കിഷാനോയുടെ മതിഭ്രമങ്ങൾ
മനോജ് കെ. പുതിയവിള
[പച്ചക്കുതിര മാസികയിൽ 2016 ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]
വിഖ്യാത സ്പാനിഷ് നോവലായ ഡോൺ കിഹോത്തെയുടെ നാനൂറാം വാർഷികം ആഘോഷിച്ച വേളയിൽ, 2016-ൽ, നോവലിനു ഡോ. പി. വേണുഗോപാലൻ രചിച്ച കഥകളിയാവിഷ്ക്കാരം ആധുനികകാലത്തെ സമാനമായ ഉദ്യമങ്ങളിൽ പലനിലയ്ക്കും അവതരണക്ഷമതയും വ്യത്യസ്തതയും പുലർത്തുന്നു. ക്ലാസിക്കൽ കലയായ കഥകളിയെ ജനകീയമാക്കാൻകൂടി സഹായിക്കുന്നതാണ് വേറിട്ട കഥകളും സംസ്ക്കാരങ്ങളുമൊക്കെ കഥകളിക്കു വിഷയമാക്കുന്നത്. സ്പെയിനിൽ ഒരുഡസനിലധികം വേദികളിൽ അന്ന് അവതരിപ്പിച്ച ഈ കഥകളിയുടെ അരങ്ങേറ്റം 2016 ജൂലായ് നാലിന് തിരുവനന്തപുരത്തു നടന്നപ്പോൾ പ്രസിദ്ധീകരിച്ച ലേഖനമാണിത്. ഇതിലെ വിമർശങ്ങൾ ആദ്യാവതരണം ആധാരമാക്കി ഉള്ളതാണ്. സ്പെയിനിലെ അവതരണത്തിനു മുമ്പും ശേഷവും ഒട്ടേറെ പരിഷ്ക്കാരങ്ങൾ വരുത്തി എന്നാണു മനസിലാക്കുന്നത്. ഇപ്പോൾ ഇതു പുനഃപ്രസിദ്ധീകരിക്കുന്നത് പുതിയ അവതരണങ്ങളെ പിന്തുണയ്ക്കാൻ ഉദ്ദേശിച്ചാണ്.
വായിച്ചുവായിച്ചു വട്ടാകുക എന്നൊരു പ്രയോഗമുണ്ടല്ലോ. സ്പെയിനിലെ സാധാരണകർഷകനായിരുന്ന അലോൺസോ കിഷാനോയ്ക്ക് അക്ഷരാർത്ഥത്തിൽ സംഭവിച്ചത് അതാണ്. മദ്ധ്യകാലയൂറോപ്പിലെ പോരാളികളായ മാടമ്പിമാ(knights)രുടെ വീരകഥകൾ വായിച്ചുവായിച്ച് താനും അവരിലൊരാളാണെന്നു സ്വയം സങ്കല്പിച്ചു. മാടമ്പിത്തമുള്ള ഒരു പേരൊക്കെ ഇട്ടു - ഡോൺ കിഹോത്തെ. ചാവാലിക്കുതിരയ്ക്കുമിട്ടൂ ഒരു തകർപ്പൻ പേര് - റോസിനാന്റെ. അനീതികൾക്കെതിരെ, ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ അയാൾ ഇറങ്ങിപ്പുറപ്പെടുകയാണ്. മർദ്ദകരായ ഭൂപ്രഭുക്കളോടും രാക്ഷസരോടും ഒക്കെ ഏറ്റുമുട്ടിയുള്ള സംഭവബഹുലമായ യാത്ര! എല്ലാ മാടമ്പിമാർക്കും ഉള്ളതുപോലെ സുന്ദരിയായ ഒരു റോയൽ കാമുകിയുമുണ്ട് ഇദ്ദേഹത്തിന്. അതും സങ്കല്പത്തിലാണെന്നു മാത്രം. പേര് ദോൾസീനിയ. സങ്കല്പമായാലെന്ത്, ശൃംഗാരത്തിനും വകുപ്പായല്ലോ. കഥകളി കൊഴുക്കാൻ വേണ്ടതെല്ലാം ആയി എന്നർത്ഥം. പോരാത്തതിന്, മതിഭ്രമം ബാധിച്ച നായകൻ ചെന്നുചാടുന്ന അബദ്ധങ്ങളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൂത്തിലെ വിദൂഷകവേഷത്തിൽ അരങ്ങിലെത്തുന്ന മണ്ടനായ അനുചരൻ സാഞ്ചോ പാൻസ ഉടനീളം കാട്ടുന്ന കോമാളിത്തരങ്ങളും പതിവുകളികളുടെ ആസ്വാദനത്തിനപ്പുറം പ്രേക്ഷകരെ രസിപ്പിക്കും. കിഹോത്തേയുടെ സങ്കല്പത്തിൽ രാക്ഷസന്മാരായി മാറുന്ന കൂറ്റൻ കാറ്റാടിയന്ത്രങ്ങളും സിംഹവും കിഷാനോയ്ക്കായി രൂപകല്പന ചെയ്ത, യൂറോപ്യൻ വേഷത്തെ അനുസ്മരിപ്പിക്കുന്ന, ഉടുത്തുകെട്ടും തൊപ്പിയുമൊക്കെ പതിവിൽനിന്നു വേറിട്ട പരീക്ഷണങ്ങളാണ്. കുതിരപ്പുറത്തിരുന്നുള്ള കുന്തപ്പയറ്റും പുതുമയുള്ളതാണ്. ഇതെല്ലാം പുതിയ ആസ്വാദകരെ കഥകളിയിലേക്ക് അടുപ്പിക്കാനും സഹായിക്കും.
അത്യാവശ്യം കളിക്കപ്പെടുന്ന കൃഷ്ണലീല ആട്ടക്കഥ എഴുതിയ തഴക്കത്തോടെ ഡോ: പി. വേണുഗോപാലനാണ് മിഗൽ ദെ സെർവാന്റെസ് രചിച്ച ഡോൺ കിഹോത്തെ (Don Quixote) എന്ന ബൃഹത്തായ സ്പാനിഷ് നോവലിൽനിന്ന് കഥകളിക്കു പറ്റിയ മുഹൂർത്തങ്ങൾ കണ്ടെടുത്ത് ആട്ടക്കഥ രചിച്ചത്. മാർഗിയുടെ സൗകര്യങ്ങളിൽ നെല്ലിയോടു വാസുദേവൻ നമ്പൂതിരിയും കലാമണ്ഡലം പ്രദീപും മാർഗി വിജയകുമാറും മികച്ച പാട്ടുകാരനായ പത്തിയൂർ ശങ്കരൻകുട്ടിയും മേളവിദഗ്ദ്ധരായ കലാമണ്ഡലം കൃഷ്ണദാസും മാർഗി രത്നാകരനും ചുട്ടികലാകാരൻ മാർഗി രവീന്ദ്രൻ പിള്ളയും ഒക്കെ ചേർന്നു പാട്ടും ചിട്ടയും ചുട്ടിയുമെല്ലാം ഒരുക്കിയപ്പോൾ പ്രതീക്ഷ പകരുന്ന മിഴിവുറ്റ ഒരു സൃഷ്ടിയായി അതു മാറി. ഇവയ്ക്കൊപ്പം കഥയിലെ പുതുമയും വേഷങ്ങളിലും അവതരണത്തിലും ഉള്ള പുതുമകളുംകൊണ്ട് കഥകളിയാസ്വാദകർക്ക് ഡോൺ കിഹോത്തേ പ്രിയപ്പെട്ടതാകും. കൂടുതൽ അവതരണത്തിനുള്ള ആവശ്യം അതുയർത്തും.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ എഴുതപ്പെട്ട ആട്ടക്കഥകളിൽ മാലി എന്ന വി മാധവൻ നായർ രചിച്ച കർണ്ണശപഥവും പന്നിശ്ശേരി നാണുപിള്ളയുടെ നിഴൽക്കുത്തും ഒഴികെ ഒന്നും അരങ്ങിൽ വിജയിച്ചില്ല. പലതും അരങ്ങേറ്റത്തോടെ അരങ്ങൊഴിഞ്ഞു. രചയിതാക്കളുടെ സ്വാധീനത്താലുംമറ്റും ഏതെങ്കിലും ഒന്നോ രണ്ടോ കഥകൾ വല്ലപ്പോഴുമൊക്കെ ആടുന്നു എന്നത് അവയുടെ സ്വീകാര്യതയായി കണക്കാക്കാനാവില്ല. അവതരണയോഗ്യമായവതന്നെയും മാമൂലുകളുടെയും വിശ്വാസങ്ങളുടെയുമൊക്കെ കൂനാങ്കുരുക്കുകളിൽ ശ്വാസം മുട്ടി മൃതമോ വിസ്മൃതമോ ആകുകയും ചെയ്തു. ഇവയിൽ മാനവവിജയവും കിങ് ലിയറും പോലെയുള്ള പരീക്ഷണങ്ങളും പെടും. ഇങ്ങനെ കഥകളി കേവലമൊരു അനുഷ്ഠാനമോ ടൂറിസം വിപണനത്തിനുള്ള ആന്റിക് പീസോ ആണെന്ന പൊതുധാരണ സമൂഹത്തിൽ വളർന്നുമുറ്റി നിൽക്കുന്ന അവസ്ഥ ഉണ്ടായിത്തീർന്നു. ശിവരാത്രിക്ക് ഉറക്കമിളയ്ക്കാൻ കൂടുന്നതൊഴിച്ചാൽ കളിത്തട്ടിനുമുന്നിൽ മറ്റു കലകൾക്കു കിട്ടുന്നതുപോലെ ആളെ കൂട്ടാൻ കഴിയാത്ത അവസ്ഥ.
ആട്ടപ്പാട്ടു വ്യക്തതയോടെ പാടിത്തുടങ്ങിയതും ആസ്വാദനപരിചയത്തിനു നടപടികൾ സ്വീകരിച്ചതും യുവജനോത്സവങ്ങൾക്കായി കുട്ടികൾ പഠിക്കാൻ തുടങ്ങിയതും ഫൈനാട്സ് സൊസൈറ്റികൾ കഥകളിയെയും അല്പസ്വല്പം പരിഗണിച്ചുതുടങ്ങിയതും കഥകളിപ്രേമികളായ ചിലർ സ്വന്തം താല്പര്യത്തിൽ ഓരോ നാട്ടിലും ആണ്ടിൽ ഒന്നോരണ്ടോ വീതമെങ്കിലും വേദികൾ ഒരുക്കിത്തുടങ്ങിയതും സർക്കാർ ചില്ലറ പ്രോത്സാഹനങ്ങൾക്കു തയ്യാറായതുമെല്ലാം അടുത്തകാലത്തായി സ്ഥിതി ലേശം മെച്ചപ്പെടുത്തിയിട്ടുണ്ട്. കാണികളുടെ എണ്ണം നൂറിനുമുകളിലേക്കൊക്കെ ഉയർന്നു. ഈ സാഹചര്യത്തിലാണ് ഒരു യൂറോപ്യൻ നോവൽ കഥകളിക്കുവേണ്ട അവശ്യം ചേരുവകളോടെ, പ്രതിഭാശാലികളുടെ കലാനിക്ഷേപങ്ങളോടെ അരങ്ങിലെത്തിയിരിക്കുന്നത്.
നോവലിന്റെ നാനൂറാം വാർഷികവും നോവലിസ്റ്റായ സെർവാന്റെസിന്റെ നാനൂറാം ചരമവാർഷികവുമാണ് ഈ വർഷം. സ്പെയിനിൽ വിപുലമായ ആഘോഷം നടക്കുന്നു. ആ വേളയിലാണ് ഈ കഥകളിയുടെ പിറവി. സ്പെയിനിൽ ഒരുഡസൻ വേദികളിൽ നമ്മുടെ കലാകാരർ ഇപ്പോൾ ഡോൺ കിഹോത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വർഷങ്ങൾക്കുമുമ്പ് ഡോ: അയ്യപ്പപ്പണിക്കരാണ് മികച്ച രംഗാവതരണസാദ്ധ്യതയുള്ള ഈ കഥ കഥകളിയാക്കാൻ നിർദ്ദേശിച്ചതെന്ന് പി. വേണുഗോപാലൻ ഓർക്കുന്നു. അന്നതു നടന്നില്ല. നടന്നപ്പോൾ കാണാൻ അയ്യപ്പപ്പണിക്കരില്ല. നൈറ്റ് എന്നതിന് മാടമ്പി എന്ന പരിഭാഷ അയ്യപ്പപ്പണിക്കർ നിർദ്ദേശിച്ചതാണത്രേ.
ആദ്യത്തെ ഒരു മുഴുനീളആക്ഷേപഹാസ്യനോവലായ ഡോൺ കിഹോത്തെയുടെ കഥകളിയാവിഷ്ക്കാരത്തിന് അതുകൊണ്ടുതന്നെ ആദ്യത്തെ മുഴുനീളഹാസ്യകഥകളി എന്ന പ്രത്യേകതകൂടിയുണ്ട്. ലാ മാഞ്ചാ ഗ്രാമത്തിലാണു കഥ നടക്കുന്നത്. തനി യൂറോപ്യന്റെ രൂപസാദൃശ്യമുള്ള വേഷത്തിൽ കടന്നുവരുന്ന കിഷാനോയുടെ ഇളകിയാട്ടത്തോടെയുള്ള തുടക്കം തികച്ചും പുതുമയാർന്നതാണ്. മാടമ്പിചരിതങ്ങളിൽ ആസക്തനാകുന്നതും മാടമ്പിയുടെ കോപ്പുകൾ അണിഞ്ഞും ആയുധങ്ങൾ ധരിച്ചും സ്വയം മാടമ്പിയായി മാറുന്നതുമൊക്കെ അതീവഹൃദ്യമായി നെല്ലിയോട് ആടി. പിന്നീടു നാം കാണുന്നത് കത്തിവേഷത്തിൽ എത്തുന്ന കിഹോത്തെയെയാണ്. കലാമണ്ഡലം പ്രദീപാണു കിഹോത്തെയെ അവതരിപ്പിച്ചത്. രസകരമായ സംഭവപരമ്പരകളാണു പിന്നെ. കർഷകബാലനെ കെട്ടിയിട്ടു തല്ലുന്ന ജന്മിയോടാണ് ആദ്യ ഇടപെടൽ.
“വേലയ്ക്കു കൂലി കൊടുത്തീടാതെ
സാധുകളോടുള്ള ദ്രോഹം കഷ്ടം
വേഗം കൊടുക്കുക വേതനം ബാലന്
വീതവിശങ്കം ചെയ്തീടേണം”
എന്നാണു കല്പന. കിഹോത്തേയുടെ ഭാവഹാവാദികൾ കണ്ട് ലേശം അമ്പരന്ന ജന്മി എല്ലാം ചെയ്യാമെന്നു സത്യം ചെയ്യുന്നു. കിഹോത്തേ വിജയിയായി യാത്ര തുടരുന്നു. എന്നാൽ, ജന്മി വാക്കുപാലിക്കുന്നില്ലെന്നുമാത്രമല്ല, വീണ്ടും ബാലനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതിലൂടെ കിഹോത്തേയുടെ വിജയത്തിന്റെ നിരർത്ഥകത വെളിവാക്കപ്പെടുന്നു.
ആദ്യയാത്ര കഴിഞ്ഞ് അടികൊണ്ട് അവശനായി തിരികെയെത്തുന്ന കിഹോത്തെ രണ്ടാമതും വീരകൃത്യങ്ങൾക്കായി പുറപ്പെടുന്നു. ഒരു സിൽബന്തിയെക്കൂടി ഇക്കുറി കൂടെ കൂട്ടി. അലക്കുകാരനായ സാഞ്ചോ പാൻസയെ താൻ പിടിച്ചടക്കുന്ന രാജ്യങ്ങളിൽ ഒന്നിലെ ഗവർണ്ണറാക്കാമെന്നു പ്രലോഭിപ്പിച്ചാണ് അനുചരനാക്കുന്നത്. ചാവാലിക്കുതിരയുടെ പുറത്ത് കിഹോത്തേയും കഴുതപ്പുറത്ത് സാഞ്ചോയും. വഴിയിൽ കാണുന്ന കൂറ്റൻ കാറ്റാടികൾ കിഹോത്തേയ്ക്കു രാക്ഷസന്മാരാണ്. രണ്ടു ചുവന്ന താടിവേഷങ്ങൾ. സാഞ്ചോ നോക്കുമ്പോൾ അവ കാറ്റാടിയന്ത്രങ്ങളായി കൈ ചുഴറ്റി നിൽക്കും. കിഹോത്തെ നോക്കുമ്പോഴാകട്ടെ പോരിനു വിളിക്കുന്ന രാക്ഷസന്മാരും. ഈ സ്ഥലജവിഭ്രാന്തി കഥകളിയിൽ പുതുമ സൃഷ്ടിക്കുന്നു. പരിമിതമായ കലാപ്രകടനസാദ്ധ്യതയേ ഉള്ളെങ്കിലും സവിശേഷമായ ആ അവതരണരീതി രണ്ടു മനോനിലകൾ കൃത്യമായി അഭിവ്യഞ്ജിപ്പിക്കുന്നു. രാജാവിന്റെ മൃഗശാലയിലേക്കു കൊണ്ടു പോകുന്ന സിംഹത്തെ കൂടുതുറന്നുവിട്ടു പോരിനു വിളിക്കുന്നതും സിംഹം ബോറടിയോടെ കിഹോത്തേയെ നോക്കി പുച്ഛിച്ചു കൂട്ടിൽക്കയറിക്കിടക്കുന്നതുമൊക്കെ രസകരമാണ്.
നല്ലവനായ കിഷാനോയെ മടക്കിക്കൊണ്ടുവരാൻ പുരോഹിതന്റെ നിർദ്ദേശപ്രകാരം കരാസ്കോ എന്നയാൾ കണ്ണാടിമാടമ്പിയായി വേഷം മാറിവന്ന് കിഹോത്തെയുമായി ഏറ്റുമുട്ടി അബദ്ധത്തിൽ തോൽക്കുന്നതും പിന്നൊരിക്കൽ വെളുത്തചന്ദ്രൻ മാടമ്പിയായിവന്നു കിഹോത്തേയെ തോല്പിക്കുന്നതും കഥകളിത്തത്തിനപ്പുറം കുതിരപ്പുറത്തുള്ള യുദ്ധം എന്നനിലയിൽ പുതുമപുലർത്തുന്നു. കാമുകിയായ ദൊൾസീനിയയെ ദിവാസ്വപ്നത്തിൽ വാരിപ്പുണരുന്ന കിഹോത്തേ കണ്ണുതുറക്കുമ്പോൾ കരവലയത്തിൽ സാഞ്ചോയെക്കണ്ട് ജാള്യത്താൽ ചൂളുന്ന രംഗം രസകരമായ ഭാവപ്പകർച്ചയുടേതാണ്. എല്ലാരംഗത്തും മനോധർമ്മംകൊണ്ടു ചിരിയുടെയും കരഘോഷത്തിന്റെയും പെരുമഴ പെയ്യിച്ച സാഞ്ചോ പാൻസയെ മാർഗി വിജയകുമാർ അവിസ്മരണീയമാക്കി. നല്ല പുസ്തകങ്ങൾ വായിച്ചില്ലല്ലോ എന്ന പശ്ചാത്താപത്തോടെ മരണം പ്രാപിക്കുന്ന കിഷാനോ മടവൂരിന്റെ അനന്യമായ അഭിനയപാടവത്തിന്റെ എക്കാലത്തെയും സാക്ഷ്യങ്ങളിൽ ഒന്നാണ്.
ആദ്യാവതരണമെന്നു തോന്നാത്തത്ര അനായാസമായും ഭാവപ്പൊലിമയോടെയും അർത്ഥനിഷ്പത്തിയോടെയും പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം വിഷ്ണുവും പദങ്ങൾ മധുരമനോഹരമാക്കി. കലാമണ്ഡലം കൃഷ്ണദാസും മാർഗി രത്നാകരനും മേളം കൊഴുപ്പിച്ചു. കണ്ണാടി മാടമ്പി, വെളുത്തചന്ദ്രൻ മാടമ്പി എന്നീ കഥാപത്രങ്ങൾക്കു മാർഗി ബാലസുബ്രഹ്മണ്യനും ദൊൾസീനിയയും കർഷകബാലനുമായി കലാമണ്ഡലം സുദീപും മികച്ച പ്രകടനം നടത്തി. മാർഗി സുരേഷ് കർഷകജന്മിയും സിംഹത്തെ കൊണ്ടുവരുന്ന വണ്ടിക്കാരനുമായി. കലാമണ്ഡലം ബാലകൃൻ, കലാമണ്ഡലം പാർത്ഥസാരഥി എന്നിവർ രാക്ഷസന്മാരും സിംഹവും പുരോഹിതനുമായി. ചുട്ടിയിൽ മാർഗി ശ്രീകുമാറും ചമയത്തിൽ പള്ളിപ്പുറം ഉണ്ണിക്കൃഷ്ണനും മാർഗി ഗോപനും മാർഗി രവീന്ദ്രൻ നായർക്കു കൂട്ടായി.
ആദ്യാവതരണത്തിന്റെ പരിമിതികൾ കാര്യമായി കണ്ടില്ലെങ്കിലും പരിഹരിക്കേണ്ട പോരായ്മകളായി ചിലതു തോന്നിയതുകൂടി പറയട്ടെ. ശ്ലോകങ്ങളും പദങ്ങളും പലതും പരമ്പരാഗതശൈലിയുടെ ചാലിൽനിന്നു വിടുതൽ നേടിയിട്ടില്ല. നിരവധി വാക്കുകളും പ്രയോഗങ്ങളും അപ്പടിതന്നെ കടന്നുവന്നിരിക്കുന്നു. വീരകഥകൾ വായിച്ചു മതിഭ്രമം വന്ന നായകന്റെ മനസിൽ താൻ പരിചയിച്ച കഥാസന്ദർഭങ്ങൾ തന്റെ സങ്കൽപ്പത്തിലെ സമാനമായ മുഹൂർത്തങ്ങളിൽ കടന്നുവരിക സ്വാഭാവികമാണല്ലോ. അതിനെ അനുസ്മരിപ്പിക്കാൻ ധീരോദാത്തരും പ്രതാപഗുണവാന്മാരുമായ കഥാപാത്രങ്ങളുള്ള ആട്ടക്കഥകളിലെ സമാനസന്ദർഭങ്ങളിലെ പദങ്ങളുടെ ഭാഗങ്ങളും രാഗതാളങ്ങളും മനഃപൂർവ്വം അനുകരിച്ചതാണെന്ന് ഡോ. പി. വേണുഗോപാലൻ ഇതേപ്പറ്റി വിശദീകരിക്കുന്നു. കിഹോത്തേയുടെ പദങ്ങളിൽ കല്യാണസൗഗന്ധികത്തിലെ ഭീമനെ അനുസ്മരിപ്പിക്കുന്ന
“പ്രമത്തരാക്ഷസകുലത്തെയാകവെ
അമർത്തു കീർത്തികൾ പെരുത്തൊരു
വരിഷ്ഠനാകിയ കിഹോത്തേ ഞാൻ”
എന്നൊക്കെ ചെമ്പട താളത്തിൽ കാംബോജിയിൽത്തന്നെ പ്രയോഗിക്കുന്നത് അത്തരത്തിൽ കാണാമെങ്കിലും പുതിയകാല ആട്ടക്കഥകളും കളിയും പാരമ്പര്യങ്ങളിലും സാമ്പ്രദായികതകളിലും നല്ലയളവു കുടുങ്ങിക്കിടക്കുകതന്നെ ആണ്. ഇത് ഒരുപക്ഷെ, പരമ്പരാഗത കഥകളിയാസ്വാദകരെപ്രതിയുള്ള സന്ദേഹംകൊണ്ട് ആകാം. പുതിയ
മലയാളവും പുതിയ ഭാവുകത്വവും ഒക്കെ കഥകളിക്കു വഴക്കാൻ ഇക്കാലത്തെ
രചിതാക്കളും ധൈര്യം കാട്ടാതിരിക്കുകയോ ബോധപൂർവ്വം ശ്രമിക്കാതിരിക്കുകയോ
ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.
പുതിയ കാലം പോലെതന്നെ കഥകളുടെ സംസ്ക്കാരവും തദ്ദേശീയമായ മറ്റു കാര്യങ്ങളുമൊക്കെ പരിഗണിച്ചും ഉചിതമായ മാറ്റങ്ങൾ ആകാവുന്നതാണ്. കിഹോത്തേയുടെ കാമുകിയായ സ്പാനിഷ് സുന്ദരിയുടെ സൗന്ദര്യം “ഇന്ദീവരതുല്യ നീലവിലോചനേ” എന്നല്ലാതെ യൂറോപ്യൻ സൗന്ദര്യപ്രമാണപ്രകാരമുള്ള ഉപമകളിലൂടെ അവതരിപ്പിക്കാമായിരുന്നു. യഥാർത്ഥത്തിൽ വീരനല്ലാഞ്ഞിട്ടും കിഹോത്തേയെ കൃത്യമായ കത്തിവേഷമായി അവതരിപ്പിച്ചപ്പോൾ അയാളുടെ കിരീടമെങ്കിലും പുതിയതൊന്ന് ആലോചിക്കാമായിരുന്നു - യൂറോപ്യൻ ഛായയുള്ള ഒന്ന്. നോവലിസ്റ്റ് വ്യക്തമായി പറയുന്ന സ്ഥിതിക്ക് പടച്ചട്ടയും ആകാമായിരുന്നു. യുദ്ധവേളയിൽ കുന്തവും പരിചയുമൊക്കെ അതേരൂപത്തിലും വലിപ്പത്തിലും ഉള്ളവ ഉപയോഗിച്ച സ്ഥിതിക്ക് വട്ടത്തിലുള്ള കേരളീയപരിചയ്ക്കു പകരം യൂറോപ്യൻ ശൈലിയിലുള്ള പരിച നോക്കാമായിരുന്നു. സിംഹത്തെ ചുട്ടിയും വേഷവുമിട്ടു രംഗത്തു കൊണ്ടുവന്നസ്ഥിതിക്ക് അതിന്റെ സാദ്ധ്യതകൾ ഉപയോഗിക്കേണ്ടതായിരുന്നു. (edit: ഇക്കാര്യങ്ങളിൽ പിന്നീടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല.)
സാഞ്ചോ പാൻസയെ പൂർണ്ണമായും ലോകധർമ്മിയാക്കിയത് ഏറെ ഉചിതമായി. ഇത്രയും സ്വാതന്ത്ര്യം നൽകുമ്പോൾ ഒരു നടന് എന്തെല്ലാം അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മാർഗി വിജയകുമാർ തെളിയിച്ചു. വിജയകുമാറിനായിരുന്നു കയ്യടി ഏറെയും. എന്നാൽ ഈ കഥാപാത്രത്തിന് കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷം അപ്പടി പകർത്താതെ, കേശഭൂഷണത്തിലടക്കം പരിഷ്ക്കാരം വരുത്താനുള്ള സ്വാതന്ത്ര്യംകൂടി ഉപയോഗിക്കണമായിരുന്നു. കിഷാനോയുടെയും ജന്മിയുടെയും കർഷകബാലന്റെയും ഒക്കെ വേഷത്തിൽ കാട്ടിയ സ്വാതന്ത്ര്യം അനുകരണീയമാണ്. ആ സ്വാതന്ത്ര്യം ആവശ്യമായിടത്തെല്ലാം കാട്ടണമായിരുന്നു. കണ്ണാടി പതിച്ച പടച്ചട്ടയുള്ളയാൾ എന്നു നോവലിസ്റ്റ് വിധിക്കുന്ന കണ്ണാടിമാടമ്പിക്കൊക്കെ അത്തരം വേഷം വേണമായിരുന്നു. സമയക്കുറവുകൊണ്ടു മുതിരാഞ്ഞതാകും എന്നു കരുതുന്നു.
കഥാന്ത്യത്തിൽ കിഹോത്തേ കിഷാനോയായി മാറുകയും ‘ആത്മാവിൽ പ്രകാശം പരത്തുന്ന’ നല്ല പുസ്തകങ്ങൾ വായിക്കാൻ കഴിയാഞ്ഞതിനാലാണ് തന്റെ ജീവിതം ഇപ്രകാരം പാഴായിപ്പോയതെന്നു തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ തിരിച്ചറിവോടെ കഥാവശേഷനാകുന്ന കിഷാനോയ്ക്ക് കഥകളിയിൽ ഭാരതീയമായ മോക്ഷപ്രാപ്തി കല്പിച്ചിരിക്കുന്നതിലെ യുക്തിയും ബോദ്ധ്യമായില്ല. “ഞാനത്രേ പരം ജ്ഞാനം, ഞാൻ തന്നെ പരം മോക്ഷം” എന്നൊക്കെ സ്പാനിഷ് നായകൻ പറയുമ്പോൾ ഒരു സുഖമില്ലായ്മ. ആ രംഗമാകട്ടെ, ബാലിവധത്തെ ഒരുപാടുതരത്തിൽ അനുസ്മരിപ്പിക്കുന്നതുമായി. മംഗളശ്ലോകം നല്ല പുസ്തകങ്ങളെയും നല്ല അറിവുകളെയുംപറ്റി ആകുന്നതായിരുന്നു ഉചിതം.
പാശ്ചാത്യ ഇതിവൃത്തത്തെ പൗരസ്ത്യകലാരൂപമാക്കുമ്പോൾ കഥ ഭാരതീയമാക്കുകയല്ല, കലയുടെ സാർവ്വലൗകികത വികസിപ്പിക്കുകയാണു വേണ്ടത്. കാരണം, കലാമാദ്ധ്യമം നമ്മുടേതുതന്നെയെങ്കിലും കഥാഭൂമികയും പാത്രങ്ങളും നമ്മുടേതല്ല. ഇത്തരം പരീക്ഷണങ്ങൾ കഥകളിത്തം നഷ്ടപ്പെടുത്തുമെന്ന പേടി അനാവശ്യമാണ്. മൗലികതാവാദികൾ എതിർത്തേക്കാം. ഏതുകാലത്തും ഏതു മഹത്തായ മാറ്റങ്ങളെയും അക്കൂട്ടർ അങ്ങനെയേ സമീച്ചിട്ടുള്ളൂ. അതിനു കീഴടങ്ങുകയല്ല, നവഭാവുകത്വവും കാവ്യഭാഷയും രംഗഭാഷയും സൃഷ്ടിക്കാൻ ധൈര്യപ്പെടുകയാണ് ഉല്പതിഷ്ണുക്കൾ ചെയ്യേണ്ടത്. ഏറെ മനോഹരമായി ഈ സൃഷ്ടി ഒരുക്കിയവർക്ക് തീർച്ചയായും അതിനാകും.
(edit: ഇത് എഴുതിയശേഷം, സ്പെയിനിലെ അവതരണങ്ങൾക്കു മുമ്പും പിന്നീടും പല മാറ്റവും വന്നു എന്നാണു മനസിലാക്കുന്നത്. ആതുകൊണ്ട്, ഈ നിരൂപണം ആദ്യാവതരണത്തിൻ്റേത് ആണ് എന്ന് ഓർക്കുമല്ലോ.)
No comments:
Post a Comment