Saturday 11 September 2021

നാലാംതൂണു ചതിച്ച ജനാധിപത്യം

നാലാംതൂണു ചതിച്ച ജനാധിപത്യം

മനോജ് കെ. പുതിയവിള



ഇത് രാജ്യത്തെ മാദ്ധ്യമരംഗത്തിന്റെ പൊതു അവലോകനമാണ്. പുരോഗമനകലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം’ മാസികയുടെ 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

[സംസ്ഥാനത്തെ മാദ്ധ്യമരംഗത്തെപ്പറ്റി ഒരു ലേഖനം എഴുതിയിരുന്നു. അത് ഈ ലിങ്കിൽ വായിക്കാം: അപ്രസക്തമാകുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ  

അതിന്റെ പ്രധാനഭാഗങ്ങൾ ‘പഴയ മാദ്ധ്യമങ്ങളെ തള്ളി ഇടതുപക്ഷത്തെ കൂട്ടിയത് എന്തുകൊണ്ട്’ എന്ന പേരിൽ കേരള മീഡിയ അക്കാദമിയുടെ ‘മീഡിയ’ മാസികയുടെ 2021 ഏപ്രിൽ - മേയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ‘മീഡിയ’യിൽ വന്ന ഭാഗം കേൾക്കാൻ:  http://admin.radiokerala.in/FilesStore/Media/21.mp3 ]


നാധിപത്യത്തിന്റെ നാലാം തൂണ് എന്ന സാമൂഹികനിയോഗത്തിൽനിന്ന് ജനാധിപത്യത്തിന്റെ മൂന്ന് അടിസ്ഥാനതൂണുകളിൽ ഒന്നായ എക്സിക്യൂട്ടീവിന്റെ മാത്രം തൂണായി ചുരുങ്ങി സ്വയം അപ്രസക്തമായിരിക്കുന്ന മാദ്ധ്യമങ്ങളെപ്പറ്റിയാണു നാം ഇവിടെ ചർച്ച ചെയ്യുന്നത്. സുദീർഘമായ മാദ്ധ്യമചരിത്രത്തിലെ കേവലം മൂന്നു പതിറ്റാണ്ടിന്റെ മാത്രം കഥയാണത്. ഇൻഡ്യയിൽ മുതലാളിത്ത ആഗോളീകരണം നടപ്പാക്കിയതിന്റെ മാദ്ധ്യമരംഗത്തെ മാറ്റം.

മുമ്പെല്ലാം സർക്കുലേഷന്റെയും വ്യൂവർഷിപ്പിന്റെയും അടിസ്ഥാനത്തിലാണു മാദ്ധ്യമങ്ങളുടെ വളർച്ച പറഞ്ഞിരുന്നതെങ്കിൽ ഇന്നത് പരസ്യത്തിന്റെ താരിഫ് കാർഡിൽ മാത്രം പ്രസക്തിയുള്ള കാര്യമാണ്. വളർച്ചയൊക്കെ ശതകോടിയോ സഹസ്രകോടിയോ ആയ രൂപയുടെ കണക്കിലാണു താരതമ്യം ചെയ്യുന്നത്. അതാണു കമ്പനിയുടെ ഓഹരിമൂല്യം നിശ്ചയിക്കുന്നത്.

സമാന്തരസാമ്രാജ്യം

രാജ്യത്തിന്റെ സമ്പദ്ഘടന കൂപ്പുകുത്തുമ്പോഴും കുതിച്ചുപായുകയാണ് ഇൻഡ്യൻ മാദ്ധ്യമവ്യവസായം. കുറേ വർഷങ്ങളായി ഇൻഡ്യയുടെ ആകെ ദേശീയോത്പാദനത്തിന്റെ തോതിനെക്കാൾ വേഗത്തിലാണതു വളരുന്നത്. 2017-ൽ 13 ശതമാനം വളർന്ന് 1.5 ലക്ഷം കോടി രൂപയിലെത്തിയ മാദ്ധ്യമവ്യവസായം 2018-ൽ 13.4 ശതമാനം വളർന്ന് 1.67 ലക്ഷം കോടി രൂപയും 2019-ൽ 9 ശതമാനം വളർന്ന് 1.82 ലക്ഷം കോടി രൂപയുമായി.

കോവിഡ് ബാധിച്ച 2020-ൽ ഈ സാമ്രാജ്യം പൊടുന്നനെ 24 ശതമാനം ചുരുങ്ങി 2017-ന്റെ തുടക്കത്തിലേതിനു സമാനമായ 1.38 ലക്ഷം കോടിയിൽ എത്തിയെങ്കിലും 2021-ൽ 25 ശതമാനം കുതിച്ച് 1.73 ലക്ഷം കോടിയായി. വീട്ടിൽ അടച്ചിരിക്കൽ ഡിജിറ്റൽ ഉപയോഗത്തിൽ സൃഷ്ടിച്ച വർദ്ധനയാണ് ഇതിന് ഊർജ്ജമായത്. മാദ്ധ്യമവിപണിയിലെ ഡിജിറ്റൽ, ഓൺലൈൻ വിഭാഗങ്ങളുടെ പങ്ക് 2019-ൽ 16 ശതമാനം ആയിരുന്നത് 2020-ൽ 23 ശതമാനമായി. ഈ വിഭാഗത്തിന്റെ വരുമാനത്തിൽ 2020-ൽ ഉണ്ടായ വർദ്ധന 2600 കോടി രൂപ ആയിരുന്നു.

2020-ലെ ആകെ പരസ്യവരുമാനം 59,600 കോടി രൂപ ആയിരുന്നു. ഇത് 2023-ഓടെ 91,500 കോടി രൂപ ആകുമെന്നാണു കണക്കാക്കുന്നത്. പണം കൊടുത്തു കാണുന്ന ചാനലുകളുടെ വരുമാനവും ഇൻഡ്യയിൽ കുതിച്ചുയരുകയാണ്. ഇതെല്ലാം ചേർന്ന് ഇൻഡ്യയെ ആഗോളമാദ്ധ്യമവിപണിയിൽ അഞ്ചാം ഭീമൻ ആക്കിയിരിക്കുന്നു. വിനോദ-വാർത്താവ്യവസായം എന്ന ഈ സാമ്രാജ്യത്തിന്റെയും അതു കയ്യാളുന്ന മൂലധനത്തിന്റെയും അവിഭാജ്യഘടകമാണ് വാർത്താമാദ്ധ്യമങ്ങൾ.

ഓഹരിക്കമ്പോളത്തിന്റെ ഭാഷയിൽ മാദ്ധ്യമങ്ങളെപ്പറ്റി പറയേണ്ടിവരുന്നതിൽ സങ്കടമുണ്ടെങ്കിലും ഈ രംഗത്തിന്റെ സാമ്പത്തികശക്തിയും തത്ഫപമായി ഉണ്ടാകാവുന്ന രാഷ്ട്രീയസാമൂഹികസാമ്പത്തികതാത്പര്യങ്ങളും എത്ര വലുതാണ് എന്നു മനസിലാക്കാൻ വേറെ വഴി ഇല്ലാത്തതുകൊണ്ടു പറഞ്ഞതാണ്.

വരുമാനത്തിന്റെ വഴിമാറ്റം

മുതലാളിത്ത ആഗോളീകരണം വരുമ്മുമ്പ് മാദ്ധ്യമസ്ഥാപനങ്ങളുടെ വരുമാനത്തിന്റെ 55 – 77 ശതമാനവും വിറ്റുവരവ് ആയിരുന്നു. പരസ്യത്തിൽനിന്നു കിട്ടിയിരുന്നത് 25 – 30 ശതമാനവും. ഇന്ന് അതു തലകീഴ് മറിഞ്ഞിരിക്കുന്നു. ഇന്നു പരസ്യവരുമാനം 60 – 75 ശതമാനമാണ്. ടെലിവിഷനുകളുടെ കാര്യത്തിൽ ഇത് 70 – 80 ശതമാനവും. സഹായവരുമാനം എന്നതിൽനിന്ന് നിലനിർത്തുന്ന മുഖ്യവരുമാനം എന്നതിലേക്കുള്ള മാറ്റം. വായനക്കാരല്ല, പരസ്യക്കാരായി യജമാനർ. ഒപ്പം ഉള്ളടക്കത്തിന്റെ ദൗത്യവും മുൻഗണനകളുമൊക്കെ മാറി.

മുമ്പൊരിക്കൽ ‘ന്യൂയോർക്കറി’നു നല്കിയ അഭിമുഖത്തിൽ ‘ടൈംസ് ഓഫ് ഇൻഡ്യ’ ഗ്രൂപ്പിന്റെ ഉടമകളായ ബെന്നറ്റ് കോൾമാൻ കമ്പനിയുടെ മാനേജിങ് ഡിറക്റ്റർ വിനീത് ജയൻ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഇതു വ്യക്തമാക്കിയിരുന്നതാണ്: “ഞങ്ങൾ നടത്തുന്നത് വൃത്താന്തപത്രബിസിനസല്ല, പരസ്യം ചെയ്യുന്ന ബിസിനസാണ്.”

ഇതാണ് ആഗോളീകരണത്തിന്റെ മൂന്നു പതിറ്റാണ്ടിന്റെ മാറ്റം. മാദ്ധ്യമപ്രവർത്തനം എന്നത് കോർപ്പറേറ്റ് വ്യവസായമായി മാറി. അവിടെ പ്രധാനം നിക്ഷേപമാണ്, ലാഭമാണ്, ബാലൻസ് ഷീറ്റിലെ സഹസ്രകോടികളാണ്. പരസ്യം കഴിഞ്ഞുള്ള ഇടം വായനക്കാർക്കോ പ്രേക്ഷകർക്കോ വേണ്ടി വിനോദമൂല്യമുള്ള എന്തെങ്കിലുമൊക്കെക്കൊണ്ടു നിറച്ച് ആകർഷകമായ ഉത്പന്നം ഓരോ ദിവസവും നിർമ്മിക്കുക എന്നതാണ് ആ വ്യവസായം ചെയ്യുന്നത്. വാർത്തപോലും വിനോദസാമഗ്രിയാണ്.

അതുകൊണ്ടാണ് കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളോ സാധനവിലക്കയറ്റമോ ഒന്നും മാദ്ധ്യമങ്ങളിൽ ഇടം നേടാത്തത്. അവിടെ കടന്നുവരുന്നത് താരങ്ങളുടെ വിശേഷങ്ങളും ഇക്കിളിക്കഥകളും ഫാഷൻ ട്രെൻഡുകളും ആർഭാടജീവിതത്തിന്റെ ആരവാരങ്ങളും വികാരോദ്ദീപകങ്ങളായ ചിത്രദൃശ്യങ്ങളും സിനിമമുതൽ കായികവിനോദങ്ങൾ വരെയുള്ള വിനോദവ്യവസായത്തിന്റെ വാർത്തകളും പിന്നാമ്പുറക്കഥകളും ഒക്കെയാണ്. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ അത്തരം മാദ്ധ്യമങ്ങൾക്ക് അന്യമാണ്. അത്യപൂർവ്വമായെങ്കിലും പട്ടിണിയുടെയോ ദുരിതത്തിന്റെയോ വാർത്തകൾക്ക് ഇടം കിട്ടണമെങ്കിൽ അതിനും സെൻസേഷണൽ മൂല്യം ഉണ്ടാകണം. അല്ലെങ്കിൽ മുതലാളിയ്ക്ക് അതിൽ രാഷ്ട്രീയതാത്പര്യം ഉണ്ടാകണം.

ഉള്ളടക്കത്തിന്റെ വഴിമാറ്റം

പത്രം ഉണ്ടായ കാലം മുതൽ അത് പത്രാധിപരുടേതായിരുന്നു. മുതലാളിയും പത്രാധിപരും രണ്ടാണെങ്കിൽ പത്രം അറിയപ്പെടുക പത്രാധിപരുടെ പേരിൽ ആയിരിക്കും. പത്രപ്രവർത്തകരെ അണിനിരത്തി പത്രം നടത്തുമ്പോഴും അതിന്റെ മേധാവി പത്രാധിപർ ആയിരുന്നു. ഉള്ളടക്കത്തിന്റെ അന്തിമവാക്ക്. ആ നിയന്ത്രണാവകാശം വേണമെന്ന താത്പര്യമുള്ള പത്രമുടമകൾ ചെയ്തിരുന്നത് പത്രാധിപപ്പട്ടം സ്വയം അണിയുക എന്നതാണ്. നമ്മുടെ നാട്ടിലെ നല്ല ഉദാഹരണം മനോരമയാണ്. ഉടമയാണ് അവിടെ ചീഫ് എഡിറ്റർ പദം അലങ്കരിക്കുന്നത്. പത്രാധിപസമിതിയുടെ മേധാവിയാണ് മാനേജിങ് ഡിറക്റ്റർക്കും മുകളിൽ എന്ന പത്രരംഗത്തെ പരമ്പരാഗതസങ്കല്പമാണ് ഇതിൽ നാം കാണുന്നത്.

എന്നാൽ, പുതിയകാലത്ത് പത്രാധിപർ സി.ഇ.ഒ.യുടെ കീഴിലെ ഒരു ഉദ്യോഗപദവി മാത്രമാണ്. ഉള്ളടക്കത്തിനുമേലുള്ള അധികാരം പൂർണ്ണമായും നഷ്ടമായ ഉദ്യോഗം. ആഗോളീകരണത്തിന്റെ ആദ്യവർഷങ്ങളിൽത്തന്നെ പത്രത്തിലെ സബ് എഡിറ്ററുടെ പണി ക്ലറിക്കൽ ജോലി ആണെന്ന് പത്രപ്രവർത്തകരുടെ ശമ്പളം തീരുമാനിക്കാൻ സർക്കാർ നിയോഗിക്കാറുണ്ടായിരുന്ന വേജ് ബോർഡുകളിൽ ഒന്നിന് ‘ടൈംസ് ഓഫ് ഇൻഡ്യ’തന്നെ എഴുതിക്കൊടുത്തത് ഓർക്കുന്നു. പത്രപ്രവർത്തനം ക്ലർക്കുപണി ആക്കുകയും ബ്യൂറോ ചീഫുമാരെയും എഡിറ്റർമാരെയുംകാൾ അധികാരം കോർപ്പറേറ്റ് മാനേജർമാർക്കും മാർക്കറ്റിങ് മാനേജർമാർക്കും ആക്കുകയും ചെയ്ത ഈ മാറ്റത്തിന് ഇൻഡ്യയിൽ പാത തുറന്നത് ‘ടൈംസ് ഓഫ് ഇൻഡ്യ’യാണ്.

പരസ്യം എന്നത് വിപണിയുടെ ‘കോഴ’യാണ്. അത് പത്രമുതലാളിമാരെ വിപണിതാത്പര്യങ്ങൾക്കു വശംവദരാക്കും. അങ്ങനെ ഉള്ളടക്കത്തെ സ്വാധീനിക്കുകയും ക്രമേണ അതിന്മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. അതാണു സംഭവിച്ചത്. അങ്ങനെ പത്രം സേവനസാമഗ്രി എന്നതു മാറി വ്യവസായോത്പന്നമായി. ഇതു വിളംബരം ചെയ്ത് ‘ടൈംസ് ഓഫ് ഇൻഡ്യ’ പത്രത്തിന്റെ മാസ്റ്റ് ഹെഡിൽ ‘പബ്ലിഷ്ഡ് ഫ്രം മുംബൈ’ എന്നതു മാറ്റി ‘മേഡ് ഇൻ മുംബൈ’ എന്നാക്കിയതും ചരിത്രം. അന്ന് അതു ചെയ്ത സമീർ ജയിൻ അതിനു നല്കിയ വിശദീകരണം വില്ക്കാനുള്ള ഏത് ഉത്പന്നത്തിൽനിന്നും വ്യത്യസ്തമല്ല വാർത്താപത്രവും എന്നാണ്.

പരസ്യത്തിനു മീതെ വാർത്തയും പറക്കില്ല എന്നതിന്റെ വിളംബരമാണ് ഇന്നു പലപ്പോഴും കാണുന്ന, വാർത്തയെ അകത്തേക്കു തള്ളി മുഖത്താൾ കയ്യടക്കി നിറഞ്ഞിരിക്കുന്ന പരസ്യം.

ഇതിന്റെ അടുത്തപടിയായിരുന്നു വാർത്തയ്ക്കു പണം വാങ്ങൽ. പെയ്ഡ് ന്യൂസ് എന്ന് അടുത്തിടെ കുപ്രസിദ്ധി നേടിയ സമ്പ്രദായത്തിന്റെ ആദ്യരൂപം അവതരിപ്പിച്ചതും ‘ടൈംസ് ഓഫ് ഇൻഡ്യ’ തന്നെ. ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതും സിനിമയുടെ നിർമ്മാണഘട്ടങ്ങളിലെ പരിപാടികളുമൊക്കെ പരസ്യക്കമ്പനികളിൽനിന്നു പണം വാങ്ങി റിപ്പോർട്ട് ചെയ്യുന്ന ആ ഏർപ്പാടിനു പേര് ‘പെയ്ഡ് കണ്ടന്റ്’ എന്നായിരുന്നു. അങ്ങനെ വാർത്തയുടെ അവസാനവിശുദ്ധിയും അട്ടിമറിക്കപ്പെട്ടു.

ഇതിന്റെ ഭീഷണമായ രൂപമാണ് 2009-ലെ പാർലമെന്റുതെരഞ്ഞെടുപ്പുകാലത്ത് ഉദയം ചെയ്യുകയും 2019-ലെ പാർലമെന്റുതെരഞ്ഞെടുപ്പിനു മുമ്പ് വലിയ രാഷ്ട്രീയവിവാദമായി വളരുകയും ചെയ്ത ‘പെയ്ഡ് ന്യൂസ്’ എന്ന മാദ്ധ്യമയഴിമതി. കോടികൾ മറിയുന്ന അധാർമ്മികതയുടെ കൂത്തരങ്ങായി, ഈജിയൻ തൊഴുത്തായി മാറി മാദ്ധ്യമരംഗം അതിന്റെ അധഃപതനം പൂർത്തിയാക്കുന്നത് അവിടെയാണ്.

കോർപ്പറേറ്റുവത്ക്കരണം

ഇതോടൊപ്പം ആഗോളമായിത്തന്നെ സംഭവിച്ച പ്രതിഭാസമാണ് മാദ്ധ്യമരംഗത്തെ കുത്തകവത്ക്കരണം. ഉള്ളടക്കത്തിന്റെ ഉത്പാദനവും വിതരണവും ഏതാനും പേരിലേക്കു കേന്ദ്രീകരിച്ച പ്രതിഭാസം.

ഇൻഡ്യാചരിത്രത്തിലെ രണ്ടു പ്രസ് കമ്മിഷനുകളെയാണ് ആദ്യം ഓർക്കുന്നത്. ഉടമസ്ഥതയിലെ കേന്ദ്രീകരണത്തെപ്പറ്റി 1954-ലെ ഒന്നാം പ്രസ് കമ്മിഷൻതന്നെ ഉത്ക്കണ്ഠാപൂർവ്വം മുന്നറിയിപ്പു തന്നതാണ്. 1982-ലെ രണ്ടാം പ്രസ് കമ്മിഷനാകട്ടെ, മാദ്ധ്യമരംഗത്തെ കുത്തകഘടന തകർക്കാൻ രാജ്യത്തെ ഏറ്റവും വലിയ എട്ടു പത്രസ്ഥാപനങ്ങൾ ദേശസാൽക്കരിക്കണം എന്നുവരെ ശുപാർശചെയ്തു! ഒരു നടപടിയും ഉണ്ടായില്ല; ഈ ദുഷ്പ്രവണത പൂർവ്വാധികം ശക്തിപ്പെടുകയും ചെയ്തു. നിയന്ത്രണനിയമങ്ങളുടെ ബാഹുല്യം ഏറെയുള്ള മാദ്ധ്യമരംഗത്ത് ഉടമാകേന്ദ്രീകരണം നിയന്ത്രിക്കാൻ മാത്രം നിയമമില്ല!

ഇന്ന് ഹിന്ദി പത്രവായനക്കാരുടെ നാലിൽ മൂന്നും (76.45 ശതമാനം) ദൈനിക് ജാഗരൺ, ഹിന്ദുസ്ഥാൻ, അമർ ഉജാല, ദൈനിക് ഭാസ്ക്കർ എന്നീ നാലു പത്രങ്ങളുടെ പിടിയിലാ‍ണ്. മലയാളപത്രങ്ങളുടെ കാര്യം നമുക്കറിയാം. മറ്റു പ്രാദേശികഭാഷകളുടെയും ഇംഗ്ലിഷിന്റെയുമെല്ലാം കാര്യവും ഇങ്ങനെതന്നെ.

2020 സെപ്റ്റംബർ 31-ലെ കണക്കുപ്രകാരം രാജ്യത്ത് 7.07 കോടി ഡി.റ്റി.എച്ഛ്. വരിക്കാരുണ്ട്. ഈ സേവനം നല്കുന്ന സ്ഥാപനങ്ങളാകട്ടെ വെറും നാലും! ചെറുതും വലുതുമായ അനവധി കേബിൾ റ്റി.വി. ഓപ്പറേറ്റർമാർ നിർവ്വഹിച്ചുവന്ന ദൃശ്യമാദ്ധ്യമവിതരണസേവനത്തിന്റെ കുത്തകവത്ക്കരണത്തിന്റെ ചിത്രമാണിത്. 


ഡി.റ്റി.എച്ഛിലേക്കു മാറാത്ത ഉപഭോക്താക്കൾക്കു സേവനം നല്കുന്ന കേബിൾ ഓപ്പറേറ്റർമാരാകട്ടെ ഇന്നു രാജ്യത്ത് 1697 പേരേ അവശേഷിച്ചിട്ടുള്ളൂ. ഇതിൽ 10 ലക്ഷത്തിനുമേൽ വരിക്കാരുള്ള 13 സ്ഥാപനങ്ങളാണ് ഈ രംഗം കയ്യടക്കിയിരിക്കുന്നത്. അതിൽത്തന്നെ 50 ലക്ഷത്തിനുമേൽ വരിക്കാരുള്ള സിറ്റി ന്യൂസ് (87.8 ലക്ഷം), ജി.റ്റി.പി.എൽ. ഹാത്‌വേ (77.25 ലക്ഷം), ഹാത്‌വേ ഡിജിറ്റൽ (52.8 ലക്ഷം), ഡെൻ നെറ്റ്‌വർക്സ് (50 ലക്ഷം) എന്നീ നാലു ഭീമരാണ് പ്രധാന കളിക്കാർ.

സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ കാര്യം എടുത്താൽ, 2010-ൽ 524 ആയിരുന്ന എണ്ണം 2020-ൽ 926 ആയി ഉയർന്നു. ഇവയിൽ 400-ഓളം വാർത്താചാനലുകളാണ്. കൂടുതൽ ചാനലുകൾ വരുമ്പോൾ ബഹുസ്വരത ഉണ്ടാകുമല്ലോ എന്ന ലളിതയുക്തിക്ക് ഇവിടെയും പ്രസക്തിയില്ല. പലരാഗം ഒരേഗാനം എന്നതാണ് അവസ്ഥ.

ഇതിന്റെ ഉത്തരം പറഞ്ഞത് മുകേഷ് അംബാനിയാണ്. 2009 ഓഗസ്റ്റിൽ റിലയൻസിന്റെ 42 –ാം വാർഷികപൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞത്, ടെലിവിഷൻ പ്രേക്ഷകരുടെ 95 ശതമാനം വരുന്ന 80 കോടി ഇൻഡ്യക്കാരിലേക്ക് എത്തുന്ന 72 റ്റി.വി. ചാനലുകൾ റിലയൻസിന്റെ ഉടമസ്ഥതയിലാണെന്നാണ്. പ്രമുഖ പത്രപ്രവർത്തകനായ പി. സായ്‌നാഥ് പറഞ്ഞതുപോലെ അഞ്ചുകൊല്ലംകൂടി മാദ്ധ്യമരംഗത്തു തുടർന്നാൽ നാമെല്ലാം അയാളുടെ ഉടമസ്ഥതയിൽ ആകും.

നിക്ഷേപവും വായ്പയും ഒക്കെ വഴി അംബാനി, നഹാത, ആഭെ ഓസ്വാൾ എന്നിവർ പത്തും നൂറും കണക്കിനു കോടി രൂപ എൻ.ഡി.റ്റി.വി., ന്യൂസ് നേഷൻ, ഇൻഡ്യ റ്റി.വി., ന്യൂസ് 24, നെറ്റ്‌വർക്ക് 18 എന്നീ അഞ്ചു പ്രമുഖ മാദ്ധ്യമക്കമ്പനികൾക്ക് നല്കിയിരിക്കുന്നു. അംബാനി 4000 കോടി രൂപയ്ക്കു വാങ്ങിയ നെറ്റ്‌വർക്ക് 18 പൂർണ്ണ ഉടമസ്ഥതയിലും. ടൈംസ് ഓഫ് ഇൻഡ്യയുടെ കൈയിൽ മറ്റു 40 പുതിയ മാദ്ധ്യമസ്ഥാപനങ്ങൾകൂടി ഉണ്ട്. സീ റ്റി.വി.യുടെ ഉടമകളായ എസ്സെൽ ഗ്രൂപ്പും ഹിന്ദുസ്ഥാൻ ടൈംസുമെല്ലാം ഒന്നിലേറെ തരം മാദ്ധ്യമങ്ങൾ കൈയാളുന്നു. ഓൺലൈൻ മാദ്ധ്യമങ്ങളിലും നല്ലപങ്കും ഇവരുടെയൊക്കെത്തന്നെ നിയന്ത്രണത്തിലാണ്. അമേരിക്കയിലും ഓസ്റ്റ്രേലിയയിലും നേരത്തേ മുറ്റിക്കഴിഞ്ഞ ഈ കേന്ദ്രീകരണം ഇന്ന് ഏറ്റവും വേഗത്തിൽ സംഭവിക്കുന്നത് ഇൻഡ്യയിലാണ്.

മൂലധനത്തിന്റെ അഭിപ്രായനിർമ്മിതി

വ്യവസായികൾ പത്രയുടമകളാകുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, അന്ന് അവരുടെ താത്പര്യങ്ങൾ പരിമിതമായിരുന്നു. പല ശബ്ദങ്ങൾ കേൾപ്പിക്കാൻ കഴിയുന്ന ശക്തമായ മാദ്ധ്യമങ്ങൾ ധാരാളമായിരുന്നതിനാൽ പത്രധർമ്മം പാടേ ബലികഴിക്കാൻ കഴിയുമായിരുന്നുമില്ല. എന്നാൽ, ഇന്ന് മൂന്നു കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു. മുകളിൽപ്പറഞ്ഞ കുത്തകവത്ക്കരണമാണ് ഒന്ന്. ഈ കുത്തകകൾക്കുള്ള വിപുലമായ ഇതര ബിസിനസ് സാമ്രാജ്യങ്ങളും അതുമായെല്ലാം ബന്ധപ്പെട്ട താത്പര്യങ്ങളും മറ്റൊന്ന്. മൂന്നാമതായി, ചങ്ങാത്തമുതലാളിത്തം എന്നു വിളിക്കുന്ന കോർപ്പറേറ്റ്-ഭരണകൂടകൂട്ടുകെട്ടും. അതിലൂടെ രാഷ്ട്രീയ-ഭരണകാര്യങ്ങൾകൂടി ചേരുന്ന ഏകീഭവിച്ച താത്പര്യങ്ങളും ഉണ്ടായിരിക്കുന്നു.

മണ്ണും വെള്ളവും എണ്ണയും വാതകവും കൽക്കരിയും മുതൽ സ്പെക്ട്രം വരെയുള്ള ദേശീയവിഭവങ്ങളും തുറമുഖവും വിമാനത്താവളവും റെയിൽവേയും അടക്കമുള്ള പൊതുസ്വത്തുകളും റോഡും വൈദ്യുതിയും ഫോണും ഇന്റർനെറ്റും അടങ്ങുന്ന അടിസ്ഥാനസൗകര്യങ്ങളുമെല്ലാം വിറ്റു കമ്മിഷൻ വാങ്ങി തെരഞ്ഞെടുപ്പുഫണ്ടും സ്വന്തം സമ്പത്തും പെരുപ്പിക്കുന്ന ഭരണപ്പാർട്ടികളും ഇവയെല്ലാം കുത്തകകൂട്ടി ഭരണകൂടത്തിനുമീതേ വളർന്ന് അധീശശക്തിയാകുന്ന കോർപ്പറേറ്റുകളും നിയന്ത്രിക്കുന്ന രാജ്യത്ത് ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.

ഈ പങ്കുകച്ചവടങ്ങൾ മുഖ്യയജൻഡയായ രാജ്യത്ത് ഈ കൊള്ളയെയും രാജ്യദ്രോഹത്തെയും എതിർക്കാൻ ജനങ്ങളുടെ ശബ്ദമാകേണ്ട മാദ്ധ്യമങ്ങൾ ഇതേ കൊള്ളസംഘത്തിന്റെ ആജ്ഞാനുവർത്തികൾ ആയിരിക്കുന്നു. കൃഷിയുത്പന്നങ്ങളുടെ സംഭരണ-വിതരണ-ചെറുകിടവില്പനകൾ കുത്തകയാക്കാൻ റിലയൻസും ഭരണകൂടവും നടത്തുന്ന കളിക്കെതിരെ തെരുവിലിറങ്ങുന്ന കർഷകരെ രാജ്യദ്രോഹികളും കലാപകാരികളും ഗൂഢാലോചനക്കാരുമായി മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് അവരുടെ നിയന്താക്കളുടെ താത്പര്യം അതായതുകൊണ്ടാണ്.

കമ്പനികളുടെ ബോർഡ് റൂമും ന്യൂസ് റൂമും അതിരുകൾ അലിഞ്ഞ് ഒന്നായിരിക്കുന്നു. രണ്ട് അജൻഡയും ഒന്നാകുന്നു. പൊതുനന്മയ്ക്കു പകരം സ്വകാര്യവത്ക്കരണം ദൗത്യമാകുന്നു. വിവരങ്ങളെ വില്പനവസ്തുവാക്കുന്നു. അവർ വിമർശനവിധേയമാക്കേണ്ട രാഷ്ട്രീയസമ്പദ്ഘടനയുടെ ഭാഗമായി അവർതന്നെ മാറിയിരിക്കുന്നു. വിശ്വാസ്യതയും സുതാര്യതയും അവർ നിരന്തരം നഷ്ടപ്പെടുത്തുന്നു. സ്വതന്ത്രജനാധിപത്യം സംരക്ഷിക്കാൻ അവർക്കു കഴിയുന്നില്ല.


ചരിത്രത്തിൽ ഇന്നോളവും ഭരണകൂടത്തിന്റെ വിമർശകരായിരുന്ന ജനാധിപത്യത്തിന്റെ നാലാംതൂണ് ഇന്നു സ്തുതിപാഠകരായിരിക്കുന്നു. ഇതാണ് ഏറ്റവും ആപത്ക്കരമായ കാര്യം. മൂലധനതാത്പര്യസംരക്ഷണം ആഗോളീകരണത്തോടെ തുടങ്ങിയതാണെങ്കിലും മാദ്ധ്യമങ്ങൾ ഈ നിലയിലേക്കു നഗ്നമായി പരിണമിക്കുന്നത് 2014-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്. രണ്ടാം യു.പി.എ. സർക്കാർ മുതലാളിത്തത്തിനുവേണ്ടി അനിയന്ത്രിതമായി നടത്തിയ ഉദാരീകരണം ജനജീവിതം ദുഃസഹമാക്കിയതും ആ സർക്കാരിലെ അഴിമതിയും ഉയർത്തിയ ഭരണവിരുദ്ധവികാരം കോർപ്പറേറ്റുകളെ മാറി ചിന്തിപ്പിക്കുകയായിരുന്നു. മൂലധനശക്തികളുടെ താത്പര്യങ്ങൾ അവരുടെ പ്രതീക്ഷയ്ക്കൊത്തു സംരക്ഷിക്കാൻ ആ മുന്നണിക്കു കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെ അവർ മറ്റൊരു ദല്ലാളിലെ തേടി.

അനിൽ അംബാനിയും സുനിൽ മിത്തലുമൊക്കെ നരേന്ദ്രമോഡിയിൽ ഇൻഡ്യൻ പ്രധാനമന്ത്രിയെ ദർശിച്ചത് അങ്ങനെയാണ്. മുകേഷ് അംബാനിയും രത്തൻ റ്റാറ്റയും ആദി ഗോദ്‌റെജുമെല്ലാം ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ കണക്കറ്റു പ്രശംസിച്ചു. ഗുജറാത്ത് മോഡൽ എന്ന വ്യാജനിർമ്മിതി നടത്തി മുഖ്യധാരാമാദ്ധ്യമങ്ങളും പി.ആർ. ഏജൻസികളുംകൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെ ബി.ജെ.പി.യെയും മോഡിയെയും അധികാരത്തിലെത്തിച്ചു. ഈ മാദ്ധ്യമപരീക്ഷണമാണ് പ്രൊപ്പഗാൻഡയെ സ്വന്തം ദൗത്യമായി പ്രതിഷ്ഠിക്കാൻ ആ മാദ്ധ്യമങ്ങളെ പ്രേരിപ്പിച്ചത്.

മോഡിമടിയിലെ സംഘഗാനം

പിന്നീടിങ്ങോട്ട് ശക്തിപ്പെട്ടുവന്ന ഈ പ്രവണത ഭരണകൂടത്തിന്റെ കുഴലൂത്തുകരായി ആ മാദ്ധ്യമങ്ങളെ ഉറപ്പിച്ചു. സർക്കാർ ചെയ്യുന്ന എന്തിനെയും നീതിമത്ക്കരിക്കുക, അതിനെ എതിർക്കുന്നവരെയെല്ലാം രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തുക, അവരെ കടന്നാക്രമിക്കുക എന്ന സംഘപരിവാർരീതിയിലേക്കു മാദ്ധ്യമങ്ങളും അധഃപതിച്ചു. മോഡിയുടെ മടിയിലിരിക്കുന്ന മാദ്ധ്യമം എന്ന അർത്ഥത്തിൽ മോഡീഗോദി മീഡിയ ആയും പിന്നീട് ഗോദി മീഡിയ ആയും ഇൻഡ്യൻ മാദ്ധ്യമങ്ങൾ വിളിപ്പേരു നേടി. ഇറാക്കിലെ അമേരിക്കൻ അധിനിവേശകാലത്ത് അതിന് അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാൻ ശ്രമിച്ച മാദ്ധ്യമപ്രഭുവായ റൂപർട്ട് മർഡോക്കിനെ ‘ടോണി ബ്ലെയർ മന്ത്രിസഭയിലെ 24–ാമൻ’ എന്നു വിളിച്ചത് ഓർമ്മയുണ്ടാകുമല്ലോ. അങ്ങനെ മന്ത്രിസഭയും കോർപ്പറേറ്റ് ബോർഡ് റൂമും മാദ്ധ്യമങ്ങളുടെ ന്യൂസ് റൂമും ഒന്നായ അവസ്ഥ.

ഭരണ-രാഷ്ട്രീയകേന്ദ്രങ്ങളിൽ തന്ത്രങ്ങൾ മെനയുന്നതിൽ മാദ്ധ്യമങ്ങളും പങ്കുചേരുകയോ ഒന്നിച്ചുള്ള ഗൂഢാലോചനകളായി ഇവ മാറുകയോ ആ ആസൂത്രണത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ മാദ്ധ്യമങ്ങൾക്കു കല്പനകളായി നല്കപ്പെടുകയോ ഒക്കെ ചെയ്യുന്നത് പതിവായി. ഈ ബന്ധം തുറന്നുകാട്ടാൻ ഇൻഡ്യ റ്റുഡേ, സീ ന്യൂസ്, ടൈംസ് ഓഫ് ഇൻഡ്യ, നെറ്റ്‌വർക്ക് 18, റേഡിയോ 1, ദൈനിക് ജാഗരൺ എന്നീ മാദ്ധ്യമസ്ഥാപനങ്ങളിൽ ‘ഓപ്പറേഷൻ 136’ എന്നു പേരിട്ട് കോബ്രാ പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷൻ വെളിപ്പെടുത്തിയത് അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ കാര്യങ്ങളാണ്.

മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് എത്തുന്ന മുഖ്യധാരയിലെ ഏതാണെല്ലാ മാദ്ധ്യമങ്ങളും ഒരേ കേന്ദ്രത്തിൽ തീരുമാനിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കുന്നത് വൈവിദ്ധ്യപൂർണ്ണമായ രാജ്യത്ത് ആ ഓരോ വിഷയത്തിലും വിവിധവിഭാഗങ്ങൾക്കുള്ള ഭിന്നാഭിപ്രായങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാനുള്ള മാദ്ധ്യമങ്ങളുടെ അടിസ്ഥാനധർമ്മം ഇല്ലാതാക്കി. ജനാധിപത്യത്തിന്റെ ആണിക്കല്ലായ ബഹുസ്വരത നഷ്ടമാകുന്നത് ഏകാധിപത്യം വളർത്തും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയിൽ സുദീർഘവാഴ്ച നടത്താൻ സിൽവിയോ ബർലസ്‌കോണിക്കു സ്വന്തം മാദ്ധ്യമക്കുത്തക വഴിയൊരുക്കിയതിനു സമാനമാണ് ഈ സ്ഥിതിവിശേഷവും.

‘സർജിക്കൽ സ്റ്റ്രൈക്കും’ ആപ്പുനിരോധനവും പോലെ തെരഞ്ഞെടുപ്പുകളിൽ മതാത്മകമായ ദേശഭക്തിയും ‘ശത്രു’വിരോധവും ആളിക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും നടത്തിയ പരിപാടികളെയൊക്കെ മഹാസംഭവങ്ങളാക്കി പുതിയ അഭിപ്രായനിർമ്മിതി നടത്തി. രാജ്യത്തെ തകർത്ത നോട്ടുനിരോധനം, സി.എ.എ.വിരുദ്ധസമരം, കോവിഡ് പ്രതിരോധത്തിലെ പരാജയം, അതിഥിത്തൊഴിലാളികളുടെ ദീനപലായനം, കർഷകപ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസം അട്ടിമറിക്കൽ, പൊതുസ്വത്തുകൾ വിറ്റുതുലയ്ക്കൽ, ഇന്ധനങ്ങളുടെയടക്കം വിലക്കയറ്റം, തൊഴിൽനിയമങ്ങൾ അട്ടിമറിക്കൽ, വർഗ്ഗീയവത്ക്കരണം, ആൽക്കൂട്ടക്കൊലകളും ആക്രമണങ്ങളും തുടങ്ങിയവയോടൊക്കെ ഈ മാദ്ധ്യമങ്ങൾ കൈക്കൊണ്ട സമീപനങ്ങളും ആഗോളമാദ്ധ്യമസംസ്ക്കാരത്തിനുതന്നെ നാണക്കേടുണ്ടാക്കുന്നവ ആയിരുന്നല്ലോ.

2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഈ പ്രതിഭാസത്തിൽ ഭൂരിപക്ഷവർഗ്ഗീയതകൂടി പച്ചയായിത്തന്നെ ഇഴചേർന്നുകഴിഞ്ഞതാണു നാം കണ്ടത്. രാഷ്ട്രീയ-വർഗ്ഗീയ-ഭരണ-മൂലധനചങ്ങാത്തം എന്ന കൂടുതൽ മാരകമായ അവസ്ഥ!

വിരട്ടി വരുതിയിലാക്കൽ

ഇതിനെല്ലാമിടയിലും സ്വതന്ത്രമായി നിലപാട് എടുക്കാനും സർക്കാരിനെ വിമർശിക്കാനും തയ്യാറായ ഒരുപിടി മാദ്ധ്യമങ്ങളുടെ പരിമിതമെങ്കിലും ശക്തമായ ശബ്ദം ഉയരുന്നുണ്ടായിരുന്നു. അവയെ പേശീബലം ഉപയോഗിച്ചു നിയന്ത്രിക്കാനുള്ള വിപുലമായ ശ്രമമാണ് ഇന്നു നടക്കുന്നത്. മൂലധനശക്തികൾ ബി.ജെ.പി. എന്ന പാർട്ടിയിൽ കണ്ട മെച്ചവും ആ പേശീബലമാണ്. 

അറിവില്ലായ്മയും മതാന്ധ്യവും മുഖമുദ്രയായ ആർ.എസ്.എസ്. എന്ന കുറുവടിസംഘത്തിന്റെ ഗൂണ്ടായിസമാണ് അതിൽ ഒന്ന്. സർക്കാരിനോ അവർ പ്രതിനിധാനം ചെയ്യുന്ന ദേശവിരുദ്ധസമീപനങ്ങൾക്കോ എതിരായി ഉയരുന്ന ശബ്ദങ്ങളെ അടിച്ചോ കൊന്നോ ഇല്ലാതാക്കാനുള്ള ഈ പദ്ധതിയാണ് സി.എ.എ.വിരുദ്ധസമരം, വിദ്യാർത്ഥിസമരങ്ങൾ, കർഷകസമരം, ഹിന്ദുത്വവിഷയങ്ങൾ തുടങ്ങിയവയിലെല്ലാം കണ്ടത്. പ്രാദേശികമായി ചെറുപ്രതിഷേധങ്ങളെപ്പോലും ഇവർ കായികമായി നേരിടുന്നു. നരേന്ദ്രധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗ്ഗി തുടങ്ങിയവരുടെ കൊലകൾ വേറെയും.

അത് ഗൗരി ലങ്കേഷിലേക്ക് എത്തുമ്പോൾ മാദ്ധ്യമപ്രവർത്തകർക്കുനേരെയുള്ള ആക്രമണമായി. റൈസിങ് കശ്മീർ എഡിറ്റർ ഷുജാത് ബുഖാരി, ത്രിപുരയിലെ പ്രാദേശികചാനൽ ദിൻ-രാത്തിന്റെ ലേഖകൻ ശന്തനു ഭൗമിക്, ത്രിപുരയിൽത്തന്നെ ബംഗാളീപത്രപ്രവർത്തകൻ സുധീപ് ദത്ത ഭൗമിക് തുടങ്ങിയവരും വധിക്കപ്പെട്ടു. ആറു പത്രപ്രവർത്തകരെയാണ് ആ ഘട്ടത്തിൽ കൊന്നത്. ഗാസിയബാദിൽ റ്റി.വി. റിപ്പോർട്ടർ അനുജ് ചൗധരിയെ വെടിവച്ചത്, ഷില്ലോങ് ടൈംസ് എഡിറ്റർ പട്രീഷ്യ മുഖിമിനെ പെട്രോൾ ബോംബ് എറിഞ്ഞത്, മദ്ധ്യപ്രദേശിൽ സന്ദീപ് ശർമ്മയെ ട്രക്കിടിച്ചും ബിഹാരിൽ ദൈനിക് ഭാസ്കർ ലേഖകരായ നവീൻ നിശ്ചലിനെയും വിജയ് സിങ്ങിനെയും എസ്.യു.വി. ഇടിച്ചും തകർത്തത്, കാരവന്റെ രണ്ടു ലേഖകർ ആക്രമിക്കപ്പെട്ടത്...

മോഡിയുടെ ഒന്നാംഭരണത്തിന്റെ  2015-18 കാലത്തുമാത്രം മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച 200 കേസുകൾ ഉണ്ടായി! 2019-ലെ തെരഞ്ഞെടുന്റെ ‘ഒരുക്കലി’ലാണ് ഇതു തീവ്രമായത്. രണ്ടാം വരവു പകർന്ന വർദ്ധിതവീര്യം ഇതു ശക്തിപ്പെടുത്തി. 2020-ൽ 200 പത്രപ്രവർത്തകർ ആക്രമിക്കപ്പെട്ടു. വധഭീഷണിയും ബലാത്സംഗഭീഷണിയും അടക്കമുള്ള സമൂഹമാദ്ധ്യമാക്രമണവും അവഹേളനവും വിദ്വേഷപ്രചാരണവും വേട്ടയാടലുമെല്ലാം നിർബ്ബാധം അരങ്ങുതകർക്കുകയാണ്.  ട്രോൾ ആർമി അഴിഞ്ഞാടി. കമ്മിറ്റീ റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് എന്ന ആഗോളസംഘടന അക്രമങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമാന്തരമായി ഭരണകൂടവും അതിന്റെ പേശീബലം പൊലീസിനെയും വിവിധ അന്വേഷണയേജൻസികളെയും ഉപയോഗിച്ച് മാദ്ധ്യമസ്വാതന്ത്ര്യത്തിനുമേൽ പ്രയോഗിക്കുകയാണ്. മോഡിയുടെ രണ്ടാം ഭരണത്തിൽ 400-ൽപ്പരം രാജ്യദ്രോഹക്കേസുകളാണ് എടുത്തതെന്ന് ‘article-14.com’-ന്റെ രേഖകൾ പറയുന്നു. ഒറ്റ ദശകത്തിൽ മാത്രം 28 ശതമാനം വർദ്ധന. ഈ കേസിൽ നല്ലപങ്കും മാദ്ധ്യമപ്രവർത്തകരുടെ പേരിലാണ്. ഇൻഡ്യ റ്റുഡേയിലെ രാജ്‌ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ, ക്വാമി ആവാസ് എഡിറ്റർ സഫർ ആഘ, കാരവൻ മാസികയുടെ സ്ഥാപകപത്രാധിപർ പരേഷ് നാഥ്, എഡിറ്റർ അനന്ത് നാഥ്, എക്സി. എഡിറ്റർ വിനോദ് കെ. ജോസ് തുടങ്ങിയ പ്രമുഖരെല്ലാം ഇരകളായി. ഒരേ ആളുകളുടെ പേരിൽ ഒരേ കുറ്റം ചുമത്തി ബിജെപിഭരണമുള്ള പലസംസ്ഥാനങ്ങളിൽ ഒരേസമയം കേസെടുത്തു വലയ്ക്കുന്ന രീതിപോലും അവർ സ്വീകരിക്കുന്നു.


2020-ൽമാത്രം അറസ്റ്റ് ചെയ്യപ്പെട്ടത് 67 പത്രപ്രവർത്തകരാണെന്ന് ഫ്രീ സ്പീച്ച് കളക്റ്റീവിനുവേണ്ടി ഗീത സേഷു നടത്തിയ പഠനം പറയുന്നു. ഉത്തർപ്രദേശിലെ കൂട്ടബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകവെ അറസ്റ്റിലായ മലയാളി സിദ്ദിക് കാപ്പൻ ഉൾപ്പെടെയാണിത്. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പോലും ലംഘിച്ച് കൊളോണിയൽ രാജ്യദ്രോഹനിയമവും യു.എ.പി.എ.പോലുള്ള നിയമങ്ങളും തെറ്റായി ഉപയോഗിക്കപ്പെട്ടു.

രാജ്‌ദീപ് സർദേശായിയെ വാർത്താവതരണത്തിൽനിന്നു മാറ്റിനിർത്തുകയും ഒരുമാസത്തെ ശമ്പളം നിഷേധിക്കുകയും ചെയ്തതുപോലെ സർക്കാരിന്റെ ഓരം ചേർന്ന് മാദ്ധ്യമസ്ഥാപനം‌തന്നെ ശിക്ഷ വിധിക്കുന്ന നിലവരെ ഉണ്ടായി. എൻ.ഡി.റ്റി.വി.യുടെ ഹിന്ദി ചാനൽ മുതൽ ഏഷ്യാനെറ്റ് ന്യൂസ് വരെ ഉള്ളവയുടെ സം‌പ്രേഷണം താത്ക്കാലികമായാണെങ്കിലും തടഞ്ഞതും കാരവന്റെ റ്റ്വിറ്റർ അക്കൗണ്ട് തടഞ്ഞതുമൊക്കെ ഏകാധിപത്യത്തിന്റെ മുഖം വെളിവാക്കി.

ഇക്കൊല്ലം ഫെബ്രുവരിയിൽ ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ത, പങ്കാളി ഗീത ഹരിഹരൻ, എഡിറ്റർ പ്രഞ്ജാൾ എന്നിവരെ ബന്ദികളാക്കി ‘ന്യൂസ് ക്ലിക്കി’ന്റെ ഒഫീസ് നാലുദിവസമാണ് ഇ.ഡി. തുടർച്ചയായി റെയ്ഡ് ചെയ്തത്. എൻ.ഡി.റ്റി.വി.യിലടക്കം റെയ്ഡുകൾ വേറെയും നടന്നു. സാമ്പത്തികാരോപണക്കേസുകളും ചുമത്തി. റ്റീസ്റ്റ സെതിൽവാഡിനോടു ചെയ്തതുമാതിരിയുള്ള പ്രതികാരമാണെന്നാണു സ്വതന്ത്രമാദ്ധ്യമങ്ങൾ ഇവയെ വിലയിരുത്തിയത്. എന്നാൽ, ഗോദി മാദ്ധ്യമങ്ങളാകട്ടെ ഔദ്യോഗികഭാഷ്യം പ്രചരിപ്പിച്ച് മാദ്ധ്യമസ്വാതന്ത്ര്യം അപകടപ്പെടുത്താൻ അരുനില്ക്കുകയാണു ചെയ്തത്!

ബിജെപിയോട് ആഭിമുഖ്യമില്ലാത്ത കോർപ്പറേറ്റ് മാദ്ധ്യമങ്ങളെയും കോർപ്പറേറ്റ് താത്പര്യങ്ങളില്ലാതെ സ്വതന്ത്രമാദ്ധ്യമപ്രവർത്തനം നടത്തുന്ന, ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും പക്ഷത്തു നില്ക്കുന്ന, വഴങ്ങാത്ത സ്ഥാപനങ്ങളെയും ഭയപ്പെടുത്തി വരുതിയിലാക്കുകയാണ് ഇതിലൂടെയെല്ലാം സംഘപരിവാറും അവരുടെ ഭരണസംവിധാനവും ചെയ്യുന്നത്.

കേരളത്തിലെ അധികരോഗം

കേരളത്തിലെ മാദ്ധ്യമങ്ങളുടെ കാര്യത്തിലും ഇതെല്ലാംതന്നെയാണു ബാധകമായുള്ളത്. ദേശീയമാദ്ധ്യമങ്ങളിലെപ്പോലെ ഇവയും കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. ഇവയിൽ പണിയെടുക്കുന്ന മാദ്ധ്യമപ്രവർത്തകരിൽ പ്രതിലോമരാഷ്ട്രീയത്തിന്റെ വക്താക്കൾ സ്വന്തം രാഷ്ട്രീയാജൻഡ നടപ്പാക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. കേരളത്തിൽ ഇടയ്ക്കിടെ അധികാരം കിട്ടാൻ സാദ്ധ്യതയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി മുതലാളിത്തത്തിന് എതിരാണ് എന്നതിനാൽ തുടക്കം‌മുതലേ കേരളത്തിലെ മുഖ്യമാദ്ധ്യമങ്ങൾ വലതുപക്ഷം ചേരുകയും ഇടതിനെതിരായ നിരന്തരാക്രമണം നടത്തുകയും ചെയ്തുവന്നിരുന്നു എന്ന സവിശേഷസാഹചര്യം‌കൂടി ഇതിനോടു ചേർത്തുവച്ചാൽ കേരളത്തിലെ മാദ്ധ്യമങ്ങളുടെ വിചിത്രപെരുമാറ്റത്തിന്റെ സാംഗത്യം മനസിലാകും. സംസ്ഥാനതലത്തിൽ കോൺഗ്രസിനായി പ്രവർത്തിച്ചുവന്ന മാദ്ധ്യമസ്ഥാപനങ്ങൾ ബിജെപിയുടെ താത്പര്യസംരക്ഷണത്തിനു മുതിരുന്നത് റെയ്ഡിനെയും മറ്റും ഭയക്കേണ്ട സാഹചര്യം അവയ്ക്കുള്ളതുകൊണ്ടാണോ എന്നതും പ്രത്യേകം പരിശോധിക്കാവുന്നതാണ്. (കേരളത്തിലെ മാദ്ധ്യമസാഹചര്യം വിലയിരുത്തി ‘മീഡിയ’ മാസികയിൽ ഈ ലേഖകൻ എഴുതിയ ലേഖനത്തിന്റെ ശബ്ദം: റേഡിയോ കേരളയിൽ ലേഖനത്തിന്റെ ശബ്ദരേഖ . ലേഖനത്തിന്റെ പൂർണ്ണരൂപം: ‘അപ്രസക്തമാകുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ’ .)

മതരാഷ്ട്രം ലക്ഷ്യമാക്കിയ പ്രത്യയശാസ്ത്രം, അതിനായി ഏകാധിപത്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയപ്പാർട്ടി, അവരുടെ നേതൃത്വത്തിൽ ജനങ്ങളെ ഭയക്കുകയും ശത്രുക്കളാക്കി വേട്ടയാടുകയും ചെയ്യുന്ന ഭരണസംവിധാനം – ഈ വിപത്തിനെതിരായ ജനകീയപോരാട്ടത്തിന്റെ ആയുധമാകേണ്ട മാദ്ധ്യമങ്ങളുടെ ഇന്നത്തെ നിലയാണിത്. സത്യാനന്തരകാലം എന്നു വിളിപ്പേരുള്ള ഇക്കാലത്ത് ഒരു കുറ്റബോധവുമില്ലാതെ നിരന്തരം വ്യാജവാർത്ത സൃഷ്ടിച്ചു പ്രചരിപിക്കുകയാണ് കുത്തകമാദ്ധ്യമങ്ങൾ.

ജനങ്ങൾക്കു മാദ്ധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ആധികാരികത ഉറപ്പാക്കാൻ മാർഗ്ഗമില്ലാത്ത സമൂഹമാദ്ധ്യമങ്ങളെ കാര്യങ്ങൾ അറിയാൻ ആശ്രയിക്കേണ്ട ദുഃസ്ഥിതിയിലാണവർ. ഈ സമൂഹമാദ്ധ്യമങ്ങളും ദേശീയതലത്തിൽ നുണകളുടെയും വിദ്വേഷത്തിന്റെയും കൂത്തരങ്ങാണ്. അതിലും തങ്ങളുടെ താത്പര്യങ്ങൾക്കെതിരായി വരുന്ന അഭിപ്രായങ്ങൾ തടയാൻ നിയമവും നിയന്ത്രണവും സർക്കാർ അടിച്ചേല്പിക്കുന്നു. ഇതിനായി അവയുടെ ഉടമസ്ഥരായ കുത്തകകളെയും ഭയപ്പെടുത്തുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നു.  ചുരുക്കത്തിൽ ജനാധിപത്യം എല്ലാ നിലയിലും അപകടത്തിലാണ്.

ഭരണപരാജയം മോഡിക്കെതിരെ ജനവികാരം വളർത്തുന്ന സാഹചര്യത്തിൽ കോർപ്പറേറ്റുകളും അവരുടെ മാദ്ധ്യമങ്ങളും പുതിയ ബദൽ തേടിയേക്കാമെന്ന സായ്‌നാഥിനെപ്പോലുള്ളവരുടെ നിരീക്ഷണം ശരിയാകാമെങ്കിലും ആ ബദൽ ജനങ്ങൾക്കു വേണ്ടിയുള്ള ബദലാവില്ല, കോർപ്പറേറ്റുകൾക്ക് ഇതിലും ക്രൂരമായി അവരുടെ അജൻഡകൾ നടപ്പാക്കാൻ സഹായിക്കുന്ന ബദലാകും അതെന്ന് ഓർക്കണം. ജനങ്ങളുടെ ബദലിനുള്ള വഴി നാംതന്നെ തേടേണ്ടതുണ്ട്.