Wednesday, 21 February 2024

പൗരസമിതിയും പൗരസമൂഹവും

 പൗരസമിതിയും പൗരസമൂഹവും

മനോജ് കെ. പുതിയവിള


[തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള കൊങ്കളത്തെ പൗരസമിതി  2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച  കൈയ്യെഴുത്തുമാസികയിൽ പ്രസിദ്ധീകരിച്ചത്]




പൗരസമിതിയുടെ പ്രസിദ്ധീകരണം ആയതിനാൽ പൗരത്വത്തെയും പൗരബോധത്തെയും പറ്റി എഴുതാം എന്നാണ് ആലോചിച്ചത്. എല്ലാവർക്കും അറിയുന്നതും എല്ലാവരും മറ്റുള്ളവരുടെ കാര്യത്തിൽ വിമർശിക്കുന്നതും മിക്കവരും സ്വന്തം കാര്യത്തിൽ അനുവർത്തിക്കാത്തതുമായ കാര്യങ്ങൾ കൂട്ടിവച്ച് ഒരു ഓർമ്മപ്പെടുത്തൽ.


പൗരസമിതി. ‘പൗര’രുടെ സമിതി. ആ പേര് ഒട്ടേറെ ചിന്തകൾക്കു വഴിവയ്ക്കുന്നതാണ്. രാജഭരണകാലത്ത് പൗരർ (citizens) ഇല്ലായിരുന്നു, പ്രജകളേ (subjects) ഉള്ളായിരുന്നു. ജനാധിപത്യമാണ് മനുഷ്യരെ പൗരരാക്കിയത്. ദേശരാഷ്ട്രങ്ങൾ (Nation States) രൂപം കൊണ്ടപ്പോൾ ആ ഓരോ ഭൂപരിധിയിലും ഉള്ളവർ ആ രാജ്യത്തെ പൗരർ ആയി. ജനാധിപത്യയിൻഡ്യ ഉണ്ടായപ്പോൾ അങ്ങനെ നമ്മളെല്ലാം ഇൻഡ്യൻ പൗരരായി.

അതുവരെ കൊങ്കളത്ത് (കൈയെഴുത്തുമാസിക പ്രസിദ്ധീകരിച്ച തിരുവനന്തപുരം നഗരത്തിലെ ഒരു പ്രദേശം) ജീവിച്ചവർ തിരുവിതാംകൂറുകാർ ആയിരുന്നു. ഇൻഡ്യയ്ക്കു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞും ഇവിടത്തുകാർ തിരുവിതാംകൂർ രാജാവിന്റെ പ്രജകൾ ആയിരുന്നു. ശ്രീമൂലം പ്രജാസഭയും തിരു-കൊച്ചി നിയമസഭയും ഒക്കെ വരികയും കുറേപ്പേർക്കു വോട്ടവകാശം കിട്ടുകയും ഒക്കെ ചെയ്തപ്പോഴും ഇവിടത്തുകാർ പൗരരായിരുന്നു എന്നു പറയാനാവില്ല. ഇൻഡ്യയുടെ ഭാഗമായി കേരളസംസ്ഥാനം രൂപംകൊണ്ടപ്പോൾമുതൽ ആണ് ഇന്നാട്ടുകാർ പൗരർ ആയത് – ഇൻഡ്യയിലെ പൗരർ.

അക്കാലത്ത് തിരുവിതാംകൂർ സ്വതന്ത്രരാജ്യമായി തുടരാനും അമേരിക്കൻ മോഡൽ പ്രസിഡൻഷ്യൽ ഭരണക്രമം കൊണ്ടുവരാനും സി. പി. രാമസ്വാമി അയ്യരുടെ കൗശലത്തിൽ രാജാവ് ശ്രമിച്ചതും അതിനെതിരെ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി തിരുവിതാംകൂറുകാർ പ്രതിഷേധിച്ചതും പോരാടിയതും ഐക്യകേരളത്തിനായി ‘പദം പദം ഉറച്ചു നാം...’ എന്നു പാടി ജാഥനടത്തിയതുമൊക്കെ നമുക്കറിയാം. അന്ന് തിരുവിതാംകൂർ ഇൻഡ്യയിൽ ചേരാതെ സ്വതന്ത്രരാജ്യം ആകുകയും രാജഭരണം അവസാനിപ്പിച്ച് (അത് ദിവാന്റെ പ്ലാനിൽ ഇല്ലായിരുന്നു) ദേശരാഷ്ട്രം ആകുകയും ചെയ്തിരുന്നു എന്നു വെറുതെ ഒന്നു സങ്കല്പിക്കുക. എങ്കിൽ, ഇന്നാട്ടുകാരെല്ലാം തിരുവിതാംകൂറിലെ പൗരർ ആകുമായിരുന്നു. അപ്പോൾ നമ്മളും നമ്മുടെ കുട്ടികളും ഒക്കെ പഠിക്കുക, ഇൻഡ്യ, ശ്രീലങ്ക എന്നിവ നമ്മുടെ അയൽരാജ്യങ്ങളാണ് എന്ന് ആയിരുന്നേനെ.

1947-ൽ ഇൻഡ്യ-പാക് വിഭജനം നടന്നില്ലായിരുന്നെങ്കിൽ പാക്കിസ്താനിൽ ഉള്ളവരും ഇൻഡ്യൻ പൗരർ ആയിരുന്നേനെ. 1971-ൽ പാക്കിസ്താൻ വീണ്ടും വിഭജിച്ച് ബംഗ്ലാദേശ് പിറന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ ബംഗ്ലാദേശ് പൗരർ പാക് പൗരർ ആയിരുന്നേനെ. സോവ്യറ്റ് യൂണിയൻ തകർന്നപ്പോൾ അത് പലപലരാജ്യങ്ങളായി മാറിയതു നാം കണ്ടു. സോവ്യറ്റുപൗരർ അതോടെ അതതു രാജ്യത്തെ പൗരരായി. യൂറോപ്യൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയനായി ഏകീകരിക്കാൻ തുടങ്ങിയതിന്റെ ആദ്യഘട്ടം നാം കണ്ടുകഴിഞ്ഞു. അത് പൂർത്തിയായാൽ ഒരുപക്ഷെ, ആ ഓരോ രാജ്യത്തെയും പൗരർ യൂറോപ്പുപൗരർ എന്ന ഒറ്റവിഭാഗം ആയേക്കാം.

ലോകമാകെ ഇങ്ങനെ വിഭജനങ്ങളും ഏകീകരണങ്ങളും ഒക്കെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട്, അത്തരം ദേശരാഷ്ട്രപൗരത്വം എല്ലാക്കാലത്തും ഒന്നായി നിലകൊള്ളുന്നതല്ല. എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്.

സൃഷ്ടികളുടെ സമ്പന്നതയാൽ പുസ്തകത്തോളം വളർന്ന 'കലിക' മന്ത്രി ജി. ആർ. അനിൽ പ്രകാശനം ചെയ്യുന്നു.

സിറ്റിസൺസ് എന്നൊക്കെ സാങ്കേതികമായി പറയുമെങ്കിലും ഇന്നും രാജാക്കളോ രാജ്ഞിമാരോ സുൽത്താന്മാരോ സുൽത്താനകളോ ഒക്കെ ഭരിക്കുന്ന നാടുകളിലെ മനുഷ്യർ പ്രജകളായി തുടരുന്നു. അവയും ക്രമേണ രാജാധികാരം ഉപേക്ഷിച്ചു ദേശരാഷ്ട്രങ്ങളായി മാറാം. അപ്പോൾ ആ മനുഷരും പൗരരാകും. ഇത്തരം അവസ്ഥകളും മാറ്റങ്ങളും എല്ലാം ചേർന്നതാണു ലോകം.

പ്രദേശം നിർണ്ണയിക്കുന്ന പൗരത്വം എന്ന ഈ പ്രതിഭാസത്തിനപ്പുറം ആധുനികമായ ബോധമാണ് വിശ്വപൗരത്വം. അതിരുകളില്ലാത്ത മാനവികതയിൽ വിശ്വസിക്കുന്ന, അതിരുകളുടെ സങ്കുചിതത്വമില്ലാതെ മനുഷ്യരെയാകെ സ്നേഹിക്കുന്ന, അതിരുകളുടെയും മത-ജാതി-വർണ്ണ-വർഗ്ഗ-വംശവ്യത്യാസങ്ങളുടെയും പേരിൽ മനുഷ്യർ തമ്മിൽത്തല്ലുന്നതിലെ നിരർത്ഥകത മനസിലാക്കുന്ന, യുദ്ധങ്ങളെയും അക്രമങ്ങളെയും എതിർക്കുന്ന, വിശ്വസാഹോദര്യവും വിശ്വസ്നേഹവും വിശ്വസമാധാനവും കാംക്ഷിക്കുന്ന വിശാലകാഴ്ചപ്പാടാണ് വിശ്വപൗരർ എന്നത്. വിഭാഗീയതകളുടെ ഇടുങ്ങിയ മനസുകളിൽനിന്നു സ്വതന്ത്രരായി വിശ്വപൗരത്വത്തിലേക്ക് ഉയരുക എന്നതാകണം ഓരോ മനുഷ്യരുടെയും ആത്യന്തികലക്ഷ്യം.

പൗരത്വത്തെപ്പറ്റിയുള്ള ചിന്ത അനിവാര്യമായും എത്തിച്ചേരുന്ന ഒരിടമാണ് ‘പൗരബോധം’. പൗരബോധമുള്ളവരുടെ സമൂഹത്തിനേ ‘പൗരസമൂഹം’ (സിവിൽ സൊസൈറ്റി) ആകാനാവൂ. സിവിൽ സമൂഹത്തിലെ പൗരർക്കു വേണ്ട ബോധത്തെ സിവിക് സെൻസ്, സിവിക് കോൺഷ്യസ്നെസ് എന്നൊക്കെയാണു പറയാറ്.

സന്തോഷസൂചിക(happiness index)യെപ്പറ്റി അടുത്തകാലത്തു നാം കേട്ടുതുടങ്ങിയിരിക്കുന്നു. അത് ഏറ്റവും ഉയർന്നുനില്ക്കുന്ന നാടുകളൊക്കെ ഉന്നതമായ പൗരബോധമുള്ള പൗരസമൂഹങ്ങളാണ്. എന്നുവച്ചാൽ, ഒരു സമൂഹം സന്തോഷമുള്ളത് ആകുന്നത് ആ സമൂഹത്തിനു പൗരബോധം മെച്ചപ്പെടുന്ന മുറയ്ക്കാണ്.

വംശീയത, ജാതി-മതവർഗ്ഗീയത, സങ്കുചിതദേശീയത, അസഹിഷ്ണുത, അക്രമം, നിയമലംഘനം എന്നിവതൊട്ട് ഒരാളോട് സമഭാവനയോടെയല്ലാതെ ഇടപെടുന്നതും അവഹേളിക്കുന്നതും അസഭ്യം വിളിക്കുന്നതും വാഹനം ഓടിക്കുമ്പോൾ കാട്ടുന്ന മത്സരവും പൊതുവിടങ്ങളിലെയും സമൂഹമാദ്ധ്യമങ്ങളിലെയും മോശം പെരുമാറ്റവും മാലിന്യങ്ങൾ വലിച്ചെറിയുന്നതും മറ്റുള്ളവരുടെ ആരോഗ്യത്തെ ബാധിക്കുമാറു പൊതുവിടത്തിൽ പുക വലിക്കുന്നതും തുപ്പുന്നതും സർക്കാരിലെയുംമറ്റും ജോലികൾ ഉത്തരവാദിതത്തോടെ ചെയ്യാത്തതും, എന്തിന്, സമയനിഷ്ഠ പാലിക്കാത്തു വരെ നമ്മുടെ ഒട്ടെല്ലാ മനോഭാവങ്ങളും ചെയ്തികളും പൗരബോധം ഇല്ലായ്മയുടെ വിളംബരങ്ങളാണ്. ഇത്തരം അരുതാത്ത കാര്യങ്ങൾ ഒട്ടേറെയുണ്ട്. കാലം മാറുന്നതിനനുസരിച്ച് പുതിയപുതിയ കാര്യങ്ങൾ ഇക്കൂട്ടത്തിലേക്കു വന്നുചേരുകയും ചെയ്യും. സമൂഹത്തിന്റെ കെട്ടുറപ്പിനും സുസ്ഥിതിക്കും പുരോഗതിക്കും തടസമാകുന്ന ഇത്തരം കാര്യങ്ങൾ ഉപേക്ഷിച്ച് സംസ്ക്കാരസമ്പന്നം ആകുമ്പോഴാണ് ആ സമൂഹം പൗരസമൂഹം ആകുന്നതും സന്തുഷ്ടം ആകുന്നതും.


ദൗർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതിനു വേണ്ടത്ര ഊന്നൽ ഇന്നില്ല. സിവിക്സ് എന്നൊരു വിഷയം ചില ക്ലാസുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിലും അതു ലക്ഷ്യം കാണുന്നില്ല. പഠിക്കുന്നവ ജീവിതത്തിൽ പകർത്താനും പുലർത്താനും ഉള്ളതാണെന്ന അടിസ്ഥാനപാഠം വിദ്യാഭ്യാസത്തിലൂടെ നല്കപ്പെടുന്നില്ല. പഠിക്കുന്നതെല്ലാം പരീക്ഷ ജയിക്കാനുള്ളതാണ് എന്ന പൊതുബോധമാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം ഉത്പാദിപ്പിക്കുന്നത്.

റോഡിൽ വലതുവശം ചേർന്നു നടക്കണമെന്ന്, റോഡ് മുറിച്ചുകടക്കുമ്പോൾ ആദ്യം വലത്തോട്ടും പിന്നത്തെ പകുതിക്കുമുമ്പ് ഇടത്തോട്ടും നോക്കണമെന്ന്, 1973-ൽ സ്കൂളിൽ പഠിച്ച എനിക്ക് ഇന്ന് അതുപോലും പഠിപ്പിക്കപ്പെടുന്നില്ല എന്ന് അറിയുമ്പോൾ ആശങ്ക തോന്നുന്നു. ഇടതുവശത്തുകൂടി ഓവർട്ടേക് ചെയ്തും എതിരെ വരേണ്ട വാഹനത്തിനുള്ള ട്രാക്കിൽ കയറ്റി വാഹനം ഓടിച്ചും ഹെഡ് ലൈറ്റ് ഹൈ ബീമിൽ ഇട്ടും ഒക്കെ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് എങ്ങനെ കിട്ടുന്നു എന്നു പലപ്പോഴും വിസ്മയിച്ചിട്ടുണ്ട്.

ഒച്ചത്തിൽ ശബ്ദമുണ്ടാക്കി മറ്റുള്ളവരുടെ സ്വസ്ഥത തകർക്കാൻ നമുക്ക് ഇന്നും ഒരു മടിയും ഇല്ലല്ലോ! ആഘോഷങ്ങൾക്കായാലും വിനോദത്തിനായാലും പൊതുക്കാര്യങ്ങൾക്കായാലും നിയമം ലംഘിച്ചു ശബ്ദമലിനീകരണം നടത്തുന്നത് അഭിമാനമായി കരുതുന്ന അപരിഷ്ക്കൃതരല്ലേ നാം ഇന്നും? പരീക്ഷകൾക്കു പഠിക്കേണ്ടവർ, ഹൃദ്രോഗവും കാൻസറും മറ്റു മാരകരോഗങ്ങളും ഒക്കെയായി പീഡിതരായി കഴിയുന്നവർ, ഓൺലൈൻ ക്ലാസുകൾ എടുക്കുകയും കേൾക്കുകയും ചെയ്യുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും, സുപ്രധാനമായ ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കുന്നവർ, ഓൺലൈൻ പ്രഭാഷകർ, വീട്ടിലിരുന്ന് ഇഷ്ടപ്പെട്ട പാട്ടോ സിനിമയോ ആസ്വദിക്കുന്നവർ... എത്രയെത്ര മനുഷ്യരെയാണു മൈക്കു വച്ചു നാം ശല്യപ്പെടുത്തുന്നത്! രാത്രിവൈക്യും പണിയെടുത്തിട്ട് പുലർച്ചെ ഉറങ്ങുന്നവരെ ഉറങ്ങാൻ സമ്മതിക്കാതെ കൊച്ചുവെളുപ്പാൻകാലത്തേ അലർച്ച തുടങ്ങുന്ന ഒച്ചഭാഷിണി ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ ഉപകരണമാണെന്നു നാം എന്നാണു തിരിച്ചറിയുക! നിശാശലഭങ്ങൾതൊട്ട് രാത്രി ഇരതേടുന്ന ജീവികൾവരെയുള്ള എണ്ണമറ്റ ജീവജാലങ്ങളുടെ നിലനില്പിനെ ഹനിക്കുന്ന പ്രകാശമലിനീകരണത്തിനെതിരെപോലും പൗരർ ആശങ്കപ്പെടുന്ന ഈ ആധുനികകാലത്താണ് ആർക്കും ഒരു ഉപകാരവും ഇല്ലാത്ത, ഉപദ്രവം മാത്രമായ ഒച്ചഭാഷിണിശല്യത്തിന്റെ ആരാധകരായ കുറേപ്പേർ നമുക്കിടയിൽ ജീവിക്കുന്നത് എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതല്ലേ?

കൊങ്കളത്ത് എത്ര വീടുകളിലാണ് പ്ലാസ്റ്റിക് കത്തിക്കാറുള്ളത്! ഹരിതകർമ്മസേന പ്ലാസ്റ്റിക് ശേഖരണം തുടങ്ങിയശേഷവും പലരും അതു തുടരുന്നു. രക്താർബ്ബുദത്തിനും പലതരം ശ്വാസകോശരോഗങ്ങൾക്കും കാരണമാകുന്ന വിഷവാതകങ്ങളാണ് പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്നത്. കത്തിക്കുന്നവരുടെതന്നെ വീടുകളിൽ ഉള്ളവരാണ് ഇതിന്റെ മുഖ്യ ഇരകൾ. എന്നിട്ടും... അത് അറിയാഞ്ഞിട്ടോ എന്തോ നാം സ്വന്തം അന്തരീക്ഷത്തെ മലിനമാക്കിക്കൊണ്ടേയിരിക്കുന്നു.

ഒരു പൈപ്പ് പൊട്ടി ഒഴുകിയാൽ, വഴിയോരത്തോ പൊതുസ്ഥാപനങ്ങളിലോ ടാപ്പ് തുറന്നുകിടന്നാൽ, കേബിളുകൾ റോഡിലേക്കു താണുകിടന്നാൽ, കണ്ണിൽ കുത്തുമാറു കരക്കൊമ്പു ചാഞ്ഞുനിന്നാൽ എനിക്കെന്തു ചേതം എന്നു കരുതി സ്വസ്ഥമായി നടന്നുപോകുന്നത് പൗരബോധം ഇല്ലായ്മയുടെ നല്ല ലക്ഷണമാണ്. പൊതുവിടങ്ങളിലെ കക്കൂസുകളും മൂത്രപ്പുരകളും ഉപയോഗിച്ചാൽ ഫ്ലഷ് ചെയ്യണമെന്ന നിർബ്ബന്ധബുദ്ധി ഇനി എന്നാണു നമുക്ക് ഉണ്ടാകുക! നമ്മുടെ നാടിനാകെ അപമാനം ആകുമാറ് അവ അഴുക്കും നാറ്റവും നിറഞ്ഞു കിടക്കുന്നതിൽ അശേഷം വ്യാകുലതയില്ലാത്ത സമൂഹത്തെ എങ്ങനെ പരിഷ്കൃതസമൂഹമായി കാണാനാകും?

ക്യൂ തെറ്റിച്ചു കയറുക, അർഹതയില്ലാത്തതു നേടിയെടുക്കുക, അർഹതയുള്ളതു നല്കാതിരിക്കുക, വൈകിപ്പിക്കുക, സേവനങ്ങൾക്കു കൈക്കൂലി വാങ്ങുക, അർഹമായ അവകാശങ്ങളും സേവനങ്ങളും തേടി വരുന്നവരോടു മോശമായി പെരുമാറുക... ജനസേവകർ ആകേണ്ട ഉദ്യോഗസ്ഥർ അധികാരികൾ ആണെന്നു കരുതുന്ന സമൂഹം! രാജഭരണവും കോളനിഭരണവും പ്രജകളെ അടിച്ചമർത്തിബ്ഭരിക്കാൻ ഉണ്ടാക്കിയ ഭരണയന്ത്രം 1947 ഓഗസ്റ്റ് 15-ലെ അർദ്ധരാത്രിക്കുശേഷവും അതേപടി നിലനിർത്തിയതിന്റെ അപകടം. നവോത്ഥാനവും വിപ്ലവവുമൊക്കെ ഉണ്ടായ യൂറോപ്യൻസമൂഹങ്ങളിൽ അവയ്ക്കൊപ്പം ആവിർഭവിച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനികമൂല്യങ്ങളും അവയിൽ അധിഷ്ഠിതമായി വികസിച്ചുവന്ന ജനാധിപത്യം, മതേതരത്വം, അവയ്ക്കുപിന്നാലെ വന്ന മനുഷ്യാവകാശങ്ങൾ മുതൽ ഉൾച്ചേർക്കൽ (inclusiveness) വരെയുള്ള ആശയങ്ങളും സംവിധാനങ്ങളും സ്വാംശീകരിക്കാതെ ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യം മാത്രം നേടിയ ഒരു സമൂഹത്തിന്റെ അനിവാര്യദുരന്തമാണ് നാം ഒരു പൗരസമൂഹമായി വികസിച്ചില്ല എന്നത്.

ഇന്നത്തെ മുതലാളിത്ത ആഗോളീകരണം ആകട്ടെ, വ്യക്തികേന്ദ്രിതമായ മൂല്യബോധവും ധനസമ്പാദനമാണ് മനുഷ്യരുടെ ആത്യന്തികലക്ഷ്യമെന്ന ‘ദർശന’വും അവരുടെ ഉപകരണങ്ങളായി അധഃപതിച്ച മാദ്ധ്യമങ്ങളിലൂടെയും മറ്റു വഴികളിലൂടെയും നിരന്തരം നമുക്കുമേൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്നു. അത് പൗരസമൂഹത്തിലേക്കുള്ള നമ്മുടെ പരിണാമത്തെ തകർക്കുന്നതാണ്. അതിനെക്കൂടി പ്രതിരോധിച്ചാലേ ശരിയായ പൗരസമൂഹം നമുക്കു സൃഷ്ടിക്കാനാവൂ.

പൗരബോധത്തിനും പൗരസമൂഹസൃഷ്ടിക്കും വിരുദ്ധമായ എണ്ണമറ്റകാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ നടമാടുന്നു. എല്ലാം എണ്ണിയെണ്ണി പറയുക അസാദ്ധ്യമാണ്. പക്ഷെ, ഇതിക്കെ പറയുകയും പഠിപ്പിക്കുകയും ചെയ്യേണ്ടവർ ചെയ്യാതിരിക്കുമ്പോൾ ആരെങ്കിലും പറയേണ്ടേ? ആ ചിന്തയിലാണ് ഇത്രയും എഴുതിയത്; ഒരാൾക്കെങ്കിലും മനഃപരിവർത്തനത്തിനോ ആലോചനയ്ക്കെങ്കിലുമോ കാരണമാകുന്നെങ്കിൽ അത്രയുമാകട്ടെ എന്ന വ്യാമോഹത്തോടെ.