Pages

Wednesday, 7 April 2021

മുന്നോട്ടു നടത്താത്ത പുതിയ കേരളചരിത്രം

 

മുന്നോട്ടു നടത്താത്ത പുതിയ കേരളചരിത്രം

*സംരക്ഷിക്കേണ്ടത് ആചാരമോ അവകാശമോ

മനോജ് കെ. പുതിയവിള

 


[‘പച്ചക്കുതിര’ മാസികയുടെ 2021 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]

 

തിനാലാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനത്തിനുശേഷം മറ്റൊരു ഭക്തിപ്രസ്ഥാനം രൂപം‌കൊള്ളുന്നത് 2018-ലാണ്. നമ്മുടെ കൊച്ചുകേരളത്തിനാണ് ആ ഭാഗ്യമുണ്ടായത്. എഴുത്തച്ഛനും തുളസീദാസും മീരയുമൊക്കെ നേതൃത്വം നല്കിയ ഭക്തിപ്രസ്ഥാനം അന്നത്തെ നിലയിൽ സാമൂഹികപരിഷ്ക്കരണപ്രസ്ഥാനമായിരുന്നെങ്കിൽ 2018-ലേത് നേരേ എതിർദിശയിൽ ഉള്ളതായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസമത്വവും അശാസ്ത്രീയതകളുമൊക്കെ പുനഃസ്ഥാപിക്കാനുള്ള പ്രസ്ഥാനം.

അതിന്റെ രണ്ടാം‌തരംഗം 2020 നവംബർ - ഡിസംബർ കാലത്ത് തദ്ദേശഭരണതെരഞ്ഞെടുപ്പിനു മുന്നോടിയായും മൂന്നാം തരംഗം ഈ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായും ഉയർന്നത് മെല്ലെ അടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ വിഷയം ഇങ്ങനെ കാലാകാലം പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച് തെരഞ്ഞെടുപ്പുകളിൽ ജനകീയവിഷയങ്ങൾ ചർച്ചചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്നത് ഒരു സമൂഹമെന്നനിലയിൽ കേരളത്തിനു ഗുണകരമല്ല. അതിനാൽ, വോട്ടുകൾ പെട്ടിയിലാകുകയും തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ കാത്തിരിപ്പിനു വഴിമാറുകയും ചെയ്ത ഈ വേളയിൽ ഇക്കാര്യങ്ങൾ സമചിത്തതയോടെ ചർച്ചചെയ്യുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. തെരഞ്ഞെടുപ്പുകാലത്തു സൃഷ്ടിക്കപ്പെടുന്ന അതിവൈകാരികതയ്ക്കു പകരം സമചിത്തതയോടെ ചർച്ച സാദ്ധ്യമാകും.


നേർമുത്തശ്ശിക്കാലം

ചില മനുഷ്യർ തൊടാനും അടുത്തുവരാനും കാണാൻകൂടിയും കൊള്ളാത്തവരാണെന്നു കരുതിയിരുന്ന കാലത്തിനു നൂറുകൊല്ലം‌പോലും പഴക്കമില്ല. അങ്ങനെ ‘അശുദ്ധി’ ഉണ്ടാക്കിയാൽ അവരെ കെട്ടിയിട്ടു തല്ലുകയും കൊല്ലുകയുംവരെ ചെയ്യുന്നതു നാട്ടുനടപ്പായിരുന്ന കാലം. നാടുവാഴികളുടെ നിർമ്മിതികൾക്കു ബലവും അതിർത്തിക്കിടങ്ങുകൾക്കു ശത്രുക്കളെ തടയാനുള്ള ശേഷിയുമൊക്കെ കിട്ടാൻ എന്നെയും നിങ്ങളെയും പോലുള്ളവരുടെ പെൺകുഞ്ഞുങ്ങളെ ജീവനോടെയോ ബലികഴിച്ചോ കുഴിച്ചുമൂടിയിരുന്ന കാലം. യക്ഷി ചോരകുടിച്ചും മറുത പിടിച്ചും മാടൻ അടിച്ചും ഒടിയൻ ഒടിച്ചും മന്ത്രവാദി കൂടോത്രം ചെയ്തുമൊക്കെ ആളുകൾ ‘മരിച്ചി’രുന്ന കാലം. സന്ധ്യ കഴിഞ്ഞാൽ ഇവരെയൊക്കെ പേടിച്ച് പല വഴികളിലൂടെയും നടക്കാൻ ആളുകൾ ഭയന്നിരുന്ന കാലം. ആടിനെയും കോഴിയെയുമൊക്കെ ബലികൊടുത്താൽ ദൈവങ്ങൾ പ്രസാദിക്കുമെന്നും ആഗ്രഹങ്ങൾ സാധിക്കുമെന്നും വിശ്വസിച്ച കാലം. മസൂരിയും കോളറയും ദേവീകോപമാണെന്നു കരുതി തലമുറകൾ മരിച്ചൊടുങ്ങിയ കാലം. നാമജപസമരം നടത്തിയവരിലടക്കം മഹാഭൂരിപക്ഷം പേരുടെയും വല്യമ്മൂമ്മമാർ ‘അനുവാദം’ ഇല്ലായിരുന്നതിനാൽ മാറു തുറന്നിട്ടു നടന്നിരുന്ന കാലം. കൊതിച്ചാലും ആഭരണങ്ങൾ അണിയാൻ കഴിയാതെ ചരടിൽ കല്ലു കോർത്തു ധരിക്കാൻ വിധിക്കപ്പെട്ട കാലം.

ഇന്നുള്ള മിക്കവരുടെയും രണ്ടുതലമുറയ്ക്ക് അപ്പുറം‌പോലുമല്ല ആ കാലം. വെറും 50 കൊല്ലത്തിനിപ്പുറം 1970-കളിൽപ്പോലും മാറുമറയ്ക്കാത്ത വൃദ്ധകളെ എന്റെ പരിഷ്കൃതഗ്രാമത്തിൽ കാണാമായിരുന്നു. ഞാൻ കോളെജിൽ എത്തിയ 1979-ൽ സംവരണത്തിലൂടെ അടുത്ത പഞ്ചായത്തിൽ പ്രസിഡന്റായ മരം‌കയറ്റത്തൊഴിലാളിക്ക് പഞ്ചായത്തു കമ്മിറ്റിയിലെ ‘തമ്പ്രാന്മാ’രുടെ മുന്നിൽ ഇരിക്കാൻ കഴിയുമായിരുന്നില്ല. അടിയന്തരാവസ്ഥ കാരണം ഒരു പത്രം ഉടുമ്പിനെപ്പറ്റി ലേഖനപരമ്പര എഴിതിയില്ലായിരുന്നെങ്കിൽ രാത്രി ‘തീഗോളം-പോലെ ഉരുണ്ടുപോകാറു’ണ്ടായിരുന്ന ഈനാമ്പേച്ചി പിന്നെയും ഏറെക്കാലം പേടിസ്വപ്നമായേനെ.

നാട്ടിൽ വൈദ്യുതിവെട്ടം വന്നതോടെ ഈ ‘പ്രകൃത്യാതീത’ശക്തികളെല്ലാം കടപൂട്ടി. യക്ഷികളൊക്കെ ചോരകിട്ടാതെ പട്ടിണിമരണത്തിന് ഇരയായി. കരിമ്പനകൾ നൊങ്കും പനയോലയും തരുന്ന വെറും മരങ്ങളായി. ഗോവസൂരിപ്രയോഗം എന്ന അച്ചുകുത്ത് മസൂരി പരത്തുന്ന പണിയിൽനിന്നു ദേവിക്കു വിടുതൽ നല്കി. ശാസ്ത്രസാങ്കേതികവിദ്യകളും പുതിയ അറിവുമൊക്കെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾക്കപ്പുറം അടിസ്ഥാനപരമായി അത്ര പരിഷ്കൃതരൊന്നുമല്ല കേരളീയർ.

കൊടിയ ആചാരലംഘകൻ!

യക്ഷിയെയും മാടനെയും വസൂരിമാലയെയും തുരത്തിയ ശാസ്ത്രസാങ്കേതികവിദ്യകൾ നാടണയുമ്മുമ്പേ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംനിന്നു പ്രാകൃതസമൂഹത്തെ പരിഷ്ക്കൃതസമൂഹമായി പരിവർത്തനം ചെയ്യാൻ വഴി വെട്ടിത്തുറന്ന സാമൂഹികപരിഷ്ക്കർത്താക്കളുടെ കാലത്തുനിന്നു തുടങ്ങണം മാറ്റങ്ങളുടെ വിശകലനം. അവരാണ് ഈ മാറ്റത്തിനുള്ള ആശയതലം തീർത്തതും അതിനായുള്ള പോരാട്ടങ്ങളും പോരാട്ടപ്രസ്ഥാനങ്ങളും നയിച്ചതും.

വൈകുണ്ഠസ്വാമി

ഇന്ന് ആചാരലംഘനം മഹാപരാധമാണെന്ന വായ്ത്താരിമുഴക്കുന്ന, ചന്തിയിലെ സ്വാതന്ത്ര്യസമരത്തഴമ്പിനുമീതെ കാക്കിക്കളസം ഇട്ടവർ വരെയുള്ള, നേതാക്കൾക്കും പ്രസ്ഥാനങ്ങൾക്കും കലാപകാരികൾക്കും ഓർമ്മയുണ്ടോ എന്ന് അറിയില്ല ആദ്യത്തെ ആചാരലംഘനം. ശുചീന്ദ്രംക്ഷേത്രത്തിലെ രഥത്തിന്റെ കയർ സഹപ്രവർത്തകർക്കൊപ്പം പരസ്യമായി വലിച്ച് ആ ആചാരലംഘനം നടത്തിയ അയ്യാ വൈകുണ്ഠസ്വാമി ചരിത്രത്താളുകളിൽ തേജോമയമായി വിളങ്ങുന്നു. അന്ന് ആചാരം സംരക്ഷിക്കാൻ ഇറങ്ങിയവരോ? ചരിത്രത്തിന്റെ ചവറ്റുകുട്ടയിലും.

അവർണ്ണരെ ഒരുമിപ്പിച്ചു ക്ഷേത്രപ്രവേശനത്തിനു സമരം നയിച്ച, തലപ്പാവു കെട്ടി നിവർന്നുനിന്നു ക്ഷേത്രദർശനം നടത്താൻ ചങ്കൂറ്റം പകർന്ന, അദ്ദേഹം ആചാരലംഘനങ്ങൾ പലതും നടത്തിയത് രണ്ടുനൂറ്റാണ്ടോളം മുമ്പാണ്.

കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുതെന്ന് 1836-കാലത്ത് ആഹ്വാനം ചെയ്യുന്നത് ഒന്നു സങ്കല്പിച്ചുനോക്കൂ! സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി ‘അസ്വസ്ഥ’പ്പെടുന്ന ‘സന്മാർഗ്ഗ’പുരുഷരും ‘കുലസ്ത്രീ’വിഭാഗങ്ങളുമുള്ള ഇക്കാലത്തു ജീവിക്കുന്ന നമുക്ക് രണ്ടുനൂറ്റാണ്ടോളം മുമ്പ് ‘ആണും പെണ്ണും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ’ ആഹ്വാനം ചെയ്തു സമരം സംഘടിപ്പിക്കുന്നത് സങ്കല്പിക്കാനാകുമോ? സ്ത്രീക്കു മാറുമറയ്ക്കാൻ അനുവാദം നല്കാത്ത സവർണ്ണമേധാവിത്വത്തെ വെല്ലുവിളിച്ചായിരുന്നു അതെന്ന് ഓർക്കണം.

‘ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ കുലം, ഒൻറേ ഉലകം, ഒൻറേ അരശ്, ഒൻറേ മൊഴി, ഒൻറേ നീതി’എന്ന തത്ത്വം ആദ്യം ഉയർത്തിയതും ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതും വൈകുണ്ഠസ്വാമിയാണ്. നൂറ്റാണ്ടുകൾക്കുശേഷവും നാം പല ദൈവങ്ങൾക്കുവേണ്ടി തമ്മിൽത്തല്ലുന്നു!

‘സമത്വസമാജം’ ഉണ്ടാക്കിയ, സമപന്തിഭോജനം സംഘടിപ്പിച്ച, മതം മാറ്റമല്ല സമത്വാവകാശം നേടുകയാണു വിവേചനത്തിനു പരിഹാരമെന്നു പ്രഖ്യാപിച്ച, പൊതുകിണറുകളിൽ തൊടാൻ പല ജാതിവിഭാഗങ്ങൾക്കും അവകാശം ഇല്ലാതിരിക്കെ എല്ലാ ജാതിക്കാര്‍ക്കുമായി കിണറുകള്‍ കുഴിക്കുകയും അവയ്ക്കുസമീപം പന്തിഭോജനം സംഘടിപ്പിക്കുകയും ചെയ്ത, കൂലിയില്ലാതെ നിർബന്ധമായി ചെയ്യേണ്ട ‘ഊഴിയ’വേല ചെയ്യരുതെന്നു പ്രഖ്യാപിച്ച, ബ്രിട്ടീഷ് ഭരണത്തെ വെൺനീചന്റെ ഭരണമെന്നും തിരുവിതാംകൂർ ഭരണത്തെ അനന്തപുരിയിലെ കരിനീചന്റെ ഭരണമെന്നും വിളിച്ച, അങ്ങനെ കേരളീയനവോത്ഥാനത്തിനു തുടക്കം കുറിച്ച വൈകുണ്ഠസ്വാമി (1809 - 1851) അതിന്റെയൊക്കെപ്പേരിൽ ജയിലിൽ കിടന്നത് 110 ദിവസമാണ്.

ആചാരലംഘനപരമ്പര!

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രതിമ

അരുവിപ്പുറം പ്രതിഷ്ഠയ്ക്കും 36 കൊല്ലം മുമ്പ്
1852 ൽ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ സ്വയം പ്രതിഷ്ഠിച്ച മറ്റൊരു ആചാരലംഘകനുണ്ട് – ആറാട്ടുപുഴ വേലായുധപ്പണിക്കർ. പ്രതിഷ്ഠയ്ക്കായി ബ്രാഹ്മണവേഷത്തിൽ തന്ത്രവിദ്യകൾ പഠിച്ച, ഈഴവരുടെ കഥകളിയോഗം സംഘടിപ്പിച്ച, പിന്നാക്കവിഭാഗം സ്ത്രീകളെ മൂക്കുത്തി ധരിപ്പിച്ചു ‘മൂക്കുത്തി വിളംബരം’ നടത്തിയ, മുട്ടിനുതാഴേക്കു മുണ്ടുടുത്ത സ്ത്രീയുടെ മുണ്ട് ജന്മിയുടെ ഗൂണ്ടകൾ അഴിച്ചതിനു ചരിത്രത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളിസമരം സംഘടിപ്പിച്ച, സഹോദരിയെ അന്യസമുദായക്കാരനുമായി വിവാഹം ചെയ്യിച്ചു മിശ്രവിവാഹത്തിനു മുൻകൈ എടുത്തതായി കരുതുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരും (1825 - 1874) ചരിത്രത്തിലെ അഭിമാനസ്തംഭമാണ്. അദ്ദേഹത്തെ ചതിച്ചുകൊന്ന പാരമ്പര്യസംരക്ഷകരോ? കായം‌കുളം കായലിൽ ചേറായി ഒഴുകിയടിഞ്ഞു.

തൈക്കാട് അയ്യാവ് സ്വാമി
 
ചട്ടമ്പിസ്വാമി

സ്വാതിതിരുനാൾ, ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെയെല്ലാം ഗുരു ആയിരുന്ന തൈക്കാട് അയ്യാവ് സ്വാമിയാണ് തൈപ്പൂയസദ്യയിൽ അയ്യങ്കാളിയെ ബ്രാഹ്മണരടക്കമുള്ളവർക്ക് ഒപ്പമിരുത്തി പന്തിഭോജനം നടത്തി ആചാരലംഘനം നടത്തിയതിലൂടെ ഇന്നും ആദരിക്കപ്പെടുന്ന മറ്റൊരു മഹാൻ.

കഴിഞ്ഞ നൂറ്റാണ്ടിനും മുമ്പത്തെ നൂറ്റാണ്ടിൽ തുടങ്ങി 20–ാം നൂറ്റാണ്ടിന്റെ പകുതിയോളം നീളുന്ന അയ്യങ്കാളി(28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941)യുടെ പോരാട്ടങ്ങളും ലോകം ആദരിക്കുന്നു. ജാതിവിവേചനമെന്ന, അയിത്തമെന്ന, ആചാരം ലംഘിച്ചാണ് പൊതുനിരത്തിലൂടെ അദ്ദേഹം വില്ലുവണ്ടിയിൽ യാത്രചെയ്തതും അധഃസ്ഥിതരെന്നു കല്പിക്കപ്പെട്ടിരുന്ന സമുദായക്കാരിയായ പഞ്ചമിയെ പള്ളിക്കൂടത്തിൽ ചേർത്തതും.

അയ്യങ്കാളി

സ്വസമുദായത്തിലെ സ്ത്രീകളെക്കൊണ്ട് കല്ലുമാല പൊട്ടിച്ചെറിയിച്ച് സവർണ്ണർ ധരിക്കുന്നതരം ആഭരണങ്ങൾ അണിയിപ്പിച്ചും മാറുമറച്ചു റൗക്ക ധരിപ്പിച്ചും അയ്യങ്കാളി ലംഘിച്ചതും ആചാരങ്ങൾതന്നെ. തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിപ്പിക്കാൻ ആദ്യമായി കർഷകത്തൊഴിലാളിപണിമുടക്കു സംഘടിപ്പിച്ചു ജന്മിമാരെ വഴിക്കു കൊണ്ടുവന്ന അയ്യങ്കാളിയും പ്രകാശഗോപുരമായി ചരിത്രത്തിൽ തിളങ്ങിനില്ക്കുന്നു. സ്ത്രീകളുടെ റൗക്ക വലിച്ചുകീറുകയും ആക്രമിക്കുകയും ചെയ്ത സമൂഹവിരുദ്ധരോ? ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ.

ദർശനവികാസം

ഇത്തരം ആചാരലംഘനങ്ങൾക്കും പോരാട്ടങ്ങൾക്കും ദാർശനികമാനം പകർന്ന് സംസ്ഥാനമാകെ ഒരു മഹാപ്രസ്ഥാനമായി വളർത്തിയെടുത്ത ശ്രീനാരായണഗുരുവും പലേനിലകളിലും ഒന്നാംതരം ആചാരലംഘകനാണ്. പല ദൈവങ്ങളുടെയും സ്തോത്രങ്ങൾ രചിക്കുന്നതിൽനിന്ന് ജാതിയും മതവും ദൈവവും പലതില്ലെന്നും ഒന്നേയുള്ളെന്നുമുള്ള ബ്രഹ്മതത്വത്തിലേക്ക് ഉയർന്ന, നിരന്തരപരിണാമങ്ങളിലൂടെ ചിന്താവികാസം ആർജ്ജിച്ച ജൈവബുദ്ധിജീവി ആയിരുന്നു അദ്ദേഹം.


ശ്രീനാരായണഗുരു

ശിവപ്രതിഷ്ഠയിൽനിന്ന് വിഗ്രഹങ്ങൾ കുളത്തിലെറിഞ്ഞു നടത്തിയ കണ്ണാടിപ്രതിഷ്ഠയിലേക്കും
ഒരുജാതി, ഒരുമതം എന്നതിൽനിന്ന് നമുക്കു ജാതിയും മതവും ഇല്ല എന്ന വിഖ്യാതവിളംബരത്തിലേക്കും ആ ദർശനം വളർന്നേറി. ശിവഗിരിയിൽ ശാരദദേവീക്ഷേത്രം നിർമ്മിച്ച ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചപ്പോൾ ഒരു ക്ഷേത്രവും പണിതില്ല.


വാഗ്ഭടാനന്ദൻ

അതേകാലത്തു മലബാറിൽ നവോത്ഥാനത്തിന്റെ പതാകവഹിച്ച വാഗ്ഭടാനന്ദഗുരു വിഗ്രഹാരാധന അടക്കമുള്ള ദുരാചാരങ്ങൾക്കതിരെ വിപ്ലവാത്മകമായി പോരാടിയയാളാണ്. വിശ്വാസികളുടെ വെല്ലുവിളി സ്വീകരിച്ച് മാഹി പുത്തലത്തു ക്ഷേത്രത്തിൽ ‘ശക്തനാ’യ മാടന്റെ തറയിൽ കയറിനിന്ന് മാടനില്ലെന്നു പ്രസംഗിച്ച ഗുരു വിഗ്രഹാരാധനയ്ക്കെതിരെ നടത്തിയ ആഹ്വാനം കേട്ട് കുടുംബക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ കടലിൽ കളഞ്ഞവർവരെ ഉണ്ട്. അങ്ങനെ ഒട്ടേറെ അനാചാരങ്ങളുടെ ലംഘനത്തിന് അദ്ദേഹവും അനുയായികളും നേതൃത്വം നല്കി.

സഹോദരൻ അയ്യപ്പൻ

സഹോദരൻ അയ്യപ്പനിൽ കണ്ട ‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന യുക്തിവാദദർശനം ഇവയിൽനിന്നു വികാസംകൊണ്ട, ശാസ്ത്രബോധത്തിന്റെ കാലത്തെ നവോത്ഥാനദർശനമാണ്. അതിന്റെ കൂടുതൽ പുതിയ രൂപങ്ങളാണ് ജന്മി-കുടിയാൻ സമ്പ്രദായവും കുടിയൊഴിപ്പിക്കലും മഹാനരകമായ മറക്കുടയും ഒക്കെ തകർത്ത്, സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തെത്തിച്ച പുരോഗമനപ്രസ്ഥാനങ്ങൾ.

വൈക്കം സത്യാഗ്രഹനായകൻ പെരിയാർ ഇ. വി. രാമസ്വാമി നായ്ക്കർ

ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്കും സത്യാഗ്രഹങ്ങൾക്കും ഒടുവിലാണെങ്കിലും ചിത്തിരതിരുനാൾ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബരവും ഒന്നാന്തരം ആചാരലംഘനം ആയിരുന്നു. അവർണ്ണർ ക്ഷേത്രത്തിൽ കയറിയാൽ ദൈവത്തിനു ശക്തിക്ഷയം ഉണ്ടാകുമെന്ന് ക്ഷേത്രാചാരം തീരുമാനിക്കാനുള്ള പ്രാമാണികരേഖയായ തന്ത്രസമുച്ചയത്തിൽ എഴുതിവച്ചിട്ടുണ്ട്. അപ്പോൾ അതിന്റെ ലംഘനം തികഞ്ഞ ആചാരലംഘനമാണല്ലോ. എന്നാൽ, തന്ത്രസമുച്ചയമല്ല, വിളംബരമാണു നടപ്പിലയത്. ആചാരസംരക്ഷകരല്ല, ആചാരലംഘകരാണ് ചരിത്രത്തിൽ ചിരം‌ജീവികളായത്. ഇതൊക്കെയാണു നാമെല്ലാം അന്തസ്സോടെ നടക്കുന്ന ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്.

ക്ഷേത്രപ്രവേശനവിളംബരം

രണ്ടുപതിറ്റാണ്ടുമുമ്പ് അവസാനിച്ച നൂറ്റാണ്ടിന്റെ ആദ്യപകുതിയെ ചൈതന്യദീപ്തമാക്കുകയും കഴിഞ്ഞ നൂറ്റാണ്ടിനെ സമൂലം പരിവർത്തിപ്പിക്കുകയും ചെയ്ത ആ ആചാരലംഘകരും പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നില്ലെങ്കിലോ? യു.പി.യിലെയും ബിഹാറിലെയും ഒക്കെ അവസ്ഥ ആയിരുന്നേനെ.

പിന്നോട്ടു നടന്ന കേരളം

‘അമ്പലങ്ങൾക്കു തീകൊളുത്തുക’ എന്ന ആഹ്വാനം അച്ചടിച്ച് ആനപ്പുറത്തു വിതരണം ചെയ്ത വി.റ്റി. ഭട്ടതിരിപ്പാടിനെ ആരും കയ്യേറ്റം ചെയ്തില്ല. ശബരിമലയിൽ തീപിടിത്തം ഉണ്ടായപ്പോൾ ‘ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും’ എന്നു പ്രസംഗിച്ച സി. കേശവനെ സഹിഷ്ണുതയോടെ കേരളം കേട്ടു. ആചാരലംഘകരെല്ലാം നവോത്ഥാനനായകരായി ആദരിക്കപ്പെട്ടു. ആ നിലയിൽ പരിഷ്ക്കൃതമായിരുന്നു ഇതുവരെപ്പറഞ്ഞ പ്രസ്ഥാനങ്ങളുടെയും ആധുനികവിദ്യാഭ്യാസത്തിന്റെയും ആധുനികമൂല്യങ്ങളുടെയുമെല്ലാം സൃഷ്ടി ആയിരുന്ന അക്കാലത്തെ കേരളസമൂഹം.

‘അമ്പലങ്ങൾക്കു തീകൊളുത്തുക’ എന്ന ലഘുലേഖ പ്രസിദ്ധം ചെയ്ത വി. റ്റി. ഭട്ടതിരിപ്പാട്

എന്നാൽ, അതൊക്കെ സംഭവിച്ചപ്പോഴും മാടനെയും മറുതയെയുംകാൾ ‘മെച്ചപ്പെട്ടതെ’ന്നു പലരും കരുതുന്ന മറ്റനവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മനസിൽ അടിഞ്ഞുകൂടിക്കിടന്നു. അവകൂടി ഉച്ചാടനം ചെയ്യാനുള്ള ഫലപ്രദമായ പ്രവർത്തനങ്ങൾ ഉണ്ടായില്ല. ഇന്നത്തെ ജീവിതാവസ്ഥയിലേക്കു ഭൗതികമായി നാം എത്തിയെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും അകത്ത് ഇന്നും ആ ഇരുട്ടുതന്നെ. അതു നീക്കാനുള്ള പ്രവർത്തനങ്ങൾക്കു മുക്കാൽ നൂറ്റാണ്ടോളം തുടർച്ച ഉണ്ടായില്ല. പൊതുമണ്ഡലത്തിൽ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ പറയുന്ന പുരോഗമനാശയമൊക്കെ ചെരുപ്പിനൊപ്പം പടിക്കല്ലിൽ അഴിച്ചുവച്ചു വീട്ടിൽ കയറുന്ന ഹിപ്പോക്രാറ്റുകളായി നമ്മിൽ മഹാഭൂരിപക്ഷവും മാറി.

ജാതിയും മതവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ശ്രീനാരായണഗുരു പുറപ്പെടുവിച്ച വിളംബരം.

ഇതിനു ചരിത്രകാരണങ്ങളുമുണ്ട്. കേരളസംസ്ഥാനത്തിനു മൂന്നുവയസ് ആകുമ്മുമ്പേ അരങ്ങേറിയ വിമോചനസമരം എന്ന ആഭാസം ജനാധിപത്യപ്രക്രിയയിൽ സ്ഥാനമുണ്ടാകാൻ പാടില്ലായിരുന്ന മത-സമുദായസംഘടനകളെ രാഷ്ട്രീയമണ്ഡലത്തിൽ അമിതപ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു. അവർ സമ്മർദ്ദഗ്രൂപ്പുകളായി. അവരുടെ തിട്ടൂരങ്ങൾ ഒരുവിഭാഗം രാഷ്ട്രീയപ്പാർട്ടികൾക്കു വേദോപദേശങ്ങളായി.

വിമോചനസമരത്തിൽ തുടങ്ങി കാൽ നൂറ്റാണ്ടോളം തുടർന്ന രാഷ്ട്രീയാനിശ്ചിതത്വം കക്ഷിഭേദമെന്യേ രാഷ്ട്രീയപ്പാർട്ടികളെ സാമൂഹികപരിഷ്ക്കരണബോധവത്ക്കരണങ്ങളിൽനിന്നു മാറ്റി അധികാരമത്സരങ്ങളിൽ തളച്ചിട്ടു. ജാതി-മതരാഷ്ട്രീയം പ്രബലമായി. അതിനിടെ വന്നുചേർന്ന അടിയന്തരാവസ്ഥ എല്ലാത്തരം പുരോഗമനപൊതുപ്രവർത്തനങ്ങളെയും തളർത്തുകയും ചെയ്തു.

രാഷ്ട്രീയപ്രസ്ഥാനങ്ങളിൽനിന്ന് ജനങ്ങൾ വീണ്ടും ജാതി-മതകൂടാരങ്ങളിൽ കൂടുകൂട്ടുകയും ജാതി-മതപ്പാർട്ടികളിൽ അണിനിരക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാർ മതവിരോധികളാണെന്ന വലിയ പ്രചാരണം ഉണ്ടായി. വിശ്വാസികൾ അകലുന്നതു തടയാൻ വിപ്ലവമുന്നണിയിൽ വിശ്വാസികളും ഉണ്ടാകണമെന്ന കാഴ്ചപ്പാട് വിശദീകരിക്കപ്പെട്ടു. അത് പുരോഗമനനിലപാടുകളിൽ വെള്ളം ചേർക്കുന്നതിലേക്കു നയിച്ചു. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് വിശ്വാസം സംരക്ഷിക്കൽ പോലും ആയി.


‘യുക്തിവാദി’ മാസികയുടെ ആദ്യലക്കങ്ങളിലൊന്ന്. “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയിൽ” എന്ന സഹോദരൻ അയ്യപ്പന്റെ നാലുവരിക്കവിത ആയിരുന്നു മാസികയുടെ മുഖസന്ദേശം.

നവോത്ഥാനാശയങ്ങളുടെ തുടർച്ചയായിരുന്ന യുക്തിവാദപ്രസ്ഥാനങ്ങളെ യാന്ത്രികയുക്തിവാദമെന്നൊക്കെ വ്യാഖ്യാനിച്ചത് അവയെ ഒറ്റപ്പെടുത്തി ദുർബ്ബലമാക്കി. ഓരോ പ്രസ്ഥാനത്തിനും അതിന്റേതായ സ്ഥാനമുണ്ടെന്നു കണ്ടറിഞ്ഞ് അവയുടെ വഴിക്കു പ്രവർത്തിക്കാൻ വിടുകയാണു വേണ്ടിയിരുന്നത്. ഇന്നു കേരളത്തിൽ ആയിരക്കണക്കിനു യുവാക്കൾ ആവേശപൂർവ്വം പങ്കെടുക്കുന്ന ഫ്രീ തിങ്കേഴ്സ് ഫോറവും എസ്സെൻസും ന്യൂറോൺസും പോലെയുള്ള യുക്തിചിന്താസമൂഹങ്ങൾ വളർന്നുവരുന്നു എന്നത് അത്തരം ചിന്താധാരയ്ക്കു യുവാക്കൾക്കിടയിലുള്ള സ്വീകാരമാണു വെളിവാക്കുന്നത്. വിശദമായ വിലയിരുത്തൽ വേണ്ട കാര്യങ്ങളാണ് ഇതൊക്കെ.

ദുർബ്ബലമായ യുക്തിപ്രസ്ഥാനം

ഇനി, ഞാൻ കടന്നുവന്ന കാലത്തെ അനുഭവസാക്ഷ്യം പറയാം. 1970-80 കാലത്തുപോലും ആഴികൂട്ടി തീക്കനലിലൂടെ നടക്കുക, ബാധ കയറി (ദൈവത്തിന്റെ ആവേശം) തുള്ളുക തുടങ്ങിയ കലാപരിപാടികൾ നാട്ടിൽ ഉണ്ടായിരുന്നു. അക്കാലത്ത് ജാല്പാണം സിദ്ധൻ എന്നൊരാൾ തലയിൽ അടിച്ചു കരിക്ക് ഉടയ്ക്കുന്ന ‘ദിവ്യാത്ഭുത’വുമായി കേരളത്തിൽ വന്നിരുന്നു. ദേഹത്തു ലോഹക്കൊളുത്തു തുളച്ചുകയറ്റിയുള്ള ഗരുഡൻ തൂക്കവും അന്നത്തെ ദിവ്യാത്ഭുതം ആയിരുന്നു. ഇതേ കാര്യങ്ങൾ ‘കടവുൾ ഇല്ലൈ’ എന്നു വിളിച്ചുകൊണ്ടു ചെയ്യുന്ന തമിഴ്‌നാട് യുക്തിവാദിസംഘമായ ‘ദ്രാവിഡകഴക’ത്തിന്റെ പ്രവർത്തകരുടെ ദിവ്യാത്ഭുത അനാവരണപരിപാടി അക്കാലത്ത് കേരളയുക്തിവാദിസംഘം സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച് ആ അന്ധവിശ്വാസങ്ങളിൽനിന്നു ജനങ്ങളെ മോചിപ്പിക്കാൻ പരിശ്രമിച്ചിരുന്നു.

നാവിലൂടെ ശൂലം കുത്തിയിറക്കുന്നതും വായിൽ കർപ്പൂരം കത്തിക്കുന്നതും പോലെ 150 ‘ദിവ്യാത്ഭുതങ്ങൾ’ തുറന്നുകാട്ടിയ ബി. പ്രേമാനന്ദിന്റെ പുസ്തകത്തിന്റെ പുതിയ എഡിഷൻ

മലബാർ മേഖലയിൽ ഇസ്ലാം മതത്തിൽ നിലനിന്ന, രോഗം മാറാൻ മന്ത്രം ജപിച്ചു തുപ്പിയ വെള്ളം കുടിപ്പിക്കുന്നതുപോലുള്ള, അന്ധവിശ്വാസങ്ങൾക്കെതിരെയും സമാനമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബഹുഭാര്യാത്വം, ഏകപക്ഷീയമായ വിവാഹമോചനം, സ്ത്രീസ്വാതന്ത്ര്യനിഷേധം തുടങ്ങിയവയ്ക്കെതിരെയും ‘മതനിരപേക്ഷമായ’ ഏകസിവിൽനിയമത്തിനുവേണ്ടിയും ഉള്ള പ്രചാരണബോധവത്ക്കരണങ്ങളും ശക്തമായിരുന്നു.

യുക്തിവാദിസംഘത്തിന്റെ അക്കാലത്തെ ലഘുലേഖകളിൽ ഒന്ന്


‘ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല’ എന്ന പുസ്തകം ഇടമറുക് പ്രസിദ്ധീകരിക്കുന്നതും ആഗോളക്രിസ്തീയസഭയുടെ ചരിത്രത്തിലെ കൊടും ക്രൂരതകൾ വിവരിക്കുന്ന ‘വത്തിക്കാനും മൂന്നാം ലോകരാജ്യങ്ങളും’ പോലുള്ള ലഘുലേഖകൾ പ്രചരിപ്പിക്കുന്നതുമൊക്കെ ഈ കാലത്താണ്. രോഗശാന്തിശുശ്രൂഷ, കന്യാമറിയത്തിന്റെ കണ്ണിൽനിന്നു ചോരവരുന്നതും മാതിരിയുള്ള അന്ധവിശ്വാസത്തട്ടിപ്പുകളും സംഘം തുറന്നുകാട്ടിയിരുന്നു. അക്കാലത്ത് ഞാൻ കേരള യുക്തിവാദിസംഘത്തിൽ സജീവമായിരുന്നു.


ജാതിവിവേചനത്തിനും വർഗ്ഗീയതയ്ക്കും എതിരെ മതനിരപേക്ഷതയ്ക്കായി അക്കാലത്തു നടത്തിയ ബോധനപ്രചാരണപരിപാടികൾക്കു പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ചിലത്

സർക്കാർവക തട്ടിപ്പ്

അന്നു കേരളത്തിലെ ഏറ്റവും ശക്തമായ അന്ധവിശ്വാസം ആയിരുന്നു മകരം ഒന്നിനു സന്ധ്യയ്ക്ക് ശബരിമലയുടെ കിഴക്കേച്ചക്രവാളത്തിൽ ദിവ്യജ്യോതി തെളിയും എന്നത്. ആരെങ്കിലും കത്തിക്കാതെ അതു സംഭവിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ കേരള യുക്തിവാദിസംഘം ഇതിന്റെ സത്യം തേടി പോയി. ആ മേഖലയിലുള്ള ജനങ്ങളിൽനിന്നും കത്തിക്കലിൽ പങ്കാളികളായ ചിലരിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. ദേവസ്വം ബോർഡും വൈദ്യുതിബോർഡും ചേർന്ന് പൊന്നമ്പലമേട് എന്ന മലമുകളിൽ കത്തിക്കുന്ന കർപ്പൂരജ്വാലയാണു മകരജ്യോതി എന്നു മനസിലാക്കി.

മറ്റ് അന്ധവിശ്വാസങ്ങളിൽനിന്നു ഭിന്നമായി ഇതു സംഘടിപ്പിക്കുന്നതിൽ മതനിരപേക്ഷയിൻഡ്യയിലെ നമ്മുടെ സംസ്ഥാനസർക്കാർതന്നെ പങ്കാളിയാണ് എന്നത് ഞെട്ടലോടെയാണ് അവർ അറിഞ്ഞത്. ശാസ്ത്രബോധം പ്രചരിപ്പിക്കുക അടിസ്ഥാനപൗരധർമ്മമാണെന്ന് അംഗീകരിച്ചിട്ടുള്ള ഭരണഘടന പിന്തുടരുന്ന ജനാധിപത്യസർക്കാർ ഭക്തരെ പറ്റിക്കാനും വിശ്വാസം ചൂഷണം ചെയ്യാനും പ്രവർത്തിക്കുക! വിദ്യാസമ്പന്നമായ ഒരു സമൂഹത്തെ അന്ധവിശ്വാസത്തിൽ തളച്ചിടുക! അത് ഇതിന്റെ ഗൗരവം വർദ്ധിപ്പിച്ചു. ജനാധിപത്യത്തിന്റെ നാലാംതൂണുകൾ ആ സത്യം വെളിപ്പെടുത്താതെ അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. അതിൽ സർക്കാർമാദ്ധ്യമങ്ങളും പങ്കാളികളായി.

പൊന്നമ്പലമേട്ടിലേക്കു പോയ യുക്തിവാദികൾ കെ.എസ്.ആർ.റ്റി.സി. ബസിൽ

സർക്കാർ തട്ടിപ്പു കാട്ടുകയും സർക്കാർമാദ്ധ്യമങ്ങൾ അതു പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് യുക്തിവാദിസംഘം അതിൽ ഇടപെടാൻ തീരുമാനിച്ചു. അങ്ങനെയാണ് സംഘത്തിലെ ഏതാനും പ്രവർത്തകർ 1980–ലെ മകരവിളക്കുദിവസം പൊന്നമ്പലമേട്ടിൽ പോകുന്നത്. ധനുവച്ചപുരം സുകുമാരൻ, വില്യം ഫ്ലെച്ചർ തുടങ്ങിയവരായിരുന്നു പ്രധാനികൾ.

അവർ ദേവസ്വം ബോർഡ്, പൊലീസ്, വനം വകുപ്പ്, വൈദ്യുതിബോർഡ് എന്നിവരുടെ സംയുക്തസംരംഭമായി കെ.എസ്.ഇ.ബി.യിലെ ഡ്രൈവർ ഗോപിനാഥന്റെ നേതൃത്വത്തിൽ മകരജ്യോതി കത്തിക്കുന്നതു കണ്ടു. ഫോട്ടോകൾ എടുത്തു. യുക്തിവാദികൾ എണ്ണത്തിൽ കുറവ് ആയിരുന്നതിനാൽ കാഴ്ചക്കാരായി ഒപ്പം കൂടി. ദേവസ്വം ബോർഡ് ജ്യോതി കൊളുത്തിയപ്പോൾ രണ്ടു യുക്തിവാദികൾ അല്പം മാറിനിന്ന് കൈയിലുണ്ടായിരുന്ന തോർത്തുകൾ കത്തിച്ചു. രണ്ടു ചെറുജ്യോതികൾകൂടി കണ്ടെന്നു പത്രങ്ങൾ എഴുതി. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ‘ദിവ്യജ്യോതിസ്സിന്റെ രഹസ്യം’ എന്ന പേരിൽ ധനുവച്ചപുരം സുകുമാരൻ എഴുതിയ കുറിപ്പ് ‘കേരളകൗമുദി’ പത്രം 1980 ഡിസംബറിൽ വായനക്കാരുടെ പംക്തിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

യുക്തിവാദിസംഘം‌പ്രവർത്തകർ യാത്രയ്ക്കിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോ

അടുത്ത കൊല്ലം 150 പേരുള്ള സംഘമാണു പോയത്. തടയാൻ ആലോചിച്ചെങ്കിലും ചെയ്തില്ല. സൗഹൃദപൂർവ്വം ഒന്നിച്ചു ഫോട്ടോയൊക്കെ എടുത്തു. പക്ഷെ, മകരജ്യോതിയുടെ സമയത്ത് പന്തങ്ങളും മത്താപ്പും വാണവുമൊക്കെ കത്തിച്ചു. ഉണ്ണി കാക്കനാട്, എ.വി. ജോസ് തുടങ്ങിയ മുതിർന്ന യുക്തിവാദികളുടെ ടീമാണ് അതൊക്കെ കരുതിയത്. ‘പൊന്നമ്പലമേട്ടിൽ ദിവ്യപ്രഭാപൂരം’ എന്നു പത്രങ്ങൾ അതിനെയും ദിവ്യമാക്കി!


പൊന്നമ്പലമേട്ടിൽ യുക്തിവാദികൾ പന്തവും പടക്കവും മത്താപ്പും കത്തിക്കുന്നു

1982-ൽ യുക്തിവാദികൾ ഒരുദിവസം മുമ്പേ പൊന്നമ്പലമേട്ടിൽ എത്തി. അന്നു സന്ധ്യയ്ക്ക്, മകരവിളക്കു കത്തിക്കുന്ന 6 45-ന്, അവർ മേട്ടിൽ പന്തം കത്തിച്ചു. ‘ശബരിമലയിൽ കൃത്രിമ മകരജ്യോതിസ്’ എന്ന വാർത്ത, അതു മറ്റാരോ കത്തിച്ചതാണെന്ന ദേവസ്വം ബോർഡിന്റെ വിശദീകരണവുമായി പിറ്റേന്ന് ആകാശവാണിയും പത്രങ്ങളും റിപ്പോർട്ട് ചെയ്തു. മകരവിളക്കുദിവസം ദേവസ്വം ബോർഡിന്റെ കത്തിക്കലിനു സമാന്തരമായി യുക്തിവാദികൾ പന്തങ്ങളും മത്താപ്പും മറ്റും കത്തിച്ചു. ‘പൊട്ടിത്തെറിയോടെ’ മകരജ്യോതി പ്രത്യക്ഷപ്പെട്ടു എന്നും So many mini jyothies around the main jyothi’ എന്നുമൊക്കെ പത്രങ്ങൾ എഴുതി.

യുക്തിവാദികൾ കത്തിച്ച കൃത്രിമമകരജ്യോതിയെപ്പറ്റി വന്ന വാർത്ത

ഈ വിവരങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ‘മകരജ്യോതിസ് എന്ന തട്ടിപ്പ്’ എന്നപേരിൽ ഒരു ലഘുലേഖ 1981-ൽ കേരള യുക്തിവാദിസംഘം പ്രസിദ്ധീകരിച്ചു. അരലക്ഷത്തോളം കോപ്പിയാണ് അക്കാലത്തു വിറ്റത്! തമിഴിലും തെലുങ്കിലും അതിന്റെ പരിഭാഷയും ഇറക്കി. ‘പൊന്നമ്പലമേട്ടിലെ സത്യാന്വേഷണം’ എന്ന പേരിൽ പവനൻ എഴുതിയ മറ്റൊരു ലഘുലേഖയും പ്രചരിപ്പിച്ചു.
അതോടെ മകരജ്യോതിയുടെ തട്ടിപ്പ് സമൂഹത്തിൽ വെളിവാക്കപ്പെടും എന്ന ആശങ്ക അധികൃതർക്ക് ഉണ്ടായി.

പവനൻ തയ്യാറാക്കിയ ലഘുലേഖ

സത്യാന്വേഷകരുടെ വിധി!

അതിന്റെ അടുത്തവർഷവും ഒരു സംഘം പൊന്നമ്പലമേട്ടിൽ പോയി. എന്റെ അടുത്ത ഗ്രാമമായ മുതുകുളത്തുള്ള  ഹൈസ്കൂളദ്ധ്യാപകൻ കെ. രാജപ്പനും സംഘത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം വിവരിച്ച അനുഭവത്തിന്റെ ചുരുക്കം ഇങ്ങനെ: പൊന്നമ്പലമേടുള്ള കുന്നു മുഴുവൻ പൊലീസ് ബന്തവസിൽ ആയിരുന്നു. ഡിവൈ.എസ്.പി. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ സി.ഐ.മാരും എസ്.ഐ.മാരും കൊല്ലം എ.ആർ. ക്യാമ്പിലെ പൊലീസുകാരും അടക്കമുള്ള പൊലീസുകാർ.

കേരള യുക്തിവാദിസംഘം പ്രസിദ്ധീകരിച്ച ലഘുലേഖ. മുഖച്ചിത്രം:
ഡ്രൈവർ ഗോപിനാഥനും കൂട്ടരും മകരജ്യോതി കൊളുത്തുന്നത്.

പൊക്കത്തിൽ വളർന്ന പുല്ലിനിടയിൽ ഒളിച്ചിരിക്കുകയായിരുന്നു അവർ. ഒന്നിച്ചുപോയാൽ സംശയം തോന്നി തടഞ്ഞാലോ എന്നു കരുതി യുക്തിവാദികൾ 25 പേർവീതമുള്ള നാലു ബാച്ചായാണു പോയത്. ആദ്യബാച്ച് മേട്ടിലേക്കു കയറിയതോടെ പൊലീസ് അവരെ വളഞ്ഞു. പന്തം, മത്താപ്പ്, പടക്കം, എണ്ണ എന്നിവ കൊണ്ടുവന്നവരെ അവ പിടിച്ചു വാങ്ങിയശേഷം ഭീകരമായി തല്ലി.

യുക്തിവാദിസംഘത്തിന്റെ ലഘുലേഖയുടെ തമിഴ് പതിപ്പ്

‘ദിവ്യപ്രഭാപൂര’മൊന്നും സൃഷ്ടിക്കാതിരിക്കാൻ അവരെമുഴുവൻ അനങ്ങാൻ സമ്മതിക്കാതെ അവിടെ ഇരുത്തി. സൂര്യൻ നിറുകയിൽനിന്ന് ഇറങ്ങിത്തുടങ്ങിയിട്ടേയുള്ളൂ. ചുട്ടുപഴുത്തുകിടക്കുന്ന പാറ! അതിന്മേൽ ഇരിക്കാൻ കഴിയുമായിരുന്നില്ല. വിരട്ടി ഇരുത്തി.

കേരളകൗമുദി പത്രം പ്രസിദ്ധീകരിച്ച ധനുവച്ചപുരം സുകുമാരന്റെ കത്ത്



പൊന്നമ്പലമേട്ടിലെ പൊലീസ്‌മർദ്ദനത്തെപ്പറ്റി വന്ന പത്രവാർത്തകളിൽ ചിലത്

കൂട്ടത്തിൽ പ്രായം കൂടുതൽ ഉണ്ടായിരുന്ന സൗമ്യനായ രാജപ്പൻസാർ അല്പം മാനുഷികപരിഗണന തനിക്കെങ്കിലും കിട്ടിയാലോ എന്നുകരുതി ഡിവൈ.എസ്.പി.യോട് ‘സർ, ഞാനൊരു അദ്ധ്യാപകനാണ്’ എന്നു പറഞ്ഞു. “ആണോ! എന്നാൽ മുണ്ടുപൊക്കി ഇരിയെടാ!” അന്നത്തെ ഉരുട്ടുപൊലീസിന്റെ എല്ലാ ക്രൗര്യവും നിറഞ്ഞ ആക്രോശം. അദ്ദേഹം അങ്ങനെ ഇരുന്നു. മാംസം കരിയുന്ന ഗന്ധം. എല്ലാവരും വേദനകൊണ്ടു പുളഞ്ഞു. ഭരണഘടന ആഹ്വാനം ചെയ്യുന്ന ശാസ്ത്രബോധം വളർത്താനുള്ള പ്രവർത്തനത്തിന് അതേ ഉത്തരവാദിത്വമുള്ള ജനാധിപത്യസർക്കാരിന്റെ പാരിതോഷികം!

കത്തിക്കലിന്റെ രഹസ്യം ബോദ്ധ്യപ്പെടുകയും ഭരണകൂടം മർദ്ദനോപാധികൊണ്ട് സത്യാന്വേഷണത്തെ അടിച്ചമർത്തുകയേയുള്ളൂ എന്നു മനസിലാകുകയും ചെയ്ത സാഹചര്യത്തിൽ കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ജനകീയസമരങ്ങളും പ്രചാരണവുമാണ് സംഘം തുടർന്ന് ആസൂത്രണം ചെയ്തത്. മകരവിളക്കിന്റെ ദൃക്‌സാക്ഷിവിവരണം നല്കാറുണ്ടായിരുന്ന ആകാശവാണി നിലയങ്ങൾക്കും ദൂരദർശനും മുന്നിൽ ധർണ നടത്തുന്നതടക്കമുള്ള പ്രവർത്തനം.

അന്നത്തെ ഡി.പി.പി. എൻ. കൃഷ്ണൻ നായർ മകരജ്യോതി തട്ടിപ്പാണെന്നു തുറന്നെഴുതിയ സർവ്വീസ് സ്റ്റോറിയും കുറിപ്പും

മകരവിളക്കു കാണാൻ തടിച്ചുകൂടിയ 52 പേർ 1999-ൽ ഹിൽ ടോപ്പിലും 102 പേർ 2011-ൽ പുല്ലുമേട്ടിലും മരിച്ചത് ഈ പ്രവർത്തനങ്ങളുടെ പ്രസക്തി വർദ്ധിപ്പിച്ചു. ഹിൽ ടോപ്പ് ദുരന്തം ഉണ്ടായത് അയ്യായിരം പേർക്കുപോലും നില്ക്കാൻ ഇടമില്ലാത്തിടത്ത് 50,000 പേർ തിങ്ങിക്കയറി ഉണ്ടായ മണ്ണിടിച്ചിലിലാണ്. 1969-ലും ഇങ്ങനെ അപകടമരണം ഉണ്ടായിരുന്നു. ഹിൽ ടോപ് ദുരന്തം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജ. റ്റി. ചന്ദ്രശേഖരമേനോൻ കമ്മിഷൻ യുക്തിവാദികൾ പലകുറി ആവശ്യപ്പെട്ടിട്ടും മകരജ്യോതിയെപ്പറ്റി അന്വേഷിക്കില്ല എന്ന നിലപാട് എടുക്കുകയായിരുന്നു! അന്ന് യുക്തിവാദികളുടെ ആവശ്യം പരിഗണിച്ച് അതുകൂടി പരിശോധിച്ചിരുന്നെങ്കിൽ 2011-ൽ 102 പേരുടെ ജീവൻ നഷ്ടമാകില്ലായിരുന്നു.

മകരജ്യോതി എന്ന തട്ടിപ്പിനെതിരെ സുഗതകുമാരി ‘മാതൃഭൂമി’ പത്രത്തിൽ എഴുതിയ ലേഖനം

ഡിജിപി ആയിരുന്ന എൻ. കൃഷ്ണൻ നായർ സർവ്വീസ് സ്റ്റോറിയിൽ മകരജ്യോതി തട്ടിപ്പാണെന്നു തുറന്ന് എഴുതിയിരുന്നു. പക്ഷെ, അദ്ദേഹം അക്കാര്യം ഈ അന്വേഷണക്കമ്മിഷനുമുന്നിൽ പറയാൻ തയ്യാറായില്ല. തട്ടിപ്പിനെതിരെ പത്രത്തിൽ എഴുതിയ സുഗതകുമാരികമ്മിഷനു തെളിവുനല്കാൻ സന്നദ്ധയായിരുന്നെങ്കിലും അതുണ്ടായതുമില്ല.
52 പേരെ കൊന്ന ആൾക്കൂട്ടദുരന്തത്തിനു കാരണമായ മണ്ണിടിച്ചിൽ ഉണ്ടായ ഹിൽ ടോപ്പിന്റെ ഭാഗം.

ഹിൽ ടോപ് ദുരന്തം അന്വേഷിച്ച കമ്മിഷൻ മകരജ്യോതിയുമായി അതിനുള്ള ബന്ധം അന്വേഷിക്കാൻ വിസമ്മതിച്ചതിന്റെ പത്രവാർത്ത

‘ജ്യോതി’ എക്സ്‌പോസ്‌ഡ്!

ഇതിനിടെ 2000-ലാണ് ശബരിമലയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്കു പരിഹാരം തേടി ‘കൈരളി റ്റി.വി.’ക്കുവേണ്ടി ഞാൻ വാർത്താധിഷ്ഠിതപരിപാടി ചെയ്യുന്നത്. മണ്ണിടിച്ചിലും ആളപായങ്ങളും ഉണ്ടായതെല്ലാം മകരജ്യോതി കാണാനുള്ള തിക്കിത്തിരക്കിനിടയിൽ ആണെന്നും ആ അപകടങ്ങളിലൊന്നും കേരളീയർ മരിക്കാതിരുന്നത് യുക്തിവാദികളുടെയും മറ്റും പ്രചാരണഫലമായി ഇവിടത്തുകാർക്കു കാര്യമറിയാവുന്നതുകൊണ്ടാണെന്നും മനസിലാക്കി കൂടുതൽപേരെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മകരജ്യോതിയുടെ യാഥാർത്ഥ്യം ‘സമകാലികം’ എന്ന പരിപാടിയിൽ ഞങ്ങൾ അവതരിപ്പിച്ചത്.

പൊന്നമ്പലമേട്ടിൽ മകരജ്യോതി കൊളുത്തുന്ന സിമന്റുതറ. ദൂരെ കാണുന്നത് ശബരിമല.

പൊന്നമ്പലമേട്ടിൽനിന്നുള്ള ശബരിമലയുടെ ദൃശ്യം

ജ്യോതികത്തിക്കലിന്റെ വെളിപ്പെടുത്തലിനൊപ്പം ആ സമയത്തു കിഴക്കേയാകാശത്ത് ഉദിക്കുന്നത് സീറിയസ് എന്ന നക്ഷത്രമാണെന്നും അതിനു മുൻപും ശേഷവുമുള്ള കുറേദിവസങ്ങളിലും ആ നക്ഷത്രം ഏകദേശം ആ സമയത്ത് ഉദിക്കാറുണ്ടെന്നുമുള്ള ശാസ്ത്രവസ്തുതയും ഉൾപ്പെടുത്തി.

പൊന്നമ്പലമേടിന്റെ ചെങ്കുത്തായ വശം

ഇത്തരത്തിൽ ആ തട്ടിപ്പു സവിസ്തരം ഒരു മാദ്ധ്യമം തുറന്നുകാട്ടുന്നത് ആദ്യമായിരുന്നു. അതിനുമുമ്പ് ’ദ് ഹിന്ദു’ പത്രത്തിൽ ഒരു റിപ്പോർട്ടിനൊപ്പം ആ തറയുടെ ഫോട്ടോ വന്നിരുന്നു. അന്നൊന്നും നാട്ടിൽ ഒരു ഭൂകമ്പവും ഉണ്ടായില്ല.

പൊന്നമ്പലമേട്ടിൽ കൈരളി റ്റി.വി. സംഘം 2000-ൽ

ക്യാമറയ്ക്കുമുന്നിൽ പൊന്നമ്പലമേട്ടിലെ കാഴ്ച വിവരിക്കുന്ന ലേഖകൻ

എന്നാൽ, 2000-ൽനിന്നു നാട് പിന്നോട്ടു നടന്ന 2010-കളിൽ,
‘All about Makarajyothi’, എന്ന പേരിൽ യൂറ്റ്യൂബിലുള്ള ആ വീഡിയോയ്ക്കു കീഴെ സംസ്ക്കാരശൂന്യമായ അനവധി പ്രതികരണങ്ങളും പുലഭ്യങ്ങളും വന്നുതുടങ്ങി. വിശ്വാസികളിലേക്ക് സത്യം എത്തുന്നതിന്റെ നല്ല സൂചനയാണല്ലോ അതെന്നതിനാൽ അത്തരക്കാരെ നിരുത്സാഹപ്പെടുത്തുന്നില്ല. അതിന്റെപേരിൽ വല്ലവരും വെടിവച്ചുകൊന്നാൽ ധബോൽക്കറെയും ഗൗരി ലങ്കേഷിനെയും ഒക്കെപ്പോലെ സത്യം പറഞ്ഞതിന്റെയും ശാസ്ത്രബോധം വളർത്താൻ ശ്രമിച്ചതിന്റെയും അന്വേഷണാത്മകമാദ്ധ്യമപ്രവർത്തനത്തിന്റെയും രക്തസാക്ഷി എന്ന നിലയിൽ രാജ്യം മുഴുവൻ അറിയുകയും ചെയ്യുമല്ലോ.

ശബരിമല വിവാദമാക്കിയത്

1980-കളിലെ ഒരു സാധാരണപത്രവാർത്ത. 1981 നവംബർ 19-ലെ ഈ വാർത്തയിലെ ആദ്യകോളത്തിലെ ഒരു ഉപശീർഷകം വലുതായിക്കാണിച്ചിരിക്കുകയാണു ചുവടെ. ‘മുമ്പൊരിക്കലും ഉണ്ടാകാത്തവിധം സ്ത്രീകൾ - പ്രത്യേകിച്ച് യുവതികൾ എത്തുന്നുണ്ട്’ എന്നാണ് എഴുതിയിരിക്കുന്നത്. അൻപതോളം സ്ത്രീകൾ ‘ഒന്നിച്ചെത്തിയത്’ ഭക്തരിൽ ‘ഒരുവിഭാഗ’ത്തിന്റെ പ്രതിഷേധത്തിനു കാരണമായി എന്നാണു വാർത്ത. 1991-ലെ കേസുവരെയും ഇതൊക്കെ നടന്നിരുന്നു എന്നാണ് വാർത്ത വ്യക്തമാക്കുന്നത്. അന്നൊന്നും ആരുടെയെങ്കിലും ബ്രഹ്മചര്യം നഷ്ടപ്പെട്ടതായോ ശുദ്ധികലശം നടത്തിയതായോ കേട്ടുകേഴ്വിപോലും ഇല്ല. 21–ാം നൂറ്റാണ്ടിലാണ് ഇതെല്ലാം കടന്നുവരുന്നത്!


കേരളസമൂഹത്തിനു സമീപകാലത്തു വന്ന മാറ്റത്തിന്റെ നേർനിദർശനമാണ് ശബരിമലയിലെ യുവതീപ്രവേശവിവാദം. അവിടെ യുവതികളെ കയറ്റണമോ എന്നകാര്യം ഒരുകാലത്തും സർക്കാരിന്റെ വിഷയം ആയിരുന്നില്ല. പണ്ടുമുതലേ അവിടെ യുവതികൾ പോകാറുണ്ടായിരുന്നു. അവരെല്ലാം തികഞ്ഞ ഭക്തരും ആയിരുന്നു. അത് അറിയാവുന്ന ഭക്തർക്കാർക്കും അത് അസ്വാഭാവികമോ പ്രശ്നമോ ആയിരുന്നുമില്ല. 

തിരുവിതാം‌കൂർ രാജ്യം ഉണ്ടായിരുന്നകാലത്തെ ഏതോ റാണി യുവതിയായിരിക്കെ അവിടെ പോയതിന്റെ വിവരം അടുത്തിടെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.  പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് ആയിരുന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ റ്റി.കെ.എ. നായർ അദ്ദേഹത്തിന്റെ ചോറൂണു നടന്നത് ശബരിമലയിൽ ആണെന്നും അമ്മയുടെ മടിയിലിരുന്നാണ് അന്നു ചടങ്ങു നടത്തിയതെന്നും പത്രമാദ്ധ്യമങ്ങളിൽ പറഞ്ഞിരുന്നു. 

സ്വന്തം ചോറൂണ് ശബരിമല നടയ്ക്കുമുന്നിൽ യുവതിയായ അമ്മയുടെ മടിയിൽ ഇരുന്ന്
ആയിരുന്നു എന്നു റ്റി.കെ.എ. നായർ സാക്ഷ്യപ്പെടുത്തിയതിന്റെ വാർത്ത.
 

മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥയായ കെ.ബി. വത്സലകുമാരി പത്തനം‌തിട്ട കളക്റ്റർ ആയിരിക്കെ ഔദ്യോഗികകൃത്യനിർവ്വഹണത്തിനായി കോടതിയനുമതിയോടെതന്നെ സന്നിധാനം എന്ന സ്ഥലത്തു പോയിരുന്നു. 
യുവതികളുടെ നൃത്താരങ്ങേറ്റവും സിനിമാഷൂട്ടിങ്ങും‌വരെ പണം വാങ്ങി രസീതുനല്കിത്തന്നെ അവിടെ നടന്നുവരികയായിരുന്നു. യുവതികളായ ഭക്തരും വന്നുപോയിരുന്നു. ഇതൊക്കെ രേഖകൾ ഉള്ള കാര്യം. അതൊന്നുമില്ലാതെ എത്രയോ ഭക്തയുവതികൾ സീസണിലും അല്ലാതെയുമായി ആണ്ടുതോറും അവിടെ തൊഴുതുമടങ്ങിയിരിക്കുന്നു! വളരെ സ്വാഭാവികതയോടെ അവിടെ കാര്യങ്ങൾ നടന്നുപോകുകയായിരുന്നു.

കേരളസമൂഹത്തെ വർഗ്ഗീയവത്ക്കരിക്കാൻ നടന്ന നിലയ്ക്കൽ സമരവും ചെന്നിത്തല തൃപ്പെരുന്തുറ ക്ഷേത്രക്കുളത്തിലെ അയിത്താചരണവും പോലെ ഒന്നായി ഈ വിഷയം പില്ക്കാലത്ത് ഉപയോഗിക്കപ്പെടുകയായിരുന്നു. അതേ ശക്തികളുടെ സാന്നിദ്ധ്യവും അതിൽ നാം കണ്ടല്ലോ.

ശബരിമലയിൽ ക്ഷേത്രനടയിൽ ദേവസ്വം കമ്മിഷണറുടെ മകളുടെ കുഞ്ഞിന്റെ ചോറൂണ്.
(പത്രങ്ങളിൽ വന്ന ഫോട്ടോ)

അതിന്റെ തുടക്കം ഇങ്ങനെയാണ്. 
1990 ഓഗസ്റ്റ് 19-ലെ പത്രത്തിൽ ഒരു ഫോട്ടോ വരുന്നത്. തിരുവിതാം‌കൂർ ദേവസ്വം കമ്മിഷണർ ചന്ദ്രികയുടെ മകളുടെ കുഞ്ഞിന്റെ ചോറൂണു ശബരിമലയിൽ നടന്നതിന്റെ ഫോട്ടോ. ആ ഫോട്ടോ ആധാരമാക്കി മഹേന്ദ്രൻ എന്നൊരാളാണ് യുവതീപ്രവേശം ഒരു വിഷയമാക്കുന്നത്. അദ്ദേഹം 1990 സെപ്റ്റംബർ 24-ന് അയച്ച കത്തു പൊതുതാല്പര്യഹർജിയായി കേരള ഹൈക്കോടതി പരിഗണിച്ചു. നിലയ്ക്കൽ സംഘർഷത്തിന്റെ നേതാവ് കുമ്മനം രാജശേഖരനും അതിൽ പങ്കുചേർന്നു. ആ ഹർജിയിൽ 1991 ഏപ്രിൽ 5-ന് ജ: കെ. പരിപൂർണ്ണനും ജ: കെ.ബി. മാരാരും ഉത്തരവിട്ടപ്രകാരം അന്നുമുതൽ മാത്രമാണു യുവതികൾക്കു വിലക്കു നിലവിൽ‌വന്നത്. 

ശബരിമലയിൽ യുവതികളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ച
കേരള ഹൈക്കോടതിവിധിയുടെ വാർത്ത

സുപ്രീം കോടതി 2018-ൽ വിധി പ്രസ്താവിച്ചതുപോലെ ഭരണഘടനാവിരുദ്ധവും സ്ത്രീകളുടെ അവകാശനിഷേധവുമാണ് അതെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ അന്നേ ആ വിധി ചോദ്യം ചെയ്യേണ്ടതായിരുന്നു. എന്നാൽ, ഒരു സർക്കാരും അതു ചെയ്തില്ല. പകരം, വിലക്കറിയാതെ പഴയപോലെ ദർശനത്തിനെത്തുന്ന യുവതികളെ അന്നുമുതൽ സർക്കാരുകൾ തടയുകയായിരുന്നു! 
2018-ൽപ്പോലും സുപ്രീം കോടതിവിധിയെത്തുടർന്ന് ഉണ്ടായ അതിക്രമങ്ങളുടെ കഥയൊന്നും അറിയാതെ മറ്റു സംസ്ഥാനങ്ങളിൽനിന്നു പതിവുപോലെ ഭക്തയുവതികൾ വന്നിരുന്നു എന്നതും അക്രമികളും അക്രമം ഒഴിവാക്കാൻ പൊലീസും അവരെ മടക്കിയയയ്ക്കുക ആയിരുന്നു എന്നതും നാം കണ്ടതാണ്.

2018-ലും പതിവുപോലെ മറ്റുസംസ്ഥാനങ്ങളിൽനിന്നുവന്ന
ഭക്തയുവതികളെ തിരിച്ചയയ്ക്കുന്നു

സുപ്രീം കോടതിവിധിയും കലാപവും

യുവതികളെ വിലക്കിയ വിധിയെ ചോദ്യം ചെയ്യുന്നത് പതിനാലു കൊല്ലം മുമ്പ്, 2006-ൽ, യങ് ലോയേഴ്സ് അസോസിയേഷൻ ഭാരവാഹിയടക്കം ഏതാനും ഹിന്ദുസ്ത്രീകളാണ്. അവരാണു സുപ്രീം കോടതിയിൽ ഹർജി കൊടുത്തത്. ഇവരിൽ ചിലർ സംഘപരിവാർ സംഘടനകളുമായി അടുത്തബന്ധമുള്ളവരുമാണ്. ദേവസ്വം ബോർഡ്, എൻ.എസ്.എസ്., ശബരിമല തന്ത്രി, പന്തളം കൊട്ടാരം എന്നിവരെല്ലാം കേസിൽ കക്ഷിചേരുകയായിരുന്നു. ഇവരുടെയെല്ലാം വാദങ്ങൾ പരിശോധിച്ചുതന്നെയാണ് അവ തള്ളി സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കോടതി തള്ളിയ വാദങ്ങൾ മാത്രമാണ് വിധിക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ ആവർത്തിച്ചുകൊണ്ടിരുന്നത്; ഇപ്പോഴും ആവർത്തിക്കുന്നത്!

എല്ലാമാസവും ആദ്യ അഞ്ചുദിവസം ശിശുക്കളുടെ ചോറൂണിനായുംമറ്റും ഈ പ്രായത്തിലുള്ള സ്ത്രീകൾ പതിവായി വന്നിരുന്നതും ദേവസ്വം ബോർഡ് രസീതു നൽകി ഇത് അനുവദിച്ചിരുന്നു. ഇത് ഹൈക്കോടതി വിധിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതികളുടെ നൃത്തവും സിനിമാഷൂട്ടിങ്ങും വരെ നടന്നിരുന്നതായി കുമ്മനം രാജശേഖരന് അയച്ച കത്തിൽ അന്നത്തെ തന്ത്രിയും സ്ഥിരീകരിച്ചിരുന്നു. ഇതുരണ്ടും സുപ്രീം കോടതി തെളിവാക്കി. അതിനാൽ, യുവതീനിരോധം പണ്ടുമുതലേ തടസമില്ലാതെ തുടർന്ന ആചാരമാണെന്ന വാദം തെറ്റാണെന്നു കോടതി കണ്ടെത്തി. ചുരുക്കത്തിൽ, പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളെ വിലക്കുന്ന ആചാരം മതാചാരത്തിന്റെ അവിഭാജ്യഘടകമല്ല.

ചരിത്രവിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,
ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര,
ആർ. നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്.

സിഖുകാരെയും മറ്റും പോലെ അയ്യപ്പഭക്തർ ഒരു പ്രത്യേക വിഭാഗമല്ല. അതുകൊണ്ട് മറ്റു ക്ഷേത്രങ്ങളിൽ ഇല്ലാത്ത നിയന്ത്രണം ശബരിമലയിൽ പറ്റില്ല എന്നാണു കോടതി വിധിച്ചത്. മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും എല്ലാവർക്കുമുള്ള അവകാശം ലിംഗഭേദത്തിന്റെയോ സ്ത്രീകളുടെമാത്രം ശാരീരികഘടകങ്ങളുടെയോ പ്രായത്തിന്റെയോ പേരിൽ നിഷേധിക്കാനാവില്ല എന്നതാണു കോടതി വ്യക്തമാക്കിയ മറ്റൊരു കാര്യം.

1965-ലെ ഹിന്ദു ആരാധനാസ്ഥലപ്രവേശനാനുമതി ചട്ടത്തിലെ ചട്ടം 3 (ബി) ആണു യുവതികളുടെ പ്രവേശം തടയാൻ ഹൈക്കോടതി ആധാരമാക്കിയത്. ഇത് ആ ചട്ടത്തിനാധാരമായ നിയമത്തിനുതന്നെ എതിരാണെന്നും ഭരണഘടനാവകാശത്തിന് എതിരാണെന്നും സുപ്രീം കോടതി കണ്ടെത്തി. അതിനാൽ ആ ചട്ടംതന്നെ സുപ്രീം കോടതി റദ്ദാക്കി.

ഒരു മതവിശ്വാസി ആ മതവിശ്വാസത്തിന്റെ ഭാഗമായി അനുഷ്ഠിക്കുന്ന ആചാരം അതേ മതത്തിലെ മറ്റൊരു വ്യക്തി ആചരിക്കരുതെന്നു പറയാൻ അയാൾക്ക് അധികാരമില്ല. അതുകൊണ്ട്, ഹിന്ദുമതം ആചരിക്കുന്ന എല്ലാവർക്കും പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമതസ്ഥാപനങ്ങളും തുറന്നിടണം എന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു.

ഏറ്റവും പ്രധാനം, സ്ത്രീകളെ മതാരാധനയിൽനിന്ന് ഒഴിവാക്കണമെന്നു മതഗ്രന്ഥങ്ങളിൽ പറഞ്ഞാൽപ്പോലും ഭരണഘടനാമൂല്യങ്ങളായ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും സമത്വത്തിനും  വിധേയമായിരിക്കും അതെല്ലാം എന്നതാണ്. അത്തരം ആചാരങ്ങൾ ഭരണഘടനാധാർമ്മികതയ്ക്ക് എതിരാണ്.

വ്യക്തികൾക്കു ഭ്രഷ്ട് കല്പിക്കുന്ന ശുദ്ധി-അശുദ്ധി ആശയങ്ങൾക്കു ഭരണഘടനാക്രമത്തിൽ സ്ഥാനമില്ല. ആർത്തവാവസ്ഥവച്ചുള്ള സാമൂഹികബഹിഷ്ക്കരണം ഭരണഘടനാമൂല്യങ്ങൾക്കു ഭ്രഷ്ടു കല്പിക്കുന്നതുപോലെയുള്ള തൊട്ടുകൂടായ്മയാണ് എന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ പരമോന്നത നീതിപീഠം വ്യക്തമാക്കി. ഇത്രയുമാണു വിധിയുടെ രത്നച്ചുരുക്കം. എന്റെയും എന്നെപ്പോലെ നിരവധിപേരുടെയും കാഴ്ചപ്പാടിൽ അങ്ങേയറ്റം നീതിനിഷ്ഠമായ വിധിയാണിത്.

1999-ൽ ഒ. രാജഗോപാൽ കാര്യകാരണസഹിതം
സ്വന്തം പ്രസ്ഥാനത്തിന്റെ നിലപാടു വിശദീകരിച്ച് എഴുതിയ ലേഖനം

ഇതിനെയെല്ലാം സർവ്വാത്മനാ സ്വാഗതം ചെയ്ത കോൺഗ്രസ്, ബി.ജെ.പി., സംഘപരിവാർ സംസ്ഥാന-ദേശീയനേതൃത്വങ്ങളെല്ലാം മറ്റുപലതിനുമുള്ള ‘സുവർണ്ണാവസരം’ മുതലാക്കാൻ മലക്കം മറിഞ്ഞതാണല്ലോ ശബരിമലക്കലാപത്തിനു വഴിതുറന്നത്.

ആചാരങ്ങൾ ലംഘിക്കാനുള്ളത്

എല്ലാ ആചാരലംഘനവും സമൂഹത്തെ മുന്നോട്ടു നയിച്ചിട്ടേയുള്ളൂ. അവർണ്ണർ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ അനന്തരഫലം എന്താണ്? ദൈവത്തിന്റെയും ചൈതന്യം നശിക്കും എന്നായിരുന്നല്ലോ വാദം. പകരം എല്ലാക്ഷേത്രങ്ങളും അഭിവൃദ്ധിപെട്ടു. അകറ്റിനിർത്തപ്പെട്ട മഹാഭൂരിപക്ഷം ജനങ്ങൾകൂടി വരികയും കാണിക്കയിടുകയും വഴിപാടുനടത്തുകയുമൊക്കെ ചെയ്തപ്പോൾ വരുമാനം കൂടി; ക്ഷേത്രങ്ങൾ വളന്നു.

ഇപ്പോൾ ധാരാളമായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചാലും ഇതിനപ്പുറം ഒന്നും സംഭവിക്കാനില്ല. ചൈതന്യം കുറയില്ല. ഇവിടെ ബദലായി ഉയർത്തുന്ന ബ്രഹ്മചര്യവാദവും അങ്ങനെതന്നെ. ഒന്നാമത് ഭൗതികവസ്തുവായ കല്ലിലോ മരത്തിലോ തീർത്ത വിഗ്രഹത്തിന്റെ ലൈംഗികത ശാസ്ത്രയുക്തിക്കു നിരക്കുന്നതല്ല. ഇവിടെ വിശ്വാസമാണു വിഷയം എന്നതിനാൽ, വിഗ്രഹത്തിനു ലൈംഗികത ഉണ്ടെന്നു കരുതിയാൽത്തന്നെ, അതിലും ഭക്തർക്കിടയിൽ തർക്കമുണ്ട്. ഭാര്യമാരും മക്കളും കാമുകിയുമൊക്കെ ഉണ്ടെന്നു വിശ്വാസികളിലെതന്നെ മറ്റൊരുവിഭാഗം പറയുന്നുണ്ടല്ലോ. അയ്യപ്പൻ ബ്രഹ്മചാരിയാണെന്നു കരുതുന്നവർ കല്പിച്ചിരിക്കുന്നതാകട്ടെ, യുവതികളെ കണ്ടാലുടൻ കൈവിട്ടുപോകാവുന്ന സാധാരണ ബ്രഹ്മചര്യമല്ല, ‘നൈഷ്ഠിക’ബ്രഹ്മചര്യമാണ്. നിഷ്ഠയോടുകൂടിയ ബ്രഹ്മചര്യം. അത് യുവതികളെ കണ്ടതുകൊണ്ടുമാത്രം കൈവിട്ടുപോകാൻ ഇടയില്ല. പോകും എന്നു പറയുന്നവർ സ്വന്തം ദൈവത്തെ അവിശ്വസിക്കുന്നവരാണ്.

Courtesy: News 18 / Mir Suresh

ആർത്തവമുള്ള ദിവസങ്ങളിപ്പോലും സ്ത്രീക്ക് അശുദ്ധിയില്ല എന്ന ഉയർന്ന ശാസ്ത്രീയചിന്തയിലേക്കു സമൂഹം പുരോഗമിക്കുമ്പോൾ,
ആ ദിവസങ്ങളിൽ വീട്ടിനകത്തും അടുക്കളയിലും പൂമുഖത്തും പൊതുവിടങ്ങളിലുമെല്ലാം അവൾ വളരെ സ്വാഭാവികതയോടെ വ്യവഹരിക്കുമ്പോൾ, ആർത്തവം നിലനില്ക്കുന്ന ഒരു ജീവിതകാലഘട്ടം ഉടനീളം അശുദ്ധി കല്പിക്കുന്നതു പ്രാകൃതത്വമല്ലേ? പത്ത് – അമ്പത് എന്ന പരിധിനിശ്ചയിക്കൽ പോലും മണ്ടത്തരമല്ലേ? രേഖ പരിശോധിച്ച് അമ്പലത്തിൽ കയറിയ 52-കാരിക്ക് ആർത്തവം നിലച്ചിട്ടില്ലെങ്കിൽ ആചാരസംരക്ഷകർക്ക് വിഗ്രഹത്തിന്റെ ആരോപിതബ്രഹ്മചര്യം സംരക്ഷിക്കാൻ കഴിയുമോ?

ചുരുക്കത്തിൽ, ഒരു യുക്തിയും അടിസ്ഥാനവും ഇല്ലാത്ത ഒരു അന്ധവിശ്വാസത്തിന്റെ പേരിലാണ് രണ്ടരക്കൊല്ലമായി കുറേപ്പേർ കേരളത്തിന്റെ സാംസ്ക്കാരിക-രാഷ്ട്രീയമണ്ഡലം മലീമസമാക്കുന്നത്; അസഹിഷ്ണുതയും വെറുപ്പും പടർത്തുന്നത്.

ആചാരമോ അവകാശമോ

കാര്യങ്ങളെ സഹിഷ്ണുതയോടെ കണ്ടിരുന്ന കാലം എത്രവേഗമാണു മറഞ്ഞുപോയത്! രണ്ടുപതിറ്റാണ്ടിനിടയാണ് ആ അധഃപതനം ഉണ്ടായത്. ജനാധിപത്യമൂല്യങ്ങൾ പൊതുമണ്ഡലത്തിൽ പെട്ടെന്നു ചുരുങ്ങിപ്പോയി! ആധുനികസമൂഹബോധം അമർത്തിവച്ചിരുന്ന അസഹിഷ്ണുത ചില വിഭാഗങ്ങളിൽ ക്രൗര്യം പൂണ്ടു. അത് അഭിപ്രായസ്വാതന്ത്ര്യത്തെ ആക്രമിച്ചുതുടങ്ങി. അതിനെ വെള്ളപൂശുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്കുവരെ ഒരുപിടി മാദ്ധ്യമങ്ങളും തരം‌താണു. ദേശീയഭരണകൂടം‌തന്നെ സംരക്ഷണവും പിന്നെപ്പിന്നെ പ്രോത്സാഹനവും നല്കുന്ന അത്യാപത്ക്കരമായ സാഹചര്യമായി അതു വളർന്നു.

Courtesy: Times of India

ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി വന്നപ്പോൾ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് തെരുവുകളിലും ആരാധനാലയത്തിൽപ്പോലും അക്രമം അഴിച്ചുവിടുന്നതു നാം കണ്ടു. എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരിന്റെ ചങ്കുറപ്പുള്ള നിലപാട് ഒന്നുമാത്രമാണ് അതിനെ നിയന്ത്രിച്ചത്. കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീസമൂഹവും യുവാക്കളും സർക്കാർനിലപാടിലെ പുരോഗമനാത്മകതയെയാണു സ്വീകരിച്ചത്.

ആ വിവാദത്തോടെ കേരളത്തിന്റെ നവോത്ഥാനചരിത്രം പൊതുചർച്ച ആയി! പലർക്കും അറിയാതിരുന്ന ഒട്ടേറെ ചരിത്രകാര്യങ്ങൾ, ശബരിമലയുടേതടക്കമുള്ള ചരിത്രം,  ആചാരങ്ങളെയും വിശ്വാസങ്ങളെയും പറ്റി ഒക്കെ ഒട്ടേറെപ്പേർ മനസിലാക്കി. കടം കയറി പന്തളം രാജാവ് ക്ഷേത്രം എഴുതിവിറ്റതും മലയരയരിൽനിന്ന് അധികാരങ്ങൾ പൗരോഹിത്യവും രാജാധികാരവും തട്ടിയെടുത്തതും ആദിവാസികളുടെ ക്ഷേത്രമായ ശബരിമലയിൽ പൂജചെയ്യാൻ പോകാൻ ബ്രാഹ്മണർ വിസമ്മതിച്ചതും ആന്ധ്രയിൽനിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു തന്ത്രിയാക്കിയതും കേരളം അറിഞ്ഞു.

ശബരിമല ബുദ്ധവിഹാരം ആയിരുന്നെന്നും അവിടത്തെ വിഗ്രഹം ബുദ്ധവിഗ്രഹമാണെന്നും അത് അവലോകിതേശ്വരബുദ്ധന്റെ രൂപത്തിലുള്ളതാണെന്നും അവിടെമാത്രമുള്ള ശരണം വിളി ബുദ്ധമതത്തിന്റെ ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന ശരണമന്ത്രത്തിന്റെ രൂപം മാറിയതാണെന്നും ചരിത്രകാരർ അഭിപ്രായപ്പെട്ടിട്ടുള്ളതും എല്ലാവരും മനസിലാക്കി. ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഒക്കെപ്പറ്റി ആഴത്തിലുള്ള അന്വേഷണങ്ങളും ആശയവ്യാപനവും കേരളത്തിൽ നടന്നു.

കേരളം നടന്ന പിൻനടത്തം!  Courtesy: Alentoons / Picuki.com

രാഷ്ട്രീയപ്രേരിതമായി തെരുവിലിറങ്ങിയവരും മതവികാരം കുത്തിവയ്ക്കപ്പെട്ടവരുമായ ഒരു വിഭാഗം മാത്രമാണ് ആചാരസംരക്ഷണത്തിനായി നിലകൊള്ളുന്നത്. വിദ്യാസമ്പന്നരായ യുവാക്കളിലെയും പൊതുമണ്ഡലത്തിൽ ഇടപെട്ടുവരുന്ന മദ്ധ്യവയസ്ക്കരിലെയും മഹാഭൂരിപക്ഷവും അവകാശസംരക്ഷണത്തിന് ഒപ്പമാണ്. സിപിഎംവിരുദ്ധനിലപാടുണ്ടായിരുന്ന സ്ത്രീസമത്വവാദികൾ അടക്കമുള്ളവർ എൽഡിഎഫ് അനുകൂലികളായി മാറി. 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വേളയിൽ ശക്തമായിരുന്ന ആചാരസംരക്ഷണവികാരം താത്ക്കാലികമാണ്.

ലോകമാകെ മാറുന്നതും നാം കാണണം. വികസിതലോകങ്ങളിൽ ആരാധനാലയങ്ങൾ വിശ്വാസികളില്ലാതെ അടച്ചുപൂട്ടുകയാണ്. അവ ആർട്ട് ഗ്യാലറികളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളുമായി മാറുകയാണ്. ഹാപ്പിനെസ് ഇൻഡക്സിൽ ഏറ്റവും മുകളിലുള്ള രാജ്യങ്ങളിലൊക്കെ ദൈവവിശ്വാസവും മതവും അതിവേഗം അപ്രത്യക്ഷമാകുന്നതായി ആണ്ടുതോറുമുള്ള സർവ്വേകൾ വ്യക്തമാക്കുന്നു. നമ്മുടെ യുവാക്കളും ഇന്ന് ആഗോളപൗരരാണ്, അറിവിന്റെയും ആശയങ്ങളുടെയും കാര്യത്തിൽ. കേരളം വിജ്ഞാനസമൂഹം ആകുകകൂടി ചെയ്യുന്നതോടെ ആ മാറ്റത്തിനും ആക്കം കൂടും.

അതൊക്കെക്കൊണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആ വൈകാരികതയ്ക്കു കീഴ്പെടുകയല്ല, സമൂഹത്തെ പരിഷ്ക്കരിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള മഹാദൗത്യത്തിൽ ഉറച്ചുനില്ക്കുകയാണു വേണ്ടത്; പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ, ലിംഗസമത്വനിലപാടുകളിൽ ഉറച്ചുനിന്ന് പുതുതലമുറയുടെ മുന്നണിയായി മാറുകയാണു വേണ്ടത്. ദീർഘകാലാടിസ്ഥാനത്തിൽ അതാണ് അവർക്കും കേരളത്തിനും ഗുണകരമാകുക. നിലപാടുകളിൽ വെള്ളം ചേർക്കുന്നവർക്കു തിരിച്ചടി കിട്ടുന്ന കാലമാണ് പുതിയകാലം എന്നു തിരിച്ചറിയണം.

ജനാധിപത്യകേരളത്തിൽ ഭരണഘടനയ്ക്കും
അതുയർത്തിപ്പിടിക്കുന്ന ശാസ്ത്രബോധത്തിനും ഇല്ലാത്ത കാവൽ ആചാരസംരക്ഷണത്തിന്!
പൊന്നമ്പലമേട്ടിൽ സ്ഥാപിച്ച നിരീക്ഷണടവർ.

🔺

No comments:

Post a Comment