Tuesday, 24 July 2012

എന്‍റെ മലയാളം അമ്മമലയാളം

എന്‍റെ മലയാളം അമ്മമലയാളം


പത്രമാദ്ധ്യമങ്ങളിലെ ഭാഷാപ്രയോഗങ്ങളിലെ പിശകുകളെപ്പറ്റി ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങിയപ്പോള്‍ പലരും നിര്‍ദ്ദേശിച്ചു, ഒരു ബ്ളോഗ് തുടങ്ങി അതില്‍ ഇവയെല്ലാം സമാഹരിക്കാന്‍. താത്പ്പര്യം ഉള്ളവര്‍ തപ്പിത്തപ്പി വിഷമിക്കേണ്ടല്ലോ എന്നു ന്യായം. എന്നാല്‍ ശരി, തുടങ്ങിയേക്കാം എന്നു ഞാനും നിശ്ചയിച്ചു. ഇന്നു(2012 ജൂലൈ 24)വരെയുള്ള പോസ്റ്റുകള്‍ ഇതാ ഇടുന്നു. ബാക്കി സന്ദര്‍ഭത്തിനനുസരിച്ചു പിന്നാലെ.

(ഇവിടെ ചേര്‍ക്കുന്ന മിക്കതും പലരും മുമ്പു പറഞ്ഞിട്ടുള്ളവ തന്നെ. വ്യാകരണനിയമങ്ങള്‍ പറഞ്ഞു സങ്കീണ്ണമാക്കാതെ അപ്പപ്പോള്‍ ശ്രദ്ധയില്‍ വരുന്ന ഉദാഹരണങ്ങള്‍ വച്ചു ലളിതമാക്കാനാണു ശ്രമിക്കുന്നത്. ഇതു പരിപോഷിപ്പിക്കാന്‍ കഴിയുമാറു നിങ്ങളുടെ നിര്‍ദ്ദേശങ്ങളും കുറിക്കുക. വിവാദങ്ങളില്‍ താത്പ്പര്യമില്ല; സംവാദങ്ങള്‍ ആകാം; വേണം.)

1. അര്‍ത്ഥമറിഞ്ഞു പ്രയോഗിക്കുക

'ആര്‍ജ്ജവം'           (2012 ജൂണ്‍ 11)

ഇന്ന് ഒരു പത്രം എഡിറ്റോറിയലില്‍പ്പോലും ഈ വാക്കു തെറ്റായി പ്രയോഗിച്ചിരിക്കുന്നു!
'ധൈര്യം', 'തന്റേടം' എന്നെല്ലാമുള്ള അര്‍ത്ഥത്തില്‍ പലരും പ്രയോഗിക്കുന്ന ഈ വാക്കിന് അങ്ങനെ ഒരു അര്‍ത്ഥമേ ഇല്ല! 'വളവില്ലാത്തത്', 'നേരെയുള്ളത്' എന്നേ ഇതിന് അര്‍ത്ഥമുള്ളൂ. 'നേരേവാ നേരേപോ' എന്ന സ്വഭാവത്തിന് ആര്‍ജ്ജവം എന്നു പറയാം. 'സത്യസന്ധത' എന്ന ആശയം.
'ഋജു' എന്ന വാക്കിന്റെ രൂപമാണ് 'ആര്‍ജ്ജവം'. ഋജുത്വം. അത്രതന്നെ.

2. ഇല്ലാത്ത വാക്കുകള്‍, വല്ലാത്ത പൊല്ലാപ്പ്       (2012 ജൂലൈ 23)

'സൌമ്യത' എന്നു പലപ്പോഴും പ്രയോഗിച്ചുകാണാറുണ്ട്‌. വാസ്തവത്തില്‍ അങ്ങനെയൊരു വാക്കില്ല. 'സൌമ്യം' എന്ന വിശേഷണപദത്തിന്റെ (ഗുണ)നാമരൂപം 'സുമത' (പൂവിന്റെ സ്വഭാവം) ആണ്. ഇന്ന് ഒരു പത്രത്തില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയെപ്പറ്റിയുള്ള വാര്‍ത്തയില്‍ 'സൌമ്യത' കണ്ടപ്പോഴാണ് ഓര്‍ത്തത്‌.

'സൌമ്യാവധം'

അപ്പോള്‍ മറ്റൊന്നുകൂടി ഓര്‍ത്തു. 'സൌമ്യവധം'. സൌമ്യമായ വധം എന്നാണ് ഇതിനര്‍ത്ഥം. 'സൌമ്യാവധം' ആണു ശരി. സീതാസ്വയംവരം, പാഞ്ചാലീവസ്ത്രാക്ഷേപം, വേണീസംഹാരം, സുഭദ്രാഹരണം എന്നൊക്കെ പറയുന്നതുപോലെ. സംസ്കൃതത്തില്‍നിന്നെടുത്ത സ്ത്രീലിംഗനാമങ്ങളില്‍ ഈ രീതിയിലാണു സമാസം വരുന്നത്. സംസ്കൃതത്തില്‍ സ്ത്രീനാമങ്ങള്‍ നീട്ടിയാണ് എഴുതുന്നത്‌. മലയാളത്തില്‍ നമ്മള്‍ നീട്ടി വിളിക്കുന്നതുപോലെ. സീതാ, പാഞ്ചാലീ, ഗംഗാ, രാധാ എന്നിങ്ങനെ. ഇവയാണു പേരുകള്‍. സംസ്കൃതത്തില്‍ നീട്ടില്ലാതെ പറഞ്ഞാല്‍ വിളി (സംബോധന) ആകും. നീട്ടില്ലാതെ വിസര്‍ഗ്ഗം ഇട്ട് എഴുതിയാല്‍ പുരുഷനാമം ആകും. അതുകൊണ്ട്, 'സീതാ'യുടെ സ്വയംവരം സീതാസ്വയംവരം ആകും. മലയാളത്തില്‍ പെണ്‍പേരുകള്‍ക്ക് ഇങ്ങനെ നീട്ടില്ല. എങ്കിലും സംസ്കൃതത്തില്‍നിന്നെടുത്ത പെണ്‍പേരുകള്‍ സംസ്കൃതപദങ്ങളുമായി ഇങ്ങനെ സമാസിക്കുമ്പോള്‍ നീട്ടില്ലാതെ പറയുന്നതിന് ഒരു ചേര്‍ച്ചക്കുറവു തോന്നാറുണ്ട്. ഇന്നത്തെക്കാലത്തെ ഒരു രാധയുടെ വധം സൂചിപ്പിക്കുമ്പോള്‍ 'രാധവധം' എന്നല്ല നാവില്‍ വരിക. രാധഭവനം, ഗംഗഭവനം എന്നിങ്ങനെയല്ല, രാധാഭവനം, ഗംഗാഭവനം, ലക്ഷ്മീനിവാസ്, ലതാനിവാസ് എന്നൊക്കെ നീട്ടിയാണു പറയുക, നീട്ടില്ലാതെ എഴുതിയാല്‍പ്പോലും. ലത കുമാരി എന്ന് എഴുതിയാലും ലതാകുമാരി എന്നു പറയാനാണു നമുക്കിഷ്ടം.
എന്നാല്‍ മലയാളം പേരായ തങ്കമ്മയ്ക്കും ചെല്ലമ്മയ്ക്കും ഒന്നും ഈ പ്രശ്നം തോന്നുന്നില്ല. തങ്കമ്മവിലാസം, ചെല്ലമ്മവധം എന്നൊക്കെ ആകാം. സംസ്കൃതനാമങ്ങള്‍ മലയാളപദത്തോടു ചേരുമ്പോഴും നീട്ടില്ലാതെ വരും. സീതപ്പെണ്ണ്, സീതപ്പഴം, സീതക്കുളം, രാധക്കൊച്ച്, ലതക്കുഞ്ഞമ്മ എന്നിവ ഉദാഹരണം. ഒരു ഉദാഹരണം കൂടി പറയാം. 'പ്രസന്നനാമധാരി' എന്ന് പറഞ്ഞാല്‍ 'പ്രസന്നന്‍' എന്ന പേരുള്ളയാള്‍ എന്നല്ലേ? അപ്പോള്‍, 'പ്രസന്നവധം' എന്നെഴുതിയാല്‍ 'പ്രസന്നന്‍റെ വധം' എന്നുവേണ്ടേ അര്‍ത്ഥം വരാന്‍? ('പ്രസന്നന്‍വധം' എന്നാണ് ഇന്ന് എഴുതുന്നത്‌ എങ്കിലും.)
ചുരുക്കത്തില്‍, സംസ്കൃതപദങ്ങള്‍ സമാസിച്ചു സമസ്തപദം ഉണ്ടാകുമ്പോള്‍ സംസ്കൃതവ്യാകരണനിയമം സ്വമേധയാ ബാധകമാകുന്നു എന്നതാണു മലയാളിയുടെ ഭാഷാസംസ്കാരം എന്നു കാണുന്നു.
വ്യാകരണം  എന്നതു പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കുന്ന ഒരു നിയമസംഹിതയല്ല. നമ്മുടെ ഭാഷാപ്രയോഗരീതികള്‍ അപഗ്രഥിച്ചു കണ്ടെത്തുന്ന തത്വങ്ങള്‍ മാത്രമാണ്.
അതുകൊണ്ട്, സൌമ്യവധം തെറ്റല്ല, പ്രയോഗസാധുത അതിനുണ്ട് എന്ന വാദം അംഗീകരിച്ചാല്‍ത്തന്നെയും, സൌമ്യാവധമാണു കൂടുതല്‍ ശരി എന്നതു വസ്തുതയായി നിലനില്‍ക്കുന്നു.

3. തപനവും താപനവും           (2012 ജൂണ്‍ 7)

'താപനം' എന്ന വാക്ക് ഇന്നലെ ഒരുപാടു കേട്ടു. പരിസ്ഥിതി ദിനത്തില്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് ഓര്‍ത്തില്ല.
താപം ഉണ്ടാകുന്ന പ്രക്രിയയ്ക്കു 'തപനം' എന്നാണ് പറയുക; 'താപനം' എന്നല്ല. 'തപനം' 'തപിക്കുക' ആണ്; 'താപനം' 'തപിപ്പിക്കുക'യും. താപനത്തിനു താപം ഉണ്ടാകല്‍, ചൂടാകല്‍, കത്തല്‍, പൊള്ളല്‍ എന്നിങ്ങനെയും താപനത്തിനു താപം ഉണ്ടാക്കല്‍, ചൂടാക്കല്‍, കത്തിക്കല്‍, പൊള്ളിക്കല്‍ എന്നൊക്കെയും അര്‍ത്ഥം. ആദ്യത്തേതു തനിയെ ഉണ്ടാകുന്നതും മറ്റേത് ഉണ്ടാക്കപ്പെടുന്നതും ആണ്. ഭൌമാന്തരീക്ഷം ആരെങ്കിലും ചൂടാക്കുകയല്ല, പല കാരണങ്ങളാല്‍ തനിയെ ചൂടാകുകയാണ്. ഇതില്‍ ഒരു പങ്കു മനുഷ്യന്‍റെ ചില ചെയ്തികളുടെ ഫലമാണ് എന്നു വിദഗ്ദ്ധര്‍ പറയുന്നുണ്ടെങ്കിലും ഇത്തരം തപനം മനുഷ്യന്‍ ഉണ്ടാകുന്നതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതൊരു പ്രതിഭാസം ആണ്.അതുകൊണ്ട്, 'ആഗോളതാപനം' തെറ്റ്; 'ആഗോളതപനം' ശരി. ഇത് ഒറ്റവാക്കായി എഴുതുകയും വേണം.

4. ചന്ദ്രക്കലയും ചുനിപ്പും

' ്', ' ു' എന്നീ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഇതു സംബന്ധിച്ച നിയമം ഇത്രയേ ഉള്ളൂ:
'ഉ'കാരത്തില്‍ അവസാനിക്കുന്ന വാക്കിനു ശേഷം വരുന്ന വാക്കിന്റെ ആദ്യത്തെ അക്ഷരമാണ് ഇക്കാര്യം തീരുമാനിക്കുന്നത്. ആ അക്ഷരം സ്വരം (അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ തുടങ്ങിയവ) ആണെങ്കില്‍ ' ്' ചിഹ്നവും വ്യഞ്ജനം (ക, ഖ, ഗ, ഘ, ങ,... തുടങ്ങിയവ) ആണെങ്കില്‍ ' ു' ചിഹ്നവും ഇടണം. ഉദാ: തെറ്റ് എഴുതരുത്, തെറ്റു പറയരുത്.
(പലരും ഇതു നേരെ മറിച്ചാണ് ഉപയോഗിച്ചുകാണുന്നത്. 'മനോരമ'യാണ് ഇത് ഏറ്റവും കൃത്യമായി പാലിക്കുന്ന ഒരു പ്രസിദ്ധീകരണം. ഓര്‍ക്കാന്‍ ഇത്രയേ ഉള്ളൂ: പറയുന്നതുപോലെ എഴുതുക എന്നതാണു മലയാളത്തിന്റെ ഏറ്റവും പ്രധാന പ്രമാണം.)    (2012 ജൂലൈ 1)

5. ഉച്ചാരണവൈകല്യങ്ങള്‍

രാഷ്ട്രീയചര്‍ച്ചകളില്‍ ധാരാളമായി കേള്‍ക്കുന്ന ഒരു വാക്കാണ്‌ 'അഭ്യന്തരം'. 'ആഭ്യന്തരം' എന്നു ദിവസവും പത്രത്തില്‍ വായിക്കുന്നവരാണ് ഈ അബദ്ധം മാദ്ധ്യമങ്ങളില്‍ പറഞ്ഞ് പുതുതലമുറയെ തെറ്റു ധരിപ്പിക്കുന്നത്. ഇതു പറയുന്നവരാണ് 'അക്രമണം', 'ആക്രമം' എന്നെല്ലാമുള്ള തെറ്റുകളും പ്രചരിപ്പിക്കുന്നത്.       (2012 ജൂണ്‍ 13)

റ്റി വി ചാനലുകളില്‍ റിപ്പോര്‍ട്ടര്‍മാരെ എടുക്കുമ്പോള്‍ ടെസ്റ്റും ഇന്റര്‍വ്യൂവും ഒന്നും നടത്തിയില്ലെങ്കിലും 'വിദ്യാര്‍ത്ഥി' എന്ന വാക്കു പറയിച്ചുനോക്കിയേ എടുക്കാവൂ. 'വിദ്ധ്യാര്‍ത്തി' എന്നു പറയുന്നവരെ എടുക്കരുത്. 'അക്രമണം', 'പീഢനം' എന്നൊക്കെ പറയുന്നവരെയും ഒഴിവാക്കണം.     (2012 ഫെബ്രുവരി 10)

6. ഇല്ലാത്ത അര്‍ത്ഥവും അര്‍ത്ഥവ്യതിയാനവും

'പീഡനം' ഒരു വലിയ ദുരന്തമാണ്! 'ലൈംഗികപീഡനം' എന്ന അര്‍ത്ഥത്തിലാണ് ഇന്നത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ലൈംഗികപീഡനം എന്ന വാക്കില്‍നിന്നു മുറിച്ചെടുത്തതാണത്. മൂന്നക്ഷരത്തില്‍ ഒതുങ്ങും എന്ന സൌകര്യമാണു പത്രങ്ങളെ ഈ പാതകത്തിനു പ്രേരിപ്പിച്ചത്. ഇപ്പോള്‍ അതാണു ശരി എന്ന ധാരണതന്നെ വളര്‍ന്നിരിക്കുന്നു! പകരം ഒരു വാക്കു നല്ലതു നിര്‍ദ്ദേശിക്കൂ. നമുക്കതു പ്രചരിപ്പിക്കാം. ഞാനും ശ്രമിക്കാം. 'മാനഭംഗം', 'ബലാല്‍സംഗം', അത്രത്തോളം എത്താത്തത്തിനു 'ലൈംഗികപീഡനം' എന്നീ പ്രയോഗങ്ങളാണു കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നത്. 'പീഡിപ്പിക്കുക' എന്നതിന് ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക എന്നേ അര്‍ത്ഥമുള്ളു. ലൈംഗികതയുമായി അതിന് ഒരു ബന്ധവും ഇല്ല. ഒരു പാവം നല്ല വാക്കിനെ എടുത്തു നമ്മള്‍, മാദ്ധ്യമക്കാര്‍, വ്യഭിചരിച്ചു!      (2012 ജൂലൈ 20)

7. 'നിന്നും' - മറ്റൊരു ദുരന്തം!

'ഡല്‍ഹിയില്‍നിന്നും പ്രശാന്ത് രഘുവംശം' എന്നു കേട്ടുതുടങ്ങിയ നാള്‍ മുതല്‍ പലരും പറഞ്ഞുതുടങ്ങിയതാണ്‌. ഒരുപക്ഷെ, 80-കളിലെ കലാകൌമുദി ആകാം ഇതിന്റെ ഉപജ്ഞാതാവ്. 'നിന്ന്' എന്നതിനു പകരം 'നിന്നും' എന്നു പ്രയോഗിക്കുന്നതു തെറ്റാണ്. 'ഉം' എന്ന പ്രത്യയം രണ്ടു കാര്യങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ഉള്ളതാണ്. 'തിരുവനന്തപ്രതുനിന്നും കാസര്‍ഗോട്ടുനിന്നും പുറപ്പെട്ട ജാഥകള്‍' എന്നു രണ്ടു ജാഥകളെപ്പറ്റി പറയുമ്പോള്‍ 'നിന്നും' എന്നു ചേര്‍ക്കണം. ജാഥ കാസര്‍ഗോട്ടുനിന്നു മാത്രമേ ഉള്ളെങ്കില്‍ 'നിന്ന്' എന്നു മാത്രം പറഞ്ഞാല്‍ മതി; 'നിന്നും' എന്നു വേണ്ട. കലത്തില്‍നിന്ന് എടുത്ത വെള്ളം - ശരി. കലത്തില്‍നിന്നും എടുത്ത വെള്ളം - തെറ്റ്.  (2012 ജൂണ്‍ 12)

8. ഒറ്റവാക്കും പിരിച്ചെഴുത്തും

"അജ്ഞാത വാഹനം ഇടിച്ചു മരിച്ചു."
"അജ്ഞാതവാഹനം ഇടിച്ചു മരിച്ചു."          (2012 ജൂലൈ 23)
ആദ്യവരി ഇന്ന് ഒരു പത്രത്തില്‍ കണ്ട തലക്കെട്ട്‌. വാര്‍ത്ത വായിച്ചപ്പോള്‍ മനസിലായതു രണ്ടാമത്തെ വരിയില്‍ കാണുന്നതാണു സംഭവിച്ചത് എന്ന്. മരിച്ചത് അജ്ഞാതയല്ല; ഇടിച്ച വാഹനമാണ് അജ്ഞാതം. ഒറ്റവാക്കുകളെ ഇങ്ങനെ ഇഷ്ടം പോലെ സ്പേസ് ഇട്ടു മുറിച്ചാല്‍ അര്‍ഥം മാറിപ്പോകും. പ്രസിദ്ധമായ ഒരു ഉദാഹരണം ജേണലിസം ക്ലാസുകളില്‍ പറഞ്ഞുകൊടുക്കാറള്ളത്: ആന പുറത്തു കയറി; ആനപ്പുറത്തു കയറി. (അജ്ഞാതമായ വാഹനം എന്നത് സമാസിച്ച്‌ ഒറ്റവാക്ക് ആകും - 'അജ്ഞാതവാഹനം'; ആനയുടെ പുറത്ത് എന്നത് 'ആനപ്പുറത്ത്' ആകുന്നതുപോലെ.)

പൂജ്യത്തിനു വിലയില്ല എന്നുകരുതി എല്ലായിടത്തും വെറുതെ പൂജ്യം ഇട്ടാല്‍ ശരിയാകുമോ? അതുപോലെയാണു സ്പേസും.

രണ്ടു തലക്കെട്ടുകോമഡികള്‍           (2012 ജൂലൈ 24)

“കുരങ്ങ് ഇറച്ചി വില്ക്കാന്‍ ശ്രമിച്ച സംഭവം: മൂന്നുപേര്‍ പിടിയില്‍”

“പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചതു മനപ്പൂര്‍വ്വം: വി ബി ചെറിയാന്‍"

(‘കുരങ്ങിറച്ചി’യും ‘പാര്‍ട്ടിപ്പത്ര’വും ആയിരുന്നെങ്കില്‍ ഉദ്ദേശിച്ചതു മനസിലായേനെ.)

8. ഇരട്ടിക്കേണ്ടത് ഇരട്ടിക്കുകതന്നെ വേണം. 

(ഇരട്ടിക്കാത്തതില്‍ ‘പുരോഗമന’മൊന്നും ഇല്ല.)

കുറുന്തോട്ടിക്കു വാതം           (2012 ജൂലൈ 21)

റിപ്പോര്‍ട്ടര്‍മാര്‍ തിരക്കിട്ടെഴുതുന്ന വാര്‍ത്തകളില്‍ വരുന്ന തെറ്റുകള്‍കൂടി തിരുത്താന്‍ ഉദ്ദേശിക്കപ്പട്ടവര്‍ ആണല്ലോ ന്യൂസ് ഡസ്കില്‍ ഉള്ളവര്‍. റിപ്പോര്‍ട്ടര്‍ ശരിയായി എഴുതിയതുകൂടി അവര്‍ തെറ്റാക്കിവച്ചാല്‍ എന്തു ചെയ്യും? ഇന്നത്തെ 'ചന്ദ്രിക'പ്പത്രത്തിലെ രണ്ടു വാര്‍ത്തകള്‍. ‘കുഴല്‍ക്കിണര്‍', ‘ആരോഗ്യപ്പച്ച’ എന്നിവയെപ്പറ്റിയുള്ളവ. ഇവയില്‍ റിപ്പോര്‍ട്ടര്‍മാര്‍ എഴുതിയ വാര്‍ത്ത(ബോഡി)യില്‍ രണ്ടുവാക്കും ശരിയാണ്‌. ഡസ്കില്‍ സബ് എഡിറ്റര്‍ അതു തിരുത്തി! തലക്കെട്ടുകളില്‍ അവ ‘കുഴല്‍കിണര്‍’, ‘ആരോഗ്യപച്ച’ എന്നിങ്ങനെ ആക്കി!

'മാതുഭൂമി'പോലൊരു പത്രം ഇങ്ങനെ എഴുതുന്നത്‌ ഇതിലും വലിയ അപകടമാണ്:

'കിഴക്കേകോട്ട'പോലും, 'കിഴക്കേകോട്ട'!        (2012 ജൂണ്‍ 27)

ഇനിയിപ്പോള്‍ 'ആലപുഴ', 'കോഴികോട്', 'ചാലപുറം', 'കോട്ടപുറം', 'മലപുറം', 'കട്ടപന', 'നടകാവ്', 'തോട്ടപള്ളി', 'മാരാരികുളം', 'കരുനാഗപള്ളി', 'ചാലകുടി', 'കമ്പിപാര', 'വാഴകുല', 'ഉത്തമകുറുപ്', 'മാധവികുട്ടി', ... എന്നൊക്കെ ആകുമോ ആവോ സ്ഥലങ്ങളുടെയും ആളുകളുടെയും സാധനങ്ങളുടെയും ഒക്കെ പേരുകള്‍ ! പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ 'വാരാന്തപതിപ്', 'ആഴ്ചപതിപ്', എന്നൊക്കെ പരിഷ്ക്കരിക്കുകയും ആകാം! (അക്ഷരവൈരികളെ വേറെ വല്ല പണിക്കും പറഞ്ഞുവിടുന്നതല്ലേ നല്ലത്?)

http://epaper.mathrubhumi.com/epaperstory_58886-171947187-6/27/2012-.aspx

ദാ പിന്നേം 'കിഴക്കേകോട്ട'!         (2012 ജൂണ്‍ 27)

'മാതൃഭൂമി'യില്‍ നോക്കാനും കാണാനും ആരും ഇല്ലേ? ദാ പിന്നേം 'കിഴക്കേകോട്ട'! അതും മത്തങ്ങായില്‍! പണ്ട് എന്‍ വി കൃഷ്ണവാരിയര്‍ ഇരുന്ന കസേരയില്‍ കയറി ഇരിക്കുന്നവര്‍ കുറഞ്ഞപക്ഷം ഇത്തരം ഊളത്തരം, അതും മത്തങ്ങാമുഴുപ്പില്‍, അച്ചടിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണ്ടേ? ഇതാ, ജൂണ്‍ 27ലെ മത്തങ്ങ: http://epaper.mathrubhumi.com/epaperstory_58886-171947187-6/27/2012-.aspx
ഇത്തരം നാണക്കേടുകള്‍ ഫേസ്‌ബുക്കിലൊക്കെ കിടന്നു നാറുന്നുണ്ട് എന്നു നടത്തിപ്പുകാര്‍ അറിയുന്നതു നല്ലതാണ്.

ഇതാ ഇതെല്ലാം എഴുതിയിരിക്കുന്നതുപോലെ ഉറക്കെ ഒന്നു പറഞ്ഞുനോക്കൂ:
തീക്കട്ട - തീകട്ട; പേപ്പട്ടി - പേപട്ടി; കുളക്കോഴി - കുളകോഴി; പിടക്കോഴി - പിടകോഴി; പുകക്കുഴൽ - പുകകുഴൽ; തലക്കനം - തലകനം; മലക്കറി - മലകറി; കിഴക്കേക്കോട്ട - കിഴക്കേകോട്ട; ചിന്നക്കട - ചിന്നകട; അന്വേഷണക്കമ്മിഷൻ - അന്വേഷണകമ്മിഷൻ; ഹൈക്കമാൻഡ് - ഹൈകമാൻഡ്; ഹൈക്കമ്മിഷൻ - ഹൈകമ്മിഷൻ; ഹൈക്കോടതി - ഹൈകോടതി; ...
‘മംഗള’ത്തിനു സ്ഥിരമായി ‘ഹൈകോടതി’ ആണ്.
  

9. സമസ്തപദങ്ങൾ പിരിച്ചാൽ

‘പത്തായ കടന്നലുകളെ തുരത്തി’ എന്നു ‘ദീപിക’. പതിനൊന്നോ പന്ത്രണ്ടോ ആയ കടന്നലുകൾ ആയിരുന്നെങ്കിൽ വിഷമിച്ചുപോയേനെ !!!
 
“പാചകവാതക സിലിൻഡറുമായി വന്ന ബസിൽ മിനി ബസ്സിടിച്ചു” എന്നായിരുന്നു സെപ്റ്റംബർ 5 ലെ മാത്രുഭൂമിയിൽ വന്ന തലക്കെട്ട്. എന്നാലും ആ മിനി എന്തിനാ അങ്ങനെ ചെയ്തത്! 
‘ബസ്സിടിച്ചു‘ എന്നതു പിരിച്ചെഴുതിയിരുന്നെങ്കിൽ പാവം മിനിയെ പ്രതിസ്ഥാനത്തുനിന്നു രക്ഷിക്കാമായിരുന്നു! ഇംഗ്ലിഷിൽ ‘മിനി ബസ്‘ എന്നു പിരിച്ചാണ് എഴുതുന്നത് എങ്കിലും മലയാളത്തിൽ  അവ ചേർത്ത്  ‘മിനിബസ്‘ എന്ന് എഴുതുന്നതാകും ഉചിതം.
“ആസ്പത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു” -ഇന്നലത്തെ മാതൃഭൂമിയുടെ പ്രാദേശികപേജിൽ കാണ്ടതാണ് ഈ ദുരന്തം!  
പാവം ആസ്പത്രിക്ക് ആദരാഞ്ജലി!
ഏതാസ്പത്രിയാ മരിച്ചത്?
ഏതു കെട്ടിടത്തീന്നാ വീണത്?
 
“സർക്കാർ കേസുകൾ മൂന്നുമാസത്തിനകം തീർപ്പാക്കണം: മാണി”
സർക്കാർ എന്താ കേസുകൾ വൈകിക്കുന്നത്?  ഈ തലക്കെട്ടു വായിച്ചാൽ, കേസുകൾ സർക്കാർ വേഗം തീർപ്പാക്കുന്നില്ലെന്നും സർക്കാരാണ് ഉത്തരവാദിത്തമില്ലായ്മ കാട്ടുന്നതെന്നും തോന്നും.  ‘സർക്കാർക്കേസുകൾ’ എന്ന് ഒറ്റവാക്കായി എഴുതിയിരുന്നെങ്കിൽ ഒരു ആശയക്കുഴപ്പവും ഇല്ലാതെ കാര്യം മനസിലായേനെ.

മനോരമയുടെ ശൈലീപുസ്തകപ്രകാരം ‘നിർമ്മാണത്തൊഴിലാളി’ എന്നതു ‘നിർമാണ തൊഴിലാളി’ എന്നാണോ എഴുതുന്നത്? 

10. ചക്കിനു വച്ചാൽ ചക്കിനുതന്നെ കൊള്ളണ്ടേ?

‘അവിചാരിതമായി ഉണ്ടായ കുഞ്ഞിന്റെ അസുഖം കാരണം ഹാജരാകാന്‍ കഴിഞ്ഞില്ല.‘
‘പൊലീസ് സഹായത്താല്‍ ഗര്‍ഭിണിയായ സ്ത്രീയെ ബന്ദ് ദിവസം ആശുപത്രിയില്‍ എത്തിച്ചു.‘
‘ലോറിയപകടത്തില്‍ മരിച്ച കൊച്ചുതറയില്‍ തോമസിന്റെ മകന്‍ വര്‍ഗ്ഗീസ്‌.‘
...ഈ വാക്യങ്ങള്‍ക്കെല്ലാം അര്‍ത്ഥം ഉണ്ട്. പക്ഷെ, ഇത്തരം വാക്യങ്ങളില്‍ എഴുതിയ ആള്‍ ഉദ്ദേശിച്ച അര്‍ത്ഥം മിക്കപ്പോഴും ഈ വാക്യങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം ആയിരിക്കുമോ? 
 
'അസുഖ'ത്തിന്റെ വിശേഷണം 'കഞ്ഞി'ന്, 'ആശുപത്രിയില്‍ എത്തിച്ചു' എന്നതിന്റെ വിശേഷണം 'ഗര്‍ഭിണിയായ'യ്ക്ക്, 'വര്‍ഗ്ഗീസി'ന്റെ വിശേഷണം അച്ഛന്‍ 'കൊച്ചുതറയില്‍ തോമസി'ന് ഒക്കെ ആയാല്‍ സംഗതി കുഴയില്ലേ? 'ദൂരാന്വയം' എന്നു പറയുന്ന ഈ പ്രയോഗവൈകല്യം ധാരാളമായി പ്രസിദ്ധീകരണങ്ങളില്‍ കാണുന്നു. വിശേഷണം വിശേഷിപ്പിക്കേണ്ട വാക്കിന്റെ (വിശേഷ്യത്തിന്റെ) തൊട്ടുമുന്നില്‍ത്തന്നെ എഴുതണം എന്നതാണ് മലയാളത്തിന്റെ രീതി. ശരിയായ ആശയവിനിമയം ആഗ്രഹിക്കുന്നവര്‍ ഭാഷ ശരിയായി പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. കവിതയിൽ അപകടം ഉണ്ടാകാത്തവിധം ദൂരാന്വയം പ്രയോഗിക്കാം. (ദൂരാന്വയം എന്നതിനു ചിലർ ദുരന്വയം എന്നു തെറ്റായി പറയാറുണ്ട്. ദുരന്വയം എന്നാൽ അന്വയിക്കാൻ പ്രയാസമുള്ള എന്നാണ്. ദൂരാന്വയം ദൂരെ ആയിപ്പോയ അന്വയവും.) 
 

11. നൂറുമേനി എന്നത് എത്ര ശതമാനം?

ഉത്തരം: 10000%. ഒരു പറ വിത്തിട്ടു നൂറു പറ കൊയ്യുന്നതാണു നൂറുമേനി.
നൂറു ശതമാനത്തെ നൂറുമേനി എന്നു പറയുന്നത്?
ഉത്തരം: വിവരദോഷം. നൂറു കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും ജയിച്ചാൽ നൂറു ശതമാനം വിജയമേ ആകൂ, നൂറു മേനി ആകില്ല.

12. ‘ഐകകണ്ഠ്യേന’യും ഐക്യവും

കഴിഞ്ഞ ദിവസം ഒരു റ്റിവി ചാനലിൽ കേട്ടു: “ഐക്യകണ്ഠേന“. അങ്ങനെതന്നെ എഴുതിക്കാണിക്കുന്നതുകൂടി കണ്ടപ്പോൾ വിഷമമായി.
“ഐക്യകണ്ഠേന“ എന്നതു തെറ്റ്. 
ഏകകണ്ഠമായി (ഒറ്റ ശബ്ദത്തിൽ) എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ “ഐകകണ്ഠ്യേന“യാണു ശരി. (ഐക്യകണ്ഠ്യേന, ഐകകണ്ഠേന, ഏകകണ്ഠേന എന്നിവയും തെറ്റുതന്നെ.) 
ഇതിന് ‘ഐക്യ‘വുമായി ബന്ധമൊന്നും ഇല്ല. ഐക്യമുന്നണികളിലും എല്ലാ തീരുമാനവും ഏകകണ്ഠം ആകണമെന്നില്ലല്ലോ. ഒന്നോ രണ്ടോ കക്ഷികളുടെ വിയോജിപ്പോടെ ഭൂരിപക്ഷാടിസ്ഥാനത്തിൽ തീരുമാനങ്ങൾ ഉണ്ടാകാറുണ്ട്. അവ ഐക്യത്തോടെ ആണെങ്കിലും ഏകകണ്ഠം അല്ല.

13. ശിക്ഷയും ശിക്ഷണവും - അല്പം വിദ്യാഭ്യാസം

'ശിക്ഷണം' എന്നാല്‍ 'പഠിപ്പിക്കല്‍' എന്നര്‍ത്ഥം. ശിക്ഷണത്തില്‍ ഇടയ്ക്കൊക്കെ ശിക്ഷ ഉണ്ടാകാറുണ്ടെങ്കിലും ശിക്ഷയും ശിക്ഷണവും രണ്ടാണ്. 'ശിക്ഷാനടപടി' എന്ന അര്‍ത്ഥത്തില്‍ 'ശിക്ഷണനടപടി' എന്ന് എഴുതുന്നത് കേവലമായ അറിവില്ലായ്മ മാത്രമാണ്. ഇംഗ്ലിഷില്‍ 'punishment' എന്ന വാക്കിനു പകരമാണ് ഈ വാക്ക് ഉപയോഗിക്കുന്നത് എന്നതിനാല്‍, തെറ്റു ചെയ്ത ആളെ ശരിയായ വഴി 'പഠിപ്പിക്കാ'നുള്ള നടപടി എന്നൊന്നുമുള്ള മുടന്തന്‍ന്യായം നിലനില്‍ക്കില്ല. ഒരു പ്രധാനപത്രം അങ്ങനെ എഴുതാറുണ്ട്. (അവരുടെ ശൈലീപുസ്തകത്തില്‍ ഇങ്ങനെയാണോ കൊടുത്തിരിക്കുന്നത് എന്നും സംശയം ഉണ്ട്.) ആ പത്രത്തിന്റെ സ്വാധീനം ഈ തെറ്റു വ്യാപകം ആക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  

14. നഗ്നത മറക്കണോ മറയ്ക്കണോ?

നഗ്നത 'മറക്കു'ന്നവരും നഗ്നത 'മറയ്ക്കു'ന്നവരും തമ്മില്‍ ഉള്ള വ്യത്യാസം ഒരു 'യ്' -ല്‍ ഒതുങ്ങുന്നതല്ല.
ഈ ലേഖനം വായിക്കുക; മാദ്ധ്യമപ്രവര്‍ത്തകര്‍ വിശേഷിച്ചും.(ഭാഷാശുദ്ധിയെപ്പറ്റി ആണെങ്കിലും പ്രസാധകര്‍ തങ്ങളാലാവുന്ന പിശകുകള്‍ വരുത്തിയിട്ടുണ്ട്.രണ്ടാംപേജ് ഒന്നാംകോളത്തില്‍ താഴെ 'ആക്രമണം' എന്നു തുടങ്ങുന്ന ഖണ്ഡികയില്‍ ചില്ലറ പിശകുകള്‍ എഴുത്തിലും പറ്റിയിട്ടുണ്ടെന്നു തോന്നുന്നു.):
https://docs.google.com/file/d/0B45a7ROwYJo4a19vODFzVGdVbW8/edit 
 

15. അഭിഭാഷികയും അവതാരകയും

‘അഭിഭാഷക' - തെറ്റ്; 'അഭിഭാഷിക' - ശരി. 'ദേശാഭിമാനി'യില്‍ മാത്രമല്ല, വേറെയും ചില പത്രങ്ങളില്‍ കണ്ടു ഈ പിശക്. മൂന്നാമത്തെ വലിയ പത്രത്തില്‍ ആകുമ്പോള്‍ പിശകിനു ഗൌരവം കൂടും. (തലക്കെട്ടിലെ കാര്യമല്ല. അവിടെ ശരിയാണ്. വാര്‍ത്തയിലെ സ്ത്രീലിംഗപ്രയോഗത്തിലാണു കുഴപ്പം.)
 
അതുപോലെതന്നെ പലരും തെറ്റിക്കുന്ന ഒന്നാണ് അവതാരക. അവതരിപ്പിക്കുന്നവൾ ‘അവതാരക‘ ആണ്. പുസ്തകത്തെ അവതരിപ്പിച്ച് എഴുതുന്ന കുറിപ്പ് ‘അവതാരിക‘യും.

16. എത്ര കടുത്താലും പീ’ഢ’നം വേണ്ടാ.

എത്ര കടുത്താലും പീ’ഢ’നം വേണ്ടാ. പീഡനം മതി. (‘പീഢനം’ എന്നൊരു വാക്കു മലയാളത്തിൽ ഇല്ല.) ജനയുഗം മാത്രമല്ല, കേരളകൌമുദിയും ഏഷ്യാനെറ്റും അടക്കം പലരും ഇങ്ങനെ എഴുതുന്നുണ്ട്. ഈ സേർച്ച് ലിങ്കിൽ അവ കാണാം.: http://tinyurl.com/bna8gxh
 
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത് എന്ന പ്രമാണത്തിൽ ചിലർ ‘ഢ’ വേണ്ടിടത്തു ‘ഡ’യും പ്രയോഗിച്ചുകളയും.

ഈയിടെ ജനയുഗത്തിൽ തലക്കെട്ടിൽ ‘പ്രൌഡി’ എന്നു കണ്ടു. തലക്കെട്ടിലെ ‘പ്രൌഡി‘ക്ക് ഉത്തരവാദി എഡിറ്റോറിയലിൽ ഉള്ളവർ തന്നെ. റിപ്പോർട്ടിൽ ‘പ്രൌഢി‘ എന്നു ശരിയായി എഴുതിയിട്ടുണ്ട്.
 
“സ്ഥിതീകരണം”, “സ്ഥിതീകരിക്കുക” എന്നൊക്കെ ചിലർ പ്രസംഗിക്കുകയുംറ്റെലിവിഷൻവാർത്തകളിൽ പറയുകയുമൊക്കെ ചെയ്യാറുണ്ട്. ഇതു തെറ്റാണ്. “ത” അല്ല, “ര” ആണു വേണ്ടത്. “സ്ഥിരീകരണം”, “സ്ഥിരീകരിക്കുക” എന്നിങ്ങനെ. റ്റിവി റിപ്പോർട്ടർമാർ (വോയിസോവർ ചെയ്യുന്ന മറ്റുള്ളവരും) ശ്രദ്ധിച്ചാലും! 
 
‘ഡിജിറ്റലൈസേഷൻ’ എന്നു പലപ്പോഴും പറഞ്ഞും എഴുതിയും കാണുന്നു. ഡിജിറ്റാക്കുന്ന പ്രക്രിയയ്ക്കു ‘ഡിജിറ്റൈസേഷൻ’ (digitisation/digitization) എന്നാണു പറയുക.  ഡിജിറ്റലൈസേഷൻ ആരോഗ്യശാസ്ത്രത്തിൽ‌പ്പെടുന്ന ഒരു സാങ്കേതികപദമാണ്.
 

ചോദ്യങ്ങൾ:

മിച്ച ഊര്‍ജ്ജം എന്നതിനെ മിച്ചോര്‍ജ്ജം എന്ന് എഴുതാമോ? 
 
തനിമലയാളപദങ്ങൾ സംസ്കൃതപദങ്ങളോടു ചേരുമ്പോൾ ഒരു അഭംഗി തോന്നുമെങ്കിലും അങ്ങിനെ ചേർക്കാറുണ്ട്. അതുകൊണ്ട്, മിച്ചോർജ്ജം എന്നും പറയാം.  ഊർജ്ജമിച്ചം ആണു നല്ലത്.  
 
എന്തുകൊണ്ട് ഇപ്പോഴും 'തീവണ്ടി' എന്ന് വാര്‍ത്തയില്‍ പറയുന്നു. ട്രെയിന്‍ എന്നതിന് മലയാളം വാക്ക് കണ്ടുപിടിച്ചില്ലേ മനോജേട്ടാ ? കല്‍ക്കരിയുടെയും തീയുടെയും കാലം കഴിഞ്ഞു ഇപ്പോള്‍ അത്യാധുനിക സാങ്കേതികവിദ്യ പോലും വന്നു.. വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ... പോലീസെന്നും പൊലിസ് എന്നും കാണുന്നു.. ഇതില്‍ ഇതാണ് ശെരികേട്? 
 
തീവണ്ടി എന്നു പൊതുവേ പറയാറില്ലല്ലോ. ട്രയിൽ എന്നല്ലേ പത്രങ്ങളൊക്കെ എഴുതാറ്? തീവണ്ടിക്ക് ഒരു കാല്പനികഭംഗി ഉണ്ട്. കാര്യം മനസിലാകുന്നസ്ഥിതിക്ക് അങ്ങനെയും പറഞ്ഞോട്ടെ, എന്താ.
പിന്നെ, പൊലീസ്, ലീറ്റർ, ബോളിങ്, കോളെജ് എന്നിങ്ങനെ ഇംഗ്ലിഷിന്റെ ഉച്ചാരണരീതിയിൽത്തന്നെ ഇംഗ്ലിഷ് വാക്കുകൾ (അന്യഭാഷാപദങ്ങളൊക്കെ) എഴുതുകയും പറയുകയും ചെയ്യുകയാണ് ഇന്നത്തെ ആഗോളീകരണകാലത്തു നല്ലത്. എന്നാൽ നാം നമ്മുടേതാക്കിയ കാപ്പി, ആപ്പീസ് ഒക്കെ അങ്ങനെയും ഇരിക്കട്ടെ. ഓഫീസ് എന്നും എഴുതാം. സാഹിത്യത്തിലും മറ്റും സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കാം. ഏതായാലും, അന്യഭഷാപദങ്ങൾ ഉച്ചരിക്കുന്നതുപോലെ എഴുതാനുള്ള മനോരമയുടെ ശ്രമം നല്ലതാണെന്നാണ് എനിക്കു തോന്നുന്നത്.

7 comments:

  1. നല്ല ബ്ലോഗ്ഗ്. പുതു സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു. വളരെ അത്യാവശ്യം വേണ്ടുന്ന (അതോ വെറും അത്യാവശ്യം മാത്രം മതിയോ ?)ഒരു ഉണര്‍ത്തു ബ്ലോഗ്ഗായി ഇത് ഉപകരിക്കട്ടെ. ആധുനിക മാധ്യമ പ്രവര്‍ത്തകര്‍ ഈ ബോഗ് ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. രണ്ടാമത്തെ ഉദാഹരണം - തലക്കെട്ട്:
    ഇല്ലാത്ത വാക്കുകള്‍ ; വല്ലാത്ത പൊല്ലാപ്പ്

    ന്യായം ശരിയോ എന്നറിയില്ല. അതായത് സംസ്കൃതത്തില്‍ സ്ത്രീലിംഗനാമം
    ഉച്ചരിക്കുമ്പോള്‍ ദീര്‍ഘം വേണമെന്നില്ലേ? അതായത് സാ= അവള്‍ , സഃ = അവന്‍
    . അപ്പോള്‍ സീതാ, രാധാ, പാഞ്ചാലീ തുടങ്ങിയ രീതിയില്‍ എഴുതും. അപ്പോള്‍
    സീതാസ്വയംവരം, പാഞ്ചാലീവസ്ത്രാക്ഷേപം, വേണീസംഹാരം എന്നിങ്ങനെ.
    പുല്ലിംഗനാമത്തില്‍ പക്ഷെ ഈ നിയം വെച്ചു 'കീചകവധ'ത്തിനു നീട്ടില്ലാത്തതും
    അവന്‍ പുരുഷനായതു കൊണ്ടല്ലെ? പക്ഷെ മലയാളത്തില്‍ എഴുതുമ്പോള്‍ സീത
    എന്നല്ലാതെ സീതാ എന്നോ രാധാ എന്നോ എഴുതിക്കാണാറില്ല. അതുകൊണ്ടല്ലേ
    സൗമ്യാവധം എന്നെഴുതാത്തതും? എന്നാല്‍ ഈ വസ്തുത വെച്ചു പലരും ഗീതാഗോവിന്ദം
    എന്നും എഴുതാറുണ്ട്!

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞതാണ് 'സൌമ്യാവധം' എന്ന പോസ്റ്റില്‍ ഉന്നയിക്കുന്ന വിഷയത്തിന് ആധാരമായ നിയമം. അതു വ്യക്തമാകുമാറും എന്‍റെ വാദത്തിന്‍റെ നീതിമത്ക്കരണം കൂടുതല്‍ വിശദീകരിച്ചും ആ ഭാഗം തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി. തുടര്‍ന്നും നിരൂപണം പ്രതീക്ഷിക്കുന്നു.

      Delete
  3. 'ആര്‍ജ്ജവം'എന്ന വാക്കിനെക്കുറിച്ച് ഒരു സംശയം ചോദിച്ചോട്ടെ! താങ്കള്‍ "ഈ വാക്കിന് അങ്ങനെ ഒരു അര്‍ത്ഥമേ ഇല്ല! 'വളവില്ലാത്തത്', 'നേരെയുള്ളത്' എന്നേ ഇതിന് അര്‍ത്ഥമുള്ളൂ. 'നേരേവാ നേരേപോ' എന്ന സ്വഭാവത്തിന് ആര്‍ജ്ജവം എന്നു പറയാം. 'സത്യസന്ധത' എന്ന ആശയം." എന്നെഴുതിക്കണ്ടു.അതുപോലെത്തന്നെ നാം ഉപയോഗിക്കുന്ന ഒരു പദമല്ലേ "ആര്‍ജ്ജിക്കുക" എന്നത് (ഉദാ:- അയാള്‍ എല്ലവരുടേയും വിശ്വാസമാര്‍ജ്ജിച്ചു, പ്രശസ്തിയാര്‍ജ്ജിച്ചു) ഇത് ആര്‍ജ്ജവം എന്ന വാക്കിന്റെ ക്രിയാരൂപമല്ലേ? അങ്ങനെയാണെങ്കില്‍ ഇവിടെ വേറൊരര്‍ത്ഥം കൂടി വരുന്നില്ലേ?! എന്റെയൊരു സംശയം മാത്രമാണ്.

    ReplyDelete
    Replies
    1. 'ആര്‍ജ്ജിക്കുക' എന്നാല്‍ നേടുക എന്നാണല്ലോ അര്‍ത്ഥം. അതിന്‍റെ നാമരൂപം 'ആര്ജ്ജനം' ആണ്; 'ആര്‍ജ്ജവം' അല്ല. ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

      Delete
  4. മിച്ച ഊര്‍ജ്ജം എന്നതിനെ മിച്ചോര്‍ജ്ജം എന്ന് എഴുതാമോ?

    വിദ്യാര്‍ഥികള്‍ക്ക് ചോദ്യം ചോദിക്കാനും താങ്കള്‍ക്ക് ഉത്തരം പറയാനുമായി ഒരു QA താള്‍ തുടങ്ങിയില്‍ നല്ലതായിരുന്നു. അതോരോന്നും പിന്നീട് പോസ്റ്റായി മാറ്റുകയും ചെയ്യാം.

    ReplyDelete
    Replies
    1. ഊർജ്ജമിച്ചം ആണു നല്ലത്. തനിമലയാളപദങ്ങൾ സംസ്കൃതപദങ്ങളോടു ചേരുമ്പോൾ ഒരു അഭംഗി തോന്നുമെങ്കിലും അങ്ങിനെ ചേർക്കാറുണ്ട്. അതുകൊണ്ട്, മിച്ചോർജ്ജം എന്നും പറയാം.

      Delete