Tuesday, 16 February 2021

കാൽനൂറ്റാണ്ടിന്റെ മേളസ്മൃതികൾ IFFK25

 കാൽനൂറ്റാണ്ടിന്റെ മേളസ്മൃതികൾ


കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രോത്സവത്തിന് 25 തികയുമ്പോൾ ജൂബിലിക്കാലസ്മരണകൾ ഉണർത്തി പ്രധാനമുഹൂർത്തങ്ങളും ഓർമ്മച്ചിത്രങ്ങളും പങ്കുവച്ച് ഒരു പ്രദർശനം. ചലച്ചിത്രോത്സവവേദിയായ ടാഗോർ തീയറ്ററിൽ ഒരുക്കിയ ‘മേള@25’. അതു കണ്ടപ്പോൾ ഒന്നാമുത്സവം മുതൽ 25-ലും ഡലിഗേറ്റും റിപ്പോർട്ടറും മീഡിയ സെല്ലംഗവും കമ്മിറ്റിക്കാരനും മീഡിയ ജൂറിയും ഒക്കെയായി പല വേഷങ്ങളിൽ പങ്കുകൊള്ളാൻ കഴിഞ്ഞ ഒരാൾ എന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ വെള്ളിത്തിരയിലെന്നപോലെ മനസിലൂടെ കടന്നുപോയി.

കോഴിക്കോട്ടു തുടങ്ങി തിരുവനന്തപുരത്തു കുടിയേറിയ, ഇടയ്ക്കു വീണ്ടും കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ പോയിവന്ന, ഇപ്പോൾ കൊറോണ എന്ന സൂക്ഷ്മന്റെ വിഷദംശത്താലാണെങ്കിലും കൊച്ചിയും തലശ്ശേരിയും പാലക്കാടും അടക്കമുള്ള ഇടങ്ങളിലേക്കു വികേന്ദ്രീകരിച്ചെത്തി ജൂബിലിയുത്സവം കൊണ്ടാടുന്ന ഐ.എഫ്.എഫ്.കെ. കേരളീയരുടെ സിനിമാ അവബോധത്തിൽ, സംസ്ക്കാരത്തിൽ, സാമൂഹികപരിണതിയിൽ ഒക്കെ ചെലുത്തിയ സ്വാധീനം ഗൗരവത്തിൽ പഠിക്കേണ്ടതാണ്. അത് അക്കാദമിതന്നെ ഒരു പ്രൊജക്റ്റായി ഫണ്ടുചെയ്ത് അതിനു യോഗ്യരായവരെക്കൊണ്ടു ചെയ്യിക്കും എന്നുതന്നെ പ്രതീക്ഷിക്കുന്നു.




ചലച്ചിത്രോത്സവം പിറക്കുമ്മുമ്പ് അതേപ്പറ്റി ഗഹനമായ ആലോചന നടന്നത് ബാലു മഹേന്ദ്ര മുഖ്യാതിഥിയായി എത്തിയ ഒരു സാംസ്ക്കാരികസമ്മേളനത്തിലായിരുന്നു എന്ന് ഓർക്കുന്നു. പു.ക.സ.യുടെയാണോ ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയാണോ എന്ന് ഓർക്കുന്നില്ല. (ചലച്ചിത്രസംഗമം എന്നോമറ്റോ പേരുള്ള അന്നത്തെ ഫയൽ ഫോൾഡർ വീട്ടിലുണ്ട്. തപ്പിയെടുത്താൽ വ്യക്തത വരും. Vk Joseph ഓർക്കുന്നുണ്ടാകും.) ഹസൻ മരിക്കാർ ഹോളിലായിരുന്നു സമ്മേളനം എന്നാണ് ഓർമ്മ. ദേശാഭിമാനി റിപ്പോർട്ടർ എന്ന നിലയിൽ അതിൽ പങ്കെടുക്കുകയും റിപ്പോർട്ട് ചെയ്തതുമാണ് ഫെസ്സ്റ്റിവലുമായുള്ള ആദ്യബന്ധം. അതിനു മുമ്പ് 80-കളിൽ തിരുവനന്തപുരത്തു വന്നപ്പോൾ ഒന്നുരണ്ടുവട്ടം സൂര്യ ഫിലിം ഫെസ്റ്റിവലിൽ ജ്യേഷ്ഠന്റെ കെയർ ഓഫിൽ പങ്കെടുത്തതും നാട്ടിൽ ഒഡേസയുടെ ‘അമ്മയറിയാ’നും മറ്റും സ്ക്രീൻ ചെയ്തതും ഹരി നാരായണൻ വന്നതും ഒക്കെയേ വേറിട്ട ചലച്ചിത്രാനുഭവമായി വേറെ ഉള്ളൂ.



ചലച്ചിത്രോത്സവത്തെപ്പറ്റിയുള്ള ആദ്യകാലചിന്തകളിൽ പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ളവർ മേളയുടെ സ്വഭാവം എന്തായിരിക്കണം എന്നതിനെപ്പറ്റിയൊക്കെ ഗഹനമായ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവച്ചതും ഓർമ്മയുണ്ട്. ഈ മേള ലോകത്തെ മറ്റു മേളകൾ പോലെ പ്രൊഫഷണലുകൾക്കു സിനിമാരംഗത്തെ പുത്തൻ പ്രവണതകൾ പരിചയപ്പെടാനുള്ളതല്ല. അതിന് അവർക്കു ലോകത്തെ മറ്റെല്ലാ മേളകളുമുണ്ട്. ഇത് കേരളീയരുടെ ചലച്ചിത്രാവബോധം ഉയർത്താനും അതിലൂടെ മെച്ചപ്പെട്ട സിനിമ ആവശ്യപ്പെടുന്നതും ഉണ്ടാക്കാൻ കഴിയുന്നതുമായ ഒരു സമൂഹമായി അതിനെ പരിവർത്തിപ്പിക്കാനുമുള്ളതാണ് എന്നു സുവ്യക്തമായിത്തന്നെ നിർവ്വചിച്ചിരുന്നു. കൃത്യമായ രാഷ്ട്രീയനിലപാടുള്ള മേള. ഇടയ്ക്കെല്ലാം വിപര്യയങ്ങൾ ഉണ്ടാകുകയും തട്ടുപൊളിപ്പൻ വാണിജ്യസിനിമക്കാരുടെ കൈകളിലേക്കു വഴുതുകയും ജനകീയത അട്ടിമറിക്കാനും അരാഷ്ട്രീയവത്ക്കരിക്കാനും പുരോഗമനവിരുദ്ധരാഷ്ട്രീയം കുത്തിക്കയറ്റാനുമുള്ള ശ്രമങ്ങൾ ഉണ്ടാകുകയുമൊക്കെ ചെയ്തെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്നും ഒട്ടെല്ലാ തനിമകളോടെയും അതു വളരുന്നു എന്നതു പകരുന്ന പ്രതീക്ഷ ചെറുതല്ല.



ചലച്ചിത്രമേള അതിഗഹനദാർശനികമാനങ്ങളുള്ള എത്ര ചർച്ചകൾക്കാണു വഴിയൊരുക്കിയത്! ക്രിസ്തോഫ് സനൂസിയും പി.ജി.യുമായി നടന്ന കൊടുംസംവാദമൊക്കെ മനസിൽനിന്ന് എങ്ങനെ മായാൻ! ഓപ്പൺ ഫോറങ്ങളിൽ എത്ര ആശയങ്ങളാണു വീറോടെ മാറ്റുരച്ചത്! ചുറ്റുവട്ടത്തെ ഹോട്ടൽ മുറികളിൽ എത്രയെത്ര പുത്തൻ ആശയങ്ങളാണു നുരയിട്ടുണർന്നത്! എത്രയെത്ര പ്രതിഭാശാലികളാണു ലോകമെമ്പാടും‌നിന്നുവന്നു നമ്മോടു സംവദിച്ചത്! നമ്മുടെതന്നെ എത്രയോ പ്രഗത്ഭമതികൾ സാധാരണരിൽ സാധാരണരായ സിനിമാസ്വാദകരോട് മനസുനിറഞ്ഞു സംസാരിച്ചത്; ചങ്ങാത്തം കൂടിയത്! ഒഡേസാപ്പടവുകൾ എന്നു ചെല്ലപ്പേരിട്ട കൈരളി തീയറ്ററിന്റെ പടികളിൽ വലുപ്പച്ചെറുപ്പമില്ലാതെ അവരെല്ലാം ഒന്നിച്ചിരുന്നു. മനസിലും അന്തരീക്ഷത്തിലാകെയും സിനിമ മാത്രം. കെ. പി. കുമരനും അടൂർ ഗോപാലകൃഷ്ണനും റ്റി.വി. ചന്ദ്രനും പവിത്രനും കെ. ജി. ജോർജ്ജും ചിന്ത രവിയും ലെനിൻ രാജേന്ദ്രനും കെ. ആർ. മോഹനനും പി. റ്റി. കുഞ്ഞുമുഹമ്മദും ഷാജി എൻ. കരുണും അവർക്കു കുമാരേട്ടനും ചന്ദ്രേട്ടനും പവിയേട്ടനും ജോർജ്ജ് ചേട്ടനും ചിന്തകനും മോഹനേട്ടനും ഒക്കെപ്പോലെ അവരിലൊരാളായ ജനകീയോത്സവം! മുരളിച്ചേട്ടനെയും മധുപാലിനെയും പോലുള്ള താരങ്ങൾ മണ്ണിലിറങ്ങി പൊടിപിടിച്ച പടികളിൽ ഇരുന്നു. തീയറ്റർ നിറഞ്ഞുകവിഞ്ഞപ്പോൾ അവരൊക്കെ നിലത്തിരുന്നു സിനിമ കണ്ടു. കൈരളി തീയറ്ററിലെ അന്തേവാസിയായ എലി അടൂരിനെ കടിച്ചപ്പോൾ അത് 'എലിപ്പത്തായം' സിനിമ എടുത്തതിനുള്ള പ്രതികാരമാണെന്ന് ഉടൻ കഥയിറങ്ങി. കോലാഹലമായി അങ്ങുമിങ്ങും അവതരിക്കുന്ന കവി അയ്യപ്പനും തീയറ്റർമുറ്റത്തു വലിയ വിഷയങ്ങളിൽ നടക്കുന്ന കൊച്ചുകൊച്ചു പ്രതിഷേധങ്ങളിൽപ്പോലും പ്ലക്കാർഡും പിടിച്ച് ഇരിക്കുന്ന, കവിതപാടുന്ന കുരീപ്പുഴയും വിനയചന്ദ്രൻ മാഷും റോസ് മേരിയും പോലുള്ള കവികൾ, കഥാകാരർ, മറ്റ് എഴുത്തുകാർ, എം.എ. ബേബിയെയും പന്ന്യൻ രവീന്ദ്രനെയും പോലെ നല്ല സിനിമകളുടെ ആസ്വാദകരായ രാഷ്ട്രീയക്കാർ... വി. കെ. ജോസഫിനെയും ജ്യോതിയെയും പോലുള്ള ഫിലിം സൊസൈറ്റി പ്രവർത്തകരും വി.സി. ഹാരിസിനെപ്പോലുള്ള നിരൂപകരും ഒക്കെ അടങ്ങുന്ന, ചലച്ചിത്ര-പത്രപ്രവർത്തനവിദ്യാർത്ഥികൾ വരെയുള്ള, അതിവിപുലമായ നിര. (പേരുകൾ ധാരാളമായി വിട്ടുപോയിട്ടുണ്ട്. ഓരോരുത്തരും യഥേഷ്ടം കൂട്ടിച്ചേർത്തു വായിക്കുക!)



ആദ്യമെല്ലാം ആൺകോയ്മയുടെ അസ്കിതയുണ്ടായിരുന്ന സിനിമാസദസ് ഇന്ന് അതിനിബിഡമായ പെൺസാന്നിദ്ധ്യവും പെൺനേതൃത്വവും ഒക്കെയായി മാറിമറിഞ്ഞിരിക്കുന്നു. ബീന പോളിനെപ്പോലുള്ളവർ സംഘാടനത്തിന്റെ കുന്തമുനയായി ആദ്യകാലത്തേ മാറി. സജിത മഠത്തിൽ പോലെയുള്ളവർ മേളയുടെ സുപ്രധാനപദവികളിലും നിർവ്വഹണച്ചുമതലകളിലും വന്നു. മലയാളസിനിമയിൽ പെണ്ണുണർവ്വു വന്ന സമീപകാലങ്ങളിൽ പാർവ്വതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും മഞ്ജു വാര്യരുമൊക്കെ മേളയിലെ താരസാന്നിദ്ധ്യമായി. കാൽ നൂറ്റാണ്ടിനിടെ ലിംഗസമത്വകാര്യത്തിൽ നാം കൈവരിച്ച മുന്നേറ്റത്തിന്റെ സാക്ഷ്യപത്രവുംകൂടിയാണ് ഈ പരിണാമം. പ്രദർശനത്തിലെ ചിത്രങ്ങളിലും ഞാൻ മുകളിൽ എഴുതിയ പേരുകളിലും പോലും കാണുന്ന ഹിംസാത്മകമായ ആൺ ഭൂരിപക്ഷം ആദ്യകാലത്തിന്റെ സ്വഭാവം തന്നെയാണ്. ഓർമ്മക്കുറിപ്പെന്ന നിലയിൽ സമീപകാലം ഒഴിവാക്കിയതുകൊണ്ടുകൂടി ഉണ്ടായതാണത്. ദീദി ദാമോദരനൊക്കെ സിനിമക്കഥ എഴുതുമ്പോൾ ആദ്യവനിത എന്നു വാർത്ത ഉണ്ടാകുന്ന അവസ്ഥയായിരുന്നല്ലോ സിനിമാലോകത്തുതന്നെ അന്നു നിലനിന്നത്. ആ പരിണാമവും മികച്ച പഠനവിഷയമാണ്.




ഏതായാലും ഒരുപാട് ഓർമ്മകൾ ഉണർത്തിയ ഈ പ്രദർശനം ഒരുക്കിയ ജോജിയെപ്പോലുള്ള ഫോട്ടോ ജേർണലിസ്റ്റുകൾക്കും ഗവേഷകർക്കും അക്കാദമിക്കുവേണ്ടി പ്രവർത്തനം ഏകോപിപ്പിച്ച സജിത മഠത്തിലിനുമെല്ലാം അകമഴിഞ്ഞ നന്ദി. തിരുവനന്തപുരത്തിനുശേഷം മറ്റു ഫെസ്റ്റിവൽകേന്ദ്രങ്ങളിലും ഈ പ്രദർശനം നടത്തുന്നുണ്ട്. കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തി അവിടങ്ങളിലെ പ്രദർശനം മെച്ചപ്പെടുത്തും എന്നാണു Sajitha Madathil പറഞ്ഞത്. ഒട്ടേറെ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തേണ്ടതായുണ്ട്. പെട്ടെന്നു സംഘടിപ്പിച്ചപ്പോൾ ലഭിക്കാൻ കഴിയാഞ്ഞവകൂടി തരപ്പെടുത്തണം. സനൂസിയെയും പസോലിനിയെയും പോലെ ഫെസ്റ്റിവലിൽ വന്നുപോയ വിശ്വപ്രതിഭകളുടെയൊക്കെ പ്രധാന സന്ദർശനമുഹൂർത്തങ്ങൾ കാണികൾക്കായി വീണ്ടെടുക്കുകതന്നെ വേണം. പത്രസ്ഥാപനങ്ങളുമായും സ്വകാര്യഫോട്ടോഗ്രാഫർമാരുമായുമൊക്കെ ബന്ധപ്പെട്ട് കിട്ടാവുന്നത്ര ചിത്രങ്ങൾ ശേഖരിക്കണം. ഈ പ്രദർശനം വിപുലപ്പെടുത്തുകയും ആണ്ടുതോറും അപ്‌ഡേറ്റ് ചെയ്യുന്നതരത്തിൽ മേളയുടെ ഓർമ്മച്ചെപ്പായി ഒരു സ്ഥിരം പ്രദർശനമാക്കി, ഗ്യാലറിയാക്കി ഇതു മാറ്റുകയും വേണം. അക്കാദമി അതു ചെയ്യും എന്നുതന്നെ പ്രതീക്ഷിക്കുന്നു.














No comments:

Post a Comment