കിൽ കൂടുതൽ സ്ഥാപനങ്ങൾ അതിനകം സമ്പൂർണ്ണശുചിത്വപദവി കൈവരിക്കുമായിരുന്നു.” ഡോ: സീമ ചൂണ്ടിക്കാട്ടി.

“ഇതൊക്കെ നിർണ്ണയിക്കാൻ കൃത്യമായ മാനദണ്ഡങ്ങളും അവലോകനസംവിധാനങ്ങളുമുണ്ട്. സമ്പൂർണ്ണശുചിത്വപദവിക്കുമുമ്പ് ശുചിത്വപദവി എന്നൊരു ഘട്ടവുമുണ്ട്.” തദ്ദേശഭരണമന്ത്രി എ. സി. മൊയ്തീൻ വിശദീകരിക്കുന്നു. “ഖരമാലിന്യസംസ്കരണത്തിൽ 60 ശതമാനം പ്രവർത്തനം പൂർത്തിയാക്കുമ്പോൾ ശുചിത്വപദവി. തുടർന്ന് ദ്രവമാലിന്യം ഉൾപ്പെടെ എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള 100 ശതമാനം പ്രവർത്തനവും പൂർത്തിയാക്കുമ്പോൾ സമ്പൂർണശുചിത്വപദവി. ഇതാണു മാനദണ്ഡം.” എന്നുവച്ചാൽ, കേരളത്തിന്റെ ബാക്കി പകുതിയും ഈ നിലയിലേക്കു കുറെയേറെ മാറിക്കഴിഞ്ഞു; അവയും സമ്പൂർണ്ണശുചിത്വത്തിലേക്ക് അതിവേഗം മുന്നേറുകയാണ്.

മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ മികച്ച സംസ്കാരത്തിലേക്കു നമ്മുടെ നാടു മാറുന്നതിന്റെ ശുഭസൂചനയാണ് ശുചിത്വപദവി ആർജ്ജിക്കലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

“കേരളം തീർക്കുന്ന പുതുമാതൃകകൾ നാളെ രാജ്യത്തിനു വഴികാട്ടിയാകുന്നു എന്നാണല്ലോ നാം കാണുന്നത്. ഭാവനാപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ നാട്ടിൻപുറങ്ങളും നഗരങ്ങളും വൃത്തിയും വെടിപ്പും വീണ്ടെടുക്കുന്നതും രാജ്യം മാതൃകയാക്കും.” മന്ത്രി മൊയ്തീൻ അഭിമാനം‌ കൊള്ളുന്നു.

അതിനുമപ്പുറമുള്ള ലക്ഷ്യത്തിലേക്കാണു മിഷൻ ചുവടുവച്ചതെന്നു ഡോ: റ്റി. എൻ. സീമ പറയുന്നു: “വയനാട്ടിലെ മീനങ്ങാടിപോലെ കൂടുതൽ പഞ്ചായത്തുകളെ കാർബൺ ന്യൂട്രൽ പദവിയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളും മിഷൻ ഏറ്റെടുത്തിട്ടുണ്ട്.”

 

കീറിപ്പൊളിച്ച കീറാമുട്ടി

അജൈവമാലിന്യമായിരുന്നു എക്കാലത്തെയും നമ്മുടെ കീറാമുട്ടി. ഹരിതകർമ്മസേന വന്നതോടെ വീടുകളിൽനിന്ന് അവ സംഭരിക്കാൻ വഴിതുറന്നു. കൂടാതെ, അവ ശേഖരിക്കാൻ 1,339 മെറ്റീരിയൽ കളക്‌ഷൻ സെന്ററു(M. C. F.)കളും 2,825 മിനി എം. സി. എഫുകളും പുനഃചം‌ക്രമണസാദ്ധ്യതയില്ലാത്ത പ്ലാസ്റ്റിക് കവറുകൾ പൊടിക്കാനും രണ്ടാംഘട്ടതരം‌തിരിവിനുമായി ബ്ലോക്കുതലത്തിൽ 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റി(R. R. F.)കളും തുടങ്ങി.

ഹരിതകേരളം മിഷൻ തെരഞ്ഞെടുത്ത 51 ഹരിതസഹായസ്ഥാപനങ്ങൾ അവർക്ക് അനുവദിച്ച 335 ഗ്രാമപ്പഞ്ചായത്തുകൾക്കും 46 നഗരസഭകൾക്കും രണ്ടു കോർപ്പറേഷനുകൾക്കും ഖരമാലിന്യസംസ്ക്കരണപരിപാലനപ്രവർത്തനങ്ങൾക്കു സാങ്കേതികപിന്തുണ നല്കുന്നു.

പ്ലാസ്റ്റിക് പോലുള്ള അജൈവമാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ പ്രഖ്യാപിച്ച ‘ഹരിതചട്ട’(ഗ്രീൻ പ്രോട്ടോക്കോൾ)ത്തിലൂടെ വലിയതോതിൽ കഴിഞ്ഞിട്ടുണ്ട്. ഹരിതചട്ടത്തിന്റെ ഗുണഫലം മനസിലാക്കാൻ ഒറ്റ ഉദാഹരണം മതി. തലസ്ഥാനനഗരത്തെ മാലിന്യക്കൂമ്പാരമാക്കിമാറ്റുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു ഹരിതചട്ടം ബാധകമാക്കിയപ്പോൾ മാലിന്യം കുറഞ്ഞത് 400 ടണിൽനിന്ന് 50 ടണിലേക്ക്! വമ്പിച്ച ജനക്കൂട്ടം ഉണ്ടാകുന്ന പല ഉത്സവങ്ങളും പെരുനാളുകളും ഇങ്ങനെ ഹരിതമായി മാറിയിട്ടുണ്ട്. ഉത്സവങ്ങളിലും മറ്റു പരിപാടികളിലും നടപ്പാക്കിയതിനു പുറമെ, ലക്ഷ്യമിട്ട 10,000-ഉം കടന്ന് 11,507 ഓഫീസുകളും 9939 ഘടകസ്ഥാപനങ്ങളും 1,21,889 ഇതരസ്ഥാപനങ്ങളും ഇന്ന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നു.

ക്യാരിബാഗുകൾ അടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികൾ 2020 ജനുവരി ഒന്നുമുതലും പി.വി.സി. കലർന്ന ഫ്ലക്സ് 2019 ഓഗസ്റ്റ് 29 മുതലും പൂർണ്ണമായും നിരോധിച്ചു.  കുടുംബശ്രീയുടെ 1,320 യൂണിറ്റുകൾ ബദലുത്പന്നങ്ങൾ നിർമ്മിച്ച് ഈ നിരോധം വിജയമാക്കി. ‘പ്ലാസ്റ്റിക്‌മുക്തക്യാമ്പസ്’ എന്ന നിലയിലേക്കു സ്കൂൾ ക്യാമ്പസുകൾ മാറിയിട്ടുണ്ട്.

വിനോദസഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കാൻ ‘ഹരിതടൂറിസം പദ്ധതി’ നടപ്പാക്കി. വാഗമൺ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്ന 'വഴികാട്ടാൻ വാഗമൺ' പദ്ധതി വിജയം കണ്ടു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലും ഇതര വനമേഖലകളിലും മാലിന്യം ഇടുന്ന സ്ഥലങ്ങൾ കണ്ടെത്തി അപ്പപ്പോൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ട്. ‘മാലിന്യമുക്തകേരളം’ എന്ന ഈ പദ്ധതിയുടെ ഭാഗമായ ‘പ്രോജക്റ്റ് ഗ്രീൻ ഗ്രാസ്’ വഴി 121 സ്ഥലങ്ങൾ കണ്ടെത്തി 1850 മെട്രിക് ടൺ മാലിന്യം വനത്തിൽനിന്ന് ഇതിനകം നീക്കി.

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികൾ വിജയമായി. ‘മിഷൻ ഗ്രീൻ ശബരിമല’ പദ്ധതിയുടെ ഭാഗമായി പൂങ്കാവനവും നടപ്പാതകളും മാലിന്യമുക്തമാക്കി. ശബരിമലവനമേഖലയിലും കുറിഞ്ഞി സാങ്ച്വറിയിലും മാലിന്യം ഇടുന്നതു തടയാൻ സ്പോട്ട് ഫൈൻ ഏർപ്പെടുത്തി.

പ്ലാസ്റ്റിക് കൂടകൾ ഒഴിവാക്കി വനംവകുപ്പ് പരിസ്ഥിതിസൗഹൃദകൂടകളിൽ തൈ ഉത്പാദനം തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ 2020-21 വർഷം ഒരു ലക്ഷം തൈ കയർ ഫൈബർ കൂടകളിൽ വിതരണം ചെയ്തു.

കടലിൽനിന്നു പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു സംസ്ക്കരിക്കുന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നീണ്ടകരയിൽ നടപ്പാക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. വേമ്പനാട് കായൽ പുനരുദ്ധാരണപദ്ധതിയിൽ കായലിനടിത്തട്ടിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന ഒന്നാംഘട്ടം ഫിഷറീസ് വകുപ്പു നടപ്പിലാക്കുന്നു. വേമ്പനാട്ടുകായലിന്റെ ഭാഗമായ കോട്ടയം പഴുക്കാനിലം കായലിന്റെ ആഴം കൂട്ടാനുള്ള 105 കോടിയുടെ പദ്ധതി കിഫ്ബിവഴി കെ.ഐ.ഐ.ഡി.സി. നടപ്പാക്കുന്നുമുണ്ട്.

ബ്ലോക്കുതലത്തിൽ സ്ഥാപിച്ച 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളിൽ 1324.65 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. റോഡുനിർമ്മാണത്തിനായി അതിൽ 630.18 മെട്രിക് ടൺ പൊതുമരാമത്തുവകുപ്പിനും 594.16 മെട്രിക് ടൺ പ്രാദേശികസർക്കാരുകൾക്കും 5.03 മെട്രിക് ടൺ നാഷണൽ ഹൈവേക്കും നല്കി. കഴിഞ്ഞ നാലുവർഷം ഇതുപയോഗിച്ചു 2,023.34 കിലോമീറ്റർ റോഡു നിർമ്മിച്ചു.

ശബ്ദമലിനീകരണം, വായുമലിനീകരണം, നിർമ്മാണമാലിന്യങ്ങൾ എന്നിവ പരമാവധി കുറയ്ക്കുന്ന പരിസ്ഥിതിസൗഹൃദമായ റോഡുനിർമ്മാണരീതിയായ കോൾഡ് ഇൻ പ്ലേസ് റീസൈക്ലിങ് എന്ന ജർമ്മൻ സാങ്കേതികവിദ്യ കേരളത്തിലും നടപ്പാക്കി. നിലവിലുള്ള റോഡുപ്രതലം പൊളിച്ചെടുത്തു പുനരുപയോഗിക്കുന്ന രീതിയാണിത്. ആലപ്പുഴ ജില്ലയിലെ പുറക്കാട് - പാതിരപ്പള്ളി റോഡും ചേർത്തല - അരൂർ 23 കി.മീ. റോഡും തൃശൂർജില്ലയിലെ മണത്തല - തളിക്കുളം 17 കി.മീ. റോഡും കണ്ണൂർ കണ്ണൂർ ടൗൺ - മാഹി 17 കി.മീ. റോഡും ഇത്തരത്തിലാണു പുനർനിർമ്മിച്ചത്. ഇതു വ്യാപകമാക്കുകയാണ്.

കെട്ടിടവും കെട്ടിടനിർമ്മാണവും പരിസ്ഥിതിസൗഹൃദമാക്കാനും പൊതുമരാമത്തുവകുപ്പ് ഹരിതനിർമ്മാണച്ചട്ടംകൊണ്ടുവന്നു. വകുപ്പിലെ സാങ്കേതികജീവനക്കാർക്ക് ഹരിതതത്വങ്ങളെയും ഊർജ്ജസംരക്ഷിതനിർമ്മാണനിയമത്തെ(ECBC)യും പറ്റി പരിശീലനവും നല്കി. മറ്റു നിർമ്മാണമേഖലകളിലും ഇത്തരം വിദ്യകൾ ഉപയോഗിച്ചുവരുന്നുണ്ട്.

രസം പോലുള്ള രാസവിഷങ്ങളിൽനിന്നു നാടിനു മോചനം നല്കി എൽ. ഇ. ഡി. ബൾബുകൾ വ്യാപിപ്പിക്കുന്ന ഫിലമിന്റുരഹിതകേരളം പദ്ധതി വൈദ്യുതിയുപയോഗം കുറയ്ക്കുന്നതിലൂടെയും പ്രകൃതിക്ക് അനുഗ്രഹമാകുന്നു. പല വകുപ്പുകളും ഇങ്ങനെ അവരവരുടെ രംഗങ്ങളിൽ ഹരിതമാർഗ്ഗങ്ങൾ നടപ്പിലാക്കുന്നുണ്ട്.

സംസ്ഥാനത്തുണ്ടാകുന്ന മാലിന്യത്തിന്റെ അഞ്ചുശതമാനം വരുന്ന ഉപയോഗശൂന്യവും പുനഃചംക്രമണസാദ്ധ്യതയില്ലാത്തതുമായ വസ്തുക്കൾ ക്ലീൻ കേരള കമ്പനി ശേഖരിച്ച് കോയമ്പത്തൂർ എ. സി. സി. സിമന്റ് കമ്പനിക്കു കൈമാറുന്നു. കുറ്റിപ്പുറത്ത് ക്ലീന്‍കേരള കമ്പനി പ്ലാസ്റ്റിക്ക് റീസൈക്ലിങ് ഫെസിലിറ്റി സെന്ററിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഗ്രീൻ കേരള കമ്പനിയുമായി ചേർന്നു സംസ്ഥാന ബെവ്‌റിജസ് കോർപ്പറേഷൻ ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ചു റീസൈക്കിൾ ചെയ്യുന്നു.

ഇ-മാലിന്യങ്ങളിലെ ആപത്ക്കരമായ ട്യൂബ് ലൈറ്റ്, സി. എഫ്. എൽ., പ്രിന്റർ കാട്രിഡ്ജുകൾ, സി ഡി., പൊട്ടിയ മോണിട്ടറുകൾ, ബൾബുകൾ എന്നിവ ക്ലീൻ കേരള കമ്പനി പ്രത്യേകമായി ശേഖരിച്ച് അംഗീകൃതസ്ഥാപനങ്ങൾ വഴി ശാസ്ത്രീയമായി സംസ്ക്കരിക്കുന്നു. ക്ലീൻ കേരള കമ്പനി 1,319 ടൺ ഇലക്ട്രോണിക് മാലിന്യവും ആപത്ക്കരമായ 47 ടൺ മാലിന്യവും ഇങ്ങനെ കൈമാറിയിട്ടുണ്ട്.

പൊതുമേഖലാവ്യവസായങ്ങൾ നിജപ്പെടുത്തിയ മലിനീകരണതോതിൽത്തന്നെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്. സംരംഭരംഗത്തു ഹരിതസമീപനം വളർത്താനുള്ള പരിശ്രമങ്ങളിൽ ഈ അടുത്ത നാളുകളിൽ മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയില്‍ ഹരിതകര്‍മ്മസേനയുമായി സഹകരിച്ച് കുടംബശ്രീ ആരംഭിച്ച 2,227 ഹരിത എന്റര്‍പ്രൈസുകള്‍ അടക്കം വേറെയും പലതുമുണ്ടു പറയാൻ.

മാലിന്യത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന വയനാട് സുൽത്താൻബത്തേരിയിലെ മാലിന്യസംസ്കരണപ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മറ്റൊന്നു കോഴിക്കോട്ട് നിർമ്മാണം ആരംഭിച്ചു. കൊല്ലം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്ലാന്റു നിർമ്മിക്കുന്നുണ്ട്. കോഴിക്കോട് പ്ലാന്റിൽ ബയോമെത്തനൈസേഷൻ ആൻഡ് ഇൻസിനറേഷനും മറ്റിടങ്ങളിൽ ബയോമെത്തനൈസേഷനുമാണ് സാങ്കേതികവിദ്യ.

 

പഠിപ്പിച്ചു കൊയ്ത വിള

ഈ മാറ്റമൊക്കെ യാഥാർത്ഥ്യമാകാൻ അതിവിപുലമായ ബോധവത്ക്കരണം ആവശ്യമായിരുന്നു. വരുത്തിയ മാറ്റം ചിരസ്ഥായിയാകണമെങ്കിലും ആ അവബോധം അതിപ്രധാനമാണ്. ആ ലക്ഷ്യത്തോടെ പരിസരശുചിത്വം സംബന്ധിച്ച് ഇക്കാലയളവിൽ നടന്ന ബോധവത്ക്കരണത്തിന്റെ വൈപുല്യം‌തന്നെ പഠനവിഷയം ആകേണ്ടതാണ്.

സംസ്ഥാനത്തെ 1034 പ്രാദേശികസർക്കാരുകളിലെ 68,66,332 വീടുകൾ സന്ദർശിച്ചു വിവരശേഖരണവും ഉറവിടമാലിന്യസംസ്കരണം സംബന്ധിച്ച് അടിസ്ഥാനബോധവത്ക്കരണവും നടത്തി. തെരഞ്ഞെടുത്ത മൂവായിരത്തിലധികംപേരെ സംസ്ഥാന-ജില്ലാതലങ്ങളിലും ഇരുപത്തയ്യായിരത്തോളം പേരെ ബ്ലോക്ക് തലത്തിലും രണ്ടേമുക്കാൽ ലക്ഷം വോളന്റിയർമാരെ തദ്ദേശസ്ഥാപനവാർഡുതലത്തിലും പരിശീലിപ്പിച്ചാണ് ഇതു നടത്തിയത്.

പകർച്ചവ്യാധിപ്രതിരോധത്തിനു 15,600 വാർഡുകളിൽ 4,90,830 കുട്ടിക‌ൾ‌വഴി ബോധവത്ക്കരണം നടത്തുകയുണ്ടായി. കൂടാതെ ‘ജാഗ്രതോത്സവം’, ‘പെൻസിൽ ഹരിതോത്സവം’, ‘മീഡിയ ക്യാമ്പയിൻ’ എന്നിവയും നടത്തി. വിദ്യാഭ്യാസവകുപ്പ് ജൈവവൈവിദ്ധ്യത്തെയും കൃഷിയെയും പരിസ്ഥിതിയെയും കുറിച്ചു വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും ബോധവത്ക്കരിക്കാൻ ‘ക്യാമ്പസ് ഒരു പാഠപുസ്തകം’ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി. പകർച്ചവ്യാധിപ്രതിരോധത്തിനു 4,90,830 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 15,600 വാർഡുകളിൽ ജാഗ്രതോത്സവം സംഘടിപ്പിച്ചു. ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ മാലിന്യനിർമാർജ്ജനത്തിന് പ്രചാരണ - അവബോധ പ്രവർത്തനങ്ങൾ തുടരുന്നു.

ആഗോളതാപനത്തിനെതിരെ പരിസ്ഥിതിവകുപ്പ് ദേശീയ-അന്താരാഷ്ട്രസെമിനാർ സംഘടിപ്പിച്ചു. ഇതിനായി റെഡ്യൂസ് - റീയൂസ് തത്വങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. യു.എൻ.ഡി.പി.യുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളുമുണ്ട്. ഇത്തരത്തിൽ 2020 ജനുവരി 20, 21 തീയതികളിൽ നടന്ന ശുചിത്വസംഗമത്തിൽ ഇന്ത്യയിലെ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ദ്ധരും യു.എൻ.ഡി.പി., യൂണിസെഫ്, ജിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

 

നാളെയുടെ ഫലശ്രുതി

ഈ ലേഖനത്തിൽ പറഞ്ഞ എല്ലാക്കാര്യങ്ങളും ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിലും മരാമത്തുവകുപ്പുപോലുള്ള ചില വകുപ്പുകൾ ചെയ്തവയൊഴിച്ചാൽ മിക്കതും മിഷന്റെ ഭാഗമോ ആ യജ്ഞത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു നടപ്പാക്കപ്പെട്ടവയോ ആണ്. ഇത്തരത്തിൽ വലുതും ചെറുതുമായ എത്രയെത്ര പ്രവർത്തനങ്ങൾ! അവയെല്ലാം ഇവിടെ ഉൾക്കൊള്ളിക്കാനാവില്ല.

ഇത്തരം കാണാമാറ്റങ്ങൾ പക്ഷെ, നമ്മുടെ പരിസരശുചിത്വത്തിലും പരിസ്ഥിതിസംരക്ഷണത്തിലും പകർച്ചവ്യാധിനിയന്ത്രണത്തിലും ആരോഗ്യസംരക്ഷണത്തിലുമൊക്കെ സൃഷ്ടിക്കുന്ന ഗുണകരമായ മാറ്റങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള അടിസ്ഥാനസൗകര്യം തന്നെയാണ്. ഈ പ്രതിച്ഛായ നല്കുന്ന ആഗോളാംഗീകാരം കോവിഡ് നിയന്ത്രണത്തിലൂടെ നമുക്കു കൈവന്ന സ്വീകാരം പോലെ നിക്ഷേപകരെയും വിനോദസഞ്ചാരികളെയുമൊക്കെ ആകർഷിക്കും.

ആരോഗ്യമുള്ള മനുഷ്യവിഭവം എന്നതും ആ നിലയിൽ പ്രധാനമാണ്. ഇപ്പോൾ പൊതുവിദ്യാഭ്യാസത്തിൽ വന്ന മാറ്റവും ഇനി ഉന്നതവിദ്യാഭ്യാസത്തിലും നൈപുണ്യവികസനത്തിലും വരാൻപോകുന്ന മാറ്റവുംകൂടി ആകുമ്പോൾ ആരോഗ്യത്തിനൊപ്പം നമ്മുടെ മനുഷ്യവിഭവത്തിന്റെ വൈജ്ഞാനിക-സാങ്കേതികവിദ്യാ-പ്രായോഗികമികവും നിക്ഷേപാകർഷകമാകും. മാറ്റങ്ങൾ കാണാതെപോകുന്നതുപോലെതന്നെ പെട്ടെന്നു നമ്മുടെ മനസിൽ തോന്നാത്ത വലിയലക്ഷ്യമാണ് ഹരിതകേരളം മിഷൻ എന്ന നിശബ്ദയജ്ഞം നമ്മുടെ ഭാവിവികസനരംഗത്തിനു സംഭാവന ചെയ്യാൻ‌പോകുന്നത്.

ഇത്തരത്തിൽ വലിയ ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ചു നടപ്പാക്കിയ ഹരിതകേരളമിഷനാണ് വാർത്തകളിലൊന്നും ഏറെ നിറഞ്ഞില്ലെങ്കിലും മറ്റു മിഷനുകളെ അപേക്ഷിച്ച് ജനപങ്കാളിത്തവും മനോഭാവമാറ്റം അടക്കമുള്ള അടിസ്ഥാനമാറ്റങ്ങളും ഒക്കെക്കൊണ്ട് ദൂരവ്യാപകവും ചിരസ്ഥായിയുമായ മാറ്റം സൃഷ്ടിച്ചത്. പാർപ്പിടമോ സ്കൂൾ നവീകരണമോ ആശുപത്രിവികസനമോപോലെ പ്രത്യക്ഷത്തിൽ കാണാവുന്നതല്ലെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടന്ന നിശബ്ദവിപ്ലവമാണ് ഹരിതകേരളയജ്ഞം. തീർച്ചയായും വലിയ തുടർച്ച വേണ്ട മഹായജ്ഞം.

Sunday, 14 March 2021

അധികാരം താഴേക്കു വന്ന വഴി

അധികാരം താഴേക്കു വന്ന വഴി


- മനോജ് കെ. പുതിയവിള

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി അടുക്കുമ്പോൾ അധികാരവികേന്ദ്രീകരണത്തിന്റെ ചരിത്രം സംഗ്രഹിക്കുന്നു.

‘പഞ്ചായത്ത് രാജ്’ മാസികയുടെ 2021 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

കേരളസംസ്ഥാനം രൂപം‌കൊള്ളുന്നതിനു മുമ്പുതന്നെ ഇവിടെ പഞ്ചായത്തുകൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും രാജഭരണകാലത്തു നാട്ടുക്കൂട്ടങ്ങൾ കൂടിയിരുന്നതായി നമുക്കറിയാം. നാട്ടിലെ തർക്കവ്യവഹാരങ്ങൾക്കും മറ്റും തീർപ്പുണ്ടാക്കുക, ഉത്സവാഘോഷങ്ങളും കൃഷിക്കാര്യങ്ങളും മറ്റും ആലോചിക്കുക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമായും അവ നിർവ്വഹിച്ചുവന്നത്. 

കേരളം ഉൾപ്പെട്ടിരുന്ന തമിഴകത്തിൽ സംഘകാലത്തു നിലനിന്ന സംവിധാനങ്ങളാണ് ചരിത്രത്തിൽനിന്നു കണ്ടെടുക്കാവുന്ന ഏറ്റവും പഴയത്. പൊതുവർഷത്തിന് 500 കൊല്ലം മുമ്പ് (BCE 500) തുടങ്ങിയ സംഘകാലത്ത് ഇവിടെ തിണകളും മൻറങ്ങളുമായി നാടിനെ വിഭജിച്ചിരുന്നു. ഭൂഘടനയും ജനജീവിതവും ആധാരമാക്കിയുള്ളതായിരുന്നു മുല്ലൈ, കുറിഞ്ഞി, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെയുള്ള തിണകളായുള്ള വിഭജനം. ഈ അഞ്ചു തിണകൾ ചേർന്ന സംവിധാനം ഐന്തിണൈ എന്ന് അറിയപ്പെട്ടു. ഗ്രാമീണർ ഒത്തുകൂടി നാട്ടുകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും ചെയ്തിരുന്ന സംവിധാനമാണ് മൻറം. ഇന്നത്തെ ഗ്രാമസഭയുടെ ആദിമരൂപം. പൊതുവർഷം (CE) 300 വരെ ആയിരുന്നു സംഘകാലം. 

എന്നാൽ, പില്ക്കാലകേരളത്തിൽ ഇത്തരം സംവിധാനങ്ങളുടെ സ്ഥിതി എന്തായിരുന്നെന്നതിനു കാര്യമായ രേഖപ്പെടുത്തലുകൾ ഉള്ളതായി അറിയില്ല. പിന്നീട് ഇവിടെ രൂപപ്പെട്ടുവന്നതായി ചരിത്രത്തിൽ കാണുന്ന സമ്പ്രദായം തറ, കഴകം, ഗ്രമം, ദേശം, നാട് എന്നിങ്ങനെയാണ്. കുറെ വീടുകൾ ചേർന്ന തറയും തറകൾ ചേർന്ന നാടുമായി ഗ്രാമങ്ങളെ തിരിച്ചിരുന്നു. അവയുടെ യോഗങ്ങൾ തറക്കൂട്ടവും നാട്ടുക്കൂട്ടവും എന്ന് അറിയപ്പെട്ടതായും പറയുന്നു. എന്നാൽ, തൊടാനോ തീണ്ടാനോപോലും പാടില്ലാതായ പില്ക്കാലത്ത് ഇവയൊന്നും ശരിയായ അർത്ഥത്തിൽ സാദ്ധ്യമല്ലാതാകുകയും ആലോചനകളും തീരുമാനങ്ങളുമെല്ലാം സവർണ്ണമേധാവിത്വത്തിന്റെ മാത്രം കാര്യം ആകുകയും ചെയ്തു. പില്ക്കാലചരിത്രത്തിൽ നാഞ്ചിനാട്ടും മറ്റും നാട്ടുക്കൂട്ടങ്ങൾ ചില പ്രത്യേകഘട്ടങ്ങളിൽ ഉണ്ടായിരുന്നതായി ചരിത്രകാരർ പറയുന്നു. എങ്കിലും ഇവിടെ ഗോത്രവിഭാഗങ്ങളിലാണ് ഊരുക്കൂട്ടങ്ങളുംമറ്റും സ്ഥിരസ്വഭാവത്തോടെ കാണാനാവുന്നത്.

പ്രാദേശികഭരണം ഇൻഡ്യയിൽ

ഗോത്രസമൂഹങ്ങളെല്ലാം‌തന്നെ ഒരുതരത്തിൽ പ്രാദേശികസ്വയം‌ഭരണസ്വഭാവം ഉള്ളവ ആയിരുന്നു. ഗോത്രേതരസമൂഹങ്ങൾ രൂപപ്പെട്ടശേഷവും ലോകത്തു പല ഭാഗങ്ങളിലും ഏതെങ്കിലും തരം പ്രാദേശികകൂട്ടങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ഭരണത്തിന്റെ ഭാഗമായിരുന്നവയും പൊതുക്കാര്യങ്ങൾ ആലോചിച്ചിരുന്നവയും ഗ്രാമക്കോടതികളും കൃഷിയും വാണിജ്യവും ഒക്കെയായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളവയും മറ്റു ധർമ്മങ്ങൾ നിർവ്വഹിച്ചിരുന്നവയും ഉണ്ടായിരുന്നു. 

ഇൻഡ്യയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളവയിൽ ഒരുപക്ഷേ, ഏറ്റവും പഴയത് നേരത്തേ പറഞ്ഞ സംഘകാലതമിഴകത്തെ (BCE 500 – CE 300) സമ്പ്രദായമാണ്. സംഘകാലം തുടങ്ങി ഒന്നേമുക്കാൽ നൂറ്റാണ്ടു കഴിയുമ്പോൾ, ബി.സി.ഇ. 322-ൽ, നിലവിൽവന്ന മൗര്യകാലത്ത് ഭരണകാര്യത്തിനായി സാമ്രാജ്യത്തെ ജനപദങ്ങളായും അവയെ നാല് ഉപവിഭാഗങ്ങളായും വിഭജിച്ചിരുന്നതായി കാണുന്നു. പിന്നീട്, സി.ഇ. 350 മുതൽ 910 വരെ നിലനിന്ന പല്ലവരാജ്യത്തും ഇത്തരം വിഭജനം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. മണ്ഡലം, വളനാട്ട്, നാട്ട് എന്നിങ്ങനെയായിരുന്നു അവിടത്തെ ഘടകങ്ങളുടെ പേര്. ഗ്രാമങ്ങളിൽ ഗ്രാമസഭ ഉണ്ടായിരുന്നു. നഗരങ്ങളിലും അതിനൊത്ത സംവിധാനം പ്രവർത്തിച്ചു. നഗരാത്താർ എന്നാണ് ഇവയുടെ അദ്ധ്യക്ഷർ അറിയപ്പെട്ടത്. പിന്നീടും രാജ്യത്തു പലഭാഗങ്ങളിലും പലതരം നാട്ടുക്കൂട്ടങ്ങൾ പ്രവർത്തിച്ചുവന്നു. 

ഇൻഡ്യയിൽ പൊതുവായി നിയമവിധേയമായ പ്രാദേശികസ്വയം‌ഭരണം നടപ്പാക്കുന്നത് ബ്രിട്ടിഷുകാരാണ്. ബ്രിട്ടണിൽ 1880-ഓടെ നിലവിൽ വന്ന തദ്ദേശസ്വയം‌ഭരണസ്ഥാപനങ്ങളുടെ മാതൃകയിൽ ആയിരുന്നു അത്. അതു പക്ഷെ, കീഴേത്തട്ടിൽ സ്വയം‌ഭരണം കോണ്ടുവന്നുമില്ല, അന്നു രാജ്യത്തു പലയിടത്തും നിലവിലുണ്ടായിരുന്ന പരമ്പരാഗതഗ്രാമക്കൂട്ടങ്ങളെയും അവയുടെ തനതു പ്രവർത്തനരീതിയെയും ബാധിക്കുകയോ അവയെ അനൗപചാരികസംവിധാനങ്ങൾ മാത്രം ആക്കുകയോ ചെയ്യുകയുംചെയ്തു. 

പിന്നീട് പ്രൊവിൻഷ്യൽ കൗൺസിലുകൾ രൂപവത്ക്കരിച്ചതിന്റെ ഭാഗമായി 1919-ലെ ഗവണ്മെന്റ് ഓഫ് ഇൻഡ്യ ആക്റ്റിൽ, പ്രൊവിൻഷ്യൽ മന്ത്രിസഭകൾ ‘പ്രാദേശികഭരണത്തിന്റെ നിരീക്ഷണം’ നിർവ്വഹിക്കണമെന്നു വ്യവസ്ഥചെയ്തു. അധികാരവികേന്ദ്രീകരണക്കമ്മിഷന്റെ 1908-ലെ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. 

തുടർന്ന്, 1920-ൽ ബ്രിട്ടിഷ് പല സംസ്ഥാനവും പഞ്ചായത്ത് രാജ് നിയമങ്ങൾ പാസാക്കി നടപ്പാക്കി. ഇവ ഏകീകൃതസ്വഭാവം ഉള്ളവ ആയിരുന്നില്ല. ഇതു വന്നതോടെ നിലവിലുണ്ടായിരുന്ന പ്രാദേശികസ്വയംഭരണ സംവിധാനങ്ങളുടെ അധികാരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പരിമിതപ്പെടുയാണ് ഉണ്ടായത്. ഗവണ്മെന്റ് ഓഫ് ഇൻഡ്യ ആക്റ്റിലൂടെ 1935-ൽ വിശാലമായ പ്രൊവിൻഷ്യൽ കൗൺസിലുകൾ വന്നെങ്കിലും ഇക്കാര്യം അവരും ശ്രദ്ധിച്ചില്ല. ഇൻഡ്യ റിപ്പബ്ലിക് ആകുന്നതുവരെ ഈ സാഹചര്യം നിലനിന്നു. 

വികസനവും ആസൂത്രണവും ഗാന്ധിയുടെ ഗ്രാമസ്വരാജും ഒക്കെ കാര്യമായി രാജ്യം ചർച്ചചെയ്തങ്കിലും പ്രാദേശികസ്വയംഭരണം ഭരണഘടനാവ്യവസ്ഥ ആയില്ല! വലിയ തർക്കങ്ങൾക്കൊടുവിൽ നിർദ്ദേശകതത്ത്വങ്ങളിലെങ്കിലും ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ആശ്വാസമായത്. ജാതിമേധാവിത്വം ഭരണം കയ്യാളുമെന്നും അത് അവർണ്ണവിഭാഗങ്ങൾക്കു കൂടുതൽ ദോഷമാകുമെന്നുമുള്ള അംബേദ്‌ക്കറുടെ ആശങ്കയായിരുന്നു കാരണം. ഭരണഘടനയുടെ കരടിൽ പ്രാദേശികസ്വയംഭരണം ഇടം നേടിപോലുമില്ല. ഭരണഘടനയുടെ കരടിൽ ഇല്ലാതിരുന്ന തദ്ദേശഭരണം നിർദ്ദേശകതത്ത്വങ്ങളിൽ 40–ാം വകുപ്പായി വരുന്നത് ഗാന്ധിജി ഗ്രാമസ്വരാജിനായി ശക്തമായി നിലകൊണ്ടതിന്റെ സ്വാധീനത്തിലാണ്. അപ്പോഴും എഴുതപ്പെട്ടത് ഇങ്ങനെയാണ്: “ഗ്രാമപ്പഞ്ചായത്തുകൾ രൂപവത്ക്കരിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കാൻ അവയെ പ്രാപ്തമാക്കാൻ വേണ്ട അധികാരങ്ങളും ഉത്തരവാദിത്വവും അവർക്കു നല്കാനും ഉചിതമായ നടപടികൾ സംസ്ഥാനഗവണ്മെന്റുകൾ കൈക്കൊള്ളണം.” കേന്ദ്രത്തിലെ അധികാരങ്ങൾ കാര്യമായി താഴേക്കു വരേണ്ടതുണ്ടെന്ന ചിന്ത അന്നേ ഇല്ലായിരുന്നു എന്നു കാണണം. 

പഞ്ചവത്സരപദ്ധതികളുടെ നിർവ്വഹണവും കേന്ദ്രാവിഷ്ക്കൃതപദ്ധതികളുടെ പ്രളയവും അവ തമ്മിലുള്ള ഏകോപനമില്ലായ്മയും അവ നടപ്പാക്കേണ്ട വകുപ്പുകളുടെ കമ്പാർട്ടുമെന്റലിസവും നടത്തിപ്പിലുണ്ടായ അനാരോഗ്യകരമായ പ്രവണതകളും അടക്കം ധാരാളം ഘടകങ്ങൾ പില്ക്കാലത്ത് തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും അവയ്ക്ക് അധികാരങ്ങളും നിർവ്വഹണസംവിധാനങ്ങളും കൈമാറുകയും ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ് ഉണ്ടായത്.

കീഴ്ത്തട്ട് അധികാരം കേരളപ്പിറവിക്കുമുമ്പ്

സംഘകാലത്തെ വിഭജനങ്ങൾക്കുശേഷം ഇൻഡ്യൻ സംസ്ഥാനം എന്ന നിലയിൽ ഐക്യകേരളം നിലവിൽ വരുന്നതിനുമുമ്പുതന്നെ തിരുവിതാം‌കൂറിലും കൊച്ചിയിലും ബ്രിട്ടിഷ് മലബാറിലുമെല്ലാം വ്യത്യസ്ത നിയമങ്ങൾ പ്രകാരമുള്ള പഞ്ചായത്തുസംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ അധികാരങ്ങളോ വികസനകാര്യങ്ങളിൽ പങ്കാളിത്തമോ ഒന്നും ഉള്ളവ ആയിരുന്നില്ല. 

മലബാറിൽ പഞ്ചായത്ത് യൂണിയനുകള്‍ നിലവിൽവരുന്നത് 1884-ൽ മദ്രാസ് ലോക്കല്‍ ബോഡീസ് ആക്ട് നടപ്പിലാകുന്നതോടെയാണ്. മദ്രാസ് വില്ലേജ് ആക്റ്റ് പ്രകാരം 1920-ൽ ഡിസ്ട്രിക്ട് ബോര്‍ഡുകളും അവിറ്റെ നിലവിൽവന്നു. നാട്ടുരാജ്യങ്ങളിൽ കൊച്ചിയിലാണ് ഇത്തരമൊരു നിയമം ആദ്യം നടപ്പിലാക്കുന്നത് - 1914-ലെ കൊച്ചി പഞ്ചായത്ത് ആക്റ്റ്. ഒരു ദശാബ്ദം കഴിഞ്ഞ് 1925-ൽ തിരുവിതാം‌കൂറിൽ തിരുവിതാകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്റ്റും വന്നു. 

തിരു-കൊച്ചി ഉണ്ടായപ്പോൾ ആ രണ്ടു നാട്ടുരാജ്യത്തെയും നിയമങ്ങൾ ഏകീകരിക്കപ്പെട്ടു. 1950 -ൽ തിരുവിതാം‌കൂർ - കൊച്ചി പഞ്ചായത്ത് ആക്ട് വന്നു. ഇതോടൊപ്പം ആദ്യത്തെ അതിര്‍ത്തിനിര്‍ണ്ണയക്കമ്മിറ്റിക്കും രൂപം നല്ക്കി. അതുപ്രകാരം അന്ന് തിരു-കൊച്ചി സംസ്ഥാനത്ത് നിലവിൽവന്നത് 458 ഗ്രാമപഞ്ചായത്തുകളാണ്. 

എന്നാൽ, കാര്യമായ മാറ്റങ്ങളൊന്നും അതു കൊണ്ടുവന്നില്ല. എന്നാൽ, അപ്പോഴെല്ലാം അധികാരം കീഴേത്തട്ടിലേക്കു കൈമാറേണ്ടതിന്റെ പ്രാധാന്യം നാടിന്റെ ഭാവിയെപ്പറ്റി ചിന്തിച്ചിരുന്ന ദേശീയപ്രസ്ഥാനത്തിലെ ഒരുവിഭാഗം ശക്തമായി മനസിലാക്കുകയും അതിനായി നിലപാടെടുക്കുകയും ചെയ്തിരുന്നു. 

തിരുവിതാംകൂറിനെ ഇൻഡ്യൻ യൂണിയനിൽ ചേർക്കാതെ സ്വതന്ത്രരാജ്യമാക്കാൻ നടത്തിയ ശ്രമത്തിനെതിരെ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പോരാട്ടവും ഭാഷാടിസ്ഥാനത്തിലുള്ള ഐക്യകേരളം രൂപവത്ക്കരിക്കാനായി ‘പദം പദം ഉറച്ചു നാം പാടിപ്പാടിപ്പോകുക, പാരിലൈക്യകേരളത്തിൻ കാഹളം മുഴക്കുവാൻ’ എന്ന പാട്ടും‌പാടി കേരളമാകെ ജാഥകൾ നയിച്ചതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. അതിനെല്ലാം നേതൃത്വം കൊടുത്ത് ഐക്യകേരളം എന്ന ആശയത്തിനായി ശക്തമായ നിലപാടെടുത്തവരാണ് ആ കേരളം എങ്ങനെ ആകണമെന്നകാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. 

മൂന്നു നാടുകളിൽ നിലനിന്ന ഭരണപ്രവർത്തനങ്ങളെ കേവലമായി ഏകോപിപ്പിക്കുക എന്നതായിരുന്നില്ല അത്. നിലനിന്ന ഭരണകൂടങ്ങളുടെ എല്ലാ സ്വഭാവവിശേഷങ്ങളും തകർത്ത് ജനകീയവും വികസനോന്മുഖവുമായ ഭരണസംവിധാനം നടപ്പാക്കുക എന്ന കാഴ്ചപ്പപ്പാടാണ് കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയിലൂടെ കമ്മ്യൂണിസ്റ്റായി മാറിയ വിഭാഗം മുന്നോട്ടുവച്ചത്. ഒന്നേകാൽക്കോടി മലയാളികൾ എന്ന പുസ്തകം 1946 ജനുവരിയിൽ ഇ. എം. എസ്. നമ്പൂതിരിപ്പാട് രചിച്ചത് ഈ കാഴ്ചപ്പാട് അവതരിപ്പിക്കാനാണ്. 

അതിലെ ‘ഒരു നവീനകേരളം സൃഷ്ടിക്കാൻ’ എന്ന അദ്ധ്യായത്തിൽനിന്ന് ഒരുഭാഗം ഉദ്ധരിക്കാം: “... പ്രധാനമായി ചെയ്യേണ്ടത് ജനങ്ങളുടെ മീതെ നില്ക്കുന്നവരാണു ഗവണ്മെന്റ് ഉദ്യോഗസ്ഥരെന്ന ഇന്നത്തെ നില അവസാനിപ്പിക്കുകയാണ്; വില്ലേജുദ്യോഗസ്ഥർമുതൽ മേല്പോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും ജനാധിപത്യപരമായി നിയന്ത്രിക്കാനുള്ള ഏർപ്പാടുണ്ടാക്കുകയാണ്. ഓരോ വില്ലേജിലും പഞ്ചായത്ത്; വില്ലേജുദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തിന്; താലൂക്കിനും ഡിസ്റ്റ്രിക്റ്റിനും ബോർഡുകൾ; അതിന്റെ അതിർത്തിക്കുള്ളിലുള്ള ഉദ്യോഗസ്ഥർ ഈ ബോർഡുകളുടെ കീഴിൽ; പട്ടണങ്ങൾക്കു മുനിസിപ്പാലിറ്റിയും അതിനു കീഴ്പെട്ടുമാത്രം ഉദ്യോഗസ്ഥരും; ഈ പ്രാദേശികസ്വയംഭരണസ്ഥാപനങ്ങൾക്കെല്ലാം പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പും – ഇതെല്ലാംകൊണ്ടുമാത്രമേ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ.”അതെ, അന്നേ എത്ര വ്യക്തമായ വീക്ഷണമാണ് ഉണ്ടായിരുന്നതെന്ന്! ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകവും ഇതേ ഉദ്ദേശ്യത്തിൽ ഇ. എം. എസ്. രചിച്ചതാണ്. 

അധികാരവികേന്ദ്രീകരണംസംബന്ധിച്ച് രാജ്യത്തുതന്നെ സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ആളാണ് അദ്ദേഹം. വായനക്കാർക്കും കാഴ്ചപ്പാടു വികസിപ്പിക്കാൻ പര്യാപ്തമാകും എന്നതിനാൽ അദ്ദേഹത്തിന്റെ ദർശനവ്യക്തത വെളിവാക്കുന്ന ഒരു നിരീക്ഷണം‌കൂടി ചൂണ്ടിക്കാട്ടാം. ഇൻഡ്യയിൽ പഞ്ചായത്തീരാജ് സംവിധാനം വേരുറപ്പിക്കാത്തതിന്റെ കാരണങ്ങൾ പഠിക്കാൻ 1978-ൽ അന്നത്തെ ജനതാസർക്കാർ നിയോഗിച്ച അശോക് മേത്ത കമ്മിഷൻ റിപ്പോർട്ടിൽ ഇ.എം.എസ്. എഴുതിയ വിയോജനക്കുറിപ്പിലെ ഒരു ഭാഗമാണത്: 

“ജനാധിപത്യവികേന്ദ്രീകരണത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥനം ഇതാണ്. മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കും എതിരെയുള്ള അദ്ധ്വാനിക്കുന്നവരുടെ ദൈനം‌ദിനസമരത്തില്‍ ഇത്തരമൊരു വ്യവസ്ഥ കൂടുതല്‍ സഹായകരമായിരിക്കും. അതിനാൽ പഞ്ചായത്തീരാജ്‌സ്ഥാപനങ്ങളെ രാജ്യത്തിന്റെ ഭരണത്തിന്റെ അവിഭാജ്യഭാഗമെന്നതിൽനിന്നു വ്യത്യസ്തമായി കാണാൻ എനിക്കു കഴിയില്ല. അതുകൊണ്ടുതന്നെ ഭരണപരമായ ധർമ്മങ്ങളും നിയന്ത്രണാധികാരങ്ങളും തമ്മിൽ വ്യത്യാസവും കാണാൻ കഴിയില്ല. വിദേശകാര്യം, രാജ്യരക്ഷ, നാണയം, വാർത്താവിനിമയം തുടങ്ങിയ ചില മേഖലകൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ വച്ച് ബാക്കിയെല്ലാം സംസ്ഥാനങ്ങളിലേക്കും അവിടെന്നു ജില്ലകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ട മറ്റു സമിതികളിലേക്കും നല്കുക എന്നതാണ് നമുക്ക് ആവശ്യം.”

ഭരണാസ്ഥിരതയുടെ നഷ്ടങ്ങൾ

ഇ. എം. എസിന്റെ നേതൃത്വത്തിൽ 1957-ൽ അധികാരത്തിൽവന്ന ആദ്യമന്ത്രിസഭതന്നെ പഞ്ചായത്തുകളുടെ ഭരണപരിഷ്ക്കാരം സംബന്ധിച്ച് ഒരു കമ്മിറ്റിയെ വച്ചു. മുഖ്യമന്ത്രിതന്നെ ആയിരുന്നു അദ്ധ്യക്ഷൻ. അതിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു: “കാര്യക്ഷമമായ ഭരണസംവിധാനത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യം താഴേത്തലങ്ങളിലേക്ക് അധികാരം വിന്യസിക്കുകയാണ്. വികേന്ദ്രീകരണത്തിന്റെ അവശ്യപൂരകമാണ് ജനാധിപത്യവത്ക്കരണം.” 

മൂന്നു തട്ടുകൾ വേണമെന്നും അടിസ്ഥാനഘടകം ഗ്രാമപ്പഞ്ചായത്ത് ആയിരിക്കണമെന്നും രണ്ടാം തട്ട് താലൂക്കുതലത്തിൽ ആകണമെന്നും ആയിരുന്നു ശുപാർശ. നടുവിലെ തട്ട് ഉപദേശകസമിതി ആയാൽ മതി. ജില്ലാഭരണത്തിന്റെ കാര്യത്തിൽ കമ്മിറ്റിയിൽ അഭിപ്രായൈക്യം ഉണ്ടായില്ല. ജില്ലയിൽ കളക്റ്റർ അദ്ധ്യക്ഷനായ ഉപദേശകസമിതി മതിയെന്നും പോരാ, എല്ലാ നിർവ്വഹണാധികാരവുമുള്ള ജില്ലാക്കൗൺസിൽ വേണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കണം ഇതിന്റെ അദ്ധ്യക്ഷരെന്നും രണ്ട് അഭിപ്രായങ്ങൾ റിപ്പോർട്ടിൽ കാണാം. 

ഇതിന്റെ അടിസ്ഥാനത്തിൽ 1958 ഡിസംബർ 9-നു ‘കേരള പഞ്ചായത്ത് ബില്ലും’ 1959 ഏപ്രിൽ 16-നു ‘ജില്ലാക്കൗൺസിൽ ബില്ലും’ നിയമസഭയിൽ അവതരിപ്പിച്ചുച്ചെങ്കിലും ’59 ജൂലൈ 31-നു കേന്ദ്രം നിയമസഭ പിരിച്ചുവിട്ടതിനാൽ രണ്ടുബില്ലും പാസാക്കാൻ കഴിഞ്ഞില്ല. പിന്നീട് 1960-ലും 61-ലുമായി ‘കേരള പഞ്ചായത്ത് നിയമ’വും ‘കേരള മുനിസിപ്പൽ നിയമ’വും ‘കേരള മുനിസിപ്പൽ കോർപ്പറേഷൻ നിയമ’വും പാസാക്കി. നിയമം വിപുലമായ മേഖലകളും അധികാരങ്ങളും പഞ്ചായത്തുകൾക്കു നിർദ്ദേശിച്ചിരുന്നെങ്കിലും മിക്കതും നല്കപ്പെട്ടില്ല. കൈയിലിരിക്കുന്ന അധികാരങ്ങൾ വിട്ടുകൊടുക്കണമെങ്കിൽ അതിനുള്ള രാഷ്ട്രീയയിച്ഛാശക്തി ആവശ്യമാണ്. 

ഇ. എം. എസ്. മന്ത്രിസഭയെ പുറത്താക്കിയതിനാൽ പാസാകാതെപോയ ‘പഞ്ചായത്ത് യൂണിയൻ കൗൺസിൽ - ജില്ലാപരിഷത് ബിൽ’ ആർ. ശങ്കർ മന്ത്രിസഭ 1964 ഫെബ്രുവരിയിൽ അവതരിപ്പിച്ചു. 

1967-ൽ രണ്ടാം ഇ. എം. എസ്. മന്ത്രിസഭ വന്ന് ആറുമാസത്തിനകം 1959-ലെ ബിൽ പരിഷ്ക്കരിച്ച് ‘കേരള പഞ്ചായത്ത് രാജ് ബിൽ 1967’ അവതരിപ്പിക്കുകയും നിയമസഭാ സെലക്റ്റ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെകൂടി അടിസ്ഥാനത്തിൽ സമഗ്രമായ ബിൽ 1969 മാർച്ച് 26-നു വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ, ആ നിയമസഭയെയും അതു പാസാക്കുമ്മുമ്പ് പിരിച്ചുവിട്ടു. 

1970-ലെ അച്യുതമേനോൻ മന്ത്രിസഭ ആ ബില്ല് ‘കേരള ജില്ലാഭരണബിൽ 1971’ എന്ന പേരിൽ അവതരിപ്പിച്ചെങ്കിലും അടിയന്തരാവസ്ഥയ്ക്കുശേഷം 1978 ഓഗസ്റ്റ് 1-നു മാത്രമാണ് ചില മാറ്റങ്ങളോടെ പാസാക്കപ്പെട്ടത്. 1980 മേയ് 18-നു നിയമവും പിന്നാലെ ചട്ടങ്ങളുമായി. എന്നാൽ അതിനപ്പുറം പുരോഗതി ഉണ്ടായില്ല. 

1982-ലെ മന്ത്രിസഭയും ഇതു നടപ്പാക്കിയില്ല. ഭേദഗതികൾ വേണം എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നീണ്ടുപോകുകയായിരുന്നു. നിയമഭേദഗതി നിർദ്ദേശിക്കാൻ വച്ച കമ്മിറ്റി റിപ്പോർട്ട് പോലും നല്കിയില്ല! 

ഇക്കാലമത്രയും പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പുകളേ നടക്കുകയുണ്ടായില്ല! 1964-ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണസമിതികളുടെ കാലാവധി 1969-ല്‍ കഴിഞ്ഞെങ്കിലും അവ 1978-വരെ തുടരുകയായിരുന്നു. പിന്നീട് 1979-ലാണ് തെരഞ്ഞെടുപ്പ്. അന്നു തെരഞ്ഞെടുക്കപ്പെട്ട സമിതികളുടെ കാലാവധി 1984-ല്‍ അവസാനിച്ചെങ്കിലും അന്നും തെരഞ്ഞെടുപ്പ് നടത്തിയില്ല. പകരം, ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. പിന്നീട് 1988-ൽ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണു തെരഞ്ഞെടുപ്പു നടന്നത്. അന്നുമുതലാണ് തദ്ദേശഭരണതെരഞ്ഞെടുപ്പു കൃത്യമായി നടന്നുതുടങ്ങിയത്.

ജില്ലാക്കൗൺസിലും അധികാരവിനിമയവും

വീണ്ടും അധികാരവികേന്ദ്രീകരണശ്രമം ഉണ്ടാകുന്നതും ആ മന്ത്രിസഭയുടെ കാലത്താണ്. ജില്ലാക്കൗൺസിൽ സംവിധാനം വരുന്നത് അന്നാണ്. രാജ്യത്ത് ആദ്യത്തെ ജില്ലാക്കൗൺസിൽ ആയിരുന്നു അത്. രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കു 30 ശതമാനം സംവരണവും ഏർപ്പെടുത്തി. അങ്ങനെ 1991 ഫെബ്രുവരി 5-നു ജില്ലാക്കൗൺസിലുകൾ നിലവിൽ വന്നു. പത്തൊൻപതു പ്രധാന വകുപ്പുകളും 240 വിഷയവും ജില്ലാക്കൗണ്‍സിലുകള്‍ക്കു കൈമാറി. സംസ്ഥാനബജറ്റിന്റെ 24 ശതമാനവും കൈമാറി. കൂടാതെ അഞ്ചുശതമാനം ബജറ്റ് വിഹിതം വേറെയും നല്‍കി. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രാതിനിധ്യത്തോടെ പദ്ധതികള്‍ നടപ്പാക്കാനാ‍ായിരുന്നു ഇത്. ജില്ലാക്കൗൺസിൽ പ്രസിഡന്റുമാരുടെ പദവി പ്രോട്ടോക്കോൾ പ്രകാരം എം. എൽ. എ. മാർക്കും എം. പി. മാർക്കും മുകളിൽ ആയിരുന്നു. പലനിലയ്ക്കും രാജ്യത്തിനാകെ മാതൃകയായിരുന്നു ജില്ലാക്കൗൺസിൽ നിയമം. 

അതേ സർക്കാർ അധികാരവികേന്ദ്രീകരണം പഠിക്കാൻ രണ്ടു കമ്മിഷനുകളെ നിയോഗിച്ചിരുന്നു. മികച്ച പഞ്ചായത്ത് രാജ് സംവിധാനം ഉണ്ടായിരുന്ന പശ്ചിമബംഗാളിന്റെ ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷനും ധനതത്വശാസ്ത്രജ്ഞനുമായിരുന്ന എസ്. ബി. സെൻ അന്നാണ് കേരളത്തിനുവേണ്ടി ആദ്യമായി റിപ്പോർട്ട് നല്ക്കുന്നത്. മറ്റൊരു കമ്മിഷൻ ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനായിരുന്നു. 

തദ്ദേശസ്ഥാപനങ്ങളുടെ ഒരു പ്രധാനധനസ്രോതസായി മാറിയ ഉപാധിരഹിതഫണ്ട് എന്ന നിർദ്ദേശം സെന്നിന്റേതായിരുന്നു. സങ്കീർണ്ണസാങ്കേതികവിദ്യ വേണ്ടാത്ത ഗ്രാമതലപ്രവർത്തനങ്ങളെല്ലാം പഞ്ചായത്തുകൾക്കു കൈമാറുക, പദ്ധതികൾ തെരഞ്ഞെടുക്കാൻ കൂടുതൽ അധികാരം നല്കുക തുടങ്ങി പങ്കാളിത്തത്തിന്റെയും ആസൂത്രണത്തിന്റെയും ധാരാളം ആശയങ്ങൾ സെൻ മുന്നോട്ടുവച്ചു. 

കേരള പഞ്ചായത്ത് നിയമം, കേരള മുനിസിപ്പൽ നിയമം എന്നിവയിലെ അപാകങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് രാമചന്ദ്രൻ കമ്മിറ്റി നല്കിയത്. പഞ്ചായത്തുകളുടെ നിർവ്വഹണാധികാരം എക്സിക്യൂട്ടീവ് ഓഫീസർമാരിൽനിന്നു മാറ്റി പ്രസിഡന്റിനു നല്കണമെന്നും എക്സിക്യൂട്ടീവ് ഓഫീസർമാരെ പഞ്ചായത്ത് ഓഫീസ് സെക്രട്ടറിമാർ ആക്കണമെന്നും നിർദ്ദേശിച്ചത് അദ്ദേഹമാണ്. കളക്റ്റർ ജില്ലാക്കൗൺസിലിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ, ആ സർക്കാരിനുശേഷം ജില്ലാക്കൗൺസിലിന്റെ അധികാരങ്ങൾ മിക്കതും തിരിച്ചെടുക്കുന്ന നിലയാണുണ്ടായത്; ധനം നല്കിയുമില്ല. കാലാവധി തീരാൻ രണ്ടുവർഷം ബാക്കിനില്ക്കെ 1994 ഏപ്രിലിൽ അവയെ പിരിച്ചുവിടുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാക്കൗൺസിലുകളാണ് അതോടെ ഇല്ലാതായത്. 

1992-ൽ പാസാക്കിയ ഭരണഘടനാഭേദഗതികളിൽ 73–ാം ഭേദഗതി 1993 എപ്രില്‍ 24-നും 74–ാം ഭേദഗതി 1993 ജൂണ്‍ 1-നും രാഷ്ട്രപതി ഒപ്പുവച്ചതോടെ പ്രാബല്യത്തില്‍ വന്നു. ഇവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം നിർമ്മിച്ച പുതിയ പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങൾ 1994 ഏപ്രിൽ 23-നു നിലവിൽ‌വന്നതോടെ ജില്ലാക്കൗൺസിൽ നിയമവും റദ്ദായി. 

ഈ ജില്ലാക്കൗൺസിലുകൾ ഭരണഘടനാഭേദഗതികളുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന ജില്ലാപ്പഞ്ചായത്തു മാതിരി ആയിരുന്നില്ല. ജില്ലാപ്പഞ്ചായത്ത് ആ ജില്ലയിലെ ഗ്രാമങ്ങൾക്കു മാത്രമുള്ളതാണല്ലോ. നഗരങ്ങളും പട്ടണങ്ങളും അതിനു പുറത്താണ്. അതുകൊണ്ടുതന്നെ ജില്ലാതലത്തിൽ ഒരു ജനകീയഭരണസംവിധാനം എന്നത് അസാദ്ധ്യമായി. ഫലമോ, ജില്ലാതലം ഉദ്യോഗസ്ഥസംവിധാനമായി തുടർന്നു; ജനകീയസംവിധാനങ്ങളായി മാറിയ ത്രിതലപഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും എല്ലാം മീതെ കളക്റ്റർമാർ സർവ്വാധികാരികളായും. ജില്ലയ്ക്കു സമഗ്രമായ ജനകീയപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായി. 

എന്നാൽ കേരളം നടപ്പാക്കിയ ജില്ലാക്കൗൺസിൽ നഗരസഭകളും കോർപ്പറേഷനുകളും അടക്കം മുഴുവൻ ജില്ലയ്ക്കുംവേണ്ടിയുള്ളത് ആയിരുന്നു. സംസ്ഥാനസർക്കാരിന്റെ വിപുലമായ അധികാരങ്ങൾ ജില്ലാക്കൗൺസിലുകൾക്കു കൈമാറുകയും ചെയ്തു. കളക്റ്റർമാർ അതിന്റെ സെക്രട്ടറിയുടെ ചുമതലകൂടി വഹി കളക്റ്റർ എന്ന പദവി ജില്ലാക്കൗൺസിൽ സെക്രട്ടറി എന്നാക്കി മാറ്റേണ്ടതായിരുന്നു എന്നതു മാത്രമാണ് അന്നു പലരും കണ്ട ഏക പരിമിതി. 

ഭരണഘടനാഭേദഗതികളുടെ അടിസ്ഥാനത്തിലുള്ള പുതിയ നിയമങ്ങൾ പ്രകാരമുള്ള തദ്ദേശഭരണസ്ഥാപനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരമേല്ക്കുന്നത് 1995 ഒക്റ്റോബർ 2-നാണ്. എന്നാൽ, ഇവയ്ക്ക് കാര്യമായ അധികാരമൊന്നും നല്കപ്പെട്ടില്ല. അവ യഥാർത്ഥത്തിൽ ശാക്തീകരിക്കപ്പെടുന്നത് അടുത്തവർഷം ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനത്തോടെയാണ്.

വികസനപ്രതിസന്ധി മറികടക്കാൻ

1996-ൽ വന്ന നായനാർമന്ത്രിസഭയാണ് ജനകീയാസൂത്രണപ്രസ്ഥാനം സംഘടിപ്പിക്കുന്നത്. അതിനു മറ്റൊരു പശ്ചാത്തലം‌കൂടിയുണ്ട്. 

കേരളത്തിൽ 1970-കളിൽ രൂപപ്പെട്ടുതുടങ്ങിയ ഉത്പാദനയിടിവിന്റെയും തൊഴിലില്ലായ്മയുടെയും മറ്റും ഫലം സംസ്ഥാനത്തിന്റെ ഭാവിയെ അപകടപ്പെടുത്തുമാറ് വലിയൊരു വികസനപ്രതിസന്ധിയായി അപ്പോഴേക്കു വളർന്നിരുന്നു. ആ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാർഗ്ഗങ്ങൾ ആരായാൻ 1994-ലെ ‘രാജ്യാന്തര കേരളപഠനകോൺഗ്രസ്’ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതിവിപുലമായ പ്രവർത്തനം സംഘടിപ്പിച്ചത് എ. കെ. ജി. പഠനഗവേഷണകേന്ദ്രമാണ്. 

അതിലേക്കു വഴിതുറന്ന സാഹചര്യം ഇ. എം. എസ്. അന്നെഴുതിയ ഒരു ലേഖനത്തിൽ വിശദീകരിക്കുകയുണ്ടായി. നിരന്തരമായ രാഷ്ട്രീയാസ്ഥിരതകൾ കാരണം ഭൂപരിഷ്ക്കരണം അടക്കമുള്ള ആദ്യപ്രവർത്തനങ്ങളുടെ തുടർച്ചയിൽ ശ്രദ്ധിക്കാനായിരുന്നില്ലെന്നും ആ സാഹചര്യം മാറിയതുകൊണ്ടാണ് ജില്ലാക്കൗൺസിൽ യാഥാർത്ഥ്യമാക്കാനും സമ്പൂർണ്ണസാക്ഷരതായജ്ഞം നടത്താനുമൊക്കെ കഴിഞ്ഞതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 

ആ പഠനക്കോൺഗ്രസിൽ രാജ്യാന്തരതലത്തിൽനിന്നടക്കം ആയിരത്തിലേറെ പ്രതിനിധികളും അറുനൂറിലേറെ പ്രബന്ധങ്ങളും ഉണ്ടായിരുന്നു. മൂന്നു ദിവസം 73 വേദികളിൽ കേരളത്തിന്റെ സമസ്തമേഖലകളും തലനാരിഴകീറി പരിശോധിച്ച പഠനോത്സവമായി അതു മാറി. 

കേരളത്തിന്റെ പ്രശ്നങ്ങൾക്കുള്ള പ്രധാനപരിഹാരമായി അന്ന് ഇ. എം. എസ്. മുന്നോട്ടുവച്ചത് ജനാധിപത്യവികേന്ദ്രീകരണമാണ്. അദ്ദേഹം ഉദ്ഘാടനപ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയാണ്: “ഇക്കാര്യത്തിലെ നമ്മുടെ പുരോഗതി വളരെ പതുക്കെയാണ്. ഭരണഘടനയുടെ 73, 74 ഭേദഗതികൾ ഉപയോഗിക്കപ്പെട്ടത് ജനാധിപത്യവികേന്ദ്രീകരണത്തിനു പകരം ഉദ്യോഗസ്ഥസംവിധാനത്തിന്റെ കേന്ദ്രീകരണത്തിനാണ്. മണ്ണും വെള്ളവും പരിപാലിക്കാനും സാമൂഹിക അടിസ്ഥാനസൗകര്യങ്ങളുടെ ഗുണമേന്മ ഉയർത്താനും സാംസ്ക്കാരികവികസനത്തിനും പുതിയ സാമൂഹിക, സാമ്പത്തിക സ്ഥാപനങ്ങൾ നാം ആരംഭിക്കേണ്ടതുണ്ട്. വികസനപ്രക്രിയയിൽ ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും സുസ്ഥിരമായരീതിയിൽ ഏകോപിപ്പിക്കുകയും വേണം.” 

ആ പഠനക്കോൺഗ്രസിലാണ് പ്രാദേശികവിഭവസമാഹരണത്തിന്റെയും പ്രാദേശികാസൂത്രണത്തിന്റെയും പങ്കാളിത്തനിർവ്വഹണത്തിന്റെയും ആശയങ്ങൾ മൂർത്തത കൈവരിക്കുന്നത്. അതിൽനിന്നാണ് ജനകീയാസൂത്രണം എന്ന ആശയത്തിന്റെ പിറവി.

ജനകീയാസൂത്രണം എന്ന വിപ്ലവം

പ്രാദേശികവികസനത്തിന്റെ ആസൂത്രണം മുതൽ നടപ്പാക്കൽ വരെ ജനപങ്കാളിത്തത്തോടെ നിർവ്വഹിക്കുക എന്ന മഹത്തായ ആശയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു ജനകീയാസൂത്രണം. ലോകമാകെ സശ്രദ്ധം വീക്ഷിച്ച വികസനപരീക്ഷണം. സമീപകാലാനുഭവം ആയതിനാൽ വിശദാംശങ്ങളിലേക്കു പോകുന്നില്ല. പ്രാദേശികമായ ശേഷികളിൽ അതുണ്ടാക്കിയ മാറ്റത്തിന്റെ ഗുണഫലമാണ് കോവിഡും പ്രളയവുമൊക്കെ വന്നപ്പോൾ കേരളത്തെ പിടിച്ചുനിർത്തിയത്. 

ജനകീയാസൂത്രണം നടപ്പിലാക്കിയ നായനാർ മന്ത്രിസഭ അധികാരവികേന്ദ്രീകരണം കൂടുതൽ ഫലപ്രദമാക്കാനുള്ള നിർദ്ദേശങ്ങൾ നല്കാനായി എസ്. ബി. സെന്നിനെ വീണ്ടും നിയോഗിച്ചു. സെൻ കമ്മിറ്റി എന്ന് അറിയപ്പെടുന്ന ഈ കമ്മിറ്റിയുടെ ചുമതല സെന്നിന്റെ നിര്യാണത്തെത്തുടർന്ന് മുൻ തദ്ദേശഭരണമന്ത്രി വി. ജെ. തങ്കപ്പനാണു വഹിച്ചത്. കമ്മിറ്റിയുടെ ശുപാർശപ്രകാരം അന്നത്തെ അധികാരവികേന്ദ്രീകരണനിയമങ്ങളിൽ ഒട്ടനവധി അടിസ്ഥാനമാറ്റങ്ങൾ ആ സർക്കാർ വരുത്തുകയുണ്ടായി. പാലോളി മുഹമ്മദുകുട്ടി ആയിരുന്നു ആ ചരിത്രമാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച തദ്ദേശഭരണമന്ത്രി. 

വലിയതോതിൽ അധികാരങ്ങൾ താഴേത്തലത്തിലേക്കു കൈമാറ്റപ്പെടുന്നത് അന്നാണ്. സംസ്ഥാനസർക്കാരിന്റെ പഞ്ചവത്സരപദ്ധതിയുടെ മൂന്നിലൊന്ന് തദ്ദേശഭരണസ്ഥാപനങ്ങൾക്കു നല്കാനുള്ള വിപ്ലവാത്മകമായ തീരുമാനം എടുത്തതും നടപ്പാക്കിയതും ആ നായനാർ സർക്കാരാണ്. മാത്രവുമല്ല, ഏതു സർക്കാർ വന്നാലും രാഷ്ട്രീയപക്ഷപാതിത്വം ധനവിതരണത്തിൽ ഉണ്ടാകാതിരിക്കാൻ അതിനു കൃത്യമായ മാനദണ്ഡങ്ങളും നിശ്ചയിച്ചു. ആ പദ്ധതിരൂപവത്ക്കരണ-നിർവ്വഹണയജ്ഞമായിരുന്നല്ലോ ജനകീയാസൂത്രണം. 

നമ്മുടെ ഗ്രാമനഗരങ്ങളിലെ ആയിരക്കണക്കിനു മനുഷ്യർ വികസനത്തിന്റെ സമഗ്രപാഠങ്ങൾ പഠിച്ച അതിതീവ്രപരിശീലനങ്ങളുടെയും നാടൊട്ടുക്കും നടന്ന വിഭവസർവ്വേ അടക്കമുള്ള പഠനപ്രവർത്തനങ്ങളുടെയും ഗ്രാമസഭകൾ അടക്കമുള്ള കൂട്ടായ ആലോചനകളുടെയും വികസനാവശ്യങ്ങൾ പട്ടികപ്പെടുത്തി മുൻഗണന നിശ്ചയിച്ചു പ്രൊജക്റ്റുകൾ ആക്കി പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെയുമൊക്കെ ജനകീയവിജ്ഞാനോത്സവകാലം ആയിരുന്നു അത്. വിദഗ്ദ്ധസമിതികളുടെ സഹായത്തോടെ പരിശോധിച്ചു ജില്ലാവികസനസമിതികൾ അംഗീകരിച്ച പദ്ധതികൾ ജനപങ്കാളിത്തത്തോടെതന്നെ നടപ്പാക്കപ്പെട്ടു. ആ അനുഭവത്തിന്റെ ഊർജ്ജമാണ് പ്രാദേശികഭരണത്തിൽ നാം ഇന്നും കാണുന്നത്. അതേപ്പറ്റി വിവരിക്കാൻ തുടങ്ങിയാൽ പുസ്തകങ്ങൾതന്നെ വേണ്ടിവരും.

ജനകീയാസൂത്രണത്തിനുശേഷം

എന്നാൽ, ആ മഹാപ്രസ്ഥാനത്തിന്റെ അനിവാര്യമായ തുടർച്ചയ്ക്കു വിഘാതം നേരിട്ടു. ആസൂത്രണസംവിധാനത്തെ വ്യവസ്ഥപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, അതു കുറെയെല്ലാം ദുർബ്ബലപ്പെടുന്നതാണു നാം കണ്ടത്. 

ജനകീയാസൂത്രണത്തിന്റെ ചുക്കാൻ പിടിച്ച പാലോളി മുഹമ്മദുകുട്ടിതന്നെ 2006-ലെ വി. എസ്. മന്ത്രിസഭയിലും തദ്ദേശഭരണമന്ത്രിയായി. പഞ്ചായത്ത്, മുനിസിപ്പൽ വകുപ്പുകളുടെ ഏകീകരണവും പൊതുസർവ്വീസ് നടപ്പിലാക്കാനുള്ള പ്രവർത്തനവും ജനകീയാസൂത്രണസമ്പ്രദായം വ്യവസ്ഥപ്പെടുത്താനുള്ള നടപടികളുമെല്ലാം അദ്ദേഹം കൈക്കൊണ്ടു. 1996-ലെ മാതിരി ഒരു ജനകീയപ്രസ്ഥാനമായി വീണ്ടും കെട്ടിപ്പടുക്കാനാവാത്തവിധം കാര്യങ്ങൾ മാറിമറിഞ്ഞിരുന്നതിനാൽ അതിനു കഴിയുമായിരുന്നില്ല. എന്നാൽ, ജനകീയാസൂത്രണസമ്പ്രദായം ഗണ്യമായി ശക്തിപ്പെടുത്താൻ അന്നു കഴിഞ്ഞു. 

എന്നാൽ, തദ്ദേശഭരണവകുപ്പ് വീണ്ടും പഞ്ചായത്തുവകുപ്പും നഗരകാര്യവകുപ്പും ഗ്രാമവികസനവകുപ്പുമായി 2011-ൽ വിഭജിക്കപ്പെട്ടത് വലിയ തിരിച്ചടിയായി. കേന്ദ്രാവിഷ്ക്കൃതപദ്ധതികൾക്കുമേൽ നിയന്ത്രണം ശക്തമായതും അധികാരവികേന്ദ്രീകരണത്തെ ബാധിച്ചു. കുടുംബശ്രീയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിന്റെ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം കിടന്നതൊക്കെ ആ ഘട്ടത്തിലാണ്. അതെല്ലാം കേരളം പടുത്തുയർത്തിക്കൊണ്ടുവന്ന അധികാരവികേന്ദ്രീകരണശ്രമങ്ങളെയും കീഴ്ത്തട്ടിൽനിന്നുള്ള പദ്ധതിരൂപവത്ക്കരണത്തെയും ജനപങ്കാളിത്തത്തോടെയുള്ള നിർവ്വഹണത്തെയുമെല്ലാം ബാധിച്ചു. 

തദ്ദേശഭരണവകുപ്പിനെ വീണ്ടും ഏകീകരിക്കുകയും അധികാരവികേന്ദ്രീകരണത്തിന്റെ തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ. ആ ദിശയിൽ കൈക്കൊണ്ട നടപടികൾ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും മറ്റും സമഗ്രമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ വിവരിക്കുന്നില്ല.

പുതിയ ഭരണസമിതികളുടെ ദൗത്യം

ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയ ഭരണസമിതികൾ തദ്ദേശഭരണസ്ഥാപനങ്ങളിൽ നിലവിൽ വരുന്നത്. ഇതുവരെ വിവരിച്ചതരത്തിൽ ഒട്ടേറെപ്പേരുടെ ജാഗ്രതയോടുകൂടിയ കഠിനപ്രയത്നങ്ങളുടെയും നിരന്തരപഠനങ്ങളുടെയും സുവ്യക്തമായ കാഴ്ചപ്പാടുകളുടെയും കടുത്ത രാഷ്ട്രീയയിച്ഛാശക്തിയുടെയുമൊക്കെ ഉത്പന്നമാണ് ഈ ഭരണസമിതിയംഗങ്ങളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നത്. 

കൂടുതൽ അധികാരങ്ങളും വിഭവങ്ങളും നേടിയെടുത്തും പുതിയ വിഭവസ്രോതസുകൾ കണ്ടെത്തിയും അധികാരവും വിഭവങ്ങളും കൂടുതൽ ഫലപ്രദമായും ഭാവനാപൂർൺനമായും വിനിയോഗിച്ചു സമസ്തജനവിഭാഗങ്ങളുടെയും സമഗ്രവികസനവും ക്ഷേമവും സാദ്ധ്യമാക്കുക എന്നതാകണം ഈ ഭരണസമിതികളുടെ അടിസ്ഥാനദൗത്യം. കൂടുതൽ ശാക്തീകരിക്കപ്പെട്ട ഒരു സംവിധാനമായി അടുത്ത അഞ്ചുകൊല്ലം കഴിയുമ്പോൾ അന്നു വരുന്ന ഭരണസമിതിക്കു കൈമാറാൻ കഴിയുമാറ് ഓരോ പ്രാദേശികസർക്കാരിനെയും മാറ്റിത്തീർക്കുക എന്നതാകണം ലക്ഷ്യം. 

അതിനെല്ലാം ഊർജ്ജം പകരാൻ പോന്നതാണ് അധികാരാം താഴേക്ക് എത്തിക്കാനും അതിന്റെ പ്രയോഗരൂപങ്ങൾ വികസിപ്പിക്കാനും മുൻതലമുറകൾ നടത്തിയ പരിശ്രമങ്ങൾ. ആ അസ്ഥിവാരത്തിലാകണം പുതിയവയുടെ പടുത്തുയർത്തൽ. അതിന് അധികാരം താഴേക്കു വന്നതിന്റെ ചരിത്രം ഊർജ്ജമാകട്ടെ!

- ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയ കോർഡിനേറ്റർ ആയിരുന്നു ലേഖകൻ

Friday, 5 March 2021

വിതയ്ക്കാൻ അനുവദിക്കില്ല ഈ വിഷവിത്തുകൾ [കർഷകസമരത്തെപ്പറ്റി]

 വിതയ്ക്കാൻ അനുവദിക്കില്ല ഈ വിഷവിത്തുകൾ

മനോജ് കെ. പുതിയവിള

കർഷകസമരത്തിന്റെ കാരണം വിശകലനം ചെയ്യുന്ന ലേഖനം.

[സാഹിത്യസംഘം മാസികയുടെ 2021 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]



‘ജൂനിയർ മാൻഡ്രേക്ക്’ എന്ന സിനിമയിലെപ്പോലെ, ‘സന്തോഷത്തോടെ ഇതൊന്നു സ്വീകരിക്കണം’ എന്നു പറഞ്ഞ് ഒരു അശ്രീകരവുമായി കർഷകർക്കു പിന്നാലെ നടക്കുകയാണ് മോഡിസർക്കാർ.  പക്ഷെ, കർഷകർ പുറം‌കാലിനു തട്ടി.  സിനിമയിലെ പ്രതിമപോലെ അശ്രീകരമായ കാർഷികനിയമങ്ങൾ സർക്കാരിന്റെ കൈയിൽ ഇരിക്കുകയേയുള്ളൂ.  ആ നിയമങ്ങൾ കൊണ്ടുവന്നതുമുതൽ തുടങ്ങിയ അനർത്ഥങ്ങൾ പ്രതിദിനം രൂക്ഷമായി കേന്ദ്രസർക്കാരിനെ വേട്ടയാടുകയാണ്. എന്നാൽ അറബിക്കടലിൽ വലിച്ചെറിയാം എന്നു വച്ചാലോ? അത് കൈയിൽ ഏല്പിച്ചുകൊടുത്തവർ മോഡി – ഷാ സംഘത്തെ വച്ചേക്കില്ല.  അവരുടെ പണമില്ലെങ്കിൽ പാർട്ടിയും അധികാരവും ഒന്നും ഇല്ലല്ലോ!

സ്വയം കൃഷിചെയ്തു കഴിക്കുന്ന ആദിമകാലം കഴിഞ്ഞപ്പോൾ കൃഷിക്കാർ ഉത്പന്നങ്ങൾ ചന്തയിൽ കൊണ്ടുവന്ന് ഉപഭോക്താവിനു നേരിട്ടു വില്ക്കുന്ന രീതി വന്നു. പിന്നെ വ്യാപാരികൾ എന്ന ഇടനിലക്കാർ ഉണ്ടായി. കൃഷി സമ്പന്നരായ സെമീന്ദാർമാരുടെ ഏർപ്പാടാകുകയും മറ്റിടങ്ങളിലെ ഉത്പന്നങ്ങൾ എത്തിക്കാൻ ഗതാഗതസൗകര്യങ്ങൾ വികസിക്കുകയും ചെയ്തപ്പോൾ ഉത്പാദകരും ഉപഭോക്താക്കളും പരസ്പരം അറിയാത്തവരാകുകയും വില്പനവില ഉത്പാദകരും വാങ്ങൽവില ഉപഭോക്താവും അറിയാതാകുകയും ഇടത്തട്ടുകാർക്ക് തോന്നിയപോലെ ലാഭത്തിനുള്ള അവസരമൊരുങ്ങുകയും ചെയ്തു. കർഷകരും ഉപഭോക്താക്കളും ഒരുപോലെ ചൂഷണത്തിന് ഇരയായി. കൂടാതെ കർഷകർ വട്ടിപ്പണക്കാരുടെ കൊള്ളയ്ക്കും.

ബ്രിട്ടിഷുഭരണത്തിൽ അവരുടെ സംസ്ക്കരണശാലകൾക്ക് കുറഞ്ഞവിലയ്ക്ക് കൃഷിയുത്പന്നങ്ങൾ കിട്ടാൻ ആഹാരത്തിന്റെകൂടി പേരിൽ വില കുറയ്ക്കൽ പരിപാടികളാണ് ഉണ്ടായിരുന്നത്. കൃഷിയെപ്പറ്റിയുള്ള റോയൽ കമ്മിഷൻ 1928-ൽ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ വിപണിയിടപെടലിനുള്ള കരടുനിയമം 1938-ൽ ഉണ്ടാക്കി സംസ്ഥാനങ്ങൾക്ക് അയച്ചെങ്കിലും വിശേഷിച്ചൊന്നും സംഭവിച്ചില്ല.

മണ്ഡിക്കാലം

ഉത്പാദകരെയും ഉപഭോക്താക്കളെയും ചൂഷണത്തിൽനിന്നു രക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ് എന്നു കരുതിയിരുന്ന സ്വാതന്ത്ര്യാനന്തര, ആഗോളീകരണപൂർവ്വ കാലത്താണ് ഉത്പാദകർക്കായി താങ്ങുവില (Minimum Support Price), ഉപഭോക്താക്കൾക്കുവേണ്ടി വിവിധ വിലനിയന്ത്രണനടപടികൾ ഒക്കെ വന്നത്. കർഷകരുടെ രക്ഷയ്ക്കായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും 1960-കളോടെ കൃഷിയുത്പന്നവിപണിനിയന്ത്രണനിയമങ്ങൾ [Agricultural Produce Market Regulation (APMR) Acts] നടപ്പാക്കി. പ്രാദേശികച്ചന്തകളും ഉപചന്തകളും സൗകര്യങ്ങളോടെ നിർമ്മിച്ചു. ഇവയാണ് മണ്ഡികൾ എന്ന് അറിയപ്പെടുന്നത്. ഇവയുടെ നടത്തിപ്പിന് കമ്മിറ്റികളും ഉണ്ടായി - മണ്ഡിക്കമിറ്റി എന്നു വിളിക്കുന്ന A. P. M. C.

കൃഷിയുത്പന്നങ്ങൾ അവിടെ എത്തിച്ചാൽ ലേലം ചെയ്ത് മത്സരവിലയ്ക്കു വില്ക്കാം. താങ്ങുവിലയ്ക്കു മുകളിലേക്കാണു ലേലം. ഈ നിയമങ്ങൾക്ക് രണ്ടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു: കർഷകർക്കു മറ്റു നാടുകളിൽ കൊണ്ടുപോയി ഉത്പന്നങ്ങൾ വില്ക്കാൻ അനുവാദമില്ല. മണ്ഡിവഴി അല്ലാതെ ഒരു വ്യാപാരിക്കു നേരിട്ട് ഉത്പന്നം വില്ക്കാനും പറ്റില്ല. കർഷകർക്ക് ഉണ്ടായിരുന്ന ഈ പരിമിതികൾ പല സംസ്ഥാനവും പിന്നീട് നിയമം ഭേദഗതി ചെയ്തു പരിഹരിച്ചിരുന്നു. ഫലത്തിൽ, തരക്കേടില്ലാതെ കാര്യങ്ങൾ നടക്കുന്ന സംവിധാനമായിരുന്നു ഇത്. കർഷകർ ഇതിൽ തൃപ്തരും ആയിരുന്നു.

ഇൻഡ്യയല്ലേ! കൈയിട്ടുവാരലിനുള്ള അവസരങ്ങൾ എവിടെയും നാം വികസിപ്പിക്കുമല്ലോ. മണ്ഡിക്കമ്മിറ്റിയിലെ വ്യാപാരികളുടെ ലൈസൻസിനു കൈക്കൂലി കടന്നുവന്നു. അവർ കമ്മീഷൻ ഏജന്റുമാരായിമാറി. കൈക്കൂലി കൊടുത്തു ലൈസൻസ് വാങ്ങുന്നവർ സ്വാഭാവികമായും അതു തിരിച്ചുപിടിക്കാൻ കർഷകരെ പറ്റിക്കാനുള്ള വഴികളും തേടി. വ്യാപാരികൾ ഒത്തുകളിച്ച് കുറഞ്ഞവിലയ്ക്കു ലേലം ഉറപ്പിക്കാൻ തുടങ്ങി. ലേലം ചടങ്ങായി. കർഷകർ വീണ്ടും ചൂഷണം ചെയ്യപ്പെടാൻ തുടങ്ങി.


കോർപ്പറേറ്റ് കാലം

ഇതിനു പരിഹാരം കർഷകർ ആവശ്യപ്പെട്ടിരുന്നു എന്നതു ശരിതന്നെ. പക്ഷെ, അതിന് ഇങ്ങനെയൊരു ‘പണി’ കിട്ടും എന്ന് അവർ ഒട്ടും കരുതിയില്ല! രണ്ടു പുതിയ നിയമങ്ങളും ഒരു നിയമഭേദഗതിയും അടങ്ങുന്ന ഇപ്പോഴത്തെ ‘പ്രധാൻമന്ത്രി കർഷദ്രോഹ് യോജന’യിലെ Farmers' Produce Trade and Commerce (Promotion and Facilitation) Act 2020 - (FPTC Act) എന്ന നിയമത്തെ ഈ പേരു പറഞ്ഞാണ് നീതിമത്ക്കരിക്കുന്നത്.

പേരിലെ പ്രൊമോഷനും ഫസിലിറ്റേഷനും ഒക്കെ കണ്ടാൽ തോന്നും എമണ്ടൻ സഹായങ്ങളാണെന്ന്. ഇപ്പോൾ കൊണ്ടുവരുന്ന എല്ലാ ജനവിരുദ്ധനിയമങ്ങളുടെയും നയങ്ങളുടെയും തന്ത്രം ഇതാണ്. ഇപ്പ ശര്യാക്കിത്തരാം എന്ന മട്ടിലുള്ള പദപ്രയോഗങ്ങളാകും പുറമേക്ക്. ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് കാളകൂടവും. കർഷകർക്ക് ഇതു മനസിലായതാണ് കേന്ദ്രത്തിന്റെ പതിവുപണി പാളിച്ചത്.

ഈ നിയമത്തിലെ പ്രധാനപ്രശ്നം താങ്ങുവില ഇല്ലാതാക്കി എന്നതാണ്. താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി (250%) ആക്കണം എന്ന സ്വാമിനാഥൻ കമ്മിറ്റിശുപാർശ നടപ്പാക്കും എന്നു വാഗ്ദാനം ചെയ്ത് ആദ്യം അധികാരം പിടിച്ച മോഡിയാണ് ഇതു ചെയ്തത്. വാക്കൊന്ന്, പ്രവൃത്തി വേറൊന്ന് എന്ന നെഹ്രു നിർവ്വചിച്ച ആർ. എസ്. എസിന്റെ അടിസ്ഥാനസ്വഭാവം. കോർപ്പറേറ്റുകൾക്കു തുച്ഛമായ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാനുള്ള തടസം നീക്കുകയാണ് ഇതിലൂടെ ചെയ്തത് എന്നു കർഷകർ മനസിലാക്കി.

ഇതിന് കേന്ദ്രവും അവരുടെ പ്രചാരകരും പറയുന്ന മറുപടിയാണു രസം. “കോർപ്പറേറ്റുകൾ വില കുറച്ചാൽ നിങ്ങൾക്ക് മണ്ഡികളിൽ ലേലം ചെയ്തു വില്ക്കാമല്ലോ, മണ്ഡികൾ നിർത്തലാക്കുന്നില്ലല്ലോ.” കോർപ്പറേറ്റുകളുടെ കുതന്ത്രമൊക്കെ കാര്യവിവരം ഉള്ളവർക്ക് അറിയാം. കുത്തകകൾ ഉയർന്ന വിലയ്ക്ക് ഉത്പന്നങ്ങൾ സംഭരിക്കും. കർഷകർ അവർക്കു വില്ക്കും. ലൈസൻസ് ഫീസും നികുതിയും കൈക്കൂലിയും ഒക്കെ കൊടുത്ത വ്യാപാരികൾ ഈച്ചയാട്ടി ഇരിക്കും. അങ്ങനെ ഒന്നുരണ്ടു വിളവെടുപ്പുകാലം കഴിയുമ്പോഴേക്ക് വ്യാപാരികൾ വേറെ വഴിക്കു പോകും. മണ്ഡികളും ഇല്ലാതാകും. പിന്നെ ഉത്പന്നങ്ങൾ വാങ്ങാൻ കോർപ്പറേറ്റുകൾ മാത്രം. അങ്ങനെ കുത്തക കിട്ടുമ്പോൾ അവർ തനിനിറം പുറത്തെടുക്കും. നക്കാപ്പിച്ചാവിലയ്ക്ക് വില്ക്കുകയല്ലാതെ കർഷകർക്കു വഴിയില്ലാതാകും. ജിയോയുടെയൊക്കെ അനുഭവമുള്ള കർഷകർക്ക് ഇതും മനസിലായിപ്പോയി.

കർഷകരുടെ മറ്റൊരു ആശ്രയം ഫൂഡ് കോർപ്പറേഷൻ (F. C. I.) ആയിരുന്നു. അവർ മണ്ഡികളിലൂടെ സംഭരണം നടത്തിയിരുന്നു. എന്നാൽ ഈ സംഭരണം കുറയ്ക്കണം എന്നാണ് എഫ്. സി. ഐ.യെ ‘രക്ഷിക്കാൻ’ 2014-ൽ നിയോഗിച്ച ശാന്തകുമാർ കമ്മിറ്റിയുടെ ഒരു പ്രധാന നിർദ്ദേശം. കുത്തകകളുടെ കമ്മീഷൻ ഏജന്റുമാരായ ഭരണക്കാർ അതു നടപ്പാക്കാതിരിക്കുമോ? അതിനുള്ള ഉപാധിയുമാണ് ഈ നിയമം. അല്ലെങ്കിൽത്തന്നെ മണ്ഡികൾ ഇല്ലാതായാൽ അതുവഴി നടന്നിരുന്ന ആ സംഭരണവും നിലയ്ക്കുമല്ലോ. ഈ ബോദ്ധ്യവും കർഷകർക്കുണ്ട്.

പൊളിയുന്ന വ്യാജവാദങ്ങൾ

ഈ നിയമം അടിച്ചേല്പിക്കുന്നവരുടെ മറ്റൊരു വാദം, ഇതുപ്രകാരം കർഷകർക്ക് രാജ്യത്ത് എവിടെയും കൊണ്ടുപോയി വില്ക്കാനുള്ള അനുവാദം കിട്ടുകയാണല്ലോ, പിന്നെന്ത് എന്നാണ്. അതാണ് ഏറ്റവും വലിയ കോമഡി. കുത്തകവത്ക്കരണം സംഭവിച്ചാൽ രാജ്യത്ത് എവിടെയും ഒരേ കോർപ്പറേറ്റുകളല്ലേ വാങ്ങാനുള്ളൂ? എവിടെ കൊണ്ടുപോയിട്ട് എന്തു കാര്യം! അല്ലെങ്കിലും ദൂരദേശത്ത് ഉത്പന്നങ്ങൾ കൊണ്ടുപോകാൻ ഏതു കർഷകർക്കാണു കഴിയുക! വാസ്തവത്തിൽ ഈ സ്വാതന്ത്ര്യവും കോർപ്പറേറ്റുകൾക്ക് ഉള്ളതാണ് - രാജ്യത്ത് എവിടെനിന്നും സംഭരിക്കാനുള്ള അവകാശം.

എ. പി. എം. സി. സംവിധാനം ഇല്ലാതാക്കിയ ബിഹാറിന്റെ അനുഭവവും കർഷകർക്കുമുന്നിൽ ഉണ്ട്. അവിടത്തെ ചെറുകിടകർഷകർ ഇപ്പോൾ റോഡുവക്കിലിരുന്നു സ്വന്തം ഉത്പന്നങ്ങൾ വില്ക്കുകയാണ്! വിറ്റുതീരാത്തവ അളിഞ്ഞുപോകുന്നതിന്റെ നഷ്ടം വേറെയും. മണ്ഡികൾക്കും കോർപ്പറേറ്റുകൾക്കുമുള്ള ശിതീകൃതസംഭരണസംവിധാനമൊന്നും കർഷകർക്ക് ഇല്ലല്ലോ. അവ ഒരുക്കാനുള്ള പാങ്ങും അവർക്കില്ല.

മണ്ഡികളുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരുകൾക്ക് പ്രത്യേക ഇന്റലിജൻസ് സംവിധാനം നിലവിലുണ്ട്. വിലക്കയറ്റം മനസിലാക്കുകയും വിപണിയിടപെടലുകൾ നടത്തുകയും ചെയ്തുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അതു പോകുന്നതോടെ വിപണിയിടപെടലിൽനിന്നു സർക്കാരുകൾ പിൻവാങ്ങും. ഇതു വലിയ വിലക്കയറ്റത്തിന് ഇടയാക്കും എന്നാണു വിദഗ്ദ്ധർ നല്കുന്ന മുന്നറിയിപ്പ്. അല്ലെങ്കിൽത്തന്നെ കോർപ്പറേറ്റുകൾ വിപണി കൈയടക്കുന്നതോടെ വിലക്കയറ്റം ഉറപ്പാണല്ലോ.

കർഷകർക്കു കിട്ടുന്ന വില കുറയുന്നതോടെ അവർ പ്രതിസന്ധിയിലാകുകയും കൃഷി ഉപേക്ഷിക്കാനോ കൃഷിക്കായി കോർപ്പറേറ്റുകൾതന്നെ ഒരുക്കാൻപോകുന്ന പുതിയ കടക്കെണികളിൽ തലവയ്ക്കാനോ നിർബ്ബന്ധിതരാകും. കൃഷിഭൂമി തുച്ഛമായ തുകയ്ക്ക് കോർപ്പറേറ്റുകൾ ഏറ്റെടുത്തു കൃഷിചെയ്യുന്ന സ്ഥിതിയും അനതിവിദൂരമല്ല.

മണ്ഡികളിലെ വ്യാപാരത്തിൽ നിശ്ചിതനികുതി സംസ്ഥാനങ്ങൾക്കു കിട്ടുമായിരുന്നു. പഞ്ചാബും ഹരിയാനയും പോലെ കൃഷിയധിഷ്ഠിതസമ്പദ്ഘടനയുള്ള സംസ്ഥാനങ്ങളുടെ തരക്കേടില്ലാത്ത വരുമാനമാണ് ഇതുമൂലം നിലയ്ക്കുക. ഇതു സംസ്ഥാനങ്ങളുടെ വികസനത്തെയും ബാധിക്കും.

ഒറ്റനിയമം‌തന്നെ ഇത്രയേറെ ദുരന്തം ഉണ്ടാക്കുമെങ്കിൽ മറ്റുള്ളവകൂടി ആകുമ്പോഴോ!

ശാക്തീകരണക്കുരുക്ക്

രണ്ടാമത്തെ നിയമം പരിശോധിക്കാം.  Farmers (Empowerment and Protection) Agreement of Price Assurance and Farm Services Act, 2020 – (FAPAFS Act) എന്നാണതിന്റെ പേര്. ദാ, ഇവിടെയുമുണ്ട് പേരിൽ എം‌പവർമെന്റ്, പ്രൊട്ടക്‌ഷൻ, പ്രൈസ് അഷ്വറൻസ് ഒക്കെ. മധുരം പുരട്ടിയ പാഷാണം.

ഒട്ടെല്ലാവിദഗ്ദ്ധരും അപകടകരമെന്നു ചൂണ്ടിക്കാട്ടിയിട്ടുള്ള കരാർക്കൃഷിക്കായുള്ളതാണീ നിയമം. കരാർക്കൃഷിയുടെ അപകടങ്ങളെപ്പറ്റി 90-കളൊക്കെമുതലേ എത്രയോ പഠനങ്ങളുണ്ട്. ഹരിതവിപ്ലവം കൃഷിഭൂമിക്കേല്പിച്ച ക്ഷതം നേരിട്ടുബോദ്ധ്യമുള്ള ഡോ: സ്വാമിനാഥൻ തലവനായ കമ്മിറ്റി 2006-ൽത്തന്നെ നല്കിയ മുന്നറിയിപ്പുകളും മുന്നിലുണ്ട്.

അപ്പപ്പോഴത്തെ പരമാവധിലാഭം എന്ന പ്രകൃതിവിരുദ്ധമുതലാളിത്തസമീപനം മണ്ണിന്റെ ഗുണനിലവാരം തകർക്കുന്ന കൃഷിരീതികൾക്കു കർഷകരെ നിർബ്ബന്ധിക്കും. ഒരു കൃഷിഭൂമി ഇങ്ങനെ കൃഷിയോഗ്യമല്ലാതാകുമ്പോൾ കോർപ്പറേറ്റുകൾ അടുത്ത ഇരനോക്കി സ്ഥലം വിടും. ഇതു കർഷകരുടെതന്നെ അന്നം മുട്ടിക്കും.

മറ്റൊരു കെണി ഭക്ഷ്യവിളകൾക്കുപകരം നാണ്യവിളകൾ കൃഷിചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ്. ഇത് ആ സമൂഹത്തിലും രാജ്യത്തുതന്നെയും ഭക്ഷ്യദൗർലഭ്യത്തിനും വിലക്കയറ്റത്തിനും വഴിയൊരുക്കും.

കരാർക്കൃഷി കർഷകർക്ക് ആദായകരമല്ല എന്നതിന് ആന്ധ്രപ്രദേശിലെ കുപ്പത്തു 2013-ൽ സർക്കാർമുൻകൈയിൽ തുടങ്ങിയ പദ്ധതിതന്നെ പൊളിഞ്ഞ് ഉപേക്ഷിച്ചതടക്കം നിരവധി ഉദാഹരണങ്ങളുണ്ട്. ഇതേപ്പറ്റി ‘ഫ്രണ്ട്‌ലൈൻ’ അന്നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ശീർഷകം‌തന്നെ ‘CORPORATE CONTROL: Exploitative models’ എന്നായിരുന്നു. ചെറുകിട, ഇടത്തരം കർഷകരാണ് ഇതിന്റെ പ്രധാന ഇര.

കരാർക്കൃഷിയിലെ കെണികൾ

ഇനി കരാറിന്റെ വിശേഷങ്ങളിലേക്കു വരാം. വിളവിന്റെ ഗുണമേന്മ അടിസ്ഥാനമാക്കി മുൻകൂർ വില നിശ്ചയിച്ച് കരാറിൽ ഏർപ്പെടാം എന്നതാണ് കരാർക്കൃഷിയുടെ ഗുണമായി അനുകൂലികൾ പറയുന്നത്. നിയമത്തിൽ അങ്ങനെ വ്യവസ്ഥയുണ്ടുതാനും. പക്ഷെ, ഈ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയാണ്. കേരളത്തിൽത്തന്നെയുണ്ട് അംബികാദേവി എന്ന കർഷകയുടെ അനുഭവം. ഒന്നരയേക്കറിൽ ഔഷധസസ്യമായ വെളുത്ത മുസ്‌ലി കൃഷിചെയ്യാനായിരുന്നു കരാർ. 2004-ൽ നടത്തിയ ആ കൃഷിയുടെ നിയമവ്യവഹാരം തീർന്നത് ഒരുകൊല്ലം മുമ്പ് 2020 മാർച്ചിലാണ്!

നന്ദൻ ബയോമെട്രിക്സ് എന്ന കമ്പനിയുമായുള്ള കരാറിൽ കിലോയ്ക്ക് 1000 രൂപയാണു വില നിശ്ചയിച്ചിരുന്നത്. എന്നാൽ, കമ്പനി കരാർ ലംഘിച്ചു. അംബികാദേവി 2008-ൽ ഉപഭോക്തൃക്കോടതിയിൽ പരാതി നല്കി. അനുകൂലവിധികിട്ടി. കമ്പനി സുപ്രീം കോടതിയിൽ പോയി. അതിലെ വിധിയും അനുകൂലമായിരുന്നെങ്കിലും ഒരു വ്യാഴവട്ടമാണ് വ്യവഹാരങ്ങൾക്കു നഷ്ടമായത്.

ഇതിൽ കാണേണ്ടത് മൂന്നു കാര്യമാണ്. ഒന്ന്, എത്ര കർഷകർക്കു കഴിയും ഇത്തരം അനന്തമായ നിയമവ്യവഹാരം; അതും കോർപ്പറേറ്റുകളോട്; അതും നീതിന്യായം പോലും വിലയ്ക്കെടുക്കപ്പെടുന്ന ഒരു കാലത്ത്? മറ്റൊന്ന്, എപ്പോഴും വിധി അനുകൂലമാകണമെന്നില്ല. മൂന്നാമത്തെതും ഏറ്റവും പ്രധാനവുമായ കാര്യം, കമ്പനികൾക്കു കരാറുകൾ ലംഘിക്കുക എളുപ്പമാണ്.

നമ്മൾ ചില ആപ്പൊക്കെ ഡൗൺലോഡ് ചെയ്യുമ്പോൾ ‘ഐ എഗ്രീ’ എന്നു ക്ലിക് ചെയ്തുവിടുന്ന വ്യവസ്ഥകൾപോലെയാണ് ഇത്തരം കരാറുകളിലെയും വ്യവസ്ഥ. അതെല്ലാം വായിച്ചു മനസിലാക്കി പഴുതെല്ലാം അടച്ച് ഒപ്പുവയ്ക്കാൻ എത്ര കർഷകർക്കു കഴിയും! സങ്കീർണ്ണവ്യവസ്ഥകളിൽ പഴുതുകൾ കണ്ടെത്തി തർക്കിക്കാനും കമ്പനികൾക്ക് എളുപ്പമാണ്. എന്തിന്, കരാറിൽ പറഞ്ഞ ഗുണനിലവാരം ഇല്ല എന്നു പറഞ്ഞാൽപ്പോരെ? അതൊക്കെ എങ്ങനെ തെളിയിക്കും?

ഇതൊന്നുമല്ല ഇപ്പോൾ സ്ഥിതി. തർക്കം വന്നാൽ സിവിൽ കോടതിയിൽ പോകാൻ പുതിയ നിയമപ്രകാരം കർഷകർക്ക് അവകാശമില്ല! സബ്‌ഡിവിഷണൽ മജിസ്റ്റ്രേട്ട് നിയോഗിക്കുന്ന സമിതിയാണ് ഇവ കേട്ടു തീർപ്പാക്കുക! ഒരുവശത്ത് വമ്പൻ കോർപ്പറേറ്റ് ആകുമ്പോൾ തീർപ്പൊക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഈ നിയമത്തിലും താങ്ങുവില പറയുന്നില്ല. തീർപ്പ് എതിരായാലും താങ്ങുവില കിട്ടുമല്ലോ എന്നു സമാധാനിക്കാൻപോലും വകയില്ല.

പേറ്റന്റുള്ള, ജനിതകമാറ്റം വരുത്തിയ, ബി. റ്റി. വിത്തിനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ പെപ്സി കമ്പനി ഗുജറാത്തുകർഷകർക്കെതിരെ നടത്തിയ കേസ്. പെപ്സിക്കു കുത്തകാവകാശമുള്ള എഫ്. സി. - 5 എന്നയിനം ഉരുളക്കിഴങ്ങു കൃഷിചെയ്തതിനായിരുന്നു കേസ്. ദരിദ്രരായ നാലു കർഷകരിൽനിന്ന് അവർ ആവശ്യപ്പെട്ടത് ഒന്നരക്കോടി രൂപയാണ്! അത്രയ്ക്കു ഹിംസാത്മകമാണ് ലാഭദുരയാൽ മത്തുപിടിച്ച കോർപ്പറേറ്റുകൾ!

ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചുള്ള കൃഷിയിൽ ഇത്തരം കെണികൾ പലതുമുണ്ട്. കർഷകർ ഉത്പാദിപ്പിച്ച അത്തരം വിത്ത് എടുക്കുമ്പോൾ വിലയുടെ 25 ശതമാനമേ കമ്പനികൾ നല്കൂ. വിത്തു പരിശോധിച്ച് ജനിതകഘടന കൃത്യമാണെന്ന് ഉറപ്പാക്കിയിട്ടേ ബാക്കി കൊടുക്കൂ, ജനിതകഘടനയിൽ മാറ്റം കണ്ടാൽ ബാക്കി കിട്ടില്ല എന്നുതന്നെ.

ഇതെല്ലാം ഇപ്പോൾ കർഷകർ മാത്രമല്ല, കാര്യങ്ങൾ മനസിലാക്കുന്ന ജനങ്ങളൊക്കെയും ചർച്ച ചെയ്യുകയാണ്. കാരണം, ഇവയൊന്നും കർഷകരെ മാത്രമല്ല ബാധിക്കാൻപോകുന്നത്. ഭക്ഷ്യാരക്ഷിതത്വം, വിലക്കയറ്റം, രാഷ്ട്രീയാവശ്യങ്ങൾക്കും മറ്റുമായി സൃഷ്ടിക്കാവുന്ന കൃത്രിമക്ഷാമം എന്നുതുടങ്ങി ജനവിഭാഗങ്ങളുടെ ഭക്ഷണശീലങ്ങളിലുള്ള ഇടപെടലുകൾക്കുവരെ ഇതു വഴിവയ്ക്കാം.

മറ്റുള്ളവരും ഇരകൾ

മുഴുവൻ ജനവിഭാഗങ്ങളെയും നേരിട്ടുതന്നെ ബാധിക്കാൻപോകുന്ന ഒന്നാണ് മൂന്നാമത്തെ നിയമം. ഇതൊരു പുതിയ നിയമമല്ല, നിലവിലെ അവശ്യസാധനനിയമത്തിന്റെ ഭേദഗതിയാണ്. പേര് The Essential Commodities (ECA) (Amendment) Act 2020.

ഇതാണു ഭേദഗതി: “ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യയെണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ ഇനിമേൽ യുദ്ധവും ഭക്ഷ്യക്ഷാമവും പ്രകൃതിക്ഷോഭവും അസാധാരണവിലക്കയറ്റവും ഉൾപ്പെടെയുള്ള അസാധാരണസാഹചര്യങ്ങളിൽ മാത്രമേ അവശ്യസാധനമായി കണക്കാക്കൂ.” എന്നുവച്ചാൽ ഇനി അവ അവശ്യവസ്തുക്കളല്ല; മനുഷ്യർക്ക് അവ അവശ്യവസ്തുക്കൾതന്നെ ആണെങ്കിലും.

എന്താണിതിന്റെ അർത്ഥം? ഇവയടക്കമുള്ള ഭക്ഷ്യവസ്തുക്കളും മരുന്ന്, വളം, പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും, കാലിത്തീറ്റ, ഭക്ഷവിളകളുടെയും പഴവർഗ്ഗങ്ങളുടെയും വിത്തുകൾ, ചണം, കഴിനൂൽ എന്നീ എട്ടിനങ്ങളും അവശ്യസാധനങ്ങളായി സർക്കാർ പ്രഖ്യാപിച്ചതാണ് 1955-ലെ അവശ്യസാധനനിയമം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തി വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാകാതെ പാവങ്ങളെയും സാധാരണക്കാരെയും രക്ഷിക്കാൻ കൊണ്ടുവന്ന നിയമം. നിയമം‌വഴി ഇവയുടെ ഉത്പാദനവും സംഭരണവും വിതരണവും സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. ഇവയുടെ പരമാവധി വില്പനവില നിശ്ചയിക്കുന്നതും സർക്കാരാണ്. നിശ്ചിത അളവിൽ കൂടുതൽ ആരെങ്കിലും സംഭരിച്ചാൽ ശിക്ഷയും കിട്ടും.

നിയമം നിലനില്ക്കെതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ ഫലം നാം അനുഭവിക്കുകയാണ്. ഇപ്പോൾ ഇതാ ഏറ്റവും അടിസ്ഥാനാവശ്യമായ ഈ ഭക്ഷ്യവസ്തുക്കളെ നിയമത്തിൽനിന്നുതന്നെ എടുത്തുകളഞ്ഞു!

ഭേദഗതിപ്രകാരം, ഇനി ഇവ സംഭരിച്ചുവയ്ക്കാനുള്ള പരിധിക്കു നിയന്ത്രണം അവയുടെ വില കൂടുമ്പോൾ മാത്രമായിരിക്കും. എത്ര കൂടുമ്പോൾ എന്നതാണു രസം. കഴിഞ്ഞ അഞ്ചുകൊല്ലത്തെ ശരാശരി വിലയോ തൊട്ടുമുമ്പത്തെ 12 മാസത്തെ വിലയോ ഏതാണോ കുറവ് അതിന്റെ 100 ശതമാനം വില വർദ്ധിച്ചാൽ ചീഞ്ഞുപോകുന്നയിനം ഭക്ഷ്യവസ്തുക്കൾക്കും 50 ശതമാനം വർദ്ധിച്ചാൽ മറ്റു ഭക്ഷ്യവസ്തുക്കൾക്കും സംഭരണനിയന്ത്രണം ഏർപ്പെടുത്താം!

എന്തെങ്കിലും മനസിലായോ? അങ്ങനെയൊരു വർദ്ധന ഏതാണ്ട് അസംഭവ്യമാണ്. അതുകൊണ്ടുതന്നെ ഒരിക്കലും ഇവയ്ക്കുമേൽ നിയന്ത്രണം ഉണ്ടാകാൻ പോകുന്നില്ല. ഇതിലെ മറ്റൊരു കെണി, ഈ രംഗം കൈയാളാൻപോകുന്ന കോർപ്പറേറ്റുകൾക്ക് 99 ശതമാനം‌വരെ വിലകൂട്ടി വില്ക്കാം. അതിനുതക്കവണ്ണം ഇഷ്ടം‌പോലെ പൂഴ്ത്തിവയ്ക്കാം.

ഇനിയുമുണ്ട് ഒരു സാദ്ധ്യത. നൂറുശതമാനം ഒറ്റയടിക്കു വർദ്ധിക്കാത്തവണ്ണം പടിപടിയായി കൂട്ടിക്കൊണ്ടിരുന്നാൽ, നാലഞ്ചുവർഷം‌കൊണ്ട് അഞ്ചുകൊല്ലത്തെ ശരാശരിയും തൊട്ടുമുമ്പത്തെ 12 മാസത്തെ ശരാശരിയും വലിയ സംഖ്യകളാകും. അപ്പോൾ നൂറുശതമാനം എന്ന വ്യവസ്ഥ ലംഘിക്കാതെതന്നെ കൊള്ളവിലയ്ക്കു വില്പന നടത്താം. എങ്ങനെയുണ്ട് കോർപ്പറേറ്റ് ബുദ്ധി?

അന്തം‌വിട്ട പ്രതി എന്തും ചെയ്യും!

ഇപ്പോൾ നാം കാണുന്ന ഏറ്റവും വലിയ അസംബന്ധം, വേണ്ടെന്നു കർഷകർ പറഞ്ഞിട്ടും അടിച്ചേല്പിച്ചേ അടങ്ങൂ എന്ന വാശിയാണ്. കർഷകരക്ഷയക്കാണത്രേ നിയമം. ഈ രക്ഷ ഞങ്ങൾക്കു വേണ്ടാ എന്നു മാസങ്ങളായി കർഷകർ പറയുന്നു. പിന്നെ എന്തിന്റെ സൂക്കേടാണു സർക്കാരിന്? കോർപ്പറേറ്റ് അച്ചാരത്തിന്റെ ബാദ്ധ്യത. അല്ലാതെ ഒരു ന്യായവും കാണുന്നില്ല.

എന്തെല്ലാം പരാക്രമങ്ങളാണ് അതിനു കാട്ടിക്കൂട്ടുന്നത്. കർഷകർക്കിടയിലെ കുത്തിത്തിരിപ്പുമുതൽ കർഷകർ പഴയ ഖാലിസ്ഥാൻവാദികളാണെന്നും സമരത്തിനു പിന്നിൽ ദേശവിരുദ്ധശക്തികളാണെന്നും മറ്റുമുള്ള അപകടകരമായ ദുഷ്പ്രചാരണങ്ങൾ വരെ എന്തെല്ലാം! ലോകാദരണീയരായ മനുഷ്യാവകാശപ്രവർത്തകരെപ്പോലും അസഹിഷ്ണുതയുടെ വിഷം ചീറ്റിയും അന്തസാരശൂന്യരായ തമോ‘താരങ്ങ’ളായ കൂലിപ്പടയെ ഇറക്കിയും അധിക്ഷേപിക്കുന്നു. ഭയത്തിന്റെ മുള്ളുവേലികൾ തലസ്ഥാനത്തെരുവുകളിൽപ്പോലും കെട്ടിനിറയ്ക്കുന്നു. ഇൻഡ്യയെ ലോകത്തിനുമുന്നിൽ നിരന്തരം അപഹാസ്യമാക്കുകയാണു കേന്ദ്രസർക്കാരും കോർപ്പറേറ്റ് കൂട്ടാളികളും ഇതിന്റെയൊന്നും ഏക്കും പൂക്കും അറിയാത്ത ചാണകപ്പടയും.

ഈ പരാക്രമമെല്ലാം കാട്ടി ഇത്ര വിനാശകരമായ നിയമങ്ങൾ അടിച്ചേല്പിക്കാൻ നോക്കുന്നതു കാണുമ്പോൾ കല്യാണരാമൻ എന്ന സിനിമയിലെ പോഞ്ഞിക്കര എന്ന ഇന്നസെന്റ് കഥാപാത്രം സദ്യ വിളമ്പുന്ന രംഗമാണ് ഓർമ്മവരുന്നത്. ചോറു വേണ്ടാ എന്നു പറയുന്ന ഒരാളെ ‘അതെന്താടാ നിനക്കു ചോറു വേണ്ടാത്തെ’ എന്നു ചോദിച്ചു പ്രകോപിപ്പിച്ച് ചോറെല്ലാംകൂടി കമഴ്ത്തിയിട്ട് ‘മര്യാദയ്ക്കു തിന്നെടാ’ എന്ന് ആക്രോശിച്ച് സർവ്വത്ര അലമ്പാക്കുന്ന രംഗം. അതുപോലെ അലമ്പുണ്ടാക്കി രാജ്യം കുട്ടിച്ചോറാക്കുകയാണ് അഖിലേൻഡ്യാ പോഞ്ഞിക്കരമാർ!

പക്ഷെ, ഒന്ന് ഉറപ്പാണ്. ഈ വിഷവിത്തുകൾ ഇൻഡ്യയുടെ മണ്ണിൽ വിതയ്ക്കാൻ കർഷകരും അവരുടെ വിലയറിഞ്ഞ് അവരെ സ്നേഹിക്കുന്നവരും അനുവദിക്കില്ല. ഇരുട്ടിന്റെ ശക്തികൾ ഒരോ കരു നീക്കുമ്പോഴും മറുവശത്ത് അണിചേരുന്ന മനുഷ്യലക്ഷങ്ങൾ രാജ്യത്തിന്റെ ഭാവിയുടെ പ്രതീക്ഷയാണ്. തരക്കേടില്ലാത്ത ധനസ്ഥിതിയിൽ ആയിരുന്ന രാജ്യത്തെ നോട്ടുനിരോധനവും വർഗ്ഗീയഭിന്നിപ്പിക്കലും പോലുള്ള വങ്കത്തരങ്ങളിലൂടെ കുളം കോരിയിട്ടും രാഷ്ട്രമെന്ന നിലയിൽ നാം തകരില്ല, പുലരും എന്ന പ്രതീക്ഷ പകരുന്നത് കർഷകരും ദളിത് ജനതയും വിദ്യാർത്ഥികളും തൊഴിലാളികളുമൊക്കെ കാട്ടുന്ന തിരിച്ചറിവിന്റെ സംഘബോധമാണ്.