Friday, 7 January 2022

ബുദ്ധിജീവികൾക്കു സംഭവിക്കുന്നത്

  ബുദ്ധിജീവികൾക്കു സംഭവിക്കുന്നത്

മനോജ് കെ. പുതിയവിള




[പുരോഗമന കലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം‘ മാസികയുടെ 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]


പുതിയ നീതിബോധവും അവകാശ-സ്വാതന്ത്ര്യബോധങ്ങളും നാളെയുടെ ഇതരമൂല്യങ്ങളും സൃഷ്ടിക്കുക, അവയ്ക്കു നിരക്കാത്തവയെ തുറന്നുകാട്ടി വിമർശിക്കുക, മാറ്റത്തിനായുള്ള ബഹുഭൂരിപക്ഷത്തിന്റെ മുന്നേറ്റത്തിന് ഊർജ്ജവും മാർഗ്ഗദർശനവും പകരുക... അതിനെല്ലാം കഴിയുന്ന നവബുദ്ധിജീവിവർഗ്ഗം വളർന്നുവരേണ്ടിയിരിക്കുന്നു.


 വിഷയം എഴുതാൻ നിർദ്ദേശിച്ചപ്പോൾ ആശയപ്രതിസന്ധികളുള്ള അത് എഴുതാൻ കഴിഞ്ഞേക്കില്ലെന്നു സൂചിപ്പിച്ചിരുന്നു. ബുദ്ധിജീവിയുടെ നിർവ്വചനംതന്നെ പൊതുവ്യവഹാരത്തിൽ ഉള്ളതിൽനിന്നു വ്യത്യസ്തമാണ്. അതേസമയം, പൊതുവ്യവഹാരത്തിലെ ബുദ്ധിജീവിസങ്കല്പം ആധാരമാക്കി വിഷയം എഴുതുകയും വേണം. അതിബൃഹത്താണ് ബുദ്ധിജീവനം എന്ന വിഷയം. ഹെഗലിന്റെ പിൻഗാമികൾ 1800 കളിൽ തുടങ്ങിയ ചർച്ചകൾ അനവധി പ്രമാണഗ്രന്ഥങ്ങളിലൂടെ വികസിച്ച് ഇന്നും തുടരുന്നു. ഇക്കാര്യത്തിൽ ഉൾക്കാഴ്ച പകരാൻ സഹായിക്കുന്ന ചില നിരീക്ഷണങ്ങൾ മാത്രം നോക്കാം. നമ്മുടെ ധാരണപ്രകാരമുള്ള ബുദ്ധിജീവികളെത്തന്നെ ഒന്നുകൂടി വിലയിരുത്താനും അതു സഹായിക്കും.


ബുദ്ധിജീവനം എന്തിന്?

ജീവന്റെ അടിസ്ഥാനം നിരന്തരം നവീകരിക്കലാണ്. പ്രതികൂലതകൾക്കൊത്ത അതിജീവനശേഷികൾ ആർജ്ജിക്കൽ. മനുഷ്യരുടെ കാര്യത്തിൽ അതു ജനിതകത്തിൽ ഒതുങ്ങുന്നില്ല. സാംസ്ക്കാരിക, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളിലൊക്കെ നാം നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. അല്ലെങ്കിൽ സമൂഹം തോറ്റു തകർന്നുപോകും. ഈ മണ്ഡലങ്ങളിലെല്ലാം പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ദർശനങ്ങളും സിദ്ധാന്തങ്ങളും മാതൃകകളും സമ്പ്രദായങ്ങളും സംവിധാനങ്ങളുമൊക്കെ വികസിപ്പിച്ചുകൊണ്ടാണ് സമൂഹം നിരന്തരം നവീകരിക്കപ്പെടുക.

ആരാണ് അതൊക്കെ ചെയ്യുന്നത്? ബുദ്ധിജീവികൾ എന്നാണ് ഉത്തരം. എല്ലാവരും ജീവിക്കുന്നത് ബുദ്ധി ഉപയോഗിച്ചല്ലെ, പിന്നെന്താണ് ചിലരെമാത്രം ബുദ്ധിജീവി (intellectual) എന്നു വിളിക്കുന്നത്? അന്റോണിയോ ഗ്രാംഷി അവരെ നിർവ്വചിച്ചത്, ബുദ്ധിയെ പ്രയോഗമേഖലയായും അതിൽ പ്രയോഗിക്കുന്ന ഉപകരണമായും ഉപയോഗിച്ച് ബൗദ്ധികമൂല്യമുള്ള സാംസ്ക്കാരികോത്പന്നങ്ങൾ നിർമ്മിക്കുന്നവർ എന്നാണ്. അവർ സാധാരണക്കാരിൽനിന്നു വ്യത്യസ്തരും അവർക്കുമേൽ പലതരത്തിൽ സ്വാധീനമുള്ളവരും ആയിരിക്കും എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്.

മനുഷ്യസ്വാതന്ത്ര്യവും വിജ്ഞാനവും മുന്നോട്ടു കൊണ്ടുപോകുകയാണ് ബുദ്ധിജീവികളുടെ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം എന്നാണ് എഡ്വേഡ് സെയ്ദ് നിർവ്വചിക്കുന്നത്. മനുഷ്യാവകാശലംഘനത്തിനും അനീതിക്കുമെതിരെ ഉണര്‍ന്നിരിക്കുക എന്നതാണ് ബുദ്ധിജീവികളുടെ പ്രഥമചുമതല എന്നും അദ്ദേഹം പറയുന്നു. അപ്പോൾ പ്രധാനം മനുഷ്യാവകാശബോധവും നീതിബോധവുമാണ്. അവയാകട്ടെ സദാ സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയും വേണം.

നോം ചോംസ്കിയെപ്പോലൊരാൾ, താന്‍ ബുദ്ധിജീവിയല്ല, ഭാഷാശാസ്ത്രജ്ഞനും മനുഷ്യനുമാണ് എന്നു പ്രഖ്യാപിക്കുമ്പോൾ ആശയക്കുഴപ്പം തോന്നാമെങ്കിലും അതു ബുദ്ധിജീവനത്തിനു കൂടുതൽ കൃത്യത നല്കുന്നു. ആഗോളരാഷ്ട്രീയവിഷയങ്ങളിലും സാമൂഹികവിഷയങ്ങളിലും മനുഷ്യനെന്ന നിലയ്ക്കുള്ള നിലപാടുകള്‍ മാത്രമാണ് തന്റേത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള സ്വാധീനം ഇതരമണ്ഡലങ്ങളിൽ പ്രയോഗിക്കാറില്ലെന്നും അതിനു പ്രത്യയശാസ്ത്രപ്രതിഫലനങ്ങളില്ലെന്നും ചോംസ്കി അന്നു വിശദീകരിച്ചു. ബുദ്ധിജീവനം എന്തെന്നു പറഞ്ഞില്ലെങ്കിലും എന്തല്ല എന്നു പറഞ്ഞു.

മനുഷ്യവംശത്തിന്റെ യാതനകള്‍ കണ്ടില്ലെന്നു നടിച്ചിരുന്നെങ്കില്‍ താന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലോമറ്റോ ഒരു പ്രൊഫസര്‍ ആകുമായിരുന്നു എന്ന മാർക്സിന്റെ അഭിപ്രായപ്രകടനവും അവ തമ്മിലുള്ള അന്തരം സുവ്യക്തമാക്കുന്നു.


ആരല്ല ബുദ്ധിജീവി

ഇതുപ്രകാരം സ്വന്തം മണ്ഡലങ്ങളിൽ ബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുകയും എന്നാൽ, സ്വന്തം മേഖലയിലെ സ്വാധീനം ഇതരമേഖലകളിൽ പ്രയോഗിക്കാതിരിക്കുകയും അവയ്ക്കു പ്രത്യയശാസ്ത്രപ്രതിഫലനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന ആരും ബുദ്ധിജീവി ആകുന്നില്ല. എഴുത്തുകാർ, കലാകാരർ, മറ്റു സാംസ്ക്കാരികപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ഡോക്റ്റർമാർ, സാങ്കേതികവിദഗ്ദ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവരാരും സ്വാഭാവികമായി ബുദ്ധിജീവികളായി വ്യവഹരിക്കപ്പെടാൻ അർഹരല്ല, ഇവരുടെ പ്രവർത്തനങ്ങൾ മേല്പറഞ്ഞ തരത്തിൽ മാത്രം ആയിരിക്കുന്നിടത്തോളം.

അപ്പോൾ, ഒരാൾ ബുദ്ധിജീവിയായി പരിഗണിക്കപ്പെടണമെങ്കിൽ, ലളിതമായി പറഞ്ഞാൽ, നമ്മെ മുന്നോട്ടു നയിക്കാൻ അയാൾ എന്തു ചെയ്തു, ചെയ്യുന്നു, സമൂഹത്തെ മെച്ചപ്പെടുത്താൻ ബുദ്ധികൊണ്ടു പുതുതായി എന്തു സൃഷ്ടിച്ചുനല്കി, എന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായിരിക്കണം. കേരളത്തിൽ ശങ്കയെന്യേ ഉദാഹരിക്കാവുന്നവർ നവോത്ഥാനനായകർ (മതനവീകരണക്കാരല്ല) ആണ്.

അങ്ങനെ നോക്കുമ്പോൾ, ഇന്നു ബുദ്ധിജീവികളായി കണക്കാക്കപ്പെടുന്ന പലരും സാസ്ക്കാരികനേതാക്കളോ സാമ്പത്തികവിദഗ്ദ്ധരോ വികസനവിദഗ്ദ്ധരോ ഒക്കെ മാത്രമാണ്. കേൾക്കുമ്പോൾ അസ്വസ്ഥത തോന്നുന്നെങ്കിൽ അത് നമ്മൾ ഏറെക്കാലമായി നിലനിർത്തിപ്പോരുന്ന ധാരണയുടെ പ്രശ്നം മാത്രമാണ്.

ഫലത്തിൽ, യഥാർത്ഥ ബുദ്ധിജീവികളിൽനിന്ന് ഉണ്ടാകേണ്ട സംഭാവനകൾ നമ്മുടെ സമൂഹത്തിന് ഇന്നു വളരെക്കുറച്ചേ കിട്ടുന്നുള്ളൂ. മൗലികചിന്തകൾ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്തതിന് അക്കാദമികനിലവാരവും സമൂഹത്തിലെ പ്രധാന സ്വാധീനവർഗ്ഗത്തിന്റെ സ്വഭാവപരിണാമവും സാമൂഹികകാഴ്ചപ്പാടുകളിലെ മാറ്റവും ഒക്കെ കാരണമാണ്.


പൊതുബുദ്ധിജീവികൾ

ഈ നിർവ്വചനങ്ങൾ അംഗീകരിക്കുമ്പോൾ, ഇന്നു പൊതുമണ്ഡലത്തിൽ സമാദരണീയരായിരിക്കുന്ന വിവിധതുറകളിലെ പ്രമുഖരെ ഏതുഗണത്തിൽ പെടുത്തും? അവരാണല്ലോ നമ്മുടെ പ്രതിപാദ്യർ. ബൗദ്ധികമൂല്യമുള്ള സാംസ്ക്കാരികോത്പന്നങ്ങൾ നിർമ്മിക്കുന്നവരും സാധാരണക്കാരിൽനിന്നു വ്യത്യസ്തരും അവർക്കുമേൽ പലതരത്തിൽ സ്വാധീനമുള്ളവരും എന്ന ഗ്രാംഷിയുടെ വിശാലനിർവ്വചനത്തിൽ പെടുത്തി പൊതുബുദ്ധിജീവികൾ (public intellectuals) എന്ന് അവരെ വിളിക്കാം. ‘സ്വന്തം കർമ്മമേഖലയിലും പുറത്തുമുള്ള കാലികവിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള സന്നദ്ധതകൊണ്ടു സമൂഹത്തിൽ അറിയപ്പെടുന്ന, ഏതെങ്കിലും മേഖലയിലെ, വിദഗ്ദ്ധരെ’യാണ് അങ്ങനെ വിളിക്കുന്നത്. ഇവർ ആദരിക്കപ്പെടുന്നത് അനീതിയുള്ളിടത്തൊക്കെ ശബ്ദമുയർത്തുന്നതുകൊണ്ടാണ്.

യൂറോപ്യൻ നവോഥാന, ജ്ഞാനോദയ കാലങ്ങളിലെ ബുദ്ധിജീവികൾ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന, മാറ്റിമറിക്കുന്ന, ആശയങ്ങൾ ഉത്പാദിപ്പിച്ചവരാണ്. അതുകൊണ്ട് അന്ന് അത് എടുത്തുപറയേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ, സാമ്പത്തികവും രാഷ്ട്രീയവും ഒക്കെയായ സമൂഹക്രമമാകെ വലിയ മാറ്റങ്ങൾക്കു വിധേയമായതോടെ ഈ സ്ഥിതിക്കു മാറ്റം ഉണ്ടായി. ആധുനികോത്തരതയും ആഗോളീകരണത്തോടൊപ്പം സംഭവിച്ച മുതലാളിത്താശയങ്ങളുടെ ബൗദ്ധികയിടപെടലുകളും ആശയോത്പാദനവുമെല്ലാം കാണണം. ഇവ ബൗദ്ധികോപജീവനവിഭാഗത്തിൽ നിറഭേദങ്ങൾ വരുത്തിയിരിക്കുന്നു.

“ബുദ്ധിജീവികളുടെ ഉത്തരവാദിത്വം” 1967-ൽ വിസ്തരിച്ചു പരിശോധിച്ച ചോംസ്കി ആ പ്രബന്ധത്തിന്റെ അമ്പതാം വാർഷിക ആഘോഷിച്ച 2017-ൽ നിരീക്ഷിച്ചത് ‘എലീറ്റ് ബുദ്ധിജീവികൾ’ സർക്കാരിനെ ഉപദേശിക്കുന്നവരായി കൂടുതൽ മാറുകയും വിമർശകബുദ്ധിജീവികൾ ആപത്ക്കരമാംവിധം ചുരുങ്ങുകയും ചെയ്തിരിക്കുന്നു എന്നാണ്. ലോകം ബുദ്ധിജീവികളെ ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലത്താണിതെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.


ബുദ്ധിയുടെ വർഗ്ഗം

മാർക്സും ഏംഗൽസും ബുദ്ധിജീവികളുടെ വർഗ്ഗസ്വാധീനം സമഗ്രമായി വിലയിരുത്തിയിട്ടുണ്ട്. ഭൗതികോത്പാദനത്തിനുള്ള ഉപാധികൾ നിയന്ത്രണത്തിലുള്ള വർഗ്ഗത്തിന് മാനസികോത്പന്നങ്ങളുടെ ഉപാധികളുടെയും നിയന്ത്രണം ഉണ്ടായിരിക്കും എന്ന് ‘ദ് ജെർമ്മൻ ഐഡിയോളജി’യിൽ മാർക്സും ഏംഗൽസും പറയുന്നു. ആ ഭരണവർഗ്ഗത്തിലെ ഒരു തൊഴിൽവിഭാഗമായ ചിന്തകരിലാണ് അതു നിക്ഷിപ്തമായിരിക്കുന്നത്. സ്വതന്ത്രനിലപാടുമൂലം ചിന്തകരും മറ്റുള്ളവരും തമ്മിൽ അകൽച്ചയും തജ്ജന്യമായ സംഘർഷവും ഉണ്ടാകാമെങ്കിലും അത് ആ വർഗ്ഗത്തെ ബാധിക്കുമെന്നുവന്നാൽ ആവിയായിപ്പോകും. ഇത് ആ വർഗ്ഗത്തിന്റെ ഭരണാശയങ്ങൾ ഭരണവർഗ്ഗത്തിൽനിന്നു ഭിന്നമായ ഒന്നാണെന്ന പ്രതീതി ഇല്ലാതാക്കുന്നു. ഇത് ‘റൂളിങ് ക്ലാസ് ആൻഡ് റൂളിങ് ഐഡിയാസ്’ എന്ന ശീർഷകത്തിൽ അവർ വ്യക്തമാക്കുന്നു. മേൽക്കൈയുള്ള വർഗ്ഗത്തിന്റെ മൂല്യസംഹിതകളാണ് ആ സമൂഹത്തിൽ മേൽക്കൈ പുലർത്തുക. അപ്പോൾ, ആശയോത്പാദനത്തെ വ്യക്ത്യധിഷ്ഠിതമായി കാണുന്നത് യുക്തിസഹമല്ല. ബുദ്ധിജീവികളുടെ നിലപാടു വിലയിരുത്തുന്നതിലും ഈ പ്രശ്നമുണ്ട്.

ഉടലെടുക്കുന്ന ഓരോ സാമൂഹികവിഭാഗവും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ അതിന്റെ ധർമ്മത്തെപ്പറ്റിയുള്ള അവബോധവും ഏകതാനതയും നല്കുന്ന ഒന്നോ ഒന്നിലേറെയോ ബുദ്ധിജീവിവിഭാഗങ്ങളെ ജൈവികമായി സൃഷ്ടിക്കുന്നു എന്ന് ഗ്രാംഷി ‘ദ് ഇന്റലെക്‌ച്വൽസി’ൽ പറയുന്നു. പുരോഗതിക്കുള്ള നിലപാടുപക്ഷത്തോട് ഒത്തുപോകുന്ന ഇവരെയാണ് ‘ജൈവബുദ്ധിജീവി’ എന്ന് അദ്ദേഹം വിളിക്കുന്നത്. സമൂഹത്തെ മാറ്റാനുള്ള ദൗത്യം ജൈവബുദ്ധിജീവികൾക്കുണ്ട്. ബുദ്ധിജീവികള്‍ സ്വതന്ത്രമായ വര്‍ഗ്ഗമാണോ, ഓരോ സാമൂഹികവര്‍ഗ്ഗത്തിനും അതതിന്റെ ബുദ്ധിജീവികളുണ്ടോ എന്നതും ഗ്രാംഷി അപഗ്രഥിച്ചിട്ടുണ്ട്. ഒരു പ്രത്യേകകാലഘട്ടത്തിൽ വിപ്ലവാശയങ്ങളുടെ സാന്നിദ്ധ്യം നിലനില്ക്കുന്നുണ്ടെങ്കിൽ ഒരു വിപ്ലവവർഗ്ഗം നിലനില്ക്കുന്നു എന്ന് അനുമാനിക്കാം എന്ന മാർക്സിന്റെയും ഏംഗൽസിന്റെയും വിലയിരുത്തലിനു ബുദ്ധിജീവനത്തിന്റെ വർഗ്ഗബന്ധത്തിന്റെ സാക്ഷ്യത്തിനപ്പുറവും അർത്ഥങ്ങളുണ്ടല്ലോ. അതൊക്കെക്കൊണ്ട്, ബുദ്ധിജീവിയുടെ ‘നിഷ്പക്ഷത’ സംബന്ധിച്ച വാദമൊക്കെ നമുക്കു മാറ്റിവയ്ക്കാം.



ഇൻഡ്യൻ ബുദ്ധിജീവനം

ബൂർഷ്വാജനാധിപത്യവ്യവസ്ഥയിൽ ജനാധിപത്യം, സ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളുടെ ബുദ്ധിജീവിവ്യവഹാരങ്ങളാണു സ്വാഭാവികമായും കാര്യമായി നടക്കേണ്ടത്. അപ്പോൾ, ഇൻഡ്യയിൽ ഈ മൂല്യങ്ങൾക്കു മങ്ങലേല്ക്കുകയോ ബുദ്ധിജീവികൾ അവയ്ക്കുപകരം മതഭരണത്തിന്റെയോ ഏകാധിപത്യത്തിന്റെയോ ഫാഷിസത്തിന്റെയോ മൂല്യങ്ങൾ വികസിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എന്താണു നാം അനുമാനിക്കേണ്ടത്? ഇൻഡ്യൻ സമൂഹത്തിന്റെ വർഗ്ഗസ്വഭാവത്തിന്റെ സങ്കീർണ്ണമോ സവിശേഷമോ ആയ മുഖമാണോ അതു വെളിവാക്കുന്നത്?

അതേസമയംതന്നെ ബൂർഷ്വാമൂല്യങ്ങൾക്കായി നിലകൊണ്ട ബുദ്ധിജീവിവിഭാഗത്തിന് എന്താണു സംഭവിക്കുന്നത്? ബൂർഷ്വാ വ്യവസ്ഥിതിയോടു കലഹിക്കുന്ന വിപ്ലവവർഗ്ഗബുദ്ധിജീവികൾക്ക് ആ വർഗ്ഗത്തിന്റെ മൂല്യനിർമ്മിതിക്കും വ്യാപനത്തിനും പകരം ബൂർഷ്വാമൂല്യങ്ങളുടെ സംരക്ഷണദൗത്യം ഏറ്റെടുക്കേണ്ടിവരുന്നുണ്ടോ? എങ്കിൽ അതിന്റെ സാഹചര്യവും യുക്തിയും എന്താണ്? ആഴത്തിലുള്ള വിശകലനം വേണ്ട കാര്യങ്ങളാണിത്. ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള വിവിധ നിരീക്ഷണങ്ങൾ മാത്രം തത്ക്കാലം സംഗ്രഹിക്കാം.

മുതലാളിത്തത്തിന്റെ വക്താക്കളായ ബുദ്ധിജീവികൾപോലും അതിലെ അനീതികൾക്ക് എതിരായിരുന്നു. ഫാഷിസത്തെയും അവർ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാൽ, പുത്തന്‍ ആഗോളീകരണം സൃഷ്ടിച്ച ഉപരിവര്‍ഗത്തിലെ ബുദ്ധിജീവികളും കോര്‍പറേറ്റുമാധ്യമങ്ങളും ലിബറൽ മൂല്യങ്ങൾ കയ്യൊഴിഞ്ഞിരിക്കുന്നു. അവരിൽനിന്ന് ബുദ്ധിജീവനത്തിന്റെ അടിസ്ഥാനമായ മിനിമം സത്യസന്ധതപോലും ലഭിക്കാത്തത് പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടുന്നുണ്ട്.

ലക്ഷണമൊത്ത ഫാഷിസ്റ്റ് സഖ്യം അധികാരം കയ്യാളുന്ന അവസ്ഥയ്ക്കെതിരെ രാജ്യത്തെ പ്രമുഖ ഇടതുപക്ഷേതര ലിബറല്‍ധൈഷണികശബ്ദങ്ങൾ ഉയരുന്നില്ല. ഇക്കാര്യം പൊതുവല്‍ക്കരിച്ചുതന്നെ പറയാം. കോര്‍പറേറ്റ് മൂലധനത്തിന്റെയും വര്‍ഗീയഫാഷിസത്തിന്റെയും സഖ്യം ശക്തമായതോടെ പല പ്രമുഖ ബുദ്ധിജീവികളും അതുമായി സമരസപ്പെട്ടുകഴിഞ്ഞു. നവലിബറൽ സമ്പദ്‌നയങ്ങളുടെ അത്താണി രാഷ്ട്രീയസ്വേച്ഛാധിപത്യമാണെന്ന് അറിഞ്ഞുകൊണ്ടാണു പല ലിബറല്‍ ബുദ്ധിജീവികളും അതിനു പിന്തുണ നല്കുന്നത്.

ഇത് വിനാശകരമാണെന്നതിനു ചരിത്രസാക്ഷ്യങ്ങളുണ്ടായിട്ടും നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായി മാറിയ ലിബറല്‍ ബുദ്ധിജീവിവിഭാഗം നോക്കുന്നത് ജനതാല്‍പര്യമല്ല, വിശേഷാധികാരങ്ങള്‍ ഉൾപ്പെടെയുള്ള സ്വാർത്ഥങ്ങളാണ്. അതിനായി ഫാസിസവുമായിപ്പോലും പൊരുത്തപ്പെടുകയാണ്. ഇന്ത്യയിൽ വിദ്യാർഥികളെയും ആക്ടിവിസ്റ്റുകളെയും കോവിഡ്‌മൂർദ്ധന്യകാലത്തുപോലും സർക്കാരും ഫാഷിസ്റ്റ് കുറുവടിസംഘവും വേട്ടയാടിയതിനെ അപലപിക്കാൻ ബ്രിട്ടീഷ് ബുദ്ധിജീവികൾ വേണ്ടിവന്നതിൽ ഈ ഇൻഡ്യൻ പൊതുബുദ്ധിജീവികൾ നാണിക്കണം.

ഇൻഡ്യൻ‌മനസിൽ വേരുറപ്പിച്ച ജാതിയധിഷ്ഠിതം‌കൂടിയായ അസമത്വബോധവും ഇതിൽ പ്രവർത്തിക്കുന്നു. കാലമിത്രയായിട്ടും ആധുനികതയുടെ മൂല്യങ്ങളെ ജീവിതത്തിലും ചിന്തയിലും സർഗ്ഗാത്മകവും ഇതരവുമായ ആവിഷ്ക്കാരങ്ങളിലുമൊന്നും ഉൾച്ചേർക്കാൻ കഴിയാത്തതും സമൂഹത്തിന്റെയാകെത്തന്നെ വലിയ ന്യൂനതയാണ്. അത്തരം സമൂഹത്തിൽ കപടബുദ്ധിജീവനത്തിനു വിപണിമൂല്യം കൂടുമല്ലോ.

രാജ്യത്തെ സാമ്പത്തികാസമത്വത്തിലെ വളർച്ച ചൂണ്ടിക്കാട്ടി ‘ദ് റ്റെലിഗ്രാഫി’ൽ എഴുതിയ ‘പെസന്റ്സ് ആൻഡ് പ്രൊഫസേഴ്സ്’ എന്ന ലേഖനത്തിൽ നവലിബറൽ നയങ്ങളുടെ ഗുണഫലങ്ങൾ ലഭിച്ച നഗരമദ്ധ്യവർഗ്ഗത്തെയും അവരുടെ മനോഭാവത്തെയും പ്രഭാത് പട്‌നായിക് പരിശോധിക്കുന്നു. പ്രൊഫസർമാർ അടക്കമുള്ള ബുദ്ധിജീവികളിൽ നല്ലൊരുപങ്ക് നവലിബറൽ നയത്തിന്റെ ഗുണഭോക്താക്കളായി വളരെ ഉയർന്ന വരുമാനമുള്ളവർ ആയിരിക്കുന്നതിന്റെ സ്വാധീനത പരിശോധിക്കേണ്ടതുണ്ട്.

ഫാഷിസത്തിനെതിരെ പ്രതികരിക്കേണ്ട ലിബറൽ ബുദ്ധിജീവികൾ അതു ചെയ്യാത്തത് അവരിൽ വരേണ്യവർഗ്ഗബോധം വളരുകയും അതു സ്വാധീനിക്കുകയും ചെയ്യുന്നതുകൊണ്ടാണോ? അവർക്ക് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതസാഹചര്യങ്ങളും യാതനകളും മനസിലാകാതെയും വിഷയമല്ലാതെയും പോകുന്നുണ്ടോ? പ്രഭാത് പട്നായിക്‌തന്നെ ‘ചിന്ത’യിൽ എഴുതിയ ‘ജീര്‍ണത ബാധിച്ച ലിബറല്‍ ബുദ്ധിജീവികള്‍’ എന്ന ലേഖനം ലിബറൽ ബുദ്ധിജീവനത്തെ അവലോകനം ചെയ്യുന്നുണ്ട്. അത് എഴുതിയ 2015-നുശേഷം ഇൻഡ്യൻ ഭരണത്തിലും രാഷ്ട്രീയത്തിലും ശക്തിപ്പെട്ട ഫാഷിസ്റ്റുവത്ക്കരണം - പാക് ചാരർ, ഭീകരർ, വിഘടനവാദി, ദേശദ്രോഹി, അർബൻ നക്സൽ മുദ്രകൾ കുത്തിയുള്ള വേട്ടയാടലുകളും കള്ളക്കേസുകളും റെയ്ഡുകളും കൊലകളും ഒക്കെയായുള്ള ഭീകരവാഴ്ച - ബുദ്ധിജീവികളെ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ടോ? ‘നഷ്ടപ്പെടുവാൻ പലതുമുണ്ടാകുമ്പോൾ’ വരാവുന്ന പിന്നൊതുങ്ങൽ സംഭവിക്കുന്നുണ്ടോ? ഇവയും വിശദമായി പരിശോധിക്കേണ്ടതുണ്ട്. 

റൊമീല ഥാപ്പർ മറ്റ് അഞ്ചു പണ്ഡിതരുടെകൂടി ലേഖനങ്ങൾ ചേർത്തു പ്രസിദ്ധീകരിച്ച ‘ദ് പബ്ലിക് ഇന്റലെക്‌ച്വൽ ഇൻ ഇൻഡ്യ’ എന്ന പുസ്തകം ഇൻഡ്യൻ ബുദ്ധിജീവിസമൂഹത്തിന്റെ വികാസവും വിപര്യയവും അടങ്ങുന്ന പരിണാമം അടയാളപ്പെടുത്തുന്നു. അതിൽ ‘ഇൻഡ്യൻ ഇന്റലെക്‌ച്വലിസം ആൻഡ് ദ് ഹിന്ദു-മുസ്ലിം ട്രാപ്’ എന്ന ലേഖനത്തിൽ മതപുനരുജ്ജീവനത്തെയും അതിനോടുള്ള വ്യത്യസ്തരാഷ്ട്രീയങ്ങളുടെ ‘അപര്യാപ്തമായ’ പ്രതികരണങ്ങളെയുംപറ്റി ജാവേദ് നഖ്വി ഉയർത്തുന്ന ചോദ്യങ്ങൾ അടിസ്ഥാനപരമാണ്. ഇടതുപക്ഷേതര, ബൂര്‍ഷ്വാ രാഷ്ട്രീയപ്പാർട്ടികളുടെ സമീപനം പിന്നെയും മാറിയിരിക്കുന്നു. ‘യഥാർത്ഥഹിന്ദുഭരണ’മെന്നൊക്കെ രാഹുൽ ഗാന്ധി പറയുന്ന നില കൂടുതൽ ഗൗരവമുള്ളതാണ്.

ആഗോളീകരണത്തിന്റെ ഒരു ദശകം രൂപപ്പെടുത്തിയ 21–ാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ചത് പൊതുമണ്ഡലത്തിലും രാഷ്ട്രീയമണ്ഡലത്തിലുംനിന്നു ബുദ്ധിജീവികൾ വേർപിരിയുന്നതാണ്. ജനപഥങ്ങളിൽനിന്നുള്ള അക്കാദമികതയുടെ ഈ വഴിമാറ്റത്തെ തീവ്രമായി പ്രൊഫഷണലൈസ് ചെയ്ത കോർപ്പറേറ്റ്-മാനേജീരിയൽ ലോകത്തേക്കുള്ള വലിയലായാണു പലരും വ്യാഖ്യാനിക്കുന്നത്. ‘മൂല്യസത്യങ്ങൾ ആപേക്ഷികമാ’ണെന്നും ‘ശബ്ദമില്ലാത്ത ലോകത്ത് ഏതെങ്കിലും മൂല്യസ്വരത്തെ പ്രതിനിധാനം ചെയ്യേണ്ടതില്ലെ’ന്നും ഒക്കെയുള്ള സ്വയം‌ന്യായങ്ങൾ ഈ അധഃപതനത്തിന് അവർ ചമച്ചിട്ടുണ്ട്. ശുദ്ധ അക്കാദമികതയ്ക്കു പാവനത്വം, പൊതുമണ്ഡലത്തിലെ ഇടപെടലിനു പാതിത്യം എന്ന മനുഷ്യേതരപരികല്പനയാണു മറ്റൊന്ന്. ഇതിന്റെ അശ്ലീലമുഖമാണ് സുനിൽ പി. ഇളയിടത്തിനുനേരെ നടന്ന ആക്രമണങ്ങളിൽ കണ്ടത്.

ആഗോളീകരണം, ഉദാരീകരണം, നവോദാരീകരണം, ചൂഷണം തുടങ്ങിയവ ക്ലീഷേ ആയി ഏതെങ്കിലും ബുദ്ധിജീവികൾക്കു തോന്നുന്നെങ്കിൽ അത് അവയുടെ സുഖശീതളിമ ആസ്വദിക്കുന്നതുകൊണ്ടുകൂടി ആകാം. വിശക്കുമ്പോൾ വിശക്കുന്നു എന്നു പറയുന്നത് ക്ലീഷേയാണെന്നുവന്നാൽ വിശപ്പ് ഉന്നയിക്കപ്പെടാതിരിക്കാം എന്നാണോ?

ചുരുക്കത്തിൽ, സാംസ്ക്കാരികനേതാക്കളെയും ബുദ്ധിജീവികളെയും നാം തരം തിരിക്കേണ്ടിയിരിക്കുന്നു; വർഗ്ഗാടിസ്ഥാനത്തിൽ അല്ലെങ്കിലും വർഗ്ഗസമീപനത്തിന്റെ അടിസ്ഥാനത്തിലെങ്കിലും. ബൗദ്ധികകാപട്യങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പല പ്രവർത്തനവും കെട്ടുകാഴ്ച ആയിപ്പോകും; ബുദ്ധിജീവികളിൽ അമിതപ്രതീക്ഷ അർപ്പിക്കാനും അബദ്ധത്തിൽ ചാടാനും ഇടയാകും.




വിമോചനത്തിന്റെ ബുദ്ധിജീവനം

പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകേണ്ട വിഷയങ്ങളും അവയിൽ പ്രതികരണങ്ങൾക്കു മുതിരാതിരിക്കുന്ന സാംസ്ക്കാരികപ്രവർത്തകരെയും മറുകണ്ടം ചാടിയവരെയും പുരോഗമനമുഖം‌മൂടി അണിഞ്ഞു പിന്തിരിപ്പൻ ആശയങ്ങൾ ഒളിച്ചുകടത്തുന്നവരെയുമൊക്കെ വായനക്കാർക്കു നന്നായി അറിയാമെന്നതിനാൽ ആ പട്ടികകൾ നിരത്തുന്നില്ല.

അദ്ധ്വാനവും വിജ്ഞാനവും  വേർതിരിക്കപ്പെട്ടത് അദ്ധ്വാനിക്കുന്നവർക്കു ബൗദ്ധികത പാടില്ലെന്നോ അവരുടെ ബൗദ്ധികതയ്ക്കു മൂല്യമില്ലെന്നോ ഒക്കെയുള്ള ധാരണകൾ വളർത്തി. ബൗദ്ധികതയുടെ മേൽക്കൈ കരസ്ഥമാക്കിയ പൗരോഹിത്യ-ഭരണവർഗ്ഗങ്ങൾ തങ്ങളുടെ പദവികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ മറ്റുള്ളവർക്കു വിജ്ഞാനം വിലക്കി. അക്ഷരം പഠിക്കുകയും വേദം കേൾക്കുകയും ചെയ്യുന്ന അവർണ്ണർക്കും ശൂദ്രർക്കും ബ്രാഹ്മണമതം വിധിച്ചിരുന്ന ശിക്ഷകളും ചോദ്യങ്ങൾ ചോദിച്ചവരെ മദ്ധ്യകാലയൂറോപ്പിലെ കൃസ്ത്യൻപൗരോഹിത്യവും അവരുടെ ചൊൽപ്പടിഭരണവും വേട്ടയാടിയതും നമുക്കറിയാം. ഇത് അടിച്ചമർത്തപ്പെട്ടവരിലും അദ്ധ്വാനിക്കുന്നവരിലും സ്വതന്ത്രചിന്ത മുരടിപ്പിച്ചു. എണ്ണത്തിൽ പ്രാബല്യമുള്ള വർഗ്ഗത്തിനു സമൂഹത്തിൽ മേൽക്കൈ ഇല്ലാതാക്കി. അവരുടെ ശക്തി സ്ഥാപിക്കാൻ കഴിയുന്ന മാറ്റത്തിന് ആശയനേതൃത്വം നല്കാൻ കഴിയുന്ന ബുദ്ധിജീവിവിഭാഗം വളർന്നുവരുന്നതു തടഞ്ഞു.

ആ അവസ്ഥയ്ക്കു യൂറോപ്പിൽ മാറ്റം ഉണ്ടായത് നവോത്ഥാനത്തിലൂടെയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഉജ്ജ്വലമുദ്രാവാക്യങ്ങൾ പിറക്കുകയും വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുകയും മതത്തിനു സ്ഥാനമില്ലാത്ത ജനാധിപത്യം സ്ഥാപിക്കുകയും തൊഴിലാളിവർഗ്ഗത്തെയും അദ്ധ്വാനത്തെയും ഒക്കെ കേന്ദ്രബിന്ദുവാക്കിയുള്ള ദർശനങ്ങൾ പിറക്കുകയും അതെല്ലാം ലോകമാകെ വ്യാപിക്കുകയും ചെയ്യുന്നതിലേക്ക് അതു വളർന്നു.

യൂറോപ്യൻ നവോത്ഥാനത്തിനു തുല്യമായ ഒന്ന് ഇൻഡ്യയിൽ ഉണ്ടാകാത്തതാണ് നാം ഇന്നും പ്രാചീന്യമൂല്യങ്ങളിൽ തളഞ്ഞുകിടക്കാൻ കാരണം. ഇൻഡ്യയുടെ പൊതുമാതൃകയിൽനിന്നു മാറി കേരളത്തിൽ മതപരിഷ്ക്കരണത്തിനപ്പുറം നവോത്ഥാനത്തിന്റെ സ്വഭാവവിശേഷങ്ങൾകൂടി ഉൾച്ചേർന്ന സാമൂഹികപരിഷ്ക്കരണമാണു സംഭവിച്ചത്. പ്രധാനകാരണം, അതു നയിച്ചവർ കീഴാള‌മുദ്രകുത്തിയ ജാതികളിൽനിന്ന് ആയിരുന്നു എന്നതുതന്നെ. ഉത്പാദിപ്പിക്കപ്പെടുന്ന ആശയങ്ങളിലെ വർഗ്ഗസ്വഭാവത്തിന്റെ സ്വാധീനത.

ഇന്നു നമുക്കാവശ്യം ഇത്തരത്തിൽ അടിസ്ഥാനവിഭാഗങ്ങളിൽനിന്നുള്ള നവീനാശയങ്ങളുടെ ജനകീയമായ ഉത്പാദനമാണ്. കാരണം, വിമോചനം ആവശ്യമില്ലാത്ത വർഗ്ഗത്തിന്റെ ബുദ്ധിജീവിവിഭാഗം ഇങ്ങനെ നിർണ്ണായകസന്ദർഭങ്ങളിൽ നിശബ്ദരാകുകയോ മറുഭാഗം ചേരുകയോ നിഷ്പക്ഷനാട്യത്തിൽ ഉപരിവർഗ്ഗസേവ ചെയ്യുകയോ ഒക്കെ ചെയ്യും.


ബുദ്ധിജീവനത്തിന്റെ പുതുക്കാലം 

ഫ്യൂഡൽ മൂല്യമായ ആരാധന ഇല്ലാതാകുകയാണ്. ‘ആരാദ്ധ്യർ’ അസാദ്ധ്യമാണ്. ജനാധിപത്യവത്ക്കരണവും വികേന്ദ്രീകരണവുമാണു ക്രമം. അപ്പോൾ, മാറ്റത്തിനായി ചിന്തിക്കുന്ന പുതുബുദ്ധിജീവികളെ നാനാതുറകളിലും ധാരാളമായി സൃഷ്ടിക്കുകയാണു പരമപ്രധാനം. 

ചിന്താശീലവും ശാസ്ത്രീയസമീപനവും ചരിത്രബോധവും ഒക്കെ വളർത്തുന്ന വിദ്യാഭ്യാസത്തിലാകണം ഊന്നൽ. അതുപോലെതന്നെ, ബുദ്ധിജീവിപ്രതികരണങ്ങൾ - പ്രസംഗം, എഴുത്ത്, കല, എല്ലാം – സാധാരണക്കാർക്കു മനസിലാകണം. കാപട്യങ്ങൾകൊണ്ടു ജനങ്ങളിൽനിന്ന് അകലരുത്.

സമൂഹമാദ്ധ്യമങ്ങളുടെ പുതുക്കാലം നാനാതുറകളിലും തനതുചിന്തയും കാഴ്ചപ്പാടുമുള്ള, പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്ന, വലിയൊരു വിഭാഗത്തെ സംഭാവന ചെയ്യുന്നു. മുമ്പ് പ്രകാശനത്തിന് അവസരമില്ലായിരുന്നവർ തനിമയാർന്ന, ഗൗരവതരമായ, ആശയങ്ങൾ പങ്കുവയ്ക്കുന്നു. ബുദ്ധിജീവിമുദ്രചാർത്തി അന്യവത്ക്കരിക്കാതെ അവരുടെ ചിന്തകൾക്കു പ്രചാരവും സ്വീകാരവും നല്കാനും അവരെ ജനബോധനത്തിനായി പ്രയോജനപ്പെടുത്താനും കഴിയണം. വികേന്ദ്രീകരണത്തിന്റെ ഇക്കാലത്ത്, സൂക്ഷ്മതലത്തിൽ ഫലപ്രദമായി ഇടപെടലുകൾ നടത്താനും പോർമുന്നണി താഴേത്തലത്തിൽനിന്നു കെട്ടിപ്പടുക്കാനും ഇതു സഹായിക്കും.

പരമ്പരാഗതമാദ്ധ്യമങ്ങളിലെ ആഴം കുറഞ്ഞ ചർച്ചകളിൽ ‘വിശാരദർ’ നടത്തുന്നത് വസ്തുതകളുള്ള പഠനവിശകലനങ്ങളല്ല, അസംബന്ധവിടുവായത്തമാണ്. അന്ധമായ ചില വിരോധങ്ങളാൽ കാഴ്ച വികലമായ ചില ബുദ്ധിജീവികൾ വർഗ്ഗീയവിപത്തിനും കോർപ്പറേറ്റ് വിപത്തിനും എതിരെ ശക്തമായി പോരാടുന്നവരെ ദുർബ്ബലപ്പെടുത്താൻ യത്നിക്കുന്നതും നാം കാണുന്നു. ഇവരെയെല്ലാം തുറന്നുകാട്ടുന്നത് സമൂഹമാദ്ധ്യമങ്ങളിലെ സാധാരണമനുഷ്യരാണ്. സമൂഹമാദ്ധ്യമങ്ങളിലെ ആഴം കുറഞ്ഞതും പുരോഗമനവിരുദ്ധവുമായ പ്രതികരണങ്ങളെയും ഇവർ തുറന്നുകാട്ടുന്നു.

പക്ഷെ, ഇന്നും വിസിബിലിറ്റി ഒരു ഘടകമാണ്. ഒരു ശാഖായോഗത്തിലോ കരയോഗത്തിലോ പോലും പ്രവർത്തിച്ചിട്ടില്ലാത്ത എത്രപേരെയാണ് ബാലൻസിങ് എന്ന വ്യാജനിർമ്മിതിയിലൂടെ വിസിബിലിറ്റി നല്കി മാദ്ധ്യമങ്ങൾ നേതാക്കളാക്കിയത് എന്നതിന് ഇന്നത്തെ ബിജെപി നേതാക്കൾതന്നെ മികച്ചസാക്ഷ്യം. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയർന്നുവരുന്ന ചർച്ചാകാരർ ഇവരിൽനിന്നു വ്യത്യസ്തത പുലർത്തുന്നതും നാം കാണുന്നു. അത്തരം നല്ല ചിന്തകർക്കു സമൂഹത്തിൽ ദൃശ്യത വർദ്ധിപ്പിക്കാനുള്ള വേദികൾ ധാരാളമായി ഉയർത്തേണ്ടതുണ്ട്.

അധികാരവുമായി ബന്ധപ്പെട്ട് എപ്പോഴും രൂപംകൊള്ളുന്ന പരമ്പരാഗതവിഭാഗങ്ങളെ കൂടെക്കൂട്ടാനും സ്വാധീനിക്കാനും ജൈവബുദ്ധിജീവിസംഘങ്ങൾക്കു കഴിഞ്ഞപ്പോഴൊക്കെയാണ് പല സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത് എന്നതിനു ചരിത്രം സാക്ഷ്യം. അവർക്കു സുരക്ഷയും പിന്തുണയും ഉറപ്പാക്കി ഒപ്പം നിർത്താനുള്ള ബോധപൂർവ്വമായ ശ്രമം ആവശ്യമാണ്.

സാമ്പത്തികത്തകർച്ചയും ചെലവുചുരുക്കലിന്റെ പ്രയാസങ്ങളും വരുമാനക്കുറവും യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയുംപോലെ ഇൻഡ്യയിലെ നഗരമദ്ധ്യവർഗ്ഗത്തെയും മാറിച്ചിന്തിപ്പിക്കും എന്ന പ്രഭാത് പട്‌നായിക്കിന്റെ 2015-ലെ പ്രതീക്ഷ എത്രമാത്രം സംഭവിച്ചു എന്നത് അറിയാനിരിക്കുന്നതേയുള്ളൂ. എങ്കിലും അതിനുതകുന്ന വിപുലമായ ആശയപ്രചാരണവും അവരെക്കൂടി അണിനിരത്താൻ കഴിയുന്ന പ്രക്ഷോഭങ്ങളും ആ മാറ്റം സാദ്ധ്യമാക്കുകതന്നെ ചെയ്യും. ഇങ്ങനെയെല്ലാമുള്ള ലക്ഷ്യവേധിയായ ബഹുമുഖയിടപെടൽ നമ്മിൽനിന്നു കാലം ആവശ്യപ്പെടുന്നു.