എന്റെ ജീവിതം ‘പുനരാസൂത്രണം’ ചെയ്ത പ്രസ്ഥാനം
ചില ജനകീയാസൂത്രണരജതജൂബിലിസ്മരണകൾ
രജതജൂബിലി ആഘോഷിക്കാൻ
ഒരുങ്ങുന്ന ജനകീയാസൂത്രണത്തെപ്പറ്റി ഗൗരവമുള്ള ലേഖനങ്ങൾ ധാരാളമായി എഴുതപ്പെടുമ്പോൾ
അതിനു മുതിരാതെ സ്വന്തം ജീവിതത്തെ ആ പ്രസ്ഥാനം മാറ്റിത്തീർത്തതിന്റെ കഥകൾ
പറയുകയാണ് അതിന്റെ സുപ്രധാനഘട്ടത്തിൽ സജീവപങ്കാളിയായിരുന്ന ലേഖകൻ. ആത്മകഥയുടെ ഒരു
ഏടുപോലെ തികച്ചും വ്യക്തിപരമായ അനുഭവങ്ങൾ. ഇതിലെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ
മാത്രമാണ് ‘എന്റെ ജനകീയാസൂത്രണരജതജൂബിലിസ്മരണകൾ’ എന്ന പേരിൽ 2021 ജൂൺ 20-ലെ ‘ദേശാഭിമാനി
വാരിക’യിൽ പ്രസിദ്ധീകരിച്ചത്. സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിയ
ആത്മകഥാക്കുറിപ്പിന്റെ പൂർണ്ണരൂപമാണിത്.
മനോജ് കെ. പുതിയവിള
ഒരു മോട്ടോർ സൈക്കിൾ സൈക്കിൾ അപകടമാണ് എന്നെ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയ കോർഡിനേറ്റർ ചുമതലയിലേക്ക് എത്തിക്കുന്നത്. അതാകട്ടെ എന്റെ ജീവിതംതന്നെ പുനരാസൂത്രണം ചെയ്തുകളഞ്ഞു!
ദേശാഭിമാനി വാരികയുടെ 2021 ജൂൺ 20 ലക്കത്തിൽ വന്ന ‘എന്റെ ജനകീയാസൂത്രണസ്മരണകൾ’ എന്ന അനുഭവക്കുറിപ്പിന്റെ ആദ്യതാൾ |
ഇഷ്ടവൃത്തിയായ പത്രപ്രവർത്തനത്തിൽനിന്നു വഴിമാറി
പോകേണ്ടിവന്നതിന്റെ സങ്കടവും വറുത്തുകൊറിച്ച് റാന്നി റിസർവ്വ് വനത്തിലെ കിസിമം ഗവ.
ഹൈസ്ക്കൂളിൽ ക്ലാർക്കുവേഷത്തിൽ ജീവിക്കുന്ന കാലത്താണാ അപകടം. സർവ്വത്ര പാച്ച്
വർക്ക് ആയ മുഖം പുറത്തു കാണിക്കാൻ കൊള്ളാതായതിനാൽ രണ്ടുമാസം അവധിയെടുത്തു
തിരുവനന്തപുരത്തു തങ്ങുകയായിരുന്നു. അതിനിടെ
കേരളസർവ്വകലാശാലാ യുവജനോത്സവവേദിവരെ ഒന്നു പോയതാണ്. അവിടെവച്ചു
യാദൃശ്ചികമായാണ് ശാസ്ത്രസാഹിത്യപരിഷത്തിലെ സുഹൃത്തായ സഞ്ജയൻ പിടികൂടുന്നത്.
ജനകീയാസൂത്രണത്തെപ്പറ്റി ഒരു പ്രദർശനം തയ്യാറാക്കണം. അതാണു ദൗത്യം.
ഞാനാണെങ്കിൽ ഇത്രവലിയ ഒരു പ്രസ്ഥാനം സംസ്ഥാനത്തു നടക്കുമ്പോൾ
സാക്ഷരതായജ്ഞത്തിലെന്നവണ്ണം അതിലേക്ക് എടുത്തുചാടാൻ കഴിയാത്തതിന്റെ സങ്കടവും
കുറ്റബോധവും ഒക്കെയായി കഴിയുകയാണ്. ജോലി
ചെയ്യുന്ന റാന്നി-പെരുനാടു പഞ്ചായത്തിന്റെ പദ്ധതിരേഖ തയ്യാറാക്കാൻ പരിഷദ്‌സുഹൃത്തുക്കളായ
സോമൻ പിള്ള, ഹരിഹരൻപിള്ള, പഞ്ചായത്തുപ്രസിഡന്റ് മോഹനൻ തുടങ്ങിയവരോടൊപ്പം ചില
രാത്രികൾ ഉറക്കമിളച്ചതാണ് ആകെയുണ്ടായ പങ്കാളിത്തം.
സഞ്ജയൻ എന്ന് എല്ലാവരും വിളിക്കുന്ന സഞ്ജയ് കുമാർ |
സഞ്ജയൻ ആകർഷകമായ ഒരു ഓഫറും വച്ചു: ആ ജോലിക്ക് ഡ്യൂട്ടി ലീവ് അനുവദിപ്പിക്കാം. ഞാൻ അതിൽ വീണു.
ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ:
ഐ.എസ്. ഗുലാത്തിയും അംഗങ്ങളായ തോമസ് ഐസക്ക്, ബി. ഇക്‌ബാൽ, ഇ.എം. ശ്രീധരൻ എന്നിവരും |
ജനകീയാസൂത്രണത്തിൽ അതുവരെ നടന്ന
കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു പ്രദർശനം ഒരുക്കി. ‘ജനകീയാസൂത്രണം ദൃശ്യമുഹൂർത്തങ്ങൾ’
എന്നു പേരിട്ട ആ പ്രദർശനം കോഴിക്കോട്ട് 1997 ജനുവരി 10-ന് ഉദ്ഘാടനം ചെയ്തു.
പിന്നീട് പദ്ധതിനിർവ്വഹണം തുടങ്ങിയതോടെ സംസ്ഥാനത്താകെ ഉയർന്നുവന്ന വികസനോത്സവത്തിന്
ആവേശത്തീപടർത്തിയ ജനപങ്കാളിത്തമാതൃകകൾ അവതരിപ്പിക്കുന്ന പ്രദർശനം എന്നതിലേക്ക്
ആശയം വികസിച്ചു.
വികസനത്തിന്റെ കാഴ്ചപ്പൊലിമ
അതു ചെറിയ കളിയായിരുന്നില്ല. അങ്ങു കാസർഗോഡ് മടിക്കൈയിലും കയ്യൂർ - ചീമേനിയിലും ജനങ്ങൾ സ്കൂൾ പണിതതും വിദ്യാഭ്യാസം മെച്ചപ്പെടുത്തിയതും കണ്ണൂരിലെ ചപ്പാരപ്പടവിൽ ജനങ്ങൾ ആറിനുകുറുകെ പാലം പണിതതുംമുതൽ, വാണിയംകുളത്തും കൂട്ടക്കടവിലും ഭാരതപ്പുഴയ്ക്കു കുറുകെ തടയണകെട്ടിയതും മാരാരിക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ജനകീയപച്ചക്കറിക്കൃഷിയും അടക്കം തിരുവനന്തപുരത്തു കുന്നത്തുകാലിലെ ലേബർ ബാങ്കുവരെ ഒരുപിടി ജനകീയവികസനമാതൃകകളെപ്പറ്റിയുള്ള വിവരവും അവയുടെ നല്ല ഫോട്ടോകളും ഒക്കെ സംഘടിപ്പിക്കണം. ജനകീയാസൂത്രണത്തിലേക്ക് എത്തിയ വഴികളും അതിന്റെ അന്തഃസത്തയും നടത്തിപ്പുരീതികളും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഉദ്ഘാടനവും നടന്നതും നടക്കാൻപോകുന്നതുമായ പ്രധാനപ്രവർത്തനങ്ങളും എല്ലാം ഉൾപ്പെടുത്തണം. ആശയങ്ങളും വിവരങ്ങളും ചോരാതെ ആകർഷകമായി വേണം പ്രദർശനം ഒരുക്കാൻ. കേരളം മുഴുവൻ കാണിക്കാനാണ്. ആളുകളെ പ്രചോദിപ്പിക്കുന്നതാകണം. നിലവാരത്തിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയുമില്ല.
ആസൂത്രണബോർഡ് മെംബർ സെക്രട്ടറി ആയിരുന്ന പി.കെ. ശിവാനദൻ. സമീപം അംഗം ബി. ഇക്‌ബാൽ. |
ഉൾപ്പെടുത്തേണ്ടവ
പട്ടികപ്പെടുത്തി. കാർഷികസർവ്വകലാശാലയിലെ ഫോട്ടോഗ്രാഫർ ചന്ദ്രാനന്ദനെ
ആസൂത്രണസെല്ലിലേക്ക് വർക്ക് അറേഞ്ജ്‌മെന്റിൽ എടുത്തിരുന്നു. അദ്ദേഹം സംസ്ഥാനത്തുടനീളം
പോയി ഫോട്ടോ എടുത്തു. ബാങ്കുദ്യോഗസ്ഥനായ
ചിത്രകാരൻ ഗിരീഷ് കുമാർ, മിനി സുകുമാർ തുടങ്ങിയവർ സഞ്ചരിച്ചു വിവരങ്ങൾ ശേഖരിച്ചു.
വിവരണക്കുറിപ്പുകളും ഗിരീഷ് എഴുതി. കൂട്ടായ അദ്ധ്വാനത്തിന്റെ
‘തത്സമയ’ഫോട്ടോകൾ വരുത്തി. പത്രവാർത്തകളും സമാഹരിച്ചു.
ആർട്ടിസ്റ്റ്
ജയച്ചന്ദ്രന്റെ പണിപ്പുരയിൽ ഒരു സംഘം കലാകാരർ പോസ്റ്ററുകൾ
ഒരുക്കി. രൂപകല്പനയ്ക്കു ചന്ദ്രാനന്ദന്റെ നിർദ്ദേശങ്ങളും. അങ്ങനെ ഇരുനൂറിൽപ്പരം കമനീയപോസ്റ്ററുകൾ ഒരുങ്ങി. അവസാനഭാഗത്ത്
തദ്ദേശഭരണസ്ഥാപനങ്ങളുടെ വികസനരേഖകളും വയ്ക്കാൻ തീരുമാനിച്ചു. വേഗം ഘടിപ്പിക്കുകയും
ഇളക്കിമാറ്റുകയും ചെയ്യാവുന്ന പാനലുകളും സ്റ്റാൻഡുകളും ബൈജു ആട്ടുകാൽ രൂപകല്പന
ചെയ്തു നിർമ്മിച്ചു. അങ്ങനെ പ്രദർശനം ഒരുങ്ങി. ‘ജനകീയാസൂത്രണപ്രസ്ഥാനം’ എന്നുതന്നെ
പേരും നല്കി.
കേരളം നേരിടുന്ന
വികസനപ്രതിസന്ധി പറഞ്ഞാലല്ലേ ഈ ബദലുകളൊക്കെ പ്രസക്തമാകൂ. പ്രദർശനം കാണാൻ ആളുകളെ
പ്രേരിപ്പിക്കുന്ന ഒരു തുടക്കവും വേണം. എന്താണു വഴി?
ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയുടെ
യോഗത്തിൽ പ്രൊഫ: കെ.എൻ. രാജ് ഇ.എം.എസിനു മൈക്കു നേരെയാക്കിക്കൊടുക്കുന്നു |
സർക്കാർഭയവും ഇഎംഎസും
അപ്പോളാണ് ഒരു കുസൃതി
തോന്നിയത്. കേരളത്തെ രോഗശയ്യയിൽ കിടത്തുക! ആശയം
പറഞ്ഞപ്പോഴേ പലർക്കും ആശങ്കയായി. കേരളത്തെ മരണക്കിടക്കയിൽ കിടത്തി എന്നൊക്കെ
ആരോപണം വരില്ലേ? ആസൂത്രണബോർഡും സർക്കാരും അങ്ങനെ പറയാൻ പാടുണ്ടോ? ബോർഡംഗങ്ങളിൽ
ചിലർപോലും ശങ്കിച്ചു. വെറുതെ വിവാദം ഉണ്ടാക്കണോ? അവരെയൊക്കെക്കൊണ്ടു
സമ്മതിപ്പിക്കാൻ ഞാൻ ആവുന്ന പണിയെല്ലാം ചെയ്തു. ഒടുവിൽ, ‘താൻ ചെയ്യ്, കണ്ടിട്ടു
നമുക്കു തീരുമാനിക്കാം’ എന്ന നില എത്തി.
ഒരാൾനീളത്തിൽ ഒരു കേരളം
തെർമ്മോക്കോളിൽ വെട്ടിയുണ്ടാക്കി. അതിൽ മുഴുവൻ അക്കാലത്തെ വികസനപ്രതിസന്ധിയുടെ
പത്രവാർത്തകൾ വെട്ടി കൊളാഷായി ഒട്ടിച്ചു. ഒരു ആശുപത്രിക്കിടക്ക സംഘടിപ്പിച്ചു
കൊണ്ടുവന്ന് കേരളത്തെ അതിൽ കിടത്തി. ഒരു ഡ്രിപ്
സ്റ്റാൻഡ് കൊണ്ടുവന്ന് ഐ.വി. ഫ്ലൂയിഡിന്റെ കുപ്പിയിലെ ദ്രാവകം കളഞ്ഞ് രക്തനിറമുള്ള
വെള്ളം നിറച്ച് അതിൽ തൂക്കി. കേരളത്തിന്റെ കൈയിലേക്കു കുഴൽ ഘടിപ്പിച്ചു. കുപ്പിയിൽ
ഗൾഫ് പണം എന്ന് എഴുതി ഒട്ടിച്ചു. കിടക്കയുടെ തലയ്ക്കൽ ശരീരതാപം കാണിക്കുന്ന
ഗ്രാഫിനു പകരം വികസനം എന്ന തലക്കെട്ടിൽ കീഴേക്കു കൂപ്പുകുത്തുന്ന ഒരു ഗ്രാഫും
പിടിപ്പിച്ചു. കിടക്കയുടെ മറയെന്നപോലെ ഒരു പാനൽ വച്ച് അതിൽ ഒരു ചോദ്യവും
എഴുതിവച്ചു: “ഈ പ്രതിസന്ധി നമുക്കു തരണം ചെയ്യേണ്ടേ? എങ്ങനെ? ഇതാ, ഇതാണു വഴി.”
എക്സിബിഷന്റെ തുടർഭാഗത്തേക്ക് ഒരു ആരോയും.
അതു
കണ്ടപ്പോൾ കുഴപ്പമില്ല എന്നു ചിലർക്കു തോന്നി. എന്നാലും ആശങ്ക ബാക്കിനിന്നു.
അങ്ങനെ ഒരു ‘പ്രിവ്യൂ’ നടത്താൻ തീരുമാനിച്ചു.
ആസൂത്രണബോർഡിനായി നിർമ്മിച്ച
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രദർശനം ഒരുക്കി. ആസൂത്രണബോർഡ്
ഉപാദ്ധ്യക്ഷൻ പ്രൊഫ: ഐ. എസ്. ഗുലാത്തി അടക്കമുള്ളവർ വന്നു കണ്ടു. ചില നിർദ്ദേശങ്ങൾ
വന്നു. അതുപ്രകാരം ചില പോസ്റ്ററുകൾ പരിഷ്ക്കരിച്ചു. കിടപ്പിലായ കേരളത്തിന്റെ
കാര്യത്തിൽ അപ്പോഴും തീരുമാനമായില്ല.
പ്രദർശനത്തിനായി
കൊണ്ടുപോകണമെങ്കിൽ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പ്രണേതാവും ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതി
അദ്ധ്യക്ഷനുമായ സാക്ഷാൽ ഇ. എം. എസ്. വന്നു കാണണം. ശരിയായില്ല എന്നെങ്ങാനും പറയുമോ?
മനസിൽ വല്ലാത്ത ആശങ്കയായിരുന്നു.
ജനകീയാസൂത്രണപ്രസ്ഥാനം പ്രദർശനം ഇ.എം.എസ്. കാണുന്നു. ചിത്രത്തിനു കടപ്പാട്: സിഡിറ്റ് ആർക്കൈവ്സ് |
അങ്ങനെ ഇ. എം. എസ്. വന്നു. കേരളത്തിന്റെ
കിടപ്പു കണ്ടു. മുഖത്തു ഭാവമൊന്നുമില്ല. അദ്ദേഹം വീൽ ചെയറിലേക്കു മാറിത്തുടങ്ങുന്ന
കാലമാണ്. അതിൽ മെല്ലെ നീങ്ങി പ്രദർശനം മുഴുവൻ കണ്ടു. തിരുവനന്തപുരത്തെ എല്ലാ
പത്രങ്ങളുടെയും ഫോട്ടോഗ്രാഫർമാരും ലേഖകരും ഉണ്ടായിരുന്നു. ഫ്ലാഷുകൾ പളപള
മിന്നിക്കൊണ്ടിരുന്നു.
ജനകീയാസൂത്രണപ്രസ്ഥാനം പ്രദർശനം ഇ.എം.എസ്. കാണുന്നു. ചിത്രത്തിനു കടപ്പാട്: സിഡിറ്റ് ആർക്കൈവ്സ് |
എല്ലാം കഴിഞ്ഞപ്പോൾ ഇ. എം. എസിനു തികഞ്ഞ സംതൃപ്തി. അക്കാര്യം വ്യക്തമായപ്പോൾ ഐസക്ക് പറഞ്ഞു, “മനോജാണു തയ്യാറാക്കിയത്. ദേശാഭിമാനിയിൽ ഉണ്ടായിരുന്നയാളാ.” ഇ. എം. എസിനെ വീട്ടിൽപ്പോയി പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഒപ്പം കാറിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും (ദേശാഭിമാനിക്കു സ്വന്തം വാഹനം ഇല്ലാതിരുന്ന അക്കാലത്ത് ഇ. എം. എസ്., നായനാർ, വി. എസ്. തുടങ്ങിയ മുതിർന്നനേതാക്കളുടെ യോഗങ്ങൾ ദൂരെയാണെങ്കിൽ റിപ്പോർട്ട് ചെയ്യാൻ ലേഖകരും ഫോട്ടോഗ്രാഫർമാരും പോകുന്നത് ആ നേതാക്കളുടെ കാറിലാണ്.) അദ്ദേഹത്തിന് എന്നെ ഓർമ്മ ഉണ്ടാവില്ലെന്ന് അറിയാമായിരുന്നു. ഞാൻ മുന്നോട്ടുനീങ്ങി വിനയാന്വിതനായി നിന്നു. ഇ. എം. എസ്. തലയുയർത്തി നോക്കി. നിറഞ്ഞ ചിരി. ആശ്വാസമായി!
ജനകീയാസൂത്രണപ്രസ്ഥാനം പ്രദർശനം ഇ.എം.എസ്. കാണുന്നു. ചിത്രത്തിനു കടപ്പാട്: സിഡിറ്റ് ആർക്കൈവ്സ് |
അങ്ങനെ 1997 മാർച്ച് 19-ന്, സംസ്ഥാനത്തെ
ആദ്യ ജനകീയപദ്ധതിരേഖ രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിനു മുന്നോടിയായി,
പുനലൂരിൽ കേന്ദ്ര ആസൂത്രണക്കമ്മിഷൻ അംഗം ഡോ: എം. ആർ. ശ്രീനിവാസൻ പ്രദർശനം ഉദ്ഘാടനം
ചെയ്തു. ഏപ്രിൽ 11, 12 തീയതികളിൽ തിരുവനന്തപുരം കനകക്കുന്നുകൊട്ടാരത്തിലും 14 മുതൽ
16 വരെ ബ്ലോക്കുതലപദ്ധതിസമർപ്പണത്തിന്റെ സംസ്ഥാനോദ്ഘാടനത്തിന്റെ ഭാഗമായി
കൊടുങ്ങല്ലൂരിലും തുടർന്നു സംസ്ഥാനത്തുടനീളവും പ്രദർശനം നടന്നു. ഒരു വിവാദവും
ഉണ്ടായില്ല. ജനപങ്കാളിത്തത്തിലൂടെ എന്തെല്ലാം അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നു
കേരളസമൂഹത്തിനു കാട്ടിക്കൊടുത്തത് ആ പ്രദർശനമാണ്.
ജനകീയാസൂത്രണപ്രസ്ഥാനം പ്രദർശനം ഇ.എം.എസ്. കാണുന്നു വലത്തേയറ്റം ലേഖകൻ. |
വഴിത്തിരിവായ ക്ഷണം
പ്രദർശനം തയ്യാറാക്കാൻ ചെന്ന
എന്നോട് തുടക്കത്തിൽത്തന്നെ ഒരുദിവസം ഐസക്ക് ചോദിച്ചു, “എടോ, നമുക്കു മീഡിയയുടെ
കാര്യങ്ങൾ നോക്കാൻ ഒരാളു വേണം. വാർത്തകൾ കാര്യമായി വരുന്നില്ല. ക്യാമ്പയിൻ
ആയതുകൊണ്ട് വാർത്തയ്ക്കു വലിയ പ്രാധാന്യമുണ്ട്. ആ ജോലി തനിക്ക് ഏറ്റെടുത്തുകൂടെ?”
മാദ്ധ്യമലോകവുമായി
നിരന്തരബന്ധം പുലർത്തുന്ന, മാദ്ധ്യമപ്രവർത്തനത്തിനു സമാനമായ കാര്യങ്ങൾ ചെയ്യുന്ന,
ആ ചുമതല മാദ്ധ്യമപ്രവർത്തനത്തിലേക്കുള്ള തിരിച്ചുവരവിന് അവസരം ഒരുക്കുമെന്നു മനസു
പറഞ്ഞു. മാത്രവുമല്ല, മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിയുന്നതിലെ അതിയായ
ആവേശവും. ജനകീയാസൂത്രണം പോലെ മറ്റൊരു മഹാപ്രസ്ഥാനമായിരുന്ന സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ
ആലപ്പുഴ ജില്ലയിലെ ഒരു കീ റിസോഴ്സ് പേഴ്സണായും മുതുകുളം ബ്ലോക്കിലെ
പ്രധാനസംഘാടകനായും പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ (ജില്ലയിലെ ബ്ലോക്കുതല
അക്ഷരകലാജാഥകൾക്കു മാനേജർമാർ തികയാതെവന്നപ്പോൾ മറ്റു നിവൃത്തിയില്ലാതെ, ഡിഗ്രിയുടെ
ഫൈനൽ പരീക്ഷ അടുത്തകൊല്ലം എഴുതാം എന്നു തീരുമാനിച്ച്, മാനേജരായി പോയതിന്റെയും)
അനുഭവം ആവേശത്തിനു തീ പകർന്നു.
അതിനെല്ലാം അപ്പുറം
ചിരകാലസുഹൃത്തുക്കളാണ് ആസൂത്രണസെല്ലിൽ ഉള്ളത്. ശാസ്ത്രസാഹിത്യപരിഷത്തിലൂടെ 1980-കളിലേ
സുഹൃത്തുക്കളായ വി. ജി. മനമോഹനും എൻ. ജഗജീവനും 93-ൽ
തിരുവനന്തപുരത്തു വന്നതുമുതൽ ദിവസേന കാണാറുണ്ടായിരുന്ന, അത്രയ്ക്ക്, അടുപ്പമുള്ള സഞ്ജയനും
കെ. ജി. ശ്രീകുമാറും എ. നുജൂമും ഇ. ശിവരാമകൃഷ്ണനും ഡോ: റ്റി. എൻ. സീമയും ഡോ: കെ. എൻ.
ഹരിലാലും ഡോ: ജോയ് ഇളമണും റെസി ഉണ്ണിക്കൃഷ്ണനും ഡോ: ഗോവിന്ദരുവും എം. രാജമോഹനും പി.
കൃഷ്ണൻ മാഷും ഒക്കെയാണു സെല്ലിൽ ഉള്ളത്. ഗുലാത്തിയുടെ ടെക്‌നിക്കൽ അസിസ്റ്റന്റായി
നിയോഗിക്കപ്പെട്ട കെ. എം. ഷാജഹാനുമുണ്ട് അതേ കൂരയ്ക്കുകീഴിൽ. ഓഫീസ് ജോലി കഴിഞ്ഞു
വൈകുന്നേരങ്ങളിൽ സന്നദ്ധസേവനം ചെയ്യാൻ എത്തുന്ന പട്ടം പ്രസാദിനെപ്പോലെ ധാരാളം
സുഹൃത്തുക്കൾ സ്ഥിരം സന്ദർശകരും.
ജനകീയാസൂത്രണപ്രസ്ഥാനം പ്രദർശനം കാണാനെത്തിയ ഇ.എം.എസ്.
ജനകീയാസൂത്രണസെല്ലിലെ അംഗങ്ങൾക്കൊപ്പം |
മുൻപരിചയമില്ലാത്ത ലത
ഭാസ്ക്കറും എനിക്കുശേഷം വന്ന കമലട്ടീച്ചറും പ്രൊഫ: എ. ആർ. വേലായുധൻ പിള്ളയും ഡോ:
രോഹിണിയും പ്രൊഫ: പി. മധുസൂധനൻ പിള്ളയും ഡോ: എ. എസ്. കെ. നായരും ഡോ. എം.
സുബ്രഹ്മണ്യ അയ്യരും രഘുനാഥും എസ്. എഡിസണും നിർമ്മല സാനു ജോർജ്ജും വിജയകുമാറും ബി.
ഉദയും എസ് ശിവകുമാറും സ്വാമി എന്നു വിളിച്ചിരുന്ന സായി വെങ്കിട്ടരാമനും അജയും
സിൽവെസ്റ്ററും പ്രസന്നനും ലക്ഷ്മിയും പ്രീതയും ഒക്കെ വേഗം നല്ല സുഹൃത്തുക്കളായി
മാറുകയും ചെയ്തു. വിദഗ്ദ്ധാംഗങ്ങളായ പ്രൊഫ: എം. കെ. പ്രസാദ്, പ്രൊഫ: പി. കെ. രവീന്ദ്രൻ,
തുടങ്ങി ഒട്ടനവധിപേരും ദീർഘകാലമായി അടുപ്പമുള്ളവർ. ഇവർക്കുപുറമെ, സംസ്ഥാനത്തെ
ഒട്ടുമിക്ക അക്കാദമിക-ഗവേഷണസ്ഥപനങ്ങളിലെയും വിദഗ്ദ്ധരുടെ വലിയൊരു നിരയുമായി
അടുപ്പമുണ്ടാക്കാൻ കഴിഞ്ഞു എന്നതു പില്ക്കാലപത്രപ്രവർത്തനജീവിതത്തിനു വലിയ
മുതൽക്കൂട്ടുമായി.
ജനകീയാസൂത്രണത്തിന്റെ
സുപ്രധാനകണ്ണികൾ ജില്ലാ, ബ്ലോക്ക് കോർഡിനേറ്റർമാർ ആയിരുന്നു. അവരുടെ എണ്ണം
വലുതായതിനാൽ പേരുകൾ ചേർക്കാൻ നിർവ്വാഹമില്ല. അവരിൽ നല്ലപങ്കും സാക്ഷരതാകാലം മുതൽ
പരിഷത്തുവഴി അടുത്തറിയുന്നവർ. അക്കാദമികകാര്യങ്ങൾ കൂടിവന്നപ്പോൾ എത്തിയ കിച്ചു
എന്ന കൃഷ്ണകുമാറും പി. വി. അനിയനും കൂട്ടുകാരായി. ഐസക്കിന്റെ വിദ്യാർത്ഥികളായിരുന്ന
മഞ്ജുളയും ഷഹീനയും ബംഗാൾ സ്വദേശി ചാർവാകും മറ്റുപലരും അനൗപചാരികമായി പല ചുമതലകളും
നിർവ്വഹിച്ചുപോന്നു. (പെട്ടെന്ന് ഓർത്ത് എഴുതിയതിനാൽ പട്ടിക പൂർണ്ണമല്ല).
ഇ.എം. ശ്രീധരൻ, വിദഗ്ദ്ധരായ പ്രൊഫ: എം.കെ. പ്രസാദ്,
എഡിസൺ, രാമനുണ്ണി, ഡോ: മധുസൂദനൻ പിള്ള തുടങ്ങിയവരോടൊപ്പം ലേഖകൻ |
വിവിധ വിഷയമേഖലകളിൽ പ്രാഗത്ഭ്യമുള്ളവർ
വിദഗ്ദ്ധസമിതി അംഗങ്ങളായും ഓഫീസ് നിർവ്വഹണത്തിൽ മികവുള്ളവർ ആ ചുമതലയിലും
മുൻക്യാമ്പയിനുകളിൽ നേതൃചുമതകൾ വഹിച്ച സംഘാടനമികവുള്ളവർ ആ ദൗത്യത്തിലുമാണു നിയോഗിക്കപ്പെട്ടത്.
വിവിധ വകുപ്പുകളിൽനിന്നു തേടിപ്പിടിച്ച് എടുത്തവർ. നിയമനമെല്ലാം വർക്ക് അറേഞ്ജ്‌മെന്റ്
രീതിയിൽ.
തിരുവനന്തപുരത്തേക്കു
മടങ്ങാനാവുക എന്നത് വിപുലമായ സൗഹൃദങ്ങളുടെ പ്രേരണകൂടി ആയിരുന്നു.
തുടക്കം പര്യമ്പുറത്ത്
ഞാൻ എത്തുന്നതിനു
മാസങ്ങൾക്കുമുമ്പേ ജനകീയാസൂത്രണസെൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഇപ്പോൾ ‘കില’യുടെ
ഡയറക്റ്ററായ ഡോ. ജോയ് ഇളമണിന്റെ നേതൃത്വത്തിൽ നാലഞ്ചുപേരാണു തുടക്കക്കാർ.
ആറുമാസത്തോളം ആയപ്പോൾ ജോയ് ശ്രീചിത്രയിൽ എം. പി. എച്ഛിനു ചേർന്നു. അപ്പോഴാണ്
മനമോഹൻ സെല്ലിന്റെ ചുമതലക്കാരനാകുന്നത്. പിന്നെ ഘട്ടംഘട്ടമായി സെൽ വികസിച്ചു.
‘പരദേശികളു’ടെ ആ കൂട്ടത്തോട്
ആസൂത്രണബോർഡിലെ ആസ്ഥാനപ്രമാണിമാർക്ക് ആദ്യമൊക്കെ നല്ല അവജ്ഞ ആയിരുന്നുവെന്നാണു
തോന്നിയിട്ടുള്ളത്. ഞങ്ങളെ ആസൂത്രണം പഠിപ്പിക്കാൻ വന്നിരിക്കുന്നു എന്ന പുച്ഛം.
ആസൂത്രണസാമ്രാജ്യത്തിന്റെ അന്തഃപുരത്തിലൊന്നും സ്ഥാനം നല്കാതെ വരാന്തയിൽ പ്ലൈവുഡ്
അടിച്ചുണ്ടാക്കിയ ഒരു ചരിപ്പിലാണു സെല്ലിനെ കുടിയിരുത്തിയത്. മഴ, കാറ്റ്, മിന്നൽ
ഒന്നിൽനിന്നും സംരക്ഷണമില്ലാത്ത കൂടാരം. സെല്ലെന്നുപറഞ്ഞാൽ രൂപത്തിലും
സെല്ലുതന്നെ. ഒരു സാധാരണവീട്ടിലെ ഹാളുകളെക്കാളും ചെറുത്. അതിൽ രണ്ടു ഡെസ്ക്കും
രണ്ടു ബഞ്ചും രണ്ടുമൂന്നു കസേരയും. മുകളിൽപ്പറഞ്ഞവരെല്ലാം ഒന്നിച്ചുണ്ടായാൽ
കുറേപ്പേർ നില്ക്കണം. ഉള്ള സ്ഥലംകൂടി അപഹരിക്കാറുണ്ടായിരുന്ന പുസ്തകക്കെട്ടുകൾ
ആയിരുന്നു പലപ്പോഴും ഇരിപ്പിടം.
അന്ന് അരികുവത്ക്കരിക്കപ്പെട്ടവരാരും മോശക്കാരായിരുന്നില്ല. പില്ക്കാലത്ത് അതേ പ്ലാനിങ് ബോർഡിൽ അംഗമായ ഹരിലാലും രണ്ടുവട്ടം ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മനമോഹനും എം. പി. യും ഹരിതകേരളമിഷൻ ഉപാദ്ധ്യക്ഷയുമായ സീമയും അന്നത്തെ വൈദ്യുതി, സഹകരണ മന്ത്രിയും സി. പി. ഐ. (എം) സെക്രട്ടറിയുമായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്നി കമലട്ടീച്ചറും കുറെ കോളെജ് പ്രൊഫസർമാരും ഒക്കെ അടങ്ങുന്ന സംഘം ഒരു വിഷമവുംകൂടാതെ ആ പരിമിതികൾക്കുള്ളിൽ ഞെരുങ്ങി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
വി.ജി. മനമോഹൻ പ്രൊഫ: ഐ.എസ്. ഗുലാത്തിയെ
പടിക്കെട്ടിറങ്ങാൻ സഹായിക്കുന്നു |
ആസൂത്രണബോർഡ് വൈസ് ചെയർമാൻ പോലും ഇടയ്ക്കെല്ലാം വരാറുള്ള, അംഗങ്ങൾ നല്ലപങ്കു സമയവും ചെലവിടാറുള്ള, ഈ ‘അഭയാർത്ഥിപ്പാളയം’ ആസൂത്രണബോർഡുദ്യോഗസ്ഥർക്ക് അവഗണിക്കാനാവാത്ത കേന്ദ്രമായി മാറാൻ സമയമെടുത്തു. പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ ബോർഡോഫീസിനെക്കാൾ പ്രധാനം സെല്ലായിമാറുന്നതും അവർ കണ്ടു. ഉദ്യോഗസ്ഥർ സെല്ലിൽ വന്നു കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി. മേല്പറഞ്ഞ മനോഭാവമില്ലാത്ത, വികേന്ദ്രീകൃതാസൂത്രണവിഭാഗത്തിന്റെ ചീഫിന്റെ ചുമതല വഹിച്ച കെ. സുകുമാരനെപ്പോലെ, ഒരുപിടി ഉദ്യോഗസ്ഥർ സെല്ലിന്റെ ഭാഗമെന്നപോലെ ഇഴുകിച്ചേർന്നു പ്രവർത്തിച്ചിരുന്നു എന്നതും എടുത്തുപറയട്ടെ.
രണ്ടാം വർഷം പകുതിയോടെ സെൽ ബോർഡിന്റെ
ആസ്ഥാനമന്ദിരത്തിലേക്ക് ആനയിക്കപ്പെട്ടു. ഡേറ്റാ എൻട്രി, പ്രോസസിങ്, ഗവേഷണം,
ആസൂത്രണമേഖലകൾ സംബന്ധിച്ച കൂടിയാലോചനകൾ ഒക്കെയായി സെല്ലിന്റെ സംവിധാനങ്ങളും
വളർന്നു. ഒടുവിൽ, ആസൂത്രണബോർഡിനായി നിർമ്മിച്ചുവന്ന പുതിയ കെട്ടിടം പ്രവർത്തനക്ഷമമായപ്പോൾ
അതിന്റെ ആദ്യനില സെല്ലിനായി അനുവദിക്കപ്പെട്ടു. ബോർഡംഗങ്ങളുടെ ക്യാബിനുകളും അതേ
നിലയിൽ. മികവാർന്ന പ്രവർത്തനത്തിനുള്ള
അംഗീകാരമായിരുന്നു അത്.
വികസനസെമിനാറിന്റെ ഭാഗമായ പ്രദർശനം കാണുന്ന
തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി |
ജനകീയാസൂത്രണത്തിലേക്ക്
ആസൂത്രണബോർഡ് അംഗങ്ങളിൽ ഐസക്കിനെ 1984 മുതൽ അറിയും. ശാസ്ത്രസാഹിത്യപരിഷത്ത്
പരിപാടികളിൽ തുടങ്ങിയ കേവലപരിചയം ‘ദേശാഭിമാനി’യിൽ
ജോലിയായി തിരുവനന്തപുരത്തു വന്നപ്പോൾ വളർന്നു. 1994-ൽ എ. കെ. ജി. പഠനഗവേഷണകേന്ദ്രം
സംഘടിപ്പിച്ച രാജ്യാന്തര കേരളപഠനകോൺഗ്രസിന്റെ സംഘാടനവേളയിൽ എ. കെ. ജി. സെന്ററിൽ
പ്രബന്ധങ്ങളുടെ തർജ്ജമയും പ്രൂഫ് തിരുത്തലും ഒക്കെയായി കൂടിയതും പ്രബന്ധങ്ങളുടെ
പ്രൂഫ് നോക്കാൻ ഐസക്ക് എന്റെ ബൈക്കിന്റെ പിന്നിൽ കയറി വന്നതും ഒക്കെയായി പരിചയം നല്ല
അടുപ്പമായി. ആ പഠനകോൺഗ്രസിന്റെ ഭാഗമായി ഇറക്കിയ ‘ദേശാഭിമാനി സപ്ലിമെന്റി’ന്റെ
ചുമതല എനിക്കായിരുന്നു. അതിലേക്ക് ഐസക്കുതന്നെ ഉള്ളടക്കം നിർദ്ദേശിച്ചിരുന്നതും
പ്രബന്ധങ്ങളുടെ കോപ്പി തെരഞ്ഞെടുത്തു തന്നിരുന്നതുമൊക്കെ ആദ്യകാല തിരുവനന്തപുരം
അനുഭവങ്ങളാണ്.
ഒന്നാം അന്താരാഷ്ട്രകേരളപഠനകോൺഗ്രസിന്റെ ഭാഗമായി
ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ മുഖത്താൾ |
ആ ഒന്നാം പഠനകോൺഗ്രസ്
ആയിരുന്നല്ലോ ജനകീയാസൂത്രണത്തിന്റെ അടിയന്തരാവശ്യകതയിലേക്കു കേരളത്തെ ഉണർത്തിയത്. കേരളത്തിന്റെ
പ്രശ്നങ്ങൾക്കുള്ള പ്രധാനപരിഹാരമായി അന്ന് ഇ. എം. എസ്. മുന്നോട്ടുവച്ചതു
ജനാധിപത്യവികേന്ദ്രീകരണമാണ്. അദ്ദേഹം ഉദ്ഘാടനപ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയാണ്:
“ഇക്കാര്യത്തിലെ നമ്മുടെ പുരോഗതി വളരെ പതുക്കെയാണ്. ഭരണഘടനയുടെ 73,
74
ഭേദഗതികൾ ഉപയോഗിക്കപ്പെട്ടത് ജനാധിപത്യവികേന്ദ്രീകരണത്തിനു പകരം
ഉദ്യോഗസ്ഥസംവിധാനത്തിന്റെ കേന്ദ്രീകരണത്തിനാണ്. മണ്ണും വെള്ളവും പരിപാലിക്കാനും
സാമൂഹിക അടിസ്ഥാനസൗകര്യങ്ങളുടെ ഗുണമേന്മ ഉയർത്താനും സാംസ്ക്കാരികവികസനത്തിനും
പുതിയ സാമൂഹിക, സാമ്പത്തിക സ്ഥാപനങ്ങൾ നാം
ആരംഭിക്കേണ്ടതുണ്ട്. വികസനപ്രക്രിയയിൽ ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും
സുസ്ഥിരമായരീതിയിൽ ഏകോപിപ്പിക്കുകയും വേണം.”
ഒന്നാം പഠനകോൺഗ്രസിൽ ചർച്ചചെയ്ത വിഷയങ്ങൾ |
ആ പഠനകോൺഗ്രസിലാണ് പ്രാദേശികവിഭവസമാഹരണത്തിന്റെയും പ്രാദേശികാസൂത്രണത്തിന്റെയും നിർവ്വഹണപങ്കാളിത്തത്തിന്റെയും ആശയങ്ങൾ മൂർത്തത കൈവരിക്കുന്നത്. അതിൽനിന്നാണ് ജനകീയാസൂത്രണം എന്ന ആശയത്തിന്റെ പിറവി. പഠനകോൺഗ്രസിലും അതിലേക്കു നയിച്ച വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി സി.ഡി.എസിൽ കല്യാശേരിപ്പരീക്ഷണത്തെ ആധാരമാക്കി നടന്ന ദ്വിദിനസെമിനാറിലുമൊക്കെ ഭാഗഭാക്കാകാൻ അവസരം ലഭിച്ച ഞാൻ അവയുടെ ഉത്പന്നമായ ജനകീയാസൂത്രണത്തിലും അങ്ങനെ ഭാഗമായി.
ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നയരേഖയുടെ പുറംചട്ട |
ഐസക്കിനോടുള്ളതുപോലെതന്നെ
അടുപ്പം മറ്റൊരു ആസൂത്രണബോർഡംഗം ഡോ: ഇക്‌ബാലിനോടും ഉണ്ടായിരുന്നു. അതും
പരിഷത്തുവഴിയുള്ള ബന്ധം. ബോർഡ് അംഗങ്ങളിൽ എ. എം. ശ്രീധരനോടും ഡോ: കെ. എൻ. ശ്യാമസുന്ദരൻ
നായരോടുമാണ് നേരത്തേ അടുപ്പമില്ലാതിരുന്നത്. പക്ഷെ സെല്ലംഗങ്ങളോട് അവരെല്ലാം
പുലർത്തിയ സൗമ്യസൗഹൃദം എനിക്കും വൈകാതെ പങ്കിട്ടുകിട്ടി. സെല്ലിൽ എല്ലാവർക്കും
അനിയേട്ടനും ശ്യാംസാറും ആയിരുന്നു അവർ.
‘സെല്ലി’ലെ ജീവിതം
ഏതായാലും
മാദ്ധ്യമ‘വിദഗ്ദ്ധ’നായ എന്നെ വിദഗ്ദ്ധസമിതിയിലേക്കു തെരഞ്ഞെടുത്തു നിയമിച്ചതായി
അറിയിച്ച് വിദ്യാഭ്യാസവകുപ്പുവഴി സ്കൂളിലേക്ക് ഉത്തരവു പറന്നു. അങ്ങനെ 96 ജൂലായ്
30-ന് ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയ കോർഡിനേറ്ററായി. പിന്നെ ഊണും
ഉറക്കവുമില്ലാത്ത ദിനരാത്രങ്ങളുടെ പരമ്പര ആയിരുന്നു!
ലേഖകനെ ജനകീയാസൂത്രണസെല്ലിൽ നിയമിച്ച ഉത്തരവ് |
എല്ലാദിവസവും എണ്ണമറ്റ
പരിപാടികളാണു സംസ്ഥാനത്തു നടക്കുന്നത്. ഇതിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാധാന്യമുള്ള
മൂന്നും നാലും പരിപാടികൾ പലഭാഗങ്ങളിലായി മിക്കദിവസവും ഉണ്ടാകും. അവ നടക്കുന്ന
ജില്ലയിൽ പോയി മാദ്ധ്യമയേകോപനവും ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ തയ്യാറാക്കി പത്രമോഫിസുകളിൽ
എത്തിക്കലുമൊക്കെ നടത്തണമായിരുന്നു.
എഴുതി ഫോട്ടോക്കോപ്പി എടുത്തു വിതരണം ചെയ്തിരുന്ന
അന്നത്തെ പത്രക്കുറിപ്പുകളിലൊന്ന് |
എല്ലാത്തിനും പോകുക മനുഷ്യസാദ്ധ്യമല്ലാത്തതിനാൽ
മിക്കതും തിരുവനന്തപുരത്തിരുന്നു ചെയ്യും. അന്ന് ഇ-മെയിലൊന്നും നാട്ടുനടപ്പ് ആയിട്ടില്ല. പത്രക്കുറിപ്പ് എഴുതി ഫോട്ടോസ്റ്റാറ്റ്
എടുത്തു ഫോട്ടോ സഹിതം പത്രമോഫിസുകളിൽ എത്തിക്കണം. മറ്റു ജില്ലകളിലേക്ക് ആണെങ്കിൽ
ഫാക്സ് ചെയ്യണം. പലപ്പോഴും കണക്‌ഷൻ കിട്ടില്ല. കിട്ടിയാൽത്തന്നെ വ്യക്തമാവില്ല. പിന്നെയും
പിന്നെയും അയയ്ക്കേണ്ടിവരും. ഫോട്ടോയൊക്കെ ഫാക്സായി അയച്ചാലത്തെ കോലമൊന്നു
വേറെതന്നെ ആയിരുന്നു. ‘പഞ്ചായത്തുരാജ്’ മാസികയ്ക്കു ജനകീയാസൂത്രണവാർത്തകളും
ലേഖനങ്ങളും തയ്യാറാക്കി കൊടുക്കുക എന്ന പതിവുജോലിയും ഉണ്ടായിരുന്നു.
പഞ്ചായത്ത് രാജ് മാസികയുടെ അക്കാലത്തെ ഒരു ലക്കം |
ആരും പറയാതെ ചെയ്തിരുന്ന മറ്റൊരു ദൗത്യമുണ്ട്. ഇടയ്ക്കൊക്കെ ലേഖനങ്ങൾ എഴുതുക. പ്രസ്ഥാനത്തിന്റെതന്നെ ആളായതിനാൽ പബ്ലിക് റിലേഷൻസ് ആയി തോന്നണ്ടാ എന്നു കരുതി തൂലികാനാമങ്ങളിലാണ് അവ എഴുതിയിരുന്നത്. ജനകീയാസൂത്രണത്തിന് ഏതെങ്കിലും കോണിൽനിന്ന് ഭീഷണി ഉയരുമ്പോഴും ഇത്തരം ലേഖനചികിത്സ നടത്തിയിരുന്നു. ചിലതൊക്കെ കവർ സ്റ്റോറികളായും വന്നു.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് അക്കാലത്തെഴുതിയ
ലേഖനങ്ങളിൽ ഒന്ന് ഉൾപ്പെട്ട വാരികയുടെ പുറംചട്ട |
ഭരണ-പ്രതിപക്ഷഭേദമില്ലാതെ
എല്ലാവരുടെയും കൊട്ടുകൾ കിട്ടുന്ന കൂട്ടരായിരുന്നു അന്ന് ആസൂത്രണബോർഡ് അംഗങ്ങൾ. ചിലപ്പോൾ
‘സൂപ്പർ ക്യാബിനെറ്റ്’ ചമയുന്നു എന്നാകും ആക്ഷേപം. മറ്റുചിലപ്പോൾ അധികാരം താഴേക്കു
കൊടുക്കണമെന്നു പറയുന്നത് ഇഷ്ടപ്പെടാത്തവരുടെയാകും ആക്രമണം. എം. എൽ. എ. മാരും എം. പി.
മാരും നിയമവും നയങ്ങളും ഉണ്ടാക്കാനുള്ളവരാണെന്നും വികസനം നടത്തേണ്ടത് സംസ്ഥാനസർക്കാരിന്റെയും
പ്രാദേശികസർക്കാരുകളുടെയും ജോലിയാണെന്നും എം. എൽ. എ. ഫണ്ടും എം. പി. ഫണ്ടും
ജനാധിപത്യവിരുദ്ധമാണെന്നുമുള്ള ശരിയായ തത്വം പറഞ്ഞതിനും നിറഭേദമില്ലാതെ ആക്രമണം ഏറ്റുവാങ്ങി.
അതിന്റെ മെറിറ്റുപോലും പരിശോധിക്കാതെ മുഖ്യധാരാമാദ്ധ്യമങ്ങൾ അന്നെടുത്ത നിലപാട് ഇന്നു
ജനങ്ങൾ വടിയെടുത്ത അതേ ശൈലിയിൽത്തന്നെ ആയിരുന്നു. അങ്ങനെ എന്തെന്തെല്ലാം
പ്രതിസന്ധികൾ താണ്ടിയാണു ജനകീയാസൂത്രണം മറുകര എത്തിയത്!
സി. പി.
ഐ. എമ്മിലോ എൽ. ഡി. എഫിലോ സർക്കാരിലോനിന്ന് ആക്രമണമോ ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ
സാക്ഷാൽ ഇ. എം. എസ്. തന്നെ വടിയെടുക്കുമായിരുന്നു. അദ്ദേഹം അന്തരിച്ചശേഷം
ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയുടെ അദ്ധ്യക്ഷനായത്
അന്നത്തെ എൽ. ഡി. എഫ്. കൺവീനർ വി. എസ്. അച്യുതാനന്ദൻ ആയിരുന്നു. ആക്രമണങ്ങൾ
ഉണ്ടായാൽ അദ്ദേഹം പ്രസ്താവനകളും മറ്റുമായി കളത്തിലിറങ്ങും. അദ്ദേഹം
നിർദ്ദേശിക്കുന്നപ്രകാരം പ്രസ്താവനകൾ തയ്യാറാക്കി കൊണ്ടുപോയിട്ടുള്ളതും അവയിൽ
അദ്ദേഹം ‘അതിനുവച്ച വെള്ളം അങ്ങു വാങ്ങിയാൽമതി’ പോലെയുള്ള പ്രയോഗങ്ങൾ ചേർത്ത്
സ്വന്തം ശൈലിയിലേക്കു മാറ്റിയിരുന്നതുമൊക്കെ രാഷ്ട്രീയപ്രവർത്തനത്തിന്റെ
തന്ത്രപ്രാധാന്യം മനസിലാക്കിത്തന്ന ഓർമ്മകളാണ്.
ജനകീയാസൂത്രണത്തിന്റെ പുരോഗതി വിലയിരുത്താൻ എൽ.ഡി.എഫ്.
കൺവീനറും ഉന്നതാധികാരസമിതി അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ ഉൾനാടൻഗ്രാമങ്ങൾ
സന്ദർശിച്ചപ്പോൾ. തോമസ് ഐസക്ക് ഒപ്പം |
സിനിമാക്കഥ
വച്ചു പരസ്യം
മീഡിയ
കോർഡിനേറ്റർ എന്നാണു പറഞ്ഞിരുന്നതെങ്കിലും പുസ്തകങ്ങളുടെയും പരസ്യങ്ങളുടെയുമൊക്കെ
ജോലികളുണ്ട്. കരാറുകാർക്കു പകരം ഗുണഭോക്തൃസമിതികൾ എന്ന ജനകീയസമിതികൾ നിർമ്മാണപ്രവൃത്തികൾ
ഏറ്റെടുത്തു നടത്തണം എന്നതടക്കമുള്ള പദ്ധതിനിർവ്വഹണമാർഗ്ഗരേഖ വന്നപ്പോൾ
പഞ്ചവടിപ്പാലത്തിന്റെ കഥ പരാമർശിച്ച്, പാലം തകർന്നുകിടക്കുന്ന തമാശച്ചിത്രമൊക്കെ വച്ച്,
രണ്ടും മൂന്നും കോളം വീതിയിൽ പേജിന്റെ നീളത്തിൽ കുത്തനെയുംമറ്റുമായി പതിവില്ലാത്ത
രൂപങ്ങളിൽ തയ്യാറാക്കിയ പരസ്യങ്ങൾ അന്നു ശ്രദ്ധിക്കപ്പെട്ടിരുന്നു.
സന്നദ്ധസാങ്കേതികസേനയിൽ അംഗങ്ങളെ ചേർക്കുന്നതിന്റെ
പത്രപ്പരസ്യം |
മാദ്ധ്യമങ്ങളെക്കൂടി ഉദ്ദേശിച്ചു ‘ജനകീയാസൂത്രണം’ എന്ന പ്രതിവാരവാർത്താപത്രികയും സെല്ലിൽനിന്നു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പ്രകാശനം 1997 മാർച്ച് 31-നു സംഘടിപ്പിച്ച വിപുലമായ മീഡിയാസമ്മേളനത്തിൽ ആയിരുന്നു.
ജനകീയാസൂത്രണം വാർത്താപത്രികയുടെ ഒരു പതിപ്പ് |
ജനകീയാസൂത്രണപ്രവർത്തനങ്ങളെപ്പറ്റി അവബോധം
സൃഷ്ടിക്കാനും പ്രാദേശികവികസനാനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു
പ്രോത്സാഹിപ്പിക്കാനും മാദ്ധ്യമപ്രവർത്തകർക്കായി അക്കൊല്ലം ഏപ്രിൽ 14-നു
കൊടുങ്ങല്ലൂരിൽ നടത്തിയ മാദ്ധ്യമപരിശീലനക്കളരി, അതിന്റെ രണ്ടാംനാൾ
തിരുവനന്തപുരത്തു വിളിച്ചുചേർത്ത ഇലക്ട്രോണിക് മീഡിയ കോൺഫറൻസ് എന്നിങ്ങനെ
മാദ്ധ്യമപിന്തുണയും മാദ്ധ്യമദൃശ്യതയും വർദ്ധിപ്പിക്കാനുള്ള പല പ്രവർത്തനങ്ങളും പബ്ലിക്
റിലേഷൻസിന്റെ ഭാഗമായി നടത്തിയിരുന്നു. സന്നദ്ധസാങ്കേതികസമിതിക്കു വിവരങ്ങൾ
ലഭ്യമാക്കാനായി ‘വി. റ്റി. സി. ന്യൂസ്’ എന്ന മറ്റൊരു വാർത്താപത്രികയും പിന്നീട് ആരംഭിച്ചു.
വി.റ്റി.സി. ന്യൂസ് വാർത്താപത്രികയുടെ ഒരു പതിപ്പ് |
എഴുത്തും
ജനകീയം
പരിശീലനങ്ങളും
അതിനുവേണ്ട പുസ്തകങ്ങളുടെ എഴുത്തും അച്ചടിയുമായിരുന്നു ജനകീയാസൂത്രണത്തിലെ ഏറ്റവും
വലിയൊരു പ്രവർത്തനം. ആസൂത്രണത്തിന്റെ ഓരോഘട്ടത്തിലും ഓരോ തലത്തിലും ഓരോ വിഭാഗവും
ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ മുതൽ ഓരോ വികസനമേഖലയിലും സ്വീകരിക്കേണ്ട സമീപനങ്ങളും
ആ മേഖലകളുടെ പൊതുവായ വിവരങ്ങളും ഒക്കെ ഇങ്ങനെ പുസ്തകങ്ങളായി. ഈ പുസ്തകങ്ങളെല്ലാം
ജനകീയോത്പന്നങ്ങൾ ആയിരുന്നു. അജ്ഞാതരായി നില്ക്കുന്ന എത്രയോപേർ ചേർന്നു
സൃഷ്ടിച്ചവ!
സെല്ലിലെ വിദഗ്ദ്ധാംഗങ്ങൾകൂടി പങ്കെടുത്ത നൂറുകണക്കിന്
ആലോചനായോഗങ്ങളിൽ ഒന്ന് |
‘ഒൻപതാം
പദ്ധതി ജനകീയപദ്ധതി’ എന്ന പൊതുസമീപനരേഖ മുതൽ, ഗ്രാമസഭ ചേരേണ്ടതെങ്ങനെ, പ്രാദേശികാസൂത്രണം,
ദ്വിതീയവിവരശേഖരണം, പ്രാദേശികചരിത്രം തയ്യാറാക്കൽ, വിഭവഭൂപടം തയ്യാറാക്കൽ,
വികസനപദ്ധതികൾ നിശ്ചയിക്കൽ, പ്രൊജക്റ്റ് തയ്യാറാക്കൽ, പ്രൊജക്റ്റുകൾ
സമന്വയിപ്പിച്ചു പദ്ധതിരേഖ തയ്യാറാക്കൽ, പദ്ധതിയുടെ സാങ്കേതികപരിശോധന നടത്തി ഡി.
പി. സി. യുടെ അംഗീകാരം നല്കൽ, പദ്ധതിനിർവ്വഹണം, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ,
ഗുണഭോക്തൃസമിതികളുടെ പ്രവർത്തനം, നിർമ്മാണപ്രവൃത്തികൾ ഗുണഭോക്തൃസമിതിയിലൂടെ
നടപ്പാക്കൽ, ഇതിനൊക്കെയുള്ള ഗ്രാമ-വാർഡുസഭകളുടെ നടത്തിപ്പ്, ഗ്രാമസഭകളുടെ
വിലയിരുത്തൽ, പദ്ധതിമോനിട്ടറിങ്, ധനവിനിയോഗം, സുതാര്യത ഉറപ്പാക്കൽ, പങ്കാളിത്തം
വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ... പരിശീലനത്തിന്റെ മേഖലകൾ വിപുലമായിരുന്നു.
മൈതാനത്തും പടിക്കെട്ടിലും സ്കൂൾവരാന്തകളിലുമൊക്കെ നടന്ന
ഇത്തരം എത്രയെത്ര ചൂടൻചർച്ചകളിലൂടെയാണു പ്രവർത്തനങ്ങൾ ഉരുത്തിരിഞ്ഞത്! തോമസ് ഐസക്ക്, ജഗജീവൻ, രാജ്‌മോഹൻ തുടങ്ങിയവർ. |
പദ്ധതി
തയ്യാറാക്കലിന്റെയും നടത്തിപ്പിന്റെയും അവലോകനത്തിന്റെയും ഓരോ ഘട്ടത്തിലെയും പരിശീലനത്തിൽ
പല വികസനമേഖലകൾക്കും പ്രത്യേകം പുസ്തകം ഉണ്ടാകും. കൃഷി, മൃഗപരിപാലനം, മത്സ്യമേഖല,
ചെറുകിടവ്യവസായം, പശ്ചാത്തലസൗകര്യവികസനം, ജലസേചനം, കുടിവെള്ളവിതരണം,
മാലിന്യസംസ്ക്കരണം, ഊർജ്ജസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, മറ്റു
സേവനമേഖലകൾ, സാമൂഹികക്ഷേമം, പട്ടികജാതി ഘടകപദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി,
വനിതാഘടകപദ്ധതി, പരിസ്ഥിതിസംരക്ഷണം, വിഭവസമാഹരണം എന്നിങ്ങനെ അതും വിപുലം.
ഇതിനെല്ലാം കൈപ്പുസ്തകങ്ങളും പരിശീലനങ്ങളും.
അനവധി പരിശീലനകൈപുസ്തകങ്ങളിൽ ഒന്ന്. ഇതുതന്നെയുണ്ട് 326
പേജ്! |
എല്ലാറ്റിന്റെയും
കരടാണ് ആദ്യം ഉണ്ടാകുക. അത് ആ രംഗത്തെ വിദഗ്ദ്ധർ ഐസക്കുമായുംമറ്റും ആലോചിച്ചു
തയ്യാറാക്കും. ബോർഡംഗങ്ങൾക്കും സെല്ലിലെ വിദഗ്ദ്ധർക്കുമൊപ്പം ഡോ. അജയ് വർമ്മ, ഡോ.
സി. ആർ. സോമൻ, ഡോ. ശ്രീകുമാർ ചാറ്റർജി തുടങ്ങിയവരെപ്പോലുള്ള വിവിധ സ്ഥാപനങ്ങളിലെ
ശാസ്ത്രജ്ഞരും വിദഗ്ദ്ധരും സി. ഡി. എസിലെ വിദഗ്ദ്ധരും ഗവേഷകരുമൊക്കെ കരടു
തയ്യാറാക്കലിൽ ഉണ്ടാകും. അതു സംസ്ഥാനശില്പശാലയിൽ ചർച്ചചെയ്യും. അവിടെ വരുന്ന
നിർദ്ദേശങ്ങൾ ചേർത്ത് അടുത്ത കരട്. ആ കരടാണു സംസ്ഥാനപരിശീലനത്തിൽ നല്കുക. അവിടെ
വരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് അടുത്ത കരട്. അതു ജില്ലാപരിശീലനങ്ങളിൽ ചർച്ച
ചെയ്യും. അവിടത്തെ നിർദ്ദേശങ്ങളോടുകൂടിയ കരട് ബ്ലോക്കുപരിശീലനത്തിലും അവിടെനിന്നു
വികസിച്ചത് തദ്ദേശഭരണതലത്തിലും പോകും. അവിടെനിന്നുള്ള നൂറുകണക്കിനുപേരുടെ
നിർദ്ദേശങ്ങൾകൂടി ചേരുമ്പോഴാണു പുസ്തകം അന്തിമമാകുന്നത്. സംസ്ഥാനതലവിദഗ്ദ്ധരാണ്
കൈപ്പുസ്തകങ്ങൾ ഇങ്ങനെ തുടർച്ചയായി പരിഷ്ക്കരിക്കുന്നത്. അതാണു വാർഡുതലത്തിലേക്ക്
എത്തുന്നത്. ഇത്തരം ഒരു പങ്കാളിത്തയെഴുത്തും ഇത്ര ബൃഹത്തായ പുസ്തകനിർമ്മാണവും
ഒരുപക്ഷെ, ലോകത്തുതന്നെ വേറെ ഉണ്ടാകാൻ ഇടയില്ല.
വിഷയമേഖലകൾ സംബന്ധിച്ച കൈപ്പുസ്തകങ്ങളിൽ ഒന്ന് |
വിജ്ഞാനവിപ്ലവം
സംസ്ഥാന,
ജില്ലാ, ബ്ലോക്കുതല പരിശീലനങ്ങൾക്ക് വെവ്വേറെ നിലവാരത്തിലുള്ള രൂപങ്ങൾ. മിക്കതിന്റെയും
എഡിറ്റിങ്, ലേ ഔട്ട് ചെയ്യിക്കൽ, കവർ രൂപകല്പന ചെയ്യിക്കൽ തുടങ്ങിയ ജോലികളും മീഡിയ
കോർഡിനേറ്റർക്കായിരുന്നു.
ജനകീയാസൂത്രണം വിവിധമേഖലകളിൽ സൃഷ്ടിച്ച മാറ്റം അവലോകനം
ചെയ്യുന്ന സെമിനാർപുസ്തകങ്ങളിൽ ചിലത് |
കേരളം
കണ്ട ഏറ്റവും വലിയ വിജ്ഞാനവിപ്ലവമായിരുന്നു അത്. അരലക്ഷത്തിൽപ്പരം
അച്ചടിത്താളുകളിൽ പരന്നുകിടക്കുന്ന വിജ്ഞാനമാണ് ജനകീയാസൂത്രണവേളയിൽ ഇത്തരത്തിൽ
സൃഷ്ടിക്കപ്പെട്ടത് എന്നാണ് ഏകദേശകണക്ക്! കൂടാതെ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ച
വികസനരേഖകൾ എല്ലാംകൂടി ഒരുലക്ഷത്തിൽപ്പരം പേജുകൾ വേറെയും! അതിന്റെയെല്ലാം എത്രയോ
കോപ്പികൾ! ഒറ്റ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുറഞ്ഞസമയത്തിനകം ജനങ്ങളിലേക്ക്
എത്തിയ വിവരത്തിന്റെ ഈ മഹാപ്രവാഹം ഒരുപക്ഷെ, ലോകത്തേതന്നെ റെക്കോഡ് ആയിരിക്കണം.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിലെല്ലാം
തയ്യാറാക്കിയ വികസനരേഖകൾക്കും പദ്ധതിരേഖകൾക്കും ശേഷം ബ്ലോക്കുതലത്തിൽ തയ്യാറാക്കിയ
നീർത്തടാവലോകനരേഖകളിലൊന്ന് |
ഈ ശാക്തീകരണത്തിന്റെ ഫലമാണ് ഇന്ന് അലാവുദീന്റെ കഥയിലെപ്പോലെ, കേരളം മുഴുവൻ സമൂഹാടുക്കള ഉണ്ടാകട്ടെ എന്നു തിരുവനന്തപുരത്തിരുന്നു മുഖ്യമന്ത്രി വൈകുന്നേരം പറഞ്ഞാൽ നേരം വെളുക്കുമ്പോൾ സകല തദ്ദേശസ്ഥാപനത്തിലും സമൂഹാടുക്കളയിൽ തീ പടരുന്നത്; പ്രളയമുന്നറിപ്പു വന്നാൽ നിമിഷങ്ങൾക്കകം രക്ഷാസന്നാഹങ്ങളും ദുരിതാശ്വാസകേന്ദ്രങ്ങളും സജ്ജമാകുന്നത്. ആ പുസ്തകങ്ങൾതന്നെ കാലികനവീകരണങ്ങളോടെ ഇന്നും പ്രാദേശികാസൂത്രണത്തിന്റെ അടിസ്ഥാനം.
‘നിർത്തെടാ’
വികസനപരിപാടി!
പുസ്തകയച്ചടിയെപ്പറ്റി
രസകരമായ ഒരു കഥയുണ്ട്. പരിശീലനങ്ങളുടെ ഒരുഘട്ടത്തിൽ ‘നീർത്തടവികസനപരിപാടി’ എന്നൊരു
കൈപ്പുസ്തകം തയ്യാറാക്കി. പുസ്തകത്തിന്റെ പ്രൂഫ് നോക്കാൻ കൊണ്ടുവന്നപ്പോൾ പുറംചട്ടയിൽ
അച്ചടിച്ചിരിക്കുന്നത് ‘നിർത്തട വികസനപരിപാടി’ എന്ന്! അന്ന് അച്ചടി മുഴുവൻ
സർക്കാരിന്റെ ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്ററി(ഇന്നത്തെ സി-ആപ്റ്റ്)ലാണ്.
അവിടെയുള്ളവരും രാപ്പകൽ ടൈപ്പ് സെറ്റിങ്ങും പ്രൂഫ് തിരുത്തലും ലേ ഔട്ടും അച്ചടിയും
ഒക്കെയായി വശംകെട്ടു. അവിടുത്തെ പൊറുതികെട്ട ജീവനക്കാരാരോ മനഃപൂർവ്വം
പുസ്തകത്തിന്റെ തലക്കെട്ട് ‘നിർത്തെടാ’ വികസനപരിപാടി എന്ന ആക്കിപ്പോയതാണ്
എന്നതായിരുന്നു കഥ. അത്രയ്ക്കായിരുന്നു പ്രവർത്തനം.
ധാരാളം
പുസ്തകങ്ങളുടെ എഡിറ്റിങ്ങൊക്കെ ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തിൽ സംസ്ഥാനത്തു
ജനപങ്കാളിത്തത്തിലൂടെ ആവിഷ്ക്കരിച്ചു നടപ്പാക്കിയ ജനകീയവികസനപ്രവർത്തനങ്ങൾ
സമാഹരിച്ച ‘ജനകീയതയുടെ പൊൻകണി’യാണ് പൂർണ്ണമായും ഞാൻ തയ്യാറാക്കിയ പുസ്തകം. മറ്റു
തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അനുകരണീയമായ 52 വികസനമാതൃകകളാണ് അതിൽ സമാഹരിച്ചത്.
എല്ലാ
ലേഖനങ്ങളും മാറ്റിയെഴുതി ഐകരൂപ്യവും വായനാസുഖവും വരുത്തി. അവയെപ്പറ്റി പൊതുവിൽ
അവലോകനലേഖനം തയ്യാറാക്കിയത് പ്രൊഫ: റ്റി. പി. കുഞ്ഞിക്കണ്ണനാണ്. ഞങ്ങളുടെ
രണ്ടുപേരുടെയും പേരിലാണു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. തോമസ് ഐസക്കിന്റെ
കുറിപ്പും ചേർത്തിരുന്നു.
തോമസ് ഐസക്ക് രചിച്ച ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’
എന്ന പുസ്തകത്തിന്റെ മുഖത്താൾ |
ഐസക്കിന്റെ
‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’ എന്ന പുസ്തകത്തിന്റെ എഡിറ്റർ ആയതും ഓർമ്മയിൽ.
ആ പുസ്തകത്തിന്റെ നല്ലൊരു ഭാഗവും രാത്രി ഉറക്കമിളച്ചിരുന്ന് എഴുതിയെടുത്തത് ഞാനാണ്.
ഓരോ അദ്ധ്യായവും പൂർണ്ണമായാൽ ഇ. എം. എസിനെ കൊണ്ടുപോയി കാണിക്കണം. അദ്ദേഹം അന്ന്
അമ്പലത്തറയിൽ മകൻ ശശിയുടെ ഫ്ലാറ്റിലാണു താമസം. പലപ്പോഴും ആരും ഉണ്ടാവില്ല. പാർട്ടിരേഖകളുടെ
സമാഹാരം തർജ്ജമചെയ്യാനുള്ള ഉദ്യമത്തിലോമറ്റോ ആയിരുന്നു അന്നെന്നാണ് ഓർമ്മ. ചാരുകസേരയിൽ
ആ തടിയൻ പുസ്തകവുമായാകും ഇരുപ്പ്. വന്നകാര്യം പറയുമ്പോൾ കൊടുക്കാൻ പറയും. ആ തടിയൻ
പുസ്തകം വാങ്ങി മാറ്റിവച്ചിട്ട് പ്രിന്റൗട്ട് കൊടുക്കും. വായിച്ചു തിരികെ തരും. ആ
പുസ്തകത്തിന് അവതാരിക എഴുതിയത് ഇ. എം. എസാണ്.
കൂട്ടത്തിൽ ഒരു കാര്യംകൂടി പറയാം. തോമസ് ഐസക്കിന്റെ പുസ്തകമെഴുത്തുരീതി വിചിത്രമാണ്. പലപ്പോഴും പുസ്തകപ്രകാശനം തീരുമാനിച്ചിട്ടാകും എഴുത്തുതന്നെ തുടങ്ങുക. പുസ്തകം മനസിലുണ്ടാകും. രാവിലെ നടക്കാൻപോകുമ്പോഴൊക്കെ കൂടെയുള്ളവരോട് അദ്ധ്യായങ്ങളുടെ ക്രമവും ഓരോ അദ്ധ്യായത്തിന്റെയും ഉള്ളടക്കവുമൊക്കെ ചർച്ചചെയ്യും. അങ്ങനെയങ്ങനെ അതു വികസിക്കും. പിന്നെ ഒരു അഖണ്ഡയജ്ഞമാണ്. എഴുതിയെടുക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നവർ കൈ കുഴയുമ്പോൾ മാറും. പറഞ്ഞുകൊടുക്കൽ തുടരും. റഫറൻസെല്ലാം നേരത്തേ ചെയ്തുവച്ചിരിക്കും. ഒക്കെ മനസിലാണ്. എഴുത്തിനിടെ റഫർ ചെയ്യലൊന്നുമില്ല. പുസ്തകം നോക്കി വായിക്കുന്നതുപോലെ പൂർണ്ണവാക്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.
ദേശാഭിമാനി വാരികയുടെ ജനകീയാസൂത്രണപ്പതിപ്പിന്റെ മുഖച്ചിത്രം - 2021 ജൂൺ 20 ലക്കം |
എല്ലാം
യുദ്ധംപോലെ
യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനം എന്നൊക്കെ പറയാറുണ്ടെങ്കിലും അതു ശരിക്കും കാണുന്നത് അന്നൊക്കെയാണ്. മുന്നനുഭവമില്ലാത്ത കാര്യങ്ങളാണല്ലോ ചെയ്യുന്നതെല്ലാം. ഓരോ പ്രവർത്തനവും ചെയ്തുനോക്കും, കുറവുകൾ കണ്ടെത്തി തിരുത്തും, വീണ്ടും പരീക്ഷിക്കും, തിരുത്തും... ട്രയൽ ആൻഡ് എറർ രീതി. ഓരോ നടപടിയുടെയും ഈ ഓരോ ഘട്ടത്തിലും ഉത്തരവോ മാർഗ്ഗരേഖയോ ഇറക്കണം. അതൊക്കെ പലവട്ടം തിരുത്തേണ്ടിവരും. സെക്രട്ടേറിയറ്റിലെയും വിവിധ ഡയറക്റ്ററേറ്റുകളിലെയും ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെടുന്ന കാര്യമല്ല ഇതൊന്നും. പക്ഷെ, എന്തുചെയ്യാം! ചെയ്തല്ലേ പറ്റൂ. സർക്കാരിന്റെ പ്രധാന പരിപാടിയല്ലേ! ചട്ടങ്ങളും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ആസൂത്രണനിർവ്വഹണങ്ങൾ ഒരുവിധം ചിട്ടയായപ്പോൾ അതുവരെയിറങ്ങിയ ഉത്തരവെല്ലാം സമാഹരിച്ചു കോംപെൻഡിയം തയ്യാറാക്കാൻ മുൻ ട്രഷറി ഡയറക്റ്റർ എൽ. സുകുമാരൻ ഓഫീസുകളിൽ കയറിയിറങ്ങിയും പ്രസിൽ ഉറക്കമിളച്ചും നടത്തിയ ഭഗീരഥപ്രയത്നത്തെപ്പറ്റി കേട്ടിട്ടുള്ളത് ഓർക്കുന്നു.
ഒരിക്കൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെയോമറ്റോ ചട്ടങ്ങൾ
ആവിഷ്ക്കരിക്കുകയാണ്. ഗുണഭോക്തൃതെരഞ്ഞെടുപ്പിനുള്ള ഗ്രാമസഭകൾ ആരംഭിക്കുന്ന ദിവസം
മൂക്കിൽ മുട്ടിനില്ക്കുന്നു. അതിനുമുമ്പു ചട്ടം പത്രത്തിൽ പരസ്യം ചെയ്യണം.
സർക്കാരിൽ ചട്ടം ഉണ്ടാക്കലൊക്കെ ഏറെക്കാലം എടുക്കുന്ന പണിയാണല്ലോ. എന്നാൽ,
ബന്ധപ്പെട്ട വിദഗ്ദ്ധർ ഒന്നിച്ചു രാപ്പകൽ ഇരുന്ന് കരടു തയ്യാറാക്കി സർക്കാരിൽ
നല്കി. അവിടത്തെ അധികൃതർ പരിശോധിച്ച്, നടപടികൾ പാലിച്ച്, അത് ഉത്തരവായി ഇറക്കി.
അതു പക്ഷെ, ഇംഗ്ലിഷാണ്. മലയാളം പരിഭാഷ വേണം. അതാണു പത്രപ്പരസ്യമായി പ്രസിദ്ധീകരിക്കേണ്ടത്.
പക്ഷെ,
നിയമവകുപ്പു തർജ്ജമ ചെയ്യാൻ എത്ര കുറഞ്ഞാലും ആഴ്ചകൾ എടുക്കും. ടൈപ്പ് റൈറ്ററിന്റെ
അക്കാലത്ത് ടൈപ്പിങ്ങിൽത്തന്നെയുണ്ട് കരട്, ഫെയർ കോപ്പി എന്നൊക്കെ പല ഘട്ടം.
ചുരുക്കത്തിൽ സംഗതി നടപ്പില്ല.
മറ്റൊന്നും ആലോചിച്ചില്ല. നിയമവകുപ്പിൽ കുറിപ്പു കൊടുത്തു ഫയൽ നീക്കി. സെല്ലിൽ നമ്മളെല്ലാംകൂടി അതങ്ങു തർജ്ജമചെയ്തു. ബന്ധപ്പെട്ടവർ ഞായറാഴ്ചയടക്കം സെക്രട്ടേറിയറ്റു തുറന്നിരുന്നു തർജ്ജമ പരിശോധിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അതിനു വേഗം അംഗീകാരം നല്കാൻ മന്ത്രിയും സെക്രട്ടറിയും സഹായിച്ചു. അപ്പോഴേക്കു ഗോഡ്ഫ്രൈ ദാസ് ചട്ടം പരസ്യരൂപത്തിൽ ഡിസൈൻ ചെയ്തിരുന്നു. പത്രത്തിൽ സ്പേസ് നേരത്തേ ബ്ലോക്ക് ചെയ്തിരുന്നു. റിലീസ് ഓർഡറും തയ്യാർ. സെക്രട്ടറി ഒപ്പിട്ടതോടെ അവരുടെ തിരുത്തലുകൾ ചേർത്തു പരസ്യം പത്രമോഫീസുകളിലേക്കു പാഞ്ഞു.
ജനകീയാസൂത്രണകാലത്തെ എഴുത്തിന്റെ മറ്റൊരു കേന്ദ്രം റ്റി. എൻ. സീമയുടെ വീടായിരുന്നു. സീമയുടെ കുടുംബവും അച്ഛനമ്മമാരും രണ്ട് ആങ്ങളമാരുടെ കുടുംബവും ഒക്കെയായി നല്ല കോലാഹലമാണ്. അജയൻചേട്ടന്റെ കോഴിഫാമിലെ ചിക്കൻ അടക്കമുള്ള രുചികരമായ ആഹാരമായിരുന്നു പ്രധാന ആകർഷണം. എന്നെയും ശ്രീകുമാറിനെയുംപോലെ പ്രധാന കേട്ടെഴുത്തുകാരി ആയിരുന്നു സീമ. ഒരാൾ എഴുതുമ്പോൾ മറ്റുള്ളവർക്ക് എഡിറ്റിങ്ങും പ്രൂഫുതിരുത്തലും മറ്റു പണികളും ഉണ്ടാകും. സി.ഡി.എസിലാണെങ്കിൽ സീമയുടെ എഴുത്തു തീരുന്നതുവരെ ജീവിതപങ്കാളി ജയരാജും ഉറക്കമിളയ്ക്കും. അവർ പോകുമ്പോൾ അവിടെ തങ്ങുന്നവർ എഴുത്തു തുടരും. ജയരാജ് ഇല്ലാത്തപ്പോഴോ മറ്റ് അസൗകര്യങ്ങൾ ഉള്ളപ്പോഴോ ആണു ഞങ്ങളെല്ലാംകൂടി സീമയുടെ വീട്ടിലേക്ക് ആക്രമണം നടത്തുക. ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’ പുസ്തകത്തിന്റെ എഡിറ്റർപദവി എനിക്കും സീമയ്ക്കുംകൂടി ആയിരുനു.
എഴുതിയെടുക്കലിൽ നല്ലപങ്കും ശ്രീകുമാറാണു ചെയ്തിരുന്നത്. ട്രെയിനിലും കാറിലും വിമാനത്താവളത്തിലുംവരെ ഇരുന്ന് എഴുതിയെടുത്തിട്ടുണ്ട്. യാത്രയിലാണ് എഴുത്തെങ്കിൽ എഴുതുന്നയാൾ എഴുത്തു തീരുന്നിടത്ത് ഇറങ്ങി ബസിലോ ട്രയിനിലോ നേരേ തിരുവനന്തപുരത്തേക്ക്. എത്തിയാലുടൻ സംഗതി പ്രസിൽ കൊടുക്കും. പ്രൂഫ് നോട്ടവും അച്ചടിക്കാര്യങ്ങളും, എന്തിന്, വിതരണം വരെ ശ്രീകുമാർ ചെയ്യാത്ത പണിയില്ല. വിതരണം എന്നു പറഞ്ഞാൽ രണ്ടരദിവസംകൊണ്ടൊക്കെ എല്ലാ ജില്ലാ ഓഫീസിലും എത്തിക്കണം. കാരണം പരിശീലനത്തിന്റെ വക്കത്താണു മിക്കപ്പൊഴും പുസ്തകം അച്ചടി. ഓഫീസുകളാകട്ടെ സിവിൽ സ്റ്റേഷനുകളുടെ മുകൾനിലകളിലും! സായി വെങ്കട്ടരാമൻ വന്നശേഷം ആ ചുമതല അദ്ദേഹത്തിനായി.
ശ്രീകുമാർ |
ഒരിക്കൽ
ഒരു പുസ്തകം അടിക്കാൻ സർക്കാർസ്ഥാപനമായ കെ.എസ്.എ.വി.ആർ.സി.യിൽ പേപ്പറില്ല.
ആവശ്യത്തിന്റെ വക്കത്താണ് അതും പ്രസിൽ എത്തുന്നത്. യുദ്ധമല്ലേ! ഉടൻ ഐഡിയ വന്നു.
ദേശാഭിമാനിയിൽനിന്ന് പേപ്പർ റീൽ കടം വാങ്ങി പ്രസിൽ എത്തിക്കാം. സി. പി. നാരായണനെക്കൊണ്ടു
ശുപാർശ പറയിച്ച് പേപ്പർ റീൽ തരപ്പെടുത്തി. അപ്പഴാണ് അടുത്ത പ്രശ്നം. പത്രം
അടിക്കുന്ന പേപ്പറിന്റെ റീൽ കെ.എസ്.എ.വി.ആർ.സി.പ്രസിൽ പറ്റില്ല. നാലരയിഞ്ചു വീതി
കുറവുള്ള പേപ്പർ വേണം. അതിന് എവിടെ പോകും! പലവഴിക്കും അന്വേഷിച്ചു രക്ഷയില്ല.
അതിനും ശ്രീകുമാർ പരിഹാരം കണ്ടു. ഈർച്ചമില്ലിൽ കൊണ്ടുപോയി അറത്തു ചെറുതാക്കുക!
ലോകത്ത് ആരും ചെയ്തിരിക്കാൻ ഇടയില്ലാത്ത കാര്യം. അതും ചെയ്തു പുസ്തകം യഥാസമയം
അച്ചടിച്ചുവാങ്ങി! അറത്തുമാറ്റിയ പേപ്പർ മുഴുവൻ റൈറ്റിങ് പാഡാക്കി! പല പരിശീലനങ്ങൾക്കും
കൊടുത്തത് അതാണ്.
മുൾമുനയിൽ
ഒരു പ്രകാശനം
ഒരു
പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട കഥകൂടി പറയാം. സംഭവത്തിന്റെ സവിശേഷത
കാരണം പുസ്തകത്തിന്റെ പേരും പ്രകാശനം ചെയ്ത ആളുടെ പേരും പറയുന്നില്ല. വി.വി.ഐ.പി.കൾ
പങ്കെടുക്കുന്ന ചടങ്ങ്. വേദി കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ. നിറഞ്ഞ സദസ്സ്.
എല്ലാ
സംവിധാനങ്ങളും ഐസക്കിന്റെയും ടീമിന്റെയും യന്ത്രവേഗത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ
പ്രവർത്തിച്ചു ശീലമുള്ളതല്ലല്ലോ. എഴുതിയതത്രയും ടൈപ്പ് ചെയ്യണം. പിന്നെ പ്രൂഫ്
തിരുത്തൽ, ലേഔട്ട്, ഡിസൈൻ, കവർ ഡിസൈൻ, അച്ചടി, മടക്കൽ, ബയൻഡിങ് എല്ലാം ചെയ്താലല്ലേ
പുസ്തകം ആകൂ. പ്രകാശനത്തിനു മുമ്പു പുസ്തകം ആയില്ല!
മഹാസമ്മേളനം.
പ്രകാശകൻ വി. വി. ഐ. പി. യും! കാര്യപരിപാടിയിൽ ഉൾപ്പെടുത്തി പ്രചാരണവും നടന്നതാണ്.
എന്തുചെയ്യും? ഒരു കോപ്പിയെങ്കിലും ബയൻഡ് ചെയ്തു വന്നേക്കും എന്നു പ്രതീക്ഷിച്ചു
ഭാഗ്യം പരീക്ഷിക്കാനാവില്ല. സർവ്വത്ര ടെൻഷൻ. ഒടുവിൽ ഒരു കടുംകൈ തീരുമാനിച്ചു. കവർപ്പേജ്
അച്ചടി പൂർത്തിയായിരുന്നു. അകം വെള്ളപ്പേപ്പർ നിറച്ചു ബയൻഡ് ചെയ്യിച്ചു. വർണ്ണക്കടലാസിൽ
പൊതിഞ്ഞു റിബണിട്ടു കെട്ടി. അതു കൊടുത്തു പ്രകാശനം ചെയ്യിക്കുകയേ വഴിയുള്ളൂ. പക്ഷെ,
പ്രകാശകനും സ്വീകരിക്കുന്നയാളും പുസ്തകം തുറന്നു നോക്കാതിരിക്കുമോ? വേദിയിലുള്ള
മുഖ്യമന്ത്രി ഇ. കെ. നായനാർ അടക്കമുള്ളവർ വാങ്ങി തുറന്നു നോക്കില്ലേ? എങ്കിൽ...!
അപ്പോഴും
പ്രസിൽ ആളു നിന്നു പിപ്പിടികൂട്ടുകയാണ്, വല്ലവിധവും ഒരു കോപ്പി ബയൻഡ്
ചെയ്യിച്ചുവാങ്ങാൻ. സെൽ ഫോൺ യുഗം പിറന്നിട്ടില്ലാത്തതിനാൽ സെനറ്റ് ഹോളിന്റെ ഒന്നാം
നിലയിലെ ഒരു ഓഫീസിലെ ലാൻഡ് ഫോണിൽനിന്നു പ്രസിൽ വിളിച്ച്
അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്. ശ്രമിക്കുന്നു, ഇപ്പം ആകും എന്നുതന്നെ മറുപടി. പത്തുമുന്നൂറു
പേജുണ്ട്. അന്നു ഫോമൊക്കെ കൈകൊണ്ടു മടക്കുന്ന രീതിയാണ്. 16 പേജുവീതമുള്ള ഓരോ ഫോമും
മടക്കിവേണം ബയൻഡ് ചെയ്യാൻ. പിന്നെ അരികുകൾ മുറിക്കണം.
സമ്മേളനം
തുടങ്ങി. എല്ലാ പ്രതീക്ഷയും അസ്തമിച്ചു. വരുന്നതു വരട്ടെ! വെള്ളക്കടലാസു വച്ച
പുസ്തകം സ്റ്റേജിന്റെ പിന്നിൽ എത്തിച്ചു. പെട്ടെന്നാണ് ബൈക്കിൽ പാഞ്ഞെത്തുന്നത്,
സാക്ഷാൽ പുസ്തകത്തിന്റെ ഒരു കോപ്പി! പശയുണങ്ങാത്ത ‘പച്ച’ കോപ്പി. ഒരുനിമിഷം
വൈകിയില്ല. വർണ്ണപ്പൊതിയഴിച്ച് ഒറിജിനൽ വച്ചു പൊതിഞ്ഞു. കോംപെയറർ അപ്പോഴേക്ക്
വേദിയിൽ പ്രകാശനം അനൗൺസ് ചെയ്തു. അസാദ്ധ്യടൈമിങ്! സർവ്വം ശുഭം!
സന്നദ്ധസാങ്കേതികസേനയുടെ രണ്ടാം ഘട്ടം ഉദ്ഘാടനത്തിന്റെ
ക്ഷണക്കത്ത് |
‘പൊൻകണി’യും
മധുവിധുവും
‘ജനകീയതയുടെ
പൊൻകണി’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടുമുണ്ട് ഒരു കഥ; തികച്ചും വ്യക്തിപരമായ കഥ. ആ
പുസ്തകത്തിന്റെ പണിക്കിടയിലായിരുന്നു എന്റെ വിവാഹം, 1998 ജൂൺ അഞ്ചിന്. തൃപ്പൂണിത്തുറക്കാരി
സബിതയാണു വധു. ജീവിതപങ്കാളിയെ തീരുമാനിക്കുന്നതിലും ഇടപെട്ടത് ജനകീയാസൂത്രണമാണ്. ആസൂത്രണസെല്ലിൽ
അംഗമായിരുന്ന റ്റി. എൻ. സീമയാണ് ആ കഥാപാത്രത്തെ എന്റെ ജീവിതകഥയിലേക്കു
കൊണ്ടുവരുന്നത്.
ഒൻപതാം പഞ്ചവത്സരപദ്ധതിയിലെ രണ്ടാം വാർഷികപദ്ധതിയുടെ തുടക്കഘട്ടത്തിലെ തിരക്കേറിയനാളുകൾ. ഓണത്തിന്റിടയിലെ പൂട്ടുകച്ചവടം എന്നൊക്കെ ദുഷ്ടബുദ്ധികൾക്കു പറയാം. എല്ലാ മാമൂലും ലംഘിക്കുന്ന കൂട്ടരുടെ കൂടിച്ചേരൽ ആയതിനാൽ, വിവാഹം വധുവിന്റെ നാട്ടിൽ എന്നതിനുപകരം വരന്റെ താമസസ്ഥലത്തിനടുത്തുള്ള ശാസ്തമംഗലം സബ്‌രജിസ്റ്റ്രാർ ഓഫീസിൽ നടത്താനാണു തിരുമാനിച്ചത്. ജനകീയാസൂത്രണത്തിലെ പണി മുടങ്ങാതിരിക്കായിരുന്നു സത്യത്തിൽ അത്. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമുള്ള നോട്ടീസ് നടപടികളൊക്കെ പൂർത്തീകരിച്ചിരുന്നു. പരിസ്ഥിതിസ്നേഹം കാരണം ലോകപരിസരദിനമായ ജൂൺ 5-നാകട്ടെ വിവാഹം എന്നും നിശ്ചയിച്ചു.
ലേഖകന്റെ വിവാഹക്ഷണക്കത്ത് |
ആചാരവും
ആർഭാടവും ആൾക്കൂട്ടവും ഇല്ലാതെയായിരിക്കും വിവാഹം എന്നു പണ്ടു യുക്തിവാദിസംഘത്തിൽ
പ്രവർത്തിച്ചിരുന്ന 79-82 കാലത്തേ തീരുമാനിച്ചതാണ്. സംബന്ധിക്കുന്നത് ശ്രീനാരായണഗുരു
പറഞ്ഞിട്ടുള്ളതുപോലെ പരമാവധി 20 പേർ. എന്നാലും ബന്ധുക്കളെയും നാട്ടുകാരെയും പരിചയക്കാരെയും
ഒക്കെ അറിയിച്ചു. കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നു കത്തിൽ
വ്യക്തമാക്കുകയും ചെയ്തു. അതിനാൽ മിക്കവരും ആശംസയിൽ ഒതുക്കി. ‘ഒരു ജൂൺ
5-നായിരുന്നു എന്റെയും വിവാഹം’ എന്നു തുടങ്ങുന്ന ഒ. എൻ. വി. സാറിന്റെ ആശംസയൊക്കെ
ഓർമ്മയിൽ നില്ക്കുന്നു.
വധുവും
കുടുംബവും തലേന്നേ തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ എത്തി. ജൂൺ 5-നു രാവിലെ
ആസൂത്രണസെല്ലിൽ എത്തിയ വരൻ 10 മണി കഴിഞ്ഞപ്പോൾ ബൈക്കിൽ രജിസ്റ്റ്രാർ ഓഫിസിൽ എത്തി.
ആധാരമെഴുത്തുകാരനായ സുഹൃത്ത് സുനിലാണ് അവിടത്തെ ഏർപ്പാടുകൾ. സുനിലിനൊപ്പം സബ്
രജിസ്റ്റ്രാരെ കണ്ടു. ഒരു സ്ത്രീയാണ്. അവർക്ക് ഇത്തരം വിവാഹമേ ഇഷ്ടമല്ലെന്നു
തോന്നി. ഏതായാലും ഇപ്പോൾ നല്ല തിരക്കാണ് എന്ന് അവർ പറഞ്ഞു. എപ്പോഴാകും സൗകര്യം
എന്നു ചോദിച്ചു. ഉച്ചയ്ക്ക് ഒരുമണിക്കു മുമ്പായി വാ, നോക്കാം എന്നു മറുപടി.
ഉടനെ
പുറപ്പെടണ്ടാ, പന്ത്രണ്ടുമണിയോടെ വന്നാൽ മതി എന്നു വധുവിനെ വിളിച്ചറിയിച്ചു. അങ്ങനെ
12 മണിക്കു വീണ്ടും രജിസ്റ്റ്രാർ ഓഫീസിലെത്തി. രണ്ടുപേരുടെയും കുടുംബങ്ങൾ
ഒപ്പമുണ്ടെന്നു കണ്ടപ്പോഴാണ് സബ് രജിസ്റ്റ്രാറുടെ മുഖം തെളിഞ്ഞത്. അരമണിക്കൂറിനകം
ഒപ്പിട്ടു. ഏഴു രൂപയോ മറ്റോ ആയിരുന്നു ഫീസ്. അതാണ് ആകെ വിവാഹച്ചെലവ്! വിവാഹസർട്ടിഫിക്കറ്റ്
കഴിഞ്ഞാൽ സുഹൃത്തായ ചന്ദ്രാനന്ദൻ വന്നു നിർബ്ബന്ധപൂർവ്വം നാലഞ്ചു ഫോട്ടോ
എടുത്തതാണ് ആകെ സാക്ഷ്യം.
ലേഖകന്റെ വിവാഹത്തിൽ പങ്കെടുത്ത ‘ആൾക്കൂട്ടം’ |
അമ്മയും
മറ്റും വന്ന വാഹനത്തിൽ വിവാഹം കഴിഞ്ഞ് പുതിയവിളയിലെ (കായംകുളത്തിനു സമീപം)
വീട്ടിലേക്കു പോയി. ആരെയും പങ്കെടുപ്പിക്കാതെ വിവാഹം നടത്തിയതിൽ
പരിഭവിച്ചിരിക്കുന്ന ബന്ധുക്കളെയും അടുപ്പക്കാരായ ചില നാട്ടുകാരെയും
കാണുകയായിരുന്നു ദൗത്യം. അവരെ പങ്കെടുപ്പിക്കാഞ്ഞതു വിരോധംകൊണ്ടല്ലല്ലോ. വെറുതെ
അവരുടെ പരിഭവം എന്തിനു നിലനിർത്തണം? എല്ലാവരും ഓക്കെ! ‘പറഞ്ഞുകേട്ടതൊക്കെ ശരിയാണോ,
ശരിക്കും താലി കെട്ടിയില്ലേ,’ എന്നൊക്കെ സംശയിച്ച അതിബുദ്ധിക്കാരായ ചില
കുലസ്ത്രീകൾ തന്ത്രപൂർവ്വം സബിതയുടെ ഷോൾ പൊക്കി കഴുത്തിൽ നോക്കിയതൊക്കെ
കൂട്ടത്തിലെ തമാശകൾ.
വിവാഹത്തിനു
മുമ്പുതന്നെ ‘ജനകീയതയുടെ പൊൻകണി’യുടെ മാറ്റർ ഏറെക്കുറെ പ്രസിലേക്കു കൊടുത്തിരുന്നു.
ആമുഖമോ മറ്റൊ ബാക്കിയുണ്ടായിരുന്നത് പുതിയവിളയിലിരുന്ന് എഴുതി. മൂന്നാംദിവസംതന്നെ
തിരികെ വന്ന് ശാസ്തമംഗലത്തിനു സമീപം ഒരു വാടകവീട്ടിൽ കുടുംബജീവിതം തുടങ്ങി.
‘ജനകീയതയുടെ പൊൻകണി’ പുസ്തകത്തിന്റെ മുഖത്താൾ |
അപ്പോഴേക്കു
പുസ്തകത്തിന്റെ പ്രൂഫ് റെഡിയായിത്തുടങ്ങി. പതിവുപോലെ പ്രകാശനമെല്ലാം
തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഏതാനും ദിവസമേ ബാക്കിയുള്ളൂ. പകൽ മുഴുവൻ ഓഫീസിലോ ഓഡിയോവിഷ്വലിലോ
ഇരുന്നു പ്രൂഫ് നോക്കും. രാത്രിയാകുമ്പോൾ ബാക്കി പ്രൂഫുമെടുത്തു വീട്ടിലേക്ക്. നവവധൂവരന്മാർ
മധുവിധുപ്രൂഫുനോട്ടം! അച്ചടിയുടെ ചുമതലയുള്ള രാജ്‌മോഹനും അനുയായികളും രാത്രി
പത്തിനും പന്ത്രണ്ടിനുമൊക്കെ പ്രൂഫ് എത്തിച്ചുകൊണ്ടിരിക്കും. ഇരുട്ടിവെളുക്കെ
പ്രൂഫ് തിരുത്തൽ!
പുസ്തകം
സമയത്തു തയ്യാറായെങ്കിലും പ്രകാശനം രണ്ടുമാസം നീണ്ടു. പ്രസ്ഥാനം മൂന്നാം
വർഷത്തിലേക്കു കടക്കുന്ന ഘട്ടത്തിൽ നടന്ന വികസനകൺവെൻഷനിൽ ആയിരുന്നു പ്രകാശനം. ’98
ഓഗസ്റ്റ് 16-ന് യൂണിവേഴ്സിറ്റി കോളെജ് അങ്കണത്തിൽ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ
സാന്നിദ്ധ്യത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരാണു പ്രകാശനം ചെയ്തത്.
‘ജനകീയതയുടെ പൊൻകണി’ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ
പ്രകാശനം ചെയ്യുന്നു. മുഖ്യമന്ത്രി ഇ.കെ. നായനാർ, സ്പീക്കർ എം. വിജയകുമാർ, ഐ.എസ്.
ഗുലാത്തി തുടങ്ങിയവർ വേദിയിൽ |
എറണാകുളം
ജില്ലാ സാക്ഷരതായജ്ഞത്തിന്റെ നിർണ്ണായകവേളയിൽ സുപ്രധാനചുമതലകളുടെ തിരക്കിനിടെ
രാവിലത്തെ ട്രയിനിൽ വന്നു വിവാഹം കഴിച്ച് പങ്കാളിയെ പെങ്ങളോടൊപ്പം
വീട്ടിലേക്കയച്ചിട്ട് അടുത്ത വണ്ടിക്ക് എറണാകുളത്തിനു മടങ്ങിയ ജഗജീവന്റെയും
രമയുടെയും കഥയൊക്കെ അറിയാവുന്നതിനാൽ മധുവിധുകാലം നഷ്ടമായതു വലിയ കാര്യമായി
തോന്നിയില്ല. മഹായജ്ഞങ്ങൾക്കിടെ ഇങ്ങനെയൊക്കെ ഉണ്ടാകാം. വിപ്ലവപ്രവർത്തനമൊന്നും
അല്ലെങ്കിലും ആ വഴിക്കുള്ള ചുവടുകളാണല്ലോ ഇവയും.
എന്റെ
സ്ഥിതി ഇതാണെങ്കിൽ കൂടുതൽ പ്രധാന ചുമതലകൾ നിർവ്വഹിച്ചവരുടെ സ്ഥിതിയോ! ആ യത്നത്തിൽ
ഉൾച്ചേർന്നിരുന്ന ആയിരങ്ങളുടെ അദ്ധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും
കഷ്ടപ്പാടിന്റെയും ബാഹുല്യം അത്രയ്ക്കായിരുന്നു. സംസ്ഥാനതലത്തിലെ ചിലരുടെ മാത്രം കാര്യമല്ല,
കേരളത്തിൽ അങ്ങോളമിങ്ങോളം നല്ലൊരുസംഖ്യവരുന്ന ഇത്തരം ‘പ്‌രാന്തന്മാരും പ്‌രാന്തികളും’
അന്ന് ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു.
ഒരു
‘മാൻ മിസ്സിങ്’ കഥ
അക്കാലത്തെ
തെരക്കു മനസിലാക്കാൻ മറ്റൊരു കഥ പറയാം. ഒരു രാത്രി. പതിവുപോലെ ഐസക്കിന്റെ
വീട്ടിലാണു കിടപ്പ്. രണ്ടുമണിവരെയൊക്കെ എഴുതിയിട്ടാവും ഉറക്കം. കിടന്നതേയുള്ളൂ. വാതിലിൽ
മുട്ട്. സാമാന്യം ശക്തിയിൽത്തന്നെ. എഴുന്നേറ്റു വാതിൽ തുറന്നു. രണ്ട്
ആജാനുബാഹുക്കൾ! ആദ്യമൊന്നു പകച്ചു. അപ്പോഴേക്ക് മുറിയിൽനിന്ന് ഇറങ്ങിവന്നിരുന്ന ഐസക്കിനെ
നോക്കി ‘നമസ്ക്കാരം സഖാവേ!’ എന്ന് ആഗതരിലൊരാൾ പറഞ്ഞപ്പോഴാണ് സമാധാനമായത്. ഐസക്ക്
പരിചയപ്പെടുത്തി, “അപ്പുക്കുട്ടൻ കാണി. വിതുര പഞ്ചായത്ത് പ്രസിഡന്റാ”. ആളെ നന്നായി
കേട്ടിട്ടുണ്ട്. ജനകീയാസൂത്രണം തുടക്കം മുതലേ നന്നായി നടത്തിയവരിൽ ഒരാൾ.” ഇത്
എന്റെ സെക്രട്ടറിയാ.” ആഗതൻ കൂടെയുള്ളയാളെ പരിചയപ്പെടുത്തി. എന്തോചില രേഖകൾ
പൂർത്തിയാക്കിയപ്പോൾ വൈകി. അതുമായി എത്തിയതാണ്!
അപ്പുക്കുട്ടൻ കാണിയുടെ അക്കാലത്തെ ചിത്രം. ഇ.എം.എസിനു പിന്നിൽ ഇടതുവശത്ത് അദ്ദേഹം. |
അപ്പുക്കുട്ടൻ കാണിയും തോമസ് ഐസക്കും - ഒരു സമീപകാലചിത്രം |
ജനകീയാസൂത്രണകാലത്താണല്ലോ ഇൻഡ്യൻസ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷിക്കപ്പെട്ടത്. അന്ന് എല്ലാ തദ്ദേശഭരണസ്ഥാപനത്തിലും ജനങ്ങൾക്കു പ്രയോജനപ്പെടുന്ന ഓരോ സ്ഥാപനങ്ങൾ സ്വാതന്ത്ര്യസുവർണ്ണജൂബിലിസ്മാരകം എന്ന പേരിൽ നിർമ്മിക്കാൻ തീരുമാനിച്ചു. വലിയൊരു സംഭവമാക്കി അതു മാറ്റാൻ കഴിഞ്ഞു. എല്ലാസ്ഥലത്തും 1997 ഓഗസ്റ്റ് 15-നു തറക്കല്ലിടൽ. എവിടെയെങ്കിലും പോയി ഒരുക്കങ്ങൾ കാണണമെന്നു തീരുമാനിച്ചിരുന്നു. എന്തൊക്കെയോകാരണം അന്നു ഫ്രീ ആയപ്പോൾ രാത്രി ഒരുമണിയായി. അതു സാരമില്ല, പോകാം എന്നായി. അന്നത്തെ ആവേശമല്ലേ. ശ്രീകുമാറിനെ വീട്ടിൽ വിടുകയും വേണം.
കെ. ജി. സുജനേന്ദ്രൻ |
അങ്ങനെ ഞങ്ങൾ എന്റെ ബൈക്കിൽ ശ്രീകുമാറിന്റെ നാടായ പള്ളിച്ചൽ പഞ്ചായത്തിൽ സുവർണ്ണജൂബിലിസ്മാരകമായി പ്രാഥമികാരോഗ്യകേന്ദ്രത്തിനു കെട്ടിടം പണിയുന്നിടത്തെത്തി. രണ്ടുമണിനേരത്തും വെളിച്ചം കണ്ടപ്പോൾ കയറി നോക്കി. പഞ്ചായത്തുപ്രസിഡന്റ് കെ. ജി. സുജനേന്ദ്രനടക്കം ഷർട്ടും ഊരിയിട്ടു നിന്നു വാനം വെട്ടുന്നു! “കല്ലിടാനുള്ളതൊക്കെ നേരത്തേ റെഡിയായി, വാനം ബാക്കികൂടി അങ്ങു തീർത്തേക്കാം എന്നു വിചാരിച്ചു.” അതായിരുന്നു അന്നത്തെ വികാരം. സർഗ്ഗാത്മകമായ ജനകീയാസൂത്രണം ഭ്രാന്തമായ ആവേശമായി
തലയിലേറ്റി ഇങ്ങനെ രാപ്പകൽ കഷ്ടപ്പെട്ടവർ എത്ര!
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കഥാകൃത്ത് സി.വി.
ശ്രീരാമൻ, മാതൃഭൂമി ലേഖകനായിരുന്ന മനോജ് മേനോൻ തുടങ്ങിയവർ ലേഖകനോടൊപ്പം
ജനകീയാസൂത്രണപരിപാടിക്കിടെ |
ഐസക്കിന്റെ
ഒരു കഥകൂടി പറയാം. അന്നൊക്കെ എല്ലാ ദിവസവും യാത്രകളാണ്. ഇന്ന് കാസർകോട്ടാണെങ്കിൽ
നാളെ കൊല്ലം, മറ്റെന്നാൾ വയനാട്, പിറ്റേന്നു നേരെ തിരുവനന്തപുരം, അതിനടുത്തദിവസം
കണ്ണൂർ... പരിപാടിയോടുപരിപാടി! യാത്രയ്ക്കിടയിലാണു വായനയും എഴുത്തുമെല്ലാം. തുടക്കകാലത്ത്
ഒരു പഴഞ്ചൻ അംബാസഡർ കാറായിരുന്നു – കെ. എൽ. 3 7501. അന്നൊരിക്കൽ ഐസക്കും ഇക്‌ബാലുംകൂടി
സെക്രട്ടേറിയറ്റിൽ മന്ത്രിയെയോ മുഖ്യമന്ത്രിയെയോ കാണാൻ പോയി. തിരികെ വന്നപ്പോൾ കാർ
സ്റ്റാർട്ടാകുന്നില്ല. രണ്ടു കുർത്തക്കാരുംകൂടി സ്റ്റാച്യൂവഴി തള്ളലോടുതള്ളൽ!
ഇരുവരെയും ജനങ്ങൾക്ക് ഇന്നത്തെയത്ര പരിചയം ഇല്ലാത്തതിനാലും സെൽ ഫോൺ
ഇറങ്ങിയിട്ടില്ലാത്തതിനാലും ആ ദൃശ്യങ്ങൾ വൈറലായില്ല.
പിന്നെയാണു
ഭേദപ്പെട്ട അംബാസഡർ കിട്ടുന്നത്. അതിലാണീ പാച്ചിലെല്ലാം. രണ്ടു ഡ്രൈവർമാർ -
സുരേഷും ടെസ്റ്റിനും. സുരേഷാണെങ്കിൽ അതിവിനയശാലി. ഐസക്കിന്റെ മനസറിഞ്ഞ് ഓടിക്കും. സുരേഷിന്റെ
മനസ് ഐസക്കും മനസിലാക്കി. വണ്ടിയിലെ കസെറ്റ് പ്ലേയറിൽ കർണ്ണാടകസംഗീതമോ
ഹിന്ദുസ്ഥാനിയോ ഇട്ടാൽ സുരേഷിന്റെ വേഗം കുറയും. റോക്ക് സംഗീതം പോലെ സ്പീഡുള്ള
വല്ലതുമായാൽ സുരേഷിന്റെയും സ്പീഡ് കൂടും. ഇതു നിരീക്ഷിച്ചതൊടെ ഐസക്ക് ആവശ്യാനുസരണം
കസെറ്റ് തെരഞ്ഞെടുത്ത് ഇടാൻ തുടങ്ങി.
വയലാർ രവി, തോമസ് ഐസക്ക്, ബി. ഇക്‌ബാൽ എന്നിവർ ജനകീയാസൂത്രണവേദിയിൽ
സംഭാഷണത്തിൽ |
യാത്ര
നല്ലപങ്കും രാത്രിയാണ്. യാത്രയിലായാലും അല്ലെങ്കിലും തീരെ നിവൃത്തിയില്ലെങ്കിലേ
ഉറങ്ങൂ. ബാക്കി സമയം മുഴുവൻ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും. കാറിലാണെങ്കിൽ പിന്നിലെ
സീറ്റിൽ കിടന്നാണ് ഉറക്കം. സുരേഷിന് ഉറക്കം വന്നാൽ അപ്പോൾ വണ്ടി നിർത്തിക്കൊള്ളണം
എന്നാണു നിർദ്ദേശം. എന്നിട്ട് ചായയൊക്കെ കുടിച്ച് ഉറക്കം പോയിട്ടോ അല്പസമയം
ഉറങ്ങിയിട്ടോ ഓടിച്ചാൽ മതി.
അങ്ങനെ
ഒരു രാത്രി വടക്കൻകേരളത്തിൽ എവിടെയോനിന്നുള്ള യാത്രയാണ്. ഐസക്ക് പിന്നിൽ ഉറക്കം. വെളുപ്പാങ്കാലമായപ്പോൾ
സുരേഷിന് ഉറക്കശങ്ക. വണ്ടി നിർത്തി. നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചിട്ട് യാത്ര
തുടർന്നു. നേരം വെളുത്തിട്ടും പിന്നിൽനിന്ന് അനക്കമൊന്നും കേൾക്കാതായപ്പോൾ സുരേഷ്
വണ്ടി നിർത്തി പിന്നിൽ നോക്കി. സീറ്റ് ശൂന്യം! പരമശുദ്ധനായ സുരേഷ് ആകെ തകർന്നു. ഐസക്കിന്റെ
കൈയിൽ പൈസയൊന്നും ഇല്ലെന്നത് അവനെ കൂടുതൽ ധർമ്മസങ്കടത്തിലാക്കി. ഐസക്ക്‌സാറെന്നാൽ
അവനു ദൈവമാണ്. എന്തു ചെയ്യും? അപ്പോഴേക്കു പരപരാ വെളുത്തുതുടങ്ങി. ദൂരമേറെ
താണ്ടിയിരിക്കുന്നു. തിരികെ പോകാമെന്നുവച്ചാൽ മണിക്കൂറുകൾ വീണ്ടും ഓടണം. അവിടെ
എത്തിയാൽത്തന്നെ എങ്ങനെ കണ്ടുപിടിക്കും?
പത്രപ്രവർത്തകനായ മനോജ് മേനോൻ, വി.ജി. മനമോഹൻ, ജനകീയാസൂത്രണ, പരിഷത് പ്രവർത്തകനായ മധു എന്നിവർക്കൊപ്പം
സുരേഷ്
അടുത്തുകണ്ട ഫോൺ ബൂത്തിൽ കയറി ജനകീയാസൂത്രണസെല്ലിന്റെ ചുമതലക്കാരനും ഐസക്കിന്റെ
ചിരകാലമിത്രവുമായ മനമോഹനെ വിളിച്ചു. മനമോഹൻ പറഞ്ഞു, “നീ വിഷമിക്കണ്ടാ. സഖാവ്
വിളിച്ചിരുന്നു. ഒരു ടാക്സി പിടിച്ചു പോരാൻ ഞാൻ പറഞ്ഞു. ഇങ്ങെത്തിക്കൊള്ളും. നീ
ഇങ്ങു പോരെ.” അപ്പോഴാണു സുരേഷിനു സമാധാനമായത്.
സംഭവിച്ചത് ഇതാണ്: വണ്ടിനിർത്തിയപ്പോൾ ഐസക്കും ഉണർന്നിരുന്നു. പുറത്തു സംസാരം കേട്ടപ്പോൾ പുലർച്ചയായോ, പത്രം വന്നോ എന്നു നോക്കാൻ ഇറങ്ങിയതാണ്. പത്രവും വാങ്ങി വന്നപ്പോഴേക്ക് സുരേഷ് വണ്ടി വിട്ടിരുന്നു. ...ഇങ്ങനെ അവിസ്മരണീയമായ എത്രയെത്ര സംഭവകഥകൾ!
ഡ്രൈവർമാരായിരുന്ന ടെസ്റ്റിനും ശശിക്കും ഷിബുവിനുമൊക്കെ എന്തെന്തെല്ലാം അനുഭവങ്ങളുണ്ടാകും പറയാൻ! രാപ്പകൽ കാറോടിച്ച അവരുടെയൊക്കെ പേരുകൾക്കും ജനകീയാസൂത്രണചരിത്രത്തിലുള്ള പങ്ക് ചെറുതല്ല.
കഥാസരിത്‌സാഗരം
ഓട്ടപ്പാച്ചിലിനിടെ
ഐസക്കിനു ഹൃദയാസ്വാസ്ഥ്യം ഉണ്ടാകുന്നതും ആശുപത്രിയിൽ കിടക്കുന്നതും ഒക്കെയായി
സംഭവബഹുലമായ പലതുമുണ്ട് ജനകീയാസൂത്രണയോർമ്മയിൽ. ചികിത്സയൊക്കെ കഴിഞ്ഞ് ഒരുദിവസം
ഐസക്ക് പറഞ്ഞു, “വാടോ, ഒന്ന് ഇ. സി. ജി. നോക്കിയിട്ടു വരാം.” കാറിൽ മെഡിക്കൽ
കോളെജിനടത്തു ഒരു സ്ഥാപനത്തിൽ പോയി ഇ. സി. ജി. എടുത്തു. ബില്ലെഴുതാൻനേരം ഉടമ
എന്നോടു ചോദിച്ചു ആളു പ്രീസ്റ്റാണോ എന്ന്. “അല്ല, പക്ഷേ ആകാൻ പോയ ആളാണ്” എന്നു
ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു. അന്ന് ഫാ: പൗലോസ് മാർ പൗലോസിന്റെമാതിരി ഒരു കാവി
കുർത്തയാണ് ഇട്ടിരുന്നത്. അതു കണ്ടിട്ടാകാം. വല്ല ഇളവും തരാൻ ആയിരുന്നിരിക്കാം.
മടങ്ങുമ്പോൾ ഇക്കാര്യം കേട്ട് ഐസക്ക് കുറെ ചിരിച്ചു.
പി. ഗോവിന്ദപ്പിള്ളയും ഐ.എസ്. ഗുലാത്തിയും |
ഹൃദയകാര്യം
പറഞ്ഞപ്പോൾ ഓർത്ത ഒരു സംഭവംകൂടി പറയാം. പ്രൊഫ: ഐ. എസ്. ഗുലാത്തിയുടെ പ്രഭാഷണമോ
മീറ്റ് ദ് പ്രസോ പത്രപ്രവർത്തകയൂണിയൻ ആസ്ഥാനമായ കേസരി സ്മാരകത്തിൽ നടക്കുന്നു. വയോധികനായ
അദ്ദേഹവും ഹൃദ്രോഗചികിത്സകഴിഞ്ഞ് ഇരിക്കുകയായതിനാൽ ഒന്നാം നിലയിലേക്കു പടികയറ്റാതെ
ലിഫ്റ്റ് വഴി കൊണ്ടുപോകുകയാണ്. ഞങ്ങൾ പടി കയറിയും. രണ്ടു നിലയുടെയും നടുവിൽ
എത്തിയപ്പോൾ കറന്റ് പോയി. ത്രിശങ്കുസ്വർഗ്ഗത്ത് ലിഫ്റ്റ് നിലച്ചു. ആരോഗ്യം
മെച്ചമല്ലാത്ത ഗുലാത്തിസാറിനു ടെൻഷൻ ഉണ്ടാകാനും പാടില്ല.
വൈദ്യുതിബോർഡിൽ
വിളിച്ചപ്പോൾ ഉടൻ ശരിയാവില്ലെന്ന് അറിഞ്ഞു. അപ്പോഴാണ് ആരോ പറഞ്ഞത്, ലിഫ്റ്റിന്റെ
മുകളറ്റത്ത് നിയന്ത്രണസംവിധാനം ഉള്ളിടത്ത് എന്തോ ഒന്നു കറക്കിയാൽ ലിഫ്റ്റ് മെല്ലെ
ഉയർന്നുവരുമെന്ന്. നല്ല ഭാരമുള്ള ലിഫ്റ്റ് ഒന്നുരണ്ട് ആളുകളോടൊപ്പം
പൊക്കേണ്ടതല്ലേ, കൂട്ടത്തിലെ നല്ല തടിമിടുക്കുള്ള ഒന്നുരണ്ടുപേരെക്കൂട്ടി ടെറസിലേക്ക്.
അവിടെ ചെന്നു നോക്കുമ്പോഴാണു തമാശ. ഒരു ചെറിയ ഡിസ്കാണു തിരിക്കേണ്ടത്. ഒരു
വിരലുകൊണ്ടു കറക്കാനുള്ളതേയുള്ളൂ. പക്ഷേ, കുറേനേരം കറക്കണം. അങ്ങനെ ഗുലാത്തിസാറിനെ
സുരക്ഷിതമായി മുകളിലെത്തിച്ചു.
അന്ന്
ഉള്ളൂർ പ്രശാന്ത് നഗറിൽ സി. ഡി. എസിലെ ക്വാർട്ടേഴ്സിലാണ് ഐസക്ക് താമസം. പ്രശാന്ത്
നഗറിലേക്കു തിരിയുന്നതിനുമുമ്പ് റോഡുവക്കിൽ മീൻ വില്ക്കുന്ന കുറച്ചു സ്ത്രീകൾ
ഉണ്ടാകും. മീനാണ് ഐസക്കിന്റെ ദൗർബല്യം. തിരുവനന്തപുരത്തുള്ളപ്പോൾ വൈകുന്നേരം
മടങ്ങുംവഴി അവിടെ വണ്ടി നിർത്തി മീൻ വാങ്ങലുണ്ട്. അവരെല്ലാം നല്ല പരിചയക്കാരാണ്. ചുവന്ന
ബോർഡുവച്ച കാറു കാണുമ്പഴേ അവർ ഉഷാറാകും. അവർ മീൻ മുറിച്ചു വൃത്തിയാക്കി തരും. പക്ഷേ,
വൈകിയാൽ അതിനുതക്ക വെളിച്ചം ഉണ്ടാവില്ല. വണ്ടിയിൽ പഴയ പത്രമുണ്ടെങ്കിൽ ഐസക്കുതന്നെ
അതെടുത്തു ചുരുട്ടി കത്തിച്ചു പിടിച്ചുകൊടുക്കും. പാചകമൊക്കെ സ്വയമാണ്. ഒരോ ഇനം
മീനും എങ്ങനെ വയ്ക്കണമെന്നു നല്ല തിട്ടമാണ്. ഐസക്ക് മീൻ മുളകിട്ടു വച്ചതും മപ്പാസ്
ഉണ്ടാക്കിയതുമൊക്കെ കഴിച്ചവരാരും അതിന്റെ രുചി മറക്കില്ല.
തിരക്കിനിടെയിലെ ചില സൗഹൃദനിമിഷങ്ങൾ - സെൽ
അംഗങ്ങളായിരുന്ന രാജ്‌മോഹൻ, കമല വിജയൻ, റ്റി.എൻ. സീമ എന്നിവർ സുഹൃത്തുക്കൾക്കൊപ്പം |
സെല്ലിലെ
പ്രധാന കഥാപാത്രമായിരുന്ന കെ. ജി. ശ്രീകുമാറിന്റെ പ്രാക്റ്റിക്കൽ
ജോക്കുകളായിരുന്നു തിരക്കിനിടയിലെ ഒരു പ്രധാന ആശ്വാസം. അടുത്തകാലത്ത് അന്തരിച്ച്
പ്രൊഫ. എ. ആർ. വേലായുധൻ പിള്ള വിദഗ്ദ്ധാംഗമായി വന്നപ്പോൾ Prof: A. R. V. PILLAI എന്നൊരു ബോർഡ് കൊണ്ടുവന്നു സ്വന്തം
മേശപ്പുറത്തു വച്ചിരുന്നു. അദ്ദേഹം ഇല്ലാതിരുന്ന ഒരു ദിവസം ശ്രീകുമാർ ഇനീഷ്യലുകൾക്കു
ശേഷമുള്ള കുത്തിന്റെ നിറത്തിലും വലിപ്പത്തിലും ഒരു കുത്ത് ഉണ്ടാക്കി P-ക്കുശേഷം ഒട്ടിച്ചുവച്ചു! സാറുണ്ടോ എന്ന് ഇനി ആരും ചോദിക്കില്ലല്ലോ
എന്നൊരു കമന്റും.
ലാറി
ബേക്കറുടെ നമ്പർ ചോദിച്ച് ഒരു ഓഫീസിൽ വിളിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നയാൾ ഫോൺ ബുക്കു
മുഴുവൻ പരതിയിട്ടു കാണാഞ്ഞ് ലാറിയുടെ അത്യാവശ്യം നടക്കട്ടെ എന്നുകരുതി ബേക്കർക്കു
പകരം ലാറി അപ്പുവിന്റെ നമ്പർ തരാം എന്നു പറഞ്ഞതുപോലെയുള്ള സംഭവകഥകളും ശ്രീകുമാർ
ഇടയ്ക്കിടെ പൊട്ടിക്കുമായിരുന്നു.
കണ്ടറിഞ്ഞ
സർഗ്ഗവസന്തം
പ്രിയസുഹൃത്തായിരുന്ന
നരേന്ദ്രനെ കാണാൻ പലദിവസവും ‘ഇൻഡ്യൻ എക്സ്‌പ്രസി’ന്റെ തിരുവനന്തപുരം ഓഫീസിൽ പോകുമായിരുന്നു.
അങ്ങനെയാണു ഗിൽവെസ്റ്ററെ പരിചയപ്പെടുന്നത്. പഞ്ചാബിലും ദില്ലിയിലുമൊക്കെ
പത്രപ്രവർത്തനം നടത്തിയശേഷം കേരളത്തിൽ എത്തിയ, ഷിംലയിൽ ജനിച്ചുവളർന്ന
തിരുവനന്തപുരത്തുകാരൻ. എസ്. എഫ്. ഐ. യുടെ ഹിമാചൽ പ്രദേശ് സംസ്ഥാനസെക്രട്ടറിയൊക്കെ
ആയിരുന്നു.
എല്ലാം ജനകീയമായ കാലം. ഒരു പഞ്ചായത്തുതല ഉദ്ഘാടനം. |
എൻ. മാധവൻകുട്ടിയാണ് അന്ന് അവിടെ റെസിഡന്റ് എഡിറ്ററും ബ്യൂറോ ചീഫും. കേരളത്തിലെ ജനകീയാസൂത്രണമാതൃകകളെപ്പറ്റി പരമ്പര പ്രസിദ്ധീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ ദൗത്യം ഞങ്ങൾ ഗിൽ എന്നു ചുരുക്കി വിളിക്കുന്ന ഗിൽവെസ്റ്ററെ ഏല്പിച്ചു. ഞങ്ങൾ രണ്ടാളുമായി കേരളം മുഴുവൻ ചുറ്റി. അഗളിയിലും അട്ടപ്പാടിയിലുമൊക്കെ ആദ്യമായി പോകുന്നത് അന്നാണ്. വലിയൊരു അനുഭവമായിരുന്നു അത്. ജനകീയതയുടെ പ്രസരിപ്പും അതിലൂടെ സംഭവിക്കുന്ന വിസ്മയങ്ങളും മനസിൽ പ്രതീക്ഷയുടെ മഹാഗോപുരം തീർത്തു.
ഡി. ബന്ദോപാദ്ധ്യായ ജനകീയാസൂത്രണത്തെപ്പറ്റി ഇ.പി.ഡബ്ലിയു.വിൽ എഴുതിയ ലേഖനത്തിന്റെ ആദ്യതാൾ
ബംഗാളിലെ ആസൂത്രണ-വികസനവിദഗ്ദ്ധനായിരുന്ന ഡി. ബന്ദോപാദ്ധ്യായയെപ്പോലെ
ചിലരൊക്കെ ജനകീയാസൂത്രണത്തെപ്പറ്റി പഠിക്കാൻ കേരളത്തിൽ വന്നപ്പോൾ അവരെ
അനുഗമിക്കാനുള്ള അവസരവും എനിക്കു കിട്ടിയിരുന്നു. അല്ലാതെയും എത്രയോ
വികസനപരീക്ഷണങ്ങൾ നേരിൽ കണ്ടു!
പ്രധാനമന്ത്രി
എച്ഛ്. ഡി. ദേവെഗൗഡ, കേന്ദ്ര
ആസൂത്രണസഹമന്ത്രി ഡോ: വൈ. കെ. അലഗ്, ആസൂത്രണക്കമ്മിഷൻഉപാദ്ധ്യക്ഷൻ
പ്രൊഫ: മധു ദന്തവാദെ, അംഗങ്ങളായ വി. സി. ശുക്ല, ഡോ: എം. ആർ. ശ്രീനിവാസൻ, പ്രൊഫ: തിമ്മയ്യ, അശോക് മിത്രയെയും ബന്ദോപാദ്ധ്യായയെയും പോലെയുള്ള ദേശീയതലത്തിലെ
വികസനവിദഗ്ദ്ധർ തുടങ്ങി എത്രയോ പ്രമുഖർ ജനകീയാസൂത്രണത്തെപ്പറ്റി അറിയാനും പരിപാടികളിൽ
പങ്കെടുക്കാനുമായി ആദ്യകാലത്തുതന്നെ വന്നുപോയത് ഓർക്കുന്നു. ഉപരാഷ്ട്രപതി കൃഷൻ
കാന്തും രാജ്യാന്തരതലത്തിലെ വികസനവിദ്ഗദ്ധരുമൊക്കെയടക്കം എത്രയോ പ്രമുഖർ പിന്നെയും
വന്നു!
ശാസ്ത്രസാഹിത്യപരിഷത്തിന്റെ വിദ്യാഭ്യാസക്കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന
അശോക് മിത്ര ജനകീയാസൂത്രണത്തെപ്പറ്റി മനസിലാക്കാൻ എത്തിയപ്പോൾ |
ജീവിതത്തിൽ
ഇടപെട്ട പ്രസ്ഥാനം
ഞാൻ
തിരുവനന്തപുരത്തു പത്രപ്രവർത്തനം തുടങ്ങുന്ന 1993-ലൊക്കെ പത്രസമ്മേളനങ്ങളിൽ
ഒന്നിച്ച് ഉണ്ടാകാറുണ്ടായിരുന്ന എൻ. മാധവൻകുട്ടി ജനകീയാസൂത്രണകാലത്ത് ഞാൻ അവിടെ
ചെല്ലുമ്പോഴൊക്കെ അതേപ്പറ്റി
ചർച്ചചെയ്യുമായിരുന്നു. ഇൻഡ്യൻ എക്സ്‌പ്രസിലെ മറ്റു ചങ്ങാതിമാരെപ്പോലെ
ഞാനും മാധവൻകുട്ടിസാർ എന്നാക്കി വിളി. ‘ജനകീയതയുടെ പൊൻകണി’ പുസ്തകം ഇറങ്ങിയപ്പോൾ ആ
പേരിലെ ഫ്യൂഡൽ അംശം ചൂണ്ടിക്കാട്ടിയും ജനകീയാസൂത്രണം പോലെ വിപ്ലവാത്മകമായ ഒരു
പരിപാടിയെപ്പറ്റി എഴുതുമ്പോൾ അതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന വാക്കുകളും
പ്രയോഗങ്ങളും ഉപയോഗിക്കണമെന്ന പൊളിറ്റിക്കൽ കറക്റ്റ്‌നെസ് ചൂണ്ടിക്കാട്ടിയും രൂക്ഷമായി
വിമർശിച്ചത് പിന്നെ പലതും എഴുതുമ്പോൾ ജാഗ്രതയായി മനസിൽ എത്താറുണ്ട്.
എക്സ്‌പ്രസിന്റെ ‘സമകാലികമലയാളം’ വാരികയിലടക്കം തൂലികാനാമങ്ങളിൽ ഞാൻ ലേഖനം എഴുതാറുള്ളതൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. പത്രപ്രവർത്തനത്തിലേക്കു മടങ്ങണമെന്ന എന്റെ അഭിവാഞ്ഛയും അദ്ദേഹത്തിന് അറിയാം. അതിനാൽത്തന്നെ, ‘സമകാലികമലയാളം’ വാരികയിൽ ഒഴിവു വന്നപ്പോൾ അദ്ദേഹം നിർദ്ദേശിച്ചപ്രകാരമാണ് ഞാൻ ബയോഡാറ്റ അയയ്ക്കുന്നതും 1998-ൽ അവിടെ സീനിയർ സബ്‌എഡിറ്റർ / സീനിയർ റിപ്പോർട്ടർ ആയി ചേരുന്നതും. അങ്ങനെ ദേശാഭിമാനിയിലെ പഴയ സഹപ്രവർത്തകരായ എസ്. ചന്ദ്രമോഹനും എൻ. നരേന്ദ്രനും വീണ്ടു ഒരേ സഹപ്രവർത്തകരായി.
ജനകീയാസൂത്രണത്തിൽ രത്യേകതാത്പര്യം എടുത്തിരുന്ന സമകാലികമലയാളം വാരികയുടെ പത്രാധിപർ ആയിരുന്ന എസ്.
ജയചന്ദ്രൻ നായർ |
ജനകീയാസൂത്രണത്തോടൊപ്പമുള്ള
യാത്ര 1998 ജൂലൈ 31-ന് അവസാനിച്ചെങ്കിലും ആ വിഷയത്തെപ്പറ്റി എഴുതേണ്ടപ്പോഴൊക്കെ ആ ചുമതല
‘മലയാളം’ വാരികയുടെ പത്രാധിപർ എസ്. ജയച്ചന്ദ്രൻ നായർ സർ എന്നെത്തന്നെ
ഏല്പിക്കുമായിരുന്നതിനാൽ ആ ബന്ധം മുറിയാതെ നിന്നു.
ജനകീയാസൂത്രണം ജീവിതലക്ഷ്യമെന്നോണം ഏറ്റെടുത്തു വിജയിപ്പിച്ച
തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ മുഖത്താൾ |
അധികാരവികേന്ദ്രീകരണം
നടപ്പിലാക്കിയ തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടിയെ ഇന്റർവ്യൂ (‘അധികാരം
ഇല്ലാതാക്കാൻ ഒരു മന്ത്രി’) ചെയ്തതൊക്കെ അക്കാലത്താണ്. 2000 മേയ് 23 മുതൽ 28 വരെ തിരുവനന്തപുരത്തു സംഘടിപ്പിച്ച
ജനാധിപത്യവികേന്ദ്രീകരണത്തെപ്പറ്റിയുള്ള രാജ്യാന്തരസെമിനാറിലൊക്കെ ആദ്യന്തം
പങ്കെടുക്കാനും അത് അവസരമൊരുക്കി.
വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച
രാജ്യാന്തരസെമിനാറിന്റെ പൊതുസദസ്സ് |
ആ സെമിനാർദിവസങ്ങളിൽ ഒന്നിലായിരുന്നു ‘കൈരളി റ്റി. വി.’യിലെ നിയമനത്തിനുള്ള ഇന്റർവ്യൂ. ‘കൈരളി’
തുടങ്ങുന്ന ദൗത്യത്തിൽനിന്നു ശശികുമാർ പിന്മാറി എന്ന് അറിഞ്ഞതോടെ അവിടേക്കു
പോകേണ്ടെന്നു തീരുമാനിച്ചു നില്ക്കുകയായിരുന്നൂ ഞാൻ. എന്നാൽ, ‘കൈരളി’യുടെ
വാർത്താവിഭാഗം ചുമതല ഏറ്റെടുക്കുന്ന എൻ. പി. ചെക്കുട്ടിയെ അവിടെവച്ചു കാണാൻ ഇടയായി.
തോമസ് ഐസക്കും പി. സായിനാഥും ഒപ്പം ഉണ്ടായിരുന്നു.
വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച രാജ്യാന്തരസെമിനാറിൽ
പങ്കെടുത്തവർ |
ഇന്റർവ്യൂവിനെപ്പറ്റി
ചെക്കുട്ടി ചോദിച്ചു. പങ്കെടുക്കുന്നില്ലെന്നു ഞാൻ നിലപാടു വ്യക്തമാക്കി. എന്നാൽ,
ചെക്കുട്ടിയും ഐസക്കും നിർബ്ബന്ധിച്ചു. ഏതായാലും ഇന്റർവ്യൂവിൽ പങ്കെടുക്കൂ, ചേരണോ
വേണ്ടയോ എന്നു തീരുമാനിക്കാൻ പിന്നെയും സമയം ഉണ്ടല്ലോ എന്ന അവരുടെ അഭിപ്രായത്തിനു
വഴങ്ങിയാണ് പിറ്റേന്ന് അഭിമുഖത്തിൽ പങ്കെടുത്തത്. അതു ‘കൈരളി’യിൽ ചേരുന്നതിലേക്കു
നയിക്കുകയും ചെയ്തു. അങ്ങനെ വ്യക്തിജീവിതത്തിലെ പല നിർണ്ണായകവഴിത്തിരിവുകൾക്കും
നിമിത്തമായ പ്രസ്ഥാനം കൂടിയായിരുന്നു ജനകീയാസൂത്രണം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയെപ്പറ്റി ‘ജനകീയതയുടെ
പൊൻകണി’യിൽ ചേർത്ത ലേഖനത്തിന്റെ ശീർഷകത്താൾ |
‘ജനകീയതയുടെ
പൊൻകണി’യിൽ പ്രത്യേകലേഖനമായി ചേർത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ കഥ
എന്നെ വിസ്മയിപ്പിച്ചു. അങ്ങനെയാണ് 1999-ൽ വടകരയിൽ ഊരാളുങ്കലിൽ പോയി ആ
സ്ഥാപനത്തെപ്പറ്റി വിശദമായി പഠിച്ച് ‘സമകാലികമലയാളം’ വാരികയിൽ ലേഖനം എഴുതാനും
അതിനു സംസ്ഥാനസർക്കാരിന്റെ മികച്ച വികസനോന്മുഖറിപ്പോർട്ടിനുള്ള അവാർഡ്
ലഭിക്കാനുമൊക്കെ അവസരമൊരുങ്ങുന്നത്. കാൽ നൂറ്റാണ്ടു തികയുന്ന ജനകീയാസൂത്രണത്തിലൂടെ
തുടങ്ങിയ ആ ബന്ധമാണ് സർക്കാർസേവനം അവസാനിച്ച ഈ വേളയിൽ ഉപജീവനമാർഗ്ഗമായി ആ
സ്ഥാപനത്തിന്റെ പി. ആർ. ഒ. യുടെ ചുമതല ഏറ്റെടുക്കാൻ വഴിയൊരുക്കിയത് എന്നതും ഈ
രജതജൂബിലിക്കഥയുടെ പില്ക്കാലപരിണാമം.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെപ്പറ്റി ‘സമകാലികമലയാളം
വാരിക’യി എഴുതിയ ലേഖനത്തിന്റെ ശീർഷകത്താൾ |
ജനകീയാസൂത്രണം
ഏതെങ്കിലുമൊക്കെതരത്തിൽ സ്വാധീനിച്ച പലരും ഉണ്ടാകാം. പക്ഷെ, വിവാഹവും തൊഴിലും
അടക്കമുള്ള കാര്യങ്ങളിൽ അത് ഇടപെടുകയും വ്യക്തിത്വത്തെത്തന്നെ സ്വാധീനിക്കുകയും
വികസിപ്പിക്കുകയും ഒക്കെ ചെയ്ത മറ്റൊരാൾ ഉണ്ടാകുമോ എന്നതു സംശയമാണ്. വിദ്യാഭ്യാസവകുപ്പിൽ
ഒരുപക്ഷെ ഉപരിമണ്ഡലഗുമസ്ഥനായി ഔദ്യോഗികജീവിതവും അതിന്റെ സാദ്ധ്യതകൾ മാത്രമുള്ള
അനന്തരകാലവുമായി അവസാനിക്കുമായിരുന്ന ജീവിതം ഇന്നുള്ളത്ര വിപുലമായ സൗഹൃദവൃന്ദവും
ഇതിനകം പ്രവർത്തിക്കാൻ കഴിഞ്ഞ കർമ്മമേഖലകളും കൈവരിക്കാൻ കഴിഞ്ഞ
നേട്ടങ്ങളുമെല്ലാമായി ഏറെ വ്യത്യസ്തമായ ഒന്നാക്കിമാറ്റിയത് ജനകീയാസൂത്രണമല്ലാതെ
മറ്റൊന്നല്ല. ആ ബൈക്ക് അപകടവും കലോത്സവവും മുതൽ ഓരോ ചെറിയ സംഭവവും ചെലുത്തിയ
സ്വാധീനത്തിന്റെ അളവ് ഇന്നു പിന്തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതപ്പെടുത്തുന്നു.
ജനകീയാസൂത്രണപ്രവർത്തനപുരോഗതി കാണാൻ കരകുളം പഞ്ചായത്തിലെത്തിയ
ഇ.എം.എസിനു മകൻ ഇ.എം. ശ്രീധരൻ കാര്യങ്ങൾ വിവരിക്കുന്നു |
വേണം ജനകീയചരിത്രമെഴുത്ത്
...ഇതൊക്കെ ഞാൻ ജനകീയാസൂത്രണസെല്ലിൽ ഉണ്ടായിരുന്ന രണ്ടുകൊല്ലത്തെ കാര്യങ്ങൾ മാത്രം. കൂടുതൽ സംഭവബഹുലമായ, പങ്കാളിത്തവികസനത്തിൽ അത്ഭുതങ്ങൾ വിരിഞ്ഞ, ബാക്കിക്കാലത്തെ കഥകൾ കഴിയുമെങ്കിൽ ഒരു ഗവേഷണം നടത്തി എഴുതണമെന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ വികസനാനുഭവങ്ങൾ മാറ്റുരച്ച ലോകത്തെതന്നെ ആദ്യത്തെ വികസനറിയാലിറ്റി ഷോയായ ഗ്രീൻ കേരള എക്സ്‌പ്രസും 2000 മേയ് 23 മുതൽ 28 വരെ തിരുവനന്തപുരത്തു സംഘടിപ്പിച്ച, ലോകമെമ്പാടുംനിന്നുള്ള 2762 വിദഗ്ദ്ധർ പങ്കെടുത്ത, അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള രാജ്യാന്തരസെമിനാറുമൊക്കെ ചരിത്രത്തിൽ ചേർത്ത വികസനാനുഭവങ്ങളെത്ര!
ജനകീയാസൂത്രണപ്രസ്ഥാനത്തിനു മുമ്പുതന്നെ തുടങ്ങിയ പഠനപരീക്ഷണങ്ങളും ഇതിന്റെ ഭാഗമാണല്ലോ. ജനകീയാസൂത്രണപരിപാടി – സി. ഡി. എസിൽ കേരള റിസർച്ച് പ്രോഗ്രാമി(K. R. P.)ന്റെ ഭാഗമായി നടത്തിയ ആക്‌ഷൻ റിസർച്ച്, കല്യാശ്ശേരി മാതൃക ഒക്കെ. വിശദമായി എഴുതപ്പെടണം. ജനകീയാസൂത്രണകലാജാഥ മുതൽ ഗ്രാമസഭകൾക്കായുള്ള വിപുലമായ പ്രചാരണരീതികൾ, ദ്വിതീയവിവരശേഖരണത്തിനായുള്ള ‘തെക്കുവടക്ക് കിഴക്കുപടിഞ്ഞാറ്’ നടത്തം, ഇരുട്ടിവെളുക്കെയുള്ള പദ്ധതിയെഴുത്ത്, ലക്ഷങ്ങളിലേക്കത്തിയ പരിശീലനപരമ്പരകൾ, ടെക്‌നിക്കൽ കോർ ഗ്രൂപ്പ്, ഗുണഭോക്തൃസമിതികളുടെ ആവിർഭാവം, അവയുടെ സംഗമം, അവർക്കൊരു മാഗ്നാകാർട്ട, അവയുടെ പ്രവർത്തനസ്മാരകങ്ങൾ, അനുഭവക്കുറിപ്പുകൾ, സ്വാതന്ത്ര്യസുവർണ്ണജൂബിലിസ്മാരകങ്ങൾ, അയൽക്കൂട്ടസംഗമം – അതിൽനിന്നു കുടുംബശ്രീ വിരിഞ്ഞുവന്നത്... എനിക്കുതന്നെ ഓർക്കാൻ കഴിയുന്നില്ല എല്ലാം.
അവയും ആ സർഗ്ഗവിപ്ലവം സൃഷ്ടിച്ച പതിനായിരങ്ങളുടെ ഇത്തരം അനുഭവകഥകളുമെല്ലാം എഴുതപ്പെടേണ്ടതുണ്ട്. പ്രവർത്തനങ്ങൾ നടന്നതെല്ലാം പ്രാദേശികതലത്തിലല്ലേ! അവയിലൊക്കെ പങ്കാളികളായ ഓരോ ആളും അത് എഴുതണം. അപ്പോൾ അതും ഒരു ലോകസംഭവമാകും. എന്റെ ഈ എഴുത്ത് അതിനുകൂടി പ്രചോദനമാകുമെങ്കിൽ ഏറെ സന്തോഷം.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി ദൂരദർശൻ നടത്തിയ
വികസനക്വിസ്. ഡോ: ആർ.വി.ജി. മേനോൻ, ദൂരദർശൻ പ്രതിനിധി ജി. സാജൻ എന്നിവരും വിദ്യാർത്ഥികളും. |
ഈ ഓർമ്മകളിൽ പരാമർശിച്ചവരിൽ
ഐ. എസ്. ഗുലാത്തിയും ഇ. എം. ശ്രീധരനും വേലായുധൻ പിള്ളയും രാജ്‌മോഹനും കിച്ചുവും
മധുസൂധനൻ പിള്ളയും എ. എസ്. കെ. നായരും സായി വെങ്കട്ടരാമനും ഇവിടെ
പരാമർശിക്കാത്തവരിൽ പലരും ഇന്നില്ല. പലർക്കും പ്രായമായി ഓർമ്മകളിൽ അവ്യക്തത
പടരുന്നു. അതുകൊണ്ട്, ജനകീയാസൂത്രണത്തിൽ ഏതെങ്കിലുമൊക്കെത്തരത്തിൽ പങ്കുചേർന്നവരെല്ലാം
അവരവരുടെ ഓർമ്മകൾ സമൂഹമാദ്ധമങ്ങളിലെങ്കിലും എഴുതിയാൽ ചരിത്രം കുറിക്കുന്ന ഒരു
ജനകീയചരിത്രമെഴുത്താകും അത്. അത് ഗവേഷണമനസുള്ള ആരെങ്കിലും അവ സമാഹരിച്ചാൽ
അമൂല്യമായൊരു ശേഖരവും.
ഡോ: എം.പി. പരമേശ്വരൻ സുഭഷ് ചന്ദ്രബോസ്, രമാകാന്തൻ,
വി.ജി. മനമോഹൻ എന്നിവർക്കൊപ്പം |
ജനകീയാസൂത്രണം അതിന്റെ രൂപഭാവങ്ങൾ കൈക്കൊണ്ട നിർണ്ണായകമായ പല കൂടിയിരിക്കലുകളും ചരിത്രത്തിലുണ്ട്. തോമസ് ഐസക്ക് ആസൂത്രണബോർഡ് അംഗമായ വേളയിൽ അദ്ദേഹമടക്കം പങ്കെടുത്തു നടന്ന യോഗത്തിൽ പാതിരായാമങ്ങളിൽ എം. പി. പരമേശ്വരന്റെ പ്രസിദ്ധമായ ആസൂത്രണബുദ്ധിയിൽനിന്ന് ആശയങ്ങൾ മിഴിവുനേടിയതൊക്കെ വിസ്മരിച്ചുകൂടാത്ത ഏടുകളാണ്. ഡ്രയിനേജ് മാപ്പിങ്ങിന്റെ പരിശീലനത്തോടനുബന്ധിച്ച് ഒഞ്ചിയത്ത് ഉണ്ടായിരുന്ന അവർ താമസിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരിയുടെ വീട്ടിൽ നടന്ന ആ യോഗത്തിൽ ഉണ്ടായിരുന്ന ഹിരോഷിനെയും ശിവരാമകൃഷ്ണനെയും പോലുള്ളവർ ആ അനുഭവം ആവേശത്തോടെ പറയുന്നതു കേട്ടിട്ടുണ്ട്. കല്യാശേരിയിലെ പ്രധാനപരീക്ഷണത്തിനു നേതൃത്വം നല്കിയ ശാസ്ത്രസാഹിത്യപരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ റ്റി. ഗംഗാധരനെപ്പോലെ പലർക്കും വലിയ പുസ്തകംതന്നെ എഴുതാനുള്ള ഓർമ്മകൾ ഉണ്ടാകും. കിലയോ ആസൂത്രണബോർഡോ മുൻകൈ എടുത്താൽ ഓൺലൈൻ ഈവന്റായി സംഘടിപ്പിക്കാവുന്നതേയുള്ളു ഇത്.
☺
ReplyDeleteചരിത്രമാണിത്... ബ്ലോഗിൽ നിന്നും ഗ്ലോബിലേക്കു കയറേണ്ടവ... എത്ര ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ... അന്ന് നട്ടതൊക്കെ ഇന്ന് കിളുർത്തിരിക്കുന്നു... അഭിമാനം... ആശംസകൾ സഖാ...
ReplyDeleteനന്ദി, ഒരായിരം.
Deleteതിരുവനന്തപുരത്ത് പരിഷത്ത് സംഘടിപ്പിച്ച കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ചിൽഡ്രൻസ് ബുക്ക് ഫെസ്റ്റിവലിന്റെ കോ ഓർഡിനേറ്റർ സ്ഥാനം മൂന്നാം ദിനം ഉപേക്ഷിച്ച്, ദുർബലനായ എന്നെ ഏൽപ്പിച്ചാണ് വിദ്യാഭ്യാസ വകുപ്പിൽ കർക്കായി പോയതെന്നും| ഓർക്കുന്നു. ആ ഏൽപ്പിക്കൽ ആണ് എന്നിലെ സംഘാടകനെ വളർത്തിയതും ❤️
ReplyDeleteഞാൻ ക്ലാർക്ക് ആയിരിക്കെ അവധിയെടുത്താണ് അതു ചെഉതത്. ഒരാഴ്ചത്തെ ബുക്ക് ഫെയർ കഴിഞ്ഞ് ഉറക്കമിളച്ച് ആ രാത്രിതന്നെ അതിന്റെ മുഴുവൻ കണക്കും എഴുത്തിത്തീർത്ത് പുലർച്ചെ തിരുവനന്തപുരത്തുനിന്നു പത്തനംതിട്ട - എരുമേലി വഴി സ്കൂളിലേക്കു ബൈക്കിൽ പോകവെ ബൈക്കിലിഎഉന്നു മയങ്ങി റോഡിൽനിന്ന് ഇറങ്ങിപ്പോയതും പെട്ടെന്ന് ഉണർന്നതിനാൽ അപകടം ഒഴിവായതുമൊക്കെ ഇപ്പോൾ ഓർത്തു. പുസ്തകോത്സവത്തിലൂടെ പരിഷത്ത് താത്പര്യപ്പെട്ടതിലും വളരെയേറെ ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ആദ്യദിവസം ആൾക്കൂട്ടം നിയന്ത്രിക്കാൻ ഗേറ്റടച്ചതും ഗേറ്റ് തള്ളിത്തുറക്കുമെന്നായപ്പോൾ പൊലീസിനെ വിളിക്കേണ്ടിവന്നതും ഓർമ്മയുണ്ട്.
Delete