Wednesday, 3 November 2021

നവകേരളത്തിന്റെ സാംസ്കാരികദൗത്യം

 നവകേരളത്തിന്റെ സാംസ്കാരികദൗത്യം

മനോജ് കെ. പുതിയവിള



പുരോഗമനകലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം’ മാസികയുടെ 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.


വകേരളം ഒരു വിത്താണ്. സ്വച്ഛന്ദം വളർന്നുപടരുന്ന ഒന്ന്. അതിന് എപ്പോഴും പുതുനാമ്പുകൾ വരാം. വളവും വെള്ളവും അനുകൂലസാഹചര്യങ്ങളും ഒരുക്കിയും കളകളെയും കീടങ്ങളെയും ഇത്തിക്കണ്ണികളെയും അകറ്റിനിർത്തിയും ആ വളർച്ച ആരോഗ്യകരവും മുരടിപ്പുബാധിക്കാത്തതുമായി നിലനിർത്തുക എന്നതാണ് നമ്മുടെ കടമ. ഈ വളർച്ചയുടെ വളം ഇന്നൊവേഷൻ എന്ന നൂതനാശയങ്ങളാണ്. അതിനു വേണ്ടത് തല പുകയ്ക്കലും. അതിനാൽ ഈ കേരളപ്പിറവിയിൽ നമുക്കു തുടക്കം കുറിക്കാം നവകേരളത്തിനായുള്ള നൂതനാശയങ്ങൾ വികസിപ്പിക്കാനുള്ള മഹായത്നം.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കാൻ തുടങ്ങിയതും ഇപ്പോഴത്തെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതുമായ നവകേരളം കർമ്മപദ്ധതിയുടെ ലക്ഷ്യങ്ങളും അനുക്ഷണവികസ്വരമാണ്. പുതിയ കേരളം എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും പാർപ്പിടവും പരിസരവും ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുന്നതാണ്. ഇതിലെ ‘മെച്ചപ്പെട്ട’ എന്നതാണ് തന്ത്രപ്രധാനം. മെച്ചപ്പെടൽ എന്നത് നൈരന്തര്യമുള്ള ഒന്നാണ്. അതുകൊണ്ടാണ് നവകേരളം നിരന്തരം നവീകരിക്കപ്പെടുന്ന കേരളം ആകുന്നത്.

അടിസ്ഥാനകരുക്കൾ

ജീവിതം മെച്ചപ്പെടലാണ് അടിസ്ഥാനം. അതിനു തൊഴിൽ മെച്ചപ്പെടണം. അതിന് ആധുനികതൊഴിൽമേഖലകൾ വികസിക്കണം. അതിന് കനത്ത നിക്ഷേപം വേണം, പൊതുമേഖലയിലും സ്വകാര്യമേഖലയിലും. പൊതുമേഖലയിൽ നിക്ഷേപിക്കണമെങ്കിൽ സർക്കാരിന്റെ വരുമാനം അത്രയ്ക്ക് ഉയരണം. അതിന് സംസ്ഥാനത്തെ സമ്പത്തുത്പാദനം വർദ്ധിക്കണം. അതിനും വേണ്ടത് മൂലധനനിക്ഷേപവർദ്ധനയാണ്. സ്വകാര്യമൂലധനം ആകർഷിക്കണമെങ്കിൽ അതിനുള്ള ആകർഷകത്വം നാടിനുണ്ടാകണം.

അതിൽ ഒന്നാണ് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം. കര-ജല-വ്യോമഗതാഗതസൗകര്യങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ് കണക്റ്റിവിറ്റി, സംരംഭങ്ങൾ തുടങ്ങാൻ വേണ്ട സൗകര്യങ്ങളോടുകൂടിയ പലതരം വ്യവസായപാർക്കുകൾ, നവീനാശയങ്ങൾ വികസിപ്പിക്കാനുള്ള ഇന്നവേഷൻ സോണുകൾ എന്നിങ്ങനെ പലതുണ്ട് അതിൽ. പിന്നെ വേണ്ടത് മികച്ച മനുഷ്യവിഭവമാണ്. അതിൽ പ്രധാനം ആരോഗ്യമുള്ള സമൂഹമാണ്. മികച്ച ആരോഗ്യസംവിധാനമാണ്. അതുപോലതന്നെ പ്രധാനമാണ് സംരംഭകർക്ക് ആവശ്യമുള്ളതരം തൊഴിൽവൈദഗ്ദ്ധ്യം. വിദ്യാഭ്യാസത്തെ ആധുനികമാക്കുന്നത് അതിനാണ്. അതോടൊപ്പം പലതരം വിദ്യാഭ്യാസം നേടിയവരെ തൊഴിലെടുക്കാൻ പ്രാപ്തരാക്കാനുള്ള നൈപുണ്യപരിശീലനവും ഫിനിഷിങ് കോഴ്സുകളും വ്യാപിപ്പിക്കുന്നു.

പിന്നത്തെ പ്രധാനഘടകങ്ങളാണ് പഠനവും ആരോഗ്യവും നന്നാകാൻ അനിവാര്യമായ നല്ല പാർപ്പിടവും പരിസരവും. ശുചിയും ആരോഗ്യകരവുമായ പരിസരവും സുഖകരമായ കാലാവസ്ഥയും പ്രകൃതിയും പ്രകൃതിക്കു ദോഷംവരാതെ പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങളും സംരംഭകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ശുദ്ധമായ മണ്ണും വെള്ളവും വായുവും ഉറപ്പാക്കാനുള്ള ഹരിതകേരളം പദ്ധതിയുടെ പ്രസക്തി അതാണ്.

സംരംഭകർക്കും അവിടെ അദ്ധ്വാനിക്കുന്നവർക്കും വിനോദവും ഇന്നു പ്രധാനമാണ്. വ്യായാമത്തിനും കായികവിനോദങ്ങൾക്കും മറ്റുവിനോദങ്ങൾക്കും വിനോദയാത്രകൾക്കും ഒക്കെയുള്ള സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള എല്ലാ ഘടകങ്ങളും ഉൾച്ചേർന്നതാണ് നവകേരളം കർമ്മപദ്ധതി.

പ്രളയത്തിന്റെ അനുഭവവും ലോകത്താകെ ബാധിച്ചുകാണുന്ന കാലാവസ്ഥാമാറ്റത്തിന്റെ വെല്ലുവിളികളും കൂടുതൽ മെച്ചപ്പെട്ട പുനർനിർമ്മാണത്തിനു പ്രേരണയായിരിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ അതിനും പ്രത്യേക ഊന്നലുണ്ട്. കോവിഡ് മഹാമാരിയെ കേരളം നേരിട്ട രീതിയെ ലോകം വാഴ്ത്തുന്ന നില വന്നതോടെ സുരക്ഷിതമായ നാട് എന്ന പതക്കം കേരളത്തിനു പതിച്ചുകിട്ടിയതും ഐക്യരാഷ്ട്രസഭ രാജ്യങ്ങളുടെ പദവിയോടെ കേരളത്തെ അംഗീകരിച്ചതും കേരളം എന്ന നാമം ലോകം മുഴുവൻ അറിയാൻ ഇടവന്നതും മൂലധനനിക്ഷേപത്തിലും ടൂറിസത്തിലുമൊക്കെ നമുക്ക് അനുഗ്രഹം ആകുകയും ചെയ്തിരിക്കുന്നു.

ഇതിന്റെയെല്ലാം തുടർച്ചയാണ് 2021-22-ലെ ബജറ്റിലൂടെ ആവിസ്കൃതമായ ജ്ഞാനസമൂഹം (knowledge society), വൈജ്ഞാനികസമ്പദ്ഘടന (knowledge economy) എന്നീ ആശയങ്ങൾ. പുതിയതരം തൊഴിലുകൾ വൻതോതിൽ സൃഷ്ടിക്കുകയും വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്കു നാട്ടിൽത്തന്നെ തൊഴിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന പ്രധാനലക്ഷ്യത്തിനൊപ്പം സ്ത്രീകളെക്കൂടി വലിയതോതിൽ തൊഴിൽസേനയുടെ ഭാഗമാക്കുകവഴി ഉത്പാദനവർദ്ധന, വിദേശനാണ്യം അടക്കമുള്ള വരുമാനം, സ്ത്രീപദവി ഉയർത്തൽ തുടങ്ങിയ പല ലക്ഷ്യങ്ങളും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. തളഞ്ഞുകിടക്കുന്ന വീട്ടകങ്ങളിൽനിന്നു സ്ത്രീകളെ മോചിപ്പിക്കാൻ അടുക്കളജോലികളുടെ ആധുനികീകരണം അടക്കം വേറിട്ട പല സമീപനങ്ങളും നാം ആവിഷ്ക്കരിച്ചിരിക്കുകയാണ്.

അങ്ങനെ നവകേരളം എന്ന ലക്ഷ്യത്തിലേക്കു നാം പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങുകയാണ്.

ഉൾച്ചേർക്കലാണു സംസ്ക്കാരം

സർക്കാരിന്റെ നിശ്ചയദാർഢ്യവും കിഫ്ബിയുടെ പണവും ഉള്ളിടത്തോളം സ്കൂളും ആശുപത്രിയും വീടും റോഡും കെ-ഫോണുമൊക്കെ വന്നുകൊള്ളും. നവകേരളസൃഷ്ടിയിൽ നമുക്കു വഹിക്കാനുള്ള പങ്ക് സാംസ്ക്കാരികതലത്തിലാണ്.

വികസനകാര്യത്തിൽ ഇ.എം.എസ്. മുന്നോട്ടുവച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ സമീപനം സാംസ്ക്കാരികവികസനത്തിലും അനിവാര്യവും അതിപ്രധാനവുമാണ്. രാഷ്ട്രീയാതിപ്രസരവും വിമോചനസമാരാഭാസത്തെ തുടർന്നുണ്ടായ വിദ്വേഷരാഷ്ട്രീയവും ഓരോ വിഭാഗത്തെയും ഇതരരാഷ്ട്രീയാശയങ്ങൾ ചർച്ചചെയ്യുന്ന വേദികളിൽനിന്ന് അകറ്റിനിർത്തുന്നു. സാംസ്ക്കാരികസ്ഥാപനങ്ങളും പൊതുവിടങ്ങളും ഏതെങ്കിലും രാഷ്ട്രീയവുമായിച്ചേർത്തു ബ്രാൻഡ് ചെയ്യപ്പെട്ടാൽ ഇതരവിഭാഗങ്ങൾ അകന്നുനില്ക്കുകയും ആശയവിനിമയവും സംവാദവും സാദ്ധ്യമല്ലാതാകുകയും ആശയവ്യാപനം സംഭവിക്കാതെ പ്രസ്ഥാനങ്ങളുടെ വളർച്ച മുരടിച്ച ഇന്നത്തെനില തുടരുകയും ചെയ്യും. അതിനാൽ ആരുടെയും ‘തനിപ്പിടി’ വേണ്ടെന്നു നാം തീരുമാനിക്കുകയും അത് അനുവദിക്കാതിരിക്കുകയും വേണം. 

കാര്യങ്ങൾ ശരിയായി മനസിലാക്കാൻ കഴിയാത്തതിനാൽ പുരോഗമനാശയങ്ങളോട് അകന്നു കഴിയുന്നവരെ ചേർത്തുപിടിക്കാനുള്ള വലിയ മനസാണല്ലോ തൊഴിലാളിവർഗ്ഗസംസ്ക്കാരം. എന്നാൽ, വർഗ്ഗബഹുജനസംഘടനകളുടെയെല്ലാം പരിപാടികളിൽ കാണുന്നത് എന്നും ഒരേ ആളുകളെയാണ്. ഒരേ കാഴ്ചപ്പാടുള്ള കുറച്ചുപേരെ. വേദികൾ മാറുന്നതല്ലാതെ സദസു മാറുന്നില്ല.

ഈ അവസ്ഥ ബോധപൂർവ്വം മാറ്റിയെടുക്കേണ്ടത് ലക്ഷ്യബോധമുള്ള പുരോഗമനപക്ഷത്തിന്റെ കടമയാണ്. അതുകൊണ്ട്, കൂടുതൽ പൊതുവിടങ്ങൾ സൃഷ്ടിക്കുകയും അവയെ കയ്യടക്കിവയ്ക്കാതെ വിശാലവേദികളാക്കി എല്ലാവർക്കുമായി തുറന്നിടുകയും ഇതരനിലപാടുകാരെ സൗഹൃദപൂർവ്വം സ്വാഗതം ചെയ്ത് ആനയിക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ ഇന്നത്തെ സമീപനം ആത്മവിമർശനമായിത്തന്നെ പരിശോധിക്കപ്പെടണം.

സാംസ്ക്കാരികയുള്ളടക്കം

ഡോ. തോമസ് ഐസക്ക് പലയിടത്തും പറഞ്ഞിട്ടുള്ളതുപോലെ സമൂഹത്തെ മുതലാളിത്തവളർച്ചയ്ക്കു പരുവപ്പെടുത്തുന്ന സാംസ്ക്കാരിക ആഗോളീകരണത്തെ പ്രതിരോധിക്കാൻ വേണ്ടത് നല്ല സമൂഹം സൃഷ്ടിക്കാൻ ഉതകുന്ന സാംസ്ക്കാരികോത്പന്നങ്ങൾ മുതലാളിത്തസാംസ്ക്കാരികോത്പന്നങ്ങളെ വെല്ലുന്ന സ്വീകാര്യതയോടെ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുയാണ്. നവകേരളം സാംസ്ക്കാരികമായി എങ്ങനെയായിരിക്കും എന്നത് ഇക്കാര്യത്തിൽ നാം നിറവേറ്റുന്ന ഉത്തരവാദിത്വത്തിന് അനുസരിച്ചിരിക്കും.

കഴിഞ്ഞ സർക്കാർതന്നെ ഈ വഴിക്കു ചില ശ്രമങ്ങൾക്കു തുടക്കം കുറിച്ചിരുന്നെങ്കിലും അവ പൂർണ്ണമായി ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതുമുതൽ തുടങ്ങേണ്ടതാണ് നമ്മുടെ സാംസ്ക്കാരികദൗത്യം.

പെരുകണം പൊതുവിടങ്ങൾ

ജില്ലതോറുമുള്ള സാംസ്ക്കാരികസമുച്ചയങ്ങളാണ് ഇതിൽ പ്രധാനം. ഇവ സാഹിത്യരചനകൾക്കും ചിത്ര-ശില്പരചനകൾക്കും നാടകക്യാമ്പുകൾക്കും മറ്റു കലകളുടെ ശില്പശാലകൾക്കും അവയുടെയെല്ലാം പ്രദർശനങ്ങൾക്കും വിപണനത്തിനും ആസ്വാദനത്തിനും ആസ്വാദകപരിശീലനത്തിനും വായനയ്ക്കും ജനകീയഗവേഷണങ്ങൾക്കും ഒക്കെ സൗകര്യമുള്ള കേന്ദ്രങ്ങൾ ആകണം.

ഈ സമുച്ചയങ്ങളുടെ രൂപകല്പന കാണാൻ അവസരം കിട്ടിയിട്ടില്ലാത്തതിനാൽ അവ നിർമ്മിക്കുന്നത് ഈ ലക്ഷ്യങ്ങൾ എത്രമാത്രം നിറവേറ്റാൻ പാകത്തിലാണ് എന്ന് അറിയില്ല. എന്തെങ്കിലും അപാകങ്ങളുണ്ടോ എന്നു പരിശോധിക്കാനും ഉണ്ടെങ്കിൽ ആ കുറവുകൾ പരിഹരിക്കാനും കുറവുള്ള സൗകര്യങ്ങൾ അതേ ക്യാമ്പസുകളിൽത്തന്നെ വികസിപ്പിക്കാനും നമുക്കു മുൻകൈ എടുക്കാൻ കഴിയണം.

ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ അവയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കാനുള്ള ജാഗ്രതയും സാംസ്ക്കാരികകേരളത്തിന്റെ മുൻകൈയിൽ ഉണ്ടാകണം. അവിടെ ഓരോ വർഷവും ഉണ്ടാകേണ്ട സാംസ്ക്കാരികോത്പന്നങ്ങളുടെയും നടക്കേണ്ട കലാസാംസ്ക്കാരികപ്രവർത്തനങ്ങളുടെയും കാലൻഡർ മുൻകൂട്ടി തയ്യാറാക്കാം. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പു സർക്കാർസംവിധാനത്തിനും ഉദ്യോഗസ്ഥർക്കും വിടാതെ ജനകീയസമിതികളെ ഏല്പിക്കണം.

ഈ കേന്ദ്രങ്ങളെ പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ-ലിംഗനിരപേക്ഷ പൊതുവിടങ്ങളായി വികസിപ്പിക്കുകയും നിലനിർത്തുകയും വേണം. ഭിന്നശേഷീസൗഹൃദവും വനിതാ-ലിംഗലൈംഗികന്യൂനപക്ഷസൗഹൃദവും ആയിരിക്കണം നിർമ്മാണവും നടത്തിപ്പും. ഇതെല്ലാം നമ്മുടെ സാംസ്ക്കാരികപ്രവർത്തനങ്ങളുടെയും പൊതുവിടങ്ങളുടെയും മുഖമുദ്രയാക്കണം; പൊതുസമീപനവും ആകണം.

വേണം സ്ഥിരം വേദികൾ

നാടകത്തിനു സാമൂഹികമാറ്റത്തിലുള്ള സ്വാധീനം കേരളീയരെ പഠിപ്പിക്കേണ്ടതില്ല. എന്നാൽ ആസ്വാദകരെ മറന്ന ബൗദ്ധികപരീക്ഷണങ്ങളാലും മറ്റും ആ രംഗം ജനങ്ങളെ അകറ്റി. അതിന്റെ വീണ്ടെടുപ്പ് ആവശ്യമാണ്. ഇക്കാലത്തും ശാസ്ത്രകലാജാഥ പോലുള്ള ജനകീയകലാവതരണങ്ങൾ ജനസാമാന്യത്തെ ആകർഷിക്കുന്നു എന്നതു കാണണം. അപ്പോൾ പ്രശ്നം നാടകം എന്ന മാദ്ധ്യമത്തിന്റേതല്ല. അതിനാൽ, ജനങ്ങൾ സ്വീകരിക്കുന്ന സാമൂഹികനാടകങ്ങൾ പ്രോത്സാഹിപ്പിക്കുകതന്നെ വേണം.

നാടകങ്ങൾക്കു പണം മുടക്കാൻ ആളില്ലാത്തതും നാടകനിർമ്മാണത്തിനു ചെലവേറിയതും പുതിയ നാടകങ്ങൾ ഉണ്ടാ‍കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ആവിഷ്ക്കരണത്വരയുടെ ശമനംപോലെ പല നാടകവും ഒറ്റ അവതരണത്തിൽ ഒടുങ്ങുന്നു. നാടകം‌കൊണ്ടു ജീവിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാത്തിടത്തോളം ആ രംഗത്തു കലാകാരരെ പിടിച്ചുനിർത്താനാവില്ല.

മുൻസർക്കാരിന്റെ മറ്റൊരു ബജറ്റ്‌പ്രഖ്യാപനം ആയിരുന്നു സ്ഥിരം നാടകവേദികൾ. ആദ്യം മൂന്നു നഗരങ്ങളിലും പിന്നീടു കൂടുതൽ കേന്ദ്രങ്ങളിലും. ഇതും സാദ്ധ്യമായില്ല. കോവിഡ് പോലുള്ള പ്രതികൂലസാഹചര്യങ്ങളും ഇതിനു കാരണമായിട്ടുണ്ടാകാം.

2020-21 ബജറ്റിലും നാടകത്തിനുവേണ്ടി പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ നാടകങ്ങൾ ഉണ്ടാകാൻ നാടകനിർമ്മാണത്തിനു പത്തുലക്ഷം രൂപവീതം നല്കുന്ന പദ്ധതിയായിരുന്നു അത്. ആ പദ്ധതിയോടു നാടകലോകം പ്രതികരിച്ചത് പ്രതീക്ഷയ്ക്കൊത്തവണ്ണം ആകാതെപോയത് എന്തുകൊണ്ടെന്ന് ആ രംഗത്തുള്ളവരുമായി ചർച്ച ചെയ്യണം. ഇതിനൊക്കെയുള്ള സർക്കാരിലെ കടമ്പകൾ പൊളിക്കാൻ നമുക്കാകണം.

തൊഴിൽസൃഷ്ടി മുഖ്യലക്ഷ്യമായ വൈജ്ഞാനികസമ്പദ്ഘടനയിൽ കലയ്ക്കും സംസ്ക്കാരത്തിനും എങ്ങനെയെല്ലാം മെച്ചപ്പെട്ട തൊഴിലും ജീവിതവും പ്രദാനം ചെയ്യാനാകും എന്ന അന്വേഷണത്തിനും ഉണ്ടാകണം പ്രത്യേക ഊന്നൽ.

വികേന്ദ്രീകൃതയിടപെടൽ

നാടകവും സാമൂഹികബദ്ധമായ മറ്റു കലാവിഷ്ക്കാരങ്ങളും പ്രോത്സാഹിപ്പിക്കാൻ സർക്കാരിതരമായും സംവിധാനങ്ങൾ ഉണ്ടാകണം. എന്തൊക്കെയോ മാറ്റം ഉണ്ടാകുമെന്നു പലരെയും വ്യാമോഹിപ്പിച്ച സഹസ്രാബ്ദപ്പിറവി കോർപ്പറേറ്റിസം, ചങ്ങാത്തമുതലാളിത്തം, വർഗ്ഗീയത, സമഗ്രാധിപത്യം തുടങ്ങിയവയെയൊക്കെ തഴപ്പിച്ചതല്ലാതെ വിശേഷിച്ചൊന്നും സംഭവിപ്പിക്കാതെ അപ്രസക്തമായപ്പോൾ നിലത്തിറങ്ങിയ സാമാന്യജനത ഇന്ന് ചെറു കൂട്ടം‌ചേരലുകളിലേക്കു മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇത് നല്ല സാദ്ധ്യതയും അവസരവുമാണ്.

നാട്ടിടകളിലെ ആർട്സ് ക്ലബ്ബുകൾ പുനരുജ്ജീവിപ്പിക്കാൻ ഇന്ന് എളുപ്പമായേക്കും. അവർക്കു സമൂഹബദ്ധമായ കലാവിഷ്ക്കാരങ്ങൾ നടത്താൻ വേണ്ട ഭൗതികസാഹചര്യങ്ങൾ ഇന്നു വളരെയേറെ മെച്ചപ്പെട്ടിട്ടുമുണ്ട്. മറ്റിടങ്ങളിലെ ക്ലബ്ബുകളുമായി ബന്ധപ്പെടാനും പരിപാടികൾ പങ്കുവയ്ക്കാനും സംയുക്തമായി പരിപാടികൾ നടത്താനുമൊക്കെയുള്ള സാദ്ധ്യതകളും വിപുലമാണ്. ഇത്തരം സംഘങ്ങളുടെ മികച്ച അവതരണങ്ങൾ തെരഞ്ഞെടുത്ത് വർഷം മുഴുവൻ അവതരിപ്പിക്കാവുന്ന സ്ഥിരംവേദികൾക്കും സാദ്ധ്യതയുണ്ട്. ഇതൊന്നും സർക്കാർപരിപാടി ആക്കാതെ ജനകീയസംരംഭങ്ങളായി സംഘടിപ്പിക്കാൻ കഴിയണം. ഇവരെ പ്രോത്സാഹിപ്പിക്കാനും അവതരണയോഗ്യമായ കലാവിഷ്ക്കാരങ്ങൾ നടത്താനും സർക്കാർ ധനസഹായം നല്കുന്നതു നന്നായിരിക്കും.

ആദിവാസികലകൾ അടക്കമുള്ള നമ്മുടെ തനതുകലകളെല്ലാം സംരക്ഷിക്കാനും പരിശീലിപ്പിക്കാനും തനിമയോടെതന്നെ അവതരിപ്പിക്കാനും ഡോക്യുമെന്റ് ചെയ്യാനും പ്രത്യേകശ്രദ്ധ ആവശ്യമാണ്. നവകേരളത്തിന്റെ പ്രധാനമേഖലകളിൽ ഒന്നായ ടൂറിസം രംഗത്തും അതിന്റെ മൂല്യം വലുതാണ്. തദ്ദേശഭരണതലത്തിലേക്കു ടൂറിസം എത്തിക്കാനുള്ള സർക്കാർപരിപാടി നടപ്പാകുമ്പോൾ അതതുനാട്ടിലെ കലാരൂപങ്ങൾക്കു പരിഗണന നല്കേണ്ടതുണ്ട്.

സാംസ്ക്കാരികവിമലീകരണം

പുറമേക്കു നാം കാണുന്നില്ലെങ്കിലും അതിഭയങ്കരമായ സാംസ്ക്കാരികമലിനീകരണമാണു നാട്ടിൽ നടക്കുന്നത്. തുറന്നതല്ലാത്ത വാട്ട്സാപ് എന്ന സന്ദേശമാദ്ധ്യമം നിറയെ ആപത്ക്കരമായ വർഗ്ഗീയവിഷവും വിദ്വേഷവുമാണ്. പല കുടുംബങ്ങളെയും ബന്ധുപരിസരങ്ങളെയും അതു ബാധിച്ചുകഴിഞ്ഞു. കേരളമനസിനെ ആ ക്യാൻസർ അനുനിമിഷം കാർന്നെടുക്കുകയാണ്. ഇതു പ്രതിരോധിക്കാൻ പുരോഗമനപക്ഷത്തിനു കഴിയുന്നില്ല. അതിബൃഹത്തായ കർമ്മപദ്ധതി ഇതിനായി ആവിഷ്ക്കരിക്കാൻ അമാന്തിച്ചുകൂടാ.

ശബരിമല യുവതീപ്രവേശനവിഷയത്തിൽ ലിംഗനീതിയിലും ഭരണഘടനയിലും അധിഷ്ഠിതമായ സുപ്രീം‌കോടതിവിധി വന്നപ്പോൾ അതു ചരിത്രവിധിയായി കൊണ്ടാടേണ്ടിയിരുന്ന സമൂഹമാണു കേരളം. അതിനുള്ള ഔന്നത്യം കേരളസംസ്ക്കാരം ആർജ്ജിച്ചിരുന്നതാണ്. എന്നാൽ സംഭവിച്ചത് സാമൂഹികജീർണ്ണതയുടെ അങ്ങേയറ്റം ലജ്ജാകരമായ തേർവാഴ്ചയാണ്. പരിഷ്ക്കൃതലോകത്തിനുമുന്നിൽ, ലോകമാദ്ധ്യമങ്ങളിൽ, കേരളം ആദ്യമായി അവഹേളനപാത്രമായി. പുരോഗമനപക്ഷത്തുള്ള ചിലർതന്നെ വോട്ടുഭയത്താൽ സർക്കാർസമീപനത്തെ കുറ്റപ്പെടുത്തുന്നതുപോലും കാണേണ്ടിവന്നു. ആശയവ്യക്തതയുടെ ഈ കുറവ് പ്രതിലോമതകൾക്കു നല്ല വളമാണ്.  ഇതൊരു നിസ്സാരകാര്യമല്ല.

അന്ന് ആ സാംസ്ക്കാരികാഭാസത്തെ ചെറുക്കാനായത് ശാസ്ത്രബോധവും നീതിബോധവും നല്ല വായനയും ആശയവ്യക്തതയും ഉയർന്ന ചിന്തയുമുള്ള ഒരു ചെറുവിഭാഗത്തിന്റെ രാപ്പകലില്ലാത്ത ശക്തമായ ഇടപെടൽകൊണ്ടാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ അന്നു പ്രചരിച്ച പുരോഗമനാശായങ്ങൾക്കു തുല്യമായ ഒന്ന് സമീപകാലകേരളചരിത്രത്തിൽ ഉണ്ടോ എന്നു സംശയമാണ്. അതു സാദ്ധ്യമാക്കിയവർ ആരെന്നു നാം അന്വേഷിക്കണം. ആ തലമുറയിൽ മേല്പറഞ്ഞ ബോധങ്ങളും ചിന്തകളുമൊക്കെ നിവേശിച്ചതെങ്ങനെ എന്നു മനസിലാക്കണം. പുതിയ തലമുറയെ അത്തരത്തിൽ വഴിനയിക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനപദ്ധതികൾ ആവിഷ്ക്കരിക്കണം. ബാലസംഘം, ബാലവേദി പ്രവർത്തനങ്ങൾ ഊഴിയം പോക്കൽ ആകാതെ ഉള്ളറിഞ്ഞുള്ളതാകണം.

നവോത്ഥാനമൂല്യങ്ങൾക്കുമുണ്ട് സുപ്രധാനപങ്ക്. ശബരിമലവിവാദകാലത്ത് മുഖ്യമന്ത്രി പിണറായിവിജയൻ കേരളം മുഴുവൻ സംഘടിപ്പിച്ച നവോത്ഥാനപ്രസംഗങ്ങൾ ചെലുത്തിയ സ്വാധീനം ഒന്നു മതി അതു മനസിലാക്കാൻ. മുലക്കരത്തിനുപകരം മുലയരിഞ്ഞു നല്കിയ നങ്ങേലിമുതൽ ആറാട്ടുപുഴ വേലായുധപ്പണിക്കരും അയ്യാ വൈകുണ്ഠനും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടന്ദനും സഹോദരൻ അയ്യപ്പനും പൊയ്കയിൽ അപ്പച്ചനുമൊക്കെ നടത്തിയ ധീരമായ ഇടപെടലുകളുടെ ചരിത്രം മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകത്തോടെയാണു മഹാഭൂരിപക്ഷം ജനങ്ങളും കേട്ടത്. ആധുനികകേരളം രൂപപ്പെട്ട ആ കഥ തീർച്ചയായും നവകേരളസൃഷ്ടിക്കുള്ള മികച്ച ഇന്ധനമാണ്. ആ കഥകൾ പല സാംസ്ക്കാരികരൂപങ്ങളിലൂടെ പുനരാവിഷ്ക്കരിക്കാനും സമസ്തജനങ്ങളിലേക്കും എത്തിക്കാനും പദ്ധതി ഉണ്ടാകണം. കഥപോലെ അവ പറയുന്ന വീഡിയോകൾപോലും രസകരമാകും.

ശരിയായ ചരിത്രബോധവും ശാസ്ത്രബോധവും സാമൂഹികബോധവും വളർത്താനുതകുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ അടിയന്തരമായി കൊണ്ടുവരണം. ചരിത്രം മാറ്റിയെഴുതുന്നതിൽ വർഗ്ഗീയഫാഷിസം കാട്ടുന്ന ഭ്രാന്തമായ ആവേശത്തിൽനിന്നു നാം പാഠം ഉൾക്കൊള്ളണം. പലതരത്തിൽ വളച്ചൊടിച്ച ചരിത്രമാണ് വാട്ട്സാപ് സർവ്വകലാശാലയിലെ മുഖ്യ പാഠ്യവിഷയങ്ങളിൽ ഒന്ന്. അതിലെ അപകടം ചെറുതല്ല. അതെല്ലാം നിരീക്ഷിക്കാനും ഫലപ്രദമായി പ്രതിരോധിക്കാനും ശരിയായ ചരിത്രകാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സംവിധാനം വികസിപ്പിച്ചില്ലെങ്കിൽ നവകേരളം വർഗ്ഗീയഭ്രാന്തിന്റെ കൊലക്കളമായിരിക്കും.

ശാസ്ത്രം, ചരിത്രം, നവമൂല്യങ്ങൾ

അനൗപചാരികവിദ്യാഭ്യാസം സുപ്രധാനസാംസ്ക്കാരികദൗത്യമായി നവകേരളയജ്ഞത്തിൽ മാറണം. സമ്പൂർണ്ണസാക്ഷരതാനേട്ടത്തിന്റെ തുടർച്ചയായി വിഭാവനം ചെയ്ത തുടർസാക്ഷരതാപ്രവർത്തനങ്ങൾക്കു സംഭവിച്ച വിപര്യയം വിലയിരുത്തേണ്ടതുണ്ട്. സമ്പൂർണ്ണസാക്ഷരത ഉന്നം ആയിരുന്നതിഅനാൽ സാമൂഹികയിടപെടലിനുള്ള പ്രാപ്തി നഷ്ടമായ വയോജനങ്ങളെയടക്കം സാക്ഷരരാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, അതുതന്നെയാണോ ഇന്നും തുടരേണ്ടത് എന്നു പരിശോധിക്കണം. കൊഴിഞ്ഞുപോക്കും മോശം കുടുംബ-സാമൂഹികസാഹചര്യങ്ങളും കാരണം അക്ഷരം നേടാനാകാതെപോയ മദ്ധ്യവയസ്ക്കർ വരെയുള്ളവരെ അക്ഷരവും ഡിജിറ്റൽ സാക്ഷരതയും ഉള്ളവരാക്കുക എന്നത് അർത്ഥപൂർണ്ണമാണ്. അതിനപ്പുറം ആവശ്യമുണ്ടോ?

സാക്ഷരതാപ്രവർത്തനം എന്നതു കേവലമായ അക്ഷരം പഠിപ്പിക്കലിനപ്പുറത്തേക്കു വളരണം. ആളുകളെ പഠനത്തിലേക്ക് ആകർഷിക്കാൻ അവരുടെ തൊഴിൽ മെച്ചപ്പെടുത്താൻ ഉതകുന്നതടക്കമുള്ള പരിശീലനങ്ങളും ആരോഗ്യസാക്ഷരത, ക്ഷേമസേവനനിയമസാക്ഷരതകൾ എന്നിങ്ങനെ പ്രഥമദൃഷ്ട്യാ പ്രയോജനകരമെന്നു തോന്നുന്ന വിഷയങ്ങളും ഉൾപ്പെടുത്തേണ്ടിവരും. അങ്ങനെ ആകർഷിക്കാൻ കഴിയുന്ന സമൂഹത്തിൽ ശാസ്ത്രബോധസാക്ഷരതയും ചരിത്രസാക്ഷരതയും ഭരണഘടനാസാക്ഷരതയും സാമൂഹികസാക്ഷരതയും പുരോഗമനമൂല്യസാക്ഷരതയും ഉപഭോക്തൃസാക്ഷരതയുമൊക്കെ വളർത്താനുള്ള യജ്ഞങ്ങൾ നടപ്പാക്കണം.

ഓരോ തദ്ദേശഭരണസ്ഥാപനപ്രദേശത്തും ധാരാളമായി പൊതുവിടങ്ങൾ വികസിപ്പിക്കുകയും പ്രഭാഷണങ്ങളുടെയും ചർച്ചകളുടെയും പെരുമഴ സൃഷ്ടിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അച്ചടിപ്പുസ്തകങ്ങളിൽനിന്നു ഡിജിറ്റൽ വായനയിലേക്കു യുവതലമുറ ചുവടുമാറ്റുന്നതു മനസിലാക്കി നമ്മുടെ ഗ്രന്ഥശാലകളെ ആകർഷകങ്ങളായ പൊതുവിടങ്ങളാക്കി മാറ്റണം. പുസ്തകചർച്ചകൾ, ലോകത്ത് ഇറങ്ങുന്ന സുപ്രധാനപുസ്തകങ്ങൾ പരിചയപ്പെടുത്തൽ, പ്രാദേശികചരിത്രരചന അടക്കമുള്ള കൂട്ടായ പുസ്തകരചനാസംരംഭങ്ങൾ, നാട്ടിലെ പ്രധാനികളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ജീവചരിത്രങ്ങൾ രചിച്ചു പ്രാദേശികമായി പ്രസിദ്ധീകരിക്കൽ തുടങ്ങി പലതും ആലോചിക്കാം. ചർച്ചയ്ക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നല്ല ജാഗ്രത പുലർത്താനാകും. പുതുതലമുറയ്ക്കടക്കം താത്പര്യം തോന്നുന്ന പുസ്തകങ്ങൾ ധാരാളമായി ഉൾപ്പെടുത്തിയാൽ അവരെ ആകർഷിക്കാൻ പ്രയാസം വരില്ല. പ്രളയത്തിലും കോവിഡിലുമൊക്കെ കണ്ട സന്നദ്ധയൗവനത്തിന്റെ സമൂഹബദ്ധതയിൽ സംശയിച്ചുനില്ക്കേണ്ടതില്ല.

ചരിത്രപഠനം രസകരം ആക്കാനുള്ള പരിപാടികൾ കണ്ടെത്തണം. പട്ടണത്തേതുമാതിരിയുള്ള ഉദ്ഘനനവും സമാനമായ ചരിത്രഗവേഷണങ്ങളും ജനപങ്കാളിത്തമുള്ള അനുബന്ധപ്രവർത്തനങ്ങളിലൂടെ ജനകീയമാക്കണം. അത്തരം പഠനങ്ങൾ കൂടുതൽ ഉണ്ടാകണം.

ഫേസ്‌ബുക്ക് മികച്ച എഴുത്തകമാണ്. അവിടെയുള്ള എണ്ണമറ്റ പ്രതിഭകളെ അതതു നാട്ടിലെ പുരോഗമനയിടപെടലുകളുമായി ബന്ധിപ്പിക്കുന്നതു പ്രധാനമാണ്. അവർക്ക് ആത്മപ്രകാശനത്തിനുള്ള ഭൗതികവേദികൾ ഒരുക്കിനല്കാം. പ്രാദേശികകവിയരങ്ങുകളും കഥപറയൽ കൂട്ടങ്ങളും ഒച്ചഭാഷിണിയൊന്നുമില്ലാതെ വായനശാലാഹാളിൽ നടത്താം. സ്കൂളുകളിലെ സൗകര്യങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണം. ആവശ്യമായ ഉത്തരവുകൾ നല്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ആകാം.

നവകേരളത്തിലെ കുടുംബം

നാം സൃഷ്ടിക്കുന്ന നവകേരളം ലിംഗസമത്വമുള്ളതും കൂടുതൽ മെച്ചപ്പെട്ടു മുന്നോട്ടുപോകുന്നതും ആകണമല്ലോ. കുടുംബം എന്ന സ്ഥാപനത്തെ ജനാധിപത്യവത്ക്കരിക്കുകയും ലിംഗനീതിപൂർണ്ണം ആക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അതു പെട്ടെന്നു മാറ്റിമറിക്കാവുന്ന ഒന്നല്ല. എന്നാലും നന്നായി ആലോചിച്ചാൽ ഫലപ്രദമായ പ്രവർത്തനപരിപാടി ആവിഷ്ക്കരിക്കാനാവും. അതിൽ വിജയിച്ചാൽ നമുക്കതൊരു വലിയൊരു നേട്ടമായിരിക്കും.

ലിംഗസമത്വം പുലരുന്ന യൂണിറ്റുകളായി ഓരോ കുടുംബത്തെയും രൂപപ്പെടുത്താൻ കുടുംബങ്ങളെ ചർച്ചാവേദികളാക്കണം. ‘വീട്ടിൽ രാഷ്ട്രീയം പറയാറില്ല’ എന്നതു കേമത്തമായി എഴുന്നള്ളിച്ചുനടക്കുന്നവരെ തിരുത്തി, എല്ലാ പൊതുക്കാര്യങ്ങളും ആരോഗ്യപൂർവ്വം ചർച്ചചെയ്യുന്ന സ്ഥിതി വളർത്തണം. പുറത്തു പ്രസംഗിക്കുന്ന ആദർശങ്ങൾ ചെരിപ്പിനൊപ്പം അഴിച്ചു പുറത്തുവച്ചു വീട്ടിൽ കയറുന്നതിനാലാണ് സ്വന്തം മക്കളുടെ വിവാഹക്കാര്യം വരുമ്പോൾ ജാതിയും മതവും സാമൂഹികപദവിയും ജാതകവും മുഹൂർത്തവുമെല്ലാം പരിഗണനാവിഷയം ആകുന്നത്.

സ്ത്രീധനവും സ്ത്രീധനപീഡനവും സ്ത്രീകൾ അനുഭവിക്കുന്ന മഹാദുരിതങ്ങളുടെ കൂടുതൽ ദൃശ്യതയുള്ള ഒരു ഭാഗം മാത്രമാണ്. അതിനു മാത്രമായുള്ള ചികിത്സയല്ല, സാമൂഹികബോധമാകെ ഉടച്ചുവാർക്കുന്ന പ്രവർത്തനങ്ങളാണ് ആവശ്യം. ഇത്തരം കാര്യങ്ങളിലെല്ലാം ജനകീയമായ പരിഹാരങ്ങൾക്കാണു മുൻഗണന നല്കേണ്ടത്.

ഒരുപക്ഷെ, നവകേരളം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്രവർത്തനം കുടുംബങ്ങളുടെ രാഷ്ട്രീയവത്ക്കരണം ആയിരിക്കും. ആ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല, സാമൂഹികനീതിയുടെയും ലിംഗസമത്വത്തിന്റെയും അനാചാര-അന്ധവിശ്വാസവിരുദ്ധതതയുടെയും സ്വതന്ത്രചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും ഒക്കെ പുരോഗമനരാഷ്ട്രീയമാണ്.

വളർന്നുവരുന്ന തലമുറയിൽ ലിംഗനീതിബോധം വളർത്താനുള്ള പരിപാടികളും അതോടൊപ്പം വേണം. പാഠ്യപദ്ധതിയെ ജെൻഡർ സെൻസിറ്റീവ് ആക്കുക അനിവാര്യമാണ്. ഈ ബോധമൊക്കെ കുടുംബങ്ങളിൽ വളർത്താൻ അച്ഛനമ്മമാരിലും മറ്റു കുടുംബാംഗങ്ങളിലും നിരന്തരബോധവത്ക്കരണവും ആവശ്യമാണ്.

ചില ചിതറിയ ചിന്തകൾ മാത്രമാണ് ഇവിടെ പങ്കുവച്ചത്. നവകേരളസൃഷ്ടിക്ക് ഇതൊന്നും പോരാ. അതിനുള്ള ഒറ്റയ്ക്കും കൂട്ടുചേർന്നുമുള്ള വിപുലമായ ആലോചനകൾ വേണം. ആ ആലോചനകൾക്കുള്ള തീപ്പൊരിയെങ്കിലും ഉതിർക്കാൻ കഴിയണം എന്ന് ആഗ്രഹിച്ച് എഴുതിത്തുടങ്ങിയതാണ്. പക്ഷെ, വക്കോ മൂലയോപോലും സ്പർശിക്കാൻ ആയിട്ടില്ല. എല്ലാവരും ചേർന്ന് ഈ ചിന്തകളെ സമ്പുഷ്ടമാക്കിയാലും.