Friday, 13 August 2021

അപ്രസക്തമാകുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ

അപ്രസക്തമാകുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ

[‘പഴയ മാദ്ധ്യമങ്ങളെ തള്ളി ഇടതുപക്ഷത്തെ കൂട്ടിയത് എന്തുകൊണ്ട്’ എന്ന പേരിൽ കേരള മീഡിയ അക്കാദമിയുടെ ‘മീഡിയ’ മാസികയുടെ 2021 ഏപ്രിൽ - മേയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണരൂപം.]

‘മീഡിയ’യിൽ വന്ന ഭാഗം കേൾക്കാൻ:  http://admin.radiokerala.in/FilesStore/Media/21.mp3

മനോജ് കെ. പുതിയവിള


നവമാദ്ധ്യമങ്ങളുടെയും ജനാധിപത്യത്തിന്റെ തൂണ് അല്ലാതാ‍യിരിക്കുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങളുടെയും കേരളസമൂഹത്തിലെ സ്വാധീനത സംബന്ധിച്ച് 2021-ലെ കേരളനിയമസഭാതെരഞ്ഞെടുപ്പിന്റെയും ഫലത്തിന്റെയും വെളിച്ചത്തിൽ ഒരു ചിന്ത

[ദേശീയതലത്തിലുള്ള മാദ്ധ്യമസാഹചര്യം വിശകലനം ചെയ്യുന്ന ലേഖനം ‘സാഹിത്യസംഘം’ മാസികയുടെ 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം: നാലാംതൂണു ചതിച്ച ജനാധിപത്യം  ]


ൽഡിഎഫിന്റെ സീറ്റ് 91-ൽനിന്നു 99 ആയി ഉയർത്തിയും മണ്ഡലങ്ങളിലെ ഭൂരിപക്ഷം വർദ്ധിപ്പിച്ചും ഭരണത്തുടർച്ച നല്കിയ 2021-ലെ നിയമസഭാതെരഞ്ഞെടുപ്പും ഫലവും മാറിയ കാലത്തെ കേരളസമൂഹത്തിലെ മാദ്ധ്യമസ്വാധീനതയുടെ ഉരകല്ലുകൂടിയാണ്. മാറിയകാലം എന്ന സൂചകത്തിന്റെ ഗുണമാനദണ്ഡങ്ങൾ പരിശോധിച്ചാലേ ആ സ്വാധീനത വിശകലനം ചെയ്യാനാകൂ.

ഇവയിൽ ഏറ്റവും പ്രധാനം പുതിയ സഹസ്രാബ്ദത്തിന്റെ മാദ്ധ്യമമുഖമായ സമൂഹമാദ്ധ്യമങ്ങളാണ്. ഓർക്കുട്ട് പോലെ സൗഹൃദക്കൂട്ടായ്മയ്ക്കുള്ള ഉപാധിയായി രംഗത്തെത്തിയ സമൂഹശൃംഖല സമൂഹമാദ്ധ്യമം എന്ന നിലയിലേക്കു പരിണമിക്കുന്നത് 2003-ൽ ഫേസ്ബുക്കിന്റെ അരങ്ങേറ്റത്തോടെയാണ്. ലോകത്തെ ഏറ്റവും വലിയ സമൂഹമാദ്ധ്യമമായി വളർന്ന ഫേസ്ബുക്കിന് ഇന്നുള്ള പ്രതിമാസ സജീവോപയോക്താക്കൾ (Monthly Active Users) 279.7 കോടിയാണ്. ഇവരിൽ 66.09 ശതമാനം, അതായത് 188 കോടി, ഉപയോക്താക്കൾ ദിവസവും സജീവ(DAU)മാണ്. 2020-ലെ 260 കോടിയാണ് ഇപ്പോൾ 279.7 കോടി ആയിരിക്കുന്നത്. 2011-ൽ 40 ശതമാനം വളർച്ച കാണിച്ച ഫേസ്ബുക്കിന് ഇപ്പോഴും 12 ശതമാനം വാർഷികവളർച്ചയുണ്ട്. സംഖ്യ നോക്കുമ്പോൾ ഇതു കുറവല്ല.

2005-ൽ രംഗത്തു വന്ന യൂറ്റ്യൂബ് അടുത്ത വർഷം‌തന്നെ ഗൂഗിൾ ഏറ്റെടുത്തു. ഇന്നത് 229 കോടി പ്രതിമാസോപയോക്താക്കളുള്ള ലോകത്തെ ഏറ്റവും വലിയ വീഡിയോവേദിയാണ്. ഫേസ്ബുക്ക് മെസെഞ്ജറിനു 130-ഉം ഇൻസ്റ്റഗ്രാമിന് 128.7-ഉം വിചാറ്റിനു 122.5-ഉം കോടി പ്രതിമാസോപയോക്താക്കളുണ്ട്. 2006-ൽ തുടങ്ങിയ ട്വിറ്ററാണ് പ്രതിമാസം 39.6 കോടി സജീവോപഭോക്താക്കളുള്ള മറ്റൊരു പ്രമാണി. ഇൻഡ്യയിൽ നിരോധിച്ചെങ്കിലും ആറുവയസു മാത്രമായ ടിക്‌ടോക്കിന് 73.2 കോടി ആരാധകരുണ്ട്. ഇവരൊക്കെയാണു നമ്മുടെ രാജ്യത്തും പ്രധാനികൾ.

പ്രതിദിനം 52.8 കോടി ഉപയോക്താക്കളുള്ള സ്നാപ്‌ചാറ്റ് പോലെ നമ്മുടെ രാജ്യത്തു സ്വാധീനമില്ലാത്ത സമൂഹമാദ്ധ്യമങ്ങളുമുണ്ട്. ഇൻഡ്യയിൽ 2018-ൽ ഉദ്ഘാടനം ചെയ്ത നെയ്‌ബർലിയും കാറ്റുപിടിക്കാതെ പോയി. ഫേസ്ബുക്ക്, യൂറ്റ്യൂബ്, ട്വിറ്റർ എന്നിവയ്ക്കുണ്ടായ ഉയർന്ന സ്വീകാരമാണ് മറ്റുള്ളവയെ അസ്വീകാര്യമാക്കിയത്.

മെസേജിങ് ആപ്പ് എന്ന പേരിലാണു വ്യവഹരിക്കപ്പെടുന്നതെങ്കിലും വാട്ട്‌സാപ് അതിന്റെ ഗ്രൂപ്പ്, ബ്രോഡ്‌കാസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ വന്നതോടെ സമൂഹമാദ്ധ്യമം എന്ന പദവിയിലേക്ക് ഉയർന്നിട്ടുണ്ട്. ഫേസ്ബുക്കുംമറ്റുംപോലെ ഇന്ററാക്റ്റീവല്ല എന്നുമാത്രം. 2009-ൽ പിറവികൊണ്ട വാട്ട്സാപ് അവർ ഗ്രൂപ് ചാറ്റ് ആരംഭിച്ച 2011-ൽ പ്രതിദിനം 100 കോടി സന്ദേശങ്ങളാണു വാട്ട്സാപ് വഴി കൈമാറപ്പെട്ടിരുന്നത്. 2013-ൽ ശബ്ദസന്ദേശം സാദ്ധ്യമാക്കി. 2014-ൽ ഉപയോക്താക്കൾ 50 കോടിയായി ഉയർന്നു. 2015-ൽ വാട്ട്സാപ് വെബ്ബും 2016-ൽ വീഡിയോ കോളും എൻഡ്-റ്റു-എൻഡ് എൻക്രിപ്ഷനും വന്നു. ഗ്രൂപ് കോളിങ് അടക്കം പല സൗകര്യങ്ങളുമായി അതു പിന്നെയും വികസിച്ചു. ഇതെല്ലാം വാട്ട്സാപ്പിന്റെ വ്യാപനത്തിലും അതിലൂടെ കൈമാറുന്ന വിവരത്തിലും വലിയ വർദ്ധന ഉണ്ടാക്കിയിട്ടുണ്ട്. വ്യക്തിപരവും പ്രൊഫഷണലുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാദ്ധ്യമമാകാൻ കഴിഞ്ഞത് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി. 2014-ൽ ഫേസ്‌ബുക്കുടമകൾ വാങ്ങിയതും അതിവേഗവളർച്ചയ്ക്കു വഴിയൊരുക്കി. ഇന്നു 180 രാജ്യങ്ങളിലായി 200 കോടി പ്രതിമാസോപയോക്താക്കളുണ്ട്. 2016-ലെ 100 കോടിയാണ് അഞ്ചുകൊല്ലം‌കൊണ്ട് ഇരട്ടിച്ചത്.

ടെലഗ്രാമും സിഗ്നലുമൊക്കെ സമാനതകളുള്ള മെസേജിങ് ആപ്പ് ആണെങ്കിലും വൈകിയെത്തിയതിനാലും വാട്ട്സാപ്പിന് അടിമപ്പെട്ടവർക്കു മാറ്റം ആവശ്യമായി തോന്നാഞ്ഞതിനാലും അത്രയ്ക്കു ജനപ്രീതി ലഭിച്ചില്ല. കുത്തകവിരുദ്ധത, വിവരസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രതയുള്ളവരൊക്കെയായി 55 കോടിയാണ് ടെലഗ്രാമിന്റെ പ്രണയികൾ. അടുത്തിടെ വാട്ട്സാപ്പിനെപ്പറ്റി ചില ആശങ്കകൾ ഉയർന്നപ്പോൾ പ്ലേ സ്റ്റോറുകളിൽനിന്നുള്ള ഡൗൺലോഡുകൾ വാട്ട്സാപ്പിന്റേതു കുറയുകയും മറ്റുള്ളവയുടേത് 1200 ശതമാനം വരെ കൂടുകയും ചെയ്തെങ്കിലും ആ ട്രെൻഡ് നിലനിന്നില്ല. പ്രൊഫഷണൽ ആവശ്യത്തിനുള്ള ലിങ്ക്ഡ്‌ഇനും മറ്റും ഇവിടെ പരിഗണിക്കുന്നില്ല.

സോഷ്യൽ മീഡിയ അനലറ്റിക്സിൽ പ്രധാനമായ ഡിഎ‌യു, ഡിഎയു/എം‌എയു അനുപാതം, എൻഗേജ്‌മെന്റ്സ് തുടങ്ങിയ ഗഹനതകളിലേക്കു പോകേണ്ട ആവശ്യം ഈ വിശകലനത്തിന് ആവശ്യമില്ലാത്തതിനാൽ അവയിലേക്കു പോകുന്നില്ല. ഇതിൽനിന്നു സാമാന്യചിത്രം കിട്ടുമല്ലോ. (വിവരങ്ങൾക്ക് ആധാരം: ആഗോള ആധികാരികസ്രോതസുകളായ datareportal, statista)

ലോകത്തെ മൊത്തം ഇന്റെർനെറ്റ് ഉപയോക്താക്കൾ 472 കോടിയും കഴിഞ്ഞ 12 മാസത്തെ വർദ്ധന 33.2 കോടിയുമാണ്. സമൂഹമാദ്ധ്യമോപയോക്താക്കൾ ഇന്ന് 433 കോടിയാണ്. ലോകജനസംഖ്യയുടെ 55 ശതമാനം. കഴിഞ്ഞ 12 മാസത്തിനിടെ ഇവയിലേക്കു കടന്നുവന്നത് 52.1 കോടിപ്പേരാണ്. ഇന്റർനെറ്റ് സൗകര്യമുള്ള പത്തിൽ ഒൻപതുപേരും സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നു. ഇവ രണ്ടും ഇന്നത്തെ നിരക്കിൽ വളർന്നാൽ വൈകാതെ ഇതു നൂറു ശതമാനമാകും. എന്നുവച്ചാൽ, കാലഘട്ടത്തിന്റെ മാദ്ധ്യമമായി ഈ ജനകീയവേദി മാറിയിരിക്കുന്നു.


ഇൻഡ്യയിൽ

നമ്മുടെ രാജ്യത്തെ രാഷ്ട്രീയകാര്യങ്ങളിലെ സമൂഹമാദ്ധ്യമസ്വാധീനത പരിശോധിക്കുമ്പോൾ ഇവയിൽ ഫേസ്ബുക്കും വാട്ട്‌സാപ്പുമാണു പ്രധാനപരിഗനന അർഹിക്കുന്നത്. ട്വിറ്റർ പിറവികൊണ്ട കാലത്തേ നിർണ്ണയിക്കപ്പെട്ട വർഗ്ഗസ്വഭാവം വരേണ്യതയുടേതാണ്. ഫേസ്‌ബുക്കിനെയും ട്വിറ്ററിനെയും താരതമ്യം ചെയ്ത് അക്കാലത്ത് അമേരിക്കയിൽ നടന്ന വിശകലനങ്ങളിൽ ട്വിറ്റർ റിപ്പബ്ലിക്കൻസിന്റെയും ഫേസ്ബുക്ക് ഡെമോക്രാറ്റുകളുടെയും ആണെന്നുവരെ വിലയിരുത്തപ്പെട്ടു. ഏതായാലും നമ്മുടെ രാജ്യത്തെ ജനസാമാന്യത്തിന്റെ മാദ്ധ്യമം ഫേസ്ബുക്കുതന്നെ ആണ്.

ഫേസ്ബുക്കിനു ലോകത്ത് ഏറ്റവും സ്വീകാരം ഇൻഡ്യയിലാണ് – 41 കോടി ഉപയോക്താക്കൾ. ഈ ഫെബ്രുവരി 25-ന് ഐ.റ്റി. നയം പ്രഖ്യാപിക്കവെ ഐ.റ്റി. മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞ കണക്കാണിത്. ഇവരിൽ സ്ത്രീകളിൽ 75-ഉം പുരുഷന്മാരിൽ 63-ഉം ശതമാനം ആഗോളതലത്തിൽ സജീവമാണെങ്കിൽ ഇൻഡ്യയിൽ നേരെ മറിച്ചാണ്. ഇതിനു കാരണമായ പുരുഷാധിപത്യം, സ്ത്രീസാക്ഷരതയുടെ കുറവ് തുടങ്ങിയ ഘടകങ്ങൾ കേരളത്തിൽ വികസിതസമൂഹത്തിനൊപ്പം ആയതിനാൽ ഇവിടെ അത്തരം വ്യത്യാസമില്ല. ഉണ്ടായിരുന്ന നേരിയ വ്യത്യാസം‌തന്നെ മാറിവരുന്നതായും കാണാം.

ഇന്ന് രാജ്യത്തെ ആകെ രജിസ്റ്റേഡ് ഉപയോക്താക്കളിൽ 66 ശതമാനവും 15-നും 29-നും ഇടയിൽ പ്രായമുള്ളവരാണ്. ജനസംഖ്യയുടെ 27 ശതമാനമാണ് ഈ പ്രായക്കാർ. ഇവർ 19 കോടി വരും. ഇവരിൽത്തന്നെ സിംഹഭാഗവും 20-കളുടെ തുടക്കക്കാരും. സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുന്നവരിൽ 33 ശതമാനമാണ് 30 വയസിനു മുകളിലുള്ളവർ. നീൽസെൻ (Neilsen) 2015-ൽ നടത്തിയ പഠനപ്രകാരം ഇൻസ്റ്റാഗ്രാമിലും ഈ പ്രായക്കാർതന്നെയാണ് ഏറ്റവും സജീവം. കേരളത്തിൽ യുവാക്കളും മുതിർന്നവരും തമ്മിലുള്ള അനുപാതത്തിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം.

ഇനി കേരളത്തിൽ നിയമസഭാത്തെരഞ്ഞെടുപ്പു നടന്ന 2011, 2016. 2021 എന്നീ വർഷങ്ങളിലെ സമൂഹമാദ്ധ്യമവളർച്ചകൂടി പരിശോധിക്കാം. 2011-ൽ 2.5 ശതമാനം ആയിരുന്നു രാജ്യത്തെ ആകെ ഫേസ്ബുക്ക് ഉപയോക്താക്കൾ - 4.6 കോടിപ്പേർ. 2016-ൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 28.4 ശതമാനമായും സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ 10.3 ശതമാനമായും വളർന്നു. യഥാക്രമം 37.5-ഉം (ഡിജിറ്റൽ ഇൻഡ്യയുടെ കണക്കിൽ 35.3 കോടി) 13.6-ഉം കോടിപ്പേർ. (ആധാരം: Yral റിപ്പോർട്ട്). പത്തുകൊല്ലം‌കൊണ്ട് 4.6 കോടി 41 കോടി ആയി. രാജ്യത്തെ സമൂഹമാദ്ധ്യമവളർച്ചയുടെയും സ്വാധീനതയുടെയും ഗതിവേഗം വ്യക്തമാകുമല്ലോ. യൂറ്റ്യൂബിനു 44.8-ഉം (ഫേസ്‌ബുക്കിഎക്കാൾ കൂടുതൽ) ഇൻസ്റ്റഗ്രാമിന് 21-ഉം ട്വിറ്ററിന് 1.75-ഉം കോടിയാണ് ഉപയോക്താക്കൾ. (അവലംബം: കേന്ദ്ര ഐ.റ്റി. മന്ത്രി).

വാട്സാപ്പിന് ഇൻഡ്യയിൽ 2016-ൽ 20 കോടിയായിരുന്നു പ്രതിമാസ സജീവോപയോക്താക്കൾ. കേന്ദ്രമന്ത്രി നല്കുന്ന കണക്കുപ്രകാരം ഇന്നത് 53 കോടിയാണ്. പ്രതിമാസ സജീവ വാട്സാപ് ഉപയോക്താക്കൾ 39.01 കോടിയാണെന്നു ബിസിനസ് ഇൻസൈഡർ പറയുന്നു. വളർച്ചയിൽ 17 ശതമാനമുള്ള റഷ്യയുടെ തൊട്ടുപിന്നിൽ 16.6 ശതമാനവുമായി ഫ്രാൻസിനൊപ്പം രണ്ടാംസ്ഥാനത്താണു നാം.

2016-ൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവരിൽ 75 ശതമാനം പേരും 16-നും 35-നും ഇടയിൽ പ്രായമുള്ളവർ ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 16 – 25 വയസുകാർ 37-ഉം 26 – 35 വയസുകാർ 38-ഉം ശതമാനം. 36-നും 45-നും ഇടയിലുള്ളവർ 16-ഉം അതിനും മുകളിലുള്ളവർ 9-ഉം ശതമാനം ആയിരുന്നു. (ആധാരം: ഡിജിറ്റൽ ഇൻഡ്യ)

ദ് ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ‘ഇൻഡ്യ സോഷ്യൽ മീഡിയ സ്റ്റാറ്റിസ്റ്റിക്സ് 2021’ പ്രകാരം രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇന്ന് 62.4 കോടിയാണ്; ജനസംഖ്യയുടെ 45 ശതമാനം. സജീവ സമൂഹമാദ്ധ്യമോപയോക്താക്കൾ 44.8 കോടിയും. ഇന്റർനെറ്റ് ഉപയോക്താക്കൾ 8.2 ശതമാനം (4.7 കോടി) നിരക്കിൽ വളരുമ്പോൾ സമൂഹമാദ്ധ്യമോപയോഗം വളരുന്നത് 21.8 ശതമാനം (12 മാസത്തിനിടെ 7.8 കോടി) വേഗത്തിലാണ്. ഓരോ ഇൻഡ്യക്കാരും സമൂഹമാദ്ധ്യമങ്ങളിൽ വിനിയോഗിക്കുന്നത് ശരാശരി 2 മണിക്കൂർ 25 മിനുട്ടാണ്. സംസാരിക്കുന്ന കണക്കുകളാണ് ഇവയെല്ലാം.

കേരളത്തിൽ

സമൂഹമാദ്ധ്യമോപയോഗം സംബന്ധിച്ച സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ലഭ്യമല്ല. ദേശീയാനുപാതങ്ങൾ കേരളക്കാര്യത്തിൽ സ്വാഭാവികമായും വ്യത്യസ്തമായിരിക്കുകയും ചെയ്യും. പ്രായവും ലിംഗവും ഗ്രാമനഗരവ്യത്യാസവും ധനികദരിദ്രഭേദവും വച്ചുള്ള കണക്കുകളും അങ്ങനെതന്നെ. ആ നിലയ്ക്ക് നമ്മുടെ സാഹചര്യത്തെപ്പറ്റി ധാരണ വികസിപ്പിക്കാൻ ഈ ലോക-ദേശീയകണക്കുകൾ സഹായിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പു നടന്ന 2016-ൽ ഇക്കണോമിക് റെവ്യൂ പ്രകാരം കേരളത്തിൽ 3.2 കോടി മൊബൈൽ ഫോൺ കണക്‌ഷനുണ്ട്. ബ്രോഡ്ബാൻഡായി 20-ഉം മൊബൈല്‍ ഫോൺ വഴി 15-ഉം (ആകെ 35%) ശതമാനം വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിയിരുന്നു. വീട്ടിലെ കണക്‌ഷനുകൾ ഒന്നിലേറെപ്പേർ ഉപയോഗിക്കുമല്ലോ.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ കണക്കുപ്രകാരം 2016 മേയിൽ 20 ശതമാനത്തിലധികം വോട്ടർമാർക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ഇതിൽ 90 ശതമാനം‌പേരും തെരഞ്ഞെടുപ്പിനെ ഗൗരവമായി പിൻതുടരുന്നതായും കണ്ടു. ‘സോഷ്യൽ മീഡിയ ഇം‌പാക്റ്റ് ഓൺ ദ് കേരള ഇലക്‌ഷൻസ് 2016’ എന്ന ആ പഠനത്തിൽ കണ്ടത് സമൂഹമാദ്ധ്യമങ്ങൾ ഫലങ്ങളെ സ്വാധീനിക്കുന്ന ‘ഹൈ ഇം‌പാക്റ്റ്’ മണ്ഡലങ്ങളാണ് 140-ൽ 71-ഉം എന്നാണ്.

ഈ സ്വാധീനത 2021-ൽ എങ്ങനെ വർദ്ധിച്ചു എന്നതിന്റെ പഠനങ്ങൾ വരാനിരിക്കുന്നതേയുള്ളെങ്കിലും സമൂഹമാദ്ധ്യമോപയോഗത്തിലെ വർദ്ധന നോക്കിയാൽ ഏറെക്കുറെ മനസിലാകും. കണക്കിന്റെ അഭാവത്തിൽ ഇതിനു മറ്റൊരു സൂചകം എടുക്കാം. ഇൻഫ്ലുവൻസർമാർ എന്നു വിളിക്കപ്പെടുന്ന സമൂഹമാദ്ധ്യമതാരങ്ങളുടെ ജനപ്രീതിയാണത്. ഇത് എഴുതുന്ന 2021 ജൂൺ 6-ന് യൂറ്റ്യൂബിൽ ‘കരിക്ക്’ എന്ന ചാനലിനു 70.2 ലക്ഷം സബ്‌സ്ക്രൈബർമാരുണ്ട്. ഫേസ്ബുക്കിൽ ഒന്നാം സ്ഥാനം മോഹൻലാലിനാണ്. അദ്ദേഹത്തിന്റെ പേജിന് 65.7 ലക്ഷം ഫോളോവേഴ്സും 49 ലക്ഷം ലൈക്കുമുണ്ട്. മമ്മൂട്ടിയുടെ ഫോളോവേഴ്സ് 46.6 ലക്ഷമാണ്. ടിക്‌ടോക്കിലെ ഒന്നാമത്തേതായ ഫുക്രുവിനു 35 ലക്ഷമാണു ഫോളോവർമാർ. ഫേസ്‌ബുക്കിലെ മുൻനിരഗ്രൂപ്പായ ജി.എൻ.പി.സി.യിൽ 22 ലക്ഷം അംഗങ്ങളുണ്ട്.

മലയാളം കോമഡി യൂറ്റ്യൂബ് ചാനലിന് 70 ലക്ഷം. വരി ചേരാതെ കാണുന്ന ലക്ഷങ്ങളെക്കൂടി ചേർത്താൽ കുറഞ്ഞത് ഒരുകോടി ആളുകളെങ്കിലും ഉണ്ടാവില്ലെ?  ഒരു യൂറ്റ്യൂബ് ചാനലിനുതന്നെ ഇത്ര പ്രേക്ഷകരുണ്ടെങ്കിൽ...! അത്തരം വിശകലനങ്ങളും പറയുന്നത് സജീവ ഇന്റർനെറ്റ് ഉപയോക്താക്കൾ 80 ലക്ഷമെങ്കിലും ഉണ്ട് എന്നാണ്. ഇവരിൽ മിക്കവരും സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടുന്നവരാണ്. ഒരു സമൂഹമാദ്ധ്യമയക്കൗണ്ടും ഇല്ലാത്തവർക്കുപോലുമുള്ളതാണു വാട്ട്സാപ്പ്. ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്നതും അതാണ്. ഇവർ മിക്കവരും പ്രതിദിനോപയോഗക്കാരാണ്. ഇതരമാദ്ധ്യമങ്ങളിലെ ഉള്ളടക്കം അവയിൽ അക്കൗണ്ട് ഇല്ലാത്തവർക്കുകൂടി എത്തിക്കുന്ന ഇണക്കുകണ്ണികൂടിയാണു വാട്ട്സാപ്പ്. ഇതെല്ലാം കാണിക്കുന്നത് 3.48 കോടി ജനസംഖ്യയുള്ള കേരളത്തിന്റെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലാണ്.

കേരളത്തിൽ ഇന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ 54 ശതമാനമാണ്. ഇവരുടെ എണ്ണം 1.8 കോടി വരും. ഇതിൽ 80 ലക്ഷം‌ പേരെങ്കിലും പ്രതിദിനസജീവോപയോക്താക്കളാണ്. മൊബൈൽഫോൺ എണ്ണം ജനസംഖ്യയെക്കാൾ കൂടുതലാണ്! കേരളത്തിൽ കണക്റ്റിവിറ്റിയില്ലാത്ത പ്രദേശങ്ങളില്ല. സർവ്വോപരി, കേരളം 2019-ൽ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനവുമാണ്. നമ്മുടെ ഇന്റർനെറ്റ് സാക്ഷരത 75 ശതമാനമാണ്. സമൂഹമാദ്ധ്യമങ്ങളിൽ മലയാളം ഇംഗ്ലിഷിനെക്കാൾ 85 ശതമാനം കൂടുതൽ ഉപയോഗിക്കുന്നു. ഇതു പങ്കാളിത്തത്തിലെ ജനകീയതയുടെ സൂചകമാണ്.

സമൂഹമാദ്ധ്യമങ്ങളിൽ ഉള്ളത് ഏറെക്കുറെ വോട്ടർമാരാണെന്നു കരുതാം. നിലവിലെ 2,74,46,039 വോട്ടർമാരിൽ അഞ്ചിലൊന്നോളം പേർ നേരിട്ടും അവരുടെ കുടുംബാംഗങ്ങൾ പരോക്ഷമായും സമൂഹമാദ്ധ്യമസ്വാധീനത്തിലാണ് എന്നർത്ഥം.


മറ്റു ചില ഘടകങ്ങൾ

ഇതോടൊപ്പം മറ്റുചില സ്വാധീനഘടകങ്ങൾകൂടി നോക്കാം.

സുഹൃത്തുക്കളുമായുള്ള ബന്ധം തുടരാനും കൂടുതൽ സുഹൃത്തുക്കളെ കിട്ടാനും ഒക്കെയാണു പലരും സമൂഹമാദ്ധ്യമങ്ങളിലേക്കു വന്നുതുടങ്ങിയതെങ്കിലും വൈകാതെ അതു സാമൂഹികസംവാദങ്ങൾക്കും സാമൂഹികയിടപെടലുകൾക്കും ആശയപ്രചാരണത്തിനും ഒക്കെയുള്ള വേദിയായി മാറി. ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഈ മാറ്റത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. തുറന്നതും അടഞ്ഞതുമായ ഗ്രൂപ്പുകൾ ആഴമുള്ള ആലോചനകളുടെയും ആശയങ്ങളുടെയും വേദികളാണ്.

രാജ്യത്ത് യുവാക്കളിൽ 75 ശതമാനം മാത്രമാണു വോട്ടറായി രജിസ്റ്റർ ചെയ്യുന്നതെന്നാണു തെരഞ്ഞെടുപ്പുകമ്മിഷന്റെ കണക്ക്. വോട്ടു ചെയ്യുന്ന കാര്യത്തിൽ 18 – 29 വയസുകാർ മറ്റുള്ളവരെ അപേക്ഷിച്ചു വിമുഖരാണെന്ന് യു.എൻ.ഡി.പി.യും യു.എൻ. വൊളന്റിയേഴ്സ് ഇൻഡ്യയും കേന്ദ്ര യുവജനകാര്യ-സ്പോറ്റ്സ് മന്ത്രാലയവും ചേർന്നു നടത്തിയ  ‘സോഷ്യൽ മീഡിയ ഫോർ യൂത്ത് ആൻഡ്സിവിക് എൻഗേജ്‌മെന്റ് ഇൻ ഇൻഡ്യ’ എന്ന പഠനവും പറയുന്നു. രാജ്യത്തെ പൊതുവായ കണക്കിൽ സമൂഹമാദ്ധ്യമങ്ങളിൽ കൂടുതലായി ഇടപെടുന്ന വിഭാഗമാണിത് എന്നതു വിചിത്രമാണ്.

എന്നാൽ, കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യമില്ല. ക്യാമ്പസുകൾ അരാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഇടക്കാലത്തെ അവസ്ഥ ഇപ്പോൾ ഇല്ല. അത്തരത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽത്തന്നെ അതുകൂടി ഇന്നു നികത്തുന്നത് ഇവിടെ സമൂഹമാദ്ധ്യമങ്ങളാണ്. ഈ സാമൂഹികധർമ്മം നിറവേറ്റുന്നതിലെ സമൂഹമാദ്ധ്യമങ്ങളുടെ പങ്കു പ്രത്യേക പഠനം അർഹിക്കുന്നു. ഇതിനു സർക്കാരും സാമൂഹികപഠനസ്ഥാപനങ്ങളും മാദ്ധ്യമപഠനസ്ഥാപനങ്ങളും മുൻകൈ എടുക്കണം.

അറബ് വസന്തം അടക്കമുള്ള ആധുനികകാലരാഷ്ട്രീയമുന്നേറ്റങ്ങൾ സംഘടിപ്പിച്ചത് സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു എന്നതും മാദ്ധ്യമങ്ങൾക്കുള്ള വാർത്താസാമഗ്രികൾപോലും ലഭ്യമാക്കിയിരുന്നത് അവയിലൂടെ ആണെന്നതുമൊക്കെ കൂട്ടിവച്ചുവേണം ഇവയുടെ സ്വാധീനതയെപ്പറ്റി ചിന്തിക്കാൻ.

2016 അവസാനം മൂന്നുകോടിയോളം സെൽ ഫോണുള്ള കേരളത്തിൽ 700 റ്റിബിയിൽ ഏറെ ആയിരുന്നു ഡേറ്റാ ഉപയോഗം. ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ നല്കിയ കണക്കിൽ കേരളീയർ ദിവസം ശരാശരി 75 തവണ വാട്ട്സാപ് നോക്കുമെന്നു കാണുന്നു. അതായത് ഒന്നാം പിണറായി മന്ത്രിസഭ അധികാരത്തിൽ വന്ന തെരഞ്ഞെടുപ്പുസമയത്തുതന്നെ സമൂഹമാദ്ധ്യമങ്ങൾ കേരളീയരെ ഗണ്യമായി സ്വാധീനിച്ചുകഴിഞ്ഞിരുന്നു. അതു പിന്നീടു കൂടിയിട്ടേയുള്ളൂ.

ഇടതുമേൽക്കൈ

ഈ സ്വാധീനതയിൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള വ്യതിയാനം‌കൂടി നോക്കാം. രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഫേസ്‌ബുക്ക് പേജുകളുടെ വിവരങ്ങൾ അതിനു സഹായമാകും.

മറ്റുള്ള നേതാക്കൾക്കുമുണ്ട് ഇത്തരം പേജുകൾ. ലക്ഷങ്ങളും പതിനായിരങ്ങളും ലൈക്ക് ചെയ്തു പിന്തുടരുന്ന അനൗദ്യോഗികപേജുകളും അക്കൗണ്ടുകളും വേറെയും. പാർട്ടികൾക്കു ജില്ലതോറും പേജുണ്ട്. തെരഞ്ഞെടുപ്പുവേളയിൽ മണ്ഡലം തിരിച്ചു സ്ഥാനാർത്ഥികളുടെ പേജുകളും ശക്തമായിരുന്നു. ഗ്രൂപ്പുകളാണു മറ്റൊരു മാനദണ്ഡം. സിപിഐഎം സൈബർ കമ്മ്യൂൺ എന്ന ഗ്രൂപ്പിലെ അംഗസംഖ്യ 3,20,177 ആണ്. കോൺഗ്രസ് സൈബർ ടീം എന്ന ഔദ്യോഗികഗ്രൂപ്പിൽ 1,04,240 അംഗങ്ങളും. ഉള്ളടക്കസൃഷ്ടിയും വ്യാപനവും നടത്തി സജീവമായി രാഷ്ട്രീയപ്രചാരണത്തിൽ ഏർപ്പെടുന്നവരാണിവർ. ഇത്തരം അനൗദ്യോഗികഗ്രൂപ്പുകളും നിരവധി. സമൂഹമാദ്ധ്യമരംഗം രാഷ്ട്രീയമായി എത്ര സജീവമായിരുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ഒരാൾ ലൈക്കു ചെയ്യുകയോ ഫോളോ ചെയ്യുകയോ സബ്‌സ്ക്രൈബ് ചെയ്യുകയോ ചെയ്യുന്ന ഫേസ്‌ബുക്ക് പേജുകളിലും യൂറ്റ്യൂബ് ചാനലുകളിലും ഒക്കെ എന്തെങ്കിലും പുതിയ പോസ്റ്റിങ് നടന്നാൽ അയാൾക്കു നോട്ടിഫിക്കേഷൻ പോകും. മിക്കവരും അപ്പോൾത്തന്നെ അവ നോക്കും. അതു മറ്റുള്ളവരെ അറിയിക്കേണ്ടതാണ് എന്നു തോന്നിയാൽ അവർ അതിന്റെ ലിങ്ക് അവർക്കെല്ലാം അയയ്ക്കും. രാഷ്ട്രീയപ്പാർട്ടികൾക്ക് ഇതിനൊക്കെ പ്രത്യേകം വാട്ട്സാപ്, ടെലിഗ്രാം, സിഗ്നൽ ശൃംഖലകൾതന്നെയുണ്ട്. മണിക്കൂറുകൾക്കകം ദശലക്ഷങ്ങളിലേക്ക് എത്തുന്നവയാണവ.

ഇതേപ്പറ്റി ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ് കുമാർ ഫേസ്ബുക്കിൽ എഴുതിയ (https://www.facebook.com/suresh.kumar.735507/posts/2021179151356872) ഒരു സംഭവം പറയാം. മട്ടന്നൂരിൽ തെരഞ്ഞെടുപ്പുപ്രചാരണം കവർ ചെയ്യുന്നതിനിടെ ഒരു വൃദ്ധ ശൈലജട്ടീച്ചറെ പ്രശംസിച്ചു സംസാരിക്കുന്നത് ഷൂട്ട് ചെയ്തു. മട്ടന്നൂരിലെ പരിപാടികഴിഞ്ഞു വാഹനത്തിൽ മടങ്ങുമ്പോൾ ക്യാമറമാൻ വാട്സാപ്പിൽ കിട്ടിയ ഒരു വീഡിയോ കാണിച്ചു. ബാക്കി സുരേഷ് പറയട്ടെ: “ഞാൻ ആ വൃദ്ധയോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇടത് ഹാൻഡിലുകളിലെല്ലാം അതു പറപറക്കുന്നു.” അതെ, ഇതാണു സമൂഹമാദ്ധ്യമയിടപെടലിന്റെ നഖചിത്രം.

ഞാൻ അധികം എഴുതുന്നത് ഒഴിവാക്കാൻ സുരേഷ് കുമാറിന്റെ നിരീക്ഷണം‌കൂടി ചേർക്കാം: “ഞാൻ കണ്ട പാഠം കാലത്തിനനുസരിച്ചുള്ള മാറ്റത്തിനു സി.പി.എം. നേതാക്കൾ കാട്ടുന്ന അസാധാരണ വേഗമാണ്, മികവാണ്. മുഖ്യധാരാമാദ്ധ്യമങ്ങളുടെ ഇടം പരമാവധി ഉപയോഗിക്കുക. അവയെ നിയന്ത്രിക്കാനും തിരുത്താനും മറുമരുന്നിടാനും അതിലും വേഗത്തിൽ സൈബർ ശൃംഖല സജ്ജമാക്കി ഒപ്പം കൂട്ടുക. അതിൽ സിപിഎം നേതാക്കൾ ഏറെക്കുറെ വിജയിക്കുന്നതുകാണാം. അതുകൊണ്ടുതന്നെ സർക്കാരും പാർട്ടിയും പറയുന്ന 80 ശതമാനം കാര്യങ്ങളും പൂർണ്ണമായും ജനങ്ങളിലെത്തുകയും പ്രതിപക്ഷം പറയുന്ന അമ്പതു ശതമാനം പോലും ജനങ്ങൾ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്നു.”

അവസാനവാക്യം പ്രതിപക്ഷവും ജനങ്ങളും എന്നു തിരുത്തിയാൽ ഈ ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് അതിൽ തീരും. ഉൾക്കൊള്ളാതിരിക്കുക എന്നതു വിശ്വസിക്കാതിരിക്കുക എന്നുകൂടി തിരുത്തേണ്ടിവരും വസ്തുതകൾവച്ചു നോക്കുമ്പോൾ.

ഈ കാണലുകളിൽ നല്ലൊരുപങ്ക് കണക്കിൽ വരാറുമില്ല. ലിങ്കുകളിലൂടെ പ്രചരിക്കുന്ന വീഡിയോകൾ യൂറ്റ്യൂബിലോ ഫേസ്ബുക്കിലോ പോകാതെ കാണാൻ പിക്‌ചർ ഇൻ പിക്‌ചർ എന്ന സംവിധാനം ഉള്ളതിനാൽ അങ്ങനെ കാണുന്ന ലക്ഷങ്ങൾ ആ വീഡിയോയുടെ വ്യൂവിന്റെ കണക്കിൽ വരില്ല. അതടക്കമാണ് കാണലിന്റെ യഥാർത്ഥ വ്യാപ്തി.


പരമ്പരാഗതമാദ്ധ്യമങ്ങൾ - റ്റിവി

സമൂഹമാദ്ധ്യമത്തിനു സമാനമായ വളർച്ചയും ജനകീയതയും പരമ്പരാഗതമാദ്ധ്യമങ്ങൾക്ക് ഇക്കാലയളവിൽ ഉണ്ടായിട്ടില്ല എന്നതാണ് ഇതിനോടു ചേർത്തു വായിക്കേണ്ടത്. ചാനൽ റേറ്റിങ് കണക്കാക്കുന്ന ബാർക്കി(Broadcast Audience Research Council of India - BARC)ന്റെ കണക്കിലെ കള്ളത്തരങ്ങൾ പുറത്തായതോടെ വാർത്താച്ചാനലുകൾ സംബന്ധിച്ച പ്രതിവാരറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് 2020 ഒക്റ്റോബർ മുതൽ നിർത്തിവച്ചിരിക്കുന്നതിനാൽ ഈ തെരഞ്ഞടുപ്പുകാലത്തെ അതിന്റെ കണക്കുകൾ കിട്ടാൻ നിർവ്വാഹമില്ല.

സാച്ചുറേഷൻ ഘട്ടം കഴിഞ്ഞാൽ റ്റിവിയുടെ വില്പനയുടെയും കാണലിന്റെയും വളർച്ച സ്വാഭാവികമായും കുറയും. മറ്റു സ്രോതസുകൾ വാർത്തയ്ക്ക് ഉണ്ടാകുന്നതും വളർച്ചക്കുറവിനും വളർച്ച നിലയ്ക്കാനും കാണൽ കുറയാനും കാരണമാകും.

2016-ലെ വോട്ടെടുപ്പ് മേയ് 16-നായിരുന്നു. അതിനുമുമ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ട സമയത്തെ മലയാളം വാർത്താചാനലുകളുടെ എല്ലാംകൂടി വ്യൂവർഷിപ് 90 ലക്ഷം ഇം‌പ്രഷൻസ് (മേയ് 12) ആയിരുന്നു. മുമ്പ് റേറ്റിങ് എന്നു പറഞ്ഞിരുന്നതു പരിഷ്ക്കരിച്ചതാണ് ഇം‌പ്രഷൻസ്. ഇപ്പോൾ വിവാദത്തെത്തുടർന്ന് ആ പേര് ആവറേജ് മിനുട്ട് ഓഡിയൻസ് (AMA) എന്നാക്കി. ഒരു ചാനൽ ഒരു മിനുട്ട് തുടർച്ചയായി എത്രപേർ കാണുന്നു (number of individuals of a target audience who viewed an event, averaged across minutes) എന്നതാണത്. ഇം‌പ്രഷൻസും അതുതന്നെ.

ഇത് വോട്ടെണ്ണൽദിവസം 7.1 കോടി ആയത്രെ. 2018-ൽ പ്രളയം ഉണ്ടായ ദിവസങ്ങളിൽ (ഓഗസ്റ്റ് 4-10) മുമ്പുള്ള നാല് ആഴ്ചകളെ അപേക്ഷിച്ച് 98 ശതമാനം വളർന്ന് 21.41. കോടി ഇം‌പ്രഷൻസ് ആയി. 2018-ലെ പരമാവധി ആയിരുന്നു ഇത്. 2020-ലെ ലോക്ഡൗൺ സമയത്തു രാജ്യത്താകെ ദൃശ്യമായ ഈ പ്രവണത മലയാളം ന്യൂസ് ചാനലുകളുടെ വ്യൂവർഷിപ്പിൽ ഉണ്ടാക്കിയ വളർച്ച (2020-ലെ 12-ആം ആഴ്ച) 141 ശതമാനമാണ്! കൗതുകകരമായ കാര്യം കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളുടെ ഘട്ടത്തിൽ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനങ്ങൾക്കായിരുന്നു ഏറ്റവും പ്രിയം. നൂറുവാർത്തകൾ പോലുള്ള ബുള്ളറ്റിനുകൾക്കുള്ള പ്രിയം വാർത്താചർച്ചകൾക്കില്ല എന്നതും ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പുകാലത്തും സ്ഥിതി സമാനം ആയിരുന്നു.

റ്റിവി പരിപാടികൾ യൂറ്റ്യൂബിലും ഫേസ്‌ബുക്കിലും ലൈവായും അല്ലാതെയും ഷെയർ ചെയ്യുന്നതിനാൽ അവയിൽ തത്സമയവും അല്ലാതെയുമുള്ള വ്യൂവർഷിപ്പും ഇന്ന് അളക്കപ്പെടുന്നുണ്ട്. വാർത്താചാനലുകൾക്കെല്ലാംകൂടി ഇത് ഏതാനും ലക്ഷമേ വരൂ. അതിൽ ചില ഇനങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ സൈബർ വിഭാഗങ്ങളും മറ്റും എടുത്തു പ്രചരിപ്പിക്കുന്നതും പിന്നീടു വ്യൂവർഷിപ് ഉയരാൻ ഇടയാക്കുന്നുണ്ട്. അക്കൂട്ടർക്കു താത്പര്യമുള്ളവ മാത്രമാണ് അങ്ങനെ പ്രചരിപ്പിക്കപ്പെടുക.

ഇതെല്ലാം സൂചിപ്പിക്കുന്നത് വിവേചനപൂർവ്വമാണു കേരളീയർ റ്റിവി കാണുന്നത് എന്നാണ്. ഈ 98-ഉം 141-ഉം ശതമാനമായി ഉയർന്ന പ്രേക്ഷകരെല്ലാം പുതുതായി റ്റിവി വാങ്ങി കാണാൻ തുടങ്ങിയവരല്ല. വിനോദചാനലുകൾ കാണുന്നവരടക്കം പ്രത്യേകസന്ദർഭങ്ങളിൽ അതുവിട്ട് വാർത്താചാനലിൽ എത്തുന്നവരാണ്. അതിഭീമമായ ഈ സംഖ്യ വാർത്താചാനലുകൾ സാധാരണനിലയിൽ കാണാത്തവരാണ്. മുഖ്യമന്ത്രി പറയുന്നതായാലും നൂറുവാർത്ത ആയാലും പ്രളയത്തിന്റെയോ കോവിഡിന്റെയോ വിവരം ആയാലും തെരഞ്ഞെടുപ്പുഫലം ആയാലും ‘വിവരങ്ങൾ’ അറിയാൻ താത്പര്യപ്പെടുന്നവരാണ് അവർ. അത്തരം വിവരങ്ങളുടെ അഭാവത്തിലാണ് അവർ വിനോദങ്ങൾ തേടുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ മൂല്യവത്തായി അവർ കരുതാത്ത കാര്യങ്ങൾക്കു കളയാൻ അവർക്കു നേരമില്ല.

പരമ്പരാഗതമാദ്ധ്യമങ്ങൾ - അച്ചടി

പത്രത്തിന്റെ കാര്യം‌കൂടി നോക്കാം. ഇലക്ട്രോണിക്, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ലോകമെങ്ങും പത്രത്തിന്റെ പ്രചാരം 2010 മുതലേ ഗണ്യമായി കുറക്കുകയാണ്. അച്ചടിച്ച പത്രത്തിൽ വലിയ ക്ഷീണം ഉണ്ടാകാതിരുന്നതു നമ്മുടെ നാട്ടിലാണ്. എന്നാൽ, ആർ.എൻ.ഐ.യുടെ കണക്കുപ്രകാരം 2017-18-ൽ ഇൻഡ്യൻ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രചാരം ഇടിഞ്ഞത് മുൻവർഷത്തെക്കാൾ 11.88 ശതമാനമാണ്. 2015-16-ഉമായി തട്ടിച്ചുനോക്കുമ്പോൾ ഇടിവ് 29.52 ശതമാനമാണ്. 2016-17-ൽ പത്രങ്ങൾക്കുമാത്രം ഉണ്ടായ ഇടിവ് 11.86 ശതമാനമാണ് – 3.27 കോടി കോപ്പി. സ്ഥിരമായി വർദ്ധിച്ചുവന്ന സർക്കുലേഷൻ 2015-16-ൽ 37.14 കോടിയിലെത്തി 2016-17-ൽ 27.53 കോടിയും 2017-18-ൽ 24.26 കോടിയുമായി കുറയുന്നതാണു കണ്ടത്. ആഗോളപ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്താവുന്ന ഈ പ്രവണത ഏറിയും കുറഞ്ഞും നിലനില്ക്കുന്നതാണു കണ്ടത്.

കേരളത്തിൽ പ്രസിദ്ധീകരണങ്ങളുടെ പ്രചാരം 2016-17-ൽ മുൻവർഷത്തെ 1.6 കോടിയിൽനിന്ന്  1.01 കോടിയായി. കുറവ് 10.16 ലക്ഷം കോപ്പി. ഈ ഘട്ടത്തിൽ മൂന്നുവർഷം‌കൊണ്ടു മാതൃഭൂമിയുടെ സർക്കുലേഷൻ മൂന്നുലക്ഷത്തോളം കുറഞ്ഞതായി എൻ.പി. രാജേന്ദ്രൻ ‘തേജസ്‌ന്യൂസ്.കോമി’ൽ എഴുതിയിരുന്നു. ഇതിന്റെ ഗുണം കിട്ടിയിട്ടും ലക്ഷ്യം കൈവരിക്കാൻ മനോരമയ്ക്കു കഴിഞ്ഞില്ലെന്നും അദ്ദേഹം രേഖപ്പെടുത്തി. ആനുകാലികങ്ങളുടെ പ്രചാരവും ഗണ്യമായി കുറഞ്ഞു. ഈ പ്രവണത അടുത്തവർഷവും ദൃശ്യമായി. എബിസി റിപ്പോര്‍ട്ട് പ്രകാരം 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 2016 ജൂലൈ-ഡിസംബറിനെ അപേക്ഷിച്ച് മലയാള മനോരമക്ക് 52,531 കോപ്പിയും മാതൃഭൂമിക്ക് 40,485 കോപ്പിയും ഇടിഞ്ഞു. ദേശാഭിമാനിക്കുമാത്രം 1,85,640 കോപ്പി കൂടിയത് പാർട്ടിപ്രവർത്തകരും ബഹുജനസംഘടനകളും നടത്തുന്ന വരിചേർക്കലിന്റെയുംമറ്റും ഫലമാകാമെന്നല്ലാതെ പൊതുപ്രവണതയ്ക്കു വിരുദ്ധമായി കാണേണ്ടതില്ല. 2018 ജനുവരി-ജൂണ്‍ കാലത്തെ മാതൃഭൂമിയുടെസർക്കുലേഷൻ ആറുമാസം‌കൊണ്ട്  24,859 കോപ്പി കുറഞ്ഞപ്പോൾ മനോരമയ്ക്കു കൂടിയത് 1661 കോപ്പിയാണ്.

തുടർച്ചയായ വളർച്ചയുടെ കാലം കഴിഞ്ഞുവെന്നും തളർച്ചയുടെ കാലം നമ്മുടെ നാട്ടിലും സംഭവിച്ചുതുടങ്ങിയിരിക്കുന്നുവെന്നുമാണ് ഇതെല്ലാം കാണിക്കുന്നത്. നോട്ടുനിരോധം സൃഷ്ടിച്ച സാമ്പത്തികത്തകർച്ച പരസ്യം ഗണ്യമായി കുറച്ചതിനാൽ പത്രത്താളുകളുടെ എണ്ണത്തിനും ജനങ്ങളിലേക്കു പത്രത്തിലൂടെ എത്തുന്ന വിവരത്തിന്റെ അളവിനും കുറവുണ്ടായിട്ടുണ്ട്. അതും ഒരുതരം സ്വാധീനതക്കുറവാണല്ലോ. പുതുതലമുറ പത്രം വായിക്കുന്നതു നന്നേ കുറഞ്ഞിട്ടുണ്ട് എന്നതു വസ്തുതയാണ്. വിദ്യാർത്ഥികളെ ലക്ഷ്യം‌വച്ചുള്ള പം‌ക്തികളുംമറ്റും രക്ഷിതാക്കളെ പത്രം വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും കുട്ടികൾ വളരുന്നതോടെ പത്രവായന വിടുന്നതായാണു പലരും ചൂണ്ടിക്കാട്ടുന്നത്. കളമൊഴിഞ്ഞുകൊണ്ടിരിക്കുന്ന തലമുറയും മദ്ധ്യവയസ്ക്കരുമാണു പത്രവായനക്കാർ. ടെലിവിഷന്റെയും സ്വാധീനത ഇന്ന് ആ വിഭാഗങ്ങളിൽ മാത്രമാണു കാര്യമായുള്ളത്.


സത്യം ചെരിപ്പിട്ടു നില്പാണ്

ഇനി ഈ തെരഞ്ഞെടുപ്പുകാലത്തുണ്ടായ സവിശേഷകാര്യത്തിലേക്കു വരാം. സമൂഹമാദ്ധ്യമങ്ങൾ അഭൂതപൂർവ്വമായ വളർച്ചയും സ്വാധീനതയും കൈവരിക്കുകയും പരമ്പരാഗതമാദ്ധ്യമങ്ങൾ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി ക്ഷീണിച്ചുതുടങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ സംഭവിച്ച വിശ്വാസ്യതാനഷ്ടവും സമൂഹനിരാസവുമാണത്. സ്വതവേ ദുർബ്ബല, പിന്നെ ഗർഭിണിയും എന്ന അവസ്ഥ. തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പുമുതൽ കേരളത്തിൽ ആടിത്തുടങ്ങിയ അസംബന്ധനാടകത്തിൽ അലർച്ചയും ഗോഗ്വായും ഒക്കെയായി വില്ലൻവേഷം കെട്ടിയതോടെയാണ് ഇതു സംഭവിച്ചത്.

ഈ ഘട്ടത്തിൽ അനിയന്ത്രിതമായി വന്ന വ്യാജവാർത്തകളോടൊപ്പം സംഭവിച്ചുകൊണ്ടിരുന്ന മറ്റൊരു പ്രതിഭാസമാണ് മണിക്കൂറുകൾക്കകം അവ വ്യാജമാണെന്നു തെളിയുന്നത്. സത്യം ചെരിപ്പിടുമ്പോഴേക്കു നുണ ഉലകം ചുറ്റിയിരിക്കും എന്ന അവസ്ഥ മാറി. വാർത്ത ആദ്യം അറിയിക്കുന്നവർ എന്ന പദവി പത്രത്തിനു പിന്നാലെ ടെലിവിഷനും നഷ്ടപ്പെട്ടിരിക്കുന്നു. സമൂഹമാദ്ധ്യമവും ഓൺലൈൻ മാദ്ധ്യമങ്ങളും ആണ് ആ സ്ഥാനത്ത്.

അവിടെ വ്യാജവാർത്ത പിറക്കുമ്പഴേ അറിയാനും അതു പരമ്പരാഗതമാദ്ധ്യമങ്ങളിൽ വാർത്തയാകുമ്പോഴേക്കു നിജസ്ഥിതി ജനങ്ങളിൽ എത്തിക്കാനും ഇന്നു കഴിയും. ഈ അനുഭവം പതിവായതോടെ വസ്തുതാപരിശോധന നടത്താൻ സ്വീകർത്താവു തയ്യാറാകുന്നു. ഫാക്റ്റ് ചെക്ക് എന്നൊരു മേഖലതന്നെ വികസിച്ചിരിക്കുന്നു. ചുരുക്കത്തിൽ, വാർത്തയുടെ അധികാരിപ്പട്ടം ജനങ്ങൾ ഏറ്റെടുക്കുകയാണ്. അസത്യം, ഊഹം, കെട്ടുകഥ എന്നിവ വാർത്തയുടെ സ്ഥാനം കൈയടക്കുന്നതും അതു ജനങ്ങൾ തിരിച്ചറിയുന്നതും അത്തരം വാർത്താമാദ്ധ്യമങ്ങളെ അസ്വീകാര്യമാക്കുന്നു. അതാണ് ഈ തെരഞ്ഞെടുപ്പുകാലം നല്കുന്ന പാഠം.

വിശ്വാസം വീണ്ടെടുക്കാനാകുമോ?

ഈ സാഹചര്യത്തിന്റെ പ്രത്യാഘാതങ്ങളും സമൂഹത്തിനു ചെയ്യാവുന്ന കാര്യങ്ങളുംകൂടി പരിശോധിക്കാം. ഉത്തരവാദിത്വബോധമുള്ള സമൂഹത്തെ ഏറ്റവുമധികം ഉത്ക്കണ്ഠപ്പെടുത്തുന്നതാണ് മാദ്ധ്യമങ്ങൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസനഷ്ടവും സ്വീകാരനഷ്ടവും. മാദ്ധ്യമങ്ങൾക്കു ജനാധിപത്യത്തിൽ സുപ്രധാനപങ്കാണുള്ളത് എന്നതു നിസ്തർക്കമാണ്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയും അവയുടെ തെറ്റുകൾ ‘ജനപക്ഷത്തു’ നിന്നുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാദ്ധ്യമങ്ങളാണു ജനാധിപത്യത്തിന്റെ യഥാർത്ഥശക്തി.

വികസ്വരസമൂഹങ്ങളിൽ സർക്കാരിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുകയും അവയിൽ അർത്ഥപൂർണ്ണം പങ്കാളികളാകാനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനും പ്രതിലോമകാര്യങ്ങൾ ഉന്നയിക്കാനും അവ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സമരം ചെയ്യാനുമൊക്കെ ജനങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യുക എന്നതും സുപ്രധാനമാദ്ധ്യമധർമ്മമാണ്.

എന്നാൽ കോർപ്പറേറ്റ് കാലത്തെ വലതുമാദ്ധ്യമങ്ങൾ ഇതൊന്നും ചെയ്യുന്നില്ല എന്നതാണു നാം കാണുന്ന ആപത്ക്കരമായ പ്രവണത. ഇതു തിരുത്തിക്കുക എന്നത് മാദ്ധ്യമങ്ങളുടെ ഉപഭോക്താക്കളായ, ജനാധിപത്യം നിലനില്ക്കാൻ ആഗ്രഹിക്കുന്ന, സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

ആ ഉത്തരവാദിത്വം നല്ലയളവു നിർവ്വഹിക്കാൻ പുതിയകാലമാദ്ധ്യമമായ സമൂഹമാദ്ധ്യമങ്ങൾക്കു കഴിയുന്നുണ്ട്. ആ വിമർശം മാദ്ധ്യമങ്ങൾ ഉൾക്കൊള്ളാതെ പെരുമാറുന്നത് വിമർശനത്തിന്റെ സ്വഭാവം മാറ്റുകയും അതു മാദ്ധ്യമവിരുദ്ധതയിലേക്കു വീഴാൻ ഇടയാക്കുകയും ചെയ്യുന്നുണ്ട്. വലതുമാദ്ധ്യമങ്ങൾ തൊഴിലാളിരാഷ്ട്രീയത്തിന്റെ ശത്രുക്കളാണ് എന്നു ബ്രാൻഡ് ചെയ്യപ്പെടുന്നത് അവയോടു ശത്രുത വളർത്താൻ ഇടയാക്കുന്നുണ്ട്.

വർഗ്ഗരാഷ്ട്രീയപ്രകാരം അതിനു ലോജിക് ഉണ്ടെങ്കിലും മാദ്ധ്യമങ്ങൾ ശത്രുക്കളായി ഗണിക്കപ്പെടുകയോ ബഹിഷ്ക്കരിക്കപ്പെടുകയോ ചെയ്യുന്നത് സാധാരണനിലയിൽ ജനാധിപത്യത്തിനു ഗുണകരമല്ല. എന്നാൽ, രാജ്യത്തു സാധാരണജനാധിപത്യമല്ല, ചങ്ങാത്തമുതലാളിത്തജനാധിപത്യം ആണെന്നും കോർപ്പറേറ്റുമാദ്ധ്യമങ്ങൾ  ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയും ജനവിരുദ്ധനാവുകളാണെന്നും ഉള്ള നിരീക്ഷണം ശക്തമാണ്. ഭരണകൂടപക്ഷം ചേർന്ന മാദ്ധ്യമങ്ങൾ പരമ്പരാഗതസങ്കല്പത്തിലുള്ള  ജനാധിപത്യത്തിന്റെ നാലാംതൂണ് അല്ലെന്നും അവയെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുമെന്നും ഈ നിലപാടുകാർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, അതിനെ അതിന്റെ വഴിക്കു വിടുക എന്നല്ലാതെ നന്നാക്കികളയാം എന്ന ധാരണയിൽ ഇറങ്ങിപ്പുറപ്പെടുന്നതു മൗഢ്യവും അനാവശ്യവും ആയിരിക്കുമെന്നും അവ തകരുന്നതാണു ജനാധിപത്യത്തിനു ഗുണകരമെന്നും അതിനുതകുമാറുള്ള മാദ്ധ്യമവിമർശം ജനാധിപത്യത്തിനായുള്ള സമരത്തിന്റെ ഭാഗമാകണമെന്നുംവരെ അവർ നിരീക്ഷിക്കുന്നു. (കമ്മ്യൂണിസം മുതലാളിത്തത്തിന്റെ ഒന്നാംനമ്പർ ശത്രുവാകയാൽ കേരളസാഹചര്യത്തിൽ ഇതിന്റെ പ്രയോഗമുഖം കമ്മ്യൂണിസ്റ്റുവിരുദ്ധതയാണ്).

ഈ കോർപ്പറേറ്റുതാത്പര്യങ്ങളും പല മാദ്ധ്യമസ്ഥാപനങ്ങളുടെയും നടത്തിപ്പുകാരായ വ്യവസാ‍യികൾക്ക് ആദായനികുതിവകുപ്പ്, ഇ.ഡി., സി.ബി.ഐ. തുടങ്ങിയവയുടെ റെയ്ഡിനെപ്പറ്റി ഉണ്ടാകാവുന്ന ഭയാശങ്കകളും ഒക്കെ കണക്കിലെടുക്കുമ്പോൾ മാദ്ധ്യമസമീപനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നു കരുതാനാവില്ല. ഒരുപക്ഷെ, ജനനിരാസത്തെത്തുടർന്നു വരുമാനനഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന ഒരു ഘട്ടത്തിലെങ്ങാനും തെറ്റു തിരുത്തിയേക്കാം എന്നൊക്കെ ശുഭാപ്തിവിശ്വാസക്കാർക്കു പ്രത്യാശ പുലർത്താമെന്നുമാത്രം. ഏതായാലും, വലതുപക്ഷമെഗഫോണുകളായി അജൻഡ വച്ചു പ്രവർത്തിച്ചു എന്നു സമൂഹത്തിൽ വലിയൊരുവിഭാഗം കരുതുന്ന ബഹുജനമാദ്ധ്യമളുടെ വിശ്വാസ്യതയും സ്വീകാരവും നഷ്ടമാകുന്നതിന്റെ പ്രത്യാഘാതങ്ങൾ പഠിക്കപ്പെടേണ്ടതുണ്ട്.



നാളെയുടേതു സമൂഹമാദ്ധ്യമമോ?

പരമ്പരാഗതമാദ്ധ്യമങ്ങൾക്കു ബദലാകാൻ നവമാദ്ധ്യമങ്ങൾക്ക് കഴിയുമോ? വസ്തുനിഷ്ഠതയിലും ജനപക്ഷനിഷ്പക്ഷതയിലും ഉറച്ചു പക്വത പാലിക്കുന്ന നില ബദൽമാദ്ധ്യമങ്ങൾക്കു കൈവന്നില്ലെങ്കിൽ പരമ്പരാഗതബഹുജനമാദ്ധ്യങ്ങൾ നിർവ്വഹിക്കേണ്ടതെന്നു നാം കരുതുന്ന സാമൂഹികധർമ്മം നിറവേറ്റാനുള്ള പ്രാപ്തി അവയ്ക്ക് ഉണ്ടാവില്ല. അവയ്ക്ക് അത്തരമൊരു പക്വതയിൽ എത്താനോ സമൂഹത്തിന് മാദ്ധ്യമജനാധിപത്യവത്ക്കരണത്തിന്റെ ബഹുസ്വരതയിൽനിന്നു വസ്തുനിഷ്ഠമായ കാര്യങ്ങൾ മനസിലാക്കിയെടുക്കാനുള്ള ശേഷി ആർജ്ജിക്കാനോ കഴിയുന്ന കാലത്തേ സമൂഹമാദ്ധ്യമങ്ങൾ ബഹുജനമാദ്ധ്യമങ്ങൾക്കു ബദലാകൂ. വളരെ ഉത്തരവാദിത്വബോധമുള്ള ഒരു സമൂഹം അതിന്റെ മുന്നുപാധിയാണ്. കേരളം പോലൊരു സമൂഹത്തിൽ അത് അസാദ്ധ്യമൊന്നുമല്ല.

പരമ്പരാഗതമാദ്ധ്യമസ്വാധീനത്തെ ഇടതുപക്ഷത്തിനു ബദൽമാദ്ധ്യമങ്ങളിലൂടെ നല്ലയളവു നേരിടാൻ കഴിയുന്നുണ്ട് എന്നു പറയുമ്പോൾത്തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഇടതുവിരുദ്ധശക്തികൾക്കും പങ്കുണ്ട് എന്നതു കാണണം. വർഗ്ഗീയശക്തികളുടെ ഇടപെടലാണ് ഇതിൽ പ്രധാനം. ആകെയുള്ള ആശ്വാസം അവരുടെ പ്രചാരണസാമഗ്രികൾ പലതും ഭൂരിപക്ഷത്തിനും സ്വീകരിക്കാനാവാത്തതരം വർഗ്ഗീയവിദ്വേഷം പരത്തുന്നവയോ അന്ധവിശ്വാസങ്ങളും അശാസ്ത്രീയതകളും നിറഞ്ഞതോ അപ്രസക്തമായവയോ കാലഹരണപ്പെട്ടവയോ ആണെന്നതാണ്.

സമൂഹമാദ്ധ്യമങ്ങളുടെയും ഉടമാവകാശവും അതിന്റെ കുത്തകവത്ക്കരണവും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തുതന്നെ വേട്ടക്കാർക്കുള്ള സഹായസംവിധാനമായി ഫേസ്‌ബുക്ക് മാറിയതു നാം കണ്ടു. വിദ്വേഷപ്രചാരണത്തിനും അപകീർത്തിപ്പെടുത്തലിനുമൊക്കെ എതിരാണെന്ന പ്രമാണങ്ങൾ എഴുതി നെറ്റിക്കൊട്ടിച്ചു നില്ക്കുന്ന അവർ അതിനെല്ലാം കടകവിരുദ്ധമായി നഗ്നമായി പക്ഷം ചേരുന്നതാണു നാം കണ്ടത്. മ്യാന്മറിൽ പതിനായിരക്കണക്കിനു റോഹിങ്ക്യൻ വംശജരുടെ കൂട്ടക്കൊലയ്ക്കും ബലാത്സംഗത്തിലും അതിക്രമങ്ങൾക്കും ഏഴുലക്ഷത്തോളം‌പേരുടെ പലായനത്തിനും വഴിതെളിച്ചത് വ്യാജ-വിദ്വേഷവാർത്ത പരിശോധനകൂടാതെ ഫേസ്ബുക്കിൽ പ്രചരിച്ചതാണെന്നതും നമുക്കറിയാം. ഫേസ്ബുക്ക് അതിനു മാപ്പു പറയേണ്ടിയുംവന്നു.

ഇന്നു സമൂഹമാദ്ധ്യമങ്ങളിലെ നിഷ്പക്ഷരും വിദ്യാസമ്പന്നരും പുരോഗമനാശയക്കാരുമായ ജനവിഭാഗങ്ങൾതന്നെ അതു കുറെയെല്ലാം തുറന്നുകാട്ടുകയും നിരസിക്കുകയും ചെയ്യുന്നുണ്ട്. ഇടതുപക്ഷസൈബർപ്രവർത്തകരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. എന്നാലും വികസിതമനസ്ക്കരല്ലാത്ത ഗണ്യമായ ഒരു വിഭാഗത്തെ അവ സ്വാധീനിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടിയവരും ഇന്റർനെറ്റ് എന്ന വാതായനങ്ങളിലൂടെ ലോകത്തെ അറിയുന്നവരുമായ പുതുതലമുറ വളരുന്നതിനനുസരിച്ചു കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകേണ്ട പ്രതിഭാസം മാത്രമാണത്. എങ്കിലും അതിനു ബോധപൂർവ്വമായ പ്രവർത്തനം ആവശ്യമാണ്.

എങ്കിലും സമൂഹമാദ്ധ്യമത്തിന്റെ ഇതുവരെയുള്ള സ്ഥിതി കാണിക്കുന്നത് ആപത്തിനെക്കാൾ ശുഭപ്രതീക്ഷയ്ക്കാണു കൂടുതൽ വകയുള്ളത് എന്നാണ്.

മാദ്ധ്യമങ്ങൾ നിർവ്വഹിക്കേണ്ട സാമൂഹികരാഷ്ട്രീയധർമ്മം സുപ്രധാനവും പ്രസക്തവും ജനാധിപത്യത്തിലെ അനിവാര്യതയും ആയതിനാൽ, അവ ആ ധർമ്മം നിർവ്വഹിക്കാത്ത സാഹചര്യത്തിൽ സമൂഹം ഉചിതമായ ബദൽ വികസിപ്പിച്ചെടുക്കുകതന്നെ ചെയ്യും. സമൂഹത്തിന്റെ അതിജീവനശേഷി നല്കുന്ന പ്രതീക്ഷയാണത്. അതുകൊണ്ട് അതിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാരും മീഡിയ അക്കാദമി അടക്കമുള്ള സാമൂഹികസ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും കർമ്മപദ്ധതി ആവിഷ്ക്കരിക്കുകയാണ് ഈ ഘട്ടത്തിലെ അനിവാര്യത. ഈ നിയമസഭാതെരഞ്ഞെടുപ്പും അതിന്റെ ഫലവും നല്കുന്ന സന്ദേശം അതാണ്.

 

  

ബോക്സ് 1

അടിയന്തരശ്രദ്ധ വേണ്ടത് വ്യാജവാർത്തകളിൽ

ദുഃസ്വാധീനതയും സ്വാധീനതയാണല്ലോ. സമൂഹമാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ ദുഃസ്വാധീനത ആധികാരികതയില്ലാത്ത കാര്യങ്ങൾ അതിലും പ്രചരിക്കാം എന്നതാണ്. ഇന്നു പരമ്പരാഗതമാദ്ധ്യമങ്ങളും നല്ലയളവ് അതുതന്നെയാണു ചെയ്യുന്നത് എന്നതിനാൽ ഇത് സമൂഹമാദ്ധ്യമങ്ങളുടെമാത്രം സമൂഹമാദ്ധ്യമങ്ങളുടെമാത്രം തകരാറൊന്നുമല്ല. ഫാക്റ്റ് ചെക് എന്നൊരു സവിശേഷമേഖലതന്നെ വികസിച്ചുവന്നത് സത്യാനന്തരകാലത്തിന്റെ സ്വാഭാവികപ്രതിരോധമാണ്. അത്തരം കാര്യങ്ങൾ ഇനിയും വികസിക്കുകയും വിവരങ്ങളെ വസ്തുനിഷ്ഠത പരിശോധിച്ചുമാത്രം ബോദ്ധ്യപ്പെടാനുള്ള അവബോധം സമൂഹത്തിൽ വളരുകയും ചെയ്യും. അതിലാണു സമൂഹത്തിന്റെ ഊന്നൽ ഈ ഘട്ടത്തിൽ വേണ്ടത്.

ദുസ്വാധീനതയുടെ കാര്യത്തിൽ വില്ലൻ സ്വകാര്യതയുടെ അധികസൗകര്യമുള്ള മെസേജിങ് ആപ്പ് ആകുന്നതു സ്വാഭാവികം. ആഗോളതലത്തിൽ 100 കോടി ഉപയോക്താക്കളുള്ള വാട്ട്‌സാപ്പാണ് ഇക്കാര്യത്തിൽ ഒന്നാമത്. വ്യാജവിവരങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നതാണ് അതിൽ പ്രധാനം. പ്രകൃതിദുരന്തങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകുമ്പോഴത്തെ വിഭവവിതരണം അട്ടിമറിക്കൽ, തെരഞ്ഞെടുപ്പുകൾ വഴിതെറ്റിക്കൽ, ഭീതിവളർത്തൽ, ജനരോഷം ഉയർത്തിയുള്ള കൊലകളും കലാപങ്ങളും, സൈബർ ആക്രമണം എന്നിങ്ങനെ പലതിനും വ്യാജവാർത്ത കാരണമാകുന്നു എന്നു പഠനങ്ങൾ പറയുന്നു.

2017-ൽ കെനിയയിൽ വാട്ട്സാപ്പിനെതിരെ പരാതി ഉയർന്നു. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ച് 2018-ൽ ഇൻഡ്യയിൽ ഗോമാംസത്തിന്റെയും പിള്ളാരെപ്പിടിത്തത്തിന്റെയും പേരിൽ 27 ആൾക്കൂട്ടക്കൊലകൾ സംഘടിപ്പിച്ചതും യു.എൻ.ഡി.പി. പഠനം ചൂണ്ടിക്കാട്ടുന്നു. മഞ്ഞപ്പിത്തത്തിന്റെ വാക്സിനെപ്പറ്റി ബ്രസീലിൽ നടന്ന വ്യാജപ്രചാരണവും കുപ്രസിദ്ധമാണ്. സത്യാന്വേഷണത്തിന്റെ പ്രാധാന്യമാണ് ഇതെല്ലാം അടിവരയിടുന്നത്.

 

ബോക്സ് 2

തെരഞ്ഞെടുപ്പുപാഠം രാഷ്ട്രീയമാണ്

എൽഡിഎഫിന്റെ സീറ്റ് 91-ൽനിന്നു 99 ആയി ഉയർത്തി ഭരണത്തുടർച്ച നല്കി എന്നതും ആ വേളയിൽ മലയാളവാർത്താചാനലുകൾ കൈക്കൊണ്ട സവിശേഷസമീപനവും ആണല്ലോ തെരഞ്ഞെടുപ്പിലെ മാദ്ധ്യമസ്വാധീനത വിശകലനം ചെയ്യാൻ. സമൂഹത്തെ പ്രേരിപ്പിക്കുന്നത്. അപ്പോൾ വിഷയം രാഷ്ട്രീയംതന്നെയാണ്.

ഇടത്-വലത് പോരാട്ടമായിരുന്നല്ലോ ഈ തെരഞ്ഞെടുപ്പ്. അതിൽ ജനസമ്മതി നേടിയത് ഇടതുപക്ഷം. അതു മാദ്ധ്യമസ്വാധീനതയെപ്പറ്റിയുള്ള ചർച്ചയ്ക്കു കാരണമാകുന്നത് മാദ്ധ്യമനിലപാടിനു വിരുദ്ധമായ ജനവിധി ആയതുകൊണ്ടാണ്. അങ്ങനെ സമൂഹം കാണുന്നതിനു കാരണം പത്രമാദ്ധ്യമങ്ങൾ നിഷ്പക്ഷമായല്ല പ്രവർത്തിച്ചത് എന്നതാണ്. രാഷ്ട്രീയകക്ഷികളുടെ മാദ്ധ്യമങ്ങൾ ഒഴിച്ചുള്ള, നിഷ്പക്ഷമാദ്ധ്യമങ്ങളായിരിക്കണം എന്നു കരുതപ്പെടുന്ന, മാദ്ധ്യമങ്ങളുടെ കാര്യത്തിലാണ് ഈ ആക്ഷേപമുള്ളത്. ഇവയെ വലതുപക്ഷ‘പ്രൊപ്പഗാൻഡാ’മാദ്ധ്യമങ്ങളായാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇടതുപക്ഷ ഹാൻഡിലുകളും കേരളത്തിലെ ഇടതുപക്ഷവും വിലയിരുത്തിയിട്ടുള്ളത്. അത്തരമൊരു നഗ്നമായ പക്ഷം ചേരലാണ് ആ നിലയിലൊരു ബ്രാൻഡിങ്ങിന് ഇടയാക്കിയത്. അതുകൊണ്ടുതന്നെ ഇടതുസമൂഹമാദ്ധ്യമങ്ങളുടെ ഊന്നൽ സ്വാഭാവികമായും അത്തരം മാദ്ധ്യമങ്ങളെ തുറന്നുകാട്ടുക എന്നതായിരുന്നു. സമൂഹത്തിന്റെ നാരുവേരോളം ചെന്നെത്തുമാറു വളർന്ന ഇടതുസമൂഹമാദ്ധ്യമശൃംഖല ആ സ്വാധീനതയെ ലഘൂകരിക്കുകയും നല്ലൊരളവ് അപ്രസക്തമാക്കുകയും ചെയ്തു എന്നതാണു വ്യക്തമാകുന്നത്.

ഇടതുവിരുദ്ധപ്രചണ്ഡപ്രചാരണത്താൽ അല്പമെങ്കിലും തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുള്ളത് സ്മാർട്ട് ഫോണും നെറ്റ് കണക്‌ഷനും വാട്ട്സാപ്പും ഇല്ലാത്ത ഒരു വിഭാഗമാണ് എന്ന നില എത്തി. അവരിലേക്കുകൂടി ഇടതുസമൂഹമാദ്ധ്യമപ്രചാരണം സ്വാഭാവികമായും കിനിഞ്ഞിറങ്ങുകയും പൊതുമണ്ഡലങ്ങളിൽ മാദ്ധ്യമവാർത്തകൾ വിചാരണചെയ്യപ്പെടുകയും ചെയ്തു.

ഇതൊക്കെക്കൊണ്ട് അഭിപ്രായരൂപവത്ക്കരണത്തിൽ മാദ്ധ്യമസ്വാധീനതയ്ക്കു പരിഗണനാർഹമായ പങ്കൊന്നും ഉണ്ടായില്ല എന്നാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്. സ്വാധീനത ഇല്ലാതാകുക എന്നാൽ, മാദ്ധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ ജനങ്ങൾ കണക്കിലെടുക്കുന്നില്ല എന്നാണ്. ഇതു മാദ്ധ്യമങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ്.