Thursday, 18 May 2023

കിഷാനോയുടെ മതിഭ്രമങ്ങൾ

 

കിഷാനോയുടെ മതിഭ്രമങ്ങൾ

മനോജ് കെ. പുതിയവിള

[പച്ചക്കുതിര മാസികയിൽ 2016 ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.] 




വിഖ്യാത സ്പാനിഷ് നോവലായ ഡോൺ കിഹോത്തെയുടെ നാനൂറാം വാർഷികം ആഘോഷിച്ച വേളയിൽ, 2016-ൽ, നോവലിനു ഡോ. പി. വേണുഗോപാലൻ രചിച്ച കഥകളിയാവിഷ്ക്കാരം ആധുനികകാലത്തെ സമാനമായ ഉദ്യമങ്ങളിൽ പലനിലയ്ക്കും അവതരണക്ഷമതയും വ്യത്യസ്തതയും പുലർത്തുന്നു. ക്ലാസിക്കൽ കലയായ കഥകളിയെ ജനകീയമാക്കാൻകൂടി സഹായിക്കുന്നതാണ് വേറിട്ട കഥകളും സംസ്ക്കാരങ്ങളുമൊക്കെ കഥകളിക്കു വിഷയമാക്കുന്നത്. സ്പെയിനിൽ ഒരുഡസനിലധികം വേദികളിൽ അന്ന് അവതരിപ്പിച്ച ഈ കഥകളിയുടെ അരങ്ങേറ്റം 2016 ജൂലായ് നാലിന് തിരുവനന്തപുരത്തു നടന്നപ്പോൾ പ്രസിദ്ധീകരിച്ച ലേഖനമാണിത്. ഇതിലെ വിമർശങ്ങൾ ആദ്യാവതരണം ആധാരമാക്കി ഉള്ളതാണ്. സ്പെയിനിലെ അവതരണത്തിനു മുമ്പും ശേഷവും ഒട്ടേറെ പരിഷ്ക്കാരങ്ങൾ വരുത്തി എന്നാണു മനസിലാക്കുന്നത്. ഇപ്പോൾ ഇതു പുനഃപ്രസിദ്ധീകരിക്കുന്നത് പുതിയ അവതരണങ്ങളെ പിന്തുണയ്ക്കാൻ ഉദ്ദേശിച്ചാണ്.


വായിച്ചുവായിച്ചു വട്ടാകുക എന്നൊരു പ്രയോഗമുണ്ടല്ലോ. സ്പെയിനിലെ സാധാരണകർഷകനായിരുന്ന അലോൺസോ കിഷാനോയ്ക്ക് അക്ഷരാർത്ഥത്തിൽ സംഭവിച്ചത് അതാണ്. മദ്ധ്യകാലയൂറോപ്പിലെ പോരാളികളായ മാടമ്പിമാ(knights)രുടെ വീരകഥകൾ വായിച്ചുവായിച്ച് താനും അവരിലൊരാളാണെന്നു സ്വയം സങ്കല്പിച്ചു. മാടമ്പിത്തമുള്ള ഒരു പേരൊക്കെ ഇട്ടു - ഡോൺ കിഹോത്തെ. ചാവാലിക്കുതിരയ്ക്കുമിട്ടൂ ഒരു തകർപ്പൻ പേര് - റോസിനാന്റെ. അനീതികൾക്കെതിരെ, ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ അയാൾ ഇറങ്ങിപ്പുറപ്പെടുകയാണ്. മർദ്ദകരായ ഭൂപ്രഭുക്കളോടും രാക്ഷസരോടും ഒക്കെ ഏറ്റുമുട്ടിയുള്ള സംഭവബഹുലമായ യാത്ര! എല്ലാ മാടമ്പിമാർക്കും ഉള്ളതുപോലെ സുന്ദരിയായ ഒരു റോയൽ കാമുകിയുമുണ്ട് ഇദ്ദേഹത്തിന്. അതും സങ്കല്പത്തിലാണെന്നു മാത്രം. പേര് ദോൾസീനിയ. സങ്കല്പമായാലെന്ത്, ശൃംഗാരത്തിനും വകുപ്പായല്ലോ. കഥകളി കൊഴുക്കാൻ വേണ്ടതെല്ലാം ആയി എന്നർത്ഥം. പോരാത്തതിന്, മതിഭ്രമം ബാധിച്ച നായകൻ ചെന്നുചാടുന്ന അബദ്ധങ്ങളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൂത്തിലെ വിദൂഷകവേഷത്തിൽ അരങ്ങിലെത്തുന്ന മണ്ടനായ അനുചരൻ സാഞ്ചോ പാൻസ ഉടനീളം കാട്ടുന്ന കോമാളിത്തരങ്ങളും പതിവുകളികളുടെ ആസ്വാദനത്തിനപ്പുറം പ്രേക്ഷകരെ രസിപ്പിക്കും. കിഹോത്തേയുടെ സങ്കല്പത്തിൽ രാക്ഷസന്മാരായി മാറുന്ന കൂറ്റൻ കാറ്റാടിയന്ത്രങ്ങളും സിംഹവും കിഷാനോയ്ക്കായി രൂപകല്പന ചെയ്ത, യൂറോപ്യൻ വേഷത്തെ അനുസ്മരിപ്പിക്കുന്ന, ഉടുത്തുകെട്ടും തൊപ്പിയുമൊക്കെ പതിവിൽനിന്നു വേറിട്ട പരീക്ഷണങ്ങളാണ്. കുതിരപ്പുറത്തിരുന്നുള്ള കുന്തപ്പയറ്റും പുതുമയുള്ളതാണ്. ഇതെല്ലാം പുതിയ ആസ്വാദകരെ കഥകളിയിലേക്ക് അടുപ്പിക്കാനും സഹായിക്കും.

അത്യാവശ്യം കളിക്കപ്പെടുന്ന കൃഷ്ണലീല ആട്ടക്കഥ എഴുതിയ തഴക്കത്തോടെ ഡോ: പി. വേണുഗോപാലനാണ് മിഗൽ ദെ സെർവാന്റെസ് രചിച്ച ഡോൺ കിഹോത്തെ (Don Quixote) എന്ന ബൃഹത്തായ സ്പാനിഷ് നോവലിൽനിന്ന് കഥകളിക്കു പറ്റിയ മുഹൂർത്തങ്ങൾ കണ്ടെടുത്ത് ആട്ടക്കഥ രചിച്ചത്. മാർഗിയുടെ സൗകര്യങ്ങളിൽ നെല്ലിയോടു വാസുദേവൻ നമ്പൂതിരിയും കലാമണ്ഡലം പ്രദീപും മാർഗി വിജയകുമാറും മികച്ച പാട്ടുകാരനായ പത്തിയൂർ ശങ്കരൻകുട്ടിയും മേളവിദഗ്ദ്ധരായ കലാമണ്ഡലം കൃഷ്ണദാസും മാർഗി രത്നാകരനും ചുട്ടികലാകാരൻ മാർഗി രവീന്ദ്രൻ പിള്ളയും ഒക്കെ ചേർന്നു പാട്ടും ചിട്ടയും ചുട്ടിയുമെല്ലാം ഒരുക്കിയപ്പോൾ പ്രതീക്ഷ പകരുന്ന മിഴിവുറ്റ ഒരു സൃഷ്ടിയായി അതു മാറി. ഇവയ്ക്കൊപ്പം കഥയിലെ പുതുമയും വേഷങ്ങളിലും അവതരണത്തിലും ഉള്ള പുതുമകളുംകൊണ്ട് കഥകളിയാസ്വാദകർക്ക് ഡോൺ കിഹോത്തേ പ്രിയപ്പെട്ടതാകും. കൂടുതൽ അവതരണത്തിനുള്ള ആവശ്യം അതുയർത്തും.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ എഴുതപ്പെട്ട ആട്ടക്കഥകളിൽ മാലി എന്ന വി മാധവൻ നായർ രചിച്ച കർണ്ണശപഥവും പന്നിശ്ശേരി നാണുപിള്ളയുടെ നിഴൽക്കുത്തും ഒഴികെ ഒന്നും അരങ്ങിൽ വിജയിച്ചില്ല. പലതും അരങ്ങേറ്റത്തോടെ അരങ്ങൊഴിഞ്ഞു. രചയിതാക്കളുടെ സ്വാധീനത്താലുംമറ്റും ഏതെങ്കിലും ഒന്നോ രണ്ടോ കഥകൾ വല്ലപ്പോഴുമൊക്കെ ആടുന്നു എന്നത് അവയുടെ സ്വീകാര്യതയായി കണക്കാക്കാനാവില്ല. അവതരണയോഗ്യമായവതന്നെയും മാമൂലുകളുടെയും വിശ്വാസങ്ങളുടെയുമൊക്കെ കൂനാങ്കുരുക്കുകളിൽ ശ്വാസം മുട്ടി മൃതമോ വിസ്മൃതമോ ആകുകയും ചെയ്തു. ഇവയിൽ മാനവവിജയവും കിങ് ലിയറും പോലെയുള്ള പരീക്ഷണങ്ങളും പെടും. ഇങ്ങനെ കഥകളി കേവലമൊരു അനുഷ്ഠാനമോ ടൂറിസം വിപണനത്തിനുള്ള ആന്റിക് പീസോ ആണെന്ന പൊതുധാരണ സമൂഹത്തിൽ വളർന്നുമുറ്റി നിൽക്കുന്ന അവസ്ഥ ഉണ്ടായിത്തീർന്നു. ശിവരാത്രിക്ക് ഉറക്കമിളയ്ക്കാൻ കൂടുന്നതൊഴിച്ചാൽ കളിത്തട്ടിനുമുന്നിൽ മറ്റു കലകൾക്കു കിട്ടുന്നതുപോലെ ആളെ കൂട്ടാൻ കഴിയാത്ത അവസ്ഥ.

ആട്ടപ്പാട്ടു വ്യക്തതയോടെ പാടിത്തുടങ്ങിയതും ആസ്വാദനപരിചയത്തിനു നടപടികൾ സ്വീകരിച്ചതും യുവജനോത്സവങ്ങൾക്കായി കുട്ടികൾ പഠിക്കാൻ തുടങ്ങിയതും ഫൈനാട്സ് സൊസൈറ്റികൾ കഥകളിയെയും അല്പസ്വല്പം പരിഗണിച്ചുതുടങ്ങിയതും കഥകളിപ്രേമികളായ ചിലർ സ്വന്തം താല്പര്യത്തിൽ ഓരോ നാട്ടിലും ആണ്ടിൽ ഒന്നോരണ്ടോ വീതമെങ്കിലും വേദികൾ ഒരുക്കിത്തുടങ്ങിയതും സർക്കാർ ചില്ലറ പ്രോത്സാഹനങ്ങൾക്കു തയ്യാറായതുമെല്ലാം അടുത്തകാലത്തായി സ്ഥിതി ലേശം മെച്ചപ്പെടുത്തിയിട്ടുണ്ട്. കാണികളുടെ എണ്ണം നൂറിനുമുകളിലേക്കൊക്കെ ഉയർന്നു. ഈ സാഹചര്യത്തിലാണ് ഒരു യൂറോപ്യൻ നോവൽ കഥകളിക്കുവേണ്ട അവശ്യം ചേരുവകളോടെ, പ്രതിഭാശാലികളുടെ കലാനിക്ഷേപങ്ങളോടെ അരങ്ങിലെത്തിയിരിക്കുന്നത്.

നോവലിന്റെ നാനൂറാം വാർഷികവും നോവലിസ്റ്റായ സെർവാന്റെസിന്റെ നാനൂറാം ചരമവാർഷികവുമാണ് ഈ വർഷം. സ്പെയിനിൽ വിപുലമായ ആഘോഷം നടക്കുന്നു. ആ വേളയിലാണ് ഈ കഥകളിയുടെ പിറവി. സ്പെയിനിൽ ഒരുഡസൻ വേദികളിൽ നമ്മുടെ കലാകാരർ ഇപ്പോൾ ഡോൺ കിഹോത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വർഷങ്ങൾക്കുമുമ്പ് ഡോ: അയ്യപ്പപ്പണിക്കരാണ് മികച്ച രംഗാവതരണസാദ്ധ്യതയുള്ള ഈ കഥ കഥകളിയാക്കാൻ നിർദ്ദേശിച്ചതെന്ന് പി. വേണുഗോപാലൻ ഓർക്കുന്നു. അന്നതു നടന്നില്ല. നടന്നപ്പോൾ കാണാൻ അയ്യപ്പപ്പണിക്കരില്ല. നൈറ്റ് എന്നതിന് മാടമ്പി എന്ന പരിഭാഷ അയ്യപ്പപ്പണിക്കർ നിർദ്ദേശിച്ചതാണത്രേ.

ആദ്യത്തെ ഒരു മുഴുനീളആക്ഷേപഹാസ്യനോവലായ ഡോൺ കിഹോത്തെയുടെ കഥകളിയാവിഷ്ക്കാരത്തിന് അതുകൊണ്ടുതന്നെ ആദ്യത്തെ മുഴുനീളഹാസ്യകഥകളി എന്ന പ്രത്യേകതകൂടിയുണ്ട്. ലാ മാഞ്ചാ ഗ്രാമത്തിലാണു കഥ നടക്കുന്നത്. തനി യൂറോപ്യന്റെ രൂപസാദൃശ്യമുള്ള വേഷത്തിൽ കടന്നുവരുന്ന കിഷാനോയുടെ ഇളകിയാട്ടത്തോടെയുള്ള തുടക്കം തികച്ചും പുതുമയാർന്നതാണ്. മാടമ്പിചരിതങ്ങളിൽ ആസക്തനാകുന്നതും മാടമ്പിയുടെ കോപ്പുകൾ അണിഞ്ഞും ആയുധങ്ങൾ ധരിച്ചും സ്വയം മാടമ്പിയായി മാറുന്നതുമൊക്കെ അതീവഹൃദ്യമായി നെല്ലിയോട് ആടി. പിന്നീടു നാം കാണുന്നത് കത്തിവേഷത്തിൽ എത്തുന്ന കിഹോത്തെയെയാണ്. കലാമണ്ഡലം പ്രദീപാണു കിഹോത്തെയെ അവതരിപ്പിച്ചത്. രസകരമായ സംഭവപരമ്പരകളാണു പിന്നെ. കർഷകബാലനെ കെട്ടിയിട്ടു തല്ലുന്ന ജന്മിയോടാണ് ആദ്യ ഇടപെടൽ.

 

“വേലയ്ക്കു കൂലി കൊടുത്തീടാതെ
സാധുകളോടുള്ള ദ്രോഹം കഷ്ടം
വേഗം കൊടുക്കുക വേതനം ബാലന്
വീതവിശങ്കം ചെയ്തീടേണം”

എന്നാണു കല്പന. കിഹോത്തേയുടെ ഭാവഹാവാദികൾ കണ്ട് ലേശം അമ്പരന്ന ജന്മി എല്ലാം ചെയ്യാമെന്നു സത്യം ചെയ്യുന്നു. കിഹോത്തേ വിജയിയായി യാത്ര തുടരുന്നു. എന്നാൽ, ജന്മി വാക്കുപാലിക്കുന്നില്ലെന്നുമാത്രമല്ല, വീണ്ടും ബാലനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതിലൂടെ കിഹോത്തേയുടെ വിജയത്തിന്റെ നിരർത്ഥകത വെളിവാക്കപ്പെടുന്നു.

ആദ്യയാത്ര കഴിഞ്ഞ് അടികൊണ്ട് അവശനായി തിരികെയെത്തുന്ന കിഹോത്തെ രണ്ടാമതും വീരകൃത്യങ്ങൾക്കായി പുറപ്പെടുന്നു. ഒരു സിൽബന്തിയെക്കൂടി ഇക്കുറി കൂടെ കൂട്ടി. അലക്കുകാരനായ സാഞ്ചോ പാൻസയെ താൻ പിടിച്ചടക്കുന്ന രാജ്യങ്ങളിൽ ഒന്നിലെ ഗവർണ്ണറാക്കാമെന്നു പ്രലോഭിപ്പിച്ചാണ് അനുചരനാക്കുന്നത്. ചാവാലിക്കുതിരയുടെ പുറത്ത് കിഹോത്തേയും കഴുതപ്പുറത്ത് സാഞ്ചോയും. വഴിയിൽ കാണുന്ന കൂറ്റൻ കാറ്റാടികൾ കിഹോത്തേയ്ക്കു രാക്ഷസന്മാരാണ്. രണ്ടു ചുവന്ന താടിവേഷങ്ങൾ. സാഞ്ചോ നോക്കുമ്പോൾ അവ കാറ്റാടിയന്ത്രങ്ങളായി കൈ ചുഴറ്റി നിൽക്കും. കിഹോത്തെ നോക്കുമ്പോഴാകട്ടെ പോരിനു വിളിക്കുന്ന രാക്ഷസന്മാരും. ഈ സ്ഥലജവിഭ്രാന്തി കഥകളിയിൽ പുതുമ സൃഷ്ടിക്കുന്നു. പരിമിതമായ കലാപ്രകടനസാദ്ധ്യതയേ ഉള്ളെങ്കിലും സവിശേഷമായ ആ അവതരണരീതി രണ്ടു മനോനിലകൾ കൃത്യമായി അഭിവ്യഞ്ജിപ്പിക്കുന്നു. രാജാവിന്റെ മൃഗശാലയിലേക്കു കൊണ്ടു പോകുന്ന സിംഹത്തെ കൂടുതുറന്നുവിട്ടു പോരിനു വിളിക്കുന്നതും സിംഹം ബോറടിയോടെ കിഹോത്തേയെ നോക്കി പുച്ഛിച്ചു കൂട്ടിൽക്കയറിക്കിടക്കുന്നതുമൊക്കെ രസകരമാണ്.

നല്ലവനായ കിഷാനോയെ മടക്കിക്കൊണ്ടുവരാൻ പുരോഹിതന്റെ നിർദ്ദേശപ്രകാരം കരാസ്കോ എന്നയാൾ കണ്ണാടിമാടമ്പിയായി വേഷം മാറിവന്ന് കിഹോത്തെയുമായി ഏറ്റുമുട്ടി അബദ്ധത്തിൽ തോൽക്കുന്നതും പിന്നൊരിക്കൽ വെളുത്തചന്ദ്രൻ മാടമ്പിയായിവന്നു കിഹോത്തേയെ തോല്പിക്കുന്നതും കഥകളിത്തത്തിനപ്പുറം കുതിരപ്പുറത്തുള്ള യുദ്ധം എന്നനിലയിൽ പുതുമപുലർത്തുന്നു. കാമുകിയായ ദൊൾസീനിയയെ ദിവാസ്വപ്നത്തിൽ വാരിപ്പുണരുന്ന കിഹോത്തേ കണ്ണുതുറക്കുമ്പോൾ കരവലയത്തിൽ സാഞ്ചോയെക്കണ്ട് ജാള്യത്താൽ ചൂളുന്ന രംഗം രസകരമായ ഭാവപ്പകർച്ചയുടേതാണ്. എല്ലാരംഗത്തും മനോധർമ്മംകൊണ്ടു ചിരിയുടെയും കരഘോഷത്തിന്റെയും പെരുമഴ പെയ്യിച്ച സാഞ്ചോ പാൻസയെ മാർഗി വിജയകുമാർ അവിസ്മരണീയമാക്കി. നല്ല പുസ്തകങ്ങൾ വായിച്ചില്ലല്ലോ എന്ന പശ്ചാത്താപത്തോടെ മരണം പ്രാപിക്കുന്ന കിഷാനോ മടവൂരിന്റെ അനന്യമായ അഭിനയപാടവത്തിന്റെ എക്കാലത്തെയും സാക്ഷ്യങ്ങളിൽ ഒന്നാണ്.

ആദ്യാവതരണമെന്നു തോന്നാത്തത്ര അനായാസമായും ഭാവപ്പൊലിമയോടെയും അർത്ഥനിഷ്പത്തിയോടെയും പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം വിഷ്ണുവും പദങ്ങൾ മധുരമനോഹരമാക്കി. കലാമണ്ഡലം കൃഷ്ണദാസും മാർഗി രത്നാകരനും മേളം കൊഴുപ്പിച്ചു. കണ്ണാടി മാടമ്പി, വെളുത്തചന്ദ്രൻ മാടമ്പി എന്നീ കഥാപത്രങ്ങൾക്കു മാർഗി ബാലസുബ്രഹ്മണ്യനും ദൊൾസീനിയയും കർഷകബാലനുമായി കലാമണ്ഡലം സുദീപും മികച്ച പ്രകടനം നടത്തി. മാർഗി സുരേഷ് കർഷകജന്മിയും സിംഹത്തെ കൊണ്ടുവരുന്ന വണ്ടിക്കാരനുമായി. കലാമണ്ഡലം ബാലകൃൻ, കലാമണ്ഡലം പാർത്ഥസാരഥി എന്നിവർ രാക്ഷസന്മാരും സിംഹവും പുരോഹിതനുമായി. ചുട്ടിയിൽ മാർഗി ശ്രീകുമാറും ചമയത്തിൽ പള്ളിപ്പുറം ഉണ്ണിക്കൃഷ്ണനും മാർഗി ഗോപനും മാർഗി രവീന്ദ്രൻ നായർക്കു കൂട്ടായി.

ആദ്യാവതരണത്തിന്റെ പരിമിതികൾ കാര്യമായി കണ്ടില്ലെങ്കിലും പരിഹരിക്കേണ്ട പോരായ്മകളായി ചിലതു തോന്നിയതുകൂടി പറയട്ടെ. ശ്ലോകങ്ങളും പദങ്ങളും പലതും പരമ്പരാഗതശൈലിയുടെ ചാലിൽനിന്നു വിടുതൽ നേടിയിട്ടില്ല. നിരവധി വാക്കുകളും പ്രയോഗങ്ങളും അപ്പടിതന്നെ കടന്നുവന്നിരിക്കുന്നു. വീരകഥകൾ വായിച്ചു മതിഭ്രമം വന്ന നായകന്റെ മനസിൽ താൻ പരിചയിച്ച കഥാസന്ദർഭങ്ങൾ തന്റെ സങ്കൽപ്പത്തിലെ സമാനമായ മുഹൂർത്തങ്ങളിൽ കടന്നുവരിക സ്വാഭാവികമാണല്ലോ. അതിനെ അനുസ്മരിപ്പിക്കാൻ ധീരോദാത്തരും പ്രതാപഗുണവാന്മാരുമായ കഥാപാത്രങ്ങളുള്ള ആട്ടക്കഥകളിലെ സമാനസന്ദർഭങ്ങളിലെ പദങ്ങളുടെ ഭാഗങ്ങളും രാഗതാളങ്ങളും മനഃപൂർവ്വം അനുകരിച്ചതാണെന്ന് ഡോ. പി. വേണുഗോപാലൻ ഇതേപ്പറ്റി വിശദീകരിക്കുന്നു. കിഹോത്തേയുടെ പദങ്ങളിൽ കല്യാണസൗഗന്ധികത്തിലെ ഭീമനെ അനുസ്മരിപ്പിക്കുന്ന

“പ്രമത്തരാക്ഷസകുലത്തെയാകവെ
അമർത്തു കീർത്തികൾ പെരുത്തൊരു
വരിഷ്ഠനാകിയ കിഹോത്തേ ഞാൻ”

എന്നൊക്കെ ചെമ്പട താളത്തിൽ കാംബോജിയിൽത്തന്നെ പ്രയോഗിക്കുന്നത് അത്തരത്തിൽ കാണാമെങ്കിലും പുതിയകാല ആട്ടക്കഥകളും കളിയും പാരമ്പര്യങ്ങളിലും സാമ്പ്രദായികതകളിലും നല്ലയളവു കുടുങ്ങിക്കിടക്കുകതന്നെ ആണ്. ഇത് ഒരുപക്ഷെ, പരമ്പരാഗത കഥകളിയാസ്വാദകരെപ്രതിയുള്ള സന്ദേഹം‌കൊണ്ട് ആകാം.
പുതിയ മലയാളവും പുതിയ ഭാവുകത്വവും ഒക്കെ കഥകളിക്കു വഴക്കാൻ ഇക്കാലത്തെ രചിതാക്കളും ധൈര്യം കാട്ടാതിരിക്കുകയോ ബോധപൂർവ്വം ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.


പുതിയ കാലം പോലെതന്നെ കഥകളുടെ സംസ്ക്കാരവും തദ്ദേശീയമായ മറ്റു കാര്യങ്ങളുമൊക്കെ പരിഗണിച്ചും ഉചിതമായ മാറ്റങ്ങൾ ആകാവുന്നതാണ്. കിഹോത്തേയുടെ കാമുകിയായ സ്പാനിഷ് സുന്ദരിയുടെ സൗന്ദര്യം “ഇന്ദീവരതുല്യ നീലവിലോചനേ” എന്നല്ലാതെ യൂറോപ്യൻ സൗന്ദര്യപ്രമാണപ്രകാരമുള്ള ഉപമകളിലൂടെ അവതരിപ്പിക്കാമായിരുന്നു. യഥാർത്ഥത്തിൽ വീരനല്ലാഞ്ഞിട്ടും കിഹോത്തേയെ കൃത്യമായ കത്തിവേഷമായി അവതരിപ്പിച്ചപ്പോൾ അയാളുടെ കിരീടമെങ്കിലും പുതിയതൊന്ന് ആലോചിക്കാമായിരുന്നു - യൂറോപ്യൻ ഛായയുള്ള ഒന്ന്. നോവലിസ്റ്റ് വ്യക്തമായി പറയുന്ന സ്ഥിതിക്ക് പടച്ചട്ടയും ആകാമായിരുന്നു. യുദ്ധവേളയിൽ കുന്തവും പരിചയുമൊക്കെ അതേരൂപത്തിലും വലിപ്പത്തിലും ഉള്ളവ ഉപയോഗിച്ച സ്ഥിതിക്ക് വട്ടത്തിലുള്ള കേരളീയപരിചയ്ക്കു പകരം യൂറോപ്യൻ ശൈലിയിലുള്ള പരിച നോക്കാമായിരുന്നു. സിംഹത്തെ ചുട്ടിയും വേഷവുമിട്ടു രംഗത്തു കൊണ്ടുവന്നസ്ഥിതിക്ക് അതിന്റെ സാദ്ധ്യതകൾ ഉപയോഗിക്കേണ്ടതായിരുന്നു. (edit: ഇക്കാര്യങ്ങളിൽ പിന്നീടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല.)

സാഞ്ചോ പാൻസയെ പൂർണ്ണമായും ലോകധർമ്മിയാക്കിയത് ഏറെ ഉചിതമായി. ഇത്രയും സ്വാതന്ത്ര്യം നൽകുമ്പോൾ ഒരു നടന് എന്തെല്ലാം അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മാർഗി വിജയകുമാർ തെളിയിച്ചു. വിജയകുമാറിനായിരുന്നു കയ്യടി ഏറെയും. എന്നാൽ ഈ കഥാപാത്രത്തിന് കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷം അപ്പടി പകർത്താതെ, കേശഭൂഷണത്തിലടക്കം പരിഷ്ക്കാരം വരുത്താനുള്ള സ്വാതന്ത്ര്യംകൂടി ഉപയോഗിക്കണമായിരുന്നു. കിഷാനോയുടെയും ജന്മിയുടെയും കർഷകബാലന്റെയും ഒക്കെ വേഷത്തിൽ കാട്ടിയ സ്വാതന്ത്ര്യം അനുകരണീയമാണ്. ആ സ്വാതന്ത്ര്യം ആവശ്യമായിടത്തെല്ലാം കാട്ടണമായിരുന്നു. കണ്ണാടി പതിച്ച പടച്ചട്ടയുള്ളയാൾ എന്നു നോവലിസ്റ്റ് വിധിക്കുന്ന കണ്ണാടിമാടമ്പിക്കൊക്കെ അത്തരം വേഷം വേണമായിരുന്നു. സമയക്കുറവുകൊണ്ടു മുതിരാഞ്ഞതാകും എന്നു കരുതുന്നു.

കഥാന്ത്യത്തിൽ കിഹോത്തേ കിഷാനോയായി മാറുകയും ‘ആത്മാവിൽ പ്രകാശം പരത്തുന്ന’ നല്ല പുസ്തകങ്ങൾ വായിക്കാൻ കഴിയാഞ്ഞതിനാലാണ് തന്റെ ജീവിതം ഇപ്രകാരം പാഴായിപ്പോയതെന്നു തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ തിരിച്ചറിവോടെ കഥാവശേഷനാകുന്ന കിഷാനോയ്ക്ക് കഥകളിയിൽ ഭാരതീയമായ മോക്ഷപ്രാപ്തി കല്പിച്ചിരിക്കുന്നതിലെ യുക്തിയും ബോദ്ധ്യമായില്ല. “ഞാനത്രേ പരം ജ്ഞാനം, ഞാൻ തന്നെ പരം മോക്ഷം” എന്നൊക്കെ സ്പാനിഷ് നായകൻ പറയുമ്പോൾ ഒരു സുഖമില്ലായ്മ. ആ രംഗമാകട്ടെ, ബാലിവധത്തെ ഒരുപാടുതരത്തിൽ അനുസ്മരിപ്പിക്കുന്നതുമായി. മംഗളശ്ലോകം നല്ല പുസ്തകങ്ങളെയും നല്ല അറിവുകളെയുംപറ്റി ആകുന്നതായിരുന്നു ഉചിതം.

പാശ്ചാത്യ ഇതിവൃത്തത്തെ പൗരസ്ത്യകലാരൂപമാക്കുമ്പോൾ കഥ ഭാരതീയമാക്കുകയല്ല, കലയുടെ സാർവ്വലൗകികത വികസിപ്പിക്കുകയാണു വേണ്ടത്. കാരണം, കലാമാദ്ധ്യമം നമ്മുടേതുതന്നെയെങ്കിലും കഥാഭൂമികയും പാത്രങ്ങളും നമ്മുടേതല്ല. ഇത്തരം പരീക്ഷണങ്ങൾ കഥകളിത്തം നഷ്ടപ്പെടുത്തുമെന്ന പേടി അനാവശ്യമാണ്. മൗലികതാവാദികൾ എതിർത്തേക്കാം. ഏതുകാലത്തും ഏതു മഹത്തായ മാറ്റങ്ങളെയും അക്കൂട്ടർ അങ്ങനെയേ സമീച്ചിട്ടുള്ളൂ. അതിനു കീഴടങ്ങുകയല്ല, നവഭാവുകത്വവും കാവ്യഭാഷയും രംഗഭാഷയും സൃഷ്ടിക്കാൻ ധൈര്യപ്പെടുകയാണ് ഉല്പതിഷ്ണുക്കൾ ചെയ്യേണ്ടത്. ഏറെ മനോഹരമായി ഈ സൃഷ്ടി ഒരുക്കിയവർക്ക് തീർച്ചയായും അതിനാകും.

(edit: ഇത് എഴുതിയശേഷം, സ്പെയിനിലെ അവതരണങ്ങൾക്കു മുമ്പും പിന്നീടും പല മാറ്റവും വന്നു എന്നാണു മനസിലാക്കുന്നത്. ആതുകൊണ്ട്, ഈ നിരൂപണം ആദ്യാവതരണത്തിൻ്റേത് ആണ് എന്ന് ഓർക്കുമല്ലോ.)







Monday, 10 April 2023

സ്മരണകളിരമ്പും രണസ്മാരകം ഈ മഹാഗാനം

 

സ്മരണകളിരമ്പും രണസ്മാരകം ഈ മഹാഗാനം

മനോജ് കെ. പുതിയവിള

[ഇൻഡ്യാവിഷൻ ഓൺ‌ലൈനിൽ 2014 ഓഗസ്റ്റ് 14-നു പ്രസിദ്ധീകരിച്ചത്.] 




1857ന്റെ ഓർമ്മയ്ക്കായി 1957ൽ പിറന്ന ‘ബലികുടീരങ്ങളെ...’ എന്ന വിഖ്യാതഗാനത്തിന് 57ന്റെ നിറവിൽ 2014 ഓഗസ്റ്റ് 14-നു തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ വിപുലമായ പിറന്നാളാഘോഷം സംഘടിപ്പിച്ചപ്പോൾ അതുമായി ബന്ധപ്പെടുത്തി എഴുതിയത്.


57 കേരള ചരിത്രത്തിലെ ഒരു തുടക്കബിന്ദുവാണ്. ദേശീയചരിത്രത്തിലും 57 വലിയൊരു തുടക്കത്തിന്റെ ഓർമ്മക്കുറിയാണ്. അധിനിവേശശക്തികൾക്കെതിരെ ഇൻഡ്യൻ ദേശീയത ആദ്യമായി സടകുടഞ്ഞെണീറ്റ മുഹൂർത്തം. 1857. അന്നത്തെ ഓഗസ്റ്റ് 14. ശിപ്പായി ലഹള എന്ന് അധിനിവേശക്കാർ വിളിച്ച ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട ദിനം. അതിന്റെ നൂറാം വാർഷികദിനത്തിൽ സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷികളെ ഓർക്കാൻ വരും തലമുറകൾക്കായി ഉയർത്തപ്പെട്ടതാണ് തിരുവനന്തപുരം പാളയത്തെ രക്തസാക്ഷിസ്തൂപം. 1957 ഓഗസ്റ്റ് 14നാണ് അതു രാഷ്ടത്തിനു സമർപ്പിക്കപ്പെട്ടത്.

രാഷ്ട്രപതി ഡോ: എസ്. രാജേന്ദ്രപ്രസാദാണ് ഒരു മഹാസമ്മേളനത്തെ സാക്ഷിനിർത്തി രക്തസാക്ഷിമണ്ഡപം നാടിനു സമർപ്പിച്ചത്. ആ മുഹൂർത്തത്തെ അനശ്വരമാക്കാൻ അനേകായിരങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന്റെ ഓർമ്മയിരമ്പമായി, പ്രകമ്പനം കൊള്ളുന്ന ഹൃദയത്തുടിപ്പായി, തലമുറകളോളം കൊളുത്തിക്കൈമാറേണ്ട കെടാത്ത തീനാളമായി ഉജ്ജ്വലിപ്പിച്ചത് നൂറുകണ്ഠങ്ങളിൽനിന്ന് അലറിയുണർന്ന ഒരു ഗാനമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കേരളത്തിൽ ഏറ്റവുമധികം പാടുകയും കേൾക്കുകയും ഏറ്റുപാടുകയും ഒക്കെ ചെയ്ത ആ സംഘമഹാഗാനം –

‘ബലികുടീരങ്ങളേ…
ബലികുടീരങ്ങളേ…
സ്മരണകളിരമ്പും രണസ്മാരകങ്ങളേ…
ഇവിടെ ജനകോടികൾ
ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ’


 

ചരിത്രത്തിന്റെ ഭാഗമായ ഈ ഗാനം നാടിനു സമർപ്പിച്ചിട്ട് ഈ (2014) ഓഗസ്റ്റ് 14-ന് 57 വർഷം തികയുകയാണ്. തുടക്കത്തിൽ പറഞ്ഞ 57ന്റെ വൈശിഷ്ഠ്യങ്ങൾ ഈ 57–ാം പിറന്നാളിനു പ്രത്യേക അർത്ഥചാരുതയും വികാരതീവ്രതയും പകരുന്നു.


ഈ ഗാനത്തിന് ദേശീയപ്രസ്ഥാനത്തിന്റെ മാത്രം മഹത്ത്വമല്ല ഉള്ളത്. കേരളത്തിന്റെ ഗാന – നാടക – സാംസ്ക്കാരിക ചരിത്രവുമായിക്കൂടി അഭേദ്യമായ ബന്ധമുണ്ട്. ഈ പാട്ടിന്റെ സ്മരണകളിരമ്പുന്ന വേളയിൽ ഈ മഹത്വങ്ങളുടെകൂടി ഊർജ്ജവും ഊഷ്മളതയും അതിനു പകർന്നുനൽകാൻ ഈ വിവരങ്ങൾകൂടി ഇഴചേർക്കാം.

നമ്മുടെ നാടോടി, ആദിവാസി, അനുഷ്ഠാന ഗാനധാരകൾ ഏറിയകൂറും കൂട്ടപ്പാട്ടുകളാണ്. എന്നാൽ ക്ലാസിക്കൽ കാലഘട്ടത്തോടെ ഈ പാരമ്പര്യം പിന്നാക്കം തള്ളപ്പെടുകയും ഒരാളോ രണ്ടുപേരോ മാത്രം പാടുന്ന പാട്ടുരീതി മുഖ്യധാരയായി മാറുകയും ചെയ്തു. ആധുനികനാടകങ്ങളുടെ ആദ്യദശയിലെല്ലാം ഇതായിരുന്നു സ്ഥിതി. ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ...’ പോലുള്ള ഗാനങ്ങൾ.

അക്കാലത്ത്1956-ലോ 57 ആദ്യമോ കേരളത്തിലെ പ്രമുഖ നാടകസംഘം ആയിരുന്ന കെ.പി.എ.സി. ഒരു ഉത്തരേന്ത്യൻ പര്യടനം നടത്തുകയുണ്ടായി. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യും ‘വിശക്കുന്ന കരിങ്കാലി’യും ഒക്കെ അന്ന് അവതരിപ്പിച്ചിരുന്നതായി അക്കാലം ഓർക്കുന്നവർ പറയുന്നു. ആ യാത്രയ്ക്കിടെ ഇൻഡ്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷ (ഇപ്റ്റ)ന്റെ സമ്മേളനത്തിൽ അവർ പങ്കെടുത്തു.
കെ. എ. അബ്ബാസൊക്കെയുള്ള കാലം. ബംഗാളിൽനിന്നുള്ള നാടകസംഘം വലിയ ഗായകസംഘത്തെ അണിനിരത്തി സമൂഹഗാനങ്ങൾ പാടി. കെ.പി.എ.സി. അതിനു സജ്ജരായിരുന്നില്ല. ജനങ്ങളുടെ ശക്തിയും സംഘബോധവുമൊക്കെ ഉണർത്താൻ ഇത്തരം പാട്ടുകൾ പ്രധാനമാണെന്നും കമ്മ്യൂണിസ്റ്റ് തീയറ്ററിന് അത് അനിവാര്യമണെന്നുമൊക്കെ അവർ അവിടെനിന്നു മനസിലാക്കിയത്രേ. അങ്ങനെയാണ് മലയാളനാടകരംഗത്തേക്ക് സമൂഹഗാനങ്ങൾ അവതരണഗാനമായും സമാപനഗാനമായും ഒക്കെ കടന്നുവരുന്നത്.

നാടകപര്യടനത്തിന്റെയും ഇപ്റ്റ സമ്മേളനത്തിന്റെയും അനുഭവവും ആവേശവും ഒക്കെയായി സംഘഗാനം എന്ന ആശയം പലരും മനസിൽ കൊണ്ടുനടക്കുന്നകാലത്താണ് 1957ൽ രക്തസാക്ഷിമണ്ഡപം നിർമ്മിക്കാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. 57ലെ ഇ.എം.എസ്. മന്ത്രിസഭയുടെ മുൻകയ്യിലായിരുന്നു നിർമ്മാണം

(പാളയത്തുണ്ടായിരുന്ന ഒരു വഴിക്കിണർ നികത്തിയാണു മണ്ഡപം പണിതതെന്നു കാണുന്നു. അടുത്തകാലത്ത് പാളയത്ത് അടിപ്പാത പണിതപ്പോൾ ഈ മണ്ഡപം അതേസ്ഥാനത്ത് ഉയർത്തിനിർത്തി കീഴ്ഭാഗം തുരങ്കമാക്കുകയും പണിപൂർത്തിയായശേഷം പഴയ സ്ഥാനത്തുതന്നെ സ്ഥാപിക്കുകയും ആയിരുന്നു. അന്ന് മണ്ണിനടിയിൽ വില്ലിങ്ടൺ ജലവിതരണപദ്ധതിയുടെ ഒരു സുപ്രധാന വാൽവ് കണ്ടെത്തിയിരുന്നു.)

രക്തസാക്ഷിമണ്ഡപം നാടിനു സമർപ്പിക്കുന്ന വേളയിൽ പാടാൻ ഒരു സംഘഗാനം വേണമെന്ന് ആ മന്ത്രിസഭയുടെ സാംസ്ക്കാരികവകുപ്പ് തീരുമാനിച്ചു. സാംസ്ക്കാരികപ്രവർത്തകർ ആയിരുന്ന അഡ്വ: ജനാർദ്ദനക്കുറുപ്പും അഡ്വ: ശങ്കുണ്ണിമേനോനും റ്റി. കെ. രാമകൃഷ്ണനും സി. എസ്. ഗോപാലപിള്ളയും എല്ലാം കൂടിയാലോചിച്ചാണ് വിപ്ലവസ്വഭാവമുള്ള പുതിയതരം കവിതകളും പാട്ടുകളുമൊക്കെ എഴുതുന്ന വയലാർ ജി. രാമവർമ്മയെ പാട്ടെഴുത്തിനു ചുമതലപ്പെടുത്തിയത്. കെ.പി.എ.സി.യുമായും മറ്റും ബന്ധപ്പെട്ടും വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ടുമൊക്കെ അതിനകം കഴിവു തെളിയിച്ചിരുന്ന പരവൂർ ജി. ദേവരാജനെ ചിട്ടപ്പെടുത്താനും നിയോഗിച്ചു.


ഇരുവരെയും ഒന്നിച്ചിരുത്തി പാട്ടു തയ്യാറാക്കാൻ ഒരു ദ്രുതകർമ്മപദ്ധതി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലാസെക്രട്ടറിയും സഹൃദയനും ആയിരുന്ന സി. എസ്. ഗോപാലപിള്ള ഇവർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന ചുമതല ഏറ്റെടുത്തു. അങ്ങനെ കളം കോട്ടയത്തായി. തിരുനക്കര മൈതാനത്തിനടുത്തുണ്ടായിരുന്ന ഹോട്ടൽ ‘ബെസ്റ്റോട്ടലി’ൽ. കോട്ടയത്തിന്റെ ‘സാംസ്ക്കാരികാസ്ഥാന’മായിരുന്നു അവിടം. കലാകാരരുടെ താവളം. ഹാർമ്മോണിയവും മറ്റു വട്ടംകൂട്ടലുകളുമൊക്കെയായി ആ വൈകുന്നേരം യജ്ഞം തുടങ്ങി.


അന്നു കോട്ടയത്തു പൊൻകുന്നം വർക്കിയുടെ ‘സ്വർഗ്ഗം നാണിക്കുന്നു’ പോലുള്ള നാടകങ്ങൾ കളിക്കുന്ന കേരള തീയറ്റേഴ്സ് സജീവമായിരുന്നു. അതിന്റെ സെക്രട്ടറി ബേബി ജേക്കബ്ബായിരുന്നു ഇരുട്ടിവെളുക്കെ തുണയായി നിന്നത്. നേരം വെളുത്തപ്പോഴേക്ക് പാട്ടു റെഡി! വയലാർ - ദേവരാജൻ കൂട്ടുകെട്ടിന്റെ പിറവി! ഈ കൂട്ടുകെട്ടിന്റെ ആദ്യസിനിമാഗാനമായ ‘ചതുരംഗ’ത്തിലെ പാട്ടുകൾക്കും രണ്ടുകൊല്ലം മുമ്പായിരുന്നു ഇത്.

ഇരുപത്തഞ്ചുപേരടങ്ങുന്ന ഒരു ഗായകസംഘത്തെ പഠിപ്പിച്ചെടുക്കുകയായിരുന്നു അടുത്തപടി. രക്തസാക്ഷിമണ്ഡപത്തിനടുത്തുള്ള വി.ജെ.റ്റി. ഹാൾ ആയിരുന്നു വേദി. രക്തസാക്ഷിമണ്ഡപത്തിന്റെ ഉദ്ഘാടനവേളയിൽ അവിടെ കൂടിയവർക്കെല്ലാം പുതിയൊരു അനുഭവം ആയിരുന്നു അത്. സംഘഗാനം എന്ന പുതിയ ഒന്നിന്റെ സമുദ്ഘാടനം കൂടി ആയി ആ മുഹൂർത്തം. അന്ന് അണിനിരന്ന ഗായകരിൽ ദേവരാജനും കെ.എസ്. ജോർജ്ജിനും ഒപ്പം ജനാർദ്ദനക്കുറുപ്പും പിന്നീടു സിനിമാനടനായി പ്രസിദ്ധനായ ജോസ് പ്രകാശും ഒക്കെ ഉണ്ടായിരുന്നു.

ഹിഡൻ അജൻഡകളില്ലാത്ത ദേശീയത കത്തിനിന്ന കാലം ആയിരുന്നതിനാലും രാഷ്ട്രപതിയുടെ സന്ദർശനം അന്ന് അത്യപൂർവ്വസംഭവം ആയിരുന്നതിനാലും പരിപാടിയുടെ സംഘാടകർ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരുന്നതിനാലുമെല്ലാം വലിയൊരു ജനാവലി ആ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നത്രേ.

‘ബലികുടീരങ്ങളേ…’ പിന്നീട് കെ.പി.എ.സി.യുടെ അവതരണഗാനമായി സംസ്ഥാനത്തുടനീളം അലയടിച്ചു. ‘വിശറിക്കു കാറ്റുവേണ്ടാ’ എന്ന നാടകത്തിലാണ് ഈ ഗാനം കെ.പി.എ.സി. ആദ്യം ഉൾപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളിലും അത് ആവേശത്തിരയിളക്കി. പുതിയതലമുറ അതിനെ അറിഞ്ഞത് വിപ്ലവഗാനമായാണ്. തീർച്ചയായും അതിന്റെ ആത്മവത്തയും അതുതന്നെ.

ആ ആവേശമാണ് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അവതരണഗാനമായ ‘തുഞ്ചൻപറമ്പിലെ തത്തേ’ എന്ന ഒ.എൻ.വി. – കെ.എസ്. ജോർജ്ജ് – സുലോചന ഗാനവും കോട്ടയം കേരളാ തീയറ്റേഴ്സിന്റെ ‘മാനവധർമ്മം വിളംബരം ചെയ്യുന്ന’ എന്ന, കെ.ഇ. ശ്രീധരനും കോട്ടയം ശാന്തയുമൊക്കെ ചേർന്നു പാടിയ ഗാനവും കലാനിലയത്തിന്റെ ‘സൽക്കലാദേവിതൻ’ എന്ന ദക്ഷിണാമൂർത്തി – പാപ്പനംകോട് ലക്ഷ്മണൻ ഗാനവും പൊൻകുന്നം ദാമോദരന്റെ ‘നമ്മളൊന്നാണേ, പാടാം, നമ്മളൊന്നാണേ’യും എല്ലാം സംഘഗാനങ്ങളായി പിറവികൊള്ളാൻ കാരണം. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങൾക്കു തുടക്കത്തിലും സമാപനത്തിലും ‘നമ്മളൊന്നാണേ’ ഒരു അനിവാര്യഭാഗമായിരുന്നു. പി.ജെ. ആന്റണിയും ആന്റോയും സുലോചനയുമെല്ലാം എത്രയെത്ര അരങ്ങുകളിൽ അതു പാടിത്തകർത്തു! വൻ ജനാവലികൾ ഏറ്റുപാടി.

നാടൻ ശീലുകളുടെ മധുരവുമായി പി. ഭാസ്ക്കരനും കെ. രാഘവനും ഹിന്ദുസ്ഥാനിയുടെ ഭാവപ്രപഞ്ചവുമായി ബാബുരാജും മെഹബൂബുമെല്ലാ സാംസ്ക്കാരികാന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കിയ ആ മഹാകാലത്തിന്റെ ധന്യമായ ഓർമ്മകൂടിയാണ് ഈ 14നു പുതുക്കപ്പെടുന്നത്. സംഘബോധത്തിന്റെയും സംഘഗാനങ്ങളുടെയും സംഘടിതശക്തിയുടെ മുന്നേറ്റത്തിന്റെയുമെല്ലാം ഓർമ്മ.


Monday, 3 October 2022

ORDER FORM for the book 'VELICHATHILEKKU NATATHUNNAVAR' by Manoj K. Puthiyavila






വെളിച്ചത്തിലേക്കു നടത്തുന്നവർ
മനോജ് കെ. പുതിയവിളയുടെ പുതിയ പുസ്തകം

വില: രൂപ തീരുമാനിച്ചിട്ടില്ല/-
പ്രസാധകർ: എക്സ്‌പ്ലോർ കേരള

ഓർഡർ ഫോം

പ്രിയസുഹൃത്തെ,

നീണ്ട ഇടവേളയ്ക്കുശേഷം ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. പത്രപ്രവർത്തകൻ എന്ന നിലയിൽ ചെയ്ത ധാരാളം അഭിമുഖങ്ങളിൽ ധാരാളം വായിക്കപ്പെടണം എന്നു തോന്നിയിരുന്ന ആറു ദീർഘാഭിമുഖങ്ങൾ സമാഹരിച്ചതാണു പുസ്തകം. കൗതുകമാണ് ഈ അഭിമുഖങ്ങളുടെയും ഈ വ്യക്തികളുടെയും സവിശേഷത. ആറു വ്യത്യസ്തമേഖലകളിൽ സവിശേഷമായ ഇടപെടലുകൾ നടത്തുന്ന, നാം അവശ്യം അറിഞ്ഞിരിക്കേണ്ട ആറുപേരുടെ കൗതുകമാർന്ന ജീവിതങ്ങളും ചിന്തകളും അനുഭവങ്ങളും. നാലു മലയാളികളും രണ്ടു വൈദേശികരും.

പുസ്തകം ഫ്രീ ലൈസൻസിൽ ഓൺലൈനായി പ്രസിദ്ധീകരിക്കാനാണ് ആലോചിക്കുന്നത്. സാധാരണപുസ്തകത്തിന്റെ വലിപ്പത്തിലും സ്മാർട്ട് ഫോൺ സ്ക്രീനിന്റെ വലിപ്പത്തിലുമുള്ള ഡിസൈനുകൾ തയ്യാറാക്കി പിഡിഎഫായി ലഭ്യമാക്കും. സ്വതന്ത്രസോഫ്റ്റ്‌വെയർ രംഗത്തും സ്വതന്ത്രപ്രസാധനരംഗത്തും സി.വി.ആർ. എന്ന് അറിയപ്പെടുന്ന സി.വി. രാധാകൃഷ്ണൻ തുടങ്ങിയ ‘സായാഹ്ന ഫൗണ്ടേഷൻ’ ആണ് ഓൺലൈൻ എഡിഷന്റെ പ്രസാധകർ.  ഓൺലൈൻ എഡിഷൻ സൗജന്യമാണ്.

സുഖകരമായ വായനയ്ക്ക് അച്ചടിച്ച പുസ്തകം വേണമെന്നുള്ളവർക്ക് ആവശ്യപ്രകാരം അച്ചടിച്ചു നല്കാനും ഉദ്ദേശിക്കുന്നു. ഇത് എന്റെതന്നെ പുതിയ സംരംഭമായ ‘എക്സ്‌പ്ലോർ കേരള’ ആണു നിർവ്വഹിക്കുന്നത്. പ്രസാധനയേജൻസിയെയും വിതരണക്കാരെയും ഒഴിവാക്കി അവർക്കുള്ള ലാഭവിഹിതം കുറച്ച് ആവശ്യക്കാർക്ക് അച്ചടിച്ച പുസ്തകം സാധാരണനിരക്കിലും നന്നേ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. (അതുകൊണ്ട് പ്രീപബ്ലിക്കേഷൻ പോലെ മുൻകൂർ പണം വാങ്ങി ആവശ്യക്കാരുടെയത്ര എണ്ണം കോപ്പി അച്ചടിക്കുന്ന പ്രിന്റ് ഓൺ ഡിമാൻഡ് രീതിയാണു സ്വീകരിക്കുന്നത്.)

സമൂഹത്തിനു ഗുണമുള്ള വിവരങ്ങൾ ലാഭേച്ഛകൂടാതെ പ്രസിദ്ധീകരിക്കാനുള്ള പരിശ്രമമാണ്. ഇതു വിജയിച്ചാൽ ഈ ഉദ്യമം മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമുണ്ട്. അതുകൊണ്ട്, താങ്കളുടെ തുടർച്ചയായ പിന്തുണ ആഗ്രഹിക്കുന്നു. അഭിപ്രായനിർദ്ദേശങ്ങളും വേണം.

അച്ചടിച്ച പുസ്തകം ആവശ്യമുള്ളവർക്ക് പുസ്തകം ബുക്ക് ചെയ്യാനും പണം അയച്ചതിന്റെ വിവരങ്ങൾ അറിയിക്കാനുമായി ഒരു ഓർഡർ ഫോം ഇതോടൊപ്പം ചേർക്കുന്നു. ഇതിൽ വിവരങ്ങൾ ചേർത്ത് സബ്‌മിറ്റ് ചെയ്താൽ മതി.

ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, ഫോൺ പേ എന്നീ മാർഗ്ഗങ്ങളിൽ പണമയയ്ക്കാം. പണം അയച്ചശേഷം അതിന്റെ വിശദാംശങ്ങൾകൂടി ചേർത്തുവേണം ഓർഡർ ഫോം പൂരിപ്പിച്ചു സബ്‌മിറ്റ് ചെയ്യാൻ. ഒരിക്കൽ സബ്‌മിറ്റ് ചെയ്താൽ പിന്നെ എഡിറ്റ് ചെയ്യാൻ കഴിയില്ല. നെറ്റ് ബാങ്കിങ് / ഡെബിറ്റ് കാർഡ് പേയ്‌മെന്റാണെങ്കിൽ അതിന്റെ ട്രാൻസാക്‌ഷൻ നമ്പരോ മറ്റു സൂചനയോ ഫോമിൽ ചേർക്കണം. ഗൂഗിൾ പേയോ ഫോൺ പേയോ ആണെങ്കിൽ അത് അയച്ച ആളെ മനസിലാക്കാൻ വേണ്ട ഫോൺ നമ്പറോ മറ്റു സൂചകങ്ങളോ നല്കണം. പണമയച്ച തീയതിയും വേണം. എല്ലാം ഫോമിൽ ചേർത്തിട്ടുണ്ട്.

നെറ്റ് ബാങ്കിങ്ങിൽ പണം അയയ്ക്കേണ്ട വിവരങ്ങൾ:
Account No: 280201141000193

IFSC: VIJB0002802

Bank: Vijaya Bank (Bank of Baroda)

Branch: Christ Nagar Branch

ഗൂഗിൾ പേ / ഫോൺ പേ ആണെങ്കിൽ അയയ്ക്കേണ്ട ഫോൺ നമ്പർ: +91 8547027399

ഫോം സബ്‌മിറ്റ് ചെയ്യുമ്മുമ്പ് പൂരിപ്പിച്ച വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുമല്ലോ. എന്തെങ്കിലും സശയം ഉണ്ടായാൽ അതു പരിഹരിച്ചശേഷം സബ്‌മിറ്റ് ചെയ്താൽ മതി.



ഓർഡർ ഫോം




നന്ദി.

പ്രസാധനം നടന്നാലുടൻ പുസ്തകം എത്തിക്കാം.