Sunday 24 October 2021

അഗ്നിഗായകാ വരൂ!

അഗ്നിഗായകാ വരൂ!

വികെ‌എസ് പാടുമ്പോൾ...  

മനോജ് കെ. പുതിയവിള

[ദേശാഭിമാനി വാരികയുടെ 2021 ഒക്റ്റോബർ 24 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]


“ഇടനേരത്തിത്തിരിനേരം

കരിമേഘക്കവിളും കാട്ടി

പിണങ്ങിനില്ക്കണ വാനം
ഇടിവെട്ടിൻ തീത്തുടികൊട്ടി
തുള്ളാട്ടം തുള്ളണ വാനം
ഇടിമിന്നൽ പിപ്പിടികാട്ടി
പേടിപ്പിക്കണ വാനം
മഴയെന്നൊരു പീച്ചാങ്കുഴലാൽ
കുളിരണിയിക്കണ വാനം”
എന്നു വികെഎസ് പാടുമ്പോൾ ആ പിണക്കവും പേടിയും കുളിരുമൊക്കെ സദസ്സിൽ കുട്ടികളുടെ മുഖത്തു കാണാം. ‘ആ വാനത്തഗ്നിവിതയ്ക്കും ആസുരശക്തികളേ...’ എന്നു കവിത മാറുമ്പോൾ ഭാവം ധർമ്മരോഷമാകും. ആ യുദ്ധവെറിയെ ഞങ്ങൾ ‘ചിരികൊണ്ടൊരു വന്മതിൽ കെട്ടി ചെറുത്തുനില്ക്കും’ എന്നു പ്രഖ്യാപിക്കുമ്പോൾ കുട്ടികളുടെ മനസിൽ ചിരസ്ഥായിയാകുന്ന യുദ്ധവിരുദ്ധവികാരത്തോളം വേരുറപ്പ് വേറെ എങ്ങനെ സൃഷ്ടിക്കാനാകും!

ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദിപ്പരിപാടികളിൽ വികെ‌എസ് പാടുമ്പോൾ കുട്ടികളുടെ സദസ്സിനെ നോക്കിയിരുന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ‘മുറിമൂക്കൻ രാജാവിൻ കഥകേട്ട്’ മൂക്കിൽ വിരൽ വയ്ക്കുകയും ‘രാജകുമാരിയെ രാക്ഷസൻ കട്ടപ്പോൾ’ ആകവേ ഞെട്ടിത്തരിക്കുകയും  ‘ആമ മുയലിനെ നാണംകെടുത്തിയ കഥയുടെ തുമ്പിൽ’ നിമിഷനേരത്തേക്കെങ്കിലും ഉറങ്ങുകയും ചെയ്യുന്ന കുട്ടികളെ എത്രയോവട്ടം കണ്ടു! അത്രയ്ക്കാണു ഭാവം.

ആ ഭാവം എത്രയോ സുഗമമായി അതിന്റെ പരമാവധിയിൽ സന്നിവേശിപ്പിക്കാൻ കഴിയുന്ന ഈണം എങ്ങനെയാണു വികെ‌എസ് കണ്ടെത്തുന്നത്! കവിതയല്ല, അതിലെ വരികൾ പോലുമല്ല, വാക്കുകളാണ് അദ്ദേഹം ഈണം‌കൊടുത്തു ഭാവസുരഭിലമാക്കുന്നത്. കവിതയുടെ സ്ഥായീഭാവം അശേഷം മാറാതെ ഇതു സാധിക്കുന്നതാണ് വികെ‌എസിന്റെ അനന്യമായ മാന്ത്രികത.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’നെ വികെ‌എസിന്റെ പൂതപ്പാട്ടാക്കി മാറ്റുന്നതും മറ്റൊന്നല്ല. അതിലെ ഓരോ മുഹൂർത്തവും അതതിന്റെ തീവ്രഭാവത്തോടെ അങ്ങനെ ആവിഷ്ക്കരിക്കാൻ വേറെ ആർക്കാണു കഴിയുക! ഒടുവിൽ പൂതത്തിന്റെ ‘വ്യസനം’ നമ്മുടെ വ്യസനമാകുന്നു; കണ്ണു നനയുന്നു. ഇടശ്ശേരിയുടെ മകൻ ഇ. ഹരികുമാർ അനുസ്മരിക്കുന്ന എം. ഗോവിന്ദന്റെ വാക്കുകൾ പോലെ “വികെഎസിന്റെ ആലാപനത്തിൽ പൂതപ്പാട്ടിന്റെ പല പുതിയ മാനങ്ങളും പുറത്തുവന്നു”. ഓരോ ആലാപനത്തിലും പിന്നെയും അവ പുതുക്കപ്പെട്ടു. 

വികെ‌എസ്‌പാട്ടുകളുടെ ഈ  രാസവിദ്യ മുതിർന്നവരുടെ മനസിലും സംഭവിക്കുന്നു.

തറഞ്ഞുകയറുന്ന പാട്ട്

‘ഒഴിഞ്ഞ ചട്ടിയിൽനിന്ന് 
എങ്ങനെ കഞ്ഞികുടിക്കും നീ?’

എന്ന ചോദ്യവും

‘നാടിൻ ഭരണം പിടിച്ചെടുത്തതു
കീഴ്മേൽ മാറ്റിമറിക്കൂ!
അതിന്റെ നായകനാകൂ!’

എന്ന ഉത്തരവും കേൾക്കുന്ന തൊഴിലാളികളുടെയും സാധാരണക്കാരുടെയും മനസിൽ തെളിമയാർന്ന വിപ്ലവബോധത്തിന്റെ വിത്തു പാകുന്നത് ഈ രാസവിദ്യയാണ്. തുടർന്ന് ആ മനസുകളിലേക്കു വീഴുന്ന ‘ഇനിയൊരുനിമിഷം കാത്തിരിക്കേണ്ടാ...’ എന്ന ആഹ്വാനത്തിനു ശക്തി ഒന്നു വേറെതന്നെ. അക്ഷരത്തിലൂടെ, വായനയിലൂടെ, മനസിലാക്കപ്പെടാവുന്ന ആശയം, അതേ മനുഷ്യർ വലിയ സംഘമായിരുന്ന്, കരുത്തുറ്റ ഈണത്തിൽ കേൾക്കുകയും ഏറ്റുപാടുകയും ചെയ്യുമ്പോൾ ആർജ്ജിക്കുന്ന ഊർജ്ജവും മനഃപരിവർത്തനക്ഷമതയും അനുഭവിച്ചുതന്നെ അറിയണം. ഈ രാസവിദ്യയുടെ ആൾരൂപമായിരുന്നു വികെ‌എസ് എന്ന് എല്ലാവരും വിളിക്കുന്ന പ്രൊഫ: വി.കെ. ശശിധരൻ എന്ന ജനകീയഗായകൻ.


1979-ലെ ഇ.എം.എസിന്റെ തെരഞ്ഞെടുപ്പുപര്യടനവേളയിൽ എല്ലാ വേദികളിലും തൊട്ടുമുമ്പായി വികെ‌എസിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഗാനവും ‘കമ്മ്യൂണിസം’ പോലുള്ള പാട്ടുകളും “ഒരുവേള ഇ.എം.എസിന്റെ വിശദീകരണത്തെക്കാൾ കൂടുതൽ ഫലപ്രദമായി അനുവാചകരുടെ മനസുകളിൽ രാഷ്ട്രീയബോധവും വികാരവും വളർത്തി എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല” എന്ന് എം.പി. പരമേശ്വരൻ എഴുതിയത് അതിശയോക്തിയല്ലെന്ന് വികെ‌എസിനെ അനുഭവിച്ചവർക്ക് അറിയാം.

സാധാരണനിലയിൽ കാര്യമായ ചലനമൊന്നും മനസിൽ ഉണ്ടാക്കാൻ കഴിയാത്ത, കാവ്യാത്മകതയൊന്നും പറയാനില്ലാത്ത, വരികളാണ് പലപ്പോഴും വിപ്ലവപ്രവർത്തനത്തിന്റെ ഭാഗമായി എഴുതപ്പെടുക. ആവശ്യങ്ങൾക്ക് അനുസരിച്ച് അപ്പപ്പോൾ സാധാരണപ്രവർത്തകരോ നേതാക്കളോ എഴുതിയുണ്ടാക്കുന്നവ. മുറിച്ചുമുറിച്ച് എഴുതിയ പ്രസ്താവനയോ മുദ്രാവാക്യമോ പോലിരിക്കും. അവയും പക്ഷെ, വികെ‌എസിന്റെ കൈയിൽ പൊന്നായി മാറും. കേൾക്കുന്നവരുടെ മനസിൽ കസേര പിടിച്ചിട്ട് അതങ്ങ് ഇരിക്കും. ചുണ്ടുകളിൽ ഇടയ്ക്കിടെ വന്നു തത്തിക്കളിക്കും. അത്തരത്തിൽ ചിരപ്രതിഷ്ഠ നേടിയ വരികൾ എത്ര! 

“ഒരിക്കലും സംഭവിക്കയില്ലെ-
ന്നൊരൊക്കലും പറയരുതേ!
ജീവൻ നിന്നിൽ തുടിക്കുവോളം പറയരുതേ!
അടിച്ചമർത്തപ്പെട്ടവരാകേ
ഉന്നതശീർഷന്മാരായ്‌ വീണ്ടും
ഉണർന്നെഴുന്നേല്ക്കും.
മരിച്ചുവീണവരാകേ വീണ്ടും
ആവേശമൊടേ തിരിച്ചടിക്കാ-
നുയിർത്തെഴുന്നേല്ക്കും.”

‘പടയൊരുക്കപ്പാട്ടുകൾ’ എന്നാണ് ഇത്തരം കരുത്തുറ്റ വിപ്ലവഗാനങ്ങളെ വികെ‌എസ്‌തന്നെ വിളിക്കുക. ആ പേരിൽ ഒരു ഗാനസമാഹാരവും സിഡിയായി ഉണ്ട്. സിപിഐ(എം)-ന്റെ മലപ്പുറം സമ്മേളനത്തിനായി വികെ‌എസ് ഒരുക്കിയ ‘സംഘകാഹളം’ എന്ന ഗാനോപഹാരത്തിൽ മുല്ലനേഴിയുടെ ഒരു ഗാനത്തിൽ “ഒന്നും പറയുവാനില്ലേ, ചുറ്റും അനീതികൾ നൃത്തമാടുമ്പോൾ ചുമ്മാതിരിക്കുകയാണോ” എന്ന ചോദ്യം ഉയർത്തിയിരുന്നു. അതിനു മറുപടിയായി എ. സുഹൃത് കുമാർ എഴുതിയ “പറയുവാനെന്തുണ്ടു വേറെ, വീണ്ടും പൊരുതുക എന്നതല്ലാതെ” എന്ന ഗാനവും വികെ‌എസ്‌തന്നെ ഈണമിട്ടുപാടി എന്നതും ആ വഴിയിലെ ഒരു കൗതുകം.

തിരുനെല്ലൂരിന്റെ ‘മേയ്‌ദിനമേ, അഭിവാദനം!’ എന്ന കവിതയൊക്കെ ആ ശക്തിനിർഝരിയിലൂടെ എത്ര മനസുകളെയാണു വിപ്ലവപാതയിൽ മുന്നോട്ടു കുതികൊള്ളിക്കുന്നത്! അതിനു തലമുറഭേദം ഇല്ലായിരുന്നു. ‘ഉണരുക ഉയരുക ശുഭ്രപതാകേ! ഉജ്ജ്വലകർമ്മപതാകേ!’ എന്ന ബാലസംഘം പതാകാഗാനം മുതൽ ‘ഇല്ല മരിക്കില്ലീയെം നമ്മുടെ പകലുതെളിക്കും മുത്തച്ഛൻ’ എന്ന അതീവഹൃദ്യമായ പാട്ടുവരെ കുട്ടികളെ ഉണർത്തിയ പാട്ടുകളും അനവധി.



വിപ്ലവത്തിന്റെ ഈണം

ശാസ്ത്രസാഹിത്യപരിഷത്തിന്റെ പാട്ടുകാരൻ എന്നതാണ് വികെ‌എസിന്റെ പ്രമാണമുദ്ര. വികെ‌എസ് എന്നാൽ ‘എന്തിന്നധീരത’ എന്ന പാട്ടാണു പലർക്കും. പരിഷത്തിന്റെ ഒന്നാം ശാസ്ത്രകലാജാഥയുടെ ആമുഖഗീതമായിരുന്നു അത്. ആ പാട്ടും വികെ‌എസിന്റെ ജീവിതവുമായി ഗാഢമായൊരു ബന്ധമുണ്ട്. ഒട്ടേറെ തിക്താനുഭവങ്ങളാൽ കൈവിട്ട നാടകരംഗത്തേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് ആ പാട്ട് ഉൾപ്പെട്ട ‘അമ്മ’ നാടകമാണ്. മാക്സിം ഗോർക്കിയുടെ നോവലിനെ ബെർതോൾഡ് ബ്രെഹ്‌ത് നല്കിയ നാടകാവിഷ്ക്കാരത്തിനു പി.എൻ. ദാമോദരൻപിള്ള ചെയ്ത തർജ്ജമ. 

പുരോഗമനപ്രസ്ഥാനങ്ങളുടെയടക്കം പ്രൊഫഷണൽ നാടകങ്ങളിൽ സമൂഹത്തിനു പ്രത്യാശ നഷ്ടമായ വേളയിൽ സമൂഹമാറ്റത്തിനുതകുന്ന തീയറ്ററിനായുള്ള അന്വേഷണത്തിൽ ഡോ: പി.കെ.ആർ. വാര്യർ, ഇ.എം. ശ്രീധരൻ, എം.പി. പരമേശ്വരൻ, സി.പി. നാരായണൻ എന്നിവരുടെ മുൻകൈയിൽ രൂപം നല്കിയ ‘കോറസ്’ നാടകസംഘമാണ് അത് അവതരിപ്പിച്ചത്. എം.പി.യുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധമാണ് വികെ‌എസിനെ ആ സംരംഭവുമായി സഹകരിക്കാൻ പ്രേരിപ്പിച്ചത്. അതിലെ മറ്റൊരു ഗാനമാണ് തുടക്കത്തിൽ പറഞ്ഞ ‘ഒഴിഞ്ഞചട്ടി’.

കൂടുതൽ ശക്തമായ തീയറ്റർ രൂപത്തിനും സമൂഹത്തിൽ ശാസ്ത്രബോധം വളർത്താനും പരിഷത്ത് നടത്തിയ അന്വേഷണമാണ് ശാസ്ത്രകലാജാഥ എന്ന സവിശേഷാനുഭവം കേരളത്തിനു സമ്മാനിച്ചത്. നവോത്ഥാന വിപ്ലവ നാടകപാരമ്പര്യത്തിന്റെ തുടർച്ച്. അങ്ങനെ വികെഎസുതന്നെ കൺവീനറായ 1980-ലെ ആദ്യജാഥയിൽ ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ’ എന്ന് ആഹ്വാനം ചെയ്യുന്ന ‘എന്തിന്നധീരത’ അവതരണഗാനമായി.

അന്നുതൊട്ട് ആ രൂപത്തിൽ കലാജാഥ അവതരിപ്പിക്കപ്പെട്ട കാലം മുഴുവൻ അതിലെ ഒട്ടെല്ലാ പാട്ടുകളും വികെ‌എസിന്റെ ഈണത്തിൽ ജനപ്രിയതയും അമരത്വവും നേടിയവയാണ്. ആ ഈണങ്ങൾ പലതും അഖിലേൻഡ്യാകലാജാഥകളിലൂടെ രാജ്യമെമ്പാടും എത്തി. ‘എന്തിന്നധീരത’ പല ഭാഷകളിലായി ഒരുകോടിപ്പേരെങ്കിലും കേട്ടിട്ടുണ്ടാകും എന്ന എം.പി. പരമേശ്വരന്റെ കണക്ക് ന്യൂനോക്തിയല്ലേ എന്നുപോലും തോന്നുന്നു.

ശാസ്ത്രബോധത്തിന്റെ ഈണം

‘മിന്നും മിന്നും താരകമേ നിന്നൊളിതന്റെ പൊരുളെന്ത്?’ എന്നു ചോദിച്ചു തുടങ്ങുന്ന ‘ഇ=എംസിസ്ക്വയർ’, ‘തന്മാത്രയിലെ അണുക്കളോ, അണുവിന്നുള്ളിലെ കണങ്ങളോ, കണങ്ങൾതൻ ചലനമോ, ചലനത്തിന്നൂർജ്ജമോ, ഊർജ്ജത്തിൻ കണമോ? നീ കണങ്ങൾതൻ തരംഗമോ... എന്തു നീ പ്രപഞ്ചമേ!’ എന്നു ചോദിച്ച് ഊർജ്ജസംരക്ഷണവും ആറ്റം മാതൃകയും ക്വാണ്ടം തിയറിയുമൊക്കെ വിവരിക്കാൻ സഹായിക്കുന്ന ‘ഹേ! പ്രപഞ്ചമേ!’ തുടങ്ങിയ പച്ചയായി ശാസ്ത്രം പറയുന്ന വരികൾ ആയിരക്കണക്കിനു കുട്ടികളും മുതിർന്നവരും പാടിനടക്കുകയും ഇപ്പോഴും ഓർത്തു പാടുകയും ചെയ്യുന്നതിന്റെ ക്രെഡിറ്റ് വികെ‌എസ് എന്ന ത്രക്ഷരിക്കുമാത്രം.

മനുഷ്യപരിണാമവും സാമൂഹികപരിണാമവും മുതലാളിത്തചൂഷണവ്യവസ്ഥയും ആവിഷ്ക്കരിക്കുന്ന ‘ഏകലവ്യന്റെ പെരുവിരൽ’, ‘കേരളം ഇന്നലെ, ഇന്ന്, നാളെ’, ‘കാതോർത്തിരിക്കുക, കാലം വിളിക്കുന്നു’, ‘ഒരു ധീരസ്വപ്നം’, ‘പാടാം നമുക്കൊത്തു പാടാം’ തുടങ്ങിയ ഗാനശില്പങ്ങൾ ആ ഈണങ്ങളോടെ വീണ്ടും അരങ്ങുകളിൽ എത്തേണ്ടവയാണ്. അരങ്ങു കീഴടക്കിയ അനവധി ചൊല്ക്കാഴ്ചകളും കേരളത്തിന്റെ സാംസ്കാരികകാവ്യവഴികൾ കോറിയിട്ട ‘കവിമാലിക’, ‘നവമാലിക’ തുടങ്ങിയ കാവ്യശില്പങ്ങളും എക്കാലത്തേക്കുമുള്ളതാകുന്നത് അവയിലെ ഈണവിശേഷം‌കൊണ്ടുകൂടിയാണ്. മാപ്പിളപ്പാട്ടടക്കം ഏതും വികെ‌എസിനു വഴങ്ങുമെന്നതിന്റെ നല്ല സാക്ഷ്യമാണ് ‘നാദിറ പറയുന്നു’.

പരിഷത്തിന്റെ പല സംസ്ഥാനസമ്മേളനങ്ങളിലും  ആമുഖഗാനം വികെ‌എസിന്റെയാണ്. രജതജൂബിലിസമ്മേളനത്തിൽ വലിയൊരു ഗായകസംഘം പാടിനിറച്ച ‘സംഘമഹാഗാനം’ ശക്തിഗാംഭീര്യങ്ങൾ‌കൊണ്ടു മനസിൽ പതിഞ്ഞുനില്ക്കുന്നു – “നെഞ്ചുയർത്തിയിൻഡ്യയിൽ നമുക്കു പാടുവാനൊരൊറ്റ സംഘഗാനം... അതിൻ സിംഹനാദം...”. വികെ‌എസിന്റെ പരിഷത്തുപാട്ടുകളുടെ പട്ടിക വലുതാണ്. ഓരോന്നും പറയാൻ സംഗീതത്തനിമകളുള്ളവ.

വികെ‌എസിന്റെ കൈപ്പടയിൽ പി.റ്റി. ഭാസ്ക്കരപ്പണിക്കരുടെ കവിത

ഈ ദൗത്യവഴിയിലെ ചരിത്രസ്ഥാനമുള്ള പാട്ടുകളാണ് സാക്ഷരതായജ്ഞത്തിനും ജനകീയാസൂത്രണത്തിനും മാനവീയം മിഷനും വേണ്ടി ജീവൻ നല്കിയവ. ‘അക്ഷരം തൊട്ടു തുടങ്ങാം’, ‘നേരമൊട്ടും വൈകിയില്ല’, ‘ആയിരത്തിരി അക്ഷരത്തിരി’, ‘ഓമൽക്കൈരളി പാടൂ’, പി.റ്റി. ഭാസ്കരപ്പണിക്കരുടെ ‘മലയാളമാണെന്റെ ഭാഷ’, മുല്ലനേഴിയുടെ ‘അമ്മയും നന്മയും ഒന്നാണ്’, ‘ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരെ നമുക്കൊത്തുചേരാം’... കാണാപ്പാഠമായി കിടക്കുന്ന പാട്ടുകൾ! സംഗീത നാടക അക്കാദമിക്കായി ചെയ്ത ആൽബവും എടുത്തുപറയണം.

ഇവയ്ക്കൊപ്പം പുനലൂർ ബാലൻ, പി.എൻ. ദാമോദരൻപിള്ള, പനങ്ങാട് തങ്കപ്പൻപിള്ള, കരിവെള്ളൂർ മുരളി, ഇയ്യങ്കോട്, എ. സുഹൃത്ത് കുമാർ... അങ്ങനെ എത്രയോപേരുടെ രചനകൾ പുതിയ ഭാവുകത്വവും കരുത്തുമായി പരിഷത്തിന്റെയും മേല്പറഞ്ഞ പ്രസ്ഥാനങ്ങളുടെയും എണ്ണമറ്റ വേദികളിലൂടെ നാട്ടകങ്ങളിലേക്കെത്തി; കാലത്തിനപ്പുറത്തേക്കു മുഴങ്ങി.

തോമസ് ഐസക്കിന്റെ മുൻകൈയിൽ 2001-ൽ മാരാരിക്കുളത്ത് 20,000-ൽപ്പരം സ്ത്രീകളെക്കൊണ്ട് ‘അമ്മയും നന്മയും ഒന്നാണ്’ വികെ‌എസ് പഠിപ്പിച്ചു പാടിച്ചതിനു സാക്ഷിയാകാൻ അവസരം ലഭിച്ചതും ഓർക്കുന്നു. ജന്മനാടായ കെടാമംഗലത്ത് വി‌കെ‌എസിനെ ആദരിക്കാൻ 2015-ൽ സംഘടിപ്പിച്ച പരിപാടിയിൽ ആ നാട്ടിലെ 250 ഗായകർ ഒത്തുപാടിയതും ചരിത്രം.

സംഗീതാസ്വാദനം സ്വകാര്യാനുഭൂതിക്കപ്പുറം സാമൂഹികമായ പ്രവർത്തനം‌കൂടിയാണെന്ന ദർശനം അദ്ദേഹം പുലർത്തി. അതുകൊണ്ടുതന്നെ സംഗീതത്തിന്റെ ഗഹനത ഇല്ലാതെയാണ് ഈണങ്ങൾ മെനഞ്ഞിരുന്നത്. തടസമില്ലാതെ ഒഴുകുന്ന തെളിഞ്ഞ കാട്ടാറുപോലെ ആണത്. അവയെല്ലാം ചുറ്റുമുള്ളവരെക്കൊണ്ട് അദ്ദേഹം ഏറ്റുപാടിക്കും. ഒറ്റയാളെ വിടില്ല. നാണമൊക്കെ തട്ടിക്കളഞ്ഞ് ഒച്ചത്തിൽത്തന്നെ പാടിക്കും. മുഖത്തും കൈയിലുമെല്ലാം ഭാവം വരണം. ‘ഉത്തരങ്ങൾ തേടുവാൻ ധീരരാവാൻ’ എന്നു പാടുമ്പോൾ മുഷ്ടിയുയർത്തി ധൈര്യം പ്രഖ്യാപിക്കണം. ‘കിലുകിലുക്കും കിലുകിലുക്കും ചെപ്പുകൾ ഞങ്ങൾ’ എന്നു പാടിത്തുടങ്ങുമ്മുമ്പ് കിലുക്കാം‌പെട്ടികളെക്കൊണ്ട് പലയാവർത്തി ചിരിപ്പിക്കും അവരുടെ വികെ‌എസ് മാമൻ.

അതേസമയം ഭാവസാന്ദ്രത ഏറെയുള്ള കാവ്യങ്ങൾ പതിഞ്ഞ കാലത്തിൽ മന്ദ്രസ്ഥായിയിൽ സ്വയമലിഞ്ഞു പാടും. താരസ്ഥായിയിലേക്കൊക്കെ അനായാസം കയറിയിറങ്ങി ഇടറാതെ പതറാതെ ഒഴുകുന്ന ആ കുളിർമഴയിൽ നനഞ്ഞിരിക്കാനാണു നാം ഇഷ്ടപ്പെടുക. ധ്യാനാത്മകമായി അനുയാത്ര ചെയ്യാനുള്ള ആസ്വാദകമനസ് അദ്ദേഹത്തിനും അറിയാം.

കവിത, എപ്പോഴും കവിത

ക്യാമ്പുകളിൽ ആയാലും പരിഷത് സമ്മേളനങ്ങളിൽ ആയാലും ചിലപ്പോൾ വികെ‌എസ് പറമ്പിന്റെ ഒഴിഞ്ഞ കോണിൽ ഒറ്റയ്ക്കു നില്ക്കുകയോ മെല്ലെ നടക്കുകയോ ചെയ്യുന്നതു കാണാം. ചിലപ്പോൾ കൈയൊക്കെ പ്രത്യേകരീതിയിൽ ചലിപ്പിക്കുന്നുണ്ടാകും. അറിയാതെ അടുത്തു ചെന്നാൽ എന്തൊക്കെയോ ഈണങ്ങൾ മൂളുന്നതു കേൾക്കാം. ശല്യപ്പെടുത്താതെ മടങ്ങും. അടുത്ത തവണ കാണുമ്പോൾ പുതിയ പാട്ടായി അതു കേൾക്കാം.

വികെ‌എസ് കവിത തെരഞ്ഞെടുക്കുന്നത് കവിയെയോ ആ കവിതയ്ക്കു കിട്ടിയ സ്വീകാരമോ നോക്കിയല്ല. ‘എന്റെ മനസിൻ വയലോരങ്ങളിൽ എപ്പോഴും കവിത’ എന്ന് അദ്ദേഹം‌തന്നെ പാടിയപോലെയുള്ള പരിധിയില്ലാത്ത വായനയ്ക്കിടെ ചിലത് ഉള്ളിൽ കയറിക്കൂടും. തനിയെ മുട്ടിത്തുറന്നു കയറുന്ന അവ മുന്തിരിനീരെന്നവണ്ണം ഈണത്തിന്റെ ലഹരി നുരപ്പിക്കും. അതിന്റെ ഭാവങ്ങളും ഭാവഭേദങ്ങളും ഏറ്റിറക്കങ്ങളും നിരന്നുപരന്നൊഴുകലും ചുഴികളും മലരികളുമൊക്കെയായി പാട്ടരുവിയായി ഒഴുകിയിറങ്ങും. ആ അത്ഭുതസിദ്ധി ആ തികവോടെ വേറെ കണ്ടിട്ടില്ല. ആശയപ്രചാരണമോ ഭാവോന്മീലനമോ എന്താണോ ആ കവിതയുടെ ജന്മദൗത്യം അതാകും ആ രാസവിദ്യയിലെ സ്വാധീനഘടകം. ഉള്ളറിഞ്ഞാണു വികെ‌എസ് ഈണമിടുന്നതും പാടുന്നതും.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘പാതകൾ പണിയുന്നവർ’ എന്ന കവിത വികെ‌എസ് പാടുമ്പോൾ എന്തൊരു ശക്തിയാണ്! ‘കൊടിയായകൊടിയൊക്കെ നിന്റെ ചെഞ്ചോരയാൽ പശയിട്ടതാണെന്നറിഞ്ഞു; വരുവാനിരിക്കും വസന്തകാലത്തിന്റെ അധിപനും നീയെന്നറിഞ്ഞു’ എന്ന് എത്തുമ്പോൾ അത് ഉച്ചസ്ഥായിയിയിൽ ദിഗന്തങ്ങളോളം മുഴങ്ങും. വിപ്ലവബോധം ആഴത്തിൽ ഉൾക്കൊണ്ടതും കെടാമംഗലം പപ്പുക്കുട്ടിയുടെ അനന്തരവൻ വിശേഷകാവ്യപാരമ്പര്യത്തിന്റെ ജനിതകസത്ത ഉള്ളിൽ പേറിയിരുന്നതുമാണ് ഇതൊക്കെ സാദ്ധ്യമാക്കിയത്.


ആ ശക്തിവിശേഷമല്ല ‘മഴ പെയ്തൂ... മഴയോടൊപ്പം സ്മൃതിയും...’ എന്ന ഒ.വി. ഉഷയുടെ വരികൾ പാടുമ്പോൾ. മഴയും സ്മൃതിയും പെയ്തിറങ്ങുന്ന ദുഃഖത്തെ ഉപാസിച്ച് ‘കോടക്കാറേ, ഇനിയും പെയ്യൂ ദുഃഖം’ എന്നു വികെ‌എസ് പാടുമ്പോൾ... ആ അനുഭവം എഴുതാൻ എനിക്കു ഭാഷയില്ല. ഇതും സുഗതകുമാരി, പ്രഭാവർമ്മ, ആർ. രാമചന്ദ്രൻ, സാവിത്രി രാജീവൻ, ലളിത ലെനിൻ എന്നിവരുടെ മഴക്കവിതകളും അടങ്ങുന്ന ‘മഴ’ എന്ന ആൽബം സമ്മിശ്രവികാരങ്ങളുടെ വർണ്ണരാജിയാണ്. അതിലെ ഗാനങ്ങൾ തിരുവനന്തപുരത്ത് ഒരു വീട്ടിലെ തളത്തിന്റെ ധ്യാനശാന്തതയിൽ ആ കവികളടക്കം മറ്റു നാലഞ്ചുപേരോടൊപ്പം ആദ്യം കേൾക്കാൻ എനിക്കു കിട്ടിയ അവസരം അവിസ്മരണീയമായി നില്ക്കുന്നു.

‘വയലുകൾക്കപ്പുറം വാക പൂത്ത വഴിയിലൂടന്തി മറഞ്ഞുപോ’കുന്നതിന്റെ ദൃശ്യസൗന്ദര്യമോ കാവ്യസൗന്ദര്യമോ അല്ല, ഭാവസൗന്ദര്യമാണ് ആർ രാമചന്ദ്രന്റെ ‘പ്രലോഭനം’ കേൾക്കുമ്പോൾ നമ്മുടെ മനസിൽ നിറയുന്നത്. പ്രണയത്തിന്റെ എത്ര ഭിന്നഭാവങ്ങളാണ് ‘പ്രണയം’ എന്ന ആൽബത്തിൽ!

പൂതപ്പാട്ടുപോലെ സംസ്ക്കാരകേരളം ഏറ്റെടുത്ത ഒന്ന് ‘ഗീതാഞ്ജലി’യാണ്. ജി. ശങ്കരക്കുറുപ്പു മലയാളത്തിലേക്കു പകർത്തിയ ടഗോറിനെ പുതിയകാലത്തു മലയാളമനസുകളിലേക്കു പകർത്തുകയായിരുന്നു വികെ‌എസ്. ‘ആറ്റിനക്കരെ ആഷാഢത്തിലെ ആടിപ്പുലർകാല’വും ‘ആടിമാസത്തിലെ സന്ധ്യ’യും ‘ശാരദിവസ’വുമൊക്കെ ഋതുഭാവങ്ങളോടെ ആ വിശേഷശബ്ദത്തിൽ വാർന്നുവീഴുമ്പോൾ നാം ബഗാളിൽ ടഗോറിനൊപ്പം ആയിരിക്കും. ’കോടക്കാറ്റു കൊടുമ്പിരികൊണ്ടു കിടന്നലറുന്നൂ ഘോരം’ എന്നത് എന്തൊരനുഭവം! ‘ഭജനം പൂജനം ആരാധനയും സാധനയും ഹേ, നിർത്തുക സാധോ’ ആണെന്നുതോന്നുന്നു കൂട്ടത്തിൽ ഏറ്റവുമാളുകൾ പാടിയത്. ‘പാടാനിവിടെ കരുതിയ ഗാനം പാടീലല്ലോ ഞാനിനിയും’ എന്നു ദർശനവ്യഥയോടെ പാടുന്ന വികെ‌എസിനോടു നമുക്കു യോജിക്കാനാവുക ‘പൂർണ്ണമായീലെങ്കിലുമീ ജീവിതത്തിന്റെ ആ പൂജയെല്ലാം വ്യർത്ഥമായീലെന്നറിവൂ ഞാൻ’ എന്ന ആത്മാം‌ശമുള്ള ആലാപത്തോടാണ്.

പടനിലത്തെ മുഴക്കം

അവസാനവർഷങ്ങളിൽ സുഹൃത്തുക്കളുടെ മുൻകൈയിലും നിർബ്ബന്ധത്തിലും അദ്ദേഹത്തിന്റെ പാട്ടുകളിൽ കുറെയേറെയെണ്ണം വിഷയവും ഭാവവുമൊക്കെ നോക്കി ഇനം തിരിച്ച് ആൽബങ്ങളാക്കി. പൂതപ്പാട്ടും പരിഷത്തിന്റെ ആദ്യകാലഗാനങ്ങളും കസെറ്റായി നേരത്തേ ഇറങ്ങിയിരുന്നു. പൊതുവിൽ ഗീതാഞ്ജലി, മഴ, ശ്യാമഗീതങ്ങൾ, പ്രണയം, പുത്തൻ കലവും അരിവാളും, ബാലോത്സവഗാനങ്ങൾ, കളിക്കൂട്ടം, എന്റെ മണ്ണ് എന്റെ ആകാശം, മധുരം മലയാളം, മലയാളമധുരിമ, മുക്കുറ്റിപ്പൂവിന്റെ ആകാശം, പുലർവെട്ടം, അക്ഷരഗീതങ്ങൾ, ജനാധികാരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ, എന്നിങ്ങനെ പല വിഭാഗങ്ങളിൽ പെടുത്താവുന്നവയാണ് അവയെല്ലാം. ‘അമ്മ മലയാള’മൊക്കെ അലിഞ്ഞുപാടുന്ന വികെ‌എസിനു മലയാളത്തോടും അളവറ്റ സ്നേഹമായിരുന്നു.

കാമുകി എന്ന ഇറങ്ങാത്ത അടൂർച്ചിത്രത്തിനുവേണ്ടി വികെ‌എസ് ഈണം നല്കി റെക്കോഡ് ചെയ്ത ഗാനങ്ങൾ അദ്ദേഹത്തിന്റെ കൈപ്പടയി. ഒരു പ്രത്യേകാവശ്യത്തിനായി ചോദിച്ചപ്പോൾ എഴുതി അയച്ചുതന്നത്.

റിലീസാകാഞ്ഞ അടൂർ ചിത്രമായ ‘കാമുകി’ക്കു വേണ്ടി 1967-ൽ അദ്ദേഹവും പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തിയ പാട്ടുകൾ അലങ്കരിച്ചത് രാജീവ് നാഥിന്റെ ‘തീരങ്ങൾ’ എന്ന ചിത്രത്തെയാണ്. ഇതേ ടീഅം ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിന്റെ നിരവധി നാടകങ്ങളിലും ഈണമിട്ടു. ഇതിനൊക്കെശേഷമാണു കളം വിട്ട് ചാത്തന്നൂർ എസ്.എൻ. പോളി ടെക്‌നിക്കിലെ അദ്ധ്യാപകവേഷം അഭിനയിക്കുന്നതും എം.പി. പരമേശ്വരൻ വീണ്ടും കളത്തിൽ ഇറക്കുന്നതും. 

ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌, ബാലവേദി കൺവീനർ, പ്രസിദ്ധീകരണവിഭാഗം ചുമതലക്കാരൻ, കൊല്ലം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പലനിലകളിൽ പ്രവർത്തിച്ച വികെ‌എസിലെ സംഘാടനമികവും കാഴ്ചപ്പാടിലെ വ്യക്തതയും അതിനായുള്ള സമർപ്പണവും മറ്റൊരു ലേഖനത്തിനു വകയാണ്. 

മുപതുകൊല്ലം പഠിപ്പിച്ച് ഇലക്ട്രിക്കൽ വിഭാഗം മേധാവിയായി 1993-ൽ വിരമിച്ച വികെ‌എസ് മികച്ച അദ്ധ്യാപകനും വിദ്യാർത്ഥി, അദ്ധ്യാപക പ്രസ്ഥാനങ്ങൾക്ക് ഊർജ്ജസ്രോതസും ആയിരുന്നെന്ന് പലരും ഓർമ്മക്കുറിപ്പുകളിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. ഭാര്യ വസന്തലതയും മകൾ ദീപ്തിയും ഇതിന്റെയെല്ലാം പിന്തുണക്കാർ ആയിരുന്നില്ല ഭാഗം‌തന്നെ ആയിരുന്നു.

വികെ‌എസ് ആരുടെയെല്ലാം പാട്ടു പാടിയോ അവയെല്ലാം പിന്നെ വികെ‌എസിന്റെ പാട്ടുകളാണ്. കാവ്യശരീരങ്ങളിൽ സ്വന്തം ഈണങ്ങളാൽ പരകായപ്രവേശം ചെയ്തു സ്വന്തം പാട്ടുകളാക്കുന്ന ആ പ്രതിഭാവിലാസം രചയിതാക്കളും ഇഷ്ടപ്പെട്ടു. സ്വന്തം കവിത വികെ‌എസ് ഏറ്റെടുക്കാൻ അവർ ആഗ്രഹിച്ചു.

അത്യപൂർവ്വമായ വിസ്മയപ്രതിഭാസങ്ങൾ ഒന്നാണ് ഒക്റ്റോബർ ആറിനു പുലർച്ചെ മൺമറഞ്ഞത്. എല്ലാ പ്രതിലോമതകളും തേറ്റകൾ കാട്ടി ഭീഷണിപ്പെടുത്തുന്ന ഇക്കാലത്തെ അനിവാര്യമായ പടയൊരുക്കത്തിനു പാട്ടിന്റെ ആ ഊർജ്ജപ്രവാഹം ഇല്ല. പക്ഷെ, നമുക്ക് ആവേശമാകാൻ ആ പാട്ടുകളുണ്ട്. ആ മേഘനാദത്തിന്റെ ഒരായിരം മാറ്റൊലികളുണ്ട്. അദ്ദേഹം‌തന്നെ അക്ഷീണം അലഞ്ഞുനടന്നു പാടിപ്പഠിപ്പിച്ച കരുത്തുറ്റനാമ്പുകൾ. തിരോഭവിക്കുമ്മുമ്പ് അവരെ സമ്മാനിച്ച ആ കരുതലാണു വികെ‌എസ്. പ്രിയപ്പെട്ട വികെ‌എസ്.