Monday 27 April 2020

ആർദ്രം ഈ പ്രതിരോധവന്മതിൽ


ആർദ്രം ഈ പ്രതിരോധവന്മതിൽ

മനോജ് കെ. പുതിയവിള

(‘ആർദ്രം’ പദ്ധതിയെപ്പറ്റി കെ.ജി.ഒ.എ. ന്യൂസിന്റെ 2020 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) 


എന്റെ കുട്ടിക്കാലത്ത്, സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്പെഷ്യാലിറ്റിക്കുമൊക്കെ വളരെ മുമ്പ്... അന്നു വീടിനടുത്തുള്ള കാര്യമായ ചികിത്സസംവിധാനം അടുത്ത പട്ടണമായ കായംകുളത്തെ ഗവണ്മെന്റ് ആശുപത്രിയും ജോണിന്റെയും തമ്പുരാന്റെയും (അങ്ങനെയാണു പറയുക. ഉടമകളായ ഡോക്റ്റർമാരാണവർ) ആശുപത്രികളും. കാര്യമായ അസുഖം വന്നാൽ അവിടെ പോകും. ഗുരുതരമായാൽ മേപ്പള്ളിക്കുറ്റി മിഷൻ ആശുപത്രിയും ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയും. ഗർഭിണികൾക്കും മറ്റും പരിശോധന വീടിനടുത്തുള്ള യുവജനസമാജം കെട്ടിടത്തിലുള്ള മിഡ്‌വൈഫറി സെന്ററിലാണ്. അവിടെ ആഴ്ചയിലൊരിക്കൽ ചിലപ്പോൾ ഒരു ഡോക്റ്റർ വരും. മറ്റ് അസുഖങ്ങൾക്കെല്ലാം അടുത്ത പഞ്ചായത്തായ മുതുകുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണു പോകുക. ചിലപ്പോഴൊക്കെ ഡോക്റ്റർ ഉണ്ടാകും. അവിടെ പനി, വയറിളക്കം തുടങ്ങിയവയ്ക്കുള്ള ചില ഗുളികകളും വലിയ ജാറിൽ ഒരുതരം ചുവപ്പുനിറമുള്ള (എന്തോ കലക്കി ഉണ്ടാക്കുന്നതെന്നാണു ധാരണ) മരുന്നും ഉണ്ട്. എല്ലാവർക്കും ആ ‘കുപ്പിമരുന്ന്’ ജാറിൽനിന്നു കോരി ഒഴിച്ചുകൊടുക്കും. നമ്മൾ കുപ്പിയുംകൊണ്ടു പോകണം. അരനൂറ്റാണ്ടു മുമ്പത്തെ ഓർമ്മ അതാണ്.

ഈയിടെയങ്ങാനും അടുത്തുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ പോയിരുന്നോ? ഒന്നു പോയി നോക്കണം. എല്ലാ കുടുംബാരോഗ്യകേന്ദ്രത്തിലും മൂന്നു ഡോക്ടർ, നാലു നഴ്സ്, ഒരു ലാബ് ടെക്‌നീഷ്യൻ, രണ്ടു ഫാർമസിസ്റ്റ്. ഇപ്പോൾ ഒ.പി. രാവിലെമുതൽ വൈകുന്നേരംവരെ ഉണ്ട്. മാത്രമല്ല, ഡോക്ടറെ കാണുമ്മുമ്പ് പ്രീ മെഡിക്കൽ ചെക്കപ്പും കൗൺസെലിങ്ങും, ശ്വാസകോശരോഗനിർണയവും ചികിത്സയും നല്കുന്ന ‘ശ്വാസ് സേവനം‘, സമ്പൂർണമാനസികാരോഗ്യപദ്ധതി, ജീവിതശൈലീരോഗങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും ജീവിതശൈലീരോഗക്ലിനിക്കുകളും ഒക്കെയായി വലിയ ‘സെറ്റപ്പാ’ണ്.

അന്നത്തെ താലൂക്കാശുപത്രി പോലെപോലുമല്ല. സജ്ജീകരണങ്ങളെല്ലാം ആധുനികം. പലമടങ്ങു വൃത്തിയും വെടിപ്പുമുണ്ട്. രോഗികളോടുള്ള പെരുമാറ്റത്തിലും നല്ല മാറ്റം വന്നിരിക്കുന്നു. കാത്തിരിപ്പിനു നല്ല ഒന്നാന്തരം ഇരിപ്പിടങ്ങൾ. പല കേന്ദ്രങ്ങളിലും പത്രങ്ങളും വാരികകളുമൊക്കെയുള്ള വായനാമുറി, കുട്ടികൾക്കു കളിക്കാനുള്ള സംവിധാനങ്ങൾ, മനസ്സാറ്റി ഇരിക്കാൻ പാർക്ക് ഒക്കെ ഒരുക്കിയിരിക്കുന്നു!

നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെല്ലാം ഇങ്ങനെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുകയാണ്. ആദ്യഘട്ടമായി തെരഞ്ഞെടുത്ത 170 എണ്ണവും പൂർത്തിയായി. രണ്ടാം ഘട്ടമായി ഏറ്റെടുത്ത 504-ൽ 107 എണ്ണവും ലോക്ഡൗണിനു മുമ്പു പൂർത്തിയായി. ആകെ 277. ശേഷിച്ച 397 കേന്ദ്രങ്ങൾ നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ലോക്ഡൗണിൽ നിർത്തിവച്ച നിർമ്മാണം ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഇവയടക്കം 674 കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ഇപ്പോൾ മികച്ച സൗകര്യങ്ങളോടെ ആധുനികമായിമാറുന്നത്. ശേഷിക്കുന്ന 220 പി.എച്ച്.സി.കളെക്കൂടി ഇതിനുപിന്നാലെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. കൂടാതെ, ബ്ലോക്കുതലസി.എച്ച്.സി.കൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നുണ്ട്. ഇതിനും ഈ സാമ്പത്തികവർഷം 28 കോടിരൂപ പദ്ധതിയിൽ നീക്കിവച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള ഏഴുകോടി രൂപയുടെ പദ്ധതിയും പുരോഗമിക്കുന്നു. ഒപ്പം കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്.

സ്നേഹാർദ്രം ചേർത്തുപിടിച്ച്

എല്ലാ കേരളീയർക്കും മെച്ചപ്പെട്ട ചികിത്സ കൈയെത്തുന്നിടത്തു കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന വലിയ നേട്ടമാണു നാം ഇതിലൂടെ കൈവരിക്കുന്നത്. ഈ പുതിയ മാറ്റത്തിന്റെ ക്രെഡിറ്റ് പൂർണ്ണമായും ഇപ്പോഴത്തെ എൽ.ഡി.എഫ്. സർക്കാരിനാണ്. കാരണം, ഈ സർക്കാർ കൊണ്ടുവന്ന ‘ആർദ്രം’ (AARDRAM)) പദ്ധതി ലക്ഷ്യംവച്ച മാറ്റമാണിത്.

ഒരുവശത്തു പുതിയതരം പകർച്ചവ്യാധികൾ ഉടലെടുക്കുന്നതും ഹൃദ്രോഗം, അർബുദം തുടങ്ങിയ മാരകരോഗങ്ങൾ സാധാരണമാവുന്നതും ജീവിതരീതീരോഗങ്ങളുടെ വർദ്ധനയും വലിയ ഭീഷണിയായി വളരുകയും മറുവശത്തു സ്വകാര്യമേഖലയിലെ ഭീമമായ ചികിത്സാചെലവ് മഹാഭൂരിപക്ഷത്തിനും താങ്ങാനാവാതെ വരികയും ചെയ്യുന്ന സാഹചര്യമാണല്ലോ നാം അഭിമുഖീകരിക്കുന്നത്. ഇതിനുള്ള ഇടതുപക്ഷബദലായാണു പ്രാഥമികാരോഗ്യത്തിനു മുൻഗണന നല്കുന്നതും ആതുരസേവനത്തിലെ ആധുനികസംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമായ സമഗ്ര ആരോഗ്യനയം കേരളസർക്കാർ പ്രഖ്യാപിച്ചത്. ആ ലക്ഷ്യം നേടാൻ രൂപം നല്കിയ പദ്ധതിയാണ് ആർദ്രം മിഷൻ.

അതു ലക്ഷ്യം കാണുകയാണ്. ആർദ്രം പദ്ധതിക്കുമുമ്പ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പോയിരുന്നത് 30 ശതമാനത്തിൽത്താഴെ ജനങ്ങൾ മാത്രമായിരുന്നത് ഇന്നു ഗണ്യമായി വർദ്ധിച്ചിരിക്കുന്നു; പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയതുപോലെ.
ഇതു താഴേത്തലത്തിലെ കാര്യം. മുകളിലേക്കും ഇതേപോലെ അടിസ്ഥാനസൗകര്യത്തിലും ഉപകരണങ്ങളിലും സേവനങ്ങളുടെ ഗുണമേന്മയിലുമൊക്കെ വലിയ മാറ്റങ്ങൾ ഈ നാലുകൊല്ലത്തിനിടെ ഉണ്ടായിട്ടുണ്ട്.

ഹൃദ്രോഗവും കാൻസറുമായി അലയേണ്ടാ

കാൻസർ, ഹൃദ്രോഗ ചികിത്സയ്ക്കൊന്നും ഇനി ദൂരേക്ക് ഓടേണ്ട. ജില്ലാ ആശുപത്രികളിൽ ഇവ ആരംഭിച്ചിരിക്കുന്നു. കീമോ തെറാപ്പി, പാലിയേറ്റീവ് വാർഡുകളും ഒരുക്കിയിട്ടുണ്ട്. ഹൃദയശസ്ത്രക്രിയയ്ക്കുള്ള കാത്ത് ലാബും സ്ഥാപിക്കുന്നു. നാലെണ്ണം പൂർത്തിയായി. ആറെണ്ണം അവസാനഘട്ടത്തിലാണ്. ജില്ലാ ആശുപത്രികൾക്ക് 69 കോടിരൂപ ചെലവിൽ 44 ഡയാലിസിസ് യൂണിറ്റും അനുവദിച്ചു. ഇതിൽ 42-ഉം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. ജില്ലാ-താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിച്ചു; ആവശ്യത്തിനു മറ്റു സ്റ്റാഫിനെയും.

ആറു സാമൂഹികാരോഗ്യകേന്ദ്രങ്ങൾ താലൂക്കാശുപത്രികളാക്കി ഉയർത്തി - മലയിൻകീഴ്, പത്തനാപുരം, കൊണ്ടോട്ടി, പനത്തടി, മംഗൽപാടി, ബേഡഡുക്ക.

മെഡിക്കൽ കോളെജ് ആശുപത്രികൾക്കു രോഗീസൗഹൃദ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കിവരികയാണ്. കാൻസർ ചികിത്സയ്ക്കു സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങൾ ആരംഭിച്ചു. കാർഡിയോളജിയ്ക്കു കാത്ത് ലാബുകൾ തുടങ്ങി. അത്യാഹിതവിഭാഗത്തിൽ വിദഗ്ദ്ധചികിത്സയ്ക്ക് എമർജൻസി മെഡിസിനും ആരംഭിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾക്ക് ഈ സാമ്പത്തികവർഷം 20.96 കോടിരൂപയാണു പദ്ധതിയിൽ നീക്കിവച്ചിട്ടുള്ളത്.

ഗർഭിണിയെ വെള്ളം കുടിപ്പിച്ച കഥ

ഇനി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഒരു കഥ പറയാം. പത്തനം‌തിട്ട ജില്ലയിലെ ഒരു ഗർഭിണി ചെറിയ രക്തസ്രാവവുമായി ഡോക്റ്ററെ കണ്ടു. ആയാസപ്പെട്ട പണിയൊന്നും ചെയ്യാറില്ല. വീട് ഒരു വലിയ കയറ്റത്തിലാണ് . വെള്ളമില്ലാത്തതിനാൽ താഴെ ഒരു വീട്ടിൽ പോയാണു കുളിക്കുന്നത്. ഇനി അങ്ങനെ കയറിയിറങ്ങരുത് എന്നുപദേശിച്ചു ഡോക്ടർ ഗർഭിണിയെ പറഞ്ഞുവിട്ടു. ഗർഭിണിയും ഭർത്താവും വീട്ടിലെത്തുമ്പോഴുണ്ട്, വീട്ടുമുറ്റത്തൊരു ഫയർ എഞ്ചിൻ! വീട്ടിലെ ടാങ്കിൽ വെള്ളം നിറച്ച് അതു മടങ്ങി!

“ഇത് ഒരു വികസിതരാജ്യത്തെ കഥയല്ല! കെട്ടുകഥയോ കടങ്കഥയോ അല്ല!” എന്ന അനുബന്ധത്തോടെ ഇട്ട ഈ ഫേസ്‌ബുക് കുറിപ്പു പിന്നീടു വിശദാംശങ്ങളോടെ വാർത്തയായി. ഗർഭിണികൾക്കായി ആരോഗ്യവിദഗ്ദ്ധരെ ഉൾപ്പെടുത്തി ആറന്മുള എം.എൽ.എ. വീണ ജോർജ്ജ് ഉണ്ടാക്കിയ ‘അമ്മയും കുഞ്ഞും’ എന്ന വാട്ട്സാപ് ഗ്രൂപ്പിൽ ആ യുവതി ഇട്ട ശബ്ദസന്ദേശത്തിലാണു തുടക്കം. ഉടൻ ആശുപത്രിയിൽ എത്താൻ ഉപദേശം ഗ്രൂപ്പിൽ വന്നു. പിന്നാലെ എം.എൽ.എ.യുടെ ഫോൺ‌വിളിയും. അവർ ഇടപെട്ടാണു വെള്ളം എത്തിയത്. ജലക്ഷാമമുള്ള അയൽവീടുകളിലും ഒപ്പം വെള്ളമെത്തി.

സ്വന്തം മണ്ഡലത്തിലെ 1263 ഗർഭിണികളെയും കണ്ടെത്തി വിവിധ വാട്ട്സാപ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി നിരീക്ഷിക്കുന്ന നിതാന്തജാഗ്രത. ഈ മാറ്റം വെറുതെ ഉണ്ടായതല്ല. ഒരു സർക്കാരും ആരോഗ്യവകുപ്പും സൃഷ്ടിച്ച മാനവികതയുടെയും കരുതലിന്റെയും സമീപനം എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ്.

ഇതാണു ശരിക്കും വിസ്മയകരമായ മാറ്റം. ആശുപത്രികൾ രോഗീസൗഹൃദമാക്കി മാറ്റിയത്. അത്തരത്തിൽ പ്രവർത്തനരീതിയും സമീപനവുമൊക്കെ മാറ്റിയെടുക്കാൻ വിപുലമായ പരിശീലനവും നല്കിവരുന്നുണ്ട്. 668 സ്ഥാപനങ്ങളിലെ ജീവനക്കാർക്കു പരിശീലനം നല്കിക്കഴിഞ്ഞു. ഇതിനുപുറമെ, ഡോക്റ്റർമാർ ഉൾപ്പെടെയുള്ളവർക്ക് ആർദ്രം ആശയപരിശീലനവും ലാബ് ടെക്നീഷ്യന്മാർക്കുംമറ്റും സ്കിൽ പരിശീലനവും നല്കിവരുന്നു.

ആശുപത്രികൾ സൗകര്യങ്ങളുടെ കാര്യത്തിലടക്കം രോഗീസൗഹൃദമാക്കാൻ വിപുലമായപദ്ധതി വേറെയും നടക്കുന്നു. മുൻകൂർ ബുക്കിങ്, തിരക്ക് ഒഴിവാകാൻ നൂതന ക്യൂ മാനേജ്‌മെന്റ്, മെച്ചപ്പെട്ട ഇരിപ്പിടസൗകര്യം, ലോകോത്തര ട്രയേജിങ് സംവിധാനം, ആവശ്യത്തിന് ഒ.പി. കൗണ്ടറുകൾ ഇവയെല്ലാം ചേർന്ന രോഗീസൗഹൃദ ഒ.പി.യാണത്. ആദ്യം തെരഞ്ഞെടുത്ത എട്ടു മെഡിക്കൽ കോളേജ് ആശുപത്രികളിൽ 51.81 കോടിരൂപ വിനിയോഗിച്ചു രോഗീസൗഹൃദ ഒ.പി.കൾ സജ്ജീകരിച്ചു. ഒപ്പം ജനറൽ, ജില്ലാ ആശുപത്രികളിൽ 17 എണ്ണത്തിലും രോഗീസൗഹൃദ ഒ.പി. ഒരുക്കുന്നു. ഇതിൽ ഒൻപതും പൂർത്തിയായി. എട്ടെണ്ണം നിർമ്മാണത്തിൽ. എട്ടു താലൂക്കാശുപത്രികളിലും ഇപ്പോൾ രോഗീസൗഹൃദ ഒ.പി.കൾ സജ്ജീകരിച്ചുവരുന്നു. കൂടുതൽ താലൂക്കുതല ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ഇക്കൊല്ലവും 32 കോടിരൂപ വച്ചിട്ടുണ്ട്. ഈ മാറ്റം ഇ-ഹെൽത്ത് വഴി മുഴുവൻ ജില്ലാ, താലൂക്ക് ആശുപത്രികളിലേക്കും കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്കും കൊണ്ടുവരികയാണു ലക്ഷ്യം.

നമ്മെപ്രതി നമുക്കില്ലാത്ത ജഗ്രത!

കുടുംബാരോഗ്യകേന്ദ്രങ്ങളിലെ പുതിയ സംവിധാനങ്ങളിൽ ചിലതിന്റെ പ്രയോജനം‌കൂടി കാണുക: സമ്പൂർണ്ണ മാനസികാരോഗ്യപദ്ധതി 366 കേന്ദ്രങ്ങളിൽ നടപ്പാക്കാനും 17,688 പേർക്കു രോഗം കണ്ടെത്തി ചികിത്സ തുടങ്ങാനും കഴിഞ്ഞു. വിഷാദരോഗം കണ്ടെത്താനുള്ള ആശ്വാസം പദ്ധതിയിൽ ഇതിനകം 50629 പേരെ പരിശോധിക്കുകയും 9536 പേർക്കു രോഗം കണ്ടെത്തി ചികിത്സ തുടങ്ങുകയും ചെയ്തു. ആസ്ത്‌മ, സി.ഒ.പി.ഡി രോഗങ്ങൾ കണ്ടെത്താനുള്ള ശ്വാസ് ക്ലിനിക്കും 1,10,807 പേരെ ഇതിനകം സ്ക്രീൻ ചെയ്യുകയും 27,460 പേരിൽ രോഗം കണ്ടെത്തി ചികിത്സ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ആശുപത്രിയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും രോഗീസൗഹൃദമാക്കുന്നതിനുമൊപ്പം സാധാരണക്കാരുടെ ചികിത്സാചെലവു ഗണ്യമായി കുറയ്ക്കാനും പാവപ്പെട്ടവർക്കു സൗജന്യചികിത്സ ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കു പരിപൂർണ്ണ ആരോഗ്യസംരക്ഷണവും ഉറപ്പാക്കുന്നു. നമ്മുടെ ആരോഗ്യമേഖല ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വലിയ ചുവടുമാറ്റമാണിത്.

അടിസ്ഥാനസൗകര്യങ്ങൾക്കും ചികിത്സാസംവിധാനങ്ങൾക്കുമൊപ്പം ഇതെല്ലാം പരമാവധി പ്രയോജനപ്രദമാക്കാൻ ഡോക്ടർമാർ (836), സ്റ്റാഫ് നഴ്സ് (937), ലാബ്‌ ടെക്നീഷ്യൻ (454), പാരാമെഡിക്കൽ ജീവനക്കാർ (494) എന്നിവരുടേതായി ആർദ്രം മിഷന്റെ ഭാഗമായിമാത്രം 2721 തസ്തികകൾ സൃഷ്ടിച്ചു! പിണറായി വിജയൻ സർക്കാർ വന്നശേഷം ആരോഗ്യവകുപ്പിൽ മാത്രം സൃഷ്ടിക്കപ്പെട്ടത് ആറായിരത്തോളം തസ്തികകളാണ്! നിയമനനിരോധത്തിന്റെ യു.ഡി.എഫ്. കാലത്തിനു പിന്നാലെയാണിതെന്ന് ഓർക്കണം.

സമഗ്രം സഫലം ജനപക്ഷം

ആർദ്രം പദ്ധതി മാത്രമല്ല ആരോഗ്യരംഗത്തു മാറ്റമുണ്ടാക്കുന്നത്. വകുപ്പു നടത്തുന്ന എണ്ണമറ്റ മറ്റു പ്രവർത്തനങ്ങളും ഉണ്ട്. ഈ സർക്കാർ പൊന്നാനിയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും സുൽത്താൻബത്തേരിയിൽ ജില്ലാ പബ്ലിക് ഹെൽത്ത് ലാബും മലപ്പുറത്ത് ജില്ലാപബ്ലിക് ഹെൽത്ത് ലാബും റീജിയണൽ പബ്ലിക് ഹെൽത്ത് ലാബും സ്ഥാപിച്ചു. തിരുവനന്തപുരം ആർ.സി.സി.യിൽ 187 കോടി രൂപ മുടക്കിൽ 14 നിലക്കെട്ടിടം പണിയുന്നതടക്കം ഒട്ടേറെ ചികിത്സാലയങ്ങൾക്കു കെട്ടിടങ്ങൾ പണിയുകയാണ്.

വികസിതലോകത്തെപ്പോലെ കേരളവും ഇ-ഹെൽത്തിലേക്കു വളരുകയാണ്. ഇതിലെ പൊതുജനാരോഗ്യവിവരശേഖരം ഉടൻ പൂർത്തിയാകും. ഒന്നരക്കോടിയോളം പേരുടെ വിവരം രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ അവസാനം‌വരെ ഓരോമഴക്കലത്തും പത്രമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്ന പകർച്ചവ്യാധിവാർത്തകൾ ഇക്കഴിഞ്ഞ നാലുകൊല്ലവും നിങ്ങൾ കണ്ടോ? ഒരു ഇടവപ്പാതിത്തലേന്നാണ് ഈ സർക്കാർ അധികാരമേറ്റത്. മന്ത്രിസഭയുടെ ആദ്യയോഗം ചർച്ചചെയ്തത് മഴക്കാലപൂർവ്വശുചീകരണവും പകർച്ചവ്യാധിനിയന്ത്രണവും ആയിരുന്നു. റോഡിലെ കുഴിയടക്കം സകലവെള്ളക്കെട്ടും തോർത്തി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി ആരംഭിച്ച ആ പരിശ്രമമാണ് കേരളത്തെ ശുചിത്വപൂർണ്ണമാക്കിയ ഹരിതകേരളം മിഷനായി വളർന്നത്. നല്ല വെള്ളം, നല്ല വായു, നല്ല പരിസരം. നാം സൃഷ്ടിക്കുന്ന നവകേരളത്തിന്റെ അടിക്കല്ലിൽ ഒന്നാണീ ശുചിത്വശ്രദ്ധ.

കൂടാതെ, പകർച്ചവ്യാധി പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ‘ആരോഗ്യജാഗ്രത’ പദ്ധതി, ജീവിതശൈലീരോഗങ്ങൾ കണ്ടെത്താൻ ‘അമൃതം ആരോഗ്യം’ പദ്ധതി, കുട്ടികൾക്കു സൗജന്യഹൃദയരോഗചികിത്സയ്ക്ക് ‘ഹൃദ്യം’ പദ്ധതി എന്നിങ്ങനെ ലക്ഷ്യബോധത്തോടെയുള്ള ഒട്ടേറെ പദ്ധതികളും നടപ്പാക്കിയിരിക്കുന്നു. മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ; സാധാരണരോഗങ്ങൾക്ക് ഒരുലക്ഷം രൂപവരെയും മാരകരോഗങ്ങൾക്ക് അഞ്ചുലക്ഷം രൂപവരെയും കവറേജുള്ള സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് 42 ലക്ഷം കുടുംബങ്ങൾക്ക്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതിയുമായി.

സമഗ്ര ആരോഗ്യനയം കൊണ്ടുവന്നതിനു പുറമെ, ‘ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം’ പാസാക്കി. സ്വാശ്രയ മെഡിക്കൽ‌വിദ്യാഭ്യാസ പ്രവേശനം സുതാര്യമാക്കിയും മെറിറ്റ് മാനദണ്ഡമാക്കിയും നിയമമുണ്ടാക്കി. അങ്ങനെയങ്ങനെ പലതും.

ലോകത്തിന്റെ കൗതുകത്തുരുത്ത്

ഇതെല്ലാം ലോകമാകെ ശ്രദ്ധിക്കുകയാണ്. അർഹമായ അംഗീകാരങ്ങളും നമുക്കു ലഭിക്കുന്നു. മാതൃമരണനിരക്കു കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാൻ അവാർഡ് നാമാണു നേടിയത്. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്, ഏറ്റവും ഉയർന്ന ലിംഗാനുപാതം, ഉയർന്ന ആരോഗ്യ-ജീവിതസൂചിക, സൗജന്യചികിത്സാലഭ്യതയും അന്താരാഷ്ട്രനിലവാരത്തിലുള്ള സൗജന്യവിദ്യാഭ്യാസവും എന്നിങ്ങനെ പറയാൻ പലതുമുണ്ടു നേട്ടങ്ങൾ. നമ്മുടെ ശിശുമരണനിരക്കു വികസിതലോകത്തിനൊപ്പമെന്നു നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേയും ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ സമഗ്രപദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനമെന്നു ബിബിസിയും നമ്മെ പ്രശംസിച്ചു.

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പ്രകാരം രാജ്യത്തെ മികച്ച സർക്കാരാശുപത്രികൾ ചാലക്കുടി താലൂക്ക് ആശുപത്രിയും നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രവുമാണ് എന്ന അഭിമാനത്തിളക്കം ഈ മാറ്റത്തിനുള്ള അംഗീകാരമാണ്. നമ്മുടെ സർക്കാരാശുപത്രികൾ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ. സർട്ടിഫിക്കേഷനും നേടുന്നു. വേറെയും ഒട്ടനവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങൾ നമ്മുടെ ആരോഗ്യസ്ഥാപനങ്ങൾ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.

നിപ പ്രതിരോധത്തിനു കിട്ടിയ നിരവധി അംഗീകാരങ്ങളും ലോകാരോഗ്യസംഘടനയുടെ അഭിനന്ദനവും ബാൾട്ടിമോർ യൂണിവേഴ്സിറ്റിയുടെ ആദരവും യു.പി.യിൽപ്പോലും കിട്ടിയ ആദരവും എമർജൻസി മെഡിസിൻ അസോസിയേഷൻ ലീഡർഷിപ്പ് അവാർഡും... ആരോഗ്യമേഖല നേടിയ അംഗീകാരങ്ങൾ അവസാനിക്കുന്നില്ല.

ഇതിന്റെയെല്ലാം തുടർച്ചയാണു ‘സാർസ് കൊറോണ 2’ എന്ന വൈറസിനെയും അതുണ്ടാക്കുന്ന ‘കോവിഡ് 19’ എന്ന രോഗത്തെയും പ്രതിരോധിക്കാൻ നാം നടത്തിയ പ്രവർത്തനങ്ങൾക്കു ലോകമെങ്ങും കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരം.

കോവിഡിനെ ചെറുത്ത വന്മതിൽ

പ്രായമായവർ, കുട്ടികൾ, ശാരീരിക-മാനസികവെല്ലുവിളികൾ നേരിടുന്നവർ, പലതരം രോഗമുള്ളവർ, ഗർഭിണികൾ, പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾ, അതിഥിത്തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗത്തെയും സവിശേഷം പരിഗണിക്കുന്ന, ചേർത്തുപിടിക്കുന്ന സമീപനവും സകലമാനവകുപ്പുകളും ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന മഹൈക്യവും - അതാണു നമ്മുടെ കോവിഡ് പ്രതിരോധം ലോകോത്തരമാക്കിയത് എന്നു നമുക്കറിയാം. ഇതിൽ ആരോഗ്യവകുപ്പിന്റെ പങ്കുമാത്രമേ ഇവിടെ പരിശോധിക്കുന്നുള്ളൂ.

വാസ്തവത്തിൽ ലേഖനത്തിൽ വിവരിച്ച നയവും പ്രവർത്തനവുമാണ് ഈ നേട്ടത്തിന്റെ നട്ടെല്ല്. ചൈനയിൽനിന്ന് ആദ്യകൊറോണവാർത്ത വന്ന ജനുവരി രണ്ടാം‌വാരംതന്നെ നമ്മുടെ ആരോഗ്യവകുപ്പ് ആലോചന തുടങ്ങി; മറ്റാരെക്കാളും മുമ്പേ. ഇന്നിപ്പോഴും നാം മുന്നിൽ കാണുന്നൂ, ലോക്ഡൗൺ കഴിഞ്ഞോ അതിനുമുമ്പോ മടങ്ങിയെത്താവുന്ന ലക്ഷക്കണക്കായ പ്രവാസീസഹോദരങ്ങൾക്ക് ഒരുക്കേണ്ട സൗകര്യങ്ങളെപ്പറ്റി.

ഒഴിഞ്ഞുകിടന്ന തസ്തികകളെല്ലാം നികത്തിയും ആവശ്യത്തിനു പുതിയവ സൃഷ്ടിച്ചും അവധിയിലായിരുന്നവരെ തിരികെവിളിച്ചും വരാത്തവരെ മാറ്റി വേറെ ആളെ വച്ചുമൊക്കെ പ്രാദേശികതലംവരെ നാം ശക്തിപ്പെടുത്തിയ ആരോഗ്യശൃംഖലയും അതിനോടിണങ്ങി പ്രവർത്തിക്കാൻ തക്ക പരിശീലനം നല്കി നാം വാർത്തെടുത്ത ആശാസഹോദരിമാരും ആണു നമ്മുടെ പ്രതിരോധസേന. ഒരാൾക്കെങ്കിലും പനിയുണ്ടെങ്കിൽ അറിയാനും പരിശോധിച്ച് കോവിഡ് ബാധയാണെന്നു സംശയം തോന്നിയാൽ സ്രവം പരിശോധനയ്ക്ക് അയയ്ക്കാനും നിരീക്ഷണത്തിൽ വയ്ക്കാനും രോഗം സ്ഥിരീകരിച്ചാൽ ചികിത്സിക്കാനും അവർക്കു രോഗം വന്ന വഴിയും അവർ രോഗം പകർത്തി സഞ്ചരിച്ചേക്കാവുന്ന വഴികളും കണ്ടെത്താനും പരസ്യപ്പെടുത്താനും മറ്റുള്ളവരെ ജാഗ്രതപ്പെടുത്താനും ഗ്രാമീണരെയടക്കം ബോധവത്ക്കരിക്കാനും ഒക്കെ കഴിഞ്ഞത് ഈ ചങ്ങലക്കണ്ണികളുടെ സർവ്വവ്യാപിത്വവും ഗുണമേന്മയും അവരിൽ വളർത്താൻ കഴിഞ്ഞ സേവനോന്മുഖതയും ഒക്കെക്കൊണ്ടാണ്. ഇല്ലെങ്കിൽ ഉത്തരേൻഡ്യൻ ഗ്രാമങ്ങളിലെപ്പോലെ ആരോരുമറിയാതെ രോഗം പടരുകയും മരിക്കുകയും ചെയ്യുന്ന സ്ഥിതി നമുക്കും വരുമായിരുന്നു.

അതുമുതൽ, പരിശോധനാകേന്ദ്രങ്ങൾ ഒരുക്കാനും കിറ്റുകൾ ലഭ്യമാക്കാനും ബ്രേക് ദ് ചെയിൽ ക്യാമ്പയിൻ നടപ്പാക്കാനും ഒക്കെ കഴിഞ്ഞതും ഈ വകുപ്പിനെ ജാഗ്രത്തും ചലനാത്മകവും ആക്കി സർക്കാർ മാറ്റിയതുകൊണ്ടാണ്. മരണത്തെ രണ്ടിൽ പിടിച്ചുകെട്ടാനായത് നാം ഒരുക്കിയ ഗുണമേന്മയുള്ള ചികിത്സയും ഡോക്റ്റർമാരുടെ മികവും നഴ്സുമാരടക്കമുള്ളവരുടെ ജാഗ്രതയും ത്യാഗവും കൊണ്ടും. ആരോഗ്യരംഗം നാലുകൊല്ലം മുമ്പത്തെ അവസ്ഥയിൽ ആയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് ആർദ്രം പദ്ധതിക്കും കരുണാർദ്രമായ ഈ കരുതലുകൾക്കും നമുക്കു നന്ദി പറയാം.