Pages

Monday, 10 April 2023

സ്മരണകളിരമ്പും രണസ്മാരകം ഈ മഹാഗാനം

 

സ്മരണകളിരമ്പും രണസ്മാരകം ഈ മഹാഗാനം

മനോജ് കെ. പുതിയവിള

[ഇൻഡ്യാവിഷൻ ഓൺ‌ലൈനിൽ 2014 ഓഗസ്റ്റ് 14-നു പ്രസിദ്ധീകരിച്ചത്.] 




1857ന്റെ ഓർമ്മയ്ക്കായി 1957ൽ പിറന്ന ‘ബലികുടീരങ്ങളെ...’ എന്ന വിഖ്യാതഗാനത്തിന് 57ന്റെ നിറവിൽ 2014 ഓഗസ്റ്റ് 14-നു തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ വിപുലമായ പിറന്നാളാഘോഷം സംഘടിപ്പിച്ചപ്പോൾ അതുമായി ബന്ധപ്പെടുത്തി എഴുതിയത്.


57 കേരള ചരിത്രത്തിലെ ഒരു തുടക്കബിന്ദുവാണ്. ദേശീയചരിത്രത്തിലും 57 വലിയൊരു തുടക്കത്തിന്റെ ഓർമ്മക്കുറിയാണ്. അധിനിവേശശക്തികൾക്കെതിരെ ഇൻഡ്യൻ ദേശീയത ആദ്യമായി സടകുടഞ്ഞെണീറ്റ മുഹൂർത്തം. 1857. അന്നത്തെ ഓഗസ്റ്റ് 14. ശിപ്പായി ലഹള എന്ന് അധിനിവേശക്കാർ വിളിച്ച ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട ദിനം. അതിന്റെ നൂറാം വാർഷികദിനത്തിൽ സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷികളെ ഓർക്കാൻ വരും തലമുറകൾക്കായി ഉയർത്തപ്പെട്ടതാണ് തിരുവനന്തപുരം പാളയത്തെ രക്തസാക്ഷിസ്തൂപം. 1957 ഓഗസ്റ്റ് 14നാണ് അതു രാഷ്ടത്തിനു സമർപ്പിക്കപ്പെട്ടത്.

രാഷ്ട്രപതി ഡോ: എസ്. രാജേന്ദ്രപ്രസാദാണ് ഒരു മഹാസമ്മേളനത്തെ സാക്ഷിനിർത്തി രക്തസാക്ഷിമണ്ഡപം നാടിനു സമർപ്പിച്ചത്. ആ മുഹൂർത്തത്തെ അനശ്വരമാക്കാൻ അനേകായിരങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന്റെ ഓർമ്മയിരമ്പമായി, പ്രകമ്പനം കൊള്ളുന്ന ഹൃദയത്തുടിപ്പായി, തലമുറകളോളം കൊളുത്തിക്കൈമാറേണ്ട കെടാത്ത തീനാളമായി ഉജ്ജ്വലിപ്പിച്ചത് നൂറുകണ്ഠങ്ങളിൽനിന്ന് അലറിയുണർന്ന ഒരു ഗാനമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കേരളത്തിൽ ഏറ്റവുമധികം പാടുകയും കേൾക്കുകയും ഏറ്റുപാടുകയും ഒക്കെ ചെയ്ത ആ സംഘമഹാഗാനം –

‘ബലികുടീരങ്ങളേ…
ബലികുടീരങ്ങളേ…
സ്മരണകളിരമ്പും രണസ്മാരകങ്ങളേ…
ഇവിടെ ജനകോടികൾ
ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ’


 

ചരിത്രത്തിന്റെ ഭാഗമായ ഈ ഗാനം നാടിനു സമർപ്പിച്ചിട്ട് ഈ (2014) ഓഗസ്റ്റ് 14-ന് 57 വർഷം തികയുകയാണ്. തുടക്കത്തിൽ പറഞ്ഞ 57ന്റെ വൈശിഷ്ഠ്യങ്ങൾ ഈ 57–ാം പിറന്നാളിനു പ്രത്യേക അർത്ഥചാരുതയും വികാരതീവ്രതയും പകരുന്നു.


ഈ ഗാനത്തിന് ദേശീയപ്രസ്ഥാനത്തിന്റെ മാത്രം മഹത്ത്വമല്ല ഉള്ളത്. കേരളത്തിന്റെ ഗാന – നാടക – സാംസ്ക്കാരിക ചരിത്രവുമായിക്കൂടി അഭേദ്യമായ ബന്ധമുണ്ട്. ഈ പാട്ടിന്റെ സ്മരണകളിരമ്പുന്ന വേളയിൽ ഈ മഹത്വങ്ങളുടെകൂടി ഊർജ്ജവും ഊഷ്മളതയും അതിനു പകർന്നുനൽകാൻ ഈ വിവരങ്ങൾകൂടി ഇഴചേർക്കാം.

നമ്മുടെ നാടോടി, ആദിവാസി, അനുഷ്ഠാന ഗാനധാരകൾ ഏറിയകൂറും കൂട്ടപ്പാട്ടുകളാണ്. എന്നാൽ ക്ലാസിക്കൽ കാലഘട്ടത്തോടെ ഈ പാരമ്പര്യം പിന്നാക്കം തള്ളപ്പെടുകയും ഒരാളോ രണ്ടുപേരോ മാത്രം പാടുന്ന പാട്ടുരീതി മുഖ്യധാരയായി മാറുകയും ചെയ്തു. ആധുനികനാടകങ്ങളുടെ ആദ്യദശയിലെല്ലാം ഇതായിരുന്നു സ്ഥിതി. ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ...’ പോലുള്ള ഗാനങ്ങൾ.

അക്കാലത്ത്1956-ലോ 57 ആദ്യമോ കേരളത്തിലെ പ്രമുഖ നാടകസംഘം ആയിരുന്ന കെ.പി.എ.സി. ഒരു ഉത്തരേന്ത്യൻ പര്യടനം നടത്തുകയുണ്ടായി. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യും ‘വിശക്കുന്ന കരിങ്കാലി’യും ഒക്കെ അന്ന് അവതരിപ്പിച്ചിരുന്നതായി അക്കാലം ഓർക്കുന്നവർ പറയുന്നു. ആ യാത്രയ്ക്കിടെ ഇൻഡ്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷ (ഇപ്റ്റ)ന്റെ സമ്മേളനത്തിൽ അവർ പങ്കെടുത്തു.
കെ. എ. അബ്ബാസൊക്കെയുള്ള കാലം. ബംഗാളിൽനിന്നുള്ള നാടകസംഘം വലിയ ഗായകസംഘത്തെ അണിനിരത്തി സമൂഹഗാനങ്ങൾ പാടി. കെ.പി.എ.സി. അതിനു സജ്ജരായിരുന്നില്ല. ജനങ്ങളുടെ ശക്തിയും സംഘബോധവുമൊക്കെ ഉണർത്താൻ ഇത്തരം പാട്ടുകൾ പ്രധാനമാണെന്നും കമ്മ്യൂണിസ്റ്റ് തീയറ്ററിന് അത് അനിവാര്യമണെന്നുമൊക്കെ അവർ അവിടെനിന്നു മനസിലാക്കിയത്രേ. അങ്ങനെയാണ് മലയാളനാടകരംഗത്തേക്ക് സമൂഹഗാനങ്ങൾ അവതരണഗാനമായും സമാപനഗാനമായും ഒക്കെ കടന്നുവരുന്നത്.

നാടകപര്യടനത്തിന്റെയും ഇപ്റ്റ സമ്മേളനത്തിന്റെയും അനുഭവവും ആവേശവും ഒക്കെയായി സംഘഗാനം എന്ന ആശയം പലരും മനസിൽ കൊണ്ടുനടക്കുന്നകാലത്താണ് 1957ൽ രക്തസാക്ഷിമണ്ഡപം നിർമ്മിക്കാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. 57ലെ ഇ.എം.എസ്. മന്ത്രിസഭയുടെ മുൻകയ്യിലായിരുന്നു നിർമ്മാണം

(പാളയത്തുണ്ടായിരുന്ന ഒരു വഴിക്കിണർ നികത്തിയാണു മണ്ഡപം പണിതതെന്നു കാണുന്നു. അടുത്തകാലത്ത് പാളയത്ത് അടിപ്പാത പണിതപ്പോൾ ഈ മണ്ഡപം അതേസ്ഥാനത്ത് ഉയർത്തിനിർത്തി കീഴ്ഭാഗം തുരങ്കമാക്കുകയും പണിപൂർത്തിയായശേഷം പഴയ സ്ഥാനത്തുതന്നെ സ്ഥാപിക്കുകയും ആയിരുന്നു. അന്ന് മണ്ണിനടിയിൽ വില്ലിങ്ടൺ ജലവിതരണപദ്ധതിയുടെ ഒരു സുപ്രധാന വാൽവ് കണ്ടെത്തിയിരുന്നു.)

രക്തസാക്ഷിമണ്ഡപം നാടിനു സമർപ്പിക്കുന്ന വേളയിൽ പാടാൻ ഒരു സംഘഗാനം വേണമെന്ന് ആ മന്ത്രിസഭയുടെ സാംസ്ക്കാരികവകുപ്പ് തീരുമാനിച്ചു. സാംസ്ക്കാരികപ്രവർത്തകർ ആയിരുന്ന അഡ്വ: ജനാർദ്ദനക്കുറുപ്പും അഡ്വ: ശങ്കുണ്ണിമേനോനും റ്റി. കെ. രാമകൃഷ്ണനും സി. എസ്. ഗോപാലപിള്ളയും എല്ലാം കൂടിയാലോചിച്ചാണ് വിപ്ലവസ്വഭാവമുള്ള പുതിയതരം കവിതകളും പാട്ടുകളുമൊക്കെ എഴുതുന്ന വയലാർ ജി. രാമവർമ്മയെ പാട്ടെഴുത്തിനു ചുമതലപ്പെടുത്തിയത്. കെ.പി.എ.സി.യുമായും മറ്റും ബന്ധപ്പെട്ടും വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ടുമൊക്കെ അതിനകം കഴിവു തെളിയിച്ചിരുന്ന പരവൂർ ജി. ദേവരാജനെ ചിട്ടപ്പെടുത്താനും നിയോഗിച്ചു.


ഇരുവരെയും ഒന്നിച്ചിരുത്തി പാട്ടു തയ്യാറാക്കാൻ ഒരു ദ്രുതകർമ്മപദ്ധതി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലാസെക്രട്ടറിയും സഹൃദയനും ആയിരുന്ന സി. എസ്. ഗോപാലപിള്ള ഇവർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന ചുമതല ഏറ്റെടുത്തു. അങ്ങനെ കളം കോട്ടയത്തായി. തിരുനക്കര മൈതാനത്തിനടുത്തുണ്ടായിരുന്ന ഹോട്ടൽ ‘ബെസ്റ്റോട്ടലി’ൽ. കോട്ടയത്തിന്റെ ‘സാംസ്ക്കാരികാസ്ഥാന’മായിരുന്നു അവിടം. കലാകാരരുടെ താവളം. ഹാർമ്മോണിയവും മറ്റു വട്ടംകൂട്ടലുകളുമൊക്കെയായി ആ വൈകുന്നേരം യജ്ഞം തുടങ്ങി.


അന്നു കോട്ടയത്തു പൊൻകുന്നം വർക്കിയുടെ ‘സ്വർഗ്ഗം നാണിക്കുന്നു’ പോലുള്ള നാടകങ്ങൾ കളിക്കുന്ന കേരള തീയറ്റേഴ്സ് സജീവമായിരുന്നു. അതിന്റെ സെക്രട്ടറി ബേബി ജേക്കബ്ബായിരുന്നു ഇരുട്ടിവെളുക്കെ തുണയായി നിന്നത്. നേരം വെളുത്തപ്പോഴേക്ക് പാട്ടു റെഡി! വയലാർ - ദേവരാജൻ കൂട്ടുകെട്ടിന്റെ പിറവി! ഈ കൂട്ടുകെട്ടിന്റെ ആദ്യസിനിമാഗാനമായ ‘ചതുരംഗ’ത്തിലെ പാട്ടുകൾക്കും രണ്ടുകൊല്ലം മുമ്പായിരുന്നു ഇത്.

ഇരുപത്തഞ്ചുപേരടങ്ങുന്ന ഒരു ഗായകസംഘത്തെ പഠിപ്പിച്ചെടുക്കുകയായിരുന്നു അടുത്തപടി. രക്തസാക്ഷിമണ്ഡപത്തിനടുത്തുള്ള വി.ജെ.റ്റി. ഹാൾ ആയിരുന്നു വേദി. രക്തസാക്ഷിമണ്ഡപത്തിന്റെ ഉദ്ഘാടനവേളയിൽ അവിടെ കൂടിയവർക്കെല്ലാം പുതിയൊരു അനുഭവം ആയിരുന്നു അത്. സംഘഗാനം എന്ന പുതിയ ഒന്നിന്റെ സമുദ്ഘാടനം കൂടി ആയി ആ മുഹൂർത്തം. അന്ന് അണിനിരന്ന ഗായകരിൽ ദേവരാജനും കെ.എസ്. ജോർജ്ജിനും ഒപ്പം ജനാർദ്ദനക്കുറുപ്പും പിന്നീടു സിനിമാനടനായി പ്രസിദ്ധനായ ജോസ് പ്രകാശും ഒക്കെ ഉണ്ടായിരുന്നു.

ഹിഡൻ അജൻഡകളില്ലാത്ത ദേശീയത കത്തിനിന്ന കാലം ആയിരുന്നതിനാലും രാഷ്ട്രപതിയുടെ സന്ദർശനം അന്ന് അത്യപൂർവ്വസംഭവം ആയിരുന്നതിനാലും പരിപാടിയുടെ സംഘാടകർ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരുന്നതിനാലുമെല്ലാം വലിയൊരു ജനാവലി ആ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നത്രേ.

‘ബലികുടീരങ്ങളേ…’ പിന്നീട് കെ.പി.എ.സി.യുടെ അവതരണഗാനമായി സംസ്ഥാനത്തുടനീളം അലയടിച്ചു. ‘വിശറിക്കു കാറ്റുവേണ്ടാ’ എന്ന നാടകത്തിലാണ് ഈ ഗാനം കെ.പി.എ.സി. ആദ്യം ഉൾപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളിലും അത് ആവേശത്തിരയിളക്കി. പുതിയതലമുറ അതിനെ അറിഞ്ഞത് വിപ്ലവഗാനമായാണ്. തീർച്ചയായും അതിന്റെ ആത്മവത്തയും അതുതന്നെ.

ആ ആവേശമാണ് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അവതരണഗാനമായ ‘തുഞ്ചൻപറമ്പിലെ തത്തേ’ എന്ന ഒ.എൻ.വി. – കെ.എസ്. ജോർജ്ജ് – സുലോചന ഗാനവും കോട്ടയം കേരളാ തീയറ്റേഴ്സിന്റെ ‘മാനവധർമ്മം വിളംബരം ചെയ്യുന്ന’ എന്ന, കെ.ഇ. ശ്രീധരനും കോട്ടയം ശാന്തയുമൊക്കെ ചേർന്നു പാടിയ ഗാനവും കലാനിലയത്തിന്റെ ‘സൽക്കലാദേവിതൻ’ എന്ന ദക്ഷിണാമൂർത്തി – പാപ്പനംകോട് ലക്ഷ്മണൻ ഗാനവും പൊൻകുന്നം ദാമോദരന്റെ ‘നമ്മളൊന്നാണേ, പാടാം, നമ്മളൊന്നാണേ’യും എല്ലാം സംഘഗാനങ്ങളായി പിറവികൊള്ളാൻ കാരണം. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങൾക്കു തുടക്കത്തിലും സമാപനത്തിലും ‘നമ്മളൊന്നാണേ’ ഒരു അനിവാര്യഭാഗമായിരുന്നു. പി.ജെ. ആന്റണിയും ആന്റോയും സുലോചനയുമെല്ലാം എത്രയെത്ര അരങ്ങുകളിൽ അതു പാടിത്തകർത്തു! വൻ ജനാവലികൾ ഏറ്റുപാടി.

നാടൻ ശീലുകളുടെ മധുരവുമായി പി. ഭാസ്ക്കരനും കെ. രാഘവനും ഹിന്ദുസ്ഥാനിയുടെ ഭാവപ്രപഞ്ചവുമായി ബാബുരാജും മെഹബൂബുമെല്ലാ സാംസ്ക്കാരികാന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കിയ ആ മഹാകാലത്തിന്റെ ധന്യമായ ഓർമ്മകൂടിയാണ് ഈ 14നു പുതുക്കപ്പെടുന്നത്. സംഘബോധത്തിന്റെയും സംഘഗാനങ്ങളുടെയും സംഘടിതശക്തിയുടെ മുന്നേറ്റത്തിന്റെയുമെല്ലാം ഓർമ്മ.


No comments:

Post a Comment