അധികാരം താഴേക്കു വന്ന വഴി
Sunday, 14 March 2021
അധികാരം താഴേക്കു വന്ന വഴി
- മനോജ് കെ. പുതിയവിള
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി അടുക്കുമ്പോൾ അധികാരവികേന്ദ്രീകരണത്തിന്റെ ചരിത്രം സംഗ്രഹിക്കുന്നു.
‘പഞ്ചായത്ത് രാജ്’ മാസികയുടെ 2021 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
കേരളസംസ്ഥാനം രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഇവിടെ പഞ്ചായത്തുകൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും രാജഭരണകാലത്തു നാട്ടുക്കൂട്ടങ്ങൾ കൂടിയിരുന്നതായി നമുക്കറിയാം. നാട്ടിലെ തർക്കവ്യവഹാരങ്ങൾക്കും മറ്റും തീർപ്പുണ്ടാക്കുക, ഉത്സവാഘോഷങ്ങളും കൃഷിക്കാര്യങ്ങളും മറ്റും ആലോചിക്കുക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമായും അവ നിർവ്വഹിച്ചുവന്നത്.
കേരളം ഉൾപ്പെട്ടിരുന്ന തമിഴകത്തിൽ സംഘകാലത്തു നിലനിന്ന സംവിധാനങ്ങളാണ് ചരിത്രത്തിൽനിന്നു കണ്ടെടുക്കാവുന്ന ഏറ്റവും പഴയത്. പൊതുവർഷത്തിന് 500 കൊല്ലം മുമ്പ് (BCE 500) തുടങ്ങിയ സംഘകാലത്ത് ഇവിടെ തിണകളും മൻറങ്ങളുമായി നാടിനെ വിഭജിച്ചിരുന്നു. ഭൂഘടനയും ജനജീവിതവും ആധാരമാക്കിയുള്ളതായിരുന്നു മുല്ലൈ, കുറിഞ്ഞി, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെയുള്ള തിണകളായുള്ള വിഭജനം. ഈ അഞ്ചു തിണകൾ ചേർന്ന സംവിധാനം ഐന്തിണൈ എന്ന് അറിയപ്പെട്ടു. ഗ്രാമീണർ ഒത്തുകൂടി നാട്ടുകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും ചെയ്തിരുന്ന സംവിധാനമാണ് മൻറം. ഇന്നത്തെ ഗ്രാമസഭയുടെ ആദിമരൂപം. പൊതുവർഷം (CE) 300 വരെ ആയിരുന്നു സംഘകാലം.
എന്നാൽ, പില്ക്കാലകേരളത്തിൽ ഇത്തരം സംവിധാനങ്ങളുടെ സ്ഥിതി എന്തായിരുന്നെന്നതിനു കാര്യമായ രേഖപ്പെടുത്തലുകൾ ഉള്ളതായി അറിയില്ല. പിന്നീട് ഇവിടെ രൂപപ്പെട്ടുവന്നതായി ചരിത്രത്തിൽ കാണുന്ന സമ്പ്രദായം തറ, കഴകം, ഗ്രമം, ദേശം, നാട് എന്നിങ്ങനെയാണ്. കുറെ വീടുകൾ ചേർന്ന തറയും തറകൾ ചേർന്ന നാടുമായി ഗ്രാമങ്ങളെ തിരിച്ചിരുന്നു. അവയുടെ യോഗങ്ങൾ തറക്കൂട്ടവും നാട്ടുക്കൂട്ടവും എന്ന് അറിയപ്പെട്ടതായും പറയുന്നു. എന്നാൽ, തൊടാനോ തീണ്ടാനോപോലും പാടില്ലാതായ പില്ക്കാലത്ത് ഇവയൊന്നും ശരിയായ അർത്ഥത്തിൽ സാദ്ധ്യമല്ലാതാകുകയും ആലോചനകളും തീരുമാനങ്ങളുമെല്ലാം സവർണ്ണമേധാവിത്വത്തിന്റെ മാത്രം കാര്യം ആകുകയും ചെയ്തു. പില്ക്കാലചരിത്രത്തിൽ നാഞ്ചിനാട്ടും മറ്റും നാട്ടുക്കൂട്ടങ്ങൾ ചില പ്രത്യേകഘട്ടങ്ങളിൽ ഉണ്ടായിരുന്നതായി ചരിത്രകാരർ പറയുന്നു. എങ്കിലും ഇവിടെ ഗോത്രവിഭാഗങ്ങളിലാണ് ഊരുക്കൂട്ടങ്ങളുംമറ്റും സ്ഥിരസ്വഭാവത്തോടെ കാണാനാവുന്നത്.
പ്രാദേശികഭരണം ഇൻഡ്യയിൽ
ഗോത്രസമൂഹങ്ങളെല്ലാംതന്നെ ഒരുതരത്തിൽ പ്രാദേശികസ്വയംഭരണസ്വഭാവം ഉള്ളവ ആയിരുന്നു. ഗോത്രേതരസമൂഹങ്ങൾ രൂപപ്പെട്ടശേഷവും ലോകത്തു പല ഭാഗങ്ങളിലും ഏതെങ്കിലും തരം പ്രാദേശികകൂട്ടങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ഭരണത്തിന്റെ ഭാഗമായിരുന്നവയും പൊതുക്കാര്യങ്ങൾ ആലോചിച്ചിരുന്നവയും ഗ്രാമക്കോടതികളും കൃഷിയും വാണിജ്യവും ഒക്കെയായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളവയും മറ്റു ധർമ്മങ്ങൾ നിർവ്വഹിച്ചിരുന്നവയും ഉണ്ടായിരുന്നു.
ഇൻഡ്യയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളവയിൽ ഒരുപക്ഷേ, ഏറ്റവും പഴയത് നേരത്തേ പറഞ്ഞ സംഘകാലതമിഴകത്തെ (BCE 500 – CE 300) സമ്പ്രദായമാണ്. സംഘകാലം തുടങ്ങി ഒന്നേമുക്കാൽ നൂറ്റാണ്ടു കഴിയുമ്പോൾ, ബി.സി.ഇ. 322-ൽ, നിലവിൽവന്ന മൗര്യകാലത്ത് ഭരണകാര്യത്തിനായി സാമ്രാജ്യത്തെ ജനപദങ്ങളായും അവയെ നാല് ഉപവിഭാഗങ്ങളായും വിഭജിച്ചിരുന്നതായി കാണുന്നു. പിന്നീട്, സി.ഇ. 350 മുതൽ 910 വരെ നിലനിന്ന പല്ലവരാജ്യത്തും ഇത്തരം വിഭജനം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. മണ്ഡലം, വളനാട്ട്, നാട്ട് എന്നിങ്ങനെയായിരുന്നു അവിടത്തെ ഘടകങ്ങളുടെ പേര്. ഗ്രാമങ്ങളിൽ ഗ്രാമസഭ ഉണ്ടായിരുന്നു. നഗരങ്ങളിലും അതിനൊത്ത സംവിധാനം പ്രവർത്തിച്ചു. നഗരാത്താർ എന്നാണ് ഇവയുടെ അദ്ധ്യക്ഷർ അറിയപ്പെട്ടത്. പിന്നീടും രാജ്യത്തു പലഭാഗങ്ങളിലും പലതരം നാട്ടുക്കൂട്ടങ്ങൾ പ്രവർത്തിച്ചുവന്നു.
ഇൻഡ്യയിൽ പൊതുവായി നിയമവിധേയമായ പ്രാദേശികസ്വയംഭരണം നടപ്പാക്കുന്നത് ബ്രിട്ടിഷുകാരാണ്. ബ്രിട്ടണിൽ 1880-ഓടെ നിലവിൽ വന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാതൃകയിൽ ആയിരുന്നു അത്. അതു പക്ഷെ, കീഴേത്തട്ടിൽ സ്വയംഭരണം കോണ്ടുവന്നുമില്ല, അന്നു രാജ്യത്തു പലയിടത്തും നിലവിലുണ്ടായിരുന്ന പരമ്പരാഗതഗ്രാമക്കൂട്ടങ്ങളെയും അവയുടെ തനതു പ്രവർത്തനരീതിയെയും ബാധിക്കുകയോ അവയെ അനൗപചാരികസംവിധാനങ്ങൾ മാത്രം ആക്കുകയോ ചെയ്യുകയുംചെയ്തു.
പിന്നീട് പ്രൊവിൻഷ്യൽ കൗൺസിലുകൾ രൂപവത്ക്കരിച്ചതിന്റെ ഭാഗമായി 1919-ലെ ഗവണ്മെന്റ് ഓഫ് ഇൻഡ്യ ആക്റ്റിൽ, പ്രൊവിൻഷ്യൽ മന്ത്രിസഭകൾ ‘പ്രാദേശികഭരണത്തിന്റെ നിരീക്ഷണം’ നിർവ്വഹിക്കണമെന്നു വ്യവസ്ഥചെയ്തു. അധികാരവികേന്ദ്രീകരണക്കമ്മിഷന്റെ 1908-ലെ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.
തുടർന്ന്, 1920-ൽ ബ്രിട്ടിഷ് പല സംസ്ഥാനവും പഞ്ചായത്ത് രാജ് നിയമങ്ങൾ പാസാക്കി നടപ്പാക്കി. ഇവ ഏകീകൃതസ്വഭാവം ഉള്ളവ ആയിരുന്നില്ല. ഇതു വന്നതോടെ നിലവിലുണ്ടായിരുന്ന പ്രാദേശികസ്വയംഭരണ സംവിധാനങ്ങളുടെ അധികാരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പരിമിതപ്പെടുയാണ് ഉണ്ടായത്. ഗവണ്മെന്റ് ഓഫ് ഇൻഡ്യ ആക്റ്റിലൂടെ 1935-ൽ വിശാലമായ പ്രൊവിൻഷ്യൽ കൗൺസിലുകൾ വന്നെങ്കിലും ഇക്കാര്യം അവരും ശ്രദ്ധിച്ചില്ല. ഇൻഡ്യ റിപ്പബ്ലിക് ആകുന്നതുവരെ ഈ സാഹചര്യം നിലനിന്നു.
വികസനവും ആസൂത്രണവും ഗാന്ധിയുടെ ഗ്രാമസ്വരാജും ഒക്കെ കാര്യമായി രാജ്യം ചർച്ചചെയ്തങ്കിലും പ്രാദേശികസ്വയംഭരണം ഭരണഘടനാവ്യവസ്ഥ ആയില്ല! വലിയ തർക്കങ്ങൾക്കൊടുവിൽ നിർദ്ദേശകതത്ത്വങ്ങളിലെങ്കിലും ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ആശ്വാസമായത്. ജാതിമേധാവിത്വം ഭരണം കയ്യാളുമെന്നും അത് അവർണ്ണവിഭാഗങ്ങൾക്കു കൂടുതൽ ദോഷമാകുമെന്നുമുള്ള അംബേദ്‌ക്കറുടെ ആശങ്കയായിരുന്നു കാരണം. ഭരണഘടനയുടെ കരടിൽ പ്രാദേശികസ്വയംഭരണം ഇടം നേടിപോലുമില്ല. ഭരണഘടനയുടെ കരടിൽ ഇല്ലാതിരുന്ന തദ്ദേശഭരണം നിർദ്ദേശകതത്ത്വങ്ങളിൽ 40–ാം വകുപ്പായി വരുന്നത് ഗാന്ധിജി ഗ്രാമസ്വരാജിനായി ശക്തമായി നിലകൊണ്ടതിന്റെ സ്വാധീനത്തിലാണ്. അപ്പോഴും എഴുതപ്പെട്ടത് ഇങ്ങനെയാണ്: “ഗ്രാമപ്പഞ്ചായത്തുകൾ രൂപവത്ക്കരിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കാൻ അവയെ പ്രാപ്തമാക്കാൻ വേണ്ട അധികാരങ്ങളും ഉത്തരവാദിത്വവും അവർക്കു നല്കാനും ഉചിതമായ നടപടികൾ സംസ്ഥാനഗവണ്മെന്റുകൾ കൈക്കൊള്ളണം.” കേന്ദ്രത്തിലെ അധികാരങ്ങൾ കാര്യമായി താഴേക്കു വരേണ്ടതുണ്ടെന്ന ചിന്ത അന്നേ ഇല്ലായിരുന്നു എന്നു കാണണം.
പഞ്ചവത്സരപദ്ധതികളുടെ നിർവ്വഹണവും കേന്ദ്രാവിഷ്ക്കൃതപദ്ധതികളുടെ പ്രളയവും അവ തമ്മിലുള്ള ഏകോപനമില്ലായ്മയും അവ നടപ്പാക്കേണ്ട വകുപ്പുകളുടെ കമ്പാർട്ടുമെന്റലിസവും നടത്തിപ്പിലുണ്ടായ അനാരോഗ്യകരമായ പ്രവണതകളും അടക്കം ധാരാളം ഘടകങ്ങൾ പില്ക്കാലത്ത് തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും അവയ്ക്ക് അധികാരങ്ങളും നിർവ്വഹണസംവിധാനങ്ങളും കൈമാറുകയും ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ് ഉണ്ടായത്.
കീഴ്ത്തട്ട് അധികാരം കേരളപ്പിറവിക്കുമുമ്പ്
സംഘകാലത്തെ വിഭജനങ്ങൾക്കുശേഷം ഇൻഡ്യൻ സംസ്ഥാനം എന്ന നിലയിൽ ഐക്യകേരളം നിലവിൽ വരുന്നതിനുമുമ്പുതന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടിഷ് മലബാറിലുമെല്ലാം വ്യത്യസ്ത നിയമങ്ങൾ പ്രകാരമുള്ള പഞ്ചായത്തുസംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ അധികാരങ്ങളോ വികസനകാര്യങ്ങളിൽ പങ്കാളിത്തമോ ഒന്നും ഉള്ളവ ആയിരുന്നില്ല.
മലബാറിൽ പഞ്ചായത്ത് യൂണിയനുകള്‍ നിലവിൽവരുന്നത് 1884-ൽ മദ്രാസ് ലോക്കല്‍ ബോഡീസ് ആക്ട് നടപ്പിലാകുന്നതോടെയാണ്. മദ്രാസ് വില്ലേജ് ആക്റ്റ് പ്രകാരം 1920-ൽ ഡിസ്ട്രിക്ട് ബോര്‍ഡുകളും അവിറ്റെ നിലവിൽവന്നു. നാട്ടുരാജ്യങ്ങളിൽ കൊച്ചിയിലാണ് ഇത്തരമൊരു നിയമം ആദ്യം നടപ്പിലാക്കുന്നത് - 1914-ലെ കൊച്ചി പഞ്ചായത്ത് ആക്റ്റ്. ഒരു ദശാബ്ദം കഴിഞ്ഞ് 1925-ൽ തിരുവിതാംകൂറിൽ തിരുവിതാകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്റ്റും വന്നു.
തിരു-കൊച്ചി ഉണ്ടായപ്പോൾ ആ രണ്ടു നാട്ടുരാജ്യത്തെയും നിയമങ്ങൾ ഏകീകരിക്കപ്പെട്ടു. 1950 -ൽ തിരുവിതാംകൂർ - കൊച്ചി പഞ്ചായത്ത് ആക്ട് വന്നു. ഇതോടൊപ്പം ആദ്യത്തെ അതിര്‍ത്തിനിര്‍ണ്ണയക്കമ്മിറ്റിക്കും രൂപം നല്ക്കി. അതുപ്രകാരം അന്ന് തിരു-കൊച്ചി സംസ്ഥാനത്ത് നിലവിൽവന്നത് 458 ഗ്രാമപഞ്ചായത്തുകളാണ്.
എന്നാൽ, കാര്യമായ മാറ്റങ്ങളൊന്നും അതു കൊണ്ടുവന്നില്ല. എന്നാൽ, അപ്പോഴെല്ലാം അധികാരം കീഴേത്തട്ടിലേക്കു കൈമാറേണ്ടതിന്റെ പ്രാധാന്യം നാടിന്റെ ഭാവിയെപ്പറ്റി ചിന്തിച്ചിരുന്ന ദേശീയപ്രസ്ഥാനത്തിലെ ഒരുവിഭാഗം ശക്തമായി മനസിലാക്കുകയും അതിനായി നിലപാടെടുക്കുകയും ചെയ്തിരുന്നു.
തിരുവിതാംകൂറിനെ ഇൻഡ്യൻ യൂണിയനിൽ ചേർക്കാതെ സ്വതന്ത്രരാജ്യമാക്കാൻ നടത്തിയ ശ്രമത്തിനെതിരെ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പോരാട്ടവും ഭാഷാടിസ്ഥാനത്തിലുള്ള ഐക്യകേരളം രൂപവത്ക്കരിക്കാനായി ‘പദം പദം ഉറച്ചു നാം പാടിപ്പാടിപ്പോകുക, പാരിലൈക്യകേരളത്തിൻ കാഹളം മുഴക്കുവാൻ’ എന്ന പാട്ടുംപാടി കേരളമാകെ ജാഥകൾ നയിച്ചതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. അതിനെല്ലാം നേതൃത്വം കൊടുത്ത് ഐക്യകേരളം എന്ന ആശയത്തിനായി ശക്തമായ നിലപാടെടുത്തവരാണ് ആ കേരളം എങ്ങനെ ആകണമെന്നകാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്.
മൂന്നു നാടുകളിൽ നിലനിന്ന ഭരണപ്രവർത്തനങ്ങളെ കേവലമായി ഏകോപിപ്പിക്കുക എന്നതായിരുന്നില്ല അത്. നിലനിന്ന ഭരണകൂടങ്ങളുടെ എല്ലാ സ്വഭാവവിശേഷങ്ങളും തകർത്ത് ജനകീയവും വികസനോന്മുഖവുമായ ഭരണസംവിധാനം നടപ്പാക്കുക എന്ന കാഴ്ചപ്പപ്പാടാണ് കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയിലൂടെ കമ്മ്യൂണിസ്റ്റായി മാറിയ വിഭാഗം മുന്നോട്ടുവച്ചത്. ഒന്നേകാൽക്കോടി മലയാളികൾ എന്ന പുസ്തകം 1946 ജനുവരിയിൽ ഇ. എം. എസ്. നമ്പൂതിരിപ്പാട് രചിച്ചത് ഈ കാഴ്ചപ്പാട് അവതരിപ്പിക്കാനാണ്.
അതിലെ ‘ഒരു നവീനകേരളം സൃഷ്ടിക്കാൻ’ എന്ന അദ്ധ്യായത്തിൽനിന്ന് ഒരുഭാഗം ഉദ്ധരിക്കാം: “... പ്രധാനമായി ചെയ്യേണ്ടത് ജനങ്ങളുടെ മീതെ നില്ക്കുന്നവരാണു ഗവണ്മെന്റ് ഉദ്യോഗസ്ഥരെന്ന ഇന്നത്തെ നില അവസാനിപ്പിക്കുകയാണ്; വില്ലേജുദ്യോഗസ്ഥർമുതൽ മേല്പോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും ജനാധിപത്യപരമായി നിയന്ത്രിക്കാനുള്ള ഏർപ്പാടുണ്ടാക്കുകയാണ്. ഓരോ വില്ലേജിലും പഞ്ചായത്ത്; വില്ലേജുദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തിന്; താലൂക്കിനും ഡിസ്റ്റ്രിക്റ്റിനും ബോർഡുകൾ; അതിന്റെ അതിർത്തിക്കുള്ളിലുള്ള ഉദ്യോഗസ്ഥർ ഈ ബോർഡുകളുടെ കീഴിൽ; പട്ടണങ്ങൾക്കു മുനിസിപ്പാലിറ്റിയും അതിനു കീഴ്പെട്ടുമാത്രം ഉദ്യോഗസ്ഥരും; ഈ പ്രാദേശികസ്വയംഭരണസ്ഥാപനങ്ങൾക്കെല്ലാം പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പും – ഇതെല്ലാംകൊണ്ടുമാത്രമേ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ.”അതെ, അന്നേ എത്ര വ്യക്തമായ വീക്ഷണമാണ് ഉണ്ടായിരുന്നതെന്ന്! ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകവും ഇതേ ഉദ്ദേശ്യത്തിൽ ഇ. എം. എസ്. രചിച്ചതാണ്.
അധികാരവികേന്ദ്രീകരണംസംബന്ധിച്ച് രാജ്യത്തുതന്നെ സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ആളാണ് അദ്ദേഹം. വായനക്കാർക്കും കാഴ്ചപ്പാടു വികസിപ്പിക്കാൻ പര്യാപ്തമാകും എന്നതിനാൽ അദ്ദേഹത്തിന്റെ ദർശനവ്യക്തത വെളിവാക്കുന്ന ഒരു നിരീക്ഷണംകൂടി ചൂണ്ടിക്കാട്ടാം. ഇൻഡ്യയിൽ പഞ്ചായത്തീരാജ് സംവിധാനം വേരുറപ്പിക്കാത്തതിന്റെ കാരണങ്ങൾ പഠിക്കാൻ 1978-ൽ അന്നത്തെ ജനതാസർക്കാർ നിയോഗിച്ച അശോക് മേത്ത കമ്മിഷൻ റിപ്പോർട്ടിൽ ഇ.എം.എസ്. എഴുതിയ വിയോജനക്കുറിപ്പിലെ ഒരു ഭാഗമാണത്:
“ജനാധിപത്യവികേന്ദ്രീകരണത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥനം ഇതാണ്. മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കും എതിരെയുള്ള അദ്ധ്വാനിക്കുന്നവരുടെ ദൈനംദിനസമരത്തില്‍ ഇത്തരമൊരു വ്യവസ്ഥ കൂടുതല്‍ സഹായകരമായിരിക്കും. അതിനാൽ പഞ്ചായത്തീരാജ്‌സ്ഥാപനങ്ങളെ രാജ്യത്തിന്റെ ഭരണത്തിന്റെ അവിഭാജ്യഭാഗമെന്നതിൽനിന്നു വ്യത്യസ്തമായി കാണാൻ എനിക്കു കഴിയില്ല. അതുകൊണ്ടുതന്നെ ഭരണപരമായ ധർമ്മങ്ങളും നിയന്ത്രണാധികാരങ്ങളും തമ്മിൽ വ്യത്യാസവും കാണാൻ കഴിയില്ല. വിദേശകാര്യം, രാജ്യരക്ഷ, നാണയം, വാർത്താവിനിമയം തുടങ്ങിയ ചില മേഖലകൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ വച്ച് ബാക്കിയെല്ലാം സംസ്ഥാനങ്ങളിലേക്കും അവിടെന്നു ജില്ലകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ട മറ്റു സമിതികളിലേക്കും നല്കുക എന്നതാണ് നമുക്ക് ആവശ്യം.”
ഭരണാസ്ഥിരതയുടെ നഷ്ടങ്ങൾ
ഇ. എം. എസിന്റെ നേതൃത്വത്തിൽ 1957-ൽ അധികാരത്തിൽവന്ന ആദ്യമന്ത്രിസഭതന്നെ പഞ്ചായത്തുകളുടെ ഭരണപരിഷ്ക്കാരം സംബന്ധിച്ച് ഒരു കമ്മിറ്റിയെ വച്ചു. മുഖ്യമന്ത്രിതന്നെ ആയിരുന്നു അദ്ധ്യക്ഷൻ. അതിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു: “കാര്യക്ഷമമായ ഭരണസംവിധാനത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യം താഴേത്തലങ്ങളിലേക്ക് അധികാരം വിന്യസിക്കുകയാണ്. വികേന്ദ്രീകരണത്തിന്റെ അവശ്യപൂരകമാണ് ജനാധിപത്യവത്ക്കരണം.”
മൂന്നു തട്ടുകൾ വേണമെന്നും അടിസ്ഥാനഘടകം ഗ്രാമപ്പഞ്ചായത്ത് ആയിരിക്കണമെന്നും രണ്ടാം തട്ട് താലൂക്കുതലത്തിൽ ആകണമെന്നും ആയിരുന്നു ശുപാർശ. നടുവിലെ തട്ട് ഉപദേശകസമിതി ആയാൽ മതി. ജില്ലാഭരണത്തിന്റെ കാര്യത്തിൽ കമ്മിറ്റിയിൽ അഭിപ്രായൈക്യം ഉണ്ടായില്ല. ജില്ലയിൽ കളക്റ്റർ അദ്ധ്യക്ഷനായ ഉപദേശകസമിതി മതിയെന്നും പോരാ, എല്ലാ നിർവ്വഹണാധികാരവുമുള്ള ജില്ലാക്കൗൺസിൽ വേണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കണം ഇതിന്റെ അദ്ധ്യക്ഷരെന്നും രണ്ട് അഭിപ്രായങ്ങൾ റിപ്പോർട്ടിൽ കാണാം.
ഇതിന്റെ അടിസ്ഥാനത്തിൽ 1958 ഡിസംബർ 9-നു ‘കേരള പഞ്ചായത്ത് ബില്ലും’ 1959 ഏപ്രിൽ 16-നു ‘ജില്ലാക്കൗൺസിൽ ബില്ലും’ നിയമസഭയിൽ അവതരിപ്പിച്ചുച്ചെങ്കിലും ’59 ജൂലൈ 31-നു കേന്ദ്രം നിയമസഭ പിരിച്ചുവിട്ടതിനാൽ രണ്ടുബില്ലും പാസാക്കാൻ കഴിഞ്ഞില്ല. പിന്നീട് 1960-ലും 61-ലുമായി ‘കേരള പഞ്ചായത്ത് നിയമ’വും ‘കേരള മുനിസിപ്പൽ നിയമ’വും ‘കേരള മുനിസിപ്പൽ കോർപ്പറേഷൻ നിയമ’വും പാസാക്കി. നിയമം വിപുലമായ മേഖലകളും അധികാരങ്ങളും പഞ്ചായത്തുകൾക്കു നിർദ്ദേശിച്ചിരുന്നെങ്കിലും മിക്കതും നല്കപ്പെട്ടില്ല. കൈയിലിരിക്കുന്ന അധികാരങ്ങൾ വിട്ടുകൊടുക്കണമെങ്കിൽ അതിനുള്ള രാഷ്ട്രീയയിച്ഛാശക്തി ആവശ്യമാണ്.
ഇ. എം. എസ്. മന്ത്രിസഭയെ പുറത്താക്കിയതിനാൽ പാസാകാതെപോയ ‘പഞ്ചായത്ത് യൂണിയൻ കൗൺസിൽ - ജില്ലാപരിഷത് ബിൽ’ ആർ. ശങ്കർ മന്ത്രിസഭ 1964 ഫെബ്രുവരിയിൽ അവതരിപ്പിച്ചു.
1967-ൽ രണ്ടാം ഇ. എം. എസ്. മന്ത്രിസഭ വന്ന് ആറുമാസത്തിനകം 1959-ലെ ബിൽ പരിഷ്ക്കരിച്ച് ‘കേരള പഞ്ചായത്ത് രാജ് ബിൽ 1967’ അവതരിപ്പിക്കുകയും നിയമസഭാ സെലക്റ്റ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെകൂടി അടിസ്ഥാനത്തിൽ സമഗ്രമായ ബിൽ 1969 മാർച്ച് 26-നു വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ, ആ നിയമസഭയെയും അതു പാസാക്കുമ്മുമ്പ് പിരിച്ചുവിട്ടു.
1970-ലെ അച്യുതമേനോൻ മന്ത്രിസഭ ആ ബില്ല് ‘കേരള ജില്ലാഭരണബിൽ 1971’ എന്ന പേരിൽ അവതരിപ്പിച്ചെങ്കിലും അടിയന്തരാവസ്ഥയ്ക്കുശേഷം 1978 ഓഗസ്റ്റ് 1-നു മാത്രമാണ് ചില മാറ്റങ്ങളോടെ പാസാക്കപ്പെട്ടത്. 1980 മേയ് 18-നു നിയമവും പിന്നാലെ ചട്ടങ്ങളുമായി. എന്നാൽ അതിനപ്പുറം പുരോഗതി ഉണ്ടായില്ല.
1982-ലെ മന്ത്രിസഭയും ഇതു നടപ്പാക്കിയില്ല. ഭേദഗതികൾ വേണം എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നീണ്ടുപോകുകയായിരുന്നു. നിയമഭേദഗതി നിർദ്ദേശിക്കാൻ വച്ച കമ്മിറ്റി റിപ്പോർട്ട് പോലും നല്കിയില്ല!
ഇക്കാലമത്രയും പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പുകളേ നടക്കുകയുണ്ടായില്ല! 1964-ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണസമിതികളുടെ കാലാവധി 1969-ല്‍ കഴിഞ്ഞെങ്കിലും അവ 1978-വരെ തുടരുകയായിരുന്നു. പിന്നീട് 1979-ലാണ് തെരഞ്ഞെടുപ്പ്. അന്നു തെരഞ്ഞെടുക്കപ്പെട്ട സമിതികളുടെ കാലാവധി 1984-ല്‍ അവസാനിച്ചെങ്കിലും അന്നും തെരഞ്ഞെടുപ്പ് നടത്തിയില്ല. പകരം, ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. പിന്നീട് 1988-ൽ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണു തെരഞ്ഞെടുപ്പു നടന്നത്. അന്നുമുതലാണ് തദ്ദേശഭരണതെരഞ്ഞെടുപ്പു കൃത്യമായി നടന്നുതുടങ്ങിയത്.
ജില്ലാക്കൗൺസിലും അധികാരവിനിമയവും
വീണ്ടും അധികാരവികേന്ദ്രീകരണശ്രമം ഉണ്ടാകുന്നതും ആ മന്ത്രിസഭയുടെ കാലത്താണ്. ജില്ലാക്കൗൺസിൽ സംവിധാനം വരുന്നത് അന്നാണ്. രാജ്യത്ത് ആദ്യത്തെ ജില്ലാക്കൗൺസിൽ ആയിരുന്നു അത്. രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കു 30 ശതമാനം സംവരണവും ഏർപ്പെടുത്തി. അങ്ങനെ 1991 ഫെബ്രുവരി 5-നു ജില്ലാക്കൗൺസിലുകൾ നിലവിൽ വന്നു. പത്തൊൻപതു പ്രധാന വകുപ്പുകളും 240 വിഷയവും ജില്ലാക്കൗണ്‍സിലുകള്‍ക്കു കൈമാറി. സംസ്ഥാനബജറ്റിന്റെ 24 ശതമാനവും കൈമാറി. കൂടാതെ അഞ്ചുശതമാനം ബജറ്റ് വിഹിതം വേറെയും നല്‍കി. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രാതിനിധ്യത്തോടെ പദ്ധതികള്‍ നടപ്പാക്കാനാായിരുന്നു ഇത്. ജില്ലാക്കൗൺസിൽ പ്രസിഡന്റുമാരുടെ പദവി പ്രോട്ടോക്കോൾ പ്രകാരം എം. എൽ. എ. മാർക്കും എം. പി. മാർക്കും മുകളിൽ ആയിരുന്നു. പലനിലയ്ക്കും രാജ്യത്തിനാകെ മാതൃകയായിരുന്നു ജില്ലാക്കൗൺസിൽ നിയമം.
അതേ സർക്കാർ അധികാരവികേന്ദ്രീകരണം പഠിക്കാൻ രണ്ടു കമ്മിഷനുകളെ നിയോഗിച്ചിരുന്നു. മികച്ച പഞ്ചായത്ത് രാജ് സംവിധാനം ഉണ്ടായിരുന്ന പശ്ചിമബംഗാളിന്റെ ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷനും ധനതത്വശാസ്ത്രജ്ഞനുമായിരുന്ന എസ്. ബി. സെൻ അന്നാണ് കേരളത്തിനുവേണ്ടി ആദ്യമായി റിപ്പോർട്ട് നല്ക്കുന്നത്. മറ്റൊരു കമ്മിഷൻ ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനായിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ഒരു പ്രധാനധനസ്രോതസായി മാറിയ ഉപാധിരഹിതഫണ്ട് എന്ന നിർദ്ദേശം സെന്നിന്റേതായിരുന്നു. സങ്കീർണ്ണസാങ്കേതികവിദ്യ വേണ്ടാത്ത ഗ്രാമതലപ്രവർത്തനങ്ങളെല്ലാം പഞ്ചായത്തുകൾക്കു കൈമാറുക, പദ്ധതികൾ തെരഞ്ഞെടുക്കാൻ കൂടുതൽ അധികാരം നല്കുക തുടങ്ങി പങ്കാളിത്തത്തിന്റെയും ആസൂത്രണത്തിന്റെയും ധാരാളം ആശയങ്ങൾ സെൻ മുന്നോട്ടുവച്ചു.
കേരള പഞ്ചായത്ത് നിയമം, കേരള മുനിസിപ്പൽ നിയമം എന്നിവയിലെ അപാകങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് രാമചന്ദ്രൻ കമ്മിറ്റി നല്കിയത്. പഞ്ചായത്തുകളുടെ നിർവ്വഹണാധികാരം എക്സിക്യൂട്ടീവ് ഓഫീസർമാരിൽനിന്നു മാറ്റി പ്രസിഡന്റിനു നല്കണമെന്നും എക്സിക്യൂട്ടീവ് ഓഫീസർമാരെ പഞ്ചായത്ത് ഓഫീസ് സെക്രട്ടറിമാർ ആക്കണമെന്നും നിർദ്ദേശിച്ചത് അദ്ദേഹമാണ്. കളക്റ്റർ ജില്ലാക്കൗൺസിലിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, ആ സർക്കാരിനുശേഷം ജില്ലാക്കൗൺസിലിന്റെ അധികാരങ്ങൾ മിക്കതും തിരിച്ചെടുക്കുന്ന നിലയാണുണ്ടായത്; ധനം നല്കിയുമില്ല. കാലാവധി തീരാൻ രണ്ടുവർഷം ബാക്കിനില്ക്കെ 1994 ഏപ്രിലിൽ അവയെ പിരിച്ചുവിടുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാക്കൗൺസിലുകളാണ് അതോടെ ഇല്ലാതായത്.
1992-ൽ പാസാക്കിയ ഭരണഘടനാഭേദഗതികളിൽ 73–ാം ഭേദഗതി 1993 എപ്രില്‍ 24-നും 74–ാം ഭേദഗതി 1993 ജൂണ്‍ 1-നും രാഷ്ട്രപതി ഒപ്പുവച്ചതോടെ പ്രാബല്യത്തില്‍ വന്നു. ഇവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം നിർമ്മിച്ച പുതിയ പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങൾ 1994 ഏപ്രിൽ 23-നു നിലവിൽവന്നതോടെ ജില്ലാക്കൗൺസിൽ നിയമവും റദ്ദായി.
ഈ ജില്ലാക്കൗൺസിലുകൾ ഭരണഘടനാഭേദഗതികളുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന ജില്ലാപ്പഞ്ചായത്തു മാതിരി ആയിരുന്നില്ല. ജില്ലാപ്പഞ്ചായത്ത് ആ ജില്ലയിലെ ഗ്രാമങ്ങൾക്കു മാത്രമുള്ളതാണല്ലോ. നഗരങ്ങളും പട്ടണങ്ങളും അതിനു പുറത്താണ്. അതുകൊണ്ടുതന്നെ ജില്ലാതലത്തിൽ ഒരു ജനകീയഭരണസംവിധാനം എന്നത് അസാദ്ധ്യമായി. ഫലമോ, ജില്ലാതലം ഉദ്യോഗസ്ഥസംവിധാനമായി തുടർന്നു; ജനകീയസംവിധാനങ്ങളായി മാറിയ ത്രിതലപഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും എല്ലാം മീതെ കളക്റ്റർമാർ സർവ്വാധികാരികളായും. ജില്ലയ്ക്കു സമഗ്രമായ ജനകീയപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായി.
എന്നാൽ കേരളം നടപ്പാക്കിയ ജില്ലാക്കൗൺസിൽ നഗരസഭകളും കോർപ്പറേഷനുകളും അടക്കം മുഴുവൻ ജില്ലയ്ക്കുംവേണ്ടിയുള്ളത് ആയിരുന്നു. സംസ്ഥാനസർക്കാരിന്റെ വിപുലമായ അധികാരങ്ങൾ ജില്ലാക്കൗൺസിലുകൾക്കു കൈമാറുകയും ചെയ്തു. കളക്റ്റർമാർ അതിന്റെ സെക്രട്ടറിയുടെ ചുമതലകൂടി വഹി കളക്റ്റർ എന്ന പദവി ജില്ലാക്കൗൺസിൽ സെക്രട്ടറി എന്നാക്കി മാറ്റേണ്ടതായിരുന്നു എന്നതു മാത്രമാണ് അന്നു പലരും കണ്ട ഏക പരിമിതി.
ഭരണഘടനാഭേദഗതികളുടെ അടിസ്ഥാനത്തിലുള്ള പുതിയ നിയമങ്ങൾ പ്രകാരമുള്ള തദ്ദേശഭരണസ്ഥാപനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരമേല്ക്കുന്നത് 1995 ഒക്റ്റോബർ 2-നാണ്. എന്നാൽ, ഇവയ്ക്ക് കാര്യമായ അധികാരമൊന്നും നല്കപ്പെട്ടില്ല. അവ യഥാർത്ഥത്തിൽ ശാക്തീകരിക്കപ്പെടുന്നത് അടുത്തവർഷം ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനത്തോടെയാണ്.
വികസനപ്രതിസന്ധി മറികടക്കാൻ
1996-ൽ വന്ന നായനാർമന്ത്രിസഭയാണ് ജനകീയാസൂത്രണപ്രസ്ഥാനം സംഘടിപ്പിക്കുന്നത്. അതിനു മറ്റൊരു പശ്ചാത്തലംകൂടിയുണ്ട്.
കേരളത്തിൽ 1970-കളിൽ രൂപപ്പെട്ടുതുടങ്ങിയ ഉത്പാദനയിടിവിന്റെയും തൊഴിലില്ലായ്മയുടെയും മറ്റും ഫലം സംസ്ഥാനത്തിന്റെ ഭാവിയെ അപകടപ്പെടുത്തുമാറ് വലിയൊരു വികസനപ്രതിസന്ധിയായി അപ്പോഴേക്കു വളർന്നിരുന്നു. ആ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാർഗ്ഗങ്ങൾ ആരായാൻ 1994-ലെ ‘രാജ്യാന്തര കേരളപഠനകോൺഗ്രസ്’ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതിവിപുലമായ പ്രവർത്തനം സംഘടിപ്പിച്ചത് എ. കെ. ജി. പഠനഗവേഷണകേന്ദ്രമാണ്.
അതിലേക്കു വഴിതുറന്ന സാഹചര്യം ഇ. എം. എസ്. അന്നെഴുതിയ ഒരു ലേഖനത്തിൽ വിശദീകരിക്കുകയുണ്ടായി. നിരന്തരമായ രാഷ്ട്രീയാസ്ഥിരതകൾ കാരണം ഭൂപരിഷ്ക്കരണം അടക്കമുള്ള ആദ്യപ്രവർത്തനങ്ങളുടെ തുടർച്ചയിൽ ശ്രദ്ധിക്കാനായിരുന്നില്ലെന്നും ആ സാഹചര്യം മാറിയതുകൊണ്ടാണ് ജില്ലാക്കൗൺസിൽ യാഥാർത്ഥ്യമാക്കാനും സമ്പൂർണ്ണസാക്ഷരതായജ്ഞം നടത്താനുമൊക്കെ കഴിഞ്ഞതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ആ പഠനക്കോൺഗ്രസിൽ രാജ്യാന്തരതലത്തിൽനിന്നടക്കം ആയിരത്തിലേറെ പ്രതിനിധികളും അറുനൂറിലേറെ പ്രബന്ധങ്ങളും ഉണ്ടായിരുന്നു. മൂന്നു ദിവസം 73 വേദികളിൽ കേരളത്തിന്റെ സമസ്തമേഖലകളും തലനാരിഴകീറി പരിശോധിച്ച പഠനോത്സവമായി അതു മാറി.
കേരളത്തിന്റെ പ്രശ്നങ്ങൾക്കുള്ള പ്രധാനപരിഹാരമായി അന്ന് ഇ. എം. എസ്. മുന്നോട്ടുവച്ചത് ജനാധിപത്യവികേന്ദ്രീകരണമാണ്. അദ്ദേഹം ഉദ്ഘാടനപ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയാണ്: “ഇക്കാര്യത്തിലെ നമ്മുടെ പുരോഗതി വളരെ പതുക്കെയാണ്. ഭരണഘടനയുടെ 73, 74 ഭേദഗതികൾ ഉപയോഗിക്കപ്പെട്ടത് ജനാധിപത്യവികേന്ദ്രീകരണത്തിനു പകരം ഉദ്യോഗസ്ഥസംവിധാനത്തിന്റെ കേന്ദ്രീകരണത്തിനാണ്. മണ്ണും വെള്ളവും പരിപാലിക്കാനും സാമൂഹിക അടിസ്ഥാനസൗകര്യങ്ങളുടെ ഗുണമേന്മ ഉയർത്താനും സാംസ്ക്കാരികവികസനത്തിനും പുതിയ സാമൂഹിക, സാമ്പത്തിക സ്ഥാപനങ്ങൾ നാം ആരംഭിക്കേണ്ടതുണ്ട്. വികസനപ്രക്രിയയിൽ ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും സുസ്ഥിരമായരീതിയിൽ ഏകോപിപ്പിക്കുകയും വേണം.”
ആ പഠനക്കോൺഗ്രസിലാണ് പ്രാദേശികവിഭവസമാഹരണത്തിന്റെയും പ്രാദേശികാസൂത്രണത്തിന്റെയും പങ്കാളിത്തനിർവ്വഹണത്തിന്റെയും ആശയങ്ങൾ മൂർത്തത കൈവരിക്കുന്നത്. അതിൽനിന്നാണ് ജനകീയാസൂത്രണം എന്ന ആശയത്തിന്റെ പിറവി.
ജനകീയാസൂത്രണം എന്ന വിപ്ലവം
പ്രാദേശികവികസനത്തിന്റെ ആസൂത്രണം മുതൽ നടപ്പാക്കൽ വരെ ജനപങ്കാളിത്തത്തോടെ നിർവ്വഹിക്കുക എന്ന മഹത്തായ ആശയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു ജനകീയാസൂത്രണം. ലോകമാകെ സശ്രദ്ധം വീക്ഷിച്ച വികസനപരീക്ഷണം. സമീപകാലാനുഭവം ആയതിനാൽ വിശദാംശങ്ങളിലേക്കു പോകുന്നില്ല. പ്രാദേശികമായ ശേഷികളിൽ അതുണ്ടാക്കിയ മാറ്റത്തിന്റെ ഗുണഫലമാണ് കോവിഡും പ്രളയവുമൊക്കെ വന്നപ്പോൾ കേരളത്തെ പിടിച്ചുനിർത്തിയത്.
ജനകീയാസൂത്രണം നടപ്പിലാക്കിയ നായനാർ മന്ത്രിസഭ അധികാരവികേന്ദ്രീകരണം കൂടുതൽ ഫലപ്രദമാക്കാനുള്ള നിർദ്ദേശങ്ങൾ നല്കാനായി എസ്. ബി. സെന്നിനെ വീണ്ടും നിയോഗിച്ചു. സെൻ കമ്മിറ്റി എന്ന് അറിയപ്പെടുന്ന ഈ കമ്മിറ്റിയുടെ ചുമതല സെന്നിന്റെ നിര്യാണത്തെത്തുടർന്ന് മുൻ തദ്ദേശഭരണമന്ത്രി വി. ജെ. തങ്കപ്പനാണു വഹിച്ചത്. കമ്മിറ്റിയുടെ ശുപാർശപ്രകാരം അന്നത്തെ അധികാരവികേന്ദ്രീകരണനിയമങ്ങളിൽ ഒട്ടനവധി അടിസ്ഥാനമാറ്റങ്ങൾ ആ സർക്കാർ വരുത്തുകയുണ്ടായി. പാലോളി മുഹമ്മദുകുട്ടി ആയിരുന്നു ആ ചരിത്രമാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച തദ്ദേശഭരണമന്ത്രി.
വലിയതോതിൽ അധികാരങ്ങൾ താഴേത്തലത്തിലേക്കു കൈമാറ്റപ്പെടുന്നത് അന്നാണ്. സംസ്ഥാനസർക്കാരിന്റെ പഞ്ചവത്സരപദ്ധതിയുടെ മൂന്നിലൊന്ന് തദ്ദേശഭരണസ്ഥാപനങ്ങൾക്കു നല്കാനുള്ള വിപ്ലവാത്മകമായ തീരുമാനം എടുത്തതും നടപ്പാക്കിയതും ആ നായനാർ സർക്കാരാണ്. മാത്രവുമല്ല, ഏതു സർക്കാർ വന്നാലും രാഷ്ട്രീയപക്ഷപാതിത്വം ധനവിതരണത്തിൽ ഉണ്ടാകാതിരിക്കാൻ അതിനു കൃത്യമായ മാനദണ്ഡങ്ങളും നിശ്ചയിച്ചു. ആ പദ്ധതിരൂപവത്ക്കരണ-നിർവ്വഹണയജ്ഞമായിരുന്നല്ലോ ജനകീയാസൂത്രണം.
നമ്മുടെ ഗ്രാമനഗരങ്ങളിലെ ആയിരക്കണക്കിനു മനുഷ്യർ വികസനത്തിന്റെ സമഗ്രപാഠങ്ങൾ പഠിച്ച അതിതീവ്രപരിശീലനങ്ങളുടെയും നാടൊട്ടുക്കും നടന്ന വിഭവസർവ്വേ അടക്കമുള്ള പഠനപ്രവർത്തനങ്ങളുടെയും ഗ്രാമസഭകൾ അടക്കമുള്ള കൂട്ടായ ആലോചനകളുടെയും വികസനാവശ്യങ്ങൾ പട്ടികപ്പെടുത്തി മുൻഗണന നിശ്ചയിച്ചു പ്രൊജക്റ്റുകൾ ആക്കി പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെയുമൊക്കെ ജനകീയവിജ്ഞാനോത്സവകാലം ആയിരുന്നു അത്. വിദഗ്ദ്ധസമിതികളുടെ സഹായത്തോടെ പരിശോധിച്ചു ജില്ലാവികസനസമിതികൾ അംഗീകരിച്ച പദ്ധതികൾ ജനപങ്കാളിത്തത്തോടെതന്നെ നടപ്പാക്കപ്പെട്ടു. ആ അനുഭവത്തിന്റെ ഊർജ്ജമാണ് പ്രാദേശികഭരണത്തിൽ നാം ഇന്നും കാണുന്നത്. അതേപ്പറ്റി വിവരിക്കാൻ തുടങ്ങിയാൽ പുസ്തകങ്ങൾതന്നെ വേണ്ടിവരും.
ജനകീയാസൂത്രണത്തിനുശേഷം
എന്നാൽ, ആ മഹാപ്രസ്ഥാനത്തിന്റെ അനിവാര്യമായ തുടർച്ചയ്ക്കു വിഘാതം നേരിട്ടു. ആസൂത്രണസംവിധാനത്തെ വ്യവസ്ഥപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, അതു കുറെയെല്ലാം ദുർബ്ബലപ്പെടുന്നതാണു നാം കണ്ടത്.
ജനകീയാസൂത്രണത്തിന്റെ ചുക്കാൻ പിടിച്ച പാലോളി മുഹമ്മദുകുട്ടിതന്നെ 2006-ലെ വി. എസ്. മന്ത്രിസഭയിലും തദ്ദേശഭരണമന്ത്രിയായി. പഞ്ചായത്ത്, മുനിസിപ്പൽ വകുപ്പുകളുടെ ഏകീകരണവും പൊതുസർവ്വീസ് നടപ്പിലാക്കാനുള്ള പ്രവർത്തനവും ജനകീയാസൂത്രണസമ്പ്രദായം വ്യവസ്ഥപ്പെടുത്താനുള്ള നടപടികളുമെല്ലാം അദ്ദേഹം കൈക്കൊണ്ടു. 1996-ലെ മാതിരി ഒരു ജനകീയപ്രസ്ഥാനമായി വീണ്ടും കെട്ടിപ്പടുക്കാനാവാത്തവിധം കാര്യങ്ങൾ മാറിമറിഞ്ഞിരുന്നതിനാൽ അതിനു കഴിയുമായിരുന്നില്ല. എന്നാൽ, ജനകീയാസൂത്രണസമ്പ്രദായം ഗണ്യമായി ശക്തിപ്പെടുത്താൻ അന്നു കഴിഞ്ഞു.
എന്നാൽ, തദ്ദേശഭരണവകുപ്പ് വീണ്ടും പഞ്ചായത്തുവകുപ്പും നഗരകാര്യവകുപ്പും ഗ്രാമവികസനവകുപ്പുമായി 2011-ൽ വിഭജിക്കപ്പെട്ടത് വലിയ തിരിച്ചടിയായി. കേന്ദ്രാവിഷ്ക്കൃതപദ്ധതികൾക്കുമേൽ നിയന്ത്രണം ശക്തമായതും അധികാരവികേന്ദ്രീകരണത്തെ ബാധിച്ചു. കുടുംബശ്രീയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിന്റെ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം കിടന്നതൊക്കെ ആ ഘട്ടത്തിലാണ്. അതെല്ലാം കേരളം പടുത്തുയർത്തിക്കൊണ്ടുവന്ന അധികാരവികേന്ദ്രീകരണശ്രമങ്ങളെയും കീഴ്ത്തട്ടിൽനിന്നുള്ള പദ്ധതിരൂപവത്ക്കരണത്തെയും ജനപങ്കാളിത്തത്തോടെയുള്ള നിർവ്വഹണത്തെയുമെല്ലാം ബാധിച്ചു.
തദ്ദേശഭരണവകുപ്പിനെ വീണ്ടും ഏകീകരിക്കുകയും അധികാരവികേന്ദ്രീകരണത്തിന്റെ തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ. ആ ദിശയിൽ കൈക്കൊണ്ട നടപടികൾ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും മറ്റും സമഗ്രമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ വിവരിക്കുന്നില്ല.
പുതിയ ഭരണസമിതികളുടെ ദൗത്യം
ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയ ഭരണസമിതികൾ തദ്ദേശഭരണസ്ഥാപനങ്ങളിൽ നിലവിൽ വരുന്നത്. ഇതുവരെ വിവരിച്ചതരത്തിൽ ഒട്ടേറെപ്പേരുടെ ജാഗ്രതയോടുകൂടിയ കഠിനപ്രയത്നങ്ങളുടെയും നിരന്തരപഠനങ്ങളുടെയും സുവ്യക്തമായ കാഴ്ചപ്പാടുകളുടെയും കടുത്ത രാഷ്ട്രീയയിച്ഛാശക്തിയുടെയുമൊക്കെ ഉത്പന്നമാണ് ഈ ഭരണസമിതിയംഗങ്ങളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നത്.
കൂടുതൽ അധികാരങ്ങളും വിഭവങ്ങളും നേടിയെടുത്തും പുതിയ വിഭവസ്രോതസുകൾ കണ്ടെത്തിയും അധികാരവും വിഭവങ്ങളും കൂടുതൽ ഫലപ്രദമായും ഭാവനാപൂർൺനമായും വിനിയോഗിച്ചു സമസ്തജനവിഭാഗങ്ങളുടെയും സമഗ്രവികസനവും ക്ഷേമവും സാദ്ധ്യമാക്കുക എന്നതാകണം ഈ ഭരണസമിതികളുടെ അടിസ്ഥാനദൗത്യം. കൂടുതൽ ശാക്തീകരിക്കപ്പെട്ട ഒരു സംവിധാനമായി അടുത്ത അഞ്ചുകൊല്ലം കഴിയുമ്പോൾ അന്നു വരുന്ന ഭരണസമിതിക്കു കൈമാറാൻ കഴിയുമാറ് ഓരോ പ്രാദേശികസർക്കാരിനെയും മാറ്റിത്തീർക്കുക എന്നതാകണം ലക്ഷ്യം.
അതിനെല്ലാം ഊർജ്ജം പകരാൻ പോന്നതാണ് അധികാരാം താഴേക്ക് എത്തിക്കാനും അതിന്റെ പ്രയോഗരൂപങ്ങൾ വികസിപ്പിക്കാനും മുൻതലമുറകൾ നടത്തിയ പരിശ്രമങ്ങൾ. ആ അസ്ഥിവാരത്തിലാകണം പുതിയവയുടെ പടുത്തുയർത്തൽ. അതിന് അധികാരം താഴേക്കു വന്നതിന്റെ ചരിത്രം ഊർജ്ജമാകട്ടെ!
Subscribe to:
Post Comments (Atom)
👍
ReplyDelete