Monday, 4 March 2019

ഉന്നതവിദ്യാഭ്യാസം 2011: വിവാദം നൂറുമേനി, ഗുണമേന്മയിൽ സംപൂജ്യം [അഭിമുഖം: ഡോ: ആർ.വി.ജി. മേനോൻ]


ഉന്നതവിദ്യാഭ്യാസം:

വിവാദം നൂറുമേനി, ഗുണമേന്മയിൽ സംപൂജ്യം

അഭിമുഖം
ഡോ: ആർ. വി. ജി. മേനോൻ / മനോജ് കെ. പുതിയവിള
2011 ജൂലൈ മാതൃഭൂമി ആഴ്ചപ്പത്തിൽ പ്രസിദ്ധീകരിച്ചത്
 

'പത്താംക്ലാസ്സ് ജയിക്കുന്നവരിൽ കേവലം പത്തു ശതമാനം - അതായത് 50,000-ൽ താഴെപ്പേർ - മാത്രമാണു പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു പോകുന്നത്. ബാക്കി 90 ശതമാനം കുട്ടികളും ഏതെങ്കിലുമൊക്കെ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കോ ബിരുദപഠനത്തിനോ ആണു പോകുന്നത്. ഇവർ പഠിക്കുന്ന കോഴ്‌സുകളുടെ നിലവാരത്തെപ്പറ്റി സമൂഹത്തിന് എന്തെങ്കിലും വ്യാകുലതയുണ്ടോ? ഇവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റി വല്ല ചർച്ചയും നടക്കാറുണ്ടോ? ഈ കോഴ്‌സുകൾ ജയിച്ചുവരുന്ന മിക്കവരും തൊഴിലിനു നിയോഗിക്കാൻ പ്രാപ്തർ (ലാുഹീ്യമയഹല) അല്ല. ഇതാണു പ്രധാനപ്രശ്‌നം. അവർക്ക് അതിന് അർഹമായ വിദ്യാഭ്യാസം നല്കുന്ന കാര്യത്തിൽ ഒരു ഒച്ചയും കേൾക്കുന്നില്ല. 21 പി.ജി. മെഡിക്കൽ സീറ്റാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം!'
സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസപ്രശ്‌നം വീണ്ടും സംഘർഷഭരിതം ആയിരിക്കുകയാണല്ലോ എന്ന ആമുഖം കേട്ടപ്പോഴേ ഡോ. ആർ.വി.ജി. മേനോൻ ചിരിച്ചു. എന്നിട്ട് പറഞ്ഞ മറുപടിയാണിത്.
വിദ്യാഭ്യാസചിന്തകനും അദ്ധ്യാപകനും സാമൂഹിക ശാസ്ത്രജ്ഞനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ ആർ.വി.ജി. മേനോൻ എപ്പോഴും ഉത്കണ്ഠപ്പെടാറുള്ളത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെപ്പറ്റിയാണ്; അക്കാര്യത്തിലുള്ള സമൂഹത്തിന്റെ ഉത്കണ്ഠയില്ലായ്മയെപ്പറ്റിയാണ്.
ഞാനടക്കമുള്ള മാദ്ധ്യമപ്രവർത്തകർക്കും രാഷ്ട്രീയ-വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾക്കും മേലുള്ള ഒരു കുറ്റപത്രമായി അദ്ദേഹത്തിന്റെ പ്രസ്താവം ഞാൻ ഏറ്റുവാങ്ങി. അനന്തരം ചോദ്യം എന്നോടായി.
'എല്ലാവരും ഉത്ക്കണ്ഠപ്പെടുന്ന ഈ പ്രൊഫഷണൽ വിദ്യാലയങ്ങളിലെ അക്കാദമികനിലവാരം എന്താണെന്നറിയുമോ? വിജയശതമാനം എത്രയാണെന്നറിയുമോ?'
ഉത്തരവും അദ്ദേഹംതന്നെ പറഞ്ഞു:
'എഞ്ചിനീയറിംഗ് കോളെജുകളിൽ ചേരുന്നവരിൽ 40 ശതമാനം പേർ മാത്രമാണു ജയിക്കുന്നത്. ബാക്കി 60 ശതമാനവും തോല്ക്കുകയാണ്. പല കോളെജുകളിലും അഞ്ചും പത്തുമൊക്കെയാണു വിജയശതമാനം'.
ഒരു നിമിഷം അമ്പരന്നുപോയി! അവിശ്വസനീയതയോടെ ഉറ്റുനോക്കി ഇരുന്ന എന്നോടായി അദ്ദേഹം തുടർന്നു: 'ചില സെമിനാറുകളിലും മറ്റുമൊക്കെ ഞാൻ ഇക്കാര്യം പറയുമ്പോൾ മിക്കവരും വിശ്വാസം വരാതെ എടുത്തു ചോദിക്കാറുണ്ട്. ജനങ്ങളിൽനിന്ന് എല്ലാവരുംചേർന്നു ബോധപൂർവ്വം മറച്ചുവയ്ക്കുന്ന വിവരമാണത്. എഞ്ചിനീയറിംഗ് കഴിഞ്ഞ ആർക്കെങ്കിലും അമ്പതിനായിരമോ ഒരു ലക്ഷമോ ശമ്പളത്തിൽ ജോലി കിട്ടിയാൽ അതു വലിയ വാർത്തയാക്കുന്ന മാദ്ധ്യമങ്ങളും ഇതു മിണ്ടാറില്ല'.
അപകടകരമായ മറ്റൊരു വസ്തുതകൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. കേവലമായ വസ്തുതയല്ല, അതിനെ സാമൂഹികമായി വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്താണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതാണ് ഉൾക്കാഴ്ചയായി മാറുന്നത്:
'എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ കണക്കിനു പത്തു ശതമാനം മാർക്കെങ്കിലും പ്രവേശനത്തിനു നിർബന്ധം ആക്കണം എന്നായിരുന്നു ഞങ്ങളുടെയൊക്കെ ശുപാർശ.  സർക്കാർ അതു പത്തുമാർക്ക് എന്നാക്കി. 480-ൽ പത്തു മാർക്ക്! ഇതുപോലും നേടാൻ കഴിയാത്തവരാണ് എൻട്രൻസ് ലിസ്റ്റിനു പുറത്താകുന്നത്. കഴിഞ്ഞ എൻട്രൻസിൽ 60,000-ത്തിൽപ്പരം പേരാണ് ഇങ്ങനെ അയോഗ്യരായത്. ഇവരെക്കൂടി പ്രവേശിപ്പിക്കാനാണു മാനേജ്‌മെന്റുകൾ സ്വന്തം പരീക്ഷയ്ക്ക് അവകാശം ചോദിക്കുന്നത്!'
ഇത്തരം അയോഗ്യരെ പണം വാങ്ങി പ്രവേശിപ്പിക്കുന്നതുകൊണ്ടാണ് ശരാശരി 60 ശതമാനവും ചിലയിടത്തു 90-ഉം 95-ഉം ശതമാനവും വരെ എഞ്ചിനീയറിംഗിൽ തോല്ക്കുന്നത് എന്നർത്ഥം. ഇവരാണ് നമ്മുടെ വീടും ഫ്ലാറ്റും പാലവും സ്റ്റേഡിയവുമൊക്കെ നിർമ്മിക്കേണ്ടത്; നമ്മെ ശരീരം കീറി മുറുച്ചും മരുന്നുകൾ കുത്തിവെച്ചും കഴിപ്പിച്ചുമൊക്കെ നമ്മെ ജീവനോടും ആരോഗ്യത്തോടും സംരക്ഷിക്കേണ്ടത്! ഭീകരമായ ഉത്കണ്ഠ!!
പ്രൊഫഷണൽ പഠനത്തിന്റെ വൈചിത്ര്യങ്ങളിലേക്ക് ആർ.വി.ജി. മേനോൻ വീണ്ടും; 'കയറിക്കൂടിയാൽ ഒരു പരീക്ഷയും ജയിക്കാതെ നാലുകൊല്ലം പഠിക്കാം. മാനേജ്‌മെന്റിനും ഇതുതന്നെ തരം. ഫീസ് മുഴുവൻ കിട്ടുമല്ലോ.
'ഇപ്പോൾ കോളെജുകൾ തുടങ്ങുന്നവരൊന്നും ധർമ്മസ്ഥാപനങ്ങളല്ല. ബിസിനസ്സിനു പണം മുടക്കുന്നതുപോലെ വായ്പയെടുത്തു ബിസിനസ്സായി തുടങ്ങുന്നവർ, ചിട്ടിയും മദ്യക്കച്ചവടവും നടത്തി ഉണ്ടാക്കിയ പണം മുടക്കി അത്തരം നല്ലൊരു ലാഭവ്യവസായം എന്ന നിലയിൽ തുടങ്ങുന്നവർ, ഗൾഫ് പണം മുടക്കി മറ്റു സംരംഭം പോലെ കോളെജു തുടങ്ങുന്നവർ ഒക്കെയാണ് ഇന്നുള്ളത്. അവർക്കു മികച്ച കുട്ടികളെ കിട്ടണമെന്നില്ല. സാമൂഹികനീതി ഉറപ്പു വരുത്തണമെന്നില്ല. അപ്പോൾ അതിനൊക്കെ നിയമപരമായ നിയന്ത്രണങ്ങൾ വേണം. അതാണു നാം ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകത'.

പക്ഷെ, സേവനം എന്നതു വ്യവസായവും സംരംഭവും ഒക്കെയായി പുനർനിർവ്വചിക്കപ്പെട്ടിരിക്കുന്ന പുതിയ മുതലാളിത്തത്തിന്റെ കാലത്ത് ഇത്തരം സാമൂഹികനിയന്ത്രണം എത്രമാത്രം സാദ്ധ്യമാകും? നിയമനിർമ്മാണത്തിനു നാം നടത്തിയ ശ്രമങ്ങൾപോലും കോടതിയിൽ പരാജയപ്പെട്ടില്ലേ? വീണ്ടുമൊരു നിയമനിർമ്മാണത്തെപ്പറ്റിയുള്ള ചർച്ചയിലേക്കു നാം നയിക്കപ്പെട്ടിരിക്കുന്നു. പ്രായോഗികമാണോ?
തീർച്ചയായും ആണ്. ആകണം. ആയേ തീരൂ. നിലവിലുള്ള സുപ്രീം കോടതി വിധികൾ ആധാരമാക്കിത്തന്നെ ഇതു സാദ്ധ്യമാണ്. പ്രവേശനം മുഴുവൻ മെറിറ്റ് അടിസ്ഥാനത്തിൽ ആക്കാൻ കഴിയും. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവർക്കു സ്‌കോളർഷിപ്പും നല്കാനാകും. പക്ഷെ, നമ്മുടെ ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും 'ഫിഫ്റ്റി ഫിഫ്റ്റി' എന്ന 'അശ്ലീല'ത്തിന്റെ എഴുന്നള്ളത്തുകാരാകുകയാണ്.

എന്താണ് അതിലെ അശ്ലീലം?
പകുതി സീറ്റ് കുറഞ്ഞ ഫീസിൽ സർക്കാരിനു നല്കണം. അതിനായുള്ള വിലപേശലാണ് നടക്കുന്നത്. എല്ലാവർഷവും ഇത് ആവർത്തിക്കും. ഇതാണ് എല്ലാ കുഴപ്പത്തിനും കാരണം.
സുപ്രീംകോടതി വിധി പ്രകാരം മുഴുവൻ സീറ്റും മാനേജ്‌മെന്റിന് അവകാശപ്പെട്ടതാണ്. ഇതിൽ പകുതിക്കായി നടത്തുന്ന വിലപേശലിൽ പകരം വാഗ്ദാനം നല്കാൻ സർക്കാരിനുള്ളത് എന്താണ്? ബാക്കി പകുതിയിൽ നിങ്ങൾ എന്തു ചെയ്യുന്നു എന്നു ഞങ്ങൾ അന്വേഷിക്കില്ല എന്ന ഉറപ്പ്! നിരോധിക്കപ്പെട്ട തലവരിപ്പണം അടക്കം എന്തും വാങ്ങാം.
എൻ.ആർ.ഐ ക്വാട്ടയാണ് ഏറ്റവും വലിയ കച്ചവടം. ഇതു സുപ്രീംകോടതിതന്നെ അംഗീകരിച്ചതാണ് എന്നാണു വാദം. സ്വാശ്രയവിദ്യാഭ്യാസം സംബന്ധിച്ച ഉണ്ണിക്കൃഷ്ണൻ കേസിൽ വിധി വന്നപ്പോഴേ റ്റി.എം.എ. പൈ ഫൗണ്ടേഷനും മറ്റും ആവശ്യപ്പെട്ടതാണിത്. തങ്ങൾ വാക്കുകൊടുത്തു പോയി എന്നതായിരുന്നു വാദം. സൂപ്രീംകോടതി അന്ന് 15 ശതമാനം പേമെന്റ് സീറ്റിൽ രാജ്യാന്തര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം എന്നു സമ്മതിച്ചു. ഇതാണ് എൻ.ആർ.ഐ ക്വാട്ട ആയത്. വിദേശത്ത് ഏതെങ്കിലും ബന്ധു ഉണ്ടായാൽ മതി ഏതു പണക്കാരന്റെ കുട്ടിക്കും പ്രവേശനം കിട്ടും.
പകുതി സീറ്റെങ്കിലും സാധാരണ വിദ്യാർത്ഥികൾക്കായി വിട്ടു കിട്ടാൻ സർക്കാർ ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നത് അശ്ലീലമാകന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?
അതിന് അല്പം ചരിത്രം പറയേണ്ടിവരും

പറഞ്ഞോളൂ. ഇക്കാര്യങ്ങൾ പലതും ബഹുഭൂരിപക്ഷം പേർക്കും വ്യക്തമല്ല.
കോളെജിന്റെ മുതൽമുടക്കു സംരംഭകൻ തന്നെയാണു ചെയ്യേണ്ടത്. ആ മൂലധനവും അതിനായെടുത്ത ബാങ്കുവായ്പയടെ പലിശയുമൊന്നും പിള്ളേരുടെ പക്കൽനിന്നു പിരിച്ചെടുക്കാൻ ഒരു സുപ്രീംകോടതി വിധിയും അനുവദിച്ചിട്ടില്ല. കോളെജും കെട്ടിടവും സംവിധാനങ്ങളുമെല്ലാം സംരംഭകന്റെ സ്വകാര്യസ്വത്തായി മാറുകയല്ലേ? അതിന്റെ ഭാരം എങ്ങനെ വിദ്യാർത്ഥികളുടെ തലയിലാകും?
മെഡിക്കൽ കോളെജുകളുടെ കാര്യത്തിലാകട്ടെ, ഡോക്ടർമാരുടെ ശമ്പളമടക്കമുള്ള ആശുപത്രിനടത്തിപ്പു ചെലവു മുഴുവൻ - ലാഭം സഹിതം - രോഗികളിൽനിന്നു പിരിച്ചെടുക്കുന്നുണ്ട്. അതു കഴിച്ചാൽ, മെഡിക്കൽ കോളെജ് നടത്തുന്നതിനുള്ള ബാക്കി ചെലവ് എഞ്ചിനീയറിംഗ് കോളെജ് നടത്തുന്നതിന് ഉള്ളതിനേക്കാൾ ഒട്ടും കൂടുതലല്ല എന്നു കോഴിക്കോട് മെഡിക്കൽ കോളെജിലെ ഡോ. എൻ.സി. ചെറിയാൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം നല്ല നിലയിൽ നടക്കുന്ന ഏതു മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കൊപ്പവും ചുരുങ്ങിയ ചെലവിൽ മെഡിക്കൽ കോളെജ് നടത്താനാകും. സത്യത്തിൽ ഓരോ ജില്ലാ ആശുപത്രിക്കുമൊപ്പം മെഡിക്കൽ, ഡെന്റൽ, പാരാമെഡിക്കൽ, നഴ്‌സിങ്ങ് കോളെജുകൾ തുടങ്ങിക്കൊണ്ടാണു സർക്കാർ ഇതിനെ നേരിടേണ്ടത് എന്നു തോന്നിപ്പോകാറുണ്ട്.
നടത്തിപ്പുചെലവു സമഗ്രമായി പഠിച്ച് ഉന്നതാധികാരസമിതിയായിരുന്ന ജ: കെ.റ്റി. തോമസ് നിശ്ചയിച്ച ഫീസ് എഞ്ചിനീയറിംഗിന് 38,700 രൂപയും എംബിബിഎസിന് 1,15,000 രൂപയും ആയിരുന്നു എന്നു കൂടി ഓർക്കണം.
ഇതു ഫീസിന്റെ കാര്യം. ഇനി പ്രവേശനത്തിന്റെ കാര്യം നോക്കാം. മുഴുവൻ സീറ്റിലെയും പ്രവേശനം യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്നാണു വിവിധ സുപ്രീംകോടതി വിധികൾ പോലും അനുശാസിക്കുന്നത്. സുതാര്യവും നീതിപൂർവ്വകവും ചൂഷണരഹിതവും (transparent, fair and non-exploitative) ആയിരിക്കണം പ്രവേശനം എന്നു സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഇത് ഉറപ്പാക്കുകയും ജ: കെ.റ്റി. തോമസ് കമ്മിറ്റി നിശ്ചയിച്ച പോലെയുള്ള ഫീസ് നിരക്കു മുഴുവൻ സീറ്റിലും ബാധകമാക്കുകയും ചെയ്യുകയാണു വാസ്തവത്തിൽ വേണ്ടിയിരുന്നത്. എന്നിട്ടു സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കു സർക്കാർ സ്‌കോളർഷിപ്പ് നല്കണം. അതിനു ധനം കണ്ടെത്തുക പ്രയാസമുള്ള കാര്യവുമല്ല. ഇതാണു സാമൂഹികനീതി ഉറപ്പുവരുത്താനുള്ള ശരായായ മാർഗ്ഗം.
പക്ഷെ, കോടതി വിധികളുടെ നൂലാമാലകളില്ലേ ഇതിനെല്ലാം. ഉണ്ണിക്കൃഷ്ണൻ കേസ്, റ്റി.എം.എ.പൈ കേസ് എന്നെല്ലാം ചർച്ചകളിലും വാർത്തകളിലും കാണുന്നതല്ലാതെ സമഗ്രമായ ഒരു ചിത്രം ജനങ്ങളിൽ പലർക്കും ഇല്ല. ഇതു മുതലാക്കി കേസുകളുടെ പേരു പറഞ്ഞു ചർച്ചകളിൽ ജനത്തെ പേടിപ്പിക്കുകയാണ് പലരും ചെയ്യുന്നത്.
കേസും വിധിയും മുഴുവൻ എല്ലാവരും പഠിക്കണമെന്നില്ല. അതിന്റെ അന്തഃസത്തയും സാമൂഹികനീതിയുമായി ബന്ധപ്പെട്ടവശവും ആണു പ്രധാനം. അത് അത്ര ഗഹനവുമല്ല.
വാസ്തവത്തിൽ ഉണ്ണിക്കൃഷ്ണൻ കേസിലെ വിധിയിൽ നിന്നാണു ഫിഫ്റ്റി-ഫിഫ്റ്റി പദ്ധതിയുടെ തുടക്കം.

പക്ഷെ, രണ്ടു സ്വാശ്രയകോളെജ് സമം ഒരു സർക്കാർ കോളെജ് എന്ന സമവാക്യവുമായി എ.കെ. ആന്റണിയാണ് ഈ സ്വാശ്രയഭൂതത്തെ കുടത്തിൽനിന്നു തുറന്നുവിട്ടത് എന്നാണല്ലോ പരക്കെയുള്ള ആക്ഷേപം. അദ്ദേഹം അതിന് വ്യക്തമായ കരാർ വയ്ക്കാതിരുന്നതാണ് മാനേജ്‌മെന്റുകളെ കൊള്ളയ്ക്കു സഹായിച്ചത് എന്നും പല ചർച്ചയിലും കേൾക്കാറുണ്ടല്ലോ.
കേരളത്തിലെ ഇതിന്റെ കർതൃത്ത്വം അദ്ദേഹത്തിന്റെ തലയിൽ കെട്ടിയേല്പിച്ചിരിക്കുന്നു എന്നേയുള്ളൂ.
കുട്ടികളിൽനിന്നു പിരിക്കുന്ന പണംകൊണ്ടു മാത്രം ചെലവു നടത്തുക എന്ന സെൽഫ് ഫിനാൻസിങ് സങ്കല്പത്തിനു നിയമസാധുത നല്കിയത് 1993-ലെ ഉണ്ണിക്കൃഷ്ണൻ കേസിലെ വിധിയാണ്. എന്നാൽ ഇതു കുട്ടികളുടെ പഠിക്കാനുള്ള അവകാശം പരിമിതപ്പെടുത്തും എന്നു കോടതി മനസ്സിലാക്കി. ഈ വൈരുദ്ധ്യം പരിഹരിക്കാനുള്ള ശ്രമമായിരുന്നു 'ഉണ്ണിക്കൃഷ്ണൻ സ്‌കീം'. അതിലാണു 'പാതി ഫ്രീ സീറ്റ്, പാതി പേമെന്റ് സീറ്റ്' എന്ന സമവാക്യം ആദ്യമായി കടന്നുവരുന്നത്. ഇതു രണ്ടും - നൂറുശതമാനവും - മെറിറ്റ് സീറ്റ് ആയിരിക്കണമെന്നും ഇതിനായി പൊതുപ്രവേശനപ്പരീക്ഷ വേണമെന്നും ലേലമേ പാടില്ല എന്നും ഈ വിധി വ്യക്തമായി പറഞ്ഞിരിക്കുന്നു.
എന്നാൽ ഈ വിധി അല്പായുസ്സായിരുന്നു. ഈ വിധിയിലൂടെ വന്ന അടുക്കും ചിട്ടയും മാനേജുമെന്റുകളെ അസ്വസ്ഥരാക്കി. നൂനപക്ഷാവകാശം എന്ന വാദം ഉയർത്തി അവർ സംഘം ചേർന്ന് അപ്പീൽ പോയി. സകലമാന സ്വാശ്രയമുതലാളിമാരും അതിൽ പങ്കുചേർന്നു. ഇതാണു റ്റി.എം.എ.പൈ കേസ്. 2002 ഒക്ടോബർ 31-നാണ് ഇതിൽ വിധി വന്നത്.
ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ ഫിഫ്റ്റി-ഫിഫ്റ്റി സമവാക്യം പതിനൊന്നംഗ ഭരണഘടനാ ബഞ്ച് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു. നൂറുശതമാനം സീറ്റിലും മാനേജ്‌മെന്റിനു പൂർണ്ണസ്വാതന്ത്ര്യം കോടതി അംഗീകരിച്ചു. ഇതോടെയാണ്, നേരത്തേ ഉണ്ണിക്കൃഷ്ണൻ കേസിൽ യാഥാർത്ഥ്യമായിവന്ന എ.കെ. ആന്റണിയുടെ രണ്ടു സ്വാശ്രയകോളെജ് സമം ഒരു സർക്കാർ കോളെജ് എന്ന സമവാക്യം മാറുന്നത്. ആന്റണി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിലനില്ക്കില്ലായിരുന്നു എന്നർത്ഥം.
സമുദായം, നാട്, ഭാഷ തുടങ്ങിയ പരിഗണനകളിൽ ചില ക്വാട്ടകൾ വയ്ക്കാൻ സർക്കാരിന് അധികാരം നല്കിയിരുന്നു. അതിലടക്കം 100 ശതമാനം സീറ്റിലും യോഗ്യതാടിസ്ഥാനത്തിലേ പ്രവേശനം പാടുള്ളൂ. പണാടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല.
ഇക്കാര്യം എല്ലാ സ്വാശ്രയചർച്ചകളിലും ബോധപൂർവ്വം മറച്ചുവയ്ക്കുന്നു; എല്ലാവരും. ഇതാണു യഥാർത്ഥ പ്രശ്‌നം.
യഥാർത്ഥത്തിൽ എയ്ഡഡ് കോളെജുകളുടെ കാര്യത്തിൽപ്പോലും മാനേജ്‌മെന്റ് ക്വാട്ടാ മെരിറ്റിലേ പാടുള്ളൂ എന്നു സുപ്രീം കോടതി വിധിയുണ്ട്. ഇതൊന്നും ആരും മിണ്ടുന്നുപോലുമില്ല.
വിദ്യാഭ്യാസക്കച്ചവടക്കാരും അധികാരികളും മാത്രമല്ല മദ്ധ്യവർഗ്ഗത്തിന്റെയാകെ - ഒരു പക്ഷെ, കേരളത്തിന്റെയാകെ പൊതുബോധം ഈ വിവേചനത്തെ അംഗീകരിച്ചിരിക്കുകയാണ്. പണം കൊടുത്തോ ശുപാർശ പറയിച്ചോ ജാതിവഴിയോ നമുക്കും അതിൽ പങ്കാളിത്തം കിട്ടണം എന്നേയുള്ളൂ. ശരിക്കും പറഞ്ഞാൽ വിവേചനപരമായ ഈ ക്വാട്ട (discretionary quota) വേണം എന്ന ഒരു മനോഭാവംതന്നെ ഉറച്ചുകഴിഞ്ഞിരിക്കുന്നു!

ദശാബ്ദങ്ങളായി നാട്ടുനടപ്പായിക്കഴിഞ്ഞ കാര്യമല്ലേ അത്?
ഒരനുഭവം പറയാം. ന്യൂനപക്ഷപദവി അംഗീകരിച്ച സമയത്തു ചില കോളെജുകൾ സ്വയം ആ പദവി പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ സർക്കാർ കോടതിയിൽ പോയിരുന്നു. അന്നു സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജിലെ സ്വതന്ത്ര അദ്ധ്യാപക സംഘടന ഒരു നോട്ടസ് ഇറക്കി. 'എയിഡഡ് കോളെജുകളിൽ അപേക്ഷിക്കുമ്പോൾ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം വേണം എന്ന് അപേക്ഷയിൽ എഴുതുക. നിങ്ങൾക്കു മെറിറ്റിൽ പ്രവേശനം കിട്ടാൻ അർഹതയുണ്ട്. നിഷേധിക്കപ്പെട്ടാൽ കോടതിയിൽ പോകാം'. ഇതായിരുന്നു സന്ദേശം. എന്നിട്ടും നോട്ടീസ് വായിച്ച പലരും ചോദിച്ചു, 'ആരെ കാണണം? എത്ര കൊടുക്കണം?' എന്ന്!
ആരും ഇത് ആവശ്യപ്പെടുന്നില്ല. അതു കോഴ കൊടുത്തു വാങ്ങേണ്ടതാണെന്ന പൊതുബോധമാണ്. ഇതിന്റെ തുടർച്ചയാണു ഫിഫ്റ്റി-ഫിഫ്റ്റി എന്ന രഞ്ജിപ്പ് അഥവാ കീഴടങ്ങൽ.

ഈ പൊതുബോധംകൊണ്ടു മാത്രമാണോ സുപ്രീംകോടതി അംഗീകരിച്ച സാമൂഹികനീതിക്കായുള്ള നടപടിക്രമങ്ങൾ പോലും വേണ്ടെന്നുവച്ചത്?
സാമൂഹികനീതിയുടെ കാര്യത്തിൽ സുപ്രീംകോടതിവിധികൾ ആകുല(യീവേലൃലറ)മല്ല. നേരത്തെ പറഞ്ഞ യോഗ്യത, സുതാര്യത, ചൂഷണരാഹിത്യം എന്നീ തത്വങ്ങളാണ് അവർ ഉയർത്തിപ്പിടിച്ചത്. സർക്കാർ ക്വാട്ടയ്ക്ക് അനുവാദം നല്കിയ റ്റി.എം.എ. പൈ വിധി മുൻനിർത്തി പല സംസ്ഥാനങ്ങളും 50ഉം അതിലധികവും ശതമാനം ക്വാട്ട നിശ്ചയിച്ചു. അതിൽ സംവരണവും നടപ്പാക്കി. ഇതിനെ മാനേജ്‌മെന്റുകൾ എതിർത്തു. ഈ തർക്കം തീർക്കാൻ ഇസ്ലാമിക് അക്കാദമി കേസിൽ സുപ്രീം കോടിത വീണ്ടുമൊരു അഞ്ചംഗ ഭരണഘടനാബഞ്ച് ഉണ്ടാക്കി. ഈ ബഞ്ചാണു നീതിപൂർവ്വവും സുതാര്യവുമായ വിദ്യാർത്ഥി പ്രവേശനവും കൊള്ളലാഭം എടുക്കാതെയുള്ള ഫീസു പിരിവും ഉറപ്പാക്കാൻ സംസ്ഥാനതലത്തിൽ ഉന്നതാധികാര കമ്മിറ്റികൾ രൂപവത്കരിക്കാൻ നിർദ്ദേശിച്ചത്. അങ്ങിനെയാണ് അന്നു ജ: കെ.റ്റി. തോമസ് കമ്മിറ്റിയും ഇപ്പോൾ ജ: പി.എ. മുഹമ്മദ് കമ്മിറ്റിയും ഉണ്ടായത്.
പകുതിസീറ്റിൽ പൊതു പ്രവേശനപ്പരീക്ഷയിൽനിന്നും ബാക്കി പകുതിയിൽ മാനേജ്‌മെന്റ് നടത്തുന്ന പ്രവേശനപ്പരീക്ഷയിൽനിന്നും പ്രവേശനം. അപേക്ഷ ക്ഷണിക്കൽ മുതൽ മാനേജ്‌മെന്റിന്റെ പ്രവേശനപ്പരീക്ഷയടക്കം മുഴുവൻ നടപടികളും കുറ്റമറ്റരീതിയിലും സുതാര്യമായും നടക്കാൻ വേണ്ട വ്യക്തമായ നടപടിക്രമങ്ങൾ ജ: കെ.റ്റി. തോമസ് കമ്മിറ്റി ആവിഷ്‌കരിച്ചതാണ്. സ്ഥാപനങ്ങളുടെ നടത്തിപ്പുചെലവു സമഗ്രമായി പഠിച്ചു നേരത്തേ പറഞ്ഞ ഫീസുകളും നിശ്ചയിച്ചു. എല്ലാ സീറ്റിലും ഒരേ ഫീസ്.
ഇതു നിലനില്ക്കുമ്പോഴാണ് 2005-ൽ ഒന്നാം ഉമ്മൻചാണ്ടി സർക്കാർ സ്വാശ്രയനിയമം കൊണ്ടുവരുന്നത്. അതനുസരിച്ചാണ് 50 ശതമാനം സീറ്റു കുറഞ്ഞ നിരക്കിൽ സർക്കാരിനു മാനേജ്‌മെന്റുകൾ നല്കിയത്. ബാക്കി പകുതി സീറ്റിൽ മാനേജുമെന്റുകൾക്കു സ്വയം പ്രവേശനം നടത്താമെന്നായി. ഇതോടെ ജ: കെ.റ്റി. തോമസ് കമ്മിറ്റി അപ്രസക്തമായി.
2005-ൽത്തന്നെ ഇനാംദാർ കേസിലെ വിധിയും വന്നു. നൂറുശതമാനവും മാനേജ്‌മെന്റ് ക്വാട്ട എന്നതു വിധി ഉറപ്പിച്ചു. ഗവൺമെന്റിനു ക്വാട്ടയേ ഇല്ല.
പക്ഷെ, അതിലും 'ഫെയർ, ട്രാൻസ്‌പെരന്റ് ആൻഡ് നോൺഎക്‌സ്‌പ്ലോയിറ്റേറ്റീവ്' ആയിരിക്കണം പ്രവേശനം എന്ന് ഉറപ്പിച്ചു പറഞ്ഞു. ഉന്നതാധികാര സമിതിയുടെ റോളും അംഗീകരിച്ചു. ഒരുപടി കൂടി കടന്ന്, ഒരേ വിഷയം പഠിപ്പിക്കുന്ന കോളെജുകളിലേക്ക് ഒന്നിച്ചു പ്രവേശനം നടത്തണമെന്നും പ്രത്യേകം പ്രത്യേകം പാടില്ല എന്നുകൂടി വിധിച്ചു.
എന്നാൽ എല്ലാ വിധികളിലും ഉയർത്തിപ്പിടിക്കപ്പെട്ട ഈ ഭാഗം എല്ലാവരും ഒരുപോലെ അവഗണിക്കുകയായിരുന്നു. ഇതു സത്യത്തിൽ അത്ഭുതകരമാണ്.

ഇക്കാര്യങ്ങളിൽ പൊതുസമൂഹം കാട്ടുന്ന താത്പര്യമില്ലായ്മയും താങ്കൾ നേരത്തെ പറഞ്ഞ പ്രതിലോമകരമായ പൊതുബോധവുമല്ലേ ഇന്റർ ചർച്ച് കൗൺസിലിനും പുഷ്പഗിരി മാനേജ്‌മെന്റിനുമൊക്കെ സർക്കാരിനെയും സമൂഹത്തെയും വെല്ലുവിളിക്കാൻ തന്റേടം നല്കുന്നത്?
പാതിരാജ്യത്തിൽ തൃപ്തരാകാതെയാണു പുഷ്പഗിരിക്കാർ കേസിനുപോയത്. പുഷ്പഗിരി മാനേജ്‌മെന്റിനു 100 ശതമാനം സീറ്റിലും പ്രവേശനം നല്കാനുള്ള അവകാശം കോടതി അംഗീകരിച്ചു.
എന്നാൽ ഈ കേസിൽ ജ: കെ.റ്റി. തോമസ് കമ്മിറ്റി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുഷ്പഗിരി കോളെജ് 25 ലക്ഷം രൂപ തലവരി പിരിച്ച കാര്യം പറഞ്ഞിരുന്നു. അതു കോടതിവിധിയിൽ വിമർശിക്കപ്പെടുകയും ചെയ്തു. സുപ്രീംകോടതി വിധിയിലും ഇതു പരാമർശിക്കപ്പെട്ടു.
എന്നിട്ടും ഒരു നടപടിയും ഇതിന്മേൽ സർക്കാർ എടുത്തില്ല.

അന്നു യു.ഡി.എഫ്. സർക്കാർ ആയിരുന്നില്ലേ?
അതെ. അപ്പോഴേക്ക് എൽ.ഡി.എഫ് സർക്കാരും വന്നു. അവരും ഒരു നടപടിയും എടുത്തില്ല.  അവർ ഈ വിധിയെ ഡെമോക്ലീസിന്റെ വാളാക്കി 50 ശതമാനം സീറ്റിനായി സമ്മർദ്ദം ചെലുത്തുകയാണു ചെയ്തത്.

2006-ൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സ്വാശ്രയനിയമം കോടതി റദ്ദാക്കിയിരുന്നെങ്കിൽ ഇവരെ നിലയ്ക്കു നിർത്താൻ കഴിയുമായിരുന്നില്ലേ?
ഈ നിയമം നിർമ്മിച്ചതു സുപ്രീംകോടതിവിധിയുടെ ചുവടുപിടിച്ചാണെങ്കിലും മെറിറ്റിൽത്തന്നെ ഓപ്പൺമെറിറ്റും സംവരണവും ഒക്കെയുള്ള ഒരു പ്രവേശനഘടന ആയിരുന്നു. വ്യത്യസ്ത ഫീസ്ഘടനയും പറഞ്ഞിരുന്നു.
ഇവ കൂടാതെ പ്രധാനമായി ചെയ്ത ഒരു കാര്യം 'ന്യൂനപക്ഷസമുദായ'ത്തെ നിർവ്വചിച്ചതാണ്. എണ്ണത്തിൽ ന്യൂനപക്ഷമായാൽ മാത്രം പോരാ, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംകൂടി ആയിരിക്കണം, എന്നാലേ ന്യൂനപക്ഷപദവിക്ക് അർഹമാകൂ എന്നുകൂടി ഉൾപ്പെടുത്തി. ഇവിടുത്തെ  ഒട്ടുമിക്ക വിദ്യാലയങ്ങളും ന്യൂനപക്ഷസമൂദായക്കാരുടെ ഉടമസ്ഥതയിൽ ഉള്ളതായതിനാൽ എല്ലാവരും ന്യൂനപക്ഷപദവി അവകാശപ്പെട്ടാൽ സംവരണമാകെ അട്ടിമറിക്കപ്പെടും.
ന്യൂനപക്ഷപദവിയുടെ മാനദണ്ഡം സംബന്ധിച്ചു ഭരണഘടനാബഞ്ചുകൾ പോലും ഖണ്ഡിതമായി അഭിപ്രായം പറഞ്ഞിട്ടില്ലാത്തതിനാൽ ഹൈക്കോടതി അത് അംഗീകരിച്ചില്ല.
പൊതു പ്രവേശനപ്പരീക്ഷ സർക്കാർ നടത്തുമെന്നും നിയമത്തിൽ പറഞ്ഞു. മാനേജ്‌മെന്റിന്റെ പരീക്ഷയിൽ അപാകം കണ്ടാൽ സർക്കാരിന് ആ ചുമതല ഏറ്റെടുക്കാം എന്ന സുപ്രീം കോടതിവിധിയിൽ പരാമർശം ഉണ്ടായിരുന്നല്ലോ. പുഷ്പഗിരി കോളെജ് ക്രമക്കേട് നടത്തിയത് ജ: കെ.റ്റി. തോമസ് കമ്മിറ്റി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ വകുപ്പും ഹൈക്കോടതി തള്ളി.
നേരാംവണ്ണം അവതരിപ്പിക്കാൻ കഴിഞ്ഞാൽ സുപ്രീംകോടതി അംഗീകരിച്ചേക്കും. പക്ഷെ, 2006-ൽ നല്കിയ അപ്പീൽ സുപ്രീംകോടതി എടുത്തിട്ടുപോലുമില്ല ഇതുവരെ!

എങ്കിലും നിലവിലുള്ള വിധികളുടെ ആനുകൂല്യത്തിൽ നമ്മുടെ ഉന്നതതല സമിതിക്കു പ്രവർത്തിക്കാനാവില്ലേ? അതിനെയും അംഗീകരിക്കില്ലെന്നാണല്ലോ മാനേജുമെന്റുകളുടെ നിലപാട്.
ഉന്നതതലസമിതി ഓരോ കോളെജിന്റെയും നടത്തിപ്പുചെലവുകൾ തിട്ടപ്പെടുത്തി അതതു കോളെജിന്റെ ഫീസ് നിശ്ചയിക്കണമെന്നാണു നിർദ്ദേശം. അതിനു വേണ്ടത്ര ജീവനക്കാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും മറ്റു സന്നാഹങ്ങളുമൊന്നും കമ്മിറ്റിയ്ക്കു നല്കിയിട്ടില്ല. അതുകൊണ്ട് അവർ പൊതു ഫീസ് ഘടന പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. ഇതു പറ്റില്ലെന്നു സുപ്രീംകോടതി വിധിയുണ്ട്. അതുകൊണ്ട് ഒരേ ഫീസ് ഘടന പാടില്ല എന്ന മാനേജ്‌മെന്റ് വാദം ഹൈക്കോടതി അംഗീകരിക്കും.  ഒപ്പം, മാനേജ്‌മെന്റ് നിശ്ചയിക്കുന്ന തോന്നിയ ഫീസിന് അംഗീകാരവും ഉണ്ടാകും.
കമ്മീഷനെ സുസജ്ജമാക്കിയാൽ ഇതിനു പരിഹാരമാകും. ഇതു ചെയ്യാതെ പാതിരാത്രിക്കു ചർച്ച നടത്തിയിട്ടു പാതി സീറ്റിൽ ഫീസ് കുറയ്ക്കുന്നു. ഇതാണു പതിവു നാടകം. ഉന്നതതല സമിതിക്ക് ഇത് അംഗീകരിക്കേണ്ടി വരുന്നു. അക്ഷരാർത്ഥത്തിൽ ഇന്ന് അതു നോക്കുകുത്തിയാണ്.

പ്രവേശനം നീതിയുക്തം ആയാൽത്തന്നെ അത്രത്തോളം സാമൂഹികനീതി കൈവരില്ലേ?
എഞ്ചിനീയറിംഗിനു മുപ്പതിനായിരത്തോളം സീറ്റുള്ളതുകൊണ്ട് പ്രവേശനം 'സുതാര്യവും നീതിയുക്തവും ചൂഷണരഹിതവും' ആയാൽ കുറെയൊക്കെ കൈവരും. ഇപ്പോൾ കാശുകൊടുക്കാവുന്നവർക്കെല്ലാം പ്രവേശനം എന്ന നീതിയല്ലേ. പിന്നെ, പട്ടിക വിഭാഗക്കാരെയെല്ലാം പ്രവേശിപ്പിക്കും. അവരുടെ ഫീസ് സർക്കാർ നല്കുന്നതിനാൽ റിസ്‌കില്ലല്ലോ.
യഥാർത്ഥ സാമൂഹികനീതിയുടെ പ്രശ്‌നം സർക്കാർ കോളെജിലോ എയ്ഡഡ് കോളെജിലോ കിട്ടാത്ത പിന്നാക്കക്കാരും ദരിദ്രരുമായ കുട്ടികളുടെ കാര്യത്തിലാണ്. അവർക്കു ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ ശേഷിയില്ല. സ്‌കോളർഷിപ്പും പണവായ്പയും അവർക്കാണാവശ്യം.
അതുകൊണ്ടു വാസ്തവത്തിൽ വേണ്ടതു ന്യൂനപേക്ഷതര കോളെജുകളിൽ നൂറുശതമാനം സീറ്റിലും മെറിറ്റും സംവരണവും അനുസരിച്ചു പ്രവേശനം നടത്തുക, സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളവർക്കു ഫീസ് സ്‌കോളർഷിപ്പായോ പലിശരഹിതവായ്പയായോ നല്കുക എന്നതാണ്.
അതിനുള്ള ഫണ്ട് 2006-ലെ നിയമത്തിൽ പറയുന്നുണ്ട്. അതിനൊരു തുടക്കവും ഉണ്ടായി. മൻമോഹൻസിംഗ് വന്ന് ഉദ്ഘാടനം ചെയ്തുപോയ ആ പദ്ധതിക്കു കാര്യമായ പുരോഗതി പക്ഷെ, ഉണ്ടായില്ല.
ഇതേ രീതിയിൽ വൈദ്യവിദ്യാഭ്യാസത്തിനും ഇടത്തരക്കാർക്കു പലിശരഹിതവായ്പ ലഭ്യമാക്കണം.

ഇതിനു ഭീമമായ തുക കണ്ടെത്തേണ്ടി വരില്ലേ?
സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ ഫണ്ട് ബജറ്റുവഴി കൊണ്ടുവരാം. അല്ലെങ്കിൽ, വിദ്യാഭ്യാസ സെസ് ഏർപ്പെടുത്തി ഫണ്ട് സ്വരൂപിക്കാം. പൂർവ്വവിദ്യാർത്ഥികളിലും ധർമ്മസ്ഥാപന(charitable organisations)ങ്ങളിലും വ്യവസായികളിലും പ്രവാസികളിലും ഒക്കെനിന്നു സഹായങ്ങൾ സമാഹരിക്കുകയുമാകാം.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജിൽ ഇങ്ങനെ പൂർവ്വവിദ്യാർത്ഥികൾ പത്തുകോടി രൂപയുടെ ഫണ്ട് ഒറ്റവർഷംകൊണ്ടു പിരിച്ചുണ്ടാക്കിയിട്ടുണ്ട്. വിദേശങ്ങളിൽ പലയിടത്തും ഇത്തരം ഫണ്ടുകൾ രൂപവത്കരിച്ചു വിദ്യാർത്ഥികൾക്കു സ്‌കോളർഷിപ്പുകൾ നല്കുന്നുണ്ട്.

വിദ്യാഭ്യാസരംഗത്തെ സർക്കാർ നിക്ഷേപം കുറയുകയും ചെലവ് ഏറുകയുമാണല്ലോ. ഇതെന്നും ഒരു സമസ്യയാവില്ലേ?
ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ചെലവേറിയതാണ്. ആരെങ്കിലും പണം മുടക്കിയേ തീരൂ. വ്യക്തികളാണു ഗുണഭോക്താക്കൾ, അതുകൊണ്ട് അവർ പണം മുടക്കണം എന്നതു നവലിബറൽ സമീപനമാണ്. മുതലാളിത്തരാജ്യങ്ങൾപോലും ഈ സമീപനം സ്വീകരിച്ചിട്ടില്ല. സാമൂഹികമായ ഒരു പ്രക്രിയയായി വിദ്യാഭ്യാസത്തെ അവർപോലും കാണുന്നു.
ലോകോത്തരമായ 50 സർവ്വകലാശാലകളിൽ 28ഉം അമേരിക്കയിലാണ്. ഇതിൽ ഹാർവാർഡ് അടക്കം പലതും സ്വകാര്യസർവ്വകലാശാലകളാണ്. ഇവരെല്ലാം മൊത്തം ചെലവിന്റെ 25-30 ശതമാനം മാത്രമേ കുട്ടികളിൽനിന്നു ഫീസായി ഈടാക്കുന്നുള്ളൂ. ബാക്കി എൻഡോവ്‌മെന്റുകളും സർക്കാർപ്പണവും ഒക്കെയാണ്.
നമ്മുടെ മിടുക്കരായ വിദ്യാർത്ഥികൾക്കെല്ലാം അവിടങ്ങളിൽ സ്‌കോളർഷിപ്പു കിട്ടുന്നു എന്നതാണു ശ്രദ്ധേയമായ കാര്യം. ലോകത്തെ മികച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും നേടുക എന്നതാണ് അവരുടെ നയം. അതാണ് ഈ സർവ്വകലാശാലകളുടെ വിജയവും.
നമ്മൾ നേരേമറിച്ചാണ്.
ഇവിടുത്തെ വിദ്യാഭ്യാസക്കച്ചവടം ലോകത്താകെയുള്ള രീതിയാണ് എന്നതു വ്യാജപ്രചാരണമാണ്. നമ്മുടേത് 1950കളിലെ മണിപ്പാൽ മാതൃകയാണ്.
വിദ്യാഭ്യാസം സാമൂഹികസംരംഭമാണെങ്കിൽ അതിന്റെ ചെലവു വഹിക്കേണ്ടതു സമൂഹമാണ്. സ്വകാര്യസംരംഭകരുടെ ഉത്തരവാദിത്തം അതു നന്നായി നടത്തുക എന്നതാണ്.
ഇവിടെയാകട്ടെ, ചിട്ടി നടത്തുന്നതുപോലെയാണ്. ആദ്യ ചിട്ടി തലയാളിന് എന്നു പറയുന്നതുപോലെ ആദ്യ കൈക്കൂലി അധികൃതർക്ക്. ആകെ മുതൽമുടക്ക് ഇതാണ്. ബാക്കി നടത്തിപ്പു മുഴുവൻ വിദ്യാർത്ഥികളുടെ ചെലവിലാണ്. ഇതിന് അംഗീകാരം കൊടുക്കുന്നു എന്നതാണു ഫിഫ്റ്റി-ഫിഫ്റ്റിയിലെ അശ്ലീലം.

താങ്കൾ തുടക്കത്തിൽ പറഞ്ഞല്ലോ, മഹാഭൂരിപക്ഷം പഠിക്കുന്ന കോഴ്‌സുകളുടെ ഗുണനിലവാരത്തെപ്പറ്റിയാണു വാസ്തവത്തിൽ നാം ഗൗരവപൂർവ്വം ചിന്തിക്കേണ്ടതെന്ന്. നമുക്ക് അതിലേക്കു വന്നാലോ?
വളരെ വേണ്ടപ്പെട്ട കുട്ടികൾ മാനവീയ വിഷയങ്ങളോ ശാസ്ത്രമോ പഠിക്കാൻ എവിടെ ചേരണമെന്നു ചോദിച്ചു വന്നാൽ, അവർ ശരിക്കും അതിൽ താത്പര്യമുള്ളവരാണെങ്കിൽ, കേരളത്തിനു പുറത്തു പോയി പഠിക്കാനാണു ഞങ്ങൾ പലരും ഉപദേശിക്കാറ്.
ഇവിടെ നല്ല സിലബസ് അല്ല. അക്കാദമിക അന്തരീക്ഷമില്ല. അക്കാദമിക അന്തരീക്ഷം എന്നതിൽ അച്ചടക്കവും പെടും. പക്ഷെ, അച്ചടക്കത്തെപ്പറ്റി നമ്മുടെ 'നല്ല' കോളെജുകളുടെ സങ്കല്പം ശരിയല്ല. സ്വതന്ത്രമായ അക്കാദമിക പ്രവർത്തനമാണ് അച്ചടക്കം. അല്ലാതെ യൂണിഫോമും മിണ്ടാതിരുന്നു നോട്ട് എഴുതിയെടുക്കലുമല്ല.

എന്താണു പ്രബുദ്ധമായ കേരളത്തിൽ മാത്രം ഈ ദുരവസ്ഥ?
ഉന്നതവിദ്യാഭ്യാസം സമൂഹത്തിൽ നിർവ്വഹിക്കേണ്ട ധർമ്മം നാം തിരിച്ചറിഞ്ഞില്ല. ഉദ്യോഗത്തിനുള്ള സാക്ഷ്യപത്രം മാത്രമാണു നമുക്കു വിദ്യാഭ്യാസം.
എഞ്ചിനീയറിംഗും മെഡിസിനും ജയിച്ചവർ ആ ജോലി ചെയ്യാൻ അറിയണം എന്നു നമുക്കു നിർബന്ധമുണ്ട്. അവ ഒഴികെ ഒന്നും വിദ്യ (competency) നല്കുന്നതാകണം എന്ന് ആരും പറയുന്നില്ല. ജോലി കിട്ടാൻ സഹായിക്കുന്ന ഉപാധിമാത്രമാണു സർട്ടിഫിക്കറ്റ്.
ഒരാൾ വ്യാജസർട്ടിഫിക്കറ്റും ഉണ്ടാക്കി ഗൾഫിൽ എയർ കണ്ടീഷനിംഗ് ജോലിക്കു പോയ കഥ കേട്ടിട്ടുണ്ട്. അവിടെച്ചെന്നു സർട്ടിഫിക്കറ്റ് കാണിക്കാൻ ശ്രമിച്ചു. അവരതു വാങ്ങി ദൂരെയെറിഞ്ഞിട്ടു കേടായ ഒരു എ.സി. നന്നാക്കാൻ ആവശ്യപ്പെട്ടു. നിന്നു വിയർത്ത പാവത്തിനു വീശാൻ പോലും സർട്ടിഫിക്കറ്റ് ഉപയോഗപ്പെട്ടില്ലത്രെ! ഇവിടെ അയാൾക്കും ജോലി കിട്ടും. ഒരു കടലാസു മതി.

തൊഴിലധിഷ്ഠിതകോഴ്‌സുകളും ഹോപ്‌ലെസ് ആണെന്നാണോ?
ഇന്നു മര്യാദയ്ക്കു നടക്കുന്നത് ഐടിഐകൾ മാത്രമാണ്. സ്വകാര്യ സ്ഥാപനങ്ങളാണ് ഐടിസികൾ. അവയും തട്ടിപ്പാണ്.
ഇതിന്റെ മെച്ചപ്പെട്ട രൂപമായാണു വിഎച്ച്എസ്ഇ കൊണ്ടുവന്നത്. പക്ഷെ, ഇതിനെയും അടിസ്ഥാനലക്ഷ്യം മറന്നു ഡിഗ്രി പ്രവേശനത്തിനുള്ള യോഗ്യതാകോഴ്‌സാക്കി - പിഡിസിക്കു തുല്യമാക്കി - മാറ്റുകയാണ് കേരളത്തിൽ ചെയ്തത്; കേരളത്തിൽ മാത്രം. ഈ കോഴ്‌സിലെ വിഷയങ്ങൾക്കൊപ്പം സയൻസും ഇംഗ്ലീഷും കൂടി എഴുതിയെടുത്താൽ ഡിഗ്രിക്കു പോകാം.
പ്ലസ്ടുവിനു പ്രവേശനം കിട്ടാത്തവർ ഡിഗ്രിയിലേക്കുള്ള കുറുക്കുവഴിയായി ഇതിനെ ഉപയോഗിക്കുകയാണിന്ന്. അവർ ഇതു പഠിച്ചു 'കൂടുതൽ യോഗ്യ'രായി കോളെജിൽ പോകുന്നു. പക്ഷെ ഈ കോഴ്‌സിനെ കേരളത്തിനു പുറത്തുള്ള സർവ്വകലാശാലകൾ ഡിഗ്രിപ്രവേശന യോഗ്യതയായി അംഗീകരിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഇതിനെ ഒരു ടെർമിനൽ എഡ്യുക്കേഷനായാണു നിർവ്വചിച്ചിട്ടുള്ളത്.

എന്താണ് കേരളത്തിൽ മാത്രം ഈ രൂപപരിണാമം?
കേരളത്തിൽ വൊക്കേഷണൽ കോഴ്‌സിനു ഡിമാൻഡ് ഇല്ലെന്നാണു നമ്മുടെ വ്യാഖ്യാനം. അത് ഒരു മദ്ധ്യവർഗ്ഗ ചിന്തയാണ്. അവർക്കുവേണ്ടിയാണു നാം വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നത്. പണ്ട് എസ്.എസ്.എൽ.സിക്കു നാം തോല്പ്പിച്ചുമാറ്റിയിരുന്ന ഒരു വലിയ വിഭാഗം കുട്ടികൾ ഇന്നു ഹയർ സെക്കൻഡറിയിൽ എത്തുന്നുണ്ട്. അവരിൽ പലരും എന്തെങ്കിലും തൊഴിൽ പഠിക്കാൻ തയാറാണ്. അവർക്കുവേണ്ടിയാണു നാം വൊക്കേഷണൽ ഹയർ സെക്കൻഡറി ഒരുക്കേണ്ടത്. അല്ലാതെ, പ്ലസ് ടുവിനു പ്രവേശനം കിട്ടാതെ എന്തെങ്കിലും പഠിക്കാൻ വരുന്നവർക്കുവേണ്ടി അല്ല. അവരാണു പിൻവാതിലിൽക്കൂടി വീണ്ടും കോളെജിൽ കയറാൻ ആഗ്രഹിക്കുന്നത്. അവരെ ആകർഷിക്കാൻവേണ്ടിയാണ് നാം വി.എഛ്.എസ്.ഇയ്ക്ക് അധികവിഷയമായി സയൻസ് പഠിപ്പിക്കുന്നത്. എങ്കിലേ അദ്ധ്യാപകരുടെ ജോലി സംരക്ഷിക്കാൻ കഴിയൂ എന്നാണു വ്യാഖ്യാനം.

അദ്ധ്യാപകർക്കു ജോലി കൊടുക്കാനുള്ള സംവിധാനമായാണല്ലോ അദ്ധ്യാപകസംഘടനകൾ മിക്കവയും വിദ്യാഭ്യാസപ്രക്രിയയെ കാണുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന അടിസ്ഥാന സങ്കല്പം അട്ടിമറിക്കപ്പെടുകയല്ലേ ഇതിലൂടെ?
സർവ്വശിക്ഷാ അഭിയാൻ എന്ന പരിപാടിയുടെ തത്വംതന്നെ എല്ലാവരും 12 വർഷം പഠിച്ചവരാകണം എന്നതാണ്. അതു പഠിച്ചവർ പക്ഷെ അവിടെ പഠിച്ച പണി ചെയ്യുന്നുണ്ടോ?
വിറകുവെട്ടലും വെള്ളം കോരലും എന്നും ആവശ്യമാണ്. വിദ്യാഭ്യാസം കിട്ടുന്നവർ അതേ ജോലി സാങ്കേതികവിദ്യികൾ ഉപയോഗിച്ചു ചെയ്യുന്നു. ഉത്പാദനക്ഷമത കൂടുന്നു. മണ്ണുകിളയ്ക്കുന്നയാൾ ജെസിബി ഓപ്പറേറ്റർ ആകുന്നു; വെള്ളം കോരുന്നയാൾ പമ്പ് ഓപ്പറേറ്ററും മാലിന്യം നീക്കുന്നയാൾ സാനിട്ടറി എഞ്ചിനീയറും നെല്ലുകുത്തുകയും തടിയറുക്കുകയും ചെയ്യുന്നവർ മിൽ ഓപ്പറേറ്റർമാരും ആകുന്നു; വയർമാനും പ്ലംബറും മെക്കാനിക്കും ഉണ്ടാകുന്നു. ഇതാണു മാറ്റം.
തൊഴിൽ രംഗത്തിന്റെ നവീകരണവും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തലുമാണ് ആവശ്യം. അപ്പോൾ യുവാക്കൾ ആകർഷിക്കപ്പെടും. ഉത്പാദനക്ഷമത ഉയരുമ്പോൾ മെച്ചപ്പട്ട വേതനം ഉണ്ടാകും.
എന്നാൽ മെച്ചപ്പെട്ട വേതനം നാം നേടിയെടുത്തതു വിലപേശലിലൂടെയാണ്. 50 വർഷം മുമ്പു ചെയ്തതിലും മോശമായി പറമ്പു കിളയ്ക്കുന്നയാൾക്ക് 50 ഇരട്ടി കൂലി കൊടുക്കുകയാണ് നാം ഇന്ന്. അതാണു സമൂഹത്തിൽ സംഘർഷവും ഒരേ വർഗ്ഗത്തിനുള്ളിൽ ഭിന്നിപ്പും ഉണ്ടാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പരാജയമാണത്.
ഡ്രൈക്ലീനിങ്ങും യാന്ത്രികലോണ്ട്രിയും ബ്യൂട്ടിക്ലിനിക്കും ഫാഷൻ ഹെയർ ഡ്രെസ്സിങ്ങും ഒക്കെ വന്നപ്പോൾ അലക്കും മുടിവെട്ടലും ഇന്ന് ആർക്കും നടത്താം. ഒരു മടിയുമില്ല. സേവനസാഹചര്യം മെച്ചപ്പെട്ടു. ഈ മാറ്റം മറ്റു രംഗങ്ങളിൽ വരുന്നില്ല. സാമ്പ്രദായിക വിദ്യാഭ്യാസത്തിൽനിന്ന് ഇതു കിട്ടുന്നില്ല;  നാം നല്കുന്നില്ല.
ഇതൊക്കെ അവർ ഇന്നു പുറത്തുനിന്നു പഠിക്കണം. വർക്‌ഷോപ്പുകളിൽ നിന്നും 'ഹെഡ് മേസ്തിരി'ക്കു ചായ വാങ്ങിക്കൊടുത്തുമൊക്കെ ഇതു പഠിച്ചെടുക്കുന്നവരാണ് ഇന്നു സമൂഹത്തിന്റെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇത്തരം ആവശ്യകതകൾക്കനുസരിച്ചു പരിശീലനം നല്കി സൗകര്യങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുക എന്നതാണു വികസനത്തിനും തൊഴിൽസൃഷ്ടിക്കും ചെയ്യേണ്ടത്.

ഇങ്ങനെ പഠിച്ചുവരുന്നവർക്ക് അനുഭവത്തിന്റെ കരുത്തുണ്ടാകുമെങ്കിലും അടിസ്ഥാനപരവും ശാസ്ത്രീയവുമായ ശിക്ഷണത്തിന്റെ അഭാവം പ്രവൃത്തിയുടെ ഗുണമേന്മയെ ബാധിക്കില്ലേ?
എസ്.എസ്.എൽ.സി. കഴിഞ്ഞു വരുന്ന അഞ്ചുലക്ഷത്തോളംപേരിൽ മൂന്നുനാലു ലക്ഷം പേർ ഇത്തരം തൊഴിലുകളിലേക്കു തിരിയേണ്ടവരാണ്. ഇന്ന് അവരും കോളെജിൽ ചേരാനാണു വെമ്പുന്നത്. അവർക്കു കാര്യക്ഷമമായ തൊഴിൽവിദ്യാഭ്യാസം നൽകി അതതു തൊഴിൽരംഗത്തേക്ക് ആകർഷിക്കുകയാണു വേണ്ടത്. യഥാർത്ഥ ഉത്പ്പാദനപ്രവർത്തനം നടത്തുന്ന വിദഗ്ദ്ധതൊഴിലാളികളെയാണു വാർത്തെടുക്കേണ്ടത്. അല്ലാതെ സൂപ്പർ വൈസർ ആകാനല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസം.
ഫിഷറീസ് പഠിച്ച വ്യക്തിക്കു മീൻ പിടിക്കാൻ അറിയാമോ? അഗ്രികൾച്ചർ പഠിച്ചയാൾക്കു തെങ്ങിൽ കയറാൻ അറിയാമോ? ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ ഒരാളോടു ഞാൻ ഇതു ചോദിച്ചു. അപമാനിച്ചതുപോലെയാണ് അയാൾക്കു തോന്നിയത്!
വലിയൊരു വിഭാഗം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കു തിരിയുകയും തുടർന്നും അഞ്ചോ ആറോ വർഷം ഇതു പഠിക്കണം എന്നു തോന്നുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിലേക്കു വരികയുമാണു വേണ്ടത്.
മാന്യമായ ജോലിയും വരുമാനവും ഉണ്ടാകുമ്പോൾ ഇനി എന്തിനു പഠിക്കണം എന്ന് അവർക്കു തോന്നണം. അങ്ങനെയുള്ളവരെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കേണ്ടിവരും. അതിനാണ് സ്‌കോളർഷിപ്പ് നൽകേണ്ടത്. അതാണ് വിദേശങ്ങളിൽ നടക്കുന്നത്. ഒപ്പം കോഴ്‌സുകളും മാറണം.

അപ്പോൾ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തെയും പുനർനിർവചിക്കേണ്ടിയിരിക്കുന്നു, അല്ലേ?
അതെ. തൊഴിലുകളുടെ നവീകരണത്തിനുവേണ്ട പുതിയ സാങ്കേതികവിദ്യകൾ, അതിനെ നിലനിർത്താൻ വേണ്ട ശാസ്ത്രപുരോഗതി, അതിനെ സ്ഥായിയാക്കാനുള്ള ശാസ്ത്രവിദ്യാഭ്യാസം, അടിക്കടി മാറുന്ന സമൂഹം നേരിടുന്ന (പരിസ്ഥിതിത്തകർച്ച, രോഗാതുരത, സ്ത്രീപീഡനം, മൗലികവാദങ്ങൾ തുടങ്ങിയ) പ്രശ്‌നങ്ങൾ നേരിടാൻ വേണ്ട സവിശേഷവിജ്ഞാനം സൃഷ്ടിക്കുക -ഇതിനൊക്കെയാണു സർവകലാശാലകൾ എന്നു കേരളസമൂഹം മനസ്സിലാക്കിയിട്ടില്ല. സാമൂഹിക ഉത്തരവാദിത്ത(oscial accountability)ത്തെപ്പറ്റിയും ബോദ്ധ്യമില്ല.
സോഷ്യൽ ഓഡിറ്റും ഉത്തരവാദിത്തവും (മരരീൗിമേയശഹശ്യേ) ഉണ്ടായാലേ ഉന്നതവിദ്യാഭ്യാസം രക്ഷപ്പെടൂ. സമൂഹത്തിന്റെ വികസനാവശ്യങ്ങൾ നിറവേറ്റാനാണത് എന്ന തിരിച്ചറിവുണ്ടാകണം.
നമുക്ക് ഇത്രയേയുള്ളൂ: സമൂഹമാകുമ്പോൾ സർവകലാശാലയും സിൻഡിക്കേറ്റും ഒക്കെ വേണം, അവർക്കു ചെലവിനു കൊടുക്കണം, അവിടൊക്കെ നമ്മുടെ ആളുകൾക്കു സ്ഥാനങ്ങളും നൽകണം.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഈ രംഗത്തു മാറ്റങ്ങൾ വരുത്താനുള്ള ഉപാധിയാകുമോ? അതോ വെറുമൊരു തൊഴുത്തുമാറ്റിക്കെട്ടലായി ഒതുങ്ങുമോ?
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി കൊണ്ടുവരാൻ ശ്രമിക്കുന്നതു നല്ല മാറ്റങ്ങളാണ്.
ഈ രംഗത്തു നിലനില്ക്കുന്ന അയവില്ലായ്മ മാറ്റി ഫ്‌ളെക്‌സിബിലിറ്റി കൊണ്ടുവരികയാണു പ്രധാന ആവശ്യം.
ഇന്നവിഷയം മെയിൻ, ഇന്നിന്ന സബ്‌സിഡിയറികൾ എന്നതിനു പകരം ഓരോ ഡിഗ്രിക്കും നിശ്ചിത ക്രെഡിറ്റ് (എണ്ണം വിഷയങ്ങൾ); ഇതിൽ നിർബന്ധമായും പഠിക്കേണ്ടവ ഉണ്ടാകും; ബാക്കി അയാൾക്കു സ്വതന്ത്രമായി തിരഞ്ഞെടുക്കാം എന്ന രീതി വരണം. അവരവരുടെ ഭിന്നാഭിരുചികൾകൂടി പരിപോഷിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഗണിതവും ഭൗതികവും പഠിക്കുന്ന ഒരാൾക്കു സംഗീതത്തിൽ താൽപ്പര്യമുണ്ടെങ്കിൽ അതുംകൂടി പഠിക്കാം.
ഇതിനു വലിയ മുന്നൊരുക്കം ആവശ്യമാണ്. അദ്ധ്യാപകരുടെ മനോഭാവം മാറണം.
ആരോ ഒരാൾ ചോദ്യമുണ്ടാക്കി, വേറെ ആരോ മാർക്കിട്ട്, മറ്റാരോ റിസൾട്ടിടുന്ന രീതി മാറണം. സ്വയംഭരണം വരണം.
സ്വയംഭരണം എന്നു കേട്ടാൽ ആദ്യം വിറളിയെടുക്കുന്നതു സ്വകാര്യ കോളെജ് അദ്ധ്യാപകരാണ്. സ്വയംഭരണം എന്നാൽ മാനേജർമാരുടെ തോന്ന്യാസം എന്നാണ് അവരുടെ ചിന്ത. മാനേജർമാരുടെ താല്പര്യവും അതാണ്. രണ്ടും മാറണം.
ഉന്നതവിദ്യാഭ്യാസരംഗത്തെ മാനേജ്‌മെന്റ് രീതിതന്നെ മാറണം. ഫാക്കാൽറ്റിക്കാണു സ്വയംഭരണാവകാശം നൽകേണ്ടത്. കരിക്കുലം പരിഷ്‌കരണം, സിലബസ് നവീകരണം, എന്നുതുടങ്ങി പുതിയ അദ്ധ്യാപകരെ തെരഞ്ഞെടുക്കൽ വരെയുള്ള അധികാരങ്ങൾ ഇവർക്കാകണം. അത്തരം സംവിധാനങ്ങളാണു കൊണ്ടുവരേണ്ടത്. അഫിലിയേറ്റിങ് സംവിധാനം ഉള്ളിടത്തോളം ഇതെല്ലാം നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട സംവിധാനമായി സർവകലാശാല നിലനിന്നാൽ മതി.
കാലക്രമത്തിൽ സ്വന്തം പ്രകടനത്തിന്റെ പേരിൽ കോളെജിന് അംഗീകാരം വളരും. ദൂരെനിന്നു കുട്ടികൾ ആ കോളെജിനെ തേടിവരുന്ന അവസ്ഥ ഉണ്ടാകണം. ഡിഗ്രി സർട്ടിഫിക്കറ്റിൽ പഠിച്ച കോളെജിന്റെ പേരുകൂടി വരണം എന്ന ശുപാർശയുണ്ട്. അപ്പോൾ അതിനു പ്രേരണ വരും.

ഉദാത്തമായ ആശയമാണ്. പക്ഷേ, നാലു പുത്തനുണ്ടാക്കാൻ മുതലും മുടക്കി ഇരിക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാർ തുരങ്കം വയ്ക്കില്ലെ? മാത്രവുമല്ല, ഇത്തരം മാറ്റങ്ങൾക്കു പണം ഇറക്കുകയും ചെയ്യേണ്ടി വരുമല്ലോ?
ചെലവു വലിയ പ്രശ്‌നമാണ്, ഇവിടെ മാത്രമല്ല, ലോകമാകെ. നവലിബറൽ പരിഷ്‌കാരങ്ങളുടെ ഫലമായി ഇവയ്ക്കുള്ള ധനസഹായങ്ങൾ കുറഞ്ഞും വരുന്നു. അതിനനുസരിച്ചു സ്വയം വിഭവസമാഹരണം നടത്താൻ സ്ഥാപനങ്ങൾ നിർബന്ധിതരാകുന്നു.
ലോകത്തെല്ലാം ഫീസ് വർധിക്കുന്നു. സാധാരണക്കാർക്കു താങ്ങാൻ കഴിയുന്നില്ല.
ഈയിടെ പത്രത്തിൽ വായിച്ചതാണ്, ഇല്ലിനോയി സർവകലാശാലയിൽ 30 കോടി ഡോളറിന്റെ സ്‌കോളർഷിപ്പിനുള്ള ഫണ്ട് സമാഹരിക്കുന്നു; പൊതുജനത്തിൽ നിന്ന്. വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടിയവർക്ക് അതു തിരിച്ചു നൽകാനുള്ള അവസരമായാണ് അവിടത്തുകാർ ഇതിനെ കാണുന്നത്. ഇതു നടക്കണമെങ്കിൽ 'സമൂഹത്തിന് എന്തു തിരിച്ചു നല്കും' എന്ന ചിന്ത ഉണ്ടാകണം. ഒപ്പം, സർക്കാർ ഗ്രാന്റ് വർധിപ്പിക്കാനുള്ള സമരങ്ങളും വേണം.
മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുമെന്ന് ഒന്നാം യു.പി.എ. സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ നടന്നില്ല. നാലു ശതമാനം വരെയേ ആയുള്ളൂ.

എത്ര പണം മുടക്കിയാലും എത്ര പരിഷ്‌കാരം വരുത്തിയാലും അദ്ധ്യാപകർ ആണല്ലോ ഏതു മാറ്റവും പ്രാവർത്തികമാക്കേണ്ടത്. അതിനു പ്രാപ്തരാണോ നമ്മുടെ അദ്ധ്യാപകർ?
അദ്ധ്യാപകരുടെ ഉത്തരവാദിത്തം എങ്ങനെ ഉറപ്പാക്കാം എന്നതു ലോകത്തെവിടെയും ഉള്ള പ്രശ്‌നമാണ്.
ഇന്ന് ഇവിടെ ഏറ്റവും സുഖകരമായ ജോലിയാണ് അദ്ധ്യാപനം. മുഴുവൻ പേരും തോറ്റാലും അദ്ധ്യാപകരോട് ആരും ഒന്നും ചോദിക്കില്ല.
അദ്ധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുക, പണിയെടുപ്പിക്കുക, പണിയെടുക്കാത്തവരെ ഒഴിവാക്കുക -ഇതിനുള്ള സംവിധാനം ഉണ്ടായേ തീരൂ.
ഉന്നതവിദ്യാഭ്യാസത്തിൽ പൊതുവേ അദ്ധ്യാപകരുടെ ശേഷി വിലയിരുത്തുന്നതു മൂന്നു തരത്തിലാണ്.
ഒന്ന്- അദ്ധ്യാപനമികവ്. ഇതു കുട്ടികൾ തീരുമാനിക്കണം. എൻജിനിയറിങ് കോളെജുകളിൽ ഇതു തുടങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായി ഇതു ചെയ്യാനാകും.
രണ്ട്- ഉന്നതവിദ്യാഭ്യാസം ആയതുകൊണ്ടു പുതിയ അറിവിന്റെ ഉൽപ്പാദനം വേണം. ഇതു പീയർ അസസ്‌മെന്റ് വഴി സാധിക്കും. പേറ്റന്റുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ പലതും മുൻനിർത്തി ഇതു കഴിയും.
മൂന്നാമത്തേതു പൊതുസേവനം. കോളെജ്, സർവകലാശാലാതലത്തിൽ ക്യാമ്പസ്സിലുള്ള സേവനം (ലൈബ്രേറിയൻ, വാർഡൻ, കോളെജ് യൂണിയൻ കൗൺസലിങ്, വിദ്യാർത്ഥിക്ഷേമം തുടങ്ങിയവ), സമൂഹത്തിലെ സേവനം (പഞ്ചായത്തിനുവേണ്ട സാങ്കേതികസഹായം, സർക്കാരിന്റെ കമ്മിറ്റികളിൽ പ്രവർത്തിക്കുക, സമൂഹത്തിനുവേണ്ട വൈദഗ്ദ്ധ്യം പകരുക എന്നിങ്ങനെ) തുടങ്ങിയവ ഇതിനു പരിഗണിക്കാം.
എല്ലാവർക്കും ഇവയെല്ലാം കഴിഞ്ഞില്ലെങ്കിലും ചിലതെല്ലാം കഴിയും. അവ വിലയിരുത്തണം. അതിന്റെ അടിസ്ഥാനത്തിലാകണം പ്രൊമോഷനുകളും മറ്റും.
പ്രൊഫെസ്സർ, അസി: പ്രൊഫെസർ തുടങ്ങി ഓരോ ഘട്ടത്തിലും പൊതുതെരഞ്ഞെടുക്കൽ (ഓപ്പൺ സെലക്‌ഷൻ) വേണം. ഇവിടെ ഇന്ന് ഏറ്റവും താഴെത്തലത്തിലേ കയറാനാവൂ. വിവിധ വൈദഗ്ദ്ധ്യങ്ങൾ ആർജ്ജിച്ചവർക്ക് അദ്ധ്യാപനത്തിൽ താല്പര്യം ഉണ്ടാകുമെങ്കിലും കീഴ്തസ്തികയിലൂടെ അവർക്കു വരാൻ കഴിയില്ല. എൻജിനിയറിങ് വൈദഗ്ദ്ധ്യം, ഗവേഷണമികവ് ഒക്കെയുള്ളവരെ അദ്ധ്യാപനരംഗത്ത് ആവശ്യമുണ്ടല്ലോ.

സിലബസ് പഠിപ്പിച്ചു തീർക്കുന്നതിനപ്പുറമുള്ള മുൻകൈകൾ അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ?
എങ്ങനെ ഉണ്ടാകാനാണ്? ഒരു കോളെജിൽ ജോലി ചെയ്യുമ്പോൾ ഞാൻ ഒരു വികസന പ്രോജക്ട് തയ്യാറാക്കി അപേക്ഷിച്ചാൽ, അത് അനുവദിച്ചുവരുമ്പോഴേക്ക് എന്നെ സ്ഥലം മാറ്റിയിരിക്കും. അതുകൊണ്ട് ആരും ദീർഘകാല പ്രോജക്ടുകൾ തയ്യാറാക്കുന്നില്ല.
ഞാൻ കോട്ടയം എൻജിനീയറിങ് കോളെജിൽ വകുപ്പുതലവനായിരിക്കുമ്പോൾ അവസാനവർഷ വിദ്യാർഥികളെ വിളിച്ചുകൂട്ടി ചില പരിപാടികൾ ചർച്ചചെയ്തു. ഒടുവിൽ, 'നിങ്ങൾക്കിനി എന്തെങ്കിലും ചോദിക്കാനുണ്ടോ' എന്നു ചോദിച്ചു. 'സർ എത്രനാൾ ഇവിടെ ഉണ്ടാകും' എന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം. 'ഞാൻ സ്ഥലം മാറ്റത്തിന് അപേക്ഷിക്കില്ല' എന്ന മറുപടിയേ നല്കാനായുള്ളൂ.
വടക്കൻ കേരളത്തിൽ പല കോളെജിലും ഫാക്കൽറ്റിയിൽ ഒഴിവുകിടക്കുക പതിവാണ്. തെക്കുനിന്നുള്ളവർ സ്ഥലംമാറ്റം വാങ്ങി പോകും. ചാർജ് കൈമാറാൻ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ഓരോ കോളെജിലേക്ക് മാത്രമായി (ഡെഡിക്കേറ്റഡ്) ഫാക്കൽറ്റി ഉണ്ടാകണം. പൊതു കേഡർ ആയിക്കോട്ടെ. പക്ഷെ, കണ്ണൂർ എഞ്ചിനീയറിങ് കോളെജിനു മാത്രമായി അപേക്ഷ ക്ഷണിച്ചു നിയമനം നടത്തുക. സ്ഥലമാറ്റം പാടില്ല. ആർട്‌സ് ആൻഡ് സയൻസ് കോളെജിലും ഇത് ആവശ്യമാണ്. വർഷങ്ങളോളം തിരുവനന്തപുരത്തിരുന്ന ആളെ ചിറ്റൂർ കോളെജിലേക്കു മാറ്റിയാൽ അതു നാടുകടത്തലായാണു കാണുന്നതെങ്കിൽ നാടും പിള്ളേരും എങ്ങനെ രക്ഷപ്പെടും?

ഇവയ്‌ക്കെല്ലാം ഒപ്പം കോളെജുതലത്തിലെ ബോധനരീതി കൂടി മാറേണ്ടതില്ലേ? അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽത്തന്നെ വന്ന ഒരു ലേഖനത്തിൽ, സ്കൂൾതലത്തിൽ പുതിയ ബോധനരീതിയിലൂടെ പഠിച്ചും പ്രവർത്തിച്ചും വരുന്ന കുട്ടികൾ കോളെജുതലത്തിൽ എത്തുമ്പോൾ അതിനെക്കാളും താണ നിലവാരം കാരണം നിരാശരാകുന്നുവെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
കോളെജിലെ ബോധനരീതിയിൽ 50 വർഷമായി ഒരു മാറ്റവുമില്ല. മോശമായെങ്കിലേയുള്ളൂ. ലോകമാകെ നോക്കിയാൽ അടിമുടി മാറിയതായി കാണാം. ലക്ചർ കൊടുത്തു നോട്‌സ് എഴുതിച്ചു കാണാപ്പാഠം പഠിപ്പിക്കൽ രീതിയാണിന്നും ഇവിടെ. പ്രോജക്ട്, ഇന്ററാക്ഷൻ, ആക്റ്റിവിറ്റി മോഡുകളിലാണു പുറത്തെല്ലാം അദ്ധ്യാപനം.
ശാസ്ത്രസാങ്കേതികവിദ്യയുട ചരിത്രം പഠിപ്പിച്ചപ്പോൾ അമേരിക്കയിലെ കോളെജുകളിലെ രീതി ഞാൻ അന്വേഷിച്ചു. ഇന്റർനെറ്റിലൂടെയും അവിടുത്തെ അദ്ധ്യാപകസുഹൃത്തുക്കളിൽനിന്നും ഒക്കെ വിവരങ്ങൾ ശേഖരിച്ചു.
ഒരു വിഷയത്തിനു 45-50 ലക്ചർ കിട്ടുമെങ്കിൽ ഓരോ ദിവസത്തെയും പ്രത്യേകവിഷയം (topic) നിശ്ചയിച്ച് അതിനു വായിക്കേണ്ട സാമഗ്രികളുടെ പട്ടിക നല്കും. ഓരോ വിഷയത്തിനും ബ്ലോഗുണ്ട്. അതിൽ ഇതു ഷെയർ ചെയ്യും.
ഒരു വിദ്യാർത്ഥി വിഷയം അവതരിപ്പിക്കണം. മറ്റുള്ളവർ പ്രതികരിക്കണം. അദ്ധ്യാപകൻ ഇടപെടൽ, നിരീക്ഷണം, മാർഗ്ഗദർശനം, വിട്ടുപോയകാര്യം ചൂണ്ടിക്കാണിക്കൽ, കൂടുതൽ സമഗ്രമാകൽ ഒക്കെനടത്തും. ഓരോ കുട്ടിയുടെയും അവതരണവും പ്രതികരണവും നോക്കി ഗ്രേഡു നല്കും. ഇതു തുടർമൂല്യനിർണയമാണ്. ഓരോ ക്ലാസും ഇപ്രകാരം സർഗാത്മകവും സംവാദത്മകവും ആകും.
ഇതോടൊപ്പം വ്യക്തിഗതപഠനപ്രവർത്തനങ്ങളും (assignments) പുസ്തകം നോക്കി എഴുതാവുന്ന പരീക്ഷകളും ഉണ്ടാകും. കാണാപ്പാഠം പരീക്ഷ ഇന്നില്ല. സെമസ്റ്ററിനൊടുവിലും മൂല്യനിർണയം നടത്തും.
നമ്മുടെ അദ്ധ്യാപകർ വിചാരിക്കും സംഗതി എളുപ്പമായല്ലോ എന്ന്. എന്നാൽ യാഥാർഥ്യം മറിച്ചാണ്. ഈ രീതിക്കു ധാരാളം അദ്ധ്വാനവും മുന്നൊരുക്കവും വേണം.
ജ്ഞാനനിർമ്മിതി യാഥാർത്ഥ്യമാകുന്നത് ഇവിടെയാണ്. പ്രൊജക്ടറും മറ്റും ഉപയോഗിച്ചുകൊണ്ടു കാര്യമൊന്നുമില്ല. രസകരമായി ക്ലാസ് എടുക്കലുമല്ല കാര്യം. പഠിക്കുന്ന രീതിയാണു മാറേണ്ടത്. സ്കൂളിൽ ഇത് ഒരു പരിധിവരെയെങ്കിലും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഉദാത്തമായ തുടർച്ച പ്രതീക്ഷിക്കുന്നവർക്കു നിരാശ സ്വാഭാവികം മാത്രം.
കുട്ടികളെപ്പറ്റിയുള്ള പരാതിക്കും കാരണം ഈ അദ്ധ്യാപനരീതിയാണ്. 'ഏല്പിച്ചാൽ ചെയ്യും, സ്വയം മുൻകൈ എടുത്തു ചെയ്യുന്നില്ല' എന്നതാണു പല കുട്ടികളെയും പറ്റി കുറ്റമായി പറയാറ്. അത്, പഠിപ്പിക്കാത്തതുകൊണ്ടാണ്. അച്ചടക്കവും അനുസരണയുമാണു നാം കാണുന്ന വിദ്യാർത്ഥിഗുണം; അല്ലാതെ, സർഗാത്മകതയല്ല!

തൊഴിൽ രംഗത്തെ ആവശ്യകത പരിഗണിക്കാതെയുള്ള വിദ്യാഭ്യാസമ്പ്രദായവും വിദ്യാർഥിക്കും വിദ്യാഭ്യാസത്തിനും ലക്ഷ്യമില്ലാതാക്കുന്നില്ലേ?
ദേശീയതലത്തിലുള്ള ആവശ്യം തിട്ടപ്പെടുത്തിവേണം ഇതു ചെയ്യാൻ. പിന്നെ കുറേപ്പേർ പുറത്തേക്കും പോകുന്നുണ്ടല്ലോ.
ഇതേപ്പറ്റി പഠിച്ച യു.ആർ.റാവു കമ്മിറ്റി ശുപാർശ ചെയ്തതു രാജ്യത്തു മൂന്നുലക്ഷം എഞ്ചിനീയറിങ് സീറ്റുകൾ ആകാം, കേരളത്തിൽ അതിന്റെ നാലു ശതമാനം, അതായത് 12,000 സീറ്റ് എന്നാണ്.
വിജയ ശതമാനം നാല്പതിൽ നില്ക്കുന്ന അവസ്ഥയിൽ കൂടുതൽ സീറ്റുണ്ടാക്കുന്നതിൽ കാര്യമില്ല. കൂടുതൽ പേർ ജയിച്ചുവരുന്ന സാഹചര്യമാണ് ആദ്യം വേണ്ടത്.
വികസിത ലോകത്ത് ഒരുലക്ഷം പേർക്കു 300 ഡോക്ടർ എന്നാണ് അനുപാതം. അപ്പോൾ നമുക്കു 90,000ത്തോളം ഡോക്ടർമാർ വേണം. നാല്പതുവർഷം സേവനകാലാവധി എന്നെടുത്താൽ ആണ്ടിൽ 2500 വരെ റാങ്കുള്ളവർക്കു മെഡിസിനു സ്‌കോളർഷിപ്പു നല്കണം. എഞ്ചിനീയറിങ്ങിനു 12,000 വരെ വരുന്നവർക്കും. പാരാമെഡിക്കൽ, വൊക്കേഷണൽ രംഗങ്ങളിലൊക്കെ ഇത്തരം ആസൂത്രണം വേണം.

പുതിയ മേഖലകൾ ലോകത്തു വികസിക്കുന്നതിനൊത്തു പുതിയ കോഴ്‌സുകളും കൂട്ടിച്ചേർക്കേണ്ടേ? എഞ്ചിനീയറിങ്ങിന്റെ കാര്യത്തിൽ നാം കുറെയെങ്കിലും ഫോക്കസ്ഡ് അല്ലേ? ആധുനിക പാഠ്യശാഖകളും മറ്റും വരുന്നില്ലേ?
എഞ്ചിനീയറിങ് കഴിയുന്നവർക്കു ജോലി കിട്ടുന്നു, രക്ഷപ്പെടുന്നു എന്നത് ഒരുവശം. അതേസമയം, ലക്ഷങ്ങൾ പണിയെടുക്കുന്ന പരമ്പരാഗതവ്യവസായങ്ങളുടെ നവീകരണത്തിനോ അതുലാഭകരം ആക്കാനോ വേണ്ട ഒരു സംഗതിയും ഈ കുട്ടികളെ പഠിപ്പിക്കുന്നില്ല. ഈ മേഖലകളുമായി എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന് ഒരു ബന്ധവുമില്ല. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളെജിലെ ഡോ: എം.ആർ. ശ്രീധരൻ നായരെപ്പോലെ ചിലർ സ്വന്തം നിലയ്ക്കു ചിലതൊക്കെ ചെയ്തിട്ടുണ്ട്. അല്ലാതെ ഈ സംവിധാനത്തിൽനിന്ന് ഒന്നും പ്രതീക്ഷിക്കണ്ടാ. പകരം, ലോകത്തെവിടെയെങ്കിലും പോയി സ്വയം രക്ഷപ്പെടാനുള്ള ഒരു മാർഗം മാത്രമാണത്.
ഡോ. എ.പി.ജെ.അബ്ദുൾ കലാമും മറ്റും ശാസ്ത്രവിദ്യാഭ്യാസത്തിലേക്കു വിദ്യാർഥികൾ കൂടുതലായി കടന്നുവരണമെന്നു പറയാറുണ്ടല്ലോ. ആ രംഗത്തെ നിലവാരം എന്താണ്?
ശാസ്ത്രവിദ്യാഭ്യാസം എന്തിനാണെന്നുപോലും നാം ചിന്തിച്ചിട്ടില്ല. എം.എസ്.സിയും എം.എയും കഴിഞ്ഞവർ കണ്ടക്ടർമാരും മറ്റും ആകുകയാണിന്ന്. ബാങ്കിൽ ജോലി കിട്ടിയാൽ ഏറ്റവും സന്തോഷം.
അദ്ധ്യാപനരംഗത്ത് ഇവരെ വേണമെന്നതു സ്വയംസിദ്ധമാണ്. സിലബസൊക്കെ ഇത്രയോറെ പരിഷ്‌കരിച്ചിട്ടും പി.ജി.ക്കാർ വേണം ഹൈസ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കാനെന്ന് ആവശ്യപ്പെടാൻപോലും കേരളം തയ്യാറാകുന്നില്ല. ശാസ്ത്രം പഠിക്കാൻ കുട്ടികളെ വിടുന്നില്ല എന്നു മാത്രമല്ല, ശാസ്ത്രം പഠിപ്പിക്കുന്നവർ സയൻസ് ബിരുദധാരികൾ ആയിരിക്കണം എന്നുപോലും നാം ആവശ്യപ്പെടുന്നില്ല!
സിബിഎസ്ഇ സിലബസ് നടപ്പാക്കും എന്നു മുഖ്യമന്ത്രി പറയുകയുണ്ടായി. പൊതുവിദ്യാഭ്യാസം നന്നാക്കുക എന്ന ലക്ഷ്യത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പക്ഷെ, ഈ സിലബസല്ല അവരുടെ ബലം. ഹൈസ്കൂൾ ക്ലാസിൽ പി.ജിക്കാർ പഠിപ്പിക്കുന്നു; 220 അദ്ധ്യയനദിവസം കിട്ടും; രണ്ടു ഭാഷയേ പഠിപ്പിക്കാനുള്ളൂ, ബാക്കി സമയം മുഴുവൻ മറ്റു വിഷയങ്ങൾ പഠിപ്പിക്കാം- ഈ അന്തരീക്ഷം നമ്മുടെ സ്കൂളുകളിൽ സൃഷ്ടിക്കുകയാകണം ലക്ഷ്യം.
മാനവീയ വിഷയങ്ങളിലും സ്‌കോളർഷിപ്പു നൽകി കുട്ടികളെ ആകർഷിക്കണം. ശരിക്കും വേണ്ടതു തൊഴിലുറപ്പോടുകൂടിയുള്ള സ്‌കോളർഷിപ്പാണ്. തൊഴിലു കൊടുക്കാൻ ആയില്ലെങ്കിൽ ജീവിക്കാൻ വേണ്ട പണം നൽകുന്ന സാമൂഹികസുരക്ഷാസംവിധാനം ഇന്നു പല വികസിതരാജ്യങ്ങളിലുമുണ്ട്.

പുതിയ സ്കൂളുകൾക്ക് അനുമതി നല്കാനുള്ള സർക്കാർ തീരുമാനം?
എല്ലാ കുട്ടികൾക്കും നടന്നുപോകാവുന്ന ദൂരത്തിൽ പ്രൈമറി സ്കൂളും ബുദ്ധിമുട്ടില്ലാതെ എത്താവുന്നിടത്തു ഹൈസ്കൂളുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ സ്കൂളുകൾ സംസ്ഥാനത്ത് ആവശ്യമില്ല. ദുർഗ്ഗമവനങ്ങളിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ സ്കൂൾ തീരെ കുറവുള്ളിടത്തോ തുടങ്ങുന്നതിൽ തെറ്റില്ല. നിലവിൽ സ്കൂൾ ഉള്ളിടത്തു പുതിയവ അനുവദിക്കുന്നത് ഉള്ളവയെ അപ്രസക്തമാക്കും.
നിലവിലുള്ള പൊതുവിദ്യാഭ്യാസ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണു പ്രധാനം. മറിച്ചായാൽ അവ ദുർബലമാകുകയും അതിനെ ആശ്രയിക്കുന്നവർ വഴിയാധാരം ആകുകയും ആകും ഫലം. പൊതുവിദ്യാഭ്യാസസംവിധാനം സൗകര്യങ്ങളും ബോധനസമ്പ്രദായവും ഒക്കെക്കൊണ്ടു ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു എന്നതുകൂടി കാണണം. അതിൽ കൂടുതൽ ഊന്നുക എന്നതാണു സാമൂഹിക ഉത്തരവാദിത്തം.

എന്താണു വിദ്യാഭ്യാസത്തോടുള്ള മലയാളികളുടെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയായിപ്പോയത്?
തിരുവിതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തിൽ കാണുന്ന കൗതുകകരമായ ഒരു കാര്യമുണ്ട്:
ഇവിടെ ആധുനിക വിദ്യാഭ്യാസം ഏർപ്പെടുത്തിയപ്പോൾ ആളുകൾ അതിൽ താല്പര്യമെടുത്തില്ല. അപ്പോൾ, ഇംഗ്ലീഷ് വിദ്യാഭ്യാസം ഉള്ളവർക്കേ സർക്കാർ ജോലിയുള്ളൂ എന്നു ദിവാൻ കല്പന പുറപ്പെടുവിച്ചു. അതോടെ വെള്ളപ്പൊക്കമായി! മറ്റു തൊഴിലെടുത്തു ജീവിച്ചിരുന്ന സമൂഹത്തിന്റെ ആത്യന്തികലക്ഷ്യം സർക്കാർ ജോലിയായി.
തിരുവിതാംകൂറിൽ രണ്ടു വിദ്യാഭ്യാസ കമ്മിറ്റികൾ ഉണ്ടായിട്ടുണ്ട്. 1933-ൽ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റി(ERC)യും 1915-ൽ സ്റ്റതാം (Statham) കമ്മിറ്റി എന്നറിയപ്പെടുന്ന വിദ്യാഭ്യാസ പുനഃസംഘാടന കമ്മിറ്റി(EROC)യും. ഇവ രണ്ടും വ്യക്തമായി പറഞ്ഞിട്ടുണ്ട്, സ്കൂൾ വിദ്യാഭ്യാസം കോളെജ് വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പല്ല എന്ന്. അതു സ്വയംപൂർണം ആയിരിക്കണം, ജീവിതത്തിലേക്കു പ്രവേശിക്കാനുള്ള കഴിവുണ്ടാക്കുന്നതാകണം എന്നുതുടങ്ങി പലതും ഇവർ നിർദ്ദേശിച്ചു.
പക്ഷെ, ഒന്നും നടന്നില്ല. കാരണം, വിദ്യാഭ്യാസനയം രൂപവത്കരിച്ചവരുടെയെല്ലാം ലക്ഷ്യം തങ്ങളുടെ കുട്ടികൾക്കു സർക്കാരുദ്യോഗം കിട്ടണം എന്നതായിരുന്നു.
ഇന്ത്യയിൽ മറ്റിടങ്ങളിലും ഇത് ഇങ്ങനെതന്നെയാണെങ്കിലും തൊഴിലധിഷ്ഠിത പരിശീലനം ഫലപ്രദമാണ്. അവിടങ്ങളിൽ വ്യവസായവത്കരണം വന്നതുകൊണ്ട് ആവശ്യബോധം ഉണ്ടായി. ഇവിടെ അതും ഉണ്ടായില്ല.
ഡോ.ആർ.വി.ജി.മേനോൻ പറഞ്ഞു നിർത്തുമ്പോൾ മനസ്സിൽ തോന്നിയത് ഇതാണ്:
ചുരുക്കത്തിൽ, 'പ്രബുദ്ധ' കേരളത്തിന് അല്പം ലജ്ജിക്കാൻ വകുപ്പുണ്ട്; അല്ല, ലജ്ജിക്കാനേ വകുപ്പുള്ളൂ. സാമൂഹിക ലക്ഷ്യങ്ങളെ ഒക്കെ അട്ടിമറിച്ചും സ്വാർത്ഥത സംരക്ഷിക്കുന്ന ഉത്തരവാദിത്തശൂന്യരുടെ ഒരു സമൂഹം; ലോകത്തെ മാറ്റങ്ങളൊന്നും കാണാതെ മലയ്ക്കും കടലിനുമിടയിൽ കുണ്ടുകിണറു തീർത്ത് ഉത്കണ്ഠകളില്ലാതെ സസുഖം വാഴുന്ന ഒരു മണ്ഡൂകസമൂഹം; ഒന്നും ഉല്പാദിരപ്പിക്കാതെ അർഹമല്ലാത്തതു മറ്റുള്ളവരിൽനിന്നു കുതന്ത്രങ്ങളിലൂടെ തട്ടിയെടുത്തുമാത്രം നിലനില്ക്കുന്ന ഇടനിലക്കാരുടെ, ഇപാടുകാരുടെ സമൂഹം.....
അസഹ്യമായ പാപബോധത്തോടെ പരശുരാമൻ വലിച്ചെറിഞ്ഞുകളഞ്ഞ പാപപങ്കിലമായ മഴു വീണുണ്ടായ നാടല്ലേ! തലമുറകളായി പേറുന്ന വിനാശത്തിന്റെ ഈ കോടാലി മലയാളി എന്നാണു വലിച്ചെറിഞ്ഞുകളയുക!

പതിനെട്ടാമത്തെ ആനയുടെ യുക്തി [അഭിമുഖം ഡോ. ആർ. വി.ജി.മേനോൻ]


പതിനെട്ടാമത്തെ ആനയുടെ  യുക്തി
അഭിമുഖം
ഡോ. ആർ. വി.ജി.മേനോൻ/ മനോജ് കെ. പുതിയവിള



പുൽമേട്ടിലെ മകരജ്യോതിദുരന്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിവിട്ടിരിക്കുന്നു. അവയിൽ ഒന്നാണ് കേരളസമൂഹത്തിന്റെ യുക്തിബോധനിലവാരം. യുക്തിചിന്തയുടെ അടിത്തറയും യുക്തിബോധത്തിന്റെ കരുത്തും നമുക്കു കൈമോശം വരികയാണോ? യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും വളരുകയാണോ? ശാസ്ത്രീയസമീപനങ്ങളിൽനിന്ന് അശാസ്ത്രീയതകളിലേക്കും മതനിരപേക്ഷമൂല്യങ്ങളിൽനിന്ന് അസഹിഷ്ണുതയിലേക്കും ആഴമേറിയ വിശകലനബോധത്തിൽനിന്ന് ഉപരിപ്ലവനിഗമനങ്ങളിലേക്കുമെല്ലാം കേരളം അധഃപതിക്കുകയാണോ? പ്രസ്ഥാനങ്ങളും ഭരണകൂടവുമെല്ലാം ഈ പതനത്തിൽ നോക്കുകുത്തികളോ ഉൽപ്രേരകങ്ങളോ ആകുകയാണോ? ചോദ്യങ്ങൾ ഏറെയാണ്. എന്നാൽ, കേരളസമൂഹം മൊത്തത്തിൽ ഒരുകാലത്തും ഇതിനെക്കാളൊന്നും യുക്തിഭദ്രം ആയിരുന്നില്ലെന്നും പുതിയകാലത്തും നാം നേടേണ്ട നിലവാരം കൈവരിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ ഡോ. ആർ.വി. ജി. മേനോൻ വിലയിരുത്തുന്നു. ശാസ്ത്രബോധവും ശാസ്ത്രീയസമീപനവും വളർത്താൻ യത്നിക്കുന്ന ഇദ്ദേഹം സമൂഹത്തിന് ഉയർന്ന യുക്തിബോധം നേടാൻ കഴിയാതെ പോയതിന് ഉത്തരവാദിയായി വിധിക്കുന്നത് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെയാണ്. ഗഹനമായ കാര്യങ്ങൾപോലും ലളിതമായി അദ്ദേഹം വ്യാഖ്യാനിക്കുന്നു:
  ആദ്യം തന്നെ പറയട്ടെ, യുക്തിവാദം എന്ന് ഇന്നു വ്യവഹരിക്കുന്ന മൗലികയുക്തിവാദം അഥവാ അന്ധയുക്തിവാദം അല്ലെങ്കിൽ കേവലയുക്തിവാദത്തോട് എനിക്കു യോജിപ്പില്ല. യാഥാർഥ്യബോധമുള്ളതും പ്രായോഗികവുമായ യുക്തിബോധമാണു വേണ്ടത്. വിശ്വാസങ്ങളെ വെറുതെ എതിർക്കുകയല്ല, അവ ഉണ്ടായതും നിലനില്ക്കുന്നതുമായ സാഹചര്യങ്ങളെയും അവയ്ക്കു സ്വീകാര്യത നല്കുന്ന ഘടകങ്ങളെയും വിശകലനം ചെയ്തുകൊണ്ടുവേണം അതിനെ സമീപിക്കാൻ.
  സമൂഹത്തിലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും യാതനകളിലും നിന്ന് ആശ്വാസം തേടുന്നതിൽ വിശ്വാസത്തിനു വലിയ റോളുണ്ട്. സമൂഹപരിണാമത്തിലും വിശ്വാസം പങ്കുവഹിച്ചിട്ടുള്ളതായി നരവംശശാസ്ത്രജ്ഞർ വിലയിരുത്തിയിട്ടുണ്ട്.
  യുക്തിചിന്തയോടുകൂടിയ ജന്തുവാണു മനുഷ്യൻ എന്നു പറയുമെങ്കിലും അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കേണ്ടിവരാറുണ്ട്. ചില ഉള്ളറിവുകളോ ഉൾവിളികളോ ചേർത്ത് നേതാവായിരിക്കും ഇത്തരം ഉടൻതീരുമാനങ്ങൾ എടുക്കുന്നത്. ജനമനസ്സിൽ അയാളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിശ്വാസദാർഢ്യമാണ് അയാളെ നേതാവാക്കുന്നതും ഇത്തരം തീരുമാനങ്ങൾക്കു സ്വീകാര്യത നല്കുന്നതും. ഇത്തരം വിശ്വാസം പിൻതുടർന്നിരുന്ന സമൂഹങ്ങൾക്ക് അതിജീവനസാദ്ധ്യത കൂടുതലായിരുന്നു എന്നു ചില നരവംശശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
  ഗോത്രയുദ്ധങ്ങളിൽ വിജയം നേടിക്കൊടുത്തത് പലപ്പോഴും ഇത്തരം വിശ്വാസങ്ങളാണ്. യുദ്ധത്തിൽ ജയിച്ചാൽ ഭൂമിയുടെ അധികാരവും; മരിച്ചാൽ സ്വർഗവും. ഇന്നു മതഭീകരതാപ്രസ്ഥാനങ്ങളും ഇതേ വിശ്വാസമാണ് ഉപയോഗപ്പെടുത്തുന്നത്. ഭഗവത്ഗീതയിലും ഇതുകാണാം.
  'ഹതോവാ പ്രപ്സ്യസി സ്വർഗം
  ജിത്വാ വാ ഭോക്ഷ്യസേ മഹിം'
  രണ്ടുംകല്പിച്ചു യുദ്ധം ചെയ്യുന്നവർ ജയിക്കും. വളരെ യുക്തിപൂർവം ചിന്തിച്ചു പോകുന്നവർ യുദ്ധത്തിനേ പോകില്ല.
  'നൈനം ഛിന്ദന്തി ശസ്ത്രാണി' എന്ന ശ്ലോകത്തിലൂടെ ആത്മാവിനു നാശമില്ലെന്നു പറഞ്ഞ് യുദ്ധത്തിൽ കൊല്ലുന്നതിനെ ഗീത യുക്തിഭദ്രമാക്കുന്നു. വിശ്വരൂപം കാട്ടിക്കൊടുത്തിട്ട്, 'ഇതെല്ലാം ഞാൻ സംഭവിപ്പിച്ചു കഴിഞ്ഞിരിക്കുന്നു, ഇപ്പോൾ നീ ചെയ്യുന്നതു കേവലനിർവഹണവും നീ അതിന്റെ ഉപകരണവും മാത്രം' എന്നു വിശ്വസിപ്പിക്കുന്നു. എന്നിട്ടും പോരാഞ്ഞാണു ഭഗവാൻ ഈ വാദം മുന്നോട്ടു വെക്കുന്നത്.

പക്ഷേ, ശാസ്ത്രബോധത്തിന്റെ ആധുനികകാലത്ത് അയുക്തികതയുടെ ഇത്തരം വിശ്വാസങ്ങളിൽനിന്നു സമൂഹം മുക്തമാകേണ്ടതല്ലേ? അതിനുള്ള ശ്രമം പ്രസക്തമല്ലേ?
  തിരുവനന്തപുരം ചെഷയർ ഹോമിലെ അന്തേവാസിയായ സരസുവിനെ അറിയുമായിരിക്കും. ദേഹം തളർന്നിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന അവൾ ആത്മകഥയിൽ എഴുതുന്നു അവൾക്കു ജീവിക്കാൻ ധൈര്യം നല്കുന്നത് യേശുവിലുള്ള വിശ്വാസമാണെന്ന്. യേശു വെറും സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് ആ കുട്ടിയോടു പറയാൻ എനിക്ക് എന്താണ് അധികാരം? പ്രതീക്ഷ- അതു നല്കുന്ന മാറ്റം വലുതാണ്.
  വിശ്വാസം ചെയ്യുന്ന ധർമം ഉദാഹരിക്കാൻ കുട്ടികളോടു പറയാറുള്ള പതിനെട്ടാമത്തെ ആന എന്ന കഥ ഉതകും. ഒരു രാജാവ്. അദ്ദേഹം തനിക്കുള്ള 17 ആനകളെ മൂന്നു മക്കൾക്കായി വീതിച്ചു നല്കാൻ എഴുതിവെച്ചാണു മരിച്ചത്. മൂത്തയാൾക്കു പകുതി, രണ്ടാമനു മൂന്നിലൊന്ന്, മൂന്നാമന് ഒമ്പതിൽ ഒന്ന്. പക്ഷേ, 17 ആനകളെ ഈ മൂന്നു രീതിയിലും പകുക്കാനാവില്ലല്ലോ. അവർ തമ്മിൽ വഴക്കായി. അപ്പോൾ ഒരു സന്ന്യാസി ആനപ്പുറത്തുകയറി അവിടെ വന്നു. പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം തന്റെ ആനയെക്കൂടി രാജാവിന്റെ ആനകൾക്കൊപ്പം നിർത്തി. 18 ആനകളെ ഒസ്യത്തുപ്രകാരം പകുത്തു. മൂന്നു മക്കൾക്കുംഅർഹമായ പങ്കുകിട്ടി. സന്ന്യാസിയുടെ ആന മിച്ചംവന്നു. സന്ന്യാസി അതുമായി യാത്ര തുടരുകയും ചെയ്തു.
  ആ പതിനെട്ടാമത്തെ ആനകൂടി ഉണ്ടെങ്കിലേ സമവാക്യം ശരിയാകൂ. പക്ഷേ, ആന യഥാർഥത്തിൽ ഉണ്ടാകണമെന്നില്ല. ആ വിശ്വാസം മാത്രം മതി. ഇതാണു ദൈവസങ്കല്പം നിർവഹിക്കുന്ന ധർമം. പീഡിപ്പിക്കപ്പെടുന്നവർക്ക് ആശ്വാസമാണത്. ദൈവസങ്കൽപം അതിനായുള്ള നിർമിതി ആണ്. അതുകൂടി വരുമ്പോൾ ധൈര്യവും ആത്മവിശ്വാസവും ഒക്കെയാകും. അതാണു വിശ്വാസത്തിന്റെ റോൾ. അതുകൊണ്ടുപക്ഷേ, പതിനെട്ടാമത്തെ ആന ഉണ്ടാകണമെന്നില്ല.
  ശാസ്ത്രത്തിന് ഈ സമാശ്വാസദൗത്യം നിർവഹിക്കാനാവില്ല. സരസുവിനോടു ശാസ്ത്രം പറഞ്ഞിട്ടുകാര്യമില്ല. അതേസമയം സമ്പത്തിനും അധികാരത്തിനുമായി ഇതിനെ ദുരുപയോഗപ്പെടുത്തുന്ന, ചൂഷണം ചെയ്യുന്ന, ഒരു വിഭാഗം എന്നും ഉണ്ട്. സമ്പത്തിന്റെ ശക്തി, അധികാരത്തിന്റെ ശക്തി എല്ലാം ചേർത്തു വിശ്വാസത്തെ അവർ ഉപയോഗിക്കുന്നു. ഇതിനെ എതിർക്കണം. ഇതിനെ എതിർക്കാൻ വിശ്വാസത്തിന്റെ ശാസ്ത്രീയത മാത്രമല്ല അതു നിർവഹിക്കുന്ന സാമൂഹികധർമംകൂടി തിരിച്ചറിഞ്ഞും അംഗീകരിച്ചുംകൊണ്ടേ കഴിയൂ. യുക്തിവാദിപ്രസ്ഥാനം അത്തരം ധർമമല്ല നിർവഹിക്കുന്നത്.

യുക്തിവാദികളുടെ പ്രവർത്തനം ശരിയായ ഫലം നല്കുന്നില്ല എന്നാണോ?
  നോക്കൂ, ശബരിമല ക്ഷേത്രത്തിൽ പണ്ടു തീപ്പിടിത്തം ഉണ്ടായപ്പോൾ സി. കേശവൻ പറഞ്ഞു, ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന്. അത്തരം അഭിപ്രായവും നിലപാടും വിശ്വാസപക്ഷത്തെ കൂടുതൽ സംഘടിതരാക്കുകയാണു ചെയ്യുക. ശബരിമലയുടെ തനിമ, അനന്യത, ആത്മാർഥമായി വ്രതമെടുത്ത് അവിടെ പോകുന്നവർക്ക് അനുഭവിക്കാവുന്ന ഒരനുഭൂതി-ഇതെല്ലാം വസ്തുതകളാണ്. പക്ഷേ, പൊന്നമ്പലമേട്ടിലെ ജ്യോതി കത്തിക്കലും ടിവിക്കാരുടെ നുണപ്രചാരണവും ഒക്കെ ശുദ്ധ അസംബന്ധമാണ്. പണം പിടുങ്ങാനുള്ള പുതിയ കഥകൾ, ചടങ്ങുകൾ, അനുഷ്ഠാനങ്ങൾ ഒക്കെ തുറന്നുകാട്ടണം. ഒപ്പം മതവും മതപ്രസ്ഥാനങ്ങളും നിർവഹിക്കുന്ന സാമൂഹികധർമം അംഗീകരിക്കുകയും വേണം. അതേ പറ്റൂ.

മകരജ്യോതി ദൈവികമോ അത്ഭുതമോ അല്ല, മനുഷ്യൻ കത്തിക്കുന്നതാണ് എന്ന അറിവ് മലയാളികൾക്കുള്ളത് കേരളസമൂഹത്തിന്റെ ഉയർന്ന യുക്തിബോധം കൊണ്ടല്ലേ? 1999- ലും ഈ വർഷവുമായി മകരവിളക്കുദിവസം മരിച്ച 154 തീർഥാടകരിൽ വെറും നാലുപേരല്ലേ മലയാളികൾ ഉള്ളൂ. അപകടങ്ങൾ നടന്നത് കേരളത്തിലായിട്ടും ഇങ്ങനെ സംഭവിച്ചത് യുക്തിവാദികൾ നടത്തിയ പ്രചാരണം കൊണ്ടുകൂടിയല്ലേ?
  ഏതു പ്രവർത്തനത്തിനും അതിന്റേതായ ഫലമുണ്ടാകും. യുക്തിവാദികളുടെ പ്രവർത്തനത്തിനു ഫലമില്ലെന്നല്ല ഞാൻ പറഞ്ഞത്; വിശ്വാസചൂഷണം അവസാനിപ്പിക്കാൻ അവരുടെ സമീപനമല്ല ശാസ്ത്രീയം എന്നാണ്; വിശ്വാസങ്ങൾ നിലനില്ക്കുന്ന സമൂഹത്തെ മാറ്റിത്തീർക്കാനുള്ള പ്രവർത്തനമാണ് ആവശ്യമെന്നാണ്.

താങ്കൾ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ കാര്യം എന്താണ്? ഞാനൊക്കെ യുക്തിവാദി സംഘത്തിൽനിന്നു കുറേക്കൂടി ശാസ്ത്രീയവും ഫലപ്രദവുമായി യുക്തിചിന്ത വളർത്താൻ കഴിയുന്ന വേദി എന്ന ധാരണയോടെ പരിഷത്തിലേക്കു വന്നവരാണ്. പ്രപഞ്ചോല്പത്തിയെയും മറ്റും പറ്റി ശാസ്ത്രീയമായി പഠിപ്പിക്കുകവഴി സ്രഷ്ടാവും നിയന്താവുമായ ദൈവത്തിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടും എന്ന കാഴ്ചപ്പാടിൽ.
  ഈ രണ്ടു ലൈനിലുള്ളവരും പരിഷത്തിലുണ്ട്. യുക്തിവാദം വഴി വന്നവരും ശാസ്ത്രത്തിലൂടെ വന്നവരും. യുക്തിചിന്ത അടിച്ചേല്പിക്കുന്നതിനുപകരം വിമർശനാത്മകസമീപനം വളർത്തുകയാണു വേണ്ടത് എന്നതാണ് ഒരു പക്ഷം. വിശ്വാസംകൊണ്ട് അർഥമാക്കുന്നതിനെ എതിർക്കുകയല്ല, ചൂഷണത്തെ എതിർക്കുകയാണു വേണ്ടത്. എം. പി. പരമേശ്വരനും മറ്റും ഈ പക്ഷക്കാരാണ്. അന്ധവിശ്വാസത്തെ സന്ധിയില്ലാതെ എതിർക്കുക എന്നതാണു ശാസ്ത്രബോധം എന്നതാണു മറ്റൊരു പക്ഷം.
  ശാസ്ത്രലോകത്തുമുണ്ട് ഈ രണ്ടുപക്ഷം. നൊബേൽ ജേതാക്കളിൽപ്പോലും ദൈവവിശ്വാസികൾ ഏറെയുണ്ട്. ചിലർ അന്ധവിശ്വാസികൾപോലും ആയിരുന്നു. ന്യൂട്ടൻതന്നെ ഒടുവിൽ ആൽക്കെമി, ഒകൾട്ടിസം(രാസ-മാന്ത്രിക വിദ്യകൾ) എന്നിവയിലാണ് അഭിരമിച്ചത്. അതുകൊണ്ട് ന്യൂട്ടനു ശാസ്ത്രബോധം ഇല്ലായിരുന്നു എന്നു പറയാനാവില്ല. അദ്ദേഹം അവയ്ക്കു തെളിവു കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.
  ശാസ്ത്രീയമായി തെളിയിച്ചാലേ വിശ്വസിക്കൂ എന്ന നിലപാട് എല്ലാ കാര്യത്തിലും ശരിയല്ല. പിതൃത്വം നല്ല ഉദാഹരണമല്ലേ? ഇന്നു ജീൻമാപ്പിങ്വഴി പിതൃത്വം തെളിയിക്കാനാകും. പക്ഷേ, അങ്ങനെ തെളിയിച്ചാലേ വിശ്വസിക്കൂ എന്ന നിലപാടു ശരിയല്ലല്ലോ. അതുപോലെതന്നെയാണു സ്നേഹം, കരുണ തുടങ്ങി മറ്റനേകം മാനവികനിലപാടുകളും.
  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ അംഗീകരിച്ചേതീരൂ എന്ന നിലപാടു ശരി. പക്ഷേ, എല്ലാം അങ്ങനെയേ ആകാവൂ എന്നില്ല. ആദ്യം ആകാശം, പിന്നെ ഭൂമി, ആദ്യം പുരുഷൻ, പിന്നെ സ്ത്രീ... എന്നിങ്ങനെയാണു പ്രപഞ്ചസൃഷ്ടി എന്നും മറ്റുമുള്ള വാദങ്ങൾ ഇതുകൊണ്ടുതന്നെ അംഗീകരിക്കാനാവില്ല.
  പ്രപഞ്ചപരിണാമവും അതിന്റെ കാലഗണനയും കുറെയെല്ലാം നാം കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഇതെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടോ? ഉണ്ട് എന്നു പറയാനുള്ള ശാസ്ത്രീയതെളിവില്ല. അതിനർഥം അങ്ങനെയൊന്ന് ഇല്ല എന്നല്ല. അങ്ങനെയൊരു ശക്തിയെ അംഗീകരിക്കാതെ പ്രപഞ്ചത്തെപ്പറ്റി അന്വേഷിക്കുകയാണു ശാസ്ത്രത്തിന്റെ മാർഗം.
  ഒരു സംഭവകഥയിലൂടെ ഇതു വ്യക്തമാക്കാം. വിഖ്യാതശാസ്ത്രജ്ഞനായ ലാപ്ലാസിന്റെ കഥയാണ്. അക്കാലത്തു വിദ്യാഭ്യാസമുള്ള അപൂർവം യൂറോപ്യൻ ഭരണാധികാരികളിൽ ഒരാളായിരുന്ന നെപ്പോളിയന്റെ ഗുരുവായിരുന്നു ലാപ്ലാസ്. ലാപ്ലാസിനെ അദ്ദേഹം ഉപദേഷ്ടാവാക്കി. 'നെബുലാർ ഹൈപ്പോത്തെസിസ്' എന്ന സിദ്ധാന്തം അവതരിപ്പിക്കുന്ന 'സെലസ്റ്റിയൽ മെക്കാനിക്' എന്ന ഗ്രന്ഥം ലാപ്ലാസ് നെപ്പോളിയനു സമർപ്പിച്ചു.
  ഈ പുസ്തകത്തിൽ ദൈവത്തെപ്പറ്റി ഒന്നും പറയുന്നില്ല. അന്നുവരെയുള്ള എല്ലാ പ്രപഞ്ചസിദ്ധാന്തത്തിലും ആകാശഗോളങ്ങളെയെല്ലാം ചലിപ്പിക്കുന്ന ഒരു ദൈവം ഉണ്ടായിരുന്നു. ന്യൂട്ടന്റെ പുസ്തകത്തിലും പ്രപഞ്ചചലനത്തിലെ പിശകുകൾ അപ്പപ്പോൾ ശരിയാക്കി നടത്തുന്നതു ദൈവമാണ്. ഇതിൽ എന്താണു ദൈവത്തെക്കുറിച്ചുള്ള പരാമർശം ഇല്ലാത്തത് എന്ന് നെപ്പോളിയൻ ലാപ്ലാസിനോടു ചോദിച്ചു. ‘Sir, I didn't need that hypന്മthesis' എന്നായിരുന്നു മറുപടി.
  നമ്മുടെ അജ്ഞതയുടെ തകരാറുകൾ പരിഹരിക്കാനാണ് ദൈവത്തെ കൊണ്ടുവരുന്നത്. എനിക്ക് അത്തരം പ്രശ്നം വന്നില്ല എന്നാണു ലാപ്ലാസ് പറഞ്ഞത്. പ്രപഞ്ചവിജ്ഞാനം വളരുന്തോറും അതിലെ ദൈവത്തിന്റെ റോൾ കുറഞ്ഞുവരും.

അപ്പോൾ ദൈവവിശ്വാസത്തിന് എതിരാണു ശാസ്ത്രം?
  സയൻസ് ദൈവം ഉണ്ടോ ഇല്ലയോ എന്നു പറയുന്നില്ല. രണ്ടും രണ്ടുതരം അന്വേഷണമാണ്. വിശ്വാസത്തിനു ശാസ്ത്രീയത പകരുന്ന, തെളിവു നിരത്തുന്ന ശ്രമം കപടശാസ്ത്രമാണ്. തെറ്റെന്നു തെളിയിക്കപ്പെട്ടാൽ അതു തള്ളണം. അല്ലാത്തിടത്തോളം, നിരുപദ്രവമെങ്കിൽ അതു നിലനില്ക്കട്ടെ എന്നു കരുതുന്നതിൽ തെറ്റില്ല.

യുക്തിവാദം, കേവലനിരീശ്വരവാദം എന്നിവ മാറ്റിനിർത്തിയാൽത്തന്നെ, കേരളീയർ ഇന്ത്യയിലെ ഇതര സമൂഹങ്ങളെക്കാൾ ഉയർന്ന യുക്തിബോധം പുലർത്തുന്ന ഒരു സമൂഹമല്ലേ? ലോകത്തെ നാനാവിഭാഗങ്ങളുമായി ചരിത്രാതീതകാലം മുതലേ സമ്പർക്കം പുലർത്താൻ അവസരം കിട്ടിയ ഒരു സമൂഹം എന്ന മെച്ചം നമുക്കില്ലേ? നമ്മുടെ മാവേലിനാട് ഐതിഹ്യംപോലും സമത്വാധിഷ്ഠിതവും അതുകൊണ്ടുതന്നെ ചൂഷണരഹിതവുമായ ഒരു സമൂഹസങ്കല്പത്തിന്റെ യുക്തിപരതയല്ലേ വെളിവാക്കുന്നത്?
  യുട്ടോപ്യൻ സോഷ്യലിസം എന്ന സങ്കല്പം ലോകത്തു പലയിടത്തും ഉണ്ടായിരുന്നു. അതിന്റെ കേവലം കാല്പനികമായ ഒരു പകർപ്പു മാത്രമാണു മാവേലിനാട്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഈ കാല്പനികാധിക്യം തന്നെയാണ്. എല്ലാവരും നല്ലവരായാൽ ലോകം നന്നാകും എന്ന കാവ്യകല്പന. ഇന്നത്തെ ദൂഷ്യമെല്ലാം അന്നും ഉണ്ടായിരുന്നു എന്നതിന്റെ വെളിപ്പെടുത്തലാണു മാവേലിപ്പാട്ടിലെ പരാമർശങ്ങൾ. ഇവയെ എങ്ങനെ മെരുക്കാം? അതു ഭരണസംവിധാനം ചെയ്യണം. ലളിതമായ പരിഹാരം! മറ്റൊന്നു സ്വാർഥപ്രേരണയാണു പ്രശ്നമെന്നു സമ്മതിക്കലാണ്. യഥാർഥത്തിൽ ഉത്പാദനബന്ധമാണ് ഈ സ്വാർത്ഥതയ്ക്കു വളം വെക്കുന്നത്.
  ഇക്കാര്യത്തിൽ വളരെ യുക്ത്യധിഷ്ഠിതമായ രചന കൗടില്യന്റെ അർഥശാസ്ത്രമാണ്. രാജാധിപത്യത്തിലെ ഉത്പാദനബന്ധം അംഗീകരിച്ചുകൊണ്ടുള്ള വിശകലനമാണത്. അന്നത്തെ മൂല്യബോധത്തിന്റെ ആവിഷ്കാരം.
  മുതലാളിത്തത്തിന്റെ അവസ്ഥയിൽ നല്ല ഭരണം എങ്ങനെ എന്നു ചിന്തിക്കുമ്പോൾ അതിൽനിന്നു വന്നതാണ് സമത്വബോധവും ജനാധിപത്യവും. ഗ്രീസിൽ പണ്ടേ ജനാധിപത്യം ഉണ്ടായിരുന്നുവെന്നു പറയുമെങ്കിലും അതു യഥാർഥ ജനാധിപത്യം ആയിരുന്നില്ല. അടിമകൾക്കും സ്ത്രീകൾക്കും അവിടെ സമത്വം ഉണ്ടായിരുന്നില്ല. എല്ലാവർക്കും സമത്വം, സ്വാതന്ത്ര്യം എന്ന ആശയം വളരെ വൈകിയാണു വന്നത്. മാർക്സിനു ശേഷം. അതു മലയാളിയെ വളരെ സ്വാധീനിച്ചു. ഇതും മാവേലിസങ്കല്പവും ചേർന്ന കാല്പനികസങ്കരമാണു നമ്മുടെ സോഷ്യലിസ്റ്റ് സങ്കല്പം.
  ഈ കാല്പനികത ശാസ്ത്രീയത കുറയ്ക്കും. മലയാളിയുടെ സമീപനങ്ങളിലെല്ലാം കാണാം ഈ തകരാറ്. ആ നിലയ്ക്ക് ഒരു യുക്ത്യധിഷ്ഠിത സമൂഹമല്ല നാം.

പുതിയ സഹസ്രാബ്ദത്തിലും ഇതാണോ സ്ഥിതി? ഇതു നമ്മളെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നുണ്ട്?
  ചരിത്രകാരന്റെ നിസ്സംഗതയോടെ, വസ്തുനിഷ്ഠതയോടെ നാം പഠിക്കുന്നില്ല. യുക്തിപരമായ സമീപനത്തിന്റെ കുറവ് ഏറെയാണ്. സർവകലാശാലാ തലത്തിലെങ്കിലും ഇതിനു നാം ശ്രമിക്കണം.
  സമൂഹം കാര്യങ്ങളെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി കാണുന്നു. ഒന്നുകിൽ നമ്മുടെയാൾ അല്ലെങ്കിൽ ശത്രു എന്ന കാഴ്ചപ്പാട്. അഭിപ്രായങ്ങളെ കാണുന്നത് അങ്ങനെയാണ്. ശരിയേത് എന്നതല്ല. അടുത്തിടെ ഉണ്ടായ ജനിതക വ്യതിയാനത്തർക്കം, കീടനാശിനിത്തർക്കം എന്നിവയിലെല്ലാം ഇതു കാണാം. താൻ പറയുന്നതിനോടു യോജിക്കുന്നില്ലെങ്കിൽ സാമ്രാജ്യത്വവക്താവാക്കുക. അല്ലെങ്കിൽ പണം വാങ്ങി അഭിപ്രായം പറയുന്നു, പ്രീണിപ്പിക്കാൻ പറയുന്നു, പാർട്ടിനോക്കി അഭിപ്രായം പറയുന്നു എന്നൊക്കെയാണ് ആരോപണങ്ങൾ. അതു ശാസ്ത്രത്തിന്റെ രീതിയല്ല.
  അതുകൊണ്ടെന്താ, ശാസ്ത്രത്തിന്റെ കാര്യങ്ങളിൽപോലും ശാസ്ത്രജ്ഞൻ അഭിപ്രായം പറയാൻ മടിക്കുന്നു. ഈയിടെ തിരുവനന്തപുരത്തു നടന്ന ശാസ്ത്രകോൺഗ്രസിൽ ഇതു ചർച്ചാവിഷയമായി. ഇന്ന് ഏതുകാര്യത്തിലും സാഹിത്യകാര•ാരാണ് അഭിപ്രായങ്ങൾ പറയുന്നത്. അതും പക്ഷം ചേർന്ന അഭിപ്രായങ്ങൾ. ഇതു നന്നല്ല.  ചില കാര്യങ്ങളിൽ ഖണ്ഡിതമായി അഭിപ്രായം പറയാനുള്ള വിവരങ്ങൾ ഉണ്ടാവില്ല. എല്ലാം പരിഗണിച്ചു വിവേചനപൂർവം കാര്യങ്ങൾ കാണാനുള്ള അറിവിന്റെ തലത്തിലേക്കു ജനങ്ങൾ എത്തുന്നില്ല. വാർത്ത വായിക്കാതെ തലക്കെട്ടുമാത്രം വായിച്ച് അഭിപ്രായരൂപവത്കരണം നടത്തുന്നു. നമ്മുടെ മുൻവിധികൾ ചേർത്താണിതു ചെയ്യുന്നത്. തലക്കെട്ടുപോലും തെറ്റായി വായിച്ചേക്കാം. തലക്കെട്ടുതന്നെ തെറ്റാകാം. അപ്പോൾ അഭിപ്രായങ്ങൾ എങ്ങനെ വസ്തുനിഷ്ഠമാകും? പത്രങ്ങൾ വായിക്കുന്നത് ഇങ്ങനെയായാൽ ജനലക്ഷങ്ങളുടെ അറിവുനില എങ്ങനെയിരിക്കും? ഇതു യുക്തിപൂർവകസമൂഹത്തിനു ചേർന്നതല്ല.
  ഇന്നത്തെ മലയാളിയുടെ മറ്റൊരു കുഴപ്പം ഏതു പ്രശ്നത്തിനും ഉടൻ ഖണ്ഡിതമായ അഭിപ്രായം കിട്ടണം എന്ന നിർബന്ധമാണ്. ചുവന്ന മഴ ഒരു ഉദാഹരണം. ടി.വി. ചാനലുകൾ ഉടൻ ശാസ്ത്രജ്ഞരെ വിളിക്കുകയായി. ഉടൻ മറുപടി പറഞ്ഞോളണം. പറഞ്ഞില്ലെങ്കിൽ വിവരങ്ങൾ മറച്ചുവെക്കുന്നു എന്ന ആക്ഷേപമാകും. വിവരങ്ങൾ ശേഖരിക്കുന്നു എന്നു പറഞ്ഞാൽ സ്വീകാര്യമാവില്ല.
  അതേസമയം, ചില കാര്യങ്ങളിൽ പൂർണമായ വിവരങ്ങൾ ഇല്ലെങ്കിലും നയപരമായ തീരുമാനം എടുക്കേണ്ടിവരും. എൻഡോസൾഫാൻ പ്രശ്നം അത്തരത്തിൽ ഒന്നാണ്. ആദ്യമായി ഈ പ്രശ്നം ഉയർന്നപ്പോൾ എൻഡോസൾഫാൻ കൊണ്ടാണോ എന്നു കണ്ടെത്താൻ പഠനം നടത്തണമായിരുന്നു. അതിനു സമയമെടുക്കും. അതുകൊണ്ട്, ആണെന്നോ അല്ലെന്നോ അറിയാത്തതിനാൽ തീരുമാനം എടുക്കാതിരിക്കുകയല്ല, മരുന്നു തളി ഉടൻ നിർത്തിവെയ്ക്കാൻ തീരുമാനിക്കുകയാണു വേണ്ടത്. തീരുമാനം തെറ്റായാൽ പിന്നെ മാറ്റാമല്ലോ. ഇതു പൂർണമായി ശാസ്ത്രീയമല്ല, പക്ഷേ, പ്രായോഗികമായത് അതാണ്.
  വൈകാരികമായി തീരുമാനങ്ങളിലേക്ക് എത്തുന്ന ഒരു സമൂഹമാണു നമ്മുടേത്. ഇതിന്റെ ഉത്തവാദിത്വം വിദ്യാഭ്യാസത്തിനാണ്. വിമർശനാത്മകബോധനശാസ്ത്രത്തിന് ഒരിക്കലും നാം ഊന്നൽ നല്കിയില്ല. വ്യവസ്ഥിതിക്ക് ഇഷ്ടപ്പെട്ട അഭിപ്രായങ്ങൾ മാത്രം സ്വീകരിക്കുക, വിഴുങ്ങുക -ഇതാണു രീതി. ഇതുമാറാതെ സമൂഹത്തിന്റെ യുക്തിരാഹിത്യവും വൈകാരികനിലപാടും മാറില്ല.

ചരിത്രം പരിശോധിച്ചാൽ കേരളീയർ എന്നും ഇങ്ങനെ ആയിരുന്നോ?
  അതേപ്പറ്റി ആധികാരികമായി പറയാനുള്ള അറിവ് എനിക്കില്ല. ഞാൻ ചരിത്രകാരനല്ല. സാമാന്യധാരണവെച്ചുള്ള എന്റെ നിരീക്ഷണങ്ങളാണു പറയുന്നത്.

ശാസ്ത്രം, ദർശനം, കല തുടങ്ങിയ രംഗങ്ങളിലെല്ലാം ആഗോള പ്രതിഭകളെ സംഭാവന ചെയ്ത മണ്ണാണു കേരളം എന്ന് അഭിമാനിക്കാറുണ്ടല്ലോ. ആര്യഭടൻ കേരളീയനായിരുന്നു, ഭാസൻ കേരളത്തിൽ ജീവിച്ചയാളാണ് എന്നൊക്കെ പറയാറുണ്ട്. താത്ത്വികനായിരുന്ന ശങ്കരാചാര്യരുണ്ട്. ഉയർന്ന യുക്തിബോധം ഇല്ലാത്ത ഒരു സമൂഹത്തിന് ഇങ്ങനെയുള്ളവരെ സൃഷ്ടിക്കാൻ കഴിയുമോ?
  ഈ ചോദ്യത്തിൽത്തന്നെയുണ്ട് ഒരു പ്രശ്നം. ആര്യഭടനും ഭാസനും കേരളത്തിൽ ജീവിച്ചവരാണെന്ന വാദം ബന്ധപ്പെട്ടവർ യുക്തിഭദ്രമാക്കിയിട്ടില്ല. അവരുടെ ഏതെങ്കിലും രചനയുടെ പ്രതിയോ ഭാഗങ്ങളോ ഇവിടെനിന്നു കിട്ടി എന്നതുകൊണ്ടുമാത്രം അവർ ഇവിടുത്തുകാരായിരുന്നു എന്നു പറയാനാകില്ല. വസ്തുനിഷ്ഠതെളിവുകൾ കണ്ടെത്തി ഇതു സ്ഥാപിക്കാൻ ഇന്നും ശ്രമമില്ല. - ഇത് ഒരുവശം.
  മറുവശം, ശാസ്ത്രകാര്യങ്ങളിൽ നമുക്കുള്ള വലിയ പൈതൃകം നാം മനസ്സിലാക്കുന്നില്ല എന്നതാണ്. ലോകനിലവാരമുള്ള ഒരു ഗണിതശാസ്ത്രപാരമ്പര്യം 14 മുതൽ 19 വരെ നൂറ്റാണ്ടിൽ ഇവിടെ ഉണ്ടായിരുന്നു. ലിബ്നിട്സും ഗ്രിഗറിയും ന്യൂട്ടനുമൊക്കെ നടത്തിയ ചില സുപ്രധാന കണ്ടെത്തലുകൾ അതിന് 150 ഉം 200 ഉം കൊല്ലം മുമ്പു കണ്ടെത്തിയ ഗണിതജ്ഞരുടെ പരമ്പര! ഇതു നമുക്കു പറഞ്ഞുതരാനും സായ്പു വരേണ്ടിവരുന്നു. (ആർ.വി.ജി. മേനോന്റെ 'ശാസ്ത്രസാങ്കേതികവിദ്യയുടെ ചരിത്രം' എന്ന പുതിയ ഗ്രന്ഥത്തിൽ വിശദാംശങ്ങളുണ്ട്.)
  ഈ ശാസ്ത്രജ്ഞരെല്ലാം നമ്പൂതിരിമാരായിരുന്നു. അബ്രാഹ്മണർക്ക് അറിവു നിഷേധിക്കുന്ന കാടത്തം നിറഞ്ഞ ജാതീയതയുടെ കൂത്തരങ്ങായിരുന്നു അന്ന് ഇവിടം. ഈ വിജ്ഞാനലോകം കേരളീയർക്കു മുഴുവൻ അവർ തുറന്നുകൊടുത്തിരുന്നെങ്കിൽ അത് എത്രയോ വികസിക്കുമായിരുന്നു. കുറ്റിയറ്റു പോകുമായിരുന്നുമില്ല.
  ശാസ്ത്രം പഠിക്കുന്നവരും അതിന്റെ പ്രായോഗമായ തൊഴിൽ ചെയ്യുന്നവരും രണ്ടു വിഭാഗമായി. പാരസ്പര്യം നഷ്ടപ്പെട്ട് രണ്ടും അധഃപതിച്ചു. ലോഹവിദ്യയും രാസവിദ്യയും ശാസ്ത്രത്തിന്റെ പിൻബലമില്ലാതെ വികാസം നഷ്ടപ്പെട്ടു കുലത്തൊഴിലായി. ജ്യോതിശാസ്ത്രം ജ്യോതിഷമായി വയറ്റുപ്പിഴപ്പായി. ഇന്നും നമ്മുടെ വിദ്യാഭ്യാസം തൊഴിലിലും ജീവിതത്തിലുംനിന്ന് അയിത്തത്തോടെ അകന്നു നില്ക്കുന്നു. പൊതു സമൂഹത്തിന്റെ മറ്റൊരു വലിയ അയുക്തികതയുടെ ദുരന്തം!

അപ്പോൾപിന്നെ യുക്തിചിന്ത ഒരു പ്രസ്ഥാനമെന്നനിലയിൽ ആധുനികകാലത്തു കടന്നുവന്നപ്പോഴാണോ സമൂഹത്തിൽ സമഭാവനയുടെയും മറ്റും യുക്തി വ്യാപിക്കുന്നത്? ബർട്രന്റ് റസ്സലിന്റെയും കാൾമാർക്സിന്റെയും ഏംഗൽസിന്റെയും ഒക്കെ യുക്തിപരമായ വിശകലനങ്ങളും തത്ത്വദർശനങ്ങളുമാണോ ഇവിടെ സ്വീകരിക്കപ്പെട്ടത്? ഇത്തരം ആഗോള നവീന ചിന്തകളുടെ സ്വാധീനം ശ്രീനാരായണഗുരുവിന്റെ ജാതിഭേദവിരുദ്ധചിന്തകളിലും കാണാനാകുമോ?
  ശ്രീനാരായണഗുരു തനതാണ്. തനി കേരളീയം. ജൈവികമായ വളർച്ചയാണത്. ശങ്കരനും യുക്ത്യധിഷ്ഠിതമായ ദർശനമാണ് അവതരിപ്പിച്ചത്. മണ്ഡനമിശ്രനും മറ്റും പ്രതിനിധാനംചെയ്ത യജ്ഞ-യാഗസംസ്കൃതിയോടുള്ള വിമർശനമായിരുന്നു അത്. അന്ന് അദ്ദേഹത്തെ യാഥാസ്ഥിതികർ നിഷേധിയായി കണ്ടു. അതുകൊണ്ടാണ് പ്രച്ഛന്നബുദ്ധൻ എന്നു വിളിച്ച് ആക്ഷേപിച്ചത്. ശങ്കരദർശനം ആത്യന്തികമായി ബുദ്ധദർശനംപോലെ ശുന്യവാദത്തിലേക്കു പോകുമായിരുന്നു.
  ബുദ്ധമതത്തിൽ മഹായാനവും മറ്റും രൂപപ്പെട്ട് അതിനെ അനുഷ്ഠാനങ്ങളിലേക്കു താഴ്ത്തിയതുപോലെ, ഇന്നു ശങ്കരന്റെ പേരിൽ ബ്രാഹ്മണർ യാഗം നടത്തുന്നു! അവർ ശങ്കരനെ കൈയടക്കുകയാണ്. ശ്രീനാരായണഗുരുവും ശങ്കരന്റേതിനു സമാനമായ ദർശനപാതയിലേക്കാണു വികസിച്ചത്. കണ്ണാടി പ്രതിഷ്ഠിച്ചതും മറ്റും അതിന്റെ സാക്ഷ്യമാണ്. അമ്പലമല്ല, വിദ്യാലയവും ഫാക്ടറികളുമൊക്കെയാണ് ഇനി നമുക്കു വേണ്ടത് എന്നിങ്ങനെയുള്ള ആഹ്വാനങ്ങൾ സമൂഹവികസനത്തിനുള്ള ആഹ്വാനങ്ങളായിരുന്നു.

യുക്തിവാദത്തിന്റെ തുടക്കം കേരളത്തിൽ ശ്രീനാരായണ ഗുരുവിൽ കണ്ടെത്താനാവില്ലേ?
  വിശ്വാസം, ധർമം എന്നിവയെ നിഷേധിക്കാതെ അവയെ അംഗീകരിച്ചുകൊണ്ടുള്ള പരിഷ്കരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ചൂഷണം, അയിത്തം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയ തെറ്റായ കാര്യങ്ങളെ നിഷേധിച്ചുകൊണ്ടുള്ള പരിഷ്കരണമായിരുന്നു അത്. ആ സമീപനം പക്ഷേ, പിൻഗാമികൾക്കു മുന്നോട്ടു കൊണ്ടുപോകാനായില്ല.

'ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദർശനത്തിൽനിന്ന് ഒരുപടികൂടി മുന്നോട്ടുപോയ യുക്തിചിന്തയല്ലേ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന തത്ത്വശാസ്ത്രത്തിലൂടെ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പ്രഖ്യാപിച്ചത്? സഹോദരപ്രസ്ഥാനവും പന്തിഭോജനവുമൊക്കെ അക്കാലത്ത് അംഗീകാരം നേടിയില്ലേ?
  ഒരു എക്സ്ട്രീമിൽ നിൽക്കുമ്പോൾ മറ്റേ എക്സ്ട്രീമിൽ പിടിച്ചാലേ നിവരൂ. അന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞുപോകും. ഗുരു പക്ഷേ, അതിനെ പിന്തുണച്ചില്ല എന്നോർക്കണം. അനുകൂലിച്ചുപോലുമില്ല. പില്ക്കാലയുക്തിവാദികൾ യാന്ത്രികനിലപാടിലേക്കു വരികയും എല്ലാറ്റിനെയും തള്ളിപ്പറയുകയും ചെയ്തു.
  വിഷമങ്ങളിൽ യുക്തിവാദം സഹായിക്കില്ല എന്ന അവസ്ഥയിൽ മനുഷ്യൻ മറ്റേ എക്സ്ട്രീമിലേക്കു പോകും. ഊന്നുവടി ആവശ്യമുള്ളവർ കൊണ്ടുനടക്കട്ടെ. അതു വേണ്ട എന്നു പറയണ്ടാ. അംഗവൈകല്യമില്ലാത്തവർ അതു കൊണ്ടുനടക്കുകയും അലങ്കാരമാക്കുകയും ചെയ്യുന്നതാണു തെറ്റ്.

താങ്കൾ ദൈവ വിശ്വാസിയാണോ?
  അല്ല. അടുത്തകാലം വരെ ഞാൻ അതു പച്ചയായി പറയാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. കുറച്ചുനാൾക്കുമുമ്പ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ സുഗതകുമാരി ടീച്ചർ എന്നെക്കൊണ്ട് അതു വെളിപ്പെടുത്തിച്ചുകളഞ്ഞു. ടീച്ചർതന്നെ ഞെട്ടിപ്പോയി എന്നു തോന്നുന്നു. തുടർന്ന്, 'ഐൻസ്റ്റൈൻ പറയുന്നതുപോലെ 'ജഗന്നിയന്താവായ ഒരു ശക്തിയിൽ വിശ്വസിക്കുന്നില്ലേ' എന്നു ചോദിച്ച് ടീച്ചർ എനിക്കൊരു വഴി തുറന്നുതന്നു. പക്ഷേ, 'അതിൽ വിശ്വസിക്കാനും തെളിവൊന്നും കാണുന്നില്ല' എന്നേ എനിക്കു സത്യസന്ധമായി പറയാൻ കഴിയുമായിരുന്നുള്ളൂ.
  നേരത്തേ പറഞ്ഞ കഥയിലെ പതിനെട്ടാമത്തെ ആനയുടെ പ്രശ്നം അടിസ്ഥാനപരമായി സമവാക്യത്തിലേതന്നെ പിശകാണ്. ആ തെറ്റാണു ദൈവത്തിലേക്കു നയിക്കുന്നത്. പ്രകൃതിയിൽ മനുഷ്യനു വിശേഷിച്ച് പ്രാധാന്യം ഒന്നുമില്ല. ഇത് അംഗീകരിച്ചാൽ പതിനെട്ടാമത്തെ ആനവേണ്ട.
  എന്താണിതിന്റെയൊക്കെ അർഥം, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതൊന്നും പ്രകൃതിയുടെ പ്രശ്നമല്ല. കുറച്ചു യുറേനിയം അണുക്കൾ എടുത്തുവെച്ചാൽ അതിലൊന്നു ചിലപ്പോൾ ഇപ്പോൾ വിഘടിച്ചേക്കാം. ചിലപ്പോൾ അത് ഒരു ലക്ഷം വർഷം കഴിഞ്ഞാവും വിഘടിക്കുക. ഇതു യാദൃച്ഛികതയാണ്. ഇതിനൊക്കെ ലക്ഷ്യം വേണം, ഉദ്ദേശ്യം വേണം എന്നു ശഠിച്ചാൽ എന്തുചെയ്യും? പ്രകൃതിക്ക് ഇവയൊന്നുമില്ല.
  ആയിരത്താണ്ടുകൾക്കു മുമ്പുതന്നെ യവനശാസ്ത്രജ്ഞൻ എംപിഡോക്ലിസ് ഇതു വ്യക്തമാക്കിയിട്ടുണ്ട്. കുപ്പി താഴെയിട്ടാൽ പൊട്ടും. അതിനുള്ളത് ഭൗതികകാരണങ്ങളാണ്. അല്ലാതെ കുപ്പിയുടെ വിധിയല്ല. എഫിഷ്യന്റ് കോസ് എന്നു ശാസ്ത്രത്തിൽ പറയും. വണ്ടിയിടിച്ചു മരിക്കുന്നതും ഇങ്ങനെതന്നെ. അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുള്ള അൾട്ടിമേറ്റ് കോസ് (പരമമായ കാരണം) പ്രകൃതിയിൽ ഇല്ല. പ്രകൃതിയിൽ ഉദ്ദേശ്യം എന്നൊന്നില്ല.
  മനുഷ്യന്റെ കൂട്ടായ്മപോലെ തേനീച്ചയ്ക്കും ഉറുമ്പിനും ഒക്കെ കൂട്ടായ്മയുണ്ട്. പക്ഷേ, അവർക്കാർക്കും അനീതിബോധം ഇല്ല. അവിടെ പണിയെടുക്കാത്ത മടിയ•ാരുണ്ട്, റാണിമാരുണ്ട്. പണിയെടുക്കുന്ന-തേൻ ശേഖരിക്കുന്ന, കൂടൊരുക്കുന്ന- അദ്ധ്വാനവർഗമുണ്ട്. പക്ഷേ, അതിൽ അവ അനീതി കാണുന്നില്ല.
  വിശേഷബുദ്ധിയുള്ള മനുഷ്യന് ഒന്നിച്ചു പ്രവർത്തിക്കണമെങ്കിൽ നീതിബോധം വേണം. എനിക്കു നീതി കിട്ടണം. പ്രകൃതിയിൽ നീതിയില്ല. സമൂഹബന്ധത്തിലും ഇല്ല. ഈ വൈരുദ്ധ്യം പരിഹരിക്കാനുള്ള കുറുക്കുവഴിയാണു പൂർവജ•വിശ്വാസം. ജൂഡായിക് മതങ്ങളിൽ അന്തിമവിധി നിർണയത്തിലൂടെ എല്ലാത്തിനും കണക്കുപറയും എന്നും ജീവിതദുരിതങ്ങൾ പരീക്ഷണങ്ങൾ ആണെന്നും പറയുന്നു. അതാണ് അനീതിക്കുള്ള മറുപടി. പ്രകൃതിയിൽ പക്ഷേ, ഇതില്ല. മനുഷ്യന്റെ രചന ആണത്. വിധികർത്താവായ ദയാമയനായ ദൈവം.
  ഈ കൺസ്ട്രക്റ്റ് ഇല്ലാതെ ജീവിതത്തിന്റെ അർഥം കണ്ടെത്താനാകണം. സമൂഹത്തിനായി നമുക്ക് എന്തു ചെയ്യാനാകും എന്നു നോക്കുക. അതിനുള്ള ശേഷിയും അറിവും ആർജിക്കുക. അപ്പോൾ സന്തോഷത്തിനായി അടുത്ത ജ•മോ അന്തിമവിധിയോവരെ കാക്കേണ്ടാ. അർഹിക്കാത്തതു പിടിച്ചെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം കുറ്റബോധത്തിനു വഴിമാറും. വേണ്ടെന്നു വെക്കുമ്പോൾ കിട്ടുന്ന സന്തോഷം കൂടുതൽ സ്ഥായിയായിരിക്കും. അതാണ് അഭികാമ്യം. 'തേന ത്യക്തേന ഭൂഞ്ജീഥാ' എന്ന ഉപനിഷദ്വാക്യംതന്നെ പരമപ്രമാണം.

ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് കടകവിരുദ്ധമായാണു നീങ്ങുന്നതെന്ന് അതിന്റെ നേതൃത്വം ഒഴികെ എല്ലാവരും സമ്മതിക്കും. ഗുരു എടുത്തു കുളത്തിൽ കളഞ്ഞ വിഗ്രഹങ്ങൾ മുങ്ങിയെടുത്തു ഗുരു പ്രതിഷ്ഠിച്ച കണ്ണാടികൾക്കു മുന്നിൽ പ്രതിഷ്ഠിച്ചു. വിഗ്രഹാരാധനക്കെതിരെ കണ്ണാടി പ്രതിഷ്ഠിച്ച് അവനവനാണു ദൈവം എന്ന അദ്വൈതം പഠിപ്പിച്ച ഗുരുവിനെത്തന്നെ വിഗ്രഹമായി നാടാകെ പ്രതിഷ്ഠിക്കുന്നു. ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു. മതാടിസ്ഥാനത്തിൽ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്നു. ചെത്തുന്നു, വാറ്റുന്നു, വില്ക്കുന്നു, കുടിക്കുന്നു.
  വ്യക്തിനിഷ്ഠപ്രസ്ഥാനങ്ങൾക്കെല്ലാം ഇതു സംഭവിക്കാം. ബുദ്ധനും ക്രിസ്തുവിനും മുഹമ്മദിനും ഒക്കെ ഇതുണ്ടായില്ലേ? ഇവിടെയാണു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രസക്തി.
  ഏതാനും വ്യക്തികൾ നന്നായാൽ സമൂഹം നന്നാകും. ഒരാൾ ആഹ്വാനം ചെയ്താൽ കാര്യങ്ങൾ സംഭവിക്കും എന്നതാണു വ്യക്ത്യധിഷ്ഠിത പ്രസ്ഥാനങ്ങളുടെ അടിസ്ഥാനം. ഗാന്ധിജിക്കു ജീവിച്ചിരുന്നപ്പോൾ കുറെയെല്ലം ഇതു കഴിഞ്ഞു. പക്ഷേ, ഇത്തരം മാറ്റം ശാശ്വതമല്ല. അതാണു നാം ഇന്നു കാണുന്നത്. കാലം ചെല്ലുന്തോറും വ്യക്തികളുടെ പ്രഭാവം കുറയും. ക്രമേണ, കൂടെനിന്നവരുടെയും. തങ്ങളുടെ ഗുണത്തിൽ മാത്രമാകും പിന്നെപ്പിന്നെ അനുയായികളുടെ ശ്രദ്ധ. ഇതു സാർവലൗകികമാണ്.
  ആന്തരിക ജൈവികത ഗുരുവിനുശേഷം ഈ പ്രസ്ഥാനങ്ങൾക്കു നഷ്ടമായി. താത്ത്വികതലത്തിൽ ആദ്ധ്യാത്മികതയുടെ കാമ്പു നഷ്ടമായി. അതിനെ ഭൗതികതലവുമായി ബന്ധപ്പെടുത്തി സാമൂഹികമായി അവതരിപ്പിക്കുകയായിരുന്നു ഗുരു; സമൂഹത്തെ ആധുനികീകരിക്കുകയായിരുന്നു. ഉത്പാദനപ്രക്രിയയുമായും അദ്ദേഹം അതിനെ ബന്ധിപ്പിച്ചു.
  ഇന്ന് സ്കൂളുംകോളേജും നടത്തുന്നതല്ലാതെ ഉത്പാദനരംഗത്ത് എസ്എൻഡിപി ഒന്നും ചെയ്യുന്നില്ല. ചെറുകിട ഉത്പാദനരംഗത്തു സംഘടിതപ്രവർത്തനത്തിനുള്ള ഇടപെടൽ ഉണ്ടായില്ല. ആദ്ധ്യാത്മികതയുടെ രംഗം മുന്നോട്ടു കൊണ്ടുപോകാൻ എസ്.എൻ. ട്രസ്റ്റിനും കഴിഞ്ഞില്ല. ഒരു യുഗത്തിൽ ഒരു ഗുരുവേ ഉണ്ടാകൂ. ബാക്കിയെല്ലാം അതിന്റെ പ്രതിഫലനങ്ങൾ. ചില ശ്രദ്ധേയരാകട്ടെ, സ്വന്തം വഴിക്കു പോകാനും നിർബ്ബന്ധിതരായി.
  ഈ പ്രവണതയിൽനിന്നു വേറിട്ടു കാണുന്ന ഒരു പ്രസ്ഥാനം മിഷനറി സ്വഭാവമുള്ള ശ്രീരാമകൃഷ്ണമിഷനാണ്. ഇതൊന്നും പോര. നമുക്കു വേണ്ടത് അടിസ്ഥാനപരവും ശാശ്വതവുമായ മാറ്റമാണ്. അതിനു വ്യവസ്ഥിതി മാറണം. എങ്കിലേ മാറ്റം സ്ഥായിയാകൂ.
  മുതലു കുന്നുകൂട്ടാനുള്ള പ്രവണതയാണ് അടിസ്ഥാനം. അതിനായിട്ടാണു ബാക്കിയെല്ലാം. മാർക്സിസത്തിന്റെ പ്രസക്തി അവിടെയാണ്.

ആ രംഗത്തും പ്രസ്ഥാനങ്ങൾക്കു വിപര്യയം സംഭവിക്കുന്നുണ്ടല്ലോ?
  ഉണ്ട്. വ്യക്തികളുടെ താത്പര്യങ്ങൾക്കായി തിരുത്തുന്നു. പക്ഷേ, പ്രസ്ഥാനത്തിലാണു മാറ്റത്തിനുള്ള സംവിധാനം. വേറെയുമുണ്ടു പ്രശ്നം. സോഷ്യലിസ്റ്റ് ആശയം ഇവിടേക്കെത്തുംമുൻപേ നമുക്കു നല്ലൊരു മുതലാളിത്തം ഉണ്ടായില്ല.
  ഇവിടെ തേങ്ങാവെട്ടുകാരനും പീടികക്കാരനുമായിരുന്നു നാട്ടുമ്പുറങ്ങളിൽ മുതലാളിമാർ! പിന്നെ കങ്കാണിമാർ മാത്രമായ കുറെ കയർ, കശുവണ്ടി മുതലാളിമാരും. ചുരുക്കത്തിൽ, മുതലാളിത്തം വരുമ്മുമ്പേ ഇവിടെ മുതലാളിത്തവിരുദ്ധത വന്നു. മുതലാളിത്തം വികസിച്ചില്ല. അതുകൊണ്ടാണു സോഷ്യലിസവും വരാത്തത്. നമുക്ക് അതിന്റെ ക്ഷേമവശം മാത്രമാണുള്ളത്.
  ഉത്പാദനമാണു സോഷ്യലിസത്തിന്റെ അടിസ്ഥാനം. ഉത്പാദനശക്തികളുടെ വികാസം, അതിൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് തുടങ്ങിയവ കാണാതെ മുതലാളിത്തത്തിന്റെ അപകടങ്ങൾ പറഞ്ഞുകേട്ട അറിവിലൂടെ നാം കണ്ടു. സാമ്പത്തികരംഗത്തിന്റെ ജൈവികവളർച്ച ഇവിടെയുണ്ടായില്ല. അത് അനുഭവിച്ചു തിരുത്തൽശക്തിയായി വരുന്നതിനു പകരം കേട്ടറിവുവെച്ചുള്ള മുൻവിധിയോടു കൂടിയ ഇടപെടലാണു നാം നടത്തിയത്. അതുകൊണ്ട്, ഉത്പാദനവളർച്ച നേടാനുള്ള പ്രവർത്തനം ഇന്നു മുഖ്യദൗത്യമായി മാറിയിരിക്കുന്നു.

പ്രസ്ഥാനങ്ങൾക്കു മാത്രമല്ല സമൂഹത്തിനാകെ യുക്തിഭദ്രത നഷ്ടപ്പെടുന്ന തരം അസഹിഷ്ണുതയും മറ്റുമാണല്ലോ സ്വാതന്ത്യാനന്തരം ഇവിടെ വളർന്നുവരുന്നത്. ജനാധിപത്യസമൂഹം നിലവിൽ വന്നശേഷം ഇങ്ങനെ സംഭവിക്കാമോ? ക്രിസ്തുവിന്റെ ആറാം തിരുമുറിവും ഭഗവാൻ കാലുമാറുന്നുവുംപോലുള്ള നാടകങ്ങൾ അരങ്ങേറാനാവാത്ത അവസ്ഥ! മതവികാരം പെട്ടെന്നു വ്രണമാകുന്ന അവസ്ഥ!
  ഭൂ-സാമൂഹിക ബന്ധങ്ങളിൽ വലിയ മാറ്റം വന്ന കാലമാണിത്. പ്രത്യേകം പഠിക്കപ്പെടേണ്ട വിഷയമാണിത്. ഭൂ ബന്ധങ്ങളിൽ മാറ്റം വന്നപ്പോൾ കീഴാള-മേലാളവ്യവസ്ഥ അങ്ങനെ തുടരാനാവില്ല എന്നു വന്നു. തേങ്ങയ്ക്കു വിലയിടിയുന്നു, പണഞെരുക്കം വരുന്നു, കുടുംബങ്ങൾ തകരുന്നു, ക്രിസ്ത്യാനികൾ സംഘടിക്കുന്നു, അദ്ധ്വാനിക്കുന്നു, പണക്കാരാകുന്നു, അവർ ചെറിയ വ്യവസായങ്ങൾ തുടങ്ങുന്നു,.. ഇങ്ങനെ പലതും സംഭവിക്കുകയായിരുന്നു അന്ന്. വില്ക്കുന്നവർ പഴയ ജ•ിമാരും വാങ്ങുന്നവർ പുതിയ വിഭാഗവും. അതിന്റെ അസഹിഷ്ണുത സമൂഹത്തിലുണ്ടായി. പുത്തൻ പണക്കാർക്ക് ഉണ്ടാകുന്ന അഭിമാനബോധവും പഴയ അപകർഷബോധത്തിൽ നിന്നുള്ള അഹങ്കാരവും മറുവശത്ത്. ഇതൊക്കെ സംഘർഷാത്മകത സൃഷ്ടിച്ചു.
  നേരത്തെ സോഷ്യലിസ്റ്റ് ആശയങ്ങളും ശ്രീനാരായണ ആശയങ്ങളും വന്നപ്പോൾ അത് ഏറ്റവും സ്വാധീനിച്ചത് ഹിന്ദുസവർണരെയാണ്. കൂടുതൽ വായിച്ചിരുന്നവരെ എന്നു പറയാം. അതുകൊണ്ട്, ജനാധിപത്യവ്യവസ്ഥയിൽ ജ•ിത്തവ്യവസ്ഥ നീതിയധിഷ്ഠിതമല്ല, നിലനില്ക്കില്ല, മാറ്റം അനിവാര്യമാണ്, ആരോഗ്യകരമാണ് എന്നെല്ലാമുള്ള തോന്നലുണ്ടായി. ജ•ിമാർക്കു ഗുണ്ടകൾ ഉണ്ടായിരുന്നിട്ടും ഭൂപരിഷ്കരണം സമാധാനപരമായി നടന്നത് അങ്ങനെയാണ്. ഇന്ന് അത് ഒരിഞ്ച് മുന്നോട്ടു കൊണ്ടുപോകാൻ ആകുന്നില്ല.

അന്നു പ്രകടമായത് ഒരു യുക്തിചിന്തയല്ലേ?
  യുക്തിചിന്തയെക്കാൾ അനിവാര്യതാബോധമായിരുന്നു എന്നു പറയാം. പക്ഷേ, അടുത്ത തലമുറയായപ്പോഴേക്ക് എതിർപ്രതികരണങ്ങൾ വന്നു. ജാതിസംവരണത്തിന് എതിരായ വികാരം ഇതിന്റെ ഉദാഹരണമാണ്. ഇവർ പീഡിതരായിരുന്നു, ഞങ്ങളാണതിന്റെ ഉത്തരവാദികൾ എന്ന കുറ്റബോധം അന്ന് ഉണ്ടായിരുന്നു. ഇന്ന് അതില്ല. എന്റെ തലമുറ ജ•ിമാരുടെ മർദനം നേരിട്ടുകണ്ടവരാണ്. ഇന്നുള്ളവർക്ക് ആ അനുഭവമില്ല. ഒരുപക്ഷേ, പറഞ്ഞുകേട്ട അറിവുപോലും പലർക്കുമില്ല.
  പട്ടികവിഭാഗസംവരണം പോലെയല്ല മറ്റു പിന്നാക്കവിഭാഗസംവരണത്തെ കാണുന്നത്; മുസ്ലിം സംവരണത്തെ കാണുന്നത്. തിരുവിതാംകൂറിലെയും മലബാറിലെയും സാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു കാരണമാണ്. ആ വിഭാഗങ്ങൾ സംഘടിതരായി ആനുകൂല്യങ്ങൾ പിടിച്ചുപറ്റുന്നു എന്ന തോന്നലുമുണ്ട്. ഹിന്ദുക്കൾ എല്ലാം സഹിക്കുന്നവർ ആയതുകൊണ്ടാണ് ഇതെല്ലാം എന്ന ആർ.എസ്.എസ്. ലൈനിനു ചില വിഭാഗങ്ങളുടെയിടയിൽ സ്വീകാര്യത കിട്ടുന്നു.
  മനസ്സിൽ വിദ്വേഷമൊന്നുമില്ലാതെ ഇരിക്കുന്നവരെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. ഗോവധനിരോധനമൊന്നും ഇവിടെ ഏശിയില്ല. തളിക്ഷേത്രം, നിലയ്ക്കൽ, വിവേകാനന്ദപ്പാറ തുടങ്ങിയ സംഭവങ്ങൾ കിട്ടിയപ്പോഴാണു ക്ലച്ചുപിടിച്ചത്. വിശാലത, തുറന്ന സമീപനം, എല്ലാറ്റിനെയും ഉൾക്കൊള്ളൽ തുടങ്ങിയവയാണു ദൗർബല്യം എന്ന പ്രചാരണം നന്നായി ഏശി.
  സമാന്തരമായി മറ്റു മതങ്ങളും ആക്രമണോത്സുകമായി സംഘടിച്ചു. അങ്ങനെയാണ് ഭഗവാൻ കാലുമാറുന്നതും ക്രിസ്തുവിന്റെ തിരുമുറിവുമൊന്നും നടത്താൻ പറ്റാതായത്. കൈവെട്ടുന്നിടത്തേക്കു കാര്യങ്ങൾ എത്തിയത്. നിർമാല്യംപോലൊരു സിനിമ ഇന്ന് എടുക്കാനാകുമോ?

കഴിഞ്ഞ തലമുറയെ മാറ്റങ്ങൾക്കു പാകമാക്കിയപോലുള്ള ബോധവത്കരണം ഇന്ന് ഇല്ലാത്തതല്ലേ ഇത്തരമൊരു തിരിച്ചുപോക്കിനു കാരണം?
  ചരിത്രബോധമില്ലായ്മയാണു പ്രശ്നം. ചരിത്രപഠനത്തിലൂടെയാണതു വളരേണ്ടത്. പ്രസ്ഥാനങ്ങളുടെ ബോധവത്കരണം അന്നന്നത്തെ വിഷയങ്ങളിലാണ്. അന്ന് ആ വിഷയങ്ങളായിരുന്നു സമകാലികം. കുടികിടപ്പുകാരൻ അനുഭവിക്കുന്ന മർദനം, ചൂഷണം ഒക്കെ നേരിട്ടുള്ള അനുഭവങ്ങളായിരുന്നുതാനും. ചരിത്രപഠനത്തിൽ ഇത്തരം കാര്യങ്ങളൊന്നും വേണ്ട, പാടില്ല, എന്ന തോന്നലാണ് ഇവിടെ നിലനില്ക്കുന്നത്. ഇതുമാറണം. ഇതൊക്കെ ഔപചാരികവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ വരണം. ഉദ്യോഗസ്ഥസംവരണമാണു സവർണരെ വളരെ പ്രതിലോമമായി ചിന്തിപ്പിക്കുന്നത്. ആ ചിന്ത തിരുത്താനുള്ള ചരിത്രബോധം നല്കാൻ ഇതുവരെ വിദ്യാഭ്യാസത്തിന് ആയില്ല. വീടുകളിൽനിന്ന് അതു കിട്ടില്ല. പക്ഷപാതപരമാണ് അവിടെ കിട്ടുന്ന ചരിത്രബോധം.

മതങ്ങളെ ആദ്ധ്യാത്മികതയുടെ തലത്തിൽ ഒതുക്കിനിർത്താൻ കഴിയാതെ വന്നതല്ലേ യഥാർഥപ്രശ്നം? വോട്ടിനായി രാഷ്ട്രീയപ്രസ്ഥാനങ്ങളും അവർ നയിക്കുന്ന ഭരണകൂടങ്ങളും നടത്തുന്ന മതപ്രീണനം ഈ സ്ഥിതി കൂടുതൽ മോശമാക്കുന്നില്ലേ?
 തീർച്ചയായും ഉണ്ട്. ആദ്യകാലത്തു തത്ത്വാധിഷ്ഠിത നിലപാടായിരുന്നു രാഷ്ട്രീയപ്പാർട്ടികൾക്ക്. വ്യക്തിനിയമപരിഷ്കരണം, ഭൂപരിഷ്കരണം തുടങ്ങിയവയിൽ കോൺഗ്രസുകാർപോലും ശരിയായ നിലപാടെടുത്തു. മുന്നണിഭരണവും മറ്റും വന്നതോടെ ആരെയും പിണക്കണ്ടാ എന്ന നിലപാടായി. ഇടക്കെല്ലാം തത്ത്വാധിഷ്ഠിത രാഷ്ട്രീയം പറയുമെങ്കിലും എതിർപ്പുവരുമ്പോൾ പിന്നോട്ടു പോകുന്ന പ്രവണതയാണിന്ന്. ഇത് മത-ജാതിപ്രസ്ഥാനങ്ങളുടെ ദുഃസ്വാധീനം ശക്തിപ്പെടുത്തുന്നു. മുസ്ലിങ്ങളുടെ പ്രശ്നം പറയേണ്ടതു മുസ്ലിം ലീഗല്ല, കോൺഗ്രസിലെ ദേശീയമുസ്ലീങ്ങളാണ് എന്ന ആശയം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തു കോൺഗ്രസിൽ ഉണ്ടായിരുന്നു. ഇതൊരു കടുംപിടിത്തം പോലും ആയിരുന്നു. ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി.
  കേരള കോൺഗ്രസുകൾ വന്നതോടെ, അവരും ലീഗും മുന്നണികളിൽ പങ്കാളികളായതോടെയാണ്  സ്ഥിതി മാറിയത്. സമുദായ പിന്തുണ ഉണ്ടായാലേ നിലനില്പുള്ളൂ എന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി. ജാതിയും മതവും നോക്കി സ്ഥാനാർഥിയെ നിർത്തുന്ന രീതിയും ജാതിക്കും മതത്തിനും കണക്കുനോക്കുന്ന രീതിയുമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. ഇന്നത് ഏതാണ്ടു നിയമവിധേയമായതുപോലെയാണ്! പത്രമാദ്ധ്യമങ്ങൾപോലും വളരെ സ്വാഭാവികമെന്ന നിലയിൽ ഇത്തരത്തിൽ വിശകലനങ്ങൾ നടത്തുന്നു! മൊത്തത്തിലുള്ള സിനിസിസം അവിടേക്കും വന്നു. പാർട്ടികളും അതിനനുസരിച്ചു മാറുന്നു-ജാതിമത പരിഗണനകളാണു ജനം നോക്കുന്നത് എന്ന മട്ടിൽ. കാര്യങ്ങൾ കുറെയെല്ലാം അങ്ങനെ ആകുകയാണ്.

അതേസമയം, ലോകത്താകെ മനുഷ്യന്റെ മതാഭിമുഖ്യം കുറയുന്നതായും റിപ്പോർട്ടുകൾ വരുന്നു. ആളെ സംഘടിപ്പിക്കാൻ മൗലികവാദികൾ നടത്തുന്ന ശ്രമം മാദ്ധ്യമങ്ങളിലും പൊതുവിലും പ്രാധാന്യം നേടുന്നുണ്ടെങ്കിലും മറിച്ചൊരു മാറ്റം പരക്കെ സംഭവിക്കുന്നുണ്ടത്രെ. യൂറോപ്പിലും അമേരിക്കയിലുമൊക്കെ പുരോഹിതരാകാൻ ആളെ കിട്ടാതെ പള്ളികളും മറ്റും പൂട്ടുന്നു. ഇവിടെയും ആനുപാതികമായി ഈ മാറ്റം കാണാനുണ്ട്. ജന്മിത്തയുഗത്തിന്റെ സംഭാവനയായ പൗരോഹിത്യമതം മുതലാളിത്തത്തിന്റെ വളർച്ചയിൽ കാലഹരണപ്പെടുകയാണോ? വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്ധ്യാത്മികതയും അതിന്റെ ഉത്പന്നങ്ങളും ആ ഇടം കൈയടക്കുകയാണോ?
  മതാഭിമുഖ്യം എന്താണ്? ആദ്ധ്യാത്മികത കുറയുന്നു. ആചാരപരത കുറയുന്നില്ല; കൂടുന്നു. ബ്രഹ്മചര്യം പാലിക്കണം, ഭൗതികസമ്പത്ത് ഉപേക്ഷിക്കണം എന്നൊക്കെ പറഞ്ഞാൽ ഇക്കാലത്ത് ആളെ കിട്ടില്ല, വിശേഷിച്ചും അണുകുടുംബങ്ങളിലെ കുട്ടികളെ. പൗരോഹിത്യം നല്ല കരിയറാണ് എന്നു പറഞ്ഞാൽ ആളെ കിട്ടും. യൂറോപ്പിൽ നല്ല കരിയറുകൾ വേറെയും ധാരാളം ഉള്ളതിനാൽ അങ്ങനെയും കിട്ടില്ല. വ്യക്തിപരമായി നല്ലതെന്നു കരുതുന്ന ദുർഗുണങ്ങൾ-പൊങ്ങച്ചം, അസൂയ തുടങ്ങിയവ-ആണ് ഇന്നു മതപരത. കൊടിമരത്തിന്റെ പൊക്കം, ആരാധനാലയത്തിന്റെ വലുപ്പം, സ്വർണം പൂശൽ ഒക്കെയാണു കാര്യം. വെറും പ്രകടനപരത. മറ്റൊന്ന്, ധനസമ്പാദനത്തിലൂടെ മാത്രം കിട്ടാത്ത അംഗീകാരത്തിനു ജാതിമത സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഉപയോഗിക്കുകയാണ്. വലിയ സംഭാവനകൾ നല്കുക, സ്ഥാനങ്ങൾ നേടുക ഒക്കെ. മതത്തിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിലൂടെ കിട്ടുന്ന പ്രമാണിത്തമാണ് ലക്ഷ്യം.
  വളരെ വേഗം മാറുന്ന സമൂഹത്തിൽ ഉണ്ടാകുന്ന അരക്ഷിതബോധമാണു മതാചാരങ്ങളെയും ധ്യാനകേന്ദ്രങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടുന്ന മറ്റൊരുഘടകം. പണം ഉണ്ടാകുമ്പോഴാണു പണംകൊണ്ട് എല്ലാം ആകുന്നില്ല എന്ന തോന്നൽ. ഒരു ഓഹരി ഗുരുവായൂരപ്പനും ഇടാം എന്ന ചിന്ത. ഗുരുവായൂരപ്പൻ സ്വന്തം നേട്ടത്തിനായി അദ്ദേഹത്തിനുകൂടി ഓഹരിപങ്കാളിത്തമുള്ള തന്റെ കമ്പനിയെ ലാഭത്തിലാക്കിത്തരുമല്ലോ എന്ന മുതലാളിത്തവ്യാമോഹം. ഇങ്ങനെ പലതരത്തിലാണ്.
  'ആർത്തോ ജിജ്ഞാസുരർഥാർഥീ' എന്നിങ്ങനെ ചതുർവിധമുള്ള മനുഷ്യരാണു ദൈവത്തെ ഭജിക്കുന്നത് എന്നു ഭഗവത്ഗീതയിൽത്തന്നെ പറയുന്നുണ്ട്. ദുഃഖിതരും ജിജ്ഞാസയുള്ളവരും ധനമോഹമുള്ളവരും ജ്ഞാനികളുമാണത്രെ ഇവർ. ഒന്നും പുതിയതല്ല. അന്നേ ഇങ്ങനെയൊക്കെത്തന്നെയാണു ഭക്തി! മാർക്സ് പറഞ്ഞതുപോലെ ആർത്തരാണു പ്രധാനം.

മതത്തിന്റെ കാര്യത്തിലും ഏതാണ്ടിങ്ങനെത്തന്നെ ആണെന്നു തോന്നുന്നു. ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെങ്കിലും അവർക്കതു വിശ്വാസം മാത്രമാണ്. മതത്തിന്റെ പേരിൽ ആളാകാൻ ശ്രമിക്കുന്നവരാണ് അതിന്റെ വക്താക്കൾ ചമഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മതങ്ങളുടെ സ്വീകാര്യത കുറയുന്നു, നിലനില്പ് ക്രമേണ പരുങ്ങലിലാകും എന്നെല്ലാമുള്ള ഒരുതരം ആത്മവിശ്വാസക്കുറവാണോ ഇത്തരക്കാരെ കൂടുതൽ അസഹിഷ്ണുക്കളാക്കുന്നത്?
  അസഹിഷ്ണുത ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഫലമാണ്. വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുമ്പോൾ പ്രസ്ഥാനങ്ങൾ വളരെ സഹിഷ്ണുത കാട്ടും. ആഭ്യന്തരമോ ബാഹ്യമോ ആയ ഭീഷണികൾ വരുമ്പോൾ തോടിനുള്ളിലേക്കു ചുരുങ്ങും. സ്വയം രക്ഷിക്കണം എന്ന ചിന്തയാണ്. അർനോൾഡ് ടോയൻബി ഇതു പറഞ്ഞിട്ടുണ്ട്.
  ഈ മാനസികാവസ്ഥയാണു ഹിന്ദുത്വവാദികൾ മുന്നോട്ടു വെക്കുന്നത്. ജനസംഖ്യയിലെ മാറ്റത്തിന്റെ കണക്കിലൂടെ മാത്രമാണ് അവർ പ്രശ്നം അവതരിപ്പിക്കുന്നത്.
  കുട്ടികളുടെ എണ്ണം കൂട്ടണമെന്നതു റോമൻ കത്തോലിക്കാ സഭയും മറ്റും എന്നും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, ആരും ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ല. സവർണഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളുടെ വലുപ്പം സമാനമാണ്. ദരിദ്രരിലാണു കുടുംബത്തിന്റെ വലുപ്പം കൂടുന്നത്. മുസ്ലിങ്ങളിലും കുടുംബം പൊതുവെ വലുതാണ്. സാമ്പത്തികഘടകമാണു കാര്യം.
  അടുത്തിടെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ, മുസ്ലിം സമൂഹത്തിന്റെ ശരാശരി സാമ്പത്തികനില താഴെയാണെന്നു കണ്ടു. പാവപ്പെട്ടവർ കൂടുതലാണ് അവർക്കിടയിൽ. ഈ അവസ്ഥ മാറുമ്പോൾ, വിദ്യാഭ്യാസം കൂടുമ്പോൾ, കുടുംബവലുപ്പം കുറയും.
  കേരളത്തിൽ 35 ശതമാനം ദരിദ്രരും 15 ശതമാനം പരമദരിദ്രരും 40 ശതമാനം താഴ്ന്ന ഇടത്തരക്കാരും ആണെന്നാണു കണ്ടത്. ഉയർന്ന ഇടത്തരക്കാരും ധനികരുംകൂടി പത്തു ശതമാനമേ ഉള്ളൂ. ഈ പത്തു ശതമാനത്തിലേക്കാണു സമ്പത്ത് ഒഴുകുന്നത്. ആസ്തിയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുസ്ലിംവിഭാഗം പിന്നിലാണ്.
  ജനസംഖ്യയിലെ മാറ്റത്തിൽ ഉത്കണ്ഠയുള്ളവർ ചെയ്യേണ്ടതു വർഗീയവികാരം വളർത്തുകയല്ല, മുസ്ലിങ്ങൾക്കിടയിൽ വിദ്യാഭ്യാസം കൊണ്ടുവരികയാണ്. അതാണു പ്രധാനം. മുസ്ലിം പെൺകുട്ടികൾ ഇന്നു ധാരാളം വിദ്യാഭ്യാസം ചെയ്യുന്നു. ഇത് മാറ്റമുണ്ടാക്കും. ഹിന്ദുത്വവാദികൾക്കുള്ള മറുപടിയും ഇതാണ്.
  രാഷ്ട്രീയപ്പാർട്ടികൾ ഈ മതങ്ങളിലെ പുരോഗമനവിഭാഗങ്ങൾക്കൊപ്പം നില്ക്കണം. എന്നാൽ, വോട്ടുബാങ്ക് നോക്കിയുള്ള പ്രീണനം ഇതിനെതിരാണ്. ദൗർഭാഗ്യവശാൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇതാണു ചെയ്യുന്നത്.

താങ്കൾ പറയുന്നതിന്റെ ആകെത്തുക, യുക്തിബോധം ഏറെയൊന്നും ഇല്ലാത്ത, അതിലേറെ കാല്പനികതയും വൈകാരികതയും നയിക്കുന്ന, ഉൾക്കാമ്പു കുറഞ്ഞ ഒരു സമൂഹമാണു കേരളം എന്നാണ്. യുക്തിബോധവും ശാസ്ത്രീയസമീപനവും ഈ സമൂഹത്തിൽ വളർത്തിയെടുക്കാൻ എന്താണുവഴി?
  ഇതിൽ പ്രധാനപങ്ക് വിദ്യാഭ്യാസം, മാദ്ധ്യമങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവയ്ക്കാണ്.
  വിദ്യാഭ്യാസത്തിൽ, സ്കൂൾ തലത്തിലെങ്കിലും, ബോധപൂർവമായ ഇടപെടൽ ഇപ്പോൾ നടക്കുന്നുണ്ട്. വിമർശനാത്മകബോധനമാണ് എക്കാലത്തും വേണ്ടത്. എന്നാൽ, ഇതിനുള്ള ശ്രമം എതിർപ്പു വിളിച്ചുവരുത്തുന്നു. കാണാപ്പാഠം പഠിക്കലും വിവരം നേടലും മാത്രമാണു വിദ്യാഭ്യാസം എന്നാണു പൊതുധാരണ. അതു തിരുത്തപ്പെടുകയാണ്. പുതിയ പാഠ്യപദ്ധതി ഇതു കുറേ മുന്നോട്ടുകൊണ്ടുപോയി. ഇനിയും ഏറെ പോകാനുണ്ട്. കലാശാലാ, ഉന്നത വിദ്യാഭ്യാസങ്ങളിലേക്കും ഈ മാറ്റം വ്യാപിപ്പിക്കുകയും വേണം.
  മാദ്ധ്യമങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കാര്യമാണ് ഏറെ ഗുരുതരം. തങ്ങൾക്കു വരുമാനം നേടാൻ കഴിയുന്ന കാര്യങ്ങൾ ജനപ്രിയം എന്നു പ്രഖ്യാപിച്ച് അതു നല്കുകയാണു മാദ്ധ്യമരീതി. വിമർശനംപോലും സെൻസേഷനാക്കുന്നു. കാര്യകാരണവിശകലനത്തിനപ്പുറം, ഇംപാക്ടിലാകുന്നു ഊന്നൽ. ഇതുമാറ്റി ആരോഗ്യകരമായ മാദ്ധ്യമസംസ്കാരം വളർത്തണം. മാദ്ധ്യമവിമർശനത്തിനു വലിയ പ്രാധാന്യമുണ്ട്.
  സെൻസേഷണലായവ അപ്പോഴേക്കു മാത്രം ഉള്ളതാണ്. അടുത്ത സെൻസേഷൻ വരുമ്പോൾ വിടും. ഇതിനുപകരം പ്രശ്നങ്ങൾ ഏറ്റെടുത്തു തുടർന്നുകൊണ്ടുപോയി ന്യായമായ ഒരു തീർപ്പിൽ എത്തിക്കണം. അതിനു ബോധപൂർവം ശ്രദ്ധിക്കണം. ഒന്നാം പേജിലല്ലെങ്കിലും, തുടർച്ചയായി ഓർമിപ്പിക്കൽ, എന്തായി എന്ന അന്വേഷണം, വേണം.
  ആധുനിക പരിവർത്തനകാലത്തു മാദ്ധ്യമങ്ങൾ ഇതു നിർവഹിച്ചു. അന്നു ലാഭം ആയിരുന്നില്ല ലക്ഷ്യം. ജാതിമതാടിസ്ഥാനത്തിൽ മാദ്ധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിലും പത്രപ്രവർത്തനം ഒരു ധർമ്മസേവനം ആയിരുന്നു. വ്യവസായസ്ഥാപനങ്ങൾ മാദ്ധ്യമങ്ങളെ ഭരിച്ചിരുന്നില്ല. സമൂഹപരിഷ്കരണം ആയിരുന്നു ലക്ഷ്യം. അവ യുക്തിചിന്ത വളർത്തിയിരുന്നു. വലിയ പങ്കാണു മാദ്ധ്യമങ്ങൾ അന്നു വഹിച്ചത്.

പ്രസ്ഥാനങ്ങളുടെ കാര്യം നേരത്തേ പറഞ്ഞല്ലോ. പുതിയ പ്രസ്ഥാനങ്ങളുടെ യുക്തിനില എങ്ങനെയാണ്? സോളിഡാരിറ്റിയും മറ്റും പോലുള്ളവ?
  സോളിഡാരിറ്റി പോലുള്ളവയ്ക്കു പ്രത്യേക അജൻഡയുണ്ട്. സ്വത്വരാഷ്ട്രീയ അജൻഡയാണ് അവർക്കു പ്രധാനം. പുരോഗമനം മുഖംമൂടിയാണ്. വികാരപരമായി ജനങ്ങളെ സ്വാധീനിക്കാവുന്ന പ്രശ്നങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുത്ത് അവർ ഉപയോഗപ്പെടുത്തുകയാണെന്നു തോന്നുന്നു.
  ദേശീയപാതയുടെ ബി ഒ ടി വത്കരണം, ബഹുരാഷ്ട്രക്കുത്തകയുത്പന്നങ്ങളുടെ ബഹിഷ്കരണം, എൻഡോസൾഫാൻ പ്രശ്നം തുടങ്ങിയവയിലൊക്കെ അവയിലെ രാഷ്ട്രീയത്തിനപ്പുറമുള്ള വൈകാരികതയാണു പുതിയ പ്രസ്ഥാനങ്ങൾ ഉയർത്തിക്കാട്ടുന്നത്. അതിനാൽ അവയ്ക്കു യുക്ത്യധിഷ്ഠിത ഇല്ലാതെപോകുന്നു.
  ഭൂമി നഷ്ടപ്പെടുന്നവർക്കു ന്യായമായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിച്ചുകൊണ്ടു സർക്കാർതന്നെ നേരിട്ട് റോഡുവികസനമോ വ്യവസായവത്കരണമോ നടത്തുന്നതിനെ എതിർക്കുന്നതു യുക്തിയല്ല. അതു നാടിന്റെ വളർച്ചയ്ക്ക് എതിരാണ്. മറിച്ച്, ബി ഒ ടി വത്കരണത്തിന്റെ അപകടം തുറന്നുകാട്ടി അതിനെയാണ് എതിർക്കേണ്ടത്. വീതി കൂട്ടാനേ പാടില്ല, വികസനമേ പാടില്ല എന്നതു മൗലികവാദമാണ്.
  ഇത്തരം കാര്യങ്ങളിലൊക്കെ ശാസ്ത്രീയസമീപനം ഉരുത്തിരിഞ്ഞുവരുന്നതിന് ഇന്നത്തെ ഏക വിഷയപ്രസ്ഥാനങ്ങളുടെ ഇടപെടൽ തടസ്സമാകുന്നുണ്ട്. മുഖ്യധാരാപ്രസ്ഥാനങ്ങൾ ഇത്തരം പ്രശ്നങ്ങളെ വേണ്ട ഗൗരവത്തിൽ കാണാത്തതാണ് ഇവർക്ക് ഇടം നല്കുന്നത്.

ആഗോളീകരണത്തിന്റെയും വിവരവിനിമയ-വിതരണ വിപ്ലവത്തിന്റെയും വിനോദമാദ്ധ്യമ പ്രളയത്തിന്റെയും പുതിയകാലത്ത് യുക്തിബോധത്തിന്റെ നില എന്താണ്? പൊതുവായ ഇടങ്ങൾ സമൂഹത്തിൽ നഷ്ടമാകുന്നു. കൂട്ടായ്മകൾ ഇല്ലാതാകുന്നു. പൊതുപ്രവർത്തനം നടത്താനും പങ്കെടുക്കാനും ആളെ കിട്ടാതാകുന്നു. അതേസമയം ഇന്റർനെറ്റ് കൂട്ടായ്മകൾ വളരുന്നു. ബ്ലോഗുകളും മറ്റുമായി പ്രതികരണത്തിന്റെ പുതിയ മേഖലകൾ വികസിക്കുന്നു. ഈ മാറ്റം എങ്ങനെ കാണുന്നു? 'മിഥ്യാകൂട്ടായ്മകൾ'ക്കു മാറ്റം ഉണ്ടാക്കാൻ കഴിയുമോ?
  നല്ല ആശയങ്ങൾ ഏതു നിലയ്ക്കും പ്രചരിക്കുന്നതു നല്ലതുതന്നെ. പക്ഷേ, മാറ്റത്തിനായി പ്രവർത്തിക്കാൻ പ്രസ്ഥാനങ്ങൾക്കേ കഴിയൂ. ഇന്റർനെറ്റിന്റെയും മറ്റും സാദ്ധ്യതകൾ ഇത്തരം പ്രസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.
  പൊതു ഇടങ്ങൾ കുറഞ്ഞുവരുന്നു എന്നതു ഗൗരവമുള്ള പ്രശ്നം തന്നെയാണ്. അതേസമയം ധനികരും ദരിദ്രരും തമ്മിൽ വളർന്നുവരുന്ന അന്തരം -പൊതു പാപ്പരീകരണം- സൃഷ്ടിക്കുന്ന അനിവാര്യമായ സംഘർഷം പ്രസ്ഥാനങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുകയും അതിനെ അനിവാര്യമാക്കുകയും ചെയ്യും. ഈജിപ്തിൽ തെരുവിലിറങ്ങിയ ജനമഹാസമുദ്രംതന്നെ പ്രസ്ഥാനങ്ങളുടെയും സംഘടിക്കലിന്റെയും പ്രക്ഷോഭങ്ങളുടെയും പ്രസക്തിയുടെ ഏറ്റവും പുതിയ സാക്ഷ്യമാണ്.
  രണ്ടു തരം ആശങ്കയാണ് എനിക്കു ഭാവിയെപ്പറ്റിയുള്ളത്. ഇടക്കാലത്തു ശക്തിപ്പെട്ട, ഇപ്പോഴും കുറെയെല്ലാം തുടരുന്ന, അപക്വവും അപൂർണവുമായ വിദ്യാഭ്യാസപരിഷ്കാരമാണ് ഒന്ന്. ഉപകരണാത്മകമായാണു കേരളം വിദ്യാഭ്യാസത്തെ പരിഗണിച്ചത്. ഉദ്യോഗസമ്പാദനത്തിനായാണ്, അല്ലാതെ മനഃസംസ്കരണത്തിനുള്ള ഉപാധിയായല്ല. അതിന്റെ ഒരുപാടു ദുഷ്ഫലങ്ങൾ നാം അനുഭവിക്കുകയാണ്.
  സർക്കാരുദ്യോഗത്തിനുള്ള സർട്ടിഫിക്കറ്റു നേടാനുള്ള ഉപകരണമാണു നമുക്കു വിദ്യാഭ്യാസം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്കു കുട്ടികളെ നയിക്കുകയായിരുന്നു ലക്ഷ്യം. സമുദായങ്ങൾ മത്സരിച്ചു സ്കൂളുകൾ തുടങ്ങി. നാം സ്ഥാപനങ്ങളെ കാണുന്നതും അങ്ങനെതന്നെ. ഒന്നാമത്, രാഷ്ട്രീയക്കാർക്കു സ്വന്തക്കാരെ കുടിയിരുത്താനുള്ള താവളങ്ങൾ; രണ്ടാമത്, സമുദായത്തിൽപ്പെട്ടവർക്കു രക്ഷകരാകാനും രക്ഷിക്കാനുമുള്ള സംവിധാനം. സ്വാധീനവും തൊഴിലവസരവുമായി സമൂഹത്തിന്റെ വിദ്യാഭ്യാസകാഴ്ചപ്പാടു മാറി. രക്ഷിതാക്കൾക്കാകട്ടെ കുട്ടികൾക്കു നല്ല തൊഴിലിനുള്ള വഴിയും.
  കുട്ടികൾക്കു പാണ്ഡിത്യവും വൈദഗ്ദ്ധ്യവും മനഃസംസ്കരണവും ലഭിക്കുന്നില്ല എന്ന പരാതി ഒരിക്കലും ഉയർന്നിട്ടില്ല! ഇത്തരം ദൗത്യങ്ങൾ നിർവഹിക്കപ്പെടുന്നുമില്ല, സമൂഹം ആവശ്യപ്പെടുന്നുമില്ല. അതുകൊണ്ടാണ് അവനവനിസം വളർന്നത്.
  ഇന്റർനെറ്റ് സമൂഹത്തിലെ സമ്പന്നസന്തതികൾ പലരും ഓരോ പ്രശ്നവും തങ്ങളെ എങ്ങനെ ബാധിക്കും എന്നതിനപ്പുറം കാര്യങ്ങളെ കാണുന്നില്ല. വളരെ ഉപരിപ്ലവമാണവ. വളരെയേറെ വ്യക്തികേന്ദ്രിതം.
  ഇതിനൊരു മറുഭാഗംകൂടി ഉണ്ട്. പുരോഗമനപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാല്പനികതത്ത്വചിന്തകർ എന്ന പരിവേഷത്തിലൂടെ വളർന്നുവന്നവർ നടത്തുന്ന വിമർശനങ്ങളാണത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കടമ നിർവഹിക്കുന്നില്ല, അവർക്കു രാഷ്ട്രീയവും വിപ്ളവവും പോരാ എന്നു കുറ്റം പറഞ്ഞു സ്വന്തം വിപ്ളവബോധത്തെ തൃപ്തിപ്പെടുത്തുകയാണവർ. കട്ടിൽ നേതാക്കൾ, ചാരുകസേര രാഷ്ട്രീയം എന്നെല്ലാം പറയുന്നതിന്റെ പുതിയ പതിപ്പ്.
  അടുത്തിടെ ബ്രസീലിൽ പോയപ്പോൾ ലാറ്റിനമേരിക്കയിൽ ലൂലയ്ക്കെതിരായും മറ്റുമുള്ള വിമർശനങ്ങൾ കേൾക്കുകയുണ്ടായി. സാഹചര്യങ്ങൾക്കനുസരിച്ചു വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. എങ്കിലും ദീർഘവീക്ഷണപരമായ കാഴ്ചപ്പാടും സമീപനവും ഉണ്ടായിരിക്കണം എന്നതാണു പ്രധാനം.
  പക്ഷേ, നാം സോഷ്യലിസ്റ്റു സമൂഹത്തിൽ ജീവിക്കുന്നു എന്ന ധാരണയിലാണു വിമർശനങ്ങൾ. കേരള സർവകലാശാലയുടെ രാജ്യാന്തരബന്ധം, എ ഡി ബി വായ്പ തുടങ്ങിയ പ്രശ്നങ്ങളിലെ ചിലരുടെ സമീപനങ്ങളിൽ ഇതാണു കണ്ടത്. ഒന്നാം മന്ത്രിസഭയുടെ കാലത്ത് ഇ എം എസ് പറഞ്ഞതുപോലെ, സോഷ്യലിസം നടപ്പാക്കാനുള്ള അവസരം ഈ സംവിധാനത്തിലില്ല. കോൺഗ്രസുകാർ ചെയ്യും എന്നു പറഞ്ഞതും ചെയ്യാത്തതുമായ കാര്യങ്ങൾ തൊഴിലാളികൾക്കും പാവങ്ങൾക്കും കൂടുതൽ പ്രയോജനം കിട്ടുന്ന തരത്തിൽ ഫലപ്രദമായി ചെയ്യുക, അങ്ങനെ ചെയ്യിക്കുക. അതേ കഴിയൂ.
  മാറ്റത്തിനുള്ള യഥാർത്ഥ കർമപദ്ധതിയും തന്ത്രവും ആവിഷ്കരിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ, വിപ്ലവബോധവും വീര്യവും ഇല്ല എന്ന കുറ്റപ്പെടുത്തൽ നടത്തുന്നവർ സ്വയം വിമർശനമാണു നടത്തേണ്ടത്. വേണ്ടത്ര ചരിത്രബോധമില്ലാത്തതുകൊണ്ടാണ് ഇത്. നേരത്തേ പറഞ്ഞ വ്യക്തികേന്ദ്രിതമായ പ്രതികരണങ്ങളുടെ കാരണവും ഇതുതന്നെ. മാറ്റം ഉണ്ടാകേണ്ടതു വിദ്യാഭ്യാസത്തിലൂടെത്തന്നെയാണ്. വിമർശനാത്മകബോധനം നടപ്പായേ തീരൂ. ശാസ്ത്രബോധവും ശാസ്ത്രീയസമീപനവും വളർത്തിയേ തീരൂ.
  ഇന്ന് സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്ന ഈ മാറ്റം ഉന്നതവിദ്യാഭ്യാസത്തിലേക്കും സംക്രമിപ്പിക്കുക. അതാണു പ്രധാനം. സ്കൂൾ തലത്തിൽ നല്ലമാറ്റം ഉണ്ടായിട്ടുണ്ട്. കുട്ടികൾ അർഹിക്കുന്ന അദ്ധ്യാപകരെ അവർക്കു കിട്ടുന്നില്ല എന്ന വലിയ സത്യമാണ് ഇന്നു ബോദ്ധ്യപ്പെടുന്നത്. അതുപോലെതന്നെ കുട്ടികൾ അർഹിക്കുന്ന ഉന്നതവിദ്യാഭ്യാസവും നല്കാനാകണം. എങ്കിലേ സമൂഹം മാറൂ. എങ്കിൽ സമൂഹം മാറും. അതു സംഭവിക്കുകതന്നെ ചെയ്യും. അല്ലാതെ പറ്റില്ലല്ലോ. എനിക്കു ശുഭപ്രതീക്ഷയുണ്ട്.