Wednesday 18 March 2020

നെഞ്ചോടു ചേർത്തൊരു ലൈഫ്!

നെഞ്ചോടു ചേർത്തൊരു ലൈഫ്!
മനോജ് കെ. പുതിയവിള

കെ.ജി.ഒ.എ. ന്യൂസിന്റെ 2020 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.


വീടില്ലാത്തവർക്കു വീടുകൊടുക്കുന്ന പദ്ധതിയുടെ പേര് ‘ലൈഫ്’ എന്നു കേട്ടപ്പോൾ ആദ്യം തോന്നിയത് പറഞ്ഞയാൾക്കു തെറ്റിയതാകും എന്നാണ്; അത് ആരോഗ്യമിഷന്റെ പേരായിരിക്കും എന്നാണ്. ആരോഗ്യമാണല്ലോ ജീവനുമായി ബന്ധപ്പെട്ടത്. എന്നാൽ പദ്ധതിയുടെ അന്തഃസത്ത മനസിലായപ്പോൾ അതിനുപിന്നിലെ ഉന്നതമായ മാനവികതയും കാഴ്ചപ്പാടിലെ സമഗ്രതയും ആ പേരിട്ടതിലെ സാരസ്യവും ഓർത്ത് കേരളസർക്കാരിനെയും അതിനെ നയിക്കുന്ന ഇടതുപക്ഷത്തെയും പറ്റി ഏറെ അഭിമാനം തോന്നി.

Livelihood, Inclusion and Financial Empowerment എന്നതിന്റെ ചുരുക്കെഴുത്താണു LIFE. ജീവിതവും ഉൾക്കൊള്ളലും സാമ്പത്തികശാക്തീകരണവും. മാന്യവും സുരക്ഷിതവുമായ ഭവനവും ജീവനോപാധികളും ഉറപ്പുവരുത്തുക; അതിലൂടെ കേരളത്തിന്റെ സാമൂഹിക-പശ്ചാത്തലമേഖലകളിൽ സമഗ്രമായ മാറ്റം സൃഷ്ടിക്കുക – അതാണു പദ്ധതിയുടെ ഉദ്ദേശ്യം. എന്നുവച്ചാൽ, പദ്ധതിയുടെ രണ്ട് അടിസ്ഥാനലക്ഷ്യങ്ങളിൽ ഒന്നുമാത്രമാണു വീട്.

വീടുനിർമ്മാണത്തിനുള്ള പ്രവർത്തനത്തിനൊപ്പംതന്നെ ജീവനോപാധികൾ സൃഷ്ടിക്കാനുള്ള പരിശ്രമവും നടക്കുകയാണ്. കുടുംബത്തിൽ ഒരാൾക്കെങ്കിലും ഒരു തൊഴിലിൽ പരിശീലനം നല്കും. നൈപുണ്യവികസനത്തിനൊപ്പം സംരംഭമടക്കമുള്ള സാദ്ധ്യതകളും പ്രദാനം ചെയ്യും.

വീടു കിട്ടിയവരെ ബ്ലോക്കുതലത്തിൽ വിളിച്ചുചേർത്ത് അവരുടെ വിഷമങ്ങളും പ്രതീക്ഷകളും സാദ്ധ്യതകളും മനസിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഉപജീവനത്തിനും സാമ്പത്തികശാക്തീകരണത്തിനുമുള്ള പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 2020-ന്റെ തുടക്കത്തിൽ നടത്തിയ അദാലത്തുകളിൽ 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. ആ വകുപ്പുകളുമായി ബന്ധപ്പെട്ട അവരുടെ ജീവത്പ്രശ്നങ്ങൾ മഹാഭൂരിപക്ഷവും തീർപ്പാക്കി.


ലൈഫ് ഈസ് വണ്ടർഫുൾ

അഞ്ജനമെന്നതെനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും എന്നമട്ടിൽ ലൈഫിനെപ്പറ്റിയുള്ള പുലമ്പലുകൾ ഇടയ്ക്കെല്ലാം കേൾക്കാറുണ്ടല്ലോ. അതുകൊണ്ട്, ലൈഫ് എന്താണെന്ന് ആദ്യം പറയാം.
ലൈഫ് പദ്ധതി രാജ്യത്തും ലോകത്തെമ്പാടുമുള്ള മറ്റു ഭവനപദ്ധതികളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ആശയത്തിൽത്തന്നെ അതു വ്യത്യസ്തമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ 'ലൈഫ്' വെറും വീടല്ല, അന്തസ്സാർന്ന ജീവിതമാണ്' എന്നതാണ് ലൈഫിന്റെ അടിസ്ഥാനതത്വം. വീടിന്റെ താക്കോൽ നല്കുന്നതോടെ അവസാനിക്കുന്ന ബന്ധമല്ല ഇവിടെ ഗുണഭോക്താക്കളും സർക്കാരും തമ്മിൽ. എന്നാൽ, വീടു വയ്ക്കാൻ കുറച്ചു ധനസഹായം നല്കുക മാത്രമാണ് നമുക്കു പരിചയമുള്ള ഭവനപദ്ധതികളിലൊക്കെ ചെയ്യുന്നത്. ഇതാണ് ഒന്നാമത്തെ വ്യത്യാസം.

റേഡിയോയിലും റ്റിവിയിലുമെല്ലാം നാം നാഴികയ്ക്കു നാല്പതുവട്ടം കേൾക്കുന്ന PMAY എന്ന പ്രധാൻ മന്ത്രി ആവാസ് യോജനയിൽ (പഴയ ഇന്ദിര ആവാസ് യോജന) ഒരു വീടിനു ഗ്രാമത്തില്‍ 72,000 രൂപയും നഗരത്തില്‍ ഒന്നരലക്ഷം രൂപയും മാത്രമാണ് കേന്ദ്രം നല്കുന്നത്! ആ തുക നല്ല ശൗചാലയത്തിനു തികയുമോ? അതുകൊണ്ട് വീടൊന്നിനു ഗ്രാമങ്ങളില്‍  3,28,000 രൂപയും നഗരങ്ങളില്‍ 2,50,000 രൂപയും കേരളം അധികമായി നല്കുകയാണ്. അങ്ങനെ നാലുലക്ഷം രൂപയാണ് ഇവിടെ ഒരു വീടിനു കിട്ടുന്നത്. മാത്രമല്ല, വീടു പൂർത്തിയാക്കുന്നു എന്ന് ഈ പദ്ധതി ഉറപ്പാക്കുകകൂടി ചെയ്യുന്നു. ഇതാണു രണ്ടാമത്തെ വ്യത്യാസം.


ഇതിനുപുറമേ ലൈഫ് മിഷൻ മറ്റൊന്നുകൂടി ചെയ്തു. കുറഞ്ഞ നിരക്കിൽ വീടുനിർമ്മാണസാമഗ്രികൾ വിതരണം ചെയ്യാനുള്ള നടപടികൾ പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്ത് ലൈഫ് മിഷൻ കൈക്കൊണ്ടിരുന്നു. വൈദ്യുതോപകരണങ്ങൾ, വയറിങ് സാമഗ്രികൾ, പെയിന്റ്, സാനിറ്ററി ഉപകരണങ്ങൾ, സിമെന്റ്, ജലസംഭരണി തുടങ്ങിയവ 20 മുതൽ 60 വരെ ശതമാനം വിലകുറച്ചാണു ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയത്. വീട് പണിയുന്നവർക്ക് അങ്ങനെ യഥാർത്ഥത്തിൽ അരലക്ഷം മുതൽ രണ്ടുലക്ഷംവരെ രൂപ ലാഭിക്കാവുന്ന സാഹചര്യം സംസ്ഥാനസർക്കാർ ഒരുക്കി. കൂടാതെ, തൊഴിലുറപ്പുപദ്ധതിയിൽ 90 ദിവസം വീടുനിർമ്മാണത്തിന് ഉപയോഗിക്കാനും വ്യവസ്ഥ ചെയ്തിരുന്നു.

ഫലത്തിൽ കുറഞ്ഞത് അഞ്ചുലക്ഷത്തിന്റെ അഭിമാനത്തിളക്കമുണ്ട് ഓരോ വീടിനും. അത്തരമൊരു വീടു സ്വന്തമാകുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നത് ആ കുടുംബത്തിന്റെ അന്തസ്സും സുരക്ഷിതബോധവും സമാധാനവും എത്ര ഉയർത്തും എന്നു ചിന്തിക്കൂ!

സുതാര്യസുന്ദരം, വിശാലം

മൂന്നാമതു പറയേണ്ടതു പഴുതില്ലാത്തതും സുതാര്യവുമായ ഗുണഭോക്തൃതെരഞ്ഞെടുപ്പു പ്രക്രിയയാണ്. രാജ്യത്തും സംസ്ഥാനത്തും എത്രയോ കാലമായി വിവിധ ഭവനപദ്ധതികൾ നിലവിലുണ്ട്. പട്ടികവിഭാഗവികസനവകുപ്പ്, ഫിഷറീസ് വകുപ്പ്, ഭവനനിർമ്മാണവകുപ്പ് എന്നിങ്ങനെ പല വകുപ്പിനും പദ്ധതികളൂണ്ട്. ഇവയ്ക്കോരോന്നിനും മാനദണ്ഡങ്ങൾ പലതാണ്. എല്ലാംകൂടി കൂട്ടിയിണക്കിയാലും ജിറാഫിനെപ്പറ്റി പറയുന്ന കഥപോലെയാകും. കേരളം വീടില്ലാത്ത കുടുംബങ്ങളില്ലാത്ത സംസ്ഥാനമാകണം എന്നു തീരുമാനിക്കുന്ന ഒരു സർക്കാരിന് അതൊന്നും പറ്റില്ല.

അതുകൊണ്ട്, അതെല്ലാം മാറ്റിവച്ച്, സ്വന്തമായി വീടുവയ്ക്കാൻ കഴിയാത്ത കുടുംബങ്ങളെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന മാനദണ്ഡങ്ങൾ നിശ്ചയിച്ചു. സ്വന്തമായി റേഷൻ കാർഡ് ഉള്ളവരെ കുടുംബം എന്നും നിർവ്വചിച്ചു. ഒരു കുടുംബവും വിട്ടുപോകാതെയും അനർഹരായ ഒരു കുടുംബവും ഉൾപ്പെടാതെയും പട്ടികതയ്യാറാക്കുക എന്നത് എത്രവലിയ വെല്ലുവിളിയാണെന്നു നമുക്കറിയാം. പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ വച്ചു പ്രാഥമികപട്ടിക, അതു പരിശോധിച്ച് ഉറപ്പുവരുത്താനും വിട്ടുപോയവരെയെല്ലാം കണ്ടെത്താനും കുടുംബശ്രീ വഴി സർവ്വേ, ആ പട്ടിക പരിശോധിച്ചു കുറ്റമറ്റതാക്കാൻ ഗ്രാമസഭ, എന്നിട്ടും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അതുന്നയിക്കാൻ അപ്പീലിന് അവസരം, അതും രണ്ടുവട്ടം... അങ്ങനെയാണു കുറ്റമറ്റ ഗുണഭോക്തൃപട്ടിക നാം തയ്യാറാക്കിയത്. നാലുലക്ഷത്തോളം കുടുംബങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്. ലൈഫ് തുടങ്ങിയിട്ട് ഇത്ര കാലമായിട്ടും അതിൽ ഉൾപ്പെട്ട ഒരു കുടുംബമെങ്കിലും അനർഹരാണ് എന്ന ഒരു പരാതി പോലും ലൈഫ് മിഷനിൽ ലഭിച്ചിട്ടില്ല.


സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളാണ് ഈ മിഷനെ മറ്റു ഭവനപദ്ധതികളിൽനിന്നെന്നല്ല, പല സർക്കാർ പരിപാടികളിലും‌നിന്നു വേറിട്ടതാക്കുന്ന നാലാമത്തെ സുപ്രധാനഘടകം. രണ്ടുലക്ഷം വീടു പൂർത്തിയാക്കിയ വേളയിൽ റ്റിവി ചാനലുകളിൽ സം‌പ്രേഷണം ചെയ്ത ‘നാം മുന്നോട്ടി’ന്റെ ലക്കത്തിൽ വഴിക്കടവുകാരി അനു എന്ന കോളെജ് വിദ്യാർത്ഥിനി പറഞ്ഞ വാക്കുകൾ അതു കേട്ടവരുടെയെല്ലാം ഓർമ്മയിലുണ്ടാകും. നിർവഹണോദ്യോഗസ്ഥനായ വി.ഇ.ഒ. അറിയിക്കുമ്പോൾ ബാങ്കിൽ പോയി പണമെടുക്കുന്നതല്ലാതെ ഞങ്ങൾ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. എന്നാണ് അവൾ പറഞ്ഞത്. ഇൻഫർമേഷൻ കേരള മിഷൻ ഒരുക്കിയ വെബ്ബധിഷ്ഠിതസംവിധാനത്തിലൂടെയാണ് എല്ലാം സുതാര്യവും സുഗമവും സുവേഗവും ആക്കാൻ കഴിഞ്ഞത്.

“ഒരുപാടുകാലം കാത്തിരിക്കാതെ വളരെവേഗം എല്ലാവർക്കും വീടു നല്കുക എന്നതായിരുന്നു ലക്ഷ്യം. ഭവനരഹിതരില്ലാത്ത ആദ്യസംസ്ഥാനമാകുക എന്നതാണു ലക്ഷ്യമിട്ടത്.” തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീൻ പറയുന്നു. ചിലരുയർത്താൻ ശ്രമിച്ച വിവാദങ്ങൾകൂടി സൂചിപ്പിച്ച് അദ്ദേഹം തുടർന്നു: “ആരുടെകാലത്തു പണി തുടങ്ങി എന്ന തർക്കത്തിലേക്കു ഞങ്ങൾ പോയില്ല. അവർക്കു വീടില്ല എന്നതാണു ഞങ്ങൾ കണ്ടത്. അവരുടെ ഭാവിജീവിതംകൂടി ശ്രദ്ധിക്കാനും സഹായിക്കാനും കഴിയുന്ന കരുതലുള്ള ഗവണ്മെന്റാണിത്. ദരിദ്രജനവിഭാഗങ്ങളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സർക്കാർ.”

ഉൾച്ചേർക്കലിന്റെ മധുരം

‘സർക്കാർ ഒപ്പമുണ്ട്’ എന്ന എൽഡിഎഫ് സർക്കാരിന്റെ ജീവമന്ത്രത്തിന്റെ സത്ത അനുഭവിച്ചറിഞ്ഞവരാണ് ഓരോ ലൈഫ് കുടുംബവും. വീടു നല്കുന്നതിന് ഏറ്റവും പ്രധാന മാനദണ്ഡമായി തീരുമാനിച്ചതുതന്നെ ശാരീരികമോ മാനസികമോ സാമൂഹികമോ ആയ അവശതകളാണ്. വയോജനങ്ങൾ, അവിവാഹിതഅമ്മമാർ, വിധവകൾ തുടങ്ങിയവർക്കെല്ലാം മുൻഗണന.

'ഒറ്റയ്ക്കല്ല, സർക്കാരും ജനങ്ങളും കൂടെയുണ്ട്' എന്ന വികാരം ഓരോ ഗുണഭോക്താവും പട്ടികയിൽ പേരു വന്ന അന്നുമുതൽ വീടുപണി കഴിയുന്ന നിമിഷംവരെയും അതിനുശേഷവും അനുഭവിച്ചറിയുന്നു എന്നതാണ് ലൈഫിനെ ബ്യൂട്ടിഫുൾ ആക്കുന്ന അഞ്ചാമത്തെ സവിശേഷത. വീടു പണിയുമ്പോഴും അതിനു ശേഷം കുടുംബാദാലത്തുകളിലൂടെയും അല്ലാതെയും കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ ഇതിന്റെ ഒരു സാക്ഷ്യമാണ്.

ഓലപ്പുരകൾ നാട്ടുകാരൊന്നിച്ചു കെട്ടിമേഞ്ഞിരുന്ന കാലത്തെ ഒരുമയുടെ കരുത്തും പെരുമയും നന്മയും വീണ്ടെടുക്കുകകൂടിയാണ് നാം ഇതിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറയുന്നു. “ഈ പദ്ധതി തുടങ്ങുമ്പോൾത്തന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടൊക്കെ പറഞ്ഞിരുന്നത്  ഇത് നാടിന്റെ ഒരു ഭാഗമാക്കണം, നാട് ഇതിന്റെ ഭാഗമായി മാറണം എന്നാണ്. ഇത്രയും കാലം പൂർത്തിയാക്കാൻ കഴിയാതെയിരുന്ന ഒരു വീട്. അതു പൂർത്തിയാക്കാൻ നമ്മൾ ചില സഹായങ്ങൾ ചെയ്യേണ്ടതായി വരും. അതു ചെയ്യാൻ നാം തയ്യാറാകണം.” ആ നിലപാട് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ. അങ്ങനെ ധാരാളം സഹായം നമുക്കു ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫിന്റെ ആറാമത്തെ സവിശേഷത പദ്ധതിനിർവഹണത്തിൽ എല്ലാ തലത്തിലും പുലരുന്ന  ഉടമസ്ഥതാബോധമാണ്. ലൈഫ് മിഷന്റെ ചുക്കാൻ പിടിക്കുന്ന അതിന്റെ സി.ഇ.ഒ. യു.വി. ജോസിന്റെ വാക്കുകൾതന്നെ മികച്ച സാക്ഷ്യം: “ലൈഫ് വീടുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവരും ഈ പദ്ധതി അവരുടെ സ്വന്തമാണ് എന്ന തോന്നലോടെയാണു പ്രവർത്തിച്ചത്. വാർഡംഗം മുതൽ മുഖ്യമന്ത്രിവരെയും നിർവഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ. മുതൽ ചീഫ് സെക്രട്ടറിവരെയും ലൈഫ് പദ്ധതിയെ സ്വന്തം പദ്ധതിയായി കണക്കാക്കി പ്രവർത്തിച്ചു. പദ്ധതിയുടെ വിജയത്തിന്റെ പ്രധാന കാരണവും അതുതന്നെയാണ്.”


ഇവിടെയും അവസാനിക്കുന്നില്ല ലൈഫിന്റെ പുതുമകൾ. വീടുകളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പുരുഷമേധാവിത്വം ഈ പദ്ധതി അവസാനിപ്പിച്ചു. അത് വീട്ടമ്മമാർക്കാക്കി മാറ്റി. ലൈഫിലൂടെ പണം കൊടുക്കുന്നതും വീടു രജിസ്റ്റർ ചെയ്തു കൊടുക്കുന്നതും വീട്ടമ്മമാരുടെ പേരിലാണ്. “പദ്ധതിയുടെ വിജയത്തിന് ഇത് വളരെ സഹായിച്ചുവെന്നതിനു സംശയവുമില്ല.” യു.വി. ജോസ് വ്യക്തമാക്കുന്നു. ഇതും സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു നല്ലൊരു അടിത്തറയാണ്.

ലക്ഷംവീട് പദ്ധതിയിൽ പറ്റിയതുപോലെ വീടു കിട്ടിയവർ പൊതുസമൂഹത്തിന് അരികിലായിപ്പോകാതിരിക്കാനും അത്തരം കുടുംബങ്ങളെ വിവേചനത്തോടെ നോക്കിക്കണ്ടതുപോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനുമുള്ള ജാഗ്രതയും ലൈഫിൽ പുലർത്തിയിട്ടുണ്ട്. “ആ സാഹചര്യം ലൈഫിന്റെ കാര്യത്തിൽ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ലൈഫിനെ ബ്രാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.” യു.വി. ജോസ് പറയുന്നു. അതെ, അന്തേവാസികളുടെ അന്തസ്സുതന്നെയാണ് ഈ പദ്ധതിയിലുടനീളം ഇടതുപക്ഷസർക്കാർ ഉയർത്തിപ്പിടിക്കുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുകയാണ് നിസ്വവർഗ്ഗത്തിന്റെ പാർട്ടിയും മുന്നണിയും.


നിറവേറ്റലിന്റെ തങ്കത്തിളക്കം

വളരെ ശാസ്ത്രീയമായി അസൂത്രണം ചെയ്ത പദ്ധതിയാണു ലൈഫ്. മൂന്നു ഘട്ടങ്ങളായാണ് അതു വിഭാവനം ചെയ്തത്.  ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ പണിതീരാതെ തോരാക്കണ്ണീരായി കിടന്ന വീടുകൾക്കായിരുന്നു ആദ്യപരിഗണന. ഈ സർക്കാർ വരുന്നതിനു മുമ്പത്തെ മൂന്നു സർക്കാരുകളുടെ കാലത്ത് - 2000-01 മുതൽ 2015-16 വരെ – വിവിധപദ്ധതികളിൽ അനുവദിച്ച, പൂർത്തിയാകാതെ കിടക്കുന്ന 54,173 വീടുകൾ ഉണ്ടെന്നു കണ്ടെത്തി. അവ പൂർത്തീകരിക്കുകയായിരുന്നു ഒന്നാംഘട്ടം. ഇതിൽ 52,056 വീടുകൾ ഇതിനകം പൂർത്തീകരിച്ചു - 96.09%. നേരത്തേ എത്ര പണം അനുവദിച്ചു എന്നതു നോക്കാതെ, ഓരോ വീടും പൂർത്തിയാക്കാൻ എത്ര പണം വേണമെന്നു നോക്കി അതു ലഭ്യമാക്കിയാണു പണി നടത്തിയത്. ഇതിനായി സംസ്ഥാനസർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്. ഇതിൽ കേന്ദ്രവിഹിതമൊന്നും ഇല്ല.

ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിതഭവനരഹിതരുടെ പുനരധിവാസവുമാണു ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതരിൽ അർഹരായി കണ്ടത് 1,00,460 കുടുംബങ്ങളെയാണ്. ഇവരിൽ 92,213 പേർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി കരാർ വച്ചു. ഇവർക്കാണു ലൈഫ് വീട്. അതിൽ 75,853 (82.26%) വീടു പൂർത്തിയാക്കി. അതത്രയും പൂർണ്ണമായി ലൈഫ് വീടുകളാണ്.

ഇതിനുപുറമെ പി.എം.എ.വൈ. ഫണ്ടുപയോഗിച്ചും ലൈഫിൽ വീടു നിർമ്മിച്ചു. ലൈഫ്-പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 77,543 കുടുംബങ്ങൾ കരാർ വയ്ക്കുകയും അതിൽ 48,446 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. അതുപോലെതന്നെ ലൈഫ്-പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കൾ കരാർ വയ്ക്കുകയും 16,674 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ഇവയിൽ കേന്ദ്രവിഹിതം നേരത്തേ പറഞ്ഞതുപോലെ ഗ്രാമത്തിൽ 72,000 രൂപയാണ്. ബാക്കി 3,28,000 രൂപയും സംസ്ഥാനമാണു മുടക്കുന്നത്. നഗരത്തിലെ വീടിനു കേന്ദ്രവിഹിതം ഒന്നരലക്ഷവും സംസ്ഥാനം നല്കുന്നത് 2,50,000 രൂപയും. സംസ്ഥാനവിഹിതത്തിൽ ഒരു ഭാഗം തദ്ദേശഭരണസ്ഥപനങ്ങളുടെ വിഹിതമായാണു നല്കുന്നത്.

ഇതിനു ചെലവായ 670 കോടി രൂപയും സംസ്ഥാനത്തിന്റേതാണ്. ലൈഫ് രണ്ടാം ഘട്ടത്തിനു നല്കിയ 5,851.23 കോടി രൂപയടക്കം 6551.23 രൂപയാണ് സംസ്ഥാനസർക്കാർ ഇതുവരെ വിനിയോഗിച്ചത്. ഇതിൽ 612.60 കോടി രൂപ ലൈഫ് – പി.എം.എ.വൈ.(റൂറൽ)നും 2,263.63 കോടി രൂപ ലൈഫ് – പി.എം.എ.വൈ.(അർബൻ)നും ചെലവഴിച്ചതാണ്.

ഇതിനൊപ്പം മറ്റു വകുപ്പുകളുടെ ഭവനനിർമ്മാണ പദ്ധതികളും പുരോഗമിച്ചു. പട്ടികജാതിവകുപ്പിനു കീഴിൽ 18,974-ഉം പട്ടികവർഗ്ഗവകുപ്പിനു കീഴിൽ 1208-ഉം വീടു പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പു നിർമ്മിച്ചത് 3,725 വീട്. എല്ലാം‌കൂടി ഈ സർക്കാർ നാലുകൊല്ലത്തിനകം‌തന്നെ പൂർത്തിയാക്കിയത് 2,17,292 വീടുകളാണ്. ഒന്നും രണ്ടും ഘട്ടങ്ങളിലെ ശേഷിച്ച വീടുകളും ദിവസങ്ങൾക്കകം പൂർത്തിയാകും.

ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചും‌മറ്റും തർക്കമുള്ളവ മാത്രമാണു പൂർത്തിയാകാതെ ശേഷിക്കുക. ഇവയിൽ പരിഹരിക്കാവുന്നവയൊക്കെ സർക്കാർതന്നെ മുൻകൈ എടുത്തു പരിഹരിച്ചിട്ടുണ്ട്. ആ ശ്രമം തുടരുകയുമാണ്.

വീണ്ടും വഴികാട്ടി കേരളം

ഇനിയുള്ള ഒരു വർഷം ഭൂമിയും വീടും ഇല്ലാത്തവർക്കുള്ള ലൈഫ് മൂന്നാംഘട്ടമാണ്. ഇതിൽ 1,06,925 കുടുംബങ്ങളെ അർഹരായി കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണു നിർമ്മിക്കുന്നത്. മൂന്നെണ്ണം പൂർത്തിയാക്കി കുടുംബങ്ങൾക്കു കൈമാറിക്കഴിഞ്ഞു. അടിമാലിയിൽ 210 കുടുംബങ്ങൾക്കു താമസിക്കാവുന്ന ഭവനസമുച്ചയത്തിൽ 163 എണ്ണം ആ ഗ്രാമപ്പഞ്ചായത്തിലെ ആകെ അർഹരായി കണ്ട ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കു നല്കി. അങ്കമാലിയിൽ 12 കുടുംബങ്ങൾക്കായുള്ള ഭവനസമുച്ചയവും കൈമാറി. കോഴിക്കോട്ട് സ്പോൺസർഷിപ്പോടുകൂടി 140 ഫ്ലാറ്റുകളും പൂർത്തിയായി. മൂന്നാം ഘട്ടത്തിൽ ആകെ പണിതീർന്നത് 362 പാർപ്പിടം.

വിവിധ ജില്ലകളിലായി 12 സമുച്ചയങ്ങളുടെ നിർമാണം നടന്നുവരുന്നു. ഭൂരഹിതഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ഈ സർക്കാരിന്റെ കാലത്തുതന്നെ വീടു നല്കാൻ കഴിയുമാറാണു പ്രവർത്തനം പുരോഗമിക്കുന്നതെന്ന് തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

സർക്കാർ ആദ്യവർഷം കണക്കെടുത്തശേഷം പല കുടുംബങ്ങളിലും മക്കൾ വിവാഹം കഴിക്കുകയും കുടുംബം വീതം‌വച്ചു മാറുകയും സ്വന്തമായി റേഷൻ കാർഡു കരസ്ഥമാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇവർക്കും പാർപ്പിടം വേണം. ഇങ്ങനെയുള്ളവരുടെ കണക്കും സർക്കാർ തയ്യാറാക്കാൻ പോകുകയാണ്. ഇവർക്കു പാർപ്പിടം ലഭ്യമാക്കാനുള്ള പദ്ധതിയും ഈ സർക്കാർ ആവിഷ്ക്കരിക്കുമെന്ന് രണ്ടുലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിഥിത്തൊഴിലാളികൾക്കുപോലും കെട്ടിടസമുച്ചയം നിർമ്മിച്ച് അന്തസായ താമസം ഉറപ്പാക്കിയ എൽ.ഡി.എഫ്. സർക്കാരിന് ഇതും അസാദ്ധ്യമൊന്നുമല്ല. അഥവ, എൽ.ഡി.എഫ്. സർക്കാരിനേ ഇതൊക്കെ സാധിക്കൂ. 

Sunday 1 March 2020

ഊരാളുങ്കൽ കൂട്ടായ്മ


ഊരാളുങ്കൽ കൂട്ടായ്മ


[ഇതൊരു വിസ്മയകഥയാ‍ണ്. അവസാനഖണ്ഡികവരെയും കേട്ടുകേഴ്വിയില്ലാത്ത കൗതുകങ്ങളുടെ കഥകൾ. ഇതിലെ കേന്ദ്രകഥാപാത്രമായ സ്ഥാപനത്തിന് 75 തികഞ്ഞപ്പോൾ ‘സമകാലികമലയാളം വാരിക’യിൽ എഴുതിയതാണീ കഥ. അത് 1999-ലാണ്. അത് അങ്ങനെതന്നെ പകർത്തുന്നതിനാൽ ഇതിൽ പരാമർശിക്കുന്ന കാര്യങ്ങളൊക്കെ 21 കൊല്ലം മുമ്പത്തെ - 1999-ലെ - കാര്യങ്ങളാണ് എന്ന് ഓർക്കുക.]


ടക്കുവടക്ക് ഊരാളുങ്കൽ എന്നൊരു ഊരുണ്ട്. അവിടെയാണീ കഥ നടന്നത്. ഒരിക്കൽ ഒരു സന്ന്യാസി അവിടെയെത്തി. പേര് വാഗ്ഭടാനന്ദഗുരു. അദ്ദേഹം അവിടെ ഒരു ആശ്രമം കെട്ടി. ആത്മവിദ്യാസംഘം എന്നൊരു സംഘടനയും ഉണ്ടാക്കി. സ്നേഹം കൊടുത്ത് അദ്ദേഹം അവിടുത്തെ ജനങ്ങളുടെയെല്ലാം സ്നേഹം വാങ്ങി. സ്വാമി ചൊല്ലിക്കൊടുത്ത പ്രാർത്ഥന അവർ ഏറ്റുചൊല്ലി. ഉണരുവിൻ, അഖിലേശ്വരനെ സ്മരിപ്പിൻ... അനീതിയോടെതിർപ്പിൻ...”

ജന്മിക്കുവേണ്ടി എല്ലുമുറിയെ പണിയെടുത്തു നടുവൊടിഞ്ഞ ആ ജനത പ്രാർത്ഥനയുടെ പൊരുൾ തിരിച്ചറിഞ്ഞു. 'അനീതിയോടെതിർപ്പാൻ' അവർ ഉണർന്നെണീറ്റു. ജന്മിയും കൂട്ടാളികളും താണജാതിക്കാരായ അവരെ ഉപദ്രവിക്കാൻ തുടങ്ങി. ജോലി നിഷേധിച്ചു. പഠിത്തം തടഞ്ഞു. കടം കൊടുക്കൽ വിലക്കി. പട്ടിണിക്കിടാൻ പലതരം ഊരുവിലക്കുകൾ ഏർപ്പെടുത്തി. അതിനെയെല്ലാം അതിജീവിക്കാൻ ജനങ്ങൾ സംഘടിച്ചു. പഠിപ്പു മുടങ്ങിയവരെ പഠിപ്പിക്കാൻ അവർ ഒരു പള്ളിക്കുടം തുടങ്ങി. പരസ്പരം സഹായിക്കാൻ ഒരു ഐക്യനാണയസംഘം ഉണ്ടാക്കി. ജോലി പോയവർക്കെല്ലാം ജോലി നൽകാൻ കൂലിവേലക്കാരുടെ ഒരു ഐക്യസംഘവും.

ആദ്യം ഏറ്റെടുത്ത 915 രൂപയുടെ കരാർപ്പണിയിൽനിന്നു 12 രൂപ ഒരണ ലാഭമുണ്ടാക്കിക്കൊണ്ടു വിജയങ്ങളുടെ വഴിയിലേക്കു ചുവടുവച്ച ഊരാളുങ്കൽ കൂലിവേലക്കാരുടെ ഐക്യസംഘം ഈ ഫെബ്രുവരി 14-ന് (ഇത് എഴുതിയ 1999-ൽ) എഴുപത്തഞ്ചാം വയസ്സിലേക്കു കടന്നു. അവിരാമം തുടരുന്ന ആ ജൈത്രയാത്ര ഒരു വിശ്വോത്തരേതിഹാസമാകുന്നു.

എല്ലാം മുത്തശ്ശിക്കഥ പോലെ

കാരക്കാട് എന്നായിരുന്നു ഊരാളുങ്കലിന്റെ പഴയ പേര്. കോഴിക്കോടു ജില്ലയിൽ വടകരയ്ക്കു വടക്ക് നാഷണൽ ഹൈവേ 17-ന് ഓരത്തു നാദാപുരം  റോഡിലാണ് അധികം അറിയപ്പെടാത്ത ഈ ഗ്രാമം, അന്ധവിശ്വാസവും അനാചാരവും ജാതിമേധാവിത്വവും ഇരുളാഴ്ത്തിനിന്ന അവിടേയ്ക്ക് കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന വാഗ്ഭടാനന്ദൻ കടന്നുവന്നതും ആത്മവിദ്യാസംഘം സ്ഥാപിച്ചതും 1917-ലായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യനാളുകളിലെ നവോത്ഥാനത്തിന്റെ ഊരാളുങ്കലിലെ അവതാരമായിരുന്നു അദ്ദേഹം. അവിടത്തെ കീഴാളരായ തീയ്യർ ആത്മവിദ്യാസംഘത്തിൽ അണിചേരുന്നതുകണ്ടു വിറളിപിടിച്ച പ്രമാണിത്തത്തെ പ്രതിരോധിച്ച സംഘശക്തിയുടെ മഹത്തായ പാരമ്പര്യമാണ് ഈ നാടിന്റെയും ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും ഉൾത്തുടിപ്പ്.


(ചുവടെ ഉള്ള ലഘുകുറിപ്പിനുശേഷം തുടർന്നു വായിക്കാം.)

******************************

[നാലുകൊല്ലം‌കൂടി കഴിയുമ്പോൾ - 2024-ൽ - ഈ സ്ഥാപനത്തിനു നൂറു വയസ്സാകും. ഇതിൽ ആദ്യകാലത്തെ കഥപറയുന്ന പ്രായം‌ചെന്ന പലരും ഇന്നില്ല. ഇത് എഴുതിയശേഷമുള്ള 21 വർഷത്തിനുള്ളിൽ ഈ സ്ഥാപനത്തിന്റെ ആസ്തിയും ലാഭവും അടക്കമുള്ള സ്ഥിതിവിവരമെല്ലാം പതിന്മടങ്ങായി മാറിയിട്ടുണ്ട്. നിർവ്വഹിച്ച പ്രധാനപ്രവൃത്തികളും ആഗോളതലത്തിലടക്കം കിട്ടിയ അംഗീകാരങ്ങളുമൊക്കെ ഇന്ന് ഇതിൽ പറയുന്നതിലും പലമടങ്ങ് ഉന്നതങ്ങളാണ്. അവയൊക്കെ ഉൾപ്പെടുത്തി നവീകരിച്ച കഥ വൈകാതെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം.]

റിപ്പോർട്ട്

ഊരാളുങ്കൽ കൂട്ടായ്മ

1999 ൽ വികസനോന്മുഖറിപ്പോർട്ടിങ്ങിനുള്ള സംസ്ഥാനസർക്കാർ അവാർഡ് നേടിയ റിപ്പോർട്ട്

മനോജ് കെ. പുതിയവിള

അദ്ധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഈ ജൈത്രയാത്ര ഒരു വിശ്വോത്തരേതിഹാസമാണ്. തൊഴിലാളിതന്നെ അമരക്കാരനും കരാറുകാരനുമൊക്കെയാകുന്ന ഊരാളുങ്കൽ തൊഴിൽക്കരാർ സംഘത്തിന്റെ ആസ്തി ഇന്ന് *(ഇതെഴുതിയ 1999-ൽ) പത്തുകോടി രൂപയാണ്. 

****************************




(റിപ്പോർട്ട് തുടർന്നു വായിക്കാം...)


ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന ഈ സ്ഥാപനത്തിന് ഇന്ന് *(1999-ൽ) എട്ടുകോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. രണ്ടരക്കോടിരൂപ പ്രവർത്തനമൂലധനമുള്ള ഇവരുടെ 97-98-ലെ വാർഷികടേണോവറും ഏതാണ്ട് അത്രതന്നെ – 2‌‌.45 കോടി രൂപ! (ഇന്ന് പ്രതിവർഷടേണോവർ 2000 കോടി രൂപയാണ്.) പാലങ്ങളും ആശുപത്രിക്കെട്ടിടങ്ങളും സ്കൂളുമൊക്കെ പണിതീർത്ത് ഉദ്ഘാടനം ചെയ്യുംമുമ്പ് പൊളിഞ്ഞു വീണുതുടങ്ങുന്ന നമ്മുടെ നാട്ടിൽ കരാറുകാർക്ക് ഒരിക്കലും ഉറപ്പു നൽകാനാവാത്ത അസാധാരണഗുണമേന്മയും സമയക്കൃത്യതയും പാലിക്കുന്ന ഇവരാണ് ഹൈവേകളടക്കം തെക്കേയിൻഡ്യയിലെ പ്രധാനപ്പെട്ട പല നിർമ്മാണജോലികളും ഏറ്റെടുത്തു നടത്തുന്നത്.

725 തൊഴിലാളികൾക്കു വർഷത്തിൽ എല്ലാദിവസവും ജോലി നൽകുന്ന ഈ സംഘം ഒറ്റ ദിവസം കൂലിയായി നൽകുന്നതുതന്നെ ഒരു ലക്ഷത്തോളം രൂപയാണ്. പുറമെ ബോണസും പ്രോവിഡന്റ് ഫണ്ടും ഇൻഷുറൻസും അടക്കമുള്ള ആനുകൂല്യങ്ങളും. മുക്കാൽ നൂറ്റാണ്ടിനിടെ ഒരു സാമ്പത്തികതിരിമറിയും ഇവിടെ നടന്നിട്ടില്ല. ചെയർമാൻ അടക്കം ഡയറക്ടർ ബോർഡംഗങ്ങൾ എല്ലാവരും സംഘത്തിലെ ദിവസക്കൂലിക്കാർ. കക്ഷിരാഷ്ട്രീയത്തിനു കളിക്കാനും കൈയിട്ടുവാരാനും ഇതുവരെ അവസരം നല്കാത്തതുതന്നെ ഈ വിജയത്തിന്റെ രഹസ്യവും. 

പിറന്നാളും ജൂബിലിയുമൊന്നും ആഘോഷിക്കാത്ത, പബ്ലിസിറ്റിയിൽ താല്പര്യമില്ലാത്ത ഈ ഗ്രാമീണക്കൂട്ടം ഇവിടുത്തെ ജീവിതത്തിന്റെ ഉപ്പും തുടിപ്പുമാണ്. ഒട്ടേറെ സവിശേഷതകളുമായി വിജയകരമായി പ്രവർത്തിക്കുന്ന ഈ തൊഴിൽക്കരാർ സഹകരണസംഘം ലോകത്തിനാകെ മാതൃകയാണ്, വിസ്മയമാണ്.

പതിനാലുപേർ ചേർന്നാണ് സംഘം രൂപവത്കരിക്കാൻ തീരുമാനിച്ചത്; 1925 ഫെബ്രുവരി 14-ന് ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കളെ പ്രസിഡന്റായും തെരഞ്ഞെടുത്തു. നാലണവീതം ആയിരുന്നു ഷെയർ. അങ്ങനെ 1912-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 11 നമ്പർ ഒമ്പതാം വകുപ്പുപ്രകാരം സംഘം രജിസ്റ്റർ ചെയ്തു. രജിസ്റ്റർ നമ്പർ: ഒന്ന്. പ്രവർത്തനമേഖല പഴയ മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ല. ഫെബ്രുവരി 15-നു തന്നെ സംഘം ആദ്യത്തെ കരാർപ്പണി ഏറ്റെടുത്തു പ്രവർത്തനം തുടങ്ങുകയും ചെയ്തു. 



മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള നിർമ്മാണങ്ങളാണ് ഏറ്റെടുത്തിരുന്നത്. പിന്നീടാണു പൊതുമരാമത്തുവകുപ്പിന്റെ ജോലികൾ ഏറ്റെടുത്തു തുടങ്ങിയത്. ചോമ്പാൽ, കല്ലിന്റവിട, മാടക്കര, കണ്ണൂക്കര കടപ്പുറങ്ങളിൽ മീൻ ഉണക്കുകയും സൂക്ഷിക്കുകയും സംസ്കരിക്കുകയുമൊക്കെ ചെയ്യുന്ന ചാപ്പകളുടെ നിർമ്മാണമായിരുന്നു ആദ്യമൊക്കെ. പിന്നീടു പൊതുക്കിണറു കുഴിക്കലായി; ചെറു റോഡുകളായി; അങ്ങനെയാണു വളർന്നത്.” ഒഞ്ചിയം പഞ്ചായത്തു പ്രസിഡന്റ് വി. ബാലകൃഷ്ണൻ പഴയ നാളുകളിലേക്കു വഴികാട്ടി.

എങ്ങനെയും പണി തീർക്കുകയാണു ലക്ഷ്യം. സമയക്കണക്കൊന്നുമില്ല. പണി, പണി - ഒറ്റ ശ്രദ്ധയേയുള്ളൂ. നല്ല ചുമടെടുക്കും. പത്തും ഇരുപതും കിലോമീറ്റർ നടന്ന് പുലർച്ചെ ആറുമണിക്കു സൈറ്റിലെത്തും.” ഇപ്പോൾ ഡയറക്ടർമാരിൽ ഒരാളായ 67 കഴിഞ്ഞ എസ്. കുമാരൻ താൻ ജോലിക്കുചേർന്ന കാലം ഒർക്കുകയാണ്. കുഴിക്കലും കോരലും കൊടുക്കലും ഒക്കെ ചെയ്തിട്ടുണ്ട്. പിന്നെ ലീഡർപ്പണിയും ചെയ്തു.” ലീഡർപ്പണി എന്നുവച്ചാൽ പണിസ്ഥലത്തെ നേതൃത്വവും കൂലികൊടുപ്പും സാധനങ്ങൾ വാങ്ങലും ഒക്കെയാണ്. പണിസ്ഥലത്തിന്റെ എണ്ണമനുസരിച്ചു ലീഡർമാർ എട്ടുപത്തു പേരുണ്ടാവും. ലീഡർമാർ മറ്റുള്ളവരോടൊപ്പം ജോലികൾ ചെയ്യുകയും ചെയ്യും. പ്രായാധിക്യം വകവയ്ക്കാതെ അഞ്ചുകൊല്ലം മൂമ്പുവരെ കുമാരൻ ജോലി ചെയ്തിരുന്നു.

ആദ്യകാലത്തു ചെയ്ത വലിയ ജോലികൾ കുമാരൻ ഓർക്കുന്നു. 1962-ൽ കന്യാടു പാലത്തിന് അപ്രോച്ചുറോഡ് പണിതത്, 65-ൽ വേങ്ങരത്തോടുപാലം തീർത്തത്, 68-ൽ മടപ്പള്ളി കോളേജിന് ആദ്യകെട്ടിടം പണിതത്. പിന്നെ വടകര റസ്റ്റ്ഹൗസ്, ബസ് സ്റ്റാൻഡ്, മത്സ്യമാർക്കറ്റ്, ഗവൺമെന്റ് ആശുപത്രി ഒ.പി.വാർഡ്, പാലക്കാട് ബി.ടി.സി, ഓർക്കാട്ടിരി കളിയാമ്പള്ളിപ്പാലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി പാലങ്ങളും റോഡുകളും... അങ്ങനെ പലതും. അങ്ങു മൈസൂർ അതിർത്തിയിൽ വരെ പോയിട്ടുണ്ട്. പുളിങ്ങോം - ചെറുപുഴ റോഡ് ടാറു ചെയ്തത് അവിടെ താമസിച്ചാണ്. വാടക സംഘം കൊടുക്കും. രാത്രി ഭക്ഷണവും സംഘം തരും.”

ഭക്ഷണത്തിലെ കൂട്ടായ്മ ഇന്നും വിട്ടിട്ടില്ല. പണിസ്ഥലത്ത് നാലുനേരവും ഭക്ഷണം ഒന്നിച്ചു പാചകം ചെയ്യും. രാവിലെ കഞ്ഞി, പതിനൊന്നിനു ചായ, ഉച്ചയ്ക്കു ചോറ്, നാലിനു വീണ്ടും ചായ, കഴിക്കുന്നവർ ചെലവു തുല്യമായി വീതിക്കും. ഒരാൾക്കു പതിനൊന്നു രൂപയാകും. പാത്രം, പാചകക്കൂലി എല്ലാം സംഘം നൽകും. മുളകും മല്ലീം ഒക്കെ കല്ലിൽ അരച്ചുതന്നെ എടുക്കും, ഒന്നും പൊടി വാങ്ങാറില്ല.” ഒരു കൊല്ലം സംഘത്തിന്റെ പ്രസിഡന്റുകൂടിയായിരുന്ന ഡയറക്ടർ പി.കെ. ബാലകൃഷ്ണൻ പറയുന്നു.



തിരുവള്ളൂരിനടുത്തു കന്നിമടയിൽ തോടിനക്കരേയ്ക്കു കൈവണ്ടി തോളിലെടുത്തു കടത്തിയിട്ടുണ്ട്, നിറയെ ചരക്കുമായി! ആ പ്രദേശത്ത് ആദ്യം ലോറിയിറക്കുന്നതു സംഘമാണ്. 62-ൽ തെങ്ങുവെട്ടി പാലം കെട്ടി. ലോറി കാണാൻ അന്നു സ്കൂളിൽനിന്നു കുട്ടികളെ കൊണ്ടുവന്നിരുന്നു.” പഴയ തലമുറയുടെ ഓർമ്മകളിൽ പൂത്തിരി കത്തിയ എത്ര അനുഭവങ്ങൾ. കൂട്ടത്തിൽ മറക്കാനാവാത്ത ഒരു ദുരന്തവും.

അന്നു ലീഡറായിരുന്ന കുമാരന്റെ വാക്കുകൾ. 69 ഒക്റ്റോബറിലാണത്. പഴയ കണ്ണൂർ-കോഴിക്കോട് സി.സി.റോഡ്. ഇന്നത്തെ നാഷണൽ ഹൈവേ 17. തോട്ടടയിൽ ടാർപണി ചെയ്യുന്നതിനിടെ പാഞ്ഞുവന്ന ബസ്സുകയറി ഒരു തൊഴിലാളി മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. അവരെ ബസ്സിൽത്തന്നെ ആശുപത്രിയിലാക്കി. നാട്ടുകാരനായിരുന്ന ഡ്രൈവറെ ചിലർ ഇടയ്ക്കൊന്നു പെരുമാറി. പിറ്റേന്നു നാട്ടുകാർ സംഘടിച്ചു. പണിയെടുപ്പിക്കില്ലെന്നായി. അന്നു പ്രസിഡന്റ് പാലയിൽ കണാരൻ ആയിരുന്നു. അദ്ദേഹം ഊരാളുങ്കൽ നിന്ന് ആളെക്കൂട്ടി ലോറിയിൽ കൊണ്ടുവന്നിറക്കി തന്റേടത്തോടെ ജോലി ചെയ്തുതീർത്തു.”

അന്നത്തെ പ്രസിഡന്റിന്റെ മകനാണ് ഇന്നത്തെ പ്രസിഡന്റ് പി. രമേശൻ. അച്ഛനെ കാണാതെയാണു താൻ ബാല്യവും കൗമാരവുമെല്ലാം കടന്നതെന്നു രമേശൻ ഓർക്കുന്നു. പുലരും‌മുമ്പേ പോയിട്ടുണ്ടാകും. എത്തുന്നത് ഞങ്ങളെല്ലാം ഉറങ്ങിക്കഴിഞ്ഞ് രാത്രി 12-നും ഒന്നിനും. അന്ന് ഇതുപോലെ സ്റ്റാഫൊന്നുമില്ല സംഘത്തിന്.”
ആ വീറും ഉത്സാഹവും ഇന്നും തൊഴിലാളികൾക്കു കൈമോശം വന്നിട്ടില്ല. 1984-ൽ മടപ്പള്ളി കോളേജിൽ ഇന്ദിരാഗാന്ധി വന്നപ്പോൾ ഹെലിപ്പാഡും 600 മീറ്റർ റോഡും ഇവർ 24 മണിക്കൂർകൊണ്ടാണു പണിതത്! റോഡ് ടാറും ഇട്ടും. പ്രത്യേക പ്രശംസ നേടിയ ഉത്സാഹം നമ്മുടെ പൊതുമരാമത്തു വകുപ്പിനു സ്വപ്നം കാണണമെങ്കിൽ നൂറുജന്മം ഇനിയും ജനിക്കണം.  

അതുകൊണ്ടെന്താ, ഈ ജില്ലയിൽ എവിടെയെങ്കിലും വല്ല റോഡും തകരാറിലായാൽ ജനങ്ങൾ വിളിച്ചു പറയുന്നതു പിഡബ്ല്യുഡി ഓഫീസിലല്ല, സൊസൈറ്റിയിലാണ്. ഞങ്ങൾതന്നെ റോഡു നന്നാക്കിയിട്ടു പിഡബ്ല്യുഡിയോടു പറയുന്ന സ്ഥിതിപോലുമുണ്ട്.” പി.കെ. ബാലകൃഷ്ണൻ അഭിമാനപൂർവ്വം പറയുന്നു.

ലേബർ കോൺട്രാക്ട് സൊസൈറ്റി പലയിടത്തുമുണ്ട്. മിക്കവരും പണിയേറ്റെടുത്തു കോൺട്രാക്ടർമാരെ ഏല്പിക്കുകയാണ്. കോഴിക്കോടു ജില്ലയിൽ തന്നെയുണ്ട് ഇത്തരം പത്തുപന്ത്രണ്ടെണ്ണം. പക്ഷേ അഭിമാനം തിളയ്ക്കുന്ന ഇത്തരമൊരു പ്രവർത്തനശൈലിയും ജനസമ്മതിയും ഊരാളുങ്കൽ സൊസൈറ്റിക്കു മാത്രമേയുള്ളു. അതിനുകാരണം അതിന്റെ പൈതൃകമായ ഒരുപിടി സവിശേഷതകളാണ്.

വിസ്മയം ഈ തനിമകൾ

അരയിഞ്ചു മെറ്റൽ പൊട്ടിച്ചുകൊണ്ടാവണം സംഘത്തിൽ ചേരാൻവരുന്ന ഏതാളും ജോലി തുടങ്ങാൻ. ഏറ്റവും മെനക്കെട്ട പണിയാണത്. പിന്നെ ഒരിഞ്ചു മെറ്റലിലേക്കു പ്രമോഷൻ. പ്രാരംഭപരിശീലനം കഴിഞ്ഞശേഷമേ അംഗത്വം ഉള്ളൂ. ചേർന്നാൽ ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ജോലിയിൽ തുടരാം. ആത്മാർത്ഥതയും കഴിവുമുള്ളവർക്കു സ്ഥാനക്കയറ്റം വഴി ലീഡറും സൂപ്പർവൈസറും വരെയാകാം. തൊഴിലാളികളുടെയൊക്കെ അംഗീകാരം നേടിയാൽ ഡയറക്ടർ ബോർഡിൽ അംഗവുമാകാം.

ഇതിനിടെ സംഘത്തിന്റെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുകയോ വല്ല സാമ്പത്തികക്കുറ്റങ്ങൾ കാട്ടുകയോ ചെയ്താൽ പിന്നെയും പാറമടയിലേക്കു പോകേണ്ടിവരും. അരയിഞ്ചു മെറ്റലടിക്കലാണു ശിക്ഷ. സെക്രട്ടറിയും മൂന്നുപേരുമടങ്ങുന്ന കമ്മിറ്റി തെളിവെടുപ്പു നടത്തി നോട്ടീസുകൊടുത്ത് ഒക്കെയാണു നടപടി. എല്ലാ മാസവും ചേരുന്ന തൊഴിലാളിസമ്മേളനത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ആരെയും കുറ്റത്തിന്റെ പേരിൽ പിരിച്ചുവിടുകയോ ജോലി നിഷേധിക്കുകയോ ഒന്നും ഇവിടെ ചെയ്യാറില്ല.” 



കുറ്റം വലുതായാലും ചെറുതായാലും. തെറ്റു ചെയ്തതു ദിവസക്കൂലിക്കാരനായാലും പ്രസിഡന്റായാലും ശിക്ഷ കൃത്യമാണ്. അച്ചടക്കം - അതാണു സംഘത്തിന്റെ നിലനില്പിന്റെ അടിത്തറ”- രമേശൻ വിശദീകരിക്കുന്നു.
എന്തൊക്കെയാണു സാധാരണകുറ്റങ്ങൾ?
സ്വഭാവദൂഷ്യം, മദ്യപിച്ചു വഴക്കുണ്ടാക്കൽ ഒക്കെയേയുള്ളു. അതൊന്നും പാടില്ലെന്നാണു സംഘത്തിന്റെ ചട്ടം. ഇത്തരം പരാതിതന്നെ അത്യപൂർവ്വമേ ഉണ്ടാകാറുള്ളൂ.” കേട്ടാൽ ഒരുപക്ഷേ വിശ്വാസമാവില്ല. പക്ഷേ ദിവസവും ജോലി കഴിഞ്ഞു രാത്രി വൈകുവോളം യോഗവും കൂടി പിരിയുന്ന ഇവിടുത്തുകാർക്ക് മദ്യപിക്കാൻ പോയിട്ട് മദ്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടാറില്ല എന്നതാണു സത്യം. ഊരാളുങ്കൽ ഗ്രാമത്തിലെ നാന്നൂറ്റമ്പതോളം കുടുംബങ്ങളിൽ മുന്നൂറിൽപ്പരം കുടുംബവും സംഘത്തെ ആശ്രയിച്ചാണു ജീവിക്കുന്നത്. എന്നുവച്ചാൽ, ഈ ഗ്രാമം ഏതാണ്ടു പൂർണ്ണമായിത്തന്നെ ‘മാന്യമായ ഒരു പെരുമാറ്റച്ചട്ടം’ പാലിക്കുന്നു എന്ന്. സംഘം വഴിതെറ്റാതിരിക്കാൻ കുഴപ്പക്കാർക്ക് അംഗത്വം കൊടുക്കാറുമില്ല.
അപ്പോൾ അഴിമതി?
അതു തീരെയില്ല. അതുണ്ടാവില്ലെന്ന് ഉറപ്പുള്ളവരെയേ ചുമതലകളിലേക്കു തിരഞ്ഞെടുക്കൂ. കൂലിയും അത്യാവശ്യസാധനങ്ങളുടെ വിലയും ഒക്കെയായി സാമാന്യം നല്ല തുകയുമായാണു ലീഡർമാർ പണിസ്ഥലത്തേക്കു പോകാറ്. അന്നന്നു വൈകിട്ട് അവർ കൃത്യമായ കണക്ക് ഏല്പിക്കും. അതു ഡയറക്ടർമാർ പരിശോധിക്കും. പ്രസിഡന്റും നോക്കും. 25 പൈസയ്ക്കുപോലും വിട്ടുവീഴ്ച ചെയ്യില്ല.

അപ്പോഴേയ്ക്കും തൊഴിലാളികളും എത്തിയിരിക്കും. അന്നത്തെ പണികൾ വിലയിരുത്തും. പിറ്റേന്നത്തെ പണികൾ തീരുമാനിക്കും. ഇത് തീരുമ്പോഴേയ്ക്കും രാത്രി പത്തുമണിയൊക്കെയാകും. മുമ്പൊക്കെ ആഴ്ചയിൽ ഏഴുദിവസവും രാത്രി ഡയറക്ടർ ബോർഡു മീറ്റിങ്ങുണ്ടായിരുന്നു. ഞായറാഴ്ച അവധിയായതുകൊണ്ട് ശനിയാഴ്ച വൈകിട്ടത്തെ യോഗം മാത്രം അടുത്തകാലത്തായി ഒഴിവാക്കിയിട്ടുണ്ട്. പകരം, പണിയില്ലെങ്കിലും ഞായറാഴ്ച യോഗം ചേരും”. സെക്രട്ടറിയടക്കം എല്ലാവരും ഒരു ഓവർടൈം അലവൻസും കൂടാതെ ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുംപോലും പാതിരാവരെ ജോലി ചെയ്യുന്ന അവസ്ഥ! പത്തരയ്ക്കു വരികയും നാലരയ്ക്കു സ്ഥലം വിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഈ നാട്ടിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത കാര്യം.

ഇവിടുത്തുകാർക്ക് ഈ സംഘം ഒരു വികാരമാണ്. ഓരോ തൊഴിലാളിയും താൻ ഇതിന്റെ ഉടമയാണെന്നു വിശ്വസിക്കുന്നു. അവരുടെ അദ്ധ്വാനത്തിന്റെ അംശമാണു സംഘത്തിന്റെ മൂലധനം. 25 രൂപ അംഗത്വഫീസിനു പുറമെ ദിവസവും കൂലിയുടെ 10 ശതമാനം മിച്ചം പിടിച്ചുവച്ച് വർഷാന്ത്യം അതു ഷെയറാക്കി മാറ്റും. ഇങ്ങനെ 20,000 രൂപ വരെ ഷെയറുള്ള തൊഴിലാളികളുണ്ട്. സംഘത്തിനിപ്പോൾ 20 ലക്ഷം രൂപയുടെ ഷെയറാണുള്ളത്. ദിവസവും പണിസ്ഥലത്തുപോയി രാപ്പകൽ പണിയെടുക്കുന്നവരാണ് ഡയറക്ടർ അടക്കമുള്ള ഭരണസമിതിക്കാർ. ഇതും തൊഴിലാളികൾക്കിടയിൽ കൂട്ടായ്മ സൃഷ്ടിക്കുന്നു.

പ്രത്യേകതകളാൽ നിസ്തുലം

പിന്നെയുമുണ്ട് പ്രത്യേകതകൾ. ആണ്ടിൽ രണ്ടുതവണ 1.5 ശതമാനം വീതം ബോണസു നൽകും. ഓണത്തിന് അഞ്ചുമാസത്തെയും വിഷുവിന് ഏഴുമാസത്തെയും. 20 കൊല്ലം സർവ്വീസുള്ളവർക്ക് 10,000 രൂപ ഗ്വാറ്റ്വിറ്റിയും നൽകും. അപകടം പറ്റിയാൽ ഭേദമാകുംവരെ ചികിത്സിപ്പിക്കും. പകുതി കൂലിയും നൽകും. രോഗചികിത്സ, വീടുവയ്പ്, വിവാഹം എല്ലാത്തിനും പലിശയില്ലാതെ അഡ്വാൻസ് നൽകും. കേന്ദ്ര പ്രോവിഡന്റ് ഫണ്ടിൽനിന്നുള്ള പെൻഷനുമുണ്ട്. തുച്ഛമാണെന്നു മാത്രം. 96-97-ൽ പി.എഫ് ഇനത്തിൽ ആറുലക്ഷം രൂപയും ചികിത്സാസഹായമായി ഒരുലക്ഷം രൂപയും സംഘം നൽകി. പിന്നെ നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയുമുണ്ട്. 




“ഇൻഷുറൻസ് പദ്ധതിയും ആലോചനയിലുണ്ട്. 1,000 രൂപ സൊസൈറ്റിയും 1,000 രൂപ വ്യക്തിയും വിഹിതമടയ്ക്കുന്ന ഈ പദ്ധതി വൈകാതെ നടപ്പാക്കാനാവും” - രമേശൻ പറയുന്നു. “വീടുപണിക്കു സംഘാംഗങ്ങളും തങ്ങളാലാവതു സഹായിക്കും; കുറഞ്ഞപക്ഷം ജോലിചെയ്തുകൊടുത്തും പിരിവിട്ടും ഒക്കെ.” നാട്ടിൽ നടക്കുന്ന സാമൂഹികപ്രവർത്തനങ്ങൾക്കൊക്കെ സംഘം ധനസഹായം നൽകാറുണ്ട്. പിന്നെ സംഘത്തിന്റെ സാംസ്കാരിക സമിതി കുട്ടികളുടെ പഠനത്തിലും സഹായിക്കുന്നു. ഇതൊക്കെക്കൊണ്ടുതന്നെ നാളിതുവരെ ഈ സംഘത്തിൽ ഒരു സമരവും ഉണ്ടായിട്ടില്ല.

സാധാരണ പുരുഷതൊഴിലാളിക്കു 125 രൂപയും സ്ത്രീക്ക് 77 രൂപയുമാണു കൂലി. വിദഗ്ദ്ധതൊഴിലാളികൾക്ക് അതനുസരിച്ചു കൂടുതലും. ഡ്രൈവർമാർക്ക് 200 രൂപയും റോളർ, ജെ.സി.ബി ഓപ്പറേറ്റർമാർക്ക് 250 രൂപയും വീതമാണു വേതനം. ഇപ്പോൾ രാത്രിജോലിക്ക് ഓവർടൈം അലവൻസുണ്ട്; കൂലിയുടെ ഇരട്ടി. ഉച്ചയ്ക്കു പന്ത്രണ്ടുമണിവരെ അരപ്പണി, മൂന്നുവരെ മുക്കാൽപ്പണി, അഞ്ചുവരെ മുഴുപ്പണി എന്നിങ്ങനെയുള്ള കണക്കുകളുമുണ്ട്.

ശമ്പളം കൊടുക്കുന്ന രീതിക്കുമുണ്ട് ഊരാളുങ്കൽത്തനിമ. ആഴ്ചക്കണക്കിലാണു ശമ്പളമെങ്കിലും ദിവസം അത്യാവശ്യങ്ങൾക്കായി 15 രൂപ വീതം നല്കും. ബാക്കി ആഴ്ചാവസാനം ഒന്നിച്ചു നല്കും. പിടിത്തങ്ങളെല്ലാം കഴിഞ്ഞു മാസാന്ത്യത്തിൽ കണക്കും തീർക്കും.
ഔദ്യോഗികാവശ്യങ്ങൾക്കു പോകുന്നവർക്കും അലവൻസുണ്ട്. “മുമ്പൊക്കെ യാത്രക്കൂലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ തിരുവനന്തപുരത്തു പോകുന്നതിന് 50 രൂപ ബത്തകൂടി കിട്ടും. അല്ലാതെ, നല്ലൊരു എ.സി മുറിയെടുത്തു താമസിച്ചു കണ്ടമാനം ചെലവാക്കി നടക്കാമെന്നൊന്നും ആഗ്രഹിച്ചാൽ നടക്കില്ല.” 84 മുതൽ 94 വരെ സംഘം പ്രസിഡന്റായിരുന്ന ദാമുവിന്റെ വാക്കുകളിൽ ഉള്ളത് സംഘത്തിന്റെ വിജയരഹസ്യം.

ക്രൈസിസും മാനേജ്‌മെന്റും

ഇതൊക്കെയാണെങ്കിലും ഇടപാടെല്ലാം സർക്കാരുമായി ബന്ധപ്പെട്ടല്ലേ. പൊതുമരാമത്തുവകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഒക്കെ പണികളാണല്ലോ കരാറെടുക്കുന്നത്. അതിന്റേതായ ദുരവസ്ഥയൊക്കെ സംഘത്തിനുമുണ്ട്. അവരെയൊന്നും പിണക്കണ്ട എന്നു കരുതിയാവാം രമേശനും കൂട്ടരും അതേപ്പറ്റി ഒന്നും പറയാൻ കൂട്ടാക്കിയില്ല. “സാധാരണ ഉള്ള കാലതാമസമൊക്കെ ഉണ്ടെന്നേയുള്ളൂ.” എന്നാൽ കോഴിക്കോടു പി.ഡബ്ല്യൂ.ഡി ഓഫീസിൽനിന്ന് അറിഞ്ഞത് സംഘം സമർപ്പിച്ച രണ്ടരക്കോടിയിലേറെ രൂപയുടെ ബില്ലുമാറ്റി പണം കൊടുക്കാനുണ്ടെന്നാണ്.



ഈ ദുരവസ്ഥ കാരണം ദിവസവും കൊച്ചുവെളുപ്പാൻ‌കാലത്തു പ്രസിഡന്റും ഡയറക്ടർമാരും ഇറങ്ങിനടന്നു നാട്ടുകാരിൽനിന്നു ചെറുതും വലുതുമായ തുകകൾ 15 ശതമാനം പലിശയ്ക്കു നിക്ഷേപമായി പിരിച്ചെടുത്താണു കൂലിയടക്കമുള്ള ദൈനംദിന ചെലവുകൾ നടത്തുന്നത്. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾ. അധികവും ഒരുമാസത്തെ നിക്ഷേപം. എല്ലാംകൂടി 75 ലക്ഷംരൂപയുടെ നിക്ഷേപം ഇങ്ങനെ സമാഹരിച്ചിട്ടുണ്ട്. 

‘ക്രൈസിസ് മാനേജ്‌മെന്റ്’ എന്നു രമേശൻ പറയുന്ന ഈ ഏർപ്പാട് പണ്ടുമുതലേ ഒരു തലവേദനയാണ്. നടപ്പുവർഷം അല്പമൊരാശ്വാസമായത് ഉപകരണങ്ങൾ വാങ്ങാനും പൊള്ളയിഷ്ടിക ഫാക്ടറി തുടങ്ങാനുമായി തയ്യാറാക്കിയ ഒന്നരക്കോടി രൂപയുടെ പ്രോജക്ടിൽ 75 ലക്ഷം രൂപ സർക്കാർ‌വിഹിതം കിട്ടിയതാണ്. 15 ലക്ഷം ഗ്രാന്റും 30 ലക്ഷം ഗവൺമെന്റിന്റെ ഷെയറും 30 ലക്ഷം 12 ശതമാനം പലിശയ്ക്കുള്ള വായ്പയും. ഇടതുസർക്കാർ സംഘത്തോട് എന്നും അനുഭാവം കാട്ടാറുണ്ടെന്ന് അംഗങ്ങൾ കൃതജ്ഞതയോടെ ഓർക്കുന്നു.

ജനകീയാസൂത്രണം വന്നതോടെ സംഘത്തിന് ഉത്തരവാദിത്തം ഏറെയായി. ഒഞ്ചിയം, എടച്ചേരി പഞ്ചായത്തുകളിലെ മുഴുവൻ പണിയും സംഘത്തിന്റെ ചുമലിലായി. ചോറോട്, അഴിയൂർ, ഏറാമല, കുന്നുമ്മൽ, കുറ്റ്യാടി, പയ്യോളി പഞ്ചായത്തുകളിലെ ഒരുപിടി പണികളും. റോഡുകളും കെട്ടിടങ്ങളും പട്ടികവിഭാഗക്കാർക്കുള്ള വീടുകളും അടക്കം നിരവധി ജോലികൾ ജില്ലാപഞ്ചായത്തും സംഘത്തെ ഏല്പിച്ചിട്ടുണ്ട്.

“പക്ഷേ, ജനകീയാസൂത്രണത്തിന്റെ പണികൊണ്ടു സംഘത്തിനു ലാഭമില്ല. തൊഴിലാളികൾക്കു ജോലി നല്കാം എന്നുമാത്രം. പിന്നെ ഒരു നല്ല മാറ്റത്തിനായുള്ള പരീക്ഷണമല്ലേ? ലാഭനഷ്ടങ്ങൾ നോക്കാതെ അതു വിജയിപ്പിക്കാൻ ശ്രമിക്കുകയാണ്.” രമേശൻ സംഘത്തിന്റെ ദർശനം അവതരിപ്പിക്കുന്നു. എങ്കിലും പ്രാദേശികാസൂത്രണത്തിന്റെ പാതയിൽ ജനകീയ മരാമത്തുപണികൾക്കുള്ള നല്ല സംവിധാനമാണു തൊഴിൽക്കരാർ സംഘങ്ങളെന്ന് ഇവരുടെ അനുഭവം വ്യക്തമാക്കുന്നു. കൃത്യസമയത്തു പണിതീർത്തു പദ്ധതിപ്പണം നഷ്ടമാകാതെ കാക്കാൻ ഇവരുടെ സേവനം ഏറെ ഉതകി എന്ന് ഒഞ്ചിയം പഞ്ചായത്തു പ്രസിഡന്റ് വി. ബാലകൃഷ്ണന്റെ സാക്ഷ്യംതന്നെ ധാരാളം.

താഴ്മയുടെ അഭ്യുന്നതികൾ

കക്ഷിരാഷ്ട്രീയത്തെ ഇവിടുത്തെ തൊഴിലാളികൾ സംഘത്തിന്റെ കാര്യത്തിൽ ഏഴയലത്ത് അടുപ്പിക്കാറില്ല. ഒഞ്ചിയത്തെ പാർട്ടികൾക്കും ഈ ചട്ടിയിൽ കൈയിട്ടുവാരാൻ താത്പര്യമില്ല. അവർ സംഘത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചിട്ടേയില്ല. ഈ കൂലിവേലസംഘത്തോടൊപ്പം രൂപംകൊണ്ട ഐക്യനാണയസംഘം രാഷ്ട്രീയക്കാർ കൈയടക്കിയതന്റെ ദുരന്തചിത്രം ഊരാളുങ്കൽ സർവീസ് സഹകരണസംഘം എന്ന തലക്കുറിയും പേറി ഇവരുടെ കൺവെട്ടത്തുതന്നെയുണ്ടുതാനും.

സഹനങ്ങളും ത്യാഗങ്ങളും വളമാക്കി വളർത്തിയ പ്രസ്ഥാനണു ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. നാട്ടുകാരുടെ സ്വന്തം. അവർ പൊതുയോഗത്തിനുമുമ്പ് അനൗപചാരികമായി ഒത്തുകൂടും. തികച്ചും അനൗപചാരികമായി അടുത്ത ഭരണസമിതിയെപ്പറ്റി ചർച്ച ചെയ്യും. നോക്കിനടത്താൻ കൊള്ളാവുന്ന ആത്മാർത്ഥതയുള്ളവരുടെ പട്ടിക അവർ ഉണ്ടാക്കും. പിന്നെ പൊതുയോഗത്തിൽ ഇതു പാസ്സാക്കുക എന്നത് ഒരു ചടങ്ങുമാത്രം. ഇന്നത്തെക്കാലത്ത് എവിടെ നടക്കും ഇതൊക്കെ!

തൊഴിലാളികളെക്കാൾ കഷ്ടപ്പെടുന്ന ഭരണസമിതികളായിരുന്നു എന്നും ഇവിടെ. 32 കൊല്ലം നാട്ടുകാർ വിശ്വാസമർപ്പിച്ച പലേരി കണാരൻ മാസ്റ്ററാണ് സംഘത്തിന്റെ ഈ അപൂർവ്വചിട്ടകൾ സ്ഥാപനവത്കരിച്ചതും സംഘത്തെ ഏറെ വളർത്തിയതും. സംഘത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയ കണാരൻ അവിടെവച്ച് സംഘത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടുതന്നെയാണ് അന്ത്യശ്വാസം വലിച്ചതും – 1984 ഒക്റ്റോബർ 12-ന്. 11 കൊല്ലത്തിനുശേഷം ഇപ്പോൾ പ്രസിഡന്റായിരിക്കുന്ന രമേശൻ അദ്ദേഹത്തിന്റെ മകനാണ്.

പി.കെ. ബാലകൃഷ്ണൻ, എം.കെ. ദാമു, കെ.ടി.കെ. സോമൻ, വി.കെ. അനന്തൻ, എസ്. കുമാരൻ, സി. വത്സൻ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങൾ. ആറുകൊല്ലം മുമ്പു പ്രമോഷൻ കിട്ടി സെക്രട്ടറിയായ കെ. നാണുവിനുമുണ്ട് 32 കൊല്ലത്തെ രാപ്പകൽ സേവനത്തിന്റെ കൈമുതൽ. “ഓരോ ദിവസവും വീട്ടിൽ എന്തെല്ലാം പ്രശ്നങ്ങളാണെന്നോ? എന്നാലും എല്ലാവരും കഷ്ടപ്പെടുമ്പോൾ നമ്മളും എല്ലാം ഉപേക്ഷിച്ച് ഒപ്പം ഇരിക്കും.” നാണുവിന്റെ വാക്കുകൾ. സഹായത്തിന് ഓഫീസിൽ ഏഴു ജീവനക്കാർകൂടി ഉണ്ട്- രണ്ടു ഓവർസീയർമാരും ഒരു അക്കൗണ്ടന്റും ഒരു സീനിയർ ക്ലർക്കും രണ്ടു ക്ലർക്കുമാരും ഒരു ഡ്രൈവറും.




ഈ തൊഴിലാളിക്കൂട്ടത്തിന്റെ സമ്പാദ്യം ഇന്നു പത്തുകോടിയിലേറെ രൂപയ്ക്കുണ്ട്. മുള്ളൻകുന്നിൽ ഏഴേക്കർ പാറമട. തൊട്ടടുത്ത് രണ്ടേക്കർ എഴുപതു സെന്റ് തെങ്ങുംപുരയിടം. ഇരിങ്ങൽ കോട്ടയ്ക്കൽ ഹോളോബ്രിക്‌സ് ഫാക്ടറി തുടങ്ങാൻ പോകുന്ന എട്ടേക്കർ പൂഴിപ്പറമ്പ്. ഓഫീസ് കെട്ടിടവും അതു നില്ക്കുന്ന 33 സെന്റും, ഗോഡൗണും അതു നില്ക്കുന്ന 32 സെന്റും. നിർമ്മാണോപകരണങ്ങളിടുന്ന കെട്ടിടവും വ്യപാരസമുച്ചയവും ചേർന്ന ഇരുനിലക്കെട്ടിടം. ചോറോടു പഞ്ചായത്തിൽ മണ്ണെടുക്കാൻ വാങ്ങിയ 28-ഉം 61-ഉം സെന്റു തെങ്ങുംപുരയിടം. 40 സെന്റുള്ള മാടാക്കര പാറമട. എടച്ചേരി പഞ്ചായത്തിലെ 65-ഉം 84-ഉം ഏഴും 24-ഉം സെന്റു വീതമുള്ള നാലു പാറമടകൾ... പലതും ഹൈവേയോരത്ത്.

ഭൂമിയും കെട്ടിടവും മാത്രമല്ല ആസ്തി. അഞ്ചു കോൺക്രീറ്റ് മിക്സർ, രണ്ട് ഹോട്ട് മിക്സ് പ്ലാന്റ്, ഒരു ലോറി, രണ്ടു ടിപ്പർ, ഒരു ജെ.സി.ബി (എസ്കവേറ്റർ), രണ്ട് റോഡ് റോളർ, ഒരു ജീപ്പ്, രണ്ടു ഹോസ, രണ്ടു പെട്ടി ഓട്ടോ... ആസ്തികൾ വളരുകയാണ്. എല്ലാറ്റിലും വലിയ ആസ്തിയായി ആത്മാർത്ഥതയും കെട്ടുറപ്പും നന്മതുളുമ്പുന്ന ഒരുപിടി തനിമകളും. ഈ ആസ്തിസൗഭാഗ്യങ്ങൾക്കായി ദുർമോഹങ്ങൾ കുതന്ത്രങ്ങൾ നെയ്ത് ഈ അപൂർവ്വ അദ്ധ്വാനവിശുദ്ധിയെ വിഴുങ്ങാതിരുന്നെങ്കിൽ...