മുക്കാൽ നൂറ്റാണ്ട്! എന്റെ രാഷ്ട്രത്തിനു സംഭവിച്ചത്...
മനോജ് കെ. പുതിയവിള
[പുരോഗമന കലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം‘ മാസികയുടെ 2022 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]
റേഷനുള്ള അവകാശം 20 രൂപ കൊടുത്തു ദേശീയപതാകവാങ്ങാൻ പാങ്ങില്ലാത്ത അന്ത്യജർക്കു നിഷേധിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവകാലത്ത് ഇൻഡ്യയുടെ ജനാധിപത്യവും സ്വാതന്ത്ര്യവും എത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധിയുടെ ആഴം പരിശോധിക്കുന്നു.
സ്വാതന്ത്ര്യജൂബിലിദിവസമാണ് ഇത് എഴുതിത്തുടങ്ങിയത്. ഈ ദിവസത്തെ പത്രങ്ങൾ കണ്ട് അന്തംവിട്ടു. ഇൻഡ്യ എന്തായിരുന്നു, എങ്ങനെ ആയിരുന്നു, ഇനി എങ്ങനെയൊക്കെ ആകണം എന്നെല്ലാം സവിസ്തരം എഴുതിയിരിക്കുന്നു. ഇന്നത്തെ ഇൻഡ്യയെപ്പറ്റി അധികമൊന്നും കണ്ടില്ല. ഈയൊരു മുഹൂർത്തത്തിൽ ഓർക്കാനും പറയാനും കൊള്ളാത്തവ ആയതുകൊണ്ടു വിട്ടുകളഞ്ഞതാകാം. ആ ഉചിതജ്ഞതയ്ക്കു നല്ലനമസ്ക്കാരം.
പത്രം മടക്കിവച്ചു കമ്പ്യൂട്ടർ തുറന്ന് സേർച്ച് എൻജിനിൽ democracy എന്നു ടൈപ്പ് ചെയ്തപ്പോഴേക്ക് democracy index എന്നു വന്നു. പുതിയ ഇൻഡെക്സ് നോക്കി. (നിങ്ങൾക്കും നോക്കാം: https://v-dem.net/media/publications/dr_2022.pdf). സ്വതന്ത്രജനാധിപത്യസൂചകം (Liberal Democratic Index - LDI) എന്ന വിഭാഗത്തിൽ 179 രാജ്യങ്ങളിൽ 93 ആണ് ഇൻഡ്യയുടെ സ്ഥാനം. Electoral Democracy Index (EDI)-ൽ 100-ഉം Deliberative Component Index (DCI)-ൽ 102-ഉം സ്ഥാനം. തെക്കേയേഷ്യയിൽ ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളും ഭൂട്ടാനുമൊക്കെ നമുക്കു മുകളിലാണ്, യഥാക്രമം 88, 75, 71, 65 സ്ഥാനങ്ങളിൽ. എൽഡിഐ ഇൻഡക്സിൽ 117-ാം സ്ഥാനത്തുള്ള മതരാഷ്ട്രമായ പാക്കിസ്താനെക്കാൾ മുകളിലാണെന്നു നമുക്ക് അഭിമാനിക്കാം. വലിപ്പത്തിന്റെ പേരിൽ പലരും നടത്തിയിരുന്ന, ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം’ എന്ന അവകാശവാദത്തിനും ഇനി പാങ്ങില്ലതന്നെ.
മൂന്നുകോടി വിവരങ്ങൾ വിശകലനം ചെയ്തു തയ്യാറാക്കുന്ന പട്ടികയിൽ സ്വീഡൻ, ഡെൻമാർക്, നോർവേ, കോസ്റ്റാ റീക്ക, ന്യൂ സീലാൻഡ് എന്നിവയാണ് ആദ്യസ്ഥാനക്കാർ.
‘മോഡി’ഫൈഡ് ഇൻഡ്യ
സ്വതന്ത്രജനാധിപത്യം (liberal democracy), തെരഞ്ഞെടുപ്പുജനാധിപത്യം (electoral democracy), തെരഞ്ഞെടുപ്പ് ഏകാധിപത്യം (electoral autocracy), പൂർണ്ണ ഏകാധിപത്യം (closed autocracy) എന്നിങ്ങനെ നാലായി ലോകരാജ്യങ്ങളെ തരംതിരിക്കുന്നതിൽ ഇൻഡ്യയ്ക്ക് ‘തെരഞ്ഞെടുപ്പ് ഏകാധിപത്യ’ത്തിലേക്കു വീണുകൊണ്ടിരിക്കുന്ന രാജ്യം എന്ന പട്ടമാണുള്ളത്. രണ്ടാം മോഡിസർക്കാർ വന്നശേഷം 2020-ലാണ് ഈ ദിശയിലുള്ള ഇൻഡ്യയുടെ ഏറ്റവും വലിയ പതനം ഉണ്ടായതെന്ന് അവർ പറയുന്നു. ‘ബഹുസ്വരതാവിരുദ്ധ രാഷ്ട്രീയപ്പാർട്ടി ഇൻഡ്യയെ അതിലേക്കു നയിക്കുന്നു’ എന്നാണു റിപ്പോർട്ടിലെ വിലയിരുത്തൽ. ‘ഏകാധിപത്യവത്ക്കരിക്കുന്ന രാജ്യങ്ങൾ’ (autocratizers) എന്നു റിപ്പോർട്ട് വിളിക്കുന്ന രാജ്യങ്ങളിൽ മുന്നണിയിലുള്ള പത്തിൽ മുന്നിലാണ് ഇൻഡ്യയുടെ സ്ഥാനം. ഇൻഡ്യയ്ക്കു മുകളിലുള്ള ബ്രസീലില്‍ ഈ ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുലാ ദാ സില്‍വ പ്രസിഡൻ്റായി ജനാധിപത്യം സ്ഥാപിച്ചാൽ ഇൻഡ്യയുടെ ഏകാധിപത്യപദവി പിന്നെയും ഉയരാം.
ഇനി നെറ്റിൽ ‘പ്രസ് ഫ്രീഡം’ എന്നു സേർച്ച് ചെയ്താൽ അതിന്റെ പട്ടിക വരും. മാദ്ധ്യമസ്വാതന്ത്ര്യത്തിൽ കഴിഞ്ഞകൊല്ലത്തെ 142-ാം സ്ഥാനത്തുനിന്ന് 150-ാം സ്ഥാനത്തേക്കുള്ള ഇൻഡ്യയുടെ തലകുത്തിവീഴ്ച അവിടെ കാണാം. 2014-ലെ മോഡിയുടെ അരങ്ങേറ്റത്തിനുശേഷമാണ് ഇൻഡ്യയുടെ ഈ രംഗത്തെയും വമ്പിച്ച പതനം.
മനുഷ്യവിഭവവികസനസൂചികയിൽ 131-ാം സ്ഥാനം. സ്കോർ 0.645. വിശപ്പിന്റെ സൂചികയായ ഗ്ലോബൽ ഹങ്ഗർ ഇൻഡെക്സിൽ 116 രാജ്യങ്ങളിൽ 101-ാമതും യുഎൻഡിപിയുടെ ദാരിദ്ര്യസൂചികയിൽ 109 രാജ്യങ്ങളിൽ 66-ാമതും. ഇൻഡ്യയിൽ ദാരിദ്ര്യം ജാതിയടിസ്ഥാനത്തിൽ ആണെന്നും യുഎൻഡിപി ചൂണ്ടിക്കാട്ടുന്നു.
ഒന്നിനെപ്പറ്റിയും ശരിയായ കാഴ്ചപ്പാടുകൾ ഇല്ലാത്ത, രാജ്യം എങ്ങനെയൊക്കെ വികസിക്കണമെന്ന് അറിയാത്ത, തലമുറകളായി കാണാപ്പാഠം പഠിച്ചുവയ്ക്കുന്ന അബദ്ധങ്ങൾ മാത്രമായ കുറെ പിന്തിരിപ്പൻ ആശയങ്ങൾ മാത്രമുള്ള, വർഗ്ഗീയമായി ചേരിതിരിക്കുകയും ‘ശത്രുക്ക’ളായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന കുറെ വിഭാഗങ്ങളെ എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യുകയും ഇൻഡ്യയെ ഹിന്ദുരാഷ്ട്രം ആക്കുകയും ചെയ്യുക എന്നതിനപ്പുറം ഒരു അജൻഡയും ഇല്ലാത്ത, സംഘപരിവാറിന്റെ രാഷ്ട്രീയോപകരണമായ ബിജെപിയുടെ ഭരണം തുടങ്ങിയശേഷമാണ് ജനാധിപത്യവും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും എല്ലാം രാജ്യത്ത് ഇത്ര ഭീകരമായി അധഃപതിച്ചത് എന്നാണ് എല്ലാ റിപ്പോർട്ടും വ്യക്തമാക്കുന്നത്.
ധനിക-ദരിദ്ര അന്തരവും ജാതി, മത അടിസ്ഥാനത്തിലുള്ള വിവേചനവും പീഡനവുമൊക്കെ ഇക്കാലത്താണ് ഏറ്റവും മോശമായത്. പൊതുവിദ്യാഭ്യാസത്തോടും ഉന്നതവിദ്യാഭ്യാസത്തോടുമെല്ലാം കാണിച്ചുകൊണ്ടിരിക്കുന്ന അവഗണകളുടെയും വിദ്വേഷവും ദുരുദ്ദേശ്യങ്ങളും മാത്രം വച്ച് ആ രംഗങ്ങളിൽ നടത്തുന്ന അട്ടിമറികളുടെയുമൊക്കെ തകർച്ചകൾ അറിയാനിരിക്കുന്നതേയുള്ളൂ.
അവസ്ഥ ഇതായിരിക്കെ ഇന്നത്തെ ഇൻഡ്യയെപ്പറ്റി പത്രമാദ്ധ്യമങ്ങൾ എങ്ങനെ എഴുതും! മടിയിൽ (ലാളനയേറ്റ്) ഇരിക്കുന്ന മാദ്ധ്യമം എന്ന അർത്ഥത്തിൽ ‘ഗോദി മീഡിയ’ എന്നും ‘മോദി മീഡിയ’ എന്നും വിളിക്കപ്പെടുന്ന കോർപ്പറേറ്റ് മാദ്ധ്യമങ്ങൾക്കും വിലയ്ക്കെടുക്കപ്പെട്ടതും മടിയിൽ കനം ഉള്ളതിനാൽ ഭീഷണിയ്ക്കും ബ്ലായ്ക്ക് മെയിലിങ്ങിനും കീഴടങ്ങിനില്ക്കുന്നതുമായ മാദ്ധ്യമങ്ങൾക്കും കഴിയാത്ത കാര്യം. അവർക്കു കഴിയുന്നത് സ്വാതന്ത്ര്യസമരത്തിലെ ഇല്ലാത്ത ആർഎസ്എസ്‘ധാര’യെപ്പറ്റി രാം മാധവ്മാരെക്കൊണ്ടു ലേഖനം എഴുതിച്ചു വിധേയത്വം വിളംബരം ചെയ്യാൻ മാത്രമാണല്ലോ.
ഇൻഡ്യയെ കണ്ടെത്താത്ത ഭരണം
നമുക്കൊപ്പം നിലവിൽവന്ന ചൈന ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തി എന്ന പദവിക്കു തൊട്ടടുത്താണ്. അതിന്റെ ഗുണഫലങ്ങൾ അവർ ജനങ്ങൾക്കു ലഭ്യമാക്കുന്നു. 1981-ൽ 88 ശതമാനം ആയിരുന്ന ദാരിദ്ര്യം 2019-ൽ പൂജ്യമാക്കി അവർ ദാരിദ്ര്യമുക്തരാജ്യമായി. പാർപ്പിടം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമ-നഗര അന്തരം തുടങ്ങിയവയും ഒന്നൊന്നായി പരിഹരിരിക്കാനുള്ള പരിശ്രമത്തിലാണ് അവർ. ആഗോളസൂചികകളിൽ ഓരോന്നും അവർ മെച്ചെപ്പെടുത്തുകയാണ്.
എന്തുകൊണ്ടാണ് നാം ഇങ്ങനെ? സ്വാതന്ത്ര്യജൂബിലിദിനത്തിലെ ‘ദ് ഹിന്ദു’ പത്രത്തിന്റെ ഒന്നാംപേജിൽ അവർ പുനഃപ്രസിദ്ധീകരിച്ച 1947 ഓഗസ്റ്റ് 15-ലെ എഡിറ്റോറിയൽ അതിന്റെ ഉത്തരം തരുന്നുണ്ട്. വ്യവസായമായിക്കഴിഞ്ഞിരുന്ന പത്രങ്ങൾ അന്നു മുന്നോട്ടുവച്ച വികസനസമീപനവും ഭാവിഭാരതത്തെപ്പറ്റിയുള്ള സങ്കല്പങ്ങളും സാമൂഹികനീതിയിലോ അവസരസമത്വത്തിലോ പൗരാവകാശങ്ങളിലോ സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണത്തിലോ ഗാന്ധിജി പറഞ്ഞ അവസാനത്തവന്റെയും ഉയർച്ചയിലോ അത്തരക്കാർ അവകാശത്തിനായി സംഘടിക്കുന്നതിലോ ഒന്നും അധിഷ്ഠിതം ആയിരുന്നില്ല. അതെല്ലാം മാറ്റിവച്ച് മൂലധനത്തെയും അതിന്റെ ശക്തികളെയും യഥേഷ്ടം വളർത്തുന്നതിൽ ആയിരുന്നു ഊന്നൽ. ശബ്ദമില്ലാത്തവരുടെ ശബ്ദം ആയില്ല മുഖ്യധാരാമാദ്ധ്യമങ്ങൾ.
എസ്എഫ്ഐക്കാരായിരുന്ന എൻ. റാമിനെപ്പോലുള്ളവരുടെ കൈകളിൽ എത്തിയശേഷമാണ് ആ പത്രം കുറെയെല്ലാം മാറുന്നത്. ഇൻഡ്യൻ എക്സ്പ്രസ് കോൺഗ്രസ്സർക്കാരുകളുടെ അഴിമതികൾ പുറത്തുകൊണ്ടുവരാനുംമറ്റും കാട്ടിയ താത്പര്യം ആർഎസ്എസ് പക്ഷത്തായിരുന്ന ഗോയങ്കയുടെ രാഷ്ട്രീയവുമായിക്കൂടി ബന്ധപ്പെട്ടതായിരുന്നു എന്ന് അവരുടെ ഇന്നത്തെ സമീപനം വെളിവാക്കുന്നു. ഹിന്ദിയിലെയും ഇംഗ്ലിഷിലെയും നാട്ടുഭാഷകളിലെയുമൊക്കെ മുൻനിരപ്പത്രങ്ങൾ മിക്കതും ഇന്നത്തെ ഇൻഡ്യയെപ്പറ്റി പറയാൻ കഴിയാത്ത നിലയിലേക്ക് എത്തിയത് വിശദചർച്ച വേണ്ട മറ്റൊരു വിഷയമാണ്.
മാദ്ധ്യമങ്ങളും മൂലധനശക്തികളും മാത്രമല്ല, ഇടതുകക്ഷികൾ ഒഴികെയുള്ള രാഷ്ട്രീയപ്പാർട്ടികളും സ്വാധീനശക്തി ഉണ്ടായിരുന്ന വികസന-സാമ്പത്തികവിദഗ്ദ്ധരും ഇൻഡ്യക്കാരെ ചൂഷണം ചെയ്യാൻ ബ്രിട്ടിഷുകാർ സ്ഥാപിച്ച ഭരണസംവിധാനവും അതിനായി വാർക്കപ്പെട്ടുകൊണ്ടിരിക്കുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥപ്പടയുമെല്ലാം ചേർന്നു നയിച്ചുപോരുന്ന ബൂർഷ്വാഭരണകൂടം ആകെയും ഈ സമീപനമാണു പുലർത്തിപ്പോരുന്നത്.
നെഹ്രുവിന്റെ മിശ്രസമ്പദ്ഘടനാവാദം ഫലത്തിൽ ബൂർഷ്വാമൂലധനം വളർത്താനും അതിനെ സഹായിക്കാൻ ഘനനവും ഇരുമ്പുരുക്കലും പോലുള്ള അടിസ്ഥാന-ഘനവ്യവസായങ്ങൾ പൊതുമുതൽകൊണ്ടു നടത്തിക്കൊടുക്കാനും അവകൂടി ഏറ്റെടുക്കാൻ ഇൻഡ്യൻ ബൂർഷ്വാസി പ്രാപ്തമാകുന്നമുറയ്ക്ക് അവയും അവർക്കു വിറ്റു കൈയൊഴിയാനും ഒക്കെയുള്ള ഒരു പദ്ധതിയായാണു പ്രവർത്തിച്ചത്. നെഹ്രൂവിയൻ സോഷ്യലിസം എന്നൊക്കെ ഘോഷിക്കപ്പെട്ട സമ്പ്രദായത്തിന്റെ സ്വാഭാവികപരിണതിയാണത്.
രാഷ്ട്രത്തിന്റെ യഥാർത്ഥ ഉടമ ആര് എന്ന ചോദ്യത്തിനു മൂലധനശക്തികളും ഭൂപ്രഭുക്കളും എന്ന ഉത്തരമാണ് ആദ്യംമുതൽ ഉറപ്പിക്കപ്പെട്ടത്. ഭരണഘടനയിൽനിന്ന് 70-കളുടെ രണ്ടാംപകുതിവരെ സോഷ്യലിസം എന്ന പദം മാറ്റിനിർത്തപ്പെട്ടു. എഴുതിച്ചേർത്തപ്പോഴാകട്ടെ ചില ബാങ്ക് ദേശസാത്ക്കരണത്തിലും മറ്റും അത് അവസാനിച്ചു. അതുതന്നെയും അന്നു മൂലധനക്ഷാമം നേരിട്ട ഇൻഡ്യൻ മുതലാളിമാർക്കു പുതിയ സംരംഭങ്ങൾക്കു പണം ലഭ്യമാക്കാനുള്ള ഒത്താശ മാത്രമായിരുന്നുതാനും. സോഷ്യലിസത്തിനു വിരുദ്ധമായ പൊതുമുതൽവില്പനയുടെ മാമാങ്കമാണു പിന്നെ കോൺഗ്രസും ബിജെപിയും നയിച്ച സർക്കാരുകൾ മത്സരിച്ചു കൊണ്ടാടിയത്. അടിസ്ഥാനജനവിഭാഗത്തിന്റെ യഥാർത്ഥസ്വാതന്ത്ര്യം ഇൻഡ്യയിൽ യാഥാർത്ഥ്യമാകാതെപോയത്തിന്റെ കാരണം ഇതൊക്കെയാണ്. അതിനുള്ള ഉപാധികളായി മാറുകയായിരുന്നു ഇൻഡ്യയുടെ ജനാധിപത്യവും അതിന്റെ ആധാരത്തൂണുകളും സ്ഥാപനങ്ങളുമൊക്കെ.
‘കേന്ദ്രം’ ആകുന്ന യൂണിയൻ സർക്കാർ
ജനങ്ങളുടെ ശബ്ദം മുഴങ്ങേണ്ട ജനപ്രതിനിധിസഭകൾ ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും അവർ പണമൊഴുക്കി ജയിപ്പിച്ചെടുക്കുന്ന ആശ്രിതരുടെയും സഭകളായി. സ്വാഭാവികമായും അവ സവർണ്ണസഭകളുമായി. ജനങ്ങളിലേക്കോ കീഴ്ത്തട്ടുകളിലേക്കോ അധികാരം വിട്ടുകൊടുക്കാൻ വിമുഖരായ അധികാരമോഹത്തിന്റെയും കേന്ദ്രീകരണത്തിന്റെയും സംവിധാനങ്ങളായി ഭരണയന്ത്രവും ഭരണഘടനാസ്ഥാപനങ്ങളും മാറി. നെഹ്രുവിനുശേഷം ഇൻഡ്യയെ മനസിലാക്കിയ ഒരൊറ്റ നേതാവേ ഇൻഡ്യ ഭരിച്ചിട്ടുള്ളൂ എന്നു ഞാൻ പറയും. വി. പി. സിങ് ആണത്. ഇടതുപിന്തുണയോടെ നടന്ന ആ ഭരണമാണ് പര്യമ്പുറത്തു തള്ളപ്പെട്ടിരുന്ന ജനതയ്ക്കു ശബ്ദവും പങ്കാളിത്തവും ഉണ്ടാക്കിയത്. സ്വതന്ത്രയിൻഡ്യയുടെ ചരിത്രത്തിലെ ഒരു രജതരേഖ.
ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത എറ്റവും മനോഹരമായ സങ്കല്പനങ്ങളിൽ ഒന്നാണ് ഫെഡറലിസം. സംസ്ഥാനങ്ങളും അങ്ങനെ ചുമതലകൾ താഴേക്കു നല്കേണ്ടതുണ്ട്. നടപ്പാക്കപ്പെട്ടില്ലെങ്കിലും, പൊലീസും ജയിലും സിവിൽ ഡിഫൻസും റവന്യൂ രേഖകളും വരെ ജില്ലാഭരണത്തിനു വികേന്ദ്രീകരിച്ചുനല്കാനുള്ള വിപ്ലവാത്മകചിന്തകൾ മുന്നോട്ടുവച്ച് 1967-ൽ ഇഎംഎസ് സർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഈ അന്തസ്സത്ത ഉൾക്കൊണ്ട് ഉള്ളതാണ്. സംസ്ഥാനങ്ങൾ വിട്ടുകൊടുക്കുന്നതിനനുസരിച്ച് യൂണിയൻ സർക്കാർ കൂടുതൽ അധികാരങ്ങൾ സംസ്ഥാനങ്ങൾക്കു കൈമാറണം. എന്നാൽ, സംസ്ഥാനപട്ടികയ്ക്കും ഉഭയതലപട്ടികയ്ക്കും മേൽ കൈവയ്ക്കാനുള്ള ശ്രമങ്ങൾ യൂണിയൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എത്രയോ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
നെഹ്രുവിന്റെ അധികാരവികേന്ദ്രീകരണനിയമം തദ്ദേശഭരണത്തിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കാതെപോയ സാഹചര്യത്തിൽ ശക്തമായ ആവശ്യം ഉയർന്നപ്പോൾ രാജീവ് ഗാന്ധി കൊണ്ടുവന്ന ഭരണഘടനാഭേദഗതി അതിലെ പരിമിതികൾകൊണ്ട് അവർക്കുതന്നെ മാറ്റേണ്ടിവന്നു. പിന്നീടുണ്ടായ 73, 74 ഭരണഘടനാഭേദഗതികൾ ജനാധിപത്യവഴിയിലെ സുപ്രധാനനടപടിയായി പറയാറുണ്ടെങ്കിലും പട്ടണങ്ങളെ മുഴുവൻ ഒഴിവാക്കിയുള്ള ജില്ലാപ്പഞ്ചായത്ത് എന്ന സംവിധാനം കൊണ്ടുവരികവഴി ജില്ലാഭരണംപോലും അസാദ്ധ്യമാക്കുകയാണു ചെയ്തത്. ജില്ലകൾ ഇപ്പോഴും യൂണിയൻ സർക്കാരിന്റെ ഉദ്യോഗസ്ഥരായ കളക്റ്റർമാർ ഭരിക്കുന്നു! ജനങ്ങളിലേക്ക് അധികാരം എത്തുന്നതിന് ഉദ്യോഗസ്ഥലോബികളടക്കം എല്ലാവരും വഴിമുടക്കുന്നതാണ് ഇൻഡ്യയുടെ അനുഭവം. കേരളത്തിൽ വികസനാസൂത്രണനിർവ്വഹണങ്ങളിലടക്കം ജനപങ്കാളിത്തം കൊണ്ടുവന്നതും പദ്ധതിത്തുകയുടെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറിയതും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയയിച്ഛ ഒന്നുകൊണ്ടു മാത്രമാണ്.
കാലാകാലം നിയമത്തിലൂടെയും മറ്റും താഴേക്കു കൈമാറുന്ന അധികാരങ്ങളും പിന്നത്തെ ആദ്യാവസരം ഉപയോഗിച്ചു തിരിച്ചുപിടിക്കുന്നതാണ് രാജ്യത്തിന്റെ അനുഭവം. സംസ്ഥാനങ്ങൾക്കു ഭരണഘടന നിശ്ചയിച്ചിട്ടുള്ള അധികാരങ്ങൾപോലും കവർന്നെടുക്കാൻ അവസരം പാർത്തിരിക്കുന്ന ഒന്നാണ് എന്നും യൂണിയൻ സർക്കാർ.
നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അധികാരങ്ങൾ കവർന്നെടുത്ത ജിഎസ്റ്റി നിയമം നടപ്പാക്കിയതിനു പിന്നാലെ നികുതിധനത്തിനുമേലും അധികാരം സ്ഥാപിക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്വാതന്ത്ര്യവും സ്വാശ്രയത്വവും നിഷേധിക്കുകമാത്രമല്ല സംസ്ഥാനങ്ങൾക്കുള്ള വിഹിതം വൈകിക്കുകയും പ്രഖ്യാപിച്ച നഷ്ടപരിഹാരം റദ്ദാക്കുകയും ഒക്കെവഴി കേരളംപോലുള്ള സംസ്ഥാനങ്ങളുടെ വികസന-ക്ഷേമകാര്യങ്ങളും ദൈനംദിനപ്രവർത്തനങ്ങൾതന്നെയും മുടക്കുകയുമാണ്. നമ്മുടെ പല വികസനപദ്ധതികൾക്കും രാഷ്ട്രീയതാത്പര്യത്തിൽ അനുമതി നിഷേധിക്കുകയോ വൈകിക്കുകയോ ചെയ്യുന്നതും നാം കാണുന്നു.
ഇൻഡ്യപോലൊരു ഫെഡറൽ റിപ്പബ്ലിക്കിൽ ആവശ്യമില്ലാത്തതെന്നു പല വിദഗ്ദ്ധരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഗവർണ്ണർപദവിയിൽ നിയോഗിക്കുന്നവരെ യൂണിയൻ സർക്കാരിനെ നയിക്കുന്നവരുടെ രാഷ്ട്രീയതാത്പര്യത്തിനായും സംസ്ഥാനഭരണം അസ്ഥിരപ്പെടുത്താനായും നിർദ്ദാക്ഷിണ്യം ഉപയോഗിക്കുന്നതാണു മറ്റൊരു പ്രധാന ജനാധിപത്യവിരുദ്ധത.
സംസ്ഥാനങ്ങളിൽ ജനങ്ങൾ ഭൂരിപക്ഷത്തോടെ നിയോഗിച്ച സർക്കാരുകളെ അട്ടിമറിക്കാൻ യൂണിയൻ സർക്കാർ അവരുടെ ഔഗ്യോഗികയേജൻസികളെ നഗ്നമായി ദുരുപയോഗിക്കുന്നതിലും കാണുന്നത് ഫെഡറലിസം ചവിട്ടിയരയ്ക്കുക എന്ന അജൻഡതന്നെ.
ജനം ഇല്ലാത്ത ജനാധിപത്യം
അടിയന്തരാവസ്ഥ അവസാനിക്കുംവരെ രാജ്യത്ത് ഏകകക്ഷിഭരണം ആയിരുന്നു എന്നതാണ് ഫെഡറലിസത്തിന് ഏറ്റവും തടസമായി നിന്നത്. ആ അവസ്ഥ ഇന്ദിരയുടെ കാലത്തുമാത്രം സംസ്ഥാനങ്ങളിൽ 50 തവണ പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തുന്നതിനും അടിയന്തരാവസ്ഥ എന്ന സമഗ്രാധിപത്യത്തിന്റെ കറുത്ത അദ്ധ്യായത്തിനുംവരെ വഴിയൊരുക്കി. തുടർന്നുവന്ന ജനതാസർക്കാർ അടിയന്തരാവസ്ഥയ്ക്കായി ഇന്ദിര കൊണ്ടുവന്ന ഭരണഘടനാഭേദഗതികൾ റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്ന സാഹചര്യം പുനർനിർണ്ണയിക്കുകയും ചെയ്തു. ഭരണഘടനയുടെ ഈ 43-ഉം 44-ഉം ഭേദഗതികൾ അത്തരം ആശങ്കകൾ അകറ്റി. പക്ഷെ, ആ സർക്കാരും 356-ാം വകുപ്പ് 9 തവണ പ്രയോഗിച്ചു! ഇന്നോളം പ്രഖ്യാപിച്ച 126 പ്രസിഡൻ്റുഭരണങ്ങളിൽ ൽ 88-ഉം കോൺഗ്രസ്ഭരണത്തിലാണ്.
വീണ്ടും തിരികെവന്ന ഏകകക്ഷിഭരണം അവസാനിക്കാൻ പിന്നെയും 1989 വരെ കാക്കേണ്ടിവന്നു. പ്രാദേശികകക്ഷികൾ പങ്കുചേരുകയോ ഇടതുകക്ഷികൾ പിന്തുണയ്ക്കുകയോ ഒക്കെ ചെയ്ത മുന്നണിഭരണങ്ങളിൽ ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേല്പിക്കുന്നതും അധികാരങ്ങൾ കവരുന്നതും എളുപ്പമായിരുന്നില്ല. സംസ്ഥാനാവകാശങ്ങൾ സംരക്ഷിക്കാനുള്ള ചില നടപടിക്രമങ്ങളും ഉടമ്പടികളുമൊക്കെ ഉണ്ടാകുകയും ചെയ്തു. അപ്പോഴും ഗവർണ്ണർപദവി പോലെയുള്ള കേന്ദ്രീകരണത്തിന്റെ ഉപകരണങ്ങളും ഉഭയതലപട്ടികയിലെ കൈകടത്തലും യൂണിയൻ സർക്കാരിന്റെ ഏജൻസികളുടെ ഇടപെടലുകളും ധനവിഭജനത്തിലെ മേൽക്കൈയും കേന്ദ്രീകൃതാസൂത്രണം പോലുള്ള സംവിധാനങ്ങളും ഇല്ലാതാക്കാൻ കഴിഞ്ഞില്ല, അഥവാ, ആലോചനകൾപോലും ഉണ്ടായില്ല.
ഇന്ദിരാവധത്തെത്തുടർന്നു ഭീകരഭൂരിപക്ഷത്തോടെ വിജയിച്ച കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയോ പാർലമെന്ററി പാർട്ടിയോ യോഗം ചേരുമ്മുമ്പ് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് പ്രഖ്യാപിച്ചതോടെ ഇൻഡ്യൻ ജനാധിപത്യത്തിൽ കുടുംബവാഴ്ചയും ‘പ്രക്രിയ’യായി മാറി. പല സംസ്ഥാനത്തും അതു ‘നാട്ടുനടപ്പ്’ ആകുകയും ചെയ്തു. കുടുംബാധിപത്യത്തിന്റെ ഇടവേളയിലും ഭരണം കിട്ടിയപ്പോൾ ബ്രാഹ്മണാധിപത്യം കോൺഗ്രസ് നിലനിർത്തി.
കോൺഗ്രസിന്റെ ക്ഷയത്തിനൊപ്പം സംസ്ഥാനങ്ങളിൽ കോൺഗ്രസിതരസർക്കാരുകൾ വ്യാപകമാകുന്നതും 90-കളുടെ രണ്ടാം പകുതിമുതൽ നാം കണ്ടു. രാജ്യത്തു കോൺഗ്രസ് പിന്നീട് അധികാരത്തിൽ എത്തിയെങ്കിലും അതെല്ലാം മുന്നണിസർക്കാരുകൾ ആയിരുന്നു.
1989-നുശേഷം ഏകകക്ഷിഭരണത്തിനു വഴിതുറക്കുന്നത് ഗുജറാത്ത് വംശഹത്യയിലൂടെ വിളംബരം ചെയ്യപ്പെട്ട ബിജെപിയുടെ ജൈത്രയാത്രയാണ്. രാജ്യത്തെയാകെ മുക്കിയ വർഗ്ഗീയതയുടെ പരന്നൊഴുകൽ ഭൂരിപക്ഷവർഗ്ഗീയതയുടെ ഏകകക്ഷിഭരണം എന്ന അത്യാപത്ക്കരമായ സാഹചര്യത്തിലേക്കു രാജ്യത്തെ നയിക്കുകയായിരുന്നു. ജനാധിപത്യവികാസം തടയുക മാത്രമല്ല, ജനാധിപത്യത്തെത്തന്നെ അപ്രസക്തമാക്കുക ആയിരുന്നു നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ 2014-ൽ തുടങ്ങിയ ബിജെപിഭരണം.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ വെട്ടിമുറിച്ച് ഒരു കേന്ദ്രഭരണപ്രദേശം സൃഷ്ടിച്ചതും തുടർന്ന് ആ നാട്ടിൽ അഴിച്ചുവിട്ടിരിക്കുന്ന ജനാധിപത്യധ്വംസനങ്ങളും നാം വേണ്ടത്ര ഗൗരവത്തിൽ കാണാത്തത് പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.
ഫെഡറലിസത്തിന്റെ തകർച്ചയുടെ, അധികാരകേന്ദ്രീകരണത്തിന്റെ, ഏറ്റവും ഭീകരമായ അവസ്ഥയാണ് മോഡിഭരണത്തിൽ നാം കാണുന്നത്. പലതരം വീണ്ടെടുക്കലുകൾക്ക് ഉണ്ടായിരുന്ന സാദ്ധ്യതകളുംകൂടി ഇല്ലാതാക്കുകയാണത്.
ജനാധിപത്യത്തിന്റെ തൂണുകൾ
പാർലമെൻ്റിനെ നോക്കുകുത്തിയാക്കി നിർത്തിയുള്ള സ്വേച്ഛാധിപത്യമാണ് ഇന്നു നടക്കുന്നത്. അടിയന്തരാവസ്ഥ അനായാസം ആവർത്തിക്കാതിരിക്കാനുള്ള ഭരണഘടനാവ്യവസ്ഥകൾ ഉറപ്പാക്കിയതിൽ നാം അർപ്പിച്ചിരുന്ന എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച്, എല്ലാ ഭരണഘടനാതാത്വങ്ങളും നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും അവഗണിച്ചാണ് മോഡിസർക്കാർ പ്രവർത്തിക്കുന്നത്. നിയമനിർമ്മാണസഭയെയും അതിന്റെ അവകാശങ്ങളെയും പുച്ഛിച്ചുകൊണ്ടാണു നിയമങ്ങൾപോലും പാസാക്കുന്നത്. ധനബിൽ അടക്കം അപ്പംപോലെ ചുട്ടെടുത്ത നിയമങ്ങൾ എത്ര!
തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും അവയിൽ ഉണ്ടാകുന്ന ജനവിധികൾ നഗ്നമായി അട്ടിമറിക്കുന്ന ശൈലി ബിജെപി രാജ്യത്തു വളർത്തിയിരിക്കുന്നു. എത്ര സംസ്ഥാനങ്ങളിലാണ് അവർ ജനവിധി അട്ടിമറിക്കുകയും എംഎൽഎമാരെ വിലയ്ക്കെടുത്തു ഭരണം പിടിക്കുകയും ചെയ്തിരിക്കുന്നത്! പ്രസിഡൻ്റുഭരണത്തിലൊന്നും അവർക്കു താത്പര്യമില്ല. സംസ്ഥാനങ്ങൾ പിടിക്കുക എന്നതിനപ്പുറം അതുവഴി രാജ്യസഭാസീറ്റുകൾ വർദ്ധിപ്പിക്കുകകൂടിയാണു ലക്ഷ്യം. എന്നാലേ ജനാധിപത്യഭരണഘടന മാറ്റി മനുസ്മൃതിയധിഷ്ഠിതഭരണഘടന കൊണ്ടുവരികയും ഹിന്ദുരാഷ്ട്രം ആക്കുകയും പോലുള്ള ആർഎസ്എസിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ നിറവേറ്റാനാകൂ.
ബിജെപിഭരണത്തിൽ നാം സാക്ഷ്യംവഹിച്ച ആപത്ക്കരമായ മറ്റുചില പ്രധാനകാര്യങ്ങൾ ഭരണഘടനാസ്ഥാപനങ്ങളെയടക്കം വർഗ്ഗീയവത്ക്കരിക്കുന്നതും അവയുടെ സ്വയംഭരണം ഇല്ലാതാക്കി വരുതിയിലാക്കുന്നതുമാണ്. ഇന്നു നേരിടുന്ന സാമ്പത്തികത്തകർച്ചയ്ക്കു മുമ്പുവരെ നാം കൈവരിച്ചിരുന്ന വളർച്ച മുഴുവൻ ആസൂത്രണം ചെയ്ത ആസൂത്രണക്കമ്മിഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന സർക്കാർനിയന്ത്രിതസംവിധാനം നടപ്പാക്കിയതുമുതൽ സേനാവിഭാഗങ്ങൾക്കു പൊതുമേധാവിയെ കൊണ്ടുവന്നു രാഷ്ട്രീയയിടപെടൽ സാദ്ധ്യമാക്കിയതും റിസർവ്വ് ബാങ്കിനെ സ്വേച്ഛയിലാക്കിയതും അവരെപ്പോലും മറികടന്നു നോട്ടുനിരോധനം നടപ്പിലാക്കിയതും ചരിത്രഗവേഷണക്കൗൺസിലുകൾ പോലുള്ള അക്കാദമികസ്ഥാപനങ്ങൾ വർഗ്ഗീയക്കോമരങ്ങളെ ഏല്പിച്ചുകൊടുത്തതും ചരിത്രത്തിലും അക്കാദമികപ്രവർത്തനങ്ങളിലും പാഠ്യപധതിയിലുമെല്ലാം പ്രതിലോമതകൾ കുത്തിനിറയ്ക്കുന്നതും ഉൾപ്പെടെയുള്ള എണ്ണമറ്റ നടപടികൾ വിസ്തരഭയത്താൽ വിവരിക്കുന്നില്ല.
ഭാവിജനാധിപത്യത്തിന്റെ കളരികളായ സർവ്വകലാശാലകളെ എല്ലാ ബൗദ്ധികമഹത്വവും ബലികഴിച്ചു മതവൈതാളികർക്ക് അടിയറ ഏല്പിച്ചതും അവിടങ്ങളിലെ ജനാധിപത്യത്തിന്റെ അവസാനനാമ്പുകൾവരെ തല്ലിക്കെടുത്തിയതും നാടിനുവേണ്ടി പൊരുതാനിറങ്ങിയ യൗവനം മുറ്റാത്ത കുട്ടികളെ ഗൂണ്ടകളെയും പൊലീസിനെയും വിട്ടു വേട്ടയാടിയതും ഒക്കെ സമഗ്രാധിപത്യത്തിനു ഭാവിയിലും വെല്ലുവിളി ഉയരാതിരിക്കാനുള്ള മുൻകരുതലുകൾകൂടിയാണ്.
ലെജിസ്ലേറ്റീവിനെ നോക്കുകുത്തി ആക്കുകയും കോടതിയെ വരുതിയിലാക്കുകയും ചെയ്തതുപോലെ നാലാംതൂണെന്നു വിശേഷിപ്പിക്കപെട്ടുവന്ന മാദ്ധ്യമങ്ങളെ ചങ്ങാത്തമുതലാളിത്തത്തിലൂടെയും വിലയ്ക്കെടുത്തും വർഗ്ഗീയവത്ക്കരിച്ചും ഭീഷണിപ്പെടുത്തിയും നിയമവ്യവഹാരങ്ങളിലുംമറ്റും പെടുത്തി വേട്ടയാടിയും എക്സിക്യൂട്ടീവിന്റെ സ്വേച്ഛാഭരണത്തിന്റെ കുഴലൂത്തുകാർ ആക്കി മാറ്റിയിരിക്കുന്നു. (ഇതേപ്പറ്റി ‘സാഹിത്യസംഘം’ 2021 സെപ്റ്റംബർ ലക്കത്തിൽ എഴുതിയിരുന്നു: http://puthiyavilakal.blogspot.com/2021/09/blog-post.html)
രാഷ്ട്രീയപ്പാർട്ടികളിലും ജനാധിപത്യം കുറഞ്ഞുവരുന്നതാണു സമീപഭൂതകാലത്തു നാം കണ്ടത്. കുടുംബവാഴ്ചയ്ക്കൊപ്പം ജനസ്വീകാരമില്ലാത്തവർ നേതൃപദവികളിൽ എത്തുന്നതിനും ആശ്രിതരാഷ്ട്രീയത്തിനും പണാധിപത്യത്തിനുമൊക്കെ ഇതു വഴിയൊരുക്കുന്നു. രാഷ്ട്രീയപദവികൾ മേലാവിന്റെ ഔദാര്യം ആകുകയോ പേയ്മെൻ്റ് പോസ്റ്റിങ് ആകുകയോ ഒക്കെ ചെയ്യുന്നത് അഴിമതിക്കും രാഷ്ട്രീയത്തിലെ ഗുണമേന്മയുടെ ശോഷണത്തിനും ജനപക്ഷസമീപനങ്ങൾ കൈമോശം വരുന്നതിനുമെല്ലാം വഴിവയ്ക്കുന്നു. ഇത്തരത്തിൽ വളർന്നുവരുന്ന രാഷ്ട്രീയനേതൃത്വങ്ങൾ അവർ നിയോഗിക്കപ്പെടുന്ന ജനാധിപത്യപദവികളിലും ഭരണഘടനാപദവികളിലുംപോലും ജനാധിപത്യവിരുദ്ധതകൾ നിർവ്വിശങ്കം നടപ്പാക്കുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പരിചയം ഇന്നു പദവികളിലെത്താൻ ആവശ്യമില്ലാതായിരിക്കുന്നു. കൃത്യമായ സമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും നടക്കുന്ന ഇടതുപാർട്ടികൾ ഉൾപ്പെടെ വിരലിൽ എണ്ണാവുന്ന പാർട്ടികൾ മാത്രമാണ് ഇതിനൊക്കെ അപവാദം.
ജനാധിപത്യം എന്നത് ജനാധിപത്യസ്ഥാപനങ്ങളിൽ ഒതുങ്ങുന്നതല്ല. സമൂഹത്തിന്റെ സർവ്വതലത്തിലും വേണ്ടതാണത്. അഭിപ്രായ, ആവിഷ്ക്കാര, പത്ര സ്വാതന്ത്ര്യങ്ങളും, എന്തിന്, ഇഷ്ടഭക്ഷണം കഴിക്കാനും ഇഷ്ടവസ്ത്രം ധരിക്കാനും ഇഷ്ടഭാഷ പറയാനുമുള്ള സ്വാതന്ത്ര്യങ്ങൾ പോലും, ജനാധിപത്യത്തിന്റെ പ്രയോഗങ്ങളാണ്. ഇവയെല്ലാം ഹനിക്കപ്പെടുകയാണ്. പ്രതിഷേധിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കുകയും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തിയും ഉത്തരവുകളേ ഇല്ലാതെയും അനന്തമായി തടവിലാക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ഒരേസമയം വിവിധ നാടുകളിൽ കേസെടുത്തു വലയ്ക്കുകയും കുറുവടിസംഘത്തെക്കൊണ്ടു കായികമായി നേരിടുകയും ഒക്കെ പതിവായിരിക്കുന്നു. പൗരർ അഭിപ്രായം പറയാൻ ഭയക്കുകയും സ്വയം സെൻസർ ചെയ്യുകയും ചെയ്യുന്ന ഭീകരാവസ്ഥ. അഭിപ്രായസ്വാതന്ത്ര്യവും പ്രതിഷേധങ്ങളും എങ്ങനെയൊക്കെ നിഷേധിക്കുന്നു എന്ന് ‘ദ് വയർ’ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ഈ ഓഗസ്റ്റ് 7-നു തിരുവനന്തപുരത്തു നടത്തിയ എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണത്തിൽ വിവരിക്കുകയുണ്ടായി. (https://www.facebook.com/NarendranLecture എന്ന പേജിൽ കേൾക്കാം.)
സർക്കാരിന്റെ കോടതി!
ഏറ്റവും ഭയപ്പെടുത്തുന്നത് ജനാധിപത്യത്തിൽ പൗരരുടെ അവസാനപ്രതീക്ഷയായ കോടതികളും ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിനു ചൂട്ടുപിടിക്കുന്നതാണ്. ഭരണകൂടവും അധീശവർഗ്ഗവും സ്വാധീനമുള്ളവരും ഒക്കെ പൗരരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിക്കുമ്പോൾ അതു തടയുകയും പൗരർക്കൊപ്പം നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യേണ്ട നീതിന്യായവ്യവസ്ഥതന്നെ അവകാശ-സ്വാതന്ത്ര്യനിഷേധങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന അഭൂതപൂർവ്വമായ അവസ്ഥയാണു സംജാതമായിരിക്കുന്നത്! അടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട ജ. ഖാൻവിൽക്കറുടെ ചില വിധികൾ അതിന്റെ ഏറ്റവും ബീഭത്സമായ മുഖം വെളിവാക്കുന്നു. ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട് സംഘപരിവാർസംഘടനകളിൽപ്പെട്ട ചിലർ നല്കിയ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ അംഗം എന്ന നിലയിൽ കേരളീയർ ഏറെ ശ്രദ്ധിച്ച ഇദ്ദേഹം വിരമിക്കലിനു തൊട്ടുമുമ്പാണ് ഈ വിധികൾ പറഞ്ഞത്.
ഗുജറാത്ത് കലാപത്തിൽ വയോധികനും സ്വാതന്ത്ര്യസമരസേനാനിയുമായ ഇഷാൻ ജെഫ്രി വധിക്കപ്പെട്ട ഗുൽബർഗ് സൊസൈറ്റി കേസ് അവസാനിപ്പിക്കാൻ പ്രത്യേകാന്വേഷണസംഘം കൊടുത്ത റിപ്പോർട്ട് ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ പത്നി സാക്കിയ ജാഫ്രി നല്കിയ പരാതി തള്ളിയതിനെക്കാൾ രാജ്യത്തെ ഞെട്ടിച്ചത്, “നടപടിക്രമങ്ങളെ ഇത്തരത്തിൽ ‘ദുരുപയോഗിച്ച’ എല്ലാവരെയും നിയമപ്രകാരമുള്ള നടപടിക്കു വിധേയരാക്കണം” എന്ന പരാമർശമാണ്. ഇതാണ് ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കു നീതി ലഭിക്കാൻ പോരാടിവന്ന ടീസ്റ്റ സേതിൽവാഡിന്റെയും ആർ. ബി. ശ്രീകുമാറിന്റെയും അറസ്റ്റിനു കാരണമായത്.
ഛത്തീസ്ഗഡിൽ നിയമവ്യവസ്ഥ മറികടന്നു സുരക്ഷാസേന നടത്തിയതായി പറയുന്ന ആദിവാസിക്കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ൽ നല്കിയിരുന്ന പരാതി സുപ്രീംകോടതി തള്ളിയത് പരാതിക്കാരനായ ആദിവാസീസംരക്ഷണപ്രവർത്തകനും ഗാന്ധിയനുമായ ഹിമാംശി കുമാറിനെ അഞ്ചുലക്ഷം രൂപ പിഴ ശിക്ഷിച്ചുകൊണ്ടാണ്.
പണം വെളുപ്പിക്കൽ നിരോധനനിയമം അനുസരിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റി(ED)ന് ആരെയും അറസ്റ്റ് ചെയ്യാനും എത്രകാലവും തടങ്കലിൽ വയ്ക്കാനും അധികാരം നല്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്തതിനെയും ഇതേ ജഡ്ജി വിധിയിലൂടെ ശരിവച്ചിരിക്കുന്നു! ജാമ്യം കിട്ടണമെങ്കിൽ അയാൾ കുറ്റം ചെയ്തിട്ടില്ലെന്നു സ്വയം തെളിയിക്കണം. ജാമ്യം നല്കുകയാണെങ്കിൽ ജാമ്യകാലത്തു കുറ്റമൊന്നും ചെയ്യില്ലെന്നും ‘തെളിയിക്കണ’മത്രേ! അറസ്റ്റിൽനിന്നുള്ള സംരക്ഷണമായ മുൻകൂർജാമ്യത്തിനുപോലും ഇതൊക്കെത്തന്നെ വ്യവസ്ഥ ആക്കിയിരിക്കുന്നു. ഇഡി ശരിയായ കുറ്റപത്രം കൊടുത്താലല്ലേ കുറ്റം ചെയ്തില്ലെന്ന് അയാൾക്കു വാദിക്കാനാകൂ? എന്നുവച്ചാൽ, യൂണിയൻ സർക്കാരിന് ഇഷ്ടമില്ലാത്തവരെയൊക്കെ എത്രകാലവും പിടിച്ചു ജയിലിലിടാമെന്ന്.
ഇപ്പോൾ 6.1 ലക്ഷം പേർ ഇഡി കേസുകളിൽ തടവിലുണ്ട്. ഇതിൽ 80 ശതമാനവും വിചാരണത്തടവും. രാഷ്ട്രീയലാക്കോടെ സംസ്ഥാനങ്ങളിൽ യൂണിയൻ സർക്കാരിന്റെ ‘ഇലക്ഷൻ ഡൂട്ടി(ED)’ക്കാരായി പ്രവർത്തിക്കുന്ന ഇക്കൂട്ടരുടെ പ്രവർത്തനരീതി കേരളത്തിലടക്കം നാം കാണുകയാണല്ലോ.
ജനാധിപത്യയിൻഡ്യ നിലവിൽവരുമ്പോൾ ഫൈസാബാദിൽ ഉണ്ടായിരുന്ന ബാബറിപ്പള്ളി ഹിന്ദുത്വവാദികൾ പൊളിച്ചിടത്ത് രാമക്ഷേത്രം നിർമ്മിച്ചുകൊള്ളാൻ വിധിക്കുന്നിടത്തോളം എത്തിയ നമ്മുടെ മതനിരപേക്ഷകോടതികൾ ഇന്നു പ്രകടിപ്പിക്കുന്ന മുമ്പില്ലാത്ത സമീപനങ്ങളിലും ശൈലിയിലുംനിന്ന് എന്നാണാവോ വീണ്ടെടുക്കപ്പെടുക! അതു സുസാദ്ധ്യമല്ലെന്നു വ്യക്തമാക്കുന്നതാണ്, അടുത്തിടെ പാർലമെൻ്റിൽ വെളിപ്പെടുത്തപ്പെട്ട, സുപ്രീംകോടതിയടക്കമുള്ള ജുഡീഷ്യറിയുടെ തലപ്പത്തു കൊടികുത്തിവാഴുന്ന സവർണ്ണകുടുംബവാഴ്ച.
മതനിരപേക്ഷത അവർക്കു തെറി!
ബിജെപിഭരണം ഏറ്റവും വലിയ ആഘാതം ഏല്പിച്ചത് മതനിരപേക്ഷതയ്ക്കാണ്. അർഎസ്എസിന്റെയും ബിജെപിയുടെയും സംഘപരിവാറിലെ അവർ പരസ്യമായി അംഗീകരിക്കുന്നതും അല്ലാത്തതുമായ എല്ലാ സംഘങ്ങളുടെയും നേതൃപ്രമാണിമാർ മുതൽ അണികൾവരെ ഓരോരുത്തരും ഓരോ നിമിഷവും പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും കീറിപ്പറിച്ചുകൊണ്ടിരിക്കുന്നത് അതിനെയാണ്. അതാണ് എക്കാലത്തെയും ഇൻഡ്യയുടെ ആത്മാവ്. അതിനെ മലീമസമാക്കിയാലേ ഇവരുടെ വർഗ്ഗീയവിദ്വേഷയജൻഡ നടപ്പാക്കാനാകൂ.
ഭൂമേഖലയ്ക്കു പകരം മതം പൗരത്വത്തിന്റെ അടിസ്ഥാനമായി പുനർനിർവ്വചിച്ച പൗരത്വഭേദഗതിനിയമം (സിഎഎ) നടപ്പക്കാനാകാതെപോയത് കലാശാലാവിദ്യാർത്ഥികൾ നയിച്ച ഇതിഹാസോജ്ജ്വലമായ സമരങ്ങളും ദില്ലിയിലെ പ്രക്ഷോഭവും സിഎഎ നടപ്പിലാക്കില്ല എന്ന കേരളം തുടങ്ങിവച്ച പ്രഖ്യാപനം മറ്റു ചില സംസ്ഥാനങ്ങൾകൂടി ഏറ്റെടുത്തതും കോവിഡ്വ്യാപനവും ഒക്കെക്കൊണ്ടു മാത്രമാണ്. എന്നിട്ടും, അയൽരാജ്യങ്ങളിൽനിന്ന് അഭയം തേടി എത്തുന്നവരിൽ മുസ്ലിങ്ങൾ മാത്രം അഭയാർത്ഥികളല്ല എന്നതടക്കം എത്രയെത്ര പ്രഖ്യാപനങ്ങൾ പിന്നെയും!
സിഎഎ നടപ്പാക്കാനുള്ള എല്ലാ അണിയറപ്രവർത്തനങ്ങളും അവർ തുടരുകയാണ്. എല്ലാ ക്ഷേമസേവനങ്ങളും ബാങ്ക് അക്കൗണ്ടുകളും എല്ലാം ആധാറിൽ ബന്ധിപ്പിക്കുന്നത് അടക്കമുള്ള നീക്കങ്ങൾ, ഒരാളെ പൗരത്വനിയമപ്രകാരം പൗരനോ പൗരിയോ അല്ലെന്നു നിശ്ചയിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിച്ചും റേഷൻ അടക്കമുള്ള സേവനങ്ങൾ നിഷേധിച്ചും ഉപജീവനം മുട്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണെന്നു ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതൊന്നും മനസിലാക്കാതെ സുപ്രീംകോടതിവിലക്കുപോലും ലംഘിച്ച് തൊട്ടതും പിടിച്ചതുമെല്ലാം നാം ആധാറിൽ ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്നതുപോലും രാജ്യദ്രോഹമാണെന്ന ആശയം പൊതുമണ്ഡലത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ഏതു കാര്യത്തിലും അപരത്വം കല്പിച്ച് ആ വിഭാഗക്കാർ നമ്മളിൽ പെടുന്നവരല്ലെന്ന ബോധം പുതുതലമുറയിലടക്കം ഉറപ്പിക്കുകയാണ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടെ അതിനാണു വിഷം കലക്കുന്നത്. വിദ്യാലയങ്ങളിലും പൊതുമണ്ഡലത്തിലാകെയും വേഷത്തെയും ആഹാരത്തെയും ആചാരങ്ങളെയും ഒക്കെച്ചൊല്ലിനടത്തുന്ന വിവാദങ്ങളും ഈ അപരവത്ക്കരണത്തിനുള്ളതാണ്. ഭരണഘടനയിലെ ‘സാഹോദര്യം’ അക്ഷരങ്ങളായി മരിച്ചുകിടക്കുന്നു!
ബിജെപിയിലൂടെ 2014-ൽ തിരിച്ചെത്തിയ ഏകകക്ഷിഭരണം ഏകമതഭരണം എന്നതിലേക്കും മാറിയിരിക്കുന്നു. പാർലമെൻ്റിൽ മറ്റു മതങ്ങളുടെ പ്രാതിനിദ്ധ്യം ഉണ്ടെങ്കിലും ഭൂരിപക്ഷമതത്തിന്റെ സ്വേച്ഛാഭരണമാണ് ഇന്ന് അരങ്ങേറുന്നത്. ഇന്ന് ഇൻഡ്യൻ പാർലമെൻ്റിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപിക്കുള്ള 395 എംപിമാരിൽ ഒരാൾപോലും മുസ്ലിമല്ല. രാജ്യത്തു 14 ശതമാനത്തിലേറെവരുന്ന മതവിഭാഗത്തിന്റെ കാര്യമാണിത്.
1947-48-ലെ ഝാനഗർ യുദ്ധം നയിച്ച ബ്രിദേശിയർ മുഹമ്മദ് ഉസ്മാനെയും 1965-ൽ പൂഞ്ചിൽ പാക്കിസ്താൻ സേനയെ തോല്പിച്ച മുസ്ലിം ഭൂരിപക്ഷസേന ആയിരുന്ന രാജ്പുത് റജിമെൻ്റിനെ പടനയിച്ച ഹവിൽദാർ അബ്ദുൽ ഹമീദിനെയും പോലെ മഹാവീരചക്രവും പരമവീരചക്രവും ഒക്കെ നേടിയ ധാരാളം മുസ്ലിം ഓഫീസർമാർ ഉണ്ടായിരുന്ന ഇൻഡ്യൻ സായുധസേനയിൽ ഇന്ന് അവർ രണ്ടു ശതമാനത്തിൽ താഴെയാണെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി വെളിപ്പെടുത്തുന്നു. സിവിൽ സർവ്വീസിലെയും സർക്കാർജോലിയിലെയുമൊക്കെ പ്രാതിനിദ്ധ്യവും ഇങ്ങനെതന്നെ.
പട്ടികവിഭാഗങ്ങളുടെ കണക്കെടുത്താലും, സംവരണമൊക്കെ ഉണ്ടായിട്ടുപോലും, പ്രാതിനിദ്ധ്യം ജനാധിപത്യത്തിന്റെ വിവിധതുറകളിലും സർക്കാരിലും പൊതുമണ്ഡലങ്ങളിലും എല്ലാം ഗണ്യമായി കുറവാണ്. ഇതെല്ലാം ജനാധിപത്യത്തിന്റെ പ്രയോഗത്തിലെ നിരർത്ഥകതതന്നെയാണു വെളിപ്പെടുത്തുന്നത്. ‘സമത്വ’വും വീൺവാക്കാകുന്നു.
ഇൻഡ്യയെ വീണ്ടെടുക്കാൻ
ത്യാഗോജ്ജ്വലമായ പോരാട്ടം ഒന്നു മാത്രം. അതിനെപ്പറ്റിയുള്ള ഓരോ ആളുടെയും ആലോചനയാകട്ടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തെ ദൗത്യം.
An article that depicts socio- economic profile of current India.Much appreciation for Manoj
ReplyDeleteThanks a lot
Delete