ഏറ്റവും സർഗ്ഗാത്മകമായ കാലം
ജനകീയാസൂത്രണം രജതജൂബിലിക്കൊരുങ്ങുമ്പോൾ ആ
ചരിത്രഭൂമികയിലൂടെ അതിന്റെ മുഖ്യസൂത്രധാരനായിരുന്ന ഡോ: റ്റി.എം. തോമസ്
ഐസക്കുമൊത്ത് ഒരു സഞ്ചാരം
തോമസ് ഐസക്ക് / മനോജ് കെ. പുതിയവിള
“ജീവിതത്തിലെ ഏറ്റവും സർഗ്ഗാത്മകമായ കാലഘട്ടം ജനകീയാസൂത്രണകാലം ആയിരുന്നു.” പറയുന്നതു മറ്റാരുമല്ല. രണ്ടുതവണ കേരളത്തിന്റെ ധനമന്ത്രി ആയി പ്രവർത്തിച്ച് കിഫ്ബിയടക്കം സർഗ്ഗാത്മകമായ ഒട്ടേറെ പരിപാടികൾക്ക് ആശയവും സാക്ഷാത്ക്കാരവും പകർന്ന സാക്ഷാൽ തോമസ് ഐസക്ക്. മന്ത്രിയായും അല്ലാതെയും സ്വയം ചെയ്തവ മാത്രമല്ല, സംസ്ഥാനത്തുടനീളം രൂപപ്പെട്ട സർഗ്ഗാത്മകമായ എത്രയോ വികസനമാതൃകകളുടെ പ്രചോദനവും പ്രോത്സാഹനവുമാണ് കർമ്മയോഗി എന്നു തീർത്തും വിളിക്കാവുന്ന ഈ മനുഷ്യൻ. എം.എൽ.എ. ആയിരിക്കെ സ്വന്തം മണ്ഡലത്തിൽ ആവിഷ്ക്കരിച്ചു നടപ്പാക്കിയ എത്രയോ ക്ഷേമ-വികസനമാതൃകകൾ വേറെയും. അവയ്ക്കെല്ലാം മീതെ ഒരു പ്രത്യേകഘട്ടമായി ജനകീയാസൂത്രണകാലം ഉയർന്നുനില്ക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കേരളവികസനത്തിന്റെ പുതുക്കാലത്തിന് അടിത്തറയായ, കേരളജനത
നെഞ്ചേറ്റിയ, കേരളത്തെ വിപുലമായ ലോകശ്രദ്ധയിലേക്ക് ഉയർത്തിയ ആ മഹാപ്രസ്ഥാനത്തിന്റെ
രജതജൂബിലി കൊണ്ടാടാൻ നാടൊരുങ്ങുമ്പോൾ അതിനു നെടുനായകത്വം വഹിച്ച ആസൂത്രണപ്രതിഭ
സർഗ്ഗോത്സവത്തിന്റെ ആ ഭൂമികയിലൂടെ മനോയാനം നടത്തുകയാണ്. ആ ആശയത്തിന്റെ പിറവിയിലും
വികാസത്തിലും മൂർത്തത കൈവരിക്കലിലും തുടങ്ങി നിർവ്വഹണത്തിലെ നേട്ടകോട്ടങ്ങളിലൂടെയും
അതിന്റെ തുടർച്ചയ്ക്കുണ്ടായ കയറ്റിറക്കങ്ങളിലൂടെയും കടന്ന് പില്ക്കാലത്തു
കേരളവികസനത്തിൽ ആ പ്രസ്ഥാനം ചെലുത്തിയ സ്വാധീനം വിശകലനം ചെയ്ത്, അതിന് അനിവാര്യമായി
ഉണ്ടാകേണ്ട തുടർച്ചകൾ നിർദ്ദേശിച്ച് ഒരു സഞ്ചാരം.
ജനകീയാസൂത്രണം രജതജൂബിലിയുടെ നിറവിൽ നില്ക്കുമ്പോൾ ആ
പ്രസ്ഥാനത്തിനു ചുക്കാൻ പിടിച്ച സംസ്ഥാന ആസൂത്രണബോർഡ് അംഗം എന്ന നിലയിൽ ഇന്നു
തിരിഞ്ഞുനോക്കുമ്പോൾ മനസിൽ നിറയുന്ന വികാരം എന്താണ്?
സംതൃപ്തിയും അഭിമാനവും മനസ്സു നിറയ്ക്കുന്നു. ജീവിതത്തിലെ
ഏറ്റവും സർഗ്ഗാത്മകമായ കാലഘട്ടമായിരുന്നു. എന്തെല്ലാം പുതിയ കാര്യങ്ങളാണ്
ആവിഷ്കരിച്ചു നടപ്പാക്കിയത്!
എന്നാൽ എല്ലാം പൂർത്തിയാകുംമുമ്പ് ജനകീയാസൂത്രണപ്രസ്ഥാനം
അവസാനിപ്പിക്കേണ്ടിവന്നു. അധികാരവികേന്ദ്രീകരണത്തെ യു.ഡി.എഫ് പൊളിച്ചില്ലെങ്കിലും
ജനകീയാസൂത്രണം വേണ്ടെന്നുവച്ചു. ജനകീയാസൂത്രണത്തിനു പകരം കേരളവികസനപദ്ധതി
കൊണ്ടുവന്നു. വി.എസ് സർക്കാരിന്റെ കാലത്ത് ജനകീയാസൂത്രണപ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാൻ
ഒരു ശ്രമം നടത്തി. പ്രതീക്ഷിച്ചതുപോലെ നീങ്ങിയില്ല. പാലു പിരിഞ്ഞുപോയാൽ തിരിച്ചു
പാലാക്കാൻ ആവില്ലല്ലോ എന്ന് അന്നു സങ്കടത്തോടെ ഞാൻ പറഞ്ഞത് പിന്നീടുപലരും ഉദ്ധരിച്ചു
കേട്ടിട്ടുണ്ട്.
പക്ഷെ പ്രളയവും കോവിഡും വന്നപ്പോൾ എത്ര നാടകീയമായാണു നാം തിരിച്ചറിഞ്ഞത്,
എത്ര പരിമിതിയുണ്ടെങ്കിലും കേരളത്തിന്റെ കരുത്താണ് പ്രാദേശികസർക്കാരുകൾ എന്ന്! റിസർവ്വ്
ബാങ്കുപോലും അവരുടെ വാർഷിക സംസ്ഥാന ധനകാര്യ റിപ്പോർട്ടിൽ കോവിഡ് പ്രതിരോധത്തിൽ
കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കു വിശദീകരിക്കാൻ ഒരു പേജ് മാറ്റിവച്ചിട്ടുണ്ട്.
ഇ.എം.എസ്. പറഞ്ഞത് എത്ര ശരി! കേരളസംസ്ഥാന രൂപവത്ക്കരണത്തിനുശേഷം ഭൂപരിഷ്കരണം
കഴിഞ്ഞാൽ കേരളത്തിന്റെ അടിത്തട്ടിലുണ്ടായ ഏറ്റവും വലിയ മാറ്റം ജനകീയാസൂത്രണമാണ്.
ഇതിലൊരു പങ്കുവഹിക്കാൻ കഴിഞ്ഞത് എത്ര വലിയ ഭാഗ്യം!
ആശയം രൂപം കൊള്ളുന്നു
ജനങ്ങളിൽനിന്ന് ഒരു പഞ്ചവത്സരപദ്ധതി ഉണ്ടായിവരിക
എന്നതു സംഭവ്യമാണെന്നത് അന്നത്തെ നിലയിൽ ഒരു ഭ്രാന്തൻ സ്വപ്നം ആയിരുന്നല്ലോ.
ജനകീയാസൂത്രണം എന്ന ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?
തുടക്കം ഇ.എം.എസ്. ആണ്. ’96-ലെ നയനാർ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം ഗുലാത്തിയെയും അനിയനെ(ഇ.എം. ശ്രീധരൻ)യും എന്നെയും ഇ.എം.എസ്. വീട്ടിലേക്കു വിളിപ്പിച്ചു. അധികാരവികേന്ദ്രീകരണമായിരിക്കും സർക്കാരിന്റെ മുഖ്യയജൻഡയെന്ന് ഇ.എം.എസ്. വ്യക്തമാക്കി. അതിനുള്ള മാർഗ്ഗമെന്ത്? ഗുലാത്തിയാണ് എസ്.ബി. സെന്നിന്റെ കമ്മിറ്റിയെ വയ്ക്കണമെന്ന നിർദ്ദേശം വച്ചത്. ഇ.എം.എസിനും അതു സ്വീകാര്യമായി. ’87-ലെ സർക്കാരിന്റെ കാലത്ത് എസ്.ബി. സെൻ കേരളത്തിൽ വന്നിരുന്നു. എല്ലാ പഞ്ചായത്തിനും രണ്ടുലക്ഷം രൂപവീതം നല്കുക തുടങ്ങിയ ചെറിയ കാര്യങ്ങളാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ അതുപോലും നടപ്പിലാകാൻ രണ്ടു വർഷം വേണ്ടിവന്നു. ഇ.എം.എസ്. ഈ അനുഭവം പറഞ്ഞുകൊണ്ട് ഒരു കാര്യം വ്യക്തമാക്കി. കമ്മിറ്റിറിപ്പോർട്ട് വരുമ്പോഴേക്കും അതു നടപ്പിലാക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ടാകണം. കമ്മിറ്റിറിപ്പോർട്ടുകൊണ്ടു മാറ്റമുണ്ടാവില്ല. ജനങ്ങളെ അണിനിരത്തണം. അതിനൊരു പരിപാടി തയ്യാറാക്കാൻ പ്ലാനിങ് ബോർഡിനോട് ആവശ്യപ്പെട്ടു.
അങ്ങനെയാണ് ജനകീയാസൂത്രണമെന്ന സങ്കല്പം വരുന്നത്. ഇന്ത്യയിൽ
ആസൂത്രണം തുടങ്ങിയ നാൾ മുതൽ പദ്ധതിരേഖകളിൽ ഒരു അദ്ധ്യായം കീഴ്ത്തട്ട്
ആസൂത്രണത്തെക്കുറിച്ച് ആയിരുന്നു. ജില്ല, ബ്ലോക്ക് തല ആസൂത്രണത്തെക്കുറിച്ച് നാലു
കമ്മിറ്റിറിപ്പോർട്ടുകൾതന്നെ ഉണ്ട്. പക്ഷെ, ഒന്നും നടന്നില്ല. കാരണം,
ആസൂത്രണരീതികളെല്ലാം വളരെ അപ്രായോഗികവും സങ്കീർണ്ണവുമായിരുന്നു. ഇത് ഒഴിവാക്കി
കീഴ്ത്തട്ടിൽനിന്നുള്ള ആസൂത്രണത്തിനു ലളിതമായ രീതിസമ്പ്രദായം ആവിഷ്കരിച്ചു.
ഇതിന് എന്റെ മുന്നനുഭവങ്ങൾ സഹായകമായി. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗ്രാമശാസ്ത്രസമിതി മുതൽ ചർച്ച ചെയ്തുവന്ന കാര്യമാണ്. സാക്ഷരതാകാലത്തു ഞാൻ അതിൽ വേണ്ടത്ര സജീവമല്ലായിരുന്നു. എന്റെ ശ്രദ്ധ കൂടുതലും സാക്ഷരതയുടെ തുടർച്ചയായി ഒരു ഭൂസാക്ഷരതാപ്രസ്ഥാനം ആവിഷ്കരിക്കുന്നതിൽ ആയിരുന്നു. അന്നു ഭൂശാസ്ത്രപഠനകേന്ദ്രത്തി(C.E.S.S.)ന്റെ ഡയറക്ടറായിരുന്ന സുബ്രതോ സിൻഹ. എം.പി. പരമേശ്വരൻ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലെ പ്രമുഖർ. പക്ഷെ, ’91-ൽ യു.ഡി.എഫ്. ഭരണത്തിൽ വന്നതോടെ സാക്ഷരതയ്ക്കു തുടർച്ച ഇല്ലാതെപോയി.
അന്നു തുടർഭരണം ഉണ്ടായെങ്കിൽ ഈ പദ്ധതി
സംസ്ഥാനവ്യാപകമായി അന്നുതന്നെ നടപ്പാക്കാൻ കഴിയുമായിരുന്നു എന്നാണോ?
അതെ. അതായിരുന്നു മനസിൽ. എന്നാൽ, ഭരണം മാറിയതുകൊണ്ട് ആ
സാദ്ധ്യത തത്ക്കാലം അടഞ്ഞു. ഈ ഘട്ടത്തിൽ പഞ്ചായത്തുതല റിസോഴ്സ് മാപ്പിങ് പരിപാടി
കുറച്ചു പഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ പരിഷത്ത് തീരുമാനിച്ചു.
ഇതിനു സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസി(C.D.S.)ന്റെ പി.എൽ.ഡി.പി. (Panchayat
Level Development Planning) പദ്ധതിയിൽനിന്നു ധനസഹായവും ലഭിച്ചു. സി.ഡി.എസിലെ
ഫാക്കൽറ്റി ആയിരുന്ന എന്റെ ഔദ്യോഗികചുമതല ഈ പ്രോജക്ടിലായിരുന്നു.
ഇതിൽ ഒരു പഞ്ചായത്തായിരുന്നു കല്യാശ്ശേരി. പഞ്ചായത്തുതല റിസോഴ്സ്
മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ പ്രാദേശികപദ്ധതിക്ക് എങ്ങനെ രൂപം നല്കാം എന്നതിന്റെ
പരീക്ഷണം ഈ പഞ്ചായത്തിൽ നടപ്പാക്കി. ഇതിന്റെ റിപ്പോർട്ട് സി.ഡി.എസിൽ രണ്ടു
ദിവസത്തെ സെമിനാർ നടത്തി ചർച്ച ചെയ്തു. മുഖ്യമന്ത്രി ആയിരുന്ന എ.കെ. ആന്റണി ആയിരുന്നു
ഉദ്ഘാടകൻ. ഇ.എം.എസ്. രണ്ടു ദിവസവും പൂർണ്ണസമയം ഈ സെമിനാറിൽ പങ്കെടുത്തു.
ഈ സെമിനാറിന്റെ അവസാനം ഡോ. കെ.എൻ. രാജ് നടത്തിയ ഒരു പരാമർശമാണ് കേരളപഠനകോൺഗ്രസിലേക്കു നയിച്ചത്. “ഇടതുപക്ഷം അപ്പം വീതംവയ്ക്കാൻ മിടുക്കരാണ്. അപ്പം ചുടാൻ അറിയില്ല. ഇന്നു കേരളത്തിനു വേണ്ടത് കൂടുതൽ അപ്പം ചുടുകയാണ്. അതിനു നിങ്ങൾക്കൊരു പരിപാടിയുണ്ടോ?” ഇത്തരമൊരു പരിപാടി ആവിഷ്കരിക്കാൻ പണ്ടത്തെപ്പോലെ കുറച്ച് ഇടതുപക്ഷരാഷ്ട്രീയനേതാക്കൾ ഒരുമിച്ചിരുന്നാൽപ്പോരാ, കേരളത്തിലെ പണ്ഡിതരെയും സഹകരിക്കാൻ തയ്യാറുള്ള മറ്റു നേതാക്കളെയും വിളിക്കണമെന്ന് ഇ.എം.എസ്. അഭിപ്രായപ്പെട്ടു. അങ്ങനെ 1995-ൽ ആദ്യത്തെ കേരളപഠനകോൺഗ്രസ് നടന്നു. അവിടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കീഴ്ത്തട്ടിൽനിന്നു പദ്ധതി ആവിഷ്കരിക്കാനുള്ള രീതിസമ്പ്രദായത്തിനു രൂപം നല്കാൻ പ്രയാസമുണ്ടായില്ല.
ഇതിനു സഹായിച്ച മറ്റൊരു കാര്യംകൂടി ഉണ്ട്. സി.ഡി.എസിൽ അന്ന്
ഡോ. കെ.എൻ. രാജ്, പ്രൊഫ: ഐ.എസ്. ഗുലാത്തി എന്നിവരെപ്പോലുള്ളവർ അധികാരവികേന്ദ്രീകരണത്തിൽ
വലിയ താൽപ്പര്യം എടുത്തിരുന്നു. ആ സ്ഥാപനത്തിന്റെ ആദ്യത്തെ വർക്കിങ് പേപ്പർ
വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് ആയത് യാദൃശ്ചികമായിരുന്നില്ല. ജനകീയാസൂത്രണത്തിന്റെ
ചരിത്രത്തിൽ എടുത്തുപറയേണ്ട പേര് ഡോ. എം. പി. പരമേശ്വരന്റേതാണ്. വൈജ്ഞാനികതയെ
മനുഷ്യരുടെ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കാനും ശാസ്ത്രീയമായി കർമ്മപദ്ധതികൾ
ആസൂത്രണം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ മികവ് ഒന്നു വേറെതന്നെയാണ്. കല്യാശേരി വിഭവഭൂപടനിർമ്മാണത്തിന്റെയൊക്കെ
തലച്ചോറ് അധികാരവികേന്ദ്രീകരണശ്രമങ്ങൾക്കു ഗണ്യമായ സംഭാവന നല്കിയിട്ടുള്ള
അദ്ദേഹമായിരുന്നു. ഇതുപോലെ വി. രാമചന്ദ്രൻ അടക്കമുള്ള കേരളത്തിലെ ചില ഉദ്യോഗസ്ഥപ്രമുഖരും
അധികാരവികേന്ദ്രീകരണത്തിന് അനുകൂലമായിരുന്നു. ’87-ലെ നായനാർ മന്ത്രിസഭയുടെ കാലത്ത്
ജില്ലാ കൗൺസിലുകൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് വി. രാമചന്ദ്രനാണ്.
ഇതുപോലെ പുതിയ തലമുറയിൽപ്പെട്ട എസ്.എം. വിജയാനന്ദ്, കെ.എം. എബ്രഹാം, പി.കെ.
ശിവാനന്ദൻ എന്നിവരെപ്പോലുള്ള ഉദ്യോഗസ്ഥരും. അങ്ങനെ ഇടതുപക്ഷരാഷ്ട്രീയം,
പരിഷത്തുപോലുള്ള ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾ, വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ചു
പഠിച്ചിട്ടുള്ള ഡോ. രാജിനെപ്പോലുള്ള അക്കാദമികവിദഗ്ദ്ധർ, പ്രതിജ്ഞാബദ്ധതയുള്ള
ഉദ്യോഗസ്ഥർ തുടങ്ങിയ നാലു കൈവഴികളിലൂടെയാണ് ജനകീയാസൂത്രണത്തിന്റെ ചിന്താധാരകൾ
ഒഴുകിവന്നത്. ഇവയെല്ലാമായി നല്ല ബന്ധം പുലർത്തിവന്ന ആളെന്ന നിലയിൽ ഇവരെയൊക്കെ ഫലപ്രദമായി
ഏകോപിപ്പിക്കാൻ കഴിഞ്ഞു.
ലോകത്തെവിടെയും മാതൃക ഇല്ലാതിരുന്ന ഒരു സംവിധാനവും സമ്പ്രദായവും
പ്രയോഗവും പൂർണ്ണമായും നാംതന്നെ ആവിഷ്ക്കരിക്കുക ആയിരുന്നല്ലോ. അതിന് ഇത്രയൊക്കെ
മതിയാകുമായിരുന്നോ? ജനപങ്കാളിത്തത്തോടെ താഴേത്തട്ടിൽനിന്നു പദ്ധതിക്കു രൂപം
നല്കുന്ന രീതി മറ്റെങ്ങും ഇല്ലെങ്കിലും കേരളത്തിലെയും കർണ്ണാടകവും പശ്ചിമബംഗാളും
പോലുള്ള സംസ്ഥാനങ്ങളിലെയും അതുവരെയുള്ള തദ്ദേശഭരണാനുഭവങ്ങൾ ഏതെങ്കിലും അളവിൽ
സഹായകമായോ? മുതൽക്കൂട്ടായ മറ്റു മാതൃകകൾ ഏതെങ്കിലും ഉണ്ടായിരുന്നോ?
ചൈനയിൽ തദ്ദേശഭരണസ്ഥാപനങ്ങൾ വളരെ ശക്തമായിരുന്നു. കമ്മ്യൂണിലുംമറ്റും
ചിട്ടയായ ആസൂത്രണവും ഉണ്ടായിരുന്നു. പക്ഷെ അതു വളരെ വ്യത്യസ്തമായ സാഹചര്യമാണ്.
നമ്മൾ ചെയ്തതിനോടു സാദൃശ്യമുള്ള ഒരു പരിപാടി ഉണ്ടായിരുന്നത് പോർട്ടോ അലെഗ്രെ എന്ന
ബ്രസീലിയൻപട്ടണത്തിൽ തുടങ്ങി ലാറ്റിനമേരിക്കൻരാജ്യങ്ങളിലാകെ പടർന്ന പങ്കാളിത്തബജറ്റിങ്
പ്രസ്ഥാനമാണ്. ലാറ്റിനമേരിക്കയിലെ നവയിടതുപക്ഷമാണ് ഇതിനു മുൻകൈയെടുത്തത്. അവിടെ
പദ്ധതിയെന്നൊരു ഏർപ്പാട് ഇല്ലല്ലോ. ഓരോ ബജറ്റിലും ഉൾപ്പെടുത്തേണ്ട പുതിയ
വികസനപ്രവർത്തനങ്ങളും മൂലധനച്ചെലവുകളും ജനങ്ങളുടെ പങ്കാളിത്തത്തോടെ തീരുമാനിക്കുകയാണ്
അവിടെ ചെയ്തത്. ഇതു ഫലപ്രദമായി നടപ്പാക്കിയതിന്റെ ഫലമായി പോർട്ടോ അലെഗ്രെ പട്ടണം
വലിയ നേട്ടങ്ങളുണ്ടാക്കി. ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് സമ്മേളനം ഇതു
ലോകമാതൃകയായി പ്രഖ്യാപിച്ചു. അങ്ങനെയാണ് ഈ രീതി പെരുമയാർജ്ജിച്ചത്.
ജനകീയാസൂത്രണത്തിന് ഒരു ദശാബ്ദം മുമ്പാണ്
പങ്കാളിത്തബജറ്റിങ് സമ്പ്രദായം തുടങ്ങിയതെങ്കിലും ജനകീയാസൂത്രണം നടപ്പാക്കുമ്പോൾ
നമുക്ക് അതേപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ചു നമ്മൾ പഠിക്കാൻ
ആരംഭിച്ചത് ജനകീയാസൂത്രണത്തിന്റെ അവസാനകാലത്ത്, 2000–ത്തിലാണ്. ജനകീയാസൂത്രണത്തെപ്പറ്റി ഞാനും റിച്ചാർഡ് ഫ്രാങ്കിയും
ചേർന്ന് എഴുതിയ ഗ്രന്ഥത്തിനു സ്പാനിഷ്, പോർച്ചുഗീസ്, കാറ്റലൻ ഭാഷകളിൽ പതിപ്പുകൾ
ഇറങ്ങിയപ്പോഴാണ് ലാറ്റിനമേരിക്കയിൽ അധികാരവികേന്ദ്രീകരണവും കീഴ്ത്തലാസൂത്രണവും നവവിപ്ലവചിന്തയുടെ
അഭേദ്യഭാഗമാണെന്നു മനസിലായത്.
വെനിസുവേലയിൽ ഷാവേസ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ
ഉപദേഷ്ടാവായിരുന്ന മാർത്ത ഹാർനെക്കർ (Marta Harnecker) കേരളത്തിന്റെയും
ലാറ്റിനമേരിക്കയുടെയും ആസൂത്രണരീതികൾ സംയോജിപ്പിക്കാൻ പരിശ്രമം നടത്തി. ക്യാൻസർ
ബാധിതയായി മരിക്കുന്നതിനുമുമ്പ് ക്യൂബയിലായിരുന്ന അവസാനനാളുകളിൽ, 2019-ൽ, ഇവർ
ഇതുസംബന്ധിച്ച് “താഴത്തുനിന്നുള്ള ആസൂത്രണം: വികേന്ദ്രീകൃത, പങ്കാളിത്ത ആസൂത്രണത്തിനുള്ള
പരിപാടി” (Planning
from Below: A Decentralized Participatory Planning Proposal) എന്നൊരു
ഗ്രന്ഥം (https://monthlyreview.org/product/planning-from-below/) ‘മന്ത്‌ലി
റിവ്യു പ്രസ്സ്’ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അവർ 2014-ൽ കേരളം സന്ദർശിച്ചിരുന്നു.
പലവട്ടം ലാറ്റിനമേരിക്കയിലേയ്ക്കു ക്ഷണമുണ്ടായിയെങ്കിലും എനിക്കു പോകാനായില്ല.
അശോക് മേത്ത കമ്മിറ്റിയുടെ തുടർച്ചയായി കർണ്ണാടകയിലും ഇടതുപക്ഷസർക്കാരിന്റെ നേതൃത്വത്തിൽ ബംഗാളിലും ജില്ലാതല ആസൂത്രണം നടപ്പാക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ഈ ജില്ലാത ആസൂത്രണത്തിൽനിന്നു കാര്യമായ പാഠങ്ങൾ കേരളത്തിന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഇവിടെ നമ്മൾ ആവിഷ്കരിച്ചത് തികച്ചും നൂതനമായ രീതിസമ്പ്രദായമായിരുന്നു. യു.പി.എ. സർക്കാരിന്റെ കാലത്ത് നമ്മുടെ മാതൃക പിൻതുടർന്ന് ഇൻഡ്യ മുഴുവൻ ജനകീയാസൂത്രണം നടപ്പാക്കാൻ പ്ലാനിങ് കമ്മിഷനു പരിപാടിയുണ്ടായിരുന്നു. ഉത്തരവും ഇറങ്ങി. പക്ഷെ എങ്ങും അതു പ്രാവർത്തികമായില്ല. അതിൽ അത്ഭുതവുമില്ല. ഉത്തരവ് ഇറക്കിയതുകൊണ്ടു നടപ്പാക്കാൻ കഴിയുന്ന ഒരു കാര്യമല്ല കീഴ്ത്തട്ടിൽനിന്നുള്ള ആസൂത്രണം.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ബി.ജെ.പി. സർക്കാരിന്റെ
കീഴിൽ ജനകീയാസൂത്രണമെന്ന പേരിൽത്തന്നെ ഉത്തരവിറങ്ങിയതാണ്! എനിക്കു തോന്നുന്നു, യു.പി.എ.ക്കാലത്ത്
എസ്.എം. വിജയാനന്ദ് കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പിൽ ഉണ്ടായിരുന്നപ്പോൾ എഴുതിയ
ഫയലായിരിക്കണം. സർക്കാർ മാമൂൽ അനുസരിച്ച് ഉത്തരവ് ആയപ്പോഴേക്ക് ഒന്നാം എൻ.ഡി.എ.
സർക്കാരിന്റെ അവസാനകാലം ആയതാകും. ബി.ജെ.പി.ക്കാർക്കു പഞ്ചായത്തീരാജ്
സംവിധാനത്തോടുതന്നെ ചതുർത്ഥിയാണല്ലോ. അതുകൊണ്ട് ഈ ഉത്തരവ് കൗതുകരകരമായ ഒരു
ചരിത്രരേഖയായി അവശേഷിക്കുന്നു.
കല്യാശ്ശേരിക്കു പുറമെ ജനകീയാസൂത്രണത്തിനുള്ള കരുക്കൾ
സമ്മാനിച്ച കേരളത്തിലെ പരീക്ഷണങ്ങൾ ഒന്നു ചുരുക്കിപ്പറയാമോ?
ജനകീയാസൂത്രണം സംബന്ധിച്ച എന്റെ ഗ്രന്ഥമായ ‘People’s Planning – Kerala, Local
Democracy and Development’-ലെ (https://mayday.leftword.com/catalog/product/view/id/22319) ഒരു അദ്ധ്യായംതന്നെ ഇത്തരം പരീക്ഷണങ്ങളോടുള്ള കടപ്പാടു വിശദീകരിക്കാൻ നല്കിയിട്ടുണ്ട്.
ഇതിൽ ഏറ്റവും കൂടുതൽ പരിഷത്തിന്റെ വികസനപരീക്ഷണങ്ങളാണ് - ശിവപുരം കോംപ്ലക്സ്
അടക്കമുള്ള വിദ്യാഭ്യാസപരിപാടികൾ, മീൻവല്ലം ചെറുകിടജലവൈദ്യുതിപദ്ധതി, പുകയില്ലാത്ത
അടുപ്പ്, താനാളൂർ ആരോഗ്യപരിപാടി, പഞ്ചായത്തുതലവിഭവഭൂപടം, കല്യാശ്ശേരി ആസൂത്രണപരീക്ഷണം,
ഗലാസ കാർഷികപരിപാടി എന്നിവ ചില ഉദാഹരണങ്ങൾ.
കോസ്റ്റ്‌ഫോർഡിന്റെ നിർമ്മാണപരീക്ഷണങ്ങൾ, പഴയന്നൂർ
ആസൂത്രണം, പി.സി.ഒ.യുടെ കൃത്രിമപാരുകൾ, സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെ
തൃക്കുന്നപ്പുഴ വാട്സാൻ, ഒളവണ്ണ മോഡൽ കുടിവെള്ളപദ്ധതി, കഞ്ഞിക്കുഴി ജനകീയപച്ചക്കറി,
കേരള ദിനേശ് ബീഡി, ആലപ്പുഴ ദാരിദ്ര്യനിർമ്മാർജ്ജനപദ്ധതി തുടങ്ങിയവയാണ് മറ്റു ചില
ഉദാഹരണങ്ങൾ. ഈ ലിസ്റ്റ് പൂർണ്ണമല്ലെന്നു ഞാൻ പറയേണ്ടല്ലോ.
ജനകീയാസൂത്രണത്തിന്റെ തന്ത്രം സി.പി.ഐ.(എം)-ന്റെ രാഷ്ട്രീയകാഴ്ചപ്പാടിന്റെ
ഭാഗമായിരുന്നു. പക്ഷെ അതു ഫലപ്രദമായും സമയബന്ധിതമായും നടപ്പാക്കാൻ കഴിഞ്ഞത്
ഇതിന്റെ കരുക്കൾ മേൽപ്പറഞ്ഞ പരീക്ഷണങ്ങളിലൂടെ ആവിഷ്കരിക്കപ്പെട്ടിരുന്നു
എന്നതുകൊണ്ടാണ്.
ഇന്നു വിവിധതലങ്ങളിൽ ജനപ്രതിനിധികൾ ആയിരിക്കുന്നവരടക്കം 35 - 40 വയസിൽ താഴെയുള്ളവർക്ക് അതിന്റെ ഗൗരവത്തോടെ നേരിട്ടു മനസിലാക്കാൻ അവസരം ഉണ്ടായിട്ടില്ലാത്ത അപൂർവ്വവികസനവിപ്ലവം ആയിരുന്നല്ലോ ജനകീയാസൂത്രണം. ആ അനുഭവങ്ങൾ അതിന്റെ മുക്കുമൂലകൾവരെ മനസിലുള്ള ആളിൽനിന്നു നേരിട്ടറിയുന്നതിനു പ്രത്യേകപ്രസക്തി ഉണ്ടല്ലോ; വിശേഷിച്ചും അതിന്റെ തുടർപ്രയോക്താക്കളായി മാറുന്നവർക്ക്.
ചരിത്രം കുറിച്ച എടുത്തുചാട്ടം!
തദ്ദേശഭരണസ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും
ശാക്തീകരിക്കാതെ, പ്രാപ്തരാക്കാതെ, അധികാരവും
ധനവും താഴേക്കു കൈമാറുന്നത് പരാജയത്തിനു കാരണമാകും എന്നായിരുന്നല്ലൊ പരമ്പരാഗതധാരണയും
വാദവും. ഇതിനെ വെല്ലുവിളിച്ചാണല്ലോ പഞ്ചവത്സരപദ്ധതിയുടെ 35 – 40 ശതമാനം പണവും അതിനുള്ള അധികാരങ്ങളും തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറാൻ
അന്നു തീരുമാനിച്ചത്. ഐതിഹാസികമായ ആ തീരുമാനം എങ്ങനെയാണു ബന്ധപ്പെട്ട
എല്ലാവരെയുംകൊണ്ട് അംഗീകരിപ്പിക്കാനും നടപ്പാക്കാനും കഴിഞ്ഞത്?
വിജയത്തിന്റെ ഏറ്റവും വലിയ ഘടകം നേതൃത്വം നല്കിയത്
ഇ.എം.എസ്. ആണ് എന്നതാണ്. അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഉപേക്ഷ കാണിച്ച
മദിരാശി പ്രവിശ്യ കോൺഗ്രസ് സർക്കാരിനെയും രാജഗോപാലാചാരിയെയും ശക്തമായി
വിമർശിച്ചുകൊണ്ട് 1938-ൽ മാതൃഭൂമിയിൽ ഇ.എം.എസ്. എഴുതിയ ലേഖനം മുതൽ കേരളത്തിൽ
അധികാരവികേന്ദ്രീകരണപരിശ്രമത്തിന്റെ ഓരോ ഘട്ടത്തിലും ഇ.എം.എസിന്റെ കൈച്ചാർത്ത്
ഉണ്ട്. ’67-ലെ സർക്കാരിന്റെ കാലത്ത് തന്നെ പിന്തുണയ്ക്കാൻ തദ്ദേശഭരണമന്ത്രി
മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്.
പദ്ധതിരേഖകൾ തയ്യാറാക്കുന്നതിനു താഴേയ്ക്കു പണം
പുനർവിന്യസിച്ചേപറ്റൂ. അതിനു കാലതാമസം ഉണ്ടായപ്പോൾ ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ
വേദിയിൽ പരസ്യവിമർശനം നടത്താനും ഇ.എം.എസ്. മടിച്ചില്ല. ജനകീയാസൂത്രണത്തിന്റെ
പ്രാരംഭഘട്ടങ്ങളിൽ ഓരോ മാർഗ്ഗതടസ്സങ്ങളും തട്ട നീക്കാൻ ഇ.എം.എസ്. മുന്നിട്ടിറങ്ങി.
സഖാവുതന്നെ പാർട്ടി സംസ്ഥാനസമിതിയിൽ ഇതു റിപ്പോർട്ട് ചെയ്തൂവെന്നു മാത്രമല്ല,
മൂന്നു മേഖലാ ജനറൽബോഡികളിൽ പങ്കെടുത്ത് ജനകീയാസൂത്രണത്തെക്കുറിച്ചു
വിശദീകരിക്കുകയും ചെയ്തു. മാതൃകാഗ്രാമസഭകളിൽ കാഴ്ചക്കാരനായി ഉടനീളം പങ്കെടുത്തത്
അടക്കമുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും താത്പര്യവും പ്രസ്ഥാനത്തിന്റെ പ്രാധാന്യം
ഉയർത്തുന്നതിലും എതിർപ്പുകൾ ലഘൂകരിക്കുന്നതിലും നല്ല പങ്കു വഹിച്ചു.
രാഷ്ട്രീയമണ്ഡലത്തിൽ മാത്രമല്ല, അക്കാദമികമണ്ഡലത്തിലും
എതിർപ്പുകാർ ഉണ്ടായിരുന്നു. താഴേക്ക് അധികാരം കൊടുക്കണം, പക്ഷെ ഒറ്റയടിക്കു
പാടില്ല എന്നതായിരുന്നു നിലപാട്. മുന്നൊരുക്കങ്ങളൊന്നും പോരെന്ന് അവർ കാര്യകാരണസഹിതം
സ്ഥാപിക്കാൻ ശ്രമിച്ചു. അവർക്ക് ഒരു കൂടിയാലോചനായോഗത്തിൽ ഗുലാത്തി നല്കിയ മറുപടി
ഇതാണ്: “വെള്ളത്തിൽ ചാടാതെ നീന്തൽ പഠിക്കാൻ കഴിയുമോ? സ്വാതന്ത്ര്യസമരകാലത്തു
ബ്രട്ടീഷുകാർ പറഞ്ഞുകൊണ്ടിരുന്നതും ഇതുതന്നെയാണ് - സ്വാതന്ത്ര്യത്തിന്
ഇന്ത്യക്കാർക്കു പ്രാപ്തി വന്നിട്ടില്ല. അതുകേട്ട് ഇരുന്നിരുന്നെങ്കിൽ ഇന്ത്യ
സ്വതന്ത്രമാകുമായിരുന്നോ? ഇന്ത്യയിൽ അധികാരവികേന്ദ്രീകരണകാര്യത്തിൽ നടന്നത് ഇതു
തന്നെയാണ്. മുന്നൊരുക്കങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കുക. അത് ഒരിക്കലും
പൂർത്തിയാകുകയുമില്ല, അധികാരം താഴേക്കു കൊടുക്കുകയുമില്ല.”
അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തിയത്. വാഗ്ദാനം ചെയ്ത പണവും അധികാരവും താഴേയ്ക്കു കൊടുക്കണമെന്നു കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളം മുഴുവൻ ആവശ്യപ്പെടുമ്പോൾ അതിനോടു മുഖം തിരിഞ്ഞു നിൽക്കാൻ ആർക്കുമാവില്ല. പണ്ടത്തെ യുദ്ധതന്ത്രമില്ലേ? പാലം കടക്കുക. അതിനുശേഷം പാലം മുറിക്കുക. പിന്നെ പിൻവാങ്ങാൻ പറ്റില്ല. ജയിക്കുക അല്ലെങ്കിൽ മരിക്കുക. അല്ലാതെ മറ്റു മാർഗ്ഗമില്ല. ഇതായിരുന്നു തന്ത്രം.
അന്ന് എതിർത്തവരിൽ ആരെങ്കിലും അന്നത്തെ തീരുമാനം
ശരിയായിരുന്നു എന്നു പിന്നീട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ അപ്പോൾ
എന്തു തോന്നി?
ഒട്ടനവധി ഉയർന്ന ഉദ്യോഗസ്ഥർ ആദ്യം മനസ്സിൽ
എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് ജനകീയാസൂത്രണത്തിലെ എടുത്തുചാട്ടം
ശരിയാണെന്നു സമ്മതിച്ചു. പാർട്ടിക്കുള്ളിൽ പലർക്കും പുതിയ സമീപനം
ദഹിച്ചിരുന്നില്ല. ഇ.എം.എസിന്റെ കാലത്തിനുശേഷം ജനകീയാസൂത്രണവിവാദകാലത്ത് ഇതൊക്കെ
അണപൊട്ടിയൊഴുകി. എന്തെല്ലാം ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് ഉന്നയിക്കപ്പെട്ടത്.
ഇതുസംബന്ധിച്ച എന്റെ ഒരു പുസ്തകം തന്നെ ഡി.സി. ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.
അന്ന് ഉന്നയിച്ച ആക്ഷേപങ്ങൾ ചില ഒറ്റപ്പെട്ട വട്ടൻമാരല്ലാതെ ആരെങ്കിലും ഇന്ന്
ഏറ്റു പറയുന്നുണ്ടോ?
അകത്തും പുറത്തും എതിർപ്പുകൾ നില്ക്കെ, ജനകീയാസൂത്രണത്തിലേക്ക്
എടുത്തുചാടുമ്പോൾ എന്തായിരുന്നു അതിനുള്ള ധൈര്യം? പരീക്ഷണം
പരാജയപ്പെട്ടാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിച്ചിരുന്നോ? പ്രത്യാഘാതങ്ങൾ എന്തൊക്കെയാകും എന്നാണു കണക്കുകൂട്ടിയത്?
എത്ര നാളായി കേരളത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന
കാര്യമാണ് അധികാരവികേന്ദ്രീകരണം! അതുകൊണ്ട് അക്കാര്യത്തിൽ സംശയമൊന്നും ഉണ്ടായില്ല.
എന്നാൽ ഇതുപോലെ എടുത്തുചാട്ടം റിസ്ക് അല്ലേയെന്നു പലരും എന്നോടു ചോദിച്ചിട്ടുണ്ട്.
സത്യം പറയട്ടെ. ധൈര്യം ഇ.എം.എസ്. തന്നെ. ചാട്ടമൊന്നു പിഴച്ചാലും തിരുത്താനാവാത്ത
തെറ്റുകൾ ഉണ്ടാവില്ലായെന്ന് ഉറപ്പുണ്ടായിരുന്നു. അക്കാദമികമായും പ്രാദേശികപരീക്ഷണങ്ങളിലും
ഉണ്ടായിരുന്ന പങ്കാളിത്തം വലിയ ആത്മവിശ്വാസം നല്കിയിരുന്നു. 1996-97-ൽ
മുകളിൽനിന്നു താഴേക്കു പതിനായിരക്കണക്കിന് ആളുകളെ പങ്കാളികളാക്കി ഒന്നിനു പുറകേ
ഒന്നായി ആറുഘട്ടപരിശീലനങ്ങൾ സംഘടിപ്പിക്കുമ്പോൾ പുറത്തു കാണിച്ചില്ലെങ്കിലും വലിയ
വേവലാതിയായിരുന്നു. ഓരോ ഘട്ടത്തിലുമുള്ള കൈപ്പുസ്തകങ്ങൾ തയ്യാറാക്കേണ്ടിയിരുന്നു.
മൊത്തം 3,000 പേജുണ്ട് അതിനായി അച്ചടിച്ച പുസ്തകങ്ങൾ. മൂന്നാം ഘട്ടത്തിലെ പ്രോജക്ട്
എങ്ങനെ തയ്യാറാക്കാം - അതിന്റെ രീതിസമ്പ്രദായം ആവിഷ്കരിച്ചെടുക്കാനാണ് ഏറ്റവും
സമയം വേണ്ടിവന്നത്. പുറത്തുനിന്നുള്ള പലരുടെയും സഹായം തേടേണ്ടിവന്നു.
വികസനം സംബന്ധിച്ച ധാരണ, വിവിധ
വികസനമേഖലകളെപ്പറ്റിയുള്ള അറിവ്, ആസൂത്രണപ്രക്രിയ തുടങ്ങിയവയൊക്കെ ജനങ്ങളിലേക്കും
ജനപ്രതിനിധികളിലേക്കും എത്തിക്കാൻ കഴിഞ്ഞതാണല്ലോ ജനകീയാസൂത്രണം
സാദ്ധ്യമാക്കിയത്. ആ വലിയ വിജ്ഞാനവ്യാപനം
എങ്ങനെയാണു നടത്തിയത്?
കേരളമെന്നല്ല, ഒരുപക്ഷെ, ലോകംതന്നെ കണ്ടിട്ടില്ലാത്ത തരം
പരിശീലനമാണു വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നാം ജനകീയാസൂത്രണത്തിനായി നടത്തിയത്.
അത്ഭുതകരമായ കാര്യമായിരുന്നു അത്. ഇന്നു നോക്കുമ്പോൾ ഞാൻതന്നെ
വസ്മയിച്ചുപോകുകയാണ്. ഒരുലക്ഷം പേരെയാണു താഴേത്തലത്തിൽ പരിശീലിപ്പിച്ചത്! അതിനായി
ജില്ലാതലത്തിൽ 10,000 പേരെയും സംസ്ഥാനതലത്തിൽ 600 പേരെയും പരിശീലിപ്പിച്ചു.
ഇവർക്കെല്ലാം പ്രസ്ഥാനം ഉദ്ഘാടനം ചെയ്ത 1996 ഓഗസ്റ്റ് 17 മുതൽ ഒരുവർഷക്കാലയളവിൽ
ആറുവട്ടമാണു പരിശീലനം നല്കിയത്! ഓരോ ഘട്ടത്തിലും നടക്കേണ്ട പ്രവർത്തനങ്ങളെപ്പറ്റി
അതതുഘട്ടത്തിൽ പരിശീലനം എന്നതായിരുന്നു രീതി. തുടർന്നുള്ള എല്ലാ വർഷവും
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും പതിവായി പരിശീലനം
നല്കി.
മുമ്പുപറഞ്ഞ കൈപ്പുസ്തകമൊക്കെ അതിനായി തയ്യാറാക്കിയതാണ്.
ചിലപ്പോൾ സംസ്ഥാനതലപരിശീലനം നടന്നുകഴിയുമ്പോഴാണ് ആ വിഷയത്തിൽ പൂർണ്ണവ്യക്തത വരിക.
തിരിച്ചെത്തുമ്പോഴേക്ക് അതു പുസ്തകമാക്കിയിരിക്കും! വണ്ടിയിലിരുന്നൊക്കെ ആയിരുന്നു
അന്നു മിക്കപ്പൊഴും എഴുത്തുകൾ. ജനകീയാസൂത്രണത്തിന്റെ ഭാഗമായും അതിനു മുമ്പും
സൃഷ്ടിക്കപ്പെട്ട വികസനമാതൃകകൾ അവയുടെ പ്രയോക്താക്കൾതന്നെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലെയും
പ്രവർത്തകരെവരെ പരിചയപ്പെടുത്തുന്ന പരിപാടിയും ഉണ്ടായിരുന്നു.
ജനകീയാസൂത്രണത്തിന്റെ പരിസമാപ്തിഘട്ടത്തിൽ നമ്മുടെ
വികസനാനുഭവങ്ങൾ പങ്കുവയ്ക്കാൻ രാജ്യാന്തരസെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി
മുഴുവൻ തദ്ദേസഭരണസ്ഥാപനങ്ങളുടെയും അദ്ധ്യക്ഷരെയും ഉപാദ്ധ്യക്ഷരെയും ക്ഷണിച്ചു. ഓരോ
മേഖലയെയും പറ്റിയുള്ള അനുഭവം അവർ വിവരിച്ചു. വിവിധ വികസന-ക്ഷേമമേഖലകളിലെയും
സ്ത്രീശാക്തീകരണം, പട്ടികവിഭാഗവികസനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലെയും
അനുഭവങ്ങളും മാതൃകകളും സമാഹരിച്ചു വെവ്വേറെ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും
പ്രതിനിധികൾക്കു വിതരണം ചെയ്യുകയും ചെയ്തു. അന്നുണ്ടായ വികസനസാഹിത്യത്തിന്റെ
വൈപുല്യം – അതും ഒരു റെക്കോഡാണ്. തദ്ദേശഭരണസ്ഥാപനങ്ങൾ തയ്യാറാക്കിയ വികസനറിപ്പോർട്ടുകൾതന്നെയുണ്ട്
ഒരുലക്ഷത്തിൽപ്പരം പേജ്! അടിസ്ഥാനവിവരങ്ങൾ അടക്കമുള്ള പ്രാദേശികവികസനപരിപ്രേക്ഷ്യം!
പുസ്തകങ്ങളിൽ നല്ലപങ്കും പ്രാദേശികാസൂത്രണത്തിനുള്ള
എക്കാലത്തേയും വഴികാട്ടികളാണ്. അക്കാദമികസ്വഭാവമുള്ളവ തുടർഗവേഷണങ്ങളും പുതിയ
പരിപാടികളുടെ ആവിഷ്ക്കരണത്തിനുമൊക്കെ പ്രയോജനപ്രദവുമാണ്. ‘ജനകീയാസൂത്രണം:
സിദ്ധാന്തവും പ്രയോഗവും’ പദ്ധതിയുടെ ഏതാണ്ടു സമഗ്രചിത്രം നല്കുന്നതാണ്. കുറേക്കൂടി
ഗഹനമാണ് ഞാനും ഫ്രാങ്കിയും ചേർന്ന് എഴുതിയ, ഇപ്പോൾ പരിഷ്ക്കരിച്ചിറക്കിയ ‘People’s Planning’ എന്ന പുസ്തകം. അന്നു പരിശീലനം ലഭിച്ച മുഴുവൻപേരും വികസനത്തെപ്പറ്റി ശാസ്ത്രീയമായ
കാഴ്ചപ്പാട് ആർജ്ജിച്ചിരുന്നു. ഇവരാണു പില്ക്കാലത്തെ പ്രാദേശികഭരണത്തിൽ ഗുണകരമായ
പല മാറ്റവും സൃഷ്ടിച്ചത്. പലരും പ്രാദേശികതലത്തിൽ ജനപ്രതിനിധികളും ഭാരവാഹികളും വരെ
ആയി.
പിഴച്ചും പഠിച്ചും ഒരു കുതിപ്പ്
ചെയ്യുക, തിരുത്തുക,
കുറ്റമറ്റതാകുംവരെ തിരുത്തൽ തുടരുക എന്ന ട്രയൽ ആൻഡ് എറർ രീതിയിലാണല്ലോ
പല സമ്പ്രദായങ്ങളും ചിട്ടകളും വികസിപ്പിച്ചത്. പല ഉത്തരവും പലയാവർത്തി
പരിഷ്ക്കരിച്ച് ഇറക്കേണ്ടിവന്നു. ആ അനുഭവം അങ്ങനെയായിരുന്നു? ഏറ്റവുമധികം തിരുത്തലിനു വിധേയമായ ഉത്തരവുകളും നടപടിക്രമങ്ങളും
ഏതൊക്കെയാണ്? ആ രീതിയോടു വിവിധതലങ്ങളിൽ ഉള്ളവരുടെ പ്രതികരണം
എന്തായിരുന്നു? ഈ ഉത്തരവുബാഹുല്യവും അവയുടെ പ്രയോഗവും ആശയക്കുഴപ്പം
ഉണ്ടാക്കാതെ എങ്ങനെയാണു കൈകാര്യം ചെയ്തത്?
ഇത് നൂതനമായൊരു നടത്തിപ്പുരീതി ആയിരുന്നു. ഉത്തരവിറങ്ങുക.
അതനുസരിച്ചു കാര്യങ്ങൾ ചെയ്യുക – അതാണല്ലോ സർക്കാർശൈലി. ജനകീയാസൂത്രണത്തിലും
ഉത്തരവുകൾക്കു കുറവൊന്നുമുണ്ടായില്ല. നാലു വാല്യമായാണ് ജനകീയാസൂത്രണത്തിന്റെ ഉത്തരവുകൾ
സമാഹരിച്ചത്! അവസാനവാക്ക് അല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉത്തരവുകൾ ഇറക്കിയിരുന്നത്.
അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. ഏറ്റവും നല്ല
ഉദാഹരണം ആസൂത്രണത്തിന്റെ ഉത്തരവാണ്. ഇതിൽ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും
വന്നിട്ടില്ല. പക്ഷെ, എല്ലാവർഷവും പുതുക്കി ഇറക്കുന്നുണ്ട്. ഗുണഭോക്തൃസമിതികളുടെ
ഉത്തരവ് എത്ര പ്രാവശ്യം മാറ്റേണ്ടിവന്നു! മഞ്ജുള ഭാരതിയുടെ പിഎച്ച്ഡി തിസീസിൽ ഇത്തരം
ഏതാനും ഉത്തരവുകളെടുത്ത് എങ്ങനെയാണ് കീഴ്ത്തട്ടിൽ നിന്നുള്ള പ്രതികരണത്തിന്റെ
അടിസ്ഥാനത്തിൽ അവയിൽ നിരന്തരം മാറ്റം വരുത്തിയത് എന്ന് ഉദാഹരിക്കുന്നുണ്ട്. ഈ
ഉത്തരവുകളുടെ ബാഹുല്യം ആശയക്കുഴപ്പം ഉണ്ടാക്കിയില്ല. അതിനൊരു കാരണം
ജനകീയാസൂത്രണത്തിന്റെ ഭാഗമായി തുടർച്ചയായി നടന്നിട്ടുള്ള പരിശീലനങ്ങളാണ്. അവിടെ
നടക്കുന്ന വിശദീകരണങ്ങൾ കൃത്യതയോടെ കീഴ്ത്തട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
ഉദ്യോഗസ്ഥതലത്തിൽ പല കാര്യത്തിലും എതിർപ്പുകൾ
ഉണ്ടായിരുന്നല്ലോ.
വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം
തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ആക്കുക എന്ന അടിസ്ഥാനകാര്യത്തിലൊക്കെ ശക്തമായ
എതിർപ്പുണ്ടായിരുന്നു. ജീവനക്കാരുടെ സംഘടനകൾതന്നെ രംഗത്തുവന്നു.
ഉദ്യോഗസ്ഥപുനർവിന്യാസമായിരുന്നു മറ്റൊരു വിഷയം. പല വകുപ്പിന്റെയും വിഹിതത്തിൽ
നിശ്ചിതശതമാനം തദ്ദേസസ്ഥാപനങ്ങളിലേക്കു പോകുമ്പോൾ ആ വകുപ്പിന്റെ ഭാരം അത്രയ്ക്കു
കുറയുകയല്ലേ. തദ്ദേശസ്ഥാപനങ്ങളുടെ ഭാരം അതിനൊത്തു കൂടുകയും. ഉദാഹരണത്തിന്,
വിദ്യാലയങ്ങളുടെ നിർമ്മാണവും പരിപാലനവും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ആകുമ്പോൾ
മരാമത്തുവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും അത്രയും ജോലിഭാരം
ഇല്ലാതാകുകയല്ലേ? അപ്പോൾ ആ വകുപ്പുകളിൽനിന്നുള്ള ജീവനക്കാരിൽ ആനുപാതികമായ അളവിൽ
തദ്ദേശസ്ഥാപനങ്ങളിലേക്കു പുനർവിന്യസിക്കണമായിരുന്നു. വിവിധവകുപ്പുകൾ
ജനകീയാസൂത്രണത്തിനായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതടക്കം പലതും
ചെയ്യേണ്ടതുണ്ടായിരുന്നു. അക്കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ തങ്ങളുടെ വകുപ്പിലും
അധികാരത്തിലും ആസൂത്രണബോർഡ് ‘ഇടപെടുന്നു’ എന്ന മട്ടിലാണ് ചില ഉന്നതോദ്യോഗസ്ഥർ
കണ്ടത്.
സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് അതിനെയൊക്കെ മറികടക്കാൻ സഹായിച്ചത്. മുഖ്യമന്ത്രി സ. നായനാർ വളരെ വലിയ പിന്തുണയാണു നല്കിയത്. വിവിധവകുപ്പികളിൽനിന്നുണ്ടാകുന്ന വിമർശനങ്ങളും മറ്റും രമ്യമായി പരിഹരിക്കുന്നതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ വലിയ പങ്കുവഹിച്ചു. ജനകീയാസൂത്രണപ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം പ്രത്യേകതാത്പര്യം എടുത്തിരുന്നു. ഘടകകക്ഷികളെയെല്ലാം ഏകോപിപ്പിക്കുന്നതിൽ അന്ന് എൽ.ഡി.എഫ്. കൺവീനറായിരുന്ന സ. വി.എസും സമയാസമയങ്ങളിൽ ഇടപെടുമായിരുന്നു. സ. ഇ.എം.എസിന്റെ മരണശേഷം ഉന്നതാധികാരസമിതിയുടെ അദ്ധ്യക്ഷനായി സ. വി.എസ്. ആണു നേതൃത്വം നൽകിയത്. വകുപ്പുമന്ത്രി സ. പാലോളി ഞങ്ങൾ എടുത്തുകൊണ്ടിരുന്ന മുൻകൈകളെ പ്രോത്സാഹിപ്പിക്കുകയല്ലാതെ ഒരിക്കൽപ്പോലും തടസ്സപ്പെടുത്തിയിട്ടില്ല.
എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയത് മന്ത്രിയെന്ന
നിലയിൽ പാലോളി മുഹമ്മദുകുട്ടി എടുത്തിട്ടുള്ള സവിശേഷതാത്പര്യമാണ്. ഇതിനുവേണ്ടിയാണു
താൻ മന്ത്രിയായിരിക്കുന്നത് എന്ന മട്ടിലായിരുന്നു ഭരണം എന്നുപോലും ചിലപ്പോൾ
തോന്നിയിട്ടുണ്ട്. ഞാൻ അന്നു ചെയ്ത അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിനു കൊടുത്ത
തലക്കെട്ട് ‘അധികാരം ഇല്ലാതാക്കാൻ ഒരു മന്ത്രി’ എന്നായിരുന്നു.
വളരെ ശരിയാണ്. സാധാരണഗതിയിൽ അധികാരങ്ങൾ കൈവിട്ടുപോകുന്നത്
മിക്കവരെയും അസ്വസ്ഥരാക്കുന്ന കാര്യമാണെന്നിരിക്കെ വിശേഷിച്ചും.
തദ്ദേശഭരണസ്ഥാപനങ്ങളെ പിരിച്ചുവിടാൻ സർക്കാരിന് ഉണ്ടായിരുന്ന അധികാരം ഇല്ലാതാക്കി.
അവയിലെ വാർഡുകളുടെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള അധികാരം
സംസ്ഥാതെരഞ്ഞെടുപ്പുകമ്മിഷനു വിട്ടുകൊടുത്തു. താഴേയ്ക്കുള്ള ധനവിന്യാസനം
പൂർണ്ണമായും സുതാര്യമായ ഫോർമുലയെ അടിസ്ഥാനമാക്കി ആയിരുന്നു. ഒരിക്കൽപ്പോലും
ഇക്കാര്യത്തിൽ തനിക്ക് എന്തെങ്കിലും വിവേചനാധികാരം വേണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടില്ല. തദ്ദേശസ്ഥാപനങ്ങൾക്കു ധനം അനുവദിക്കുന്ന കാര്യത്തിലും
സർക്കാരിനുണ്ടായിരുന്ന അധികാരം നിയമനിർമ്മാണത്തിലൂടെ നിയമസഭയ്ക്കാക്കിമാറ്റി. അഴിമതി
കുറയ്ക്കാൻ ഓംബുഡ്‌സ്‌മാനു രൂപം നല്കി. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ
ശിക്ഷിക്കാനുള്ള അധികാരം അതിനു വിട്ടുകൊടുത്തു. ഉദ്യോഗസ്ഥപുനർവിന്യസനത്തിനു
ഫലപ്രദമായ നടപടികൾ എടുത്തു. മന്ത്രിയുടെ അധികാരത്തിലായിരുന്ന ഡി.ആർ.ഡി.എ,.യും
ഒരുപിടി അതോറിറ്റികളും നിർത്തലാക്കി. ഗ്രാമവികസനവകുപ്പ് തദ്ദേശഭരണവകുപ്പിൽ ലയിപ്പിക്കാൻ
നടപടിയെടുത്തു. സെൻ കമ്മിറ്റിയുടെ ശുപാർശകൾ നിയമമാക്കുന്നതും പഞ്ചായത്തീരാജ്,
നഗരപാലികാനിയമങ്ങൾ ഭേദഗതി ചെയ്യുന്നതും അടക്കം ഒട്ടേറെ സുപ്രധാനനിയമനിർമ്മാണങ്ങളും
നടപടികളും പ്രാദേശികസർക്കാരുകളെ ശക്തിപ്പെടുത്താൻ അദ്ദേഹം കൈക്കൊണ്ടു.
കേരളപ്പിറവിമുതൽ പരിശ്രമിക്കുന്ന അധികാരവികേന്ദ്രീകരണം ഫലപ്രദമായി സാദ്ധ്യമാക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നതെന്ന ബോദ്ധ്യത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇതൊക്കെയാണ് രാജ്യത്തിനു മതൃകയായ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും കേരളത്തിൽ സാദ്ധ്യമാക്കിയത്. ഇ.എം.എസിനെപ്പോലതന്നെ ശക്തമായ പിന്തുണയായിരുന്നു സ. പാലോളിയിൽനിന്നും കിട്ടിയിരുന്നത്. കേരളത്തിന്റെ അധികാരവികേന്ദ്രീകരണചരിത്രത്തിൽ സുപ്രധാനസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
അതെ, ജനകീയാസൂത്രണത്തിനെതിരെ വിമർശങ്ങൾ
ഉയർന്നപ്പോഴും മന്ത്രിയുടെടെ കാര്യത്തിൽ ആർക്കും ഒരു വിമർശവും ഇല്ലായിരുന്നു.
സൗമ്യനും നിശബ്ദസർവ്വസമ്മതനുമായി ലക്ഷ്യങ്ങൾ നേടുകയായിരുന്നു അദ്ദേഹം.ഉത്തരവുകളും
ചട്ടങ്ങളുമൊക്കെ സമയബന്ധിതമായി പുറത്തിറക്കുന്നതിലടക്കം ആ വകുപ്പിലെ യും
ആസൂത്രണബോർഡിലെയുമൊക്കെ ഉദ്യോഗസ്ഥരുടെയും നല്ല സഹകരണം ഉണ്ടായല്ലോ. തദ്ദേശഭരണസ്ഥാപനങ്ങളിലെ
ജനപ്രതിനിധികളിൽനിന്നുള്ള സഹകരണം എത്തരത്തിൽ ആയിരുന്നു?
ജനകീയാസൂത്രണത്തിന്റെ യഥാർത്ഥ പ്രയോക്താക്കൾ എന്ന
നിലയിലേക്ക് അവർ അതിവേഗം ഉയർന്നു എന്നതാണു വാസ്തവം. തുടക്കത്തിൽ പലർക്കും ഇതിന്റെ
പ്രാധാന്യം മനസിലായിരുന്നില്ല. അമിതജോലിഭാരം വരുത്തുന്ന ഏർപ്പാടാണെന്നൊക്കെ
ധരിച്ചവർപോലും ഉണ്ടായിരുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം
ഗ്രാമസഭയ്ക്കു പോകുന്നതിലൊക്കെ വൈഷമ്യമുള്ള അപൂർവ്വം ചിലർ ഉണ്ടായിരുന്നിരിക്കാം.
അത്തരം കാര്യങ്ങളിൽ കൊണ്ടുവന്ന സുതാര്യതയടക്കം പലതും അതുവരെ നിലനിന്ന പലതരം
ദുഃശീലങ്ങൾക്കുള്ള അവസരം ഇല്ലാതാക്കുന്നത് ആയിരുന്നല്ലോ. എന്നാൽ ഏതാനും യോഗങ്ങളും
പരിശീലനങ്ങളുമൊക്കെ കഴിഞ്ഞപ്പോഴേക്ക് ആ നില പാടേ മാറി. തങ്ങളാണു തീരുമാനം
എടുക്കേണ്ടവർ എന്ന അധികാരഭാവമൊക്കെ ഉപേക്ഷിച്ച് മറ്റുള്ളവരുമായി ചേർന്നു ചർച്ച
ചെയ്തു തീരുമാനിക്കുന്നതിലേക്കും അവർ പരിവർത്തനം ചെയ്യപ്പെട്ടു. പിന്നീട് അവർ
അധികാരവികേന്ദ്രീകരണത്തിന്റെ വക്താക്കളായി മാറി. വാസ്തവത്തിൽ ജനകീയാസൂത്രണം
സൃഷ്ടിച്ച അടിസ്ഥാനമാറ്റങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. വനിതാജനപ്രതിനിധികളാണ് ജനകീയാസൂത്രണത്തിൽ
പ്രധാനപങ്കു വഹിച്ചത് എന്നതാണു ശ്രദ്ധേയമായ കാര്യം. അതിന്റെ സ്പിരിറ്റ് ആദ്യം
ഉൾക്കൊണ്ടത് അവരായിരുന്നു.
ജനകീയോത്സവം, വികസനത്തിന്റെ വസന്തോത്സവം
എന്നൊക്കെയാണല്ലോ ജനകീയാസൂത്രണം വിശേഷിപ്പിക്കപ്പെട്ടത്. ജനങ്ങളുടെ
പങ്കാളിത്തത്തിന്റെ സ്വഭാവം എന്തായിരുന്നു?
ആവേശകരമായിരുന്നു. പക്ഷെ, ഇതിന് എടുക്കേണ്ടിവന്ന പണി
ചെറുതായിരുന്നില്ല. വികസനമൊന്നും നമ്മുടെ കാര്യമല്ല, സർക്കാരിന്റെയും ജനപ്രതിനിധികളുടെയും പണിയാണ് എന്ന
ഉറച്ചുപോയ ബോധത്തിൽനിന്നു ജനങ്ങളെ മാറ്റിയെടുക്കാൻ വാർഡുതോറും എത്തിയ കലാജാഥകളടക്കം
നാടിളക്കിയുള്ള അതിവിപുലമായ പ്രവർത്തനമാണു നടത്തിയത്. ഒന്നാംഘട്ടഗ്രാമസഭകളിൽ
ആയിരത്തിലേറെപ്പേർ പങ്കെടുത്തവവരെ ഉണ്ടായിരുന്നു. എല്ലാ ഗ്രാമസഭകളിലുംകൂടി 30
ലക്ഷം പേർ പങ്കുകൊണ്ടു. ശരാശരി 180 പേർ.
ഗ്രാമസഭയിൽ സൃഷ്ടിക്കാൻ കഴിഞ്ഞ പങ്കാളിത്തം
ഗുണഭോക്തൃസമിതികളിലും സന്നദ്ധപ്രവർത്തനങ്ങളിലുമൊക്കെ ഉണ്ടായി. നൂറുകണക്കിനു ജനങ്ങൾ
അണിനിരന്ന സന്നദ്ധപ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞ മൂല്യം അഭൂതപൂർവ്വമാണ്.
വികസനകാര്യങ്ങളിൽ അവർ നല്കിയ വിഭവസംഭാവന വേറെയും. ദ്വിതീയവിവരശേഖരണവും പ്രൊജക്റ്റ്
തയ്യാറാക്കലും ഓരോ തലത്തിലെയും പദ്ധതിരേഖ തയ്യാറാക്കലും നിർവ്വഹണവും അടക്കം ഓരോ ഘട്ടത്തിലും
പങ്കുചേർന്ന സാങ്കേതികവിദഗ്ദ്ധരും അല്ലാത്തവരുമായ സന്നദ്ധസേവകരും ഈ ജനകീയതയുടെ സദ്‌ഫലം
ആയിരുന്നു.
ഗ്രാമസഭയുടെ തുടർച്ചയായി അവയിലെ സ്ത്രീകളുടെയും പട്ടികവിഭാഗങ്ങളുടെയും പങ്കാളിത്തം, പൊതുവായ പങ്കാളിത്തം, വികസനചർച്ചകളുടെ ഗുണനിലവാരം എന്നിവയൊക്കെ ഉയർത്തിക്കൊണ്ടുവരേണ്ടത് ഉണ്ടായിരുന്നു. ഗ്രാമസഭകളെ ആസൂത്രണനിർവ്വഹനങ്ങളുടെ അടിസ്ഥാനഘടകമായി വ്യവസ്ഥപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ അതു കേരളത്തിൽ മറ്റൊരു വിപ്ലവത്തിനു വഴിതുറക്കുമായിരുന്നു. എന്നാൽ ആ ഘട്ടം ആയപ്പോഴേക്കു സംഭവിച്ച ഭരണമാറ്റം ആ സാദ്ധ്യതയും സ്വപ്നം മാത്രമാക്കി അവശേഷിപ്പിച്ചു.
സംഭാഷണത്തിനൊരു ഇടവേള
മന്ത്രിപദം ഒഴിയുന്നത്തിന്റെ തൊട്ടുമുമ്പ് ഔദ്യോഗികവസതിയായ മൻമോഹൻ ബംഗ്ലാവിൽ ആയിരുന്നു കൂടിക്കാഴ്ച. ഉച്ചയൂണിനായി അഭിമുഖം നിർത്തിയപ്പോൾ ഐസക്ക് നേരെ പോയത് പൂമുഖത്തെ വരാന്തയിലേക്ക്. പത്തിരുപത് അലമാരകൾ നിറഞ്ഞിരുന്ന പുസ്തകങ്ങൾ അടുക്കിക്കെട്ടുകയാണ് സ്റ്റാഫംഗങ്ങളിൽ കുറേപ്പേർ. മറ്റൊരുഭാഗത്ത് കാൽ നൂറ്റാണ്ടായി മനസിന്റെ ഭാഗമായി ഒപ്പം കൊണ്ടുനടക്കുന്ന ജനകീയാസൂത്രണകാലത്തെ ആൽബങ്ങളും ആൽബത്തിലാക്കാത്ത ഫോട്ടോകൾ നിറച്ച കാർട്ടനുകളും. തിരുവനന്തപുരത്തെ വാടകഫ്ലാറ്റിലേക്കു മാറാനുള്ള തയ്യാറെടുപ്പാണ്. എഴുതാൻ ആലോചിച്ചിട്ടുള്ള ഏതാനും ബൃഹദ്ഗ്രന്ഥങ്ങൾക്കുള്ള റഫറൻസുകൾ നിറച്ച കുറേ കാർട്ടനുകൾ പരിശോധിച്ച് വിഷയം തിരിച്ചു കൊടുക്കാനാണ് ഊണെടുക്കുന്നതിനു മുമ്പുകിട്ടിയ ഇത്തിരി സമയത്ത് അങ്ങോട്ട് ഓടിയത്. അതുകഴിഞ്ഞ് ഊണ്. അറ്റൻഡർമാരും ഡ്രൈവർമാരും ടൈപ്പിസ്റ്റും ഗൺമാനും പിഎയും മന്ത്രിയും എല്ലാവരും ഒരുമിച്ചിരുന്നാണ് ഊണ്. നീളൻ മേശയ്ക്കുചുറ്റും അകലത്തിൽ ഇരുന്ന്. ചോറിന് ഒരു മീൻകറിയും ഒരു മെഴുക്കുപുരട്ടിയും ഒരു ഒഴിച്ചുകറിയും പുളിശേരിയും. ഊണു കഴിഞ്ഞു ചെറിയൊരു വിശ്രമത്തിനുശേഷം വീണ്ടും അഭിമുഖത്തിലേക്ക്.
വിവാദപർവ്വം
ജനകീയാസൂത്രണം വിവാദങ്ങളുടെകൂടി കാലമായിരുന്നല്ലോ.
മുഖ്യമായി രണ്ടുതരം വിമർശങ്ങളാണല്ലോ ഉയർന്നുവന്നത്. അവയിൽ നിർവ്വഹണവുമായി
ബന്ധപ്പെട്ട് ഉണ്ടായ പ്രധാനപ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?
നേരത്തേ പറഞ്ഞ ലാറ്റിനമേരിക്കയിലെ വികേന്ദ്രീകരണം
ആസൂത്രണത്തിൽ ഒതുങ്ങുന്നു. എന്നാൽ കേരളത്തിലെ വികേന്ദ്രീകരണം നിർവ്വഹണംകൂടി
ഉൾപ്പെടുത്തി ആയിരുന്നു. നിർവ്വഹണത്തിലും ജനപങ്കാളിത്തം കൊണ്ടുവന്നാൽ വലിയ തോതിൽ
സന്നദ്ധപ്രവർത്തനവും സംഭാവനയും സമാഹരിക്കാൻ കഴിയും, ജനകീയമോണിറ്ററിങ് സാദ്ധ്യമാകും
എന്നതായിരുന്നു കാഴ്ചപ്പാട്. ഉദ്യോഗസ്ഥസംവിധാനത്തിന് ഇതിനോടു പൊരുത്തപ്പെടാൻ ആദ്യഘട്ടങ്ങളിൽ
കഴിഞ്ഞില്ല. ഇതിന്റെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ
സംഘടനകളുടെ ഇടപെടലും പരിശീലനങ്ങളുമെല്ലാം ഇതിനൊരു മാറ്റം വരുത്താൻ
സഹായകരമായിട്ടുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ആസൂത്രണത്തിന് എടുക്കുന്ന നീണ്ട കാലയളവാണ്. ആദ്യ വർഷം 1996 ആഗസ്റ്റിൽ ആരംഭിച്ചിട്ട് അടുത്തവർഷം സെപ്തംബർ - ഡിസംബർ മാസംവരെ വേണ്ടിവന്നു ആസൂത്രണം പൂർത്തിയാക്കാൻ. 1997 ഏപ്രിൽ മാസത്തിൽ നിർവ്വഹണം ആരംഭിക്കേണ്ടിയിരുന്നുവെന്ന് ഓർക്കണം. അതുകൊണ്ട് പദ്ധതിനിർവ്വഹണം അടുത്ത വർഷത്തേക്കുകൂടി നീട്ടിക്കൊടുക്കേണ്ടിവന്നു. ആസൂത്രണത്തിലെ ഈ കാലതാമസം കാലക്രമേണ കുറഞ്ഞുവന്നെങ്കിലും ഒരു പ്രശ്നമായിത്തന്നെ തുടർന്നു. ഇപ്പോൾ അധികാരം ഒഴിഞ്ഞ സർക്കാരിന്റെ കാലത്തു മാത്രമാണ് ഇതിനു പൂർണ്ണപ്രതിവിധി കണ്ടത്. ആസൂത്രണരീതി ലഘൂകരിച്ചു മാർച്ചുമാസത്തിൽത്തന്നെ പദ്ധതികൾ ബജറ്റിനോടൊപ്പം പാസ്സാക്കാൻ കഴിയുന്നുണ്ട്.
മറ്റൊരുതരം വിമർശങ്ങൾ പ്രത്യയശാസ്ത്രപരം എന്ന മട്ടിൽ
ചിലർ ഉയർത്തിക്കൊണ്ടുവന്നവയാണ്. ഒക്കെ നിരർത്ഥകമാണ് എന്നു കാലം തെളിയിച്ചെങ്കിലും
അവയൊക്കെ ചരിത്രത്താളുകളിൽ കിടക്കുന്നുണ്ട്. അത്തരം വിവാദങ്ങളെപ്പറ്റി ഇന്ന്
എന്താണു തോന്നുന്നത്?
കേരളചരിത്രത്തിലെതന്നെ ഏറ്റവും വലിയ അസംബന്ധനാടകമാണ്
ജനകീയാസൂത്രണവിവാദം. ഇതിൽ നല്ലപങ്കും ജനകീയാസൂത്രണത്തെ സി.ഐ.എ., ലോകബാങ്ക്,
വിദേശഫണ്ടിങ് തുടങ്ങിയവയുമായി ബന്ധപ്പെടുത്താനുള്ള കള്ളത്തരങ്ങളും
പരിഹാസ്യവാദങ്ങളുമാണ്. പക്ഷെ അവയിൽ ചിലത് എത്രമാത്രം ഗൗരവമായി തീർന്നുവെന്നതിന്
ഒരു ഉദാഹരണം പറയാം. എന്റെ സഹഗ്രന്ഥകാരൻ റിച്ചാർച്ച് ഫ്രാങ്കി സി.ഐ.എ.യുടെ
ഏജന്റാണെന്നത് ആയിരുന്നു ഒരു പ്രധാന ആരോപണം. ഇത് അന്വേഷിക്കാൻ പാർട്ടി
പോളിറ്റ്ബ്യൂറോ പ്രത്യേക സംവിധാനം ഉണ്ടാക്കേണ്ടിവന്നു! ഭാഗ്യത്തിന് അമേരിക്കയിലെ
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ടു പ്രകാരം ഫ്രാങ്കിയുടെ എഫ്.ബി.ഐ. രേഖകളിൽ ഒരുപങ്കു
സംഘടിപ്പിക്കാൻ കഴിഞ്ഞു. സി.ഐ.എ.യുടെ ഏജന്റിനു പകരം അമേരിക്കൻസർക്കാരിന്റെ
നോട്ടപ്പുള്ളിയുടെ ചിത്രമാണു തെളിഞ്ഞത്!
ആ രേഖകൾ ഞാൻ അന്നു കൈരളി റ്റി.വി.യിൽ വാർത്തയായി
പ്രസിദ്ധീകരിച്ചിരുന്നത് ഓർക്കുന്നു.
അതെ. അമേരിക്കയിലെ ഇടതുപക്ഷപണ്ഡിതർക്കെല്ലാം ഈ ആരോപണം
വലിയൊരു തമാശയായിട്ടാണു തോന്നിയത്.
കേന്ദ്രസർക്കാരിന്റെ സ്പെഷ്യൽ എസ്.ജി.എസ്.വൈ. പ്രകാരം
മാരാരിക്കുളത്തു നടപ്പാക്കിക്കൊണ്ടിരുന്ന മെഡികോം പദ്ധതി വിദേശഫണ്ടിങ് അല്ലെന്നു തെളിയിക്കാൻ
മറ്റൊരു പിബി കമ്മീഷന്റെ അന്വേഷണം വേണ്ടിവന്നു! സി.ഡി.എസിൽനിന്നു വിരമിച്ചപ്പോൾ
എനിക്കു കിട്ടിയ പി.എഫും ഗ്രാറ്റ്വിറ്റിയും ആയിരുന്നു മാരാരിക്കുളത്തെ വികസനപദ്ധതിയുടെ
പ്രധാനസ്രോതസ്. പിന്നെ ഒട്ടേറെ സുഹൃത്തുക്കളുടെ സന്നദ്ധപ്രവർത്തനവും. യഥാർത്ഥത്തിൽ
ലാവലിൻ വിവാദം പോലെ പാർട്ടിവിഭാഗീയതയിൽ ഒരു ഭാഗം ആസൂത്രിതമായി സൃഷ്ടിച്ചതായിരുന്നു
ജനകീയാസൂത്രണവിവാദവും.
എന്നാൽ കാതലായ ചില പ്രത്യയശാസ്ത്രപ്രശ്നങ്ങൾ ഈ വിവാദത്തിൽ
ഉയർന്നുവന്നു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച പാർട്ടിയുടെ നിലപാടുമായി
ബന്ധപ്പെട്ടവയായിരുന്നു അവ. നാലാംലോകം എന്ന സങ്കല്പം തുടങ്ങിയവ സംബന്ധിച്ചു
വ്യക്തതയോടെ തീരുമാനങ്ങളിൽ പാർട്ടി എത്തിച്ചേർന്നു.
ഈ രണ്ടുവിഭാഗത്തിലും പെടാത്ത വിവാദമായിരുന്നല്ലോ
എം.എൽ.എ., എം.പി. ഫണ്ടുവിവാദം. അകത്തും പുറത്തുംനിന്ന് ഒരുപോലെ ആക്രമണം
നേരിടേണ്ടിവന്ന ആ സംഭവത്തെപ്പറ്റിയും കാൽ നൂറ്റാണ്ടോളം പിന്നിട്ട വേളയിൽ ഒരു
പുനർവായന കൗതുകകരമായിരിക്കും.
എം.എൽ.എ.മാരായിരുന്നു അധികാരം താഴേക്കു നല്കിയതിൽ
അക്കാലത്ത് അസ്വസ്ഥരായ ഒരു വിഭാഗം. സാധാരണഗതിയിൽ എം.എൽ.എ. പ്രാദേശികതലത്തിൽ
ചെയ്തുകൊണ്ടിരുന്ന ഒരുപാടു കാര്യങ്ങൾ തദ്ദേശഭരണമേധാവിയുടെയും മെമ്പർമാരുടെയും
ചുമതലയായി. ഇതോടെ എം.എൽ.എ. ഫണ്ടിനുള്ള ആവശ്യം ഉയർന്നു. ഇതിനെ ആസൂത്രണബോർഡ്
അംഗങ്ങളായ ഞങ്ങൾ എതിർത്തതോടെ നിയമസഭാ അവകാശലംഘനപ്രശ്നമായി. ഈ തർക്കവും ഇ.എം.എസ്.
ഇടപെട്ടതോടെയാണു തീർന്നത്. ഇ.എം.എസും എം.എൽ.എ. ഫണ്ടിന് എതിരായിരുന്നു.
എന്നാൽ ഇന്ന് എം.എൽ.എ. ഫണ്ട് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ആ
പ്രോജക്ടുകൾ നല്ലപങ്കും നിർവ്വഹണം നടത്തുന്നതു തദ്ദേശഭരണസ്ഥാപനങ്ങൾ വഴിയാണ്. പല
എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിലെ തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൂടുതൽ ഫണ്ടു ലഭ്യമാക്കുന്നതും
പ്രശ്നങ്ങൾ പരിഹരിക്കുന്നതും മുഖ്യവിഷയമായി കാണുന്നുണ്ട്. യുവ എം.എൽ.എ.മാരിൽ പലരും
തദ്ദേശഭരണസ്ഥാപനങ്ങളെ കോർത്തിണക്കി മണ്ഡലതലപരിപാടികൾ ആസൂത്രണം ചെയ്യുന്നുമുണ്ട്.
ജനകീയാസൂത്രണത്തിന്റെ കരുത്തിലാണല്ലോ കേരളത്തിന്റെ
മറ്റൊരു തനിമയായ കുടുംബശ്രീ വലിയൊരു പ്രസ്ഥാനമായി മാറുന്നത്. കുടുംബശ്രീ ഏറെ
പ്രശംസിക്കപ്പെടുമ്പോഴും അവ സംബന്ധിച്ചു പല വിമർശനങ്ങളും വരുന്നതായി കാണുന്നു -
സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമായിട്ടില്ല, സ്ത്രീകളെ കടക്കെണിയിലാക്കുകയാണ്,
തദ്ദേശഭരണസ്ഥാപനങ്ങളുടെ നാനാവിധപ്രവർത്തനങ്ങൾ അവരുടെമേൽ കെട്ടിയേൽപ്പിച്ചു ഭാരം
വർദ്ധിപ്പിക്കുകയാണ് എന്നെല്ലാം. ഇവയെ എങ്ങനെയാനു കാണുന്നത്?
ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരളത്തിലുണ്ടായ ഏറ്റവും വലിയ
നേട്ടം കുടുംബശ്രീ തന്നെയാണ്. ഇതു രൂപകല്പന ചെയ്യാനുള്ള കമ്മിറ്റിയുടെ ചെയർമാൻ
ഞാനായിരുന്നു. ലോകത്തെമ്പാടും ഇന്നു മൈക്രോ ഫിനാൻസ് സ്വയംസഹായസംഘങ്ങളുണ്ട്. അതിൽനിന്നെല്ലാം
വ്യത്യസ്തമായ ഒന്നായിട്ടാണു കുടുംബശ്രീയെ വിഭാവനം ചെയ്തതും വളർത്തിയെടുത്തതും.
ഒന്ന്, കുടുംബശ്രീ കേവലം സ്വയംസഹായസംഘമല്ല. അയൽക്കൂട്ടസംവിധാനമാണ്. അയലത്തുകാരാണോ, ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ഈ കൂട്ടത്തിൽ ചേരാം. ബി.പി.എൽ. കുടുംബമായിരിക്കണമെന്നു നിർബന്ധവുമില്ല. നീണ്ട തർക്കത്തിനുശേഷമാണു കുടുംബശ്രീയെ ഇത്തരത്തിൽ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും തുറന്നുകൊടുത്തത്. കുടുംബശ്രീ അതുകൊണ്ടു വരേണ്യരുടെ പിടിയിൽ അമരുമെന്ന് ആരും ഭയപ്പെടേണ്ട. അയൽക്കൂട്ടത്തിലെ പാവപ്പെട്ടവരോടൊപ്പം ആഴ്ചതോറും ഇരിക്കാൻ തയ്യാറുള്ളവരല്ലേ ഇതിലേയ്ക്കു വരൂ.
രണ്ട്, തദ്ദേശഭരണസ്ഥാപനങ്ങളുടെ മുൻകൈയിലാണ് ഇവ
രൂപീകൃതമാകുന്നത്. എന്നാൽ അവയിൽനിന്നു സ്വതന്ത്രമായാണു പ്രവർത്തിക്കുന്നത്.
ഉദാഹരണത്തിന്, ഒരു അയൽക്കൂട്ടത്തിൽ ആരെ ക്ഷണിക്കണമെന്നു തീരുമാനിക്കുന്നത് അവരാണ്.
പുറത്തുനിന്നുള്ളവരല്ല. ഈയൊരു ബന്ധമുള്ളതുകൊണ്ട് തദ്ദേഭരണത്തിന്റെ അടിസ്ഥാനസാമൂഹികഘടകമായി
കുടുംബശ്രീയെ രൂപാന്തരപ്പെടുത്താനുള്ള സാദ്ധ്യതകൾ നിലവിലുണ്ട്. അഥവാ, നമ്മുടെ
നാട്ടിലെ ജനാധിപത്യവൽക്കരണത്തിന്റെ അഭേദ്യഭാഗമാണ് ഈ കൂട്ടായ്മകൾ.
ഇങ്ങനെയൊക്കെത്തന്നെയാണോ മുഴുവൻ സ്ഥലത്തും
നടക്കുന്നത്?
ഇതെല്ലാം നാം ആഗ്രഹിക്കുന്നപോലെയാണ് എല്ലാ സ്ഥലങ്ങളിലും
നടക്കുന്നതെന്നു ഞാൻ അവകാശപ്പെടില്ല. പക്ഷെ ഏതു കാര്യമായാലും സാമൂഹികമായി നടപ്പാക്കുമ്പോൾ
ഇത്തരത്തിലുള്ള സംഘർഷങ്ങൾ സഹജമാണ്. അവയെ നേരിട്ടു മുന്നോട്ടു പോവുകയേ നിർവ്വാഹമുള്ളൂ.
മറ്റു വിമർശങ്ങൾ? അമിതഭാരം, ശാക്തീകരണം നടക്കുന്നില്ല
തുടങ്ങിയവ?
പറയാം. നാനാതരം ദാരിദ്ര്യനിർമ്മാർജ്ജനപരിപാടികൾ
നടപ്പാക്കാനുള്ള കൺവർജൻസ് വേദിയായാണു കുടുംബശ്രീ പ്രവർത്തിക്കുന്നത്.
കുടുംബശ്രീക്കു നേരിട്ടു നല്കുന്ന ഗ്രാന്റിന്റെ മൂന്നോ നാലോ മടങ്ങു വിഭവങ്ങൾ
ഇതുവഴി കുടുംബശ്രീക്കു ലഭ്യമാകുന്നു. ഇതിൽ കടക്കെണിയിലാക്കുന്നുവെന്നു പറയുന്ന
മൈക്രോ ഫിനാൻസിങ് ഇല്ലായിരുന്നെങ്കിൽ പാവപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?
കൊള്ളപ്പലിശക്കാർക്കു കീഴടങ്ങേണ്ടിവന്നേനെ. വായ്പ കൊടുക്കുക മാത്രമല്ല, വരുമാനദായക
സ്വയംതൊഴിലുകൾക്കു സ്ത്രീകളെ സഹായിക്കുന്നുമുണ്ടല്ലോ. അവയിലെ വരുമാനം ഇനിയും
മെച്ചപ്പെടുത്തേണ്ടതുണ്ടാകും. അതിനുതകുന്ന പ്രോജക്ടുകളാവണം വരാൻപോകുന്ന 1000
ജനസംഖ്യയ്ക്ക് അഞ്ചുവീതമെന്നുള്ള തൊഴിൽപദ്ധതി ആവിഷകരിക്കുമ്പോൾ സ്വീകരിക്കേണ്ടത്.
പക്ഷെ, ജനകീയഹോട്ടൽ സർക്കാർ ചെയ്യേണ്ട കടമ കുടുംബശ്രീയുടെ മേൽ
അടിച്ചേൽപ്പിക്കുകയാണെന്നൊക്കെ കേൾക്കുമ്പോൾ വിമർശകർ യാഥാർത്ഥ്യത്തിൽനിന്ന് എത്രയോ
ദൂരെയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഹോട്ടലുകൾ സംരംഭകത്വസ്വഭാവത്തിലാണ്. ചെയ്യുന്ന
ഒരു സ്ത്രീയ്ക്കു പ്രതിമാസം ഏതാണ്ടു 10,000 രൂപ ജോലിക്കൂലിയായും ലാഭമായും
ഉറപ്പുവരുത്തുന്നുണ്ട്. ഇതിനെ സഹായിക്കാൻ സർക്കാർ ഊണൊന്നിനു 10 രൂപ വീതം നല്കുകയും
ചെയ്യുന്നു.
നാലാമതായി, സ്ത്രീശാക്തീകരണത്തിനുള്ള ബോധവൽക്കരണവും പ്രവർത്തനങ്ങളും
കുടുംബശ്രീ ഏറ്റെടുക്കുന്നുണ്ട്. സ്ത്രീയുടെ പദവിയെ പ്രത്യക്ഷമായി സ്വാധീനിക്കുന്ന
എത്രയോ പ്രോജക്ടുകൾ കീഴ്ത്തട്ടിൽ ആവിഷ്കരിക്കാൻ കുടുംബശ്രീക്കു കഴിഞ്ഞിട്ടുണ്ട്.
ഇനിയിപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ക്രൈം മാപ്പിങ്ങിന്റെ
അടിസ്ഥാനത്തിൽ ചെറുക്കാനും ഇല്ലാതാക്കാനുമുള്ള അതിബൃഹത്തായ കാമ്പയിനിൽ കുടുംബശ്രീ
മുഖ്യപങ്കു വഹിക്കാൻ പോവുകയാണ്. പഞ്ചായത്തിന്റെ പരിപാടികൾക്ക് ആളെക്കൂട്ടാനുള്ള
ഏജൻസിയായി കുടുംബശ്രീയെ ചിലർ കാണുന്നുണ്ടാകാം. പക്ഷെ ഞാൻ പറയുക, ഈയൊരു
സാന്നിദ്ധ്യംപോലും സ്ത്രീപക്ഷരാഷ്ട്രീയത്തിനു തുടക്കമാക്കാനാകും എന്നാണ്. പൊതുമണ്ഡലത്തിൽ
സ്ത്രീകളുടെ സാന്നിദ്ധ്യം ഉയരുന്നത് സുപ്രധാനചലനമായാണു ഞാൻ കാണുന്നത്. ഇതിന്റെ
തുടർച്ചയാണ് സാമൂഹികപ്രവർത്തകരായ സ്ത്രീകളും വനിതാജനപ്രതിനിധികളിലെ വലിയൊരുപങ്കും.
വിമർശനങ്ങളോടൊന്നും അസഹിഷ്ണുതയില്ല. ഇനിയും ഒരുപാടു
മുന്നോട്ടു സഞ്ചരിക്കേണ്ടതുണ്ട്. എല്ലാ വിമർശനങ്ങൾക്കും വിഴുങ്ങിക്കൊള്ളണമെന്ന്
ആരും ശഠിക്കണ്ടാ. പക്ഷെ ഒരു കാര്യം ഓർക്കുക. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ
അയൽക്കൂട്ടത്തിലെങ്കിലും ഇടപെടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അങ്ങനെ
ഇടപെട്ടു പ്രവർത്തിച്ചാണു മാറ്റങ്ങൾ കൊണ്ടുവരേണ്ടത്.
ജനകീയാസൂത്രണം കൊട്ടിക്കലാശിക്കുമ്പോൾ അതിനെതിരെ ചില
പത്രങ്ങൾ രംഗത്തിറങ്ങുന്ന നില ഉണ്ടായല്ലോ. ജനകീയാസൂത്രണത്തിന്റെ പരാജയങ്ങൾ എന്ന
നിലയിൽ എവിടെയൊക്കെയോനിന്ന് ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടെത്തി നിരത്തി പരമ്പര എഴുതിയ
പത്രങ്ങൾ വരെ ഉണ്ടായി. ജനകീയാസൂത്രണത്തെ ഓഡിറ്റിൽനിന്ന് ഒഴിവാക്കി
എന്നൊക്കെപ്പറഞ്ഞ് പല ആക്ഷേപങ്ങളും അവർ ഉയർത്തി. ആ ഘട്ടത്തിലെ വിമിമർശങ്ങളെയും
വിവാദങ്ങളെയും എങ്ങനെയാണു കാണുന്നത്? അവയിൽ കഴമ്പുള്ളവ
എന്തൊക്കെ ആയിരുന്നു? കഴമ്പുള്ളവ ഉണ്ടെങ്കിൽ, അങ്ങനെ സംഭവിക്കാൻ കാരണങ്ങൾ എന്തൊക്കെയാണ്?
ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ സാക്ഷരതാപ്രസ്ഥാനത്തിലെന്നപോലെ മാദ്ധ്യമങ്ങളുടെ പൂർണ്ണപിന്തുണയാണു പ്രതീക്ഷിച്ചത്. തുടക്കത്തിൽ അത് ഉണ്ടായി. എന്നാൽ പിന്നീട് എല്ലാ പത്രങ്ങളും നിലപാടു മാറ്റി. പ്രത്യേകിച്ച് ഭരണത്തിന്റെ അവസാന നാലും അഞ്ചും വർഷങ്ങളിൽ. സാക്ഷരതയിൽനിന്നു വ്യത്യസ്തമായി പ്രാദേശികഭരണത്തിനു പ്രത്യക്ഷരാഷ്ട്രീയബന്ധങ്ങളുണ്ട്. രാഷ്ട്രീയപക്ഷപാതിത്വത്തോട് എം.എൽ.എ. ഫണ്ടുവിവാദം വിദഗ്ദ്ധസമിതിവിവാദം തുടങ്ങിയവയും ചേർന്നപ്പോൾ മുഖ്യധാരാപത്രങ്ങളും വിമർശനനിലപാടിലേയ്ക്കു മാറി. പിന്നെ ഒറ്റപ്പെട്ട സംഭവങ്ങളെടുത്തു പെരുപ്പിക്കലായി. റിപ്പോർട്ടിനേക്കാൾ വിമർശന, അവലോകനങ്ങൾക്കായി പ്രാമുഖ്യം. എന്റെ വിദ്യാർത്ഥി മഞ്ജുള കേരളത്തിലെ പത്രങ്ങളുടെ സമീപനത്തിൽവന്ന മാറ്റങ്ങൾ ഓരോ സ്വഭാവത്തിലുമുള്ള വാർത്തകളുടെയും അവലോകനങ്ങളുടെയും അളവുകൾ സഹിതം എടുത്തു തെളിയിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ജനകീയാസൂത്രണപരമ്പരയുടെ ഭാഗമായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്റ്റ്രേഷൻ) പ്രസിദ്ധീകരിക്കുന്നുണ്ട്.
തിരിഞ്ഞുനോക്കുമ്പോൾ
ജനകീയാസൂത്രണം അന്നുതന്നെ തുടർഭരണപ്രതീക്ഷ
ഉണർത്തിയിരുന്നല്ലോ. പക്ഷെ, അതുണ്ടായില്ല. എന്താണു സംഭവിച്ചത്?
ജനകീയാസൂത്രണം മാത്രമല്ലല്ലോ കേരളത്തിൽ
നടന്നുകൊണ്ടിരുന്നത്. ആഗോളീകരണത്തിന്റെ ഫലമായി റബറടക്കം സകല നാണ്യവിളകളുടെയും വില
കൂപ്പുകുത്തി. പ്രാദേശികാസൂത്രണത്തിന് അന്തർദേശീയകമ്പോളത്തെ നിയന്ത്രിക്കാനാവില്ലല്ലോ.
മാത്രമല്ല, സംസ്ഥാനഖജനാവ് ചരിത്രത്തിലേറ്റവും വലിയ പ്രതിസന്ധിയിലേയ്ക്കും നീങ്ങി.
എന്നിട്ടും താഴേയ്ക്കു കൊടുക്കുന്ന പണം വെട്ടിക്കുറച്ചില്ല. പക്ഷെ മുകളിൽ ചെക്കു
മടങ്ങലും ട്രഷറി പൂട്ടലുമൊക്കെ ഉണ്ടായി. ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളെയും
ആവശ്യത്തെയുമെല്ലാം മറികടക്കുന്ന പ്രതിസന്ധിയാണ് ഇവ രണ്ടും ചേർന്നു കേരളത്തിൽ
സൃഷ്ടിച്ചത്.
ജനകീയാസൂത്രണം വിഭാവനം ചെയ്യുമ്പോൾ
ദീർഘകാലാടിസ്ഥാനത്തിൽ എന്തു മാറ്റമാണു മുഖ്യമായി ലക്ഷ്യമിട്ടത്?
അധികാരവികേന്ദ്രീകരണമെന്നത് കേന്ദ്ര-സംസ്ഥാനതലങ്ങളിൽ
ഒതുങ്ങിയിരുന്ന പാർലമെന്ററിജനാധിപത്യത്തെ കീഴ്ത്തട്ടിലേക്കു വികസിപ്പിക്കുന്ന
പ്രക്രിയയാണ്. അത് ജനാധിപത്യത്തെ ആഴവും പരപ്പുമുള്ളതാക്കുന്നു. മറ്റു സംസ്ഥാനങ്ങളെ
അപേക്ഷിച്ചു കേരളത്തിൽ എല്ലാവർക്കും വിദ്യാഭ്യാസമുണ്ട്. ഭൂസ്വത്തിന്റെ
കേന്ദ്രീകരണമില്ല. ജാതി ഉച്ചനീചത്വങ്ങൾ കുറവാണ്. എല്ലാവരും ഒന്നോ അതിലധികമോ സാമൂഹികസംഘടനകളിൽ
പങ്കാളികളാണ്. ഇതെല്ലാംമൂലം അധികാരം താഴേയ്ക്കു നല്കിയാൽ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ
ഉണ്ടാവും. വിഭവസമാഹരണമുണ്ടാകും. പദ്ധതി നിർവ്വഹണമുണ്ടാകും. ആഗോളീകരണത്തിന്റെ
കാലത്ത് ഇത്തരത്തിൽ ഓരോ പ്രദേശത്തിന്റെയും ജനകീയകൂട്ടായ്മകളെ അടിസ്ഥാനമാക്കി ഉല്പാദനം
വർദ്ധിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനുമാണു ശ്രമിക്കുന്നത്. ഇത് ആഗോളീകരണത്തിനെതിരായ
പ്രാദേശികപ്രതിരോധമാണ്. വേറൊരു ലോകത്തിന്റെ നാമ്പുകൾ നമ്മൾ താഴെത്തട്ടിൽ
ഉണ്ടാക്കുകയാണ്. ഇതാണ് പ്രഭാത് പട്നായിക് പറഞ്ഞത്. ഇദ്ദേഹം 2004-ൽ പറഞ്ഞത്
ഓർത്തിരിക്കാൻ ഒരു കാരണമുണ്ട്. നാലാംലോക വിവാദകാലത്ത് ജനകീയാസൂത്രണം നവലിബറൽ
സമീപനത്തിന്റെ ഭാഗമാണെന്ന വിമർശത്തിന് മാർക്സിസ്റ്റ് സൈദ്ധാന്തികമാസികയിൽ അദ്ദേഹം നല്കിയ
പ്രതികരണം മറക്കാൻ കഴിയുമോ? പ്രഭാത് പറഞ്ഞത് ഞാൻ വായിക്കാം: “കൂടുതൽ നല്ല ഒരു
സമൂഹനിർമ്മിതിക്ക് അത് (ജനകീയാസൂത്രണം) പൈതൃകം ഒരുക്കുന്നു. ഏതു സോഷ്യലിസ്റ്റ്
സമൂഹവും കെട്ടിപ്പടുക്കേണ്ടത് അതിനു മുമ്പത്തെ സമൂഹം പൈതൃകസ്വത്തായി നല്കുന്ന
സ്ഥാപനങ്ങൾക്കു മേലാണ്. ആദ്യകാല സോഷ്യലിസ്റ്റ് സമൂഹങ്ങളിൽ നിലനിന്ന വർദ്ധിച്ച
കേന്ദ്രീകരണത്തിന്റെയും അതിനെ അനുഗമിച്ച സമഗ്രാധിപത്യത്തിന്റെയും കാരണങ്ങളിൽ ഒന്ന്
സോഷ്യലിസത്തിന് അടിത്തറയാകേണ്ട ഏതെങ്കിലും പ്രാതിനിധ്യജനാധിപത്യസ്ഥാപനം പൂർവ്വസമൂഹത്തിൽ
ഇല്ലായിരുന്നു എന്നതാണ്. ആ അർത്ഥത്തിൽ, തെരഞ്ഞെടുക്കപ്പെട്ട സമിതികളെ
ശാക്തീകരിച്ചുകൊണ്ട് വികേന്ദ്രീകരണപരീക്ഷണം ചെയ്തത് ഭാവിസമൂഹത്തിന്റെ
നിർമ്മിതിക്ക് ആധാരമാകേണ്ട സ്ഥാപനങ്ങളുടെ സമ്പൂർണ്ണശ്രേണിയിലേക്കും ജീവൻ
സന്നിവേശിപ്പിക്കുകയാണ്.”
നിശ്ചയമായും, കൂടുതൽ ജനാധിപത്യപൂർണ്ണമായ കേരളം, സാധാരണക്കാർ
അധികാരവൽക്കരിക്കപ്പെട്ട കേരളം, എല്ലാവരുടെയും അടിസ്ഥാനാവശ്യങ്ങൾ
നിർവ്വഹിക്കപ്പെടുന്ന കേരളം, സ്ത്രീനീതിയിലും പരിസ്ഥിതിസംരക്ഷണത്തിലും ഊന്നുന്ന
കേരളം... ഇവിടുന്നൊക്കെയല്ലേ നാളത്തെ ലോകം കെട്ടിപ്പടുക്കേണ്ടത്.
നേടാൻ കഴിഞ്ഞ പ്രധാനലക്ഷ്യങ്ങൾ എന്തൊക്കെയാണ്? അന്നു പ്രതീക്ഷിക്കാതിരുന്ന എന്തെങ്കിലുമൊക്കെ ഗുണഫലങ്ങൾ ഉണ്ടായോ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അധികാരവും പണവും ഉദ്യോഗസ്ഥരും
താഴേത്തട്ടിലേയ്ക്കു വിന്യസിക്കപ്പെട്ടതു കേരളത്തിലാണ്. ജനകീയാസൂത്രണകാലം മുതൽ
അധികാരവികേന്ദ്രീകരണസൂചികയിൽ കേരളമാണ് ഒന്നാമത്. കൈമാറപ്പെട്ട വിഷയങ്ങളിലെല്ലാം
എത്ര വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായത്! കേരളത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ
മാറ്റങ്ങൾ അവിതർക്കിതമാണല്ലോ. ദാരിദ്ര്യം ഏറ്റവും വേഗത്തിൽ കുറഞ്ഞ സംസ്ഥാനം
കേരളമാണ്. റോഡുകളുടെ ദൈർഘ്യം ഇരട്ടിയായി, ഗുണനിലവാരവും ഉയർന്നു. ഏതാണ്ട് 20 ലക്ഷം
വീടുകളാണ് നിർമ്മിച്ചുനല്കിയത്. ഭിന്നശേഷിസംരക്ഷണം, വയോജനസംരക്ഷണം, സാന്ത്വനപരിചരണം
എന്നിവിടങ്ങളിലും വലിയ നേട്ടമാണു കൈവരിച്ചിട്ടുള്ളത്.
വനിതാഘടകപദ്ധതിയും കുടുംബശ്രീയും വനിതാജനപ്രാതിധ്യവും
സ്ത്രീകളുടെ ശാക്തീകരണത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കുടുംബശ്രീ മറ്റു
സംസ്ഥാനങ്ങളിലെപ്പോലെ സ്ത്രീകളുടെ
ലഘുവായ്പാ-സമ്പാദ്യപദ്ധതി മാത്രമല്ല സർക്കാരുകളുടെ എല്ലാവിധ ദാരിദ്ര്യനിർമ്മാർജ്ജനപദ്ധതികൾക്കുമുള്ള
പൊതുവേദി, തൊഴിൽസംരംഭങ്ങൾ പോലെ വരുമാനദായകപ്രവർത്തനങ്ങൾക്കുള്ള ഏജൻസി,
സ്ത്രീശാക്തീകരണത്തിനുള്ള ഉപാധി എന്നീ നിലകളിലെല്ലാം ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. വനിതാഘടകപദ്ധതിയിൽനിന്നാണ്
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനതലത്തിൽ ജൻഡർ ബജറ്റിലേയ്ക്കു പോയത്. സ്ത്രീകളുടെ
പ്രാതിനിധ്യം 50 ശതമാനത്തിൽ ഒതുങ്ങുന്നില്ല. പൊതുസീറ്റുകളിലും സ്ത്രീകൾ
ജയിച്ചുവരുന്നു. പ്രാദേശികവേദികളിലെ സ്ത്രീസാന്നിദ്ധ്യം രാഷ്ട്രീയാനുരണനങ്ങളും
സൃഷ്ടിക്കുന്നുണ്ട്.
നേടാൻ കഴിയാതെപോയ പ്രധാനകാര്യങ്ങൾ?
കൃഷിയും ചെറുകിടവ്യവസായത്തിലുമാണ് വേണ്ടത്ര പുരോഗതി
കൈവരിക്കാൻ കഴിയാതെപോയത്. പക്ഷെ, സുഭിക്ഷകേരളം പദ്ധതി ആശാവഹമായ മാറ്റം
സൃഷ്ടിച്ചിട്ടുണ്ട്. ചൈനയിലെ ടൗൺ ആൻഡ് കൺട്രി എന്റർപ്രൈസസ് പോലെ പ്രാദേശിക തൊഴിൽസംരംഭങ്ങളുടെ
മുന്നേറ്റമുണ്ടാക്കാൻ പോവുകയാണു നമ്മൾ. ശുചിത്വം, കുടിവെള്ളം എന്നിവയിൽ ലക്ഷ്യം
പ്രാപിച്ചിട്ടില്ല. എങ്കിലും അധികാരവികേന്ദ്രീകരണമാണു മുന്നോട്ടുള്ള പാതയെന്നു
വ്യക്തം.
ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക
എന്നതാണല്ലോ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. പക്ഷെ, പ്രാദേശികമായ
പ്രവർത്തനം വേണ്ടത്ര ഉണ്ടായിരുന്നില്ല. എന്നാൽ ഹരിതകേരളം മിഷൻ ഈ സ്ഥിതിയിലും
മാറ്റം വരുത്തുകയാണ്. എത്ര പുഴകളിൽ വീണ്ടും ഒഴുക്കുണ്ടായി! ഖരമാലിന്യസംസ്കരണമാനദണ്ഡം
ഭൂരിപക്ഷം പ്രദേശങ്ങളിലും നടപ്പായി. പച്ചത്തുരുത്തുകൾ പടർന്നുകൊണ്ടിരിക്കുകയാണ്.
പ്രതീക്ഷിച്ചതുപോലെ പട്ടികജാതിക്കാരുടെയും ആദിവാസികളുടെയും
പങ്കാളിത്തം അവർക്കുവേണ്ടിയുള്ള പദ്ധതികളിൽ ഗുണകരമായ മാറ്റം വരുത്തിയെന്നു
പറയാനാവില്ല. ചോർച്ച കുറഞ്ഞിട്ടുണ്ട്. പക്ഷെ, പോരാ. ഇതുതന്നെയാണ് മത്സ്യത്തൊഴിലാളിമേഖലയിലെയും
സ്ഥിതി. ഇപ്പോൾ ഒരു സുപ്രധാനതീരുമാനം എടുത്തിട്ടുണ്ടല്ലോ. കേവലദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള
മൈക്രോപ്ലാൻ. ഇതിനെ അടിസ്ഥാനമാക്കി വലിയൊരു തിരുത്തൽ ഇടപെടൽ വേണം.
ജനകീയാസൂത്രണത്തിന്റെ അവസാനഘട്ടത്തിൽ 2000–ാമാണ്ടിൽ നടന്ന
നീർത്തടഗ്രാമസഭകൾക്കു തുടർച്ചയുണ്ടായില്ല. നീർത്തടാടിസ്ഥാനത്തിലുള്ള മാസ്റ്റർപ്ലാനുകൾ
തയ്യാറാക്കാൻ ജനകീയാസൂത്രണപ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കാവുന്നതാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ സാറ്റലൈറ്റ് മാപ്പും മറ്റും വഴി
എത്രയോ വലിയ വിവരശേഖരമാണു നമുക്കു ലഭ്യമായിട്ടുള്ളത്. ഡിസാസ്റ്റർ മാനേജ്മെന്റ്
അതോറിറ്റി ഓരോ പഞ്ചായത്തിലും മാപ്പുകളുടെ പാക്കേജുതന്നെ നല്കിയിട്ടുണ്ട്.
2000–ാമാണ്ടിൽ നടത്തിയ മറ്റൊരു സുപ്രധാന നടപടിയായിരുന്നു ജില്ലാപദ്ധതി. ജില്ലയിൽ എല്ലാത്തട്ടിലെ തദ്ദേശഭരണസ്ഥാപനങ്ങളും കേന്ദ്ര–സംസ്ഥാനസർക്കാരുകളും നടത്തുന്ന പദ്ധതികളും സ്കീമുകളും ചേർത്തുവച്ച് അവയുടെ വിടവുകൾ നികത്താനും ആവർത്തനങ്ങളും വൈരുദ്ധ്യങ്ങളും ഒഴിവാക്കാനുമാണ് ജില്ലാപദ്ധതി. സംയോജിതമായി വലിയ പദ്ധതികൾ ആവിഷ്കരിക്കാനാവണം. ഇതിനൊക്കെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ ആസൂത്രണസമിതി (ഡി.പി.സി.) നല്കണം. ഈ സ്വപ്നം ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. 2017-ൽ വീണ്ടും ജില്ലാപദ്ധതികൾക്കു രൂപം നല്കി. എന്നാൽ വേണ്ടത്ര സംയോജിതപരിപാടികൾ ഇനിയും തയ്യാറാക്കാനായിട്ടില്ല.
ഈയൊരു പോരായ്മ മനസ്സിലാക്കിയാണ് വികസനപ്രവർത്തനങ്ങളിൽ
നിയതമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ മിഷനുകൾ രൂപവത്ക്കരിക്കാൻ തീരുമാനിച്ചത്. അതിന്റെ
നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തലുകൾ
വരുത്തി ഇവ മുന്നോട്ടു കൊണ്ടുപോകണം.
ഇടതും വലതും ചെയ്തത്
ഇപ്പറഞ്ഞ ലക്ഷ്യങ്ങൾ എന്തുകൊണ്ടാണു നേടാൻ
കഴിയാതെപോയത്?
ഭരണമാറ്റങ്ങൾ തന്നെയാണ് പ്രധാനപ്പെട്ട കാരണം. ജനകീയാസൂത്രണം
ഒരു വർഷംകൂടി തുടർന്നിരുന്നുവെങ്കിൽ എന്തുവലിയ വ്യത്യാസം ഉണ്ടാകുമായിരുന്നു!
ജില്ലാപദ്ധതിയും നീർത്തടമാസ്റ്റർപ്ലാനും മാത്രമല്ല, കുടുംബശ്രീയെ ഗ്രാമസഭകളുടെ
കീഴ്ത്തട്ടു സാമൂഹികഘടകങ്ങളായി പരിവർത്തനവും ചെയ്യുമായിരുന്നു. ഗ്രാമസഭകൾ
ദുർബലപ്പെടുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പോരായ്മ. ഈ ദൗർബല്യങ്ങൾ തിരുത്തണമെങ്കിൽ
ഗ്രാമസഭയ്ക്കുമുമ്പ് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ എലുകയ്ക്കുള്ളിലുള്ള
അംഗങ്ങളല്ലാത്ത കുടുംബങ്ങളിലെ ആളുകളെയും ഉൾക്കൊള്ളിച്ചു യോഗം ചേർന്നു കാര്യങ്ങൾ
ചർച്ചചെയ്യണം. ഇതാണ് അന്നു മാർ ഇവാനിയോസ് ക്യാമ്പസിൽ ചേർന്ന ജനകീയാസൂത്രണപ്രവർത്തകരുടെ
ഒൻപതു ദിവസത്തെ സംസ്ഥാനതലയോഗങ്ങളിൽ ഉണ്ടായ ധാരണ. പക്ഷെ, ഇതു നടപ്പായില്ല.
ജനപങ്കാളിത്തിൽ ശോഷണവും വന്നു. പങ്കാളിത്തം ഉയർത്തിക്കൊണ്ടുവന്നാൽ മാത്രമേ ജനകീയ
ഓഡിറ്റും സോഷ്യൽ ഓഡിറ്റും ഫലപ്രദമാക്കാൻ കഴിയൂ. ജനകീയതയും സുതാര്യതയും
കൂടിച്ചേരുമ്പോഴാണ് അഴിമതി ഇല്ലാതാകുന്നത്.
ആസൂണത്തിലും നിർവ്വഹണത്തിലും വിദഗ്ദ്ധരുടെ പങ്കാളിത്തം
കുറഞ്ഞുവരികയാണ്. വിദഗ്ദ്ധസമിതിവിവാദമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. വിദഗ്ദ്ധരുടെ
അഭാവം ഉദ്യോഗസ്ഥമേധാവിത്വത്തിലേക്കു നയിക്കും. ഉദ്യോഗസ്ഥമേധാവിത്വം
പാടില്ലെങ്കിലും കൂടുതൽ ഉദ്യോഗസ്ഥർ അനിവാര്യമാണ്. ഒന്നുകിൽ ഉദ്യോഗസ്ഥരെ
പുനർവിന്യസിക്കണം, അല്ലെങ്കിൽ കൂടുതൽ തസ്തികകൾ അനുവദിക്കണം. രണ്ടിലൊന്നു
നടന്നേതീരൂ. പുനർവിന്യസനത്തിനു വലിയ തോതിലുള്ള രാഷ്ട്രീയയിച്ഛാശക്തി വേണം. ഡി.പി.സി.ക്കും
ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന സ്ഥാനം വേണമെങ്കിൽ ജില്ലാവികസനസമിതി(ഡി.ഡി.സി.)യുടെ
ചുമതലകൂടി ഡി.പി.സി.യിൽ ലയിപ്പിക്കണം. ഇതിനുവേണ്ടി ചേരുന്ന ഡി.പി.സി.യുടെ വിപുലീകൃതയോഗത്തിൽ
എം.എൽ.എ.മാർ എം.പി.മാർ എന്നിവർക്കെല്ലാം തുല്യ അവകാശം ഉണ്ടാവും.
കൈമാറിയ സ്ഥാപനങ്ങളുടെ വകുപ്പുകൾ ഈ മാറ്റം പലപ്പോഴും ഉൾക്കൊള്ളുന്നില്ല. ഇതിനുള്ള രാഷ്ട്രീയയിച്ഛ സൃഷ്ടിക്കാനാണ് ആസൂത്രണത്തെ പ്രസ്ഥാനമായി സംഘടിപ്പിച്ചത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ അണിനിരക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയയിച്ഛ മുകൾത്തട്ടിൽ സൃഷ്ടിക്കപ്പെടും. ഇതെല്ലാം നേടുന്നതിനുമുമ്പ് യു.ഡി.എഫ് ജനകീയാസൂത്രണപ്രസ്ഥാനം അവസാനിപ്പിച്ചതാണ് ഇന്നത്തെ ദൗബല്യങ്ങൾക്കെല്ലാം കാരണം.
കേരളത്തിന്റെ, ജനങ്ങളുടെ, പൊതുവായ കാര്യത്തിൽ ഇടതുപക്ഷവും
വലതുപക്ഷവും തമ്മിൽ ഇങ്ങനെയൊരു വൈരുദ്ധ്യം എങ്ങനെ ഉണ്ടാകുന്നു? എല്ലാവരും
നാടിന്റെ നന്മയ്ക്കുവേണ്ടിയാണു പ്രവർത്തിക്കുന്നത് എന്നാണല്ലോ പൊതുവിൽ പറയാറ്.
ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ
ഇരുവരുടെയും ട്രാക്ക് റെക്കോർഡു നോക്കിയാൽ മതി. ’57-ലെ ബില്ല് എവിടെ? 57-ലെ
പ്രാദേശികസർക്കാരുകളെന്ന സങ്കല്പം പിന്നീടു കോൺഗ്രസ് കൊണ്ടുവന്ന പഞ്ചായത്തീരാജ്
നിയമത്തിൽ എവിടെയെങ്കിലും കാണാനാകുമോ? എല്ലാവരും അംഗീകരിച്ച നിയമത്തിന്റെ
അടിസ്ഥാനത്തിലാണു ജില്ലാക്കൗൺസിലുകൾ രൂപംകൊണ്ടത്. ഭരണം മാറിയപ്പോൾ അവയുടെ കഥ
എന്തായി? 73, 74 ഭരണഘടനാഭേദഗതിക്കുശേഷമുള്ള കേരളത്തിലെ പുതിയ നിയമം ജനായത്തപൂർണ്ണമാക്കാൻ
ഡോ. കെ.എൻ. രാജും ഗുലാത്തിയും പോലുള്ളവർപോലും സമരം ചെയ്യേണ്ടി വന്നില്ലേ? എന്നിട്ടും,
പാസ്സാക്കിയ നിയമത്തിൽ എത്ര സമഗ്രമായ ഭേദഗതി ജനകീയാസൂത്രണകാലത്തു വേണ്ടിവന്നു! തദ്ദേശഭരണവുമായി
ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ ഏകോപിപ്പിക്കാൻ 20 വർഷം വേണ്ടി വന്നതിന്റെ
മുഖ്യകാരണം യു.ഡി.എഫ് അല്ലേ? എൽ.ഡി.എഫ്. ഒറ്റവകുപ്പാക്കി ഏകോപിപ്പിച്ച പഞ്ചായത്ത്,
മുനിസിപ്പൽ, ഗ്രാമവികസന വകുപ്പുകളെ വീണ്ടും പിരിച്ചു വെവ്വേറെ മന്ത്രിമാരെ
വച്ചവരല്ലേ അവർ? ഇതെല്ലാം പോകട്ടേ. കോൺഗ്രസ് ഭരിക്കുന്ന എവിടെയെങ്കിലും ഇന്ന് അധികാരവികേന്ദ്രീകരണം
നടപ്പിലാകുന്നുണ്ടോ? ബിജെപിയാകട്ടെ പഞ്ചായത്തീരാജ് സംബന്ധിച്ച് അധരവ്യായാമത്തിനുപോലും
തയ്യാറാല്ല.
യു.ഡി.എഫും ഇടതുപക്ഷവും തമ്മിൽ അധികാരവികേന്ദ്രീകരണത്തിന്റെ
കാഴ്ചപ്പാടിൽത്തന്നെ വ്യത്യാസമുണ്ട്. ഞാൻ ആദ്യം സൂചിപ്പിച്ച വിപ്ലവകരമായ
പരിപ്രേക്ഷ്യമൊന്നും അവർക്കില്ല. അത്തരം കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ
അത് ഇല്ലാത്തവർക്കുകൂടി സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു സംവിധാനമായി
ജനകീയാസൂത്രണം ആവിഷ്കരിക്കാൻ കഴിഞ്ഞൂവെന്നത് വലിയൊരു കാര്യമാണ്. അതുകൊണ്ട്
മുകൾത്തട്ടിനെക്കാൾ കൂടുതൽ യോജിച്ചുള്ള പ്രവർത്തനം കീഴ്ത്തട്ടിൽ നടക്കുന്നുവെന്നത്
നമ്മുടെ അനുഭവമാണ്.
പിന്നീടു വന്ന എൽ.ഡി.എഫ്. സർക്കാരുകൾ
ജനകീയാസൂത്രണത്തെ മുന്നോട്ടു നയിക്കാൻ എന്തൊക്കെയാണു ചെയ്തത്?
2006-ലെ വി.എസ്. സർക്കാർ ജനകീയാസൂത്രണപ്രസ്ഥാനം
പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. പക്ഷെ സന്നദ്ധപ്രവർത്തനത്തിനു
മുന്നോട്ടുവന്ന വിദഗ്ദ്ധരെയും മറ്റും അത്രയേറെ അപമാനിച്ചാണ് യു.ഡി.എഫ് സർക്കാർ
പുറത്താക്കിയത്. ജനകീയാസൂത്രണവിവാദംമൂലം പരിഷത്തിലും ചില വിമുഖതയുണ്ടായി. അതുകൊണ്ടു
വീണ്ടുമൊരു ജനകീയാസൂത്രണപ്രസ്ഥാനം പ്രായോഗികമായിരുന്നില്ല.
ഈ സാഹചര്യത്തിൽ ജനകീയാസൂത്രണത്തെ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നടപടികളിലാണ് വി.എസ്. സർക്കാർ ഊന്നിയത്. യു.ഡി.എഫ് പിരിച്ച വകുപ്പുകളെ സംയോജിപ്പിക്കാൻ ആ സർക്കാർ നടപടിയെടുത്തു. യു.ഡി.എഫ്. നിർത്തലാക്കിയ, ചെലവാക്കാത്ത പണത്തിൽ നിന്നുള്ള ക്യാരി ഓവർ പുനസ്ഥാപിച്ചു. ഏറ്റവും വലിയ നേട്ടം ഇ-ഗവേണൻസ് മേഖലയിലാണ് ഉണ്ടായത്. നിർണ്ണായകസംഭവവികാസം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു വലിയതോതിൽ വായ്പയിലൂടെ വിഭവസമാഹരണത്തിന് അനുമതി നല്കിയതാണ്. ഇ.എം.എസ്. പാർപ്പിടപദ്ധതി പ്രാദേശികസഹകരണസംഘങ്ങളിൽനിന്നുള്ള വായ്പയെ അടിസ്ഥാനമാക്കിയാണ് ആവിഷ്കരിക്കപ്പെട്ടത്. കുടുംബശ്രീയുടെ സുവർണ്ണകാലവും ആയിരുന്നു അത്.
ഇക്കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം
ഏകീകൃതകേഡറും ഒറ്റവകുപ്പുമാക്കി തദ്ദേശഭരണവകുപ്പു പുനസംഘടിപ്പിച്ചു എന്നതാണ്.
ഇതുപോലെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഐ.എസ്.ഒ. സർട്ടിഫിക്കേഷനും സാർവ്വത്രിക
കമ്പ്യൂട്ടറൈസേഷനും നടപ്പാക്കി. നികുതിപിരിവു പോലുള്ള മാനദണ്ഡങ്ങൾ നോക്കിയാൽ
പ്രാദേശികഭരണം മെച്ചപ്പെട്ടു. മിഷനുകളുമായി ബന്ധപ്പെട്ടു നടന്ന വലിയ
നിക്ഷേപങ്ങളുടെകൂടി പശ്ചാത്തലത്തിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖകളിലെ
ഗുണനിലവാരത്തിൽ പ്രശംസനീയമായ പുരോഗതി കൈവരിച്ചു. പ്രളയത്തിലും കോവിഡിലും കരുത്തുകാട്ടി.
ഇനി
ജനകീയാസൂത്രണത്തിൽ തുടങ്ങിയ വികേന്ദ്രീകരണ, പങ്കാളിത്ത,
ആസൂത്രണ, നിർവ്വഹണ, പ്രാദേശികഭരണ
ഉദ്യമത്തിൽ ഇനി ഉണ്ടാകേണ്ടത് എന്തൊക്കെയാണ്?
ജനപങ്കാളിത്തം ഇനിയും വർദ്ധിക്കണം. വിവിധ
ആസൂത്രണഘട്ടങ്ങളിലെ ചർച്ചകൾ അർത്ഥവത്താകണം. ഇ-ഗവേണൻസ്, സോഷ്യൽ ഓഡിറ്റ് എന്നിവ
ഉപയോഗപ്പെടുത്തി അഴിമതി തുടച്ചുനീക്കാനാവണം. നൂതനമായ പ്രോജക്ടുകൾ ഏറ്റെടുക്കണം.
ഇതിനെല്ലാം ജനങ്ങളെ അണിനിരത്താൻ നീർത്തടപദ്ധതി ആവിഷ്കരണം ഒരു കാമ്പയിനായി
വളർത്താനാകുമോ എന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
ജനകീയാസൂത്രണത്തിനു ശേഷമുള്ള 20 വർഷക്കാലം സ്വന്തം
മണ്ഡലത്തിൽ നടത്തിയ ഒരുപാട് പ്രാദേശികതലപരീക്ഷണങ്ങളുണ്ടല്ലോ. പിന്നീടു പാർട്ടിയും
സർക്കാരും ഏറ്റെടുത്ത ജനകീയപച്ചക്കറിക്കൃഷി, മാലിന്യനിർമ്മാർജ്ജനം തുടങ്ങിയ പലതും.
അത്തരം ഇടപെടലുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാണു പരിപാടി?
എം.എൽ.എ. അല്ലെങ്കിലും അതില്ലെല്ലാം തുടർന്നും ഇടപെടും.
ജനകീയപച്ചക്കറി, ഉറവിടമാലിന്യസംസ്കരണം, പ്രതിഭാതീരം, സൂക്ഷ്മതലപ്ലാൻ വഴി
പാർശ്വവത്ക്കൃതരുടെ വികസനം സാദ്ധ്യമാക്കുന്ന പി.കെ. കാളൻ പദ്ധതി, കുടുംബശ്രീ
ഉൽപ്പന്നങ്ങൾക്കുള്ള സംയോജിത മാർക്കറ്റിങ്, ജനകീയഭക്ഷണശാലകൾ തുടങ്ങിയവയൊക്കെ സംസ്ഥാനതലത്തിൽത്തന്നെ ഇന്ന്
ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ആര്യാട് ബ്ലോക്കിലെ
പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആർദ്രമീ ആര്യാട് - സമഗ്ര
രോഗപ്രതിരോധപദ്ധതി എന്നു ഞാൻ കരുതുന്നു. പിന്നെ, എന്തിനു പഴയ മണ്ഡലത്തിൽത്തന്നെ
ഒതുങ്ങണം? പ്രാദേശികതലത്തിലുള്ള ഏതു നൂതനവികസനപരീക്ഷണത്തെയും സഹായിക്കാൻ എവിടെ
വിളിച്ചാലും പോകുന്ന ഒരു ശൈലിയാണ് കഴിഞ്ഞ ഇരുപതുവർഷമായി പിന്തുടരുന്നത്. ജനകീയാസൂത്രണത്തിന്റെ
ഏറ്റവും വലിയ നേട്ടം കീഴ്ത്തട്ടിൽ ഏതു പൗരർക്കും ഇടപെട്ടു പ്രവർത്തിക്കാനുള്ള ഇടം
സൃഷ്ടിച്ചിരിക്കുന്നു എന്നതാണ്. എവിടെയൊക്കെ പൗരബോധമുള്ളവർ ഈ ജനാധിപത്യയിടം
ഉപയോഗപ്പെടുത്തുന്നോ അവിടങ്ങളിൽ കാര്യങ്ങൾ വളരെ മെച്ചപ്പെടും. അങ്ങനെയുള്ള
പ്രവർത്തനങ്ങളെ എന്നും പിന്താങ്ങിയിട്ടുണ്ട്. ഇനിയും തുടരും.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന് ആലോചിച്ചിട്ടുള്ള പരിപാടികൾ എന്തൊക്കെയാണ്?
രജതജൂബിലി ആഘോഷത്തിന്റെ കാര്യങ്ങൾ ബജറ്റ് പ്രസംഗത്തിൽത്തന്നെ
സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാർക്കുവേണ്ടി പ്രധാനപ്പെട്ടവ ഒന്നു പറയാമോ?
പറയാം. ഒന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കലാണ്. ഇന്നു
ജനകീയാസൂത്രണത്തെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും വലിയൊരു സാഹിത്യമുണ്ട്. സി.ഡി.എസിൽ
മാത്രം 600 ഗ്രന്ഥങ്ങളും റിപ്പോർട്ടുകളുമുണ്ട്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് 25
അക്കാദമികഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ കിലയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടുംകൂടി
തീരുമാനിച്ചിട്ടുണ്ട്. ഇവയിൽ പത്തെണ്ണം വിവിധ സർവ്വകലാശാലകളിൽ നല്കിയിട്ടുള്ള
പിഎച്ച്ഡി പ്രബന്ധങ്ങളും ചില പണ്ഡിതരുടെ സമഗ്രമായ പഠനങ്ങളും ആയിരിക്കും. ഓരോ വികസനമേഖലയിലും
വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിൽ നടന്ന മാതൃകാപ്രവർത്തനങ്ങളുടെ അക്കാദമികനിലവാരം
പുലർത്തിക്കൊണ്ടുള്ള കേസ് സ്റ്റഡികളുടെ സമാഹാരങ്ങളായിരിക്കും 15 എണ്ണം. അങ്ങനെ 25
പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കും.
രണ്ട്, കിലയുടെ പരിശീലനം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി
മാതൃകാ തദ്ദേശഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പങ്കാളിത്തപഠനപരമ്പര നടത്തും. ആ
തദ്ദേശഭരണസ്ഥാപനത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവിടുത്തെ പ്രവർത്തകരാണു
പഠിപ്പിക്കുക. ഇതിനുവേണ്ടി പ്രത്യേക പഠനസാമഗ്രികൾ തയ്യാറാക്കും. ഇതിൽ പങ്കാളികളാകാൻ
താൽപ്പര്യമുള്ള തദ്ദേശഭരണസ്ഥാപനങ്ങളെ സഹായിക്കാൻ സന്നദ്ധ, സാങ്കേതിക വിദഗ്ദ്ധരെ
ലഭ്യമാക്കും.
മൂന്ന്, ജനപങ്കാളിത്തം വർദ്ധിപ്പിക്കൽ, നൂതന പ്രോജക്ടുകളുടെ
ആസൂത്രണം, സുതാര്യതയുടെ അടിസ്ഥാനത്തിൽ അഴിമതി ഇല്ലാതാക്കൽ, നീർത്തടാസൂത്രണം,
വയോക്ലിനിക്കുകൾ, സാർവ്വത്രിക ബഡ്സ് സ്കൂളുകൾ, വിദ്യാഭ്യാസ-ആരോഗ്യ നിലവാരം
ഉയർത്തൽ, സംയോജിതപദ്ധതികൾ, പ്രാദേശിക ദുരന്തനിവാരണപദ്ധതി തുടങ്ങി ഇതിനകം പരാമർശിച്ചിട്ടുള്ള
പല കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിനു രജതജൂബിലിവർഷത്തിൽ തുടക്കംകുറിക്കും.
നാല്, നീർത്തടാസൂത്രണത്തിനും ഹരിതമിഷന്റെ ലക്ഷ്യങ്ങൾ നേടുന്നതിനും
ജനകീയാസൂത്രണകാലത്തെന്നപോലെ വീണ്ടും വലിയൊരു ജനകീയപ്രസ്ഥാനം അനിവാര്യമാണ്. അങ്ങനെ ജനകീയാസൂത്രണത്തിന്റെ
ഒരു പുത്തൻ പതിപ്പിന്റെ സാദ്ധ്യത ആരായണം..
വിമർശങ്ങളും വിവാദങ്ങളുമൊക്കെ കാലത്തിന്റെ ചവറ്റുകുട്ടയിൽ ഒടുങ്ങിയല്ലോ. നേട്ടം സുവർണ്ണാദ്ധ്യായമായി നില്ക്കുകയും ചെയ്യുന്നു. സംഭാഷണം അവസാനിപ്പിക്കുമ്പോൾ ആദ്യചോദ്യത്തിന്റെ തുടർച്ചയായി ഒന്നു ചോദിക്കട്ടെ. ആ അഞ്ചുകൊല്ലം വീടും കൂടും ഉപേക്ഷിച്ചും ഊണും ഉറക്കവും ഇല്ലാതെയും നടത്തിയ ഓട്ടപ്പാച്ചിൽ... അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു അനുഭവമായിരുന്നല്ലോ അത്. താങ്കൾ മാത്രമല്ല, ആ മഹായജ്ഞത്തിനായി ഇറങ്ങിപ്പുറപ്പെട്ട ഒട്ടെല്ലാവരുടെയും അനുഭവവും അവസ്ഥയും ഇതായിരുന്നല്ലോ. അവരുമായൊക്കെ ഇപ്പോഴും ബന്ധമുണ്ടെന്ന് അറിയാം. അവരെയൊക്കെ കാണുമ്പോൾ, സംസാരിക്കുമ്പോൾ അക്കാലം കടന്നുവരാറുണ്ടോ? അവർ പങ്കുവയ്ക്കുന്ന വികാരം എന്താണ്?
തനിക്ക് എന്തു തോന്നുന്നു?
എന്റെ കാര്യം ഞാൻ പറയാം. എന്നെ, എന്റെ കാഴ്ചപ്പാടിനെ,
തൊഴിൽരംഗത്തെ നിലപാടുകളെ, വികസനകാര്യങ്ങളോടുള്ള താത്പര്യത്തെ ഒക്കെ
രൂപപ്പെടുത്തുന്നതിൽ ആ ക്യാമ്പയിൻ വഹിച്ച പങ്കു വളരെ വലുതാണ്. എത്രവിപുലമായ
സൗഹൃദങ്ങളും അനുഭവങ്ങളുമാണ് അതു നേടിത്തന്നത്! അതിനെല്ലാം അവസരം ഉണ്ടാക്കിയതിൻ ഞാൻ
ഈ പ്രസ്ഥാനത്തോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെയും താങ്കളുടെയും
വികാരമാണ് അറിയേണ്ടത്.
അന്നു ചെയ്തുകൂട്ടിയതെല്ലാം ഇന്ന് അവിശ്വസനീയമായി
തോന്നുന്നുണ്ട്. ഒരാളല്ല, വലിയൊരു കൂട്ടായ്മയായിരുന്നു. ആസൂത്രണബോർഡിലെ സെല്ലിനു
രാവും പകലും വലിയ വ്യത്യാസമുണ്ടായിരുന്നില്ല. പിന്നെ, കേരളം മാറുമെന്ന
ശുഭാപ്തിവിശ്വാസത്തിൽ പൂർണ്ണസമയം പ്രവർത്തനത്തിലേക്ക് എടുത്തുചാടിയ എത്രയോ പേർ!
ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികവുമായി ബന്ധപ്പെട്ട് ‘People`s Planning: Kerala, Local Democracy & Development’ എന്ന ഗ്രന്ഥത്തിന്റെ സമൂലമായി
പരിഷ്കരിച്ച പുതിയ പതിപ്പ് ഇറക്കുകയുണ്ടായല്ലോ. അതിന്റെ ഭാഗമായി നടത്തിയ ദിവസം
മുഴുവൻ നീണ്ട ഓൺലൈൻ ചർച്ചകളിൽ അക്കാലത്തെ പ്രധാനപ്പെട്ടവരിൽ മഹാഭൂരിപക്ഷവും
ഉണ്ടായിരുന്നു. എല്ലാവർക്കും 20 വർഷത്തിന്റെ പ്രായം വർദ്ധിച്ചതു സ്വാഭാവികം.
എടുത്ത പ്രയത്നം വൃഥാവിലായിട്ടില്ലായെന്ന വികാരമാണു പൊതുവിലുണ്ടായിരുന്നത്. ജനകീയാസൂത്രണത്തിന്റെ
തുടർച്ചയ്ക്കു ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ച് എത്രയെത്ര
നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്! എന്നു മാത്രമല്ല, മാതൃകാപഞ്ചായത്തുകളെ സഹായിക്കാൻ
കില പദ്ധതി തയ്യാറാക്കുകയാണെങ്കിൽ അതുമായി സഹകരിക്കാൻ ഏതാണ്ട് എല്ലാവരും
തയ്യാറായിരുന്നു.
ഈ കൂട്ടുചേർക്കലാണ് തോമസ് ഐസക്കിന്റെ ശൈലിയും വിജയവും. ഓരോ
പദ്ധതിയും വരുമ്പോൾ അതിനു പറ്റിയ ഒരു ടീം ഐസക്ക് രൂപപ്പെടുത്തിയിരിക്കും. അഥവാ,
അങ്ങനെയൊന്നു രൂപപ്പെട്ടിരിക്കും. പരീക്ഷിച്ചും തിരുത്തിയും പുതിയപുതിയ
കേരളമാതൃകകൾ വികസിപ്പിക്കുന്ന ആ ചിന്തയ്ക്കും കർമ്മപദ്ധതികൾക്കും ഭരണമാറ്റത്തിന്റെ
ഇടവേളകളില്ല.