അവിടെ വിവാദം, ഇവിടെ വികസനം
മനോജ് കെ. പുതിയവിള
കിരീടം എന്ന സിനിമയിലെ കീരിക്കാടൻ ജോസിന്റെ ഗുണ്ടാപ്പിരിവ് ഓർമ്മയുണ്ടാകും. ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാലോ പച്ചപിടിക്കുന്നതായി കണ്ടാലോ അവരെ വിരട്ടി ചട്ടമ്പിഫീസ് പിരിച്ചു ജീവിക്കുന്ന ചിലർ പലനാട്ടിലും ഉണ്ട്. കൊടുക്കാൻ കൂട്ടാക്കാത്തവരെ തുലയ്ക്കുക എന്നതാണ് ഇത്തരക്കാരുടെ രീതി. മോൻ ചത്താലും മരുമോളുടെ കണ്ണീരു കണ്ടാൽ മതി എന്ന സ്ത്രീവിരുദ്ധച്ചൊല്ല് ഇക്കൂട്ടർക്കാണ് ഇണങ്ങുക. ...എത്ര കുടുംബങ്ങളെയാണ് അതു വഴിയാധാരമാക്കിയത്!
[കെ.ജി.ഒ.എ. ന്യൂസിന്റെ 2020 ഒക്റ്റോബർ ലക്കത്തിൽ പ്ർസിദ്ധീകരിച്ചത്.]
ലൈഫില്ലാത്ത വിവാദങ്ങൾ ഉയർത്തി മനുഷ്യരെ മെനക്കെടുത്തുന്ന രാഷ്ട്രീയക്കാരും മാദ്ധ്യമക്കാരും ഇല്ലാതാക്കുന്നത് സ്വന്തം പ്രസക്തിയാണ്. കേരളസമൂഹത്തിന്റെ സാംസ്ക്കാരികജീവിതത്തിൽ കരിയോയിൽ കോരി ഒഴിക്കുകയാണ് അവർ. കേരളവികസനം അട്ടിമറിക്കാമെന്നാണ് അവർ വ്യാമോഹിക്കുന്നത്. പക്ഷേ, അവരുടെ അങ്കലാപ്പുകളും കോപ്രായങ്ങളും ആസ്വദിച്ചു കേരളം മുന്നോട്ടുപോകും. വികസനത്തിന്റെ കുളിർമഴയിൽ നവകേരളം വളർന്നുപടരുകതന്നെ ചെയ്യും.
വീടില്ലാത്തവർ ഇല്ലാത്ത നാട് എന്നത് വിഭവദാരിദ്ര്യമുള്ള ഒരു
നാടിനെസംബന്ധിച്ച് മാവേലിനാടുപോലെ ഒരു സങ്കല്പമാണ്. എന്നാൽ, ഇല്ലായ്മകൾക്കുള്ളിലും
ആ സ്വപ്നം കാണാനും അതു സാക്ഷാത്ക്കരിക്കാൻ പരമാവധി പ്രയത്നിക്കാനും തയ്യാറാകുക
എന്നത് സമത്വബോധത്തിലും പരമദരിദ്രരെയും ഉൾച്ചേർക്കുന്ന സമഗ്രവികസനത്തിലും
അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രദർശനത്തിന്റെ മാത്രം മഹത്വമാണ്.
പുതുതലമുറ ഉണ്ടാകുകയും അവർ സ്വന്തമായി കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യുമ്പോൾ
അവരിൽ സ്വന്തം വീട് ആർജ്ജിക്കാൻ ശേഷിയില്ലാത്തവർ പുതിയ ഭവനരഹിതരായി
ആവിർഭവിച്ചുകൊണ്ടേയിരിക്കും. അപ്പോൾ അതുകൂടി മുന്നിൽക്കണ്ട് പദ്ധതി
ആവിഷ്ക്കരിക്കാനുള്ള ദീർഘവീക്ഷണംകൂടി ആ മാവേലിസ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിന്
ആവശ്യമാണ്. അതെല്ലാം സമന്വയിച്ചതാണ് നമ്മുടെ പുതിയ ആഗോളമാതൃകയായ ലൈഫ് മിഷൻ. ആ
മഹത്തായ ലക്ഷ്യമാണ് അതിലൂടെ കേരളം ഇന്നു കൈവരിക്കാനൊരുങ്ങുന്നത്.
കേരളത്തിൽ സ്വന്തം റേഷൻ കാർഡ് ഉള്ള യൂണിറ്റിനെ കുടുംബമായി പരിഗണിച്ചാണു
ഭവനരഹിതരെ തിട്ടപ്പെടുത്തിയത്. 2016-ൽ പദ്ധതി ആരംഭിച്ചപ്പോൾ എടുത്ത കണക്കുപ്രകാരമുള്ള
എല്ലാ ഭവനരഹിതർക്കും വീട് ഈ വരുന്ന മാസങ്ങൾക്കകം സ്വന്തമാകും.
പുതിയ ഭവനരഹിതർക്കും ‘ലൈഫ്’
എന്നാൽ, ഈ നാലരക്കൊല്ലം സർക്കാർ ഉദാരമായ സമീപനം സ്വീകരിച്ച് അർഹരായവർക്കെല്ലാം റേഷൻ കാർഡ് അനുവദിച്ചു. അതോടെ അവരും സ്വന്തം വീടിന് അർഹരായി. അവരിൽ സ്വന്തം വീടു സ്വയം വയ്ക്കാൻ കഴിയാത്ത സാമ്പത്തികനിലയിൽ ഉള്ള എല്ലാവർക്കും അടുത്തഘട്ടമായി സർക്കാർ വീടു നല്കുകയാണ്. അതിനുള്ള അപേക്ഷകളും സ്വീകരിച്ചുകഴിഞ്ഞു. സ്വന്തം ഭൂമിയുള്ള ഭവനരഹിതരിൽ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കവും കേസും മറ്റും ഉള്ള ഏതാനും പേർക്കുമാത്രമേ ഇതുവരെയുള്ള ഘട്ടങ്ങളിൽ വീടു നിർമ്മിക്കാൻ കഴിയാതെയുള്ളൂ.
(തെരഞ്ഞെടുപ്പടുക്കുമ്പോൾ അത്തരക്കാരെ കണ്ടുപിടിച്ച് ‘ഇതാ വീടുകിട്ടാത്തവർ,
ലൈഫ് പദ്ധതി പരാജയം’ എന്ന മുറവിളിയൊക്കെ തത്പരകക്ഷികൾ ഉയർത്തും. അതൊക്കെ
തിരിച്ചറിയാനുള്ള മാദ്ധ്യമനിരൂപണബുദ്ധി ഇന്നു കേരളസമൂഹം ആർജ്ജിക്കുന്നുണ്ട് എന്നതിനാൽ
അതിലൊന്നും അധികമാരും തെറ്റിദ്ധരിക്കപ്പെടാൻ പോകുന്നില്ല. ഇത്തരം കാര്യങ്ങൾ
ജനങ്ങളെ ഫലപ്രദമായി ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്വബോധമുള്ള നമുക്കു
ചെയ്യാനുള്ളത്.)
പലകാരണങ്ങളാൽ ആദ്യഘട്ടങ്ങളിൽ വീടു ലഭിക്കാതെപോയവരെക്കൂടി ഉൾപ്പെടുത്തിയാണു
ഭവനരഹിതരുടെ പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. എട്ടുലക്ഷത്തിലധികം പേരാണ് പുതുതായി
അപേക്ഷിച്ചിരിക്കുന്നത്. അതില്‍ അഞ്ചുലക്ഷത്തിലധികം പേരും ഭൂമിയുള്ള ഭവനരഹിതരാണ്
എന്നത് ആശ്വാസകരമാണ്. ഭൂമിയും വീടും ഇല്ലാത്തവര്‍ രണ്ടര ലക്ഷത്തോളമുണ്ട്. അവർക്ക്
ഭൂമികൂടി കണ്ടെത്തി വീടു നല്കണം. പൂര്‍ണ്ണസുതാര്യതയോടെ ഗുണഭോക്തൃപട്ടിക
തയ്യാറാക്കി അര്‍ഹരായ എല്ലാവര്‍ക്കും വീടുവച്ചുനല്കും എന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ വ്യക്തമക്കിയിട്ടുണ്ട്.
ഈ വാക്ക് പൂർണ്ണമായും വിശ്വസിക്കാം എന്നതിന്റെ ഉറപ്പാണ് ലൈഫ് മിഷന്റെ
ഇതുവരെയുള്ള പ്രവർത്തനം. പല കാലങ്ങളിൽ പലപദ്ധതികളിലൂടെ ധനസഹായം കിട്ടിയിട്ടും നിർമ്മാണം
പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന 52,307 വീടുകളുടെ നിര്‍മാണമാണ് ഒന്നാംഘട്ടത്തില്‍
676 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള
ഭവനരഹിതർക്കാണു വീടു നല്കുന്നത്. അതിൽ 81,840 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ഇതോടൊപ്പം, പിഎംഎവൈ
ലൈഫ് (നഗരം) പദ്ധതി പ്രകാരം 48,445 വീടും പിഎംഎവൈ ലൈഫ് (ഗ്രാമം) പദ്ധതി പ്രകാരം
16,996 വീടും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി.എം.എ.വൈ. പദ്ധതികളിൽ കേന്ദ്രവിഹിതം
കൊണ്ട് ആർക്കും വീടുവയ്ക്കാനാവില്ല. ഗ്രാമം പദ്ധതിയിൽ 72,000 രൂപയാണ് കേന്ദ്രവിഹിതം.
ബാക്കി 3,28,000 രൂപയും
സംസ്ഥാനമാണു മുടക്കുന്നത്. നഗരം പദ്ധതിയിൽ കേന്ദ്രവിഹിതം ഒന്നരലക്ഷവും. ബാക്കി 2,50,000 രൂപയും സംസ്ഥാനമാണു
നല്കുന്നത്. സംസ്ഥാനവിഹിതത്തിൽ ഒരു ഭാഗം തദ്ദേശഭരണസ്ഥപനങ്ങളുടെ വിഹിതമായാണു
നല്കുന്നത്. ഈ അധികസഹായത്തിലൂടെ മറ്റു വീടുകൾക്കൊപ്പം ഒരുമിച്ചു പൂർത്തിയാക്കുക
എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രാവിഷ്കൃതമായ പി.എം.എ.വൈ. പദ്ധതികൾ ലൈഫുമായി
സംയോജിപ്പിച്ചത്.
കൂടാതെ, പട്ടികജാതിവകുപ്പു 19,247-ഉം പട്ടികവര്‍ഗവകുപ്പ് 1,745-ഉം
ഫിഷറീസ് വകുപ്പിനുകീഴില്‍ 4,177-ഉം വീടും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2000 വീടു
പൂർത്തിയാക്കി താക്കോൽ കൈമാറിയ സഹകരണവകുപ്പിന്റെ കെയര്‍ഹോം ഉള്‍പ്പടെ മറ്റു
വകുപ്പുകളുടെ പദ്ധതികളും പുരോഗമിക്കുകയാണ്. ഈ സര്‍ക്കാര്‍ ഇതേവരെ യാഥാര്‍ഥ്യമാക്കിയത്
8068 കോടി രൂപയുടെ വീടുനിർമ്മാണമാണ്.
ഭൂമിയില്ലാത്ത ഭവനരഹിതർക്കായുള്ള 'ലൈഫി'ന്റെ മൂന്നാംഘട്ടത്തിൽ 1,35,769 കുടുംബത്തിനാണു വീടു
നല്കേണ്ടത്. ഇതില്‍ 1761 കുടുബങ്ങള്‍ക്കുള്ള വീട് ആയി. ആരോഗ്യകേന്ദ്രവും
അങ്കണവാടിയും താമസക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനുള്ള സൗകര്യവും ഒക്കെയുള്ള
സമുച്ചയങ്ങളാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. വിവിധ ജില്ലകളിലായി ഇത്തരം നൂറിലേറെ
ഭവനസമുച്ചയങ്ങൾ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതില്‍ 12 ഫ്ലാറ്റ്
സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് സെപ്റ്റംബർ 24-നു പുതിയ
29 ഫ്ലാറ്റുസമുച്ചയങ്ങളുടെ നിർമ്മാണം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി
അറിയിച്ചിരുന്നു. ഇത്തരത്തിൽ ലക്ഷ്യസാക്ഷാത്ക്കാരത്തിലേക്കു മുന്നേറുകയാണു ലൈഫ്
മിഷൻ.
ബെടക്കാക്കിയത് ആര്? എന്തിന്?
വീടും ഉപജീവനവും പണവും ഇല്ലാതെ സമൂഹത്തിന്റെ
പര്യമ്പുറങ്ങളിൽ തഴയപ്പെട്ടു കിടന്ന വലിയൊരു വിഭാഗത്തെ അവയെല്ലാം നല്കി
ചേർത്തുപിടിച്ച് മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന Livelihood Inclusion and
Financial Empowerment Mission എന്ന ‘ലൈഫ്’ മിഷൻ അതിന്റെ
പൂർത്തീകരണത്തിലൂടെ കേരളവികസനചരിത്രത്തിൽ ഒരിക്കലും മായാതെ ശിലാലേഖനം
ചെയ്യപ്പെടുന്ന നാളുകളിലാണ് അതിൽ വേവലാതിയുള്ള സകലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ
പുറപ്പെട്ടിരിക്കുന്നത്.
ലൈഫിലൂടെ ഇതിനകം വീടു സ്വന്തമായത് 2,26,518 കുടുംബങ്ങൾക്കാണ്.
എന്നുവച്ചാൽ അത്രയും കുടുംബങ്ങളിലെ പത്തുപതിനൊന്നുലക്ഷം മനുഷ്യർക്ക്. മറ്റൊരു ഒന്നരലക്ഷത്തോളം
കുടുംബങ്ങൾക്കുള്ള വീടാണ് ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെയാണ്
ഇപ്പോൾ അപേക്ഷ നല്കിയിരിക്കുന്ന എട്ടുലക്ഷത്തോളം കുടുംബങ്ങൾ. വീടു കിട്ടിയതും പണി
നടക്കുന്നതും പുതുതായി അപേക്ഷിച്ചവരും എല്ലാംകൂടി പത്തുപന്ത്രണ്ടു ലക്ഷം
കുടുംബങ്ങളിലെ അരക്കോടിയിലേറെ മനുഷ്യർ! ഇവരുടെ സ്വപ്നങ്ങളാണ് നിരർത്ഥകമായ ഒരു
വിവാദം ഉയർത്തി ഒരു കൂട്ടർ തല്ലിക്കെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഈ പദ്ധതി
അട്ടിമറിച്ച് അധികാരം പിടിക്കാമെന്ന സ്വപ്നമാണ് ഈ വരുന്ന മേയ് മാസം കേരളജനത മലർപ്പൊടിക്കലംപോലെ
തല്ലിത്തകർക്കാൻ പോകുന്നത്.
അക്കൂട്ടരുടെ പൂതി നടക്കാൻ പോകുന്നില്ലെന്ന്
മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭവനനിർമ്മാണവുമായി സർക്കാർ മുന്നോട്ടു
പോകുകയാണ്. വിവാദങ്ങൾ കത്തിനില്ക്കുന്ന സെപ്റ്റംബർ 24-ന് പുതിയ 29
ഭവനസമുച്ചയങ്ങളുടെകൂടി നിർമ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം അതിനു മറുപടി നല്കിയത്. 1,285 കുടുംബങ്ങള്‍ക്കുള്ള
ആരൂഢം. അതോടൊപ്പം പുതിയ ഗുണഭോക്തൃപട്ടിക തയ്യാറാക്കാനുള്ള പ്രവർത്തനവും
നടക്കുകയാണ്.
അവർക്കെല്ലാം അറിയാം എൽ.ഡി.എഫ്. വീണ്ടും
അധികാരത്തിൽ വന്നാലേ തങ്ങളുടെ സ്വപ്നം സഫലമാകൂ എന്ന്. ആ ബോദ്ധ്യത്തിനുള്ള ആധാരം തൊട്ടുമുമ്പത്തെ
യു.ഡി.എഫ്. സർക്കാർ അഞ്ചുകൊല്ലംകൊണ്ടു നിർമ്മിച്ച വീടുകളുടെ എണ്ണംതന്നെയാണ്. അത്
അറിയുമ്പോഴേ കുത്തിത്തിരിപ്പുസംഘത്തിന്റെ വേവലാതിയുടെ പൊരുളും മനസിലാകൂ.
മൂന്നു ചോദ്യവും അടിപൊളി ഉത്തരവും
ആ സർക്കാരിന്റെ ഭരണം അവസാനിക്കാൻ മൂന്നുമാസം മാത്രം
ബാക്കിനില്ക്കെ 2016 ഫെബ്രുവരി 24-ന് കോടിയേരി ബാലകൃഷ്ണൻ എം.എൽ.എ.യുടെ ചോദ്യത്തിനു
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ നല്കിയ മറുപടി നിയമസഭയുടെ വെബ്‌സൈറ്റിൽ ഉണ്ട്. http://www.niyamasabha.org/codes/13kla/session_16/ans/u03204-240216-067000000000-16-13.pdf - ഈ ലിങ്കിൽ ക്ലിക് ചെയ്തു നോക്കൂ! 3204 നമ്പരുള്ള ചോദ്യത്തിന്റെ ഉത്തരം
കാണാം.
ഇതായിരുന്നു ആ മൂന്നു ചോദ്യങ്ങളിൽ ആദ്യത്തേത്:
“കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എത്രപേർക്ക് സർക്കാർപദ്ധതികളിലൂടെ പാർപ്പിടം നല്കി?
ഇപ്പോഴും പാർപ്പിടമില്ലാത്ത കുടുംബങ്ങൾ എത്രയെന്നു വ്യക്തമാക്കാമോ?”
ഉത്തരത്തിലുള്ള വിവരങ്ങൾ ഇതാണ്: കോഴിക്കോട്
ബംഗ്ലാദേശ് കോളനിയിൽ പുനരധിവാസപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 218 വീടു വച്ചു കൈമാറി.
രണ്ടുലക്ഷം രൂപ സർക്കാർസബ്സിഡിയുള്ള സാഫല്യം ഭവനപദ്ധതിയിൽ 216 ഫ്ലാറ്റിൽ 48 എണ്ണം
പൂർത്തിയാക്കി. 96 ഫ്ലാറ്റ് നിർമ്മിക്കാൻ നടപടി സ്വീകരിച്ചു. സന്നദ്ധസംഘടനകളുടെയും
വ്യക്തികളുടെയും സഹായത്തോടെ നടപ്പാക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയിൽ 2011-12-ലും
12-13-ലും ഒന്നും ചെയ്തിട്ടില്ല. 2013-14-ലും 14-15-ലുംകൂടി 1234 വീടിന് അനുമതി
നല്കി. അവർക്കു രണ്ടുലക്ഷം രൂപവീതം സബ്‌സിഡി അനുവദിച്ചു‘വരുന്നു’. അവസാനവർഷമായ
2015-16-ൽ 1500 വീടുകൾക്ക് അനുമതി നല്കുകയും അതിൽ 1050-‘ഓളം’ ഗുണഭോക്താക്കളെ
കണ്ടെത്തുകയും അവർക്കു ഗഡുക്കൾ ‘അനുവദിക്കാൻ നടപടി സ്വീകരിക്കുകയും’
ചെയ്തിട്ടുണ്ട്. സുരക്ഷ ഭവനപദ്ധതിയിൽ അഞ്ചുകൊല്ലംകൊണ്ട് 698 പേർക്ക് 1,69,22,000
രൂപ സബ്സിഡി അനുവദിച്ചു. എം.എൻ. ലക്ഷംവീട് പുനർനിർമ്മാണപദ്ധതിയിൽ 2191 വീടിന്
18,78,35,600 രൂപ സബ്സിഡി കൊടുത്തു. എം.എൻ. ലക്ഷംവീട് അറ്റകുറ്റപ്പണി പദ്ധതിയിൽ
772 വീടിന് 10,000 രൂപവീതം കൊടുത്തു. പത്രപ്രവർത്തകർക്ക് 74 വീടിന് 54,03,169 രൂപ
സബ്സിഡി നല്കി. ഇന്നവേറ്റീവ് (അത്താണി) എന്ന ഭവനപദ്ധതിയിൽ 118 ഫ്ലാറ്റ്
നിർമ്മിച്ചു. 48 ഫ്ലാറ്റിന്റെ നിർമ്മാണം നടന്നുവരുന്നു.
ഇതിൽ ബംഗ്ലാദേശ് കോളനിയിലെ 218-ഉം സാഫല്യം, ഗൃഹശ്രീ
പദ്ധതികളും ദുർബ്ബലവിഭാഗങ്ങൾക്കായി നടപ്പാക്കിയ പദ്ധതികളാണെന്ന് അതേപ്പറ്റിയുള്ള
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
ഇപ്പോഴും പാർപ്പിടമില്ലാത്ത കുടുംബങ്ങൾ എത്ര എന്ന
ചോദ്യത്തിന്റെ ഉത്തരം ഇതിലും കൗതുകകരമാണ്. “പാർപ്പിടമില്ലാത്ത കുടുംബങ്ങളെ
സംബന്ധിച്ച വിവരശേഖരണം ഭവനനിർമ്മാണവകുപ്പ് നടത്തിയിട്ടില്ല!” ഒരു വാക്യം കൂടി
ഉണ്ട്: “ ലാൻഡ് റവന്യു കമ്മിഷണറുടെ 26-11-2013-ലെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത്
സ്വന്തമായി ഭവനം ഇല്ലാത്ത 4,70,606 കുടുംബങ്ങൾ ഉണ്ട്.”
ലക്ഷംവീട് കോളനികളെപ്പറ്റിയുള്ളതായിരുന്നു
മൂന്നാമത്തെ ചോദ്യം. അതിലെ ഒരു വാക്യം ഉദ്ധരിക്കാം: “ലക്ഷംവീട് കോളനികളുടെ
വികസനത്തിനായി ഭവനനിർമ്മാണബോർഡ് പ്രത്യേകപദ്ധതികളൊന്നും നടപ്പാക്കുന്നില്ല.”
ഇതായിരുന്നു ആ അഞ്ചുകൊല്ലത്തെ അവസ്ഥ!
എല്ലാംകൂടി നിങ്ങൾതന്നെ ഒന്നു കൂട്ടിനോക്കൂ!
കൂട്ടിക്കിട്ടുന്ന അത്രയും വീടു കൊടുത്തു എന്നൊന്നും തെറ്റിദ്ധരിക്കരുത്.
ഫ്ലാറ്റുകളല്ലാതെ ഒന്നും നിർമ്മിച്ചുനല്കിയവ അല്ല; വെറും രണ്ടുലക്ഷം രൂപവീതം
സബ്സിഡി കൊടുത്തിട്ടേയുള്ളൂ. പലതിനും അനുമതി നല്കി എന്നൊക്കെയേ മറുപടിയിൽ ഉള്ളൂ.
തെരഞ്ഞെടുപ്പു മൂക്കിൽ മുട്ടി നില്ക്കുമ്പോൾ നല്കിയ മറുപടി ആയിട്ടുപോലും ഒന്നും
പറായാൻ ഇല്ലാത്ത അവസ്ഥ. ആ മറുപടിപ്രകാരം ആകെ പണി തീർത്തത് 3,343 വീട്! നാലേമുക്കാൽ
ലക്ഷം ഭവനരഹിതകുടുംബങ്ങൾ ഉള്ളപ്പോഴാണിത് എന്നോർക്കണം! എന്തൊരു
ഉത്തരവാദിത്വമില്ലായ്മ!
താരതമ്യം ഇല്ല എന്നത് അലങ്കാരമല്ല
രണ്ടുംകൂടി ഒന്നു താരതമ്യം ചെയ്യൂ! വല്ല താരതമ്യവും
ഉണ്ടോ? ഇപ്പോഴത്തെ എൽ.ഡി.എഫ്. സർക്കാർ നാലരക്കൊല്ലംകൊണ്ടു പൂർത്തീകരിച്ചതും
നിർമ്മാണം നടക്കുന്നതും ചേർത്ത് മൂന്നേമുക്കാൽ ലക്ഷം വീടാണ് പാവങ്ങൾക്കു ലഭിക്കുന്നത്.
അതെവിടെ, ഈ 3,343 എവിടെ! ഒരു ശതമാനത്തിലും താഴെ!
മാത്രമോ, അന്നത്തെപ്പോലെ രണ്ടുലക്ഷം സബ്സിഡി
കൊടുത്തു കൈകഴുകുകയല്ല, വീടു നിർമ്മിച്ചു എന്ന് ഉറപ്പാക്കുകയാണ് ഇപ്പോൾ. അതും
അന്തസുള്ള വീട്. തദ്ദേശഭരണസ്ഥാപനങ്ങൾ വഴി നല്കുന്നതടക്കം നാലുലക്ഷം രൂപയാണ് ഓരോ
വീടിനും ഇപ്പോൾ കിട്ടുന്നത്. കൂടാതെ, പലയിടത്തും തദ്ദേശഭരണസ്ഥാപനങ്ങളുടെയും
നാട്ടുകാരുടെയും മുൻകൈയിൽ നിർമ്മാണസാമഗ്രികളും ശ്രമദാനവും ഒക്കെയായി
ഒന്നൊന്നരലക്ഷം രൂപയുടെകൂടി സഹായം ഓരോ വീടിനും ലഭ്യമാക്കുന്നു. എന്നുവച്ചാൽ,
ഒന്നിനും ഒരു താരതമ്യവും ഇല്ല.
പാവങ്ങളുടെയും സാധാരണക്കാരുടെയും മക്കൾ പഠിക്കുന്ന
പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്രനിലവാരം നേടിയിരിക്കുന്നു. അവരുടെ അത്താണിയായ
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ പകൽ മുഴുവൻ ചികിത്സയുള്ള കുടുംബാരോഗ്യകേന്ദ്രങ്ങൾ
ആയിരിക്കുന്നു. അതിനു മുകളിലേക്കുള്ള സർക്കാരാശുപത്രികളെല്ലാം അത്യാധുനികസജ്ജീകരണങ്ങളോടെ
രോഗീസൗഹൃദമായി മാറിയിരിക്കുന്നു. ആ വിഭാഗങ്ങളുടെ വലിയ സമാശ്വാസമായ ക്ഷേമപ്പെൻഷനുകൾ
1500 രൂപയായി ഉയർത്തി കൃത്യമായി വീട്ടിൽ എത്തിക്കുന്നു. ആദിവാസികളും പലതരം
വെല്ലുവിളികൾ നേരിടുന്നവരും ലിംഗലൈംഗികന്യൂനപക്ഷങ്ങളും മുതൽ മടങ്ങിയെത്തുന്ന
പ്രവാസികൾവരെ സഹായം ആവശ്യമുള്ള സമസ്തവിഭാഗങ്ങളെയും ജാഗ്രതയോടെ ഉൾച്ചേർക്കുന്നു. സർക്കാരിലും
പൊതുമേഖലയിലുമെല്ലാം ധാരാളം പുതിയ തസ്തികകൾ സൃഷ്ടിച്ച് റെക്കോഡ് നിയമനം
നടത്തിയിരിക്കുന്നു. നമ്മുടെ റോഡും പാലവുമെല്ലാം, എത്രയോകാലമായി
നിലച്ചുകിടന്നവപോലും, ലോകനിലവാരത്തിൽ പുനർനിർമ്മിച്ചിരിക്കുന്നു. തീരദേശത്തും
മലയോരത്തും പുതിയ ഹൈവേകൾ, പ്രകൃതിവാതകം എത്തിക്കാൻ ഗെയിൽ പൈപ്പ് ലൈൻ, വികസനത്തിനു
വേണ്ടുവോളം വൈദ്യുതി ലഭ്യമാക്കാൻ പവർ ഹൈവേ, 20 ലക്ഷം ഭവനങ്ങൾക്കും ഓഫീസുകൾക്കും
അടക്കം സൗജന്യകണക്‌ഷൻ നല്കി സംസ്ഥാനത്തുടനീളം മികച്ച ഇന്റർനെറ്റ് സേവനം
ലഭ്യമാക്കാൻ കെ-ഫോൺ പദ്ധതി, സമ്പൂർണ്ണവൈദ്യുതിവത്ക്കരണം, നാടും നഗരവുമെല്ലാം
ശുചിയും ജലസമൃദ്ധവുമാക്കി ഹരിതകേരളം മിഷൻ, നാളെയെയും നാളത്തെ തലമുറയെയും
മുന്നിൽക്കണ്ടുള്ള നവകേരളനിർമ്മാണം, അങ്ങനെ എന്തെന്തെല്ലാം...! അതിനെല്ലാം പുറമെ, പ്രളയങ്ങളും
മഹാമാരികളും വന്നപ്പോൾ പതറാതെ, എല്ലാ ഇല്ലായ്മകളെയും അതിജീവിച്ച്, കേരളജനതയെ
നെഞ്ചോടുചേർത്തു സംരക്ഷിച്ച, ഒരു ജനതയാകെ അനുഭവിച്ചറിഞ്ഞ, സമൂഹബദ്ധത! എന്തിന്,
നമ്മുടെ ഓൺലൈൻ പഠനവും സുരക്ഷിതമായി നടത്തിയ വിവിധ പരീക്ഷകളുമൊക്കെ കോവിഡ് പ്രതിരോധം
പോലെതന്നെ രാജ്യത്തിനും ലോകത്തിനും മാതൃകയായില്ലേ! എ-4 വലിപ്പത്തിൽ 350-ൽപ്പരം
പേജുള്ള പ്രോഗ്രസ് റിപ്പോർട്ടിൽ കുനുകുനെ അച്ചടിച്ചിട്ടും ഒതുങ്ങാത്തത്ര ഭരണനേട്ടങ്ങൾ!
ഒന്നിനും ഒന്നും തടസമല്ല. അർഹമായ വിഹിതങ്ങളൊന്നും
തരാതെ കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും വികസനത്തിന്റെയും ക്ഷേമത്തിന്റെയും
കാര്യത്തിൽ അശേഷം വിട്ടുവീഴ്ച ചെയ്യാതെ എൽ.ഡി.എഫ്.സർക്കാരിന്റെ ധനമന്ത്രിയായ തോമസ്
ഐസക്കിന്റെ ആശയമായ കിഫ്ബിയിലൂടെ ഇതിനെല്ലാം പണം കണ്ടെത്തുന്നു. കിഫ്ബിയിലൂടെ
56,393 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതിനകം അനുമതി നല്കിയത്! കേരളചരിത്രത്തിൽ മുമ്പില്ലാത്തവികസനം!
... അതിശയച്ചിഹ്നം ഇട്ടുമാത്രം പറയാൻ കഴിയുന്ന കാര്യങ്ങൾ ഇനിയും എത്രയോ!
അങ്കലാപ്പിന്റെ മനഃശാസ്ത്രം
അപ്പോൾ പരമ്പരാഗതരീതിയിൽ അടുത്ത ഊഴം സ്വാഭാവികമായും
കിട്ടും എന്നു വ്യാമോഹിച്ചു പലതരം കുപ്പായവും തൈപ്പിച്ച് ഇരുന്നവർക്കു സ്വാഭാവികമായും
അങ്കലാപ്പാകുമല്ലോ. അവിടെയാണെങ്കിൽ സർവ്വത്ര കോമഡിയും. ജോസ് കെ. മാണിയും കൂട്ടരും
മൊഴിചൊല്ലി നില്ക്കുന്നു. ബിജെപിയിലേക്കുള്ള ഒഴുക്കൊക്കെ കഴിഞ്ഞ
അവശിഷ്ടകോൺഗ്രസിന്റെ സ്റ്റോക്കെടുപ്പു നടത്തി മുസ്ലിം ലീഗ് നേതാക്കൾ
കാര്യമായൊന്നും ചെയ്യാനില്ലാത്ത ദേശീയരാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് ഇമ്മിണി ബല്യ
കുപ്പായവും തുന്നി തിരികെ വന്നിരിക്കുന്നു. ഇവിടത്തെ പാർട്ടിയെ ഭരമേല്പിച്ചയാൾ
പൊളിയാവുന്നത്ര പൊളിയാൻ വേണ്ടതൊക്കെ ചെയ്തു കാത്തിരുന്ന നേതാവ് അതു വിജയിക്കുന്നതുകണ്ടു
സുവർണ്ണജൂബിലിക്കിരീടവും വച്ചു മടങ്ങിവന്നിരിക്കുന്നു. പലരും പദവികൾ രാജിവച്ചു
തൂറ്റാൻ പുതിയ കാറ്റു വരുമെന്നു കരുതി കാത്തിരിക്കുന്നു.
ബി.ജെ.പി.യുടെ കാര്യം അതിലും കഷ്ടം. ഗവർണ്ണറാക്കൽ
എന്ന നാടുകടത്തലിന്റെ ഇരകൾ പുതുനേതാവിന്റെ ഉപജാപങ്ങൾ പൊളിക്കാൻ കരുനീക്കുന്നു.
സ്വർണ്ണക്കടത്തും അബുദാബിയിലെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതലസമ്മേളനവുമൊക്കെ
കസ്റ്റംസിനും മാദ്ധ്യമങ്ങൾക്കും ചോർത്തിനല്കി പിന്നിൽനിന്നു കുത്തുന്നു. പലരും
നിശബ്ദരായി ഒതുങ്ങിനില്ക്കുന്നു. 2019 വരെ ഊതിക്കത്തിച്ചുനിർത്തിയ ആവേശമൊക്കെ
പലകാരണങ്ങളാൽ കെട്ടടങ്ങിയിരിക്കുന്നു. കേരളത്തിൽ നേട്ടമുണ്ടാക്കിയില്ലെങ്കിൽ
മുകളിൽനിന്നു പണി കിട്ടും എന്ന ഭീതി മറുപക്ഷത്തിനും. ആകെക്കൂടി ജഗപൊക.
ഗണിതശാസ്ത്രത്തിലൂടെ നോക്കിയാലും പ്രശ്നമാണ്. 2016-ൽ 43.33 ശതമാനം വോട്ട് നേടിയ എൽ.ഡി.എഫ്. അഞ്ചുകൊല്ലത്തെ
മികവുറ്റ ഭരണത്തിലൂടെ പിന്തുണ വർദ്ധിപ്പിച്ചിരിക്കുന്നു. (2019-ലെ പാർലമെന്റ്
തെരഞ്ഞെടുപ്പിലെ വോട്ടുനില രാഷ്ട്രീയമാറ്റത്തിന്റെ സൂചകമല്ലെന്ന് ഒട്ടെല്ലാ
വിദഗ്ദ്ധരും വിലയിരുത്തിയിട്ടുള്ള സാഹചര്യത്തിൽ ആ പ്രത്യേകപ്രതിഭാസം
പരിഗണിക്കേണ്ടതില്ല.) ന്യൂനപക്ഷസമൂഹമൊക്കെ ഇന്നു മാറിച്ചിന്തിക്കുന്നു. യു.ഡി.എഫിന്റെ
വോട്ടിൽ ഗണ്യമായൊരു പങ്ക് ബി.ജെ.പി.യിലേക്കും മാറിയിട്ടുമുണ്ട്. എന്നാൽ,
രാജ്യത്താകെ തരംഗം അടിച്ചപ്പോഴും ബി.ജെ.പി.ക്കും സഖ്യകക്ഷികൾക്കുംകൂടി 15 ശതമാനം
വോട്ടേ നേടാനായിട്ടുള്ളൂ. പിന്നീട് നോട്ടുനിരോധനവും സാമ്പത്തികത്തകർച്ചയും തൊട്ട്
കോവിഡ് പ്രതിരോധത്തിലെ പരാജയം വരെ പൊതുവിലും സി.എ.എ. മുതൽ കാർഷികബില്ലുവരെ
ന്യൂനപക്ഷ-ദളിത്-കർഷകവിഭാഗങ്ങളെയും ആശങ്കാകുലരാക്കിയതിന്റെ ബാക്കിപത്രവും കാണണം.
ഇവയെയൊന്നും പ്രതിരോധിക്കാനാകാതെ നോക്കുകുത്തിയായി തളരുകയും നേതാക്കളും അണികളും
കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് ഒഴുകി ദുർബ്ബലമാകുകയും ചെയ്ത കോൺഗ്രസിൽ
ജനസാമാന്യത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. 2019-ൽ ചെയ്ത അബദ്ധം
കേരളത്തിലെ ആ വിഭാഗങ്ങൾ തിരിച്ചറിയുന്നു.
ആകെക്കൂടി ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത
രാഷ്ട്രീയസാഹചര്യം. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്നു പണ്ടൊരു വക്കീൽ
വാദിച്ചതുപോലെയാണ് ഇക്കൂട്ടരുടെയെല്ലാം അവസ്ഥ. ഇങ്ങനെ മുങ്ങിത്താഴുമ്പോൾ ചിലർ
ഇട്ടുകൊടുത്ത കച്ചിത്തുരുമ്പുകളാണ് സ്പ്രിങ്ക്ളറും സ്വർണ്ണക്കടത്തും ലൈഫ് വിവാദവും.
ലൈഫില്ലാത്ത വിവാദങ്ങൾ
സ്വർണ്ണക്കടത്തുകേസിലെ ഒരു പ്രതി തന്റെ
ലോക്കറിൽനിന്നു കസ്റ്റംസ് കണ്ടെടുത്ത കൈക്കൂലിയുടെ പണമാണെന്നു മൊഴി നല്കി. ആ പണത്തിന്റെ
സ്രോതസ് സ്വർണ്ണക്കടത്തല്ല എന്നു സ്ഥാപിക്കാൻ താരതമ്യേന ചെറിയ കുറ്റകൃത്യമായ
കൈക്കൂലിയുടെ കഥപറഞ്ഞതാകാം എന്നൊക്കെ കുറ്റാന്വേഷണവിദഗ്ദ്ധർ പറഞ്ഞിരുന്നു.
അതൊന്നും പരിശോധിക്കാതെ ആ മൊഴി യൂണിടാക് എന്ന കമ്പനിക്കു പണി കൊടുക്കാൻ അവസരമാക്കി
അവിടത്തെ നേതാവു മാറ്റിയതിന്റെ തിരക്കഥയാണ് കുറച്ചുനാളായി ആടുന്നത്.
പ്രളയകാലത്ത് ലോകമെമ്പാടും കേരളത്തെ സഹായിക്കാൻ
തയ്യാറായപ്പോൾ കേന്ദ്രം അതു തടഞ്ഞു പ്രതികാരം ചെയ്തതു നമുക്കറിയാമല്ലോ. കേരളത്തോടു
പ്രത്യേക മമതയുള്ള യു.എ.ഇ. ഭരണകൂടം റെഡ് ക്രോസിനു പകരം ഗൾഫ് രാജ്യങ്ങളിൽ
പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് വഴി കേരളത്തെ സഹായിക്കാൻ സന്നദ്ധമായി. ലൈഫിലെ
ഫ്ലാറ്റുകളിലൊന്ന് അവർ കെട്ടിത്തരാം എന്നായിരുന്നു വാഗ്ദാനം. ഒരു മില്യൺ ദിർഹം
അതിനായി മുടക്കാൻ അവർ തയ്യാറായി. കെട്ടിടം അവർതന്നെ നിർമ്മിച്ചു നല്കും എന്ന
വ്യവസ്ഥയിൽ കേരളസർക്കാർ സ്ഥലം അനുവദിച്ചു. പണമൊന്നും സർക്കാർ കൈപ്പറ്റുന്നില്ല.
എന്നുവച്ച് പണിയുന്ന കെട്ടിടം എന്തെല്ലാം സൗകര്യങ്ങൾ ഉള്ളതാണെന്നൊക്കെ
നോക്കാതിരിക്കാൻ സർക്കാരിനു പറ്റുമോ? അത്തരം കാര്യങ്ങൾ സർക്കാരിനെ കാണിച്ച്
അംഗീകാരം വേണമെന്നു മാത്രമുള്ള വ്യവസ്ഥയിൽ റെഡ് ക്രസന്റുമായി സർക്കാർ കരാറിൽ
ഏർപ്പെടുന്നു.
റെഡ് ക്രസന്റ് നിർമ്മാണം ഏറ്റതോടെ, അതുവരെ സർക്കാർ
സ്വയം നിർമ്മിക്കുന്നു എന്ന നിലയിൽ നടത്തിയ ആലോചനകളെല്ലാം സ്വാഭാവികമായും
അവസാനിച്ചു. അങ്ങനെയാണ് സർക്കാരംഗീകൃതനിർമ്മാതാക്കളായ ഹാബിറ്റാറ്റൊക്കെ
ചിത്രത്തിൽനിന്നു പോകുന്നത്. റെഡ് ക്രസന്റ് അവരുടെ രാജ്യത്തിന്റെ ഇവിടത്തെ
കോൺസുലേറ്റ് വഴി പുതിയ കെട്ടിടനിർമ്മാണക്കമ്പനിയെ നിശ്ചയിച്ചു കരാർ ഏല്പിക്കുന്നു.
അതിൽ കൈക്കൂലിയുണ്ടോ എന്നതൊന്നും സർക്കാരിന്റെ വിഷയം ആകുന്നില്ലല്ലോ. സർക്കാർ
പറഞ്ഞ സൗകര്യങ്ങളോടെയും ഗുണമേന്മയിലും കെട്ടിടം പണിയിച്ചു കൈമാറുന്നുണ്ടോ
എന്നതുമാത്രമല്ലേ സർക്കാരിന്റെ വിഷയം ആകുന്നുള്ളൂ. ആ നിലയ്ക്ക് ഇപ്പോഴത്തെ
വിവാദത്തിൽ സർക്കാരിന് ഒരു കാര്യവുമില്ല എന്നതു പകൽ പോലെ വ്യക്തം.
ഈ 140 വീട് ഉൾപ്പെടുന്ന ഒറ്റ ഫ്ലാറ്റ്
ഒഴികെ ലൈഫിൽ ഇപ്പോൾ നിർമ്മാണം നടക്കുന്നവയടക്കം മൂന്നേമുക്കാൽ ലക്ഷം വീടുകളുടെ
ഒന്നിന്റെ പോലും പേരിൽ ഒരു ആരോപണവും ആർക്കുമില്ല എന്നത് ഓർക്കണം. അവിടെയാണ് ഈ
ഒരെണ്ണം മാത്രം തടയപ്പെട്ടതിലെ വടക്കാഞ്ചേരിയിലെ അഭിനവ ‘കീരിക്കാടൻ ജോസി’ന്റെ
പകപോക്കലും ആ പച്ചില കണ്ടു പിറകെ പോയ മാടുകളുടെ ഗതികേടും വ്യക്തമാകുന്നത്.
അറവുശാലയിലേക്ക് ആനയിക്കപ്പെട്ട ആ മാടുകളുടെ ഉച്ചിയിൽ കനത്ത കൂടംകൊണ്ട് ആദ്യത്തെ
അടി ഹൈക്കോടതി കൊടുത്തുകഴിഞ്ഞു. അന്ത്യകൂദാശ വോട്ടർമാർ ചെയ്തുകൊള്ളും.
പരാതിക്കാരനായ വടക്കാഞ്ചേരി എം.എൽ.എ. ഉന്നയിച്ച
വിഷയങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കോടതി പറഞ്ഞുകഴിഞ്ഞു. സർക്കാരോ ലൈഫ് മിഷനോ
വിദേശപ്പണം വാങ്ങിയിട്ടില്ല. പണം വാങ്ങിയവർ വിദേശസംഭാവനനിയന്ത്രണനിയമത്തിന്റെ
പരിധിയിൽ വരുന്നവരല്ല. പിന്നെ കോടതി പറഞ്ഞത്, യൂണിടാക്
ഉടമയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ CBI ക്ക് അന്വേഷിക്കാം
എന്നാണ്. എങ്കിൽ ഫ്ലാറ്റുപണി തടയാന്‍ കേസുമായിറങ്ങിയ പ്രതിപക്ഷത്തിനാണു
പണികിട്ടുക. കാരണം, ഉസ്മാനെ വിളിച്ച ഐഫോൺ കൊടുത്തതൊക്കെയല്ലേ
അന്വേഷിക്കേണ്ടത്?
പിന്നെ വന്ന വിവാദം, കോഴ നാലരലക്ഷം രൂപയാണ്
എന്നതാണ്. ആ വാർത്ത പുറത്തുവിട്ട കൈരളി റ്റി.വി. അപ്പോൾത്തന്നെ വ്യക്തമാക്കിയിരുന്നു
ഇത് കോൺസുലേറ്റ് കെട്ടിടം അടക്കം മറ്റുചില നിർമ്മാണങ്ങൾ കിട്ടാൻ നല്കിയതാണെന്ന്.
അതിൽ 75 ലക്ഷം രൂപ പ്രതിയായ സന്ദീപിന്റെ അക്കൗണ്ടിലേക്കാണു പോയതെന്നും
വെളിപ്പെടുത്തപ്പെട്ടു. ഇതെല്ലാം പിന്നീടു സ്ഥിരീകരിച്ചു. ആ പണത്തിന്റെ പിന്നത്തെ
സഞ്ചാരവഴികൾ അന്വേഷകരോ മാദ്ധ്യമങ്ങളോ തേടിയതായി അറിയില്ല.
പ്രബുദ്ധകേരളത്തോടുള്ള പ്രതികാരം
ലൈഫുമായോ സ്വർണ്ണക്കടത്തുമായോ ബന്ധപ്പെട്ട്
സർക്കാരിനെയോ ഏതെങ്കിലും ഇടതുപക്ഷപ്പാർട്ടിയുടെ പ്രവർത്തകരെയോ ബന്ധപ്പെടുത്തുന്ന
ഒരു തെളിവും ഇതുവരെ വന്നിട്ടില്ല. അതേസമയം, സ്വർണ്ണം പിടിച്ച ഉടൻ അന്വേഷണം
വഴിതെറ്റിക്കാനായി ബി.ജെ.പി. സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ
ഓഫീസിൽനിന്നു വിളിച്ചു എന്ന നുണ പറഞ്ഞതുമുതൽ സശയത്തിന്റെ എല്ലാ വിരലുകളും
ചൂണ്ടുന്നത് ബി.ജെ.പി.യിലേക്കാണ്. ബി.ജി.പി.യുടെ കണ്ടയിനർ
കയറ്റിറക്കുതൊഴിലാളിനേതാവാണ് യഥാർത്ഥത്തിൽ അതിനായി വിളിച്ചതെന്ന് തൊട്ടുപിന്നാലെ
വെളിയിൽ വന്നു. പ്രതികൾക്കായി ആദ്യം രംഗത്തു വന്ന വക്കീൽ അഭിഭാഷകരുടെ ബി.ജെ.പി.
സംഘടനാനേതാവായിരുന്നു. സ്വപ്ന നാടുവിടുമ്മുമ്പ് ആലോചന നടത്തിയത് ജനം റ്റി.വി.
വാർത്താവിഭാഗം മേധാവി അനിൽ നമ്പ്യാരുമായി ആണെന്നു തെളിഞ്ഞു. സ്വർണ്ണം വന്നത്
ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ലെന്നു പറയാൻ സ്വപ്നയോടു നമ്പ്യാർ നിർദ്ദേശിച്ചതായും
വെളിവാക്കപ്പെട്ടു. ഇതിനിടെ ഇതേ വാദവുമായി കേന്ദ്രമന്ത്രി മുരളീധരൻ ഇറങ്ങി
കുടുങ്ങിയതും അദ്ദേഹത്തിന്റെ വകുപ്പും എൻ.ഐ.എ.യുമൊക്കെ അദ്ദേഹത്തിന്റെ വാദം
തള്ളിക്കളഞ്ഞതും നാം കണ്ടു. സന്ദീപ് നായർ ബി.ജെ.പി. ആണെന്നും ആ പാർട്ടിയിലെ
മുരളീധരനും സൂരേന്ദ്രനും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ ആളാണെന്നും ഹരിരാജും ഇതേ
ഗ്രൂപ്പാണെന്നും മാദ്ധ്യമങ്ങൾതന്നെ പറഞ്ഞു. ഇതെല്ലാം പറയുന്ന വലിയ കഥയുണ്ട്.
എന്നാൽ ഇതൊന്നും ചർച്ച ചെയ്യാതെ, സ്വർണ്ണക്കടത്തിലെ
യഥാർത്ഥപ്രതികളെ പിടികൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസിനും സി.പി.ഐ.എം. എന്ന
പാർട്ടിക്കും ചുറ്റും വട്ടം കറങ്ങുകയാണ് മാദ്ധ്യമങ്ങളും ശരിയായി അന്വേഷണം
നടത്തിയിരുന്നവരെ മാറ്റി പകരം കൊണ്ടുവന്ന അന്വേഷണോദ്യോഗസ്ഥരും. ഇപ്പോൾ ഏതാണ്ടെല്ലാ
കേന്ദ്രയേജൻസികളും കേരളത്തിലാണ്. പരാതി കൈയിൽ കിട്ടിയയുടൻ കുപ്പായവുമെടുത്തിട്ടു
കേരളത്തിലേക്കു വണ്ടി കയറിയ സി.ബി.ഐ. വരെ അന്വേഷിക്കുന്നതു പക്ഷേ, രാജ്യദ്രോഹമായ
സ്വർണ്ണക്കടത്തല്ല; പാവപ്പെട്ടവർക്കു വീടുവച്ചുകൊടുക്കുന്ന സംസ്ഥാനസർക്കാരിന്റെ
പരിപാടിയായ ലൈഫാണ്! സക്കാത്തുവിതരണമാണ്!
സ്വർണ്ണം അയച്ചവനെ അറിഞ്ഞിട്ടും
അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാൻ നീക്കമേയില്ല! സ്വർണ്ണം സ്വീകരിക്കാൻ ആളെ അയച്ച
കോൺസുലേറ്റ് അധികാരിക്കു നിരുപാധികം സ്വദേശത്തേക്കു കടത്താൻ ഒത്താശ ചെയ്തു! യു.എ.പി.എ.
ചുമത്തിയെ കേസ് ഒടുവിൽ, കുടുങ്ങാൻപോകുന്നത് ഇഷ്ടക്കാരാണെന്നായപ്പോൾ,
യു.എ.പി.എ.യൊക്കെ കോടതിയെക്കൊണ്ടുതന്നെ എടുത്തുകളയിക്കുന്ന സ്ഥിതി സൃഷ്ടിച്ചു!
രാജ്യദ്രോഹികളായ സ്വർണ്ണക്കടത്തുപ്രതികൾക്കു ജാമ്യം കിട്ടുന്നു! പ്രതികളെല്ലാം
മാപ്പുസാക്ഷികളാകുമെന്നും ഇതെഴുമ്പോൾ കേട്ടു!!! കേസ് തെളിയരുതെന്നും ആരെയും
ശിക്ഷിക്കരുതന്നുമുള്ള രഹസ്യയജൻഡ നടപ്പാക്കുന്നതിനുള്ള തിരക്കഥപ്രകാരം കാര്യങ്ങൾ
നടത്തുന്നതുപോലെ!!!!
തെരഞ്ഞെടുപ്പുവരെയൊക്കെ സർക്കാരിനെ താറടിക്കാനുള്ള കലാപരിപാടികൾ
അന്വേഷണയേജൻസികളെല്ലാംകൂടി ഉന്തിത്തള്ളി കൊണ്ടുപോകും. പിന്നെ അവർ മൂട്ടിലെ പൊടിയും
തട്ടി പോകും. സ്വർണ്ണക്കടത്തൊക്കെ കടംകഥയാകും. മാദ്ധ്യമങ്ങളും പുതിയ പാട്ടു
വയ്ക്കും. രാഷ്ട്രീയപ്രതിയോഗികളോട് കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന നയം പല
ഉദാഹരണങ്ങളിലൂടെ ബോദ്ധ്യമുള്ള നമുക്ക് ഇതിന്റെ പൊരുൾ തിരിയാൻ
മാദ്ധ്യമവിശാരദരുടെയൊന്നും സേവനം ആവശ്യമില്ല.
ഭരണഘടനയെയും എല്ലാ ജനാധിപത്യമൂല്യങ്ങളെയും
അട്ടിമറിച്ചുകൊണ്ടുള്ള അവരുടെ വിനാശകരമായ പോക്കിനു ചൂട്ടുപിടിക്കുന്ന കോൺഗ്രസും മുസ്ലിം
ലീഗുമാണ് നാളെ ചരിത്രത്തോടു മാപ്പു പറയേണ്ടിവരുന്നത്. ഒപ്പം, എതിർവാ
ഇല്ലാതിരുന്നാൽ മാത്രം സംപ്രേഷണം അനുവദിക്കുന്ന ഇന്നത്തെ പരിമിതമായ
മാദ്ധ്യമസ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന കളിക്കു കൂട്ടുനിന്ന് ആത്മഹത്യ
ചെയ്യുകയാണെന്നു തിരിച്ചറിയാത്ത മാദ്ധ്യമങ്ങളും.