Thursday, 28 December 2023

മനസ്സിൽ അരങ്ങുകെട്ടിപ്പാർക്കുന്ന നാടകങ്ങൾ (പ്രശാന്ത് നാരായണന്റെ നാടകങ്ങളെപ്പറ്റി )

 

മനസ്സിൽ അരങ്ങുകെട്ടിപ്പാർക്കുന്ന നാടകങ്ങൾ

മനോജ് കെ. പുതിയവിള

[ദേശാഭിമാനി വാരികയിൽ 2018 ജൂൺ 24 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]


ചിത്രലേഖ നാടകത്തിലെ രാവണന്റെ ചിത്രീകരണസാധ്യതകൾ വിവരിക്കുന്നു

പ്രശാന്ത് നാരായണന്റെ നാടകങ്ങളെപ്പറ്റി മകരദ്ധ്വജൻ, കറ, ബലൂണുകൾ, ജനാലയ്ക്കപ്പുറം, വജ്രമുഖൻ, ഛായാമുഖി എന്നീ പ്രമുഖരചനകൾ  മുൻനിർത്തി ഒരു അവലോകനം


പ്രശാന്ത് നാരായണൻ എന്ന അരങ്ങുപ്രതിഭ ആ രംഗത്ത് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയും വേണ്ടനിലയിൽ പഠിക്കപ്പെടാതെയും തുടരുന്നതിനു പല കാരണങ്ങൾ ഉണ്ടാകാം. ഏതാനും ദശകങ്ങളായി മലയാളത്തിൽ മികച്ച നാടകങ്ങൾ കാര്യമായി ഉണ്ടാകാത്തതും ഉണ്ടായവതന്നെ പ്രസിദ്ധീകരിക്കപ്പെടാത്തും അരങ്ങേറുന്നവപോലും വിരലിലെണ്ണാവുന്ന അരങ്ങുകൾക്കപ്പുറം കളിക്കപ്പെടാത്തതും ഇതെല്ലാംകൊണ്ടുതന്നെ നാടകത്തിനു കലാസാഹിത്യരംഗങ്ങളിൽ പ്രാമുഖ്യം കുറഞ്ഞുപോയതും വേണ്ടത്ര പ്രോത്സാഹനം ഇല്ലാതെപോയതുമെല്ലാം ഈ കാരണങ്ങളിൽ ചിലതാകാം.
അബുദാബി ശക്തി അവാർഡ്, എ.പി. കളയ്ക്കാട് അവാർഡ്, 2003-ലെ മികച്ച നാടകരചനയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് അടക്കം ചെറുതും വലുതുമായ ധാരാളം അവാർഡുകൾ ലഭിക്കുകയും മുപ്പതുവർഷത്തിലേറെ നാടകരംഗത്തു സജീവമായിരിക്കുകയും മുപ്പതോളം നാടകങ്ങളും അരങ്ങിൽ നിലനിൽക്കുന്ന രണ്ട് ആട്ടക്കഥകളും രചിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ നാടകകാരൻ എന്ന പരിചയപ്പെടുത്തൽ പലപ്പോഴും വേണ്ടിവരുന്നു എന്നത് പ്രശാന്ത് നാരായണന്റെ എന്തെങ്കിലും തകരാറല്ല, നാടകരംഗത്തിനു പ്രതാപം നഷ്ടപ്പെട്ടുപോയതിന്റെയും നാടകത്തോടുള്ള സമൂഹത്തിന്റെ സമീപനത്തിന്റെയും താരപ്പൊലിമ സർഗ്ഗാത്മകതയ്ക്കുമേൽ അധീശത്വം സ്ഥാപിച്ചതിന്റെയുമൊക്കെ പ്രശ്നമാണ്. അല്ലാതെ, നിരവധി അരങ്ങുകളിൽ കളിച്ച ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിന്റെ ‘മണികർണ്ണിക’യടക്കമുള്ള പ്രശാന്തിന്റെ നാടകങ്ങളും മത്സരവേദികളിൽ വർഷങ്ങളായി കളിക്കപ്പെട്ടുപോരുന്ന മറ്റു നാടകങ്ങളുമൊക്കെ മികവുറ്റതല്ലാത്തതുകൊണ്ടല്ല. രണ്ടുരണ്ടരപ്പതിറ്റാണ്ടിനിടെ മലയാളത്തിലെ മുഖ്യധാരാപ്രസാധകർ ഒരു നാടകം പ്രസിദ്ധീകരിക്കുന്നത് പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’യാണ്. അതിന് അവർ തയ്യാറായതുപോലും ഒരുപക്ഷേ താരങ്ങൾ കളിച്ചു ശ്രദ്ധനേടിയ നാടകമായതുകൊണ്ടാകാം.
സർഗ്ഗപ്രതിഭകൾക്കു സ്വതസിദ്ധമായ ധിക്കാരം ഈ നാടകകാരന്റെയും മുഖമുദ്ര ആയതിനാലും പദവികൾക്കോ അംഗീകാരങ്ങൾക്കോ ആരെയും സ്വാധീനിക്കാൻ പോകാത്തതിനാലുമൊക്കെ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒറ്റപ്പെടുത്തലും അവഗണനയുമൊക്കെ മികച്ച സംഭാവനകളുള്ള ഒരാളെ തമസ്ക്കരിക്കാൻ ഇടയാക്കിക്കൂടാ എന്ന ചിന്തയാണ് ഇത്തരത്തിലൊരു പരിശ്രമത്തിനു പ്രേരണ.
പ്രശാന്ത് നാരായണന്റെ ശ്രദ്ധേയമായ ആറു നാടകങ്ങളാണ് ഇതിന് ആധാരമാക്കുന്നത്. ‘മകരദ്ധ്വജൻ’, ‘കറ’, ‘ബലൂണുകൾ’, ‘ജനാലയ്ക്കപ്പുറം’, ‘വജ്രമുഖൻ’ എന്നീ നാടകങ്ങളെ മുഖ്യമായും പരിശോധിക്കുന്നു. ‘ഛായാമുഖി’ക്ക് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽത്തന്നെ കാവാലം നാരായണപ്പണിക്കരുടെ അവതാരികയും ഓ.എൻ.വി. കുറുപ്പ്, റ്റി.എം. എബ്രഹാം, തനൂജ ഭട്ടതിരി, അലക്സ് വള്ളികുന്നം എന്നിവരുടെ ആസ്വാദനങ്ങളും ഉള്ളതിനാൽ അതിനെപ്പറ്റി അത്യാവശ്യസന്ദർഭങ്ങളിലുള്ള പരാമർശങ്ങളേ നടത്തുന്നുള്ളൂ. ഇവയിലൂടെ പ്രശാന്തിന്റെ നാടകങ്ങൾ രൂപംകൊള്ളുന്ന വിധം, അവയിലെ സാഹിത്യഭംഗി, അവയുടെ ഉൾക്കരുത്തും ശൈലിയുടെ തനിമയും, രംഗഭാഷയും നിർവ്വഹണവും, രാഷ്ട്രീയം എന്നിങ്ങനെയുള്ള അഞ്ച് അംശങ്ങളാണ് വിശകലനവിധേയമാക്കുന്നത്.


ഹനുമാനായി വേഷമിട്ട രാജസ്ഥാനിനടൻ അജിത് സിംഗ് പലാവത്ത്, മകരിയായി വേഷമിട്ട ബംഗാളിനടി ഇപ്ഷിത ചക്രവർത്തി എന്നിവർക്കൊപ്പം

പരിമിതിയില്ലാത്ത ഭാവനയുടെ അരങ്ങ്
ഞാൻ തിരുവനന്തപുരത്തെത്തിയ 1990-കളുടെ ആദ്യപാദംമുതൽ അടുത്തറിയുന്ന പ്രശാന്തിന്റെ നാടകങ്ങൾ രൂപപ്പെട്ടുവരുന്നതിന്റെ ജൈവവികാസം ക്യാമ്പുകളിൽ നേരിട്ടുകാണാൻ അവസരം ഉണ്ടായിട്ടുണ്ട്. അതൊരു പ്രത്യേക അനുഭവമാണ്.
ഒരു ആശയബിന്ദു ആ മനസിന്റെ ഫലഭൂയിഷ്ഠതയിൽ വീണാൽ അതു വേരാഴ്ത്തി തലനീട്ടി മഹാമേരുവായി വളരുന്നതിനുമുമ്പുതന്നെ അതിന്റെ ജനിതകവിശേഷങ്ങളെല്ലാം സമഗ്രമായി വിശകലനം‌ചെയ്യപ്പെടും. അതിനായി ദിവസങ്ങൾ നീളുന്ന ശില്പശാലയോ പഠനശിബിരമോ ഒക്കെത്തന്നെ നടത്തിയെന്നിരിക്കും. ആ വിഷയത്തെപ്പറ്റി സംവദിച്ചാൽ അതിന്റെ സാദ്ധ്യതകൾ പിന്നെയും പൊലിപ്പിക്കാൻ കഴിയും എന്നു തോന്നുന്നവരുമായി പലകുറി മണിക്കൂറുകൾ സംസാരിച്ചെന്നിരിക്കും. ഏതായാലും, അത്തരം സന്ദർഭങ്ങളിൽ പ്രശാന്തിനെ ഫോൺ ചെയ്യാൻ പോലും കഴിയില്ല. നമ്മൾ എന്തു വിഷയം സംസാരിക്കാൻ വിളിച്ചാലും മുപ്പതുസെക്കൻഡിനകം വിഷയം പുതിയനാടകത്തിന്റെ പ്ലോട്ടിൽ എത്തിയിരിക്കും. പിന്നെ അതിലാകും സംഭാഷണം. തലേരാത്രി ആലോചിച്ച ആശയങ്ങൾ, നാടകീയമുഹൂർത്തങ്ങൾ, പുതിയൊരു ആഖ്യാനതലം, എന്തുമാകാം. അതല്ലെങ്കിൽ ആ രാത്രി മനസിൽ എഴുതിയിട്ട സന്ദർഭമോ സംഭാഷണമോ ഈരടികളോ ആകാം. അതങ്ങനെ ഹിസ്റ്റീരിയ ബാധിച്ചപോലെ പറഞ്ഞുകൊണ്ടിരിക്കും. അത്തരം സന്ദർഭങ്ങളിലാണു മനസിലാകുക, രാത്രിയുടെ ഏകാന്തതകളിൽ ആ മനസാകുന്ന നാടകക്കളത്തിൽ നടക്കുന്ന നാടകപ്രവർത്തനത്തിന്റെ ഉർവ്വരത.
റിഹേഴ്സൽ ആരംഭിക്കുമ്പോഴോ ക്യാമ്പിൽ നാടകം പൂർണ്ണതനേടുമ്പോഴോപോലും പ്രശാന്തിന്റെ നാടകത്തിനു ലിഖിതരൂപം ഉണ്ടായിട്ടുണ്ടാവില്ല. നാടകം എഴുതുകയല്ല, അതങ്ങനെ ഉണ്ടായിവളരുകയാണ്. അതു കടലാസിൽ പകർത്തുന്നത് അവതരണത്തിനു തൊട്ടുമുമ്പോ ശേഷമോ ആയിരിക്കും. പലപ്പോഴും എഴുതുന്നത് എപ്പോഴെങ്കിലും പ്രസിദ്ധീകരിക്കേണ്ടിവരുമ്പോൾ മാത്രമാണ്. അതുകൊണ്ടുതന്നെ സന്ദർഭവും സംഭാഷണവുമൊക്കെ എപ്പോൾവേണമെങ്കിലും മാറാം. ചുരുക്കത്തിൽ, നാടകമെഴുതി അതിനു ദൃശ്യരൂപം കൊടുക്കുകയല്ല, ദൃശ്യനാടകം ഉണ്ടാക്കിയിട്ടു രേഖപ്പെടുത്തിവയ്ക്കൽ മാത്രമാണ്. അതുകൊണ്ടുതന്നെ പ്രശാന്തിന്റെ നാടകങ്ങൾ ദൃശ്യപ്രധാനമാണ്.


മകരധ്വജനിൽ അജിത് സിംഗ് പലാവത്ത് ഹനുമാനും അനൂപ് എസ്.കെ.എം മകരധ്വജനും

ഉയിരും ഉണർവ്വുമായ് കനിവും കനവും
സൃഷ്ടികൾ ദൃശ്യപ്രധാനമാണ് എന്നു പറഞ്ഞതുകൊണ്ട്, അതിന്റെ സാഹിത്യഭംഗി അപ്രധാനമാകുന്നു എന്നു കരുതരുത്. അതിലെ സംഭാഷണങ്ങൾ മാത്രമല്ല, രംഗസൂചനയും രംഗവർണ്ണനയും ക്രിയാംശവുമെല്ലാം സാഹിത്യശോഭ മുറ്റിനിൽക്കുന്നതാകണം എന്ന നിഷ്ക്കർഷ ഈ നാടകങ്ങളുടെ ലിഖിതപാഠത്തിന്റെ ഓരോ താളും തുറക്കുമ്പോൾ ഒരാൾക്കു വെളിവാകും. അത്തരം വിവരണങ്ങൾതന്നെ നാടകത്തിന്റെ ഭാവപ്രസരണത്തിനുതകുമാറു നിഷ്ക്കൃഷ്ടമായ പദമേളനത്തിലൂടെ രചിക്കുന്നവയാണ്. അവയ്ക്കുപോലുമുണ്ട് ആ നാടകത്തിന്റെ, സന്ദർഭത്തിന്റെ, ഭാവത്തിന്റെ താളം. സംഭാഷണങ്ങളാകട്ടെ, ഭാവോന്മീലകം മാത്രമല്ല കാവ്യാത്മകവുമാണ്. ‘മകരദ്ധ്വജ’ന്റെ തുടക്കത്തിൽ വില്ലുപാട്ടുകാർ ഹനുമാനെ അവതരിപ്പിക്കുന്നിടത്തെ
“നക്ഷത്രക്കനി നുള്ളിയെടുത്തതു
കാതിലണിഞ്ഞൊരു രൂപമെതോ?”
എന്ന ചോദ്യത്തിൽ കല്പനാവൈഭവം മാത്രമല്ല, അതിഗംഭീരനായ ഹനുമാന്റെ വിദൂരദൃശ്യത്തിന്റെ സമസ്തഗരിമയും നാം കാണുന്നു.
അടുത്തിടെ എന്റെ ഒരു സഹപ്രവർത്തക പറഞ്ഞ ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തിയില്ല. വർഷങ്ങൾക്കുമുമ്പ് ഒരേയൊരു അവതരണം മാത്രം കണ്ട ‘ഛായാമുഖി’യിലെ
“പൂക്കളെത്തേടി നീ വന്നിടുമ്പോൾ
പൂക്കാമരത്തിന്റെ ചില്ലയൊന്നിൽ
പൂമ്പാറ്റ വന്നതും കണ്ടതല്ലേ? - മനം
പൂക്കാത്തചില്ലയായ് തീർന്നതല്ലേ?” എന്നുതുടങ്ങുന്ന ഭാഗം മുഴുവൻ അവർ കാണാതെ ചൊല്ലി. ആ വരികളോടുള്ള ഇഷ്ടം കാരണം നാടകത്തിലെ ആ ആലാപനഭാഗം പകർത്തി ഡയലർ ടോണാക്കി ദീർഘനാൾ ഇട്ടിരുന്നെന്നും അവർ പറഞ്ഞു. ‘ഛായാമുഖി’ ഈ സമാഹാരത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും പ്രശാന്തിന്റെ എഴുത്തിലെ സാഹിത്യത്തിനുള്ള ആസ്വാദ്യതയും സ്വീകാരവും ബോദ്ധ്യപ്പെടുത്താൻ അനുസ്മരിച്ചെന്നേയുള്ളൂ. ‘വജ്രമുഖ’നിൽ വണ്ട് കുന്തിയുടെ മുഖത്തേക്കു പറന്നടുക്കുമ്പോൾ സൂര്യൻ പറയുന്ന “ഛീ...! ദൂരപ്പോ! ദൂരപ്പോ! മുഖം താമരയെന്നു ശങ്കിച്ചിരിക്കുന്നു കീടം!” എന്ന വരിയിലെ കവിത ശാകുന്തളത്തെ ഓർമ്മിപ്പിക്കും.
“നിന്റെ പേച്ചിനകത്തൊരു
മൊഴിയഴകുമാനമുണ്ടെടിയേ...” എന്ന ‘കറ’യിലെ നങ്ങേലിള്ള തമ്പ്രാന്റെ സർട്ടിഫിക്കറ്റ് ഈ നാടകകാരനും നന്നായി ഇണങ്ങും. നാടൻ‌തനിമ കിനിയുന്ന ഈ മൊഴിയഴകിനൊപ്പം ഇതിവൃത്താനുസാരിയായും സന്ദർഭാനുസാരിയായും ആധുനികകവിതയുടെ എല്ലാ ഭാവതീവ്രതയും ബിംബ, പദ, ആശയ, ഘടനകളുമൊക്കെ ഇണങ്ങുന്ന ശക്തിസ്വരൂപമായും ആ കവനം മാറുന്നു:
“എന്റെ കുഞ്ഞുങ്ങളെത്ര പേർ ജീവിത-
പ്പകലുതേടി പഴമയായ് തീർന്നവർ
അരികിലല്ലവർ അകലത്തിലല്ലെന്റെ
കരളിലാണാ പിറക്കാത്തയുണ്ണികൾ
ഉണർവ്വിലല്ലെൻ ഉറക്കത്തിലെപ്പോഴും
പ്രകൃതി തേടി പകലായ് മരിച്ചവർ
അവരിലാണെന്റെ മജ്ജയും മാംസവും
മുറിവു വീണുണങ്ങാത്തൊരെൻ ഹൃദയവും” എന്നുതുടങ്ങുന്ന ‘കറ’യിലെ കാവ്യഭാഗം‌ഇതിനൊരു മികച്ച നിദർശനമാണ്.
രാഗങ്ങളെയും അവയുടെ ഭാവവൈഭവങ്ങളെയും പറ്റിയുള്ള ധാരണയും പാടാനുള്ള കഴിവും ഭാവാനുസാരിയായ കഥകളിസംഗീതത്തിന്റെ അനുശീലനവുമൊക്കെ രംഗസന്ദർഭത്തിനും ഭാവത്തിനും ഏറ്റവും ഇണങ്ങുന്ന ഈണവും താളവും കണ്ടെത്തി എഴുതാനും ആ ധർമ്മം നിറവേറ്റുമാറുതന്നെ ഈണം ചിട്ടപ്പെടുത്തി ദൃശ്യമൊരുക്കാനും ഈ നാടകകാരനു തുണയാകുന്നു. ഏറെപ്പേർക്ക് ഇല്ലാത്ത വൈഭവമാണിത്.

കറ ഒറ്റയാൾനാടകത്തിന്റെ അവസാനരംഗം

‘കറ’ നാടകത്തിൽ സംഭാഷണത്തിന്റെ നിരവധിമടങ്ങാണു നാടകം. സംഭാഷണമാകട്ടെ, അതിലെ ഇതിവൃത്തമായ നാടോടിപ്പഴമയുടെ കാലവും നിലവും അനുസ്മരിപ്പിക്കുന്ന മനോഹരങ്ങളായ ശീലുകളാണ്. അതേസമയംതന്നെ ഫാഷൻ ഷോയെ അനുസ്മരിപ്പിക്കുന്ന രംഗമെത്തുമ്പോൾ അതിനനുസരിച്ചു സംഭാഷണം മാറുകയും ചെയ്യുന്നു. ‘വജ്രമുഖ’നിലും ‘മകരദ്ധ്വജ’നിലുമൊക്കെ അവയുടെ പ്രൗഢിയ്ക്കിണങ്ങുന്ന കാവ്യസുഷമയാകും സംഭാഷണത്തിന്. ‘ജനാലയ്ക്കപ്പുറം’ പോലെയുള്ള നാടകങ്ങളിൽ വളരെ യഥാതഥമായ സംഭാഷണങ്ങളിൽപ്പോലും ഈ ഭാഷാനിഷ്ക്കർഷ കാണാം. പ്രതിപാത്രം ഭേദഭാവോന്മീലനം നിർവ്വഹിക്കുന്ന ഭാഷണം. സംഭാഷണത്തിന്റെയും പാട്ടിന്റെയും സാംഗത്യവും ഓരോ സന്ദർഭത്തിലെയും പ്രസക്തിയും നന്നായി അറിയാവുന്ന ഒരു നിരൂപകൻകൂടി ഇദ്ദേഹത്തിന്റെ മനസിലുണ്ട്. അതിന്റെ നയപ്രഖ്യാപനം‌പോലെ തോന്നും ‘ജനാലയ്ക്കപ്പുറം’ എന്ന നാടകത്തിലെ “അരസികനായ ഒരു തനതുവാദിയുടെ നാടകംപോലെ അനവസരത്തിൽ കവിത പറയുന്ന അലമ്പന്മാർ” എന്ന സംഭാഷണം. തനതുനാടകവേദി എന്ന പേരിൽ അനുകരണശാലികൾ ഇടക്കാലത്തു കാട്ടിക്കൂട്ടിയ അഭ്യാസങ്ങളോടുള്ള പ്രതികരണമായിക്കൂടി ഇതിനെ കാണാം. അനവസരത്തിൽ അരങ്ങിൽ ഒരു കഥാപാത്രത്തെക്കൊണ്ട് രണ്ടുവരി പാട്ടു പാടിച്ചിട്ടാണ് ഈ സംഭാഷണം ‘അയാൾ’ എന്ന കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നത്. ‘ബലൂണുകളി’ലുമുണ്ട് നാടകത്തെപ്പറ്റി നാടകകൃത്തിന്റെ നയപ്രഖ്യാപനം.
“നാടകമായാൽ കാര്യം വേണം കഥവേണം     
കഥയിലറിവു ചേർത്ത്, അലിവു ചേർത്ത്     
ഉയിരു ചേർത്ത്, ഉണർവ്വു ചേർത്ത്    
കവിത ചേർത്ത്, കളികൾ ചേർത്ത്    
കനവു ചേർത്ത്, കനിവു ചേർത്ത്     
കരൾ  നിറയെ കണ്ടിരിക്കാൻ         
കാര്യങ്ങളുമുണ്ടാകണം...” അതെ, ഇതെല്ലാമുള്ളതാണു പ്രശാന്ത് നാരായണന്റെ നാടകങ്ങൾ.    


ഛായാമുഖിയിൽ മുകേഷ് കീചകനായും മോഹൻലാൽ ഭീമനായും അരങ്ങിൽ നിറഞ്ഞാടിയപ്പോൾ

ആഴത്തിലോടിയ നാരായവേരിന്റെ കരുത്ത്
കണ്ണും കാതും തുറന്നതുതന്നെ കലയും സാഹിത്യവും ഭാഷാവൈഭവവും പാണ്ഡിത്യവും വസന്തോത്സവമാടുന്ന രംഗമണ്ഡപത്തിലേക്കാണ് എന്നത് പ്രശാന്തിന്റെ പ്രതിഭയ്ക്കു മേല്പറഞ്ഞ ഗുണമേന്മകളുടെ ഈട്ടം കൂടാൻ സ്വാഭാവികമായും വഴിയൊരുക്കി. സംസ്കൃതപണ്ഡിതനും സാഹിത്യകുശലനും ആയിരുന്ന അച്ഛൻ വെള്ളായണി നാരായണൻ നായർ പ്രശാന്തിനു ബാല്യത്തിലേ പുരാണകഥകളിൽത്തുടങ്ങി രഘുവംശവും കുമാരസംഭവവും ഋതുസംഹാരവുംവരെ ചൊല്ലി വിഗ്രഹിച്ച് അർത്ഥം പറഞ്ഞുകൊടുത്തിരുന്നത്രേ! പതിനാല് ആട്ടക്കഥകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു മാങ്കുളം വിഷ്ണുനമ്പൂതിരി, ഹരിപ്പാട്ടു രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻപിള്ള, രാമൻകുട്ടിനായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, മടവൂർ വാസുദേവൻ നായർ, വൈക്കം കരുണാകരൻ നായർ, സദനം കൃഷ്ണൻകുട്ടി തുടങ്ങിയവരൊക്കെ. ഇവർ തിരുവനന്തപുരത്തു വന്നാൽ പലപ്പോഴും ആ വീട്ടിലാണു തങ്ങിയിരുന്നത്. അത്തരം കൂട്ടായ്മകൾ ഗംഭീരമാംവിധം സർഗ്ഗാത്മകമായ പണ്ഡിതസദസ്സുകൾ ആയിരുന്നു എന്നും കഥകളിയെപ്പറ്റി, സന്ദർഭങ്ങളെപ്പറ്റി, അവതരണത്തെപ്പറ്റി, കഥകളിയിൽ വരുത്തേണ്ട പരിഷ്ക്കരണങ്ങളെപ്പറ്റി ഒക്കെ അവിടെ നടന്നിരുന്ന ചർച്ചകൾ വലിയ അനുഭവമായിരുന്നു എന്നും പ്രശാന്ത് പറഞ്ഞിട്ടുണ്ട്. ഗുരുകുലരീതിയിൽ നടത്തിയ കഥകളിയഭ്യസനവും സ്കൂൾ ഓഫ് ഡ്രാമയിലെ നാടകാഭ്യസനവുമൊക്കെ പ്രശാന്തിലെ നാടകകാരനെ വികസിപ്പിക്കുന്നതിൽ വഹിച്ച പങ്ക് അദ്ദേഹത്തിന്റെ നാടകങ്ങളിൽ കാണാം.
കേരളീയരെ സംബന്ധിച്ചിടത്തോളം പാശ്ചാത്യനാടകങ്ങളുടെ കടന്നുവരവുവരെ കഥകളിയും കൂടിയാട്ടവും ആയിരുന്നല്ലോ നാടകസങ്കല്പത്തിന്റെ സമ്പൂർണ്ണത. ഇതിൽ ഭാഷ, സംഗീതം, നാടകീയത, പാത്രബോധം, കലാബോധം, സ്റ്റേജ് ക്രാഫ്റ്റ് എല്ലാം ഇണങ്ങി ഭാരതീയവും കേരളീയവുമായ നാടകസങ്കല്പത്തിന്റെ പരിപൂർത്തിയായി ഗണിച്ചുവരുന്ന കഥകളിയിലൂടെ നാട്യശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കു പോയ ഒരു നാടകകാരൻ ആ വഴിയിൽ ആർജ്ജിച്ച പൈതൃകസ്വത്തും പാശ്ചാത്യനാടകാനുശീലനത്തിലൂടെയും അവയുടെ സൈദ്ധാന്തികപാഠങ്ങളിലൂടെയും വിമർശനബുദ്ധ്യാ നേടിയ മുതൽക്കൂട്ടും ചേർത്തു കരുപ്പിടിപ്പിച്ച സ്വന്തമായ ഒരു നാടകസങ്കല്പമാണു പ്രശാന്ത് നാരായണന്റെ വിത്തുമൂലധനം. അതിനാൽ, ഈ നാടകകാരന്റെ സൃഷ്ടികളുടെ മഷിപ്പകർപ്പുകൾവച്ചു രംഗഭാഷ്യം തീർക്കുക അത്ര സുസാദ്ധ്യമല്ല.
അതുകൊണ്ടുതന്നെ പ്രശാന്തിനെ നാടകവഴിയിലെ ആരുടെയെങ്കിലും അനുകർത്താവോ പിൻതുടർച്ചക്കാരനോ ആയി കാണാനാവില്ല. പദ്യരൂപത്തിലുള്ള സംഭാഷണവും കേരളീയമായ ചില ചൊല്ലുകളും ചുവടുകളുമൊക്കെ ഉള്ളതിനാൽ പ്രശാന്തിന്റെ നാടകം കാവാലത്തിന്റേതുപോലെയാണ് എന്നൊക്കെ ചിലർ പറയുന്നതു കേൾക്കേണ്ടിവന്നിട്ടുണ്ട്. നാലുകാലും രണ്ടുകണ്ണും രണ്ടുചെവിയും തലയും വാലും ഉള്ളതിനാൽ മാനും മുയലും ഒന്നാണെന്നു പറയുന്നതുപോലെയാണിത്. രണ്ടുപേരും രണ്ടു വ്യത്യസ്തശൈലികളുടെ വക്താക്കളാണ് എന്നത് നന്നായി നാടകം കാണുന്ന ആർക്കും മനസിലാകും. രണ്ടും തനിമയാർന്ന രണ്ടു വിഭിന്നശൈലികൾതന്നെയാണ്. ഭാരതീയമോ കേരളീയമോ ആയ നാടകസങ്കേതങ്ങളിൽനിന്ന് ഊർജ്ജവും കരുക്കളും ഉൾക്കൊണ്ടു രൂപപ്പെട്ടവയാണു രണ്ടും എന്നതു മാത്രമാണു പറയാവുന്ന സമാനത.
ചില സംഭാഷണങ്ങളുടെ താളം പ്രൊഫ. ജി. ശങ്കരപ്പിള്ളയുടേതുപോലെയാണെന്ന് അടുത്തിടെ ‘ഛായാമുഖി’ വായിച്ചിട്ട് ഒരു നിരൂപക പറഞ്ഞതും ഓർക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ മോഷണമാണെന്നു വരുത്തിത്തീർക്കാൻ മുമ്പൊരു നിരൂപകൻ ബാലിശമായ ചില വാദങ്ങൾ കണ്ടത്തിയതുപോലെയുള്ള ഉപരിപ്ലവക്കാഴ്ചകളാണ് ഇവപലതും.
കാവാലത്തോടൊപ്പം പ്രവർത്തിക്കുകയും അദ്ദേഹത്തോടൊപ്പം ദില്ലിയിലും ബംഗ്ലാദേശിലുംമറ്റും പര്യടനങ്ങൾ നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, കാവാലം ഏറ്റവും ഇഷ്ടപ്പെടുകയും സ്വന്തം നാടകക്കളരിയായ ‘തിരുവരങ്ങ്’ ഏല്പിച്ചുകൊടുക്കുകയും ചെയ്ത ആളാണെങ്കിലും, അദ്ദേഹത്തിന്റെ ശൈലിയോടു കടപ്പെടാതിരിക്കാൻ സദാ ജാഗ്രതപുലർത്തിയിരുന്നൂ പ്രശാന്ത് എന്നാണു ഞാൻ മനസിലാക്കിയിട്ടുള്ളത്. പുരാണേതിവൃത്തങ്ങളെ ആശ്രയിച്ചുള്ള പ്രശാന്തിന്റെ നാടകങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. അത്തരമൊരു താരതമ്യത്തിനുള്ള ഇടമല്ല എന്നതിനാൽ അതിനിവിടെ മുതിരുന്നില്ല.


ഛായാമുഖിയിൽ സ്നേഹാശ്രീകുമാർ ഹിഡുംബിയായും മോഹൻലാൽ ഭീമനായും

നിർവ്വഹണത്തിലെ ‘ഞെട്ടിക്കൽ’
നാടകം എന്നത് ആത്യന്തികമായി സൃഷ്ടിക്കപ്പെടുന്നത് സ്രഷ്ടാവിന്റെ മനസാകുന്ന രംഗവേദിയിലാണല്ലോ. അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ ഓരോരുത്തർക്കും അത് അവരവരുടെ നാടകവുമാണ്. സ്വന്തം സാമൂഹിക, രാഷ്ട്രീയ, ആശയപ്രപഞ്ചങ്ങൾക്കും അനുഭവപ്രപഞ്ചങ്ങൾക്കും അനുസൃതമായ തലങ്ങളിലാണ് അവരോരോരുത്തരും അതിനെ കാണുന്നത്. ഇവിടെ നാടകകൃത്തിനു ചെയ്യാൻ കഴിയുന്നത് തന്റെ നിലപാടുകൾക്കോ കാഴ്ചപ്പാടിനോ വൈകാരികതയ്ക്കോ അനുസരിച്ച ഇച്ഛയ്ക്കൊത്ത് ആസ്വാദനത്തെ വഴിനയിക്കാനുള്ള പൊടിക്കൈകൾ പ്രയോഗിക്കുകമാത്രമാണ്. അത്തരത്തിലുള്ള രംഗക്രിയാത്മകമായ കരുക്കളും നാടകകൃത്തിന്റെ മനസിലുള്ള യഥാർത്ഥനാടകത്തിന്റെ ഭാഗമാണെങ്കിലും അവയുടെ അഭാവം‌കൊണ്ട് അപൂർണ്ണമാണ് ഏതു നാടകത്തിന്റെയും ലിഖിതരൂപം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. രംഗപാഠം‌കൂടി എഴുതിയാലും എഴുത്തുഭാഷയ്ക്കുവഴങ്ങാത്ത ഒട്ടേറെ ക്രിയാംശങ്ങൾ പിന്നെയുമുണ്ടാകും. അവയെല്ലാം ഉൾച്ചേർത്ത് അയാൾതന്നെ ദൃശ്യാവിഷ്ക്കാരം ഒരുക്കിയാലും അയാളുടെ കരുക്കളായ അഭിനേതാക്കൾ നാടകകൃത്തിന്റെ മനസിലെ നാടകത്തെ പൂർണ്ണമായി ഉൾക്കൊള്ളാത്തിടത്തോളം അവരിലൂടെ ആവിഷ്ക്കൃതമാകുന്ന ആ ദൃശ്യരൂപം പോലും പൂർണ്ണതയുള്ളതാകുന്നില്ല.
‘ജനാലയ്ക്കപ്പുറം’ എന്ന നാടകത്തിൽ കാണുന്നതുപോലെ, “സ്വപ്നാന്തരീക്ഷം - യുദ്ധം, പട്ടാളക്കാർ, പരിശീലനം, അപകടങ്ങൾ, രോഗം, ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ ദുഃസ്വപ്നങ്ങൾ. ഫാന്റസിക്കവസാനം ആഗതൻ ഞെട്ടിയുണരുന്നു.” എന്നുമാത്രം എഴുതി ഇട്ടുപോകുന്ന നാടകകാരൻ രംഗാവിഷ്ക്കാരത്തിനുള്ള അനന്തസ്വാതന്ത്ര്യമാണു തുറന്നിടുന്നത്. വലിയ സാങ്കേതികവിദ്യകളൊന്നും പ്രയോഗിക്കാതെയും ദുർഗ്രഹത സൃഷ്ടിക്കാതെയും ഇതൊക്കെ അനായാസം അരങ്ങത്തു ദൃശ്യവത്ക്കരിക്കാൻ ഭാരതീയനാടകസങ്കേതങ്ങളിലൂടെ കഴിയുന്ന രംഗക്രിയ മനസിൽ കണ്ടുകൊണ്ടാണു പ്രശാന്ത് അങ്ങനെ എഴുതുന്നത്. ‘വജ്രമുഖ’നിൽ നാടകകൃത്തുതന്നെ പറയുന്ന “നടിപ്പത് നാടകം - പേശക്കൂടാത്.” എന്ന വാക്യത്തിൽ സ്വന്തം നാടകസങ്കല്പത്തിൽ ക്രിയാംശത്തിനുള്ള പ്രാധാന്യമാണു ധ്വനിക്കുന്നത്. സുദീർഘമായ രണ്ടാംപകുതിമുഴുവൻ സംഭാഷണശൂന്യമായ ‘കറ’ ഇത്തരത്തിൽ വലിയൊരു വെല്ലുവിളിയാണ് അവതരണത്തിന് ഉയർത്തുന്നത്. ലേഖനം‌പോലെ സുദീർഘമായി ക്രിയാംശം എഴുതിയിട്ടുണ്ടെങ്കിലും കൃതഹസ്തയായ ഒരു നടിക്കും ക്രിയാംശത്തിലൂടെ സുഗമസംവേദനം നിർവ്വഹിക്കാൻ കഴിയുന്ന സംവിധായകർക്കും മാത്രമേ ആ നാടകം കാഴ്ചവയ്ക്കാൻ കഴിയൂ.
പ്രശാന്തിന്റെ നാടകങ്ങളുടെ കാര്യത്തിൽ ഇതു കൂടുതൽ പ്രസക്തവും പ്രധാനവുമാകുന്നതിനു വേറെയും കാരണങ്ങളുണ്ട്. മിക്ക നാടകത്തിലും ഒന്നിലേറെ നാടകങ്ങൾ ഉണ്ടാകും. അരങ്ങിൽത്തന്നെ സമാന്തരമായി അവ വികസിക്കും. ഒരു തലത്തിൽ നാടകം വികസിക്കുമ്പോൾത്തന്നെ അതിനു പുതിയപുതിയ തലങ്ങൾ ഇതൾവിരിഞ്ഞുവരും. ഓരോവായനയിലും പുതുതായി തുറന്നുകിട്ടുന്ന ഭാവ-ആസ്വാദനതലങ്ങളും അനുഭവവും ഏത് അവതരണത്തെയും അതുകൊണ്ടുതന്നെ അപൂർണ്ണതയിൽ നിർത്തും. പ്രശാന്തുതന്നെ സ്വന്തം നാടകം രണ്ടാമതൊന്നു ചെയ്യുമ്പോൾ അതിനു മറ്റൊരു ആശയതലം‌കൂടി പലപ്പോഴും പകർന്നുവരും. പ്രശാന്തല്ലെങ്കിൽ അതുപോലെ പ്രതിഭാധനരായ ആളുകൾക്കുമാത്രമേ ഈ നാടകങ്ങൾ പൂർണ്ണതയോടടുത്തുനിൽക്കുന്ന തരത്തിൽ ദൃശ്യവത്ക്കരിക്കാൻ കഴിയൂ.

ഛായാമുഖിയുടെ റിഹേഴ്സൽ വേളയിൽ മോഹൻലാലും പ്രശാന്ത് നാരായണനും മല്ലയുദ്ധം സീൻ പരിശീലനത്തിൽ


മറ്റുള്ളവരുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്നവയ്ക്കൊന്നും ഗുണമേന്മയില്ലെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. ലിഖിതരൂപത്തിലുള്ള ഏതു നാടകവും ആർക്കും അവതരിപ്പിക്കാം. അവയ്ക്കോരോന്നിനും അതിനു ദൃശ്യാവിഷ്ക്കാരം ഒരുക്കുന്ന നാടകപ്രവർത്തകരുടെ വായനയ്ക്കനുസരിച്ച പുതുമയും മികവും വ്യക്തിത്വവും സ്വതന്ത്രമായ കലാവിഷ്ക്കാരമെന്നനിലയിലുള്ള അസ്തിത്വവുമെല്ലാം ഉണ്ടാകും. രചിതാവു കാണാത്ത അർത്ഥ-ഭാവതലങ്ങളും ഉണ്ടാകാം. ഉണ്ണായിവാര്യർ ഉദ്ദേശിക്കാത്ത ഒരു ഭാവം കലാമണ്ഡലം ഗോപി ധ്വനിപ്പിക്കുമ്പോൾ സംഭവിക്കുന്നതുപോലെയുള്ള ആസ്വാദനാനുഭവം ഇത്തരം ഓരോ അവതരണവും തീർക്കും. പ്രശാന്തിന്റെ ആദ്യനാടകങ്ങൾ പലതും ആർട്സ് ക്ലബ്ബുകളും സ്കൂൾ, കോളെജ് സംഘങ്ങളുമെല്ലാം അവതരിപ്പിക്കുകയും പല മത്സരങ്ങളിലും സമ്മാനം നേടുകയും ചെയ്യുന്നുണ്ട്. അത്തരം ധാരാളം അവതരണങ്ങൾ പ്രശാന്തിന്റെ നാടകങ്ങൾക്ക് ഉണ്ടാകണം എന്ന ഉദ്ദേശ്യത്തിൽക്കൂടിയാണ് ഇവ സമാഹരിച്ചു പുസ്തകരൂപത്തിൽ പുറത്തിറക്കുന്നതെന്നും ഞാൻ മനസിലാക്കുന്നു.
‘മണികർണ്ണിക’യും ‘സായിപ്പിന്റെ പൂച്ചയും’ അടക്കമുള്ള കൃതികളെല്ലാം ഒന്നിനൊന്നു ഭിന്നമാണ്. സമീപനത്തിലും അവതരണത്തിലും ഈ വൈവിദ്ധ്യം ഓരോ രചനയുടെയും വ്യക്തിത്വം അരക്കിട്ടുറപ്പിക്കുന്നു. ഇപ്പോൾ ആലോചനയിലുള്ള ‘ശ്യാമമാധവ’വും ‘ചിത്രലേഖ’യും അങ്ങനെതന്നെ ആയിരിക്കുമെന്നാണു അതേപ്പറ്റിയുള്ള സംസാരത്തിൽനിന്നു മനസിലാക്കിയിട്ടുള്ളത്. ഭാസനാടകങ്ങളായ ‘ഊരുഭംഗം’, ‘സ്വപ്നവാസവദത്തം’, ‘ദൂതഘടോത്ക്കചം’ തുടങ്ങിയവയുടെയൊക്കെ ദൃശ്യഭാഷ്യം ചമയ്ക്കുമ്പോൾപ്പോലും പുതുക്കാലവായനയുടെ സ്പർശം അവയുടെ മാനങ്ങൾ വികസിപ്പിക്കാറുണ്ട്. വാച്യഭാഷയ്ക്കതീതമായി അതെല്ലാം സംവേദിക്കുകയും ചെയ്യുന്നു. തനിക്കു വശമില്ലാത്ത കന്നടഭാഷയിൽ കർണ്ണാടകത്തിലെ പ്രമുഖനാടകസംഘമായ രംഗായനയ്ക്കുവേണ്ടി സംവിധാനം ചെയ്ത ‘സ്വപ്നവാസവദത്തം’ ഒരുവർഷത്തിനിടെ രാജ്യത്തിനകത്തും പുറത്തും പ്രധാനനാടകോത്സവങ്ങളിലടക്കം എഴുപതിൽപ്പരം വേദികളിൽ കളിച്ചു സ്വീകരണം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് വാച്യഭാഷാതീതമായ അരങ്ങുഭാഷയിലുള്ള പ്രശാന്തിന്റെ വഴക്കത്തിന്റെ സാക്ഷ്യമാണ്. എം.റ്റി. വാസുദേവൻ നായരുടെ രചനകൾ ആധാരമാക്കി അടുത്തിടെ അവതരിപ്പിച്ച ‘മഹാസാഗര’വും ഇത്തരത്തിൽ പുനർവായനകളായിരുന്നു.
ഉൾക്കാമ്പിൽ ഈ ഘനഗാംഭീര്യമെല്ലാം ഉള്ളപ്പോഴും പ്രശാന്ത് അവതരിപ്പിക്കുമ്പോൾ അവയൊക്കെ അതീവലളിതമാകുന്നു എന്നതാണു വിസ്മയകരം. ഏതു സാധാരണക്കാർക്കും ആസ്വദിക്കാവുന്ന, മനസിലാക്കാവുന്ന, ജാടകളില്ലാത്ത അവതരണം. ആദ്യകാലരചനകളിൽ ഒന്നായ ‘ബലൂണുകളി’ൽത്തന്നെ കാണാം അരങ്ങിന്റെ ഈ മാന്ത്രികത. “കുട്ടികളുടെ കൈയിലുള്ള സൈക്കിൾറിമ്മുകൾ ഉപയോഗിച്ച് ബലൂൺമാമൻ അവിടെ ഒരു ഗുഹ സൃഷ്ടിക്കുന്നു” എന്ന ക്രിയാംശസൂചനയിലുണ്ട് വല്ലഭനു പുല്ലുമായുധം എന്ന പ്രഖ്യാപനം. ഏറ്റവും ലളിതമായ രംഗവിതാനവും വിധാനവും (stage properties) വേഷഭൂഷകളും തദ്ദേശീയതയ്ക്ക് ഊന്നൽ നൽകുന്ന സംഗീതവും വാദ്യവും ആർഭാടമില്ലാത്ത പ്രകാശവിന്യസനവും ഒക്കെക്കൊണ്ടാണു പ്രശാന്ത് അരങ്ങിൽ അത്ഭുതങ്ങൾ തീർക്കുന്നത്. അടുത്തിടെ ‘മഹാസാഗര’ത്തെപ്പറ്റി ഒരു സുഹൃത്ത് വിമർശം പറഞ്ഞതുതന്നെ പ്രശാന്തിന്റെ നാടകങ്ങളിൽ ഉണ്ടാകാറുള്ള ‘ഞെട്ടിക്കൽ’ ഉണ്ടായില്ല എന്നാണ്. പ്രശാന്തിന്റെ ലിഖിതപാഠം അല്ലാത്തതിനാലാകാം എന്ന് അവർതന്നെ കാരണം കണ്ടെത്തുകയും ചെയ്തു. സൃഷ്ടികളിലൂടെ സൃഷ്ടിച്ചെടുത്തതാണീ വിശ്വാസം. സംസ്ഥാനത്തിന്റെ മറ്റേ അറ്റത്തുനിന്നുവരെ ആസ്വാദകർ വരികയും അഞ്ഞൂറും ആയിരവുമൊക്കെ രൂപയ്ക്കു ടിക്കറ്റെടുത്തു നാടകം കാണുകയും ചെയ്യുന്നു എന്നത് ഈ കൃതഹസ്തതയ്ക്കുള്ള അംഗീകാരമാണെന്നു ഞാൻ മനസിലാക്കിയിട്ടുണ്ട്.


ദേശാഭിമാനിയുടെ സംഘടിപ്പിച്ച എം.ടി. സാംസ്കാരികോത്സവത്തിൽ മഹാസാഗരം അവതരിപ്പിച്ചശേഷം എംടിയും വി. ആർ. സുധീഷും വേദിയിലത്തി അഭിനന്ദിച്ചപ്പോൾ

കലാനിറവിന്റെ രാഷ്ട്രീയസുഗന്ധം
‘ഛായാമുഖി’, ‘മകരദ്ധ്വജൻ’, ‘വജ്രമുഖൻ’ എന്നൊക്കെയുള്ള നാടകങ്ങൾ കാണാത്തവരോ നേരാം‌വണ്ണം കാണാത്തവരോ തെറ്റിദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരു പ്രതിച്ഛായയാണ് പുരാണങ്ങളുടെ നാടകകാരൻ എന്നത്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതരം കാലികവും സാമൂഹികവുമായ ശക്തമായ ഒരു രാഷ്ട്രീയതലം പ്രശാന്തിന്റെ എല്ലാ നാടകങ്ങൾക്കുമുണ്ട്. നാടിനെ പിന്നോട്ടടിക്കാനുള്ള ഉപാധിയായി പുരാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തു നിരന്തരപ്രചാരണം നടത്തുന്ന ഈ നാട്ടിൽ പുരാണങ്ങളുടെ കാലികവും രാഷ്ട്രീയവുമായ പുനർവായനയ്ക്കു പ്രസക്തി ഏറിവരികയാണെന്ന പുതിയ ചിന്ത ശക്തിപ്പെടുന്ന ഒരു ഘട്ടത്തിൽ ഈ രചനകൾക്ക് അങ്ങനെയൊരു രാഷ്ട്രീയമാനംകൂടിയുണ്ട്.
പ്രശാന്തിന്റെ ഇതിവൃത്തസ്വീകരണത്തിൽ കാണുന്നത് പുരാണത്തിലെ നാടകീയത നിറഞ്ഞ ഒരു മുഹൂർത്തം കണ്ടെടുത്തു വികസിപ്പിക്കുക എന്ന രീതിയല്ല. അത്തരം എത്രയോ മുഹൂർത്തങ്ങൾ അവയിലെല്ലാമുണ്ട്. അതിനപ്പുറം, തന്റെ കാലഘട്ടത്തിൽ സമൂഹത്തോടു പറയേണ്ട, സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കേണ്ട ചില വിഷയങ്ങൾ കലാത്മകമായി അവതരിപ്പിക്കാൻ പറ്റുന്ന കഥാതന്തുക്കൾ തേടിക്കണ്ടെത്തുകയാണ്. ‘മകരദ്ധ്വജ’നിൽ നാം കാണുന്നത് ഉപേക്ഷിക്കപ്പെടലിന്റെ, ഒറ്റപ്പെടലിന്റെ, ആ അനാഥത്വത്തിൽ ഉണ്ടാകുന്ന വേട്ടയാടലുകളുടെ സ്ത്രീയവസ്ഥയും അച്ഛനില്ലാതെ വളരുന്ന ബാല്യങ്ങളുടെ പാതാളദാസ്യവും ഉള്ളിന്റെയുള്ളിൽ ഉറഞ്ഞുകിടക്കുന്ന പിതൃഭാവത്തെ തിരസ്ക്കരിച്ചും ആരോടോ ഉള്ള എന്തൊക്കെയോ കടമകൾ നിറവേറ്റാനുഴലുന്ന ഔദ്യോഗികവ്യവഹാരവ്യഗ്രതയുമൊക്കെയാണ്.
“നീന്തിനീന്തി തളരുമ്പോൾ
നിന്നെയോർക്കും ഞാൻ, പൊന്നേ...!”
എന്ന മകരിയുടെ ആത്മതാപം നാടകം കണ്ടു വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരിൽ നൊമ്പരമായി നിൽക്കുന്നതുപോലെ സ്ത്രീയുടെ സമസ്യകൾ സമകാലികസാമൂഹികപശ്ചാത്തലത്തിൽ അവതരിപ്പിച്ച എത്ര ആധുനികകാലനാടകങ്ങൾ നമ്മെ പിൻതുടരുന്നുണ്ട്? അതുപോലെതന്നെയാണ് ‘കറ’യിലെ “മുഷിഞ്ഞോ?” എന്ന ചോദ്യവും.
വർഷങ്ങൾക്കുമുമ്പ് എഴുതിയ ‘കറ’യിലെ നായിക നങ്ങേലി,
“ചുറ്റാകെ മൃഗങ്ങൾ അല്ലയോ തമ്പ്രാ
പല്ലുള്ളവ, നഖമുള്ളവ
കണ്ണു തിന്നും, കരള് തിന്നും
കനിവില്ലാതെ ചങ്ക് തിന്നുന്നവ, ചോരകുടിക്കുന്നവ, വിഷം ചീറ്റുന്നവ” എന്നു ചോദിച്ചപ്പോൾ കഠ്‌വയും ഉന്നാവയും വളർത്തിയ ക്രൗര്യത്തിലേക്കു നമ്മുടെ മനസിലെ ലൈംഗികാക്രമണത്തിന്റെ ചിത്രം പൈശാചികരൂപം ആർജ്ജിച്ചിരുന്നില്ല. ഇന്ന് ആ നാടകം വീണ്ടും കാണുമ്പോഴും വായിക്കുമ്പോഴും ആ ചോദ്യത്തിനു ഭീഷണമായ പുതിയമുഖങ്ങൾ തെളിയുന്നു.

കളം അഭിനയവിദ്യാലയം അവതരിപ്പിച്ച മഹാസാഗരത്തിൽ സുരഭി


“എനിക്ക് കേൾക്കാം, തമ്പ്രാ!
ശബ്ദമില്ലാതെ ഞങ്ങളു പേശും,
ഓരോ ചേലയ്ക്കും ഓരോ കഥപ്പേച്ച്” എന്നവൾ പറയുമ്പോൾ പിച്ചിച്ചീന്തിയ, രക്തക്കറപിടിച്ച പുതിയ ചേലകളും അവയുടെ പുതിയകഥകളും നമ്മുടെ മനസിൽ വീർപ്പുമുട്ടിക്കുന്ന വിഴുപ്പുകൂനകൾ തീർക്കുന്നു.
ഏതോകാലത്തെ മണ്ണാത്തിത്തെയ്യത്തിന്റെ കഥയിലൂടെ പുതുക്കാലത്തെ ജീർണ്ണത അതിശക്തമായി എയ്തുകൊള്ളിക്കുന്ന ‘കറ’, “നാറിത്തുടങ്ങിയിരിക്കുന്നു; കാലം പുറകോട്ടൊഴുകിയാൽ ദേശക്കിണറഴുകും” എന്ന് ഓർമ്മിപ്പിക്കുന്നു. കാലത്തെ പിന്നോട്ടൊഴുക്കി ‘ദേശ’ക്കിണറിനെ നാറ്റിക്കുന്ന ശക്തികൾക്കു മാത്രമല്ല നാടകം മുന്നറിയിപ്പു നൽകുന്നത്, ഏറിയും കുറഞ്ഞുമുള്ള കറ മനസിൽ കൊണ്ടുനടക്കുന്ന നമ്മിലോരോരുത്തർക്കുമാണ്.
“മനുഷ്യന്റെ മനസിലെ കറയളവു കൂടുംതോറും
ഉടുക്കുന്ന ചേലയിലും കറയടയാളങ്ങൾ വീഴും.
തെളിഞ്ഞ ചേലയ്ക്കകത്ത്
ഒരുകടുകു കറയുണ്ടായാലും മുഷിയും.
ഉടുചേല മുഷിഞ്ഞൊരു വിഴുപ്പായ് മാറും.”

വജ്രമുഖൻ നാടകത്തിൽ ഇന്ദ്രൻസ് തമിഴനും ജയകൃഷ്ണൻ കോതണ്ടനുമായി പരിശീനത്തിൽ


“പലവേഷവും പലവിധ ചെയ്തികളു”മായി മനുഷ്യജീവിതത്തിൽ ഓരോ ഘട്ടത്തിലും ഇടപെടുകയും ജീവിതഗതി തിരിച്ചുവിടുകയും ദുരന്തങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന, രക്തദാഹം പ്രകൃതമാക്കിയ, വജ്രത്തിൽ തീർത്ത കൂർത്ത കൊമ്പുള്ള, നിയതിയാകുന്ന വണ്ടിനെ തെരയുന്ന യാത്രയാണു ‘വജ്രമുഖൻ’. പരശുരാമൻ തലവച്ചുറങ്ങുന്ന കർണ്ണന്റെ തുട തുളച്ചു രക്തമൊഴുക്കി കർണ്ണന്റെ സ്വത്വം വെളിപ്പെടുത്തിയ മഹാഭാരതത്തിലെ വണ്ടിനെ കർണ്ണന്റെ ജനനകാരണം മുതൽ മരണം‌വരെയുള്ള ഓരോ നിർണ്ണായകഘട്ടത്തിലും ഇടപെടുന്ന കേന്ദ്രകഥാപാത്രമാക്കി പുതിയ വ്യാഖ്യാനമാണു പ്രശാന്ത് ഇവിടെ നൽകുന്നത്. ജീവിതത്തിലെ യാദൃച്ഛികതകളെന്നു തോന്നാവുന്ന കാര്യങ്ങളെ ഒരു വണ്ടിന്റെ ഇടപെടലുകളായി ആവിഷ്ക്കരിക്കുമ്പോൾ ആ ഓരോ സന്ദർഭത്തിലും മനുഷ്യമനസിൽ പ്രവർത്തിക്കുന്ന സ്വാർത്ഥചിന്തകളുടെ പ്രതീകമാകുകയാണത്. “ഉദ്യാനത്തിൽ പകൽക്കിനാവു കാണുന്നു യൗവ്വനയുക്തയായ കുമാരിയോടൊപ്പം ബ്രാഹ്മണവേഷധാരിയായ സൂര്യൻ പ്രണയലോലനായി ശൃംഗാരപ്പദമാടുന്ന” ഇടത്താണു നാം ആദ്യം വണ്ടിനെ കാണുന്നത്. പുത്രനെ കുന്തി ആറ്റിലൊഴുക്കുമ്പോഴും ഇതേ വണ്ട് അതിനു പ്രേരണയാകുന്നു. അങ്ങനെ ഓരോ സന്ദർഭത്തിലും വജ്രമുഖനെന്ന വണ്ടിനെ രംഗത്തു കൊണ്ടുവന്ന് ഒരു പുരാണകഥയ്ക്കു മനഃശാസ്ത്രപരമായോ മനുഷ്യസ്വഭാവപരമായോ ഉള്ള ഒരു തലം പകരുകയും തികച്ചും വ്യത്യസ്തമായ ഒരു പുനരാഖ്യാനം നടത്തുകയുമാണു രചിതാവു ചെയ്യുന്നത്.
കുട്ടികൾക്കുവേണ്ടി എഴുതിയ, കുട്ടികൾക്കു കളിക്കാവുന്ന, കുട്ടികളുടെ കഥപറയുന്ന നാടകമാണു ‘ബലൂണുകൾ’. പ്രശാന്ത് കുട്ടിയായിരുന്നപ്പോൾ രചിച്ചതുമാണത്. ഇക്കാലത്തെ കുട്ടികളും മുതിർന്നവരൗം കഥാപാത്രങ്ങളാകുന്ന ഈ നാടകത്തിൽപ്പോലും മിത്തിക്കൽ എന്നു തോന്നാവുന്ന കഥാപാത്രങ്ങളും കഥാസൂചനകളുമൊക്കെയുണ്ട്. സംഭവബഹുലമാണു നാടകം. കുട്ടികളുടെ ഭാഷയിൽ ലളിതപദങ്ങൾകൊണ്ട് വലിയ ആശയലോകം സൃഷ്ടിക്കുന്നു. “ബലൂൺമാമാ, ഞങ്ങളും വരുന്നൂ മാമന്റെ ലോകത്തേയ്ക്ക്. നിറയെ കളിപ്പാട്ടങ്ങളുള്ള, സ്നേഹം വഴിയുന്ന, സത്യമുള്ള ലോകത്തേയ്ക്ക്. സീതപ്പൊയ്കയ്ക്കപ്പുറം ഭീമൻമല കയറിയിറങ്ങി നടനടന്നു പോകാം” എന്നു കുസൃതിക്കാരായ കുട്ടികളെക്കൊണ്ടു പറയിക്കുന്ന, അവരിലെ നന്മ കണ്ടെടുക്കുന്ന, അവരിലെ ഭാവന വികസിപ്പിക്കുന്ന ‘ബലൂണുകൾ’ ബാലസാഹിത്യത്തിന്റെ നല്ല മാതൃകകൂടിയാണ്.

പ്രശാന്ത് നാരായണന്റെ സംവിധാനത്തിൽ കർണ്ണാടകയിലെ രംഗായണ അവതരിപ്പിച്ച സ്വപ്നവാസവദത്തത്തിലെ രംഗം


മിത്തിന്റെയോ പുരാണത്തിന്റെയോ സ്പർശമില്ലാത്ത നാടകമാണു ‘ജനാലയ്ക്കപ്പുറം’. എന്നാൽ അതും കേവലമായ യഥാതഥത്വത്തിനു കീഴ്പെടുന്നില്ല. ലോകത്തെയും മനുഷ്യനെയും കുറിച്ചുള്ള സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും അതുണ്ടാക്കുന്ന അസ്വസ്ഥതകളും കലാത്മകതയോടെആവിഷ്ക്കരിക്കുമ്പോൾ അതു സാർവ്വകാലികമാകുന്നു. മഞ്ഞുമൂടിയ നീലത്തടാകവും അരയന്നങ്ങളും അതിനപ്പുറം പുൽപ്പരപ്പും അതിൽ കളിക്കുന്ന കുട്ടികളും ചെമ്മൺപാതയിലൂടെ പാലുവാങ്ങാൻ പോകുന്ന ബാലികയുമൊക്കെ കേവലം സ്വപ്നങ്ങളും ചോര തളം കെട്ടിയ റോഡും അറുത്തിട്ട തലകൊണ്ടു പന്തുതട്ടുന്ന മനുഷ്യരും പൂക്കൾ പതിച്ച കുഞ്ഞുടുപ്പിട്ട ബാലികയെ ആരൊക്കെയോ ചേർന്നു കാറിൽ പിടിച്ചുകയറ്റി കൊണ്ടുപോകുന്നതുമെല്ലാം യാഥാർത്ഥ്യങ്ങളും ആകുന്നു. എല്ലാം ഒരു ആസന്നമരണൻ പറഞ്ഞുകേൾക്കുന്ന ജനൽപ്പുറക്കാഴ്ചകൾ! അതിനുമപ്പുറം, ആ ജനൽപ്പുറം ഒരു ഇടുങ്ങിയ ഇടനാഴി മാത്രമാണെന്നും അതു മോർച്ചറിയിലേക്കുള്ളതാണെന്നും പിന്നീടു നാം അറിയുന്നു. വിനാശത്തിലേക്കുള്ള വഴിയിലാണു ലോകം എന്നു നാടകകാരൻ പറഞ്ഞുവയ്ക്കുന്നു.
സംഭാഷണപ്രധാനമെന്നു വേണമെങ്കിൽ പറയാവുന്ന ഈ നാടകത്തിന്റെ ഓരോ വരിയിലും രാഷ്ട്രീയമുണ്ട്. കഥാനായകനെത്തന്നെ നോക്കുക. അയാളുടെ ആശുപത്രിക്കാർഡിൽ പറയുന്നു, “പേര്  യുദ്ധപാലൻ, വയസ്സ് അറുപത്തിയെട്ട്, സ്വദേശം ഇന്ത്യ, തൊഴിൽ നിരന്തരം യുദ്ധം ചെയ്യൽ, ഭാര്യ ഇല്ല, മക്കൾ...”
ആളെ പരിചയപ്പെടുത്തുന്ന ഒരു സംഭാഷണം ഇങ്ങനെ:
“ആഗതൻ :    ഷർട്ട്! ജവാനായിരുന്നു... പട്ടാളത്തിൽ സേവനം! എത്രകാലം...?
യുദ്ധപാലൻ :    ഏയ്... ജീവിക്കാൻ വേറെ വഴിയില്ലാതെ... രാഷ്ട്രസേവനം വെറും പൊങ്ങച്ചം, യുദ്ധത്തിൽ പങ്കെടുക്കാനാണ് എല്ലാവരും ഭയപ്പെടുന്നത്.”

കാവാലവും പ്രശാന്തും


ജനാലയ്ക്കു പുറത്ത് (അകത്തും) ഇന്നു നാം കാണുന്ന യാഥാർത്ഥ്യമാണു ‘ജനാലയ്ക്കപ്പുറ’ത്തിലെ ഈ സംഭാഷണത്തിലുള്ളത്: “മനുഷ്യരോ!... ഇല്ല, മനുഷ്യരുടെ രൂപങ്ങൾ മാത്രം. എല്ലാവർക്കും ഒരു മൃഗഛായ. പ്രകൃതം കണ്ടിട്ട് മൃഗങ്ങൾതന്നെ. ഇവരിൽ പ്രണയമില്ല... പ്രസാദമില്ല...“
പ്രണയവും പ്രസാദവും ആർദ്രമായ മനുഷ്യബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണു പ്രശാന്ത് നാരായണന്റെ നാടകങ്ങൾ. മുഷ്ടിചുരുട്ടിനിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച് ആ നാടകങ്ങൾ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല. മറിച്ച് മനുഷ്യമനസിൽ ആഴത്തിൽ സ്പർശിച്ച്, അവിടെ ഇടമുറപ്പിച്ച്, മനസിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന, അങ്ങനെ മനോവിമലനത്തിനുള്ള സ്വാധീനതാശക്തിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്. സ്വർണ്ണത്തിനു സുഗന്ധംപോലെ കലാസുഭഗതയ്ക്കു സുഗന്ധം ചാർത്തുന്ന രാഷ്ട്രീയം. കലാസാഹിത്യസുഷമകൾ രാഷ്ട്രീയാത്മകരചനകൾക്ക് അന്യമാണെന്ന നമ്മുടെ സാഹിത്യപ്രസ്ഥാനകലഹങ്ങൾക്കു കാരണമായ വാദം ഇവിടെ അന്യമാകുന്നു.
ഇവയിലുള്ളതു ജീവിതാവസ്ഥകളാണ്. അതാകട്ടെ സാർവ്വലൗകികവും സാർവ്വകാലികവുമായ മാനങ്ങളുള്ളവ. അങ്ങനെയുള്ളവയാണു കാലാതിവർത്തിയായ കലാസൃഷ്ടികൾ. അത്തരം എഴുത്തിന്റെ ഒരു മഹാപാരമ്പര്യം ഇൻഡ്യയ്ക്കും കേരളത്തിനുമുണ്ട്. അതിന്റെ ഇങ്ങേത്തലയ്ക്കൽ നിൽക്കുന്ന പിന്മുറക്കാരനാകാൻ കഴിയുന്ന പ്രതിഭയാണു പ്രശാന്ത് നാരായണൻ. അതിഭാവുകത്വം കലർന്ന പ്രശംസയായല്ല, വസ്തുനിഷ്ഠമായ ഒരു നിരീക്ഷണം എന്ന നിലയിലാണിതു പറയുന്നത്. ആ നിലയിലുള്ള ഗൗരവാവഹമായ വായനയും പഠനങ്ങളും അവതരണങ്ങളും അർഹിക്കുന്നതാണ് പ്രശാന്ത് നാരായണന്റെ ഓരോ രചനയും.

Friday, 8 December 2023

കർമ്മയോഗിയായ കൊച്ചുമനുഷ്യൻ: എം. കെ. കൃഷ്ണൻ നായരുടെ ജീവിതം

 

"കർമ്മയോഗിയായ കൊച്ചുമനുഷ്യൻ"

 

 

എം. കെ. കൃഷ്ണൻ നായരുടെ ജീവിതം: 30-ാം ചരമവാർഷികത്തിൽ ഒരു അനുസ്മരണം

(ജീവിതം: 1910 ഫെബ്രുവരി 10 – 1993 ഡിസംബർ 9)

മനോജ് കെ. പുതിയവിള



ർക്കാരിൽ താൽക്കാലികജീവനക്കാരൻ ആയിരുന്ന ഒരു തനി ഗ്രാമീണൻ അതിപ്രതാപശാലി ആയിരുന്ന ദിവാൻ സർ സി. പി. രാമസ്വാമി അയ്യരെ മുഖാമുഖം കാണാൻ ഇടയായതിന്റെ വിവരണം അദ്ദേഹത്തിന്റെ സുഹൃത്ത് ഡയറിയിൽ കുറിച്ചുവച്ചത് ഇരുവരുടെയും മരണശേഷം കാണാൻ അവസരം ഉണ്ടായി. ദിവാനുമായി ഓഫീസിൽ കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ച വേറെ ആരും ആ നാട്ടിൽ ഇല്ലായിരുന്നതുകൊണ്ടാകാം ആ സംഭവം അത്തരത്തിൽ നാടകീയതയും അതിഭാവുകത്വവും ഒക്കെ കലർത്തി സവിസ്തരം എഴുതപ്പെട്ടത്. പുതിയവിള യുപി സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ഓടാശേരിൽ ഗോപാലകൃഷ്ണപിള്ള ആ കുറിപ്പ് എഴുതിയത് കുടുംബസുഹൃത്തായിരുന്ന ഇളങ്ങള്ളൂർ കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായരെപ്പറ്റി ആണ്. അച്ഛനായ ഓടാശേരിൽ ദാമോദരൻ പിള്ളയുടെയും അടുത്ത സുഹൃത്ത് ആയിരുന്നു കൃഷ്ണൻ നായർ.

ഒരു സ്നേഹിതന്റെ കഥ - എൻ്റെയും

‘ഒരു സ്നേഹിതന്റെ കഥ - എന്റെയും’ എന്ന തലക്കെട്ടിൽ എഴുതിയ ആ കുറിപ്പിൽ വിവരിച്ചിരുന്നത് സർവ്വേ വകുപ്പിൽ താത്ക്കാലികനിയമനത്തിൽ വർഷങ്ങളോളം ജോലി ചെയ്ത ഏതാനുംപേരെ അന്നത്തെ നിയമപ്രകാരം സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതിനെത്തുടർന്ന് അവർക്കുവേണ്ടി ദിവാനെ കണ്ട് നിവേദനം നല്കി സ്ഥിരം നിയമനം മുൻകാലപ്രാബല്യത്തോടെ നേടിയെടുത്ത സംഭവം ആണ്. ദിവാന്റെ മുന്നിൽ ഇരിക്കാൻ കൃഷ്ണൻ നായർ മടിച്ചതും ദിവാൻ വിരട്ടി ഇരുത്തി പരാതി കേട്ടതും നിവേദനം സ്വീകരിച്ച് മറ്റെന്നാൾ കാലത്ത് കച്ചേരിയിൽ വരാൻ നിർദ്ദേശിച്ചതും അതുപ്രകാരം എത്തി കാത്തിരുന്ന കൃഷ്ണൻ നായരെ മറ്റു സന്ദർശകർക്കിടയിൽനിന്നു തിരിച്ചറിഞ്ഞ് “Oh! The disbanded surveyor, you come up” എന്നു പറഞ്ഞ് ദിവാൻ വിളിച്ചുകൊണ്ടുപോയതും ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഫയൽ എടുപ്പിച്ചതും അതു പരിശോധിച്ചു കുപിതനായ ദിവാൻ വകുപ്പുസെക്രട്ടറിയെ വിളിച്ചുവരുത്തി ശകാരിച്ചതും അയാൾക്കുനേരെ ഫയൽ വലിച്ചെറിഞ്ഞതും ഒക്കെ സവിസ്തരം അതിൽ വർണ്ണിച്ചിരിക്കുന്നു. ഒരുവർഷം മുമ്പ് ഇവർക്ക് ഒരുവർഷത്തേക്കുകൂടി താത്ക്കാലികനിയമനം നല്കാൻ സെക്രട്ടറി നല്കിയ ശുപാർശയിൽ അത് അംഗീകരിച്ചതോടൊപ്പം ആ സേവനം പൂർത്തിയാകുന്നമുറയ്ക്ക് ഇവർക്കു സ്ഥിരനിയമനം നല്കണമെന്നും ദിവാൻ നിർദ്ദേശിച്ചിരുന്നു. അതു ശ്രദ്ധിക്കാതെ അവരെ പിരിച്ചുവിടാൻ ഉത്തരവ് ഇറക്കിയതാണ് ദിവാനെ പ്രകോപിപ്പിച്ചത്. അനന്തരം “You may go. The paper will reach you on 6th and you will be posted with retrospective effect” എന്നു പറഞ്ഞാണ് കൃഷ്ണൻ നായരെ സിപി മടക്കിയയച്ചത്. 1936 ജൂലൈ 1 മുതൽ ആറുകൊല്ലം താത്ക്കാലികനിയമനത്തിൽ ജോലി ചെയ്തുവന്ന കൃഷ്ണൻ നായരുടെ കഥ ഉപസംഹരിക്കുന്നത് ഇങ്ങനെ: “മുൻകാല പ്രാബ്യലത്തോടുകൂടി 1118 ചിങ്ങം 6-ന് (1942 ഓഗസ്റ്റ് 22) പുതിയ തസ്തികയിൽ നിയമിക്കപ്പെട്ട പരാതിക്കാരൻ (എം. കെ. കൃഷ്ണൻ നായർ) വില്ലേജ് ഓഫീസറായി ഇംഗ്ലിഷ് വർഷം 1965 ജനുവരിയിൽ റിട്ടയർ ചെയ്തു.” [ആ വിവരണം ഈ ലിങ്കിൽ വായിക്കാം.]

കഥാപുരുഷനും കഥകളും

ഈ ചരിത്രക്കുറിപ്പിലെ കഥാനായകനായ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ പുതിയവിള ഇളങ്ങള്ളൂർക്കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായർ ആ നാടിനെ ഇന്നത്തെ നിലയിലേക്കു മാറ്റാൻ വഴിയൊരുക്കിയ പല പ്രവർത്തനങ്ങളിലും സുപ്രധാനപങ്കുകൾ നിർവ്വഹിച്ച ആളാണ്. അദ്ദേഹത്തിന്റെ ജീവിതം ഓണാട്ടുകരയുമായും ചില നിലകളിൽ കേരളവുമായും ബന്ധമുള്ളതാണ്. അതിൽ പല ഓർമ്മകളും ഓണാട്ടുകരയിലെ കണ്ടല്ലൂർ, മുതുകുളം ഗ്രാമങ്ങളിലുണ്ട്. പക്ഷെ, ആ ഓർമ്മകൾ വിശദാംശങ്ങൾ നഷ്ടപ്പെട്ട് ഒളിമങ്ങുകയാണ്. നാടിന്റെ മറവി വിഴുങ്ങിയ, നാട് അറിയേണ്ട, അത്തരം ചില സംഭവങ്ങൾ അനുസ്മരിക്കുകയാണ്, അദ്ദേഹത്തെ അറിയുന്നവർക്കും അറിയാത്ത പുതുതലമുയ്ക്കുമായി.

ആ ജീവിതകഥ തുടങ്ങുന്നത് 113 കൊല്ലം മുമ്പാണ്. 1910-ൽ. അക്കൊല്ലം ഫെബ്രുവരി 10 (1085 മകരം 28) വ്യാഴാഴ്ചയാണ് കഥാപുരുഷന്റെ ജനനം. അച്ഛൻ കാഞ്ഞിരത്തിൻമൂട്ടിൽ നാരായണപിള്ള. അമ്മ മരങ്ങാട്ട് ലക്ഷ്മിപ്പിള്ള. ഇരുവരും പുതിയവിളക്കാർ; അയൽക്കാർ. സ്കൂൾ അദ്ധ്യാപിക ആയിരുന്ന കൈലാസത്തിൽ എൽ. ഗൗരിപ്പിള്ള, ഗൃഹസ്ഥ ആയിരുന്ന ഇളങ്ങള്ളൂർ കണ്ടത്തിൽ എൽ. കുഞ്ഞുകുഞ്ഞമ്മ, കുത്തിയോട്ടകലാകാരനും ചുവടിന്റെ ആശാനും നാട്ടിൽ മിഡ്വൈഫറി സെന്ററിനു ദീർഘകാലം ആസ്ഥാനമായ കെട്ടിടം നിർമ്മിച്ചു നല്കിയ, അക്കാലത്ത് ആ നാട്ടിലെ ഏക സാംസ്ക്കാരികസംഘടന ആയിരുന്ന, ദേശസേവിനി യുവജനസമാജം പ്രവർത്തകനും ആയിരുന്ന കെ. പരമേശ്വരൻ പിള്ള, ആ സമാജത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ, രോഗബാധയാൽ ചെറുപ്പത്തിലേ മരിച്ച കെ. വാസുദേവൻ പിള്ള, ഗൃഹസ്ഥ ആയിരുന്ന എൽ. ഭാർഗ്ഗവിപ്പിള്ള എന്നിവർ ആയിരുന്നു സഹോദരർ.

VSLE സർട്ടിഫിക്കറ്റ് - 1926 ഏപ്രിൽ

തിരുവിതാംകൂറിൽ ആണുങ്ങൾക്ക് അച്ഛന്റെയും പെണ്ണുങ്ങൾക്ക് അമ്മയുടെയും പേരിന്റെ ആദ്യാക്ഷരം ആയിരുന്നു ഇനീഷ്യൽസായി ചേർത്തിരുന്നത്. അതിനൊപ്പം വീട്ടുപേരിന്റെ ആദ്യക്ഷരവും ചിലർ ചേർത്തിരുന്നു. മരുമക്കത്തായത്തിന്റെ നഷ്ടപ്രതാപകാലത്ത് സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയത് അമ്മാവൻ മരങ്ങാട്ട് കണക്ക് കുഞ്ഞുപിള്ളയാണ്. അങ്ങനെയാണ് കൃഷ്ണൻ നായരുടെ ഇനീഷ്യൽസ് എം. കെ. ആയത്. വീട്ടുകാർ ഇട്ട കൃഷ്ണപിള്ള എന്ന പേര് ഔദ്യോഗികരേഖകളിൽ കൃഷ്ണൻ നായർ ആയതും ആ സ്കൂൾ ചേർക്കലിൽ ആണത്രേ! ചരിത്രപ്രസിദ്ധമായ ‘തൊണ്ണുറ്റൊമ്പതിലെ വെള്ളപ്പൊക്കം’ 14-ാം വയസിൽ കണ്ടനുഭവിച്ച ആ തലമുറയുടെ കാലത്ത് അതൊക്കെ നാട്ടുനടപ്പായിരുന്നു.

രാമപുരം മിഡിൽ സ്കൂളിൽ പഠിച്ച് ഡയറക്റ്റർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷനിൽനിന്ന് 1926 ജൂലൈ 28-ന് 16 വയസിൽ വെർണാക്കുലർ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റും തുടർന്ന്, മൂവാറ്റുപുഴ സർവ്വേ സ്കൂളിൽ മെഷറിങ് ലാൻഡ് വിത്ത് ചെയിൻ, പ്ലോട്ടിങ് ഫീൽഡ്സ്, കാൽക്കുലേറ്റിങ് ഏരിയാസ് ആൻഡ് റിസ്റ്റോറിങ് മിസിങ് സർവ്വേ ബൗൺഡറി മാർക്സ്  എന്നിവ അടങ്ങുന്ന സർവ്വേ കോഴ്സ് പഠിച്ച് 1935 സെപ്റ്റംബർ 29-ന് (1107 കന്നി 9) ട്രാവൻകോർ സർവ്വേ സൂപ്പറിന്റൻഡന്റിന്റെ സർട്ടിഫിക്കറ്റും നേടിയശേഷമുള്ള സംഭവവികാസങ്ങളാണ് തുടക്കത്തിലെ കഥയിൽ ഉള്ളത്.

അങ്ങനെ സർക്കാരിൽ മുൻകാലപ്രാബല്യത്തോടെ സ്ഥിരനിയമനം ലഭിച്ച കൃഷ്ണൻ നായർ പിന്നീട് വില്ലേജ് ഓഫീസർ ആകുകയും സമീപവില്ലേജായ മുതുകുളവും സ്വദേശമായ കണ്ടല്ലൂരും ഉൾപ്പെടെയുള്ള വില്ലേജുകളിൽ സേവനം അനുഷ്ഠിച്ചശേഷം 1965 ജനുവരി 31-നു സർവ്വീസിൽനിന്നു വിരമിക്കുകയും ചെയ്തു. സർക്കാർസേവനകാലത്തെ വേറെയും പല സംഭവങ്ങളും കൗതുകകരവും ചരിത്രപ്രാധാന്യം ഉള്ളതുമാണ്. അവയിലേക്കു വരുന്നതിനുമുമ്പ് നാടുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സംഭാവനകൾ ചുരുക്കി പറയാം.

സർവ്വേ സർട്ടിഫിക്കറ്റ് 1931 സെപ്റ്റംബർ 25

കർമ്മയോഗിയായ കൊച്ചുമനുഷ്യൻ

ശതാബ്ദിയുടെ നിറവിൽ നില്ക്കുന്ന, ഇപ്പോൾ സഹകരണബാങ്കായ, പുതിയവിള സർവ്വീസ് സഹകരണസംഘം നം: 631-ന്റെ രൂപവത്ക്കരണത്തിനു മുൻകൈ എടുത്തു പ്രവർത്തിച്ച ഒൻപതുപേരിൽ ഒരാളാൾ ഇദ്ദേഹം ആയിരുന്നു എന്ന് 1997-ൽ കണ്ടല്ലൂർ പഞ്ചായത്ത് പ്രസിദ്ധീകരിച്ച വികസനറിപ്പോർട്ടിന്റെ 85-ാം പേജിൽ ഈ സൊസൈറ്റിയുടെ ചരിത്രം പറയുന്നിടത്ത് രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ ഒൻപതാമത്തെ പേരുകാരനായ ഇളങ്ങള്ളൂർ കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായർ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ആയിരുന്നു. സംഘം രൂപവത്ക്കരിക്കുന്ന 1923 ജൂലായിൽ അദ്ദേഹത്തിനു 14 വയസ്. അന്നൊക്കെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നവർ നാട്ടിൽ നന്നേ കുറവായിരുന്നതിനാൽ, അങ്ങനെയൊരാൾ എന്ന നിലയിൽ ഈ കൗമാരക്കാരനും അന്നത്തെ 18-25 പ്രായക്കാർ മാത്രം ആയിരുന്ന മറ്റു സംഘാടകരിൽ ഒരാളായി പങ്കുചേർന്നതു സ്വാഭാവികം. പ്രായപൂർത്തി ആയപ്പോൾ അംഗം ആകുകയും ചെയ്തു. പിന്നീട് ഈ സൊസൈറ്റി പ്രതിസന്ധിയിൽ ആയ ഘട്ടത്തിൽ അതിനെ രക്ഷപ്പെടുത്താൻ അന്നു വില്ലേജോഫീസർ ആയിരുന്ന കൃഷ്ണൻ നായരെ അവധിയെടുപ്പിച്ചു കൊണ്ടുവന്ന് സെക്രട്ടറിയുടെ ചുമതല ഏല്പിച്ചതും ചരിത്രം. പിന്നീടാണ് സെക്രട്ടറി ആകാൻ കൊമേഴ്സും കോപ്പറേഷനും ഒക്കെ യോഗ്യത ആകുന്നത്. അടിയന്തരാവസ്ഥയുടെ കാലത്ത് ഈ സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയപ്പോൾ അതിൽ അംഗമായി സർക്കാർ നിയമിച്ചതും ഇദ്ദേഹത്തെയാണ്. അക്കാലത്ത് ബോംബേ ഡൈയിങ്ങിന്റെ വില്പനശാല തുടങ്ങിയതടക്കം സൊസൈറ്റിക്കു കാര്യമായ ഉണർവ്വ് ഉണ്ടായി.

കണ്ടല്ലൂർ പഞ്ചായത്തിന്റെ 1997-ലെ വികസനറിപ്പോർട്ട് പേജ് 85

ആദ്യകാലത്ത് റേഷൻ കടയും വളം ഡിപ്പോയും ഒക്കെ ഉണ്ടായിരുന്ന പുതിയവിള സർവ്വീസ് സഹകരണസംഘം തുടക്കം മുതലേ പ്രവർത്തിച്ചിരുന്നത് ഇളങ്ങള്ളൂർ വീടിന്റെ തെക്കുപുറത്തുള്ള നടപ്പുരയിൽ ആയിരുന്നു. അന്ന് കൃഷ്ണൻ നായരുടെ അച്ഛനും കുടുംബവുംകൂടി ഉൾപ്പെട്ട കൂട്ടുകുടുംബം താമസിച്ചിരുന്നത് ആ വീട്ടിൽ ആണ്. കുടുംബസ്വത്തു വീതം വച്ചപ്പോൾ പിതാവിനു കിട്ടിയ കണ്ടം നികത്തി വീടുകെട്ടി ഇളങ്ങള്ളൂർക്കണ്ടത്തിൽ എന്നു പേരിട്ട് സഹോദരങ്ങൾക്കൊപ്പം കൃഷ്ണൻ നായർ താമസം തുടങ്ങിയശേഷവും ഏറെക്കാലം സൊസൈറ്റി അവിടെത്തന്നെ ആയിരുന്നു. സൊസൈറ്റി സ്വന്തം കെട്ടിടം പണിത് അവിടേക്കു മാറിയപ്പോൾ റേഷൻ കട മാത്രം അവിടെ തുടർന്നു.

മുതുകുളം ഹൈസ്കൂൾ സമാജം ഭരണഘടനയുടെ കരട്

മുതുകുളം ഹൈസ്കൂൾ ആണ് കൃഷ്ണൻ നായരുടെകൂടി മുൻകൈയിൽ തുടങ്ങിയ മറ്റൊരു സ്ഥാപനം. അമ്പഴവേലിൽ വേലുപ്പിള്ളയെപ്പോലെ ഉള്ളവർ ആയിരുന്നു മുന്നണിയിൽ. 1951-ൽ മുതുകുളം ഹൈസ്കൂൾ സ്ഥാപിക്കാൻ രൂപംകൊടുത്ത ‘മുതുകുളം ഹൈസ്കൂൾ സമാജ’ത്തിന്റെ ഭരണഘടന എഴുതിത്തയ്യാറാക്കിയത് ഇദ്ദേഹമാണ്. അത് ഉൾപ്പെടെ സ്കൂൾ സ്ഥാപിക്കലിന്റെ മുഖ്യചുമതലകളിൽ കൃഷ്ണൻ നായർ സജീവം ആയിരുന്നു. നാട്ടിൽ ഒരു സ്ക്കൂൾ എന്ന ആശയം ഉയർത്തി അതിനായി പ്രദേശത്തെ ‘എല്ലാ സ്ത്രീപുരുഷന്മാരും’ (ജാതിമതരാഷ്ട്രീയഭേദമൊന്നും ഇല്ലാതെ) അംഗങ്ങളായി ഒരു ‘സമാജം’ രൂപവത്ക്കരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ സുപ്രധാനപങ്ക് ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കൈപ്പടയിൽ തയ്യാറാക്കിയ സമാജത്തിന്റെ ഭരണഘടനയുടെ കരട് അദ്ദേഹം സൂക്ഷിച്ച രേഖകളിൽ ഉണ്ട്. 

മുതുകുളം ഹൈസ്കൂളിന് 1957-ൽ കെട്ടിടം നിർമ്മിച്ചതിൻ്റെ വരവുചെലവുകണക്ക് എഴുതിയ ബുക്കുകളിൽ ഒന്നിൻ്റെ ആദ്യതാൾ

മുതുകുളം ഹൈസ്ക്കൂളിനായി  1957-ൽ കെട്ടിടങ്ങൾ നിർമ്മിച്ച കമ്മിറ്റിയുടെ കൺവീനറും ഇദ്ദേഹം ആയിരുന്നു. 1976-77-ൽ അതേ സ്ക്കൂളിന്റെ രജതജൂബിലി കൊണ്ടാടിയപ്പോൾ ആ ആഘോഷക്കമ്മിറ്റിയുടെയും കൺവീനർ ആയി. അന്നു പിറ്റിഎ പ്രസിഡന്റും ആയിരുന്നു. അതിനുമുമ്പ് മറ്റു മൂന്നു മക്കൾ പഠിച്ചപ്പോഴും കൃഷ്ണൻ നായർ ആയിരുന്നു പിറ്റിഎ പ്രസിഡന്റ്. ഈ ചുമതലകൾ വഹിച്ച് സ്ക്കൂൾക്കെട്ടിടത്തിന്റെയും രജതജൂബിലിസ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും നിർമ്മാണത്തിനു ചുക്കാൻ പിടിച്ച ആളെന്ന നിലയിലും പഴമക്കാർക്ക് ഇദ്ദേഹത്തെ ഓർമ്മയുണ്ടാകും. സ്കൂളിന്റെ ആദ്യകെട്ടിടത്തിന്റെയും മതിലിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും വരവുചെലവുകണക്കുകളും ഇദ്ദേഹം ഭദ്രമായി സൂക്ഷിച്ചിരുന്നു.

മുതുകുളം ഹസികൂൾ രജതജൂബിലി ആഘോഷത്തിൻ്റെയും ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണത്തിൻ്റെയും വരവുചെലവുകണക്കുപുസ്തകത്തിൻ്റെ ആദ്യതാൾ

പുല്ലുകുളങ്ങര, മുതുകുളം, കാർത്തികപ്പള്ളി വഴിയുള്ള കായംകുളം - ഹരിപ്പാട് റോഡിന്റെ വളവുകൾ കുറച്ചു വീതികൂട്ടാനുള്ള സ്കെച്ചുകൾ സ്വയം തയ്യാറാക്കി ജനങ്ങളുടെ ഒപ്പു ശേഖരിച്ചു 1960-കളിലും 70-കളിലും പലവുരു നിവേദനങ്ങൾ നൽകിയതുൾപ്പെടെ വേറെയും നിരവധി പൊതുക്കാര്യങ്ങളിൽ നേതൃത്വപരമായി ഇടപെട്ടിരുന്ന കൃഷ്ണൻ നായർ ഒന്നിന്റെയും പേരും പെരുമയും അവകാശപ്പെടാൻ താല്പര്യപ്പെട്ടിരുന്നില്ല; പ്രമാണിയാകാനും നിന്നില്ല.

പുതിയവിളയിൽ 1938 (കൊ.വ. 1110)-ൽ ആദ്യമായി നായർ കരയോഗം ആരംഭിച്ചപ്പോൾ സ്ഥാപകസെക്രട്ടറി ആയതും എം. കെ. കൃഷ്ണൻ നായർ ആണ്. കാഞ്ഞിരപ്പള്ളിൽ ക്ഷേത്രമുറ്റത്ത് നിലവിളക്കു കൊളുത്തി കരയോഗത്തിനു തുടക്കം കുറിച്ചതും ആദ്യ വിശേഷാൽ പൊതുയോഗം 1110 വൃശ്ചികം 24 (1934 ഡിസംബർ 9, ഞായർ)-ന് പ്രസിഡന്റ് കോയിപ്പള്ളിൽ കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ഓടാശേരിൽ വീട്ടിൽ ചേർന്ന് കരയോഗത്തിന് ‘ഐശ്വര്യപ്രദായിനി’ എന്നു പേരിടാൻ തീരുമാനിച്ചതു മുതലുള്ള യോഗങ്ങളുടെയും കരയോഗം സംഘടിപ്പിച്ച പരിപാടികളുടെയും മിനുട്ടുകളും സെക്രട്ടറിയായ ഇദ്ദേഹം സൂക്ഷിച്ചിരുന്നത് ആ ചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. ഇതുകൂടാതെ, പുല്ലുകുളങ്ങര നായർ കരയോഗയൂണിയൻ എന്നൊരു സംഘടനയുടെ ചട്ടങ്ങളും കൃഷ്ണൻ നായരുടെ കൈപ്പടയിൽ എഴുതിയത് ശേഖരത്തിൽ കാണുന്നു. ‘പുല്ലുകുളങ്ങര ദേവസ്വത്തോട് ബന്ധിച്ചുള്ള എല്ലാ കരകളും ഇതിന്റെ വ്യാപ്തിയിൽ ഉൾപ്പെടും’ എന്ന് ഇതിൽ പറയുന്നു. എൻഎസ്എസിന്റെ കരയോഗങ്ങൾ ഈ പ്രദേശങ്ങളിൽ രൂപംകൊള്ളുന്നതിനു മുമ്പ് നായർ കരയോഗങ്ങൾ ആയിരുന്നു നായർ സമുദായത്തിന്റെ സംഘടന. അതു മുഖ്യമായും ആ കരകളുടെ പൊതുക്ഷേത്രം ആയിരുന്ന പുല്ലുകുളങ്ങര ക്ഷേത്രത്തിന്റെ ഭരണവും ഉത്സവനടത്തിപ്പും ഒക്കെയായി ബന്ധപ്പെട്ട് ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ഈ നായർ കരയോഗ യൂണിയന്റെ ചട്ടങ്ങളിൽ ‘ഉദ്ദേശ്യങ്ങൾ’ എന്ന ശീർഷകത്തിൽ കാണുന്നതും ‘കരയോഗങ്ങൾക്ക് ഐകരൂപ്യം ഉണ്ടാക്കി അവയെല്ലാം യൂണിയന്റെ ഘടകങ്ങൾ എന്ന നിലയ്ക്ക് ഒരു പൊതുനയത്തോടുകൂടി അന്യോന്യം സഹകരിച്ചു പ്രവർത്തിപ്പിക്കുക’ എന്നാണ്. ഇതിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

പുല്ലുകുളങ്ങര നായർ കരയോഗയൂണിയൻ ചട്ടങ്ങൾ

നാട്ടുകാർക്കു സുസമ്മതൻ ആയിരുന്ന ഇദ്ദേഹത്തിന്റെ മിക്ക പ്രഭാതവും ആരംഭിച്ചിരുന്നത് നാട്ടുകാരുടെ വസ്തുത്തർക്കങ്ങളോ അതിരുവഴക്കുകളോ കുടുംബകലഹങ്ങളോ തീർത്തുകൊണ്ട് ആയിരുന്നു. അതിർത്തിത്തർക്കമൊക്കെ ആവശ്യമെങ്കിൽ നേരിട്ടു പോയി അളന്നു കല്ലിട്ട് തീർപ്പാക്കും. അമ്മാവൻ, കണ്ടത്തിലെ അമ്മാവൻ, വല്യമ്മാവൻ, കൊച്ചുകിട്ടനമ്മാവൻ, പാറോത്യാരമ്മാവൻ എന്നെല്ലാം ഇളംമുറക്കാരും കൃഷ്ണൻ നായരുചേട്ടൻ എന്നു കുറച്ചു മുതിർന്നവരും സ്നേഹാദരത്തോടെ വിളിച്ചിരുന്ന കൃഷ്ണൻ നായരുടെ തീർപ്പുകൾ എല്ലവർക്കും സമ്മതം ആയിരുന്നു. ആ നീതിനിഷ്ഠതയിൽ എല്ലാവർക്കും അത്രയ്ക്കു വിശ്വാസം ആയിരുന്നു.

  

ഐശ്വര്യപ്രദായിനി നായർ കരയോഗത്തിനു നാമകരണം ചെയ്ത യോഗത്തിന്റെ മിനുട്സ്

 ഇദ്ദേഹത്തിന്റേതായി കണ്ട എഴുത്തുകളെല്ലാം പ്രൗഢമായ ഭാഷയിൽ എഴുതിയവയാണ്. ഇടയ്ക്കൊക്കെ ചെറുകവിതകളും എഴുതിയിരുന്നതായി കാണുന്നു. നിയമസഭകളുടെ പ്രവർത്തനം നിലവാരം കുറഞ്ഞ് പരസ്പരപോരാട്ടമായി മാറിയ ഒരു ഘട്ടത്തിൽ എഴുതിയ ‘നിയമസഭാവലോകനം’ എന്ന നാലുവരിശ്ലോകം അദ്ദേഹത്തിന്റെ രചനാരീതിയുടെ സ്വഭാവം വെളിവാക്കുന്നു:
“കഷ്ടം! സ്ഥാനവലിപ്പമോ ജനമനോഭാവങ്ങളോ ധർമ്മമോ
നാട്ടാവശ്യങ്ങളിലൊന്നുമോ ചെറുതുമിങ്ങോരില്ല സാമാജികർ
കഷ്ടം! നിയമസഭാപരിസരം നാറുന്നു ബാലിസുഗ്രീവർപോ-
ലിഷ്ടന്മാർ പൊരുതുന്നു, ഹാ! ഇവിടമാണശ്ലീലവിദ്യാലയം!”

കവിത: നിയമസഭാവലോകനം

വിദ്യാഭ്യാസത്തിന്റെ ഭാഗമായി എഴുതിയതോ എന്നു വ്യക്തമല്ലാത്ത സാഹിത്യനിരൂപണം പോലുള്ള ചില എഴുത്തുകളും കൂട്ടത്തിൽ ഉണ്ട്. 1934, 35 വർഷങ്ങളിലെയൊക്കെ ‘മലയാളനാട് ചിത്രവാരിക’യുടെ പല ലക്കത്തിന്റെയും പുറംചട്ടകളും ഉൾത്താളുകളും ശേഖരത്തിൽ കാണുന്നതിൽനിന്ന് അവയൊക്കെ അദ്ദേഹം വരുത്തി വായിച്ചിരുന്നെന്നു മനസിലാക്കാം. അക്കാലത്ത് പ്രസിദ്ധമായിരുന്ന ‘അനാർക്കലി’ നാടകത്തിൽ അതിലൂടെ പ്രസിദ്ധരായ അഭിനേതാക്കളായ അനാർക്കലി വാസുദേവൻ പിള്ളയോടും അക്ബർ ശങ്കരപ്പിള്ളയോടും ഒപ്പം അഭിനയിച്ച ചരിത്രവും കൃഷ്ണൻ നായർക്കുണ്ട്.

സേവനപർവ്വം

അഴിമതിയുടെ കറപുരളാത്ത അഭിമാനപൂർവ്വമായ വ്യക്തിജീവിതത്തിന്റെ ഉടമയായിരുന്ന ഇദ്ദേഹം അതുകൊണ്ടുതന്നെ, നാലു കാശുണ്ടാക്കാത്തവൻ മണ്ടനാണെന്ന തത്വചിന്ത പുലർത്തിയ ഒരു അനന്തരവനാൽ ‘മണ്ടൻ പാറോത്യാർ’ എന്ന് അധിക്ഷേപിക്കപ്പെടാനും ഇടയായിട്ടുണ്ട് എന്നത് ആ ജീവിതത്തിലെ മറ്റൊരു അഭിമാനം. രാജഭരണകാലം പ്രവൃത്തിക്കാർ (പ്രവർത്ത്യാർ, പാറോത്യാർ) എന്ന വില്ലേജോഫീസർമാർക്ക് വലിയ അധികാരങ്ങൾ ഉണ്ടായിരുന്ന കാലമാണ്. അത് ഉപയോഗിച്ച് പലരും അവിഹിതസ്വത്തു സമ്പാദിക്കുന്നതു കണ്ടിട്ടുള്ള അനന്തരവൻ അമ്മാവനെക്കൊണ്ട് പലതും സാധിച്ചുകൊടുക്കാം എന്നു പറഞ്ഞ് ചിലരോടെല്ലാം കാശുവാങ്ങിയത് അറിഞ്ഞ കൃഷ്ണൻ നായർ അനന്തരവനെ പരസ്യമായി ശാസിച്ച് ആ കാശു തിരികെ കൊടുപ്പിച്ചതാണത്രേ മേല്പറഞ്ഞ അധിക്ഷേപത്തിനുള്ള പ്രകോപനം.

അന്നൊക്കെ രാജഭരണത്തിന്റെ എന്തെങ്കിലും ആനുകൂല്യം കിട്ടുന്നത് ഇന്നത്തെ ജനാധിപത്യഭരണത്തിലെപ്പോലെ പൗരരുടെ അവകാശമായല്ല കണ്ടിരുന്നത്. അതിനാൽ, അങ്ങനെ ആനുകൂല്യങ്ങൾ കിട്ടുന്നവർ അതു നല്കിയ ഉദ്യോഗസ്ഥർക്ക് വാഴക്കുലകളും കൃഷിവിളകളും മത്സ്യത്തൊഴിലാളികൾ ആണെങ്കിൽ നല്ലയിനം മീനും ഒക്കെ ‘കാഴ്ച’യായി നല്കുമായിരുന്നു. പലപ്പോഴും അങ്ങനെയൊക്കെ നല്കിയാലേ അർഹമായ ആനുകൂല്യംപോലും കിട്ടുമായിരുന്നും ഉള്ളൂ. രാജഭരണം തീർന്നിട്ടും ആ ശീലം ആ തലമുറയിൽ നിലനിന്നുപോന്നു. ആ ശീലത്തോടെ ആരെങ്കിലും അങ്ങനെയെന്തെങ്കിലും ‘കാഴ്ച’യോ ‘സ്നേഹസമ്മാന’മോ കൊണ്ടുവന്നാൽ അവരെ അതു പാടില്ലെന്നു ഗുണദോഷിച്ചും എന്നിട്ടും കേൾക്കുന്നില്ലെങ്കിൽ കഠിനമായി ശകാരിച്ചും കാഴ്ചവസ്തുവുമായി നിർദ്ദയം തിരിച്ചയയ്ക്കുമായിരുന്നു. അവരെ അനുസരിപ്പിക്കാൻ ‘തനിക്കു കിടപ്പാടത്തിനു പതിച്ചുതന്ന ഭൂമി ഞാൻ സർക്കാരിലേക്കു തിരിച്ചെടുത്തുകളയും’ എന്നുവരെ ഭീഷണിപ്പെടുത്തുമായിരുന്നു. ഒരാളോളം നീളമുള്ള ഒരു സ്രാവിനെ കമുകിന്റെ കഴയിൽ വച്ചുകെട്ടി രണ്ടാളെക്കൊണ്ടു മൂന്നു കിലോമീറ്റർ അകലെയുള്ള കൊച്ചിയുടെ ജെട്ടിയിൽനിന്നു ചുമപ്പിച്ചു വീട്ടിൽ കൊണ്ടുവന്നത് തിരിച്ചയച്ചതിന് ഈ ലേഖകനും സാക്ഷിയായിട്ടുണ്ട്. അത് അത്രയും ദൂരം വീണ്ടും അങ്ങനെ ചുമന്നു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടൊക്കെ അയാൾ വിവരിച്ചിട്ടും കൃഷ്ണൻ നായർ ചെവിക്കൊണ്ടില്ല. അയാളുടെ പാടും ദുരിതവും കേട്ട് ‘ഇനി അത്രയും ദൂരം അവരിതു ചുമക്കണ്ടേ’ എന്നൊന്നു ചോദിച്ചതിന് ജീവിതത്തിൽ ആദ്യമായും അവസാനമായും ഭാര്യയോടു ദേഷ്യപ്പെട്ടതും ‘ഈ കാര്യത്തിൽ മേലിൽ ഇടപെടരുത്’ എന്നു വിലക്കിയതും ആ ഓർമ്മയിലുണ്ട്. ആ ശകാരം തന്നെയും അഴിമതിവിരുദ്ധത എന്ന ആദർശം പാലിക്കാൻ ആയിരുന്നു എന്നതും കാണണം. കർക്കശമായ ഈ അഴിമതിവിരുദ്ധത ഉൾക്കൊള്ളാൻ ആകാതിരുന്നവർക്ക് ഇങ്ങനെയൊരാൾ ‘മണ്ടൻ’ ആകുന്നതു സ്വാഭാവികം.

തുടക്കത്തിൽ പരാമർശിച്ച കുറിപ്പിൽ വിവരിക്കുന്ന സംഭവത്തിലോ അതിനുശേഷം മറ്റെന്തോ ആവശ്യത്തിനോ സഹജീവനക്കാരുടെ സർവ്വീസ് കാര്യത്തിനായി ഒരു സംഘടന രൂപവത്ക്കരിക്കുകയും ആവശ്യം കഴിഞ്ഞമുറയ്ക്ക് അതു പിരിച്ചുവിടുകയും ചെയ്ത ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. അങ്ങനെയെങ്കിൽ, കേരളത്തിലെ ആദ്യ സർവ്വീസ് സംഘടനാസ്ഥാപകൻ എന്ന പദവിയും, ഒരുപക്ഷേ, ഇദ്ദേഹത്തിന് അവകാശപ്പെട്ടതാകും.

എം. കെ. കൃഷ്ണൻ നായർ

സർവ്വേ രംഗത്തു പ്രവർത്തിക്കവേ, പമ്പാതീരത്തിന്റെ സർവ്വേ നടത്തുന്ന ചുമതല ഇദ്ദേഹത്തിനു കൈവന്നു. ആറിന്റെ ഗതിയിൽ കാലഗതിയിൽ ഉണ്ടായ ഏറ്റിറക്കങ്ങളിൽ പല സർവ്വേക്കല്ലുകളും കാണാതായിരുന്നു. ആറ്റിനുള്ളിൽ ആയ ഇവയുടെ സ്ഥാനം നിർണ്ണയിക്കാൻ ഇദ്ദേഹം ഒരു വിദ്യയും സമവാക്യവും ആവിഷ്ക്കരിച്ചു. അതുപ്രകാരം കല്ലുകൾ പലതും കണ്ടെത്താനും മറ്റുള്ളവയുടെ സ്ഥാനം നിർണയിക്കാനും കഴിഞ്ഞു. ഈ സമ്പ്രദായവും സമവാക്യവും ബ്രിട്ടിഷ് ഉദ്യോഗസ്ഥർ സർവ്വേ സംബന്ധിച്ച പുസ്തകത്തിൽ ചേർക്കുകയും ‘കൃഷ്ണൻ നായേഴ്സ് ഇക്വേഷൻ’ എന്ന പേരിൽ അന്നത്തെ സർവ്വേപരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ള ഈ കാര്യത്തിനുള്ള ആധാരങ്ങൾക്കായി തെരച്ചിൽ നടത്തിവരികയാണ്. അതിനുമുമ്പ് പ്രസിദ്ധീകരിക്കേണ്ടിവന്നതിനാൽ തത്ക്കാലം ഉൾപ്പെടുത്താൻ കഴിയുന്നില്ല.

ചരിത്രപ്രാധാന്യമുള്ള മറ്റൊരു സംഗതി പുന്നപ്ര-വയലാർ സമരകാലത്ത് വയലാറിലെ വില്ലേജ് ഓഫീസർ ഇദ്ദേഹമായിരുന്നു എന്നതാണ്! ദിവാന്റെ കല്പനപ്രകാരം അവിടത്തെ രാഷ്ട്രീയസാഹചര്യത്തെപ്പറ്റി ഇദ്ദേഹം പതിവായി സർക്കാരിലേക്കു റിപ്പോർട്ടുകൾ അയച്ചിരുന്നു. ഇവ ആർക്കൈവിലോ റവന്യൂവകുപ്പിന്റെ ബന്ധപ്പെട്ട ഓഫീസുകളിലോ സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ നല്ല ചരിത്രരേഖകൾ ആയിരിക്കും. സൈന്യം വരും, സംഘർഷം ഉണ്ടാകും എന്നെല്ലാം ഉറപ്പായതോടെ ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ നിർബ്ബന്ധിച്ചു നാട്ടിലേക്ക് അയച്ച് കൃഷ്ണൻ നായർ തനിച്ചാണ് അവിടെ കഴിഞ്ഞത്. അവധി എടുത്തു പോകാനൊന്നും കഴിയാത്ത അടിയന്തരസാഹചര്യം ആയിരുന്നു അവിടെ.

വയലാർ വെടിവയ്പിന്റെ വേളയിൽ സൈന്യം വഴികാട്ടാൻ വില്ലേജോഫീസറുടെ സേവനം തേടിയെങ്കിലും അദ്ദേഹം വിസമ്മതിച്ചു. അതു ജീവനു തുടർന്നു ഭീഷണിയാകും എന്ന വാദമൊക്കെ ഉയർത്തിയെങ്കിലും അതൊന്നും സൈനികോദ്യോഗസ്ഥൻ അംഗീകരിച്ചില്ല. തിരിച്ചറിയാതിരിക്കാൻ പട്ടാളവേഷം ധരിപ്പിച്ചു നിർബ്ബന്ധിച്ചു കൂടെ കൊണ്ടുപോയത്രേ! അവിടെ നടന്ന നരനായാട്ടിന്റെ നേർസാക്ഷിയായ ഇദ്ദേഹം പുറത്തറിയാത്ത ഭീകരതകൾ നാട്ടുകാരായ പലരോടും പറഞ്ഞിട്ടുണ്ട്. ഭിലായിയിൽ താമസിക്കുന്ന കൈലാസത്തിൽ പദ്മനാഭപിള്ള ഉൾപ്പെടെ നാട്ടുകാരും ബന്ധുക്കളും ആയ പലരും ഇക്കാര്യത്തിൽ ഓർമ്മ പങ്കുവച്ചു. ഈ ലേഖകനും ആ വിവരണം നേരിട്ടു കേട്ടിട്ടുണ്ട്.

അളിയനായ, പിന്നീട് ആർഡിഒ ആയി വിരമിച്ച, പുളിയറപ്പടീറ്റതിൽ നാരായണൻ നായരുമായി ചേർന്ന് അക്കാലത്തുതന്നെ മാർക്സിസം പഠിച്ചെങ്കിലും സമത്വം പ്രായോഗികമല്ല എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. കോൺഗ്രസ് അനുഭാവി ആയിരുന്ന കൃഷ്ണൻ നായർ കമ്മ്യൂണിസ്റ്റുവിരുദ്ധൻ ആയിരുന്നില്ല. ഇക്കാര്യം ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശികനേതാവും പിന്നീട് സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തു പ്രസിഡന്റും ഒക്കെ ആയിരുന്ന ആലേക്കളത്തിൽ ശങ്കരപ്പിള്ള ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ നായരും നാരായണൻ നായരും പിന്നീട് ആദ്ധ്യാത്മികപാതയിലേക്കു തിരിഞ്ഞു. തിരുവനന്തപുരത്തുള്ള ആദ്ധ്യാത്മികചിന്തകൻ കൃഷ്ണമേനോൻ ആയിരുന്നു ഇരുവരുടെയും ഗുരു. നാരായണൻ നായർ പിന്നീട് അടൂർ തട്ടയിൽ ആശ്രമം സ്ഥാപിക്കുകയും ചെയ്തു.

സ്വന്തം ഉത്തരവാദിത്തത്തെപ്പറ്റി തികഞ്ഞ ജാഗ്രത ഉണ്ടായിരുന്ന കൃഷ്ണൻ നായർ വില്ലേജോഫീസറായിരിക്കേ കൃഷിമന്ത്രിക്കെതിരെ കേസ് ഫയൽ ചെയ്ത സംഭവവും ഉണ്ട്! ദിവാൻ ഭരണത്തിന്റെ അപ്രമാദിത്വത്തിന്റെ കാലത്ത് അതിനു വിധേയനായി പ്രവർത്തിക്കുകയും ജനാധിപത്യത്തിന്റെ കാലത്ത് നിയമത്തിനുമേലേ ഭരണാധികാരിക്ക് ഇല്ലാത്ത അപ്രമാദിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തതിൽ വൈരുദ്ധ്യമല്ല, കാലികമായ വളർച്ചയാണു കാണുന്നത്. പൊതുസ്വത്തിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥൻ കാണിക്കേണ്ട ജാഗ്രതയാണ് ഇവിടെ കണ്ടത്. സംഭവം ഇങ്ങനെ:

1967-ലെ മന്ത്രിസഭയുടെ കാലത്ത് കായംകുളം കായൽ നികത്തി കായൽ ഫാം (ഇപ്പോൾ താപനിലയം നിൽക്കുന്ന സ്ഥലം) നിർമ്മിക്കാൻ തറക്കല്ലിടുമ്പോൾ റവന്യൂ ഭൂമിയായ കായലിലെ ആ സ്ഥലത്തിന്റെ അവകാശം കൃഷിവകുപ്പിനു കൈമാറിയിരുന്നില്ല. ആ സാഹചര്യത്തിൽ, റവന്യൂ ഭൂമിയുടെ മേൽനോട്ടാധികാരിയായ വില്ലേജോഫീസറുടെ അനുമതി കൂടാതെ ആ സ്ഥലം കയ്യേറി എന്ന് ആരോപിച്ചാണ് മൂന്നുകൈ മണ്ണുവാരി ഇട്ടു പദ്ധതിക്കു തുടക്കം കുറിച്ച അന്നത്തെ കൃഷിമന്ത്രി എം. എൻ. ഗോവിന്ദൻ നായർക്ക് എതിരെ ഇദ്ദേഹം പരാതി നൽകിയത്. റവന്യൂ മന്ത്രി കെ.ആർ. ഗൗരി ആയിരുന്നു അദ്ധ്യക്ഷ. മന്ത്രിക്കെതിരെ കേസു കൊടുക്കാൻ ഉദ്യോഗസ്ഥനു കഴിയുമായിരുന്നില്ല എന്നതിനാൽ, മന്ത്രി എന്നതിനു പകരം,  എം. എൻ. ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ പേരിലാണത്രേ കേസു കൊടുത്തത്! സംഗതി കുസൃതിയാണെങ്കിലും അതിനു കാട്ടിയ ചങ്കൂറ്റവും അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ച കർത്തവ്യബോധവും ആ നിലയിൽത്തന്നെ കണ്ടേ മതിയാകൂ. ജനാധിപത്യഭരണത്തിന്റെ വികസനപദ്ധതിക്കു തുരങ്കം വച്ചു എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന ഈ പ്രവൃത്തി കായൽ നികത്തലൊക്കെ പാരിസ്ഥിതികമായി അരുതാത്തതാണെന്നു തിരിച്ചറിഞ്ഞ പുതിയ കാലത്ത് പ്രശംസനീയമായ ദീർഘവീക്ഷണമായി പ്രകീർത്തിക്കപ്പെടാം. അതാണു ചരിത്രത്തിന്റെ ഫലിതയുക്തി.

ക്ഷേത്രാരാധകൻ അല്ലാത്ത ക്ഷേത്രാധികാരി

സർക്കാർസേവനത്തിൽനിന്നു വിരമിച്ച ശേഷം എം. കെ. കൃഷ്ണൻ നായർ പുല്ലുകുളങ്ങര ക്ഷേത്രത്തിന്റെ മാനേജർ (ദേവസ്വം പിള്ള) ആയി ദീർഘകാലം പ്രവർത്തിച്ചു. അന്നാണ് അന്യാധീനപ്പെട്ടു കിടന്നിരുന്ന ഏക്കറുകണക്കിനു ക്ഷേത്രഭൂമിയുടെ ആന്വിറ്റി കൊല്ലം ലാൻഡ് ട്രിബ്യൂണലിൽ വർഷങ്ങൾ നീണ്ട കേസുകൾ നടത്തി നേടിയതും സദ്യാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയവ നിർമ്മിക്കുന്നതും ചുറ്റുമതിൽ പണിയുന്നതും നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ഗണേശൻ എന്ന പ്രസിദ്ധനായ ആനയെ വാങ്ങുന്നതും ജീവതയും സ്വർണ്ണച്ചമയങ്ങളും നവീകരിക്കുന്നതും ഒക്കെ. ഇതൊന്നും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ആന ഇണങ്ങില്ല, മെരുക്കാനേ ആകൂ എന്നു പറയുമ്പോഴും ഗണേശൻ ഇദ്ദേഹത്തിന്റെ വീടിനടുത്തുകൂടി പോയാൽ ആനപ്പാപ്പാന്റെ വിലക്കൊക്കെ അവഗണിച്ചും നേരേ അവിടേക്കു കയറിച്ചെല്ലുമായിരുന്നു. കുംഭഭരണിദിവസം ചെട്ടികുളങ്ങരയിലെ എഴുന്നള്ളത്തു കഴിഞ്ഞ് വടക്കൻകോയിക്കലേക്കു വരുന്നവഴി ഒരു കൊല്ലവും ഗണേശൻ ഈ പതിവു മുടക്കിയിട്ടില്ല. ആനപ്പാപ്പാൻ വിജയൻ പിള്ള മുറ്റത്തെ ചെന്തെങ്ങിൽ കയറി പറിക്കുന്ന കരിക്കു പൊളിച്ച് കാമ്പ് ഇളക്കിയെടുത്ത് കരുപ്പെട്ടിയും ചേർത്തു കൃഷ്ണൻ നായർ ഗണേശന്റെ വായിൽ വച്ചുകൊടുക്കും. അദ്ദേഹത്തിന്റെ സ്നേഹലാളനകളും സ്വീകരിച്ചേ മടങ്ങൂ. ഈ ലേഖകനും അതിനു പലപ്പോഴും സാക്ഷിയായിട്ടുണ്ട്. കൃഷ്ണൻ നായരുടെ മരണദിവസം ഗണേശൻ ആ വീട്ടിൽ എത്തി ഏറെനേരം നിശ്ചലനായി നിന്നതൊക്കെ പിന്നെ ഏറെനാൾ നാട്ടുകാർ അത്ഭുതത്തോടെ പറഞ്ഞിരുന്നു.


നാട്ടിലെ വലിയ ഉത്സവം ആയിരുന്ന ക്ഷേത്രസദ്യാലത്തിന്റെ സമർപ്പണച്ചടങ്ങിൽ ‘കർമ്മയോഗിയായ കൊച്ചുമനുഷ്യൻ’ എന്നു പ്രശംസിക്കപ്പെട്ട ഇദ്ദേഹം ക്ഷേത്രാരാധനയിൽ വിശ്വാസമില്ലായിരുന്ന ആദ്ധ്യാത്മികവാദി ആയിരുന്നു എന്നതു നാട്ടുകാരുടെ വലിയ കൗതുകം ആയിരുന്നു. ഉത്സവവാശ്യങ്ങൾക്കും മറ്റും ക്ഷേത്രത്തിന്റെ ശ്രീകോവിലിനടിയിലെ ഭണ്ഡാരം തുറന്ന് തിരുവാഭരണങ്ങൾ എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയ്യുമായിരുന്നിട്ടും ഒരിക്കൽപ്പോലും അവിടെ തൊഴുകയോ വഴിപാടുകഴിക്കുകയോ ചെയ്തിട്ടില്ല! ഞാൻ മാത്രമാണ് ഉണ്മ (ഉള്ളത്) എന്ന ആത്മബോധം അതിനപ്പുറമുള്ള ദൈവത്തെ നിഷേധിക്കുന്നതാണല്ലോ. എന്നാൽ, ഈ ആത്മബോധം നേടാനാവാത്ത ബഹുഭൂരിപക്ഷത്തിന് ആരാധനാലയങ്ങൾ ആവശ്യമാണെന്നും അതുകൊണ്ടാണ് ആദ്ധ്യാത്മികാചാര്യർ പലരും ക്ഷേത്രാരാധന നിരുത്സാഹപ്പെടുത്താതിരുന്നതെന്നും ഇദ്ദേഹം കരുതി. അതിനാൽ തന്റെ കർമ്മത്തിൽ അദ്ദേഹം വൈരുദ്ധ്യം കണ്ടില്ല.

ഗണപതി, സരസ്വതി, രാമൻ, കൃഷ്ണൻ തുടങ്ങിയവരെ സ്തുതിക്കുന്ന കീർത്തനങ്ങൾ മക്കൾ ചൊല്ലുന്നതിനോട്, ബഹുദൈവവിശ്വാസത്തോട്, അദ്ദേഹത്തിന് ആഭിമുഖ്യം ഇല്ലായിരുന്നെന്ന് മകൾ എസ്. ഗിരിജ കുമാരി ഓർക്കുന്നു. അതിനെ എതിർക്കുകയോ തടയുകയോ ഒന്നും ചെയ്തിരുന്നില്ലെങ്കിലും കൂട്ടത്തിൽ ‘സദ്ഗുരുവേ ജയ’ എന്ന കീർത്തനം ചൊല്ലുമ്പോൾ പറയുമായിരുന്നത്രേ, ‘ങാ, അതാണു ചൊല്ലേണ്ടത്. സദ്ഗുരു മാത്രമാണുള്ളത്. അതാണു പരമാത്മാവ്’ എന്ന്. എല്ലാ ദിവസവും രാത്രി പതിവായി ഇത്തരം തത്വചിന്താഗ്രന്ഥങ്ങളുടെ വായനയും കണ്ണടച്ചുള്ള ഏകാഗ്രധ്യാനവും (ആദ്ധ്യാത്മോപാസനയായ മെഡിറ്റേഷൻ) ഇദ്ദേഹം നിർവ്വഹിച്ചിരുന്നു.

മരണാനന്തരച്ചടങ്ങുകൾ പാടില്ലെന്നു നിർദ്ദേശിക്കുന്ന കുറിപ്പ്

ആദ്ധ്യാത്മികവാദി ആയതുകൊണ്ടുതന്നെ, അദ്ദേഹം സ്വന്തം മരണാനന്തരകാര്യങ്ങളെപ്പറ്റി മുൻകൂട്ടി എഴുതിവച്ചിരുന്നു: “ഞാൻ മരിച്ചാൽ ശവം ചുട്ടുകളയുകയല്ലാതെ മറ്റു കർമ്മങ്ങളൊന്നും വേണ്ട - കോടിയിടൽ, കർമ്മം ചെയ്യൽ, ബലിയിടൽ, സഞ്ചയനം തുടങ്ങിയവ.” നാട്ടുകാർക്കു മുഴുവൻ ആദരണീയനായ ‘അമ്മാവൻ’ ആരുന്ന ഇദ്ദേഹത്തിന്റെ ഈ തീരുമാനം സകലരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എങ്കിലും അവരെല്ലാം അതിലെ ദാർശനികമാനം ഉൾക്കൊണ്ട് അവസരത്തിനൊത്ത് ഉയർന്നു. ബാല്യത്തിൽ യോഗാഭ്യാസമൊക്കെ ശീലിച്ചിരുന്ന, 83-ാം വയസിലും പൂർണ്ണ ആരോഗ്യവാൻ ആയിരുന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന് 1993 ഡിസംബർ 9-നു രാത്രി പതിവ് ആദ്ധ്യാത്മികദ്ധ്യാനത്തിൽ ഇരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതം അന്ത്യം കുറിക്കുക ആയിരുന്നു. ഡിസംബർ 10-ന് ഉച്ച കഴിഞ്ഞ് വലിയൊരു പൗരാവലിയുടെ സാന്നിദ്ധ്യത്തിൽ ആചാരരഹിതമായി അദ്ദേഹത്തെ സംസ്ക്കരിച്ചു. ആ നാട്ടിലെ ആദ്യത്തെ ആചാരരഹിതശവദാഹം.

കുടുംബം

പൊതുമണ്ഡലത്തിലൊന്നും ഇടപെടാൻ അവസരം കിട്ടാതെപോയ അക്കാലത്തെ ഒരു സാധാരണ എയ്ഡെഡ് സ്കൂൾ അദ്ധ്യാപിക ആയിരുന്നു ഭാര്യ. പേര് കെ. കെ. സരോജിനിയമ്മ. കൊല്ലം പെരിനാട് ഇഞ്ചവിള കൈതയ്ക്കൽ കുടുംബാംഗം ആയിരുന്ന അവർ വിവാഹശേഷം പുതിയവിള യുപി സ്കൂളിലും പ്രൊട്ടക്ഷന്റെ ഭാഗമായി കീരിക്കാട് രാമപുരം, പത്തിയൂർ, തൂണേത്ത്, കായംകുളം ടൗൺ യുപിഎസ്, കായംകുളം വിഠോബാ സ്കൂൾ, മംഗലത്ത്, ചെറിയഴീക്കൽ, തുടങ്ങിയ സ്കൂളുകളിലും മലയാളം അദ്ധ്യാപിക ആയിരുന്നു.

കെ. കെ. സരോജിനി അമ്മ

നാലു മക്കൾ. തിരുവനന്തപുരം കവടിയാർ ജവാഹർ നഗറിൽ താമസിക്കുന്ന പ്രമുഖ ആർക്കിടെക്റ്റും സിനിമകളുടെ കലാസംവിധായകനും ആയ കെ. പുരുഷോത്തമൻ ആണ് മൂത്തമകൻ. ഏകമകൾ എസ്. ഗിരിജ കുമാരി ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആയിരുന്ന ഭർത്താവ് കെ. നാരായണപിള്ളയ്ക്കൊപ്പം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് താമസിക്കുന്നു. തിരുവിതാംകൂർ ദേവസം ബോർഡിൽ സബ്ഗ്രൂപ് ഓഫീസറും അസിസ്റ്റന്റ് കമ്മിഷണറും ആയിരുന്ന കെ. ശശികുമാർ ആണ് മൂന്നാമൻ. കേരളശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനും കേരളസർക്കാരിൽ ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന മനോജ് കെ. പുതിയവിള ആണു നാലാമൻ.

എം. കെ. കൃഷ്ണൻ നായരുടെ 30-ാം ചരമവാർഷികദിനത്തിൽ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പെട്ടെന്നു തയ്യാറാക്കിയ ഈ അനുസ്മരണക്കുറിപ്പിൽ ഉൾപ്പെടേണ്ട ഒട്ടേറെ കാര്യങ്ങൾ വേറെയും ഉണ്ട്. പലതിന്റെയും വിശദാംശങ്ങളും വിസ്തരഭയത്താൽ ഒഴിവാക്കിയിട്ടുമുണ്ട്. അവയെല്ലാം ചേർത്ത് ഇതു പിന്നീടു വിപുലപ്പെടുത്താം. അതിനു സഹായിക്കാവുന്ന വിവരങ്ങൾ നല്കാൻ കഴിയുന്നവർ അവ നല്കി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

 


ഒരു സ്നേഹിതന്റെ കഥ – എന്റെയും: ഒരു നാടൻ ചരിത്രകഥയും ചരിത്രകാരനും അല്പം നാട്ടുചരിത്രചിന്തയും

 

ഒരു സ്നേഹിതന്റെ കഥ – എന്റെയും

ഒരു നാടൻ ചരിത്രകഥയും ചരിത്രകാരനും അല്പം നാട്ടുചരിത്രചിന്തയും

[പുതിയവിള സ്വദേശിയായ ഓടാശേരിൽ ആർ. ഗോപാലകൃഷ്ണപിള്ള കുടുംബസുഹൃത്തായിരുന്ന ഇളങ്ങള്ളൂർക്കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായരെപ്പറ്റി എഴിതിസൂക്ഷിച്ച ഒരോർമ്മ.] 


   
ആർ. ഗോപാലകൃഷ്ണപിള്ളയും എം. കെ. കൃഷ്ണൻ നായർ

സകരമായ ഒരു പഴയ ഡയറിക്കുറിപ്പാണിത്. സർക്കാരിൽ താൽക്കാലികജീവനക്കാരനായിരുന്ന ഒരു തനി ഗ്രാമീണൻ അതിപ്രതാപശാലിയായിരുന്ന ദിവാൻ സർ സി. പി. രാമസ്വാമി അയ്യരെ മുഖാമുഖം കാണാൻ ഇടയായതിന്റെ വിവരണമാണ്. സംഭവത്തിന്റെ പിരിമുറുക്കങ്ങളും സംഘർഷവും ഒട്ടും ചോരാതെ അദ്ദേഹത്തിന്റെ സുഹൃത്തും നാട്ടുകാരനുമായ ഒരു ഗ്രാമീണാദ്ധ്യാപകൻ സ്വന്തം ഡയറിയിൽ പകർത്തിസൂക്ഷിച്ചത്. കഥപോലെയുള്ള ഈ ആവിഷ്ക്കാരത്തിൽ രാജഭരണകാലത്തെ സംഭവത്തിനു ചേർന്ന അന്നത്തെ ഫ്യൂഡൽ കഥാന്തരീക്ഷം നിലനിർത്തി അതിനൊത്ത ഭാഷയിലാണ് ഇതിന്റെ രചന. അദ്ദേഹംതന്നെ നല്കിയ തലക്കെട്ടോടെ അത് അതേപടി പകർത്താം:

ഒരു സ്നേഹിതന്റെ കഥ – എന്റെയും


കൊല്ലവർഷം 1118 ചിങ്ങം 3, കാലത്ത് ഒൻപത് മണി.  സെക്രട്ടേറിയറ്റിൽ, ദിവാൻജിയുടെ ഓഫീസ് മുറിയിലേക്കു നയിക്കുന്ന വഴിയുടെ ഇരുവശവും പഞ്ചപുച്ഛമടക്കി ആളുകൾ വരിവരിയായി നില്ക്കുന്നു. പരാതിക്കാരുണ്ട്, അഭിവാദനം അർപ്പിക്കാൻ എത്തിയവരുമുണ്ട് അക്കൂട്ടത്തിൽ.

കൃത്യസമയത്തു ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ കാറിൽ വന്നിറങ്ങി.  സ്വതസിദ്ധമായ ഗൗരവത്തോടെ ദിവാൻ മുന്നോട്ടു നടന്നു.  ഒരു ചെറുപുഞ്ചിരിയാൽ സന്ദർശകരുടെ അഭിവാദനങ്ങൾ സ്വീകരിച്ചുകൊണ്ടു മുന്നോട്ടു നീങ്ങിയ ദിവാൻ, സന്ദർശകരിൽ ഒരാൾക്കുമുന്നിൽ ക്ഷണനേരം നിലയുറപ്പിച്ചു.  ശുദ്ധമായ ആംഗലേയശൈലിയിൽ അദ്ദേഹം ഉത്തരവിട്ടു, “Oh! The disbanded surveyor, you come up”. ഉദ്ധതശീർഷനായി ദിവാൻ മുന്നോട്ടു നീങ്ങി, ദിവാന്റെ കൃപാകടാക്ഷം ലഭിച്ച സന്ദർശകൻ പുറകെയും.

സംഗതി ഇതാണ്.  കൊല്ലവർഷം 1111 കർക്കിടകം 1-ാം തീയതി സർവ്വേ ഡിപ്പാർട്ടുമെന്റിൽ സർവ്വേയറായി നിയമനം ലഭിച്ച വ്യക്തിയാണ് ശ്രീ. എം. കെ. കൃഷ്ണൻ നായർ. കായംകുളത്തു, കീരിക്കാട്ടുള്ള എന്റെ അയൽവാസി. മൂന്നു വർഷത്തേക്കുള്ള താൽക്കാലികനിയമനമായിരുന്നു ആദ്യം. 1114 കർക്കിടകത്തിൽ താല്ക്കാലികനിയമനം തീർന്നു.  പക്ഷേ, അവർ ചെയ്തുതീർക്കേണ്ട ഭാരിച്ച ജോലി കിടക്കുന്നതേയുള്ളൂ - ഫോറസ്റ്റ് സർവ്വേ.  അതിനാൽ നിയമനത്തിന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. വീണ്ടും ഇതേ അനുഭവം.  സർവ്വേ ചെയ്യേണ്ട വനവിഭാഗത്തിന്റെ വിസ്തൃതി കൂടിക്കൂടിവരുന്ന പ്രതീതി.  അങ്ങനെ നിയമനകാലാവധി ഓരോ വർഷമായി നിണ്ടുനീണ്ട് 1117 കർക്കിടകം 30 വരെയായി.  അവരെ ഏൽപിച്ചിരുന്ന ജോലി മിക്കവാറും തീർന്നുകഴിഞ്ഞിരിക്കുന്നു. പുനർനിയമനം നടത്തണമെങ്കിൽ ദിവാന്റെ ഉത്തരവു കൂടിയേ കഴിയൂ.  ദിവാനാകട്ടെ, സർക്കീട്ടിലും.  അങ്ങിനെ 1117 കർക്കിടകം 30 ന്, നീണ്ട ആറു വർഷങ്ങൾക്കുശേഷം, ശ്രീ. എം. കെ. കൃഷ്ണൻ നായർക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഔദ്യോഗികജീവിതത്തോടു വിട വാങ്ങേണ്ടി വന്നു.

ഡയറിയിൽ എഴുതിസൂക്ഷിച്ച കുറിപ്പിന്റെ ആദ്യതാൾ

കർക്കിടകം 30 ന്, ദിവാൻ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിൽ ഹതഭാഗ്യരായ ഈ സംഘം തിരുവനന്തപുരത്തു കഴിച്ചുകൂട്ടി. പിറ്റേദിവസം ഉച്ചവരേയും അവർ പ്രതീക്ഷാനിർഭരരായിരുന്നു.  പക്ഷേ ദിവാൻ എത്തിച്ചേർന്നിരുന്നില്ല.  അതു കാരണം കഥാനായകൻ ഒഴികെ മറ്റുള്ളവരെല്ലാം അവരവരുടെ നാട്ടിലേക്കു യാത്രയായി.

സമയം ഉച്ചയ്ക്കു രണ്ടു മണി. ദിവാൻ തലസ്ഥാനനഗരിയിൽ തിരിച്ചെത്തിയതായി അദ്ദേഹത്തിന് എങ്ങിനെയോ അറിവുകിട്ടി. തയ്യാറാക്കി വെച്ചിരുന്ന മെമ്മോറാണ്ടവുമായി അദ്ദേഹം ദിവാന്റെ ഔദ്യോഗികവസതിയായ ഭക്തിവിലാസത്തേക്കു തിരിച്ചു.  മൂന്നു മണി മുതൽ അഞ്ചു മണി വരെയാണു സന്ദർശനസമയം.  സന്ദർശകലിസ്റ്റിൽ പേരെഴുതിക്കൊടുത്തിട്ട് അദ്ദേഹം കാത്തിരുന്നു.

സമയം 4.10  “എം. കെ. കൃഷ്ണൻ നായർ”, ഡഫേദാർ നീട്ടി വിളിച്ചു.

കിരാതഭരണക്കാരനായ സർ സി. പി.യെപ്പറ്റി വേണ്ടുവോളം കേട്ടറിവുള്ള കൃഷ്ണൻ നായർ ചഞ്ചലനായി, വിറയ്ക്കുന്ന കൈകളിൽ മെമ്മോറാണ്ടവുമായി, പതറുന്ന കാൽവെയ്പുകളോടെ അദ്ദേഹം സന്ദർശനമുറിയിലേക്കു കടന്നു.  ഘനഗംഭീരനായ ദിവാൻ മുന്നിലുള്ള കസേര ചൂണ്ടി ആജ്ഞാപിച്ചു: “Please sit down!” ഇതികർത്തവ്യതാമൂഢനായ കൃഷ്ണൻ നായർ ഇരിക്കുവാൻ അറച്ചു.  ദിവാൻ ചാടിയെഴുന്നേറ്റു.  ദിവാന്റെ ശബ്ദം ആ മുറിയിൽ മറ്റൊലിക്കൊണ്ടു: “No sitting, no talking. Now you are my guest. Sit down and talk.”

സമനില വീണ്ടെടുത്ത പരാതിക്കാരൻ കസേരയിലിരുന്നു.  ദിവാനും ഉപവിഷ്ടനായി. “Go on!”, ദിവാൻ ആജ്ഞാപിച്ചു.  പറഞ്ഞറിയിക്കാനുള്ള കാര്യങ്ങളെല്ലാം ഇംഗ്ലീഷിൽ പറയേണ്ടി വരുന്നല്ലോ, എന്നോർത്തപ്പോൾ പരാതിക്കാരൻ പരുങ്ങലിലായി.  അതു കണ്ടറിഞ്ഞ ദിവാൻ പ്രോത്സാഹിപ്പിച്ചു:  “മലയാളത്തിൽ പറഞ്ഞോളു.  നല്ലവണ്ണം മനസ്സിലാകും. പറയാനേ എനിക്കു പ്രയാസമുള്ളൂ”.

പരാതിക്കാരനു പറയാൻ ഒന്നേയുള്ളൂ.  അഞ്ചു വർഷം തുടർച്ചയായ സർവ്വീസുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടരുതെന്നു നിയമമുണ്ട്.  തനിക്കു ലഭിച്ചിരിക്കുന്ന നിയമനം ആദ്യം മൂന്നു വർഷവും പിന്നീട് താൽക്കാലികാടിസ്ഥാനത്തിൽ ഓരോ വർഷം വീതം മൂന്നു വർഷവും അങ്ങിനെ  ആറു വർഷത്തെ സർവ്വീസുണ്ടെങ്കിലും ആവർത്തിച്ചുള്ള താൽക്കാലികനിയമനം ആയതുകൊണ്ട് മേല്പറഞ്ഞ വകുപ്പനുസരിച്ചുള്ള ആനുകൂല്യം തനിക്കു ലഭിക്കുന്നില്ല. ഇതിന് ഒരു പരിഹാരം ഉണ്ടാക്കിത്തന്നാൽ കൊള്ളാം.  വിശദവിവരങ്ങൾ മെമ്മോറാണ്ടത്തിലുണ്ട്.

ദിവാൻ പരാതി സശ്രദ്ധം കേട്ടു. മെമ്മോറാണ്ടവും വാങ്ങി.  “മറ്റന്നാൾ കാലത്ത് കച്ചേരിയിൽ വരൂ!” ദിവാൻ യാത്ര പറഞ്ഞു.

ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ചും അല്ലാതെയും ഒട്ടധികം പേരുമായി ദിവസവും ദിവാൻ ചർച്ച നടത്താറുണ്ട്.  അവരെയെല്ലാം ഓർത്തിരിക്കുക മനുഷ്യസാദ്ധ്യമല്ല.  ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ‘മറ്റന്നാൾ’ (ചിങ്ങം 3) കാലത്ത് പരാതിക്കാരൻ സെക്രട്ടേറിയറ്റിലെത്തിയത്.  അപ്പോൾ അകപ്പെട്ടുപോയത് ആരാധകരായി എത്തിയിരിക്കുന്നവരുടെ നീണ്ട ക്യൂവിലും.  അങ്ങിനെ മനസ്സുമടിച്ചു നിന്നപ്പോഴാണു ദിവാന്റെ ഉത്തരവു കേട്ടത് “Oh! The disbanded surveyor, you come up.”

എം. കെ. കൃഷ്ണൻ നായർ

ദിവാൻ മുൻപേയും പരാതിക്കാരൻ പുറകേയും ആഫീസ് മുറിയിൽ പ്രവേശിച്ചു.  കോളിംഗ് ബെല്ലിൽ ദിവാന്റെ വിരലമർന്നു.  ഡഫേദാർ മുന്നിലെത്തി താണുവണങ്ങി.  “ചീഫ് സെക്രട്ടറി” ദിവാൻ ഗർജ്ജിച്ചു.  ഭക്തിവിലാസത്തുവച്ചു തന്നെ സ്വീകരിച്ച സർ സി. പി.യല്ല, കോണിപ്പടിക്കു സമീപം വച്ചു മുകളിലേക്കു വരാൻ തന്നെ ക്ഷണിച്ച സർ സി. പി.യല്ല, ഇപ്പോൾ മുന്നിലിരിക്കുന്നത് എന്നു പരാതിക്കാരൻ കണ്ടറിഞ്ഞു.  മുൻപു കണ്ട ശാന്തതയല്ല.  തികഞ്ഞ രൗദ്രഭാവമാണു ദിവാന്റ മുഖത്ത് ഇപ്പോൾ കാണുന്നത്. കോളിംഗ് ബെല്ലിൽനിന്നു പുറപ്പെട്ട ശബ്ദവീചികൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നതിനുമുമ്പ് ചീഫ് സെക്രട്ടറി എത്തിക്കഴിഞ്ഞു. മെമ്മോറാണ്ടം ചീഫ് സെക്രട്ടറിയുടെ നേർക്കെറിഞ്ഞശേഷം ദിവാൻ ഗർജ്ജിച്ചു: “Bring the file!”  നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട ഫയലുകളുമായി ചീഫ് സെക്രട്ടറി പാഞ്ഞെത്തി.  ദിവാന്റെ കയ്യിലെത്തിയ ഫയലിന്റെ താളുകൾ ദ്രുതഗതിയിൽ പുറകോട്ടു മറിഞ്ഞുകൊണ്ടിരുന്നു.

“Bring the other fool here!” സെക്രട്ടേറിയറ്റ് മുഴുവൻ കിടുങ്ങത്തക്കവിധത്തിലുള്ള ദിവാന്റെ അലർച്ച കേട്ടു ചീഫ് സെക്രട്ടറി ഫയലിലേക്കു നോക്കി.  ദിവാന്റെ സ്വന്തം കൈപ്പടയിൽ അതിലെന്തോ എഴുതി ഒപ്പിട്ടിരിക്കുന്നു.  ബന്ധപ്പെട്ട വകുപ്പു സെക്രട്ടറി ക്ഷണത്തിൽ ഹാജരാക്കപ്പെട്ടു.  ഫയൽ വകുപ്പുസെക്രട്ടറിയുടെ മുഖത്തേക്കു പാഞ്ഞുചെന്നു. “You fool! Study the file and submit your explanation!” ദിവാൻ രൗദ്രമൂർത്തിയായി.  കാരണം, വീണ്ടും ഒരു വർഷത്തേക്കു കൂടി ഇവരുടെ നിയമനം നീട്ടിക്കൊടുക്കണമെന്നു കഴിഞ്ഞവർഷം വകുപ്പുസെക്രട്ടറി ശുപാർശ ചെയ്തയച്ച കടലാസിൽ അതംഗീകരിച്ചുകൊണ്ടും ആ നിയമനത്തിന്റെ കാലാവധി കഴിഞ്ഞാൽ സർവ്വീസിനു വിഘ്നം വരാത്തവിധത്തിൽ അവരെ ലാൻഡ് റെവന്യൂ വകുപ്പിലേക്കു വിട്ടുകൊള്ളണമെന്നുമാണ് ദിവാൻ എഴുതി ഒപ്പിട്ടിരുന്നത്.  വകുപ്പു സെക്രട്ടറിയുടെ നോട്ടക്കുറവു കാരണമായിരിക്കാം, അതു കണ്ണിൽപ്പെട്ടില്ലന്നേയുള്ളൂ.
 

വകുപ്പുസെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുറി വിട്ടിറങ്ങിയപ്പോൾ ദിവാൻ ശാന്തത കൈക്കൊണ്ടു.  സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി ദിവാൻ പരാതിക്കാരനെ നോക്കി പറഞ്ഞു. “You may go. The paper will reach you on 6th and you will be posted with retrospective effect.”

മുൻകാല പ്രാബ്യലത്തോടുകൂടി ചിങ്ങം-6 നു പുതിയ തസ്തികയിൽ നിയമിക്കപ്പെട്ട പരാതിക്കാരൻ (എം. കെ. കൃഷ്ണൻ നായർ) വില്ലേജ് ഓഫീസറായി ഇംഗ്ലിഷ് വർഷം 1965 ജനുവരിയിൽ റിട്ടയർ ചെയ്തു.

ഇത്രയുമാണാ കുറിപ്പ്.

ഈ കുറിപ്പിൽ മുൻകാലപ്രാബല്യത്തോടെ സർക്കാരിൽ സ്ഥിരനിയമനം കിട്ടിയ സർവ്വേയർ കണ്ടല്ലൂർ പുതിയവിള ഇളങ്ങള്ളൂർക്കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായർ ആണ്. അതിനുമുമ്പും ശേഷവുമൊക്കെ നാടിനെ ഇന്നത്തെ നിലയിലേക്കു മാറ്റാൻ വഴിയൊരുക്കിയ പല പ്രവർത്തനങ്ങളിലും സുപ്രധാനപങ്കുകൾ നിർവ്വഹിച്ച ആളാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ജീവിതം വൈകാതെ പറയാം.

അറിയാതെപോയ ചരിത്രകാരൻ


ഇവിടെ പരാമർശിക്കുന്ന, ദിവാനെക്കണ്ട സംഭവം നടന്നത് 73 വർഷം മുമ്പ് 1942ൽ ആണ്. ഇദ്ദേഹം നൽകിയ വിവരണം പ്രാദേശികചരിത്രരചനയിൽ താല്പര്യം ഉണ്ടായിരുന്ന ഓടാശേരിൽ ഗോപാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ തനതു ശൈലിയിൽ കൃത്യമായ തീയതികളും വിവരങ്ങളുമായി പകർത്തുകയായിരുന്നു. ദീർഘകാലം പുതിയവിള യുപി സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന അദ്ദേഹത്തിൻ്റെയും അച്ഛനായ ഓടാശേരിൽ ദാമോദരൻ പിള്ളയുടെയും കുടുംബസുഹൃത്ത് ആയിരുന്നു കഥാപുരുഷൻ. ഈ കുറിപ്പിന് ‘ഒരു സ്നേഹിതന്റെ കഥ - എന്റെയും’ എന്ന തലക്കെട്ട് രചയിതാവുതന്നെ നൽകിയതാണ്.

ആർ. ഗോപാലകൃഷ്ണപിള്ളയും കുടുംബവും ഇ‌എം‌എസിനോടൊപ്പം


ഓടാശേരിൽ ഗോപാലകൃഷ്ണപിള്ള ശാസ്ത്രകുതുകിയും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിൽ ശ്രദ്ധാലുവും ഒക്കെ ആയ നല്ല അദ്ധ്യാപകനും ചരിത്രകാര്യങ്ങളിൽ അതീവതത്പരനും ആയിരുന്നു. കായംകുളം രാജവംശവുമായും ഗ്രാമത്തിലെ പഴക്കംചെന്ന ആരാധനാലയങ്ങളുമായും ഒക്കെ ബന്ധപ്പെട്ടു ലഭ്യമായിരുന്ന രേഖകൾ പരിശോധിച്ചും ഐതിഹ്യങ്ങൾ ശേഖരിച്ചു വിശകലനം ചെയ്തും യുക്തിസഹമായ നിഗമനങ്ങളിലെത്തി ചരിത്രക്കുറിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

കായംകുളം രാജവംശത്തിന്റെ കഥ ആസ്പദമാക്കി ‘ചരിത്രത്തിന്റെ ശവകുടീരം’ എന്ന പേരിൽ ഒരു ചരിത്രാഖ്യായിക രചിച്ചിട്ടുണ്ട്. അശ്വഥാമാവിന്റെ കണ്ണിലൂടെ മഹാഭാരതകഥ പുനരാവിഷ്ക്കരിക്കുന്ന ‘ഇതിഹാസഭൂമിയിലൂടെ’ എന്ന മറ്റൊരു നോവലും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ചരിത്രവും ജീവചരിത്രവും ഒക്കെയായി കേരളചരിത്രം അന്നും ഇന്നും - തലക്കുളത്തു വേലുത്തമ്പി, പടത്തലവനായിരുന്ന വീരകർമ്മം നാരായണന്റെ കഥ, കഥകളിവിദ്വാനായിരുന്ന കീരിക്കാട്ടു നാരായണപിള്ളയുടെ ജീവിതവും കലയും, പള്ളാത്തുരുത്തിയുടെ വിരിമാറിൽ, ശബരിമലയുമായി ബന്ധപ്പെട്ട് ഉദയനനെപ്പറ്റി രചിച്ച A Strange Messenger, കണ്ണകി, Dakshina Kailasam തുടങ്ങിയ രചനകളും Last Hours of Karna, Weeping Soul, Noble Sacrifice, തുടങ്ങി ചില ഇംഗ്ലിഷ് കവിതകളും ഊർമ്മിള, ദുഃശള, ശരശയനത്തിലെ ഭീക്ഷ്മർ, ദുര്യോധനൻ, അണയാത്ത കൈത്തിരി എന്നീ കവിതകളും അടക്കം വേറെയും ധാരാളം എഴുതിയിട്ടുണ്ട്.

ഇവ മിക്കതും പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അർഹമായ അംഗീകാരം കിട്ടാതെപോയ ഒരാളാണ് ഓടാശ്ശേരിൽ ഗോപാലകൃഷ്ണപിള്ളയും. ഇന്നായിരുന്നെങ്കിൽ സാമൂഹികമാദ്ധ്യമങ്ങളിലൂടെയെങ്കിലും പ്രസിദ്ധീകരിക്കാമായിരുന്നു. എങ്കിൽ നൂറുകണക്കിനുപേർ വായിക്കുകയും അവർതന്നെ പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തേനെ. പ്രസാധനം ബുദ്ധിമുട്ടുള്ളതും ചെലവേറിയതും ആയിരുന്ന മുൻകാലങ്ങളിൽ ഇങ്ങനെ എത്രപേരുടെ എത്രയെത്ര രചനകൾ അച്ചടിക്കപ്പെടാതെ കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകും! ഇനിയെങ്കിലും ഇത്തരം രചനകൾ കണ്ടെത്താനും സംരക്ഷിക്കാനും അർഹമായവ പ്രസിദ്ധീകരിക്കാനും നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു.

ആർ. ഗോപാലകൃഷ്ണപിള്ള

എഴുത്തുകാലത്തെ മൂല്യബോധം

എപ്പോഴും എല്ലാവരിലും വിസ്മയം വിടർത്തുന്ന ഒന്നാണു ചരിത്രം. ഓരോ കാലത്തും ചരിത്രം വായിക്കുന്നത് അതതു കാലത്തെ സാമൂഹികകാഴ്ചപ്പാടുകളിലൂടെയാണ്. അതേസമയം, ചരിത്രത്തിന് ആസ്പദമായ സംഭവം നടന്ന കാലത്തെയും എഴുതപ്പെട്ടകാലത്തെയും സാമൂഹികമൂല്യങ്ങളുടെകൂടി തലങ്ങൾ പകർന്നുനല്കിയാണതു വായിക്കുന്നത്. അതുകൊണ്ടുതന്നെ, ചരിത്രവായന ഓരോ കാലത്തും ഓരോ അനുഭവമാണ്. രാജഭരണകാലത്തെ മൂല്യബോധം മനസിൽ ഉള്ള ഒരാൾ, ദിവാൻ ചീഫ് സെക്രട്ടറിയെ ഫൂൾ എന്നു  വിളിക്കുന്നതിനെ ആരാധനയോടെ കാണുമെങ്കിൽ ജനാധിപത്യകാലത്ത് അതു വായിക്കുന്നവർ മനുഷ്യാവകാശലംഘനമായും ജനാധിപത്യവിരുദ്ധതയായും കാണും. ആ സ്വാതന്ത്ര്യം ചരിത്രവായനയുടെ അടിസ്ഥാനമാണ്.

അതേസമയം, പുതിയ കാലത്തിനു സ്വീകാര്യമല്ലാത്ത ഒരു മൂല്യബോധമാണ് ആ ചരിത്രരചനയിൽ ഉള്ളതെന്നു കരുതി ആ ചരിത്രവും രചനയും അസംഗതം ആകുന്നില്ല. മറിച്ച് അവയുടെ അനിവാര്യമായ വായനയിലൂടെയാണ് ചരിത്രത്തിലെ ആവർത്തിച്ചുകൂടാത്ത ഏടുകൾ നാം തിരിച്ചറിയുന്നത്. അവ ഓർമ്മപ്പെടുത്തലുകളാണ്. തിരുവനന്തപുരത്തെ വിക്റ്റോറിയ ജൂബിലി ടൗൺ ഹാളും കാപ്പാട്ടെ വാസ്ക്കോഡ ഗാമയുടെ സ്മാരകവും ഇല്ലാതാക്കുകയോ പേരു മാറ്റുകയോ ചെയ്തു ‘ചരിത്രത്തെ തിരുത്താ’നല്ല, അവ നിലനിർത്തി അടുത്ത തലമുറയ്ക്ക് ആ അധിനിവേശത്തിന്റെ ഓർമ്മ പകർന്നുനല്കി വീണ്ടുമൊരു അധിനിവേശത്തിലേക്കു രാജ്യം പോകാതിരിക്കാനുള്ള ജാഗ്രത വളർത്താനാണു നാം ശ്രമിക്കേണ്ടത്. പേരു മാറ്റിയസ്ഥിതിക്ക്, ബ്രിട്ടിഷ് റാണിയുടെ ജൂബിലിക്കുപോലും സ്മാരകം പണിയേണ്ട, അതു കൊണ്ടാടേണ്ട, അവസ്ഥ കോളനിരാജ്യങ്ങളിൽ ഉണ്ടായിരുന്നു എന്ന കാര്യവും സ്വാതന്ത്ര്യത്തിൻ്റെ ഒരു ആവിഷ്ക്കാരം എന്ന നിലയിൽ അതിൻ്റെ പേരു നാം മാറ്റി എന്നതും അവിടെ രേഖപ്പെടുത്തിവയ്ക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
ആർ. ഗോപാലകൃഷ്ണപിള്ള

അതുപോലെതന്നെ, സാധാരണക്കാരുടെ വേദനകളോട് അലംഭാവം പുലർത്തുന്ന, ജനങ്ങളുടേതല്ലായിരുന്ന, ഭരണയന്ത്രം ഇന്നും അതേ ബോധത്തോടെ തുടരുന്നു എന്ന ഓർമ്മപ്പെടുത്തലും ആ കുറിപ്പിലുണ്ട്. ജനാധിപത്യരീതിയിൽ ഭരണയന്ത്രം ഉടച്ചുവാർത്തില്ല എന്ന ഓർമ്മപ്പെടുത്തൽ. സിവിൽ സർവ്വീസ് ശരിയായി പുനഃസംഘടിപ്പിക്കാത്തതിന്റെ ഫലമായി ആ സംവിധാനത്തിന് അച്ചടക്കവും കർത്തവ്യബോധവും കൈമോശം വന്നതിനെപ്പറ്റി ഓർക്കുന്നതും ചരിത്രപരമായ ശരിതന്നെ. ഭരണസംവിധാനം കാര്യക്ഷമമാക്കാൻ സമഗ്രാധിപത്യത്തിലേക്കു തിരിച്ചുപോകുകയാണ് അഭികാമ്യം എന്ന പാഠമൊന്നും ഇതിൽനിന്നു വായിച്ചെടുക്കാനുള്ള മൗഢ്യം പുതിയകാലത്തെ പൗരസമൂഹത്തിന് ഉണ്ടാവില്ല അതിനാൽത്തന്നെ, ഭരണം ഫലപ്രദമാക്കാനുള്ള മാർഗ്ഗം ആ സംവിധാനങ്ങളുടെ ജനാധിപത്യവത്ക്കരണവും സുതാര്യവത്ക്കരണവും പങ്കാളിത്തവത്ക്കരണവും ഒക്കെയാണെന്നു ചിന്തിക്കാനാകും ഈ ഓർമ്മക്കുറിപ്പു സഹായിക്കുക.

ഇതിനൊക്കെപ്പുറമെ, ദിവാന്റെ ‘കേമത്തം ഘോഷിക്കൽ’ ആയി ആർക്കെങ്കിലും തോന്നിയാലും കുറ്റം പറയാനാവില്ല. കാരണം, അത്തരം കേമത്തങ്ങൾ ഘോഷിക്കുന്ന ഒരു സാമൂഹികബോധമായിരുന്നു ഒരു തലമുറ മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നത്. ഈ കുറിപ്പിലെ കഥാപാത്രവും കുറിപ്പെഴുതിയ ആളും ആ തലമുറയുടെ പ്രതിനിധികളാണ്. ഫ്യൂഡലിസത്തിന്റെ അതേ അംശങ്ങൾ തന്നെയാണ് ഇന്നും ജനാധിപത്യത്തിന്റെ മേഖലയിൽ നാം നല്ലപങ്കും പിന്തുടരുന്നതെന്നു തിരിച്ചറിയാൻ ശ്രമിച്ചാൽ വിമർശകരുടെ ആ വിഷമം മാറിക്കിട്ടും. നമ്മുടെ രാജ്യത്ത് പൗരസമൂഹത്തിന്റെ ശമ്പളം പറ്റുന്ന, നമ്മുടെ സേവകരായ, ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും മറ്റും പൗരർ പുലർത്തുന്ന ദാസ്യവും മറുവശത്ത് ഉദ്യോഗസ്ഥരിലും ഭരണകർത്താക്കളിലും ഒരുവിഭാഗം പുലർത്തുന്ന ധാർഷ്ട്യവും പരിഷ്ക്കൃതസമൂഹങ്ങളിൽ കാണാത്തതാണ്. ഫ്യൂഡൽ അവസ്ഥയിൽനിന്നു നാം ഏറെയൊന്നും മാറിയിട്ടില്ലെന്നുകൂടി ഓർമ്മിപ്പിക്കുന്നൂ ഈ സംഭവക്കുറിപ്പ്.

വിസ്മൃതമാകുന്ന നാട്ടുചരിത്രങ്ങൾ

പുതിയവിള യുപി സ്കൂൾ

ഓരോ നാടിനും ഇങ്ങനെ എത്രയെത്ര കഥകളും വ്യക്തിജീവിതങ്ങളും ഒക്കെ ഉണ്ടാകും രേഖപ്പെടുത്തേണ്ടവയായി! തുടക്കത്തിലെ കുറിപ്പും ഈ അനുസ്മരണവും പ്രാദേശികചരിത്രനിർമ്മിതിയുടെ പ്രാധാന്യം സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്തെ സമൂഹമനസ് ഉണ്ട് ആ കുറിപ്പിൽ. രാജാധികാരത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നതിലെ കൗതുകവും അധികാരത്തിന്റെ താഴേത്തലത്തിലെ അരക്ഷിതാവസ്ഥയും നിസ്സഹായതയും മേലേത്തലത്തിലെ കാർക്കശ്യവും ഗർവ്വും ഇടത്തലത്തിലെ സാധാരണമായ അശ്രദ്ധയോ അനാസ്ഥയോ അവഗണനയോ ഒക്കെയും ജനാധിപത്യത്തിനു മുമ്പ് എങ്ങനെയായിരുന്നു എന്നതിന്റെ ഏകദേശചിത്രവും അതു നല്കുന്നു. ഇതൊക്കെ ജനാധിപത്യഭരണത്തിലും എങ്ങനെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും നിലനില്ക്കുന്നു എന്നു ചിന്തിക്കാനും ഇത് പ്രേരണയാകുന്നു.

മണ്മറഞ്ഞ ഓരോ ആൾക്കും പറയാൻ ഇതുപോലെ ഒരായിരം ചരിത്രം ഉണ്ടായിരുന്നിരിക്കും. അയാൾ അറിഞ്ഞ, അനുഭവിച്ച കാലങ്ങളുടെ സ്വന്തം ആഖ്യാനങ്ങൾ. അതെ, നമുക്ക് ഇതിനകം കൈമോശം വന്നത് കോടാനുകോടി ചരിത്രങ്ങളാണ്. കാലത്തിന്റെ മാത്രമല്ല, അയാളുടെതന്നെ ചരിത്രവുമുണ്ട്; അയാളുടേതു മാത്രമായ ചരിത്രം. അതിനപ്പുറം അയാളുടെ കുടുംബത്തിന്റെ, അയൽക്കൂട്ടത്തിന്റെ, ഗ്രാമത്തിന്റെ, ജനപഥത്തിന്റെ, നാട്ടുവഴിയുടെ, അതിനരികിലെ ആൽമരത്തിന്റെ, കാവിന്റെ, കുളത്തിന്റെ, ആരാധനാലയത്തിന്റെ, വിദ്യാലയത്തിന്റെ, കൂട്ടുകാരുടെ, തൊഴിലിടത്തിന്റെ... കോടാനുകോടി ചരിത്രങ്ങൾ!

ഓരോ നാടിനും ഇങ്ങനെ സമൃദ്ധമായ ചരിത്രം ഉണ്ടാകും. ചൈനയും ഈജിപ്റ്റും പേർഷ്യയും റോമും ഒക്കെ കച്ചവടം നടത്തിയ പ്രാചീനകാലത്ത് നിങ്ങളുടെ ഗ്രാമം എങ്ങനെ ആയിരുന്നു? സംഘകാലത്ത് അവിടം എങ്ങനെ മാറി? അങ്ങനെ ഓരോ നാടിനും ഓരോ കാലത്തും ഉണ്ടായിരുന്ന ജീവിതം അറിയാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു! പക്ഷെ, അവയൊന്നും ആരും രേഖപ്പെടുത്തിവച്ചില്ല. ചരിത്രം അറിയണം എന്ന പുതിയ ബോധം ഉണ്ടായപ്പോൾ മനുഷ്യർ അവ അന്വേഷിച്ചു പിന്നോട്ടുപോയി. കാടു തെളിച്ചും മണ്ണു നീക്കിയും അവർ ഇന്നലെകളുടെ വിസ്മയങ്ങൾ പുറത്തുകൊണ്ടുവന്നു. നമ്മുടെ നാട്ടിൽ പട്ടണത്തേതുപോലെ അങ്ങുമിങ്ങും നടക്കുന്ന ചരിത്രപര്യവേഷണങ്ങൾ അങ്ങിങ്ങുള്ള അത്തരം ഒറ്റയൊറ്റ കേന്ദ്രങ്ങളുടെയും അവയിലൂടെ കണ്ടെടുക്കാവുന്ന പൊതുവായതുമായ പഴങ്കഥകൾ നമുക്കു പറഞ്ഞുതരും. പക്ഷേ, ബാക്കി നാടുകളുടെയെല്ലാം സൂക്ഷ്മചരിത്രം അജ്ഞാതമായി തുടരും. ചരിത്രബോധമൊക്കെ വികസിച്ച ഇക്കാലത്തും നമ്മുടെ നാട്ടകങ്ങളുടെ ഇന്നലെകൾ കണ്ടെത്താൻ നമുക്ക് ആകുന്നില്ല. തലമുറകൾ കൈമാറിക്കിട്ടിയ അറിവുകളും ഓർമ്മകളുംപോലും അതിവേഗം നാം നഷ്ടപ്പെടുത്തുകയാണ്. ആ വാമൊഴിചരിത്രങ്ങളും ലഭ്യമായ രേഖകളിലും മറ്റു തെളിവുകളിലുംനിന്നു വസ്തുനിഷ്ഠതയോടെ നിർമ്മിച്ചെടുക്കാവുന്ന ചരിത്രങ്ങളും സമീപഭൂതകാലത്തിൻ്റെയെങ്കിലും നല്ലൊരു ചിത്രം നമുക്കു തരും. പക്ഷേ, അവയും സമാഹരിക്കാനും എഴുതിസൂക്ഷിക്കാനും ഇന്നും നാം വിമുഖരാണ്. അതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല.

ചരിത്രം എഴുതിവയ്ക്കുന്നതിൽ ഏറ്റവും മടിയർ ഒരുപക്ഷെ, മലയാളികളാകും. പല രാജ്യങ്ങളിലും കുടുംബചരിത്രങ്ങൾ എഴുതിവയ്ക്കുകയും കുടുംബവൃക്ഷങ്ങളുടെ ചിത്രം തയ്യാറാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. പ്രാദേശികചരിത്രനിർമ്മിതി ഇന്ന് ലോകം പ്രാധന്യം നൽകുന്ന ഒരു മേഖലയാണ്. ആ മേഖലയിൽ ഇനിയും നാം വേണ്ടത്ര ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ല. ആ കുറവു നാം നികത്തേണ്ടിയിരിക്കുന്ന്. ഓരോ ആൾക്കും ഈ വഴിക്കു സംഭാവൻ ചെയ്യാനാകും. (പ്രാദേശികചരിത്രനിർമ്മിതിയെപ്പറ്റി ഏതാനും ലക്കം മുമ്പ് ഓച്ചിറവിശേഷത്തിൽ ഒരു ലേഖനം ഈ ലേഖകൻതന്നെ എഴുതിയിരുന്നതിനാൽ ആവർത്തിക്കുന്നില്ല.
ലിങ്ക്: https://docs.google.com/file/d/0B45a7ROwYJo4aU1xbVhUdGxwSXM/view?resourcekey=0-F7lQamY9jHD7IrakOZSnwA


[ഇതിലെ കഥാപുരുഷൻ ലേഖകന്റെ അച്ഛനും ചരിത്രക്കുറിപ്പ് എഴുതിയ ശ്രീ. ഗോപാലകൃഷ്ണപിള്ള ലേഖകന്റെ അദ്ധ്യാപകനും ആണ്.]