തോന്ന്യാസങ്ങൾ

പൈനാവിൽ നിന്നൊരു വെണ്മണിക്കഥ
 
മനോജ്‌  കെ. പുതിയവിള

വെണ്മണിക്കാരൻ രാജ് കുമാർ മൂന്നു പതിറ്റാണ്ടോളമായി എന്റെ സുഹൃത്താണ്. നൂറനാട്ടുകാരി അനിതയും അങ്ങനെതന്നെ. അന്ന്, 1980കളിൽ, ഒരു കുടുംബം പോലെ ആയിരുന്നു ആലപ്പുഴ ജില്ലയിൽ ശാസ്ത്രസാഹിത്യപരിഷത്. ക്യാമ്പുകളും ഗ്രാമജാഥകളും പഠനക്ലാസുകളും അയൽക്കൂട്ടച്ചർച്ചകളും വാനനിരീക്ഷണവും പുസ്തകപ്രചാരണവും പരിഷത്തടുപ്പുസ്ഥാപിക്കലും യാത്രകളും ബാലവേദികളും വനിതാവേദികളും സ്കൂൾ സയൻസ് ക്ലബ്ബുകളും ഒക്കെയായി കർമ്മോന്മുഖതയുടെ മാമ്പഴക്കാലം.
സംഘടനയിലെ അടുപ്പം വളർന്നപ്പോൾ രാജ് കുമാറും അനിതയും ജീവിതപങ്കാളികളായിമാറി. ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി കുടുംബം ഇടുക്കി ജില്ലയുടെ തലസ്ഥാനമായ പൈനാവിലേക്കു സ്വയം പറിച്ചുനട്ടു. ഞാനാകട്ടെ, കോട്ടയം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊക്കെ ജോലിചെയ്ത് ഒടുവിൽ തിരുവനന്തപുരത്തുകാരനുമായി.
അങ്ങനെ വഴിപിരിഞ്ഞു രണ്ടു ദശാബ്ദം ആകുമ്പോൾ, സർക്കാർനിയോഗം എന്നെയും ഇടുക്കിയിലെ പൈനാവിനടുത്തുള്ള കുയിലിമലയിൽ എത്തിച്ചു. അവിടെ സിവിൽ സ്റ്റേഷനിലാണ് ഓഫീസ്.
   സർക്കാർനിയോഗം
അവിടെ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ചുമതലയേറ്റതിന്റെ നാലാം ദിവസം ഉച്ച കഴിഞ്ഞപ്പോൾ ഓഫീസിൽ ഒരു സ്ത്രീ കയറിവന്നു. ഫോണിൽ സംസാരിക്കുകയായിരുന്ന ഞാൻ അവരോട് ഇരിക്കാനും ഒരു നിമിഷം ക്ഷമിക്കാനും കൈ കൊണ്ട് ആംഗ്യം കാട്ടി. അവർ പക്ഷെ, ഇരുന്നില്ല. ഇരിക്കൂ എന്നു വീണ്ടും പറയാനായി ഞാൻ അവരുടെ മുഖത്തേക്കു നോക്കി. അവർ എന്നെത്തന്നെ നോക്കി അന്തംവിട്ടു നിൽക്കുന്നു!
ഒരു നിമിഷം ഞാൻ ഐസ് ആയിപ്പോയി! അനിത! ഇവിടെ ഇങ്ങനെ ഇപ്പോൾ കാണുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതുകൊണ്ടാണെങ്കിലും ആദ്യനോട്ടത്തിൽ അനിതയെ തിരിച്ചറിയാൻ കഴിയാഞ്ഞതിൽ എനിക്കു കാര്യമായ കുറ്റബോധം തോന്നി. എടാ! എന്നാലും ഇവൻ എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന പരിഭവമോ ഇവനെ ഞെട്ടിച്ചല്ലോ എന്ന വിജയഭാവമോ നെടുനാളിനുശേഷം പഴയ ചങ്ങാതിയെ കണ്ടതിന്റെ ആനന്ദമോ ഓർമ്മകളുടെ മലവെള്ളപ്പാച്ചിലോ പറായാൻ വെമ്പിയ ഒരായിരം കഥകളോ ഒക്കെ ആയിരുന്നു അന്തംവിടലിൽ എന്നു ഞാൻ തറിച്ചറിഞ്ഞു. പിന്നെ, എന്തെല്ലാമോ രണ്ടുപേരും വലിച്ചുവാരി പറഞ്ഞു. കാൽ നൂറ്റാണ്ട് ഏതാനും നിമിഷങ്ങളിലൂടെ പുനർജ്ജനിച്ചു.
അതിനിടെ രാജ് കുമാറിന്റെ ഫോൺ: കണ്ടോ? വീട്ടിലേക്കു വരികയല്ലേ? കൊണ്ടുപോകാൻ ഞാൻ അഞ്ചുമണിക്ക് അങ്ങെത്താം. അവർ എല്ലാം ആലോചിച്ചുറച്ചാണ്.
ഫേസ് ബുക്കിനു സ്തോത്രം! അദ്ദേഹമാണ് എന്റെ കുടിയേറ്റവിവരം രാജ്കുമാറിന് എത്തിച്ചത്. പോസ്റ്റിനുകീഴേ പഴങ്കാലത്തെ മറ്റൊരു ചങ്ങാതിയായ ബാലഗംഗാധരൻ ഇട്ട കമന്റു കണ്ടാണു രാജ് കുമാർ അറിഞ്ഞത്.
അല്പം അകലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്യുന്ന രാജ് കുമാറും വൈകിട്ട് എത്തി. പിന്നെയും സന്തോഷത്തിന്റെ ഉരുൾപൊട്ടൽ.
എന്നെ കൊണ്ടുപോയാൽ രാത്രി തിരികെ കൊണ്ടുവിടണ്ടെ? രാജ് കുമാർ തനിച്ചു തിരികെ പോകണ്ടേ? ആനയിറങ്ങുന്ന വഴി. കനത്ത കോട. അടർന്നുവീഴാൻ മൂടിക്കെട്ടിനിൽക്കുന്ന ആകാശവും. അവരുടെ ക്ഷണം സ്നേഹപൂർവ്വം തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. ഒരുപാടു ജോലി കിടക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒടുവിൽ അവർ വഴങ്ങി.
പക്ഷെ, അവർ പിടി വിട്ടില്ല. പിറ്റേന്നും നിർബ്ബന്ധം തുടർന്നു. ഒടുവിൽ ഞാൻ വഴങ്ങി. അങ്ങനെ വൈകിട്ട് അനിതയോടൊപ്പം പൈനാവിലേക്കു പുറപ്പെട്ടു.
         
ഇടുക്കിജില്ലയുടെ തലസ്ഥാനമായ പൈനാവ് വൈകിട്ട് അഞ്ചരമണിക്കു കോടയിൽ മുങ്ങിക്കുളിർന്ന്
ജില്ലാ ആസ്ഥാനം എന്നൊക്കെ കരുതി ചെന്നെത്തിയത് ഒരു ഹോട്ടലും പലചരക്കു കടയും മറ്റഞ്ചാറു കടകളും നാലഞ്ച് ഓട്ടോറിക്ഷകളും മാത്രമുള്ള ഒരു മുക്കിൽ. അനിത അവിടെനിന്ന് അല്ലറചില്ലറ സാധനങ്ങളും പാലും കുറച്ചു കപ്പയും ഒക്കെ വാങ്ങി പറ്റെഴുതി ക്വാർട്ടേഴ്സിലേക്കു നടന്നു.
   പ്രവാസിയുടെ പറ്റുബുക്ക്
ചോരകുടിക്കുന്ന അട്ടയുടെ കടി ഏൽക്കാതെ ശ്രദ്ധിച്ച് കയറ്റം കയറി ക്വാർട്ടേഴ്സിൽ എത്തി. ഇടുക്കി - ചെറുതോണി അണക്കെട്ടുകളുടെ നിർമ്മാണകാലത്തു തൊഴിലാളികളെ പാർപ്പിക്കാൻ കെട്ടിയ സംവിധാനമാണ് ക്വാർട്ടേഴ്സ്. കരിങ്കല്ലുകെട്ടിയ ചുമരുകൾ ആണെങ്കിലും ആസ്ബസ്റ്റോസ് കൊണ്ടു രണ്ടായി തിരിച്ച പാർപ്പിടത്തിൽ രണ്ടു കുടുംബം. നമ്മുടെ സമീപകാലത്തെ ധാരാളിത്തകാഴ്ചപ്പാടിൽ സൗകര്യങ്ങൾ തീരെ ഇല്ലാത്ത പാർപ്പിടങ്ങളിൽ ഇവിടത്തെ സർക്കാർജീവനക്കാർ സന്തുഷ്ടരായി ജീവിക്കുന്നു. രാജ് കുമാർ നർമ്മം കലർത്തി അതിനെ ഇങ്ങനെ അവതരിപ്പിച്ചു: ഇതിന്റെ ഏറ്റവും വലിയ ഗുണം, ഉറക്കെ സംസാരിച്ചാൽ അപ്പുറത്തു കേൾക്കും എന്നതിനാൽ കുടുംബങ്ങളിൽ ആരും വഴക്കിടാറില്ല എന്നതാണ്!
അവിടെ മക്കളായ ദിവ്യശ്രീയോടും അപുവിനോടും ഒപ്പം അവർ സസുഖം വാഴുന്നു. ദിവ്യ ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം കഴിഞ്ഞു. അടുത്ത പടവു തേടുന്നു. അപു പന്ത്രണ്ടിലും. മലയാളം മീഡിയത്തിൽ നൂറനാട്ടെയും പൈനാവിലെയും സാധാരണ പള്ളിക്കൂടങ്ങളിൽ പഠിച്ച രണ്ടുപേരും പഠനത്തിൽ ഒന്നാമർ. പഠനേതരകാര്യങ്ങളിലും മിടുക്കർ.
   അപുവിന്റെ വികൃതി : നിറഭേദം വരുത്തിയ സ്വന്തം ചിത്രം
ജാതിയും മതവും ഇല്ലെന്ന് അപേക്ഷയിൽ എഴുതിയതു കണ്ട് അസ്വസ്ഥരായ ഹെഡ്മാസ്റ്റർമാരുടെയും അദ്ധ്യാപകരുടെയും മതമാനേജ്മെന്റുവക കലാലയത്തിലെ സഹോദരിമാരുടെയും ഒക്കെ കഥകൾ കേട്ടു തലതല്ലിച്ചിരിച്ചുപോയി. ദൈവവിശ്വാസവും ഇല്ലേ എന്നു സന്ദേഹിച്ചുനിന്ന ഒരു സഹോദരിയോട് എല്ലാ മതത്തിന്റെയും ദൈവത്തെ ആരാധിക്കും എന്നു പറഞ്ഞപ്പോൾ അതെങ്ങനെ പറ്റും; അതു ശരിയാവില്ല എന്ന് അത്ഭുതം കൂറുകയും പ്രതിഷേധിക്കുകയും ഒടുവിൽ ഗത്യന്തരമില്ലാതെ നിരാശയാകുകയും ചെയ്ത കഥ ദിവ്യശ്രീ തന്നെയാണു വിവരിച്ചത്.
   അനിതയും ദിവ്യശ്രീയും പാപ്പൂട്ടിമാഷോടൊപ്പം
അപു പുതിയ ബാഗ് ഓൺ ലൈനായി വാങ്ങാനുള്ള തിരക്കിലായിരുന്നു. ദിവ്യയുടെ വിശേഷങ്ങൾക്കിടയിൽ ഉടനെ മടങ്ങിയെത്താം; ചെറിയൊരു ഇടവേള എന്ന് അവൾ പറയുമെന്നു കാത്തിരുന്ന പാവം അപുവിനു സംസാരിക്കാൻ കാര്യമായ അവസരം കിട്ടിയില്ല! (അവൾക്കു നാലു പരസ്യം സംഘടിപ്പിച്ചുകൊടുത്താലോ എന്നു ഞാൻ ആലോചിച്ചു; ഒരു ഇടവേള അനിവാര്യം ആക്കാൻ.)
അതിനിടെ രാജ് കുമാർ മീങ്കറി ഉണ്ടാക്കി. അനിത കപ്പയും. എന്നേപ്രതി വാങ്ങിയതാണ് അതൊക്കെ എന്നതിനാൽ, മൂന്നാഴ്ചയായി ആയുർവ്വേദവൈദ്യത്തി ഗംഗ ഏർപ്പെടുത്തിയിരുന്ന പഥ്യം എന്ന ഉപരോധം തൽക്കാലത്തേക്കു ഞാൻ സ്വയം അങ്ങു പിൻവലിച്ചു.
   രാജ് കുമാർ
കുശാലായി ഭക്ഷണം കഴിക്കുന്നതിനിടയിലും വെടിവട്ടം തുടർന്നു. അപ്പോൾ കേട്ട ചില വിശേഷങ്ങളാണ് ഏറ്റവും കൗതുകകരമായി തോന്നിയത്. 90-കൾക്കു മുമ്പുണ്ടായിരുന്ന സാഹചര്യം പുനഃസൃഷ്ടിക്കപ്പെട്ടതുപോലെ. സത്യത്തിൽ കഥ പറയാനാണ് ഇത് എഴുതിത്തുടങ്ങിയതുതന്നെ. സൗഹൃദത്തിന്റെ ഊഷ്മളത ഉണർന്നപ്പോൾ വിഷയം കൈവിട്ടുപോകുക ആയിരുന്നു.
കഥ ഇങ്ങനെ:
കുഞ്ഞുമോൻചേട്ടനും നാട്ടുകാരും 
കാടു വെട്ടിത്തെളിച്ചു സിവിൽ സ്റ്റേഷൻ പണിത കുയിലിമലയിൽ കളക്ട്രേറ്റും അവിടത്തെ ക്യാന്റീനും കഴിഞ്ഞാൽ രണ്ടു കൊച്ചു കടകൾ മാത്രമേ ഉള്ളൂ. ജീവനക്കാർ താമസിക്കുന്നത് ഒന്നൊന്നര കിലോമീറ്റർ അപ്പുറത്തുള്ള പൈനാവിലാണ്.
പൈനാവിന്റെ ഒരു ചിത്രം നേരത്തെ തന്നിരുന്നല്ലോ. അവിടെ സർക്കാരുദ്യോഗസ്ഥരും പണ്ട് അണക്കെട്ടുനിർമ്മാണത്തിനായി തമിഴ്നാട്ടിലും പടിഞ്ഞാറൻ സമതലങ്ങളിലുംനിന്നു കുടിയേറിയവർ മാത്രമാണു താമസം. നാട്ടുകാർ എന്ന ഇനത്തിൽ ആരെങ്കിലും ഉണ്ടാകാൻ അവിടം നാട് ആയിരുന്നിട്ടില്ലല്ലോ. അല്പം അകലെ പളിയക്കുടിയിലും താന്നിക്കണ്ടത്തും ഉണ്ട് ഇതുപോലെ ഏതാനും കുടിയേറ്റക്കാർ.

പൈനാവിലെ ജനജീവിതം
അതൊക്കെക്കൊണ്ടുതന്നെ അനിത രാജ് കുമാർ ദമ്പതിമാർ എത്തുന്ന കാലത്ത് അവിടെ ശാസ്ത്രസാഹിത്യപരിഷത്തൊന്നും ഉണ്ടായിരുന്നില്ല; ഉണ്ടാക്കാനുള്ള സാഹചര്യങ്ങളും.
ആ സമയത്ത്, 2005-, പൈനാവ് ഉൾപ്പെടുന്ന വാഴത്തോപ്പു പഞ്ചായത്തിലെ മാലിന്യം പൈനാവിൽ കൊണ്ടുത്തള്ളാൻ അധികൃതർ നീക്കം തുടങ്ങി. കക്ഷിരാഷ്ട്രീയതാല്പര്യങ്ങൾ നോക്കാതെ എല്ലാവരും ചേർന്ന് അതു ചെറുത്തു. പരിസ്ഥിതിപ്രവർത്തകർകൂടി ആയിരുന്ന അനിതയും രാജ് കുമാറും ആ പോരാട്ടത്തിൽ മുന്നണിയിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് അവിടത്തെ ജനങ്ങളുമായി കാര്യമായി അടുക്കുന്നത്.
അങ്ങനെയിരിക്കുമ്പോഴാണ് 2010- പരിഷത്തിന്റെ നാടകയാത്ര എന്ന പരിപാടി വരുന്നത്. ജില്ലാ ആസ്ഥാനമായ പൈനാവിൽ ഒരു സ്വീകരണകേന്ദ്രം വേണമെന്നു ജില്ലാക്കമ്മിറ്റിക്കു താല്പര്യം. അവർ ദമ്പതിമാരെ പിടികൂടി. അവരാകെ അന്ധാളിച്ചു. കഷായത്തിൽ ഇടാൻ പോലും മൂന്നാമതൊരു പരിഷത്തുകാരനോ കാരിയോ നാ(കാ)ട്ടിലില്ല.
അവിടെയുള്ളവർക്കു രാഷ്ട്രീയപ്പാർട്ടികളുടെ നിറച്ചർത്തുപോലും ഇല്ല. ആകെയുള്ള സ്വത്വബോധം എൻജിഒ അസോസിയേഷൻ, എൻജിഒ യൂണിയൻ എന്നിങ്ങനെയുള്ള സർവ്വീസ് സംഘടനാസ്വത്വം ആണ്! രാഷ്ട്രീയം പറയുമ്പോൾ പാർട്ടിപ്പേരിനു പകരം പോലും അസോസിയേഷനും യൂണിയനും ആണ് ഇവിടത്തുകാർ പറയുന്നത്. നമ്മുടെ നായികാനായകന്മാർ ആകട്ടെ യൂണിയൻകാരും. ആ നിറക്കൂട്ടുകൾ പരിഷത്തിന്റെ പരിപാടിയുടെ ശോഭ കെടുത്തരുതെന്ന് ഇരുവർക്കും നിർബ്ബന്ധവും.
മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങൾ അല്ലാതെ അവിടെയുള്ള ഏകപ്രസ്ഥാനം റെസിഡെന്റ്സ് അസോസിയേഷനാണ്. അവർ അതിന്റെ ഭാരവാഹികളെ സമീപിച്ചു. എം ഡി അർജ്ജുനൻ ആണു പ്രസിഡന്റ്. എൻജിഒ അസോസിയേഷൻ സംസ്ഥാനഭാരവാഹി എന്ന നിലയിൽ നന്നേ തിരക്കുള്ളയാൾ. എങ്കിലും, കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാനുള്ള പരിപാടിയല്ലെ? പോരാത്തതിനു നാടകവും. ഒരു സിനിമാക്കൊട്ടക പോലും ഇല്ലാത്ത, സാസ്ക്കാരികപരിപാടികളൊന്നും പതിവില്ലാത്ത, സ്ഥലത്ത് നാട്ടുകാർക്ക് ഒരു സന്തോഷം ആകട്ടെ. നമുക്കു നടത്തിക്കളയാം - എം ഡി അർജ്ജുനൻ മുന്നിട്ടിറങ്ങി.
ജല അതോറിറ്റിയിലെ ഐഎൻറ്റിയുസി സംഘടനയുടെ സംസ്ഥാനതല നേതാവുകൂടിയായ റെസിഡെന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.ജെ. ജോസഫ് ചെയർമാനും രാജ് കുമാർ കൺവീനറുമായി സ്വാഗതസംഘം രൂപവത്ക്കരിച്ചു വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണവും മറ്റു സംഘാടനവും ഒക്കെയായി സംഗതി അങ്ങു കൊഴുത്തു. എൻജിഒ യൂണിയൻകാരും അസോസിയേഷൻകാരും ഒരുമിച്ച് ഒരു പരിപാടിക്ക് ഇറങ്ങുന്നത് അവിടത്തുകാർക്കു കൗതുകക്കാഴ്ച ആയിരുന്നു.
കെപിസിസി നിർവ്വാഹകസമിതി അംഗവും ജില്ലാ റ്റൂറിസം പ്രമോഷൻ കൗൺസിൽ അംഗവും ഒക്കെയായി ആകെ തിരക്കുള്ള, കുഞ്ഞുമോൻ ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന, റ്റി ജി കുഞ്ഞുമോനും പി ജെ ജോസഫും അടക്കം ധാരാളം പേർ സംഘാടനത്തിൽ സജീവം മുഴുകി.
നാടകയാത്ര എത്തിയപ്പോൾ 350 പേർക്ക് ഇരിക്കാവുന്ന ഹാൾ അന്നാദ്യമായി നിറഞ്ഞുകവിഞ്ഞു. മുറ്റത്തും വളപ്പിലുമെല്ലാം ആള്. (മുമ്പ് സർവ്വീസ് സംഘടനാ സമ്മേളനങ്ങൾക്ക് ഉച്ചനേരത്തുമാത്രമാണത്രേ ഈ ഹാൾ നിറഞ്ഞിട്ടുള്ളത്!)
പരിപാടി എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇടതു-വലതു വ്യത്യാസമില്ലാതെ നിരവധി സംഘടനകളുടെ പ്രതിനിധികൾ യാത്രയ്ക്കു സ്വീകരണം നൽകി. യാത്രാസംഘത്തിനു നല്ല ഭക്ഷണവും ഒക്കെ കൊടുത്ത് യാത്രയാക്കി. പരിഷത്തുകാർക്കും സംഘാടകർക്കും കാഴ്ച്ചക്കാർക്കുമെല്ലാം സന്തോഷം.
നാടകയാത്ര കഴിഞ്ഞതോടെ പരിഷത്തിന്റെ ഒരു യൂണിറ്റ് തുടങ്ങണം എന്ന ചിന്ത ഉടലെടുത്തു. അധികം വൈകാതെ ഒരു യൂണിറ്റ് രൂപം കൊണ്ടു. ചുറ്റുവട്ടത്തുള്ള യൂണിറ്റുകൾ കൂടി ചേർത്ത് ഇടുക്കി മേഖലാക്കമ്മിറ്റിയും ഉണ്ടായി. തങ്ങൾകൂടി കമ്മിറ്റിക്കാരായ റെസിഡെന്റ്സ് അസോസിയേഷനും പരിഷത്തും തമ്മിൽ മികച്ച ഒരു പാരസ്പര്യം ഇതിനകം രൂപപ്പെട്ടിരുന്നു.
തുടർന്ന്, പൈനാവിൽ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം എന്ന ചിന്തയായി. അങ്ങനെ മാലിന്യമുക്തപൈനാവ് എന്നൊരു പരിപാടിയും അതിനായി വേണം മറ്റൊരു പൈനാവ്’ (http://venammattorupainavu.blogspot.in/) എന്നൊരു ബ്ലോഗും തുടങ്ങി! വേണം മറ്റൊരു കേരളം എന്ന ക്യാമ്പയിൻ പരിഷത്തു നടപ്പാക്കിത്തുടങ്ങുന്നതിനു മുമ്പുതന്നെ തുടങ്ങിയ ഈ പരിപാടി സംസ്ഥാനക്യാമ്പയിൻ വന്നപ്പോൾ അതിന്റെ ഭാഗമാക്കി. എം.ഡി. അർജ്ജുനൻ ആയിരുന്നു മാലിന്യമുക്തപൈനാവിന്റെ ചെയർമാൻ. കലാപരിപാടിയൊന്നും ഇല്ലായിരുന്നിട്ടും ഇതിന്റെ ഉദ്ഘാടനത്തിനും ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു!
   മാലിന്യമുക്തപൈനാവിന്റെ ഉദ്ഘാടനം
 
   പ്രതിജ്ഞചൊല്ലലും പ്രതിജ്ഞയും പ്രവൃത്തിയും
ജില്ലയിലെ പരിഷത്തുകാർക്കു പൈനാവിലെ സംഘാടനം ക്ഷ പിടിച്ചു. വേണം മറ്റൊരു കേരളം എന്ന പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ കലാജാഥകളിൽ മദ്ധ്യമേഖലാജാഥയുടെ ഉദ്ഘാടനം പൈനാവിൽ നടത്തണം എന്നായി തീരുമാനം. പി.ജെ. ജോസഫ് ചെയർമാനും രാജ് കുമാർ കൺവീനറുമായി സ്വാഗതസംഘം. കുഞ്ഞുമോൻ ചേട്ടനും അർജ്ജുനനും എല്ലാം ഉഷാറായി ഇറങ്ങി.    വേണം മറ്റൊരു കേരളം കലാജാഥയുടെ പൈനാവിലെ നോട്ടീസ്
സസ്ഥാനതല ഉദ്ഘാടനം പൊടിപൊടിച്ചു. തുടർന്നു നടന്ന ചർച്ചയും ഗംഭീരമായി. പരിപാടിയുടെ സന്ദേശം എല്ലാവർക്കും നന്നേ ഇഷ്ടമായി. ചർച്ചയിൽ പങ്കെടുത്ത പലരും പരിഷത്തിൽ അംഗങ്ങളായി.

പൈനാവിൽ നടന്ന വേണം മറ്റൊരു കേരളം കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ
 
പൈനാവിനെ പ്ലാസ്റ്റിക് വിമുക്തം ആക്കാൻ കഴിഞ്ഞതാണ് ഈ ക്യാമ്പയിന്റെ സമയത്തെ പ്രധാന നേട്ടം. 2011 നവംബർ ഒമ്പതിനായിരുന്നു പ്ലാസ്റ്റിക് രഹിത പൈനാവിന്റെ ഉദ്ഘാടനം. തുടർന്ന് ഡിസംബർ ഒന്നു മുതൽ പ്ലാസ്റ്റിക് ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം എല്ലാദിവസവും കടകളിൽ കയറിയിറങ്ങി ആവർത്തിച്ചു. നവംബർ 30-ന് പ്ലക്കാർഡുമായി കടകൾ കയറി. ഇവിടെ പ്ലാസ്റ്റിക് കൂടുകൾ നൽകില്ല എന്ന് എല്ലാ കടയിലും എഴുതിയൊട്ടിച്ചു. (ചില കടകളിൽ ഇപ്പോഴും അത് ഇരിക്കുന്നതു ഞാൻ കണ്ടു.) അപ്പോഴേക്കും കടകളിലെല്ലാം പേപ്പർ ക്യാരി ബാഗ് സ്ഥാനം പിടിച്ചു.
 
മാലിന്യമുക്തപൈനാവിന്റെ ഭാഗമായി വാഴത്തോപ്പ് സെന്റ് ജോർജ്ജ് എച്ഛ്എസ്എസിലെ എൻഎസ്എസുമായി ചേർന്നു റെസിഡെന്റ്സ് അസോസിയേഷൻ 170 വീട്ടിലും കയറിയിറങ്ങി നടത്തിയ ശുചിത്വസർവ്വേയും ആശയപ്രചാരണവും ശ്രദ്ധ ആകർഷിച്ചു. അതിന്റെയും ചെയർമാൻ അർജ്ജുനനും കൺവീനർ രാജ് കുമാറും.
ശുചിതസർവ്വേ നടത്തിയ സന്നദ്ധപ്രവർത്തകരും സർവ്വേയുടെ ചോദ്യാവലിയും
 
പരിഷത്തിന്റെ മദ്യവിരുദ്ധപ്രചാരണവും ഭംഗിയായി നടത്തി. ഇതിനിടെ 150-ൽപ്പരം ചൂടാറാപ്പെട്ടി വിറ്റു. പരിഷത്തിന്റെ മാസികകൾ ജില്ലയിൽ ഏറ്റവുമധികം പ്രചരിപ്പിച്ചതും അടുത്തിടെ പ്രീ-പബ്ലിക്കേഷനായി ഇറക്കിയ രസതന്ത്രം ജീവിതമാക്കിയവർ എന്ന പുസ്തകം ജില്ലയിൽ ഏറ്റവും അധികം കോപ്പി പ്രചരിപ്പിച്ചതും പൈനാവ് യൂണിറ്റാണ്. ഇതിനെല്ലാം അംഗങ്ങളല്ലാത്തവരടക്കം വിവിധ രാഷ്ട്രീയക്കാരായ പൊതുപ്രവർത്തകരെല്ലാം ഇറങ്ങി. പ്രവർത്തനങ്ങൾ പലതും ജനപിന്തുണ നേടി.
അങ്ങനെയങ്ങനെ, 2012-ലെ ജില്ലാസമ്മേളനത്തിന് ആതിത്ഥ്യം വഹിക്കാനുള്ള നിയോഗവും പൈനാവ് യൂണിറ്റിനായി. സംഘാടകസമിതി ആയി. കുഞ്ഞുമോൻ ചേട്ടൻ ചെയർമാനും രാജ് കുമാർ കൺവീനറും. പൈനാവ് ഗവണ്മെന്റ് യുപി സ്കൂളിൽ രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്കെല്ലാം പരിമിതിക്കുള്ളിൽ ലഭ്യമാക്കാവുന്ന പരമാവധി സൗകര്യങ്ങൾ ഒരുക്കിനൽകി. ചോറുമാത്രം പള്ളിക്കൂടത്തിൽ വച്ചു. ബാക്കിയെല്ലാം കുഞ്ഞുമോൻ ചേട്ടനും ജോസഫേട്ടനും രാജ് കുമാറും അനിതയും മറ്റു കൂട്ടുകാരും സ്വന്തം വീടുകളിൽ ഉണ്ടാക്കി എത്തിച്ചു. കന്നുകാലിക്കർഷകൻ കൂടിയായ കുഞ്ഞുമോൻ ചേട്ടന്റെ സംഭാവന ആയിരുന്നു മുഴുവൻ പാലും. പരിപ്പും പപ്പടവും സാമ്പാറും അവിയലും മീൻ കറിയും അച്ചാറുകളും പായസവും ഒക്കെ കൊടുത്തെങ്കിലും കുഞ്ഞുമോൻ ചേട്ടനും മറ്റും ഒട്ടും തൃപ്തിയായില്ല. പക്ഷെ, പരിഷത്തുകാർ ബഹുത് ബഹുത് ഖുശി! ഇത്രയ്ക്കൊന്നും പാടില്ലെന്നു വിനയപൂർവ്വമായ വിശദീകരണവും.
പരിപാടി നടത്താൻ സ്റ്റേജൊരുക്കാനും കസേര പിടിച്ചിടാനും പരിപാടി കഴിഞ്ഞ് എല്ലാം തിരികെ പെറുക്കി ഇടാനും ഒക്കെ മുണ്ടും മടക്കിക്കുത്തി അതാ പരിഷത്തിന്റെ സംസ്ഥാനനേതാക്കൾ! കുഞ്ഞുമോൻചേട്ടനു വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ പാർട്ടീലൊന്നും സങ്കൽപ്പിക്കാൻ പറ്റില്ല, കേട്ടോ - അദ്ദേഹം അത്ഭുതം കൂറി.
ഈ സംഘം കൊള്ളാം എന്നു ബോദ്ധ്യമായതോടെ കുഞ്ഞുമോൻ ചേട്ടൻ കൂട്ടത്തിൽ കൂടാൻ തീരുമാനിച്ചു. പരിഷത്തിൽ അംഗത്വം ചോദിച്ചുവാങ്ങി. ജോസഫേട്ടനും സ്വന്തം താല്പര്യത്തിൽത്തന്നെ അംഗത്വം എടുത്തു. എത്ര തിരക്കുണ്ടെങ്കിലും ഇടുക്കി മേഖലയിൽ നടക്കുന്ന മിക്ക പരിപാടിയിലും പ്രവർത്തകയോഗങ്ങളിലും കുഞ്ഞുമോൻചേട്ടൻ ഇപ്പോൾ പങ്കെടുക്കും.
   
പുതുതായി രൂപം നൽകിയ പരിഷത്ത് ഇടുക്കി മേഖലയുടെ പ്രവർത്തകയോഗം
ഇതേപ്പറ്റി ചോദിച്ചാൽ കുഞ്ഞുമോൻചേട്ടൻ പറയും, എടോ, പലരും വിചാരിക്കുന്നപോലെ ഇതു സിപിഎമ്മുകാരുടെ പോഷകസംഘടനയൊന്നും അല്ല. അവർ പറയുന്ന കാര്യങ്ങൾ എല്ലാവരുടെയും ഗുണത്തിനുള്ളതാ. ഏതു കാര്യവും ആഴത്തിൽ പഠിക്കുകയും ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന കൂട്ടരാണവർ. അവർക്കിടയിൽ വലിപ്പച്ചെറുപ്പം ഇല്ല; നേതാവും അനുയായിയും ഇല്ല. ലളിതമായ ജീവിതം. ക്യാമ്പിലായാലും സമ്മേളനത്തിലായാലും ഒക്കെ ഇത്തിരി കഞ്ഞീം പയറും കിട്ടിയാൽ മതി. സംസ്ഥാനനേതാക്കൾ പോലും അങ്ങനാ. ഒന്നിച്ചുതന്നെ നിന്നും ഇരുന്നും ഒക്കെ കഴിച്ചോളും. പള്ളിക്കൂടത്തിലെ ബഞ്ചുമ്മേ കിടന്ന് ഉറങ്ങുകേം ചെയ്യും. അവരുടെകൂടെ കൂടി വല്ലതും കുറച്ചു നല്ലകാര്യം ചെയ്യാൻ നോക്കെടോ താനും.
ഈയിടെ അടിമാലിയിൽ നടന്ന പരിഷത്ത് ജില്ലാസമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തപ്പോൾ അവിടെയും കുഞ്ഞുമോൻചേട്ടൻ ഈ നിലപാടു പ്രഖ്യാപിച്ചത് മറ്റു പ്രതിനിധികൾ കരഘോഷത്തോടെ സ്വീകരിച്ചു. എല്ലാ പരിഷത്തുകാരുടെയും മനസിലുള്ളതാണ് അനിതയും രാജ് കുമാറും കൂടി പൈനാവിലൂടെ യാഥാർത്ഥ്യമാക്കിയത് എന്നതായിരുന്നു ആ കരഘോഷത്തിന്റെ സാംഗത്യം.
ഈ കഥാകഥനത്തിനിടയിൽ എപ്പഴോ എന്റെ മനസു പുതിയവിളയിലേക്കു പറന്നു. പരിഷത്തിന്റെ സുവർണ്ണജൂബിലിക്കാലത്തുനിന്നു രജതജൂബിലിക്കാലത്തേക്ക്. എൺപതുകളിലെ പരിഷത്തിന്റെ പരിപാടികളിലേക്ക്. പുതിയവിളയിൽ നടന്ന കലാജാഥാ-ബാലോത്സവജാഥാ സ്വീകരണങ്ങൾ, മേഖലാസമ്മേളനങ്ങൾ, യൂണിറ്റ് വാർഷികങ്ങൾ, സെമിനാറുകൾ, പഠനോത്സവങ്ങൾ, ബാലോത്സവങ്ങൾ,
   
സുവർണ്ണജൂബിലിക്കാലത്തും കരുത്തായി നിൽക്കുന്ന എളിമയും ഒരുമയും സാമൂഹികബോധവും എല്ലാം ചേർന്ന പാരിഷത്തികത
പലതിലും സ്വാഗതസംഘം ചെയർപേഴ്സൺ കോൺഗ്രസ് പ്രാദേശികനേതാവും പഞ്ചായത്തംഗവും ഒക്കെ ആയിരുന്ന ഉദയമ്മ (ഉദയമ്മാക്ക) ആയിരുന്നു. കോൺഗ്രസിലെതന്നെ മറ്റൊരു പഞ്ചായത്തംഗം ആയിരുന്ന വേലായുധൻപിള്ളസാറും ഇപ്പോൾ പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയ രാജഗോപാലും ഒട്ടേറെ പരിപാടികളിൽ സഹകരിച്ചിരുന്നു. പല പരിപാടികളുടെയും ഉദ്ഘാടകൻ പഞ്ചായത്തു പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വാലിൽ പുരുഷോത്തമൻപിള്ളച്ചേട്ടൻ ആയിരുന്നു. സംഘാടകസമിതികളിലും ജാഥകളെയും മറ്റും സ്വീകരിക്കുന്നതിലും എല്ലാ പാർട്ടികളുടെയും ബഹുജനസംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഉണ്ടാകുമായിരുന്നു. സാക്ഷരതായജ്ഞത്തിന്റെ നാളുകളിലും ഈ സർവ്വകക്ഷിസഹകരണം വിജയത്തിന്റെ ആധാരശിലയായി ഉണ്ടായിരുന്നു.
പരിഷത്തിന്റെ പുതിയവിള യൂണിറ്റിലെ സെക്രട്ടറിമാരായിരുന്ന ശിവശങ്കരപ്പിള്ളച്ചേട്ടനും രാമകൃഷ്ണപിള്ളയും അംഗങ്ങളായിരുന്ന അയ്യപ്പനും ശശിധരൻ നായരും കൃഷ്ണകുമാറും അടക്കം പലരും കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു. യൂണിറ്റ് സെക്രട്ടറി ആയിരുന്ന ഗോപാലകൃഷ്ണപിള്ളസ്സാറും വിജയൻ ചേട്ടനും സിപിഐ ആയിരുന്നു. സലിമും ഷെല്ലിയും റോയിയും സരസനും ഒക്കെ സിപിഐ(എം) പ്രവർത്തകർ ആയിരുന്നു. പിന്നീടു ജില്ലാ-സംസ്ഥാനതല ചുമതലകൾ ഏല്പിക്കപ്പെട്ട ശിവരാമപിള്ളസ്സാറും ഞാനുമൊന്നും രാഷ്ട്രീയകക്ഷികളുടെ അംഗങ്ങളോ പ്രവർത്തകരോ ആയിരുന്നുമില്ല. അങ്ങനെ സമൂഹത്തിന്റെ നേർപങ്ക് ആയിരുന്നു പരിഷത്ത്. എ കെ ആന്റണിയും വി എം സുധീരനുമൊക്കെ പരിഷത്തംഗങ്ങൾ ആയിരുന്നു എന്നും കേട്ടിട്ടുണ്ട്.
എനിക്കുശേഷം പ്രളയം എന്ന മട്ടിൽത്തന്നെ പറയട്ടെ, ആ കാലമായിരുന്നു പരിഷത്തിന്റെ പുഷ്ക്കലകാലം എന്നു ഞാൻ കരുതുന്നു. (മറിച്ചു കരുതാനുള്ള ആരുടെയും സ്വാതന്ത്ര്യത്തെ ഞാൻ തടയുന്നില്ല. തർക്കിക്കാനും ഇല്ല.) ഏതു കാര്യത്തിലും ശാസ്ത്രീയമായ അഭിപ്രായം അറിയാൻ അന്നൊക്കെ പത്രങ്ങൾ പരിഷത്തുകാരെയാണു വിളിച്ചിരുന്നത്. ആ അഭിപ്രായങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും സ്വീകാരം ഉണ്ടായിരുന്നു. പരിഷത്തിന്റെ യോഗങ്ങൾക്ക് വലിയ പണി എടുക്കാതെതന്നെ ആളു കൂടുമായിരുന്നു. കൈമെയ് മറന്ന് എല്ലാവിഭാഗം ജനങ്ങളും പരിപാടികളിൽ സഹകരിക്കുമായിരുന്നു. അതെല്ലാം ഒരു സന്തോഷമായിരുന്നു; അഭിമാനം ആയിരുന്നു. ഇന്നും അതൊക്കെ അഭിമാനം തന്നെ; സന്തോഷവും.
പ്രതീക്ഷയുണർത്തുന്ന മുദ്രാവാക്യങ്ങൾ ഇപ്പോഴും മനസു ത്രസിപ്പിക്കുന്നു. തീർച്ചയായും വേണം മറ്റൊരു കേരളം.അതുസൃഷ്ടിക്കാൻ കെല്പുള്ള ഒരു പരിഷത്തും.


മനോജ് കെ. പുതിയവിള : ഫോൺ - 9847948765
-മെയിൽ - puthiavila@gmail.com

No comments:

Post a Comment