Friday, 8 July 2022

മദം പൊട്ടുന്ന മതം

    മദം പൊട്ടുന്ന മതം

മനോജ് കെ. പുതിയവിള

[പുരോഗമന കലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം‘ മാസികയുടെ 2022 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.] 



മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുകയും മതത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് മൗലികതാവാദം, തീവ്രവാദം, ഭീകരത എന്നിവയിലേക്കു നയിക്കുന്നത്. അതിനു ശ്രമിക്കുന്നവർ വാസ്തവത്തിൽ ആ മതങ്ങളുടെ ആരുമല്ല എന്നതാണു വാസ്തവം. തങ്ങളാണു മതത്തിന്റെ വക്താക്കൾ എന്നു വരുത്തിത്തീർക്കുന്ന അധികാരമോഹികളോ മതഭ്രാന്തരോ ഒക്കെയാണ് അവർ. അതതു മതത്തിൽ പെടുന്നവരും അല്ലാത്തവരുമായ മതനിരപേക്ഷർ അവരെ ഒറ്റപെടുത്തുക എന്നതു മാത്രമാണ് ഈ വിപത്തിനുള്ള പരിഹാരം. അതിനുള്ള ബോധവത്ക്കരണവും സംഘാടനവും സമസ്തജനങ്ങളിലേക്കും എത്തിക്കുകയാണ് സാമൂഹികോത്തരവാദിത്വം ഉള്ളവരുടെ കടമ. 


ധുനികസമൂഹത്തിലും ശരിയായ ജനാധിപത്യത്തിലും എല്ലാവർക്കും ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കാനും മതവും ദൈവവിശ്വാസവും ഇല്ലാതെ ജീവിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം ഉപേക്ഷിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടായിരിക്കണം. ഒപ്പംതന്നെ, ഏതു മതത്തെയും ദൈവത്തെയും സന്യാസിമാരെയും പ്രവാചകരെയും പുരോഹിതരെയും മതജാതിമേധാവികളെയും എല്ലാം വിമർശിക്കാനുള്ള സ്വാതന്ത്ര്യവും അവ ഉറപ്പുനല്കണം. എന്നാൽ, വിമർശം നിന്ദയോ അവഹേളനമോ അപകീർത്തിപ്പെടുത്തലോ ഒന്നും ആകാൻ പാടില്ല. അതും പൗരരുടെ അന്തസ്സു സംരക്ഷിക്കാൻ ബാദ്ധ്യസ്ഥമായ ആധുനികസാമൂഹികമര്യാദയുടെ ഭാഗമാണ്. പരസ്പരബഹുമാനം ആണ് അടിസ്ഥാനം. ഇത്രയും മനസിൽ വച്ചുകൊണ്ടേ ആനുകാലികസംഭവങ്ങൾ വിശകലനം ചെയ്യാനകൂ.

ഇൻഡ്യ അത്തരം ആധുനികവും ജനാധിപത്യപൂർണ്ണവുമായ സമൂഹമാണോ? രാഷ്ട്രത്തെ സംബന്ധിച്ച് അത്തരം കാര്യങ്ങൾ നിർണ്ണയിക്കുന്നത് ഭരണഘടനയാണ്. അതുപ്രകാരം ‘അതെ’ എന്നാണ് ഉത്തരം. എന്നാൽ, പ്രയോഗത്തിൽ കാണുന്നത് ‘അല്ല’ എന്നും. ഒന്നാമത്, ഇൻഡ്യൻ സമൂഹം ആധുനികതയുടെ മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒന്നല്ല. നവോത്ഥാനമൂല്യങ്ങൾ ഉത്പാദിപ്പിച്ച യൂറോപ്യൻ നവോത്ഥാനത്തിനു സമാനമായ ചിന്താവിപ്ലവം ഇൻഡ്യയിൽ ഉണ്ടായില്ല എന്നതാണ് പ്രധാനകാരണം. മറ്റൊന്ന്, നമ്മുടെ ജനാധിപത്യം അഞ്ചാണ്ടുകൂടുമ്പോൾ ഒരു ചിഹ്നത്തിൽ സീലു കുത്തുന്നതിനപ്പുറം പൗരർക്ക് ഒരു പങ്കാളിത്തവും ഇല്ലാത്തതാണ് എന്നതാണ്.

എന്നിട്ടും ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും അടുത്തകാലം‌വരെ സംരക്ഷിക്കപ്പെട്ടുപോന്നത് ജനാധിപത്യത്തിന്റെ നാലു തൂണുകളും പുലർത്തിപ്പോന്ന ജാഗ്രതകൊണ്ടും പൗരബോധമുള്ള ജനങ്ങളും അത്തരം ബോദ്ധ്യങ്ങളുള്ള പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളും സമരങ്ങളുംകൊണ്ടും ആണ്. എന്നാൽ, രണ്ടുദശകത്തോളമായി ജനാധിപത്യത്തിന്റെ തൂണുകളെല്ലാം ആ അടിസ്ഥാനമൂല്യങ്ങളിൽനിന്നു മാറുകയോ മാറാൻ നിർബ്ബന്ധിക്കപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്നതാണു കാണുന്നത്.

ആദ്യം പാർലമെന്റ് എടുക്കാം. അവിടെ വർഗ്ഗീയരാഷ്ട്രീയം ഭൂരിപക്ഷം നേടുകയും ജനാധിപത്യത്തിലും ഭരണഘടനയിലും അധിഷ്ഠിതമായ നടപടിക്രമങ്ങൾ അട്ടിമറിക്കുകയും സ്വേച്ഛാധിപത്യരീതികൾ നടപ്പാക്കുകയും ചെയ്യുന്നു. ഈ ഭൂരിപക്ഷത്തിലൂടെ ഭരണം നേടിയ വർഗ്ഗീയരാഷ്ട്രീയം മതനിരപേക്ഷത, ജനാധിപത്യം സോഷ്യലിസം തുടങ്ങിയ ഭരണഘടനാതത്ത്വങ്ങളെ തള്ളിക്കളഞ്ഞ് എക്സിക്യൂട്ടീവിനെയും ഫാഷിസ്റ്റ്, സ്വേച്ഛാധിപത്യ സ്വഭാവത്തിൽ ആക്കിയിരിക്കുന്നു. മാദ്ധ്യമരംഗത്തെ കോർപ്പറേറ്റുവത്ക്കരണവും ചങ്ങാത്തമുതലാളിത്തവും നാലാം‌തൂണിനെയും ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് ഉത്തരവാദിത്വങ്ങളിൽനിന്ന് അധഃപതിപ്പിച്ചു. പൗരജങ്ങളുടെ അന്തിമപ്രതീക്ഷ എന്നു കരുതിപ്പോന്ന ജുഡീഷ്യറിയെ അട്ടിമറിക്കാനും വരുതിയിലാക്കാനുമുള്ള ആസൂത്രിതനീക്കങ്ങളും മറകൂടാതെ നടപ്പാക്കുകയാണ് വർഗ്ഗീയരാഷ്ട്രീയം. ബാബറിപ്പള്ളി സംബന്ധിച്ച വിധി മുതൽ പല തട്ടിലെയും പല കോടതികളുടെയും ഒരുപിടി വിധികൾ ജുഡീഷ്യറിക്കു സംഭവിക്കുന്ന സമാനമായ മൂല്യശോഷണത്തിന്റെ സാക്ഷ്യങ്ങളായി നിയമവിദഗ്ദ്ധരും മുൻ ന്യായാധിപരുംതന്നെ പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഇത്തരത്തിൽ വർഗ്ഗീയഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ സമഗ്രാധിപത്യം രാജ്യത്തെ സർവ്വതലങ്ങളിലും അതിവേഗം വിഴുങ്ങുകയാണ്.

പ്രത്യാഘാതം ആഗോളം

ഫാഷിസത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും വംശഹത്യയിലേക്കും മനുഷ്യാവകാശലംഘനങ്ങളിലേക്കും അമർന്നുപോയ രാജ്യങ്ങളിൽ സ്വാതന്ത്ര്യ, വിമോചന പ്രക്ഷോഭങ്ങൾ വളർന്നുവരാനുള്ള സാദ്ധ്യത സായുധാധികാരത്തിന്റെയടക്കം പ്രയോഗത്തിലൂടെ അടിച്ചമർത്തപ്പെടുക സ്വാഭാവികമാണ്. അത്തരം രാജ്യങ്ങൾ മഹാഭൂരിപക്ഷവും മോചിതമായത് ബാഹ്യയിടപെടലുകളിലൂടെ ആണെന്നതും ലോകചരിത്രസാക്ഷ്യം. ഒരു രാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യത്തിൽ മറ്റൊരു രാജ്യം ഇടപെടുക എന്നത് പരമാധികാരറിപ്പബ്ലിക്കുകൾ എന്ന നിലയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ്. എന്നാൽ, ഇത്തരം ഇടപെടലുകൾ നാസി കൂട്ടക്കൊല പോലുള്ള മനുഷ്യാവകാശധ്വംസനങ്ങളുടെ സാഹചര്യത്തിൽ നീതിമത്ക്കരിക്കപ്പെടുന്നതും ചരിത്രത്തിൽ കാണുന്നു. അതിന്റെ നൈതികത ഇവിടെ പരിശോധനാവിഷയമല്ല.

ആഗോളഗ്രാമം, ആഗോളസമ്പദ്ഘടന തുടങ്ങിയവയുടെ പുതിയകാലത്ത് ഒരു രാഷ്ട്രത്തിന്റെ സ്വയം‌നിർണ്ണയാധികാരത്തിലോ പരമാധികാരത്തിലോ സൈനികയിടപെടൽ നടത്താതെതന്നെ ആ രാഷ്ട്രത്തിലെ ഭരണം അട്ടിമറിക്കാനാകും. സാമ്പത്തിക, വ്യാപാര ഉപരോധങ്ങൾതന്നെ ഇതിനു ധാരാളം. ഉപരോധങ്ങൾ കൂടാതെയും ഇതു സംഭവിക്കാം. ശ്രീലങ്കയിൽ നാം കാണുന്നത് ആഗോളസമ്പദ്ഘടനയുമായി പൊരുത്തപ്പെടാനാവാതെവന്നപ്പോൾ ഭരണസംവിധാനം സ്വയം അപകടത്തിൽ ആകുന്നതാണല്ലോ.

പ്രവാചകനിന്ദ എന്ന വിവാദത്തെത്തുടർന്ന് ഇൻഡ്യ അഭിമുഖീകരിച്ചതും ആഗോളസമ്പദ്ഘടനയുമായുള്ള ഉദ്ഗ്രഥനത്തിന്റെ ഫലമാണ്. പല രാജ്യങ്ങളും അവരുടെ വ്യാപാരശാലകളിൽനിന്ന് ഇൻഡ്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. അത് ഇൻഡ്യൻ വ്യാപാരികളെയും അവർ താങ്ങിനിർത്തുന്ന ഇൻഡ്യൻ സമ്പദ്ഘടനയെയും ആണല്ലോ ബാധിക്കുക. ഈ വ്യാപാരികളാണ് ഇന്ന് ഇൻഡ്യ ഭരിക്കുന്ന വർഗ്ഗീയരാഷ്ട്രീയത്തിന്റെ അടിത്തറയായ സാമ്പത്തികസ്രോതസ്. ആ സ്രോതസിനെ ബാധിക്കുന്ന കാര്യമാകുമ്പോൾ അടിസ്ഥാനലക്ഷ്യമായ വർഗ്ഗീയാജൻഡപോലും മാറ്റിവയ്ക്കേണ്ടിവരും എന്നതാണ് നിമിഷങ്ങൾക്കകം ആ പാർട്ടി സ്വീകരിച്ച അച്ചടക്കനടപടികൾ വ്യക്തമാക്കുന്നത്.

പ്രവാചകനിന്ദ എന്ന ഒറ്റസംഭവത്തിന്റെ പ്രത്യാഘാതമല്ല ഇപ്പോഴുണ്ടായ പ്രതികരണം എന്നതാണു നാം കാണേണ്ടത്. ഇവിടെ ഇസ്ലാംസമൂഹത്തിനെതിരെ നിരന്തരം നടന്നുവരുന്ന അതിക്രമങ്ങൾ, അവർ താമസിക്കുകയും വ്യാപാരവും മറ്റു സംരഭങ്ങളും നടത്തുകയും ചെയ്യുന്ന പ്രദേശങ്ങൾ ഇടിച്ചുനിരത്തുന്നത്, ആ മതത്തിൽപ്പെട്ടവരെ ഉന്നംവച്ച് എന്നു വ്യക്തമായിക്കഴിഞ്ഞ പൗരത്വനിയമവും കോൺസൻട്രേഷൻ ക്യാമ്പിനെ ഓർമ്മിപ്പിക്കുന്ന ഡിറ്റൻഷൻ ക്യാമ്പുകളും, ഒന്നിനുപിറകെ ഒന്നായി മുസ്ലിം ആരാധനാലയങ്ങൾ പുരാണകഥാപാത്രങ്ങളുടെ ജന്മസ്ഥാനമെന്നു വാദിച്ചു പൊളിച്ചുനീക്കാൻ നടത്തുന്ന നീക്കങ്ങൾ എല്ലാം ലോകരാജ്യങ്ങൾ മുഴുവൻ കാണുന്നതാണല്ലോ. ഇൻഡ്യയുടെ രാഷ്ട്രതന്ത്രപരമായ മുൻകാലനിലപാടുകളും ഗാന്ധിയിയുടെയും ബുദ്ധന്റെയും വിവേകാനന്ദന്റെയുമൊക്കെ പാരമ്പര്യവും ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃസമൂഹം എന്നതടക്കം ആഗോളസാമ്പത്തികക്രമത്തിൽ ഉള്ള സ്ഥാനവും ഒക്കെ പരിഗണിച്ച് പ്രതികരണങ്ങൾ കരുതിവയ്ക്കുകയാണ് പല രാജ്യങ്ങളും എന്നുവേണം കരുതാൻ. ഇടപെടാൻ തക്ക ഒരു വിഷയം ഉണ്ടായപ്പോൾ ഇടപെട്ടു എന്നതാണ് ഇപ്പോൾ ഉണ്ടായത്.

മുസ്ലിമിനു ശേഷമുള്ള രണ്ടാമത്തെ പ്രഖ്യാപിതശത്രുവായ ക്രിസ്ത്യാനികൾക്കെതിരെയും എണ്ണമറ്റ അതിക്രമങ്ങൾ അവർ നടത്തുന്നു. കഴിഞ്ഞവർഷം മാത്രം ഇൻഡ്യയിൽ 486 അതിക്രമങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നിട്ടുണ്ട്. പെരുകുന്ന ഈ അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ അതിൽ ഉത്ക്കണ്ഠയുള്ള രാജ്യങ്ങളും നാളെ സമാനമായ തീരുമാനങ്ങൾ എടുത്തുകൂടെന്നില്ല. അത്തരം രാജ്യങ്ങൾ പലതും വികസിതമുതലാളിത്തരാജ്യങ്ങളാണ് എന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കും. 

ഭൂരിപക്ഷവർഗ്ഗീയതയുടെ ഇരകളായ പട്ടികവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും മതനിരപേക്ഷ-ജനാധിപത്യപ്രവർത്തകരും സാംസ്ക്കാരികപ്രവർത്തകരും ഒക്കെ നേരിടുന്ന മനുഷ്യാവകാശനിഷേധങ്ങളും അതിക്രമങ്ങളും യുഎന്നിലടക്കം പലതവണ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ഇവയെയൊക്കെ അമർത്തിവയ്ക്കാനുള്ള നയതന്ത്രജ്ഞതയ്ക്കും പരിമിതിയുണ്ട് എന്നു നാം ഓർക്കണം. ആഗോളയിടപെടലിന്റെ സാഹചര്യം ഉണ്ടാകുന്നത് രാജ്യത്തിന്റെ സർവ്വനാശത്തിലേക്കാകും നയിക്കുക. അവിടേക്കാണു ബിജെപിഭരണവും സംഘപരിവാർപ്രവർത്തനങ്ങളും രാജ്യത്തെ കൊണ്ടുപോകുന്നത്.

കേരളവും വർഗ്ഗീയാതിക്രമവും

ഇത്തരം എല്ലാ പ്രതിലോമതകളെയും പ്രതിരോധിച്ചു നില്ക്കുന്ന പ്രതീക്ഷയുടെ തുരുത്താണു കേരളം. കൊറോണ വൈറസിനെപ്പോലെതന്നെ വർഗ്ഗീയവിദ്വേഷവൈറസിനെയും ഫലപ്രദമായി പ്രതിരോധിച്ചുനില്ക്കുന്ന സംസ്ഥാനം. അതേസമയം കേരളത്തിന്റെ സമൂഹശരീരത്തിൽ ആ വൈറസിനെ കടത്തിവിടാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ആ വൈറസിന് അടിമപ്പെട്ടവരെല്ലാം നടത്തുന്നത്. ചരിത്രാതീതകാലംതൊട്ടേ വിശാലലോകത്തിനുനേരെ തുറന്നുവച്ച വാതിലുകളിലൂടെ കടന്നുവന്ന നാനാസംസ്ക്കാരങ്ങളുടെ സമന്വയവും അതിലൂടെ വികസിച്ച സാർവ്വലൗകികത, സാഹോദര്യം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളും നവോത്ഥാനനായകരും പുരോഗമനപ്രസ്ഥാനങ്ങളും സാർവ്വത്രികവിദ്യാഭ്യാസവും വായനയും ഇടതുമതനിരപേക്ഷജനാധിപത്യസമീപനങ്ങളും ഒക്കെച്ചേർന്നു സൃഷ്ടിച്ച പ്രതിരോധശേഷിയെ തോല്പിക്കാൻ പക്ഷെ, ആ ശ്രമങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 



എന്നാൽ, ആ ശ്രമങ്ങൾ ആപത്ക്കരമായി വളർന്നുപടരുന്ന ഗുരുതരമായ സാഹചര്യം സംജാതമായിരിക്കുന്നു. അതാകട്ടെ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതിൽനിന്നു വ്യത്യസ്തമാണ്.

രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ ഭൂരിപക്ഷവർഗ്ഗീയതയാണ് അരാജകത്വം സൃഷ്ടിക്കുന്നത്. ദേശീയഭരണത്തിന്റെയും സംസ്ഥാനങ്ങളിൽ ബിജെപിയും യഥാർത്ഥ ഹിന്ദുരാഷ്ട്രം തങ്ങൾക്കാണ് ഉണ്ടാക്കാൻ കഴിയുക എന്നു പ്രഖ്യാപിച്ച കോൺഗ്രസും സംഘപരിവാറിൽ നേരിട്ട് അഫിലിയേഷനു തെളിവില്ലെങ്കിലും ബിജെപിയുടെ ഹിന്ദുത്വസമീപനങ്ങൾ പിന്തുടരുകയും അവരുടെ മുസ്ലിംവിരുദ്ധനടപടികൾക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന എ‌എ‌പിയും ഒക്കെ നയിക്കുന്ന ഭരണകൂടങ്ങളുടെയും പിന്തുണയാണ് അവർക്ക് അതു സാദ്ധ്യമാക്കുന്നത്. ഹിന്ദുത്വഭരണകൂടങ്ങൾ സ്വന്തം നിലയ്ക്കും അതു ചെയ്യുന്നു. ഇത് ന്യൂനപക്ഷങ്ങളിൽ വളർത്തുന്ന ഭീതി അവർക്കിടയിലും വർഗ്ഗീയത വളർത്തുന്നു. പഷേ, അതേ ഭയം അവരെ പ്രതികരണങ്ങളിൽനിന്നു വിലക്കുന്നു. നിസ്സഹായതയാൽ വീർപ്പുമുട്ടുന്ന പ്രതികാരമാണ് അതിന്റെ ഉത്പന്നം. അതുണ്ടാക്കാവുന്ന സ്ഫോടനം ആഭ്യന്തരകലാപത്തിൽക്കുറഞ്ഞ് ഒന്നാകാൻ ഇടയില്ല. 

എന്നാൽ, കേരളത്തിൽ മതനിരപേക്ഷതയിൽ ഉറച്ചുനില്ക്കുന്ന ഭരണം ആയതിനാൽ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഭൂരിപക്ഷവർഗ്ഗീയതയ്ക്കു കഴിയുന്നില്ല. എൽഡിഎഫ് സർക്കാർ ഭരണഘടനാനുസൃതം ന്യൂനപക്ഷസംരക്ഷണവും ന്യൂനപക്ഷാവകാശങ്ങളും ഉറപ്പുവരുത്തുന്ന നിലപാടാണ് എടുക്കുന്നത്. പൗരത്വനിയമം ഭരണഘടനാവിരുദ്ധമാണെന്നും അതു നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചതും ശബരിമലക്കലാപം ഉൾപ്പെടെ അവർ കോപ്പുകൂട്ടിയ കലാപങ്ങളെല്ലാം പരാജയപ്പെടുത്തുന്നതും അത്തരം പ്രവർത്തനങ്ങൾക്കു മുതിരുന്നവരുടെയെല്ലാം പേരിൽ കേസെടുക്കുന്നതും കലാപലക്ഷ്യത്തോടെയുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജപ്രചാരണങ്ങളും തുറന്നുകാട്ടുന്നതും ഒക്കെ ഉദാഹരണങ്ങളാണ്.

അതേസമയം, ന്യൂനപക്ഷമതങ്ങൾക്കു ഭൂരിപക്ഷവർഗ്ഗീയതയെ ഭയക്കേണ്ടതില്ല എന്ന അവസ്ഥ ആ ഭാഗത്തെ തീവ്രവാദസമീപനക്കാർ ദുരുപയോഗിക്കുന്നു. ഇതു സവിശേഷാവസ്ഥയാണ്. ഇസ്ലാംവർഗീയത ഈ സാദ്ധ്യത ഉപയോഗപ്പെടുത്തി വളരാൻ ശ്രമിക്കുന്നു. വ്യാജങ്ങൾ പ്രചരിപ്പിക്കുക, മതവിദ്വേഷം വളർത്തുക, പരമതഭീതി വളർത്തി സ്വമതത്തെ വർഗ്ഗീയവത്ക്കരിക്കുക, ഇതിൽ വീഴുന്നവരെ സംഘടിപ്പിക്കുക എന്ന ഹിന്ദുത്വവർഗ്ഗീയതയുടെ തന്ത്രം തന്നെയാണ് ഇസ്ലാംവർഗ്ഗീയതയും പയറ്റുന്നത്.

മതത്തിന്റെ ആരുമല്ല അവർ

ഹിന്ദുവർഗ്ഗീയത വളർത്തുന്നത് ഹിന്ദുത്വ എന്ന തത്വശാസ്ത്രവും ഇസ്ലാംവർഗ്ഗീയത വളർത്തുന്നത് പൊളിറ്റിക്കൽ ഇസ്ലാം എന്ന തത്വശാസ്ത്രവും ആണ്. വർഗ്ഗീയതസംബന്ധിച്ച ചിന്തകളിൽ ഇതു വളരെ പ്രധാനമാണ്. ഹിന്ദുത്വ ഹിന്ദുമതമല്ല; പൊലിറ്റിക്കൽ ഇസ്ലാം ഇസ്ലാംമതവുമല്ല. ഇവ പാടേ ഭിന്നമാണെന്നും വർഗ്ഗീയത വളർത്തുന്നത് ഹിന്ദുമതവും ഇസ്ലാംമതവുമല്ല ഹിന്ദുത്വ, പൊളിറ്റിക്കൽ ഇസ്ലാം ശക്തികളാണെന്നുമുള്ള അടിസ്ഥാനവസ്തുത നമ്മുടെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിൽ വന്ന പരാജയമാണ് ആ വർഗ്ഗീയതകൾ വളരാനും കേരളസമൂഹത്തിനു ഭീഷണിയാകാനും നല്ലയളവു കാരണമായത് എന്നാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്. ഹിന്ദുത്വയ്ക്കും പൊളിറ്റിക്കൽ ഇസ്ലാമിനും എതിരെ മതനിരപേക്ഷപ്രസ്ഥാനങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനമെല്ലാം ഹിന്ദുമതത്തിനും ഇസ്ലാംമതത്തിനും എതിരാണ് എന്ന തെറ്റായ ചിന്ത അതതുമതവിശ്വാസികളിൽ വളരാൻ ഇത് ഇടയാക്കി. ആ ചിന്ത വളർത്താൻ വർഗ്ഗീയശക്തികൾ ശ്രമിക്കുകയും ചെയ്തു. ഇതു കാണാതിരുന്നുകൂടാ. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ഫലപ്രദമായ പ്രവർത്തനം ഇനിയെങ്കിലും നാം നടത്തേണ്ടതുണ്ട്.

ഹിന്ദുക്കളിൽ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഹിന്ദുത്വയുടെ വക്താക്കൾ. വി.ഡി. സവർക്കർ ‘ഹൂ ഈസ് ഹിന്ദു?’ എന്ന പുസ്തകത്തിലൂടെ 1923-ൽമാത്രം രൂപം നല്കിയ ആശയമാണ് ഹിന്ദുത്വ. ഗാന്ധിവധക്കേസിൽ പ്രതിചേർക്കപ്പെടുകയും ആ ഗൂഢാലോചനയിൽ പങ്കാളി ആയിരുന്നു എന്നു കപൂർ കമ്മിഷൻ കണ്ടെത്തുകയും ചെയ്ത ഹിന്ദുമഹാസഭാനേതാവാണ് സവർക്കർ. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിലെല്ലാം നാം കാണുന്ന ഹിന്ദുമതാധിഷ്ഠിതദേശീയതയെ അതിന്റെ അപകടം മനസിലാക്കി പില്ക്കാലത്ത് മതനിരപേക്ഷദേശീയതയായി വികസിപ്പിക്കാൻ ദേശീയനേതാക്കൾ ശ്രമിച്ച വേളയിലാണ് ദേശീയതയെ തിരികെ മതത്തിൽ തളയ്ക്കാനും ആ മതബോധത്തെ ഹിന്ദുത്വ എന്ന വർഗ്ഗീയചിന്തയാക്കി പരിവർത്തിപ്പിക്കാനുമുള്ള ഈ തത്വചിന്ത ഇദ്ദേഹം കൊണ്ടുവരുന്നത്.



മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയും വർഗീയസംഘർഷത്തിലൂടെയും അല്ലാതെയും ഇവരെ കൊലപ്പെടുത്താമെന്ന സന്ദേശം നല്കുകയും ചെയ്ത ഗോൾവാൾക്കറുടെ നിലപാടുകൾകൂടി ഇതിനോടു സമന്വയിച്ച് ഉണ്ടായതാണ് ഹിന്ദുവർഗ്ഗീയതയും അതിന്റെ ഭീകരപ്രവർത്തനങ്ങളും. ആ നിലപാടു സ്വന്തം തത്വശാസ്ത്രമായി സ്വീകരിച്ച പ്രസ്ഥാനമാണ് ആർഎസ്‌എസ്. 

നൂറുവർഷത്തിന് ഇപ്പുറവും ആ സിദ്ധാന്തത്തിനു കേരളത്തിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളെയും സ്വാധീനിക്കാൻ ആയിട്ടില്ല. ബിജെപി അധികാരത്തിൽ വന്ന 2014-ലെ പാർലമെന്റ് തെരഞ്ഞെടുപ്പു വരെയും നമ്മുടെ ഗ്രാമങ്ങളിൽ ഏറിയാൽ ഒന്നോ രണ്ടോ പേരിലൊക്കെമാത്രം ഒതുങ്ങിനിന്നതാണ് ആർഎസ്‌എസും അതിന്റെ പരമതവിദ്വേഷവും.

ഇസ്ലാം വർഗ്ഗീയതയുടെ കാര്യവും ഇങ്ങനെതന്നെ. ഇരുപതാംനൂറ്റാണ്ടിൽ മാത്രം രൂപം‌കൊണ്ടതാണ് പൊളിറ്റിക്കൽ ഇസ്ലാം എന്ന പ്രത്യയശാസ്ത്രം. ഇസ്ലാമികനിയമങ്ങൾ പിൻതുടരുന്ന സമൂഹങ്ങളും രാഷ്ട്രങ്ങളും സൃഷ്ടിക്കുകയും ഇസ്ലാം‌മതത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഉള്ളടക്കം. മുഹമ്മദ് നബിയും രാജ്യം സ്ഥാപിച്ച് മതതത്വങ്ങൾ അനുസരിച്ച ഭരണം നടത്തുകയും അയൽരാജ്യങ്ങൾ കീഴടക്കി അതു വ്യാപിപ്പിക്കുകയും ചെയ്തെങ്കിലും അറബിനാട്ടിലെ അവ്യവസ്ഥകളും അരാജകത്വവും അവസാനിപ്പിക്കുക എന്ന ദൗത്യത്തിനപ്പുറം ഇസ്ലാമികലോകം എന്ന ആശയം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി സൂചനയില്ല എന്നാണ് പല ചരിത്രപണ്ഡിതരും പറഞ്ഞിട്ടുള്ളത്. 

മുസ്ലിം മതനിയമമായ ശരീ‌അത്ത് പ്രകാരം ഖലീഫയോ സുൽത്താനോ ഭരിച്ചിരുന്ന രാജ്യങ്ങളിലെ യൂറോപ്യൻ കോളനിവാഴ്ച, അതിനു മുമ്പുള്ള ഭരണകാലം ആയിരുന്നു മഹനീയം എന്ന ചിന്ത വളർത്തുകയും ആ ‘ഗൃഹാതുരത്വം’ പഴയതിന്റെ പുനഃസ്ഥാപനത്തിനും പുനരുജ്ജീവനത്തിനും പ്രേരണയാകുകയും ചെയ്തു. യഹൂദ, കൃസ്ത്യൻ മതങ്ങളോടുള്ള അനഭിമതത്വവും ഇസ്രായേൽ സംഘർഷവുമൊക്കെ അതിനെ രൂപപരിണാമത്തോടെ ഇസ്ലാമികരാഷ്ട്രസങ്കല്പത്തിലേക്കു വികസിപ്പിച്ചു. അതിലാണ് ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണത്തിന്റെ തുടക്കം അവർ കാണുന്നത്. ഇത്തരം സംഘടനകളായ മുസ്ലിം ബ്രദർഹുഡും ജമാഅത്തെഇസ്ലാമിയുമൊക്കെ ജനാധിപത്യരീതി ആയിരുന്നു ആ ഘട്ടത്തിൽ സ്വീകരിച്ചത്. 

ലോകമുസ്ലിങ്ങളെയാകെ ഒരു മുസ്ലിം രാജ്യത്തിനു കീഴിൽ ഐക്യപ്പെടുത്തുക എന്ന ആശയത്തിന്റെ തുടക്കം കാണുന്നത് ഈജിപ്റ്റിലെ മുസ്ലിം ബ്രദർഹുഡ് നേതാവായിരുന്ന സയ്യിദ് കുതബിലാണ്. ഈ ആശയത്തിന്റെതന്നെ ജനാധിപത്യേതരമായ പ്രയോഗരൂപങ്ങളാണ് വിവിധതരം ഭീകരപ്രസ്ഥാനങ്ങളായി മാറിയത്. ഒസാമ ബിൻ ലാദനും ഐമൻ അൽ സവാഹിരിയുമൊക്കെ വികസിപ്പിച്ച ആ രീതിയാണ് അൽഖ്വൈദയും താലിബാനും ഐഎസ് സംഘടനകളുമെല്ലാം പിന്തുടരുന്നത്.

സയ്യിദ് അബ്ദുൾ അല മൗദൂദി ആണ് 1941-ൽ ലാഹോറിൽ ജമാ‌അത്തെ ഇസ്ലാമി സ്ഥാപിക്കുന്നത്. ഇൻഡ്യയിലെ മുസ്ലിം മൗലികതാവാദത്തിന്റെ തത്വശാസ്ത്രം മൗദൂദിയുടേതാണ്. ഇൻഡ്യയ്ക്കായി 1948-ൽ സ്ഥാപിതമായ ജമാ‌അത്തെ ഇസ്ലാമി ഹിന്ദിന്റെ കൂരയ്ക്കു കീഴിൽ ഉള്ളവയാണ് രാജ്യത്ത് പലകാലത്ത് പലരൂപത്തിൽ പ്രത്യക്ഷമാകുന്ന മൗലികതാവാദ, ഭീകരതാ നിലപാടുകളുള്ള സംഘടനകളെല്ലാം എന്നാണ് അതേപ്പറ്റി പഠിച്ചിട്ടുള്ള പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സംഘപരിവാർ എന്ന കുടുംബത്തിൽ പ്രവർത്തിക്കുന്ന സംഘടകളെല്ലാം ആർഎസ്‌എസിന്റെ നേതൃത്വത്തിൻകീഴിൽ ആണെന്നതുപോലെ.

സ്രഷ്ടാവ് അധികാരക്കയ്യൂക്ക്

എണ്ണയുടെ നിയന്ത്രണം എന്ന അജൻഡ പിന്നിൽ വച്ച് ഏകാധിപത്യവും മനുഷ്യാവകാശലംഘനവും അവസാനിപ്പിക്കാൻ എന്നൊക്കെ പുറമേ പറഞ്ഞ് അറബിരാജ്യങ്ങളെ ആക്രമിക്കാനും തകർത്തുനിലം‌പെരിശാക്കാനും അമേരിക്കയും കൂട്ടരും മുതിർന്നപ്പോൾ അതിനുള്ള തിരിച്ചടി എന്ന പേരിൽ അമേരിക്കയിലെ ഇരട്ടഗോപുരങ്ങൾ തകർത്ത 9/11 സംഭവമാണ് ഭീകരാക്രമണം എന്നും ഇസ്ലാമികഭീകരത എന്നും വിളിക്കപ്പെടുന്ന തരം പ്രവർത്തനങ്ങൾക്കു നാന്ദി കുറിച്ചത്. ആ സംഭവം ഗൾഫിൽ യുദ്ധം നടത്താൻ കാരണമുണ്ടാക്കാനും മുസ്ലിംജനതയ്ക്കും മതത്തിനും രാജ്യങ്ങൾക്കും എതിരെ ജനവികാരം വളർത്താനും അമേരിക്കതന്നെ ആസൂത്രണം ചെയ്തതാണെന്നുപോലും വെളിപ്പെടുത്തലുകൾ ഉണ്ടായി! അതു ശരിയോ തെറ്റോ ആകട്ടെ, 9/11 ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു പറയുന്ന അൽഖ്വൈദയും പിന്നീടു വന്ന താലിബാനും ഐഎസ് സംഘടനകളുമൊക്കെ അമേരിക്കൻ ചാരസംഘടന സൃഷ്ടിച്ചതും ആ രാജ്യം ചെല്ലും ചെലവും കൊടുത്തു വളർത്തിയതും ആണെന്ന് ഇന്നു ലോകത്തിന് അറിയാം.

ഇറാഖ് യുദ്ധം രാജ്യാന്തരതലത്തിൽ ഇസ്ലാമിന്റെ പേരിലുള്ള ഭീകരപ്രവർത്തനങ്ങൾക്കു പ്രേരണയായതുപോലെ ഹിന്ദുമതഭ്രാന്തർ ബാബറിപള്ളി തകർത്തതാണ് ഇൻഡ്യയിൽ അതിനു പ്രേരണയായത്. ഗുജറാത്ത് കൂട്ടക്കൊല അടക്കമുള്ള കാര്യങ്ങൾ ആ സമീപനത്തിനു പിന്നെയും നീതിമത്ക്കരണവും പ്രോത്സാഹനവുമായി.

അമേരിക്കൻസാമ്രാജ്യത്വചേരിയിലുള്ള ലോകമാദ്ധ്യമങ്ങളും പില്ക്കാലത്ത് ഇൻഡ്യയിലെ സവർണ്ണപക്ഷമാദ്ധ്യമങ്ങളും നിരന്തരം പരിശ്രമിച്ചു വളർത്തിയെടുത്തതാണ് ഇസ്ലാം മതം ഭീകരമതമാണെന്ന പ്രതിച്ഛായയും ഇസ്ലാമോഫോബിയയും. ഇവയാണ് ഇന്ന് ഈ വിഷയം വിശകലനം ചെയ്യാൻ ശ്രമിക്കുമ്പോൾ മുന്നിൽ കയറിനിന്നു വഴിതെറ്റിക്കുന്നത്. ഇതിനു കാരണമായ അമേരിക്കൻഭീകരതയും ഹിന്ദുത്വഭീകരതയും സമർത്ഥമായി മറച്ചുപിടിക്കാനും ഈ മാദ്ധ്യമപ്രൊപ്പഗാൻഡയിലൂടെ കഴിഞ്ഞു.

ഭൂരിപക്ഷവും മതനിരപേക്ഷർ

ഇസ്ലാമിന്റെ പേരിൽ നടത്തുന്ന ഭീകരപ്രവർത്തനത്തെയും അതു നടത്തുന്നവരെയും ആ മതങ്ങളിലെ മഹാഭൂരിപക്ഷവും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ ലോകത്ത് ഇപ്പോഴും സമാധാനം പുലരുന്നത്. ആ പാരമ്പര്യത്തിന്റെ സാക്ഷ്യങ്ങളാണ് കേരളത്തിൽ ഭീകരപ്രസ്ഥാനങ്ങളിലേക്കു വഴിതെറ്റിപ്പോയ സ്വന്തം മക്കളെയും അവരുടെ ജഡംപോലുമോ വേണ്ട എന്ന് അവരെ നൊന്തുപെറ്റ അമ്മമാരും അച്ഛന്മാരുംവരെ പറയുന്നത്. അമേരിക്കയിൽ ക്രിസ്‌മസ്ദിനബോംബാക്രമണം നടത്തിയ യുവാവിന്റെ അച്ഛൻ ഉമറു അബ്ദുൾ മുത്തലാബ് തന്റെ മകൻ ഇസ്ലാമിസ്റ്റ് ചിന്താഗതിയിലേക്കു മാറുന്നതായി ആ സംഭവത്തിനു മുമ്പുതന്നെ നൈജീരിയയിലെ അമേരിക്കൻ എംബസിയിൽ പോയി മുന്നറിയിപ്പു നല്കിയതും നാം വായിച്ചു. ലോകത്തെല്ലാം ഇതാണു സ്ഥിതി. താലിബാനും ഐ‌എസുമൊക്കെ ഭരിക്കുന്ന നാടുകളിൽ അവരുടെ ഇരകളാകുന്നതുമുഴുവൻ അതേ മതക്കാരാണെന്നതും ഇതിന്റെ തെളിവാണ്.

ഉത്തരേൻഡ്യയിൽ ഹിന്ദു-മുസ്ലിം വിരോധം വളർത്തിയ രാഷ്ട്രീയസംഭവമായ ഇൻഡ്യാവിഭജനം‌പോലും കേരളത്തിലെ മതസൗഹാർദ്ദത്തെ അശേഷം ബാധിച്ചില്ല. മലബാറിലെ ജന്മി-കുടിയാൻ വൈരുദ്ധ്യത്തിന്റെ മൂർദ്ധന്യത്തിൽ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന മലബാർ കലാപം ഒരു ഘട്ടത്തിൽ വഴിതെറ്റി സംഭവിച്ച ഹിന്ദു-മുസ്ലിം സംഘർഷവും കേരളത്തിന്റെ മതസൗഹാർദ്ദാന്തരീക്ഷത്തിനു കോട്ടം തട്ടിച്ചില്ല. ഇന്നും ആ ഗ്രാമങ്ങളിൽ മനുഷ്യർ മതാതീതസ്നേഹത്തിൽത്തന്നെ പുലരുന്നു.

വർഗ്ഗീയവക്കരണവഴികൾ

ഭീകരപ്രവർത്തനമാണു പ്രതിരോധം എന്ന ചിന്ത നമ്മുടെ മണ്ണിലേക്കു കടന്നുവന്നത് സമീപകാലത്തുമാത്രമാണ്. അതിനു സ്വാധീനം നേടാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കേരളം നാനാമതസ്ഥരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി നൂറ്റാണ്ടുകൾ നിലനിന്നത്; ഇന്നും നിലനില്ക്കുന്നത്.

ഈ സാഹചര്യം രണ്ടുതരം വർഗ്ഗീയതയ്ക്കും വളരാൻ സഹായകമല്ല എന്നു രണ്ടുപക്ഷത്തെയും ഭീകരാശയക്കാർ മനസിലാക്കിയതിന്റെ പ്രതിഫലനമാണ് കേരളത്തിൽ സമീപകാലത്തു കാണുന്ന മുമ്പില്ലാത്ത കാര്യങ്ങൾ. മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നോണം ഒറ്റദിവസത്തിന്റെയോ മണിക്കൂറുകളുടെയോ വ്യത്യാസത്തിൽ രണ്ടു മതത്തിലെയും ഭീകരവാദസംഘങ്ങൾ പരസ്പരം കൊലകൾ നടത്തുന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അത്തരം കൊലകൾ ഏതെങ്കിലും മതത്തിന്റെ ആഘോഷാചാരങ്ങളോ ഉത്സവദിനങ്ങളോ ആയി ബന്ധപ്പെടുത്തി ആകാനും അവർ ശ്രദ്ധിക്കുന്നുണ്ട്. വളരെപ്പെട്ടെന്ന് ഇരുഭാഗത്തും ഭീതിയും വിദ്വേഷവും മതവികാരവും വളർത്താൻ സഹായിക്കുന്നതാണ് ഈ രീതി. ഇത് ഒന്നിലേറെത്തവണ ആവർത്തിക്കുന്നതു നാം കണ്ടു.

ചെറുപ്പക്കാരെ സംഘടിപ്പിക്കുക എന്നതാണ് മറ്റൊന്ന്. കാര്യമായ വിദ്യാഭ്യാസമോ വിവരമോ വായനയോ പൊതുബന്ധമോ ഒന്നും ഇല്ലാത്തവരെ മതവർഗ്ഗീയത പറഞ്ഞു കൂടെക്കൂട്ടാൻ എളുപ്പമാണല്ലോ. കായികപരിശീലനമൊക്കെ നല്കും എന്നുവന്നാൽ അവർക്കു താത്പര്യം കൂടും. ക്വട്ടേഷൻ സംഘങ്ങളുടെ മനോഭാവത്തിലുള്ള വലിയ സംഘങ്ങളായാണ് ഇവരെ സംഘടിപ്പിക്കുന്നത്.

മൂന്നാമതൊന്ന് കുരുന്നിലേ പിടികൂടലാണ്. അതിന് കുടുംബങ്ങളിലേക്കു കടന്നുകയറേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയിട്ട് ഏതാനും ദശകങ്ങളായി. ബാലഗോകുലവും ക്ഷേത്രകേന്ദ്രിതമായി ഉണ്ടാക്കുന്ന മാതൃസമിതികൾ പോലുള്ള സ്ത്രീക്കൂട്ടായ്മകളും ക്ഷേത്രസംരക്ഷണസമിതികളും ഒക്കെവഴിയും ജാതിസംഘടനകളിൽ ഞുഴഞ്ഞുകയറി അതിലുള്ളവരെ സ്വാധീനിച്ചും സംഘപരിവാർ നടത്തുന്നതിനു സമാനമായ പദ്ധതിയാണിത്. കുടുംബങ്ങളിൽ മതനിയമങ്ങൾ കർക്കശമായി നടപ്പാക്കുന്നതൊക്കെ വന്നത് ഇതിന്റെ ഭാഗമായാണ്. നമ്മുടെ നാട്ടിൽ മുമ്പ് ഇല്ലാതിരുന്ന മതപരത വളർത്താൻ ഇതിലൂടെ കഴിഞ്ഞു. അതാണ് കുരുന്നുകളിലടക്കം വർഗ്ഗീയവിഷം കുത്തിവയ്ക്കൽ എളുപ്പമാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ആലപ്പുഴയിൽ കുരുന്നിനെക്കൊണ്ട് മതവിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവം.

ആ മുദ്രാവാക്യത്തിലെ കുന്തിരിക്കത്തിൽ പിടിച്ച് മണിക്കൂറുകൾക്കകം തൃക്കാക്കരമണ്ഡലത്തിൽ കുന്തിരിക്കം പുകച്ചു ബിജെപിക്കാർ സംഘടിപ്പിച്ച പ്രകടനം ഇത്തരം ഓരോ സംഭവവും എങ്ങനെയെല്ലാം ഉടനുടൻ വർഗ്ഗീയത വളർത്താൻ ഉപയോഗിക്കുന്നു എന്നു കാട്ടിത്തരുന്നു. നേതൃതലത്തിലുള്ള ‘അന്തർധാര’യാണ് ഇതിലെല്ലാം വെളിവാകുന്ന പുതിയ പ്രവണത.

ഈ രണ്ടുമതങ്ങളിലും സംഭവിക്കുന്ന ഈ മാറ്റം മൂന്നാമത്തെ പ്രധാനമതമായ ക്രിസ്ത്യാനികളിലും മതപരതയും ആശങ്കയും വളർത്താൻ സ്വാഭാവികമായും പ്രേരണയായിട്ടുണ്ട്. അതോടൊപ്പം, ആഗോളരാഷ്ട്രീയത്തിലുള്ള ക്രിസ്ത്യൻ-മുസ്ലിം സംഘർഷഘടകവും ഇൻഡ്യയിലെ ഹിന്ദുത്വഭരണസംവിധാനം ഉയർത്തുന്ന സമ്മർദ്ദങ്ങളും വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളുമൊക്കെ ഇതിൽ പ്രവർത്തിക്കുന്നുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന ലളിതയുക്തിയിൽ, ഇല്ലാതാക്കപ്പെടേണ്ട മൂന്നു ശത്രുക്കളിൽ ഒന്നായി തങ്ങളെ പ്രഖ്യാപിച്ചിട്ടുള്ളവരുമായി കൂട്ടുകൂടുക എന്ന ആത്മഹത്യാവഴിയാണ് അവർ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് കൗതുകവും ആശങ്കയും ഉണർത്തുന്നത്. ആ കെണിയിൽ വീണ് വർഗ്ഗീയവിഷവും വിദ്വേഷവും വമിപ്പിക്കുന്ന പ്രസ്താവനകൾ ചെയ്യുന്നതിൽ ചില ക്രിസ്തീയപുരോഹിതരും മതസംഘടനാനേതാക്കളും മത്സരിക്കുന്നതാണു നാം കണ്ടത്.

ഒറ്റ വഴിയേ ഉള്ളൂ

ഈ പുതിയ സാഹചര്യം കേരളത്തിന്റെ എക്കാലത്തെയും എല്ലാ നന്മകളെയും തല്ലിക്കെടുത്തുന്നതും നാനാതരത്തിൽ അപകടപ്പെടുത്തുന്നതും ആണ്. അവരവർ സംഘടിച്ചും അവരവരുടെ വർഗ്ഗീയത ശക്തിപ്പെടുത്തിയും പരമതവിദ്വേഷം വളർത്തിയുമൊക്കെ അവരവരുടെ കൂട്ടർ നേരിടുന്ന ഭീഷണി പരിഹരിക്കാമെന്നാണ് ഇവരെല്ലാം കരുതുന്നത്. ആനമണ്ടത്തരം മാത്രമല്ല, തലമുറകളോളം വീണ്ടെടുക്കാനാവാത്ത അരക്ഷിതസമൂഹമായി കേരളത്തെ മാറ്റുന്ന ക്രിമിനൽക്കുറ്റംകൂടി ആണിത്. ചരിത്രത്തിൽ ഉണ്ടാകാത്തതരം വികസനവും പുരോഗതിയും കേരളം ആർജ്ജിക്കുന്ന, ആർജ്ജിക്കേണ്ട, ഒരു വേളയിലാണ് നാടിനെ പാടേതകർക്കാനുള്ള ഈ പ്രാകൃതത്വം വളർത്തുന്നത് എന്നതാണ് ഏറ്റവും ഗൗരവമുള്ള കാര്യം.

ഫ്യൂഡൽക്കാലത്ത് രാജഭരണത്തിന്റെ മാർഗ്ഗദർശനം മതതത്വങ്ങളും ഉപദേഷ്ടാക്കളായ മതപണ്ഡിതരും പുരോഹിതരും ഒക്കെ ആയിരുന്നല്ലോ. അതിൽനിന്നു നവോത്ഥാനത്തിലൂടെയും വിപ്ലവങ്ങളിലൂടെയും മോചനംനേടി മതാതീതമായ സാമൂഹികവ്യവസ്ഥയും ജനാധിപത്യഭരണവ്യവസ്ഥയും കെട്ടിപ്പടുത്ത ലോകത്താണു നാം ജീവിക്കുന്നത്. അവിടെ ഒരു പ്രാധാന്യവും പ്രസക്തിയും ഇല്ലാത്ത ഒന്നാണു മതം. സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിച്ചു മുക്കാൽനൂറ്റാണ്ടോളം ആയിട്ടും പക്ഷെ, എന്നോ മണ്ണടിയേണ്ടിയിരുന്ന മതം അതിന്റെ കാലഹരണപ്പെട്ട എല്ലാ പ്രാകൃതത്വങ്ങളോടുംകൂടി നമ്മുടെ രാജ്യത്തു നിലനില്ക്കുന്നു എന്നതുതന്നെ ലജ്ജാവഹമാണ്.

മതം വ്യക്തിനിഷ്ഠമായ ഒന്നു മാത്രമാകണം. ആധുനികസമൂഹങ്ങളിലൊക്കെ അങ്ങനെയാണ്. മറ്റ് ഏത് ആശയത്തിന്റെയും കാര്യത്തിൽ എന്നപോലെ മതവും വിശ്വസിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം പൗരർക്ക് ഉണ്ടാകാം. പക്ഷെ, അതിനെ രാഷ്ട്രീയം അടക്കമുള്ള പൊതുമണ്ഡലത്തിലേക്കു കടക്കാൻ അനുവദിക്കരുത്. അത്തരമൊരു സമൂഹം സൃഷ്ടിച്ചുകൊണ്ടു മാത്രമേ വർഗ്ഗീയവിപത്ത് ഒഴിവാക്കാനാകൂ. അത്തരം മതനിരപേക്ഷസമൂഹത്തെ ശക്തിപ്പെടുത്തി മാത്രമേ വർഗ്ഗീയതയെ പ്രതിരോധിക്കാനാകൂ. അതുകൊണ്ട്, ഏതെങ്കിലും മതത്തിൽ ചിലർ വർഗ്ഗീയമായി സംഘടിക്കുന്നുവെന്നോ ചിലർ ഭീകരപാത സ്വീകരിക്കുന്നുവെന്നോ കണ്ട് മറ്റു മതങ്ങളും സംഘടിക്കാൻ പുറപ്പെടാതെ അത്തരം കൂട്ടരെ ഒറ്റപ്പെടുത്തിക്കൊണ്ട് മതനിരപേക്ഷസമീപനം സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുകയും ബോധവത്ക്കരണം അടക്കമുള്ള വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുമാണു വേണ്ടത്. മറിച്ചായാൽ ആർക്കും ആരെയും രക്ഷിക്കാനാവില്ല. സർവ്വനാശമായിരിക്കും ഫലം.