ലിപിമലയാളം
കുറേക്കാലമായി മലയാളത്തിൽ ലിപിവിവാദം തുടങ്ങിയിട്ട്. 1970കളിൽ ടൈപ് റൈറ്ററിനും കീബോർഡ് ഉപയോഗിച്ചുള്ള മറ്റു ടൈപ് സെറ്റിങ്ങിനും വേണ്ടി ലിപിപരിഷ്ക്കരണം നടത്തിയപ്പോൾ മുതലാണ് ഇതു തുടങ്ങിയത്. പരിഷ്ക്കരിച്ച ലിപി കുട്ടികളെ എഴുതാൻ പഠിപ്പിക്കരുത് എന്ന നിബന്ധനയോടെ അന്നു നടപ്പാക്കിയ ലിപി പിന്നീട് 'പുതിയലിപി' എന്ന് അറിയപ്പെട്ടു. പരിഷ്ക്കാരത്തിനു മുമ്പു തനിയേ രൂപപ്പെട്ടുവന്നിരുന്ന തനതുലിപി അങ്ങനെ 'പഴയലിപി'യും ആയി. എഴുതാൻ ഏറെ പ്രയാസമുള്ളതും അച്ചടിക്കും എഴുത്തിനും കൂടുതൽ സ്ഥലം ആവശ്യമുള്ളതുമായ പുതിയ വിഘടിതലിപി (കൂട്ടക്ഷരങ്ങളും ഉ, ഊ, ഋ, റകാരസ്വരങ്ങൾ വ്യഞ്ജനത്തോടു ചേർന്നുനിൽക്കുന്ന രൂപങ്ങളും വെട്ടിമുറിച്ച ലിപി) ക്രമേണ നാട്ടുനടപ്പായി. പത്രം അടക്കമുള്ള പ്രസാധനവ്യവസായത്തിനുവേണ്ടി നടപ്പാക്കിയ പരിഷ്ക്കാരം അവരുടെ ശക്തികൊണ്ടും അന്നത്തെ ആവശ്യകതകൊണ്ടും ഉറച്ചു. പക്ഷെ, ഇത് എമ്പാടും അവ്യവസ്ഥകൾ സൃഷ്ടിച്ചു. (താഴെയുള്ള ചിത്രം നോക്കുക. ഈ അവ്യവസ്ഥയുടെ വികൃതമുഖം കാണാം. 'ക്ല'യും 'സ്ല'യും രണ്ടുതരം. 'ഉ'കാരച്ചിഹ്നവും രണ്ടുതരം)
എന്നാൽ യൂണികോഡ് സാങ്കേതികവിദ്യ വന്നതോടെ അത്രയായിരം ലിപിയും സാധാരണകീബോർഡുകൊണ്ട് അനായാസം ടൈപ് ചെയ്യാം എന്നു വന്നതോടെ പരിഷ്ക്കാരത്തിനു മുമ്പുണ്ടായിരുന്ന ലിപിസഞ്ചയം ചെറിയ ഇടവേളയ്ക്കുശേഷം പുനഃസ്ഥാപിക്കാനുള്ള അവസരം കൈവന്നു. അതിനുമുമ്പുതന്നെ പഴയ ആസ്കി സങ്കേതത്തിന്റെ പരിമിതിക്കുള്ളിൽത്തന്നെ തനതുലിപികൾ പുനഃസൃഷ്ടിക്കാൻ രചന അക്ഷരവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ശ്രമങ്ങൾ ഈ സാദ്ധ്യതയ്ക്ക് വലിയ ഊർജ്ജമായി. അങ്ങനെ തനതുലിപികൾ മടങ്ങിവരാൻ അവസരമാകുമ്പോഴേക്കും നമ്മുടെ അച്ചടിലിപി ഒട്ടുമിക്ക കൂട്ടക്ഷരങ്ങളും ആരും ആവശ്യപ്പെടാതെതന്നെ വീണ്ടെടുക്കുകയും ചെയ്തിരുന്നു. സ്വരസമ്യുക്തങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവയും ഡിജിറ്റൽ ലോകത്ത് ഇന്ന് പ്രചുരപ്രചാരത്തിൽ ആയിരിക്കുന്നു. അച്ചടിരംഗത്തും തനതുലിപി സ്ഥാനം ഉറപ്പിക്കുകയാണ്. ഏതാനും പുസ്തകങ്ങൾ ആ ലിപിയിൽ ഇറങ്ങിക്കഴിഞ്ഞു. 'കേരളകൗമുദി' പത്രവും ആ ലിപിയിലേക്കു മടങ്ങി. ആ മുന്നേറ്റം തുടരുകയാണ്.
അപ്പോഴും കേവലം ആശയവാദപരമായ നിലപാടെടുത്തു ചിലർ അതിനെ എതിർക്കുന്നു. കുട്ടികൾക്കു പഠിക്കാൻ പ്രയാസം എന്നതാണു പ്രധാനവിമർശനം. എന്നാൽ, ഒരു മനുഷ്യായുസിലെ കേവലം രണ്ടു വർഷത്തിന്റെ ഒരു അംശം മാത്രം (ഒന്നും രണ്ടും ക്ലാസുകളിലെ അദ്ധ്യയനസമയത്തിൽ ഭാഷാപഠനത്തിനുള്ള സമയത്തിന്റെ ഒരു ഭാഗം) മാത്രമാണ് അക്ഷരപഠനത്തിനു വിനിയോഗിക്കുന്നതെന്നും ആ കാലയളവിൽത്തന്നെ വിഘടിതലിപിയുടെ പഠനത്തിനു വേണ്ടതിനെക്കാൾ അല്പംമാത്രം അദ്ധ്വാനമാണ് അധികമായി വേണ്ടിവരികയെന്നും ആ കഷ്ടപ്പാട് (?!) കുട്ടികൾ അങ്ങു സഹിക്കട്ടെയെന്നും 1974നു മുമ്പുള്ള കുട്ടികളെല്ലാം ഈ 'കഷ്ടപ്പാട്' ഒരു കഷ്ടപ്പാടേ അല്ലാതെ അക്ഷരം പഠിച്ചിരുന്നുവെന്നും അങ്ങനെ പഠിച്ചാൽ ശേഷിച്ച ജീവിതകാലം മുഴുവൻതനതുലിപി എഴുതുന്നതിന്റെ സുഖം (അനായാസത, വേഗം, സമയലാഭം) അനുഭവിക്കാൻ കഴിയുമല്ലോ എന്നുമൊക്കെ ഓർത്താൽ ഈ വാദത്തിനും കഴമ്പൊന്നും ഇല്ലെന്നു മനസിലാകും.
ഈ സാഹചര്യത്തിൽ മലയാളലിപി എങ്ങനെയാകുന്നതാണു ഭാഷയ്ക്കും പുതിയകാലത്തിനും നല്ലത് എന്നതു വിശകലനം ചെയ്ത് 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ 2013 ഡിസംബർ29 - 2014 ജനുവരി 4 ലക്കത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം: