Sunday, 21 March 2021

ഇരുട്ടിലെ കരിംപൂച്ചയല്ല; ‘മുഖ്യശത്രു’ നക്ഷത്രം‌പോലെ മുന്നിൽ

ഇരുട്ടിലെ കരിംപൂച്ചയല്ല; ‘മുഖ്യശത്രു’ നക്ഷത്രം‌പോലെ മുന്നിൽ

 

മനോജ് കെ. പുതിയവിള


(2021 നിയമസഭാതെരഞ്ഞെടുപ്പിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യവും വിവിധകക്ഷികളുടെ തന്ത്രങ്ങളും അവയുടെ പ്രത്യാഘാതവും വിശകലനം ചെയ്യുന്നു.)

 

Picture courtesy: Wikipedia with CC BY-SA 4.0 license. Own work of Kambliyil

രാത്രി എട്ടുമണിക്കായിരുന്നു പ്രധാനമന്ത്രി മോഡിയുടെ നാടകീയവിളംബരം – നോട്ടു നിരോധനം. വെറും മുക്കാൽ മണിക്കൂറിനകമായിരുന്നു കേരളധനമന്ത്രി തോമസ് ഐസക്കിന്റെ പത്രസമ്മേളനം. നോട്ടുനിരോധനം ഹിമാലയൻ മണ്ടത്തരമാണെന്നും പൊളിഞ്ഞുപാളീസാകുമെന്നും ജനങ്ങൾ ദുരിതത്തിലാകുമെന്നും സമ്പദ്ഘടന തകരുമെന്നും നോട്ടുനിരോധനത്തിലൂടെ കള്ളപ്പണമൊന്നും പിടിക്കാനാവില്ലെന്നും കാര്യകാരണസഹിതം ഐസക്ക് തുറന്നടിച്ചു.

2016 നവംബർ എട്ടിലെ പ്രധാനമന്ത്രിയുടെ നാടകീയനീക്കത്തിൽ ആദ്യമൊന്നു പകച്ചുപോയ രാജ്യത്തെ സാമ്പത്തികവിദഗ്ദ്ധരുടെയും പൊതുപ്രവർത്തകരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും ട്രേഡ് യൂണിയനുകൾ അടക്കമുള്ള സംഘടനകളുടെയും കൊള്ളാവുന്ന മാദ്ധ്യമപ്രവർത്തകരുടെയും വൻ നിരയെ കേരളധനമന്ത്രിയുടെ ആദ്യപ്രഹരമാണ് തട്ടിയുണർത്തി കളത്തിലിറക്കിയത്. ആ ചർച്ചയാണ് നോട്ടുനിരോധനനാടകത്തിന്റെ പൊളിയൽ നിരീക്ഷിക്കാനും വസ്തുനിഷ്ഠമായി വിലയിരുത്താനും രാജ്യത്തിനു പ്രേരണയായത്.

2019-ലെ തെരഞ്ഞെടുപ്പിൽ വർഗ്ഗീയചേരിതിരിവും വെറുപ്പും ഹിന്ദുത്വവികാരവും ആളിക്കത്തിക്കാനുള്ള പദ്ധതി ആയിരുന്നു ബീഫിന്റെ പേരിൽ നടത്തിയ കൊലകളും മുസ്ലിം, ദളിത് വിഭാഗങ്ങൾക്കു നേരെ ഉണ്ടായ ആൾക്കൂട്ടക്കൊലകളുമൊക്കെ. അന്ന് കേരളത്തിൽ ഡി.വൈ.എഫ്.ഐ. ആണ് ബീഫ് ഫെസ്റ്റിവൽ നടത്തി വ്യാപകപ്രതിഷേധം സംഘടിപ്പിച്ചത്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കുള്ള ഒന്നാന്തരം മറുപടിയായിരുന്നല്ലോ മാനവസംഗമങ്ങൾ. അവ സംസ്ഥാനത്തു പലയിടത്തും സംഘടിപ്പിച്ചത് മതനിരപേക്ഷമനസുള്ള, ഇടതുചിന്തയുള്ള യുവസമൂഹമായിരുന്നു.

ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ആക്രമിക്കുന്ന, ആളുകളുടെ സ്വകാര്യതകളിൽ കടന്നുകയറി ദുരാചാരഗൂണ്ടായിസം നടത്തുന്ന ഹിന്ദുത്വഫാഷിസ്റ്റ് ആവിഷ്ക്കാരത്തെ ബീച്ചുകളിലും പൊതുവിടങ്ങളിലും ഒന്നിച്ചിരുന്നും സ്നേഹസംഗമങ്ങൾ നടത്തിയും കിസ് ഓഫ് ലൗ എന്ന ചുംബനസമരം നടത്തിയും മനോഹരമായി ചെറുത്തു.

വർഗ്ഗീയതയും അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കാനുള്ള സംഘപരിവാർ ശക്തികളുടെയും അവർ നേതൃത്വം നല്കുന്ന ഭരണസംവിധാനത്തിന്റെയും പിടിയിൽ അമരുകയായിരുന്ന രാജ്യത്തെ തിരിച്ചുപിടിക്കാൻ മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളിൽ ഊന്നി  ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിച്ചത് സി.പി.ഐ.(എം.) നേതാവായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായ കേരളനിയമസഭയാണ്. ഇതരസംസ്ഥാനങ്ങളിലെ യുവാക്കളെയും വിവിധമണ്ഡലങ്ങളിലെ പ്രമുഖരെയും അണിനിരത്തി നടത്തിയ ആ പരിപാടി ദേശീയതലത്തിൽത്തന്നെ സംഘപരിവാർ അജൻഡയ്ക്കേറ്റ അടി ആയിരുന്നു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ നൂറ്റമ്പതാം വാർഷികത്തിൽ ഗാന്ധിഘാതകരെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം ‘രക്തസാക്ഷ്യം’ എന്ന പരിപാടി സംഘടിപ്പിച്ചതും ഇടതുസർക്കാർ.

പിന്നീടാണു ശബരിമലവിവാദം ഉണ്ടാകുന്നത്. കോടതിവിധിയെ ദേശീയതലത്തിൽ സ്വാഗതം ചെയ്ത ആർഎസ്.എസും കോൺഗ്രസും കേരളതലത്തിൽ അനൗദ്യോഗികസഖ്യം തീർത്ത് എതിർക്കുകയും ശബരിമലയിലും സംസ്ഥാനത്തുടനീളവും കലാപം സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അതിവിപുലമായ ബോധവത്ക്കരണവും പ്രതിരോധവും സംഘടിപ്പിച്ചത് സി.ഐ.ഐ(എം.) നേതൃത്വം നല്കുന്ന സർക്കാരും മുന്നണിയുമാണ്. സ്ത്രീകളെ സംഘടിപ്പിച്ചു നടത്തിയ വനിതാമതിൽ വിവേചനങ്ങൾക്കെതിരെ ലിംഗനീതിക്കായുള്ള ബൃഹത്തായ ഉദ്ബോധനം‌കുടി ആയിരുന്നു. നവോത്ഥാനത്തിന്റെ സന്ദേശം ഉയർത്തി മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം മഹാസമ്മേളനങ്ങളിൽ സുദീർഘം പ്രസംഗിച്ചതും നവോത്ഥാനചരിത്രം പറയുന്ന പ്രദർശനങ്ങൾ സംഘടിപ്പിച്ചതും വിദ്യാലയങ്ങളിൽ ഭരണഘടനാസന്ദേശം പ്രചരിപ്പിച്ചതും അതിനായി പുസ്തകം പ്രസിദ്ധീകരിച്ചതും ഭരണഘടനാസംരക്ഷണവാരം ആചരിച്ചതുമൊക്കെ സംഘപരിവാറിന്റെ വിഷബീജങ്ങളിൽനിന്നു കേരളസമൂഹത്തെ സംരക്ഷിക്കാനായിരുന്നു.

അന്ന് ഭരണഘടനയുടെ മുഖപ്രസാദമായ ‘വി, ദ് പീപ്പിൾ’ എന്ന ഖണ്ഡം പേരാക്കി നടത്തിയ മഹാസംഗമവും ആർത്തവത്തിന് അശുദ്ധി പ്രഖ്യാപിക്കുന്ന കാലഹരണപ്പെട്ട ദുരാചാരത്തിനെതിരെ പെണ്ണവകാശത്തിനായി, സമത്വത്തിനായി സംഘടിപ്പിച്ച ‘ആർപ്പോ ആർത്തവ’വും രാഷ്ട്രീയബാനറുകൾക്ക് അതീതമായി കേരളത്തിലെ ഇടതുമതനിരപേക്ഷമനസിന്റെ മുന്നറിയിപ്പുകൾ ആയിരുന്നു.

എത്ര വിപുലമായ വിജ്ഞാനവ്യാപനമാണ് ആ ഘട്ടത്തിലൊക്കെ കേരളത്തിൽ നടന്നത്. അതിന്റെയൊക്കെ സ്വാധീനം വരുംകാലങ്ങളിലാണു കൂടുതൽ ദൃശ്യമാകുക.

അന്നു വിശ്വാസികളെന്ന നാട്യത്തിൽ കലാപം സംഘടിപ്പിച്ച അഞ്ഞൂറിൽപ്പരം സംഘപരിവാർ അക്രമികളെയാണ് എൽ.ഡി.എഫ്. സർക്കാർ പിടിച്ചു കേസെടുത്തു ജയിലിൽ അടച്ചത്. അവരെ ജാമ്യത്തിൽ ഇറക്കാൻപോലും സംഘപരിവാർ ശക്തികൾ മെനക്കെട്ടില്ല എന്നത് അവരിൽ പലരെയും ആ പ്രസ്ഥാനങ്ങൾക്ക് എതിരാക്കിയതും ചരിത്രം.

ഇതെല്ലാം കഴിഞ്ഞാണ് സാക്ഷാൽ സി.എ.എ. എന്ന പൗരത്വഭേദഗതിനിയമം വരുന്നത്. രാജ്യത്താകെയുള്ള മതന്യൂനപക്ഷങ്ങൾ ഭയന്നുവിറങ്ങലിക്കുകയും അഭൂതപൂർവ്വമായ പക്ഷോഭത്തിന് ഇറങ്ങുകയും ചെയ്ത ആ നാളുകളിൽ സി.എ.എ.യ്ക്കെതിരെ കരുത്തുറ്റ പ്രഖ്യാപനം കേട്ടത് ഇങ്ങു തെക്കേയറ്റത്തെ കേരളത്തിൽനിന്നാണ്. സി.എ.എ.യും എൻ.പി.ആർ. എന്ന ദേശീയജനസംഖ്യാരജിസ്റ്ററും ഈ സംസ്ഥാനത്തു നടപ്പാക്കില്ല എന്നു കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചു. അക്കാര്യത്തിൽ കേരളനിയമസഭ ബി.ജെ.പി. പ്രതിനിധിയായ ഒ. രാജഗോപാലിന്റെയടക്കം വോട്ടോടെ ഏകകണ്ഠമായി പ്രമേയവും പാസാക്കി. പിന്നാലെ പല സംസ്ഥാനങ്ങളും ആ നിലപാടു പ്രഖ്യാപിക്കുകയും പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിന്റെ വിദ്വേഷവ്യാപനത്തിനും ഭിന്നിപ്പിക്കലിനും എതിരെ എൽ.ഡി.എഫ്. ആഹ്വാനം ചെയ്ത മനുഷ്യമഹാശൃംഖല പല അടരുകളുള്ള മനുഷ്യമഹാമതിലാക്കിത്തീർത്തതും നമ്മുടെ ഇടതു-മതനിരപേക്ഷമനസുതന്നെ. ജെ.എൻ.യു.വും ജാമിയ മിലിയയും ഹൈദരബാദും അടക്കമുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികളെ വേട്ടയാടാനും ഉന്നതവിദ്യാഭ്യാസം‌തന്നെ തകർക്കാനും കേന്ദ്രസർക്കാർ തയ്യാറായപ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിയതും കേരളത്തിലെ വിദ്യാർത്ഥികളുടേത് അടക്കമുള്ള ഇടതുസംഘടനകളാണ്.

ഏറ്റവുമൊടുവിൽ കാർഷികനിയമപരിഷ്ക്കാരങ്ങളും കർഷകസമരവും രാജ്യത്തെ ഇളക്കിമറിച്ചപ്പോഴും ചരിത്രം ആവർത്തിച്ചു. കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ ആ നിയമഭേദഗതികൾക്കെതിരെ പ്രമേയം കൊണ്ടുവന്ന് കർഷകർക്കു പിന്തുണപ്രഖ്യാപിച്ചു. കർഷകരുടെ അവസ്ഥയിൽ വേദനയുണ്ടായിരുന്ന ബി.ജെ.പി. എം.എൽ.എ. ഒ. രാജഗോപാലടക്കം മുഴുവൻ സാമാജികരും വോട്ടുചെയ്ത് ആ പ്രമേയവും പാസാക്കി. അതാണ് അക്കാര്യത്തിലും മറ്റു സംസ്ഥാനങ്ങൾക്കു പ്രചോദനമായത്.

...ചുരുക്കത്തിൽ സംഘപരിവാറിനു രാജ്യത്തെ ഏറ്റവും വലിയ തലവേദനയാണ് അവരുടെ എല്ലാ പ്രധാനയജൻഡകളും അപ്പപ്പോൾ പൊളിച്ചടുക്കുന്ന ഈ കൊച്ചുതുരുത്തിലെ ഇടതുഭരണം.

അതേസമയം, രാജ്യത്ത് മുമ്പില്ലാത്ത ആപത്ക്കരമായ കാര്യങ്ങൾ ഒന്നിനുപിറകെ ഒന്നായി നടക്കുമ്പോൾ കോൺഗ്രസ് അവയോടൊന്നും പ്രതികരിക്കാതെ നിഷ്പക്ഷനാട്യത്തിൽ എല്ലാത്തിനെയും പിന്തുണയ്ക്കുക ആയിരുന്നു. അവർ വാ തുറന്നതാകട്ടെ, യുവാക്കളുടെ പ്രതിഷേധാവിഷ്ക്കാരങ്ങളായ സമരരൂപങ്ങളെ വിമർശിക്കാനും. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി അവർക്കു പാഴ്ചെലവും അഴിമതിയുമാണല്ലോ. ശബരിമലവിഷയത്തിൽ ബി.ജെ.പി.യുമായിച്ചേർന്നു പോരാടുക മാത്രമല്ല, സംഘപരിവാറിന്റെ സമരത്തിൽ പങ്കെടുത്തുകൊള്ളാൻ അണികൾക്കു കോൺഗ്രസ് അനുമതിപോലും നല്കി!

ആ കോൺഗ്രസാണു കേരളത്തിൽ ബി.ജെ.പി.യുടെ മുഖ്യശത്രു എന്നാണ് ഇവിടെ ചില സുന്ദരവിഢികൾ ഇപ്പോൾ പാടിനടക്കുന്നത്! വിചിത്രം എന്നല്ലാതെ എന്തു പറയാൻ!

പരസ്പരം ആലോചിച്ചു കാര്യങ്ങൾ ചെയ്യുന്ന, സ്ഥാനാർത്ഥിനിർണ്ണയം പോലും പരസ്പരധാരണയിൽ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ കോൺഗ്രസിനോട് ബി.ജെ.പി.ക്കും സംഘപരിവാറിനും എന്തിനു ശത്രുത! ബി.ജെ.പി.യുടെ സ്വന്തം ‘ഫിക്സഡ് ഡെപ്പോസിറ്റുകളാ’യ സഹോദരങ്ങൾ, അവരുടെ എന്ത് അജൻഡയും നടപ്പാക്കാൻ തയ്യാറായും അവരുടെ അജൻഡകൾക്കെതിരെ പ്രവർത്തിക്കുന്ന ഇടതുശക്തികളെ തകർക്കാൻ ഒത്താശചെയ്തും പ്രവർത്തിച്ചുവരുന്ന നല്ല ചങ്ങാതിമാർ, കമ്മ്യൂണിസ്റ്റുപാർട്ടിക്കെതിരായ സഖ്യത്തിലെ പങ്കാളി... അങ്ങനെയുള്ള കോൺഗ്രസിനോടു ബി.ജെ.പി.ക്കും സംഘപരിവാറിനും ശത്രുതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കു ഷോക്ക് അടക്കമുള്ള ചികിത്സ നല്കുകയല്ലേ വേണ്ടത്?

രാജ്യത്തും വിവിധസംസ്ഥാനങ്ങളിലും കോൺഗ്രസിനു കുത്തകയുണ്ടായിരുന്ന, അവർക്കൊപ്പം ജനങ്ങൾ ഉണ്ടായിരുന്ന കാലത്ത് കോൺഗ്രസ്‌മുക്തഭാരതം സംഘപരിവാറിന്റെ ആവശ്യവും മുദ്രാവാക്യവും ആയിരുന്നു. ഇന്ന് അവർ അതു നേടിയിരിക്കുന്നു. കോൺഗ്രസ് ഭാരതത്തിന്റെ എല്ലാഭാഗത്തുനിന്നും സ്വയം അധികാരമുക്തരായിക്കഴിഞ്ഞു. അടുത്തകാലത്തായി സംസ്ഥാനങ്ങളെ സോൺഗ്രസ്‌മുക്തമാക്കാൻ അവർ ആശയപ്രചാരണമോ രാഷ്ട്രീയതന്ത്രമോ ഒന്നും പ്രയോഗിക്കുന്നില്ല.

ഏതെങ്കിലും സംസ്ഥാനത്ത് വോട്ടുകിട്ടി കോൺഗ്രസ് അധികാരത്തിൽ വന്നാൽപ്പോലും ബി.ജെ.പി.ക്ക് അവരെ ‘മാനേജ്’ ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള പണവിഭവങ്ങൾ ഇന്നു ധാരാളമാണ്. നോട്ടുനിരോധനം, രാഷ്ട്രീയപ്പാർട്ടികൾക്കുള്ള കോർപ്പറേറ്റ് സംഭാവനകളുടെ പരിധി എടുത്തുകളയൽ, വിദേശസംഭാവനകൾ അനുവദിക്കൽ, സംഭാവന നല്കുന്നവരുടെ പേരു പരസ്യപ്പെടുത്താതിരിക്കൽ, സംഭാവന നല്കാത്തവർ നേരിടേണ്ടിവരുന്ന പലതരം റെയ്‌ഡുകൾ, നോട്ടുനിരോധനാനന്തരം വികസിച്ച, പ്രത്യേകാവശ്യത്തിനുള്ള, സ്വർണ്ണ-ഡോളർ കടത്തുകളും കൺവേർഷനുകളും, പൊതുമേഖലാസ്ഥാപനങ്ങളുടെയും ദേശീയവിഭവങ്ങളുടെയും വില്പനക്കമ്മീഷൻ... സാദ്ധ്യതകൾ അനവധിയുണ്ടല്ലോ!

എന്നുവച്ചാൽ, കോൺഗ്രസ്‌മുക്തഭാരതം ഇന്ന് അവർക്ക് അജൻഡയേയല്ല. അത് അവരുടെ ഓർമ്മയിൽപ്പോലും ഇല്ല.

കേരളത്തിലെ കാര്യം എടുത്താൽ, ഇവിടെ ബി.ജെ.പി.ക്ക് അധികാരം പോയിട്ട് സീറ്റുപോലും സ്വപ്നം കാണാനാവില്ലല്ലോ. അതിനു കാരണം കോൺഗ്രസിന്റെ ഭരണക്കുത്തകയല്ല. ബി.ജെ.പി.ക്ക് ആ നിലയിൽ വളർച്ചയും സ്വീകാരവും ഉണ്ടാകാത്തതാണു കാരണം. അതിനു കാരണമാകട്ടെ, സി.പി.ഐ.(എം.) നേതൃത്വം നല്കുന്ന ശക്തമായ ഇടതുപക്ഷവും. അവരുടെ എല്ലാ പദ്ധതിയും പൊളിക്കുന്ന കൂട്ടർ. കോൺഗ്രസിനെപ്പോലെ വിലയ്ക്കെടുക്കാൻ പറ്റാത്തവർ.

അധികാരം സ്വപ്നം കാണാൻപോലും ആവില്ല എന്നതിനാൽ, സ്വന്തം അജൻഡകളും സംഘടനവളർത്തലും ഭംഗിയായി, തടസങ്ങൾ കൂടാതെ, നടത്താൻ പറ്റിയ ഒരു ഭരണം ഇവിടെ ഉണ്ടാക്കുക എന്നതാണ് അവർക്ക് ആവശ്യം. അത് ഏതു ഭരണം? തീർച്ചയായും യു.ഡി.എഫിന്റേതുതന്നെ. ഇവിടെ തുടക്കം‌മുതൽ പറഞ്ഞ കാര്യങ്ങൾ അതു വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ പ്രത്യക്ഷമായിക്കഴിഞ്ഞ കേരളതല ബി.ജെ.പി.-കോൺഗ്രസ് കൂട്ടുകെട്ട് അതിന്റെ മികച്ച സാക്ഷ്യവുമാണ്.

ചുരുക്കത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്നതാണ് സംഘപരിവാറിന് എല്ലാംകൊണ്ടും നല്ലത്.

അതേസമയം എൽ.ഡി.എഫ്. അധികാരത്തിൽ തുടർന്നാലോ? ഒരു പണിയും നടക്കില്ല. അതിന്റെ വമ്പിച്ച വേവലാതി അവർക്കുണ്ട്. ആ പരിഭ്രാന്തിയാണ് കേന്ദ്രയേജൻസികളെയെല്ലാം തുടലൂരിവിട്ട്, പേപ്പിടി കൂട്ടി, കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനെ വേട്ടയാടിക്കുന്നതിൽ കാണുന്നത്.

അതെ, അക്കൂട്ടർക്ക് കൃത്യമായ അജൻഡയുണ്ട്. തങ്ങളുടെ എല്ലാ ‘എമണ്ടൻ’ പദ്ധതികളും രായ്ക്കുരാമാനം പൊളിക്കുന്ന, രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിൽപ്പോലും സ്വാധീനമാകുന്നതരം നീക്കങ്ങൾ നടത്തുന്ന, മതന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നല്കുന്ന, ജനസ്വാധീനം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെയും അതിനെ നയിക്കുന്ന പാർട്ടിയെയും തകർക്കണം. ഭരണം ഇല്ലാതാക്കി അവരുടെ സ്വാധീനം ഇല്ലാതാക്കണം.

അതിനോ, അവർക്കു ജനപിന്തുണനേടിക്കൊടുക്കുന്ന ലൈഫും കെ-ഫോണും പോലുള്ള പദ്ധതികളിൽ അഴിമതിയുണ്ടെന്നു സ്ഥാപിച്ച് അവ പൊളിക്കണം. ആ പാർട്ടിയുടെ നേതാവിന്റെ മകന്റെ പേരിൽ കേസും അന്വേഷണവും നടത്തി പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തണം. നേതാവിന്റെ ഭാര്യ ‘ദുരൂഹമായ’ ഫോൺ ഉപയോഗിക്കുന്നു എന്നു പറഞ്ഞു വിവാദമുണ്ടാക്കണം. എന്നാൽ, പ്രതിപക്ഷനേതാവ് എംബസിയിൽനിന്നു ദുരൂഹഫോൺ കൈപ്പറ്റിയതിനെപ്പറ്റി അന്വേഷണമില്ല! ലക്ഷ്യം കോൺഗ്രസ്‌മുക്തകേരളം ആണെങ്കിൽ അദ്ദേഹത്തെ വേണ്ടേ വേട്ടയാടാൻ?

എല്ലാം പകൽപോലെ കേരളീയർക്കു വ്യക്തമാണ്. കേരളത്തിൽ സംഘപരിവാറിന്റെ മുഖ്യശത്രു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്; വിശേഷിച്ചും സി.പി.ഐ.(എം.). സി.പി.ഐ.(എം.)മുക്തകേരളം എന്നതാണ് അവരുടെ ലക്ഷ്യം. സംഘപരിവാറിന്റെ പ്രമാണപുസ്തകം പ്രഖ്യാപിക്കുന്ന രാജ്യത്തിന്റെ മൂന്നു ശത്രുക്കളിൽ മൂന്നാമത്തെ ശത്രുവാണല്ലോ കമ്മ്യൂണിസ്റ്റുകാർ.

ആ പാർട്ടിയുടെ നേതാവായ പിണറായി വിജയൻ മറ്റുസംസ്ഥാനങ്ങളിൽ പ്രസംഗിക്കുന്നതു മാത്രമേ ഗൂണ്ടായിസം‌കൊണ്ടു തടയാൻ അവർ ശ്രമിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഓഫീസിനെതിരെ സ്വർണ്ണക്കടത്തുകേസിന്റെ അന്വേഷണം തിരിച്ചുവിടാനാണ് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കള്ളക്കടത്തു പുറത്തായയുടൻ വെപ്രാളപ്പെട്ട് ആദ്യവ്യാജപ്രസ്താവന നടത്തിയത്. അതേത്തുടർന്നാണ് മാസങ്ങളായി കേരളം കാണുന്ന അന്വേഷണനാടകമെല്ലാം അരങ്ങേറിയത്. ഇപ്പോൾ ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനു നാന്ദികുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ കുന്തമുനയും പിണറായിക്കും സംസ്ഥാനസർക്കാരിനും സി.പി.ഐ.എമ്മിനും നേരെ ആയിരുന്നല്ലോ.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുള്ള നാടുപോലും അവർക്കു ചതുർത്ഥിയാണ്. അതുകൊണ്ടാണ് അവർ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം (ഹേറ്റ് ക്യാമ്പയിൻ) രാജ്യവ്യാപകമായി നടത്തുന്നത്.  എത്ര നുണകളാണ് കേരളത്തെ അപമാനിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെയും അവർ വിലയ്ക്കെടുത്തതും അവർക്കു സ്വയം സമർപ്പിച്ചതുമായ മാദ്ധ്യമങ്ങളിലൂടെയും ഇക്കഴിഞ്ഞ ഏതാനുംകൊല്ലത്തിനിടെ പ്രചരിപ്പിച്ചത്! അവരുടെ എത്ര മുതിർന്ന നേതാക്കളാണ് അതിനെല്ലാം നേതൃത്വം നല്കിയത്!

കേരളത്തോട് അവർക്കുള്ള ഈ അസഹിഷ്ണുത ഇവിടെ കോൺഗ്രസ് ഉള്ളതുകൊണ്ടല്ല, കമ്മ്യൂണിസ്റ്റുപാർട്ടി ഉള്ളതുകൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്. കോൺഗ്രസുള്ള സംസ്ഥാനം എന്നതാണു ശത്രുതയ്ക്കു കാരണമെങ്കിൽ പല സംസ്ഥാനങ്ങൾക്കെതിരെയും വിദ്വേഷപ്രചാരണം നടത്തേണ്ടേ? അതില്ലല്ലോ.

കേരളത്തിലെ കൂട്ടുകെട്ടിനെപ്പറ്റി ഒ. രാജഗോപാൽതന്നെ എല്ലാം പരസ്യമായി പറഞ്ഞിട്ടുണ്ടല്ലോ. കമ്മ്യൂണിസ്റ്റുപാർട്ടിയെ തോല്പിക്കാനാണ് അതെല്ലാം ചെയ്തിരുന്നതെന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. കഴിഞ്ഞതവണ നേമത്തു നടത്തിയ വോട്ടുമറിക്കലിന്റെ അനുഭവമുള്ള, ഹിന്ദുത്വവർഗ്ഗീയതയ്ക്കെതിരെ ചിന്തിക്കുന്ന, ജനങ്ങളാരും കോൺഗ്രസിന് വോട്ടു ചെയ്യില്ല എന്ന് അറിയാവുന്നതിനാൽ അവരെ പറ്റിക്കാനുള്ള അടവാണ് ഇത്തവണ നേമത്തിന്റെ പേരിൽ നടത്തിയ നാടകങ്ങൾ. ഞങ്ങൾ ബിജെപിയെ ‘ശക്ത’മായി നേരിടുകയാണ് എന്ന വ്യാജസന്ദേശം കൊടുക്കാനുള്ള തന്ത്രം. ആ പ്രതിച്ഛായയുടെ മറവിൽ അവിടെയും വട്ടിയൂർക്കാവിലും മലമ്പുഴയിലും അടക്കം പലയിടത്തും ബിജെപിക്കു വോട്ടുമറിക്കാനും പകരം മറ്റു മണ്ഡലങ്ങളിൽ വോട്ടു നേടാനും രഹസ്യധാരണ സ്ഥാപിക്കാനുള്ള ബുദ്ധികൂടിയാണത്.

ധർമ്മടത്ത് ‘ശക്തൻ വരു’മെന്ന മീഡിയ ഹൈപ്പ് ഉണ്ടാക്കുകയും ഒടുവിൽ ദുർബ്ബലസ്ഥാനാർത്ഥിയെ മത്സരത്തിനിറക്കുകയും ചെയ്തതു മറ്റൊരു തന്ത്രം. യുഡിഎഫ്, ബിജെപി വോട്ടുകൾ ഒന്നിച്ചു സമാഹരിച്ചു ബിജെപിക്കു നല്കാനുള്ള കളി. ഇതിനുള്ള മറുകച്ചവടമാണ് തലശേരിയിൽ നാമനിർദ്ദേശപത്രിക ശരിയായരീതിൽ നല്കാതെ ബിജെപിക്കു സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതി ഉണ്ടാക്കിയതിലൂടെ സാധിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. അവിടെ ബിജെപിയുടെ വോട്ടു കോൺഗ്രസിന്റെ പെട്ടിയിൽ വീഴ്ത്താനുള്ള തന്ത്രം.

വോട്ടുമറിക്കൽ നടത്തുന്ന കൂടുതൽ മണ്ഡലങ്ങളിലെ കാര്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതായാലും ഇതെല്ലാം കേരളജനതയ്ക്കുമുന്നിൽ പൊളിഞ്ഞുകഴിഞ്ഞു. ആദ്യം മൂന്നെന്നും പിന്നെ അഞ്ചെന്നും പത്തെന്നും ഒടുവിൽ 50 എന്നുമൊക്കെ മാദ്ധ്യമങ്ങൾതന്നെ പറഞ്ഞിരിക്കുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ടു കൂട്ടിച്ചേർത്താൽ എൽഡിഎഫിന്റെ വോട്ടിലും കൂടുതലാകുന്ന മണ്ഡലങ്ങൾ തെരഞ്ഞുപിടിച്ചാണു ധാരണ. ഇക്കാര്യത്തിൽ അന്തിമധാരണ ആകാത്തതാണ് ഇരുകൂട്ടരുടെയും സ്ഥാനാർത്ഥിപ്പട്ടിക വൈകാൻ കാരണമെന്നു വാർത്ത ഉണ്ടായിരുന്നല്ലോ. അതു കഴിഞ്ഞപ്പോൾ പട്ടികകൾ ഏതാണ്ട് ഒരുമിച്ചു വരികയും ചെയ്തു.

ഈ രീതി തെരഞ്ഞെടുപ്പു ജയിക്കാൻ നല്ലതാണ് എന്നു വന്നാൽ ജനാധിപത്യവിരുദ്ധമായ ഇത്തരം വൃത്തികേടുകൾ പതിവാകും. അതു ജനാധിപത്യത്തെ എന്നെന്നേക്കുമായി കുഴിച്ചുമൂടും. ഏതു പ്രകടനപത്രികയും ഏതു പ്രത്യയശാസ്ത്രവും ആണു കൂടുതൽപേർ നല്ലതായി കണ്ടു സമ്മതി നല്കിയത് എന്നത് അറിയാനാണല്ലോ തെരഞ്ഞെടുപ്പ്. ആ അടിസ്ഥാനധർമ്മവും ജനഹിതവും അട്ടിമറിക്കപ്പെടുകയാണ് വോട്ടുമറിക്കലിലൂടെ ഉണ്ടാകുന്നത്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള പൗരർ ഇത്തരം നീക്കങ്ങൾ ബോധപൂർവ്വം പരാജയപ്പെടുത്തേണ്ടതുണ്ട്. കോ-ലീ-ബി സഖ്യം എന്ന് അറിയപ്പെടുന്ന ഈ കോൺഗ്രസ് – മുസ്ലിംലീഗ് –ബിജെപി സഖ്യം ആദ്യം പരീക്ഷിച്ചപ്പോൾ ബേപ്പൂരിലെയും വടകരയിലെയും പ്രബുദ്ധരായ ജനങ്ങൾ അതിനു കനത്ത തിരിച്ചടി നല്കിയിരുന്നു. പില്ക്കാലത്തും ഇക്കാര്യത്തിൽ കേരളജനത ജാഗ്രത പുലർത്തിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ നേമത്താണ് ആദ്യമായി ആ നീക്കം വിജയിച്ചത്. അതിന്റെ ഗുണഭോക്താവായ ഒ. രാജഗോപാൽതന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതിന്റെ ഇരയായി അടുത്ത മണ്ഡലത്തിൽ തോറ്റ അന്നത്തെ യു.ഡി.എഫ്. സ്ഥാനർത്ഥി സുരേന്ദ്രൻ പിള്ളയും ഈയിടെ അന്നത്തെ കാര്യങ്ങൾ വെളിപ്പെടുത്തി. യുഡിഎഫ് വച്ച അന്വേഷണക്കമ്മിഷൻ ഇക്കാര്യം സ്ഥിരീകരിച്ചതും നടപടി ശുപാർശ ചെയ്തതും അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.

ബിജെപി അക്കൗണ്ട് തുറക്കുന്നതിലേക്ക് എത്തിച്ച ആ അട്ടിമറി കേരളത്തിന്റെ ദേശീയപ്രതിച്ഛായയെത്തന്നെ എത്ര ബാധിച്ചു എന്നു നമുക്കറിയാം. തൊട്ടടുത്ത സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കു ജയിക്കാൻവേണ്ടി ആയിരുന്നു ആ ജനാധിപത്യവിരുദ്ധത നടപ്പാക്കിയത്. ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പിലും ഈ വോട്ടുപങ്കുവയ്ക്കൽ പലയിടത്തും നടപ്പാക്കി.

ഇതൊക്കെവച്ചു നോക്കുമ്പോൾ ഒന്നു വ്യക്തമാണ്. എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ ബിജെപി ആവതെല്ലാം ചെയ്യും. അതിന് അവർ യുഡിഎഫിന് വോട്ടു മറിച്ചേക്കാം. പകരം, കുറെ സീറ്റുകളിൽ യുഡിഎഫിന്റെ വോട്ടു വാങ്ങുകയും ചെയ്യാം. യുഡിഎഫ് നേരിയവ്യത്യാസത്തിൽ മാത്രം പിന്നിൽ നില്ക്കുന്ന മണ്ഡലങ്ങളിൽ ഇങ്ങനെ കിട്ടുന്ന ബിജെപി വോട്ടുകൾ അവർക്കു വിജയം നല്കിയേക്കാം. അങ്ങനെ യുഡിഎഫ് അധികാരത്തിൽ വരുന്ന സ്ഥിതി ഉണ്ടായാൽ കേരളം ബഹുദൂരം പിന്നോട്ടുപോകും. ക്ഷേമവും വികസനവുമെല്ലാം പഴങ്കഥയാകും. അഴിമതിയും അരാജകത്വവുമെല്ലാം കൊടികുത്തി വാഴും. പിന്നീട് ഒരു വീണ്ടെടുപ്പ് അതീവദുഷ്ക്കരം ആയിരിക്കും. ചുരുക്കത്തിൽ കേരളത്തിന്റെ നിലനില്പും പുരോഗതിയും സംബന്ധിച്ചു രണ്ടിലൊന്നു തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.

ഈ സത്യങ്ങളെല്ലാം നക്ഷത്രം‌പോലെ വെട്ടിത്തിളങ്ങി നില്ക്കുമ്പോൾ കോൺഗ്രസ്‌മുക്തകേരളമാണ് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ലക്ഷ്യമെന്നൊക്കെ വിളമ്പുന്ന നമ്മുടെ ചില രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും യഥാർത്ഥ ഉദ്ദേശ്യം തിരിച്ചറിയേണ്ടതുണ്ട്. മുകളിൽപ്പറഞ്ഞ കാര്യങ്ങളൊന്നും അറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നും രാഷ്ട്രീയവിശകലനത്തിനുള്ള കഴിവില്ലായ്മകൊണ്ടാണു കാര്യങ്ങൾ ഇങ്ങനെ വിലയിരുത്തുന്നതെന്നും കരുതാനാവില്ല. അങ്ങനെ കരുതുന്നത് അപകടകരവുമാണ്.

ഇങ്ങനെയുള്ളവരുടെ രഹസ്യയജൻഡ തിരിച്ചറിഞ്ഞ്, അവരുടെ കെണിയിൽ വീഴാതെ, രാഷ്ട്രീയം വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാനും നാടിന്റെ ഉത്തമതാത്പര്യത്തിന് അനുഗുണമായ തീരുമാനങ്ങൾ എടുക്കാനും പൗരരെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുകയാണു വേണ്ടത്. സത്യാനന്തരകാലത്ത് വ്യാജവാർത്തകളുടെയും വ്യാജവിശകലനങ്ങളുടെയും ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള സ്വയം‌ജാഗ്രതയും മറ്റുള്ളവരെ ജാഗ്രതപ്പെടുത്തലുമാണ് ഈ ഘട്ടത്തിലെ സുപ്രധാനകടമ.

കഴിഞ്ഞ പാർലമെന്റുതെരഞ്ഞെടുപ്പിൽ ആനമണ്ടത്തരം പറ്റുകയും അതു വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്ന കേരളസമൂഹം ഇത്തവണ ഇക്കൂട്ടരുടെ പറ്റിക്കലിൽ വീഴാൻ ഇടയില്ല. കാരണം, ഇത് വെന്തുചാകാൻപോരുന്ന വെട്ടിത്തിളയ്ക്കുന്ന വെള്ളമാണെന്ന് അന്നു ചൂടുവെള്ളത്തിൽ വീണ പൂച്ചകൾക്കു മനസിലാകും. വർഗ്ഗീയഫാഷിസത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷ രാജ്യത്തിനാകെ നല്കുന്ന ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പുരോഗമനചിന്തയുടെയും ഒക്കെയായ ഈ ചുവപ്പുതുരുത്ത് പരിരക്ഷിക്കപ്പെടേണ്ടത് ദേശീയതലത്തിൽത്തന്നെ അതിപ്രധാനമാണ്.

No comments:

Post a Comment