Wednesday, 18 March 2020

നെഞ്ചോടു ചേർത്തൊരു ലൈഫ്!

നെഞ്ചോടു ചേർത്തൊരു ലൈഫ്!
മനോജ് കെ. പുതിയവിള

കെ.ജി.ഒ.എ. ന്യൂസിന്റെ 2020 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.


വീടില്ലാത്തവർക്കു വീടുകൊടുക്കുന്ന പദ്ധതിയുടെ പേര് ‘ലൈഫ്’ എന്നു കേട്ടപ്പോൾ ആദ്യം തോന്നിയത് പറഞ്ഞയാൾക്കു തെറ്റിയതാകും എന്നാണ്; അത് ആരോഗ്യമിഷന്റെ പേരായിരിക്കും എന്നാണ്. ആരോഗ്യമാണല്ലോ ജീവനുമായി ബന്ധപ്പെട്ടത്. എന്നാൽ പദ്ധതിയുടെ അന്തഃസത്ത മനസിലായപ്പോൾ അതിനുപിന്നിലെ ഉന്നതമായ മാനവികതയും കാഴ്ചപ്പാടിലെ സമഗ്രതയും ആ പേരിട്ടതിലെ സാരസ്യവും ഓർത്ത് കേരളസർക്കാരിനെയും അതിനെ നയിക്കുന്ന ഇടതുപക്ഷത്തെയും പറ്റി ഏറെ അഭിമാനം തോന്നി.

Livelihood, Inclusion and Financial Empowerment എന്നതിന്റെ ചുരുക്കെഴുത്താണു LIFE. ജീവിതവും ഉൾക്കൊള്ളലും സാമ്പത്തികശാക്തീകരണവും. മാന്യവും സുരക്ഷിതവുമായ ഭവനവും ജീവനോപാധികളും ഉറപ്പുവരുത്തുക; അതിലൂടെ കേരളത്തിന്റെ സാമൂഹിക-പശ്ചാത്തലമേഖലകളിൽ സമഗ്രമായ മാറ്റം സൃഷ്ടിക്കുക – അതാണു പദ്ധതിയുടെ ഉദ്ദേശ്യം. എന്നുവച്ചാൽ, പദ്ധതിയുടെ രണ്ട് അടിസ്ഥാനലക്ഷ്യങ്ങളിൽ ഒന്നുമാത്രമാണു വീട്.

വീടുനിർമ്മാണത്തിനുള്ള പ്രവർത്തനത്തിനൊപ്പംതന്നെ ജീവനോപാധികൾ സൃഷ്ടിക്കാനുള്ള പരിശ്രമവും നടക്കുകയാണ്. കുടുംബത്തിൽ ഒരാൾക്കെങ്കിലും ഒരു തൊഴിലിൽ പരിശീലനം നല്കും. നൈപുണ്യവികസനത്തിനൊപ്പം സംരംഭമടക്കമുള്ള സാദ്ധ്യതകളും പ്രദാനം ചെയ്യും.

വീടു കിട്ടിയവരെ ബ്ലോക്കുതലത്തിൽ വിളിച്ചുചേർത്ത് അവരുടെ വിഷമങ്ങളും പ്രതീക്ഷകളും സാദ്ധ്യതകളും മനസിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഉപജീവനത്തിനും സാമ്പത്തികശാക്തീകരണത്തിനുമുള്ള പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 2020-ന്റെ തുടക്കത്തിൽ നടത്തിയ അദാലത്തുകളിൽ 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. ആ വകുപ്പുകളുമായി ബന്ധപ്പെട്ട അവരുടെ ജീവത്പ്രശ്നങ്ങൾ മഹാഭൂരിപക്ഷവും തീർപ്പാക്കി.


ലൈഫ് ഈസ് വണ്ടർഫുൾ

അഞ്ജനമെന്നതെനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും എന്നമട്ടിൽ ലൈഫിനെപ്പറ്റിയുള്ള പുലമ്പലുകൾ ഇടയ്ക്കെല്ലാം കേൾക്കാറുണ്ടല്ലോ. അതുകൊണ്ട്, ലൈഫ് എന്താണെന്ന് ആദ്യം പറയാം.
ലൈഫ് പദ്ധതി രാജ്യത്തും ലോകത്തെമ്പാടുമുള്ള മറ്റു ഭവനപദ്ധതികളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ആശയത്തിൽത്തന്നെ അതു വ്യത്യസ്തമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ 'ലൈഫ്' വെറും വീടല്ല, അന്തസ്സാർന്ന ജീവിതമാണ്' എന്നതാണ് ലൈഫിന്റെ അടിസ്ഥാനതത്വം. വീടിന്റെ താക്കോൽ നല്കുന്നതോടെ അവസാനിക്കുന്ന ബന്ധമല്ല ഇവിടെ ഗുണഭോക്താക്കളും സർക്കാരും തമ്മിൽ. എന്നാൽ, വീടു വയ്ക്കാൻ കുറച്ചു ധനസഹായം നല്കുക മാത്രമാണ് നമുക്കു പരിചയമുള്ള ഭവനപദ്ധതികളിലൊക്കെ ചെയ്യുന്നത്. ഇതാണ് ഒന്നാമത്തെ വ്യത്യാസം.

റേഡിയോയിലും റ്റിവിയിലുമെല്ലാം നാം നാഴികയ്ക്കു നാല്പതുവട്ടം കേൾക്കുന്ന PMAY എന്ന പ്രധാൻ മന്ത്രി ആവാസ് യോജനയിൽ (പഴയ ഇന്ദിര ആവാസ് യോജന) ഒരു വീടിനു ഗ്രാമത്തില്‍ 72,000 രൂപയും നഗരത്തില്‍ ഒന്നരലക്ഷം രൂപയും മാത്രമാണ് കേന്ദ്രം നല്കുന്നത്! ആ തുക നല്ല ശൗചാലയത്തിനു തികയുമോ? അതുകൊണ്ട് വീടൊന്നിനു ഗ്രാമങ്ങളില്‍  3,28,000 രൂപയും നഗരങ്ങളില്‍ 2,50,000 രൂപയും കേരളം അധികമായി നല്കുകയാണ്. അങ്ങനെ നാലുലക്ഷം രൂപയാണ് ഇവിടെ ഒരു വീടിനു കിട്ടുന്നത്. മാത്രമല്ല, വീടു പൂർത്തിയാക്കുന്നു എന്ന് ഈ പദ്ധതി ഉറപ്പാക്കുകകൂടി ചെയ്യുന്നു. ഇതാണു രണ്ടാമത്തെ വ്യത്യാസം.


ഇതിനുപുറമേ ലൈഫ് മിഷൻ മറ്റൊന്നുകൂടി ചെയ്തു. കുറഞ്ഞ നിരക്കിൽ വീടുനിർമ്മാണസാമഗ്രികൾ വിതരണം ചെയ്യാനുള്ള നടപടികൾ പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്ത് ലൈഫ് മിഷൻ കൈക്കൊണ്ടിരുന്നു. വൈദ്യുതോപകരണങ്ങൾ, വയറിങ് സാമഗ്രികൾ, പെയിന്റ്, സാനിറ്ററി ഉപകരണങ്ങൾ, സിമെന്റ്, ജലസംഭരണി തുടങ്ങിയവ 20 മുതൽ 60 വരെ ശതമാനം വിലകുറച്ചാണു ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയത്. വീട് പണിയുന്നവർക്ക് അങ്ങനെ യഥാർത്ഥത്തിൽ അരലക്ഷം മുതൽ രണ്ടുലക്ഷംവരെ രൂപ ലാഭിക്കാവുന്ന സാഹചര്യം സംസ്ഥാനസർക്കാർ ഒരുക്കി. കൂടാതെ, തൊഴിലുറപ്പുപദ്ധതിയിൽ 90 ദിവസം വീടുനിർമ്മാണത്തിന് ഉപയോഗിക്കാനും വ്യവസ്ഥ ചെയ്തിരുന്നു.

ഫലത്തിൽ കുറഞ്ഞത് അഞ്ചുലക്ഷത്തിന്റെ അഭിമാനത്തിളക്കമുണ്ട് ഓരോ വീടിനും. അത്തരമൊരു വീടു സ്വന്തമാകുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നത് ആ കുടുംബത്തിന്റെ അന്തസ്സും സുരക്ഷിതബോധവും സമാധാനവും എത്ര ഉയർത്തും എന്നു ചിന്തിക്കൂ!

സുതാര്യസുന്ദരം, വിശാലം

മൂന്നാമതു പറയേണ്ടതു പഴുതില്ലാത്തതും സുതാര്യവുമായ ഗുണഭോക്തൃതെരഞ്ഞെടുപ്പു പ്രക്രിയയാണ്. രാജ്യത്തും സംസ്ഥാനത്തും എത്രയോ കാലമായി വിവിധ ഭവനപദ്ധതികൾ നിലവിലുണ്ട്. പട്ടികവിഭാഗവികസനവകുപ്പ്, ഫിഷറീസ് വകുപ്പ്, ഭവനനിർമ്മാണവകുപ്പ് എന്നിങ്ങനെ പല വകുപ്പിനും പദ്ധതികളൂണ്ട്. ഇവയ്ക്കോരോന്നിനും മാനദണ്ഡങ്ങൾ പലതാണ്. എല്ലാംകൂടി കൂട്ടിയിണക്കിയാലും ജിറാഫിനെപ്പറ്റി പറയുന്ന കഥപോലെയാകും. കേരളം വീടില്ലാത്ത കുടുംബങ്ങളില്ലാത്ത സംസ്ഥാനമാകണം എന്നു തീരുമാനിക്കുന്ന ഒരു സർക്കാരിന് അതൊന്നും പറ്റില്ല.

അതുകൊണ്ട്, അതെല്ലാം മാറ്റിവച്ച്, സ്വന്തമായി വീടുവയ്ക്കാൻ കഴിയാത്ത കുടുംബങ്ങളെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന മാനദണ്ഡങ്ങൾ നിശ്ചയിച്ചു. സ്വന്തമായി റേഷൻ കാർഡ് ഉള്ളവരെ കുടുംബം എന്നും നിർവ്വചിച്ചു. ഒരു കുടുംബവും വിട്ടുപോകാതെയും അനർഹരായ ഒരു കുടുംബവും ഉൾപ്പെടാതെയും പട്ടികതയ്യാറാക്കുക എന്നത് എത്രവലിയ വെല്ലുവിളിയാണെന്നു നമുക്കറിയാം. പഞ്ചായത്തിൽ ലഭ്യമായ വിവരങ്ങൾ വച്ചു പ്രാഥമികപട്ടിക, അതു പരിശോധിച്ച് ഉറപ്പുവരുത്താനും വിട്ടുപോയവരെയെല്ലാം കണ്ടെത്താനും കുടുംബശ്രീ വഴി സർവ്വേ, ആ പട്ടിക പരിശോധിച്ചു കുറ്റമറ്റതാക്കാൻ ഗ്രാമസഭ, എന്നിട്ടും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അതുന്നയിക്കാൻ അപ്പീലിന് അവസരം, അതും രണ്ടുവട്ടം... അങ്ങനെയാണു കുറ്റമറ്റ ഗുണഭോക്തൃപട്ടിക നാം തയ്യാറാക്കിയത്. നാലുലക്ഷത്തോളം കുടുംബങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്. ലൈഫ് തുടങ്ങിയിട്ട് ഇത്ര കാലമായിട്ടും അതിൽ ഉൾപ്പെട്ട ഒരു കുടുംബമെങ്കിലും അനർഹരാണ് എന്ന ഒരു പരാതി പോലും ലൈഫ് മിഷനിൽ ലഭിച്ചിട്ടില്ല.


സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളാണ് ഈ മിഷനെ മറ്റു ഭവനപദ്ധതികളിൽനിന്നെന്നല്ല, പല സർക്കാർ പരിപാടികളിലും‌നിന്നു വേറിട്ടതാക്കുന്ന നാലാമത്തെ സുപ്രധാനഘടകം. രണ്ടുലക്ഷം വീടു പൂർത്തിയാക്കിയ വേളയിൽ റ്റിവി ചാനലുകളിൽ സം‌പ്രേഷണം ചെയ്ത ‘നാം മുന്നോട്ടി’ന്റെ ലക്കത്തിൽ വഴിക്കടവുകാരി അനു എന്ന കോളെജ് വിദ്യാർത്ഥിനി പറഞ്ഞ വാക്കുകൾ അതു കേട്ടവരുടെയെല്ലാം ഓർമ്മയിലുണ്ടാകും. നിർവഹണോദ്യോഗസ്ഥനായ വി.ഇ.ഒ. അറിയിക്കുമ്പോൾ ബാങ്കിൽ പോയി പണമെടുക്കുന്നതല്ലാതെ ഞങ്ങൾ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. എന്നാണ് അവൾ പറഞ്ഞത്. ഇൻഫർമേഷൻ കേരള മിഷൻ ഒരുക്കിയ വെബ്ബധിഷ്ഠിതസംവിധാനത്തിലൂടെയാണ് എല്ലാം സുതാര്യവും സുഗമവും സുവേഗവും ആക്കാൻ കഴിഞ്ഞത്.

“ഒരുപാടുകാലം കാത്തിരിക്കാതെ വളരെവേഗം എല്ലാവർക്കും വീടു നല്കുക എന്നതായിരുന്നു ലക്ഷ്യം. ഭവനരഹിതരില്ലാത്ത ആദ്യസംസ്ഥാനമാകുക എന്നതാണു ലക്ഷ്യമിട്ടത്.” തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീൻ പറയുന്നു. ചിലരുയർത്താൻ ശ്രമിച്ച വിവാദങ്ങൾകൂടി സൂചിപ്പിച്ച് അദ്ദേഹം തുടർന്നു: “ആരുടെകാലത്തു പണി തുടങ്ങി എന്ന തർക്കത്തിലേക്കു ഞങ്ങൾ പോയില്ല. അവർക്കു വീടില്ല എന്നതാണു ഞങ്ങൾ കണ്ടത്. അവരുടെ ഭാവിജീവിതംകൂടി ശ്രദ്ധിക്കാനും സഹായിക്കാനും കഴിയുന്ന കരുതലുള്ള ഗവണ്മെന്റാണിത്. ദരിദ്രജനവിഭാഗങ്ങളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സർക്കാർ.”

ഉൾച്ചേർക്കലിന്റെ മധുരം

‘സർക്കാർ ഒപ്പമുണ്ട്’ എന്ന എൽഡിഎഫ് സർക്കാരിന്റെ ജീവമന്ത്രത്തിന്റെ സത്ത അനുഭവിച്ചറിഞ്ഞവരാണ് ഓരോ ലൈഫ് കുടുംബവും. വീടു നല്കുന്നതിന് ഏറ്റവും പ്രധാന മാനദണ്ഡമായി തീരുമാനിച്ചതുതന്നെ ശാരീരികമോ മാനസികമോ സാമൂഹികമോ ആയ അവശതകളാണ്. വയോജനങ്ങൾ, അവിവാഹിതഅമ്മമാർ, വിധവകൾ തുടങ്ങിയവർക്കെല്ലാം മുൻഗണന.

'ഒറ്റയ്ക്കല്ല, സർക്കാരും ജനങ്ങളും കൂടെയുണ്ട്' എന്ന വികാരം ഓരോ ഗുണഭോക്താവും പട്ടികയിൽ പേരു വന്ന അന്നുമുതൽ വീടുപണി കഴിയുന്ന നിമിഷംവരെയും അതിനുശേഷവും അനുഭവിച്ചറിയുന്നു എന്നതാണ് ലൈഫിനെ ബ്യൂട്ടിഫുൾ ആക്കുന്ന അഞ്ചാമത്തെ സവിശേഷത. വീടു പണിയുമ്പോഴും അതിനു ശേഷം കുടുംബാദാലത്തുകളിലൂടെയും അല്ലാതെയും കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ ഇതിന്റെ ഒരു സാക്ഷ്യമാണ്.

ഓലപ്പുരകൾ നാട്ടുകാരൊന്നിച്ചു കെട്ടിമേഞ്ഞിരുന്ന കാലത്തെ ഒരുമയുടെ കരുത്തും പെരുമയും നന്മയും വീണ്ടെടുക്കുകകൂടിയാണ് നാം ഇതിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറയുന്നു. “ഈ പദ്ധതി തുടങ്ങുമ്പോൾത്തന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടൊക്കെ പറഞ്ഞിരുന്നത്  ഇത് നാടിന്റെ ഒരു ഭാഗമാക്കണം, നാട് ഇതിന്റെ ഭാഗമായി മാറണം എന്നാണ്. ഇത്രയും കാലം പൂർത്തിയാക്കാൻ കഴിയാതെയിരുന്ന ഒരു വീട്. അതു പൂർത്തിയാക്കാൻ നമ്മൾ ചില സഹായങ്ങൾ ചെയ്യേണ്ടതായി വരും. അതു ചെയ്യാൻ നാം തയ്യാറാകണം.” ആ നിലപാട് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ. അങ്ങനെ ധാരാളം സഹായം നമുക്കു ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫിന്റെ ആറാമത്തെ സവിശേഷത പദ്ധതിനിർവഹണത്തിൽ എല്ലാ തലത്തിലും പുലരുന്ന  ഉടമസ്ഥതാബോധമാണ്. ലൈഫ് മിഷന്റെ ചുക്കാൻ പിടിക്കുന്ന അതിന്റെ സി.ഇ.ഒ. യു.വി. ജോസിന്റെ വാക്കുകൾതന്നെ മികച്ച സാക്ഷ്യം: “ലൈഫ് വീടുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവരും ഈ പദ്ധതി അവരുടെ സ്വന്തമാണ് എന്ന തോന്നലോടെയാണു പ്രവർത്തിച്ചത്. വാർഡംഗം മുതൽ മുഖ്യമന്ത്രിവരെയും നിർവഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ. മുതൽ ചീഫ് സെക്രട്ടറിവരെയും ലൈഫ് പദ്ധതിയെ സ്വന്തം പദ്ധതിയായി കണക്കാക്കി പ്രവർത്തിച്ചു. പദ്ധതിയുടെ വിജയത്തിന്റെ പ്രധാന കാരണവും അതുതന്നെയാണ്.”


ഇവിടെയും അവസാനിക്കുന്നില്ല ലൈഫിന്റെ പുതുമകൾ. വീടുകളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പുരുഷമേധാവിത്വം ഈ പദ്ധതി അവസാനിപ്പിച്ചു. അത് വീട്ടമ്മമാർക്കാക്കി മാറ്റി. ലൈഫിലൂടെ പണം കൊടുക്കുന്നതും വീടു രജിസ്റ്റർ ചെയ്തു കൊടുക്കുന്നതും വീട്ടമ്മമാരുടെ പേരിലാണ്. “പദ്ധതിയുടെ വിജയത്തിന് ഇത് വളരെ സഹായിച്ചുവെന്നതിനു സംശയവുമില്ല.” യു.വി. ജോസ് വ്യക്തമാക്കുന്നു. ഇതും സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു നല്ലൊരു അടിത്തറയാണ്.

ലക്ഷംവീട് പദ്ധതിയിൽ പറ്റിയതുപോലെ വീടു കിട്ടിയവർ പൊതുസമൂഹത്തിന് അരികിലായിപ്പോകാതിരിക്കാനും അത്തരം കുടുംബങ്ങളെ വിവേചനത്തോടെ നോക്കിക്കണ്ടതുപോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനുമുള്ള ജാഗ്രതയും ലൈഫിൽ പുലർത്തിയിട്ടുണ്ട്. “ആ സാഹചര്യം ലൈഫിന്റെ കാര്യത്തിൽ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ലൈഫിനെ ബ്രാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.” യു.വി. ജോസ് പറയുന്നു. അതെ, അന്തേവാസികളുടെ അന്തസ്സുതന്നെയാണ് ഈ പദ്ധതിയിലുടനീളം ഇടതുപക്ഷസർക്കാർ ഉയർത്തിപ്പിടിക്കുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുകയാണ് നിസ്വവർഗ്ഗത്തിന്റെ പാർട്ടിയും മുന്നണിയും.


നിറവേറ്റലിന്റെ തങ്കത്തിളക്കം

വളരെ ശാസ്ത്രീയമായി അസൂത്രണം ചെയ്ത പദ്ധതിയാണു ലൈഫ്. മൂന്നു ഘട്ടങ്ങളായാണ് അതു വിഭാവനം ചെയ്തത്.  ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ പണിതീരാതെ തോരാക്കണ്ണീരായി കിടന്ന വീടുകൾക്കായിരുന്നു ആദ്യപരിഗണന. ഈ സർക്കാർ വരുന്നതിനു മുമ്പത്തെ മൂന്നു സർക്കാരുകളുടെ കാലത്ത് - 2000-01 മുതൽ 2015-16 വരെ – വിവിധപദ്ധതികളിൽ അനുവദിച്ച, പൂർത്തിയാകാതെ കിടക്കുന്ന 54,173 വീടുകൾ ഉണ്ടെന്നു കണ്ടെത്തി. അവ പൂർത്തീകരിക്കുകയായിരുന്നു ഒന്നാംഘട്ടം. ഇതിൽ 52,056 വീടുകൾ ഇതിനകം പൂർത്തീകരിച്ചു - 96.09%. നേരത്തേ എത്ര പണം അനുവദിച്ചു എന്നതു നോക്കാതെ, ഓരോ വീടും പൂർത്തിയാക്കാൻ എത്ര പണം വേണമെന്നു നോക്കി അതു ലഭ്യമാക്കിയാണു പണി നടത്തിയത്. ഇതിനായി സംസ്ഥാനസർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്. ഇതിൽ കേന്ദ്രവിഹിതമൊന്നും ഇല്ല.

ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിതഭവനരഹിതരുടെ പുനരധിവാസവുമാണു ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതരിൽ അർഹരായി കണ്ടത് 1,00,460 കുടുംബങ്ങളെയാണ്. ഇവരിൽ 92,213 പേർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി കരാർ വച്ചു. ഇവർക്കാണു ലൈഫ് വീട്. അതിൽ 75,853 (82.26%) വീടു പൂർത്തിയാക്കി. അതത്രയും പൂർണ്ണമായി ലൈഫ് വീടുകളാണ്.

ഇതിനുപുറമെ പി.എം.എ.വൈ. ഫണ്ടുപയോഗിച്ചും ലൈഫിൽ വീടു നിർമ്മിച്ചു. ലൈഫ്-പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 77,543 കുടുംബങ്ങൾ കരാർ വയ്ക്കുകയും അതിൽ 48,446 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. അതുപോലെതന്നെ ലൈഫ്-പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കൾ കരാർ വയ്ക്കുകയും 16,674 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ഇവയിൽ കേന്ദ്രവിഹിതം നേരത്തേ പറഞ്ഞതുപോലെ ഗ്രാമത്തിൽ 72,000 രൂപയാണ്. ബാക്കി 3,28,000 രൂപയും സംസ്ഥാനമാണു മുടക്കുന്നത്. നഗരത്തിലെ വീടിനു കേന്ദ്രവിഹിതം ഒന്നരലക്ഷവും സംസ്ഥാനം നല്കുന്നത് 2,50,000 രൂപയും. സംസ്ഥാനവിഹിതത്തിൽ ഒരു ഭാഗം തദ്ദേശഭരണസ്ഥപനങ്ങളുടെ വിഹിതമായാണു നല്കുന്നത്.

ഇതിനു ചെലവായ 670 കോടി രൂപയും സംസ്ഥാനത്തിന്റേതാണ്. ലൈഫ് രണ്ടാം ഘട്ടത്തിനു നല്കിയ 5,851.23 കോടി രൂപയടക്കം 6551.23 രൂപയാണ് സംസ്ഥാനസർക്കാർ ഇതുവരെ വിനിയോഗിച്ചത്. ഇതിൽ 612.60 കോടി രൂപ ലൈഫ് – പി.എം.എ.വൈ.(റൂറൽ)നും 2,263.63 കോടി രൂപ ലൈഫ് – പി.എം.എ.വൈ.(അർബൻ)നും ചെലവഴിച്ചതാണ്.

ഇതിനൊപ്പം മറ്റു വകുപ്പുകളുടെ ഭവനനിർമ്മാണ പദ്ധതികളും പുരോഗമിച്ചു. പട്ടികജാതിവകുപ്പിനു കീഴിൽ 18,974-ഉം പട്ടികവർഗ്ഗവകുപ്പിനു കീഴിൽ 1208-ഉം വീടു പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പു നിർമ്മിച്ചത് 3,725 വീട്. എല്ലാം‌കൂടി ഈ സർക്കാർ നാലുകൊല്ലത്തിനകം‌തന്നെ പൂർത്തിയാക്കിയത് 2,17,292 വീടുകളാണ്. ഒന്നും രണ്ടും ഘട്ടങ്ങളിലെ ശേഷിച്ച വീടുകളും ദിവസങ്ങൾക്കകം പൂർത്തിയാകും.

ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ചും‌മറ്റും തർക്കമുള്ളവ മാത്രമാണു പൂർത്തിയാകാതെ ശേഷിക്കുക. ഇവയിൽ പരിഹരിക്കാവുന്നവയൊക്കെ സർക്കാർതന്നെ മുൻകൈ എടുത്തു പരിഹരിച്ചിട്ടുണ്ട്. ആ ശ്രമം തുടരുകയുമാണ്.

വീണ്ടും വഴികാട്ടി കേരളം

ഇനിയുള്ള ഒരു വർഷം ഭൂമിയും വീടും ഇല്ലാത്തവർക്കുള്ള ലൈഫ് മൂന്നാംഘട്ടമാണ്. ഇതിൽ 1,06,925 കുടുംബങ്ങളെ അർഹരായി കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണു നിർമ്മിക്കുന്നത്. മൂന്നെണ്ണം പൂർത്തിയാക്കി കുടുംബങ്ങൾക്കു കൈമാറിക്കഴിഞ്ഞു. അടിമാലിയിൽ 210 കുടുംബങ്ങൾക്കു താമസിക്കാവുന്ന ഭവനസമുച്ചയത്തിൽ 163 എണ്ണം ആ ഗ്രാമപ്പഞ്ചായത്തിലെ ആകെ അർഹരായി കണ്ട ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്കു നല്കി. അങ്കമാലിയിൽ 12 കുടുംബങ്ങൾക്കായുള്ള ഭവനസമുച്ചയവും കൈമാറി. കോഴിക്കോട്ട് സ്പോൺസർഷിപ്പോടുകൂടി 140 ഫ്ലാറ്റുകളും പൂർത്തിയായി. മൂന്നാം ഘട്ടത്തിൽ ആകെ പണിതീർന്നത് 362 പാർപ്പിടം.

വിവിധ ജില്ലകളിലായി 12 സമുച്ചയങ്ങളുടെ നിർമാണം നടന്നുവരുന്നു. ഭൂരഹിതഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ഈ സർക്കാരിന്റെ കാലത്തുതന്നെ വീടു നല്കാൻ കഴിയുമാറാണു പ്രവർത്തനം പുരോഗമിക്കുന്നതെന്ന് തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

സർക്കാർ ആദ്യവർഷം കണക്കെടുത്തശേഷം പല കുടുംബങ്ങളിലും മക്കൾ വിവാഹം കഴിക്കുകയും കുടുംബം വീതം‌വച്ചു മാറുകയും സ്വന്തമായി റേഷൻ കാർഡു കരസ്ഥമാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇവർക്കും പാർപ്പിടം വേണം. ഇങ്ങനെയുള്ളവരുടെ കണക്കും സർക്കാർ തയ്യാറാക്കാൻ പോകുകയാണ്. ഇവർക്കു പാർപ്പിടം ലഭ്യമാക്കാനുള്ള പദ്ധതിയും ഈ സർക്കാർ ആവിഷ്ക്കരിക്കുമെന്ന് രണ്ടുലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിഥിത്തൊഴിലാളികൾക്കുപോലും കെട്ടിടസമുച്ചയം നിർമ്മിച്ച് അന്തസായ താമസം ഉറപ്പാക്കിയ എൽ.ഡി.എഫ്. സർക്കാരിന് ഇതും അസാദ്ധ്യമൊന്നുമല്ല. അഥവ, എൽ.ഡി.എഫ്. സർക്കാരിനേ ഇതൊക്കെ സാധിക്കൂ. 

No comments:

Post a Comment