Wednesday 2 August 2023

മണിപ്പൂർ: കേരളത്തിനുള്ള പാഠപുസ്തകം

 

മണിപ്പൂർ: കേരളത്തിനുള്ള പാഠപുസ്തകം

മനോജ് കെ. പുതിയവിള

[സാഹിത്യസംഘം മാസികയുടെ 2023 ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.] 



മണിപ്പൂരിൽ പടർന്ന കലാപം അവസാനിക്കുന്നില്ല. തത്ക്കാലം കെട്ടടങ്ങിയാലും അതു വെട്ടിമുറിച്ച സമൂഹമനസ്സ് തലമുറകളോളം മുറികൂടാതെ നീറിനില്ക്കും. അതാണ് അതിൻ്റെ പ്രായോജകർ ആഗ്രഹിക്കുന്നതും. എന്തിന് എന്ന അന്വേഷണമാണ് ഈ ലേഖനം.




ലാപത്തിൻ്റെ ഭീകരത നാം മാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും അറിയുന്നതിനാൽ ആവർത്തിക്കുന്നില്ല. ക്രിസ്ത്യൻ ആരാധനാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകർത്തും തീവച്ചും നശിപ്പിച്ചതിനാലും അവരെ ഏകപക്ഷീയമായി ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നതിനാലും ക്രിസ്ത്യാനികൾക്ക് എതിരായ അക്രമമായും ക്രിസ്ത്യൻ വംശഹത്യയായും നാം അതിനെ മനസിലാക്കി. വർഗ്ഗീയകലാപം എന്നാണ് മണിപ്പൂരിലെ സംഭവങ്ങൾ ബ്രാൻഡ് ചെയ്യപ്പെട്ടതും. വർഗ്ഗീയകലാപങ്ങളിലൂടെ അധികാരം പിടിക്കാമെന്നും ഉറപ്പിക്കാമെന്നും അറിയാവുന്ന പ്രയോക്താക്കൾക്ക് അതും ആവശ്യമാണ്.


പ്രധാനമന്ത്രി ഇടപെട്ടില്ല, മിണ്ടിയില്ല, ആഭ്യന്തരമന്ത്രി ഇടപെട്ടപ്പോൾ കലാപം ശക്തിപ്പെട്ടു, മണിപ്പൂരിലെ ബിജെപിമുഖ്യമന്ത്രി ക്രിസ്ത്യൻപൗരരെ സംരക്ഷിക്കാനോ കലാപം നിയന്ത്രിക്കാനോ ശ്രമിച്ചില്ല എന്നൊക്കെ പലരും കുറ്റപ്പെടുത്തുന്നത് പ്രയോക്താക്കളുടെ ബഹുവിധലക്ഷ്യങ്ങൾ അറിയാഞ്ഞിട്ടാണ്. ഒരു വംശഹത്യ തുടങ്ങിക്കിട്ടിയാൽ ആ അവസരം അതിനു പരമാവധി പ്രയോജനപ്പെടണം എന്നതാകുമല്ലോ പ്രയോക്താക്കളുടെ താത്പര്യം. അതിനു കലാപങ്ങൾ കെട്ടടങ്ങുകയല്ലല്ലോ, തുടരുകയും പടരുകയും അല്ലേ വേണ്ടത്. ആഭ്യന്തരശത്രുക്കളായി അവർ പ്രഖ്യാപിച്ചിട്ടുള്ള മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരിലെ രണ്ടാംസ്ഥാനക്കാരാണല്ലോ ഇരകൾ.

മണിപ്പൂരിലെ മനുഷ്യർ
ഇൻഡ്യയിൽ നിലനില്ക്കുന്ന എല്ലാ സംവിധാനങ്ങളും അട്ടിമറിക്കുക എന്ന അജൻഡയുടെ ഭാഗമായി കാനേഷുമാരിയും ഇല്ലാതാക്കിയതിനാൽ 2021-ലെ ജനസംഖ്യ അറിയാൻ നിർവ്വാഹമില്ല. അതുകൊണ്ട് 2011-ലെ കണക്കെടുക്കാം. അതുപ്രകാരം മണിപ്പൂരിൽ 29 ലക്ഷം മനുഷ്യരുണ്ട്. ഇവർ മെയ്തേയ്, നാഗാ, കുക്കി, സോംബി എന്നീ ഗോത്രവിഭാഗങ്ങളായി കഴിയുന്നു. ഈ പ്രധാനവിഭാഗങ്ങളിലായി 29 ഗോത്രവർഗ്ഗങ്ങൾ ഉണ്ട്. സോംബികളെയും ചേർത്തു കുക്കികൾ എന്നു വ്യവഹരിക്കുമെങ്കിലും അവരുടേത് കുക്കികളിൽനിന്നു വേറിട്ട സ്വത്വം ആണ്.
 

മണിപ്പൂർ സംസ്ഥാനം ഒരു ചെറിയ താഴ്വാരവും ബാക്കി മുഴുവൻ വനങ്ങളോടുകൂടിയ മലകളുമാണ്. മണിപ്പൂരിൻ്റെ വിസ്തൃതിയിൽ 10 ശതമാനം മാത്രമുള്ള താഴ്വാരസമതലത്തിലെ ജനത മെയ്തേയ്കൾ ആണ്. മറ്റുള്ളവരെല്ലാം മലകളിലാണ്. സംസ്ഥാനത്തെ ജനങ്ങളിൽ 54 ശതമാനവും മെയ്തേയികൾ ആണ്. കുക്കികളും നാഗരുംകൂടി 40 ശതമാനം. ബാക്കി മറ്റുള്ളവരും.
 

മലകൾ നിറഞ്ഞ 90 ശതമാനം ഭൂമിയിലെ വനവിസ്തൃതി സംസ്ഥാനത്തിൻ്റെ 78 ശതമാനം വരും. ഇതിൽ 9 ശതമാനം റിസർവ് വനം. അവിടെ മനുഷ്യവാസം അനുവദനീയമല്ല. ബാക്കി വനത്തിൻ്റെ അവകാശം അവിടെ വസിക്കുന്ന ഗോത്രവർഗ്ഗങ്ങൾക്കാണ്. താഴ്വര ഫലപുഷ്ടിയുള്ളതും നല്ലപങ്കും നഗരവത്കൃതവും ആണ്.
 

മണിപ്പൂരിൽ ഹിന്ദുക്കൾ 41.39 ശതമാനം ആണ്. ഇവർ മെയ്തേയികൾ ആണ്. മെയ്തേയികളിൽ ബാക്കി 13 ശതമാനത്തിൽ 8.4 മെയ്തേയ് പഗലുകൾ എന്നു വിളിക്കുന്ന മുസ്ലിങ്ങൾ ആണ്. മെയ്തേയികളുടെ ഗോത്രമതമായ സനമഹിസം പിന്തുടരുന്നവരാണ് ബാക്കിയിൽ നല്ലപങ്കും. മെയ്തേയ് മറൂപ് എന്ന് അറിയപ്പെടുന്ന ഇവർ ആകെ 8.19 ശതമാനം വരും. സംസ്ഥാനജനതയിൽ മതം പറയാത്ത 0.38 ശതമാനംപേർ ഉണ്ട്. പിന്നെ, കേവലം 0.35 ശതമാനം ബുദ്ധ, ജൈന, സിഖ് മതങ്ങളും.
 

പാംഹേയ്ബ എന്ന മണിപ്പൂർ രാജാവ് 1710-ൽ ഹിന്ദുമതം (വൈഷണവമതം) സ്വീകരിക്കുകയും രാജ്യം ഹിന്ദുരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സഹനമികൾ ഹിന്ദുക്കൾ ആകുന്നത്. എന്നാൽ, പിൽക്കാലത്ത് സഹനമിസം പുനരുജ്ജീവിപ്പിക്കുകയും വളരുകയും ചെയ്യുന്നു. സഹനമികൾ ‘ഘർ വാപ്പസി’ തുടങ്ങിയതോടെ ഹിന്ദുക്കളുടെ എണ്ണം അതിനനുസരിച്ചു കുറയുന്നു എന്നത് ഹിന്ദുസംഘടനകളുടെ വേവലാതിയാണ്.
 

ബാക്കിയിൽ 41.29 ശതമാനവും ക്രിസ്ത്യാനികൾ ആണ്. ഇവർ പരമ്പരാഗതമായി മലകളിൽ താമസിക്കുന്നു. ഇവരാണ് നേരത്തേ പറഞ്ഞ നാഗാ, കുക്കി, സോംബി ഗോത്രവിഭാഗങ്ങൾ. കൂടുതൽ ഹിന്ദുക്കൾ സഹനമിസം സ്വീകരിച്ചാൽ ക്രിസ്ത്യാനികൾ മണിപ്പൂരിൽ ഭൂരിപക്ഷം ആകുമോ എന്നതും ഹിന്ദുസംഘടനകളുടെ വേവലാതി ആണ്.


പത്തിലൊന്നു സ്ഥലത്തു ജീവിക്കുന്ന മെയ്തേയ്കളാണ് എന്നും മണിപ്പൂരിലെ ഭരണം തീരുമാനിക്കുന്നത്. നിയമസഭയിലെ 60 സീറ്റിൽ 40-ഉം മെയ്തേയ്കൾക്കാണ്; 20 സീറ്റാണു പട്ടികഗോത്രങ്ങൾക്ക് ഉള്ളത്; നാഗർക്കും കുക്കികൾക്കും 10 വീതം. ഭരണവും ഏറെക്കുറെ താഴ്വരയ്ക്കുവേണ്ടിത്തന്നെ. വികസനഫണ്ടിൽ 80 ശതമാനവും വിനിയോഗിക്കുന്നത് ഇവിടെയാണ്. പല വിഷയങ്ങളിലെയും തീരുമാനങ്ങളും മെയ്തേയികൾക്ക് അനുകൂലം. ഇതെല്ലാം എക്കാലവും മലയിലെ ഗോത്രജനതയുടെ അസംതൃപ്തി ആണ്.
 

2017-ൽ 60-ൽ 28 സീറ്റു കിട്ടിയ കോൺഗ്രസിനെ മൂലയ്ക്കിരുത്തി 21 സീറ്റു മാത്രമുള്ള ബിജെപി അവരുടെ തനതു ശൈലിയിൽ അധികാരം പിടിക്കുക ആയിരുന്നു. കോൺഗ്രസിൽനിന്നു ചാടിയെത്തിയ ബൈരൻ സിങ് മുഖ്യമന്ത്രി ആയി. കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്ന മലകളിൽ പിന്നത്തെ അഞ്ചുകൊല്ലംകൊണ്ട് കോൺഗ്രസ് ഇല്ലാതായി. കോൺഗ്രസ് എംഎൽഎമാരിൽ 42 ശതമാനംപേരും ബിജെപിയിൽ ചേർന്നു.


അങ്ങനെ കോൺഗ്രസിൻ്റെ തനിക്കൊണംകൊണ്ട് 2023-ലെ തെരഞ്ഞെടുപ്പിൽ താഴ്വരയിലെ 40-ൽ 26-ഉം മലകളിലെ 20-ൽ 10-ഉം സീറ്റ് ബിജെപിയ്ക്കായി; 60-ൽ 36 സീറ്റ്. മലയിലെ 20-ൽ കുക്കികളുടെ 10 സീറ്റിൽ ഏഴും ബിജെപി നേടി; രണ്ടെണ്ണം കുക്കി പീപ്പിൾസ് അലയൻസും ഒന്നിൽ സ്വതന്ത്രനും. നാഗർക്കുള്ള 10 സീറ്റിൽ ബിജെപി രണ്ടും നാഗ പീപ്പ്ൾസ് ഫ്രണ്ട് അഞ്ചും നാഷണൽ പീപ്പിൾ പാർട്ടി മൂന്നും പങ്കിട്ടു. ഈ രണ്ടു പാർട്ടിയും ബിജെപിയുടെ സഖ്യകക്ഷികളുമാണ്. മലകളും ബിജെപിയെ പിന്തുണച്ചെങ്കിലും മുഖ്യമന്ത്രിയും ഭൂരിഭാഗം മന്ത്രിമാരും താഴ്വരയിൽനിന്ന്. ഭൂരിപക്ഷം ഉറപ്പായാൽ ചെയ്യുന്നതൊക്കെ അവർ അവിടെയും ചെയ്തു.

കലാപത്തുടക്കം
നമ്മൾ പ്രധാനമാദ്ധ്യമങ്ങളിലൊക്കെ വായിച്ചത് മെയ്തേയ് വിഭാഗത്തിന് പട്ടികവർഗ്ഗപദവി നല്കാൻ സംസ്ഥാനസർക്കാർ യൂണിയൻ സർക്കാരിനോട് മേയ് 29-നകം ശുപാർശ ചെയ്യണം എന്ന് അവിടത്തെ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നു നടന്ന പ്രതിഷേധം അക്രമത്തിലേക്കു വഴുതിവീണു എന്നാണ്. മാർച്ച് 27-നാണ് ആ വിധി.


ഗോത്രമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച മെയ്തേയ്കൾക്ക് മണിപ്പൂർ രാജ്യം സ്വതന്ത്രയിൻഡ്യയിൽ ലയിച്ചു സംസ്ഥാനം ആയതുമുതലേ പട്ടികവർഗ്ഗപദവി ഇല്ല. ഫലപുഷ്ടിയും വികസനവും ഉള്ള താഴ്വരയിൽ മെച്ചപ്പെട്ട ജീവിതം നയിച്ചുവരുന്ന ഇവർ 2012-ൽ ആണ് പട്ടികവർഗ്ഗപദവി ആവശ്യപ്പെടുന്നത്.
നമ്മുടെ വനനിയമങ്ങൾ പ്രകാരം വനമേഖലയുടെയും അവിടത്തെ വിഭവങ്ങളുടെയും അധികാരം അവിടെയുള്ള ഗോത്രവർഗ്ഗങ്ങൾക്ക് ആണല്ലോ. ജില്ല, വില്ലേജ് തലങ്ങളിൽ രൂപംകൊടുത്തിട്ടുള്ള ഗോത്രഭരണസംവിധാനങ്ങൾ ആണ് ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്.
സംസ്ഥാനത്തിൻ്റെ 90 ശതമാനം ഉൾക്കൊള്ളുന്ന മലകളിൽ റിസർവ്വ് വനവും സംരക്ഷിതവനവും ആയ 9 ശതമാനം ഒഴികെയുള്ള മുഴുവൻ പ്രദേശത്തിൻ്റെയും അധികാരം കുക്കി (സോംബി ഉൾപ്പെടെ), നാഗാ ഗോത്രങ്ങൾക്കാണ്. ഇവിടങ്ങളിൽ ഭൂമി വാങ്ങാൻ മെയ്തേയികൾക്ക് അനുമതിയില്ല. ജനങ്ങളിൽ പകുതിയിലേറെ വരുന്ന ഇവർക്ക് ബാക്കിയുള്ള 10 ശതമാനം ഭൂമിയിലേ ജീവിക്കാനാവൂ. എന്നാൽ, ഗോത്രവർഗ്ഗക്കാർക്ക് തഴ്വരയിൽ ഭൂമി വാങ്ങാൻ തടസവുമില്ല. പട്ടികവർഗ്ഗപദവി കിട്ടിയാൽ മേയ്തേയികൾക്ക് മലകളിൽക്കൂടി ഭൂമി വാങ്ങി പാർപ്പും കൃഷിയും ഒക്കെ ആകാം. അതാണ് അവർ ഈ അവകാശവാദത്തിനു പറയുന്ന ന്യായം.


എന്നാൽ, പകുതിയിലേറെ വരുന്ന അവർക്കുകൂടി പട്ടികവർഗ്ഗപ്പട്ടം ആകുന്നതോടെ വിവിധരംഗങ്ങളിലെ സംവരണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അവർകൂടി അർഹരാകും. അതിന് ആനുപാതികമായ കുറവ് നിലവിലെ പട്ടികഗോത്രങ്ങൾക്കു വരികയും ചെയ്യുമല്ലോ. ഇതാണ് പട്ടികഗോത്രക്കാർക്കുള്ള മുഖ്യ ആശങ്ക. ഇപ്പോൾത്തന്നെ ഭരണത്തിൽ നിർണ്ണായകസ്വാധീനം ഉള്ള മെയ്തേയ്കൾ മലകളിലേക്കുകൂടി കടന്നുചെല്ലുകയും കൃഷിയും മറ്റു പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നതിലും അവർക്ക് ആശങ്കയുണ്ട്. നിലവിൽ കൈവശം ഇരിക്കുന്ന മേഖലയുടെ അധികാരം കൈമോശം വരും എന്ന ഉത്ക്കണ്ഠയും പട്ടികഗോത്രങ്ങൾക്കുണ്ട്.
 

ഇതൊക്കെക്കാരണം, മെയ്തേയ്കൾക്ക് പട്ടികവർഗ്ഗപദവി നല്കണമെന്ന് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടണം എന്ന കോടതിവിധി മറ്റു വിഭാഗങ്ങളിൽ അസ്വസ്ഥത പടർത്തി. മെയ്തേയികൾ ഹിന്ദുക്കൾ ആണെന്നതും അവർക്കാണ് ഭരണത്തിൽ മേൽക്കൈ എന്നതും ഹിന്ദുത്വസർക്കാരാണു ഭരണത്തിൽ എന്നതും ആശങ്ക ആളിക്കത്തിച്ചു. സംസ്ഥാനത്തെ ബിജെപിസർക്കാർ ഉടൻ യൂണിയൻസർക്കാരിനോട് അവശ്യപ്പെടും എന്നും അവിടത്തെ യൂണിയൻ ഭരണം അത് ഉറപ്പായും അംഗീകരിക്കും എന്നും ന്യായമായും കരുതണമല്ലോ.
 

ഈ സ്ഥിതിവിശേഷം, ഹൈക്കോടതി നിർദ്ദേശിച്ച മേയ് 29 അടുത്തപ്പോഴേക്ക്, ഗോത്രവിഭാഗങ്ങൾ സംഘടിക്കുന്നതിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചു. മേയ് മൂന്നിന് ഓൾ ട്രൈബൽ സ്റ്റൂഡൻ്റ്സ് യൂണിയൻ ഓഫ് മണിപ്പൂർ (ATSUM) മലനിരകൾ ഉൾപ്പെട്ട ജില്ലകളിൽ ‘ഗോത്രവർഗ്ഗ ഐക്യദാർഢ്യ മാർച്ച്’ നടത്തി. ഈ മാർച്ചിൻ്റെ ദിവസം ആണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. എന്നാൽ, മാർച്ചിൻ്റെ വാർത്ത അന്നു വൈകിട്ട് വാർത്തായേജൻസിയായ പിറ്റിഐ റിപ്പോർട്ട് ചെയ്തതിൽ അക്രമത്തിൻ്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല.
 

എന്നാൽ, ട്രൈബൽ സ്റ്റൂഡൻ്റ്സ് യൂണിയൻ ആയുധമേന്തി നടത്തിയ മാർച്ച് ആക്രമണം അഴിച്ചുവിടുകയും അതു താഴ്വരയിലേക്കു പടരുകയും ആയിരുന്നുവെന്നാണ് മെയ്തേയ് സംഘടനകൾ ആരോപിച്ചത്. ക്രിസ്ത്യാനികളായ കുക്കികൾ ഹിന്ദുക്കളായ മെയ്തേയ്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു എന്നാണ് ഇതിനർത്ഥം.
 

എന്നാൽ, വാർത്തകളിൽ നാം കണ്ടത്, ക്രിസ്ത്യാനികൾക്കെതിരെ നടന്ന ഭീകരമായ ആക്രമണങ്ങളാണ്. ഇതിനകം 357 പള്ളികളും പാസ്റ്ററൽ ഹോമുകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും തകർക്കുകയോ തീവയ്ക്കുകയോ ചെയ്തു എന്നാണ് ആ മേഖലയിൽ ഉള്ളവർ പറയുന്നത്. താഴ്വരയോടു ചേർന്ന് ഗോത്രമേഖലയിലുള്ള ചുരാചന്ദ്പൂർ മലകളിലാണ് അക്രമം നടന്നത്. ആക്രമണം ഭയന്നു കുക്കികൾ ഉൾക്കാടുകളിൽ അഭയംതേടി എന്നും വാർത്ത പറയുന്നു. എങ്കിൽ, ആക്രമണം നടത്തിയത് മെയ്തികൾ ആകണമല്ലോ. സത്യാനന്തരഹിന്ദുത്വമാദ്ധ്യമകാലത്ത് വസ്തുത തെരഞ്ഞു കണ്ടെത്തുക വലിയ അദ്ധ്വാനംതന്നെ!

കലാപത്തിൻ്റെ അരങ്ങൊരുക്കം
വാസ്തവത്തിൽ കഥ ഇവിടെയല്ല തുടങ്ങുന്നത്. അല്പംകൂടി പുറകോട്ടു പോയാൽ, ഒരാഴ്ച മുമ്പ് മറ്റുചിലത് അവിടെ നടക്കുന്നുണ്ട്. ബിജെപിക്കാരനായ 58-ചുരാചന്ദ്പൂർ എംഎൽഎ എൽ. എം. ഖൗട്ടേ താൻ തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ വാർഷികാഘോഷത്തിന് മുഖ്യമന്ത്രി ബൈരൻ സിങ്ങിനെ ക്ഷണിച്ചു. ഗോത്രവർഗ്ഗവിരുദ്ധൻ എന്ന പ്രതിച്ഛായയുള്ള ഇദ്ദേഹം തങ്ങളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഗോത്രജനതയെ ചൊടിപ്പിച്ചു. പരിപാടിദിവസമായ ഏപ്രിൽ 28-ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ITLF) ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ചു. ഒരു ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം ആണു നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനവേദിയായ ഈ ഓപ്പൺ ജിം തലേന്ന് ആൾക്കൂട്ടം തീവച്ചു. അക്രമസാദ്ധ്യത പരിഗണിച്ച് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും തെരുവുകളിൽ പൊലീസ് മാർച്ച് നടത്തുകയും ചെയ്തു.
 

ബന്ദു നടന്ന ഏപ്രിൽ 28-ന് മെയ്തേയ് ലീപുൺ എന്ന സംഘടനയുടെ മേധാവി പ്രമോത് സിങ് ഇങ്ങനെ ഒരു ട്വീറ്റ് ചെയ്തു: “This is the right time... Let’s annihilate our traditional rival on the hills and live peacefully.” ഇതാണു സുവർണ്ണാവസരം... മലകളിലെ നിതാന്തശത്രുക്കളെ നമുക്ക് ഉന്മൂലനം ചെയ്തു സമാധാനമായി ജീവിക്കാം എന്ന്. ട്രൈബൽ സ്റ്റൂഡൻ്റ്സ് യൂണിയൻ്റെ മാർച്ചു നടന്ന മേയ് 3 മുതൽ കുക്കികൾക്കുനേരെ നടക്കുന്ന ആക്രമണം ആസൂത്രിതം ആണെന്നതിൻ്റെ തെളിവാണ് ഇതെന്നു കുക്കികൾ ചൂണ്ടിക്കാട്ടുന്നു. ഇതു പറഞ്ഞു നല്കിയ പരാതിയിൽ പൊലീസ് കേസെടുക്കാതെ ആഴ്ചകൾ നീട്ടിക്കൊണ്ടുപോയി. ഏതായാലും ഇപ്പോൾ ഇതിന്മേൽ നിയമനടപടി നടക്കുകയാണ്.
 

തീവ്രവാദിസംഘമായ മെയ്തേയ് ലീപുൺ സംഘപരിവാറിൻ്റെ ഭാഗമാണോ എന്നു ചോദിച്ചാൽ സംഘപരിവാറിലെ ഏതു സംഘടനയെയുംപോലെതന്നെ ഇതും ആണെന്നു തെളിയിക്കാൻ ആവില്ല. അതാണല്ലോ സംഘപരിവാറിൻ്റെ പ്രവർത്തനരീതി. ആർഎസ്എസിനെപ്പറ്റി ജാവാഹർലാൽ നെഹ്രു പറഞ്ഞതുപോലെ, അംഗത്വവുമില്ല, രജിസ്റ്ററുകളുമില്ല, കണക്കുമില്ല, ഒരു രേഖയും ഇല്ല.
 

ഗുജറാത്തുവംശഹത്യയ്ക്കു കാരണം ഉണ്ടാക്കാൻ കലാപത്തിൻ്റെ പ്രയോക്താക്കൾതന്നെ ഗോദ്രയിൽ ട്രയിനിനു തീയിട്ടതുപോലെ, കുക്കികളുടെ വംശഹത്യയ്ക്കു ന്യായം ചമയ്ക്കാൻ ഇവർ മെയ്ത്തേയ് മേഖലയിൽ ആദ്യം അക്രമം അഴിച്ചുവിട്ടതാകാം എന്നു പലരും സംശയിക്കുന്നു. പ്രമോത് സിങ്ങിൻ്റെ ട്വീറ്റ് ഇതിനുള്ള ആഹ്വാനം ആയാണു കാണുന്നത്. കറുത്ത ഷർട്ടും പാൻ്റ്സും കണ്ണടയും ധരിച്ചു നടക്കുന്ന ആരംബായി തെൻഗോൾ എന്ന മറ്റൊരു മെയ്തേയ് തീവ്രവാദിസംഘവും ഉണ്ട്. ഈ സംഘങ്ങൾ ആണ് ആക്രമണങ്ങൾക്കു പിന്നിൽ എന്നാണ് കുക്കികൾ പറയുന്നത്. കുക്കികൾക്കുമുണ്ട് സായുധസംഘങ്ങൾ.
മുഖ്യമന്ത്രി ബൈറൻ സിങ്ങിൻ്റെ സന്ദർശനത്തെ കുക്കികൾ എതിർത്തത് എന്തിന്? അത് അറിയണമെങ്കിൽ കഥ പിന്നെയും പിന്നോട്ടു പോകണം.

വളർത്തിയെടുത്ത സംഘർഷം
മെയ്തേയ്കളും ഗോത്രവിഭാഗങ്ങളും തമ്മിലുള്ള അസന്തുലനവും ഭൂവുടമാപ്രശ്നവും മുമ്പുമുതലേ നിലനില്ക്കുന്നതാണ്. വികസനത്തിലെ അന്തരം മൂർച്ഛിപ്പിക്കുന്നതിൽ മുമ്പു മണിപ്പൂർ ഭരിച്ച കോൺഗ്രസ് തങ്ങളാൽ ആവുന്ന സംഭാവന നല്കിയിട്ടുണ്ട്. എങ്കിലും ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തു ശക്തിപ്പെടുന്ന നാളുകളിൽ 2012-ൽ ആണ് ഹിന്ദുക്കളായ മെയ്തേയ്കൾ ഗോത്രപദവി ആദ്യമായി ആവശ്യപ്പെടുന്നത്. ആ പ്രകോപനം നിലനില്ക്കെയാണ് 2017-ൽ ബിജെപി തനതുരീതിയിൽ അധികാരം പിടിക്കുന്നത്. അതോടെ ഭരണത്തിൽ പൂർണ്ണമായും പക്ഷപാതം നിറഞ്ഞു. പിന്നെ നടന്ന പല ഭരണനടപടിയും ഗോത്രവർഗ്ഗവിരുദ്ധവും മെയ്തേയ് അനുകൂലവും ആയിരുന്നു.
 

മണിപ്പൂർ സർക്കാർ 2022 നവംബറിൽ ചുരാചന്ദ്പൂർ, നോനെ ജില്ലകളിലെ 38 ഗ്രാമങ്ങളുടെ അംഗീകാരം റദ്ദാക്കി. അവിടം സംരക്ഷിതവനം ആണെന്നു പറഞ്ഞ് ആയിരുന്നു ഇത്. അവിടെ താമസിക്കാൻ അനുമതി നല്കിയ ഉദ്യോഗസ്ഥന് അതിന് അധികാരം ഇല്ലായിരുന്നത്രേ! എന്നാൽ, ആയിരം വീതം ജനങ്ങളുള്ള ഈ ഗ്രാമങ്ങൾ 50-60 കൊല്ലമായി ഉള്ളവയാണെന്നാണു കുക്കികൾ പറയുന്നത്. ഏകാധിപത്യഭരണത്തോടുള്ള ഗോത്രവർഗ്ഗക്കാരുടെ വിയോജിപ്പിൽനിന്നു ശ്രദ്ധതിരിക്കാനാൻ മുഖ്യമന്ത്രി നുണ പറയുകയാണെന്നും തങ്ങളെ ഉന്നം വച്ചുള്ള ബിജെപിസർക്കാരിൻ്റെ നീക്കമാണിതെന്നും കുക്കികളുടെ പരമോന്നതസമിതി ആയ കുക്കി ഇൻപി മണിപ്പൂർ (KIM) ആരോപിച്ചു. ഇതിനു യൂണിയൻ സർക്കാരിൻ്റെ ഒത്താശ ഉണ്ടെന്നും അവർ കരുതുന്നു.
 

അവിടത്തെ വനത്തിൻ്റെ കൃത്യമായ വിവരങ്ങൾ റവന്യൂ, വനം വകുപ്പുകളിൽ ഇല്ലെന്നതാണു വസ്തുത. ഉപഗ്രഹചിത്രത്തിൽ 2020-ൽ ഇവിടം ജനവാസമേഖല അല്ലായിരുന്നു എന്നൊക്കെയാണ് ബൈരൻ സിങ്ങിൻ്റെ വാദം. ഇതും പറഞ്ഞ് 2023 ഫെബ്രുവരി 21-ന് ചുരാചന്ദ്പൂർ ജില്ലയിലെ കെ. സോങ്ജാങ് വില്ലേജിലെ ജനങ്ങളെ കുടിയിറക്കി. ഇതിനെതിരെ മാർച്ച് 11-ന് ആറു പട്ടികവർഗ്ഗജില്ലകളിലും കൂറ്റൻ പ്രതിഷേധമാർച്ചുകൾ നടന്നു.  എന്നാൽ, ഏപ്രിൽ 11-ന് മറ്റൊരു ഗ്രാമത്തിലെ 26 വീട് സർക്കാർ ഇടിച്ചുനിരത്തി.
 

പ്രശ്നപരിഹാരത്തിനായി നടന്നുവന്ന ത്രികക്ഷിചർച്ചയിൽനിന്നു മാർച്ച് 10-നു സംസ്ഥാനസർക്കാർ പിന്മാറി! സായുധസംഘങ്ങളായ കുക്കി നാഷണൽ ആർമിയും സോമി റെവല്യൂഷണറി ആർമിയുമായി സർക്കാർ 2008-ൽ ഉണ്ടാക്കിയ വെടിനിർത്തൽക്കരാറും [Suspension of Operation (SoO)] സർക്കാർ റദ്ദാക്കി! റാലികളിൽ പ്രതിഷേധക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. ആ സംഘടനകൾക്ക് അക്രമം നടത്താനുള്ള നിയന്ത്രണം ഇല്ലാതാക്കുകയാണ് അതിലൂടെ ഫലത്തിൽ സർക്കാർ ചെയ്തത്. അങ്ങനെയെല്ലാം അക്രമത്തിനു കളമൊരുക്കിയിട്ട് മേയ് 5-ന് 355-ാം വകുപ്പു പ്രയോഗിച്ച് മണിപ്പൂരിൻ്റെ സുരക്ഷ യൂണിയൻ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
 

എന്നാൽ, പ്രതിഷേധം മണിപ്പൂരിനു ബാധകമായ 370, 371 C ഭരണഘടനാവകുപ്പുകളോടും ഷെഡ്യൂളിൽപ്പെട്ട പ്രദേശങ്ങളുടെ ഗോത്രസർക്കാരുകളോടും കാട്ടുന്ന നിഷേധത്തോടുള്ള സ്വാഭാവികപ്രതികരണം ആണെന്നു കുക്കികൾ  പറയുന്നു. തങ്ങളെ അനധികൃതകുടിയേറ്റക്കാരെന്നും വനം കയ്യേറ്റക്കാരെന്നും മയക്കുമരുന്നു കള്ളക്കടത്തുകാരെന്നും കറുപ്പുകൃഷിക്കാരെന്നും ഒക്കെ മുദ്രകുത്തുന്നതിലും ഗോത്രസമൂഹങ്ങൾക്കിടയിൽ കടുത്ത രോഷമുണ്ട്.
 

കുക്കികൾ മ്യാൻമറിൽനിന്നു കുടിയേറിയവർ ആണെന്ന ആഖ്യാനമാണു ഹിന്ദുത്വവാദികളായ മെയ്തേയ് തീവ്രവാദസംഘടനകൾ പ്രചരിപ്പിക്കുന്നത്. ഈ കുടിയേറ്റം ഇപ്പോഴും തുടരുകയാണെന്നും അതുകാരണം കുക്കികൾ അതിവേഗം പെരുകുകയാണെന്നും ഹിന്ദുക്കൾ വൈകാതെ ന്യൂനപക്ഷമാകുമെന്നും ഒക്കെയാണ് മറ്റെവിടത്തെയും പോലെ സംഘികളുടെ പ്രചാരണം. കുടിയേടക്കാർ കാട്ടിൽ ഏക്കറുകണക്കിനു കറുപ്പുകൃഷി ചെയ്യുന്നെന്നും മയക്കുമരുന്നു കള്ളക്കടത്തുനടത്തി ആയുധങ്ങൾ സംഭരിക്കുന്നെന്നുമൊക്കെ ഈ ആഖ്യാനം വികസിക്കുന്നു. മ്യാൻമറിലെ വേട്ടയാടൽമൂലം അഭയം തേടുന്ന, നിരാലംബരായ, സ്വന്തം ഗോത്രക്കാരെ അവഹേളിക്കാനും വേട്ടയാടാനുമാണ് ഇതെന്നാണ് കുക്കികൾ പറയുന്നത്. അതിലുമുണ്ട് അവർക്ക് അമർഷം. മണിപ്പൂരിനു പുറത്ത് കുക്കി ഗോത്രത്തിനു ചിൻ എന്നാണു പേർ. കുടിയേറ്റക്കാരെ കണ്ടെത്തി പിടികൂടി മടക്കിയയയ്ക്കാൻ പൗരത്വരജിസ്റ്ററും നിയമവും നടപ്പാക്കണമെന്ന മെയ്തേയ് സംഘടനകളുടെ ആവശ്യം കുക്കികളെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

വേട്ടയുടെ ലക്ഷ്യം
ഗോത്രവർഗ്ഗക്കാരെ ഇങ്ങനെ വേട്ടയാടുന്നതിനു വർഗ്ഗീയത ഉപയോഗപ്പെടുത്തുക മാത്രമാണ്. മറ്റു കാരണങ്ങളാൽ ഗോത്രമേഖലകൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ ഹിന്ദു – ക്രിസ്ത്യൻ സംഘർഷമായി ചിത്രീകരിച്ചു വർഗ്ഗീയമുഖം പകരുന്നത് അതിനാണ്. അതിനപ്പുറം പലതുമാണു ലക്ഷ്യം. അക്രമം തുടങ്ങി ഒരു ദിവസം പിന്നിടുമ്പോഴേക്കു മണിപ്പൂരിൽ 355-ാം വകുപ്പു പ്രയോഗിച്ചത് അതിൻ്റെ സൂചനയാണ്. തുടർന്ന് അവിടെ വിന്യസിച്ച വൻ സൈനികസന്നാഹങ്ങൾ അതിർത്തിസംസ്ഥാനമായ മണിപ്പൂരിൻ്റെ പ്രത്യേകപദവി റദ്ദാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണോ എന്നു പലരും സംശയിക്കുന്നു; കാശ്മീരിൽ കളിച്ച കളി പോലെ. എങ്കിൽ എന്തിന്? അതറിയാൻ കഥ പിന്നെയും പിന്നിലേക്കു പോകണം.
 

ശക്തമായ ഭരണഘടനാസുരക്ഷയുള്ള ഏക പ്രദേശം ഇന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ആണ്. ഭരണഘടനയുടെ ആറാം ഷെഡ്യൂളും 371-ാം വകുപ്പിലെ വ്യവസ്ഥകളും ഗോത്രവർഗ്ഗങ്ങൾക്കു ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥത, ഭരണം, സംസ്ക്കാരാചരണം എന്നിവ ഉറപ്പാക്കുന്നതാണ്. ഈ വ്യവസ്ഥകൾകൊണ്ടാണ് രാജ്യത്തെ വനത്തിൽ നല്ലപങ്കും സംരക്ഷിക്കപ്പെടുനത്. വകുപ്പു 371 ബാധകമാണെങ്കിലും ഏറ്റവും കുറവു സംരക്ഷണമേ മണിപ്പൂരിൽ ഉള്ളൂ. ഇവിടെ ബാധകമായ 371 എച്ഛ് വനനിയമം അടക്കമുള്ള നിയമങ്ങൾക്കു വിധേയമാണ്. വകുപ്പ് 371 സി പ്രകാരം ഭൂവവകാശം, ഭരണം സംസ്കാരം എന്നിവ മണിപ്പൂർ ഗോത്രങ്ങൾക്കുണ്ട്. അതുപ്രകാരം ജില്ലാ സ്വയംഭരണ കൗൺസിലൊക്കെ ഉണ്ടെങ്കിലും സംസ്ഥാനഭരണം കയ്യാളുന്ന മെയ്തേയ്കൾ ഭരാണാധികാരവും സംസ്ഥാനധനവിഭവവും ഒന്നും ഇവർക്കും കാര്യമായി വികേന്ദ്രീകരിച്ചു നല്കിയിട്ടില്ല. അരുണാചലിനും ലഡാക്കിനും ഒപ്പം മണിപ്പൂരിലെ ഗോത്രവർഗ്ഗങ്ങളും ആറാം ഷെഡ്യൂൾ ആവശ്യപ്പെടുന്നുണ്ട്. 2020-ൽ മണിപ്പൂർ സർക്കാർ ഇത് ഇൻഡ്യൻ യൂണിയനിൽ ആവശ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
 

ദശാബ്ദങ്ങളായി ഇതെല്ലാം ഇങ്ങനെ നടന്നുപോകവെയാണ് ഇക്കൊല്ലം മാർച്ച് 29-ന് 1980-ലെ വനം സംരക്ഷണനിയമം യൂണിയൻ സർക്കാർ ഭേദഗതി ചെയ്യുന്നത്. ഈ ഭേദഗതിബില്ല് ബിജെപിയുടെ തനതു രീതിയിൽ പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ മറികടന്ന് ബിജെപിക്കാർ മാത്രമുള്ള സംയുക്ത പാർലമെൻ്റ് കമ്മിറ്റിക്കു വിടുകയായിരുന്നു! മേയ് 18 വരെ 15 ദിവസം പൊതുജനത്തിന് അഭിപ്രായം പറയാൻ കനിഞ്ഞു നല്കിയ ബിൽ ഈ പാർലമെൻ്റുസമ്മേളനത്തിൽ നിയമം ആക്കും എന്നാണു കരുതുന്നത്.


ഒന്നു പറയുകയും മറ്റൊന്നു ചെയ്യുകയും ചെയ്യും എന്ന് ആർഎസ്എസിനെപ്പറ്റി നെഹ്രു പറഞ്ഞതിനെ അനുസ്മരിപ്പിച്ച്, ‘ജൈവവ്യവസ്ഥ, പരിസ്ഥിതി, സമൂഹം എന്നിവയുടെ വികസനത്തിനുള്ള വെല്ലുവിളികൾ നേരിടാൻ’ എന്ന പേരിൽ വനമേഖലയെ വൻതോതിൽ വനേതരോപയോഗത്തിനു മാറ്റാനും കോർപ്പറേറ്റുകൾക്ക് അനായാസം കയ്യടക്കാനും വഴിയൊരുക്കുന്നതാണു ബിൽ. ഇത് വനാധികാരം ഇല്ലാതാക്കുമെന്ന് നാഗരും കുക്കികളും ഭയക്കുന്നു. പല വലിയ സംസ്ഥാനങ്ങളിലും വികസനപദ്ധതികൾക്കായി ജനങ്ങളെ വലിയതോതിൽ കുടിയൊഴിപ്പിക്കുന്നതൊക്കെ കണ്ടും കേട്ടും കഴിയുന്ന ഇക്കൂട്ടർക്ക് അത്തരം ആശങ്കകളും ഉണ്ട്. രാജ്യാതിർത്തിക്കു 100 കിലോമീറ്ററിനുള്ളിലുള്ള വനങ്ങളിൽ തന്ത്രപ്രാധാന്യവും ദേശീയപ്രാധാന്യവും ഉള്ള നിർമ്മാണങ്ങൾ നടത്താം എന്നൊക്കെയുള്ള വ്യവസ്ഥകൾ ഈ 100 കിലോമീറ്റർ പരിധിയിൽ പൂർണ്ണമായും പെടുന്ന മണിപ്പൂരിലെ ഗോത്രജനങ്ങൾക്ക് ആശങ്ക വളർത്തുന്നതാണ്. ഇക്കോടൂറിസം, മൃഗശാലകൾ, സഫാരികൾ എന്നിവയ്ക്കായി വനങ്ങൾ സ്വകാര്യമേഖലയ്ക്കു പാട്ടത്തിനു നല്കാം എന്നൊക്കെയുള്ള വ്യവസ്ഥകളും ഈ വിഭാഗങ്ങളെ വഴിയാധാരം ആക്കാം.

മണിപ്പൂർ സർക്കാർ 4,000 - 5,000 കോടിവീതം രൂപയുടെ 39 പദ്ധതികൾക്കുള്ള ധാരണാപത്രമാണ് 2017-ലെ നോർത്ത്-ഈസ്റ്റ് ഉച്ചകോടിയിൽ മാത്രം ഒപ്പുവച്ചത്. നുമാലിഘർ - ഇംഫാൽ എണ്ണ പൈപ്പ് ലൈൻ ഇതിൽ ഒന്നാണ്. മണിപ്പൂരിലെ പല നദികളിലായി നാലു ജലവൈദ്യുതിപദ്ധതികൾക്ക് 2014-ൽ സർക്കാർ ഒപ്പുവച്ചിരുന്നു. 2012-ലെ ജലവൈദ്യുതിനയത്തിൽ കൂടുതൽ അണക്കെട്ടുകൾക്കുള്ള പദ്ധതിയുണ്ട്. ‘നോർത്ത് ഈസ്റ്റ് ഹൈഡ്രോകാർബൺ വിഷൻ 2030’ വൻതോതിലുള്ള എണ്ണഘനനം വിഭാവനം ചെയ്യുന്നു. തെരഞ്ഞെടുത്ത കമ്പനികളായ ജൂബിലൻ്റ് എനർജി, ഓയിൽ ഇൻഡ്യ ലിമിറ്റഡ്, ഏഷ്യൻ ഓയിൽഫീൽഡ്സ്, ആൽഫ ജിയോ തുടങ്ങിയ കമ്പനികൾ എണ്ണനിക്ഷേപം സംബന്ധിച്ച സർവ്വേകൾ നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തിൻ്റെ ‘ആക്റ്റ് ഈസ്റ്റ് പോളിസി’ രാജ്യാന്തരസാമ്പത്തികസ്ഥാപനങ്ങളുടെ സമ്മർദ്ദത്തോടെ മണ്ണിലും വിഭവങ്ങളിലും കണ്ണു വച്ച് മുന്നോട്ടു പോകുന്നു. ലോകബാങ്ക് 400 കിലോവാട്ടിൻ്റെ പ്രസരണ-വിതരണലൈൻ മണിപ്പൂരിൽ സ്ഥാപിക്കുന്നു. റോഡ് പധതികളിൽ എഡിബിയും വലിയ ജലവൈദ്യുതിപദ്ധതിയിലും കുടിവെള്ളപ്പദ്ധതിയിലും ജിക്കയും പണം മുടക്കാൻ ഒരുങ്ങുന്നു. ഇതു മിക്കതും വലിയതോതിൽ കുടിയൊഴിപ്പിക്കലിനും വനം ഏറ്റെടുക്കലിനും വനം വെളുപ്പിക്കലിനും അണക്കെട്ടുമൂലമുള്ള ജൈവസമ്പത്തുനാശത്തിനും ഒക്കെ വഴിയൊരുക്കും. വടക്കുകിഴക്കൻ മേഖലയിലാകെ നടപ്പാക്കിവരുന്ന മറ്റൊരു മെഗാപദ്ധതിയാണ് കാടു തെളിച്ച് എണ്ണപ്പനയുടെയും ഏകതാനനാണ്യവിളകളുടെയും പ്രവിശാലമായ ഫാമുകൾ ഒരുക്കൽ. ആ മേഖലയിലും സമീപരാജ്യങ്ങളിലും വലിയ പരിസ്ഥിതിനാശവും ഫലപുഷ്ടിശോഷണവും വനനഷ്ടവും വനം വനം അല്ലാതാകുന്നതൊടെ ഗോത്രവർഗ്ഗങ്ങളുടെ വനാധികാരവും ഭൂവുടമസ്ഥതയും നഷ്ടമാകുന്നതും അടക്കം ഒട്ടേറെ പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കുന്നു. ഭരണക്കാരുടെ ഉറ്റവരായ പതഞ്ജലിയും ഗോദ്റെജ് അഗ്രോവെറ്റും ഒക്കെയാണ് ഇതിൻ്റെ നടത്തിപ്പുകാർ.


കോർപ്പറേറ്റുകളും സാമ്പത്തികസ്ഥാപനങ്ങളും വൻ നേട്ടം സ്വപ്നം കാണുന്ന ഈ പദ്ധതികൾക്ക് രാജ്യത്തെ ചങ്ങാത്തമുതലാളിത്തസർക്കാരിനുമേൽ സ്വാഭാവികമായും വലിയ സമ്മർദ്ദം ഉണ്ടാകും. അവരാകട്ടെ മുൻപിൻ വിചാരമില്ലാതെ എല്ലാം നടപ്പാക്കിക്കൊടുക്കുകയും ചെയ്യും. അതാണല്ലോ കാണുന്നത്. അതിനായി അവർ എന്തും ചെയ്യും. പ്രിയമുതലാളി അംബാനി റിലയൻസ് ഫ്രെഷ് തുടങ്ങിയപ്പോൾ രാജ്യത്തെ കർഷകരെ മുഴുവൻ ഒറ്റുകൊടുത്ത് കൃഷിനിയമം ഭേദഗതി ചെയ്തവരല്ലേ അവർ.
മേല്പറഞ്ഞ ലക്ഷ്യങ്ങൾ നടപ്പാക്കണമെങ്കിൽ നിയമഭേദഗതി മാത്രം പോരല്ലോ. ഗോത്രവിഭാഗങ്ങളെ തമ്മിൽത്തല്ലിച്ചു ദുർബ്ബലപ്പെടുത്തണം. സമീപകാലത്തൊന്നും അടുക്കാത്തവിധം അവർക്കിടയിൽ വിദ്വേഷം വളർത്തണം. സംഘടിതരെ കൂട്ടക്കൊല ചെയ്തു ഭയപ്പെടുത്തി മെരുക്കണം. പ്രത്യേകസംരക്ഷണനിയമങ്ങൾ എടുത്തുകളഞ്ഞ് സൈനികശക്തിക്കു കീഴ്പെടുത്തണം. ‘മെയ്തേയ്കളുടെ മണിപ്പൂർ ഞങ്ങൾക്കു വേണ്ടാ’ എന്നു ഗോത്രജനതയെക്കൊണ്ടു പറയിക്കാൻ കഴിഞ്ഞു. ഇനി അവരെ വിഘടനവാദികളും ദേശവിരുദ്ധരുമായി മുദ്രകുത്തി വേട്ടയാടാൻ എളുപ്പം. കൂട്ടത്തിൽ ‘ആഭ്യന്തരശത്രുക്കളെ’ ഉന്മൂലനം ചെയ്യാൻകൂടി അവസരം തരപ്പെട്ടാൽ അതു ബോണസും. ബിജെപിയുടെ വികസനവായ്ത്താരിയിൽ വീണുപോയ ഗോത്രജനത ഇപ്പോൾ തിരിച്ചറിവിൻ്റെയും വീണ്ടുവിചാരത്തിൻ്റെയും പാതയിലാണെങ്കിലും, എണ്ണത്തിൽ കുറഞ്ഞ് ആ സീറ്റുകൾക്കു പകരം, ഹിന്ദുത്വവർഗ്ഗീയതയിൽ മുക്കിയെടുത്തുകഴിഞ്ഞ മെയ്തേയ്കളുടെ താഴ്വരയിലെ 40 സീറ്റും ഉറപ്പാക്കാൻ കഴിയും എന്നതും ഭരണക്കാർക്ക് ഈ ആസൂത്രിതപദ്ധതിയുടെ നേട്ടം.
 

ഹിന്ദുത്വരാഷ്ട്രീയത്തിനു കീഴടങ്ങാത്ത കേരളത്തിനു പഠിക്കാനുള്ള മികച്ച പാഠമാണ് മണിപ്പൂർ. ആഭ്യന്തരശത്രുക്കളിൽ ഒന്നാംകൂട്ടരെയും മൂന്നാം കൂട്ടരെയും ലക്ഷ്യമിട്ട് രണ്ടാംകൂട്ടരെ വശത്താക്കാൻ നടത്തുന്ന നീക്കങ്ങൾ കാണുന്നുണ്ടല്ലോ. മണിപ്പൂരിലും മെയ്തേയ് ക്രിസ്ത്യാനികളെ ക്രിസംഘികൾ ആക്കി കുക്കിക്കൃസ്ത്യാനികൾക്കെതിരെ നുണയുമായി രംഗത്തിറക്കാൻ അവർക്കു കഴിഞ്ഞതു നാം കാണണം. മണിപ്പൂരിൽ കണ്ടതരം ഏതു കുത്തിത്തിരിപ്പും ഗൂഢാലോചനയും കുത്സിതനടപടിയും ഇവിടെയും നാം പ്രതീക്ഷിക്കണം. കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും ആഴ്ചയ്ക്കാഴ്ചയ്ക്കു വന്നുപോകുന്നതും അദാനിയുടെ എൻഡിറ്റിവിയും അർണാബിൻ്റെ റിപ്പബ്ലിക്കും മലയാളം ചാനലുകൾ തുടങ്ങുന്നതും കർണ്ണാടകബിജെപിയുടെ ധനസ്രോതസിൽ എന്നു പലരും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടറും ഒക്കെക്കൂടി ശതകോടികൾ നിക്ഷേപിച്ചു കേരളത്തിൽ കേന്ദ്രീകരിക്കുന്നതടക്കം പലതും ആ വലിയ ഗെയിമിൻ്റെ ഭാഗം മാത്രമാണ്. ജാഗ്രതയോടെ ഇരിക്കേണ്ട, ഉണർന്നു പ്രവർത്തിക്കേണ്ട, നാളുകളാണു നമുക്കു മുന്നിൽ.