വികസനം ഉത്സവമായ വിസ്മയനാളുകൾ
മനോജ് കെ. പുതിയവിള
ഇൻഡ്യ സ്വതന്ത്രമായി അഞ്ചുപതിറ്റാണ്ടും കേരളം പിറന്ന് നാലുപതിറ്റാണ്ടും എടുത്തു അതിലേറെ പ്രായമുള്ള പ്രാദേശികസ്വയംഭരണം എന്ന സ്വപ്നം അർത്ഥപൂർണ്ണമായി യാഥാർത്ഥ്യമാകാൻ. കേരളത്തിന്റെ വികസനചരിത്രത്തിലെ ദീപ്തസ്തംഭവും ലോകമാതൃകയുമായി മാറിയ ജനകീയാസൂത്രണമാണ് അതു യാഥാർത്ഥ്യമാക്കിയത്. രജതജൂബിലി ആഘോഷിക്കുന്ന ജനകീയാസൂത്രണത്തെപ്പറ്റി.
ജനപഥങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുമൊക്കെ ജനലക്ഷങ്ങൾ പങ്കുചേർന്നു നടന്ന എണ്ണമറ്റ പ്രവർത്തനങ്ങളുടെ വിസ്മയകഥയാണു ജനകീയാസൂത്രണത്തിന്റേത്. അതു സാദ്ധ്യമാക്കിയതിനു പിന്നിലെ സംഭവപരമ്പരകളും കൗതുകകരമാണ്.
1996 ഓഗസ്റ്റ് 17-ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത ജനകീയാസൂത്രണപ്രസ്ഥാനം അത്യാവേശത്തോടെയാണു കേരളജനത ഏറ്റെടുത്തത്. ആ ഏറ്റെടുക്കലിന്റെ ഫലമായാണ് കേരളഭരണനിർവ്വഹണത്തിന്റെ അലകും പിടിയും മാറ്റിയ, കേരളവികസനത്തിനു പുതിയ കുതിപ്പേകിയ, വികസനസങ്കല്പവും സംസ്ക്കാരവും പൊളിച്ചെഴുതിയ, രാജ്യത്തിനു മാതൃകയായ, ആധുനികലോകത്തിന്റെ പരീക്ഷണശാലയായ കേരളത്തിലേക്കു വീണ്ടും ലോകശ്രദ്ധ കൊണ്ടുവന്ന മഹാപ്രസ്ഥാനമായി അതു മാറിയത്.
അന്നുവരെ വികസനക്ഷേമകാര്യങ്ങളൊന്നും തീരുമാനിക്കുന്നതിൽ ജനങ്ങൾക്കു പങ്കൊന്നും ഉണ്ടായിരുന്നില്ല. ആസൂത്രണക്കമ്മിഷൻ ദേശീയതലത്തിൽ ചില ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് അവ നേടിയെടുക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു രീതി. ഭൂപ്രകൃതി, കാലാവസ്ഥ, ജനവിഭാഗങ്ങൾ, സംസ്ക്കാരം, വിളവുകളും കൃഷിരീതികളും, ജീവത്പ്രശ്നങ്ങൾ, ആവശ്യങ്ങൾ, വികസനത്തിലെ ഏറ്റക്കുറവ് എന്നിങ്ങനെ അനവധിഘടകങ്ങളിലെ അപാരമായ അന്തരങ്ങളൊന്നും പരിഗണിക്കാതെ ഉള്ളതായിരുന്നു ഈ പദ്ധതികൾ. അതിന്റെ ചുവടുപിടിച്ച് സംസ്ഥാന ആസൂത്രണബോർഡും വിഭവലഭ്യതയ്ക്കനുസരിച്ച് കുറെ പദ്ധതികൾ ആവിഷ്ക്കരിക്കും.
ഇവ ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥസംവിധാനം ഉപയോഗിച്ചു നടപ്പാക്കുക ആയിരുന്നു രീതി. നടപ്പാക്കലിന്റെ വിലയിരുത്തൽപോലും ഭൗതികനേട്ടം വിലയിരുത്തി ആയിരുന്നില്ല. നീക്കിവച്ച ധനം ചെലവാക്കിയോ എന്നതിനായിരുന്നു പരിഗണന. ഇതൊക്കെക്കൊണ്ടുതന്നെ രാജ്യത്തെ വികസനവും ജനജീവിതവും ഏന്തിയും വലിഞ്ഞും തിരുനക്കരെത്തന്നെ കിടന്നു.
എന്നാൽ, ബ്രിട്ടിഷുകാർ വിഭവചൂഷണത്തിനായും രാജാക്കന്മാർ ജനഹിതങ്ങൾ ഗൗനിക്കാതെ തന്നിഷ്ടപ്രകാരവും നാടൻഭൂപ്രഭുക്കളുടെയും അവരുടെ ഗുണ്ടകളുടെയുമൊക്കെ പിൻബലത്തോടെ ജനങ്ങളെ അടിച്ചമർത്തി നടത്തിവന്ന ഭരണം അവസാനിപ്പിക്കുമ്പോൾ പകരം ജനങ്ങളുടെ ഭരണമാണു നടപ്പാകേണ്ടതെന്ന ചിന്ത കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പുരോഗമനപക്ഷത്തിനു വളരെ വ്യക്തമായിത്തന്നെ ഉണ്ടായിരുന്നു. അത് എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഇ.എം.എസിനെപ്പോലെയുള്ളവർ മുന്നോട്ടുവച്ച കാഴ്ചപ്പാട് ഇന്നും നമുക്കു സ്വപ്നം മാത്രം കാണാൻ കഴിയുന്നതരത്തിൽ സർക്കാർസംവിധാനങ്ങളെ ജനകീയമാക്കാനുള്ളതായിരുന്നു!
വിമോചനസമരം തകർത്ത സ്വപ്നം
യൂറോപ്യൻനവോത്ഥാനവും ജനാധിപത്യവിപ്ലവങ്ങളും കാരണം ആ സമൂഹങ്ങളിൽ വികസിച്ചുവന്ന നവമാനവമൂല്യങ്ങൾ അത്തരം സാംസ്ക്കാരികനവോത്ഥാനമൊന്നും ഉണ്ടാകാതെപോയ ഇൻഡ്യയിലേക്കു കടന്നുവന്നില്ല. ഭരണമാറ്റം എന്നത് ഭരിക്കുന്ന ആളുകൾ മാറി എന്നതിലും ആ ആളുകളെ തെരഞ്ഞെടുക്കാൻ അഞ്ചുകൊല്ലം കൂടുമ്പോൾ വോട്ടുകുത്താനുള്ള അവകാശം കൈവന്നു എന്നതിലും ഒതുങ്ങി.
സാമ്രാജ്യത്വഭരണയന്ത്രം അപ്പടി നിലനിന്നു. വികസനവും ക്ഷേമവുമെല്ലാം ‘അധികാരികളു’ടെ ദയാദാക്ഷിണ്യങ്ങളായും അതു കിട്ടാൻ കാലുപിടിക്കുകയും കൈക്കൂലി കൊടുക്കുകയും വേണമെന്നും ‘അധികാരികൾ’ക്ക് പ്രജകളെ ആട്ടാനും തുപ്പാനും അവകാശമുണ്ടെന്നും എല്ലാമുള്ള നിലകളും മാറിയില്ല. ശമ്പളം കൊടുക്കുന്ന പൗരർ അവരുടെ ശമ്പളം വാങ്ങുന്നവരെ എഴുന്നേറ്റുനിന്നു വണങ്ങി സർ എന്നു വിളിക്കേണ്ട തലകീഴവസ്ഥ!
ഇതെല്ലാം അടിച്ചുടയ്ക്കാനുള്ള പരിപാടികളുമായാണ് കേരളത്തിലെ ആദ്യസർക്കാർ അധികാരത്തിൽ വന്നത്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. തന്നെ അദ്ധ്യക്ഷനായ ഭരണപരിഷ്ക്കാരക്കമ്മിഷന്റെ ആശയൗന്നത്യങ്ങളോടെ ആ സർക്കാർ കൊണ്ടുവന്ന വിപ്ലവാത്മകമായ നിയമങ്ങൾ പക്ഷെ, എക്കാലത്തെയും വലിയ അശ്ലീലമായ വിമോചനസമരവും പിരിച്ചുവിടലും കാരണം നടപ്പിലായില്ല. പൊലീസും ജയിലും സിവിൽ ഡിഫൻസും റവന്യൂ രേഖകളും വരെ ജില്ലാഭരണത്തിനു വികേന്ദ്രീകരിച്ചു കൈമാറാനുള്ള വിപ്ലവാത്മകചിന്തകൾ മുന്നോട്ടുവച്ച് 1967-ൽ കൊണ്ടുവന്ന ബില്ലുകളും നടപ്പാക്കപ്പെട്ടില്ല. അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്ത നഷ്ടമായ മറ്റൊരു ബിൽ നിയമമാകുകയും കാര്യമായ അധികാരമൊന്നുമില്ലാത്ത തദ്ദേശഭരണസമിതികൾ നിലവിൽവരികയും തെരഞ്ഞെടുപ്പുകൾ പോലും നടക്കാതെ അവ തുടരുകയും ഉദ്യോഗസ്ഥഭരണത്തിലാകുകയും ഒക്കെ ചെയ്ത കാലഘട്ടത്തിന് അന്ത്യമാകുന്നത് 87-ലെ നായനാർ സർക്കാർ 88-ൽ തെരഞ്ഞെടുപ്പു നടത്തുകയും 91-ൽ ജില്ലാക്കൗൺസിൽ കൊണ്ടുവരികയും ചെയ്തതോടെയാണ്.
അധികാരവികേന്ദ്രീകരണത്തിനായുള്ള 73, 74 ഭരണഘടനാഭേദഗതികൾ 1993-ലും അതിന്റെ അടിസ്ഥാനത്തിലുള്ള കേരളനിയമങ്ങൾ 1994-ലും വന്നതിനാൽ ജില്ലയ്ക്കു പൊതുവായ ജനകീയഭരണം എന്ന വലിയ സാദ്ധ്യത അവസാനിക്കുകയും ജില്ലയിലെ ഗ്രാമങ്ങൾക്കു മാത്രമായുള്ള ജില്ലാപ്പഞ്ചായത്തു വരികയും ചെയ്തു. നിയമപരിഷ്ക്കാരത്തിന്റെപേരിൽ ഒരുവട്ടംകൂടി തദ്ദേശഭരണസമിതികളുടെ കാലാവധി നീളുകയും ഉദ്യോഗസ്ഥഭരണം വരികയും ചെയ്തു. 1995 സെപ്റ്റംബർ 3-ന് ഇന്നത്തെ ത്രിതലസമ്പ്രദായത്തിലുള്ള ആദ്യഭരണസമിതികൾ നിലവിൽവന്നു.
പ്രാദേശിക‘സർക്കാരുകൾ’
തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരങ്ങൾ നല്കുകയും അതിനു ഭരണഘടനയുടെ പിൻബലം നല്കുകയും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമാക്കുകയും ഒക്കെ ചെയ്ത വലിയ ചുവടുവയ്പായിരുന്നു ഭരണഘടനാഭേദഗതികൾ. അധികാരം താഴേക്കു നല്കുക എന്ന ദർശനത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് സ്വന്തം അധികാരമൊന്നും സംസ്ഥാനങ്ങൾക്കായി വികേന്ദ്രീകരിക്കാൻ പക്ഷെ, കേന്ദ്രം കൂട്ടാക്കിയില്ല. ഭേദഗതിയാകട്ടെ, അധികാരവികേന്ദ്രീകരണത്തിന്റെ വ്യാപ്തി തീരുമാനിക്കാനുള്ള അധികാരം അതതുസംസ്ഥാനനിയമസഭകൾക്കു നല്കുകയാണു ചെയ്തത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വികേന്ദ്രീകരിക്കാൻ വ്യവസ്ഥ ആയെങ്കിലും സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന ഭരണാധികാരികളോ ഉദ്യോഗസ്ഥരോ സ്വന്തം അധികാരങ്ങൾ കൈവിടാൻ തയ്യാറായിരുന്നില്ല എന്നത് കൊട്ടിഘോഷിക്കപ്പെട്ട ഭരണഘടനാഭേദഗതികൾക്കു ശേഷമുള്ള ഇൻഡ്യൻസംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിച്ചാൽ ബോദ്ധ്യമാകും.
കേരളത്തിൽ 1994-ൽ പാസാക്കിയ നിയമങ്ങൾ ഭരണഘടന നിർദ്ദേശിച്ച അധികാരങ്ങൾ കൈമാറാൻ വ്യവസ്ഥ ചെയ്തു. പ്രാദേശികസർക്കാരുകൾ എന്നൊക്കെയുള്ള വലിയ വാക്കുകൾ കേട്ടു ചുമതലയിലേക്കുവന്ന പഞ്ചായത്തുസമിതികൾക്കു പക്ഷെ, ഈ അധികാരങ്ങൾ നിർവ്വഹിക്കാൻ ധനമോ ഉദ്യോഗസ്ഥസംവിധാനമോ നല്കിയിരുന്നില്ല. നാമമാത്രമായ ഉപാധിരഹിതഫണ്ട് (untied fund) മാത്രമായിരുന്നു ധനം.
എന്നാൽ, 1996-ൽ ചുമതലയേറ്റ നായനാർ സർക്കാർ ഈ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിക്കുകയും അതിനായി ബംഗാളിലെ വികസനവിദഗ്ദ്ധനായ എസ്.ബി. സെന്നിനെ കമ്മിഷനായി നിയമിക്കുകയും ചെയ്തു. സെന്നും അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് അദ്ധ്യക്ഷനായ വി.ജെ. തങ്കപ്പനും നയിച്ച കമ്മിഷൻ നല്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത്, മുനിസിപ്പൽ നിയമങ്ങൾ സമഗ്രമായി ഭേദഗതി ചെയ്തു.
പഞ്ചായത്ത് രാജ് നിയമത്തിലെ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകൾ ഭേദഗതി ചെയ്തു. സര്‍ക്കാരിന് തദ്ദേശഭരണസ്ഥാപനങ്ങളുടെമേൽ ഉണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചു. ഭരണസമിതികളെയും അംഗങ്ങളെയും പറ്റിയുള്ള പരാതികൾ തീർപ്പാക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽനിന്നു രണ്ടു ജുഡീഷ്യൽ സ്ഥാപനങ്ങൾക്കു കൈമാറി. വീഴ്ചകളും അഴിമതികളുമെല്ലാം ഓംബുഡ്സ്‌മാനിൽ നിക്ഷിപ്തമാക്കി. പ്രാദേശികസർക്കാരുകളുടെ പ്രമേയം റദ്ദാക്കാൻ സംസ്ഥാനസർക്കാരിനുണ്ടായിരുന്ന അധികാരം കളഞ്ഞു. ഭരണസമിതി പിരിച്ചുവിടണമെങ്കിലും ഓംബുഡ്‌സ്‌മാന്റെ അനുമതി വേണം. അംഗത്വം റദ്ദാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പുകമ്മിഷനാക്കി. ഭരണസമിതിത്തീരുമാനങ്ങൾ സംബന്ധിച്ച പരാതികൾക്ക് അപ്പലേറ്റ് ട്രിബ്യൂണൽ കൊണ്ടുവന്നു. പ്രാദേശികസർക്കരുകളുടെ രാഷ്ട്രീയാധികാരികൾക്കു നല്കിയ ധനവിനിയോഗത്തിനുള്ള അധികാരം (authorisation) മന്ത്രിമാർക്കുപോലും ഇല്ലാത്തതാണ്! ഇതെല്ലാമാണു തദ്ദേശഭരണസ്ഥാപനങ്ങൾക്കു സ്വതന്ത്രപരമാധികാരത്തോടെയും ശക്തമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കിയത്.
2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സര്‍ക്കാരിൽ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണനിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങളും തെരഞ്ഞെടുപ്പുകമ്മിഷനു നല്കി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തി അധികാരവികേന്ദ്രീകരണം പൂര്‍ണ്ണമായി നടപ്പിലാക്കി.
ഒരു രാഷ്ട്രീയ‘അട്ടിമറി’
എന്നാൽ, അധികാരം ജനങ്ങൾക്കു കൈമാറാൻ നിയമങ്ങൾ മാത്രം പോരെന്നും ഒരുപക്ഷെ, നിയമങ്ങൾ അതു യാഥാർത്ഥ്യമാക്കിയേക്കില്ലെന്നും ക്രാന്തദർശിയായ ഇ.എം.എസ്. മനസിലാക്കിയിരുന്നു. അതിനാൽ, സെന്നിനെ കമ്മിഷനായി നിയമിക്കാൻ ആലോചിക്കുമ്പോൾത്തന്നെ അദ്ദേഹം മറുമരുന്നു കണ്ടെത്തിയിരുന്നു. അധികാരത്തിനായുള്ള ആവശ്യബോധം ജനങ്ങളിൽ സൃഷ്ടിച്ച് അതിനുള്ള ശക്തമായ ജനകീയസമ്മർദ്ദം വളർത്തിക്കൊണ്ടുവരിക എന്നതായിരുന്നു അത്.
ആ നിയോഗം ലഭിച്ചത് ഡോ: റ്റി.എം. തോമസ് ഐസക്കിനും ഇ.എം. ശ്രീധരനും അംഗങ്ങളായ, ഐ.എസ്. ഗുലാത്തി ഉപാദ്ധ്യക്ഷനായ സംസ്ഥാന ആസൂത്രണബോർഡിനായിരുന്നു. ജനകീയസമ്മർദ്ദം ഉയർത്താനും രാഷ്ട്രീയമായി ഉണ്ടാകാവുന്ന എതിർപ്പുകളും ഭരണതലത്തിൽ ഉണ്ടാകാവുന്ന തടസങ്ങളും ദുർബ്ബലപ്പെടുത്താനുമായി ആദ്യം നടപ്പാക്കിയ തന്ത്രം സംസ്ഥാനത്തിന്റെ ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ ധനത്തിൽ 35 – 40 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറും എന്നതായിരുന്നു.
തദ്ദേശസ്ഥാപനങ്ങൾക്കു ധനവും അധികാരവും കൊടുത്താൽ അതു വിനിയോഗിച്ചു വികസനവും ക്ഷേമവുമൊക്കെ ആസൂത്രണം ചെയ്തു നടപ്പാക്കാൻ അവർക്കാകുമോ എന്ന ആശങ്കയാണ് എക്കാലവും അതിനു തടസം നിന്നത്. ശേഷി വളർത്തിയിട്ടു പണം നല്കാം എന്ന നിലപാടാണ് സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ടും അതു വൈകിപ്പിച്ചത്. അതുകൊണ്ടുതന്നെ, ഇനി അതു പറ്റില്ല, പണം നല്കുക, അതിന്റെ വിനിയോഗത്തിലൂടെ ശേഷി വികസിപ്പിക്കാം എന്ന സമീപനം സ്വീകരിച്ചത്. സർക്കാർ ഇതു പ്രഖ്യാപിച്ചതോടെ നടപ്പാക്കുക എന്നതു സർക്കാരിന്റെ ബാദ്ധ്യതയായി. അതായിരുന്നു ആ തന്ത്രത്തിന്റെ ഉദ്ദേശ്യം.
മറ്റൊരു ഉദ്ദേശ്യം, പണം കൈമാറിക്കിട്ടുന്നതോടെ അതു വിനിയോഗിച്ചു കാര്യങ്ങൾ ചെയ്യാൻ വേണ്ട ഉദ്യോഗസ്ഥസംവിധാനം വേണമെന്ന ആവശ്യം പ്രാദേശികതലത്തിൽനിന്ന് ഉയരും. അക്കാര്യത്തിൽ ഉദ്യോഗസ്ഥവിഭാഗങ്ങളിലും വകുപ്പുകളിലും ഒക്കെനിന്ന് ഉയരാവുന്ന എതിർപ്പുകൾക്കെതിരായ ജനകീയസമ്മർദ്ദമായി ഇത് ഉപയോഗപ്പെടുത്തുക.
അപ്പോഴും യഥാർത്ഥത്തിൽ ഉണ്ടാകുമായിരുന്ന പ്രശ്നം ഇത്ര വലിയ തുകയ്ക്കുള്ള വികസനപദ്ധതികൾ പ്രാദേശികസർക്കാരുകൾ എങ്ങനെ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യും എന്നതുതന്നെ ആയിരുന്നു. എന്നാൽ, അതിനുള്ള ചില മാതൃകകൾ അതിനകം പരീക്ഷിക്കപ്പെട്ടിരുന്നു.
ഇനി ഇതൊന്നും ഇല്ലായിരുന്നെങ്കിലും നിലനില്പിനു മറ്റു വഴികൾ കേരളത്തിനു മുന്നിൽ ഉണ്ടായിരുന്നില്ല എന്ന വലിയ യാഥാർത്ഥ്യവും നിലനിന്നു.
അനിവാര്യമാക്കിയ പ്രതിസന്ധി
ഇതിനൊരു പശ്ചാത്തലമുണ്ടായിരുന്നു. സമ്പത്തുത്പാദനം കാര്യമായില്ലാതിരുന്നിട്ടും വികസനസൂചികകളിൽ പലതിലും വികസിതലോകത്തിനൊപ്പം എത്തിയിരുന്ന കേരളം അന്ന് ആഗോളവികസനവിദഗ്ദ്ധർക്കു കൗതുകമായിരുന്നു. ‘കേരള മോഡൽ’ എന്ന അവരുടെ പ്രയോഗത്തിൽ നാം അഭിമാനം കൊള്ളുകയും ചെയ്തുവന്നു.
എന്നാൽ, ആ നേട്ടത്തിന് ആധാരമായിരുന്ന ഗൾഫ് കുടിയേറ്റവും അതുവഴിയുള്ള വിദേശവരുമാനവും നിലയ്ക്കാമെന്ന ആശങ്ക അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെ ഗൾഫ് മേഖലയിൽ തുടങ്ങിയ അനിശ്ചിതത്വത്തോടെ ശക്തിപ്പെട്ടു. ധനവിഭവം കുറവുള്ള സംസ്ഥാനത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും ഉത്പാദനേതരമായ കാര്യങ്ങൾക്കാണു വിനിയോഗിക്കുന്നത്. വിഭവസമാഹരണത്തിനു പുതിയ വഴികൾ തേടിയും ആഭ്യന്തരസാമ്പത്തികോത്പാദനം വർദ്ധിപ്പിച്ചുമല്ലാതെ നമ്മുടെ വികസനനേട്ടങ്ങൾ നിലനിർത്താനും മുന്നോട്ടുപോകാനും കഴിയില്ല എന്നു വ്യക്തമായി.
ഈ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള വഴിതേടാനാണ് 1994 ഓഗസ്റ്റ് 27, 28, 29 തീയതികളിൽ ആദ്യത്തെ അന്താരാഷ്ട്ര കേരളപഠനകോൺഗ്രസ് എ.കെ.ജി. പഠനഗവേഷനകേന്ദ്രം സംഘടിപ്പിക്കുന്നത്. ഫലപ്രദമായ അധികാരവികേന്ദ്രീകരണത്തിന്റെ അനിവാര്യതയിലേക്കും അതിന്റെ സാധ്യതകളിലേക്കും അതു വിരൽ ചൂണ്ടി.
പരീക്ഷണക്കളരികൾ
ഇതിനു സമാന്തരമായി പ്രാദേശികതലത്തിൽ വിഭവസമാഹരണവും ജനപങ്കാളിത്തവും സാദ്ധ്യമാക്കി വികസനപ്രവർത്തനവും ആസൂത്രണവും സംഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടന്നുവരികയായിരുന്നു.
ഗ്രാമശാസ്ത്രസമിതികളിലൂടെയുംമറ്റും ഗ്രാമതലത്തിൽ ഇടപെടലുകൾ നടത്തിവന്നിരുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ 1976-ൽ വിഭവസർവ്വേ നടത്തി വികസനപരിപാടി തയ്യാറാക്കിയിരുന്നു. എട്ടാം പഞ്ചവത്സരപദ്ധതി മുതൽതന്നെ അധികാരവികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പഠനങ്ങളും ഇടപെടലുകളും പരീക്ഷണങ്ങളും മാതൃകകൾ വികസിപ്പിക്കലുമൊക്കെ നടത്തിത്തുടങ്ങിയിരുന്നു. പരിഷത്തിലെ വിദഗ്ദ്ധർ മെച്ചപ്പെട്ട അധികാരവികേന്ദ്രീകരണവും പ്രാദേശികഭരണവും ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ പോയി പഠനങ്ങൾ നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചർച്ചകൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു. വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി പ്രൊ: ഐ. എസ്. ഗുലാത്തിയുടെ പ്രബന്ധം പരിഷത്തിന്റെ 1986-ലെ സംസ്ഥാനസമ്മേളനത്തിൽ സംഘടിപ്പിച്ചതും ഈ വിഷയത്തിൽ 1987-ൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ശില്പശാല നടത്തിയതും 1988-ൽ ‘കേരളത്തിന്റെ എട്ടാം പദ്ധതി: ചര്‍ച്ചകള്‍ക്കൊരാമുഖം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ‘അധികാരം ജനങ്ങള്‍ക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി 1989-ൽ വികസനജാഥ നടത്തിയ തുമൊക്കെ എടുത്തുപറയാവുന്ന മുൻകൈകളാണ്.
സെന്റര്‍ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസു(CESS)മായി ചേർന്നു പരിഷത്തു നടപ്പാക്കിയ വിഭവഭൂപടനിർമ്മാണം പ്രയോഗതലത്തിലെ വലിയ ചുവട് ആയിരുന്നു. ആദ്യഘട്ടം 1991-ൽ വലിയ 23 പഞ്ചായത്തുകളിൽ നടപ്പാക്കി. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 1993-94-ൽ നടത്തിയ സാമൂഹിക സാമ്പത്തിക സര്‍വ്വെയുടെ വിവരങ്ങൾ വിഭവഭൂപടത്തോടു കൂട്ടിയിണക്കി 1994-ൽ ജനപങ്കാളിത്തത്തോടെ സമഗ്രപഞ്ചായത്തുവികസനപദ്ധതി ആവിഷ്ക്കരിച്ചതോടെ പ്രാദേശികാസൂത്രണം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനു രൂപരേഖയായി. പുതിയ കേരള പഞ്ചായത്തിരാജ് നിയമം നിലവിൽ വരുന്നതിനു മുമ്പായിരുന്നു ഇത്. കല്യാശ്ശേരി അനുഭവം പങ്കുവയ്ക്കാൻ 1995 ഒക്റ്റോബർ 2, 3 തീയതികളിൽ സെന്റര്‍ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസി(സി. ഡി. എസ്. )ൽ സംഘടിപ്പിച്ച സെമിനാറാണ് പഠനക്കോൺഗ്രസുപോലെ ഈ ചരിത്രത്തിലെ സുപ്രധാനനാഴികക്കല്ല്. ഇ. എം. എസ്. നമ്പൂതരിപ്പാട്, എ. കെ. ആന്റണി തുടങ്ങിയ രാഷ്ട്രീയനേതാക്കളും ഡോ. കെ. എന്‍. രാജ്, പ്രൊഫ. ഐ. എസ്. ഗുലാത്തിതുടങ്ങിയ വികസനവിദഗ്ദ്ധരും പങ്കെടുത്ത സെമിനാർ ഈ മാതൃക വിപുലമായി പരീക്ഷിക്കാനും വികസന-സാങ്കേതികവിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയുമൊക്കെ കേരളവികസനത്തിൽ കണ്ണിചേർക്കാനും തീരുമാനിച്ചു.
സി. ഡി. എസ്. ആരംഭിച്ച കേരള റിസേർച്ച് പ്രോഗ്രാം ഫോർ ലോക്കൽ ലെവൽ ഡെവലപ്‌മെന്റ് (KRPLLD) ആരംഭിച്ച പ്രാദേശികവികസനം സംബന്ധിച്ച ധാരാളം പഠനങ്ങൾക്കു പ്രചോദനമായി. ഈ വിഷയത്തിലേക്കു ഗവേഷണകുതുകികളുടെ ശ്രദ്ധ ക്ഷണിക്കാനും പ്രാദേശികതലപഠനങ്ങൾക്കു രീതിശാസ്ത്രം വികസിപ്പിക്കാനും പരിചയിപ്പിക്കാനുമൊക്കെ ഇതു സഹായകമായി. ഒട്ടേറെ വിവരങ്ങൾ ഇതു സമൂഹത്തിനു സംഭാവന ചെയ്തു.
വിഭവഭൂപടനിർമ്മാണവും സാമൂഹിക സാമ്പത്തിക സർവ്വേയും തയ്യാറാക്കി പ്രാദേശികവികസനപദ്ധതി തയ്യാറാക്കുന്ന കല്യാശേരി മാതൃക വിപുലമായി പരീക്ഷിക്കാനുള്ള പദ്ധതി സി. ഡി. എസിന്റെ കെ. ആർ. പി. എൽ. എൽ. ഡി. പദ്ധതിയിൽ പരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാകേന്ദ്ര(IRTC)ത്തിന്റെ പ്രോജക്‌ടായി ഉള്‍പ്പെടുത്തി. മയ്യിൽ (കണ്ണൂര്‍), മെഴുവേലി, (പത്തനംതിട്ട), കുമരകം (കോട്ടയം), മാടക്കത്തറ (തൃശ്ശൂര്‍), ഒഞ്ചിയം (കോഴിക്കോട്) എന്നീ പഞ്ചായത്തുകളിൽ 1995 മുതൽ ഇത് ആരംഭിച്ചു. തെരെഞ്ഞെടുത്ത പഞ്ചായത്തുകളിൽ വിപുലമായ പരിശീലനങ്ങളും സംഘടിപ്പിച്ചു.
1987-ലെ നായനാർ സർക്കാർ എസ്.ബി. സെന്നിന്റെ ശുപാർശപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഉപാധിരഹിതഫണ്ട് എന്ന നിലയിൽ ഗ്രാന്റ്-ഇൻ-എയ്ഡ് അനുവദിച്ചതും ജില്ലാക്കൗൺസിൽ വന്നതുമൊക്കെ ഇതിനെല്ലാം ആക്കം കൂട്ടിയിരുന്നു. ഭരണഘടനാഭേദഗതികൾകൂടി ആയതോടെ എല്ലാനിലയിലും കളമൊരുങ്ങി.
ജനകീയാസൂത്രണത്തിലേക്ക്
അങ്ങനെ കേരളം ചരിത്രം കുറിക്കാൻ തയ്യാറായി. അധികാരവികേന്ദ്രീകരണത്തിനായി ബഹുജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അണിനിരത്താനുള്ള വിപുലമായ ആശയപ്രചാരണം സർക്കാർ സംവിധാനങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും രാഷ്ട്രീയപ്പാർട്ടികൾ അടക്കമുള്ള ബഹുജനപ്രസ്ഥാനങ്ങളിലൂടെയുമെല്ലാം സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. വലിയൊരു ഉത്സവത്തിലേക്കു കേരളം വീഴുന്നതാണു പിന്നീടു കണ്ടത്.
വൈസ് ചാൻസലർമാർ, ശാത്രസാങ്കേതികസ്ഥാപനങ്ങൾ, എല്ലാരംഗത്തെയും വിദഗ്ദ്ധർ, ബാങ്കുമേധാവികൾ, പത്രാധിപർമാർ, നാനാമേഖലകളിലെയും ബഹുജനസംഘടനകൾ, ഉദ്യോഗസ്ഥർ... എല്ലാവരുടെയും വെവ്വേറെ കോൺഫറൻസുകളായിരുന്നു പിന്നെ. പ്രാദേശിക ജനപ്രതിനിധികളുടെ കോൺഫറൻസുകൾ ജില്ലാതലത്തിൽ ചേർന്നു. 1996 ഓഗസ്റ്റോടെ ഇതെല്ലാം പൂർത്തിയാക്കി എല്ലാ മേഖലയുടെയും പിന്തുണ ഉറപ്പാക്കി.
ഇ. എം. എസ്. നമ്പൂതിരിപ്പാട് ചെയർമാനും മുൻമുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാക്കളും വി. ആർ. കൃഷ്ണയ്യർ, സുകുമാർ അഴീക്കോട്, പ്രൊഫ: കെ. എൻ. രാജ് എന്നീ പ്രാമാണികരും ഉപാദ്ധ്യക്ഷരും മുഖ്യമന്ത്രി ഇ. കെ. നായനാർ രക്ഷാധികാരിയും തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി കൺവീനറുമായി കേരള എം.പി.മാരും എം.എൽ.എ.മാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും സാഹിത്യ-കലാ-സാംസ്കാരികപ്രതിഭകളും പണ്ഡിതരുമെല്ലാം അടങ്ങുന്ന 451 അംഗ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിക്കും രൂപം നല്കി. മലയാളവർഷപ്പിറവിയായ ചിങ്ങം ഒന്നിനു ചേർന്ന ഈ സമിതിയുടെ ആദ്യയോഗത്തിൽ മുഖ്യമന്ത്രി ജനകീയാസൂത്രണപരിപാടി ഉദ്ഘാടനം ചെയ്തു.
ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതി ആറു കമ്മിഷനുകളായി മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്ക്കരിച്ചു. അവ അടിസ്ഥാനമാക്കി പരിപാടിയുടെ സമീപനരേഖ തയ്യാറാക്കി. ക്യാമ്പയിൻ നടത്തിപ്പ് സംസ്ഥാന ആസൂത്രണബോർഡിനായിരുന്നു. അതിനായി ബോർഡിൽ വിദഗ്ദ്ധസെല്ലിനും രൂപം നല്കി. ഈ ലേഖകനും അംഗമായിരുന്ന സെല്ലിലുള്ളവർ ശരാശരി 12-14 മണിക്കൂർ പണിയെടുത്തിരുന്നെന്നാണ് ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’ എന്ന പുസ്തകത്തിൽ തോമസ് ഐസക്ക് എഴുതിയിട്ടുള്ളത്.
തദ്ദേശഭരണം, ഗ്രാമവികസനം എന്നീ വകുപ്പുകൾക്കും ആസൂത്രണബോർഡിനുമായി ഏകോപനസമിതിക്കും രൂപം നല്കി. ജില്ലാ ആസൂത്രണസമിതികൾ ജില്ലാതലത്തിൽ ക്യാമ്പയിനിന്റെ ചുക്കാൻ പിച്ചു. ഇവയ്ക്കൊപ്പം ജില്ലാ പ്ലാനിങ് ഓഫീസുകളും ചേർന്നതായിരുന്നു സംഘടനാരൂപം.
ചരിത്രപദ്ധതിയിലേക്ക്
‘ധനകാര്യചരിത്രത്തിലെ നാഴികക്കല്ല്’ എന്നു വിശേഷിപ്പിക്കപ്പെട്ട തീരുമാനം സർക്കാർ കൈക്കൊണ്ടു - ഒൻപതാം പഞ്ചവത്സരപദ്ധതിയടങ്കലിന്റെ 35-40 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങൾക്കു നല്കുക. അതതു ജനങ്ങളുടെ ആവശ്യാഭിലാഷങ്ങളും ലഭ്യമായ വിഭവങ്ങളും അടിസ്ഥാനമാക്കി ഇത്രയും തുകയ്ക്കുള്ള പദ്ധതികൾ തദ്ദേശഭരണതലത്തിൽ രൂപപ്പെടുത്തണം. അതായിരുന്നു യഥാർത്ഥ വെല്ലുവിളി. ലോകത്തുതന്നെ ആദ്യം. മുൻമാതൃകകളില്ല. ചെയ്തുനോക്കിയും തെറ്റിയാൽ തിരുത്തിയും മുന്നോട്ടുപോകുക – അതല്ലാതെ വഴിയില്ലായിരുന്നു.
അഞ്ചു ഘട്ടങ്ങളുള്ള പ്രവർത്തനപദ്ധതി ഇതിനായി ആവിഷ്ക്കരിച്ചു. പുതിയ കാര്യമല്ലേ. ബന്ധപ്പെട്ട എല്ലാവർക്കും ധാരണ ഉണ്ടാക്കണം. ആവശ്യബോധം ജനിപ്പിക്കണം. ശീലങ്ങളുടെ സുഖം ഉപേക്ഷിച്ചു സ്വയം മാറാൻ പ്രേരിപ്പിക്കണം. ഇതിനായി വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സന്നദ്ധപ്രവർത്തകർക്കുമെല്ലാം സമഗ്രമായ പരിശീലനം നല്കുകയായിരുന്നു ആദ്യപടി. സംസ്ഥാന, ജില്ലാ തലങ്ങളിലായി നടന്ന അതിവിപുലമായ ഈ ബോധവത്ക്കരണയജ്ഞം മൂന്നാഴ്ചകൊണ്ടു പൂർത്തിയാക്കി! ഗ്രാമസഭയുടെ സംഘാടനം മുതൽ ദ്വിതീയവിവരശേഖരണവും പ്രൊജക്റ്റ് തയ്യാറാക്കലും ഓരോ തലത്തിലെയും പദ്ധതിരേഖ തയ്യാറാക്കലും അടക്കം പദ്ധതിരൂപവത്ക്കരണത്തിന്റെ ഓരോഘട്ടത്തിനുംമുമ്പ് അവയ്ക്കുള്ള പരിശീലനങ്ങളും നല്കി. അങ്ങനെ ഓരോ പഞ്ചായത്തിലും പരിശീലനം നേടിയ പത്തുപേരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കി.
ഓരോ ഘട്ടത്തിലും ഓരോ തലത്തിലും നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ കൈപ്പുസ്തകങ്ങൾ തയ്യാറാക്കിയായിരുന്നു പരിശീലനങ്ങളെല്ലാം. അരലക്ഷത്തിൽപ്പരം അച്ചടിത്താളുകളിൽ ഉൾക്കൊള്ളുന്ന വിജ്ഞാനമാണ് ജനകീയാസൂത്രണവേളയിൽ ജനങ്ങളിലേക്ക് എത്തിയത്! ധാരാളം ഡോക്യുമെന്ററികളും മറ്റുതരം ബോധവത്ക്കരണസാമഗ്രികളും വേറെയും.
തെരുവുനാടകങ്ങളും നാടൻകലാരൂപങ്ങളും ചൊൽക്കാഴ്ചകളുമൊക്കെയായി ജനാധികാരകലാജാഥകൾ മുക്കിലും മൂലയിലും വികസനസന്ദേശം എത്തിച്ചു.
എല്ലാ വികസനമേഖലകളിലും നൂറുകണക്കിനു പ്രൊജക്റ്റുകളാണ് തയ്യാറാകേണ്ടത്. അതിന് ഉദ്യോഗസ്ഥർക്കു പരിശീലനം വേണം. മറ്റു ധാരാളം വിദഗ്ദ്ധരെ രംഗത്തിറക്കണം. ഇതിനൊക്കെ എതിർപ്പുകൾ ഉണ്ടായി. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പ്രശ്നം പരിഹരിച്ചത് ചെറിയ യത്നമായിരുന്നില്ല.
വേണ്ടത്ര മുന്നൊരുക്കങ്ങളോടെ ബഹുമുഖപ്രവർത്തനങ്ങൾ സമാന്തരമായി ഒരേസമയം സംഘടിപ്പിച്ചു മുന്നോട്ടുപോയ ഇത്തരമൊരു ബഹുജനക്യാമ്പയിൻ ലോകത്തുതന്നെ ഉണ്ടായിട്ടില്ല!
ജനം നിറഞ്ഞ ഗ്രാമസഭകൾ
ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹാരങ്ങളും തേടാൻ ഗ്രാമസഭകൾ വിളിച്ചുചേർക്കലായിരുന്നു ആസൂത്രണപ്രക്രിയയുടെ അഞ്ചുഘട്ടങ്ങളിൽ ആദ്യത്തേത്. ഗ്രാമസഭയ്ക്കുള്ള വിപുലമായ അധികാരങ്ങൾ അവയെ പദ്ധതിരൂപവത്ക്കരണത്തിനുള്ള അടിസ്ഥാനഘടകമാക്കാൻ സഹായിച്ചു. അധികാരങ്ങളും ചുമതലകളും നിറവേറ്റാൻ കഴിയുമാറു ഗ്രാമസഭകളുടെയും വാർഡുസഭകളുടെയും സമ്മേളനം മാറണമെങ്കിൽ പൗരരെ അവയെപ്പറ്റി ബോധമുള്ളവരും പ്രാപ്തരും ആക്കണം. റോഡും പാലവുമാണു വികസനമെന്ന ധാരണ മുതൽ തിരുത്തണം. പരിശീലനങ്ങൾക്കൊപ്പം പത്രമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രചാരണങ്ങളും റ്റി. വി. പരിപാടികളും ലേഖനങ്ങളും കലാജാഥയുമൊക്കെ ഇതിനു പ്രയോജനപ്പെടുത്തി.
രാഷ്ട്രീയപ്പാർട്ടികളുടെയും ബഹുജന-സാമൂഹിക-സാംസ്കാരികസംഘടനകളുടെയും പഞ്ചായത്തുതലയോഗങ്ങൾ, സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ മഹിളാസംഘടനകളുടെയും അങ്കണവാടിപ്രവർത്തകരുടെയും യോഗങ്ങൾ, വാർഡുതലത്തിൽ എല്ലാ സംഘടനകളും അടങ്ങുന്ന സംഘാടകസമിതികൾ, വാർഡിലെ മുഴുവൻ പൗരർക്കും വാർഡുമെംബറുടെ ക്ഷണക്കത്ത്, വാർഡുതലപദയാത്രകൾ, തെരുവുനാടകങ്ങൾ, കലാജാഥകൾ, വികസനച്ചുമർ, കുട്ടികളുടെ വികസനസ്ക്വാഡ്, വികസനക്വിസ്, പോസ്റ്റർ പ്രചാരണം... വിപുലവും നൂതനവുമായിരുന്നു താഴെയറ്റത്തു നടന്ന പ്രവർത്തനങ്ങൾ.
മാതൃകാസമ്മേളനനടപടി പോലും തയ്യാറാക്കി നല്കിയിരുന്നു. പദ്ധതിവിഹിതത്തിൽ 40 ശതമാനം ഉത്പാദനമേഖലയിലും 30 ശതമാനംവീതം സേവന, പശ്ചാത്തല മേഖലകളിലും ആയിരിക്കണം എന്ന നിഷ്ക്കർഷയും വച്ചു. ഇവയായിരുന്നു ആകെയുള്ള ബാഹ്യയിടപെടൽ.
1996 സെപ്റ്റംബർ 15-നു . മുഖ്യമന്ത്രി ഇ. കെ. നായനാർ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ ഗ്രാമസഭകളിൽ ഇ. എം. എസും തദ്ദേശഭരണമന്ത്രിയും വിദഗ്ദ്ധരുമെല്ലാം ആദ്യന്തം പങ്കെടുത്തു. ആയിരത്തിലേറെപ്പേർ പങ്കെടുത്ത ഒന്നാംഘട്ടഗ്രാമസഭകൾവരെ ഉണ്ടായിരുന്നു. ശരാശരി 180 പേർ പങ്കെടുത്തു എന്നാണു കണക്ക്. എല്ലാ ഗ്രാമസഭകളിലുംകൂടി പങ്കെടുത്തവർ 30 ലക്ഷം!
ഒന്നും നടക്കില്ല, നമുക്കെന്തു ചെയ്യാനാകും എന്നീ അശുഭാപ്തിചിന്തകളും നിസംഗതയും കുടഞ്ഞെറിഞ്ഞ് കേരളീയസമൂഹം പ്രത്യാശയോടെ കർമ്മോന്മുഖമാകുന്നതാണ് അവിടെ കണ്ടത്. രാഷ്ട്രീയപ്പാർട്ടികളുടെയും കൊടികൾ ഒന്നുച്ചുകെട്ടിയ ഗ്രാമസഭാപ്രചാരണവാഹനങ്ങൾ കേരളത്തിനു പുതിയ അനുഭവമായിരുന്നു!
വിഭവവിവരശേഖരണം
മനുഷ്യവിഭവവും പ്രകൃതിവിഭവങ്ങളും സംബന്ധിച്ച അനവധി സ്ഥിതിവിവരങ്ങൾ വേണമായിരുന്നു ആസൂത്രണത്തിന്. എല്ലാം ശേഖരിക്കണം. തുടക്കമെന്ന നിലയിൽ ദ്വിതീയവിവരശേഖരണം മതി എന്നു തീരുമാനിച്ചു. പഞ്ചായത്തുതല ആസൂത്രണ ഗവേഷണ പ്രൊജക്റ്റിന്റെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്തു തയ്യാറാക്കിയിരുന്ന ചോദ്യാവലി ഫീൽഡ് ടെസ്റ്റ് നടത്തി, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെച്ചപ്പെടുത്തി. ഇതുപയോഗിച്ച് ജനസംഖ്യാസെൻസസ്, കന്നുകാലിസെൻസസ്, കാർഷികസെൻസസ്, തദ്ദേശഭരണം, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, ജലസേചനം, മണ്ണുസംരക്ഷണം, സാമൂഹികക്ഷേമം, ഗ്രാമവികസനം, സഹകരണം തുടങ്ങിയ വകുപ്പുകളിലെ നൂറ്റിപ്പത്തിലേറെ രേഖകൾ എന്നിവയിൽനിന്നെല്ലാം കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു. ഇതിനുംവും പരിശീലനം നല്കി.
ഇതിനുപുറമെ, പ്രകൃതി-മനുഷ്യവിഭവങ്ങളുടെ വിതരണം, ഉപയോഗം, വിനിയോഗചരിത്രം തുടങ്ങി പലതും ആവശ്യമായിരുന്നു. വിഭവഭൂപടങ്ങളാണ് ഇതിനു വേണ്ടിയിരുന്നത്. റവന്യൂ വില്ലേജിന്റെ സർവ്വേമാപ്പുകളിൽ സന്നദ്ധപ്രവർത്തകർ സർവ്വേ നടത്തി ശാസ്ത്രജ്ഞർ അതു വിശകലനം ചെയ്തു വിഭവഭൂപടങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനം നൂറോളം പഞ്ചായത്തിൽ നടന്നിരുന്നു. ബാക്കി മഹാഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഇതിനു വേറെ പ്രവർത്തനം സംഘടിപ്പിക്കേണ്ടിയിരുന്നു.
ദ്രുതവിവരശേഖരണം നടത്തുന്ന പഠനപര്യടനം മാണ് ഇതിന് ഉചിതമായി കണ്ടെത്തിയത്. കാര്യങ്ങളെല്ലാം നേരിൽ കാണാൻ അനുയോജ്യമായ ഒരു സഞ്ചാരപാത നിർണ്ണയിച്ച് അതിലൂടെ സഞ്ചരിച്ച് വിവരങ്ങൾ വിശദമായി ശേഖരിച്ചു. സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ്, ഭൂവിനിയോഗബോർഡ് എന്നിവ സഹായിച്ചു.
സ്വപ്നങ്ങളുടെ പുസ്തകം
ഓരോ തദ്ദേശഭരണസ്ഥാപനവും വികസനറിപ്പോർട്ട് തയ്യാറാക്കുക എന്നതായിരുന്നു ഈ ഘട്ടത്തിന്റെ അടിസ്ഥാനലക്ഷ്യം. ഓരോ മേഖലയിലെയും പ്രശ്നങ്ങളെയും അവയുടെ കാരണങ്ങളെയും വിശകലനം ചെയ്തു ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തി അവ പ്രൊജക്റ്റുകൾ തയ്യാറാക്കാൻ ഇതു വേണമായിരുന്നു. സാമ്പത്തിക, സാമൂഹിക തലങ്ങൾ മുതൽ സ്ഥാനീയാസൂത്രണം (special planning) വരെ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതായിരുന്നു തുടർന്നുള്ള വികസനപ്രവർത്തനങ്ങളുടെയൊക്കെ ആധാരം.
രണ്ടാം ഘട്ടത്തിൽ ഈ പ്രവർത്തനൾക്കായി അഞ്ചുദിവസത്തെ പരിശീലനം സ്ഥാനതലത്തിൽ നല്കി. ആകെ 26 ക്ലാസുകളാണ് സമാന്തരവേദികളിൽ! എല്ലാ പഞ്ചായത്ത്-മുനിസിപ്പൽ സെക്രട്ടറിമാരെയും ബ്ലോക്ക്, ജില്ലാതലങ്ങളിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു ജില്ലാതലത്തിൽ മൂന്നുദിവസത്തെ പരിശീലനവും. ഓരോ വികസന ഉപമേഖലയിലെയും പൊതുവികസനസമീപനങ്ങൾ, മാതൃകാപരിപാടികൾ എന്നിവയ്ക്കു പുറമെ പട്ടികജാതി-പട്ടികവർഗ്ഗക്ഷേമം, സ്ത്രീയും വികസനവും, സഹകരണസംഘങ്ങൾ, സംഘക്കൃഷി തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നു. കൃഷി, മൃഗപരിപാലനം, കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, പരിസരശുചിത്വം, വൈദഗ്ദ്ധ്യപോഷണം, സ്ത്രീകളും വികസനവും തുടങ്ങിയ 12 വിഷയങ്ങളിൽ കൈപ്പുസ്തകങ്ങളും തയ്യാറാക്കി.
രണ്ടുമാസംകൊണ്ട് എല്ലാ തദ്ദേശഭരണസ്ഥാപനവും വികസനറിപ്പോർട്ട് തയ്യാറാക്കി. എല്ലാംകൂടി ഒരുലക്ഷത്തിൽപ്പരം പേജുള്ള പ്രാദേശികവികസനപരിപ്രേക്ഷ്യം! കേരളത്തിന്റെ സാമൂഹികസാമ്പത്തികവ്യവസ്ഥ സംബന്ധിച്ച വിപുലമായ ഗവേഷണസാമഗ്രി. പ്രാദേശികവിജ്ഞാനീയത്തിലേക്കുള്ള മുതൽക്കൂട്ട്.
തുടർന്ന്, ഓരോ വിഷയവും അടിസ്ഥാനമാക്കി വികസനസെമിനാറുകൾ ചേർന്നു 12 ഗ്രൂപ്പുകളായി തിരിഞ്ഞ് വികസനറിപ്പോർട്ട് ചർച്ച ചെയ്ത് അന്തിമരൂപം നല്കി. ഓരോ വികസന-ക്ഷേമമേഖലകളിലെയും പ്രൊജക്റ്റുകൾ തയ്യാറാക്കാൻ വേണ്ട കർമ്മസമിതികൾ(Task Forces)ക്കും രൂപം നല്കി.
ജനകീയപദ്ധതിയിലേക്ക്
കർമ്മസമിതികൾ യോഗം ചേർന്നു പ്രൊജക്റ്റുകൾ തയ്യാറാക്കിയതായിരുന്നു മൂന്നാം ഘട്ടം. പലതരം പ്രൊജക്റ്റുകൾ പരിചയപ്പെടൽ, ഗുണഭോക്തൃനിർണ്ണയനം, എസ്റ്റിമേറ്റുകൾ ഉണ്ടാക്കൽ, നേട്ട-കോട്ടവിശ്ലേഷണം തുടങ്ങി തികച്ചും സാങ്കേതികം.
പ്രൊജക്റ്റുകൾ പരിശോധിച്ച് ഡി. പി. സി. കൾ അംഗീകരിക്കുക, പ്രൊജക്റ്റുകളുടെ ത്രിതലസംയോജനം, പുറംഫണ്ടിങ് ആവശ്യമുണ്ടെങ്കിൽ അത്, പ്രൊജക്റ്റ് നിർവ്വഹണത്തിന്റെ മോനിട്ടറിങ് ഒക്കെ നടക്കണമെങ്കിൽ പ്രൊജക്റ്റ് രേഖ കുറ്റമറ്റതാകണം. അതിന് ചെക്ക് ലിസ്റ്റ് തയ്യാറാക്കിനല്കുകയും ചെയ്തു. പങ്കാളിത്തരീതിയിൽ ഇതെല്ലാം സാദ്ധ്യമാക്കാൻ മികവും താത്പര്യവുമുള്ള യുവഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽനിന്നു തെരഞ്ഞെടുത്ത് ആഴ്ചകൾ നീണ്ട എഴുത്തുകളരി സംഘടിപ്പിച്ചു. ഒരുലക്ഷത്തിൽപ്പരം കർമ്മസമിതിയംഗങ്ങളെയാണ് ഈ ഘട്ടത്തിൽ പരിശീലിപ്പിച്ചത്. പ്രൊജക്റ്റുകൾ തയ്യാറാക്കിക്കൊണ്ടുള്ള പ്രായോഗികപരിശീലനം.
ഇങ്ങനെ ഉണ്ടാക്കിയ മാതൃകാപ്രൊജക്റ്റുകൾ മൂന്നാംഘട്ടകൈപ്പുസ്തകത്തിൽ ചേർത്തു വീണ്ടും വിമർശാത്മകപരിശോധന നടത്തിയാണ് പ്രൊജക്റ്റ് രേഖയുടെ പൊതുചട്ടക്കൂടു തയ്യാറാക്കിയത്.
ധനകാര്യവിശകലനത്തിന് ബാങ്കുദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാൻ അവരുടെ ട്രേഡ് യൂണിയനുകളുടെ യോഗം, സംസ്ഥാനതല ഓറിയന്റേഷൻ, ജില്ലാതല യോഗങ്ങൾ, ജില്ലാ ബാങ്കിങ് സെൽ രൂപവത്ക്കരണം, ബ്ലോക്കുതലത്തിൽ പ്രൊജക്റ്റ് ക്ലിനിക്കുകൾ ഒക്കെ നടന്നു.
പ്രൊജക്റ്റുകൾ പരിശോധിച്ച് വിഭവലഭ്യതയ്ക്കനുസരിച്ചു പ്രൊജക്റ്റുകൾ മുൻഗണനപ്രകാരം തെരഞ്ഞെടുത്ത് അതതു പ്രാദേശികസർക്കാരിന്റെ പഞ്ചവത്സരപദ്ധതിരേഖ തയ്യാറാലായിരുന്നു നാലാം ഘട്ടം. പഞ്ചായത്തുപദ്ധതികൾസംയോജിപ്പിച്ചു ബ്ലോക്കുതലത്തിലും അവ സംയോജിപ്പിച്ചു ജില്ലാതലത്തിലും പദ്ധതിരേഖകൾക്കു രൂപംകൊടുക്കൽ അഞ്ചാം ഘട്ടവും.
സാങ്കേതികവിദഗ്ദ്ധസേന
നിർവ്വഹണമാണ് പിന്നെയുള്ളത്. അതിന് ഈ ജനകീയപദ്ധതികൾ ജില്ലാ ആസൂത്രണസമിതി(DPC)കൾ പരിശോധിച്ച് അംഗീകാരം നല്കണം. പക്ഷെ, ആയിരക്കണക്കായ ഈ പ്രൊജക്റ്റുകളും പദ്ധതിരേഖകളുമെല്ലാം കുറഞ്ഞസമയത്തിനുള്ളിൽ സൂക്ഷ്മമായി പരിശോധിക്കുക ദുഃസാദ്ധ്യം. കൃഷിയും കുടിവെള്ളവുംതൊട്ട് നിർമ്മാണങ്ങൾവരെയുള്ള മേഖലകളിൽ സാങ്കേതികവൈദഗ്ദ്ധ്യമുള്ള വലിയൊരു സംഘം എല്ലാ ജില്ലയിലും വേണം. ഇതു വലിയ പ്രതിസന്ധിയായി.
അതതു വിഷയങ്ങളുമായി ബന്ധപ്പെട്ട സർക്കാർവകുപ്പുകളിൽ പ്രവർത്തിക്കുന്നവരും സർവ്വീസിൽനിന്നു വിരമിച്ചവരും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരും തൊഴിലന്വേഷകരും അക്കാദമിക-ഗവേഷണ-സാങ്കേതികവിദ്യാസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും ഒക്കെയായ പരമാവധി വിദഗ്ദ്ധരെ രംഗത്തിറക്കുക എന്നതാണ് കണ്ടെത്തിയ വഴി. ഇവർ സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണം. സർക്കാരിന്റെ ആഹ്വാനത്തിനു ലഭിച്ച് സ്വീകരണം അത്ഭുതാവഹം ആയിരുന്നു! അവരെ ചേർത്തു സന്നദ്ധസാങ്കേതികസേന(Volunteer Technology Core – VTC)യ്ക്കു രൂപം നല്കി. അവരും ഉദ്യോഗസ്ഥരും ചേർന്ന് ഈ പുതിയഘട്ടം വിജയിപ്പിച്ചു.
ആദ്യവർഷംതന്നെ അംഗീകാരം ലഭിച്ച പ്രൊജക്റ്റുകളുടെ നിർവ്വഹണത്തിനായി പദ്ധതിവിഹിതത്തിന്റെ ആദ്യഗഡുവും നല്കി. ഒൻപതാം പദ്ധതിയുടെ ആദ്യവർഷമായ 1997-98-ലെ സംസ്ഥാനവാർഷികപദ്ധതിയടങ്കലായ 2855 കോടി രൂപയുടെ 36 ശതമാനമായ 1025. 37 കോടി രൂപ തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറി. അട്ടിമറിക്കപ്പെടാതിരിക്കാൻ ഇതു ബജറ്റിലൂടെയാണു കൈമാറിയത്.
രാഷ്ട്രീയപക്ഷപാതിത്വത്തിത്തിനുള്ള എല്ലാ പഴുതും അടച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള ധനം ജനസംഖ്യ മാത്രം മാനദണ്ഡമാക്കി വിഭജിക്കാൻ എടുത്ത തീരുമാനമായിരുന്നു നിർണ്ണായകം. എസ്. റ്റി. പി. , റ്റി. എസ്. പി. ഫണ്ടുകൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ എണ്ണതിനനുസരിച്ചും വീതംവച്ചു. ഒന്നിലും ഒരു ആക്ഷേപവും ഉണ്ടായില്ല.
നിർവ്വഹണവും ജനകീയം
ജനകീയസമിതികളുടെയും ഗുണഭോക്തൃസമിതികളുടെയും നേതൃത്വത്തിലും മേൽനോട്ടത്തിലുമൊക്കെ പദ്ധതികളുടെ നിർവ്വഹണവും ആവേശപൂർവ്വം നടന്നു. പദ്ധതികളുടെ ഗുണഭോക്താക്കളെ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് മാർക്കിട്ട് ഗ്രാമസഭകൾ വഴി തെരഞ്ഞെടുത്തു. ആ പട്ടിക പിന്നെയും പൊതുവായി പ്രദർശിപ്പിച്ചു പരാതികൾ തീർത്തു. അന്നന്നത്തെ വരവുചെലവുകണക്കുകൾ എഴുതി പ്രദർശിപ്പിക്കുന്നത്ര സുതാര്യമായാണു പലയിടത്തും നിർമ്മാണങ്ങൾ നടന്നത്. ലക്ഷക്കണക്കിനു മനുഷ്യർ അദ്ധ്വാനവും വിഭവങ്ങളും സമർപ്പിച്ചു.
അത്ഭുതങ്ങളാണുണ്ടായത്. തടയണകൾ, പാലങ്ങൾ, വികസന-ക്ഷേമാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, കൃഷി-ഭക്ഷ്യസംസ്ക്കരണപദ്ധതികൾ, ലേബർ ബാങ്കുകൾ, തരിശുകളിൽ കൃഷിയിറക്കൽ, വിദ്യാഭ്യാസ-ആരോഗ്യപദ്ധതികൾ, വ്യവസായപൊതുസൗകര്യകേന്ദ്രങ്ങൾ, പാർപ്പിടങ്ങൾ... ഗ്രാമീണജനത സാദ്ധ്യമാക്കിയത് ചെറിയ കാര്യങ്ങൾ ആയിരുന്നില്ല!
വെള്ളം കടക്കാത്ത അറകളായി നിന്ന പഞ്ചായത്ത്, മുനിസിപ്പൽ, ഗ്രാമവികസന, ടൗൺ പ്ലാനിങ്, എൻജിനീയറിങ് വകുപ്പുകൾ ഏകോപിപ്പിച്ച് തദ്ദേശഭരണവകുപ്പ് ഉണ്ടാക്കാനും അനകീയാസൂത്രണം വഴിയിരുക്കി. ഉദ്യോഗസ്ഥസംവിധാനത്തിന്റെ മനോവംതന്നെ ഉടച്ചുവാർക്കപ്പെട്ടു. ക്ഷേമക്കുതിപ്പുണ്ടായി. സാമ്പത്തികവളർച്ചയുടെ പുതിയ മുഖം തുറന്നു. പുതിയ വികസനസംസ്ക്കാരം പിറന്നു...
ലേഖനങ്ങളിൽ ഒതുങ്ങാത്തതാണ് ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങൾ. ഭരണമാറ്റങ്ങൾ ഇതിന്റെ മുന്നേറ്റത്തിൽ ഏറ്റിറക്കങ്ങൾ സൃഷ്ടിച്ചു. ക്യാമ്പയിനിന്റെ ആവേശം നിലനിർത്താനാകാതെ വന്നിട്ടുണ്ട്. എങ്കിലും പ്രളയങ്ങളിലും കോവിഡിലുമൊക്കെ തുണയായ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനശേഷി ആ അനുഭവക്കരുത്താണ്. നവകേരളവും ജ്ഞാനസമൂഹവും ഡിജിറ്റൽ സമ്പദ്ഘടനയുമൊക്കെ സ്വപ്നം കാണുന്ന നമുക്ക് ആ മാതൃകയിൽനിന്നു പലതും എടുക്കാനുണ്ട്.