അക്കങ്ങളിൽ പൊലിയുന്ന ജനാധിപത്യം
മനോജ് കെ. പുതിയവിള
[പുരോഗമന കലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം‘ മാസികയുടെ 2022 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]
ഇൻഡ്യയിൽ നിലനില്ക്കുന്നതു ജനാധിപത്യമാണോ? ആണെങ്കിൽ സർക്കാരുകളുടെ ബജറ്റിൽ ജനങ്ങളുടെ ആധിപത്യം പ്രതിഫലിക്കേണ്ടേ? എന്നാൽ എന്താണു സ്ഥിതി? ആധിപത്യം പോയിട്ട്, പ്രാതിനിദ്ധ്യമെന്നല്ല, പരിഗണനപോലും ഉണ്ടാകുന്നില്ല. അവഗണനയും പ്രതികാരവും മാത്രം നേരിടുന്ന ജനത്തിന് എന്ത് ആധിപത്യമാണുള്ളത്!
ഇൻഡ്യയുടെ ഒരു ബജറ്റുകൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യപ്രാപ്തിയുടെ മുക്കാൽ നൂറ്റാണ്ടിന്റെ അമൃതമഹോത്സവം ഘോഷിച്ചും ‘സ്വാതന്ത്ര്യശതാബ്ദിയിലേക്ക് ഇനിയുള്ള കാൽ നൂറ്റാണ്ടിനുള്ള വികസനം ലക്ഷ്യമാക്കി’ എന്നു സ്വയം വിശേഷിപ്പിച്ചും മാദ്ധ്യമങ്ങൾ ഏറ്റുചൊല്ലിയും ആയിരുന്നു ഇത്തവണത്തെ അവതരണം. ബജറ്റിന്റെ സാമ്പത്തിക ഉള്ളടക്കത്തെപ്പറ്റി ആ രംഗത്തെ വിദഗ്ദ്ധരും രാഷ്ട്രീയനേതാക്കളും ധാരാളം എഴുതുകയും പറയുകയും ചെയ്തുകഴിഞ്ഞു. ബജറ്റിന്മേലുള്ള ചർച്ചയുടെ റിപ്പോർട്ടുകളും വരും. അതിനാൽ അത് ഇവിടെ വിഷയമാക്കുന്നില്ല. മുക്കാൽ നൂറ്റാണ്ടു തികഞ്ഞ ഇൻഡ്യയുടെ ബജറ്റ് ഉയർത്തിയ ചില ചിന്തകൾ മാത്രം പങ്കുവയ്ക്കട്ടെ!
ആരുടെ ബജറ്റ്?
ജനാധിപത്യം എന്നത് ഒരു ഭരണവ്യവസ്ഥ മാത്രമല്ല, മൂല്യംകൂടിയാണ്. ജനങ്ങൾ ഭരണത്തിന്റെ അധിപരായിരിക്കുക എന്നാൽ ജനങ്ങളുടെ താത്പര്യങ്ങൾ പരിപാലിക്കപ്പെടുക എന്നതാണല്ലോ സംഭവിക്കേണ്ടത്. എന്നാൽ, ജനങ്ങൾ എന്ന ഗണത്തിലെ മഹാഭൂരിപക്ഷമായ ദരിദ്രർ, ദളിതരുൾപ്പെടെയുള്ള അരികുവത്ക്കരിക്കപ്പെട്ടവർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ, കർഷകത്തൊഴിലാളികൾ, കൈത്തൊഴിലുകാർ, കൂലിവേലക്കാർ, നാമമാത്ര-ചെറുകിട-ഇടത്തരം കർഷകർ, ഫാക്റ്ററിത്തൊഴിലാളികൾ, സ്വകാര്യ-സർക്കാർ മേഖലകളിലെ ശമ്പളക്കാർ, ഇടത്തരക്കാർ, ചില്ലറവ്യാപാരികൾ, ചെറുകിടവ്യവസായക്കാർ തുടങ്ങിയവരൊക്കെയാണല്ലോ. ഇവരുടെയൊന്നും താത്പര്യങ്ങൾ പരിഗണിക്കപ്പെടാത്ത വ്യവസ്ഥ എങ്ങനെ ജനാധിപത്യമാകും? ഇതേ ചോദ്യം കൂടുതൽ ശക്തിയോടെ ഉയർത്തുന്നതാണ് ഇത്തവണത്തെയും യൂണിയൻ ബജറ്റ്. ഈ വിഭാഗങ്ങളെയെല്ലാം മറന്ന ജനാധിപത്യവിരുദ്ധ, ജനവിരുദ്ധ ബജറ്റ്.
റ്റിവിയിൽ നാം കേൾക്കുന്നത് ബജറ്റ് പ്രസംഗമാണ്. സർക്കാർതന്നെ നല്കുന്ന ഹൈലൈറ്റ്സ് ആണു പത്രമാദ്ധ്യമങ്ങളിൽ കാണുന്നത്. രണ്ടും ബജറ്റ് എന്ന ബൃഹദ്രൂപത്തിൽനിന്ന് പരസ്യമായി പറഞ്ഞാൽ നേട്ടമുണ്ടാകും എന്ന് അതിന്റെ അവതാരകർ കരുതുന്ന കാര്യങ്ങൾ മാത്രമെടുത്ത് ലളിതമായി അവതരിപ്പിക്കുന്ന രേഖകൾ മാത്രമാണ്. എൺപതോ നൂറോ പേജു വരുന്ന ആ പ്രസംഗമോ ഹൈലൈറ്റ്സോ അല്ല ബജറ്റ്. ആയിരക്കണക്കിനു പേജുകൾ അടങ്ങുന്നതാണ് ബജറ്റ്. ബജറ്റ് പ്രസംഗം, വാർഷികധനകാര്യപ്രസ്താവന എന്ന സാക്ഷാൽ ബജറ്റ്, ധനബിൽ, ധനാഭ്യർത്ഥനകൾ എന്നുതുടങ്ങിയ ബൃഹത്തും സങ്കീർണ്ണവുമായ 14 ബജറ്റ് രേഖകൾ. എല്ലാം ഭരണഘടനപ്രകാരം ഉള്ളവ.
മൊത്തത്തിൽ പരിഗണിച്ചാൽ അക്ഷരങ്ങളെക്കാൾ കൂടുതൽ അക്കങ്ങളായിരിക്കും. നാടിന്റെയും ജനതയുടെയും ഭാവി നിർവ്വചിക്കുന്ന സംഖ്യാജാലം. അതുമുഴുവൻ പരിശോധിച്ചാലേ ബജറ്റിൽ എന്തെല്ലാമുണ്ടെന്നു മനസിലാകൂ. പ്രതിലോമകരമായതെല്ലാം അതിലാകും ഉണ്ടാകുക. കോർപ്പറേറ്റ്, ഗോദി മാദ്ധ്യമങ്ങൾ അതൊന്നും പരിശോധിക്കാനോ കുഴപ്പങ്ങൾ കണ്ടാൽത്തന്നെ മിണ്ടാനോ മുതിരില്ലല്ലോ. ഈ അവസ്ഥയും ബജറ്റിനെ അക്ഷരാർത്ഥത്തിൽ ജനങ്ങളിൽനിന്ന് അന്യവത്ക്കരിക്കുന്നതാണ്.
ബജറ്റവതരണം കഴിഞ്ഞാലുടൻ അതത്രയും പാർലമെന്റ് അംഗങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും ലഭ്യമാക്കുകയാണു പതിവ്. ഇത്തവണ ബജറ്റ് ‘പേപ്പർ ലെസ്’ ആക്കിയതിനാൽ അതു മുഴുവൻ ഡൗൺലോഡ് ചെയ്തു വായിക്കേണ്ട സ്ഥിതിയാണ് അതിനെ തലനാരിഴ കീറി പരിശോധിക്കേണ്ട സാമാജികർക്ക് ഉണ്ടായത്. ബജറ്റിന്റെ തലേന്നു പാർലമെന്റിൽ പ്രസിദ്ധീകരിക്കുന്ന അതിബൃഹത്തായ ‘ഇക്കണോമിക് സർവ്വേ’യും ഇത്തവണ ഓൺലൈനിൽ മാത്രമാക്കി. ഇതെല്ലാം പഠിക്കാൻ മൊബൈൽ ഫോൺ ആപ്പാണ് വയോധികരടക്കമുള്ള സാമാജികർക്കു യൂണിയൻ സർക്കാർ നല്കിയത്! പാർലമെന്റിന്റെ കാര്യോപദേശകസമിതി യോഗത്തിൽ ഇക്കാര്യം ശക്തിയായി ഉന്നയിച്ച സാമാജികർ ഫലത്തിൽ വിരൽ ചൂണ്ടിയത് ഇതിലെ ജനാധിപത്യവിരുദ്ധതയിലേക്കാണ്.
പേപ്പർ ലെസ് ആകുന്നത് പാരിസ്ഥിതികമായും സാമ്പത്തികമായും സാങ്കേതികവിദ്യാപരമായും നല്ലതാണെങ്കിലും ലക്ഷംകോടികളുടെ കണക്കും രാജ്യത്തിന്റെ ഭാവിയും വ്യവഹരിക്കുന്ന കാര്യത്തിൽ ആ പരിഗണനകൾക്കു മീതെ ജനാധിപത്യാവശ്യം തന്നെയാണു വരിക. മാത്രവുമല്ല, മഹാഭൂരിപക്ഷം സാമാജികരും ഇവയെല്ലാം സ്വന്തമായി പ്രിന്റൗട്ട് എടുക്കുകയാണെങ്കിൽ ഉണ്ടാകുന്ന ചെലവും പാരിസ്ഥിതികാഘാതവും കൂടുതലായിരിക്കുമെന്നതും കാണണം. ഇതിന്റെ ബുദ്ധിമുട്ടിനെപ്പറ്റി എംപിമാർ സ്പീക്കർ വഴി സർക്കാരിനെ അറിയിച്ചതുമാണ്.
ഇപ്പോൾ രാജ്യം ഭരിക്കുന്ന സർക്കാർ നിലവിലെ ഭരണഘടനയെയും അതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടതും നടന്നുവരുന്നതുമായ സകലതിനെയും എങ്ങനെയാണു കാണുന്നതെന്നു നമുക്കറിയാം. ആസൂത്രണക്കമ്മിഷൻ മുതൽ കോടതികളും സൈനികമേധാവിത്വവും പാർലമെന്ററി നടപടികളും ഫെഡറലിസവും മതനിരപേക്ഷതയും പൗരത്വനിയമവും കശ്മീരിന്റെ പ്രത്യേകപദവിയും പോലുള്ള നിയമങ്ങളും വഴി സകലതും ബെടക്കാക്കി തനിക്കാക്കുകയാണ്. മുസ്സോളിനിയിൽനിന്നു പഠിക്കുകയും നടപ്പാക്കേണ്ടതെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്ത സമഗ്രാധിപത്യസംവിധാനത്തിന് ഇണങ്ങുംവിധം മാറ്റിത്തീർക്കലോ ഇല്ലാതാക്കലോ ആണ് അവർ ചെയ്തുവരുന്നത്. നിലനിന്നതിന്റെ ഓർമ്മകൾ പോലും ഇല്ലാതാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് അതിനെല്ലാം സാക്ഷിയായ പാർലമെന്റ് മന്ദിരംതന്നെ ഇല്ലാതാക്കുന്നത്. ഓരോ പ്രവൃത്തിയിലും അവർ കാണിക്കുന്ന ഈ സമീപനംതന്നെയാണ് ബജറ്റിന്റെ കാര്യത്തിലും കാണുന്നത്.
അതിന്റെ ഒരു ഉദാഹരണംകൂടി പറയാം. ക്രിപ്റ്റോ കറൻസിക്കു ബജറ്റിൽ നികുതി പ്രഖ്യാപിച്ചതാണത്. ഇതുവരെ ക്രിപ്റ്റോ കറൻസിയെ നിയമവിധേയമാക്കുകയോ അതിനായി നിയമം നിർമ്മിക്കുകയോ നിയന്ത്രണസംവിധാനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ നിയമപരമല്ലാത്ത ഒന്നിനു നികുതി ചുമത്തി അംഗീകാരം നല്കുന്നത് നിലവിലെ ജനാധിപത്യതത്ത്വങ്ങൾക്കു വിരുദ്ധമാണ്. സഭകളെ മറികടന്നു നിയമങ്ങൾ പാസാക്കിയെടുക്കാൻപോലും മടിക്കാത്ത കൂട്ടരിൽനിന്ന് നാം ഇനി എന്തെല്ലാം പ്രതീക്ഷിക്കണം!
ഫെഡറലിസമാണ് സംഘപരിവാറിനു സ്വീകാര്യമല്ലാത്ത മറ്റൊന്ന്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം നടപ്പുബജറ്റിൽ മൊത്തം ദേശീയോത്പാദനത്തിന്റെ 6.91% ആയിരുന്നത് പുതിയബജറ്റിൽ 6.25% ആയിരിക്കുന്നു!
ഈ തകിടംമറിക്കലുകൾ നമ്മെ എവിടെക്കൊണ്ട് എത്തിക്കും, ജനാധിപത്യത്തെ എങ്ങനെയെല്ലാം അപകടത്തിൽ പെടുത്തും, ഈ ഭരണം മാറിയാൽത്തന്നെ ഇതൊക്കെ എങ്ങനെ തിരുത്തപ്പെടും, തിരുത്താൻ താത്പര്യമോ ഇച്ഛാശക്തിയോ ഉള്ളവരാകുമോ പകരം വരിക, തിരുത്തലുകൾക്കുമപ്പുറമുള്ള മെച്ചപ്പെടലുകളിലേക്കു നമ്മുടെ രാജ്യം വളരുമോ... ഇതൊക്കെയാണു ഭയപ്പെടുത്തുന്ന ചിന്തകൾ.
ജനാധിപത്യബജറ്റിലെ ജനം
എഴുപത്തഞ്ചു സ്വതന്ത്ര(?)വർഷങ്ങൾ പിന്നിട്ട ഇൻഡ്യയുടെ ബജറ്റവതരണം നടന്ന സെഷനിൽ ബജറ്റുചർച്ചയ്ക്കുമുമ്പ് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയിൽ ഉയർന്ന പ്രധാനവിഷയങ്ങൾ എന്തൊക്കെയാണെന്നോ? ദുസ്സഹമായി വളർന്നുകൊണ്ടിരിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, ജോലി നഷ്ടപ്പെടൽ, വിലക്കയറ്റം, കർഷകാത്മഹത്യ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ നേരിടുന്ന തകരൽ അടക്കമുള്ള വെല്ലുവിളികൾ, ഇന്ധനവിലവർദ്ധന,പൊതുമേഖല വിറ്റുതുലയ്ക്കൽ, വർഗ്ഗീയാസ്വാസ്ഥ്യങ്ങൾ, അപകടകരമായ വിദേശനയം തുടങ്ങിയവയൊക്കെയാണ്.
മാനുഫാക്ചറിങ് മേഖലയിൽമാത്രം 46% പേർക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. ദരിദ്രരുടെ എണ്ണം ഇരട്ടിയായിരിക്കുന്നു – 3.40 കോടി. സഭയിൽ ഉയർത്തപ്പെട്ട ഈ കണക്കുകളിലുണ്ട് രാജ്യത്തിന്റെ തകർച്ചയുടെ ഭീദിതമുഖം.
ഈ ദിവസങ്ങളിലാണ് സ്ത്രീസുരക്ഷ സംബന്ധിച്ച ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് സഭയിൽ വന്നത്. നിർഭയ ഫണ്ടിന്റെ വിനിയോഗമില്ലായ്മയായിരുന്നു അതിലെ ഹൈലൈറ്റ്. നടപ്പാക്കുന്നതായി ഘോഷിക്കുന്ന പദ്ധതികളുടെ നിജസ്ഥിതിയുണ്ട് ഇതിൽ. ഇതോടൊപ്പം, ഇതേ സമ്മേളനത്തിൽ ജോൺ ബ്രിട്ടാസിന്റെ ഒരു ചോദ്യത്തിനു കിട്ടിയ ഉത്തരത്തിലുമുണ്ട് മുക്കാൽ നൂറ്റാണ്ടിലെ സ്ത്രീമുന്നേറ്റത്തിന്റെ ചിത്രം. 2022 ജനുവരി 28-ലെ കണക്കുപ്രകാരം സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ 34 തസ്തികയിൽ നാലുപേരാണു സ്ത്രീകൾ. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി അനുവദിച്ചിട്ടുള്ള 1098 ജഡ്ജിമാരുടെ തസ്തികകളിലുള്ളത് 34 വനിതകളും.
മറ്റൊരു ചോദ്യത്തിന്റെ ഉത്തരമായി സഭ കേട്ടത് കഴിഞ്ഞ ബജറ്റിൽ വിദ്യാഭ്യാസത്തിനു പ്രഖ്യാപിച്ച 93,224 കോടിരൂപയിൽ 56,567 കോടി മാത്രമാണ് സാമ്പത്തികവർഷം തീരാൻ രണ്ടുമാസം മാത്രം ബാക്കിനില്ക്കെ 2022 ഫെബ്രുവരി 2 വരെ വിനിയോഗിച്ചത് എന്നാണ്.
എന്നാൽ മുന്നിൽത്തന്നെ രൗദ്രഭാവത്തിൽ നില്ക്കുന്ന ഈ വിഷയങ്ങളോടെല്ലാം പുറംതിരിഞ്ഞു നില്ക്കുകയാണ് സമീപകാലത്തെ എല്ലാ ബജറ്റുകളും.
മുക്കാൽ നൂറ്റാണ്ടുകൊണ്ട് പൊതുമേഖലയും മറ്റുമെല്ലാം അടങ്ങുന്ന രാജ്യത്തിന്റെ സമ്പത്തിന്റെ 57 ശതമാനവും പത്തു ശതമാനത്തിന്റെ കൈയിലായിരിക്കുന്നു. ധനിക-ദരിദ്രവ്യത്യാസം അത്യാപത്ക്കരമായി വർദ്ധിക്കുന്നതിൽ ലോകമെങ്ങുമുള്ള മുതലാളിത്തത്തെ അനുകൂലിക്കുന്നവരടക്കമുള്ള വികസന-സാമ്പത്തികവിദഗ്ദ്ധരും ഏജൻസികളുമൊക്കെ എത്രയോ കാലമായി ഉത്ക്കണ്ഠപ്പെടുന്നു! ഈ പശ്ചാത്തലത്തിൽ, ‘ക്യാപ്പിറ്റൽ ഇൻ ദ് റ്റ്വെന്റി-ഫസ്റ്റ് സെഞ്ചുറി’ എഴുതിയ തോമസ് പിക്കെറ്റിയടക്കം, നിരവധിപേർ മുന്നോട്ടുവച്ച നിദ്ദേശമാണ് ആദായനികുതി (income tax) നിർത്തലാക്കി സ്വത്തുനികുതി (wealth tax) നടപ്പാക്കുക എന്നത്. വരുമാനം നേടുന്നതല്ല അതു കുന്നുകൂട്ടുന്നതാണു നിരുത്സാഹപ്പെടുത്തേണ്ടത് എന്നു ലളിതം. ‘പെരുംലാഭങ്ങൾ’ക്ക് ഉയർന്ന നികുതി ചുമത്തി ആ ധനംകൊണ്ടു ദരിദ്രരുടെ ക്ഷേമം ഉറപ്പാക്കണമെന്ന നിർദ്ദേശവും ഉണ്ട്. എന്നാൽ, ആ വഴിക്കൊന്നുമുള്ള ആലോചനപോലും ഇല്ല കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാരിന്.
2007-ലെ ആഗോളമാന്ദ്യത്തെ ഇൻഡ്യ അതിജീവിച്ചത് നമ്മുടെ ശക്തമായ പൊതുമേഖലകൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രിയാണ്. അദ്ദേഹവും പിന്നാലെവന്ന മോഡിയും രാജ്യത്തിന്റെ നിലനില്പിന്റെ ഈടുകൾ പണ്ടത്തേതിന്റെ പിന്നത്തേതായി വിറ്റുതുലയ്ക്കുകയാണ്. ബിജെപി സർക്കാർ സൃഷ്ടിച്ച ഭീഷണമായ ഇന്നത്തെ സാമ്പത്തികത്തകർച്ച തുടർന്നാൽ അതിജീവിക്കാനുള്ള അവസാനപ്രതീക്ഷയാണ് ഇതിലൂടെ ഇല്ലാതാക്കുന്നത്. ഒന്നും ചെയ്യാൻ കഴിയാത്ത, മൂലധനത്തിന്റെ ഫെസിലിറ്റേറ്റർ മാത്രമായ, സംവിധാനം എന്ന നിലയിലേക്കു സർക്കാരിനെ അധഃപതിപ്പിക്കാനുള്ള കോർപ്പറേറ്റ് അജൻഡയാണ് ഇതിലൂടെ നിർവ്വഹിക്കപ്പെടുന്നതെന്ന് പ്രതിപക്ഷകക്ഷികളിൽപ്പോലും പലർക്കും മനസിലാകാത്തതല്ല. അവരും ഇതേ ചങ്ങാത്തമുതലാളിത്തത്തിലെ ചങ്ങാതിമാരാണ് എന്നതാണ് ഇക്കാര്യങ്ങളൊക്കെ എന്നു തിരുത്തപ്പെടും എന്ന ഉത്ക്കണ്ഠയ്ക്ക് ഉത്തരമില്ലാതാക്കുന്നത്.
കോവിഡുമൂലം നട്ടെല്ലു തകർന്നുകിടക്കുന്ന മനുഷ്യജീവിതത്തിനും സമ്പദ്ഘടനയ്ക്കും ആശ്വാസമാകാൻ നഗരതൊഴിലുറപ്പുപദ്ധതി പ്രഖ്യാപിക്കും എന്നു പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ലെന്നു മാത്രമല്ല, നിലവിലുള്ള ഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ തുകയിൽ 25,000 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഭക്ഷ്യ, ഇന്ധന, രാസവള സബ്സിഡികളിലും ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയവയ്ക്കുള്ള ധനത്തിലും കുറവുവരുത്തി. കുറഞ്ഞ താങ്ങുവിലയ്ക്കായി പോരാടുന്ന കർഷകർക്കു ‘പണി’ കൊടുത്തുകൊണ്ട് ഫുഡ് കോർപ്പറേഷൻ വഴിയും വികേന്ദ്രീകൃതമായുമുള്ള ഭക്ഷ്യധാന്യസംഭരണത്തിനുള്ള പദ്ധതികളിൽ 28% ആണു വെട്ടിക്കുറച്ചത്. പന്ത്രണ്ടരക്കോടി കർഷകുടുംബങ്ങൾക്ക് 6000 രൂപവീതം കൊടുക്കുന്ന പിഎം-കിസാൻ പദ്ധതിക്കു വേണ്ട 75,000 കോടിക്കുപകരം 68,000 കോടിരൂപയേ അനുവദിച്ചിട്ടുള്ളൂ. പട്ടികവിഭാഗം കുട്ടികളുടെ പോഷണത്തിനുള്ള പണത്തിലും പൊതുവിൽ കുട്ടികളടക്കം പരിഗനനവേണ്ട എല്ലാ വിഭാഗങ്ങളുടെയും പദ്ധതികളിലും വെട്ടിക്കുറവാണുള്ളത്. തുക കൂട്ടി എന്നു പറയുന്ന പദ്ധതികളിൽപ്പോലും മൊത്തം ദേശീയവരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കുറയുകയാണു ചെയ്തിട്ടുള്ളത് എന്നും കാണാം. ഇതൊക്കെ കുറയ്ക്കലുകളിൽ ചിലതുമാത്രം.
ബജറ്റിന്റെ ഉള്ളടക്കം എത്രമാത്രം ജനാധിപത്യപരമാണ് എന്നു മനസിലാക്കാൻ മാത്രമാണ് ഈ കണക്കുകൾ ഉദ്ധരിച്ചത്. മഹാഭൂരിപക്ഷവും മേല്പറഞ്ഞ വിഭാഗങ്ങളാണെന്നിരിക്കെ അവരുടെ കാര്യം പരിഗണിക്കാത്ത സർക്കാരിന്റെ മുൻഗണനകളും പരിഗണനകളും എവിടെ നില്ക്കുന്നു എന്നാണു തിരിച്ചറിയേണ്ടത്. പിഎം കെയറും അച്ഛാ ദിനും എല്ലാം കോർപ്പറേറ്റുകൾക്കുമാത്രം. അവർക്കാണ് ഇളവുകളും സഹായങ്ങളുമെല്ലാം. അടുത്ത തെരഞ്ഞെടുപ്പിനു ചെലവാക്കാനുള്ള ഫണ്ടു കണ്ടെത്താനുള്ള സേവയ്ക്കപ്പുറം ഒന്നും സർക്കാരിനെ നയിക്കുന്നവരുടെ ലക്ഷ്യമല്ല. ‘രാജ്യം വിറ്റും പണം നേടിക്കൊണ്ടാൽ വോട്ടൊക്കെ ആ പണം നേടിത്തരും’ എന്ന മനോഭാവം, പക്ഷെ, ഇനി എത്രകാലം ഓടും എന്നത് ഇപ്പോൾ നടക്കുന്ന സംസ്ഥാനതെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോഴേ അറിയാനാകൂ.
സാംസ്ക്കാരികം
‘സാഹിത്യസംഘം’ വായനക്കാർക്കു താത്പര്യം ഉണ്ടാകാവുന്ന സാംസ്ക്കാരികരംഗത്തെ ബജറ്റുവിശേഷംകൂടി നോക്കാം. സാംസ്ക്കാരികരംഗത്തിനുള്ള വിഹിതം 2021-22-ലെ ബജറ്റ് എസ്റ്റിമേറ്റായ 2,687.99 കോടി രൂപയിൽനിന്ന് 11.9 % ഉയർത്തി 3,009.05 കോടി രൂപയാക്കി എന്നാണു മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, കഴിഞ്ഞകൊല്ലത്തെ വിഹിതം മുൻവർഷത്തെ വിഹിതമായ 3,149.86 കോടി രൂപയെക്കാൾ 15% കുറവായിരുന്നു എന്നതാണു വസ്തുത. മാത്രവുമല്ല, പ്രഖ്യാപിക്കുന്ന തുക മുഴുവൻ വിനിയോഗിക്കാത്ത സ്ഥിതിയുമുണ്ട്. 2021-22-ലെ പുതുക്കിയ എസ്റ്റിമേറ്റ് 2,665 കോടി രൂപ മാത്രമായിരുന്നു. ബജറ്റ് എസ്റ്റിമേറ്റിലും 22.99 കോടി കുറവ്.
ഇതിൽ 106 കോടി രൂപ നേപ്പാളിലെ ലുംബിനിയിൽ ബുദ്ധവിഹാരം നിർമ്മിക്കാൻ ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷനുള്ളതാണ്. മറ്റൊരു 100 കോടി രൂപ നരേന്ദ്രമോഡിയുടെ ജന്മസ്ഥലമായ വഡ്‌നഗറിൽ 200 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആർക്കിയോളജിക്കൽ മ്യൂസിയത്തിനുള്ളതാണ്. ലോകത്തേതന്നെ ഏറ്റവും വലുതെന്നൊക്കെ വിശേഷിപ്പിക്കുന്ന ഈ മ്യൂസിയത്തെപ്പറ്റി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിവരണത്തിൽനിന്നു മനസിലാകുന്നത് അവിടെ ഒരുക്കുന്നത് ആ നാടിന്റെ 2200 കൊല്ലത്തെ ചരിത്രമെന്നും ബിസിഇ മൂന്നാം നൂറ്റാണ്ടുമുതലുള്ള നാണയങ്ങൾ, സിഇ നാലുമുതൽ എട്ടുവരെയുള്ള നൂറ്റാണ്ടുകളിലെ സീലുകൾ, ടെറാക്കോട്ട, ഇരുമ്പ്, ചെമ്പ് സാമഗ്രികളും പ്രതിച്ഛായകളും മറ്റും എന്നൊക്കെയാണ്. ഇതു കണ്ടിട്ട്, ഹരപ്പ-മോഹൻജൊദാരോ സംസ്ക്കാരങ്ങൾക്കു ശേഷമുണ്ടായ ഉള്ള ആര്യൻ കുടിപാർപ്പു മുതൽ മുഗൾ, ബ്രീട്ടിഷ് ഭരണകാലത്തിനു മുമ്പുവരെയുള്ള പുരാവസ്തുക്കൾ മാത്രമാണോ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല.
ശേഷിക്കുന്നതിൽ 1080.34 കോടി രൂപയും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയ്ക്കാണ്. ബിജെപി ഭരണം തുടങ്ങുന്നതിനു മുമ്പുള്ളതിന്റെ ഇരട്ടിയോടടുത്ത തുകയാണിത്. 2013-14-ൽ 577.30 കോടി രൂപയായിരുന്നു വിഹിതം. നടപ്പുവർഷം 1042.63 കോടി രൂപയും. ആഫ്രിക്കയിൽ പിറവികൊണ്ട ഹോമോസാപ്പിയൻസ് എന്ന മനുഷ്യവംശത്തിന്റെ വലിയസംഘങ്ങളുടെ ഇൻഡ്യൻ ഭൂമേഖലയിലേക്കുള്ള അറിയപ്പെടുന്ന രണ്ടാം വരവ് ബിസിഇ 500-ഓടെ ആണെന്നാണല്ലോ ചരിത്രം പറയുന്നത്. ആര്യന്മാർ എന്ന് അവർതന്നെ വിശേഷിപ്പിച്ചുവരുന്ന ആ മനുഷ്യഗോത്രങ്ങളുടെ വരവിനുമുമ്പ് ഈ ഭൂമേഖലയിൽ മഹത്തായൊരു സംസ്ക്കാരം സൃഷ്ടിച്ചു പാർത്ത ഹരപ്പ-മോഹൻജോദാരോ ജനതയെപ്പറ്റിയുള്ള ഉദ്‌ഘനനഗവേഷണങ്ങൾ കുറേക്കാലമായി പലതരം പ്രതിസന്ധി നേരിടുകയാണെന്നു ഗവേഷകർ പറയാറുണ്ട്.
ആ സംസ്ക്കാരം വ്യാപിച്ചുകിടന്ന മേഖലയിലുള്ള പാക്കിസ്താനുമായി ഇൻഡ്യയ്ക്കു നല്ല ബന്ധം അല്ലാത്തതിനാൽ ഇരു രാജ്യങ്ങളും ഗവേഷണവിവരങ്ങൾ പരസ്പരം കൈമാറാത്തതാണ് ഒരു പ്രശ്നം. ആ സംസ്ക്കാരത്തെ അവഗണിക്കാനും ആര്യൻ സംസ്ക്കാരമാണ് തനിഭാരതീയസംസ്ക്കാരം എന്നു സ്ഥാപിക്കാനുമുള്ള സംഘപരിവാർ അജൻഡയാണ് മറ്റൊരു പ്രശ്നം. പുരാണകഥാപാത്രങ്ങളായ രാമന്റെയും കൃഷ്ണന്റെയുമൊക്കെ ജന്മസ്ഥലങ്ങൾ തേടാനുള്ള നിരർത്ഥകോദ്യമങ്ങളും ചരിത്രഗതിയിൽ മണ്ണടിഞ്ഞതോ ഉപേക്ഷിച്ചതോ തകർത്തതോ ഒക്കെയായി പറയപ്പെടുന്ന അപ്രധാനമായ ആരാധനാലയങ്ങളുടെപോലും ഇല്ലാത്ത അടിത്തറകൾ കണ്ടുപിടിക്കാനുള്ള വിദ്ധ്വംസകോദ്യമങ്ങളും ഒക്കെയായി നമ്മുടെ പുരാവസ്തുഗവേഷണം വഴിതെറ്റുന്നതും അധഃപതിക്കുന്നതും ഇതേകാലത്തു നാം കണ്ടു. ആ നിലയ്ക്ക് ഈ ‘ഇരട്ടിയാക്കലും’ കുറെ അഭ്യൂഹങ്ങളും വിദ്വേഷങ്ങളും കലാപങ്ങളും അല്ലാതെ എന്താണു സംഭാവന ചെയ്യാൻ പോകുന്നത് എന്നതും ആശങ്കയാണ് ഉണർത്തുന്നത്.
ബജറ്റിൽ കണ്ട കൗതുകകരമായ കാര്യം ലൈബ്രറികളുടെ വികസനത്തിനുള്ള വിഹിതം ബിജെപി അധികാരത്തിൽ വന്ന 2014-നു മുമ്പുള്ളതിന്റെ പകുതിയിലും താഴെ ആയിരിക്കുന്നു എന്നതാണ്. 2013-14-ൽ 50.5 കോടി ആയിരുന്നത് 23 കോടി ആയി. നടപ്പുവർഷം ഇതു വെറും 0.77 കോടി (77 ലക്ഷം) രൂപ ആയിരുന്നു! മ്യൂസിയം വികസനത്തിന്റെ വിഹിതവും 2013-24-ലെ 190.7 കോടിയിൽനിന്ന് 10 കോടി കുറഞ്ഞ് 180 കോടിയിലെത്തി. നടപ്പുവർഷം വിഹിതം 128 കോടി രൂപമാത്രം ആയിരുന്നു. അതേസമയം ലൈബ്രറികളും ആർക്കൈവുകളും എന്ന വിഭാഗത്തിൽ വേറെ 123.76 കോടി രൂപ വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് നടപ്പുവർഷം 100 കോടിയും 2013-14-ൽ 82.34 കോടിയും രൂപവീതം ആയിരുന്നു.
നാഷണൽ മിഷൻ ഓൺ കൾച്ചറൽ മാപ്പിങ് ആൻഡ് റോഡ്‌മാപ് എന്ന മിഷനാണ് 19.13 കോടി രൂപ. പുതിയ ഇനമായാണ് ഇതു വന്നിരിക്കുന്നത്. തദ്ദേശീയമായ കലാരൂപങ്ങളെയെല്ലാം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും എന്നൊക്കെ ലക്ഷ്യമായി പറഞ്ഞിട്ടുള്ള ഈ മിഷന്റെ പ്രവർത്തനം സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: “It encompasses data mapping, demography building, formalising the processes and bringing all cultural activities under one umbrella for better results.” ബിജെപിയുടെ അജൻഡ ആകുമ്പോൾ നടപ്പാക്കലിൽ എന്തൊക്കെ ഗൂഢലക്ഷ്യങ്ങൾ ഉണ്ടാകാം എന്നൊരാശങ്ക നല്ലതാണല്ലോ.
ബജറ്റിന്റെ ഫലശ്രുതി
ചൊല്ലിപ്പഠിപ്പിച്ച കുറെ അബദ്ധങ്ങളും അതിന്മേൽ വളർത്തിവച്ച വിദ്വേഷവും തോന്നിയപോലെ എന്തും ചെയ്യാനുള്ള വിവരക്കേടും മാത്രം കൈമുതലുള്ള, ലോകത്തെ പുതിയ ചിന്തകളെപ്പറ്റി എന്തെങ്കിലും ധാരണയോ രാജ്യത്തിന്റെ ഭാവിയെപ്പറ്റി എന്തെങ്കിലും കാഴ്ചപ്പാടോ (vision) ഇല്ലാത്ത ഒരുകൂട്ടർ ‘വിഭാവനം’ ചെയ്യുന്ന കാൽ നൂറ്റാണ്ടുകൂടി അനുഭവിക്കാനുള്ള രാജ്യത്തിന്റെ ദുര്യോഗമാണ് ഈ ബജറ്റിന്റെ ഫലശ്രുതി. ഈ ഭരണം എത്രയും വേഗം അവസാനിപ്പിക്കുക മാത്രമാണ് പ്രതിവിധി.
No comments:
Post a Comment