Tuesday, 16 February 2021

തന്റേടത്തിന്റെ സിനിമ - ‘ബിരിയാണി’യുടെ നിരൂപണം

 തന്റേടത്തിന്റെ സിനിമ

സജിൻ ബാബുവിന്റെ ‘ബിരിയാണി’ എന്ന സിനിമയെപ്പറ്റി


2019-ൽ നിർമ്മിക്കുകയും അക്കൊല്ലം‌തന്നെ റോമിൽ രാജ്യാന്തരപുരസ്ക്കാരം നേടുകയും എന്നാൽ കേരളത്തിന്റെയും ഇൻഡ്യയുടെയും രാജ്യാന്തരഫെസ്റ്റിവലുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട് വാർത്തയാകുകയും കേരള ഫെസ്റ്റിവലിനു സമാന്തരമായി പ്രദർശിപ്പിക്കുകയും ഒക്കെ ചെയ്ത ഒരു സിനിമയെപ്പറ്റി ഒരു കോവിഡ്ക്കൊല്ലം മുഴുവൻ കഴിഞ്ഞ് എഴുതുന്നതിൽ സാധാരണനിലയിൽ അർത്ഥമില്ല. എന്നാൽ, ഇക്കൊല്ലത്തെ കേരളരാജ്യാന്തരചലച്ചിത്രമേളയിൽ ആ ചിത്രം കാണാൻ കഴിഞ്ഞപ്പോൾ അതേപ്പറ്റി രണ്ടുവരിയെങ്കിലും എഴുതണം എന്നു തോന്നിയാൽ എഴുതുകയല്ലാതെ എന്തു ചെയ്യും?

സജിൻ ബാബുവിന്റെ ‘ബിരിയാണി’യെപ്പറ്റിയാണു പറയുന്നത്. കേരളത്തിലും കുറച്ചുപേരെങ്കിലും ഇതിനകം ആ സിനിമ കാണുകയും അതേപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ ദിവസങ്ങളിൽ ഒന്നുകൂടി എഴുതുന്നത് ഇനി മൂന്നു കേന്ദ്രങ്ങളിൽക്കൂടി നടക്കാൻപോകുന്ന ചലച്ചിത്രോത്സവങ്ങളിൽ അതു കാണാൻ ആർക്കെങ്കിലുമൊക്കെ പ്രേരണയാകുന്നെങ്കിൽ ആകട്ടെ എന്നു കരുതിയാണ്.

സംവിധായകൻ സജിൻ ബാബു

രാഷ്ട്രീയവിഷയങ്ങളും സ്ത്രീകളുടെ ദുരിതജീവിതവും സ്ത്രീലൈംഗികതയും വിചിത്രമായ പ്രതികാരങ്ങളും ഏതെങ്കിലും മതത്തിലെ യാഥാസ്ഥിതികത്വവും അന്ധവിശ്വാസങ്ങളും ജാതിവിവേചനങ്ങളും മതഭീകരതാവാദത്തിന്റെ പ്രത്യാഘാതങ്ങളും ഇസ്ലാമോഫോബിയയുമൊന്നും മലയാളത്തിൽ പുതിയ വിഷയമല്ല. സമൂഹത്തിൽനിന്ന് ഇവയിലേതെങ്കിലും അടർത്തിയെടുക്കാതെ, ഇവയെല്ലാം ഉൾച്ചേർന്നിരിക്കുന്ന സമൂഹാവസ്ഥയെ സ്വാഭാവികതയോടെ ഒരു ക്യാൻവാസായി പ്രതിഷ്ഠിക്കുകയും അതിൽ ഒരു സ്ത്രീയുടെ ജീവിതാവസ്ഥകൾ അതിഭാവുകത്വലേശമില്ലാതെ വരച്ചുവയ്ക്കുകയും ചെയ്യുന്നു എന്നതാണ് ബിരിയാണിയുടെ സവിശേഷത. ഒളിപ്പിച്ചു സൂക്ഷിച്ചുവച്ചു ചേർത്തു നന്നായി ഇളക്കി വേവിക്കുന്ന പ്രതികാരമാണ് ബിരിയാണിയുടെ വേറിട്ട രുചി. പറയാനുള്ളതു പറയാൻ അനിവാര്യമായ രംഗങ്ങൾ ശങ്കാലേശമില്ലാതെ ഷൂട്ടുചെയ്തുചേർത്ത് കപടസദാചാരചാരം ഊതിപ്പറത്താൻ കാട്ടിയ തന്റേടമാണ് മലയാളസിനിമാചരിത്രത്തിൽ ബിരിയാണിയെ പ്രവണതാസ്രഷ്ടാവ് ആക്കുന്നത്.

ഇന്നു കേരളത്തിൽ പ്രതീക്ഷാഭരിതമായ നിലയിൽ ആഭ്യന്തരനവീകരണം സംഭവിക്കുന്ന മതമാണ് ഇസ്ലാം. മറ്റു മതങ്ങളിലെപ്പോലെതന്നെ യാഥാസ്ഥിതികത അരക്കിട്ടുറപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ആ മതത്തിലും നടക്കുന്നുണ്ടെങ്കിലും കാക്ക കൊത്താതിരിക്കാൻ നിയമം കൈയിലെടുക്കാനും പെണ്ണവകാശം അടിയറവയ്ക്കാൻ സ്വയം നാമജപയാത്ര നടത്താനുമൊക്കെ ഇറങ്ങുന്നതുപോലെ പിന്നോട്ടു നടക്കുന്ന പെണ്ണവസ്ഥ അവിടെ അത്രകണ്ട് ഇല്ല. വലിയയളവിൽ ആശയസംവാദം ആ മതത്തിൽ നടക്കുന്നുണ്ട്. അതിന്റെ പുരോഗതി അവർ ക്രമാനുഗതമായി കൈവരിക്കുന്നുമുണ്ട്. അത്തരമൊരു പുരോഗമനാത്മകമാറ്റത്തിന് ആക്കം പകരുന്നതാണ് വിവാഹനിയമത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും ജാതിവിവേചനത്തെയും പെൺസുന്നത്തുപോലുള്ള അനാചാരങ്ങളെയും മതത്തിന്റെ പേരിലും മറവിലും നടക്കുന്ന ചൂഷണങ്ങളെയുമൊക്കെ സ്വാഭാവികതയോടെയും എന്നാൽ വൈകാരികതയോടെയും പെട്ടെന്നു സമീകരിക്കാവുന്ന യഥാതഥാനുഭയങ്ങളിലൂടെയും സിനിമ അവതരിപ്പിക്കുന്നത്.

അല്ലെങ്കിൽത്തന്നെ ദുരിതപൂർണ്ണവും നിരർത്ഥകവുമായ നായികയുടെ ജീവിതത്തെ കൂടുതൽ ശോചനീയവും ആപത്ക്കരവുമായ അവസ്ഥകളിലേക്കു പരിവർത്തിപ്പിക്കുന്ന ഒരു സംഭവം എന്ന നിലയിൽ മാത്രമാണ് മതഭീകരതാവിഷയം സിനിമയിൽ കടന്നുവരുന്നതെങ്കിലും അത് വിവിധ തലങ്ങളിലുള്ള ചർച്ചയ്ക്കു വഴി തുറന്നുതരുന്നുണ്ട്. അഹിംസയുടെ മതമെന്നു പ്രശംസിക്കപ്പെട്ടിരുന്ന ബുദ്ധമതം‌പോലും ശ്രീലങ്കയിലും മ്യാൻമറിലും വെളിപ്പെടുത്തിയ മതവെറിയുടെയും കൂട്ടക്കൊലയുടെയും മതഭീകരതയുടെയും രണ്ടുദശാബ്ദം മുമ്പ് ഗുജറാത്ത് വംശഹത്യയായി വെളിപ്പെട്ട് ഇന്നു രാജ്യമാകെ പടർന്നിരിക്കുന്ന ഹിന്ദുത്വഭീകരതയുടെയും സാമ്രാജ്യത്വകടന്നാക്രമണങ്ങൾക്കുള്ള പ്രതിരോധമെന്ന നിലയിൽ വെളിപ്പെടുകയും സ്വമതത്തിലുള്ളവരെത്തന്നെ കൊന്നുകൂട്ടി മുന്നേറുന്ന നിലയിലേക്കു പരിണമിക്കുകയും ചെയ്ത ഇസ്ലാമികഭീകരതയുടെയും ദുരന്തങ്ങൾ ഏറ്റവും തീവ്രമായി പേറേണ്ടിവരുന്ന വിഭാഗം സ്ത്രീകളാണ്. എന്നാൽ, ഭൂരിപക്ഷമതഭരണവും ഭീകരത ആരോപിക്കപ്പെടുന്ന ന്യൂനപക്ഷമതവും ഭീകരാക്രമണങ്ങളിൽ പടുക്കപ്പെട്ട ഫോബിയയും ഒക്കെയുള്ള സമൂഹത്തിൽ ഇതിനു മാനങ്ങൾ പലതാണ്. അവിടെ കുടുംബങ്ങളുടെ ശൈഥില്യവും സ്ത്രീയുടെ പതനവുമെല്ലാം സവിശേഷനിലയിൽ തീവ്രമാണ്. ആ സാഹചര്യമാണ് സിനിമയിലെ നായികയായ കദീജയുടെയും അവളുടെ അമ്മയായ സുഹ്ര ബീവിയെയും ജീവിതത്തെ പറിച്ചെറിയുന്നത്. നിഷ്ഫലമായ സായുധപോരാട്ടങ്ങളുടെ പാതയിലേക്കു വീണ്ടുവിചാരമില്ലാതെ എടുത്തുചാടുകയോ സാഹചര്യങ്ങളാൽ എടുത്തെറിയപ്പെടുകയോ ചെയ്യുന്ന യുവാക്കൾ സ്വയം വെന്തുതുലയുകയും വിളക്കുകെടുത്തുകയും ചെയ്യുന്ന വണ്ടിനെപ്പോലെയാണെന്ന ഓർമ്മപ്പെടുത്തലും സിനിമ നല്കുന്നു. എല്ലാത്തരം കോയ്മയുടെയും മനോഭാവം പേറുന്ന പൊലീസിലൂടെ പ്രതീകവത്ക്കൃതമാകുന്ന ഭരണകൂടവും സാമൂഹികവേഷം നന്നായി ആടിയിരിക്കുന്നു. ഇതിലെ വിഷയങ്ങളൊന്നും ഏതെങ്കിലും ഒരു മതത്തിനു പ്രത്യേകമായ കാര്യങ്ങളല്ല.

കദീജയുടെ പ്രതികാരത്തിന്റെ ശരിതെറ്റുകൾ പോലും സിനിമ പരിചിന്തനം ചെയ്യുന്നു. തെറ്റിനെ തെറ്റുകൊണ്ടല്ല തിരുത്തേണ്ടത് എന്ന അഭിപ്രായപ്രകടനത്തോടെ ഒരു വശത്തേക്കു വഴിപിരിയുന്ന പങ്കാളി മുഹമ്മദ് ബിജിലിയും മറുവശത്തേക്കു തിരിഞ്ഞുനടക്കുകയും ആ ചിന്തയുടെ പ്രേരണയിലെന്നവണ്ണം പ്രതികരിക്കുകയും ചെയ്യുന്ന കദീജയും അതിനപ്പുറവും ചിലതു പറയുന്നു. അത്തരമൊരു പ്രതികാരം ചെയ്യാൻ തീരുമാനിപ്പിക്കുമാറ് ആ സ്ത്രീ കടന്നുപോയ തീക്ഷ്ണാനുഭവങ്ങൾ മനസിലാക്കാൻ പുരുഷമനസുകൾക്കു കഴിയാത്തതിന്റെയും അവരെ ഭരിക്കുന്ന സദാചാരഭാരത്തിന്റെയുമൊക്കെ പ്രതീകവത്ക്കരണം‌കൂടി ആണത്.

സ്ത്രീയുടെ ആഭ്യന്തരസംഘർഷവും ലൈംഗികതയുമൊക്കെ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും സജിൻതന്നെ പറയുന്നതുപോലെ ഇതൊരു സ്ത്രീപക്ഷസിനിമയല്ല, ഇതും പുരുഷന്റെ പെൺകാഴ്ച തന്നെ. എങ്കിലും വലിയയളവു പുരുഷമുക്തമായ കാഴ്ച.



സിനിമയെ രാഷ്ട്രീയമായും സാമൂഹികമായും കാണുന്ന ഒരാൾ എന്ന നിലയിൽ അതിന്റെ കലാത്മകതയെപ്പറ്റിയൊന്നും ഞാൻ പറയുന്നില്ല. ഇരുണ്ട ജീവിതത്തിന്റെ ഇരുണ്ട ചിത്രങ്ങളും സമൂഹത്തിന്റെ പര്യമ്പുറങ്ങളിലെ ഒറ്റപ്പെട്ട പാർപ്പിടങ്ങളും ഇടയ്ക്കിടെയുള്ള പ്രതീക്ഷകളുടെ പച്ചത്തുരുത്തുകളും നീർച്ചോലകളുമെല്ലാം ഇഴചേരുന്ന ദൃശ്യപരമ്പരയിൽ പ്രകൃതിയും കാലാവസ്ഥയുമൊക്കെ വികാരതലങ്ങൾ പകരുന്നു. ഒളിക്യാമറയിൽ പകർത്തിയതുപോലുള്ള ദൃശ്യങ്ങളെപ്പറ്റി ചോദിച്ചപ്പോൾ അവ അങ്ങനെതന്നെ ചെയ്തവയാണെന്നായിരുന്നു മറുപടി. ചില പൊതുവിടങ്ങളും മതയിടങ്ങളുമൊക്കെ ലൊക്കേഷനാകുമ്പോൾ അതു സ്വാഭാവികമായും വേണ്ടിവരാവുന്നതുതന്നെ. ഛായാഗ്രാഹകരായ കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസും എഡിറ്ററായ അപ്പു ഭട്ടതിരിയും സിനിമയെ മികച്ചതാക്കിയിരിക്കുന്നു. ലിയോ ടോമിന്റെ മിതത്വമുള്ള സംഗീതവും നിധീഷ് ചന്ദ്ര ആചാര്യയുടെ കലയും ബിരിയാണിക്കു സുഗന്ധം ചേർക്കുന്നു.

അവസാനരംഗത്തിലെ നിറവേറലിന്റെ പൂർണ്ണതയുള്ള സംയോഗം പ്രേക്ഷകർക്കു വ്യാഖ്യാനത്തിന്റെ സ്വതന്ത്രസ്ഥലികൾ തുറന്നിടുന്നു. വ്യർത്ഥസംയോഗത്തിനൊടുവിൽ സ്വയം നിർവൃതി തേടേണ്ടിവരുന്ന നായികയുടെ മോഹസാഫല്യമോ ഒരിക്കലും നിറവേറ്റുകയോ പരിഗണിക്കുകയോ പോലും ചെയ്യാതിരുന്ന പുരുഷന്റെ ഉപബോധമനസിലെ കുറ്റബോധത്തിന്റെ സ്വപ്നാവേശമോ മുറിയുടെ ചുവരിലെ കാലൻഡർ ഒർമ്മിപ്പിക്കുന്നതുപോലെ സ്നേഹത്തിന്റെ നിറവ് ഉണ്ടായിരുന്നെങ്കിൽ ഈ കഥ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല എന്നു ചിന്തിപ്പിക്കുന്ന ഒരു പൂർവ്വകാലസാദ്ധ്യതയോ ഒക്കെയാകാം അത്.


സിനിമയെ ആദ്യന്തം നയിക്കുന്ന കദീജയ്ക്കു ജീവൻ പകരുന്ന കനി കുസൃതിയുടെ അഭിനയത്തികവും അഭിനയസാദ്ധ്യതയെ അവയവപരിമിതിയിൽ തളച്ചിടാതിരിക്കാൻ അവർ കാട്ടിയ തന്റേടവുമാണ് ഈ സിനിമയുടെ പ്രധാന വിജയപതാക. അതിനു കനിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള അവാർഡും സ്പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സമ്മാനവും കനിക്കുള്ള അർഹമായ അംഗീകാരങ്ങൾതന്നെ. സുഹ്ര ബീവിക്കു മിഴിവേകിയ ശൈലജ ജാലയും മികവുകൊണ്ടു വിസ്മയം തീർത്തിരിക്കുന്നു. എൻ‌ഐ‌എ ഓഫീസറായി വരുന്ന അനിൽ നെടുമങ്ങാട്, തടിയനായി വേഷമിട്ട ശ്യാം റെജി, മുഹമ്മദ് ബിജിലിയായ സുർജിത്ത്, ജേണലിസ്റ്റായി വരുന്ന മിനി ഐ.ജി., നസീറായ തോന്നയ്ക്കൽ ജയചന്ദ്രൻ, പൊലീസുദ്യോഗസ്ഥർ എന്നിവരെല്ലാം അഭിനയലാളിത്യത്തിന്റെ സ്വാഭാവികതയിലൂടെ അവരവരുടെ വേഷങ്ങൾ സഫലമാക്കിയിട്ടുണ്ട്. റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡും ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ പുരസ്ക്കാരവും നേടിയ ബിരിയാണി ദേശീയ, സംസ്ഥാന മേളകളിൽ ആദ്യം അവഗണിക്കപ്പെട്ടതും  ഇപ്പോൾ സംസ്ഥാനമേളയിൽ ഉൾപ്പെടുത്തപ്പെട്ടതും ഈ കീർത്തിമുദ്രകൾക്കൊപ്പം ചേർത്തുവയ്ക്കാം.


ഇൻഡ്യപോലെ ഒരു സ്ഥലത്ത് ഇങ്ങനെയൊരു സിനിമ എടുക്കാൻ കഴിഞ്ഞതുതന്നെ സജിന്റെയും കനിയുടെയുമൊക്കെ തന്റേടം‌കൊണ്ടു മാത്രമാണ്. കേരളം എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയൊന്നും കൂടാതെ സിനിമയുടെ തീയറ്റർ റിലീസ് ആലോചിക്കുന്നു എന്നതും സജിന്റെയും നിർമ്മാതാക്കളായ യു.എ.എന്‍. ഫിലിം ഹൗസിന്റെയും തന്റേടംതന്നെ. പൊതുവിൽ തന്റേടത്തിന്റെ സിനിമയാണു ബിരിയാണി; പ്രോത്സാഹിപ്പിക്കപ്പെടേണ്ട തന്റേടത്തിന്റെ.


No comments:

Post a Comment