Saturday, 28 December 2019

കിഫ്ബി ആകാശകുസുമമല്ല; ജീവന്റെ മരം (തോമസ് ഐസക്കുമായുള്ള അഭിമുഖം)

കിഫ്ബി ആകാശകുസുമമല്ല; ജീവന്റെ മരം

അഭിമുഖം: ഡോ: റ്റി.എം. തോമസ് ഐസക്ക് / മനോജ് കെ. പുതിയവിള

(കിഫ്ബി(IIFB)യെപ്പറ്റി ട്രിവാൻഡ്രം സ്പീക്കിങ്ങിന്റെ 2019 ഡിസംബർ ലക്കത്തിന്റെ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം)



ഭൂതപൂർവ്വമായ ധനപ്രതിസന്ധിയുടെയും ദേശീയമാന്ദ്യത്തിന്റെയും ജി‌എസ്‌റ്റിയുടെ നഷ്ടപരിഹാരം നല്കാത്തതടക്കമുള്ള എല്ലാത്തരം സാമ്പത്തികപ്രതിലോമതകളുടെയും ഈ നാളുകളിലും പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുകയും ക്ലാസുകൾ ഹൈട്ടെക് ആകുകയും ചെയ്യുന്നു. സർക്കാരാശുപത്രികൾ അത്യാധുനികസൗകര്യങ്ങളോടെ രോഗീസൗഹൃദമായി മാറുന്നു. വീടില്ലാത്തവർക്കു ലക്ഷക്കണക്കിനു വീടുകൾ നിർമ്മിക്കപ്പെടുന്നു. മണ്ണും വെള്ളവും വായുവും ശുദ്ധമാകുന്നു. തീരദേശ, മലയോരഹൈവേകളും ദേശീയപാതാവികസനവും ദേശീയജലപാതയും ഗെയിൽ പൈപ്പ് ലൈനും കൂടം‌കുളം വൈദ്യുതി ഹൈവേയും വാട്ടർ മെറ്റ്രോയും സെമിഹൈസ്പീഡ് റെയിൽ കോറിഡോറും കെ-ഫോണുമെല്ലാം സമയബന്ധിതമായി പൂർത്തിയാകുമാറു മുന്നോട്ടുപോകുന്നു. പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ ഈ ഡിസംബറിൽ കൊച്ചിയിൽ പെട്രോക്കെമിക്കൽ വ്യവസായപ്പാർക്കിനു സ്ഥലമെടുക്കാൻ 1,000 കോടിരൂപ കൈമാറി! കേരളചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കലാണിത്. തൊട്ടുമുമ്പ് നവംബർ 22-നു ദേശീയപാതാവികസനത്തിനു സ്ഥലമെടുക്കാൻ 349.7 കോടിരൂപ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ വീണു! ഈ ആവശ്യത്തിന് 5374 കോടി രൂപയാണു കേരളസർക്കാർ നല്കുന്നത്. ഇങ്ങനെ ഭാവികേരളത്തിന്റെ ആധാരശിലകളാകുന്ന പദ്ധതികൾക്കെല്ലാം വേണ്ട പണം മുടക്കമില്ലാതെ നല്കപ്പെടുന്നു! സാധാരണനിലയ്ക്ക് അസാദ്ധ്യമായകാര്യം.
കിഫ്ബി എന്ന  കേരള ഇൻഫ്രാസ്റ്റ്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡാണ് നാളത്തെ കേരളത്തിനു മൂലധനം നല്കുന്ന മാന്ത്രികക്കുടുക്ക. അടിസ്ഥാനസൗകര്യവികസനത്തിനു ബജറ്റിനു പുറത്തു ധനം കണ്ടെത്തുക എന്ന ദീർഘവീക്ഷണപൂർവ്വമായ ആശയവും അതു പ്രാവർത്തികമാക്കാൻ കിഫ്ബി എന്ന സ്ഥാപനവും ധനമന്ത്രി ഡോ: റ്റി.എം. തോമസ് ഐസക് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ്. ഇതിന്റെ സാദ്ധ്യത മനസിലാക്കാതെ യുഡിഎഫ് കാലത്ത് അവഗണിക്കപ്പെട്ട കിഫ്‌ബിയെ കരുത്തുറ്റ നിക്ഷേപസ്ഥാപനമായി വളർത്തിയത് ഐസക്കിന്റെ രണ്ടാമൂഴത്തിലാണ്. കല്ലെറിയുന്നവരും സ്വന്തം മണ്ഡലങ്ങളിൽ കിഫ്ബിയുടെ പദ്ധതികൾക്കായി ശക്തിയുക്തം വാദിക്കുന്ന കൗതുകക്കാഴ്ചയുടെ നാളുകളിൽ നാളെയുടെ ആ ഉറപ്പിനെപ്പറ്റി സംസാരിക്കുകയാണു ധനമന്ത്രി.






കേരളത്തിന്റെ രക്ഷാവഴി എന്നാണല്ലോ കിഫ്‌ബിയെ താങ്കൾ വിശേഷിപ്പിക്കുന്നത്. എന്നിട്ടും അതിനു നേരെയുള്ള ആക്രമണങ്ങളും വിവാദങ്ങളും അരങ്ങുതകർക്കുകയാണല്ലോ. കിഫ്ബി എന്താണെന്ന് ഇപ്പോഴും നേരെ മനസിലാക്കിയിട്ടുള്ളവർ കുറവാണ്. ഒരുപക്ഷേ അതാകണം വിവാദങ്ങൾക്കും വിമർശകർക്കും വളക്കൂറാകുന്നത്. അതുകൊണ്ട്, ആദ്യം കിഫ്‌ബിയെപ്പറ്റി ഒന്നു ചുരുക്കി ലളിതമായി പറയാമോ?

പറയാം. നമ്മുടെ ആവശ്യങ്ങൾ വർദ്ധിക്കുകയാണല്ലോ. അതിനനുസരിച്ചു വികസനക്ഷേമകാര്യങ്ങൾക്കും ഭരണനിർവ്വഹണത്തിനുമൊക്കെ വേണ്ട പണം കണ്ടെത്താൻ സർക്കാരുകൾക്കുകഴിയാത്ത സാഹചര്യമാണ് കുറേക്കാലമായി നാം അഭിമുഖീകരിക്കുന്നത്. ഇതിനു മുതലാളിത്തം നിർദ്ദേശിക്കുന്ന പരിഹാരം, അവരുടെ ഭാഷയിൽ ‘ഉല്പാദനകരമല്ലാത്ത’ ചെലവുകൾ വെട്ടിക്കുറയ്ക്കുകയാണ്. ശമ്പളം, പെൻഷൻ, ഷേമപ്പെൻഷനുകൾ, സബ്‌സിഡികൾ തുടങ്ങിയവ നിർത്തുക, പൊതുമേഖലാസ്ഥാപനങ്ങൾ വില്ക്കുക, സേവനമേഖലകളിൽനിന്നു സർക്കാർ പിന്മാറുക, അവ സ്വകാര്യമുതലാളിമാരെ ഏല്പിക്കുക, ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുക എന്നിങ്ങനെയുള്ള നടപടികളാണ്. നവസാമ്പത്തികപരിഷ്ക്കാരം എന്നപേരിട്ട ഈ നിർദ്ദേശങ്ങളാണ് ഇൻഡ്യപോലുള്ള രാജ്യങ്ങൾ വ്യാപകമായി നടപ്പാക്കുന്നതും.
എന്നാൽ, വിനാശകരമായ ഈ നയം നമുക്ക് അംഗീകരിക്കാനാവില്ല. പാവങ്ങളെയും പൊതുസ്ഥാപനങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഇടതുനയം. അതുകൊണ്ടാണ് ഇപ്പോഴത്തെ കേരളസർക്കാർ ക്ഷേമപ്പെൻഷനുകൾ കൂട്ടുന്നതും പൊതുവിദ്യാഭ്യാസവും ആരോഗ്യസംവിധാനവും മെച്ചപ്പെടുത്താൻ കോടികൾ ചെലവഴിക്കുന്നതും പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതുമൊക്കെ.
ഇവയ്ക്കൊപ്പം, ഉല്പാദനം വർദ്ധിപ്പിക്കുകയും അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് പടിപ്പിനൊത്ത തൊഴിലുകൾ സൃഷ്ടിക്കുകയുമൊക്കെ വേണം. അതിന് ഉത്പാദനമേഖലയിൽ വൻതോതിൽ നിക്ഷേപം ഉണ്ടാകണം. ഇതിന് അടിസ്ഥാനമായി വേണ്ടത് പശ്ചാത്തലസൗകര്യങ്ങളാണ്. വൈദ്യുതി വേണം, മെച്ചപ്പെട്ട ഗതാഗതസൗകര്യം വേണം, അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി വേണം, വ്യവസായപ്പാർക്കുകൾ വേണം, അങ്ങനെ പലതും. ഇതുരണ്ടും ചേരുന്നതാണു വികസനത്തിന്റെ ഇടതുപക്ഷബദൽ.

വാസ്തവത്തിൽ റെവന്യൂച്ചെലവു നമുക്കു താങ്ങാനാവാത്തത്ര ഉയർന്നിട്ടില്ലേ? അതിനു നിയന്ത്രണം ആവശ്യമല്ലേ?

അത് അങ്ങനെയല്ല കാണേണ്ടത്. അതു വലതുപക്ഷസമീപനമാണ്. അതു ഞങ്ങൾക്കു സ്വീകാര്യമല്ല. കേരളം ലോകത്തിനുമുന്നിൽ ഉയർന്നു നില്ക്കുന്നത് സമൂഹത്തിന്റെ പൊതുവായ വളർച്ച ഉറപ്പാക്കിയ ക്ഷേമസമൂഹം എന്ന നിലയിലാണ്. അതു മുന്നോട്ടു കൊണ്ടുപോകുകയും അതിന്റെ രണ്ടാംതലമുറപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. അതേസമയം, ക്ഷേമത്തിനു കൂടുതൽ പണം നല്കുമ്പോൾ വികസനത്തിനു വേണ്ടത്ര പണം നീക്കിവയ്ക്കാനാകാതെവരുന്നുണ്ട്. അതുകാരണം ഏറെനാളായി ഏറ്റവും കുറവു മൂലധനച്ചെലവുള്ള സംസ്ഥാനമാണു കേരളം. നാളത്തെ വളർച്ചയ്ക്കുള്ള മൂലധനമാണ് അടിസ്ഥാനസൗകര്യങ്ങൾ. അതിനുള്ള ചെലവിനു മൂലധനച്ചെലവെന്നാണു പറയുന്നതുതന്നെ. റെവന്യൂച്ചെലവും മൂലധനച്ചെലവും തമ്മിൽ വലിയ വിടവാണു നിലനില്ക്കുന്നത്. മൂലധനച്ചെലവിനു വേണ്ട ധാരാളം പണം സർക്കാരിന്റെപക്കൽ ഇല്ല. അതു കണ്ടെത്തിയേ തീരൂ. പക്ഷേ, എങ്ങനെ?
അതിനുള്ള ബദലാണ് കിഫ്‌ബി - റവന്യൂവരവിനു പുറമെ വിഭവസമാഹരണത്തിനുള്ള ബദൽ.
ഈ ധനകാര്യസ്ഥാപനം ലോകമെമ്പാടും‌നിന്നു കുറഞ്ഞപലിശയ്ക്കു നിക്ഷേപം സമാഹരിക്കും. അത് അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കാൻ നല്കും. അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുമ്പോൾ നമ്മുടെ നാട്ടിലേക്കു വലിയതോതിൽ മൂലധനനിക്ഷേപം വരും. ധാരാളം തൊഴിലും വരുമാനവും ഉണ്ടാകും. സമ്പദ്‌ഘടന വളരും. സമാഹരിച്ച ധനവും പലിശയും തിരികെ നല്കാൻ കഴിയും. ലളിതമായി പറഞ്ഞാൽ ഇതാണു കിഫ്‌ബിയുടെ പൊരുൾ.

നിക്ഷേപകസമൂഹത്തിന്റെ പ്രതികരണം എങ്ങനെയാണ്?

വളരെ നല്ല പ്രതികരണമാണ്. അതിനു വേണ്ടതൊക്കെ നാം ഉറപ്പാക്കിയതുകൊണ്ടാണത്. നിക്ഷേപം വരണമെങ്കിൽ അടിസ്ഥാനമായി വേണ്ടത് നിക്ഷേപം സമാഹരിക്കേണ്ട ധനകാര്യസ്ഥാപനത്തിന്റെ വിശ്വാസ്യതയും നിക്ഷേപകർക്കിടയിലെ സ്വീകാരവും ആണ്. അതിനു സർവ്വസമ്മതരായ ഉന്നതർ ചേർന്ന സമിതിയും സംവിധാനവും വേണം. രാജ്യാന്തരസ്വീകാരമുള്ള പ്രാമാണികരടങ്ങുന്ന ഉന്നതാധികാരസമിതിയും പരിശോധനാസമിതിയുമാണു കിഫ്ബിക്കുള്ളത്.
കിഫ്ബിയുടെ ചെയർമാൻ കേരളമുഖ്യമന്ത്രിയാണ്; ധനമന്ത്രി വൈസ് ചെയർമാനും. ചീഫ് സെക്രട്ടറി, ആസൂത്രണബോർഡ് വൈസ് ചെയർമാൻ, നിയമം, ധനകാര്യം, ധനവിഭവം എന്നിവയുടെ സെക്രട്ടറിമാർ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏഴു വിദഗ്ദ്ധർ എന്നിവരാണ് അംഗങ്ങൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മെംബർ സെക്രട്ടറിയും. സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ പ്രൊഫെസ്സർ സി.പി. ചന്ദ്രശേഖർ, കോൽക്കത്ത ഐ.ഐ.എമ്മിലെ ഇക്കണോമിക്സ് ആൻഡ് ഫിനാൻസ് പ്രൊഫെസ്സർ സുശീൽ ഖന്ന, റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ മുൻ റീജിയണൽ ഡയറക്റ്റർ സലിം ഗംഗാധരൻ, സെബി മുൻ എക്സിക്യൂട്ടീവ് ഡയറക്റ്ററും സ്റ്റേക് ഹോൾഡേഴ്സ് എം‌പവർമെന്റ് സർവ്വീസസ് മാനേജിങ് ഡയറക്റ്ററുമായ ജെ.എൻ. ഗുപ്ത, സെബിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ രാധാകൃഷ്ണൻ നായർ, പതിനാലാം ധനക്കമ്മിഷൻ അംഗവും വിവിധ സർക്കാർസമിതികളിലെ അംഗവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ബോർഡ് ഓഫ് ഗവേണേഴ്സ് അംഗവും ആയ പ്രൊഫെസ്സർ സുദീപ്തോ മണ്ഡൽ എന്നിവരാണ് കിഫ്ബിയിലെ സ്വതന്ത്രാംഗങ്ങൾ.
ഇതിനുപുറമെ ധനമന്ത്രി അദ്ധ്യക്ഷനായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒരു ഫണ്ട് ട്രസ്റ്റീ ആൻഡ് അഡ്വൈസറി കമ്മിഷ(FTAC)നുമുണ്ട്. മുൻ കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്, റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷ തോറാട്ട്, റിസർവ്വ് ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ ജി. പദ്‌മനാഭൻ എന്നിവരാണ് അംഗങ്ങൾ. ഈ വിദഗ്ദ്ധമേൽനോട്ടം നിക്ഷേപങ്ങൾക്കു നൂറുശതമാനം ഭദ്രതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നു. ഓരോ പദ്ധതിയും പരിശോധിച്ച് അവ പണം തിരികെനല്കാൻ സഹായിക്കുന്നത്ര മുല്യവത്തായ പദ്ധതികളാണെന്ന് ഉറപ്പാക്കി ഇവരാണ് അംഗീകാരം നല്കുന്നത്. അവയോരോന്നും പറയുന്ന സമയത്തു പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുമെന്നും  ഉറപ്പാക്കുന്നു. ഇതൊക്കെ കേരളത്തിനു മുൻപരിചയമില്ലാത്ത കാര്യങ്ങളാണ്.
വലിയ ലക്ഷ്യത്തോടെ രൂപം നല്കിയ ഈ സ്ഥാപനം സുസ്ഥിരമായി നിലനില്ക്കണമെന്നും അഴിമതിയോ കെടുകാര്യസ്ഥതയോ നിലവാരശോഷണമോ തരിമ്പും ബാധിക്കരുതെന്നുമുള്ള നിഷ്ക്കർഷ എൽഡിഎഫ് സർക്കാരിന് ഉള്ളതുകൊണ്ടാണ് ഇവരെയൊക്കെ കണ്ടെത്തി വച്ചത്; അല്ലാതെ ആരെങ്കിലും പറഞ്ഞിട്ടു വച്ചതല്ല. ആ സദുദ്ദേശ്യങ്ങളെയാണ് കഴമ്പില്ലാത്ത വിവാദങ്ങളുയർത്തി താറടിക്കാൻ ശ്രമിക്കുന്നത്.

ഇതിനൊക്കെ പുറമെ നിക്ഷേപങ്ങൾക്കു സർക്കാർ ഗ്യാരന്റിയുമില്ലേ?

അതെ. കിഫ്ബിയിലെ നിക്ഷേപങ്ങൾക്കു നിയമത്തിലൂടെ സർക്കാർ ഗ്യാരന്റി ഉറപ്പാക്കിയിട്ടുണ്ട്. 1999-ലെ നിയമത്തിൽ സർക്കാർ നല്കുന്ന ഗ്രാന്റുകളാണു കിഫ്ബിയുടെ വരുമാനമാർഗ്ഗമായി പറഞ്ഞിരുന്നത്. പിന്നീടു നിയമം ഭേദഗതിചെയ്ത് മോട്ടോര്‍‌വാഹനനികുതിയുടെ അമ്പതുശതമാനം വരെയും പെട്രോളിനുമേലുള്ള സെസ്സും അതതു വർഷംതന്നെ കിഫ്ബിക്കു നല്കണമെന്നു വ്യവസ്ഥ ചെയ്തു. ഇതും കിഫ്ബിഫണ്ടിൽ എത്തുന്നുണ്ട്. അങ്ങിനെ സുസ്ഥിരവും വളരുന്നതുമായ ഭാവിവരുമാനം നിക്ഷേപകര്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്.
ഇതെല്ലാം ഫലം കണ്ടു. അതുകൊണ്ടാണു ലൻഡൻ സ്റ്റോക് എക്സ്‌ചേഞ്ചിലൊക്കെ നമുക്കു ബോൺഡ് ഇറക്കാൻ കഴിയുന്നത്.

എത്ര പണമാണ് കിഫ്ബിവഴിക്കു സമാഹരിക്കാനാകുക? ആവശ്യമുള്ള പണത്തിന്റെ തുച്ഛമായ പങ്കു മാത്രമേ കിഫ്‌ബിയിൽ വന്നിട്ടുള്ളൂ എന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആക്ഷേപം.

അഞ്ചുകൊല്ലം‌കൊണ്ട് 50,000 കോടി രൂപയുടെ വികസനപ്രവർത്തനമാണു കിഫ്ബിവഴി വിഭാവനം ചെയ്തിരുന്നത്. എന്നാൽ, മൂന്നരക്കൊല്ലം ആയപ്പോഴേക്കു 45,619 കോടി രൂപയുടെ 591 പദ്ധതികൾക്കു കിഫ്ബി അംഗീകാരം നല്കിക്കഴിഞ്ഞു. ഇവയിൽ ചിലതു നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ളവ ടെൻഡർ മുതലുള്ള നിർമ്മാണത്തിന്റെ പലഘട്ടങ്ങളിലാണ്. ലക്ഷ്യത്തിലും കൂടുതൽ വികസനം കിഫ്ബിയിലൂടെ സാദ്ധ്യമാകുമെന്നാണ് ഇതു കാണിക്കുന്നത്.
നിർമ്മാണങ്ങൾക്ക് ഒന്നിച്ചല്ലല്ലോ പണം കൊടുക്കുന്നത്. ഓരോ ഘട്ടവും പൂർത്തിയാകുന്നമുറയ്ക്കല്ലേ. അല്ലാതെ ഈ പണമെല്ലാം കിഫ്ബിയിൽ വാങ്ങിക്കൂട്ടിവച്ചിട്ട് ഓരോ പ്രൊജക്റ്റിനും വിതരണം ചെയ്യുകയല്ല ചെയ്യുന്നത്. നിക്ഷേപമെല്ലാം നേരത്തേ വാങ്ങിവച്ചാൽ ആ പണത്തിനെല്ലാം അപ്പോൾമുതലേ പലിശനല്കേണ്ടേ? അതു ഭീമമായ നഷ്ടമുണ്ടാകും. അതുകൊണ്ട്, അപ്പപ്പോൾ വേണ്ട തുകയ്ക്കുള്ള നിക്ഷേപമേ വാങ്ങി കയ്യിൽ വയ്ക്കേണ്ടതുള്ളൂ. ഇത് അറിയാത്തവരാണ് ഇത്തരം മണ്ടത്തരങ്ങൾ പറയുന്നത്. ഒരു പദ്ധതിക്കുപോലും പണം നല്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.

അത്രയ്ക്കൊക്കെ നിക്ഷേപം ഒഴുകിയെത്തുമോ?

ഒരു സംശയവും വേണ്ടാ.

അതിനു വിപുലമായ പ്രചാരണവും പരിശ്രമവുമൊക്കെ വേണ്ടേ?

അതെല്ലാം നന്നായി നടക്കുന്നുണ്ട്. മസാലാബോണ്ഡും പ്രവാസിച്ചിട്ടിയുമൊക്കെ അതിന്റെ ഭാഗമാണ്. കൂടാതെ, റോഡുനികുതിവിഹിതവും സെസുമൊക്കെ വരുന്നുമുണ്ട്.

വലിയതോതിലുള്ള ഈ ധനസമാഹരണം കേരളത്തെ കടക്കെണിയിൽ ആക്കുമെന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആക്ഷേപം?
ഒരു കടക്കെണിയിലും ആക്കില്ല. ഒരാൾക്കും സംശയം വേണ്ടാ, മുഴുവൻ നിക്ഷേപവും പലിശസഹിതം തിരികെ നല്കും. ഞാൻ ഒന്നു ചോദിക്കട്ടെ. നാം നടപ്പാക്കുന്ന വികസനം എന്നായാലും വേണ്ടതാണ്. ഇപ്പോൾ ചെയ്യുന്ന പണിയെല്ലാം പത്തുകൊല്ലം കഴിഞ്ഞു ചെയ്യാമെന്നു വച്ചാൽ ചെലവു പല മടങ്ങാകും. ഭൂമി ഏറ്റെടുക്കലും മറ്റും നടക്കാത്ത സ്ഥിതി വരും. അതേസമയം ഇപ്പോൾ ചെയ്താൽ, കുറഞ്ഞ ചെലവിൽ അതു നടക്കുകയും ചെയ്യും; അതിൽനിന്നുള്ള നേട്ടം അത്രയും നേരത്തേ സംസ്ഥാനത്തിനു കിട്ടിത്തുടങ്ങുകയും ചെയ്യും. ഇന്നുള്ളവർക്കുകൂടി അതിന്റെയെല്ലാം ഗുണം കിട്ടും എന്നതും പ്രധാനമാണ്. മൂലധനനിക്ഷേപം നേരത്തേ വരികയും അതിനൊത്ത തൊഴിൽസാദ്ധ്യത ഇന്നേ ഉണ്ടാകുകയും ചെയ്താൽ അത്രയും മെച്ചമല്ലേ?

ശരിയാണ്. പക്ഷെ, പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങൾ കേരളീയർക്കിടയിൽ കിഫ്‌ബിയെപ്പറ്റി സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നില്ലെ?

കേരളീയരിൽ ആശയക്കുഴപ്പം ഉണ്ടാകുന്നതല്ല യഥാർത്ഥപ്രശ്നം; കിഫ്‌ബിയിൽ നിക്ഷേപിക്കാനിടയുള്ള സ്ഥാപനങ്ങളിലും വ്യക്തികളിലും ആശയക്കുഴപ്പം ഉണ്ടാകുന്നതാണ്. വിമർശകരുടെ യഥാർത്ഥലക്ഷ്യവും അതാണ്. മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീരു കണ്ടാൽമതി എന്ന മനോഭാവം. ഇത് കേരളത്തിന്റെ ഉത്തമതാല്പര്യത്തിന് അനുഗുണമല്ല. കിഫ്ബിയുടെ ധനം‌കൊണ്ടു നടപ്പാക്കുന്ന പദ്ധതികൾ എത്രമാത്രം പ്രധാനമാണ് എന്നു മനസിലാക്കുമ്പോഴേ ഈ വിമർശങ്ങളുടെ പ്രതിലോമത എത്ര ഭീകരമാണെന്നു തിരിച്ചറിയൂ.
രണ്ടുകാര്യങ്ങൾ മാത്രം പറയാം. സാമ്പ്രദായികരീതികളിൽ ഒരു തുള്ളി വൈദ്യുതിപോലും അധികമായി ഉത്പാദിപ്പിക്കാൻ സാദ്ധ്യതയില്ലാത്ത കേരളത്തിൽ 2000 മെഗാവാട്ട് ശേഷിയുള്ള ഉത്‌പാദനനിലയവും അനുബന്ധലൈനുകളും സ്ഥാപിക്കുന്നതിനുതുല്യമായ നേട്ടമാണ് തമിഴ്‌നാട്ടിലെ പുഗലൂരില്‍നിന്നു തൃശൂരിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന 2000 മെഗാവാട്ട് ശേഷിയുള്ള എച്ഛ്.വി.ഡി.സി. പ്രൊജക്ട് തരുന്നത്. ഈ വൈദ്യുതി സംസ്ഥാനത്തുടനീളം എത്തിക്കാനുള്ള പ്രസരണലൈനുകള്‍ സ്ഥാപിക്കുകയാണ്. ഇതിനായുള്ള ട്രാന്‍‌സ്ഗ്രിഡ് 2.0 പദ്ധതിയാണ് ഒന്ന്.
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്കു സൗജന്യകണക്‌ഷനടക്കം വൈദ്യുതിപോലെ എല്ലാ വീട്ടിലും സ്കൂളുകളടക്കമുള്ള പൊതുസ്ഥാപനങ്ങളിലും 2020 ഡിസംബറിനകം ഒപ്റ്റിക്കൽ കേബിളിലൂടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന 1548 കോടി രൂപയുടെ കെ-ഫോൺ പദ്ധതിയാണു മറ്റൊന്ന്. ഇതുരണ്ടും വന്നാൽ നമ്മുടെ ജീവിത, സേവന നിലവാരങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം വ്യവസായസംരംഭകർക്കു വലിയ താല്പര്യമാകും. ഇങ്ങനെ നാളത്തെ വികസനത്തിന് അടിത്തറപാകുന്ന പദ്ധതികൾക്കു പണം നല്കുന്നതിനുള്ള സംവിധാനമാണു കിഫ്‌ബി.
ഇവയെല്ലാം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോൾത്തന്നെ തുടങ്ങിയിട്ടുള്ള വ്യവസായമൂലധനത്തിന്റെ വരവു പതിന്മടങ്ങാകും. ഇതു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളർത്തും. ഇതിൽനിന്നുണ്ടാകുന്ന ഉയർന്ന റവന്യൂവരവാണ് കിഫ്ബിയിലെ നിക്ഷേപങ്ങൾക്കുള്ള യഥാർത്ഥ ഗ്യാരന്റി.
കേരളത്തിന്റെ വികസനം എല്ലാവരുടെയും ആവശ്യമാണ്. അതിന് ഇതല്ലാതൊരു വഴിയില്ല. അതും കൊട്ടിയടയ്ക്കാനാണു വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കിഫ്‌ബിയുടെ വഴിതടയുന്നവർ മറക്കുന്നത് ഇത് ഭാവിയിലെ ഏതു സർക്കാരിനുമുള്ള ആശ്രയമാണ് എന്നതാണ്. ഒരിക്കൽ അതിന്റെ പ്രതിച്ഛായ തകർത്താൽ പിന്നൊരിക്കലും അതു വീണ്ടെടുക്കാനാവില്ല എന്നത് ഇവർ മനസിലാക്കുനില്ല. മൂക്കുമുറിച്ചും ശകുനം മുടക്കാം എന്നു കരുതുന്നവർ മൂക്കില്ലാത്ത ദുഃശകുനങ്ങളായി ആയുഷ്ക്കാലം കഴിയേണ്ടിവരും.

പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണം 1.53 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുമെന്ന് പറയുകയും ഒമ്പതു ശതമാനത്തിന് എടുക്കുകയും ചെയ്തെന്നാണല്ലോ.

യഥാർത്ഥത്തിൽ 1.53 ശതമാനത്തിനു മാത്രമേ വായ്പയെടുക്കൂ എന്നു ഞാൻ പറഞ്ഞിട്ടില്ല. പറഞ്ഞതിനു വ്യക്തമായ രേഖയുണ്ട്. (പേജ് 33, നിയമസഭാ നടപടികളുടെ സംഗ്രഹം, 2017 മാര്‍ച്ച് 8). 2017 മാര്‍ച്ച് 8, 9 തീയതികളില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് 9.5 ശതമാനം വരെയാണ് പലിശ പ്രതീക്ഷിക്കുന്നത് എന്ന്. 2017 മാര്‍ച്ച് 9-ന് ബജറ്റുചർച്ചയുടെ മറുപടിയില്‍ പറഞ്ഞു, 9.5 ശതമാനമാണ് പലിശ വച്ചിരുന്നത്, അപ്പോള്‍ അമ്പതിനായിരംകോടി രൂപയുടെ പ്രോജക്റ്റിനു തിരിച്ചടവ് ഒരുലക്ഷംകോടി രൂപയാകുന്നു എന്ന്. (നിയമസഭാനടപടിക്രമം കരട്, പേജ് 97-98). ഇതെല്ലാം കേട്ടവരാണ് ഗീബൽസിനെപ്പോലെ നുണകൾ ആവർത്തിക്കുന്നത്. അതിനെ പ്രതിപക്ഷനേതാവ് എതിർത്തിട്ടില്ല. ഏകകണ്ഠമായാണു നിയമസഭ പാസാക്കിയത്.
മൂന്നു ശതമാനം നിരക്കില്‍ ഡോളര്‍‌വായ്പകള്‍ ലഭ്യമാണ്. പക്ഷേ, എക്സ്‌ചേഞ്ച് റിസ്ക്കുണ്ട്. രൂപയുടെ മൂല്യം ഇടിയുമ്പോൾ തിരിച്ചടവു ഭീമമായി ഉയരും. ഡോളർവില 70 രൂപ ആയിരിക്കുമ്പോൾ എടുക്കുന്ന വായ്പയുടെ തിരിച്ചടവുകാലമാകുമ്പോൾ ഡോളർവില 140 രൂപ ആയാലത്തെ സ്ഥിതി ആലോചിച്ചുനോക്കൂ. അതുകൊണ്ട്, പലിശ അല്പം കൂടിയാലും രൂപയിൽ പണം സ്വീകരിക്കുന്നതാണു സംസ്ഥാനത്തിനു നല്ലത്. അതുകൊണ്ട്, മൂന്നുശതമനത്തിനു വായ്പ കിട്ടും എന്നു പറഞ്ഞിട്ടു കാര്യമില്ല.

തുടങ്ങിയിടത്ത് നില്‍ക്കുകയാണു കിഫ്ബിയെന്നും പ്രഖ്യാപനങ്ങളല്ലാതെ സമാഹരിച്ചതും അനുവദിച്ചതുമായ തുകകൾ തുച്ഛമാണെന്നുമുള്ള ആരോപണത്തെപ്പറ്റി?

ഈ ആരോപണം ഉന്നയിച്ച ലേഖനത്തിൽത്തന്നെ, 7031 കോടിയുടെ പദ്ധതികള്‍ ആരംഭിച്ചെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. 558 പദ്ധതികളില്‍ 228 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു. പകുതിയോളം പദ്ധതികള്‍ ആരംഭിച്ചെന്ന്. മറുപടി അതിൽത്തന്നെയുണ്ട്.
ഇതുമല്ല വസ്തുത. പ്രതിപക്ഷനേതാവു പറഞ്ഞതുപോലെ 7031 കോടിയുടെ പദ്ധതികളല്ല ആരംഭിച്ചത്. പണി തുടങ്ങുകയും പുരോഗമിക്കുകയും ചെയ്യുന്ന പദ്ധതികളുടെ ചെലവു പതിനായിരംകോടിക്കു മുകളിലാണ്. ആരോപണക്കാർക്കു വസ്തുനിഷ്ഠതതന്നെ ഇല്ല.
ഇതടക്കം ആദ്യഘട്ടത്തിലെ ആരോപണമെല്ലാം പൊളിഞ്ഞല്ലോ. കിഫ്ബി ആകാശ കുസുമമാണെന്നു പറഞ്ഞത് സ്വന്തം മണ്ഡലത്തിലടക്കം കിഫ്ബിപ്പദ്ധതികള്‍ ആരംഭിച്ചപ്പോള്‍ വിഴുങ്ങി.
പണമെവിടെനിന്ന് എന്ന ചോദ്യം പതിനായിരത്തോളംകോടി രൂപ വിവിധ ഏജന്‍സികളില്‍നിന്നായി ടൈ അപ്പ് ആവുകയും മസാലാബോണ്ഡ് വിജയിക്കുകയും ചെയ്തപ്പോള്‍ താത്തുവച്ചു. അപ്പോഴാണു തർക്കം പലിശയെക്കുറിച്ചാക്കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബി ലിസ്റ്റു ചെയ്യപ്പെടുകയും മാദ്ധ്യമങ്ങള്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുകയും ചെയ്തതോടെ ബോണ്ട് വില്‍ക്കാന്‍ കമ്മീഷന്‍ വാങ്ങി എന്നായി ബഹളം. അടിയന്തരപ്രമേയംവരെ കൊണ്ടുവന്നു! ചര്‍ച്ച കഴിഞ്ഞപ്പോള്‍ പ്രമേയം എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിപ്പായി. വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്ന ചോദ്യത്തിനും നിയമസഭാചര്‍ച്ചയില്‍ വ്യക്തത വന്നു. പ്രതിപക്ഷനേതാവുംകൂടി പാസാക്കിയ നിയമത്തില്‍ പറഞ്ഞ സര്‍ക്കാര്‍സഹായം മാത്രം മതി കിഫ്ബി എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാൻ എന്നു കണക്കുകള്‍ സഹിതം നിയമസഭയില്‍ തെളിയിച്ചു.

ആരോപണങ്ങളിൽ പലതും അടിസ്ഥാനമില്ലാത്തതാണെന്നു പിന്നീടു വ്യക്തമായെങ്കിലും ഓഡിറ്റ് സംബന്ധിച്ചുയർന്ന വിവാദം പലരെയും സംശയാലുക്കൾ ആക്കിയിട്ടുണ്ടെന്നാണു തോന്നുന്നത്. സി&എജിയുടെ ഓഡിറ്റ് അനുവദിക്കുന്നില്ലെന്നായിരുന്നല്ലോ ആക്ഷേപം.

സി&എജി ഓഡിറ്റില്ലെന്ന് ആരു പറഞ്ഞു? ഇതിനോടകം രണ്ടു തവണ നടന്നുംകഴിഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ്.


സി&ഏജി ഡ്യൂട്ടീസ്, പവേഴ്സ് ആൻഡ് കണ്ഡീഷൻസ് ഓഫ് സർവ്വീസ് ആക്റ്റിന്റെ വകുപ്പ് 20(2) പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് സി&എജി ആവശ്യപ്പെട്ടെന്നും അനുവാദം നല്കിയില്ലെന്നുമാണല്ലോ വാർത്ത വന്നത്?

സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് കിഫ്ബിക്ക് അനിവാര്യമാണ്. കിഫ്ബിയുടെ ദൈനംദിനപ്രവര്‍ത്തനവുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണത്. സി&എജി ചെയ്യുന്നതുപോലെ ധനകാര്യവര്‍ഷാവസാനം മാത്രം പോരാ. പല വായ്പകളില്‍നിന്നുള്ള ഫണ്ട് ഡിപ്ലോയ്‌മെന്റും മറ്റും സംബന്ധിച്ച് കാലാകാലങ്ങളില്‍ ഓഡിറ്റ് സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കേണ്ടിവരും. ഇതിന് സി&എജിയെ ആശ്രയിക്കാനാവില്ല. അതുകൊണ്ട്, ഇതിനായി ഒരു സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററെ കിഫ്ബിതന്നെ നിയമിക്കുന്നതാണ് ഉചിതമെന്ന് കിഫ്ബി ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമസഭ പാസ്സാക്കിയ വ്യവസ്ഥയാണിത്.
ഇതുതന്നെ കൂടുതൽ വസ്തുനിഷ്ഠമാക്കാനുള്ള നടപടികളും നേരത്തേതന്നെ വ്യവസ്ഥചെയ്തിട്ടുണ്ട്. ഈ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുടെ പ്രവര്‍ത്തനം ഒരു അന്തര്‍ദേശീയ പിയര്‍ റിവ്യൂവിന് വിധേയമാക്കണമെന്നതാണാ വ്യവസ്ഥ. തീര്‍ന്നില്ല, ഈ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം സര്‍വ്വതും ഇൻഡ്യയുടെ മുൻ സി&എജി വിനോദ് റോയിയുടെ നേതൃത്വത്തിലുള്ള ഫണ്ട് ട്രസ്റ്റ് അഡ്വൈസറി ബോർഡ് പരിശോധിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കേണ്ടുന്ന രേഖയാണ്. ഇത്രയേറെ ജാഗ്രതയോടെ പബ്ലിക്ക് അക്കൗണ്ടബിലിറ്റി ഉറപ്പു നല്‍കുന്ന സ്ഥാപനമാണു കിഫ്ബി.
ഇതിനുപുറമെയാണ് 14(1) വകുപ്പുപ്രകാരം സി&എജിക്ക് അവകാശപ്പെട്ട ഓഡിറ്റ്. ഇതുപ്രകാരം സി&ഏജിക്ക് കിഫ്ബിയുടെ ഓഡിറ്റ് സ്വമേധയാ ഏറ്റെടുക്കാം. കിഫ്ബി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ആ ഓഡിറ്റ് നടക്കുന്നുമുണ്ട്.

എന്നിട്ടും 20(2) പ്രകാരമുള്ള ഓഡിറ്റുതന്നെ വേണമെന്നു സി&എജി ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ്?


ഇതിനു കാരണമായി സി&എജി പറഞ്ഞത്  വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റ് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന വിഹിതത്തിന്റെ വരവുചെലവില്‍ ഒതുങ്ങുന്നതാണ് എന്നതാണ്. എന്നാൽ, വസ്തുത മറിച്ചാണ്. വകുപ്പ് 14(1) വ്യവസ്ഥചെയ്യുന്നത് കിഫ്ബിയുടെ എല്ലാ വരവുചെലവകളും സംബന്ധിച്ച സമഗ്ര പരിശോധനയാണ്. ഇത് ചെയ്യുന്നതിന് സി&ഏജിക്ക് അപരിമിതമായ അധികാരമുണ്ട്. അനുവാദം വാങ്ങേണ്ടതില്ല.
നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും സി&ഏജിയും തമ്മിലുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി വകുപ്പ് 14(1)ന്റെ സമഗ്രത വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വകുപ്പ് 20 പ്രകാരമുള്ള ഓഡിറ്റാകട്ടെ, വാര്‍ഷികകണക്കുപരിശോധനയുടെ സ്വഭാവത്തിലുള്ളതാണ്. ഇതില്‍നിന്നു വ്യത്യസ്തമാണു 14(1) പ്രകാരമുള്ള ഓഡിറ്റെന്നു കോടതി ചൂണ്ടിക്കാണിച്ചു. ഇത് ചെലവുചെയ്യലിന്റെ സത്യസന്ധതയും വിവേകവും സാമ്പത്തികക്ഷമതയും പരിശോധിക്കുന്ന കൂടുതല്‍ വിപുലമായ ഒന്നാണെന്നു കോടതി വ്യക്തമാക്കി. ഈ വ്യവസ്ഥപ്രകാരമുള്ള അധികാരം എല്ലാ വരവുചെലവുകണക്കും സംബന്ധിച്ച സമഗ്രമായ ഓഡിറ്റിനുള്ളതാണെന്ന് സി&ഏജിയുടെ വബ്‌സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റിന് വിഘാതമാകുന്ന ഒരു വ്യവസ്ഥയും കിഫ്ബി നിയമത്തിലോ മറ്റു നിയമങ്ങളിലോ നിലവിലില്ലതാനും.

ഇക്കാര്യം സി&എജിയുടെ ശ്രദ്ധയിൽ പെടുത്തിയില്ലെ?


വിശദമായിത്തന്നെ മറുപടി നല്കി. അതിനുശേഷം ഒക്ടോബര്‍ 24ന് സി&ഏജി സര്‍ക്കാരിന് അയച്ച കത്തില്‍ 14(1)ന്റെ പരിമിതിയെക്കുറിച്ചുള്ള പരാമർശം ഇല്ല. എന്നാല്‍ 20(2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് ആവശ്യപ്പെടുന്നതിന് മറ്റൊരു കാരണമാണു പറഞ്ഞത്.
സര്‍ക്കാരില്‍നിന്നു സബ്സ്റ്റാന്‍ഷ്യല്‍ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ സി&ഏജി ഓഡിറ്റിനു വിധേയമാകണമെന്നാണു വകുപ്പ് 14(1) പറയുന്നത്. നിയമവ്യവസ്ഥപ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ 25 ലക്ഷം രൂപയേക്കാള്‍ അധികമോ മൊത്തം വരുമാനത്തിന്റെ 75 ശതമാനത്തില്‍ അധികമോ ഗ്രാന്റോ വായ്പയോ ആയി സര്‍ക്കാർധനസഹായം ലഭിക്കുന്നവ ആയിരിക്കണം. ഏതാനും വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം കിഫ്ബിയുടെ ആകെ ചെലവിന്റെ 75 ശതമാനത്തില്‍ കുറവായിത്തീരും. അപ്പോള്‍ 14(1) പ്രകാരമുള്ള ഓഡിറ്റുപരിധിയില്‍നിന്നു പുറത്തുപോകും. അതുകൊണ്ട് 20(2) പ്രകാരമുള്ള ഓഡിറ്റ് അനിവാര്യമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.
ആ സാഹചര്യം ഉണ്ടാകുമ്പോൾ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങി ഓഡിറ്റ് തുടരാമെന്ന് വകുപ്പ് 14(2)ല്‍ പറഞ്ഞിട്ടുണ്ട്. ആ സ്ഥിതി വന്നാലും ഓഡിറ്റ് തുടരുന്നതിനുള്ള അനുമതി 14(2) പ്രകാരം സര്‍ക്കാര്‍ നല്‍കുമെന്നു നിയമസഭയില്‍ ഉറപ്പു നല്കുകയുണ്ടായി. നിയമസഭയ്ക്കു സർക്കാർ നല്കുന്ന ഉറപ്പ് സർക്കാരുകൾ മാറിമാറി വന്നാലും ലംഘിക്കാനാവാത്തതാണല്ലോ. ഈ ഉറപ്പ് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പായിത്തന്നെ സി&ഏജിക്കു നല്‍കുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും വിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. കാരണം, അതും ഒരു ‘കേരളമാതൃക’ ആണല്ലോ. നിരന്തരമായ ആക്രമണങ്ങൾ തുടരുമ്പോഴും അവയ്ക്കെല്ലാം സുവ്യക്തമായ വിശദീകരണങ്ങൾ നല്കിയും കിഫ്‌ബിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റാനുള്ള നടപടികൾ സ്വീകരിച്ചും സ്വാർത്ഥവാഹകസംഘം മുന്നോട്ടുതന്നെ പോകുകയാണ് – നമ്മുടെ യുവാക്കൾക്കെല്ലാം തൊഴിൽ കിട്ടുന്ന, അതിനുതക്ക മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും പരിസ്ഥിതിയും അടിസ്ഥാനസൗകര്യവുമെല്ലാം ഉറപ്പാക്കിക്കൊണ്ട്. നാളെയുടെ, യുവാക്കളുടെ പ്രതീക്ഷയാണു കിഫ്‌ബി എന്നു കേരളം തിരിച്ചറിയുകയാണ്.



1 comment: