Monday 27 December 2021

വികസനം ഉത്സവമായ വിസ്മയനാളുകൾ

 വികസനം ഉത്സവമായ വിസ്മയനാളുകൾ

മനോജ് കെ. പുതിയവിള

ഇൻഡ്യ സ്വതന്ത്രമായി അഞ്ചുപതിറ്റാണ്ടും കേരളം പിറന്ന് നാലുപതിറ്റാണ്ടും എടുത്തു അതിലേറെ പ്രായമുള്ള പ്രാദേശികസ്വയം‌ഭരണം എന്ന സ്വപ്നം അർത്ഥപൂർണ്ണമായി യാഥാർത്ഥ്യമാകാൻ. കേരളത്തിന്റെ വികസനചരിത്രത്തിലെ ദീപ്തസ്തംഭവും ലോകമാതൃകയുമായി മാറിയ ജനകീയാസൂത്രണമാണ് അതു യാഥാർത്ഥ്യമാക്കിയത്. രജതജൂബിലി ആഘോഷിക്കുന്ന ജനകീയാസൂത്രണത്തെപ്പറ്റി.


അന്നമനട ഗ്രാമപ്പഞ്ചായത്തിന്റെ ‘ഗ്രാമദർശനം’ ത്രൈമാസികയുടെ ‘ജനകീയാസൂത്രണം രജതജൂബിലിപ്പതിപ്പി’(2021 നവംബർ)ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർൺനരൂപം.

നപഥങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുമൊക്കെ ജനലക്ഷങ്ങൾ പങ്കുചേർന്നു നടന്ന എണ്ണമറ്റ പ്രവർത്തനങ്ങളുടെ വിസ്മയകഥയാണു ജനകീയാസൂത്രണത്തിന്റേത്. അതു സാദ്ധ്യമാക്കിയതിനു പിന്നിലെ സംഭവപരമ്പരകളും കൗതുകകരമാണ്.

1996 ഓഗസ്റ്റ് 17-ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത ജനകീയാസൂത്രണപ്രസ്ഥാനം അത്യാവേശത്തോടെയാണു കേരളജനത ഏറ്റെടുത്തത്. ആ ഏറ്റെടുക്കലിന്റെ ഫലമായാണ് കേരളഭരണനിർവ്വഹണത്തിന്റെ അലകും പിടിയും മാറ്റിയ, കേരളവികസനത്തിനു പുതിയ കുതിപ്പേകിയ, വികസനസങ്കല്പവും സംസ്ക്കാരവും പൊളിച്ചെഴുതിയ, രാജ്യത്തിനു മാതൃകയായ, ആധുനികലോകത്തിന്റെ പരീക്ഷണശാലയായ കേരളത്തിലേക്കു വീണ്ടും ലോകശ്രദ്ധ കൊണ്ടുവന്ന മഹാപ്രസ്ഥാനമായി അതു മാറിയത്.

അന്നുവരെ വികസനക്ഷേമകാര്യങ്ങളൊന്നും തീരുമാനിക്കുന്നതിൽ ജനങ്ങൾക്കു പങ്കൊന്നും ഉണ്ടായിരുന്നില്ല. ആസൂത്രണക്കമ്മിഷൻ ദേശീയതലത്തിൽ ചില ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് അവ നേടിയെടുക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു രീതി. ഭൂപ്രകൃതി, കാലാവസ്ഥ, ജനവിഭാഗങ്ങൾ, സംസ്ക്കാരം, വിളവുകളും കൃഷിരീതികളും, ജീവത്പ്രശ്നങ്ങൾ, ആവശ്യങ്ങൾ, വികസനത്തിലെ ഏറ്റക്കുറവ് എന്നിങ്ങനെ അനവധിഘടകങ്ങളിലെ അപാരമായ അന്തരങ്ങളൊന്നും പരിഗണിക്കാതെ ഉള്ളതായിരുന്നു ഈ പദ്ധതികൾ. അതിന്റെ ചുവടുപിടിച്ച് സംസ്ഥാന ആസൂത്രണബോർഡും വിഭവലഭ്യതയ്ക്കനുസരിച്ച് കുറെ പദ്ധതികൾ ആവിഷ്ക്കരിക്കും.

ഇവ ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥസംവിധാനം ഉപയോഗിച്ചു നടപ്പാക്കുക ആയിരുന്നു രീതി. നടപ്പാക്കലിന്റെ വിലയിരുത്തൽപോലും ഭൗതികനേട്ടം വിലയിരുത്തി ആയിരുന്നില്ല. നീക്കിവച്ച ധനം ചെലവാക്കിയോ എന്നതിനായിരുന്നു പരിഗണന. ഇതൊക്കെക്കൊണ്ടുതന്നെ രാജ്യത്തെ വികസനവും ജനജീവിതവും ഏന്തിയും വലിഞ്ഞും തിരുനക്കരെത്തന്നെ കിടന്നു.

എന്നാൽ, ബ്രിട്ടിഷുകാർ വിഭവചൂഷണത്തിനായും രാജാക്കന്മാർ ജനഹിതങ്ങൾ ഗൗനിക്കാതെ തന്നിഷ്ടപ്രകാരവും നാടൻഭൂപ്രഭുക്കളുടെയും അവരുടെ ഗുണ്ടകളുടെയുമൊക്കെ പിൻബലത്തോടെ ജനങ്ങളെ അടിച്ചമർത്തി നടത്തിവന്ന ഭരണം അവസാനിപ്പിക്കുമ്പോൾ പകരം ജനങ്ങളുടെ ഭരണമാണു നടപ്പാകേണ്ടതെന്ന ചിന്ത കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പുരോഗമനപക്ഷത്തിനു വളരെ വ്യക്തമായിത്തന്നെ ഉണ്ടായിരുന്നു. അത് എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഇ.എം.എസിനെപ്പോലെയുള്ളവർ മുന്നോട്ടുവച്ച കാഴ്ചപ്പാട് ഇന്നും നമുക്കു സ്വപ്നം മാത്രം കാണാൻ കഴിയുന്നതരത്തിൽ സർക്കാർസംവിധാനങ്ങളെ ജനകീയമാക്കാനുള്ളതായിരുന്നു!

വിമോചനസമരം തകർത്ത സ്വപ്നം

യൂറോപ്യൻനവോത്ഥാനവും ജനാധിപത്യവിപ്ലവങ്ങളും കാരണം ആ സമൂഹങ്ങളിൽ വികസിച്ചുവന്ന നവമാനവമൂല്യങ്ങൾ അത്തരം സാംസ്ക്കാരികനവോത്ഥാനമൊന്നും ഉണ്ടാകാതെപോയ ഇൻഡ്യയിലേക്കു കടന്നുവന്നില്ല. ഭരണമാറ്റം എന്നത് ഭരിക്കുന്ന ആളുകൾ മാറി എന്നതിലും ആ ആളുകളെ തെരഞ്ഞെടുക്കാൻ അഞ്ചുകൊല്ലം കൂടുമ്പോൾ വോട്ടുകുത്താനുള്ള അവകാശം കൈവന്നു എന്നതിലും ഒതുങ്ങി.

സാമ്രാജ്യത്വഭരണയന്ത്രം അപ്പടി നിലനിന്നു. വികസനവും ക്ഷേമവുമെല്ലാം ‘അധികാരികളു’ടെ ദയാദാക്ഷിണ്യങ്ങളായും അതു കിട്ടാൻ കാലുപിടിക്കുകയും കൈക്കൂലി കൊടുക്കുകയും വേണമെന്നും ‘അധികാരികൾ’ക്ക് പ്രജകളെ ആട്ടാനും തുപ്പാനും അവകാശമുണ്ടെന്നും എല്ലാമുള്ള നിലകളും മാറിയില്ല. ശമ്പളം കൊടുക്കുന്ന പൗരർ അവരുടെ ശമ്പളം വാങ്ങുന്നവരെ എഴുന്നേറ്റുനിന്നു വണങ്ങി സർ എന്നു വിളിക്കേണ്ട തലകീഴവസ്ഥ!

ഇതെല്ലാം അടിച്ചുടയ്ക്കാനുള്ള പരിപാടികളുമായാണ് കേരളത്തിലെ ആദ്യസർക്കാർ അധികാരത്തിൽ വന്നത്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. തന്നെ അദ്ധ്യക്ഷനായ ഭരണപരിഷ്ക്കാരക്കമ്മിഷന്റെ ആശയൗന്നത്യങ്ങളോടെ ആ സർക്കാർ കൊണ്ടുവന്ന വിപ്ലവാത്മകമായ നിയമങ്ങൾ പക്ഷെ, എക്കാലത്തെയും വലിയ അശ്ലീലമായ വിമോചനസമരവും പിരിച്ചുവിടലും കാരണം നടപ്പിലായില്ല. പൊലീസും ജയിലും സിവിൽ ഡിഫൻസും റവന്യൂ രേഖകളും വരെ ജില്ലാഭരണത്തിനു വികേന്ദ്രീകരിച്ചു കൈമാറാനുള്ള വിപ്ലവാത്മകചിന്തകൾ മുന്നോട്ടുവച്ച് 1967-ൽ കൊണ്ടുവന്ന ബില്ലുകളും നടപ്പാക്കപ്പെട്ടില്ല. അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്ത നഷ്ടമായ മറ്റൊരു ബിൽ നിയമമാകുകയും കാര്യമായ അധികാരമൊന്നുമില്ലാത്ത തദ്ദേശഭരണസമിതികൾ നിലവിൽവരികയും തെരഞ്ഞെടുപ്പുകൾ പോലും നടക്കാതെ അവ തുടരുകയും ഉദ്യോഗസ്ഥഭരണത്തിലാകുകയും ഒക്കെ ചെയ്ത കാലഘട്ടത്തിന് അന്ത്യമാകുന്നത് 87-ലെ നായനാർ സർക്കാർ 88-ൽ തെരഞ്ഞെടുപ്പു നടത്തുകയും 91-ൽ ജില്ലാക്കൗൺസിൽ കൊണ്ടുവരികയും ചെയ്തതോടെയാണ്.

അധികാരവികേന്ദ്രീകരണത്തിനായുള്ള 73, 74 ഭരണഘടനാഭേദഗതികൾ 1993-ലും അതിന്റെ അടിസ്ഥാനത്തിലുള്ള കേരളനിയമങ്ങൾ 1994-ലും വന്നതിനാൽ ജില്ലയ്ക്കു പൊതുവായ ജനകീയഭരണം എന്ന വലിയ സാദ്ധ്യത അവസാനിക്കുകയും ജില്ലയിലെ ഗ്രാമങ്ങൾക്കു മാത്രമായുള്ള ജില്ലാപ്പഞ്ചായത്തു വരികയും ചെയ്തു. നിയമപരിഷ്ക്കാരത്തിന്റെപേരിൽ ഒരുവട്ടം‌കൂടി തദ്ദേശഭരണസമിതികളുടെ കാലാവധി നീളുകയും ഉദ്യോഗസ്ഥഭരണം വരികയും ചെയ്തു. 1995 സെപ്റ്റംബർ 3-ന് ഇന്നത്തെ ത്രിതലസമ്പ്രദായത്തിലുള്ള ആദ്യഭരണസമിതികൾ നിലവിൽവന്നു.

പ്രാദേശിക‘സർക്കാരുകൾ’

തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരങ്ങൾ നല്കുകയും അതിനു ഭരണഘടനയുടെ പിൻബലം നല്കുകയും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമാക്കുകയും ഒക്കെ ചെയ്ത വലിയ ചുവടുവയ്പായിരുന്നു ഭരണഘടനാഭേദഗതികൾ. അധികാരം താഴേക്കു നല്കുക എന്ന ദർശനത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് സ്വന്തം അധികാരമൊന്നും സംസ്ഥാനങ്ങൾക്കായി വികേന്ദ്രീകരിക്കാൻ പക്ഷെ, കേന്ദ്രം കൂട്ടാക്കിയില്ല. ഭേദഗതിയാകട്ടെ, അധികാരവികേന്ദ്രീകരണത്തിന്റെ വ്യാപ്തി തീരുമാനിക്കാനുള്ള അധികാരം അതതുസംസ്ഥാനനിയമസഭകൾക്കു നല്കുകയാണു ചെയ്തത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വികേന്ദ്രീകരിക്കാൻ വ്യവസ്ഥ ആയെങ്കിലും സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന ഭരണാധികാരികളോ ഉദ്യോഗസ്ഥരോ സ്വന്തം അധികാരങ്ങൾ കൈവിടാൻ തയ്യാറായിരുന്നില്ല എന്നത് കൊട്ടിഘോഷിക്കപ്പെട്ട ഭരണഘടനാഭേദഗതികൾക്കു ശേഷമുള്ള ഇൻഡ്യൻസംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിച്ചാൽ ബോദ്ധ്യമാകും.

കേരളത്തിൽ 1994-ൽ പാസാക്കിയ നിയമങ്ങൾ ഭരണഘടന നിർദ്ദേശിച്ച അധികാരങ്ങൾ കൈമാറാൻ വ്യവസ്ഥ ചെയ്തു. പ്രാദേശികസർക്കാരുകൾ എന്നൊക്കെയുള്ള വലിയ വാക്കുകൾ കേട്ടു ചുമതലയിലേക്കുവന്ന പഞ്ചായത്തുസമിതികൾക്കു പക്ഷെ, ഈ അധികാരങ്ങൾ നിർവ്വഹിക്കാൻ ധനമോ ഉദ്യോഗസ്ഥസംവിധാനമോ നല്കിയിരുന്നില്ല. നാമമാത്രമായ ഉപാധിരഹിതഫണ്ട് (untied fund) മാത്രമായിരുന്നു ധനം.

എന്നാൽ, 1996-ൽ ചുമതലയേറ്റ നായനാർ സർക്കാർ ഈ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിക്കുകയും അതിനായി ബംഗാളിലെ വികസനവിദഗ്ദ്ധനായ എസ്.ബി. സെന്നിനെ കമ്മിഷനായി നിയമിക്കുകയും ചെയ്തു. സെന്നും അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് അദ്ധ്യക്ഷനായ വി.ജെ. തങ്കപ്പനും നയിച്ച കമ്മിഷൻ നല്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത്, മുനിസിപ്പൽ നിയമങ്ങൾ സമഗ്രമായി ഭേദഗതി ചെയ്തു.

പഞ്ചായത്ത് രാജ് നിയമത്തിലെ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകൾ ഭേദഗതി ചെയ്തു. സര്‍ക്കാരിന് തദ്ദേശഭരണസ്ഥാപനങ്ങളുടെമേൽ ഉണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചു. ഭരണസമിതികളെയും അംഗങ്ങളെയും പറ്റിയുള്ള പരാതികൾ തീർപ്പാക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽനിന്നു രണ്ടു ജുഡീഷ്യൽ സ്ഥാപനങ്ങൾക്കു കൈമാറി. വീഴ്ചകളും അഴിമതികളുമെല്ലാം ഓംബുഡ്സ്‌മാനിൽ നിക്ഷിപ്തമാക്കി. പ്രാദേശികസർക്കാരുകളുടെ പ്രമേയം റദ്ദാക്കാൻ സംസ്ഥാനസർക്കാരിനുണ്ടായിരുന്ന അധികാരം കളഞ്ഞു. ഭരണസമിതി പിരിച്ചുവിടണമെങ്കിലും ഓംബുഡ്‌സ്‌മാന്റെ അനുമതി വേണം. അംഗത്വം റദ്ദാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പുകമ്മിഷനാക്കി. ഭരണസമിതിത്തീരുമാനങ്ങൾ സംബന്ധിച്ച പരാതികൾക്ക് അപ്പലേറ്റ് ട്രിബ്യൂണൽ കൊണ്ടുവന്നു. പ്രാദേശികസർക്കരുകളുടെ രാഷ്ട്രീയാധികാരികൾക്കു നല്കിയ  ധനവിനിയോഗത്തിനുള്ള അധികാരം (authorisation) മന്ത്രിമാർക്കുപോലും ഇല്ലാത്തതാണ്! ഇതെല്ലാമാണു തദ്ദേശഭരണസ്ഥാപനങ്ങൾക്കു സ്വതന്ത്രപരമാധികാരത്തോടെയും ശക്തമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കിയത്. 


2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സര്‍ക്കാരിൽ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണനിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങളും തെരഞ്ഞെടുപ്പുകമ്മിഷനു നല്കി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തി അധികാരവികേന്ദ്രീകരണം പൂര്‍ണ്ണമായി നടപ്പിലാക്കി.

ഒരു രാഷ്ട്രീയ‘അട്ടിമറി’

എന്നാൽ, അധികാരം ജനങ്ങൾക്കു കൈമാറാൻ നിയമങ്ങൾ മാത്രം പോരെന്നും ഒരുപക്ഷെ, നിയമങ്ങൾ അതു യാഥാർത്ഥ്യമാക്കിയേക്കില്ലെന്നും ക്രാന്തദർശിയായ ഇ.എം.എസ്. മനസിലാക്കിയിരുന്നു. അതിനാൽ, സെന്നിനെ കമ്മിഷനായി നിയമിക്കാൻ ആലോചിക്കുമ്പോൾത്തന്നെ അദ്ദേഹം മറുമരുന്നു കണ്ടെത്തിയിരുന്നു. അധികാരത്തിനായുള്ള ആവശ്യബോധം ജനങ്ങളിൽ സൃഷ്ടിച്ച് അതിനുള്ള ശക്തമായ ജനകീയസമ്മർദ്ദം വളർത്തിക്കൊണ്ടുവരിക എന്നതായിരുന്നു അത്.

ആ നിയോഗം ലഭിച്ചത് ഡോ: റ്റി.എം. തോമസ് ഐസക്കിനും ഇ.എം. ശ്രീധരനും അംഗങ്ങളായ, ഐ.എസ്. ഗുലാത്തി ഉപാദ്ധ്യക്ഷനായ സംസ്ഥാന ആസൂത്രണബോർഡിനായിരുന്നു. ജനകീയസമ്മർദ്ദം ഉയർത്താനും രാഷ്ട്രീയമായി ഉണ്ടാകാവുന്ന എതിർപ്പുകളും ഭരണതലത്തിൽ ഉണ്ടാകാവുന്ന തടസങ്ങളും ദുർബ്ബലപ്പെടുത്താനുമായി ആദ്യം നടപ്പാക്കിയ തന്ത്രം സംസ്ഥാനത്തിന്റെ ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ ധനത്തിൽ 35 – 40 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറും എന്നതായിരുന്നു.

തദ്ദേശസ്ഥാപനങ്ങൾക്കു ധനവും അധികാരവും കൊടുത്താൽ അതു വിനിയോഗിച്ചു വികസനവും ക്ഷേമവുമൊക്കെ ആസൂത്രണം ചെയ്തു നടപ്പാക്കാൻ അവർക്കാകുമോ എന്ന ആശങ്കയാണ് എക്കാലവും അതിനു തടസം നിന്നത്. ശേഷി വളർത്തിയിട്ടു പണം നല്കാം എന്ന നിലപാടാണ് സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ടും അതു വൈകിപ്പിച്ചത്. അതുകൊണ്ടുതന്നെ, ഇനി അതു പറ്റില്ല, പണം നല്കുക, അതിന്റെ വിനിയോഗത്തിലൂടെ ശേഷി വികസിപ്പിക്കാം എന്ന സമീപനം സ്വീകരിച്ചത്. സർക്കാർ ഇതു പ്രഖ്യാപിച്ചതോടെ നടപ്പാക്കുക എന്നതു സർക്കാരിന്റെ ബാദ്ധ്യതയായി. അതായിരുന്നു ആ തന്ത്രത്തിന്റെ ഉദ്ദേശ്യം.

മറ്റൊരു ഉദ്ദേശ്യം, പണം കൈമാറിക്കിട്ടുന്നതോടെ അതു വിനിയോഗിച്ചു കാര്യങ്ങൾ ചെയ്യാൻ വേണ്ട ഉദ്യോഗസ്ഥസംവിധാനം വേണമെന്ന ആവശ്യം പ്രാദേശികതലത്തിൽനിന്ന് ഉയരും. അക്കാര്യത്തിൽ ഉദ്യോഗസ്ഥവിഭാഗങ്ങളിലും വകുപ്പുകളിലും ഒക്കെനിന്ന് ഉയരാവുന്ന എതിർപ്പുകൾക്കെതിരായ ജനകീയസമ്മർദ്ദമായി ഇത് ഉപയോഗപ്പെടുത്തുക.

അപ്പോഴും യഥാർത്ഥത്തിൽ ഉണ്ടാകുമായിരുന്ന പ്രശ്നം ഇത്ര വലിയ തുകയ്ക്കുള്ള വികസനപദ്ധതികൾ പ്രാദേശികസർക്കാരുകൾ എങ്ങനെ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യും എന്നതുതന്നെ ആയിരുന്നു. എന്നാൽ, അതിനുള്ള ചില മാതൃകകൾ അതിനകം പരീക്ഷിക്കപ്പെട്ടിരുന്നു.

ഇനി ഇതൊന്നും ഇല്ലായിരുന്നെങ്കിലും നിലനില്പിനു മറ്റു വഴികൾ കേരളത്തിനു മുന്നിൽ ഉണ്ടായിരുന്നില്ല എന്ന വലിയ യാഥാർത്ഥ്യവും നിലനിന്നു.

അനിവാര്യമാക്കിയ പ്രതിസന്ധി

ഇതിനൊരു പശ്ചാത്തലമുണ്ടായിരുന്നു. സമ്പത്തുത്പാദനം കാര്യമായില്ലാതിരുന്നിട്ടും വികസനസൂചികകളിൽ പലതിലും വികസിതലോകത്തിനൊപ്പം എത്തിയിരുന്ന കേരളം അന്ന് ആഗോളവികസനവിദഗ്ദ്ധർക്കു കൗതുകമായിരുന്നു. ‘കേരള മോഡൽ’ എന്ന അവരുടെ പ്രയോഗത്തിൽ നാം അഭിമാനം കൊള്ളുകയും ചെയ്തുവന്നു.

എന്നാൽ, ആ നേട്ടത്തിന് ആധാരമായിരുന്ന ഗൾഫ് കുടിയേറ്റവും അതുവഴിയുള്ള വിദേശവരുമാനവും നിലയ്ക്കാമെന്ന ആശങ്ക അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെ ഗൾഫ് മേഖലയിൽ തുടങ്ങിയ അനിശ്ചിതത്വത്തോടെ ശക്തിപ്പെട്ടു. ധനവിഭവം കുറവുള്ള സംസ്ഥാനത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും ഉത്പാദനേതരമായ കാര്യങ്ങൾക്കാണു വിനിയോഗിക്കുന്നത്. വിഭവസമാഹരണത്തിനു പുതിയ വഴികൾ തേടിയും ആഭ്യന്തരസാമ്പത്തികോത്പാദനം വർദ്ധിപ്പിച്ചുമല്ലാതെ നമ്മുടെ വികസനനേട്ടങ്ങൾ നിലനിർത്താനും മുന്നോട്ടുപോകാനും കഴിയില്ല എന്നു വ്യക്തമായി. 

ഈ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള വഴിതേടാനാണ് 1994 ഓഗസ്റ്റ് 27, 28, 29 തീയതികളിൽ ആദ്യത്തെ അന്താരാഷ്ട്ര കേരളപഠനകോൺഗ്രസ് എ.കെ.ജി. പഠനഗവേഷനകേന്ദ്രം സംഘടിപ്പിക്കുന്നത്. ഫലപ്രദമായ അധികാരവികേന്ദ്രീകരണത്തിന്റെ അനിവാര്യതയിലേക്കും അതിന്റെ സാധ്യതകളിലേക്കും അതു വിരൽ ചൂണ്ടി.

പരീക്ഷണക്കളരികൾ

ഇതിനു സമാന്തരമായി പ്രാദേശികതലത്തിൽ വിഭവസമാഹരണവും ജനപങ്കാളിത്തവും സാദ്ധ്യമാക്കി വികസനപ്രവർത്തനവും ആസൂത്രണവും സംഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടന്നുവരികയായിരുന്നു.

ഗ്രാമശാസ്ത്രസമിതികളിലൂടെയുംമറ്റും ഗ്രാമതലത്തിൽ ഇടപെടലുകൾ നടത്തിവന്നിരുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ 1976-ൽ വിഭവസർവ്വേ നടത്തി വികസനപരിപാടി തയ്യാറാക്കിയിരുന്നു. എട്ടാം പഞ്ചവത്സരപദ്ധതി മുതൽതന്നെ അധികാരവികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പഠനങ്ങളും ഇടപെടലുകളും പരീക്ഷണങ്ങളും മാതൃകകൾ വികസിപ്പിക്കലുമൊക്കെ നടത്തിത്തുടങ്ങിയിരുന്നു. പരിഷത്തിലെ വിദഗ്ദ്ധർ മെച്ചപ്പെട്ട അധികാരവികേന്ദ്രീകരണവും പ്രാദേശികഭരണവും ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ പോയി പഠനങ്ങൾ നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചർച്ചകൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു. വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി പ്രൊ: ഐ. എസ്. ഗുലാത്തിയുടെ പ്രബന്ധം പരിഷത്തിന്റെ 1986-ലെ സംസ്ഥാനസമ്മേളനത്തിൽ സംഘടിപ്പിച്ചതും ഈ വിഷയത്തിൽ 1987-ൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ശില്പശാല നടത്തിയതും 1988-ൽ ‘കേരളത്തിന്റെ എട്ടാം പദ്ധതി: ചര്‍ച്ചകള്‍ക്കൊരാമുഖം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ‘അധികാരം ജനങ്ങള്‍ക്ക്‌’ എന്ന മുദ്രാവാക്യം ഉയർത്തി 1989-ൽ വികസനജാഥ നടത്തിയ തുമൊക്കെ എടുത്തുപറയാവുന്ന മുൻകൈകളാണ്.

സെന്റര്‍ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസു(CESS)മായി ചേർന്നു പരിഷത്തു നടപ്പാക്കിയ വിഭവഭൂപടനിർമ്മാണം പ്രയോഗതലത്തിലെ വലിയ ചുവട് ആയിരുന്നു. ആദ്യഘട്ടം 1991-ൽ വലിയ 23 പഞ്ചായത്തുകളിൽ നടപ്പാക്കി. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 1993-94-ൽ നടത്തിയ സാമൂഹിക സാമ്പത്തിക സര്‍വ്വെയുടെ വിവരങ്ങൾ വിഭവഭൂപടത്തോടു കൂട്ടിയിണക്കി 1994-ൽ ജനപങ്കാളിത്തത്തോടെ സമഗ്രപഞ്ചായത്തുവികസനപദ്ധതി ആവിഷ്ക്കരിച്ചതോടെ പ്രാദേശികാസൂത്രണം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനു രൂപരേഖയായി. പുതിയ കേരള പഞ്ചായത്തിരാജ്‌ നിയമം നിലവിൽ വരുന്നതിനു മുമ്പായിരുന്നു ഇത്. കല്യാശ്ശേരി അനുഭവം പങ്കുവയ്ക്കാൻ 1995 ഒക്റ്റോബർ 2, 3 തീയതികളിൽ സെന്റര്‍ഫോര്‍ ഡെവലപ്മെന്റ്‌ സ്റ്റഡീസി(സി. ഡി. എസ്. )ൽ സംഘടിപ്പിച്ച സെമിനാറാണ് പഠനക്കോൺഗ്രസുപോലെ ഈ ചരിത്രത്തിലെ സുപ്രധാനനാഴികക്കല്ല്. ഇ. എം. എസ്‌. നമ്പൂതരിപ്പാട്‌, എ. കെ. ആന്റണി തുടങ്ങിയ രാഷ്ട്രീയനേതാക്കളും ഡോ. കെ. എന്‍. രാജ്‌, പ്രൊഫ. ഐ. എസ്‌. ഗുലാത്തിതുടങ്ങിയ വികസനവിദഗ്ദ്ധരും പങ്കെടുത്ത സെമിനാർ ഈ മാതൃക വിപുലമായി പരീക്ഷിക്കാനും വികസന-സാങ്കേതികവിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയുമൊക്കെ കേരളവികസനത്തിൽ കണ്ണിചേർക്കാനും തീരുമാനിച്ചു. 

സി. ഡി. എസ്. ആരംഭിച്ച കേരള റിസേർച്ച് പ്രോഗ്രാം ഫോർ ലോക്കൽ ലെവൽ ഡെവലപ്‌മെന്റ് (KRPLLD) ആരംഭിച്ച പ്രാദേശികവികസനം സംബന്ധിച്ച ധാരാളം പഠനങ്ങൾക്കു പ്രചോദനമായി. ഈ വിഷയത്തിലേക്കു ഗവേഷണകുതുകികളുടെ ശ്രദ്ധ ക്ഷണിക്കാനും പ്രാദേശികതലപഠനങ്ങൾക്കു രീതിശാസ്ത്രം വികസിപ്പിക്കാനും പരിചയിപ്പിക്കാനുമൊക്കെ ഇതു സഹായകമായി. ഒട്ടേറെ വിവരങ്ങൾ ഇതു സമൂഹത്തിനു സംഭാവന ചെയ്തു. 

വിഭവഭൂപടനിർമ്മാണവും സാമൂഹിക സാമ്പത്തിക സർവ്വേയും തയ്യാറാക്കി പ്രാദേശികവികസനപദ്ധതി തയ്യാറാക്കുന്ന കല്യാശേരി മാതൃക വിപുലമായി പരീക്ഷിക്കാനുള്ള പദ്ധതി സി. ഡി. എസിന്റെ കെ. ആർ. പി. എൽ. എൽ. ഡി. പദ്ധതിയിൽ പരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാകേന്ദ്ര(IRTC)ത്തിന്റെ പ്രോജക്‌ടായി ഉള്‍പ്പെടുത്തി. മയ്യിൽ (കണ്ണൂര്‍), മെഴുവേലി, (പത്തനംതിട്ട), കുമരകം (കോട്ടയം), മാടക്കത്തറ (തൃശ്ശൂര്‍), ഒഞ്ചിയം (കോഴിക്കോട്‌) എന്നീ പഞ്ചായത്തുകളിൽ 1995 മുതൽ ഇത് ആരംഭിച്ചു. തെരെഞ്ഞെടുത്ത പഞ്ചായത്തുകളിൽ വിപുലമായ പരിശീലനങ്ങളും സംഘടിപ്പിച്ചു.

1987-ലെ നായനാർ സർക്കാർ എസ്.ബി. സെന്നിന്റെ ശുപാർശപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഉപാധിരഹിതഫണ്ട് എന്ന നിലയിൽ ഗ്രാന്റ്-ഇൻ-എയ്ഡ് അനുവദിച്ചതും ജില്ലാക്കൗൺസിൽ വന്നതുമൊക്കെ ഇതിനെല്ലാം ആക്കം കൂട്ടിയിരുന്നു. ഭരണഘടനാഭേദഗതികൾകൂടി ആയതോടെ എല്ലാനിലയിലും കളമൊരുങ്ങി.

ജനകീയാസൂത്രണത്തിലേക്ക്

അങ്ങനെ കേരളം ചരിത്രം കുറിക്കാൻ തയ്യാറായി. അധികാരവികേന്ദ്രീകരണത്തിനായി ബഹുജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അണിനിരത്താനുള്ള വിപുലമായ ആശയപ്രചാരണം സർക്കാർ സംവിധാനങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും രാഷ്ട്രീയപ്പാർട്ടികൾ അടക്കമുള്ള ബഹുജനപ്രസ്ഥാനങ്ങളിലൂടെയുമെല്ലാം സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. വലിയൊരു ഉത്സവത്തിലേക്കു കേരളം വീഴുന്നതാണു പിന്നീടു കണ്ടത്. 

വൈസ് ചാൻസലർമാർ, ശാത്രസാങ്കേതികസ്ഥാപനങ്ങൾ, എല്ലാരംഗത്തെയും വിദഗ്ദ്ധർ, ബാങ്കുമേധാവികൾ, പത്രാധിപർമാർ, നാനാമേഖലകളിലെയും ബഹുജനസംഘടനകൾ, ഉദ്യോഗസ്ഥർ... എല്ലാവരുടെയും വെവ്വേറെ കോൺഫറൻസുകളായിരുന്നു പിന്നെ. പ്രാദേശിക ജനപ്രതിനിധികളുടെ കോൺഫറൻസുകൾ ജില്ലാതലത്തിൽ ചേർന്നു. 1996 ഓഗസ്റ്റോടെ ഇതെല്ലാം പൂർത്തിയാക്കി എല്ലാ മേഖലയുടെയും പിന്തുണ ഉറപ്പാക്കി. 

ഇ. എം. എസ്. നമ്പൂതിരിപ്പാട് ചെയർമാനും മുൻമുഖ്യമന്ത്രിമാരും  പ്രതിപക്ഷനേതാക്കളും വി. ആർ. കൃഷ്ണയ്യർ, സുകുമാർ അഴീക്കോട്, പ്രൊഫ: കെ. എൻ. രാജ് എന്നീ പ്രാമാണികരും ഉപാദ്ധ്യക്ഷരും മുഖ്യമന്ത്രി ഇ. കെ. നായനാർ രക്ഷാധികാരിയും തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി കൺവീനറുമായി കേരള എം.പി.മാരും എം.എൽ.എ.മാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും സാഹിത്യ-കലാ-സാംസ്കാരികപ്രതിഭകളും പണ്ഡിതരുമെല്ലാം അടങ്ങുന്ന 451 അംഗ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിക്കും രൂപം നല്കി. മലയാളവർഷപ്പിറവിയായ ചിങ്ങം ഒന്നിനു ചേർന്ന ഈ സമിതിയുടെ ആദ്യയോഗത്തിൽ മുഖ്യമന്ത്രി ജനകീയാസൂത്രണപരിപാടി ഉദ്ഘാടനം ചെയ്തു.

ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതി ആറു കമ്മിഷനുകളായി മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്ക്കരിച്ചു. അവ അടിസ്ഥാനമാക്കി പരിപാടിയുടെ സമീപനരേഖ തയ്യാറാക്കി. ക്യാമ്പയിൻ നടത്തിപ്പ് സംസ്ഥാന ആസൂത്രണബോർഡിനായിരുന്നു. അതിനായി ബോർഡിൽ വിദഗ്ദ്ധസെല്ലിനും രൂപം നല്കി. ഈ ലേഖകനും അംഗമായിരുന്ന സെല്ലിലുള്ളവർ ശരാശരി 12-14 മണിക്കൂർ പണിയെടുത്തിരുന്നെന്നാണ് ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’ എന്ന പുസ്തകത്തിൽ തോമസ് ഐസക്ക് എഴുതിയിട്ടുള്ളത്. 

തദ്ദേശഭരണം, ഗ്രാമവികസനം എന്നീ വകുപ്പുകൾക്കും ആസൂത്രണബോർഡിനുമായി ഏകോപനസമിതിക്കും രൂപം നല്കി. ജില്ലാ ആസൂത്രണസമിതികൾ ജില്ലാതലത്തിൽ ക്യാമ്പയിനിന്റെ ചുക്കാൻ പിച്ചു. ഇവയ്ക്കൊപ്പം ജില്ലാ പ്ലാനിങ് ഓഫീസുകളും ചേർന്നതായിരുന്നു സംഘടനാരൂപം. 

ചരിത്രപദ്ധതിയിലേക്ക്

‘ധനകാര്യചരിത്രത്തിലെ നാഴികക്കല്ല്’ എന്നു വിശേഷിപ്പിക്കപ്പെട്ട തീരുമാനം സർക്കാർ കൈക്കൊണ്ടു - ഒൻപതാം പഞ്ചവത്സരപദ്ധതിയടങ്കലിന്റെ 35-40 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങൾക്കു നല്കുക. അതതു ജനങ്ങളുടെ ആവശ്യാഭിലാഷങ്ങളും ലഭ്യമായ വിഭവങ്ങളും അടിസ്ഥാനമാക്കി ഇത്രയും തുകയ്ക്കുള്ള പദ്ധതികൾ തദ്ദേശഭരണതലത്തിൽ രൂപപ്പെടുത്തണം. അതായിരുന്നു യഥാർത്ഥ വെല്ലുവിളി. ലോകത്തുതന്നെ ആദ്യം. മുൻമാതൃകകളില്ല. ചെയ്തുനോക്കിയും തെറ്റിയാൽ തിരുത്തിയും മുന്നോട്ടുപോകുക – അതല്ലാതെ വഴിയില്ലായിരുന്നു.

അഞ്ചു ഘട്ടങ്ങളുള്ള പ്രവർത്തനപദ്ധതി ഇതിനായി ആവിഷ്ക്കരിച്ചു. പുതിയ കാര്യമല്ലേ. ബന്ധപ്പെട്ട എല്ലാവർക്കും ധാരണ ഉണ്ടാക്കണം. ആവശ്യബോധം ജനിപ്പിക്കണം. ശീലങ്ങളുടെ സുഖം ഉപേക്ഷിച്ചു സ്വയം മാറാൻ പ്രേരിപ്പിക്കണം. ഇതിനായി വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സന്നദ്ധപ്രവർത്തകർക്കുമെല്ലാം സമഗ്രമായ പരിശീലനം നല്കുകയായിരുന്നു ആദ്യപടി. സംസ്ഥാന, ജില്ലാ തലങ്ങളിലായി നടന്ന അതിവിപുലമായ ഈ ബോധവത്ക്കരണയജ്ഞം മൂന്നാഴ്ചകൊണ്ടു പൂർത്തിയാക്കി! ഗ്രാമസഭയുടെ സംഘാടനം മുതൽ ദ്വിതീയവിവരശേഖരണവും പ്രൊജക്റ്റ് തയ്യാറാക്കലും ഓരോ തലത്തിലെയും പദ്ധതിരേഖ തയ്യാറാക്കലും അടക്കം പദ്ധതിരൂപവത്ക്കരണത്തിന്റെ ഓരോഘട്ടത്തിനുംമുമ്പ് അവയ്ക്കുള്ള പരിശീലനങ്ങളും നല്കി. അങ്ങനെ ഓരോ പഞ്ചായത്തിലും പരിശീലനം നേടിയ പത്തുപേരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കി. 

ഓരോ ഘട്ടത്തിലും ഓരോ തലത്തിലും നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ കൈപ്പുസ്തകങ്ങൾ തയ്യാറാക്കിയായിരുന്നു പരിശീലനങ്ങളെല്ലാം. അരലക്ഷത്തിൽപ്പരം അച്ചടിത്താളുകളിൽ ഉൾക്കൊള്ളുന്ന വിജ്ഞാനമാണ് ജനകീയാസൂത്രണവേളയിൽ ജനങ്ങളിലേക്ക് എത്തിയത്! ധാരാളം ഡോക്യുമെന്ററികളും മറ്റുതരം ബോധവത്ക്കരണസാമഗ്രികളും വേറെയും.

തെരുവുനാടകങ്ങളും നാടൻകലാരൂപങ്ങളും ചൊൽക്കാഴ്ചകളുമൊക്കെയായി ജനാധികാരകലാജാഥകൾ മുക്കിലും മൂലയിലും വികസനസന്ദേശം എത്തിച്ചു. 

എല്ലാ വികസനമേഖലകളിലും നൂറുകണക്കിനു പ്രൊജക്റ്റുകളാണ് തയ്യാറാകേണ്ടത്. അതിന് ഉദ്യോഗസ്ഥർക്കു പരിശീലനം വേണം. മറ്റു ധാരാളം വിദഗ്ദ്ധരെ രംഗത്തിറക്കണം. ഇതിനൊക്കെ എതിർപ്പുകൾ ഉണ്ടായി. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പ്രശ്നം പരിഹരിച്ചത് ചെറിയ യത്നമായിരുന്നില്ല. 

വേണ്ടത്ര മുന്നൊരുക്കങ്ങളോടെ ബഹുമുഖപ്രവർത്തനങ്ങൾ സമാന്തരമായി ഒരേസമയം സംഘടിപ്പിച്ചു മുന്നോട്ടുപോയ ഇത്തരമൊരു ബഹുജനക്യാമ്പയിൻ ലോകത്തുതന്നെ ഉണ്ടായിട്ടില്ല! 

ജനം നിറഞ്ഞ ഗ്രാമസഭകൾ

ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹാരങ്ങളും തേടാൻ ഗ്രാമസഭകൾ വിളിച്ചുചേർക്കലായിരുന്നു ആസൂത്രണപ്രക്രിയയുടെ അഞ്ചുഘട്ടങ്ങളിൽ ആദ്യത്തേത്. ഗ്രാമസഭയ്ക്കുള്ള വിപുലമായ അധികാരങ്ങൾ അവയെ പദ്ധതിരൂപവത്ക്കരണത്തിനുള്ള അടിസ്ഥാനഘടകമാക്കാൻ സഹായിച്ചു. അധികാരങ്ങളും ചുമതലകളും നിറവേറ്റാൻ കഴിയുമാറു ഗ്രാമസഭകളുടെയും വാർഡുസഭകളുടെയും സമ്മേളനം മാറണമെങ്കിൽ പൗരരെ അവയെപ്പറ്റി ബോധമുള്ളവരും പ്രാപ്തരും ആക്കണം. റോഡും പാലവുമാണു വികസനമെന്ന ധാരണ മുതൽ തിരുത്തണം. പരിശീലനങ്ങൾക്കൊപ്പം പത്രമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രചാരണങ്ങളും റ്റി. വി. പരിപാടികളും ലേഖനങ്ങളും കലാജാഥയുമൊക്കെ ഇതിനു പ്രയോജനപ്പെടുത്തി. 

രാഷ്ട്രീയപ്പാർട്ടികളുടെയും ബഹുജന-സാമൂഹിക-സാംസ്കാരികസംഘടനകളുടെയും പഞ്ചായത്തുതലയോഗങ്ങൾ, സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ മഹിളാസംഘടനകളുടെയും അങ്കണവാടിപ്രവർത്തകരുടെയും യോഗങ്ങൾ, വാർഡുതലത്തിൽ എല്ലാ സംഘടനകളും അടങ്ങുന്ന സംഘാടകസമിതികൾ, വാർഡിലെ മുഴുവൻ പൗരർക്കും വാർഡുമെംബറുടെ ക്ഷണക്കത്ത്, വാർഡുതലപദയാത്രകൾ, തെരുവുനാടകങ്ങൾ, കലാജാഥകൾ, വികസനച്ചുമർ, കുട്ടികളുടെ വികസനസ്ക്വാഡ്, വികസനക്വിസ്, പോസ്റ്റർ പ്രചാരണം... വിപുലവും നൂതനവുമായിരുന്നു താഴെയറ്റത്തു നടന്ന പ്രവർത്തനങ്ങൾ. 

മാതൃകാസമ്മേളനനടപടി പോലും തയ്യാറാക്കി നല്കിയിരുന്നു. പദ്ധതിവിഹിതത്തിൽ 40 ശതമാനം ഉത്പാദനമേഖലയിലും 30 ശതമാനംവീതം സേവന, പശ്ചാത്തല മേഖലകളിലും ആയിരിക്കണം എന്ന നിഷ്ക്കർഷയും വച്ചു. ഇവയായിരുന്നു ആകെയുള്ള ബാഹ്യയിടപെടൽ.

1996 സെപ്റ്റംബർ 15-നു . മുഖ്യമന്ത്രി ഇ. കെ. നായനാർ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ ഗ്രാമസഭകളിൽ ഇ. എം. എസും തദ്ദേശഭരണമന്ത്രിയും വിദഗ്ദ്ധരുമെല്ലാം ആദ്യന്തം പങ്കെടുത്തു. ആയിരത്തിലേറെപ്പേർ പങ്കെടുത്ത ഒന്നാംഘട്ടഗ്രാമസഭകൾവരെ ഉണ്ടായിരുന്നു. ശരാശരി 180 പേർ പങ്കെടുത്തു എന്നാണു കണക്ക്. എല്ലാ ഗ്രാമസഭകളിലുംകൂടി പങ്കെടുത്തവർ 30 ലക്ഷം! 

ഒന്നും നടക്കില്ല, നമുക്കെന്തു ചെയ്യാനാകും എന്നീ അശുഭാപ്തിചിന്തകളും നിസംഗതയും കുടഞ്ഞെറിഞ്ഞ് കേരളീയസമൂഹം പ്രത്യാശയോടെ കർമ്മോന്മുഖമാകുന്നതാണ് അവിടെ കണ്ടത്. രാഷ്ട്രീയപ്പാർട്ടികളുടെയും കൊടികൾ ഒന്നുച്ചുകെട്ടിയ ഗ്രാമസഭാപ്രചാരണവാഹനങ്ങൾ കേരളത്തിനു പുതിയ അനുഭവമായിരുന്നു!

വിഭവവിവരശേഖരണം

മനുഷ്യവിഭവവും പ്രകൃതിവിഭവങ്ങളും സംബന്ധിച്ച അനവധി സ്ഥിതിവിവരങ്ങൾ വേണമായിരുന്നു ആസൂത്രണത്തിന്.  എല്ലാം ശേഖരിക്കണം. തുടക്കമെന്ന നിലയിൽ ദ്വിതീയവിവരശേഖരണം മതി എന്നു തീരുമാനിച്ചു. പഞ്ചായത്തുതല ആസൂത്രണ ഗവേഷണ പ്രൊജക്റ്റിന്റെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്തു തയ്യാറാക്കിയിരുന്ന ചോദ്യാവലി ഫീൽഡ് ടെസ്റ്റ് നടത്തി, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെച്ചപ്പെടുത്തി. ഇതുപയോഗിച്ച് ജനസംഖ്യാസെൻസസ്, കന്നുകാലിസെൻസസ്, കാർഷികസെൻസസ്, തദ്ദേശഭരണം, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, ജലസേചനം, മണ്ണുസംരക്ഷണം, സാമൂഹികക്ഷേമം, ഗ്രാമവികസനം, സഹകരണം തുടങ്ങിയ വകുപ്പുകളിലെ നൂറ്റിപ്പത്തിലേറെ രേഖകൾ എന്നിവയിൽനിന്നെല്ലാം കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു. ഇതിനുംവും പരിശീലനം നല്കി.

ഇതിനുപുറമെ, പ്രകൃതി-മനുഷ്യവിഭവങ്ങളുടെ വിതരണം, ഉപയോഗം, വിനിയോഗചരിത്രം തുടങ്ങി പലതും ആവശ്യമായിരുന്നു. വിഭവഭൂപടങ്ങളാണ് ഇതിനു വേണ്ടിയിരുന്നത്. റവന്യൂ വില്ലേജിന്റെ സർവ്വേമാപ്പുകളിൽ സന്നദ്ധപ്രവർത്തകർ സർവ്വേ നടത്തി ശാസ്ത്രജ്ഞർ അതു വിശകലനം ചെയ്തു വിഭവഭൂപടങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനം നൂറോളം പഞ്ചായത്തിൽ നടന്നിരുന്നു. ബാക്കി മഹാഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഇതിനു വേറെ പ്രവർത്തനം സംഘടിപ്പിക്കേണ്ടിയിരുന്നു. 

ദ്രുതവിവരശേഖരണം നടത്തുന്ന പഠനപര്യടനം മാണ് ഇതിന് ഉചിതമായി കണ്ടെത്തിയത്. കാര്യങ്ങളെല്ലാം നേരിൽ കാണാൻ അനുയോജ്യമായ ഒരു സഞ്ചാരപാത നിർണ്ണയിച്ച് അതിലൂടെ സഞ്ചരിച്ച് വിവരങ്ങൾ വിശദമായി ശേഖരിച്ചു. സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ്, ഭൂവിനിയോഗബോർഡ് എന്നിവ സഹായിച്ചു. 

സ്വപ്നങ്ങളുടെ പുസ്തകം

ഓരോ തദ്ദേശഭരണസ്ഥാപനവും വികസനറിപ്പോർട്ട് തയ്യാറാക്കുക എന്നതായിരുന്നു ഈ ഘട്ടത്തിന്റെ അടിസ്ഥാനലക്ഷ്യം. ഓരോ മേഖലയിലെയും പ്രശ്നങ്ങളെയും അവയുടെ കാരണങ്ങളെയും വിശകലനം ചെയ്തു ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തി അവ പ്രൊജക്റ്റുകൾ തയ്യാറാക്കാൻ ഇതു വേണമായിരുന്നു. സാമ്പത്തിക, സാമൂഹിക തലങ്ങൾ മുതൽ സ്ഥാനീയാസൂത്രണം (special planning) വരെ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതായിരുന്നു തുടർന്നുള്ള വികസനപ്രവർത്തനങ്ങളുടെയൊക്കെ ആധാരം. 

രണ്ടാം ഘട്ടത്തിൽ ഈ പ്രവർത്തനൾക്കായി അഞ്ചുദിവസത്തെ പരിശീലനം സ്ഥാനതലത്തിൽ നല്കി. ആകെ 26 ക്ലാസുകളാണ് സമാന്തരവേദികളിൽ! എല്ലാ പഞ്ചായത്ത്-മുനിസിപ്പൽ സെക്രട്ടറിമാരെയും ബ്ലോക്ക്, ജില്ലാതലങ്ങളിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു ജില്ലാതലത്തിൽ മൂന്നുദിവസത്തെ പരിശീലനവും. ഓരോ വികസന ഉപമേഖലയിലെയും പൊതുവികസനസമീപനങ്ങൾ, മാതൃകാപരിപാടികൾ എന്നിവയ്ക്കു പുറമെ പട്ടികജാതി-പട്ടികവർഗ്ഗക്ഷേമം, സ്ത്രീയും വികസനവും, സഹകരണസംഘങ്ങൾ, സംഘക്കൃഷി തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നു. കൃഷി, മൃഗപരിപാലനം, കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, പരിസരശുചിത്വം, വൈദഗ്ദ്ധ്യപോഷണം, സ്ത്രീകളും വികസനവും തുടങ്ങിയ 12 വിഷയങ്ങളിൽ കൈപ്പുസ്തകങ്ങളും തയ്യാറാക്കി. 

രണ്ടുമാസംകൊണ്ട് എല്ലാ തദ്ദേശഭരണസ്ഥാപനവും വികസനറിപ്പോർട്ട് തയ്യാറാക്കി. എല്ലാംകൂടി ഒരുലക്ഷത്തിൽപ്പരം പേജുള്ള പ്രാദേശികവികസനപരിപ്രേക്ഷ്യം! കേരളത്തിന്റെ സാമൂഹികസാമ്പത്തികവ്യവസ്ഥ സംബന്ധിച്ച വിപുലമായ ഗവേഷണസാമഗ്രി. പ്രാദേശികവിജ്ഞാനീയത്തിലേക്കുള്ള മുതൽക്കൂട്ട്. 

തുടർന്ന്, ഓരോ വിഷയവും അടിസ്ഥാനമാക്കി വികസനസെമിനാറുകൾ ചേർന്നു 12 ഗ്രൂപ്പുകളായി തിരിഞ്ഞ് വികസനറിപ്പോർട്ട് ചർച്ച ചെയ്ത് അന്തിമരൂപം നല്കി. ഓരോ വികസന-ക്ഷേമമേഖലകളിലെയും പ്രൊജക്റ്റുകൾ തയ്യാറാക്കാൻ വേണ്ട കർമ്മസമിതികൾ(Task Forces)ക്കും രൂപം നല്കി.

ജനകീയപദ്ധതിയിലേക്ക്

കർമ്മസമിതികൾ യോഗം ചേർന്നു പ്രൊജക്റ്റുകൾ തയ്യാറാക്കിയതായിരുന്നു മൂന്നാം ഘട്ടം. പലതരം പ്രൊജക്റ്റുകൾ പരിചയപ്പെടൽ, ഗുണഭോക്തൃനിർണ്ണയനം, എസ്റ്റിമേറ്റുകൾ ഉണ്ടാക്കൽ, നേട്ട-കോട്ടവിശ്ലേഷണം തുടങ്ങി തികച്ചും സാങ്കേതികം. 

പ്രൊജക്റ്റുകൾ പരിശോധിച്ച് ഡി. പി. സി. കൾ അംഗീകരിക്കുക, പ്രൊജക്റ്റുകളുടെ ത്രിതലസംയോജനം, പുറംഫണ്ടിങ് ആവശ്യമുണ്ടെങ്കിൽ അത്, പ്രൊജക്റ്റ് നിർവ്വഹണത്തിന്റെ മോനിട്ടറിങ് ഒക്കെ നടക്കണമെങ്കിൽ പ്രൊജക്റ്റ് രേഖ കുറ്റമറ്റതാകണം. അതിന് ചെക്ക് ലിസ്റ്റ് തയ്യാറാക്കിനല്കുകയും ചെയ്തു. പങ്കാളിത്തരീതിയിൽ ഇതെല്ലാം സാദ്ധ്യമാക്കാൻ മികവും താത്പര്യവുമുള്ള യുവഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽനിന്നു തെരഞ്ഞെടുത്ത് ആഴ്ചകൾ നീണ്ട എഴുത്തുകളരി സംഘടിപ്പിച്ചു. ഒരുലക്ഷത്തിൽപ്പരം കർമ്മസമിതിയംഗങ്ങളെയാണ് ഈ ഘട്ടത്തിൽ പരിശീലിപ്പിച്ചത്. പ്രൊജക്റ്റുകൾ തയ്യാറാക്കിക്കൊണ്ടുള്ള പ്രായോഗികപരിശീലനം. 

ഇങ്ങനെ ഉണ്ടാക്കിയ മാതൃകാപ്രൊജക്റ്റുകൾ മൂന്നാംഘട്ടകൈപ്പുസ്തകത്തിൽ ചേർത്തു വീണ്ടും വിമർശാത്മകപരിശോധന നടത്തിയാണ് പ്രൊജക്റ്റ് രേഖയുടെ പൊതുചട്ടക്കൂടു തയ്യാറാക്കിയത്.

ധനകാര്യവിശകലനത്തിന് ബാങ്കുദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാൻ അവരുടെ ട്രേഡ് യൂണിയനുകളുടെ യോഗം, സംസ്ഥാനതല ഓറിയന്റേഷൻ, ജില്ലാതല യോഗങ്ങൾ, ജില്ലാ ബാങ്കിങ് സെൽ രൂപവത്ക്കരണം, ബ്ലോക്കുതലത്തിൽ പ്രൊജക്റ്റ് ക്ലിനിക്കുകൾ ഒക്കെ നടന്നു. 

പ്രൊജക്റ്റുകൾ പരിശോധിച്ച് വിഭവലഭ്യതയ്ക്കനുസരിച്ചു പ്രൊജക്റ്റുകൾ മുൻഗണനപ്രകാരം തെരഞ്ഞെടുത്ത് അതതു പ്രാദേശികസർക്കാരിന്റെ പഞ്ചവത്സരപദ്ധതിരേഖ തയ്യാറാലായിരുന്നു നാലാം ഘട്ടം. പഞ്ചായത്തുപദ്ധതികൾസംയോജിപ്പിച്ചു ബ്ലോക്കുതലത്തിലും അവ സംയോജിപ്പിച്ചു ജില്ലാതലത്തിലും പദ്ധതിരേഖകൾക്കു രൂപം‌കൊടുക്കൽ അഞ്ചാം ഘട്ടവും. 

സാങ്കേതികവിദഗ്ദ്ധസേന

നിർവ്വഹണമാണ് പിന്നെയുള്ളത്. അതിന് ഈ ജനകീയപദ്ധതികൾ ജില്ലാ ആസൂത്രണസമിതി(DPC)കൾ പരിശോധിച്ച് അംഗീകാരം നല്കണം. പക്ഷെ, ആയിരക്കണക്കായ ഈ പ്രൊജക്റ്റുകളും പദ്ധതിരേഖകളുമെല്ലാം കുറഞ്ഞസമയത്തിനുള്ളിൽ സൂക്ഷ്മമായി പരിശോധിക്കുക ദുഃസാദ്ധ്യം. കൃഷിയും കുടിവെള്ളവും‌തൊട്ട് നിർമ്മാണങ്ങൾവരെയുള്ള മേഖലകളിൽ സാങ്കേതികവൈദഗ്ദ്ധ്യമുള്ള വലിയൊരു സംഘം എല്ലാ ജില്ലയിലും വേണം. ഇതു വലിയ പ്രതിസന്ധിയായി.

അതതു വിഷയങ്ങളുമായി ബന്ധപ്പെട്ട സർക്കാർവകുപ്പുകളിൽ പ്രവർത്തിക്കുന്നവരും സർവ്വീസിൽനിന്നു വിരമിച്ചവരും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരും തൊഴിലന്വേഷകരും അക്കാദമിക-ഗവേഷണ-സാങ്കേതികവിദ്യാസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും ഒക്കെയായ പരമാവധി വിദഗ്ദ്ധരെ രംഗത്തിറക്കുക എന്നതാണ് കണ്ടെത്തിയ വഴി. ഇവർ സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണം. സർക്കാരിന്റെ ആഹ്വാനത്തിനു ലഭിച്ച് സ്വീകരണം അത്ഭുതാവഹം ആയിരുന്നു! അവരെ ചേർത്തു സന്നദ്ധസാങ്കേതികസേന(Volunteer Technology Core – VTC)യ്ക്കു രൂപം നല്കി. അവരും ഉദ്യോഗസ്ഥരും ചേർന്ന് ഈ പുതിയഘട്ടം വിജയിപ്പിച്ചു. 

ആദ്യവർഷം‌തന്നെ അംഗീകാരം ലഭിച്ച പ്രൊജക്റ്റുകളുടെ നിർവ്വഹണത്തിനായി പദ്ധതിവിഹിതത്തിന്റെ ആദ്യഗഡുവും നല്കി. ഒൻപതാം പദ്ധതിയുടെ ആദ്യവർഷമായ 1997-98-ലെ സംസ്ഥാനവാർഷികപദ്ധതിയടങ്കലായ 2855 കോടി രൂപയുടെ 36 ശതമാനമായ 1025. 37 കോടി രൂപ തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറി. അട്ടിമറിക്കപ്പെടാതിരിക്കാൻ ഇതു ബജറ്റിലൂടെയാണു കൈമാറിയത്. 

രാഷ്ട്രീയപക്ഷപാതിത്വത്തിത്തിനുള്ള എല്ലാ പഴുതും അടച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള ധനം ജനസംഖ്യ മാത്രം മാനദണ്ഡമാക്കി വിഭജിക്കാൻ എടുത്ത തീരുമാനമായിരുന്നു നിർണ്ണായകം. എസ്. റ്റി. പി. , റ്റി. എസ്. പി. ഫണ്ടുകൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ എണ്ണതിനനുസരിച്ചും വീതംവച്ചു. ഒന്നിലും ഒരു ആക്ഷേപവും ഉണ്ടായില്ല.

നിർവ്വഹണവും ജനകീയം

ജനകീയസമിതികളുടെയും ഗുണഭോക്തൃസമിതികളുടെയും നേതൃത്വത്തിലും മേൽനോട്ടത്തിലുമൊക്കെ പദ്ധതികളുടെ നിർവ്വഹണവും ആവേശപൂർവ്വം നടന്നു. പദ്ധതികളുടെ ഗുണഭോക്താക്കളെ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് മാർക്കിട്ട് ഗ്രാമസഭകൾ വഴി തെരഞ്ഞെടുത്തു. ആ പട്ടിക പിന്നെയും പൊതുവായി പ്രദർശിപ്പിച്ചു പരാതികൾ തീർത്തു. അന്നന്നത്തെ വരവുചെലവുകണക്കുകൾ എഴുതി പ്രദർശിപ്പിക്കുന്നത്ര സുതാര്യമായാണു പലയിടത്തും നിർമ്മാണങ്ങൾ നടന്നത്. ലക്ഷക്കണക്കിനു മനുഷ്യർ അദ്ധ്വാനവും വിഭവങ്ങളും സമർപ്പിച്ചു.

അത്ഭുതങ്ങളാണുണ്ടായത്. തടയണകൾ, പാലങ്ങൾ, വികസന-ക്ഷേമാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, കൃഷി-ഭക്ഷ്യസംസ്ക്കരണപദ്ധതികൾ, ലേബർ ബാങ്കുകൾ, തരിശുകളിൽ കൃഷിയിറക്കൽ, വിദ്യാഭ്യാസ-ആരോഗ്യപദ്ധതികൾ, വ്യവസായപൊതുസൗകര്യകേന്ദ്രങ്ങൾ, പാർപ്പിടങ്ങൾ... ഗ്രാമീണജനത സാദ്ധ്യമാക്കിയത് ചെറിയ കാര്യങ്ങൾ ആയിരുന്നില്ല!

വെള്ളം കടക്കാത്ത അറകളായി നിന്ന പഞ്ചായത്ത്, മുനിസിപ്പൽ, ഗ്രാമവികസന, ടൗൺ പ്ലാനിങ്, എൻജിനീയറിങ് വകുപ്പുകൾ ഏകോപിപ്പിച്ച് തദ്ദേശഭരണവകുപ്പ് ഉണ്ടാക്കാനും അനകീയാസൂത്രണം വഴിയിരുക്കി. ഉദ്യോഗസ്ഥസംവിധാനത്തിന്റെ മനോവംതന്നെ ഉടച്ചുവാർക്കപ്പെട്ടു. ക്ഷേമക്കുതിപ്പുണ്ടായി. സാമ്പത്തികവളർച്ചയുടെ പുതിയ മുഖം തുറന്നു. പുതിയ വികസനസംസ്ക്കാരം പിറന്നു...

ലേഖനങ്ങളിൽ ഒതുങ്ങാത്തതാണ് ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങൾ. ഭരണമാറ്റങ്ങൾ ഇതിന്റെ മുന്നേറ്റത്തിൽ ഏറ്റിറക്കങ്ങൾ സൃഷ്ടിച്ചു. ക്യാമ്പയിനിന്റെ ആവേശം നിലനിർത്താനാകാതെ വന്നിട്ടുണ്ട്. എങ്കിലും പ്രളയങ്ങളിലും കോവിഡിലുമൊക്കെ തുണയായ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനശേഷി ആ അനുഭവക്കരുത്താണ്. നവകേരളവും ജ്ഞാനസമൂഹവും ഡിജിറ്റൽ സമ്പദ്ഘടനയുമൊക്കെ സ്വപ്നം കാണുന്ന നമുക്ക് ആ മാതൃകയിൽനിന്നു പലതും എടുക്കാനുണ്ട്.


Wednesday 3 November 2021

നവകേരളത്തിന്റെ സാംസ്കാരികദൗത്യം

 നവകേരളത്തിന്റെ സാംസ്കാരികദൗത്യം

മനോജ് കെ. പുതിയവിള



പുരോഗമനകലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം’ മാസികയുടെ 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.


വകേരളം ഒരു വിത്താണ്. സ്വച്ഛന്ദം വളർന്നുപടരുന്ന ഒന്ന്. അതിന് എപ്പോഴും പുതുനാമ്പുകൾ വരാം. വളവും വെള്ളവും അനുകൂലസാഹചര്യങ്ങളും ഒരുക്കിയും കളകളെയും കീടങ്ങളെയും ഇത്തിക്കണ്ണികളെയും അകറ്റിനിർത്തിയും ആ വളർച്ച ആരോഗ്യകരവും മുരടിപ്പുബാധിക്കാത്തതുമായി നിലനിർത്തുക എന്നതാണ് നമ്മുടെ കടമ. ഈ വളർച്ചയുടെ വളം ഇന്നൊവേഷൻ എന്ന നൂതനാശയങ്ങളാണ്. അതിനു വേണ്ടത് തല പുകയ്ക്കലും. അതിനാൽ ഈ കേരളപ്പിറവിയിൽ നമുക്കു തുടക്കം കുറിക്കാം നവകേരളത്തിനായുള്ള നൂതനാശയങ്ങൾ വികസിപ്പിക്കാനുള്ള മഹായത്നം.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കാൻ തുടങ്ങിയതും ഇപ്പോഴത്തെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതുമായ നവകേരളം കർമ്മപദ്ധതിയുടെ ലക്ഷ്യങ്ങളും അനുക്ഷണവികസ്വരമാണ്. പുതിയ കേരളം എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും പാർപ്പിടവും പരിസരവും ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുന്നതാണ്. ഇതിലെ ‘മെച്ചപ്പെട്ട’ എന്നതാണ് തന്ത്രപ്രധാനം. മെച്ചപ്പെടൽ എന്നത് നൈരന്തര്യമുള്ള ഒന്നാണ്. അതുകൊണ്ടാണ് നവകേരളം നിരന്തരം നവീകരിക്കപ്പെടുന്ന കേരളം ആകുന്നത്.

അടിസ്ഥാനകരുക്കൾ

ജീവിതം മെച്ചപ്പെടലാണ് അടിസ്ഥാനം. അതിനു തൊഴിൽ മെച്ചപ്പെടണം. അതിന് ആധുനികതൊഴിൽമേഖലകൾ വികസിക്കണം. അതിന് കനത്ത നിക്ഷേപം വേണം, പൊതുമേഖലയിലും സ്വകാര്യമേഖലയിലും. പൊതുമേഖലയിൽ നിക്ഷേപിക്കണമെങ്കിൽ സർക്കാരിന്റെ വരുമാനം അത്രയ്ക്ക് ഉയരണം. അതിന് സംസ്ഥാനത്തെ സമ്പത്തുത്പാദനം വർദ്ധിക്കണം. അതിനും വേണ്ടത് മൂലധനനിക്ഷേപവർദ്ധനയാണ്. സ്വകാര്യമൂലധനം ആകർഷിക്കണമെങ്കിൽ അതിനുള്ള ആകർഷകത്വം നാടിനുണ്ടാകണം.

അതിൽ ഒന്നാണ് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം. കര-ജല-വ്യോമഗതാഗതസൗകര്യങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ് കണക്റ്റിവിറ്റി, സംരംഭങ്ങൾ തുടങ്ങാൻ വേണ്ട സൗകര്യങ്ങളോടുകൂടിയ പലതരം വ്യവസായപാർക്കുകൾ, നവീനാശയങ്ങൾ വികസിപ്പിക്കാനുള്ള ഇന്നവേഷൻ സോണുകൾ എന്നിങ്ങനെ പലതുണ്ട് അതിൽ. പിന്നെ വേണ്ടത് മികച്ച മനുഷ്യവിഭവമാണ്. അതിൽ പ്രധാനം ആരോഗ്യമുള്ള സമൂഹമാണ്. മികച്ച ആരോഗ്യസംവിധാനമാണ്. അതുപോലതന്നെ പ്രധാനമാണ് സംരംഭകർക്ക് ആവശ്യമുള്ളതരം തൊഴിൽവൈദഗ്ദ്ധ്യം. വിദ്യാഭ്യാസത്തെ ആധുനികമാക്കുന്നത് അതിനാണ്. അതോടൊപ്പം പലതരം വിദ്യാഭ്യാസം നേടിയവരെ തൊഴിലെടുക്കാൻ പ്രാപ്തരാക്കാനുള്ള നൈപുണ്യപരിശീലനവും ഫിനിഷിങ് കോഴ്സുകളും വ്യാപിപ്പിക്കുന്നു.

പിന്നത്തെ പ്രധാനഘടകങ്ങളാണ് പഠനവും ആരോഗ്യവും നന്നാകാൻ അനിവാര്യമായ നല്ല പാർപ്പിടവും പരിസരവും. ശുചിയും ആരോഗ്യകരവുമായ പരിസരവും സുഖകരമായ കാലാവസ്ഥയും പ്രകൃതിയും പ്രകൃതിക്കു ദോഷംവരാതെ പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങളും സംരംഭകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ശുദ്ധമായ മണ്ണും വെള്ളവും വായുവും ഉറപ്പാക്കാനുള്ള ഹരിതകേരളം പദ്ധതിയുടെ പ്രസക്തി അതാണ്.

സംരംഭകർക്കും അവിടെ അദ്ധ്വാനിക്കുന്നവർക്കും വിനോദവും ഇന്നു പ്രധാനമാണ്. വ്യായാമത്തിനും കായികവിനോദങ്ങൾക്കും മറ്റുവിനോദങ്ങൾക്കും വിനോദയാത്രകൾക്കും ഒക്കെയുള്ള സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള എല്ലാ ഘടകങ്ങളും ഉൾച്ചേർന്നതാണ് നവകേരളം കർമ്മപദ്ധതി.

പ്രളയത്തിന്റെ അനുഭവവും ലോകത്താകെ ബാധിച്ചുകാണുന്ന കാലാവസ്ഥാമാറ്റത്തിന്റെ വെല്ലുവിളികളും കൂടുതൽ മെച്ചപ്പെട്ട പുനർനിർമ്മാണത്തിനു പ്രേരണയായിരിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ അതിനും പ്രത്യേക ഊന്നലുണ്ട്. കോവിഡ് മഹാമാരിയെ കേരളം നേരിട്ട രീതിയെ ലോകം വാഴ്ത്തുന്ന നില വന്നതോടെ സുരക്ഷിതമായ നാട് എന്ന പതക്കം കേരളത്തിനു പതിച്ചുകിട്ടിയതും ഐക്യരാഷ്ട്രസഭ രാജ്യങ്ങളുടെ പദവിയോടെ കേരളത്തെ അംഗീകരിച്ചതും കേരളം എന്ന നാമം ലോകം മുഴുവൻ അറിയാൻ ഇടവന്നതും മൂലധനനിക്ഷേപത്തിലും ടൂറിസത്തിലുമൊക്കെ നമുക്ക് അനുഗ്രഹം ആകുകയും ചെയ്തിരിക്കുന്നു.

ഇതിന്റെയെല്ലാം തുടർച്ചയാണ് 2021-22-ലെ ബജറ്റിലൂടെ ആവിസ്കൃതമായ ജ്ഞാനസമൂഹം (knowledge society), വൈജ്ഞാനികസമ്പദ്ഘടന (knowledge economy) എന്നീ ആശയങ്ങൾ. പുതിയതരം തൊഴിലുകൾ വൻതോതിൽ സൃഷ്ടിക്കുകയും വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്കു നാട്ടിൽത്തന്നെ തൊഴിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന പ്രധാനലക്ഷ്യത്തിനൊപ്പം സ്ത്രീകളെക്കൂടി വലിയതോതിൽ തൊഴിൽസേനയുടെ ഭാഗമാക്കുകവഴി ഉത്പാദനവർദ്ധന, വിദേശനാണ്യം അടക്കമുള്ള വരുമാനം, സ്ത്രീപദവി ഉയർത്തൽ തുടങ്ങിയ പല ലക്ഷ്യങ്ങളും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. തളഞ്ഞുകിടക്കുന്ന വീട്ടകങ്ങളിൽനിന്നു സ്ത്രീകളെ മോചിപ്പിക്കാൻ അടുക്കളജോലികളുടെ ആധുനികീകരണം അടക്കം വേറിട്ട പല സമീപനങ്ങളും നാം ആവിഷ്ക്കരിച്ചിരിക്കുകയാണ്.

അങ്ങനെ നവകേരളം എന്ന ലക്ഷ്യത്തിലേക്കു നാം പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങുകയാണ്.

ഉൾച്ചേർക്കലാണു സംസ്ക്കാരം

സർക്കാരിന്റെ നിശ്ചയദാർഢ്യവും കിഫ്ബിയുടെ പണവും ഉള്ളിടത്തോളം സ്കൂളും ആശുപത്രിയും വീടും റോഡും കെ-ഫോണുമൊക്കെ വന്നുകൊള്ളും. നവകേരളസൃഷ്ടിയിൽ നമുക്കു വഹിക്കാനുള്ള പങ്ക് സാംസ്ക്കാരികതലത്തിലാണ്.

വികസനകാര്യത്തിൽ ഇ.എം.എസ്. മുന്നോട്ടുവച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ സമീപനം സാംസ്ക്കാരികവികസനത്തിലും അനിവാര്യവും അതിപ്രധാനവുമാണ്. രാഷ്ട്രീയാതിപ്രസരവും വിമോചനസമാരാഭാസത്തെ തുടർന്നുണ്ടായ വിദ്വേഷരാഷ്ട്രീയവും ഓരോ വിഭാഗത്തെയും ഇതരരാഷ്ട്രീയാശയങ്ങൾ ചർച്ചചെയ്യുന്ന വേദികളിൽനിന്ന് അകറ്റിനിർത്തുന്നു. സാംസ്ക്കാരികസ്ഥാപനങ്ങളും പൊതുവിടങ്ങളും ഏതെങ്കിലും രാഷ്ട്രീയവുമായിച്ചേർത്തു ബ്രാൻഡ് ചെയ്യപ്പെട്ടാൽ ഇതരവിഭാഗങ്ങൾ അകന്നുനില്ക്കുകയും ആശയവിനിമയവും സംവാദവും സാദ്ധ്യമല്ലാതാകുകയും ആശയവ്യാപനം സംഭവിക്കാതെ പ്രസ്ഥാനങ്ങളുടെ വളർച്ച മുരടിച്ച ഇന്നത്തെനില തുടരുകയും ചെയ്യും. അതിനാൽ ആരുടെയും ‘തനിപ്പിടി’ വേണ്ടെന്നു നാം തീരുമാനിക്കുകയും അത് അനുവദിക്കാതിരിക്കുകയും വേണം. 

കാര്യങ്ങൾ ശരിയായി മനസിലാക്കാൻ കഴിയാത്തതിനാൽ പുരോഗമനാശയങ്ങളോട് അകന്നു കഴിയുന്നവരെ ചേർത്തുപിടിക്കാനുള്ള വലിയ മനസാണല്ലോ തൊഴിലാളിവർഗ്ഗസംസ്ക്കാരം. എന്നാൽ, വർഗ്ഗബഹുജനസംഘടനകളുടെയെല്ലാം പരിപാടികളിൽ കാണുന്നത് എന്നും ഒരേ ആളുകളെയാണ്. ഒരേ കാഴ്ചപ്പാടുള്ള കുറച്ചുപേരെ. വേദികൾ മാറുന്നതല്ലാതെ സദസു മാറുന്നില്ല.

ഈ അവസ്ഥ ബോധപൂർവ്വം മാറ്റിയെടുക്കേണ്ടത് ലക്ഷ്യബോധമുള്ള പുരോഗമനപക്ഷത്തിന്റെ കടമയാണ്. അതുകൊണ്ട്, കൂടുതൽ പൊതുവിടങ്ങൾ സൃഷ്ടിക്കുകയും അവയെ കയ്യടക്കിവയ്ക്കാതെ വിശാലവേദികളാക്കി എല്ലാവർക്കുമായി തുറന്നിടുകയും ഇതരനിലപാടുകാരെ സൗഹൃദപൂർവ്വം സ്വാഗതം ചെയ്ത് ആനയിക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ ഇന്നത്തെ സമീപനം ആത്മവിമർശനമായിത്തന്നെ പരിശോധിക്കപ്പെടണം.

സാംസ്ക്കാരികയുള്ളടക്കം

ഡോ. തോമസ് ഐസക്ക് പലയിടത്തും പറഞ്ഞിട്ടുള്ളതുപോലെ സമൂഹത്തെ മുതലാളിത്തവളർച്ചയ്ക്കു പരുവപ്പെടുത്തുന്ന സാംസ്ക്കാരിക ആഗോളീകരണത്തെ പ്രതിരോധിക്കാൻ വേണ്ടത് നല്ല സമൂഹം സൃഷ്ടിക്കാൻ ഉതകുന്ന സാംസ്ക്കാരികോത്പന്നങ്ങൾ മുതലാളിത്തസാംസ്ക്കാരികോത്പന്നങ്ങളെ വെല്ലുന്ന സ്വീകാര്യതയോടെ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുയാണ്. നവകേരളം സാംസ്ക്കാരികമായി എങ്ങനെയായിരിക്കും എന്നത് ഇക്കാര്യത്തിൽ നാം നിറവേറ്റുന്ന ഉത്തരവാദിത്വത്തിന് അനുസരിച്ചിരിക്കും.

കഴിഞ്ഞ സർക്കാർതന്നെ ഈ വഴിക്കു ചില ശ്രമങ്ങൾക്കു തുടക്കം കുറിച്ചിരുന്നെങ്കിലും അവ പൂർണ്ണമായി ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതുമുതൽ തുടങ്ങേണ്ടതാണ് നമ്മുടെ സാംസ്ക്കാരികദൗത്യം.

പെരുകണം പൊതുവിടങ്ങൾ

ജില്ലതോറുമുള്ള സാംസ്ക്കാരികസമുച്ചയങ്ങളാണ് ഇതിൽ പ്രധാനം. ഇവ സാഹിത്യരചനകൾക്കും ചിത്ര-ശില്പരചനകൾക്കും നാടകക്യാമ്പുകൾക്കും മറ്റു കലകളുടെ ശില്പശാലകൾക്കും അവയുടെയെല്ലാം പ്രദർശനങ്ങൾക്കും വിപണനത്തിനും ആസ്വാദനത്തിനും ആസ്വാദകപരിശീലനത്തിനും വായനയ്ക്കും ജനകീയഗവേഷണങ്ങൾക്കും ഒക്കെ സൗകര്യമുള്ള കേന്ദ്രങ്ങൾ ആകണം.

ഈ സമുച്ചയങ്ങളുടെ രൂപകല്പന കാണാൻ അവസരം കിട്ടിയിട്ടില്ലാത്തതിനാൽ അവ നിർമ്മിക്കുന്നത് ഈ ലക്ഷ്യങ്ങൾ എത്രമാത്രം നിറവേറ്റാൻ പാകത്തിലാണ് എന്ന് അറിയില്ല. എന്തെങ്കിലും അപാകങ്ങളുണ്ടോ എന്നു പരിശോധിക്കാനും ഉണ്ടെങ്കിൽ ആ കുറവുകൾ പരിഹരിക്കാനും കുറവുള്ള സൗകര്യങ്ങൾ അതേ ക്യാമ്പസുകളിൽത്തന്നെ വികസിപ്പിക്കാനും നമുക്കു മുൻകൈ എടുക്കാൻ കഴിയണം.

ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ അവയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കാനുള്ള ജാഗ്രതയും സാംസ്ക്കാരികകേരളത്തിന്റെ മുൻകൈയിൽ ഉണ്ടാകണം. അവിടെ ഓരോ വർഷവും ഉണ്ടാകേണ്ട സാംസ്ക്കാരികോത്പന്നങ്ങളുടെയും നടക്കേണ്ട കലാസാംസ്ക്കാരികപ്രവർത്തനങ്ങളുടെയും കാലൻഡർ മുൻകൂട്ടി തയ്യാറാക്കാം. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പു സർക്കാർസംവിധാനത്തിനും ഉദ്യോഗസ്ഥർക്കും വിടാതെ ജനകീയസമിതികളെ ഏല്പിക്കണം.

ഈ കേന്ദ്രങ്ങളെ പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ-ലിംഗനിരപേക്ഷ പൊതുവിടങ്ങളായി വികസിപ്പിക്കുകയും നിലനിർത്തുകയും വേണം. ഭിന്നശേഷീസൗഹൃദവും വനിതാ-ലിംഗലൈംഗികന്യൂനപക്ഷസൗഹൃദവും ആയിരിക്കണം നിർമ്മാണവും നടത്തിപ്പും. ഇതെല്ലാം നമ്മുടെ സാംസ്ക്കാരികപ്രവർത്തനങ്ങളുടെയും പൊതുവിടങ്ങളുടെയും മുഖമുദ്രയാക്കണം; പൊതുസമീപനവും ആകണം.

വേണം സ്ഥിരം വേദികൾ

നാടകത്തിനു സാമൂഹികമാറ്റത്തിലുള്ള സ്വാധീനം കേരളീയരെ പഠിപ്പിക്കേണ്ടതില്ല. എന്നാൽ ആസ്വാദകരെ മറന്ന ബൗദ്ധികപരീക്ഷണങ്ങളാലും മറ്റും ആ രംഗം ജനങ്ങളെ അകറ്റി. അതിന്റെ വീണ്ടെടുപ്പ് ആവശ്യമാണ്. ഇക്കാലത്തും ശാസ്ത്രകലാജാഥ പോലുള്ള ജനകീയകലാവതരണങ്ങൾ ജനസാമാന്യത്തെ ആകർഷിക്കുന്നു എന്നതു കാണണം. അപ്പോൾ പ്രശ്നം നാടകം എന്ന മാദ്ധ്യമത്തിന്റേതല്ല. അതിനാൽ, ജനങ്ങൾ സ്വീകരിക്കുന്ന സാമൂഹികനാടകങ്ങൾ പ്രോത്സാഹിപ്പിക്കുകതന്നെ വേണം.

നാടകങ്ങൾക്കു പണം മുടക്കാൻ ആളില്ലാത്തതും നാടകനിർമ്മാണത്തിനു ചെലവേറിയതും പുതിയ നാടകങ്ങൾ ഉണ്ടാ‍കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ആവിഷ്ക്കരണത്വരയുടെ ശമനംപോലെ പല നാടകവും ഒറ്റ അവതരണത്തിൽ ഒടുങ്ങുന്നു. നാടകം‌കൊണ്ടു ജീവിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാത്തിടത്തോളം ആ രംഗത്തു കലാകാരരെ പിടിച്ചുനിർത്താനാവില്ല.

മുൻസർക്കാരിന്റെ മറ്റൊരു ബജറ്റ്‌പ്രഖ്യാപനം ആയിരുന്നു സ്ഥിരം നാടകവേദികൾ. ആദ്യം മൂന്നു നഗരങ്ങളിലും പിന്നീടു കൂടുതൽ കേന്ദ്രങ്ങളിലും. ഇതും സാദ്ധ്യമായില്ല. കോവിഡ് പോലുള്ള പ്രതികൂലസാഹചര്യങ്ങളും ഇതിനു കാരണമായിട്ടുണ്ടാകാം.

2020-21 ബജറ്റിലും നാടകത്തിനുവേണ്ടി പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ നാടകങ്ങൾ ഉണ്ടാകാൻ നാടകനിർമ്മാണത്തിനു പത്തുലക്ഷം രൂപവീതം നല്കുന്ന പദ്ധതിയായിരുന്നു അത്. ആ പദ്ധതിയോടു നാടകലോകം പ്രതികരിച്ചത് പ്രതീക്ഷയ്ക്കൊത്തവണ്ണം ആകാതെപോയത് എന്തുകൊണ്ടെന്ന് ആ രംഗത്തുള്ളവരുമായി ചർച്ച ചെയ്യണം. ഇതിനൊക്കെയുള്ള സർക്കാരിലെ കടമ്പകൾ പൊളിക്കാൻ നമുക്കാകണം.

തൊഴിൽസൃഷ്ടി മുഖ്യലക്ഷ്യമായ വൈജ്ഞാനികസമ്പദ്ഘടനയിൽ കലയ്ക്കും സംസ്ക്കാരത്തിനും എങ്ങനെയെല്ലാം മെച്ചപ്പെട്ട തൊഴിലും ജീവിതവും പ്രദാനം ചെയ്യാനാകും എന്ന അന്വേഷണത്തിനും ഉണ്ടാകണം പ്രത്യേക ഊന്നൽ.

വികേന്ദ്രീകൃതയിടപെടൽ

നാടകവും സാമൂഹികബദ്ധമായ മറ്റു കലാവിഷ്ക്കാരങ്ങളും പ്രോത്സാഹിപ്പിക്കാൻ സർക്കാരിതരമായും സംവിധാനങ്ങൾ ഉണ്ടാകണം. എന്തൊക്കെയോ മാറ്റം ഉണ്ടാകുമെന്നു പലരെയും വ്യാമോഹിപ്പിച്ച സഹസ്രാബ്ദപ്പിറവി കോർപ്പറേറ്റിസം, ചങ്ങാത്തമുതലാളിത്തം, വർഗ്ഗീയത, സമഗ്രാധിപത്യം തുടങ്ങിയവയെയൊക്കെ തഴപ്പിച്ചതല്ലാതെ വിശേഷിച്ചൊന്നും സംഭവിപ്പിക്കാതെ അപ്രസക്തമായപ്പോൾ നിലത്തിറങ്ങിയ സാമാന്യജനത ഇന്ന് ചെറു കൂട്ടം‌ചേരലുകളിലേക്കു മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇത് നല്ല സാദ്ധ്യതയും അവസരവുമാണ്.

നാട്ടിടകളിലെ ആർട്സ് ക്ലബ്ബുകൾ പുനരുജ്ജീവിപ്പിക്കാൻ ഇന്ന് എളുപ്പമായേക്കും. അവർക്കു സമൂഹബദ്ധമായ കലാവിഷ്ക്കാരങ്ങൾ നടത്താൻ വേണ്ട ഭൗതികസാഹചര്യങ്ങൾ ഇന്നു വളരെയേറെ മെച്ചപ്പെട്ടിട്ടുമുണ്ട്. മറ്റിടങ്ങളിലെ ക്ലബ്ബുകളുമായി ബന്ധപ്പെടാനും പരിപാടികൾ പങ്കുവയ്ക്കാനും സംയുക്തമായി പരിപാടികൾ നടത്താനുമൊക്കെയുള്ള സാദ്ധ്യതകളും വിപുലമാണ്. ഇത്തരം സംഘങ്ങളുടെ മികച്ച അവതരണങ്ങൾ തെരഞ്ഞെടുത്ത് വർഷം മുഴുവൻ അവതരിപ്പിക്കാവുന്ന സ്ഥിരംവേദികൾക്കും സാദ്ധ്യതയുണ്ട്. ഇതൊന്നും സർക്കാർപരിപാടി ആക്കാതെ ജനകീയസംരംഭങ്ങളായി സംഘടിപ്പിക്കാൻ കഴിയണം. ഇവരെ പ്രോത്സാഹിപ്പിക്കാനും അവതരണയോഗ്യമായ കലാവിഷ്ക്കാരങ്ങൾ നടത്താനും സർക്കാർ ധനസഹായം നല്കുന്നതു നന്നായിരിക്കും.

ആദിവാസികലകൾ അടക്കമുള്ള നമ്മുടെ തനതുകലകളെല്ലാം സംരക്ഷിക്കാനും പരിശീലിപ്പിക്കാനും തനിമയോടെതന്നെ അവതരിപ്പിക്കാനും ഡോക്യുമെന്റ് ചെയ്യാനും പ്രത്യേകശ്രദ്ധ ആവശ്യമാണ്. നവകേരളത്തിന്റെ പ്രധാനമേഖലകളിൽ ഒന്നായ ടൂറിസം രംഗത്തും അതിന്റെ മൂല്യം വലുതാണ്. തദ്ദേശഭരണതലത്തിലേക്കു ടൂറിസം എത്തിക്കാനുള്ള സർക്കാർപരിപാടി നടപ്പാകുമ്പോൾ അതതുനാട്ടിലെ കലാരൂപങ്ങൾക്കു പരിഗണന നല്കേണ്ടതുണ്ട്.

സാംസ്ക്കാരികവിമലീകരണം

പുറമേക്കു നാം കാണുന്നില്ലെങ്കിലും അതിഭയങ്കരമായ സാംസ്ക്കാരികമലിനീകരണമാണു നാട്ടിൽ നടക്കുന്നത്. തുറന്നതല്ലാത്ത വാട്ട്സാപ് എന്ന സന്ദേശമാദ്ധ്യമം നിറയെ ആപത്ക്കരമായ വർഗ്ഗീയവിഷവും വിദ്വേഷവുമാണ്. പല കുടുംബങ്ങളെയും ബന്ധുപരിസരങ്ങളെയും അതു ബാധിച്ചുകഴിഞ്ഞു. കേരളമനസിനെ ആ ക്യാൻസർ അനുനിമിഷം കാർന്നെടുക്കുകയാണ്. ഇതു പ്രതിരോധിക്കാൻ പുരോഗമനപക്ഷത്തിനു കഴിയുന്നില്ല. അതിബൃഹത്തായ കർമ്മപദ്ധതി ഇതിനായി ആവിഷ്ക്കരിക്കാൻ അമാന്തിച്ചുകൂടാ.

ശബരിമല യുവതീപ്രവേശനവിഷയത്തിൽ ലിംഗനീതിയിലും ഭരണഘടനയിലും അധിഷ്ഠിതമായ സുപ്രീം‌കോടതിവിധി വന്നപ്പോൾ അതു ചരിത്രവിധിയായി കൊണ്ടാടേണ്ടിയിരുന്ന സമൂഹമാണു കേരളം. അതിനുള്ള ഔന്നത്യം കേരളസംസ്ക്കാരം ആർജ്ജിച്ചിരുന്നതാണ്. എന്നാൽ സംഭവിച്ചത് സാമൂഹികജീർണ്ണതയുടെ അങ്ങേയറ്റം ലജ്ജാകരമായ തേർവാഴ്ചയാണ്. പരിഷ്ക്കൃതലോകത്തിനുമുന്നിൽ, ലോകമാദ്ധ്യമങ്ങളിൽ, കേരളം ആദ്യമായി അവഹേളനപാത്രമായി. പുരോഗമനപക്ഷത്തുള്ള ചിലർതന്നെ വോട്ടുഭയത്താൽ സർക്കാർസമീപനത്തെ കുറ്റപ്പെടുത്തുന്നതുപോലും കാണേണ്ടിവന്നു. ആശയവ്യക്തതയുടെ ഈ കുറവ് പ്രതിലോമതകൾക്കു നല്ല വളമാണ്.  ഇതൊരു നിസ്സാരകാര്യമല്ല.

അന്ന് ആ സാംസ്ക്കാരികാഭാസത്തെ ചെറുക്കാനായത് ശാസ്ത്രബോധവും നീതിബോധവും നല്ല വായനയും ആശയവ്യക്തതയും ഉയർന്ന ചിന്തയുമുള്ള ഒരു ചെറുവിഭാഗത്തിന്റെ രാപ്പകലില്ലാത്ത ശക്തമായ ഇടപെടൽകൊണ്ടാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ അന്നു പ്രചരിച്ച പുരോഗമനാശായങ്ങൾക്കു തുല്യമായ ഒന്ന് സമീപകാലകേരളചരിത്രത്തിൽ ഉണ്ടോ എന്നു സംശയമാണ്. അതു സാദ്ധ്യമാക്കിയവർ ആരെന്നു നാം അന്വേഷിക്കണം. ആ തലമുറയിൽ മേല്പറഞ്ഞ ബോധങ്ങളും ചിന്തകളുമൊക്കെ നിവേശിച്ചതെങ്ങനെ എന്നു മനസിലാക്കണം. പുതിയ തലമുറയെ അത്തരത്തിൽ വഴിനയിക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനപദ്ധതികൾ ആവിഷ്ക്കരിക്കണം. ബാലസംഘം, ബാലവേദി പ്രവർത്തനങ്ങൾ ഊഴിയം പോക്കൽ ആകാതെ ഉള്ളറിഞ്ഞുള്ളതാകണം.

നവോത്ഥാനമൂല്യങ്ങൾക്കുമുണ്ട് സുപ്രധാനപങ്ക്. ശബരിമലവിവാദകാലത്ത് മുഖ്യമന്ത്രി പിണറായിവിജയൻ കേരളം മുഴുവൻ സംഘടിപ്പിച്ച നവോത്ഥാനപ്രസംഗങ്ങൾ ചെലുത്തിയ സ്വാധീനം ഒന്നു മതി അതു മനസിലാക്കാൻ. മുലക്കരത്തിനുപകരം മുലയരിഞ്ഞു നല്കിയ നങ്ങേലിമുതൽ ആറാട്ടുപുഴ വേലായുധപ്പണിക്കരും അയ്യാ വൈകുണ്ഠനും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടന്ദനും സഹോദരൻ അയ്യപ്പനും പൊയ്കയിൽ അപ്പച്ചനുമൊക്കെ നടത്തിയ ധീരമായ ഇടപെടലുകളുടെ ചരിത്രം മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകത്തോടെയാണു മഹാഭൂരിപക്ഷം ജനങ്ങളും കേട്ടത്. ആധുനികകേരളം രൂപപ്പെട്ട ആ കഥ തീർച്ചയായും നവകേരളസൃഷ്ടിക്കുള്ള മികച്ച ഇന്ധനമാണ്. ആ കഥകൾ പല സാംസ്ക്കാരികരൂപങ്ങളിലൂടെ പുനരാവിഷ്ക്കരിക്കാനും സമസ്തജനങ്ങളിലേക്കും എത്തിക്കാനും പദ്ധതി ഉണ്ടാകണം. കഥപോലെ അവ പറയുന്ന വീഡിയോകൾപോലും രസകരമാകും.

ശരിയായ ചരിത്രബോധവും ശാസ്ത്രബോധവും സാമൂഹികബോധവും വളർത്താനുതകുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ അടിയന്തരമായി കൊണ്ടുവരണം. ചരിത്രം മാറ്റിയെഴുതുന്നതിൽ വർഗ്ഗീയഫാഷിസം കാട്ടുന്ന ഭ്രാന്തമായ ആവേശത്തിൽനിന്നു നാം പാഠം ഉൾക്കൊള്ളണം. പലതരത്തിൽ വളച്ചൊടിച്ച ചരിത്രമാണ് വാട്ട്സാപ് സർവ്വകലാശാലയിലെ മുഖ്യ പാഠ്യവിഷയങ്ങളിൽ ഒന്ന്. അതിലെ അപകടം ചെറുതല്ല. അതെല്ലാം നിരീക്ഷിക്കാനും ഫലപ്രദമായി പ്രതിരോധിക്കാനും ശരിയായ ചരിത്രകാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സംവിധാനം വികസിപ്പിച്ചില്ലെങ്കിൽ നവകേരളം വർഗ്ഗീയഭ്രാന്തിന്റെ കൊലക്കളമായിരിക്കും.

ശാസ്ത്രം, ചരിത്രം, നവമൂല്യങ്ങൾ

അനൗപചാരികവിദ്യാഭ്യാസം സുപ്രധാനസാംസ്ക്കാരികദൗത്യമായി നവകേരളയജ്ഞത്തിൽ മാറണം. സമ്പൂർണ്ണസാക്ഷരതാനേട്ടത്തിന്റെ തുടർച്ചയായി വിഭാവനം ചെയ്ത തുടർസാക്ഷരതാപ്രവർത്തനങ്ങൾക്കു സംഭവിച്ച വിപര്യയം വിലയിരുത്തേണ്ടതുണ്ട്. സമ്പൂർണ്ണസാക്ഷരത ഉന്നം ആയിരുന്നതിഅനാൽ സാമൂഹികയിടപെടലിനുള്ള പ്രാപ്തി നഷ്ടമായ വയോജനങ്ങളെയടക്കം സാക്ഷരരാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, അതുതന്നെയാണോ ഇന്നും തുടരേണ്ടത് എന്നു പരിശോധിക്കണം. കൊഴിഞ്ഞുപോക്കും മോശം കുടുംബ-സാമൂഹികസാഹചര്യങ്ങളും കാരണം അക്ഷരം നേടാനാകാതെപോയ മദ്ധ്യവയസ്ക്കർ വരെയുള്ളവരെ അക്ഷരവും ഡിജിറ്റൽ സാക്ഷരതയും ഉള്ളവരാക്കുക എന്നത് അർത്ഥപൂർണ്ണമാണ്. അതിനപ്പുറം ആവശ്യമുണ്ടോ?

സാക്ഷരതാപ്രവർത്തനം എന്നതു കേവലമായ അക്ഷരം പഠിപ്പിക്കലിനപ്പുറത്തേക്കു വളരണം. ആളുകളെ പഠനത്തിലേക്ക് ആകർഷിക്കാൻ അവരുടെ തൊഴിൽ മെച്ചപ്പെടുത്താൻ ഉതകുന്നതടക്കമുള്ള പരിശീലനങ്ങളും ആരോഗ്യസാക്ഷരത, ക്ഷേമസേവനനിയമസാക്ഷരതകൾ എന്നിങ്ങനെ പ്രഥമദൃഷ്ട്യാ പ്രയോജനകരമെന്നു തോന്നുന്ന വിഷയങ്ങളും ഉൾപ്പെടുത്തേണ്ടിവരും. അങ്ങനെ ആകർഷിക്കാൻ കഴിയുന്ന സമൂഹത്തിൽ ശാസ്ത്രബോധസാക്ഷരതയും ചരിത്രസാക്ഷരതയും ഭരണഘടനാസാക്ഷരതയും സാമൂഹികസാക്ഷരതയും പുരോഗമനമൂല്യസാക്ഷരതയും ഉപഭോക്തൃസാക്ഷരതയുമൊക്കെ വളർത്താനുള്ള യജ്ഞങ്ങൾ നടപ്പാക്കണം.

ഓരോ തദ്ദേശഭരണസ്ഥാപനപ്രദേശത്തും ധാരാളമായി പൊതുവിടങ്ങൾ വികസിപ്പിക്കുകയും പ്രഭാഷണങ്ങളുടെയും ചർച്ചകളുടെയും പെരുമഴ സൃഷ്ടിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അച്ചടിപ്പുസ്തകങ്ങളിൽനിന്നു ഡിജിറ്റൽ വായനയിലേക്കു യുവതലമുറ ചുവടുമാറ്റുന്നതു മനസിലാക്കി നമ്മുടെ ഗ്രന്ഥശാലകളെ ആകർഷകങ്ങളായ പൊതുവിടങ്ങളാക്കി മാറ്റണം. പുസ്തകചർച്ചകൾ, ലോകത്ത് ഇറങ്ങുന്ന സുപ്രധാനപുസ്തകങ്ങൾ പരിചയപ്പെടുത്തൽ, പ്രാദേശികചരിത്രരചന അടക്കമുള്ള കൂട്ടായ പുസ്തകരചനാസംരംഭങ്ങൾ, നാട്ടിലെ പ്രധാനികളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ജീവചരിത്രങ്ങൾ രചിച്ചു പ്രാദേശികമായി പ്രസിദ്ധീകരിക്കൽ തുടങ്ങി പലതും ആലോചിക്കാം. ചർച്ചയ്ക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നല്ല ജാഗ്രത പുലർത്താനാകും. പുതുതലമുറയ്ക്കടക്കം താത്പര്യം തോന്നുന്ന പുസ്തകങ്ങൾ ധാരാളമായി ഉൾപ്പെടുത്തിയാൽ അവരെ ആകർഷിക്കാൻ പ്രയാസം വരില്ല. പ്രളയത്തിലും കോവിഡിലുമൊക്കെ കണ്ട സന്നദ്ധയൗവനത്തിന്റെ സമൂഹബദ്ധതയിൽ സംശയിച്ചുനില്ക്കേണ്ടതില്ല.

ചരിത്രപഠനം രസകരം ആക്കാനുള്ള പരിപാടികൾ കണ്ടെത്തണം. പട്ടണത്തേതുമാതിരിയുള്ള ഉദ്ഘനനവും സമാനമായ ചരിത്രഗവേഷണങ്ങളും ജനപങ്കാളിത്തമുള്ള അനുബന്ധപ്രവർത്തനങ്ങളിലൂടെ ജനകീയമാക്കണം. അത്തരം പഠനങ്ങൾ കൂടുതൽ ഉണ്ടാകണം.

ഫേസ്‌ബുക്ക് മികച്ച എഴുത്തകമാണ്. അവിടെയുള്ള എണ്ണമറ്റ പ്രതിഭകളെ അതതു നാട്ടിലെ പുരോഗമനയിടപെടലുകളുമായി ബന്ധിപ്പിക്കുന്നതു പ്രധാനമാണ്. അവർക്ക് ആത്മപ്രകാശനത്തിനുള്ള ഭൗതികവേദികൾ ഒരുക്കിനല്കാം. പ്രാദേശികകവിയരങ്ങുകളും കഥപറയൽ കൂട്ടങ്ങളും ഒച്ചഭാഷിണിയൊന്നുമില്ലാതെ വായനശാലാഹാളിൽ നടത്താം. സ്കൂളുകളിലെ സൗകര്യങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണം. ആവശ്യമായ ഉത്തരവുകൾ നല്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ആകാം.

നവകേരളത്തിലെ കുടുംബം

നാം സൃഷ്ടിക്കുന്ന നവകേരളം ലിംഗസമത്വമുള്ളതും കൂടുതൽ മെച്ചപ്പെട്ടു മുന്നോട്ടുപോകുന്നതും ആകണമല്ലോ. കുടുംബം എന്ന സ്ഥാപനത്തെ ജനാധിപത്യവത്ക്കരിക്കുകയും ലിംഗനീതിപൂർണ്ണം ആക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അതു പെട്ടെന്നു മാറ്റിമറിക്കാവുന്ന ഒന്നല്ല. എന്നാലും നന്നായി ആലോചിച്ചാൽ ഫലപ്രദമായ പ്രവർത്തനപരിപാടി ആവിഷ്ക്കരിക്കാനാവും. അതിൽ വിജയിച്ചാൽ നമുക്കതൊരു വലിയൊരു നേട്ടമായിരിക്കും.

ലിംഗസമത്വം പുലരുന്ന യൂണിറ്റുകളായി ഓരോ കുടുംബത്തെയും രൂപപ്പെടുത്താൻ കുടുംബങ്ങളെ ചർച്ചാവേദികളാക്കണം. ‘വീട്ടിൽ രാഷ്ട്രീയം പറയാറില്ല’ എന്നതു കേമത്തമായി എഴുന്നള്ളിച്ചുനടക്കുന്നവരെ തിരുത്തി, എല്ലാ പൊതുക്കാര്യങ്ങളും ആരോഗ്യപൂർവ്വം ചർച്ചചെയ്യുന്ന സ്ഥിതി വളർത്തണം. പുറത്തു പ്രസംഗിക്കുന്ന ആദർശങ്ങൾ ചെരിപ്പിനൊപ്പം അഴിച്ചു പുറത്തുവച്ചു വീട്ടിൽ കയറുന്നതിനാലാണ് സ്വന്തം മക്കളുടെ വിവാഹക്കാര്യം വരുമ്പോൾ ജാതിയും മതവും സാമൂഹികപദവിയും ജാതകവും മുഹൂർത്തവുമെല്ലാം പരിഗണനാവിഷയം ആകുന്നത്.

സ്ത്രീധനവും സ്ത്രീധനപീഡനവും സ്ത്രീകൾ അനുഭവിക്കുന്ന മഹാദുരിതങ്ങളുടെ കൂടുതൽ ദൃശ്യതയുള്ള ഒരു ഭാഗം മാത്രമാണ്. അതിനു മാത്രമായുള്ള ചികിത്സയല്ല, സാമൂഹികബോധമാകെ ഉടച്ചുവാർക്കുന്ന പ്രവർത്തനങ്ങളാണ് ആവശ്യം. ഇത്തരം കാര്യങ്ങളിലെല്ലാം ജനകീയമായ പരിഹാരങ്ങൾക്കാണു മുൻഗണന നല്കേണ്ടത്.

ഒരുപക്ഷെ, നവകേരളം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്രവർത്തനം കുടുംബങ്ങളുടെ രാഷ്ട്രീയവത്ക്കരണം ആയിരിക്കും. ആ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല, സാമൂഹികനീതിയുടെയും ലിംഗസമത്വത്തിന്റെയും അനാചാര-അന്ധവിശ്വാസവിരുദ്ധതതയുടെയും സ്വതന്ത്രചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും ഒക്കെ പുരോഗമനരാഷ്ട്രീയമാണ്.

വളർന്നുവരുന്ന തലമുറയിൽ ലിംഗനീതിബോധം വളർത്താനുള്ള പരിപാടികളും അതോടൊപ്പം വേണം. പാഠ്യപദ്ധതിയെ ജെൻഡർ സെൻസിറ്റീവ് ആക്കുക അനിവാര്യമാണ്. ഈ ബോധമൊക്കെ കുടുംബങ്ങളിൽ വളർത്താൻ അച്ഛനമ്മമാരിലും മറ്റു കുടുംബാംഗങ്ങളിലും നിരന്തരബോധവത്ക്കരണവും ആവശ്യമാണ്.

ചില ചിതറിയ ചിന്തകൾ മാത്രമാണ് ഇവിടെ പങ്കുവച്ചത്. നവകേരളസൃഷ്ടിക്ക് ഇതൊന്നും പോരാ. അതിനുള്ള ഒറ്റയ്ക്കും കൂട്ടുചേർന്നുമുള്ള വിപുലമായ ആലോചനകൾ വേണം. ആ ആലോചനകൾക്കുള്ള തീപ്പൊരിയെങ്കിലും ഉതിർക്കാൻ കഴിയണം എന്ന് ആഗ്രഹിച്ച് എഴുതിത്തുടങ്ങിയതാണ്. പക്ഷെ, വക്കോ മൂലയോപോലും സ്പർശിക്കാൻ ആയിട്ടില്ല. എല്ലാവരും ചേർന്ന് ഈ ചിന്തകളെ സമ്പുഷ്ടമാക്കിയാലും.

Sunday 24 October 2021

അഗ്നിഗായകാ വരൂ!

അഗ്നിഗായകാ വരൂ!

വികെ‌എസ് പാടുമ്പോൾ...  

മനോജ് കെ. പുതിയവിള

[ദേശാഭിമാനി വാരികയുടെ 2021 ഒക്റ്റോബർ 24 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]


“ഇടനേരത്തിത്തിരിനേരം

കരിമേഘക്കവിളും കാട്ടി

പിണങ്ങിനില്ക്കണ വാനം
ഇടിവെട്ടിൻ തീത്തുടികൊട്ടി
തുള്ളാട്ടം തുള്ളണ വാനം
ഇടിമിന്നൽ പിപ്പിടികാട്ടി
പേടിപ്പിക്കണ വാനം
മഴയെന്നൊരു പീച്ചാങ്കുഴലാൽ
കുളിരണിയിക്കണ വാനം”
എന്നു വികെഎസ് പാടുമ്പോൾ ആ പിണക്കവും പേടിയും കുളിരുമൊക്കെ സദസ്സിൽ കുട്ടികളുടെ മുഖത്തു കാണാം. ‘ആ വാനത്തഗ്നിവിതയ്ക്കും ആസുരശക്തികളേ...’ എന്നു കവിത മാറുമ്പോൾ ഭാവം ധർമ്മരോഷമാകും. ആ യുദ്ധവെറിയെ ഞങ്ങൾ ‘ചിരികൊണ്ടൊരു വന്മതിൽ കെട്ടി ചെറുത്തുനില്ക്കും’ എന്നു പ്രഖ്യാപിക്കുമ്പോൾ കുട്ടികളുടെ മനസിൽ ചിരസ്ഥായിയാകുന്ന യുദ്ധവിരുദ്ധവികാരത്തോളം വേരുറപ്പ് വേറെ എങ്ങനെ സൃഷ്ടിക്കാനാകും!

ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദിപ്പരിപാടികളിൽ വികെ‌എസ് പാടുമ്പോൾ കുട്ടികളുടെ സദസ്സിനെ നോക്കിയിരുന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ‘മുറിമൂക്കൻ രാജാവിൻ കഥകേട്ട്’ മൂക്കിൽ വിരൽ വയ്ക്കുകയും ‘രാജകുമാരിയെ രാക്ഷസൻ കട്ടപ്പോൾ’ ആകവേ ഞെട്ടിത്തരിക്കുകയും  ‘ആമ മുയലിനെ നാണംകെടുത്തിയ കഥയുടെ തുമ്പിൽ’ നിമിഷനേരത്തേക്കെങ്കിലും ഉറങ്ങുകയും ചെയ്യുന്ന കുട്ടികളെ എത്രയോവട്ടം കണ്ടു! അത്രയ്ക്കാണു ഭാവം.

ആ ഭാവം എത്രയോ സുഗമമായി അതിന്റെ പരമാവധിയിൽ സന്നിവേശിപ്പിക്കാൻ കഴിയുന്ന ഈണം എങ്ങനെയാണു വികെ‌എസ് കണ്ടെത്തുന്നത്! കവിതയല്ല, അതിലെ വരികൾ പോലുമല്ല, വാക്കുകളാണ് അദ്ദേഹം ഈണം‌കൊടുത്തു ഭാവസുരഭിലമാക്കുന്നത്. കവിതയുടെ സ്ഥായീഭാവം അശേഷം മാറാതെ ഇതു സാധിക്കുന്നതാണ് വികെ‌എസിന്റെ അനന്യമായ മാന്ത്രികത.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’നെ വികെ‌എസിന്റെ പൂതപ്പാട്ടാക്കി മാറ്റുന്നതും മറ്റൊന്നല്ല. അതിലെ ഓരോ മുഹൂർത്തവും അതതിന്റെ തീവ്രഭാവത്തോടെ അങ്ങനെ ആവിഷ്ക്കരിക്കാൻ വേറെ ആർക്കാണു കഴിയുക! ഒടുവിൽ പൂതത്തിന്റെ ‘വ്യസനം’ നമ്മുടെ വ്യസനമാകുന്നു; കണ്ണു നനയുന്നു. ഇടശ്ശേരിയുടെ മകൻ ഇ. ഹരികുമാർ അനുസ്മരിക്കുന്ന എം. ഗോവിന്ദന്റെ വാക്കുകൾ പോലെ “വികെഎസിന്റെ ആലാപനത്തിൽ പൂതപ്പാട്ടിന്റെ പല പുതിയ മാനങ്ങളും പുറത്തുവന്നു”. ഓരോ ആലാപനത്തിലും പിന്നെയും അവ പുതുക്കപ്പെട്ടു. 

വികെ‌എസ്‌പാട്ടുകളുടെ ഈ  രാസവിദ്യ മുതിർന്നവരുടെ മനസിലും സംഭവിക്കുന്നു.

തറഞ്ഞുകയറുന്ന പാട്ട്

‘ഒഴിഞ്ഞ ചട്ടിയിൽനിന്ന് 
എങ്ങനെ കഞ്ഞികുടിക്കും നീ?’

എന്ന ചോദ്യവും

‘നാടിൻ ഭരണം പിടിച്ചെടുത്തതു
കീഴ്മേൽ മാറ്റിമറിക്കൂ!
അതിന്റെ നായകനാകൂ!’

എന്ന ഉത്തരവും കേൾക്കുന്ന തൊഴിലാളികളുടെയും സാധാരണക്കാരുടെയും മനസിൽ തെളിമയാർന്ന വിപ്ലവബോധത്തിന്റെ വിത്തു പാകുന്നത് ഈ രാസവിദ്യയാണ്. തുടർന്ന് ആ മനസുകളിലേക്കു വീഴുന്ന ‘ഇനിയൊരുനിമിഷം കാത്തിരിക്കേണ്ടാ...’ എന്ന ആഹ്വാനത്തിനു ശക്തി ഒന്നു വേറെതന്നെ. അക്ഷരത്തിലൂടെ, വായനയിലൂടെ, മനസിലാക്കപ്പെടാവുന്ന ആശയം, അതേ മനുഷ്യർ വലിയ സംഘമായിരുന്ന്, കരുത്തുറ്റ ഈണത്തിൽ കേൾക്കുകയും ഏറ്റുപാടുകയും ചെയ്യുമ്പോൾ ആർജ്ജിക്കുന്ന ഊർജ്ജവും മനഃപരിവർത്തനക്ഷമതയും അനുഭവിച്ചുതന്നെ അറിയണം. ഈ രാസവിദ്യയുടെ ആൾരൂപമായിരുന്നു വികെ‌എസ് എന്ന് എല്ലാവരും വിളിക്കുന്ന പ്രൊഫ: വി.കെ. ശശിധരൻ എന്ന ജനകീയഗായകൻ.


1979-ലെ ഇ.എം.എസിന്റെ തെരഞ്ഞെടുപ്പുപര്യടനവേളയിൽ എല്ലാ വേദികളിലും തൊട്ടുമുമ്പായി വികെ‌എസിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഗാനവും ‘കമ്മ്യൂണിസം’ പോലുള്ള പാട്ടുകളും “ഒരുവേള ഇ.എം.എസിന്റെ വിശദീകരണത്തെക്കാൾ കൂടുതൽ ഫലപ്രദമായി അനുവാചകരുടെ മനസുകളിൽ രാഷ്ട്രീയബോധവും വികാരവും വളർത്തി എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല” എന്ന് എം.പി. പരമേശ്വരൻ എഴുതിയത് അതിശയോക്തിയല്ലെന്ന് വികെ‌എസിനെ അനുഭവിച്ചവർക്ക് അറിയാം.

സാധാരണനിലയിൽ കാര്യമായ ചലനമൊന്നും മനസിൽ ഉണ്ടാക്കാൻ കഴിയാത്ത, കാവ്യാത്മകതയൊന്നും പറയാനില്ലാത്ത, വരികളാണ് പലപ്പോഴും വിപ്ലവപ്രവർത്തനത്തിന്റെ ഭാഗമായി എഴുതപ്പെടുക. ആവശ്യങ്ങൾക്ക് അനുസരിച്ച് അപ്പപ്പോൾ സാധാരണപ്രവർത്തകരോ നേതാക്കളോ എഴുതിയുണ്ടാക്കുന്നവ. മുറിച്ചുമുറിച്ച് എഴുതിയ പ്രസ്താവനയോ മുദ്രാവാക്യമോ പോലിരിക്കും. അവയും പക്ഷെ, വികെ‌എസിന്റെ കൈയിൽ പൊന്നായി മാറും. കേൾക്കുന്നവരുടെ മനസിൽ കസേര പിടിച്ചിട്ട് അതങ്ങ് ഇരിക്കും. ചുണ്ടുകളിൽ ഇടയ്ക്കിടെ വന്നു തത്തിക്കളിക്കും. അത്തരത്തിൽ ചിരപ്രതിഷ്ഠ നേടിയ വരികൾ എത്ര! 

“ഒരിക്കലും സംഭവിക്കയില്ലെ-
ന്നൊരൊക്കലും പറയരുതേ!
ജീവൻ നിന്നിൽ തുടിക്കുവോളം പറയരുതേ!
അടിച്ചമർത്തപ്പെട്ടവരാകേ
ഉന്നതശീർഷന്മാരായ്‌ വീണ്ടും
ഉണർന്നെഴുന്നേല്ക്കും.
മരിച്ചുവീണവരാകേ വീണ്ടും
ആവേശമൊടേ തിരിച്ചടിക്കാ-
നുയിർത്തെഴുന്നേല്ക്കും.”

‘പടയൊരുക്കപ്പാട്ടുകൾ’ എന്നാണ് ഇത്തരം കരുത്തുറ്റ വിപ്ലവഗാനങ്ങളെ വികെ‌എസ്‌തന്നെ വിളിക്കുക. ആ പേരിൽ ഒരു ഗാനസമാഹാരവും സിഡിയായി ഉണ്ട്. സിപിഐ(എം)-ന്റെ മലപ്പുറം സമ്മേളനത്തിനായി വികെ‌എസ് ഒരുക്കിയ ‘സംഘകാഹളം’ എന്ന ഗാനോപഹാരത്തിൽ മുല്ലനേഴിയുടെ ഒരു ഗാനത്തിൽ “ഒന്നും പറയുവാനില്ലേ, ചുറ്റും അനീതികൾ നൃത്തമാടുമ്പോൾ ചുമ്മാതിരിക്കുകയാണോ” എന്ന ചോദ്യം ഉയർത്തിയിരുന്നു. അതിനു മറുപടിയായി എ. സുഹൃത് കുമാർ എഴുതിയ “പറയുവാനെന്തുണ്ടു വേറെ, വീണ്ടും പൊരുതുക എന്നതല്ലാതെ” എന്ന ഗാനവും വികെ‌എസ്‌തന്നെ ഈണമിട്ടുപാടി എന്നതും ആ വഴിയിലെ ഒരു കൗതുകം.

തിരുനെല്ലൂരിന്റെ ‘മേയ്‌ദിനമേ, അഭിവാദനം!’ എന്ന കവിതയൊക്കെ ആ ശക്തിനിർഝരിയിലൂടെ എത്ര മനസുകളെയാണു വിപ്ലവപാതയിൽ മുന്നോട്ടു കുതികൊള്ളിക്കുന്നത്! അതിനു തലമുറഭേദം ഇല്ലായിരുന്നു. ‘ഉണരുക ഉയരുക ശുഭ്രപതാകേ! ഉജ്ജ്വലകർമ്മപതാകേ!’ എന്ന ബാലസംഘം പതാകാഗാനം മുതൽ ‘ഇല്ല മരിക്കില്ലീയെം നമ്മുടെ പകലുതെളിക്കും മുത്തച്ഛൻ’ എന്ന അതീവഹൃദ്യമായ പാട്ടുവരെ കുട്ടികളെ ഉണർത്തിയ പാട്ടുകളും അനവധി.



വിപ്ലവത്തിന്റെ ഈണം

ശാസ്ത്രസാഹിത്യപരിഷത്തിന്റെ പാട്ടുകാരൻ എന്നതാണ് വികെ‌എസിന്റെ പ്രമാണമുദ്ര. വികെ‌എസ് എന്നാൽ ‘എന്തിന്നധീരത’ എന്ന പാട്ടാണു പലർക്കും. പരിഷത്തിന്റെ ഒന്നാം ശാസ്ത്രകലാജാഥയുടെ ആമുഖഗീതമായിരുന്നു അത്. ആ പാട്ടും വികെ‌എസിന്റെ ജീവിതവുമായി ഗാഢമായൊരു ബന്ധമുണ്ട്. ഒട്ടേറെ തിക്താനുഭവങ്ങളാൽ കൈവിട്ട നാടകരംഗത്തേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് ആ പാട്ട് ഉൾപ്പെട്ട ‘അമ്മ’ നാടകമാണ്. മാക്സിം ഗോർക്കിയുടെ നോവലിനെ ബെർതോൾഡ് ബ്രെഹ്‌ത് നല്കിയ നാടകാവിഷ്ക്കാരത്തിനു പി.എൻ. ദാമോദരൻപിള്ള ചെയ്ത തർജ്ജമ. 

പുരോഗമനപ്രസ്ഥാനങ്ങളുടെയടക്കം പ്രൊഫഷണൽ നാടകങ്ങളിൽ സമൂഹത്തിനു പ്രത്യാശ നഷ്ടമായ വേളയിൽ സമൂഹമാറ്റത്തിനുതകുന്ന തീയറ്ററിനായുള്ള അന്വേഷണത്തിൽ ഡോ: പി.കെ.ആർ. വാര്യർ, ഇ.എം. ശ്രീധരൻ, എം.പി. പരമേശ്വരൻ, സി.പി. നാരായണൻ എന്നിവരുടെ മുൻകൈയിൽ രൂപം നല്കിയ ‘കോറസ്’ നാടകസംഘമാണ് അത് അവതരിപ്പിച്ചത്. എം.പി.യുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധമാണ് വികെ‌എസിനെ ആ സംരംഭവുമായി സഹകരിക്കാൻ പ്രേരിപ്പിച്ചത്. അതിലെ മറ്റൊരു ഗാനമാണ് തുടക്കത്തിൽ പറഞ്ഞ ‘ഒഴിഞ്ഞചട്ടി’.

കൂടുതൽ ശക്തമായ തീയറ്റർ രൂപത്തിനും സമൂഹത്തിൽ ശാസ്ത്രബോധം വളർത്താനും പരിഷത്ത് നടത്തിയ അന്വേഷണമാണ് ശാസ്ത്രകലാജാഥ എന്ന സവിശേഷാനുഭവം കേരളത്തിനു സമ്മാനിച്ചത്. നവോത്ഥാന വിപ്ലവ നാടകപാരമ്പര്യത്തിന്റെ തുടർച്ച്. അങ്ങനെ വികെഎസുതന്നെ കൺവീനറായ 1980-ലെ ആദ്യജാഥയിൽ ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ’ എന്ന് ആഹ്വാനം ചെയ്യുന്ന ‘എന്തിന്നധീരത’ അവതരണഗാനമായി.

അന്നുതൊട്ട് ആ രൂപത്തിൽ കലാജാഥ അവതരിപ്പിക്കപ്പെട്ട കാലം മുഴുവൻ അതിലെ ഒട്ടെല്ലാ പാട്ടുകളും വികെ‌എസിന്റെ ഈണത്തിൽ ജനപ്രിയതയും അമരത്വവും നേടിയവയാണ്. ആ ഈണങ്ങൾ പലതും അഖിലേൻഡ്യാകലാജാഥകളിലൂടെ രാജ്യമെമ്പാടും എത്തി. ‘എന്തിന്നധീരത’ പല ഭാഷകളിലായി ഒരുകോടിപ്പേരെങ്കിലും കേട്ടിട്ടുണ്ടാകും എന്ന എം.പി. പരമേശ്വരന്റെ കണക്ക് ന്യൂനോക്തിയല്ലേ എന്നുപോലും തോന്നുന്നു.

ശാസ്ത്രബോധത്തിന്റെ ഈണം

‘മിന്നും മിന്നും താരകമേ നിന്നൊളിതന്റെ പൊരുളെന്ത്?’ എന്നു ചോദിച്ചു തുടങ്ങുന്ന ‘ഇ=എംസിസ്ക്വയർ’, ‘തന്മാത്രയിലെ അണുക്കളോ, അണുവിന്നുള്ളിലെ കണങ്ങളോ, കണങ്ങൾതൻ ചലനമോ, ചലനത്തിന്നൂർജ്ജമോ, ഊർജ്ജത്തിൻ കണമോ? നീ കണങ്ങൾതൻ തരംഗമോ... എന്തു നീ പ്രപഞ്ചമേ!’ എന്നു ചോദിച്ച് ഊർജ്ജസംരക്ഷണവും ആറ്റം മാതൃകയും ക്വാണ്ടം തിയറിയുമൊക്കെ വിവരിക്കാൻ സഹായിക്കുന്ന ‘ഹേ! പ്രപഞ്ചമേ!’ തുടങ്ങിയ പച്ചയായി ശാസ്ത്രം പറയുന്ന വരികൾ ആയിരക്കണക്കിനു കുട്ടികളും മുതിർന്നവരും പാടിനടക്കുകയും ഇപ്പോഴും ഓർത്തു പാടുകയും ചെയ്യുന്നതിന്റെ ക്രെഡിറ്റ് വികെ‌എസ് എന്ന ത്രക്ഷരിക്കുമാത്രം.

മനുഷ്യപരിണാമവും സാമൂഹികപരിണാമവും മുതലാളിത്തചൂഷണവ്യവസ്ഥയും ആവിഷ്ക്കരിക്കുന്ന ‘ഏകലവ്യന്റെ പെരുവിരൽ’, ‘കേരളം ഇന്നലെ, ഇന്ന്, നാളെ’, ‘കാതോർത്തിരിക്കുക, കാലം വിളിക്കുന്നു’, ‘ഒരു ധീരസ്വപ്നം’, ‘പാടാം നമുക്കൊത്തു പാടാം’ തുടങ്ങിയ ഗാനശില്പങ്ങൾ ആ ഈണങ്ങളോടെ വീണ്ടും അരങ്ങുകളിൽ എത്തേണ്ടവയാണ്. അരങ്ങു കീഴടക്കിയ അനവധി ചൊല്ക്കാഴ്ചകളും കേരളത്തിന്റെ സാംസ്കാരികകാവ്യവഴികൾ കോറിയിട്ട ‘കവിമാലിക’, ‘നവമാലിക’ തുടങ്ങിയ കാവ്യശില്പങ്ങളും എക്കാലത്തേക്കുമുള്ളതാകുന്നത് അവയിലെ ഈണവിശേഷം‌കൊണ്ടുകൂടിയാണ്. മാപ്പിളപ്പാട്ടടക്കം ഏതും വികെ‌എസിനു വഴങ്ങുമെന്നതിന്റെ നല്ല സാക്ഷ്യമാണ് ‘നാദിറ പറയുന്നു’.

പരിഷത്തിന്റെ പല സംസ്ഥാനസമ്മേളനങ്ങളിലും  ആമുഖഗാനം വികെ‌എസിന്റെയാണ്. രജതജൂബിലിസമ്മേളനത്തിൽ വലിയൊരു ഗായകസംഘം പാടിനിറച്ച ‘സംഘമഹാഗാനം’ ശക്തിഗാംഭീര്യങ്ങൾ‌കൊണ്ടു മനസിൽ പതിഞ്ഞുനില്ക്കുന്നു – “നെഞ്ചുയർത്തിയിൻഡ്യയിൽ നമുക്കു പാടുവാനൊരൊറ്റ സംഘഗാനം... അതിൻ സിംഹനാദം...”. വികെ‌എസിന്റെ പരിഷത്തുപാട്ടുകളുടെ പട്ടിക വലുതാണ്. ഓരോന്നും പറയാൻ സംഗീതത്തനിമകളുള്ളവ.

വികെ‌എസിന്റെ കൈപ്പടയിൽ പി.റ്റി. ഭാസ്ക്കരപ്പണിക്കരുടെ കവിത

ഈ ദൗത്യവഴിയിലെ ചരിത്രസ്ഥാനമുള്ള പാട്ടുകളാണ് സാക്ഷരതായജ്ഞത്തിനും ജനകീയാസൂത്രണത്തിനും മാനവീയം മിഷനും വേണ്ടി ജീവൻ നല്കിയവ. ‘അക്ഷരം തൊട്ടു തുടങ്ങാം’, ‘നേരമൊട്ടും വൈകിയില്ല’, ‘ആയിരത്തിരി അക്ഷരത്തിരി’, ‘ഓമൽക്കൈരളി പാടൂ’, പി.റ്റി. ഭാസ്കരപ്പണിക്കരുടെ ‘മലയാളമാണെന്റെ ഭാഷ’, മുല്ലനേഴിയുടെ ‘അമ്മയും നന്മയും ഒന്നാണ്’, ‘ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരെ നമുക്കൊത്തുചേരാം’... കാണാപ്പാഠമായി കിടക്കുന്ന പാട്ടുകൾ! സംഗീത നാടക അക്കാദമിക്കായി ചെയ്ത ആൽബവും എടുത്തുപറയണം.

ഇവയ്ക്കൊപ്പം പുനലൂർ ബാലൻ, പി.എൻ. ദാമോദരൻപിള്ള, പനങ്ങാട് തങ്കപ്പൻപിള്ള, കരിവെള്ളൂർ മുരളി, ഇയ്യങ്കോട്, എ. സുഹൃത്ത് കുമാർ... അങ്ങനെ എത്രയോപേരുടെ രചനകൾ പുതിയ ഭാവുകത്വവും കരുത്തുമായി പരിഷത്തിന്റെയും മേല്പറഞ്ഞ പ്രസ്ഥാനങ്ങളുടെയും എണ്ണമറ്റ വേദികളിലൂടെ നാട്ടകങ്ങളിലേക്കെത്തി; കാലത്തിനപ്പുറത്തേക്കു മുഴങ്ങി.

തോമസ് ഐസക്കിന്റെ മുൻകൈയിൽ 2001-ൽ മാരാരിക്കുളത്ത് 20,000-ൽപ്പരം സ്ത്രീകളെക്കൊണ്ട് ‘അമ്മയും നന്മയും ഒന്നാണ്’ വികെ‌എസ് പഠിപ്പിച്ചു പാടിച്ചതിനു സാക്ഷിയാകാൻ അവസരം ലഭിച്ചതും ഓർക്കുന്നു. ജന്മനാടായ കെടാമംഗലത്ത് വി‌കെ‌എസിനെ ആദരിക്കാൻ 2015-ൽ സംഘടിപ്പിച്ച പരിപാടിയിൽ ആ നാട്ടിലെ 250 ഗായകർ ഒത്തുപാടിയതും ചരിത്രം.

സംഗീതാസ്വാദനം സ്വകാര്യാനുഭൂതിക്കപ്പുറം സാമൂഹികമായ പ്രവർത്തനം‌കൂടിയാണെന്ന ദർശനം അദ്ദേഹം പുലർത്തി. അതുകൊണ്ടുതന്നെ സംഗീതത്തിന്റെ ഗഹനത ഇല്ലാതെയാണ് ഈണങ്ങൾ മെനഞ്ഞിരുന്നത്. തടസമില്ലാതെ ഒഴുകുന്ന തെളിഞ്ഞ കാട്ടാറുപോലെ ആണത്. അവയെല്ലാം ചുറ്റുമുള്ളവരെക്കൊണ്ട് അദ്ദേഹം ഏറ്റുപാടിക്കും. ഒറ്റയാളെ വിടില്ല. നാണമൊക്കെ തട്ടിക്കളഞ്ഞ് ഒച്ചത്തിൽത്തന്നെ പാടിക്കും. മുഖത്തും കൈയിലുമെല്ലാം ഭാവം വരണം. ‘ഉത്തരങ്ങൾ തേടുവാൻ ധീരരാവാൻ’ എന്നു പാടുമ്പോൾ മുഷ്ടിയുയർത്തി ധൈര്യം പ്രഖ്യാപിക്കണം. ‘കിലുകിലുക്കും കിലുകിലുക്കും ചെപ്പുകൾ ഞങ്ങൾ’ എന്നു പാടിത്തുടങ്ങുമ്മുമ്പ് കിലുക്കാം‌പെട്ടികളെക്കൊണ്ട് പലയാവർത്തി ചിരിപ്പിക്കും അവരുടെ വികെ‌എസ് മാമൻ.

അതേസമയം ഭാവസാന്ദ്രത ഏറെയുള്ള കാവ്യങ്ങൾ പതിഞ്ഞ കാലത്തിൽ മന്ദ്രസ്ഥായിയിൽ സ്വയമലിഞ്ഞു പാടും. താരസ്ഥായിയിലേക്കൊക്കെ അനായാസം കയറിയിറങ്ങി ഇടറാതെ പതറാതെ ഒഴുകുന്ന ആ കുളിർമഴയിൽ നനഞ്ഞിരിക്കാനാണു നാം ഇഷ്ടപ്പെടുക. ധ്യാനാത്മകമായി അനുയാത്ര ചെയ്യാനുള്ള ആസ്വാദകമനസ് അദ്ദേഹത്തിനും അറിയാം.

കവിത, എപ്പോഴും കവിത

ക്യാമ്പുകളിൽ ആയാലും പരിഷത് സമ്മേളനങ്ങളിൽ ആയാലും ചിലപ്പോൾ വികെ‌എസ് പറമ്പിന്റെ ഒഴിഞ്ഞ കോണിൽ ഒറ്റയ്ക്കു നില്ക്കുകയോ മെല്ലെ നടക്കുകയോ ചെയ്യുന്നതു കാണാം. ചിലപ്പോൾ കൈയൊക്കെ പ്രത്യേകരീതിയിൽ ചലിപ്പിക്കുന്നുണ്ടാകും. അറിയാതെ അടുത്തു ചെന്നാൽ എന്തൊക്കെയോ ഈണങ്ങൾ മൂളുന്നതു കേൾക്കാം. ശല്യപ്പെടുത്താതെ മടങ്ങും. അടുത്ത തവണ കാണുമ്പോൾ പുതിയ പാട്ടായി അതു കേൾക്കാം.

വികെ‌എസ് കവിത തെരഞ്ഞെടുക്കുന്നത് കവിയെയോ ആ കവിതയ്ക്കു കിട്ടിയ സ്വീകാരമോ നോക്കിയല്ല. ‘എന്റെ മനസിൻ വയലോരങ്ങളിൽ എപ്പോഴും കവിത’ എന്ന് അദ്ദേഹം‌തന്നെ പാടിയപോലെയുള്ള പരിധിയില്ലാത്ത വായനയ്ക്കിടെ ചിലത് ഉള്ളിൽ കയറിക്കൂടും. തനിയെ മുട്ടിത്തുറന്നു കയറുന്ന അവ മുന്തിരിനീരെന്നവണ്ണം ഈണത്തിന്റെ ലഹരി നുരപ്പിക്കും. അതിന്റെ ഭാവങ്ങളും ഭാവഭേദങ്ങളും ഏറ്റിറക്കങ്ങളും നിരന്നുപരന്നൊഴുകലും ചുഴികളും മലരികളുമൊക്കെയായി പാട്ടരുവിയായി ഒഴുകിയിറങ്ങും. ആ അത്ഭുതസിദ്ധി ആ തികവോടെ വേറെ കണ്ടിട്ടില്ല. ആശയപ്രചാരണമോ ഭാവോന്മീലനമോ എന്താണോ ആ കവിതയുടെ ജന്മദൗത്യം അതാകും ആ രാസവിദ്യയിലെ സ്വാധീനഘടകം. ഉള്ളറിഞ്ഞാണു വികെ‌എസ് ഈണമിടുന്നതും പാടുന്നതും.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘പാതകൾ പണിയുന്നവർ’ എന്ന കവിത വികെ‌എസ് പാടുമ്പോൾ എന്തൊരു ശക്തിയാണ്! ‘കൊടിയായകൊടിയൊക്കെ നിന്റെ ചെഞ്ചോരയാൽ പശയിട്ടതാണെന്നറിഞ്ഞു; വരുവാനിരിക്കും വസന്തകാലത്തിന്റെ അധിപനും നീയെന്നറിഞ്ഞു’ എന്ന് എത്തുമ്പോൾ അത് ഉച്ചസ്ഥായിയിയിൽ ദിഗന്തങ്ങളോളം മുഴങ്ങും. വിപ്ലവബോധം ആഴത്തിൽ ഉൾക്കൊണ്ടതും കെടാമംഗലം പപ്പുക്കുട്ടിയുടെ അനന്തരവൻ വിശേഷകാവ്യപാരമ്പര്യത്തിന്റെ ജനിതകസത്ത ഉള്ളിൽ പേറിയിരുന്നതുമാണ് ഇതൊക്കെ സാദ്ധ്യമാക്കിയത്.


ആ ശക്തിവിശേഷമല്ല ‘മഴ പെയ്തൂ... മഴയോടൊപ്പം സ്മൃതിയും...’ എന്ന ഒ.വി. ഉഷയുടെ വരികൾ പാടുമ്പോൾ. മഴയും സ്മൃതിയും പെയ്തിറങ്ങുന്ന ദുഃഖത്തെ ഉപാസിച്ച് ‘കോടക്കാറേ, ഇനിയും പെയ്യൂ ദുഃഖം’ എന്നു വികെ‌എസ് പാടുമ്പോൾ... ആ അനുഭവം എഴുതാൻ എനിക്കു ഭാഷയില്ല. ഇതും സുഗതകുമാരി, പ്രഭാവർമ്മ, ആർ. രാമചന്ദ്രൻ, സാവിത്രി രാജീവൻ, ലളിത ലെനിൻ എന്നിവരുടെ മഴക്കവിതകളും അടങ്ങുന്ന ‘മഴ’ എന്ന ആൽബം സമ്മിശ്രവികാരങ്ങളുടെ വർണ്ണരാജിയാണ്. അതിലെ ഗാനങ്ങൾ തിരുവനന്തപുരത്ത് ഒരു വീട്ടിലെ തളത്തിന്റെ ധ്യാനശാന്തതയിൽ ആ കവികളടക്കം മറ്റു നാലഞ്ചുപേരോടൊപ്പം ആദ്യം കേൾക്കാൻ എനിക്കു കിട്ടിയ അവസരം അവിസ്മരണീയമായി നില്ക്കുന്നു.

‘വയലുകൾക്കപ്പുറം വാക പൂത്ത വഴിയിലൂടന്തി മറഞ്ഞുപോ’കുന്നതിന്റെ ദൃശ്യസൗന്ദര്യമോ കാവ്യസൗന്ദര്യമോ അല്ല, ഭാവസൗന്ദര്യമാണ് ആർ രാമചന്ദ്രന്റെ ‘പ്രലോഭനം’ കേൾക്കുമ്പോൾ നമ്മുടെ മനസിൽ നിറയുന്നത്. പ്രണയത്തിന്റെ എത്ര ഭിന്നഭാവങ്ങളാണ് ‘പ്രണയം’ എന്ന ആൽബത്തിൽ!

പൂതപ്പാട്ടുപോലെ സംസ്ക്കാരകേരളം ഏറ്റെടുത്ത ഒന്ന് ‘ഗീതാഞ്ജലി’യാണ്. ജി. ശങ്കരക്കുറുപ്പു മലയാളത്തിലേക്കു പകർത്തിയ ടഗോറിനെ പുതിയകാലത്തു മലയാളമനസുകളിലേക്കു പകർത്തുകയായിരുന്നു വികെ‌എസ്. ‘ആറ്റിനക്കരെ ആഷാഢത്തിലെ ആടിപ്പുലർകാല’വും ‘ആടിമാസത്തിലെ സന്ധ്യ’യും ‘ശാരദിവസ’വുമൊക്കെ ഋതുഭാവങ്ങളോടെ ആ വിശേഷശബ്ദത്തിൽ വാർന്നുവീഴുമ്പോൾ നാം ബഗാളിൽ ടഗോറിനൊപ്പം ആയിരിക്കും. ’കോടക്കാറ്റു കൊടുമ്പിരികൊണ്ടു കിടന്നലറുന്നൂ ഘോരം’ എന്നത് എന്തൊരനുഭവം! ‘ഭജനം പൂജനം ആരാധനയും സാധനയും ഹേ, നിർത്തുക സാധോ’ ആണെന്നുതോന്നുന്നു കൂട്ടത്തിൽ ഏറ്റവുമാളുകൾ പാടിയത്. ‘പാടാനിവിടെ കരുതിയ ഗാനം പാടീലല്ലോ ഞാനിനിയും’ എന്നു ദർശനവ്യഥയോടെ പാടുന്ന വികെ‌എസിനോടു നമുക്കു യോജിക്കാനാവുക ‘പൂർണ്ണമായീലെങ്കിലുമീ ജീവിതത്തിന്റെ ആ പൂജയെല്ലാം വ്യർത്ഥമായീലെന്നറിവൂ ഞാൻ’ എന്ന ആത്മാം‌ശമുള്ള ആലാപത്തോടാണ്.

പടനിലത്തെ മുഴക്കം

അവസാനവർഷങ്ങളിൽ സുഹൃത്തുക്കളുടെ മുൻകൈയിലും നിർബ്ബന്ധത്തിലും അദ്ദേഹത്തിന്റെ പാട്ടുകളിൽ കുറെയേറെയെണ്ണം വിഷയവും ഭാവവുമൊക്കെ നോക്കി ഇനം തിരിച്ച് ആൽബങ്ങളാക്കി. പൂതപ്പാട്ടും പരിഷത്തിന്റെ ആദ്യകാലഗാനങ്ങളും കസെറ്റായി നേരത്തേ ഇറങ്ങിയിരുന്നു. പൊതുവിൽ ഗീതാഞ്ജലി, മഴ, ശ്യാമഗീതങ്ങൾ, പ്രണയം, പുത്തൻ കലവും അരിവാളും, ബാലോത്സവഗാനങ്ങൾ, കളിക്കൂട്ടം, എന്റെ മണ്ണ് എന്റെ ആകാശം, മധുരം മലയാളം, മലയാളമധുരിമ, മുക്കുറ്റിപ്പൂവിന്റെ ആകാശം, പുലർവെട്ടം, അക്ഷരഗീതങ്ങൾ, ജനാധികാരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ, എന്നിങ്ങനെ പല വിഭാഗങ്ങളിൽ പെടുത്താവുന്നവയാണ് അവയെല്ലാം. ‘അമ്മ മലയാള’മൊക്കെ അലിഞ്ഞുപാടുന്ന വികെ‌എസിനു മലയാളത്തോടും അളവറ്റ സ്നേഹമായിരുന്നു.

കാമുകി എന്ന ഇറങ്ങാത്ത അടൂർച്ചിത്രത്തിനുവേണ്ടി വികെ‌എസ് ഈണം നല്കി റെക്കോഡ് ചെയ്ത ഗാനങ്ങൾ അദ്ദേഹത്തിന്റെ കൈപ്പടയി. ഒരു പ്രത്യേകാവശ്യത്തിനായി ചോദിച്ചപ്പോൾ എഴുതി അയച്ചുതന്നത്.

റിലീസാകാഞ്ഞ അടൂർ ചിത്രമായ ‘കാമുകി’ക്കു വേണ്ടി 1967-ൽ അദ്ദേഹവും പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തിയ പാട്ടുകൾ അലങ്കരിച്ചത് രാജീവ് നാഥിന്റെ ‘തീരങ്ങൾ’ എന്ന ചിത്രത്തെയാണ്. ഇതേ ടീഅം ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിന്റെ നിരവധി നാടകങ്ങളിലും ഈണമിട്ടു. ഇതിനൊക്കെശേഷമാണു കളം വിട്ട് ചാത്തന്നൂർ എസ്.എൻ. പോളി ടെക്‌നിക്കിലെ അദ്ധ്യാപകവേഷം അഭിനയിക്കുന്നതും എം.പി. പരമേശ്വരൻ വീണ്ടും കളത്തിൽ ഇറക്കുന്നതും. 

ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌, ബാലവേദി കൺവീനർ, പ്രസിദ്ധീകരണവിഭാഗം ചുമതലക്കാരൻ, കൊല്ലം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പലനിലകളിൽ പ്രവർത്തിച്ച വികെ‌എസിലെ സംഘാടനമികവും കാഴ്ചപ്പാടിലെ വ്യക്തതയും അതിനായുള്ള സമർപ്പണവും മറ്റൊരു ലേഖനത്തിനു വകയാണ്. 

മുപതുകൊല്ലം പഠിപ്പിച്ച് ഇലക്ട്രിക്കൽ വിഭാഗം മേധാവിയായി 1993-ൽ വിരമിച്ച വികെ‌എസ് മികച്ച അദ്ധ്യാപകനും വിദ്യാർത്ഥി, അദ്ധ്യാപക പ്രസ്ഥാനങ്ങൾക്ക് ഊർജ്ജസ്രോതസും ആയിരുന്നെന്ന് പലരും ഓർമ്മക്കുറിപ്പുകളിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. ഭാര്യ വസന്തലതയും മകൾ ദീപ്തിയും ഇതിന്റെയെല്ലാം പിന്തുണക്കാർ ആയിരുന്നില്ല ഭാഗം‌തന്നെ ആയിരുന്നു.

വികെ‌എസ് ആരുടെയെല്ലാം പാട്ടു പാടിയോ അവയെല്ലാം പിന്നെ വികെ‌എസിന്റെ പാട്ടുകളാണ്. കാവ്യശരീരങ്ങളിൽ സ്വന്തം ഈണങ്ങളാൽ പരകായപ്രവേശം ചെയ്തു സ്വന്തം പാട്ടുകളാക്കുന്ന ആ പ്രതിഭാവിലാസം രചയിതാക്കളും ഇഷ്ടപ്പെട്ടു. സ്വന്തം കവിത വികെ‌എസ് ഏറ്റെടുക്കാൻ അവർ ആഗ്രഹിച്ചു.

അത്യപൂർവ്വമായ വിസ്മയപ്രതിഭാസങ്ങൾ ഒന്നാണ് ഒക്റ്റോബർ ആറിനു പുലർച്ചെ മൺമറഞ്ഞത്. എല്ലാ പ്രതിലോമതകളും തേറ്റകൾ കാട്ടി ഭീഷണിപ്പെടുത്തുന്ന ഇക്കാലത്തെ അനിവാര്യമായ പടയൊരുക്കത്തിനു പാട്ടിന്റെ ആ ഊർജ്ജപ്രവാഹം ഇല്ല. പക്ഷെ, നമുക്ക് ആവേശമാകാൻ ആ പാട്ടുകളുണ്ട്. ആ മേഘനാദത്തിന്റെ ഒരായിരം മാറ്റൊലികളുണ്ട്. അദ്ദേഹം‌തന്നെ അക്ഷീണം അലഞ്ഞുനടന്നു പാടിപ്പഠിപ്പിച്ച കരുത്തുറ്റനാമ്പുകൾ. തിരോഭവിക്കുമ്മുമ്പ് അവരെ സമ്മാനിച്ച ആ കരുതലാണു വികെ‌എസ്. പ്രിയപ്പെട്ട വികെ‌എസ്.