പുതിയ വിളകൾ (ഇരുപത്തൊന്നാം നൂറ്റാണ്ട്)

 1. ഡിജിറ്റൽ മലയാളം

ഡിജിറ്റൽ യുഗത്തിൽ പ്രാദേശികഭാഷകൾക്കു വിപ്ലവകരമായ മുന്നേറ്റത്തിനു വഴിതുറന്നത് യൂണികോഡ് കൺസോർഷ്യത്തിന്റെ വരവോടെയാണ്. എന്നാൽ ദൗർഭാഗ്യവശാൽ നമ്മുടെ ഭാഷയ്ക്ക് ആ അവസരം തുടക്കത്തിലേ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഭാഷാവിദഗ്ദ്ധർക്ക് വിവരസാങ്കേതികതയിലും സാങ്കേതികവിദഗ്ദ്ധർക്കു ഭാഷയിലും താല്പര്യവും വൈദഗ്ദ്ധ്യവും ഇല്ലാതെപോയതാണു കാരണം. മാതൃഭാഷ അദ്ധ്യയനമാദ്ധ്യമം ആക്കാത്ത അത്യപൂർവ്വം സമൂഹങ്ങളിൽ ഒന്ന് ആയതും ഭരണകൂടത്തിന്റെ മുൻഗണനയിൽ ഇക്കാര്യം വരാതിരുന്നതും സാങ്കേതികതാവളർച്ചയ്ക്ക് അനുഗുണമായി ഭാഷയെ വികസിപ്പിക്കാൻ അദ്ധ്വാനിക്കാതെ ലാഘവത്തോടെ ലക്കുംലഗാനുമില്ലാതെ ആംഗലപദങ്ങൾ അപ്പടി കടംകൊണ്ട ഭാഷാസ്നേഹമില്ലായ്മയും (അന്യഭാഷാടിമത്തവും വിധേയത്വവും) സാങ്കേതികപദാവലി ഉണ്ടാക്കാൻ നടത്തിയ ശ്രമം സംസ്കൃതബഹുലതയായി പൊളിഞ്ഞുപോയതുമൊക്കെ ഇതിനു കാരണമായി. ഈ സാഹചര്യത്തിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാകുകയും അവരെല്ലാംകൂടി ഭാഷാശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഇണങ്ങാത്ത എന്തെല്ലാമോ നിർദ്ദേശങ്ങൾ സമർപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണു പിന്നീടു കണ്ടത്. ഏതായാലും എല്ലാ ഔദ്യോഗികസംവിധാനവും പരാജയപ്പെട്ടിടത്ത് ഭാഷാസ്നേഹികളായ ഒരുകൂട്ടം യുവസാങ്കേതികവിദഗ്ദ്ധർ സ്വന്തം സമൂഹബദ്ധതമാത്രം കൈമുതലാക്കി കളത്തിലിറങ്ങുകയും കളം പിടിച്ചടക്കുകയും ആയിരുന്നു. അവരുടെ അർത്ഥപൂർണ്ണമായ ഇടപെടലുകൾ വലിയ മുന്നേറ്റമുണ്ടാക്കി. ആ പരിശ്രമം ഈ രംഗത്തെ അടിയന്തരയിടപെടൽ വേണ്ട ഒട്ടേറെക്കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അവയെയൊന്നും പൊതുസമൂഹമോ മാദ്ധ്യമങ്ങളോ ശരിയായ ഗൗരവത്തോടെ കണ്ടില്ല. ഈ സാഹചര്യത്തിൽ അത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന്റെയും വിശേഷിച്ച് ഈ രംഗവുമായി ബന്ധപ്പെട്ട, ഗുണഭോക്താക്കളും പ്രയോക്താക്കളുമായ, ആളുകളുടെയും സ്ഥാപനങ്ങളുടെയും മുന്നിൽ അവതരിപ്പിക്കാൻ നടത്തിയ എളിയ ശ്രമമാണ് കേരള പ്രസ് അക്കാദമിയുടെ പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2013 നവംബർ ലക്കത്തിൽ എഴുതിയ ഈ ലേഖനം.
മലയാളം കമ്പ്യൂട്ടിങ്ങും മാദ്ധ്യമങ്ങളും:പുതിയ സമസ്യകളും അടിയന്തരകടമകളും
(ലേഖനം വായിക്കാൻ മുകളിലുള്ള തലക്കെട്ടിൽ ക്ലിക് ചെയ്യുക!)



2. ലിപിമലയാളം
       കുറേക്കാലമായി മലയാളത്തിൽ ലിപിവിവാദം തുടങ്ങിയിട്ട്. 1970കളിൽ ടൈപ് റൈറ്ററിനും കീബോർഡ് ഉപയോഗിച്ചുള്ള മറ്റു ടൈപ് സെറ്റിങ്ങിനും വേണ്ടി ലിപിപരിഷ്ക്കരണം നടത്തിയപ്പോൾ മുതലാണ് ഇതു തുടങ്ങിയത്. പരിഷ്ക്കരിച്ച ലിപി കുട്ടികളെ എഴുതാൻ പഠിപ്പിക്കരുത് എന്ന നിബന്ധനയോടെ അന്നു നടപ്പാക്കിയ ലിപി പിന്നീട് 'പുതിയലിപി' എന്ന് അറിയപ്പെട്ടു. പരിഷ്ക്കാരത്തിനു മുമ്പു തനിയേ രൂപപ്പെട്ടുവന്നിരുന്ന തനതുലിപി അങ്ങനെ 'പഴയലിപി'യും ആയി. എഴുതാൻ ഏറെ പ്രയാസമുള്ളതും അച്ചടിക്കും എഴുത്തിനും കൂടുതൽ സ്ഥലം ആവശ്യമുള്ളതുമായ പുതിയ വിഘടിതലിപി (കൂട്ടക്ഷരങ്ങളും ഉ, ഊ, ഋ, റകാരസ്വരങ്ങൾ വ്യഞ്ജനത്തോടു ചേർന്നുനിൽക്കുന്ന രൂപങ്ങളും വെട്ടിമുറിച്ച ലിപി) ക്രമേണ നാട്ടുനടപ്പായി. പത്രം അടക്കമുള്ള പ്രസാധനവ്യവസായത്തിനുവേണ്ടി നടപ്പാക്കിയ പരിഷ്ക്കാരം അവരുടെ ശക്തികൊണ്ടും അന്നത്തെ ആവശ്യകതകൊണ്ടും ഉറച്ചു. പക്ഷെ, ഇത് എമ്പാടും അവ്യവസ്ഥകൾ സൃഷ്ടിച്ചു. (താഴെയുള്ള ചിത്രം നോക്കുക. ഈ അവ്യവസ്ഥയുടെ വികൃതമുഖം കാണാം. 'ക്ല'യും 'സ്ല'യും രണ്ടുതരം. 'ഉ'കാരച്ചിഹ്നവും രണ്ടുതരം) 
  എന്നാൽ യൂണികോഡ് സാങ്കേതികവിദ്യ വന്നതോടെ അത്രയായിരം ലിപിയും സാധാരണകീബോർഡുകൊണ്ട് അനായാസം ടൈപ് ചെയ്യാം എന്നു വന്നതോടെ പരിഷ്ക്കാരത്തിനു മുമ്പുണ്ടായിരുന്ന ലിപിസഞ്ചയം ചെറിയ ഇടവേളയ്ക്കുശേഷം പുനഃസ്ഥാപിക്കാനുള്ള അവസരം കൈവന്നു. അതിനുമുമ്പുതന്നെ പഴയ ആസ്കി സങ്കേതത്തിന്റെ പരിമിതിക്കുള്ളിൽത്തന്നെ തനതുലിപികൾ പുനഃസൃഷ്ടിക്കാൻ രചന അക്ഷരവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ശ്രമങ്ങൾ ഈ സാദ്ധ്യതയ്ക്ക് വലിയ ഊർജ്ജമായി. അങ്ങനെ തനതുലിപികൾ മടങ്ങിവരാൻ അവസരമാകുമ്പോഴേക്കും നമ്മുടെ അച്ചടിലിപി ഒട്ടുമിക്ക കൂട്ടക്ഷരങ്ങളും ആരും ആവശ്യപ്പെടാതെതന്നെ വീണ്ടെടുക്കുകയും ചെയ്തിരുന്നു. സ്വരസമ്യുക്തങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവയും ഡിജിറ്റൽ ലോകത്ത് ഇന്ന് പ്രചുരപ്രചാരത്തിൽ ആയിരിക്കുന്നു. അച്ചടിരംഗത്തും തനതുലിപി സ്ഥാനം ഉറപ്പിക്കുകയാണ്. ഏതാനും പുസ്തകങ്ങൾ ആ ലിപിയിൽ ഇറങ്ങിക്കഴിഞ്ഞു. 'കേരളകൗമുദി' പത്രവും ആ ലിപിയിലേക്കു മടങ്ങി. ആ മുന്നേറ്റം തുടരുകയാണ്.
      അപ്പോഴും കേവലം ആശയവാദപരമായ നിലപാടെടുത്തു ചിലർ അതിനെ എതിർക്കുന്നു. കുട്ടികൾക്കു പഠിക്കാൻ പ്രയാസം എന്നതാണു പ്രധാനവിമർശനം. എന്നാൽ, ഒരു മനുഷ്യായുസിലെ കേവലം രണ്ടു വർഷത്തിന്റെ ഒരു അംശം മാത്രം (ഒന്നും രണ്ടും ക്ലാസുകളിലെ അദ്ധ്യയനസമയത്തിൽ ഭാഷാപഠനത്തിനുള്ള സമയത്തിന്റെ ഒരു ഭാഗം) മാത്രമാണ് അക്ഷരപഠനത്തിനു വിനിയോഗിക്കുന്നതെന്നും ആ കാലയളവിൽത്തന്നെ വിഘടിതലിപിയുടെ പഠനത്തിനു വേണ്ടതിനെക്കാൾ അല്പംമാത്രം അദ്ധ്വാനമാണ് അധികമായി വേണ്ടിവരികയെന്നും ആ കഷ്ടപ്പാട് (?!) കുട്ടികൾ അങ്ങു സഹിക്കട്ടെയെന്നും 1974നു മുമ്പുള്ള കുട്ടികളെല്ലാം ഈ 'കഷ്ടപ്പാട്' ഒരു കഷ്ടപ്പാടേ അല്ലാതെ അക്ഷരം പഠിച്ചിരുന്നുവെന്നും അങ്ങനെ പഠിച്ചാൽ ശേഷിച്ച ജീവിതകാലം മുഴുവൻതനതുലിപി എഴുതുന്നതിന്റെ സുഖം (അനായാസത, വേഗം, സമയലാഭം) അനുഭവിക്കാൻ കഴിയുമല്ലോ എന്നുമൊക്കെ ഓർത്താൽ ഈ വാദത്തിനും കഴമ്പൊന്നും ഇല്ലെന്നു മനസിലാകും.
       ഈ സാഹചര്യത്തിൽ മലയാളലിപി എങ്ങനെയാകുന്നതാണു ഭാഷയ്ക്കും പുതിയകാലത്തിനും നല്ലത് എന്നതു വിശകലനം ചെയ്ത് 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ 2013 ഡിസംബർ29 - 2014 ജനുവരി 4 ലക്കത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം:
തനതുലിപിതന്നെ വേണം;
മാനകീകരണവും അനിവാര്യം

(ലേഖനം വായിക്കാൻ മുകളിലുള്ള തലക്കെട്ടിൽ ക്ലിക് ചെയ്യുക!)


No comments:

Post a Comment